images/The_Maiden_from_Afar.jpg
“The Maiden from Afar” From the poem by Schiller, a painting by Christoffer Wilhelm Eckersberg (1783–1853).
കവിതയും തത്ത്വചിന്തയും
കുറ്റിപ്പുഴ കൃഷ്ണപിള്ള

ആനന്ദപൂർണ്ണമായ മനസ്സിൽനിന്നും സകലവിധമായ അസ്വാസ്ഥ്യങ്ങളും മന്ദീഭവിച്ചു മാഞ്ഞുപോകുന്നു. വിചിത്രവർണ്ണങ്ങൾ കലർന്ന ഒരു ചിത്രം ദർശിക്കുമ്പോഴും, നാനാരാഗസമ്മിളിതമായ മധുരസംഗീതം ശ്രവിക്കുമ്പോഴും, ദുഃഖമെന്നതെന്തെന്നു നാം അറിയുന്നില്ല. എന്നാൽ, ചിത്രം നയനേന്ദ്രിയത്തിന്നും സംഗീതം ശ്രവണേന്ദ്രിയത്തിന്നും എത്രനേരം വിഷയമാകുന്നുവോ അത്രനേരം മാത്രമേ ഹൃദയം വിസ്മൃത ക്ലേശമായി പൂർണ്ണരസം അനുഭവിക്കുന്നുള്ളു. മനസ്സിലുണ്ടായ അവയുടെ വ്യാപാരം നിലച്ചുപോകുമ്പോൾ ആദ്യം മറഞ്ഞുകിടന്നിരുന്ന വ്യാകുലതകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അല്പംമുമ്പു് ആസ്വദിച്ച ആനന്ദം ക്ഷണത്തിൽ വിലയംപ്രാപിച്ചുപോയതുമൂലമാണു്. ഈ മാറ്റം നേരിട്ടതു്. ഒരിക്കൽ അങ്കുരിതമായ ആനന്ദം ഇപ്രകാരം ക്ഷണികാവസ്ഥയിലാകുന്നതിന്റെ പ്രധാന ഹേതു അതിന്റെ നിലനില്പിനു് അത്യാവശ്യമായ ചിന്താശക്തിയുടെ അഭാവമാകുന്നു. വാസ്തവത്തിൽ രസമെന്നും, ആനന്ദമെന്നും മറ്റും നാം പറയുന്നതു് ചിന്താജന്യമായ ഒരുതരം ഭാവവിശേഷമത്രേ. ചിത്രവും സംഗീതവും ചിന്താശക്തിയെ സംജാതമാക്കാതിരിക്കുന്ന കാലത്തോളം ഹൃദയതലത്തിൽ മുളച്ചുപൊങ്ങുന്ന രസവല്ലിക്കു ദീർഘായുസ്സു ലഭിക്കുന്നതല്ല.

രസാത്മകമായ ഒരു ഉൽകൃഷ്ടകവിത വായിക്കുമ്പോൾ ഒരു സഹൃദയനുണ്ടാകുന്ന അനുഭവം പൂർവ്വോക്തരീതിയിൽനിന്നു ഭിന്നമത്രേ. വായിക്കുമ്പോൾ മാത്രമല്ല, തദനന്തരവും കവിത സഹൃദയനെ ആനന്ദിപ്പിക്കുന്നു. അവന്റെ ക്ലേശങ്ങളെ തത്സമയത്തേക്കുമാത്രം അകറ്റിനിർത്തുന്നതിനുപകരം കവിത അവയുടെ പുനരാവൃത്തിയെ തടയാനുള്ള വഴി തുറക്കുകയാണു ചെയ്യുന്നതു്. ഇക്കാര്യം നിർവ്വഹിക്കുന്നതു കവിതയിൽ നിക്ഷിപ്തമായിരിക്കുന്ന ചിന്താശക്തിയാകുന്നു. ക്ലേശങ്ങളുടെ പ്രത്യാഗമനത്തെ പ്രതിരോധിച്ചു ഹൃദയത്തെ നിരന്തരമായ പവിത്രീകരണത്താൽ ശാശ്വത സുഖഭാജനമാക്കിത്തീർക്കുന്നതിനു തത്വചിന്തകൊണ്ടേ സാധിക്കയുള്ളൂ. കവിധർമ്മമായ വിജ്ഞാനപ്രദാനം നിർവ്വഹിക്കപ്പെടുന്നതു് ഇതിന്റെ സഹായംകൊണ്ടു മാത്രമാകുന്നു. ഇതരകലകളെ അപേക്ഷിച്ചു സാഹിത്യത്തിനു് വൈശിഷ്ട്യം സിദ്ധിച്ചിരിക്കുന്നതും ഇസ്സംഗതിയിലാണു്.

images/Tagore-new.jpg
ടോഗോർ

ദുഃഖഹേതുക്കളായ ആശാപാശങ്ങളാൽ മനുഷ്യൻ പ്രകൃത്യാബദ്ധനായിരിക്കുന്നു. ആശയുടെ ആത്യന്തികനാശംകൊണ്ടേ അവനു യഥാർത്ഥ സ്വാതന്ത്ര്യസുഖം അനുഭവിക്കുവാൻ കഴിയുന്നുള്ളൂ. ഇതിലേക്കു ശാസ്ത്രം ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. പക്ഷേ, അവയിൽ മിക്കവയും മനുഷ്യന്റെ സ്വതസ്സിദ്ധമായ പ്രാപഞ്ചികത്വത്തിനു വൈരുദ്ധ്യം വഹിക്കുന്നതിനാൽ സുഖസഞ്ചാരയോഗ്യങ്ങളായിത്തീരുന്നില്ല. പ്രകൃതിയുടെ സൌന്ദര്യവിലാസത്തിൽനിന്നു വിട്ടു് ശാസ്ത്രത്തിന്റെ ശാസനയ്ക്കടിമപ്പെടുവാൻ ജനസാമാന്യത്തിനു പൊതുവേ വൈമുഖ്യമാണുള്ളതു്. ഈ വിഷമസ്ഥിതിയിൽ ദുർഭരമായ ജീവിതച്ചുമടുംകൊണ്ടു യാത്രചെയ്തു ക്ലേശിക്കുന്ന മനുഷ്യനെ അവനു് ഇഷ്ടമുള്ള വഴിയിൽക്കൂടി നയിച്ചു വിശ്രമസ്ഥാനത്തു് എത്തിക്കുന്ന ഒന്നാകുന്നു കവിത.

‘Poets set men free from their desires’ (കവികൾ മനുഷ്യരെ ആശാവലയത്തിൽ നിന്നും മോചിപ്പിച്ചു സ്വതന്ത്രരാക്കിവിടുന്നു) എന്നു മഹാകവി ടോഗോർ പാടുന്നുണ്ടു് കവിതയുടെ പരമപ്രയോജനം എന്താണെന്നു് ഈ വാക്യഖണ്ഡംകൊണ്ടു വെളിവാകുന്നു.

images/1Matthew_Arnold.jpg
മാത്യു ആർനോർഡ്

ആത്മീയവും അനാത്മീയവും ആയ രണ്ടു പരസ്പര പ്രതികൂലശക്തികളുടെ ഒരു യുദ്ധരംഗമാണു് മനുഷ്യൻ. ഒന്നു് ജീവിതത്തെ പ്രകാശത്തിലേക്കും മറ്റേതു തമസ്സിലേക്കും വലിച്ചുകൊണ്ടുപോകുന്നു. ജീവിതമെന്നു പറയുന്നതുതന്നെ ഈ ഭിന്ന ശക്തികളുടെ അന്യോന്യ മത്സരമാണെന്നു പറയാം. മത്സരം നിലയ്ക്കുമ്പോൾ ജീവിതവും അവസാനിക്കുന്നു. ആത്മാവും അനാത്മാവും (Self and non-self) തമ്മിലുള്ള ഈ സൂക്ഷ്മസംഘട്ടനത്തെ വർണ്ണിച്ചു വ്യാഖാനിക്കുകയെന്നതാണു് ഒരു കവിയുടെ പ്രധാന കർമ്മം. സ്വത്വപ്രകാശനമാണു് (Expression of personality) കവിതയുടെ ജീവൻ. മാത്യു ആർനോർഡ് പറയുമ്പോലെ കവിത, ജീവിതനിരൂപണമായി ഭവിക്കുന്നതും അപ്പോളത്രേ. എന്നാൽ ഇതുകൊണ്ടുമാത്രം കവിതയുടെ ഉദ്ദേശം പൂർണ്ണമായി നിർവ്വഹിക്കപ്പെടുന്നില്ല. യാഥാർത്ഥ്യത്തെ വിവരിക്കുന്നതോടുകൂടി മാതൃകാത്വവും പ്രദർശിപ്പിക്കേണ്ടതു് കവിയുടെ കടമയാണു്. ജീവിതത്തിന്റെ ഘടകങ്ങളായ ഭിന്നശക്തികളുടെ പ്രവർത്തനത്തെ വർണ്ണിക്കുന്നതുകൊണ്ടു് യാഥാർത്ഥ്യം മാത്രമേ ചിത്രീകൃതമാകുന്നുള്ളു. ആത്മാവിനും അനാത്മാവിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന കവി അവിടെനിന്നും മേലോട്ടുയർന്ന സർവ്വഭൂതാന്തർസ്ഥിതമായ നിത്യചൈതന്യത്തിലേക്കു പ്രവേശിച്ചു ഗാനം തുടങ്ങുമ്പോഴാണു് മാതൃകാത്വം അതിന്റെ ശരിയായ രൂപസൗഷ്ഠവത്തോടുകൂടി പ്രകാശിതമാകുന്നതു്. ഇപ്രകാരം ജീവിതരഹസ്യത്തെ സൗന്ദര്യമുകുരത്തിൽക്കൂടി പ്രതിഫലിപ്പിക്കുന്നതിനു് കവിക്കുള്ള ഒന്നാമത്തെ ഉപായമാകുന്നു തത്വചിന്ത. തത്വചിന്ത കൂടാതെയുള്ള കവിത ജീവനില്ലാത്ത ശരീരംപോലെ അന്തശ്ശുന്യവും വിരസവും ആയിത്തീരുന്നു. ഒരു യഥാർത്ഥ കവി ഒരു താത്വികനുംകൂടി ആയിരിക്കും. കവിതാ ദേവിയുമായി സ്വൈരസല്ലാപം ചെയ്തിരുന്ന പ്രാചീന മഹർഷിപുംഗവന്മാരും രവീന്ദ്രനാഥടോഗോർ തുടങ്ങിയ ആധുനിക കവീന്ദ്രന്മാരും ഇതിലേക്കു സാക്ഷ്യം വഹിക്കുന്നുണ്ടു്.

images/John_Keats.jpg
കീറ്റ്സ്

തത്വജ്ഞാന(Philosophy)വും കവിതയും ബാഹ്യദൃഷ്ടാ ഭിന്നങ്ങളാണെങ്കിലും ആന്തരമായി പരിശോധിക്കുമ്പോൾ രണ്ടിനും തമ്മിൽ ഗണ്യമായ സാദൃശ്യമുണ്ടെന്നു കാണാം. രണ്ടിന്റേയും പരമപ്രയോജനം വിഗളിതവേദ്യാന്തരമായ ആനന്ദമാകുന്നു. സത്യത്തിൽനിന്നും സൗന്ദര്യത്തിൽനിന്നുമാണു് ആനന്ദം ഉത്ഭവിക്കുന്നതു്. സൗന്ദര്യമാകുന്ന കനകദേവാലയത്തിലെ ദിവ്യഗായകനാണു് കവി. തത്വജ്ഞാനി സത്യമാകുന്ന മണിപീഠത്തിലെ ധ്യാനനിഷ്ഠനായ യോഗിയുമാകുന്നു. രണ്ടുപേരുടേയും അനുഭവം ഒന്നുതന്നെ. ഒരാൾ ലോകത്തെ സൗന്ദര്യവിലാസത്തിലും, മറ്റേയാൾ ജ്ഞാനപ്രകാശത്തിലും വിലോകനം ചെയ്യുന്നു. സത്യം സൗന്ദര്യത്തിലും, സൗന്ദര്യം സത്യത്തിലും മാത്രമേ സ്ഥിതിചെയ്യുന്നുള്ളൂ. അതുകൊണ്ടാണു് സത്യാന്വേഷകനായ തത്വജ്ഞാനിയും, സൗന്ദര്യദർശകനായ കവിയും ഒരേ സ്ഥാനത്തു് എത്തിച്ചേരുന്നതു്. ‘സത്യം തന്നെ സൗന്ദര്യം’, ‘സൗന്ദര്യംതന്നെ സത്യം’ (Beauty is truth, truth is beauty) എന്ന കീറ്റ്സി (Keats)ന്റെ അഭിപ്രായവും പ്രകൃതത്തെ അത്യന്തം അനുകൂലിക്കുന്നുണ്ടു്.

കവിതയും സത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണു് കവിതയെ തത്വചിന്തകനാക്കിത്തീർക്കുന്നതു്. സത്യത്തെ തിരസ്കരിച്ചു് സേച്ഛാനുസരണം സഞ്ചരിക്കുവാൻ ഒരു കവിക്കു സാധിക്കുന്നതല്ല. ഇവിടെ സത്യമെന്നു പറയുന്നതു് വെറും പരമാർത്ഥസംഗതികൾ അങ്ങനെതന്നെ പകർത്തുന്നതിനെ ഉദ്ദേശിച്ചല്ലെന്നു് ഉക്തഭാഗങ്ങളിൽനിന്നും തെളിയുന്നുണ്ടല്ലോ. ഭാവനാശക്തിക്കു വിഷയമാക്കാതെ പ്രകൃതിയെ അതേമാതിരി പകർത്തുന്നതു് ഒരിക്കലും കവിതയാകുന്നതുമല്ല. സംഭവങ്ങളുടെ യാഥാർത്ഥ്യത്തിൽ മാത്രം ദത്തദൃഷ്ടിയായ ഒരു ചരിത്രകാരനെപ്പോലെ കവിയും സദാപി പരമാർത്ഥനിവേദനത്തിനു പുറപ്പെടേണ്ട ആവശ്യമില്ലതന്നെ. കവിതയിലെ സത്യം ഇതിൽനിന്നും എത്രയോ ഭിന്നമാണു്. അതു സൗന്ദര്യത്തിന്റെ ആവരണം മാറ്റി സത്തായ ആത്മതേജസ്സിനെ മാത്രം പ്രകാശിപ്പിക്കുന്നു. ഇതിലേക്കാവശ്യമായ അതിശയോക്തിയോ അത്യുക്തിയോ കവിക്കു സ്വീകരിക്കാവുന്നതുമാണു്.

‘Poetry is truer than facts’ എന്നു് ടെന്നിസൺ പറയുന്നതും ഈ സത്യത്തിന്റെ ഔൽകൃഷ്ട്യം വെളിപ്പെടുത്തുവാനത്രേ.

images/Alfred_Lord_Tennyson.jpg
ടെന്നിസൺ

തലച്ചോറിന്റെ ‘തകിടംമറിച്ചിൽ’ കൊണ്ടുമാത്രം രൂപപ്പെട്ടിട്ടുള്ള ശാസ്ത്രസിദ്ധാന്തത്തിൽനിന്നും കവിഹൃദയം തുലോം ദൂരെ സ്ഥിതിചെയ്യുന്നു. അതു് അലൗകികമായ ആത്മാനന്ദത്തിന്റെ ആവാസഭൂമിയാണു്. പ്രപഞ്ചനാടകത്തിലെ വിവിധ രസങ്ങൾ ആ നിർമ്മല സ്നേഹസരസ്സിൽ ലയിച്ചു് ഏകോപിക്കുന്നു. ലോകത്തിന്റെ അടിയിൽ കിടക്കുന്ന ഐക്യത്തെ ചൈതന്യത്തിന്റെ വെളിച്ചത്തിൽക്കൂടി ദർശിച്ചു് യുക്തി കൊണ്ടു് ഉയർത്തിക്കാണിക്കുന്ന തത്വചിന്തയാണു് കവിഹൃദയത്തിൽ നടക്കുന്നതു്. അവിടെ പ്രകൃത്യാ വിലീനങ്ങളായിരിക്കുന്ന സാത്വികഭാവങ്ങൾ വിശ്വഗർഭത്തിലെ ചലനതരംഗങ്ങളാൽ തരളീകൃതങ്ങളാകുമ്പോൾ അവ ഉൽബുദ്ധമായി ചിന്താദർപ്പണത്തിൽക്കൂടി പ്രതിബിംബിച്ചു് നാദരൂപേണ കവിതയായി ബഹിർഗ്ഗമിക്കുന്നു. ഇങ്ങിനെ ഭാവനാഭാസുരവും, ചിന്താകാന്തവും ആയിത്തീർന്നു പരിപൂർണ്ണപക്വതയെ പ്രാപിക്കുന്ന കവിത ഒരു വ്യക്തിയുടെയോ, സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ ഒട്ടാകെത്തന്നെയും ഉന്നതമായ ഒരു ഉൽക്കർഷസോപാനമായി പരിലസിക്കുന്നതാണു്.

കവിതയ്ക്കുള്ളപോലെ ഭുവനമോഹനമായ ഒരു വശീകരണശക്തി മറ്റൊന്നിനും കാണുന്നില്ല. താത്വികനായ ഒരു മഹാകവി ലോകത്തെ പഠിപ്പിക്കുന്ന ഗുരുക്കന്മാരിൽ ഒന്നാമത്തവനാകുന്നു. ശാന്തശുദ്ധമായ ആ ഹൃദയത്തിന്റെ ആകാശവിശാലതയിൽ വരച്ചുകാണിക്കുന്ന ദിവ്യലോകമാണു് ജനതതിയുടെ പ്രാപ്യസ്ഥാനമായിത്തീരുന്നതു്. ആ ശാന്തിമണ്ഡലത്തിലെ സൗന്ദര്യതേജഃപ്രസരത്തിൽ സർവ്വവിധങ്ങളായ അസമത്വങ്ങളും അസ്തമിച്ചുപോകുന്നു. ബ്രാഹ്മണനും, ചണ്ഡാലനും, കുബേരനും, കുചേലനും ഒരേ പിതാവിന്റെ ഓമനസന്താനങ്ങളായി കൈകോർത്തുപിടിച്ചു കളിക്കുന്നു. കടലിലെ യാചകന്റെ ആരും കേൾക്കാത്ത ദീനസ്വരം കൊട്ടാരത്തിലെ ചക്രവർത്തികൂടി കേട്ടു. കണ്ണുനീർ പൊഴിക്കുന്നു. പർവ്വതവും പരമാണുവും മൗനഭാഷയിൽ ഒരേ സംഗീതംതന്നെ പുറപ്പെടുവിക്കുന്നു. സമുദ്രത്തിലെ കല്ലോലധ്വനിയും, ചെറുപറവകളുടെ കളകളസ്വവും, ആകാശദേശത്തിലെ മേഷനിർഘോഷവും ഒരേ ആത്മാവുമായി സംഭാഷണം നടത്തുന്നു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും അനന്തമായ അന്തരീക്ഷത്തിൽ അനശ്വരമായ പ്രേമകിരണങ്ങൾ വികിരണംചെയ്യുന്നു.

images/Shelley.jpg
ഷെല്ലി

യഥാർത്ഥമായ കവിത്വം എത്രയും വിലയേറിയ ഒരനുഗ്രഹമാണു്. മനുഷ്യനെ അവന്റെ ശരിയായ രൂപം കാണിച്ചുകൊടുക്കുന്നതു കവിതയാണു്. കവിത ഭൂലോകത്തിലെ സ്വർഗ്ഗീയദീപവും സത്യത്തിന്റെ ഏറ്റവും പ്രകാശമേറിയ രശ്മിയുമാകുന്നു. (Poetry—Heaven’s light on earth Truth’s brightest beam) എന്ന ഷെല്ലി യുടെ സാരഗരിഷ്ഠമായ സൂക്ഷ്മസൂക്തി അതിന്റെ മാഹാത്മ്യാതിരേകത്തെ സവിശേഷം വിശദീകരിക്കുന്ന ഒന്നത്രെ.

രോഗിയെ ബോധഹീനനാക്കി ശസ്ത്രക്രിയചെയ്യുന്ന ഒരു ഭിഷഗ്വരനെപ്പോലെയാണു് കവി. മനുഷ്യന്റെ മാനസികരോഗത്തെ അവനറിയാതെതന്ന കവിതാമൃതം കൊണ്ടു കഴുകിക്കളയുവാൻ കവിക്കു കഴിയും. പ്രകൃതിയുടെ മാർദ്ദവമസൃണങ്ങളായ ഭാഗങ്ങൾ ദൂരെ ത്യജിച്ചു ശുഷ്കവും കഠോരവുമായ ജീവിതത്താൽ ഹൃദയം കരിച്ചുകളയുവാനല്ല കവി ഉപദേശിക്കുന്നതു്. അതാണു മോക്ഷമാർഗ്ഗമെന്ന സിദ്ധാന്തത്തെ കവിതയിലെ തത്വചിന്ത പ്രബലമായി എതിർക്കുന്നുമുണ്ടു്. ജീവിതോദ്യാനത്തിലെ വസന്തോത്സവത്തിൽ സോത്സാഹമായി സുഖിക്കുന്ന മനുഷ്യനെ അതിൽ നിന്നും നിവർത്തിപ്പിക്കാതെതന്നെ ബോധയുക്തനാക്കുവാൻ കവിതയ്ക്കു സാധിക്കും. ഇതിനുവേണ്ടിതന്നയത്രെ കവിത്വനിരൂപണത്തിനൊരുമ്പെടുന്നതു്.

സ്വതേ വിരസങ്ങളായ തത്വഖണ്ഡങ്ങൾ കവിതയിൽ കലരുമ്പോൾ പൂർവ്വാധികം ആസ്വാദ്യയോഗ്യങ്ങളാകുന്നു. ചിന്താശക്തിയെ ഉത്തേജനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ജീവനും അവയ്ക്കപ്പോളുണ്ടാകുന്നതാണു്. വികാരങ്ങളാകുന്ന പടിവാതിലിൽക്കൂടിയാകുന്നു സത്യം മനുഷ്യസ്വഭാവത്തിലേക്കു പകരുന്നതെന്നു് ഒരു സാഹിത്യകോവിദൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്.

images/Goethe.jpg
ഗെഥെ

‘കവിത നമ്മെ തത്വനിരൂപണത്തിലേക്കു പ്രവേശിപ്പിക്കണം.’ (Poetry should initiate us into Philosophy) എന്നു പ്ലൂട്ടാർക്കും പറയുന്നു. തത്വപ്രകാശനം ഇത്രമാത്രം സുഗമവും, സുന്ദരവും ആക്കിത്തീർക്കുന്നതു കവിതയുടെ കാന്താധർമ്മമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സുപ്രസിദ്ധന്മാരായ ഡാൻടി, ഗെഥെ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും തത്വവിചാരത്തെ അടിസ്ഥാനപ്പെടുത്തി കവിതയ്ക്കു് ആത്മീയമായ പ്രാധാന്യം കൊടുത്തിട്ടുള്ളവരാണു്.

images/Portrait_de_Dante.jpg
ഡാൻടി

ഇതുവരെ പ്രസ്താവിച്ച സംഗതികളിൽനിന്നും കവിതയ്ക്കു പരിപൂർണ്ണത സിദ്ധിക്കുന്നതിനു തത്വചിന്ത എത്രത്തോളം ആവശ്യമാണെന്നു വെളിവായല്ലോ. ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള മഹാകവികളെല്ലാം താത്വികന്മാരുംകൂടി ആയിരുന്നു എന്നു തൽകൃതികൾ സോദാഹരണം സമർത്ഥിക്കുന്നുണ്ടു്. പേരുകേട്ട പെർസ്യൻ കവികളിൽ മിക്കപേരും അദ്ധ്യാത്മവിദ്യാവിശാരദന്മാരായിരുന്നു. പ്രകൃതിസൗന്ദര്യത്തിന്റെ പ്രഭവസ്ഥാനത്തെ സാക്ഷാൽക്കരിക്കുവാനാണു് അവർ യത്നിച്ചിരുന്നതു് അവരുടെ കൃതികളിൽ കവിതാസ്രോതസ്സു് യുക്തിപഥത്തേയും അതിക്രമിച്ചു് അവ്യക്തമായ ഒരു ദിവ്യശക്തിയെ അഭിമുഖമാക്കി പ്രവഹിക്കുന്നു.

കവിയുടെ മൂന്നുതരം മനോഭാവങ്ങൾ കവിതയിൽ പ്രതിഫലിക്കുന്നുണ്ടു്. ഇവയെ വികാരപരം (Emotional), ആലോചനാപരം (Intellectual), ഭാവനാപരം (Imaginative) എന്നു വിഭജിക്കാം. ഇവയിൽ ആലോചനാപരമായ അംശമാണു് തത്വചിന്തയായി പരിണമിക്കുന്നതു്. കവിയുടെ അന്തഃകരണവൃത്തി മേൽപ്പറഞ്ഞ മൂന്നുവിധത്തിൽ ഒരുപോലെ വ്യാപരിച്ചെങ്കിൽ മാത്രമേ ഉത്തമകവിത ഉണ്ടാകുകയുള്ളു. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ അഭാവം രസസ്ഫൂർത്തിക്കു ഹാനികരമായിരിക്കും. വിശേഷിച്ചു് രണ്ടാമത്തെ അംശം തീരെ ഇല്ലാതെപോയാൽ അനന്തരക്ഷണത്തിൽ നിശ്ശേഷം നശിച്ചു പോകുന്ന കേവലം താൽക്കാലികമായ ഒരു രസാനുഭൂതി മാത്രമേ കവിതാപാരായണംകൊണ്ടു് ഉണ്ടാകുകയുള്ളു. മണിയടിച്ചു കഴിഞ്ഞതിനുശേഷവും മണിനാദം അന്തരീക്ഷത്തിൽ കുറേനേരം. വിസ്ഫുരണം ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, വായനയ്ക്കുശേഷവും രസാനുഭൂതി തുടർന്നു നിലകൊള്ളണമെങ്കിൽ കവിത തത്വചിന്ത കൊണ്ടു വിചാര്യമാണരമണീയമായിത്തീരണം. ജീവിതതത്വങ്ങളേയും പ്രകൃതിരഹസ്യങ്ങളേയും നിരീക്ഷണം ചെയ്യുന്നതിനു പ്രാപ്തനല്ലാത്ത ഒരു കവി എഴുതുന്ന കവിത ഉള്ളിത്തൊണ്ടുപോലെ ഉൾക്കനമില്ലാത്തതായിരിക്കും.

പരിശുദ്ധങ്ങളായ വികാരങ്ങളുടെ ഉത്തേജനംകൊണ്ടുതന്നെ കവിതാധർമ്മം മുഴുവനും നിർവ്വഹിക്കപ്പെടുന്നതായി ചിലർ വാദിക്കുന്നുണ്ടു്. ഇതു ശരിയാണെന്നു പറയുവാൻ നിവൃത്തിയില്ല. ഹൃദയതലത്തിൽ നടത്തുന്ന വികാരോത്തേജനം കൃഷിക്കായി നിലം ഒരുക്കുന്നതിനു തുല്യമേ ആകുന്നുള്ളു. അതിൽ വിചാരങ്ങളാകുന്ന വിത്തുകൾ പാകേണ്ടതും കവിയുടെ മുഖ്യധർമ്മമാണു്. ആശയഗ്രഹണം കൂടാതെ കേവലം വികാരതരളിതമായിത്തീരുന്ന ഹൃദയം ബീജാവാപം ചെയ്യാത്ത വിളനിലം പോലെ നിഷ്ഫലമായി കിടന്നുപോകും. ഈ രണ്ടു ധർമ്മവും പൂർണ്ണമായി നിർവ്വഹിക്കുന്ന കവികൾ വളരെ ചുരുക്കമാകുന്നു. ചിലർ നിലമൊരുക്കുവാൻമാത്രം ശ്രമിക്കുന്നു. അവരുടെ കവനപാടവം അത്രത്തോളമേ ഫലിക്കുന്നുള്ളു. മറ്റു ചിലർ നിലമൊരുക്കുവാൻ അറിഞ്ഞുകൂടാതെ വിത്തു പാകുവാൻമാത്രം നോക്കുന്നു. യാതൊരു ചമല്കാരവും വരുത്താതെ ശുഷ്കങ്ങളായ തത്വശകലങ്ങൾ കവിതയിൽ നിറച്ചു് രസഹാനി വരുത്തുന്നവരാണു് രണ്ടാമത്തെത്തരക്കാർ. തത്വചിന്തയിൽ ഭ്രമിച്ചു് ഇപ്രകാരം കവിതയുടെ ജീവൻ നശിപ്പിക്കുന്നതിനേക്കാൾ അതുകൂടാതെ കഴിക്കുന്നതാണു് അധികം നല്ലതു്.

images/1Kumaran_Asan.jpg
കുമാരനാശാൻ

ആധുനിക മലയാള കവികളിൽ തത്വചിന്തകൊണ്ടു പ്രത്യേകം പ്രസിദ്ധനായിത്തീർന്നിരിക്കുന്ന ആളാണു് കുമാരനാശാൻ. ജീവിതമാകുന്ന ഗ്രന്ഥത്തിന്റെ ഒരു വിസ്തൃതവ്യാഖ്യാനമാണു് അദ്ദേഹത്തിന്റെ കൃതിതല്ലജങ്ങളിൽ അടങ്ങിയിരിക്കുന്നതു്. ഭൗമങ്ങളായ ഐശ്വര്യങ്ങളുടെ ക്ഷണപ്രഭാചഞ്ചലതയെ അദ്ദേഹം നിസ്സംഗനായ ഒരു യതിയുടെ മട്ടിൽ നോക്കി മന്ദഹസിക്കുന്നു. ശൃംഗാരം രസചക്രവർത്തിയാണെന്നുള്ള ഭ്രമത്താൽ സാധാരണ കാവ്യങ്ങളിൽ കാണുന്നവണ്ണം അതിന്റെ രാജസമായ ഭാവത്തെ അതിരുകടന്നു വർണ്ണിച്ചു് പരിശുദ്ധമായ കവിതയുടെ മുഖത്തു കരിതേയ്ക്കുവാൻ അദ്ദേഹം ഒരിടത്തും തുനിഞ്ഞിട്ടില്ല. ആശാന്റെ കവിതാദേവി ശുദ്ധസത്വമയമായ സ്നേഹസാമ്രാജ്യത്തിലെ ഏകച്ഛത്രാധിപത്യം വഹിക്കുന്ന ചക്രവർത്തിനിയാകുന്നു. ‘നളിനി’യും ‘ദിവാകരനും’ സാക്ഷാൽ പ്രേമസ്വരൂപന്റെ പ്രതിബിംബങ്ങളായിട്ടാണു് പ്രത്യക്ഷപ്പെടുന്നതു്.

ആശാന്റെ കൃതികളിൽ, വിശേഷിച്ചു് ‘നളിനി’യിൽ കാണുന്നതും രാജരാജവർമ്മ തമ്പുരാൻ ‘കലർപ്പില്ലാത്ത ശൃംഗാരം’ എന്നു് നാമകരണം ചെയ്തിരിക്കുന്നതുമായ രസത്തെപ്പറ്റി ശരിയായി മനസ്സിലാകണമെങ്കിൽ സാഹിത്യശാസ്ത്രപ്രകാരമുള്ള രത്യാധി ചിത്തവൃത്തികളെ മനഃശാസ്ത്രദൃഷ്ട്യാ പരിശോധിച്ചു നോക്കണം. രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, അത്ഭുതം, നിർവേദം ഇങ്ങനെ രത്യാദികൾ ഒൻപതെണ്ണമുണ്ടെന്നു് രസനിരൂപകന്മാർ പറയുന്നു. എന്നാൽ സൂക്ഷ്മ രൂപേണ നോക്കുമ്പോൾ ആദ്യത്തെ രതി (അനുരാഗം) തന്നെയാണു് മറ്റുള്ള ശോകാദികളായിട്ടു രൂപാന്തരപ്പെടുന്നതെന്നു മനസ്സിലാകും. നായികാനായകന്മാർക്കു് തങ്ങളിൽ ജനിക്കുന്നതായി ആലങ്കാരികന്മാർ പറയുന്ന ഈ രതിയുടെ ഉൽപത്തി സർവ്വ ജീവികളിലും അനുസ്യൂതമായിരിക്കുന്ന ആത്മാനുരാഗത്തിൽനിന്നാകുന്നു. അതിന്റെ പ്രവർത്തനം ഉപാധിഭേദേന വിജാതീയഭാവങ്ങളാൽ വിച്ഛേദിക്കപ്പെടുന്നതനുസരിച്ചു് ക്രോധശോകാദികളായി മാറിക്കൊണ്ടിരിക്കും. രത്യാദിഭാവങ്ങൾ വിഭാവാനുഭാവസഞ്ചാരികളാൽ പരിപോഷിതമാകുമ്പോളാണല്ലോ ശൃംഗാരാദി നവരസങ്ങൾ ഉണ്ടാകുന്നതു്. ഇങ്ങനെ നോക്കുമ്പോൾ സാഹിത്യസംബന്ധമായ വിവിധ രസങ്ങളും ഒരേ മൂലപ്രേമത്തിൽനിന്നും ഭിന്നരീതിയിൽ നിർഗ്ഗളിക്കുന്നവയാണെന്നു തെളിയുന്നു. ഉത്തമകവിത ഏതദ്രസങ്ങളെ ജനിപ്പിക്കുമെന്നു മാത്രമല്ല; അവയുടെ നാനാത്വത്തെ സ്നേഹാത്മകമായ മനസ്സിന്റെ സാത്വികഭാവത്തിൽ ഏകീഭവിപ്പിച്ചു് ഐശ്വര്യമായ പ്രേമത്തിന്റെ മഹത്വത്തെക്കൂടി പ്രകാശനം ചെയ്യും. ഈ രീതിയിൽ ചിത്തവൃത്തികളുടെ കാരണദശയിലുള്ള ഏകീഭാവം പ്രബലപ്പെടുമ്പോൾ രണ്ടെന്നുള്ള ഭാവന നശിച്ചു് ശാന്തിവിശിഷ്ടമായ ഒരു ആത്മൈക്യം സംജാതമാകുന്നു. നിത്യനിർവൃതികരമായ ഈ ആത്മൈക്യമാണു് ആശാന്റെ നളിനിയിൽ കാണുന്നതു്. അദ്ദേഹത്തിന്റെ തത്വദൃഷ്ടി രസപരിപോഷണവിഷയത്തിലുംകൂടി വ്യാപരിച്ചിട്ടുണ്ടെന്നുള്ളതിനു് ഈ ഭാഗം ഉദാഹരണമായിരിക്കുന്നു.

മനുഷ്യനു് സ്വതസ്സിദ്ധമായിട്ടുള്ള മനനശീലത്തെ വേണ്ടവിധം പരിപോഷിപ്പിച്ചതിനുശേഷം കവിതാനിർമ്മാണത്തിനു പുറപ്പെട്ട ആളാണു് ആശാനവർകൾ. ജീവിതത്തിന്റെ ഏതുവശത്തേയും തത്വപരമായ നിരീക്ഷണംകൊണ്ടു പരിശോധിച്ചു വില നിശ്ചയിശ്ചതിനുശേഷമേ അദ്ദേഹം കവിതാരംഗത്തു ചിത്രീകരിക്കയുള്ളൂ. ‘വീണ പൂവി’ലെ ദളങ്ങളോരോന്നിലും ജീവിതനാടകത്തിലെ ഓരോ അങ്കമെഴുതിയിരിക്കുന്നു. ‘പ്രരോദന’ത്തിലെ ശ്മശാനം ഒരു ഒന്നാന്തരം അദ്ധ്യാത്മവിദ്യാലയമാണു്. ‘കരുണ’യിൽക്കൂടി കവി ഭോഗത്തിന്റെയും ത്യാഗത്തിന്റെയും മാറ്റു് ഉരച്ചുനോക്കി രണ്ടിന്റെയും മട്ടും മഹത്വവും വിളംബരം ചെയ്യുന്നു. ചുരുക്കത്തിൽ മനുഷ്യനു് തന്റെ രൂപം നോക്കിക്കണ്ടു പഠിക്കുവാനും രസിക്കുവാനും ഉള്ള ഒരു കണ്ണാടിയാകുന്നു ആശാന്റെ കവിത.

(സാഹിതീയം)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Kavithayum Thathwachinthayum (ml: കവിതയും തത്ത്വചിന്തയും).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Kavithayum Thathwachinthayum, കുറ്റിപ്പുഴ കൃഷ്ണപിള്ള, കവിതയും തത്ത്വചിന്തയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 15, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: “The Maiden from Afar” From the poem by Schiller, a painting by Christoffer Wilhelm Eckersberg (1783–1853). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.