മനുഷ്യജീവിതത്തിന്റെ മനോഹരചിത്രം വിവിധ രൂപത്തിൽ വഗ്രൂപേണ വരച്ചുകാണിക്കുന്നവരാണല്ലോ കവികൾ. അവരുടെ നോട്ടത്തിൽ സ്ത്രീകൾക്കു കിട്ടിയിരിക്കുന്ന സ്ഥാനമേതാണെന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. ലൗകികദൃഷ്ട്യാ നോക്കുമ്പോൾ സ്ത്രീയും പുരുഷനും ജീവിതസോപാനത്തിന്റെ അധരോത്തരസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്നവരായിട്ടാണു് കാണപ്പെടുന്നതു്. സർവ്വത്തിനും സമത്വവാദം മുഴങ്ങുന്ന ഈ പരിഷ്കൃതകാലത്തുപോലും പ്രവൃത്തിരംഗത്തിൽ സ്ത്രീ, പുരുഷന്റെ പിറകിലാണു് നില്ക്കുന്നതെന്നു നിസ്സംശയം പറയാം. എന്നാൽ വ്യവഹാരലോകത്തിൽമാത്രം കാണപ്പെടുന്ന ഈ നിലഭേദംകൊണ്ടു്, സ്ത്രീത്വത്തിനു താഴ്ച കല്പിക്കേണ്ട ആവശ്യമില്ല. തത്വജ്ഞാനികളായ കവികൾ അതിലന്തർഭവിച്ചിരിക്കുന്ന മഹത്വത്തെ ശരിയായി അളന്നുനോക്കിയിട്ടുണ്ടു്. ജീവിതത്തെ ഒരു നാണയമായി സങ്കല്പിക്കാമെങ്കിൽ സ്ത്രീയും പുരുഷനും അതിന്റെ രണ്ടു വശങ്ങളാണെന്നു കാണാം. പരസ്പര പരിപൂർണ്ണതയ്ക്കു് ഉപകരിക്കുന്നവർ (Mutual supplements) ആയിട്ടാണു് ഇരുകൂട്ടരും പ്രപഞ്ചരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു്. നിവൃത്തി, പ്രവൃത്തി (Rest and movement) എന്ന രണ്ടവസ്ഥകളോടുകൂടിയതാണല്ലോ മനുഷ്യജീവിതം. സ്ത്രീപ്രകൃതി ഇവയിൽ ആദ്യത്തേതിനും, പുരുഷപ്രകൃതി രണ്ടാമത്തേതിനും അനുകൂലമായിരിക്കുന്നു. സ്ത്രീയുടെ സാന്നിദ്ധ്യംകൂടാതെ പുരുഷനു പ്രവർത്തിക്കാൻ സാധിക്കുന്നതല്ല. ‘അവന്റെ കർമ്മശക്തിയുടെ ഉത്ഭവസ്ഥാനം ‘അവൾ’ തന്നെയത്രേ. വേലയ്ക്കു്, വിശ്രമം ആവശ്യമാണല്ലോ. ഈ തത്വത്തെ ആസ്പദമാക്കിയാണു് ഭാരതീയകവികൾ സ്ത്രീയെ ശക്തിസ്വരൂപിണിയായി സങ്കല്പിച്ചിരിക്കുന്നതു്.
‘ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും’ എന്നു തുടങ്ങുന്ന സൗന്ദര്യലഹരീപദ്യത്തിലേയും മറ്റും ‘വേദാന്തം’ ഇതുതന്നെയായിരിക്കണം.
സ്ത്രീപ്രകൃതിയിൽ അടങ്ങിയിരിക്കുന്ന സകല രഹസ്യങ്ങളും ഇത്ര സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ളവർ കവികളെപ്പോലെ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. അവർക്കുമാത്രമേ സ്ത്രീപുരുഷബന്ധത്തെ രമണീയമായി വ്യാഖ്യാനിച്ചു വിശദീകരിക്കാനും കഴിഞ്ഞിട്ടുള്ളൂ. സ്ത്രീകളെ അബലകളെന്നു വിളിക്കുന്ന കവികൾതന്നെ അവരെ സബലകളാക്കിത്തീർത്തിട്ടുണ്ടു്. സാഹിത്യലോകത്തിൽ കഥാപാത്രങ്ങളായിത്തീരുമ്പോൾ സ്ത്രീകൾക്കാണു് പുരുഷന്മാരേക്കാൾ പ്രാബല്യവും പ്രാമാണ്യവും ലഭിക്കുന്നതു്. ഇതു സാമാന്യമായി കണ്ടുവരുന്ന ഒരു നിയമമത്രേ. ഏതു സാഹിത്യത്തിലും കവികൾ സാധാരണ സ്ത്രീജനപക്ഷപാതികളായി കാണപ്പെടുന്നു. കവിതയെഴുതുന്നവർക്കു വനിതമാരോടെന്താണു് ഇത്ര പ്രതിപത്തി? അതു ചിന്തനീയമായിരിക്കുന്നില്ലേ?

ഷേക്സ്പിയർ ഇതിലേക്കു് ഒന്നാമത്തെ ഉദാഹരണമാണു്. അദ്ദേഹത്തിന്റെ നായികമാർ ജീവിതോൽക്കർഷത്തിൽ നായകന്മാരേക്കാൾ മുന്നിട്ടുനില്ക്കുന്നു എന്നു മാത്രമല്ല, പല ഘട്ടങ്ങളിലും നായകന്മാർക്കു് അപകർഷവും നേരിട്ടിട്ടുണ്ടു്. ഷേക്സ്പിയർക്കു നായകന്മാരില്ല, നായികമാർ മാത്രമേ ഉള്ളൂ. (Shakespeare has no heroes, he has only heroines) എന്നത്രേ റസ്കിൻ പറയുന്നതു്. ഹെന്റി അഞ്ചാമനെ ഒഴിച്ചാൽ നായകലക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുള്ള മറ്റൊരു കഥാപാത്രംപോലും ഷേക്സ്പിയരുടെ നാടകങ്ങളിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്കോട്ടിന്റെ നോവലുകൾ നോക്കുമ്പോഴും ഈ രീതിതന്നെയാണു് ഏറെക്കുറെ തെളിഞ്ഞുകാണുന്നതു്. വാല്മീകി, കാളിദാസൻ മുതലായവർ ഈ സാമാന്യനിയമത്തിൽനിന്നും അധികം വ്യതിചലിച്ചിട്ടില്ല. സീതയും ശകുന്തളയും ജീവിതമഹത്വത്തിൽ ശ്രീരാമനേയും ദുഷ്യന്തനേയും അതിശയിക്കുന്നവരാണു്.

നമ്മുടെ മലയാളസാഹിത്യത്തിലും ഉദാഹരണങ്ങൾ ദുർല്ലഭമല്ല. വള്ളത്തോളി ന്റെ നായികമാരെത്തന്നെ നോക്കുക! സത്യപരിപാലനം, പ്രേമപരിശുദ്ധി, സഹനശക്തി, നിശ്ചയദാർഢ്യം, ധൈര്യം, വീര്യം മുതലായ സദ്ഗുണങ്ങൾക്കു കലവറകളായി പ്രശോഭിക്കുന്നതു് അദ്ദേഹത്തിന്റെ നായികമാരാകുന്നു. അവരുടെ മുമ്പിൽ നായകന്മാർ പ്രായേണ നിഷ്പ്രഭന്മാരായിപ്പോകുന്നു. അതുമാത്രമോ ഘാതകത്വം, വഞ്ചന, ചാപല്യം തുടങ്ങിയ ദുർഗ്ഗുണങ്ങൾക്കു് അവകാശികളും ഇവരത്രേ. ‘സാഹിത്യമഞ്ജരി’യിലെ പല കവിതകളിലും നായികോല്ക്കർഷവും നായകാപകർഷവും തെളിഞ്ഞുകിടക്കുന്നുണ്ടു്. ‘നായർസ്ത്രീയും മഹമ്മദീയനും’, ‘വീരപത്നി,’ ‘രാധ’, ‘ഭാരതസ്ത്രീകൾതൻഭാവശുദ്ധി’, ‘നാഗില’, ‘തൂക്കുമരത്തിന്മേൽവച്ചു്’, ‘ഒടുക്കത്തെക്കുറിപ്പു്’, ‘ഒഴുകിപ്പോയ കവിത’ മുതലായവ ഇതിനു ദൃഷ്ടാന്തങ്ങളാണു്. ഇങ്ങനെ ഏതു കവിയുടെ കൃതികൾ നോക്കിയാലും ഏതരഭിപ്രായത്തിനു് അനുകൂലങ്ങളായ തെളിവുകൾ കണ്ടുപിടിക്കുവാൻ കഴിയും.

കവികൾക്കു സ്ത്രീകളോടു് ഇത്രമാത്രം അടുപ്പവും താല്പര്യവും തോന്നുന്നതിന്റെ കാരണമെന്തെന്നു് അവരോടുതന്നെ ഒന്നു ചോദിച്ചാൽകൊള്ളാമായിരുന്നു. ഒരുപക്ഷേ, കവിതയെഴുതിയവരിൽ അധികംപേരും പുരുഷന്മകരായതുകൊണ്ടായിരിക്കുമോ? സ്ത്രീപുരുഷന്മാർക്കു തമ്മിൽ പ്രകൃത്യാ ഉള്ള ഒരാകർഷണം ഇസ്സംഗതിയിലും പ്രവർത്തിക്കുന്നുണ്ടോ എന്തോ? കവികൾക്കല്ലേ ഇതിന്റെ രഹസ്യം അറിവാൻ തരമുള്ളൂ. കവികളെല്ലാം കവയിത്രികളായിരുന്നെങ്കിൽ ഈവിധം വരുമായിരുന്നോ എന്നും ആലോചിച്ചുനോക്കേണ്ടതാണു്. എന്നാൽ കവിതാതത്വങ്ങളെ ആസ്പദമാക്കി ചിന്തിച്ചാൽ ഇതിലേക്കു മറ്റു ചില കാരണങ്ങൾ ഉണ്ടെന്നു പറവാൻ കഴിയും. മനുഷ്യനിൽ ഹൃദയം, ബുദ്ധി എന്നു രണ്ടെണ്ണം വ്യാപരിക്കുന്നുണ്ടല്ലോ. ഹൃദയത്തിന്റെ പ്രവർത്തനം സ്ത്രീയിലും ബുദ്ധിയുടെ പ്രവർത്തനം പുരുഷനിലും താരതമ്യേന പ്രബലതരമായി കാണപ്പെടുന്നു. ഹൃദയവ്യാപാരപ്രധാനമായിട്ടുള്ള ഒന്നാണല്ലോ കവിത. അതുകൊണ്ടാണു് ജീവിതസൗന്ദര്യം, പ്രേമഭാവം, സ്തോഭഭാവങ്ങൾ മുതലായവയെ അധികമായി സ്ത്രീഹൃദയംവഴി കവികൾ ചിത്രീകരിക്കുന്നതു്. അതിൽക്കൂടി വരുമ്പോൾ അവയ്ക്കു് ഒരു പ്രത്യേക സ്ഫുടത ഉണ്ടായിരിക്കും. എന്നുമാത്രമല്ല, മുമ്പു സൂചിപ്പിച്ചതുപോലെ പ്രവൃത്തിരംഗത്തിൽ പുരുഷനെയാണു് പ്രധാനമായി കവി കാണുന്നതു്. സ്ത്രീ തിരശ്ശീലയ്ക്കുള്ളിൽ വിശ്രമിക്കുന്നേയുള്ളൂ. പോർക്കളത്തിൽ ഇറങ്ങുന്നതു പുരുഷനാണു്. അവൻ അവിടെ ജയിക്കുന്നു; തോല്ക്കുന്നു; ആപത്തിൽ ചാടുന്നു. തെറ്റുചെയ്യുന്നതും കുറ്റക്കാരനാകുന്നതും അവൻതന്നെ. ശുശ്രൂഷിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും, ക്ഷീണിച്ച ശക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിനും സ്ത്രീ അവന്റെ പിന്നിൽ തയ്യാറായി നില്ക്കയാണു്. കവിയുടെ സൂക്ഷ്മനിരീക്ഷണത്തിനു ലക്ഷ്യമാകുന്ന ഈ ജീവിതചക്രം കവിതയിലും പ്രതിഫലിക്കുന്നു എന്നു വിചാരിക്കാം.
(സാഹിതീയം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971