അജ്ഞാതകാരണങ്ങളായിട്ടുള്ള സംഭവങ്ങളെ ദൈവികശക്തിയുടെ സന്താനങ്ങളായി വിശ്വസിച്ചു് വിസ്മയിക്കുന്ന പതിവു് നമ്മുടെയിടയിൽ ധാരാളമാണു്. പ്രകൃത്യാ വിശ്വാസിയായ മനുഷ്യൻ അത്ഭുതസംഭവങ്ങളുടെ കാര്യകാരണ ബന്ധം കണ്ടുപിടിക്കുന്നതിൽ അശ്രദ്ധനും അപ്രാപ്തനുമാകുന്നു. അത്ഭുതവിദ്യകൾ കാണിച്ചു് അമാനുഷത്വം നേടുന്ന ഒന്നാന്തരം സിദ്ധന്മാരെയും ഭക്തന്മാരെയും ഇന്ത്യയിൽ എവിടെയും കാണാം. ഇവരുടെ ‘വിദ്യ’കൾ ക്ഷിപ്രവിശ്വാസികളായ സാമാന്യജനങ്ങളുടെയിടയിൽ എന്തുമാത്രം മിഥ്യാബോധം പരത്തിയിട്ടുണ്ടെന്നു് പറഞ്ഞറിയിക്കാവതല്ല. തീക്കുഴിയിൽക്കൂടി കാലുപൊള്ളാതെ നടക്കുന്ന വിദ്യ ഇക്കൂട്ടത്തിൽ മുഖ്യമായിട്ടുള്ള ഒന്നാണു്. ഭക്തിയും സിദ്ധിയും കൊണ്ടുമാത്രം സാദ്ധ്യമാകുന്ന ഒന്നായിട്ടു് ഈ അടുത്തകാലംവരെ പ്രസ്തുതവിദ്യ വിശ്വസിക്കപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ശാസ്ത്രീയാന്വേഷണത്തിന്റെ ഫലമായി ഇതിന്റെ ചെമ്പു തെളിഞ്ഞിരിക്കുന്നു.
പാശ്ചാത്യശാസ്ത്രജ്ഞന്മാരാണു് ഇതിന്റെ രഹസ്യം തെളിയിച്ചിരിക്കുന്നതു്. ആദ്യകാലത്തു് അവർക്കും ഇന്ത്യാക്കാരുടെ ഈ വിദ്യയിൽ അത്ഭുതം തോന്നിയിരുന്നു. തത്സംബന്ധമായി ഇംഗ്ലണ്ടിൽവെച്ചു് നടത്തിയ ചില പരീക്ഷണങ്ങൾ ‘നേച്ചർ’ എന്ന ശാസ്ത്രീയമാസികയിൽ വിവരിച്ചിട്ടുള്ളതു് ഇന്ത്യാക്കാർ പ്രത്യേകിച്ചും വായിച്ചറിയേണ്ടതാണു്.
തീക്കനൽച്ചാട്ടത്തിൽ പ്രസിദ്ധിനേടിയിട്ടുള്ള ഒരു ഇന്ത്യാക്കാരനാണു് കുഡാബൿസ് (Kuda Bux) എന്ന മുഹമ്മദീയൻ. 1935 സെപ്തംബർ മാസം 17-ാം തീയതി അയാൾ കാർഷൽടൺ (Carshalten) എന്ന സ്ഥലത്തുവെച്ചു് അധികം ആംഗ്ലേയശാസ്ത്രജ്ഞന്മാരുടെ സാന്നിദ്ധ്യത്തിൽ ഒരു പരീക്ഷണം നടത്തി. ഇതിലേക്കായി നിർമിച്ച അഗ്നികുണ്ഡത്തിന്റെ നീളം, വീതി, താഴ്ച, ഉപയോഗിച്ച വിറകിന്റെ തൂക്കം, ചൂടിന്റെ അളവു്, പരീക്ഷകന്റെ തൂക്കം ഇവയെല്ലാം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടു്. പതിനൊന്നടി നീളത്തിലുള്ള ഒരു ചെറിയ കിടങ്ങാണു് ഇതിലേക്കു് തയ്യാർ ചെയ്തതു്. തീ കത്തിജ്വലിച്ചു കനൽപ്പരുവമായപ്പോൾ അതിനു് 430 (430◦ C) ഡിഗ്രി ചൂടുണ്ടായിരുന്നു. കുഡാബൿസിന്റെ തൂക്കം 120 റാത്തലാണു്. നിശ്ചിതസമയത്തു് അയാൾ അതിൽക്കൂടി നടന്നു് പരീക്ഷണത്തിൽ വിജയിയായി. നടക്കുന്നതിനു് മുമ്പും പിമ്പും അയാളുടെ കാലിന്റെ ഉള്ളടികൾ ശാസ്ത്രജ്ഞന്മാർ പരിശോധിച്ചിരുന്നു. യാതൊരു വ്യത്യാസവും അവർ കണ്ടെത്തിയില്ല. ഇതിനുള്ള കാരണമെന്താണെന്നു് അവർ അന്നു മുതൽ ആലോചിച്ചുതുടങ്ങി. തന്റെ ഈശ്വരഭക്തിയും വിശ്വാസവും കൊണ്ടാണു് ഇതു് സാധിക്കുന്നതെന്നത്രേ കുഡാബൿസ് പറഞ്ഞതു്. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞർക്കു് ഈ സമാധാനം തൃപ്തികരമായില്ല. ശാസ്ത്രീയവിചാരത്തിൽ അവർ ഒരു കാരണം കണ്ടുപിടിച്ചു. അന്നു് അതു് പലർക്കും സംശയജനകമായി തോന്നിയെങ്കിലും ഇപ്പോൾ അവരുടെ അഭിപ്രായം ശരിയെന്നു് വെളിപ്പെട്ടിരിക്കുന്നു. ഒന്നോ രണ്ടോ സെക്കന്റുകൊണ്ടാണു് ഈ തീക്കുഴിയിൽക്കൂടി പരീക്ഷകൻ നടക്കുന്നതു്. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അഗ്നിയും പാദവും തമ്മിലുണ്ടാകുന്ന സ്പർശം ഏറ്റവും ലഘുവായിട്ടുള്ള ഒന്നത്രേ. അത്രത്തോളം ലഘുവും ഝടിതിയിൽ ഉണ്ടാകുന്നതുമായ സ്പർശം കൊണ്ടു് ആരുടെയും കാലു പൊള്ളുന്നതല്ല എന്നായിരുന്നു ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടതു്. പ്രസ്തുതാഭിപ്രായത്തെ സാധൂകരീക്കുന്ന ഒരു പരീക്ഷണം ഇപ്പോൾ നടന്നിരിക്കുന്നു. ഇക്കാര്യത്തിൽ ഈശ്വരനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ഇംഗ്ലീഷുകാരനാണു് ഇതു് നടത്തിയതു്. കഴിഞ്ഞലക്കം ‘സയൻസ് മാസിക’യിൽ ഈ നവീന പരീക്ഷണത്തെപ്പറ്റി വിവരിക്കുകയും അതിനെ ആദ്യത്തേതുമായി താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്.
കഴിഞ്ഞ ഏപ്രിൽമാസം ഇരുപതാം തീയതി അലൿസാണ്ട്റാ പാലസ്സിൽ വെച്ചാണു് പ്രസ്തുത പരീക്ഷണം നടന്നതു്. കേംബ്രിഡ്ജിലെ ഒരു ഗ്രാഡ്വേറ്റായ റെജിനാൾഡ് ആഡ്കാക്സ്, അഹമ്മദ് ഹുസ്സെയിൻ ഇങ്ങനെ രണ്ടു പേർ ഇത്തവണ പരീക്ഷയിൽ ഏർപ്പെട്ടിരുന്നു.
12 അടി നീളം, 4 അടി വീതി, 9 ഇഞ്ചു് താഴ്ചയുള്ള കിടങ്ങു്, ഓക്ക്മരത്തിന്റെ 4 ടൺ വിറകു്. ഉപരിതലത്തിലെ ചൂടു് 800 ഡിഗ്രി—ഇതൊക്കെയാണു് ഇത്തവണത്തെ കണക്കു്. 126 റാത്തൽ തൂക്കമുള്ള ഹുസ്സെയിൻ ആദ്യം നടന്നു. അയാൾ 1.6 സെക്കന്റുകൊണ്ടു് നാലു് അടിവെച്ചു. കാലിനു് യാതൊരു പൊള്ളലും പറ്റിയില്ല. രണ്ടാമതു് നടന്ന ആഡ്കാൿസിനു് 160 റാത്തലാണു് തൂക്കം. അയാൾ 1.8 സെക്കന്റിൽ മൂന്നടിവെച്ചു് ഒട്ടും പൊള്ളൽ പറ്റാതെ ആ കനൽച്ചാൽ കടന്നു. ഇവരുടെ പരീക്ഷണം കുഡാബൿസിന്റേതിനോടു് താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പ്രയാസമുള്ളതാണെന്നുവേണം പറയുവാൻ. എന്തെന്നാൽ ബൿസ് വിശ്വാസംകൊണ്ടു് നടന്ന കനൽച്ചാലിന്റെ ചൂടിനേക്കാൾ ഏതാണ്ടു് ഇരട്ടി ചൂടാണു് ഈ സാധാരണന്മാരുടെ പരീക്ഷയ്ക്കു് വിഷയമായതു്. ഏതായാലും കാലു പൊള്ളാത്തതിന്റെ കാരണം ഭക്തിയോ സിദ്ധിയോ വിശ്വാസമോ ഒന്നുമല്ലെന്ന സംഗതി ഇതോടുകൂടി തെളിവുസഹിതം വെളിപ്പെട്ടിരിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമാണു് ശരിയെന്നു് സ്ഥാപിതമാകുകയും ചെയ്തു.
ഇന്ത്യയിൽ ഇത്തരം അഗ്നിപരീക്ഷകൾ എത്രകാലമായി നടന്നുവരുന്നു! അവയെല്ലാം ഈശ്വരന്റെ വെളിപാടുകളെന്നു് അന്ധമായി വിശ്വസിക്കാതെ അവയെപ്പറ്റി ശാസ്ത്രീയമായി അന്വേഷിക്കാൻ ആരെങ്കിലും ഉദ്യമിക്കുന്നുണ്ടോ? ഇതു് യൂറോപ്യന്മാരുടെ കൈയിൽ കിട്ടിയപ്പോൾ അവർ എത്ര നിഷ്കർഷയോടുകൂടി, എത്ര പണം ചെലവാക്കി എങ്ങനെയെല്ലാം പരിശോധന നടത്തിയെന്നു് നോക്കുക! താദൃശമായ ഒരു ശാസ്ത്രീയമനഃസ്ഥിതിയും ജിജ്ഞാസയും നമ്മുടെയിടയിൽ പൊന്തിവരണമെങ്കിൽ ഇനിയും എത്രകാലം വേണ്ടി വരും.
(വിചാരവിപ്ലവം 1937)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971