images/Landschaft_mit_Weiden.jpg
Landscape with Pollard Willows, a painting by Vincent van Gogh (1853–1890).
ലിയോൺ ട്രാട്സ്കി
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Leo_Dawidowitsch_Trotzki.jpg
ട്രാട്സ്കി

അതിവിസ്തൃതമായ ഈ ഭൂലോകത്തിൽ ഒരു കോണിൽപ്പോലും സ്വൈരമായി താമസിക്കുവാൻ നിവൃത്തിയില്ലാത ഒരാൾ നീണാൾ കഷ്ടപ്പെട്ടു. അദ്ദേഹമാണു് ട്രാട്സ്കി. എല്ലാ രാജ്യക്കാരും ഈ മഹാപുരുഷനെ പേടിച്ചു. അദ്ദേഹത്തിന്റെ ആഗമനവേളയിൽത്തന്നെ ഭരണകേന്ദ്രങ്ങൾ പ്രകമ്പിതങ്ങളായി. പൂർണമനസ്സോടുകൂടി ഒരു ഗവൺമെന്റും അദ്ദേഹത്തെ സ്വാധികാരാതിർത്തിക്കുള്ളിൽ താമസിക്കുവാൻ അനുവദിച്ചില്ല. ഇത്രമാത്രം ലോകത്തിന്റെ ശ്രദ്ധയെ ആകർഷിക്കുകയും ഇന്നത്തെ ഭരണകൂടങ്ങളെ വിറപ്പിക്കുകയും ചെയ്ത ഈ വിചിത്രപുരുഷന്റെ ജീവചരിത്രം എത്ര രസാവഹമായിരിക്കുമെന്നു് ആർക്കും ഊഹിക്കാവുന്നതാണു്. ലോകരുടെ ജിജ്ഞാസയെ ശമിപ്പിക്കുവാനായി അദ്ദേഹംതന്നെ തന്റെ ചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഈ മഹാഗ്രന്ഥം മനുഷ്യജീവചരിത്രത്തിലെ ഒരു ‘അത്ഭുതകഥ’യായിത്തീർന്നിട്ടുണ്ടെന്നു വായിച്ചുനോക്കുന്നവർക്കു് മനസ്സിലാകും.

നിലവിലിരിക്കുന്ന സകല ഗവൺമെന്റുകളും ട്രാട്സ്കിയെ ഭയപ്പെടുന്നു. എന്താണു് ഇതിനു് കാരണം? അദ്ദേഹം ഇന്നത്തെ സകല ഭരണകേന്ദ്രങ്ങൾക്കും ഒരു ഇടിവാളായിത്തീർന്നിട്ടുള്ളതുകൊണ്ടുതന്നെ. ആർക്കും തടുക്കാൻ പാടില്ലാത്ത ഈ ഇടിവാളിന്റെ മിന്നലിൽ ജനസമുദായം അന്ധതവിട്ടു കണ്ണു് തുറക്കുന്നു. രാജ്യഭരണമെന്നപേരിൽ കൊള്ളയും കവർച്ചയും നടത്തുന്നവർ ഇങ്ങനെ പ്രബുദ്ധമാകുന്ന ജനതതിയുടെ ക്രോധാഗ്നിയിൽ ഭസ്മീഭവിക്കുന്നു. ഇത്തരം സമൂലമായ പരിവർത്തനത്തിന്റെ ഒരു ‘ഗണപതിക്കുറിപ്പു’മാത്രമാണു് നാം റഷ്യയിൽ കണ്ടതു്. ലെനിന്റെ നേതൃത്വത്തിൽ അതു് കുറിച്ചതും അപ്രകാരം നടത്തിയതും ട്രാട്സ്കിയായിരുന്നു. ഈ രഹസ്യം ശരിയായി അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവചരിത്രംതന്നെ വായിച്ചുനോക്കണം. റഷ്യയിൽ ജ്വലിപ്പിച്ച ഹോമാഗ്നി ലോകം മുഴുവൻ പടർത്തണമെന്നുള്ളതാണു് ട്രാട്സ്കിയുടെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തെ ഇതരന്മാർ ഭയചകിതരായി വീക്ഷിച്ചതും.

ഇന്നത്തെ ഗവൺമെന്റുകളുടെ ദൃഷ്ടിയിൽ ട്രാട്സ്കി ഒരു വ്യക്തിമാത്രമല്ല. ഒരിടത്തും അടങ്ങിയൊതുങ്ങി നിലകൊള്ളാത്ത ഒരു വമ്പിച്ച ശക്തിയെയാണു് ആ നാമധേയത്തിൽ അവർ കണ്ടതു്. എങ്ങും ചെന്നു് അലച്ചുകയറി നാലുപാടും പ്രസരിക്കുന്ന ഒരു ശക്തിവിശേഷം അദ്ദേഹത്തിൽ സ്ഥിതിചെയ്തിരുന്നു. ട്രാട്സ്കിയുടെ ഓരോ രക്തത്തുള്ളിയും വിപ്ലവബീജങ്ങൾകൊണ്ടു് നിറഞ്ഞതായിരുന്നു. സ്വയം ശ്രമിച്ചാൽത്തന്നെയും വിപ്ലവമനഃസ്ഥിതിയിൽനിന്നും ഒഴിഞ്ഞു് ജീവിക്കുവാൻ അദ്ദേഹത്തിനു് സാദ്ധ്യമായിരുന്നില്ല. അത്രമാത്രം അതു് ആ ശരീരമനസ്സുകളിൽ ബലമായി വേരൂന്നിയിരുന്നു. ആധുനികകാലത്തിലെ വിപ്ലവകാരികളിൽ ഒരുവൻമാത്രമല്ല. അദ്ദേഹം അവരിൽ അഗ്രേസരനാകുന്നു. ചിലർ ആദർശമാർഗത്തിൽ മുന്നിട്ടുനിന്നേക്കാം. മറ്റുചിലർ പ്രായോഗികപദ്ധതിയിൽ പ്രാമുഖ്യം നേടിയേക്കാം. എന്നാൽ, ട്രാട്സ്കി ഈ രണ്ടിലും തുല്യസാമർത്ഥ്യം പ്രദർശിപ്പിച്ചിട്ടുള്ള ആളാണു്. സമസ്തലോകസുഖമാണു് അദ്ദേഹത്തിന്റെ ആദർശം. കാറൽമാർൿസിന്റെ സിദ്ധാന്തങ്ങളനുസരിച്ചു് പ്രവർത്തിച്ചെങ്കിൽ മാത്രമേ ഈ ആദർശത്തിലെത്താൻ കഴിയുകയുള്ളു എന്നു് അദ്ദേഹം പൂർണമായി വിശ്വസിച്ചു. ഇതിലേക്കു് ലോകത്തിന്റെ പഴയ ഘടനകളെല്ലാം തച്ചുടച്ചു് ‘ഭൂരിപക്ഷ ഭൂരിസുഖ’മെന്ന പ്രമാണമനുസരിച്ചുള്ള പുതിയ ഘടനകൾ സകല കാര്യങ്ങളിലും നിർമിക്കേണ്ടതു് അത്യാവശ്യമാകുന്നു. അതു് വിപ്ലവംകൊണ്ടല്ലാതെ സാധിക്കുന്നതല്ലെന്നു് ട്രാട്സ്കി ലോകം മുഴുവൻ വിളംബരം ചെയ്തിട്ടുണ്ടു്. ലെനിന്റെ സഹപ്രവർത്തകനായി നിന്നു് റഷ്യയിൽ അദ്ദേഹം തന്റെ ഉദ്ദേശ്യം പൂർണമായി സാധിച്ചു.

വിപ്ലവം എന്നുകേൾക്കുമ്പോൾ റഷ്യയും റഷ്യയെന്നുകേൾക്കുമ്പോൾ ലെനിനും ആ പേരിനോടുകൂടെ ട്രാട്സ്കിയുമാണു് നമ്മുടെ ഓർമയിൽ ആദ്യം വരുന്നതു്. എന്നാൽ ഇന്നു് ലോകത്തിൽ ഉണ്ടായിട്ടുള്ള ദയനീയസംഭവങ്ങളിൽ ഏറ്റവും വലുതു് ട്രാട്സ്കിക്കു് താൻ ജനിച്ചുവളർന്നതായ നാട്ടിൽനിന്നു്—തന്റെ കർമശക്തികൊണ്ടു് സൃഷ്ടിച്ച നവീനറഷ്യയിൽനിന്നു്—പുറത്തുപോകേണ്ടിവന്നു എന്നുള്ളതാണു്. ഇതിനുള്ള പ്രധാനകാരണം സമസ്തലോകസുഖമെന്ന മേൽകാണിച്ച ആദർശത്തെ ലക്ഷ്യമാക്കി വികസിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ വിപ്ലവബുദ്ധി റഷ്യയുടെ അതിർത്തികളെയും അതിക്രമിച്ചു തുടങ്ങിയതാണെന്നു് ചരിത്രം സൂക്ഷിച്ചുനോക്കിയാലറിയാം.

സ്വന്തം കൈകൊണ്ടു് കല്ലും മണ്ണും ചുമന്നുകൊണ്ടു് കെട്ടിയുണ്ടാക്കിയ ഒരു ഭവനത്തിൽ പണി പൂർത്തിയായപ്പോൾ താമസിക്കുവാൻ നിവൃത്തിയില്ലാതെവന്ന ഒരു അവസ്ഥയാണു് ട്രാട്സ്കിക്കു് അനുഭവപ്പെട്ടതു്. അദ്ദേഹം വളർന്നു് വളർന്നു് സ്വന്തം ഭവനത്തിൽ മാത്രമല്ല, ലോകത്തൊരിടത്തും ഒതുങ്ങാത്ത മട്ടിലായിപ്പോയി.

images/Stalin.jpg
സ്റ്റാലിൻ

ഇന്നു് റഷ്യയുടെ ഭരണകൂടം നിയന്ത്രിക്കുന്ന സ്റ്റാലിൻ ആദർശത്തിലും വീക്ഷണത്തിലും ഒരു റഷ്യാക്കാരൻ മാത്രമാണു്. എന്നാൽ, ട്രാട്സ്കി ‘വസുധൈവകുടുംബകം’ എന്നു പാടുന്ന ഒരു സർവരാജ്യപൗരനായിരുന്നു. സ്റ്റാലിന്റെ സങ്കുചിതമായ കാര്യപരിപാടിക്കകത്തു് ചുരുണ്ടുകൂടിക്കിടന്നു് ജോലിചെയ്യുവാൻ നിവൃത്തിയില്ലാത്തവിധം വിശാലഹൃദയനായതുകൊണ്ടാണു് അദ്ദേഹത്തിനു് പുറത്തുപോകേണ്ടിവന്നതു്. ‘വിപ്ലവം മനുഷ്യരെയും മനുഷ്യസ്വഭാവത്തെയും ഗ്രസിച്ചുകളയുന്ന ഒന്നാകുന്നു’ (Revolution is a great devourer of men character) എന്നു് അദ്ദേഹംതന്നെ ഒരിടത്തു് സമാധാനം പറയുന്നുണ്ടു്.

ജനനവും ബാല്യവും
images/Einstein_Schmutzer.jpg
ഐൻസ്റ്റീൻ

റഷ്യയെപ്പറ്റി നാം ധാരാളം അറിഞ്ഞുവരുന്നുണ്ടെങ്കിലും ലെനിനെ പ്പറ്റി നാം കുറെയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ട്രാട്സ്കിയുടെ പേരു് അത്രത്തോളം നമുക്കു് സുപരിചിതമായിട്ടുണ്ടെന്നു് തോന്നുന്നില്ല. അതുകൊണ്ടു് ഈ മഹാപുരുഷനെപ്പറ്റി ചില സംഗതികൾ ഇവിടെ പ്രസ്താവിക്കുന്നതു് പ്രയോജനകരമാണെന്നു് വിശ്വസിക്കുന്നു. ഇദ്ദേഹം ജനിച്ചതു് 1879 ഒക്ടോബർ 26-ാം തീയതിയാണു്. മഹാന്മാരുടെ ജനനസമയം മറ്റേതെങ്കിലും ഒരു പ്രധാന സംഭവം കൊണ്ടു് സവിശേഷം സ്മരണീയമാകാറുണ്ടല്ലൊ. ട്രാട്സ്കിയുടെ ജനനകാലത്തിനും ഈ സവിശേഷത ലഭിച്ചിട്ടുണ്ടു്. അതു് വരാനിരിക്കുന്ന ജീവിതാഹവത്തിന്റെ ഒരു കാഹളധ്വനിയായിട്ടും കണക്കാക്കാം. എന്തെന്നാൽ അക്കൊല്ലത്തിൽത്തന്നെയാണു് അന്നത്തെ സാർ ചക്രവർത്തിയായിരുന്ന അലൿസാണ്ടർ ദ്വിതീയനെ ഡൈനാമെറ്റുകൊണ്ടു് വധിക്കുവാനുള്ള ഉദ്യമം റഷ്യയിൽ ആദ്യമായി നടന്നതു്. അന്നു് റഷ്യയിൽ ചില ഭീകരപ്രസ്ഥാനക്കാർ ഉണ്ടായിരുന്നു. ചക്രവർത്തിയെ വധിക്കണമെന്നുള്ള നിശ്ചയം ഇവരുടെ രഹസ്യാലോചനായോഗത്തിൽ പാസ്സായതിനുശേഷം രണ്ടുമാസം കഴിഞ്ഞപ്പോഴാണു് ട്രാട്സ്കി ഭൂലോകജാതനായതു്. ജനിച്ചു് ഒരുമാസം കഴിഞ്ഞപ്പോൾ ആ നിശ്ചയമനുസരിച്ചുള്ള ഉദ്യമം ഉണ്ടായെങ്കിലും തൽക്കാലം ഫലിച്ചില്ല. പിന്നീടു് രണ്ടുകൊല്ലത്തിനുശേഷമാണു് അലൿസാണ്ടർ ചക്രവർത്തി വധിക്കപ്പെട്ടതു്. എന്നാൽ, അതോടുകൂടി അന്നത്തെ അരാജകകക്ഷി നിഷ്പ്രയാസം ധ്വംസിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ സാർ ചക്രവർത്തിയുടെ ദുർഭരണംകൊണ്ടുള്ള ദുരിതങ്ങൾ മുലപ്പാലോടുകൂടിത്തന്നെ അനുഭവിച്ചുകൊണ്ടാണു് ട്രാട്സ്കി വളരാൻ തുടങ്ങിയതു്.

images/Karl_Marx_001.jpg
കാറൽമാർൿസ്

അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ വലിയ ധനവാന്മാരോ എന്നാൽ അത്ര ദരിദ്രന്മാരോ ആയിരുന്നില്ല. അവർ ഇടനിലയിലുള്ള (Middle Class) ഒരുതരം കൃഷിക്കാരായിരുന്നു. സ്വന്തമായി അത്യധ്വാനം ചെയ്തും കീഴിലുള്ളവരെക്കൊണ്ടു ജോലിചെയ്യിച്ചും അവർ കഷ്ടിച്ചു സുഖമായി കഴിഞ്ഞുകൂടി. അതുകൊണ്ടു് ട്രാട്സ്കിക്കു് ബാല്യകാലത്തു് അധികം കഷ്ടതയനുഭവിക്കേണ്ടിവന്നില്ല. റഷ്യയിലെ ഒരു കുഗ്രാമത്തിൽ ആയിരുന്നു ബാല്യകാലം നയിച്ചതു്. ട്രാട്സ്കി ജാതിയിൽ ജൂതനാണെന്നുകൂടി ഈയവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. കാറൽമാർൿസും ഒരു ജൂതനായിരുന്നു. പ്രൊഫസർ ഐൻസ്റ്റീനും ഈ വർഗ്ഗത്തിൽപ്പെട്ട ആളാണല്ലോ. ജൂതകുലം എത്ര മഹാന്മാരെയാണു് ലോകത്തിനു് പ്രദാനം ചെയ്തിട്ടുള്ളതെന്നു് നോക്കുക! അഥവാ മനുഷ്യജാതിയെന്നു് ഒന്നിനെമാത്രം പരിഗണിച്ചും അതിന്റെ സുഖത്തിനുവേണ്ടി ആയുഷ്കാലം ബലികഴിച്ചും ജീവിക്കുന്ന മഹാത്മാക്കളുടെ ജാതിയന്വേഷിച്ചിട്ടു് കാര്യമെന്തു്? ജാതിമൂലം ജീവിതത്തിൽ ചില പ്രതിബന്ധങ്ങൾ ട്രാട്സ്കിക്കും നേരിട്ടിട്ടുള്ളതുകൊണ്ടാണു് അതിനെപ്പറ്റി ഇവിടെ സൂചിപ്പിച്ചതു്.

വിദ്യാർത്ഥിജീവിതം

ഈ വീരപുരുഷന്റെ വിദ്യാലയജീവിതവും അത്ര പ്രശാന്തമായിരുന്നില്ല. അദ്ദേഹത്തിന്റെ വളർച്ചയോടുകൂടിത്തന്നെ രാജ്യത്തിലെ കഷ്ടതയും പെരുകിത്തുടങ്ങി. എല്ലായിടത്തും ജനങ്ങൾ അസ്വസ്ഥരായിക്കൊണ്ടിരുന്നു. സാർ ചക്രവർത്തിയുടെ അത്യന്തദുസ്സഹമായ സേച്ഛാധികാരത്തിനു് എതിരായുള്ള ആശയങ്ങളും പ്രചാരണവേലകളും നിഗൂഢമാർഗങ്ങളിൽക്കൂടി വ്യാപിച്ചുതുടങ്ങി. ഇവയുടെയെല്ലാം പ്രതിധ്വനി വിദ്യാലയഭിത്തികളെയും ഭേദിച്ചു് വിദ്യാർത്ഥി ഹൃദയങ്ങളിലും ചെന്നലച്ചു. ഇത്തരം തീപ്പൊരികൾ പാറിവീണാലുടൻ ശുഷ്കേന്ധനംപോലെ കത്തിയാളുന്ന ഒരു ഹൃദയമായിരുന്നു ട്രാട്സ്കിയുടേതു്. അതുകൊണ്ടു് വിദ്യാർത്ഥിജീവിതകാലത്തുതന്നെ അദ്ദേഹം വിപ്ലവോദ്യമങ്ങളിൽ ഏർപ്പെടുന്നതിനിടയായി. പുത്രനിൽ കണ്ട ഈ വ്യതിയാനം മാതാപിതാക്കന്മാരെ വല്ലാതെ വ്യാകുലപ്പെടുത്തി. വളരെ ഉപദേശിച്ചിട്ടും ഫലമില്ലെന്നുകണ്ടു് ഒടുവിൽ പിതാവു് ക്രുദ്ധനായി പുത്രനെ ഗൃഹത്തിൽനിന്നു് ബഹിഷ്കരിച്ചു. മറ്റുള്ളവരുടെ രക്ഷയ്ക്കുവേണ്ടിയാണു് ഇപ്രകാരം ചെയ്തതു്. ഇങ്ങനെ പതിനേഴാമത്തെ വയസ്സിൽത്തന്നെ നൈസർഗികപ്രേരണയാൽ സ്വഹൃദയത്തിൽ കുടികൊണ്ട ആശയങ്ങൾ അടിച്ചമർത്താത്തതുമൂലം ട്രാട്സ്കിക്കു് നിസ്സഹായനായി വീടുവിട്ടുപോകേണ്ടിവന്നു. ആദ്യമായി സ്വന്തം വീട്ടിൽ ആരംഭിച്ച ഈ ബഹിഷ്കരണം പിന്നീടു് സ്വന്തം രാജ്യത്തിലും യൂറോപ്പുഖണ്ഡത്തിലെ മറ്റെല്ലാ രാജ്യങ്ങളിലും ആവർത്തിക്കപ്പെടാനിടയായതാണു് ഇതിലേറ്റവും രസാവഹമായ ഭാഗം.

1896, തന്റെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കിയ സംവത്സരമാണെന്നു് അദ്ദേഹം പറയുന്നു. മനുഷ്യസമുദായത്തിൽ തനിക്കുള്ള സ്ഥാനമേതാണെന്നുള്ള പ്രശ്നം അദ്ദേഹത്തിന്റെ ഗാഢചിന്തയ്ക്കു് വിഷയീഭവിച്ചതു് അക്കൊല്ലത്തിലാണു്. വീടുവിട്ടു് പുറത്തിറങ്ങിയതിനുശേഷം അദ്ദേഹം തന്റെ കൂട്ടത്തിൽപ്പെട്ടു സ്നേഹിതന്മാരുമായി ഒരു രഹസ്യസംഘം സ്ഥാപിക്കുകയും നിയമത്തിന്റെ പിടിയിൽനിന്നു് നീങ്ങിനിൽക്കത്തക്കവണ്ണം ഒരു വ്യാജനാമം സ്വീകരിച്ചു് തൊഴിലാളികളുടെയിടയിൽ പ്രചരണവേലയാരംഭിക്കുകയും ചെയ്തു. ഇതിലേക്കു് വേണ്ട ലഘുലേഖകൾ അച്ചടിക്കുക മുതലായ സകല ജോലികളും ഈ വിദ്യാർത്ഥിവീരൻതന്നെയാണു് നടത്തിയതു്. തൊഴിലാളികളും പാവങ്ങളും കൃഷിക്കാരും മറ്റും ഈ ചെറുപ്പക്കാരെ രഹസ്യമായി സഹായിച്ചിരുന്നു. അന്ധനായ ഒരു തൊഴിലാളിയുടെ വക ഒരു ഇടുങ്ങിയ മുറിക്കുള്ളിൽ രാത്രി സമയത്താണു് പ്രചരണവേലയ്ക്കുള്ള സാമഗ്രികൾ ഇവർ ഒരുക്കിയിരുന്നതു്. അന്നു് ആ ജീർണിച്ച മുറിക്കുള്ളിൽ ഒരു പഴയ മണ്ണെണ്ണവിളക്കിനു് ചുറ്റും കൂടിയിരുന്നു് ഉറക്കമിളച്ചു് നാലഞ്ചു് ചെറുപ്പക്കാർ ധൃതിയിൽ എഴുതുകയും അച്ചടിക്കുകയും ചെയ്തിരുന്നപ്പോൾ ഈ ബാലന്മാരുടെ എളിയ ഉദ്യമം അടുത്തകാലത്തു് ഒരു വമ്പിച്ച സാമ്രാജ്യത്തിന്റെ നാരായവേരു് മുറിക്കുവാൻ പര്യാപ്തമാകുമെന്നു് ആരും സ്വപ്നേപി വിചാരിച്ചിരുന്നില്ല. ട്രാട്സ്കിയുടെ പിതാവുതന്നെ ഒരിക്കൽ ഇതിനെപ്പറ്റി കളിയാക്കുകയും ഈ കുട്ടികളുടെ ശ്രമം ഫലിക്കണമെങ്കിൽ മൂന്നു് നൂറ്റാണ്ടുകൂടി കഴിയണമെന്നു് പറകയും ചെയ്തിട്ടുണ്ടത്രേ. വിജയസിദ്ധിയിൽ അന്നുതന്നെ വിശ്വാസമുണ്ടായിരുന്ന പുത്രനു് ഈ പ്രവചനം തെറ്റിപ്പോയെന്നു് തെളിയിക്കുവാൻ പിന്നീടു് ഇരുപത്തൊന്നു് വർഷം മാത്രമേ വേണ്ടിവന്നുള്ളു. റഷ്യയിൽ സോവിയറ്റുഭരണം സ്ഥാപിച്ചു് അതിലെ ഒരു അധിനായകസ്ഥാനത്തു് തന്റെ പുത്രൻ ആരാധ്യപുരുഷനായി വാഴുന്നതു് കാണുവാനും ഈ പിതാവിനു് ഭാഗ്യം സിദ്ധിച്ചു. അന്നു് കാണാൻ ചെന്നപ്പോൾ പണ്ടത്തെ ദീർഘദർശനം ട്രാട്സ്കി അനുസ്മരിപ്പിക്കുകയും പുത്രന്റെ ബാല്യദർശനമാണു് തന്റെ വാർദ്ധക്യവീക്ഷണത്തേക്കാൾ ശരിയായി കലാശിച്ചതെന്നു് പിതാവു് സമ്മതിക്കുകയും ചെയ്തു.

1896-ൽ ആരംഭിച്ച വിപ്ലവപരിശ്രമങ്ങൾ രണ്ടുകൊല്ലക്കാലമേ തുടർന്നുകൊണ്ടുപോകാൻ സാധിച്ചുള്ളു. അപ്പോഴേക്കും പ്രവർത്തകന്മാർ അറസ്റ്റിൽപ്പെട്ടു. ഇങ്ങനെ ട്രാട്സ്കി പത്തൊൻപതാമത്തെ വയസ്സിൽ തന്റെ ജയിൽജീവിതം ആരംഭിച്ചു. അന്നുമുതൽ ഈ ധീരാത്മാവു് അനുഭവിച്ച കഷ്ടതകൾ എത്രമാത്രമാണെന്നു് എഴുതിയറിയിക്കാൻ പ്രയാസമത്രേ. സേച്ഛാധികാരപ്രമത്തതയ്ക്കും പ്രജാസഞ്ചയമർദ്ദനത്തിനും കുപ്രസിദ്ധിനേടിയ സാർ ചക്രവർത്തിയുടെ ദുർഭരണം നടക്കുന്ന ആ കാലത്തു് രാജദ്രോഹകുറ്റം ഏറ്റു് തടവിൽ പോകുന്നവരുടെ സ്ഥിതി ഏകദേശം ഊഹിക്കാവുന്നതാണല്ലോ. അന്നത്തെ നീതിന്യായക്കോടതികളിലെ അഴിമതികൾക്കു് അളവില്ലായിരുന്നു. കുറ്റം രാജദ്രോഹമെന്ന വകുപ്പിൽപ്പെട്ടാൽ അതു് എത്ര ലഘുവായാലും വേണ്ടില്ല. അതികഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക. മിക്കവാറും സൈബീരിയയിലേക്കു് നാടുകടത്തുകയായിരുന്നു പതിവു്. അന്നത്തെ സൈബീരിയ ഭൂലോകത്തിലെ ഒരു നരകംതന്നെയായിരുന്നു. അവിടത്തെ തുളച്ചുകയറുന്ന തണുപ്പും വയറുകടിയുണ്ടാക്കുന്ന ആഹാരവുംകൊണ്ടു് പൊറുതിമുട്ടി വളരെ തടവുകാർ ആത്മഹത്യചെയ്തിട്ടുണ്ടു്! അറസ്റ്റ് ചെയ്യപ്പെട്ടാൽ ഒരു ശിക്ഷാവിധിയുണ്ടാകുന്നതു് പലപ്പോഴും വളരെക്കാലം കഴിഞ്ഞിട്ടായിരിക്കും. അത്രയുംകാലത്തെ ജയിൽവാസംതന്നെ ഏതു് കുറ്റത്തിനും മതിയായ ശിക്ഷയാകത്തക്കവണ്ണം ഭയങ്കരമാകുന്നു. ഈ ദുരിതഗർത്തങ്ങളിൽക്കൂടിയാണു് ട്രാട്സ്കിയുടെ യൗവനകാലം കടന്നുപോകുന്നതു്. നാടുകടത്തലിൽപ്പെട്ടു് സൈബീരിയയിലേക്കു് പോകുന്നതിനുമുമ്പായി രണ്ടരക്കൊല്ലം അദ്ദേഹത്തിനു് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഇക്കാലത്തു് ആകെ ഇരുപതു് ജയിലുകളിൽ അദ്ദേഹം താമസിച്ചിട്ടുണ്ടു്. അവിടത്തെ തടവുമുറികളിലെ ‘കഥ’ മാനുഷദുഷ്കർമങ്ങളുടെ പരമാവധി കാട്ടുന്നതായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത ഇടുങ്ങിയ മുറി, ദുഷിച്ച ആഹാരം, ജീർണിച്ച വസ്ത്രം, മൂട്ടയും പുഴുവും നിറഞ്ഞ വയ്ക്കോൽക്കിടക്ക—ഇവയൊക്കെയായിരുന്നു അന്നത്തെ ജീവിതാനുഭവങ്ങൾ! ഇങ്ങനെ ഒന്നോ രണ്ടോ ദിവസമല്ല, മാസമല്ല, രണ്ടരക്കൊല്ലം മുഴുവൻ! അതും ചോരത്തിളപ്പുള്ള യൗവനാരംഭത്തിൽ! ഒരു മനുഷ്യനു് ഇതിൽപ്പരം കഷ്ടമായി എന്താണു് വരാനുള്ളതു്? ഒരു ജയിലിൽ അദ്ദേഹത്തിനു് മൂന്നു മാസക്കാലം തുടർച്ചയായി ഒരൊറ്റ ‘അടിയുടുപ്പു’ (underwear) കൊണ്ടു് കഴിച്ചുകൂട്ടേണ്ടി വന്നു. അഴുക്കുനീക്കുവാൻ സോപ്പുപോലും ഉണ്ടായിരുന്നില്ല.

ഈ ദുസ്സഹാവസ്ഥയിലും ട്രാട്സ്കി നിരന്തരമായി പുസ്തകപാരായണത്തിലേർപ്പെട്ടിരുന്നു. ജയിലുകളിൽവെച്ചു് അദ്ദേഹം വായിച്ചുതീർത്തിട്ടുള്ള പുസ്തകങ്ങൾക്കു് കണക്കില്ല. ഇതിലേക്കു് പുറമേനിന്നു് പല സൗകര്യങ്ങളും രഹസ്യമായി ലഭിച്ചിരുന്നു. രാഷ്ട്രീയത്തടവുകാരെ ഇങ്ങനെ പലപ്രകാരത്തിലും ഗൂഢമായി നാട്ടുകാരും ചിലപ്പോൾ ഗവൺമെന്റുദ്യോഗസ്ഥന്മാർതന്നെയും സഹായിച്ചിരുന്നു എന്നുള്ളതു് പ്രത്യേകം സ്മരണീയമാണു്. പുറമേ നിന്നു് എന്തെങ്കിലും തടവുമുറിയിലേക്കു് എത്തിച്ചുകൊടുക്കുന്നതിനു് പല വഴികളുമുണ്ടായിരുന്നു. അതുകൊണ്ടു് ഗ്രന്ഥപാരായണത്തോടൊപ്പം വിപ്ലവോദ്യമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതിനും ട്രാട്സ്കിക്കു് സാധിച്ചു. അദ്ദേഹം ബൈബിൾ വായിച്ചതും തടവിൽവെച്ചാണു്. പക്ഷേ, മതം പഠിക്കുവാൻ കണ്ട എളുപ്പവഴിയായിരുന്നു അതു്. ബൈബിളിന്റെ പല ഭാഷാന്തരങ്ങളും സ്വഭാഷയിലേതുമായി ഒത്തുനോക്കി മറ്റാരുടെയും സഹായംകൂടാതെയാണു് ഇക്കാര്യം സാധിച്ചതു്. കൈയിൽ കിട്ടിയതെല്ലാം വായിച്ചുതള്ളുക അന്നു് പതിവായിരുന്നു. യാഥാസ്ഥിതികന്മാർ മാത്രം ലാളിക്കുന്ന പല ‘പഴഞ്ചൻ’ മാസികകളുടെയും പത്രങ്ങളുടെയും മറ്റും അനേകവർഷത്തെ ലക്കങ്ങൾ ഒരു ജയിൽ ലൈബ്രറിയിൽ കിടന്നിരുന്നതു് മുഴുവൻ സമയം കൊല്ലുവാൻവേണ്ടി അദ്ദേഹം വായിച്ചുതീർത്തു. മതം, രാജ്യതന്ത്രം മുതലായവയുടെ പേരിൽ മനുഷ്യർ എന്തെല്ലാം വിഡ്ഢിത്തങ്ങൾ കാട്ടിക്കൂട്ടുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു് ഈ വായനക്കാലത്താണു് ട്രാട്സ്കിക്കു് തികച്ചും അനുഭവപ്പെട്ടതു്. ചുരുക്കത്തിൽ തടവുമുറിയായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ വിദ്യാലയം. ഭാവിജീവിതത്തിനു് ആവശ്യമായ പല വിഷയങ്ങളിലും ഉപരിപഠനം നടത്തിയതും ഇക്കാലത്താണു്. സൈബീരിയയിലേക്കു് പോകുന്നതിനുമുമ്പുള്ള ആറുമാസം മോസ്കോ ജയിലിലാണു് അദ്ദേഹം കഴിച്ചുകൂട്ടിയതു്. ട്രാട്സ്കി ലെനിനെപ്പറ്റി ആദ്യമായി കേട്ടതു് ഈ ജയിലിൽവെച്ചാണത്രേ. ലെനിൻ അന്നുതന്നെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. ഈ ജയിലിൽ ഉണ്ടായ വേറെ ചില അനുഭവങ്ങളും സ്മരണീയങ്ങളാണു്. അതൊലൊന്നു് ഈ യുവാവിന്റെ വിവാഹമാകുന്നു. അതും ജയിലിൽവെച്ചുതന്നെ നടത്തി. ഭാര്യ, ഭർത്താവിനെപ്പോലെ ഒരു രാഷ്ട്രീയത്തടവുകാരിയായിരുന്നു. ഇവർ അദ്ദേഹത്തിന്റെ ഉദ്യമങ്ങളിൽ വളരെ സഹായിച്ചിട്ടുണ്ടു്. ട്രാട്സ്കിയുടെ ശരീരം ബന്ധനത്തിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സും നോട്ടവും തൊഴിലാളികളുടെയിടയിലായിരുന്നു. ഇക്കാലമത്രയും അദ്ദേഹം അവരുടെ സ്ഥിതിഗതികൾ സൂക്ഷിച്ചുനോക്കി പഠിച്ചു. ലഘുലേഖകൾ വഴിയായും മറ്റും ജനഹൃദയങ്ങളിൽ വിപ്ലവബീജം കുത്തിവെയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിരന്തരധ്യാനം. ഇതിലേക്കു് ഗൂഢമാർഗമായി ലഭിച്ച ഒരു സന്ദർഭവും ഈ ദീർഘദർശി പാഴാക്കിക്കളഞ്ഞില്ല. ഈ രണ്ടരക്കൊല്ലംകൊണ്ടു് തൊഴിലാളികളെ പൂർവാധികം ഉണർത്തുന്നതിനും വിപ്ലവകാരികളുടെ സംഖ്യ വർദ്ധിപ്പിക്കുന്നതിനും അദ്ദേഹത്തിനു് സാധിച്ചു. ഇത്രയും കഴിഞ്ഞാണു് ശിക്ഷാവിധിയനുസരിച്ചു് സൈബീരിയയിലേക്കുള്ള ആദ്യത്തെ പുറപ്പാടു്.

സൈബീരിയ

മോസ്കോവിൽനിന്നും സൈബീരിയയിലേക്കുള്ള യാത്ര അതിദുസ്സഹമായിരുന്നു. 1900-ൽ ആണു് ട്രാട്സ്കിയെ അങ്ങോട്ടു് കൊണ്ടുപോയതു്. സൈബീരിയ റഷ്യയിലെ ആൻഡമാൻദ്വീപാണു്. അവിടെ ചെല്ലുന്ന തടവുകാർക്കു് പാർക്കുന്നതിനു് പ്രത്യേകം കോളനികൾ (Edill Colonies) ഉണ്ടു്. ഇവിടത്തെ വാസം നാട്ടിലെ ജയിൽവാസത്തേക്കാൾ കഷ്ടമാണെന്നു് മുമ്പു് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇവിടെക്കിടന്നു് ആജീവനാന്തം നരകം അനുഭവിക്കുവാനാണു് സാർചക്രവർത്തി വിധികല്പിച്ചതു്. പക്ഷേ, അടുത്ത ഭാവിയിൽത്തന്നെ തന്റെ സർവസ്വവും ദഹിപ്പിക്കത്തക്കവണ്ണമുള്ള അഗ്നികണങ്ങൾ ഈ തടവുകാരൻ തടവുമുറികളിൽനിന്നുതന്നെ നാനാദിക്കിലേക്കും അയച്ചുകൊണ്ടിരിക്കുന്നുണ്ടെന്നു് ആ ദുർഭരണകൂടസ്ഥൻ ധരിച്ചിരുന്നില്ല. രണ്ടുകൊല്ലം ട്രാട്സ്കി സൈബീരിയയിൽ താമസിച്ചു. പത്നിയും കൂടെയുണ്ടായിരുന്നു. അവർക്കു് രണ്ടു് പെൺകുട്ടികളും ജനിച്ചു. ഈ പെൺകുട്ടികൾ പിൽക്കാലത്തു് വിപ്ലവരംഗത്തിലെ പ്രസിദ്ധനടികളായിത്തീരുന്നുണ്ടു്. കോളനിയിലെ വിശ്രമജീവിതം ട്രാട്സ്കിക്കു് ധാരാളം എഴുതുന്നതിനും വായിക്കുന്നതിനും സൗകര്യമുണ്ടാക്കി. പത്രങ്ങളിലേക്കു് ലേഖനങ്ങൾ അയച്ചുകൊണ്ടും കാറൽമാർൿസിന്റെ സിദ്ധാന്തങ്ങൾ പഠിച്ചുകൊണ്ടുമാണു് അദ്ദേഹം ദിവസങ്ങൾ നയിച്ചതു്. പ്രസിദ്ധ ഗ്രന്ഥകാരന്മാരായ ഗിഡെ മോപ്പസാങ് (Maupassant), ഇബ്സെൻ (Ibsen), ഗോർക്കി (Gorky)—മുതലായവരെപ്പറ്റി ഇവിടെവെച്ചു് അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ടു്. പുറമേനിന്നും ചാരന്മാർവഴി അദ്ദേഹത്തിനു് നല്ല പുസ്തകങ്ങൾ കിട്ടിക്കൊണ്ടിരുന്നു. ഇക്കൂട്ടത്തിൽ ലെനിൻ ജനീവയിൽവെച്ചു് എഴുതിയ ‘എന്താണു ചെയ്യേണ്ടതു്’ (What is to be done) എന്ന ഗ്രന്ഥവും ഉണ്ടായിരുന്നു. ഇങ്ങനെ രണ്ടുകൊല്ലം കഴിച്ചശേഷം 1902-ൽ സൈബീരിയയിൽനിന്നും രക്ഷപ്പെടാൻ അദ്ദേഹം തീർച്ചയാക്കി. പത്നിയും ഇതിലേക്കു് പ്രേരിപ്പിച്ചു. ചാരന്മാരുടെ സഹായത്തോടുകൂടി ഒരു കള്ള പാസ്പോർട്ടുംകൊണ്ടു് പല ഉപായങ്ങളും പ്രയോഗിച്ചു് അക്കൊല്ലത്തിൽത്തന്നെ അദ്ദേഹം റഷ്യയുടെ അതിർത്തി കടന്നു. ട്രാട്സ്കി എന്ന പേരിന്റെ ആഗമം അറിയുന്നതു് ഈയവസരത്തിൽ രസകരമായിരിക്കും. ഇതു് അദ്ദേഹത്തിന്റെ സാക്ഷാൽ പേരല്ല. അന്നു് ആ പാസ്പോർട്ടിൽ പെട്ടെന്നു് തോന്നിയപോലെ അദ്ദേഹം എഴുതിച്ചേർത്ത ഒരു വ്യാജനാമധേയം മാത്രമാണതു്. പിന്നീടു് ഈ പേരിൽ ധാരാളം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും എഴുതുകയാൽ അതു് സ്വന്തമായിത്തീർന്നു് ലോകപ്രസിദ്ധമാകയും ചെയ്തു. പ്രച്ഛന്നവേഷത്തിലുള്ള ഈ പോക്കിൽ അദ്ദേഹത്തിനു് ഭാര്യയെയും കുട്ടികളെയും വേർപെടേണ്ടിവന്നു. പിന്നീടു് തമ്മിൽ കാണുന്നതിനു് വളരെക്കാലം വേണ്ടിവന്നതിനാൽ അവരുടെ ദാമ്പത്യബന്ധം അതോടുകൂടി അവസാനിക്കുകയും ചെയ്തു.

വിദേശയാത്ര
images/Ibsen.jpg
ഇബ്സെൻ

റഷ്യ വിട്ടു് നേരെ വിയന്നയിലേക്കു് ട്രാട്സ്കി പോയതു്. അവിടത്തെ സ്ഥിതിസമത്വവാദികളിൽ പ്രമാണിയായ ഡോൿടർ വിൿടർ ആഡ്ലറെ ആദ്യമായി ചെന്നുകണ്ടു് അദ്ദേഹത്തിന്റെ ധനസഹായത്തോടുകൂടി ലണ്ടനിലേക്കു് തിരിച്ചു. അന്നു് ലെനിൻ താമസിച്ചിരുന്നതു് ലണ്ടനിലായിരുന്നു. ജനീവ, ലണ്ടൻ മുതലായ വിദേശനഗരങ്ങളിലിരുന്നു് റഷ്യയെ ലക്ഷ്യമാക്കി പ്രചാരണവേല നടത്തുകയായിരുന്നു ലെനിൻ ചെയ്തിരുന്നതു്. ഇതിലേക്കു് ഗൂഢമായി റഷ്യയിലേക്കു് പ്രവർത്തകന്മാരെ അയയ്ക്കുകയും അവിടെനിന്നു് ഇങ്ങോട്ടു് കൊണ്ടു വരികയും പത്രങ്ങൾ നടത്തുകയും മറ്റുമായിരുന്നു പ്രധാന ജോലികൾ.

1902-ൽ ലണ്ടനിൽവെച്ചാണു് ഈ കൃഷ്ണാർജുനന്മാർ തമ്മിൽ ആദ്യമായി കാണുന്നതു്. ഇത്ര ചെറുപ്പത്തിൽത്തന്നെ വിപ്ലവക്കളരിയിൽ പയറ്റി പഴക്കവും പരിചയവും നേടിയ യുവധീരനായ ട്രാട്സ്കിയെ നേരിട്ടു് കണ്ടപ്പോൾ ലെനിനും അദ്ദേഹത്തിന്റെ പത്നിക്കും അതിയായ സന്തോഷവും വിജയ വിശ്വാസവും ഉണ്ടായി. അനന്തരം തന്റെ കാര്യപരിപാടി അനുസരിച്ചുള്ള ജോലികൾക്കായി അദ്ദേഹം ട്രാട്സ്കിയെ നിയമിച്ചു. വിദേശങ്ങളിൽ മുതലാളിത്തത്തിനു് എതിരായി പൊതുജനാഭിപ്രായം രൂപവൽക്കരിക്കുക, തൊഴിലാളികളുടെ സംഘടനയുറപ്പിക്കുക എന്നിങ്ങനെ പല കാര്യങ്ങളിലും നമ്മുടെ കഥാനായകൻ നിയുക്തനായി. ലണ്ടനിൽത്തന്നെ ഏതാനും ദിവസങ്ങൾ ചുറ്റിസഞ്ചരിച്ചു് അദ്ദേഹം പ്രസംഗങ്ങൾ ചെയ്തു. അനന്തരം പാരീസ്, ബർലിൻ, ബ്രസ്സൽസ് മുതലായ നഗരങ്ങളിലെ റഷ്യൻ വിദ്യാർത്ഥിസങ്കേതങ്ങളിൽപ്പോയി റഷ്യയിലെ അക്രമങ്ങളെപ്പറ്റി പ്രസംഗിച്ചു് അവരെയെല്ലാം ഇളക്കി. അങ്ങനെ പ്രസംഗസഞ്ചാരം (Lecture Tour) ചെയ്തുകൊണ്ടു് കുറേനാൾ കഴിച്ചു. 1903-ൽ റഷ്യൻ സോഷ്യൽ ഡിമോക്രാറ്റിക് പാർട്ടിയുടെ (The Russian Social Democratic Party) രണ്ടാമത്തെ കോൺഗ്രസ് ലണ്ടനിൽവെച്ചു് കൂടിയപ്പോൾ ട്രാട്സ്കിയും അതിലെ ഒരു പ്രധാന പ്രവർത്തകനായിരുന്നു. ഈ കോൺഗ്രസ്സിൽവെച്ചാണു് പിന്നീടു് പ്രസിദ്ധമായിത്തീർന്ന ബോൾഷെവിക്കുകൾ (Bolsheviks) എന്നും, മെൻഷെവിക്കുകൾ (Mensheviks) എന്നും പേരായ രണ്ടു് ഭിന്നകക്ഷികളുണ്ടായതു്. ആദ്യത്തെ വാക്കിനു് ഭൂരിപക്ഷക്കാർ എന്നും രണ്ടാമത്തേതിനു് അല്പപക്ഷക്കാർ എന്നും അർത്ഥമാകുന്നു. ട്രാട്സ്കി ഈ ഭിന്നിപ്പു് കണ്ടു് വിഷാദിച്ചു് ഒരു കക്ഷിയിലും പ്രത്യേകമായിച്ചേരാതെ ഇരുകൂട്ടരേയും യോജിപ്പിക്കുന്നതിനു് അതിപ്രയത്നം ചെയ്തുകൊണ്ടിരുന്നു. 1904-ലെ അദ്ദേഹത്തിന്റെ ശ്രമം മുഴുവനും ഈ ഉദ്ദേശ്യത്തോടുകൂടിയായിരുന്നു എന്നു് കാണാം. ഇതിനിടയിൽ ചിലപ്പോഴൊക്കെ അഭിപ്രായഭേദംമൂലം ലെനിനുമായിട്ടും അദ്ദേഹത്തിനു് വേർപിരിയേണ്ടിവന്നിട്ടുണ്ടു്. ഒരിക്കൽ നിരസിച്ചുകളയുന്ന ട്രാട്സ്കിയുടെ അഭിപ്രായങ്ങളെ അനന്തരാനുഭവങ്ങൾകൊണ്ടു് ശരിയെന്നു്കണ്ടു് വീണ്ടും പൂർണമായി സ്വീകരിക്കുന്നതിനു് ലെനിൽ എപ്പോഴും തയ്യാറായിരുന്നു. എന്നാൽ, ഭാഗ്യവശാൽ ഈ നായകദ്വയം മിക്കവാറും ഏകാഭിപ്രായത്തോടുകൂടിയാണു് മുന്നോട്ടു് പൊയ്ക്കൊണ്ടിരുന്നതു്.

വിദേശവാസം ട്രാട്സികിക്കു് പല വിധത്തിലും ഉപകരിച്ചു. ഇക്കാലത്താണു് രാഷ്ട്രവിജ്ഞാനത്തിൽ നാനാമുഖമായ പാണ്ഡിത്യം അദ്ദേഹം നേടിയതു്. മാർൿസിന്റെ സിദ്ധാന്തങ്ങൾ ഓരോ രാജ്യത്തും ഏതെല്ലാം രീതിയിൽ പ്രചരിക്കുന്നു എന്നു് അദ്ദേഹം നേരിട്ടു് കണ്ടു് മനസ്സിലാക്കി. എഴുതാനും പ്രസംഗിക്കുവാനും അദ്ദേഹത്തിനുള്ള അനന്യമായ വൈദഗ്ദ്ധ്യം നല്ലപോലെ വെളിപ്പെട്ടതും ഇക്കാലത്താണു്. തരം കിട്ടുമ്പോൾ ഈ കർമശൂരനെ ഗൂഢമായി വീണ്ടും റഷ്യയിലേക്കു് അയയ്ക്കണമെന്നായിരുന്നു ലെനിൻ ആലോചിച്ചു കൊണ്ടിരുന്നതു്. ട്രാട്സ്കിയും സോത്സാഹം അതിലേക്കു് തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം റഷ്യയിൽ ആവശ്യമായിത്തീർന്ന സന്ദർഭം അപ്പോഴേക്കും വന്നുചേർന്നു. 1905 ജനുവരി 23-ാം തിയതി ട്രാട്സ്കി ജനീവയിൽ വന്നപ്പോൾ തലേദിവസം റഷ്യയിൽ നടന്ന ഒരു കൂട്ടക്കൊലയെപ്പറ്റി കേൾക്കാനിടയായി. തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഒരു വമ്പിച്ച സംഘം ഒരു പുരോഹിതന്റെ നേതൃത്വത്തിൽ ചക്രവർത്തിയുടെ കൊട്ടാരത്തിൽ സങ്കടം ബോധിപ്പിക്കുവാൻ പുറപ്പെട്ടു. ആ ശാന്തസമൂഹത്തെ കൊട്ടാരവാതിൽക്കൽവെച്ചു് പട്ടാളക്കാർ നിഷ്കരുണം വെടിവെച്ചു പിന്തിരിപ്പിക്കുകയും തൽഫലമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വളരെപ്പേർ മരിക്കുകയും ചെയ്തു. അന്നൊരു ഞായറാഴ്ചയുമായിരുന്നു. ‘ബ്ലഡി സൺഡേ’ (Bloody Sunday) എന്ന പേരിൽ ഇതു് പിന്നീടു് റഷ്യൻ ചരിത്രത്തിൽ കുപ്രസിദ്ധമാകുകയും ചെയ്തു. ട്രാട്സ്കി കേട്ടതു് ഈ കൊലയെപ്പറ്റിയാണു്. തനിക്കു് റഷ്യയിൽ കടക്കേണ്ട അവസരം ആഗതമായെന്നു് അദ്ദേഹം നിശ്ചയിച്ചു. അദ്ദേഹം രണ്ടാമതു് വിവാഹംചെയ്ത ഭാര്യയും അപ്പോൾ കൂടെയുണ്ടായിരുന്നു. രണ്ടുപേരുംകൂടി ഒരു വ്യാജപാസ്പോർട്ടിന്മേൽ ജനീവയിൽനിന്നും മ്യൂനിച്ചിലെത്തി, അവിടെനിന്നും വിയന്നയിലേക്കുതിരിച്ചു. റഷ്യയിലേക്കു് കടക്കേണ്ടവർക്കു് ആവശ്യമായ പാസ്പോർട്ടും പണവും മറ്റും സമ്പാദിച്ചുകൊടുക്കുന്നതിൽ അവിടെ ഡോൿടർ വിൿടർ ആഡ്ലർ ബദ്ധശ്രദ്ധനായിരുന്നു. കണ്ടുപിടിച്ചാലുടൻ മരണശിക്ഷ ലഭിക്കുമായിരുന്ന ആ സന്ദർഭത്തിൽ അദ്ദേഹം യാതൊരു കൂസലുംകൂടാതെ പല തന്ത്രങ്ങളും പ്രയോഗിച്ചു റഷ്യയിൽ കടന്നുകൂടി. അവിടത്തെ പ്രധാനനഗരമായ സെന്റ് പീറ്റേഴ്സ് ബർഗ്ഗ് (ഇപ്പോൾ ലെനിൻഗ്രാഡ്) കൂട്ടവും കൊലയും കൊണ്ടു് തൊട്ടാൽ പൊട്ടത്തക്കവിധം വിജൃംഭിച്ചു നില്ക്കുകയായിരുന്നു. സ്ഥിതിഗതികളെല്ലാം ട്രാട്സ്കി ഒരു നോട്ടത്തിൽ മനസ്സിലാക്കി. ഒരു ഭയങ്കരവിപ്ലവത്തിനുള്ള സകലതും സജ്ജീകരിക്കുവാൻ അദ്ദേഹം ഉടൻ തയ്യാറായി. പല ഗൃഹങ്ങളിലും വേഷം മാറി ഒളിച്ചു താമസിച്ചുകൊണ്ടാണു് ഈ കാര്യം നടത്തിയതു്. ഇക്കൂട്ടത്തിൽ കുറെ ദിവസം ഒരു കണ്ണാശുപത്രിയിൽ നേത്രരോഗം നടിച്ചും അദ്ദേഹം താമസിക്കുകയുണ്ടായി. റഷ്യ ഒട്ടുക്കു് കൊളുത്തേണ്ടതായ തീയ്യ് ആദ്യം ഈ പട്ടണത്തിൽ കൊളുത്തി പരീക്ഷിക്കുവാനാണു് ട്രാട്സ്കി നിശ്ചയിച്ചതു്. മുഹൂർത്തം അടുത്തു വന്നപ്പോൾ അദ്ദേഹം അതു് പരീക്ഷിച്ചു. 1905-ലെ ഒൿടോബർ വിപ്ലവം എന്ന പേരിൽ പ്രസിദ്ധമായ ആ സ്വാതന്ത്ര്യസമരം ഈ രീതിയിലാണു് സംഭവിച്ചതു്. അതിലെ സൂത്രധാരനും പ്രധാനനടനും ട്രാട്സ്കിയായിരുന്നു. തൊഴിലാളികളെ ഇളക്കുന്നതിലും അവരെ വേണ്ടമാർഗ്ഗത്തിൽ നയിക്കുന്നതിലും അദ്ദേഹം അന്നു് പ്രദർശിപ്പിച്ച സാമർത്ഥ്യം സർവരെയും അത്ഭുതപ്പെടുത്തി. അതുവരെ മിക്കവാറും അജ്ഞാതനായിരുന്ന ട്രാട്സ്കി പെട്ടെന്നു് അതിപ്രസിദ്ധനായ ഒരു അത്ഭുതമനുഷ്യനായി പ്രത്യക്ഷപ്പെട്ടു. റഷ്യൻജനത അദ്ദേഹത്തെ ആരാധിക്കാൻ തുടങ്ങി. അത്രമാത്രം മഹത്തായ കർമശൂരതയാണു് അന്നു് അദ്ദേഹം പ്രകാശിപ്പിച്ചതു്. എങ്കിലും അന്നത്തെ വിപ്ലവം പൂർണവിജയത്തിൽ കലാശിച്ചില്ല. വിപ്ലവകാരികൾ കൂട്ടംകൂട്ടമായി വന്നു് നഗരം വളഞ്ഞെങ്കിലും അതു് പിടിച്ചെടുക്കുന്നതിനുമുമ്പു് ചക്രവർത്തിയുടെ സൈന്യം അവരെ കീഴ്പ്പെടുത്തിക്കളഞ്ഞു. അനന്തരമുണ്ടായ അറസ്റ്റിൽപ്പെട്ടു് ട്രാട്സ്കി വീണ്ടും ബന്ധനസ്ഥനായി.

വീണ്ടും ജയിൽ

ഇനിയുള്ള ജീവിതകഥ ഇതിലും വിചിത്രമാകുന്നു. പരിണാമം വിജയത്തിലായില്ലെങ്കിലും ഇപ്പോഴുണ്ടായ ജനക്ഷോഭം വരാൻപോകുന്ന മഹാവിപ്ലവത്തിന്റെ മുഖവുരയാണെന്നു് ട്രാട്സ്കിക്കു് അറിയാമായിരുന്നു. അതുകൊണ്ടു് അദ്ദേഹം നിരാശനായില്ല. ലെനിൻ ഈ അവസരത്തിൽ എങ്ങനെയോ രക്ഷപ്പെട്ടു് ഫിൻലണ്ടിൽ (Finland) ഗൂഢവാസം ചെയ്യുകയായിരുന്നു. ട്രാട്സ്കിയുടെ 26-ാമത്തെ വയസ്സിലാണു് ഈ രണ്ടാമത്തെ ജയിൽവാസം വേണ്ടിവന്നതു്. ഇതു് പതിനഞ്ചു് മാസത്തോളം നീണ്ടുനിന്നു. അപ്പോൾ കഴിഞ്ഞവിപ്ലവത്തിന്റെ പ്രാധാന്യത്തെ സ്ഥാപിച്ചുകൊണ്ടു് ‘റഷ്യയും വിപ്ലവവും’ (Russia and Revolution) എന്ന ഗ്രന്ഥം എഴുതിത്തീർത്തതു് ഇക്കാലത്താണു്. തടവുമുറി ഇപ്പോഴും അദ്ദേഹത്തിനു് ഒരു വിദ്യാലയംതന്നെയായിരുന്നു. 1906 സെപ്തംബർ 26-ാം തിയതി ഇവരുടെ കേസ് വിസ്താരം തുടങ്ങി. അതിസാമർത്ഥ്യത്തോടെ വേണ്ട തെളിവുകൾ ശേഖരിച്ചു് കോടതിയിൽ അദ്ദേഹം വാദിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. സൈബീരിയയിലേക്കുള്ള നാടുകടത്തൽ രണ്ടാമതും ഈ കർമയോഗിയെ റഷ്യൻരംഗത്തുനിന്നും നീക്കംചെയ്തു.

പിന്നെയും സൈബീരിയ

അത്ഭുതാവഹമായ മനസ്സാന്നിദ്ധ്യത്തോടെ ഏതാപത്തിനോടും എതിരിടുവാനുള്ള ശക്തി അന്നു് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു് സൈബീരിയയിലെത്തിയ ഉടൻതന്നെ അവിടെനിന്നും രക്ഷപ്പെടുവാൻ അദ്ദേഹം തീർച്ചയാക്കി. ഇക്കാര്യം ഇത്തവണ പണ്ടത്തേക്കാൾ പതിന്മടങ്ങു് പ്രയാസമുള്ളതായിരുന്നു. പോലീസിന്റെ ദൃഷ്ടിയിൽപ്പെടാതെ പുറത്തുചാടുവാൻ ഒരുവിധത്തിലും നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവിൽ അപായകരമായ ഒരു മാർഗം തന്നെ ട്രാട്സ്കി സധൈര്യം അവലംബിച്ചു. മനുഷ്യസഞ്ചാരം അധികമില്ലാത്ത ഹിമാവൃതങ്ങളായ ആർടിക് (Artic) പ്രദേശങ്ങളിലൂടെ യാത്ര ചെയ്വാനാണു് അദ്ദേഹം നിശ്ചയിച്ചതു്. ഇതൊരു സാഹസപ്രവൃത്തിതന്നെയായിരുന്നു. ഒരു തരം മാനിനെ കെട്ടി മഞ്ഞിലൂടെ ഓടിക്കുന്ന ഒരു വണ്ടി ഇതിലേക്കു് ഏർപ്പാടുചെയ്തു. വണ്ടിയിൽ വയ്ക്കോൽനിറച്ചു് അതിനുള്ളിൽ കിടന്നു് പുറമേ കയറുകൊണ്ടു് കെട്ടി ഏറ്റവും ഗോപ്യമായി യാത്രതിരിച്ചു. അധികാരികൾ അതൊരു വെറും വൈക്കോൽവണ്ടിയായി മാത്രമേ കണക്കാക്കിയുള്ളു. പ്രാചീനറഷ്യയുടെ അന്തകനും നവീനറഷ്യയുടെ സ്രഷ്ടാവുമായ ഒരു വീരാത്മാവു് ആ വൈക്കോൽക്കെട്ടിനകത്തുണ്ടെന്നു് ആരാണു് സംശയിക്കുക? ഹിമപ്രദേശത്തുകൂടി ഒരു വമ്പിച്ച സാമ്രാജ്യത്തിന്റെ അതിർത്തി കടക്കുവാനുള്ള ഈ യാത്ര എത്ര ആപൽക്കരമാണെന്നു് ഊഹിക്കുകയാണു് നല്ലതു്. അത്യുഗ്രമായ തണുപ്പും സഹിച്ചു് ശരിയായ ആഹാരംപോലും ലഭിക്കാതെ പന്ത്രണ്ടുദിവസം തുടർച്ചയായി ഈവിധം യാത്രചെയ്തതിനുശേഷമേ അദ്ദേഹം അതിർത്തിപ്രദേശത്തുള്ള ഒരു ചെറിയ തീവണ്ടിസ്റ്റേഷനിലെത്തിയുള്ളു. അവിടെനിന്നും തീവണ്ടിവഴി ലെനിൻ താമസിച്ചിരുന്ന ഫിൻലണ്ടിൽ ചെന്നുചേർന്നു. ഈ തിരിച്ചുവരവു് ലെനിനും മറ്റുള്ളവർക്കും ഒരു യാദൃച്ഛികസംഭവം തന്നെയായിരുന്നു. സകലരക്ഷാമാർഗ്ഗങ്ങളും തടഞ്ഞു് സൈബീരിയൻനരകത്തിൽ അടയ്ക്കപ്പെട്ട ട്രാട്സ്കി എങ്ങനെ ജീവനോടുകൂടി ഈവിധം തിരിച്ചെത്തിയെന്നോർത്തു് അവരെല്ലാം ആശ്ചര്യപരതന്ത്രരായി. ആനന്ദഭരിതനായ ലെനിൻ കുറെദിവസം ട്രാട്സ്കിയെ തന്റെകൂടെ താമസിപ്പിച്ചു. അപ്പോഴും താൻ ആപൽപരിധിക്കുള്ളിൽത്തന്നെയെന്നു് കണ്ടു് അദ്ദേഹം അവിടെനിന്നും ദൂരെയുള്ള ഒരു ഗ്രാമത്തിലേക്കു് ഗോപ്യമായി മാറി. ഇവിടത്തെ ശാന്തമായ ഗ്രാമീണജീവിതം കുറെനാൾ അദ്ദേഹം ആസ്വദിച്ചു. അപ്പോഴാണു് തന്റെ സൈബീരിയൻ പാലായനത്തെപ്പറ്റി ‘ദെയർ ആൻഡ് ബാക്ക്’ (There and Back) എന്ന പുസ്തകം എഴുതിത്തീർത്തതു്. പക്ഷേ, ശത്രുസമീപത്തു് ഇങ്ങനെ എത്രനാൾ ഒളിച്ചുതാമസിക്കും? നാടുവിടുന്നതുതന്നെ തൽക്കാലം നല്ലതെന്നു് അദ്ദേഹം തീർച്ചയാക്കി. പുതിയ പുസ്തകം വിറ്റുകിട്ടിയ പണവുംകൊണ്ടു് ഒരു ‘സ്കാൻഡിനേവിയൻ’ കപ്പലിൽ കയറി ട്രാട്സ്കി തന്റെ രണ്ടാമത്തെ വിദേശയാത്രയും ആരംഭിച്ചു. പിന്നീടു് പത്തു കൊല്ലക്കാലം തുടർച്ചയായി വിദേശവാസം തന്നെ വേണ്ടിവന്നു.

വീണ്ടും വിദേശവാസം

വിപ്ലവസാഹിത്യത്തിലുള്ള ഗ്രന്ഥനിർമ്മാണവും പത്രനിർമ്മാണവും പത്രപ്രവർത്തനവുംകൊണ്ടു് വിദേശങ്ങളിലും ട്രാട്സ്കി ഒരു പ്രാമാണികനായിത്തീർന്നു. 1907-ൽ ലണ്ടനിൽവെച്ചു് സോഷ്യലിസ്റ്റ് കോൺഗ്രസ്സിന്റെ ഒരു സമ്മേളനം നടന്നു. അവിടെ ലെനിൻ സർവപ്രമാണിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സകല പ്രശംസയ്ക്കും പാത്രീഭവിച്ചുകൊണ്ടു് ട്രാട്സ്കിയും ഒരു നേതാവായിത്തന്നെ പ്രശോഭിച്ചു. അന്നുണ്ടായ ഒരു സംഭവം ഇവിടെ സ്മരണീയമത്രേ. കോൺഗ്രസ് സമ്മേളനം കഴിഞ്ഞപ്പോൾ പ്രതിനിധികൾക്കു് പലയിടത്തേക്കും തിരിച്ചുപോകുന്നതിനു് പണമുണ്ടായിരുന്നില്ല. എല്ലാവരും ഒരു വിഷമസ്ഥിതിയിലായി. ഈ ദുർഘടഘട്ടത്തിൽ അവിചാരിതമായ ഒരു സഹായം ലഭിച്ചു. റഷ്യയിൽ സോവിയറ്റ് ഭരണം സ്ഥാപിക്കുന്ന കാലത്തു് മടക്കിക്കൊടുക്കാമെന്ന കരാറിന്മേൽ എല്ലാവരും ചേർന്നു് ഒരു പ്രോമിസറിനോട്ടു് എഴുതിക്കൊടുത്താൽ ആവശ്യമുള്ള പണം തരാമെന്നു് ഇംഗ്ലണ്ടിലെ ലിബറൽ പാർട്ടിയിലെ ഒരംഗം സമ്മതിച്ചുപോൽ! ഭാവിയിൽ വിശ്വസിച്ചുകൊണ്ടു് നിർദ്ധനന്മാരായ തങ്ങളുടെ കൈയൊപ്പിനു് വിലകല്പിച്ചു് പണംതരാൻ അന്നു് ഇങ്ങനെ ഒരു ഇംഗ്ലീഷുകാരൻ തയ്യാറായതിൽ അവരെല്ലാവരും അത്ഭുതപ്പെട്ടു. ഉടനെ നോട്ടെഴുതിക്കൊടുത്തു് പണംവാങ്ങി. 1918-ൽ സോവിയറ്റ് ഭരണം സ്ഥാപിച്ച ഉടനെ ലെനിൻ ചെയ്ത പ്രവൃത്തി ഈ നോട്ടനുസരിച്ചുള്ള സംഖ്യ പലിശസഹിതം തിരിച്ചുകൊടുക്കുക എന്നതായിരുന്നു.

images/George_bernard_shaw.jpg
ബർനാഡ് ഷാ

ട്രാട്സ്കി ലണ്ടനിൽനിന്നും തിരിച്ചതു് വിയന്നയിലേക്കാണു്. 1907 മുതൽ ഏഴു വർഷം സ്ഥിരമായി അവിടെത്തന്നെ താമസിച്ചു. 1908-ൽ വിയന്നയിൽനിന്നും അദ്ദേഹം ഒരു റഷ്യൻപത്രം തുടങ്ങി. വളരെ പ്രശസ്തി നേടിയ ഈ പത്രം വഴിയായിട്ടാണു് ട്രോട്സ്കിയുടെ രാഷ്ട്രീയസിദ്ധാന്തങ്ങളും റഷ്യൻ കാര്യനിരൂപണങ്ങളും പുറമെ ധാരാളമായി പ്രചരിച്ചതു്. വാദപ്രതിവാദങ്ങളിൽ ട്രാട്സ്കിയെ ഖണ്ഡിക്കുന്നതിനു് അധികംപേർക്കും കഴിഞ്ഞില്ല. ഇംഗ്ലണ്ട്, ജർമനി, ആസ്ത്രിയ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളിസംഘടനകളെല്ലാം തന്നെ ശരിയായ രൂപത്തിലുള്ളവയല്ലെന്നും അവ ആദർശശുദ്ധിയോടെ പ്രവർത്തിക്കുന്നില്ലെന്നുമുള്ള വസ്തുത ഇക്കാലത്താണു് അദ്ദേഹത്തിനു് മനസ്സിലായതു്. ഇവയിലെ നേതാക്കന്മാർ മിക്കവരും മാർക്സിന്റെ സിദ്ധാന്തങ്ങളിൽനിന്നും സ്വേച്ഛാനുസരണം വ്യതിചലിക്കുന്നവരും നിന്ദ്യമായ സാമ്രാജ്യമനഃസ്ഥിതിയിൽനിന്നു് ഒഴിഞ്ഞുമാറാത്തവരുമാണെന്നു് ട്രാട്സ്കിക്കു് അനുഭവംകൊണ്ടു് നേരിട്ടറിവാൻ കഴിഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം നിശിതമായ വാൿശരം പ്രയോഗിച്ചു് ഇക്കൂട്ടരോടു് അദ്ദേഹം പോരാടി. ഇങ്ങനെയിരിക്കുമ്പോഴാണു് 1914-ൽ മഹായുദ്ധം ആരംഭിച്ചതു്. ഈ യുദ്ധപ്രഖ്യാപനം ഓരോ രാജ്യത്തുമുള്ള തൊഴിലാളി നേതാക്കന്മാരുടെ ദുഷിച്ച മനഃസ്ഥിതിയെ ഒന്നുകൂടി വെളിച്ചത്തു് കൊണ്ടുവന്നു. ഓരോ രാജ്യത്തിലുള്ള കക്ഷിയും കമ്യൂണിസ്റ്റ് തത്ത്വങ്ങൾക്കു് വിപരീതമായും സർവരാജ്യപൗരബോധം ഇല്ലാതെയും ഏറ്റവും ലജ്ജാകരമായവിധം അതതു് രാജ്യത്തിലെ മുതലാളി ഗവൺമെന്റിനെ യുദ്ധകാര്യത്തിൽ അനുകൂലിച്ചു. നികൃഷ്ടവും ദയനീയവുമായ ഈ വ്യതിചലനത്തെ ട്രാട്സ്കിയെപ്പോലെ അത്ര ശക്തിയോടെ മറ്റാരും നിഷേധിച്ചില്ല. അദ്ദേഹം പുറപ്പെടുവിച്ച പ്രതിഷേധധ്വനി ലോകം മുഴുവൻ മാറ്റൊലിക്കൊണ്ടു. ഇതു് സംബന്ധിച്ചു് ‘സുറിച്ച്’ എന്ന സ്ഥലത്തുനിന്നു് അദ്ദേഹം എഴുതി വിട്ട ഒരു ലഘുലേഖ നാടെല്ലാം പ്രചരിച്ചു. പലഭാഷകളിലായി അതിന്റെ അനേകലക്ഷം കോപ്പികൾ ചെലവായിത്തുടങ്ങിയപ്പോൾ യുദ്ധത്തിനു് തയ്യാറായ രാജ്യക്കാരെല്ലാം അതു് നിയമംമൂലം തടഞ്ഞു. ചുരുക്കത്തിൽ അന്നുമുതൽ സകല ഗവൺമെന്റുകളും ഈ മഹാവീരന്റെ നിശിതത്തൂലികയെ ഭയപ്പെടുവാൻ തുടങ്ങി. ‘സൂറിച്ചു ലഘുലേഖ’ എന്നു് പ്രസിദ്ധമായിത്തീർന്ന ഇതിന്റെ പതിനാറായിരം പ്രതികൾ രണ്ടുമാസത്തിനുള്ളിൽ അമേരിക്കയിലും ചെലവായി. അവിടെ അച്ചടി നടക്കുന്നുണ്ടെന്നറിഞ്ഞയുടൻ പ്രസിഡണ്ട് വിൽസൻ പരിഭ്രമിച്ചു് അതിന്റെ ചുരുക്കം ടെലിഫോൺവഴി വിളിച്ചുചോദിച്ചു മനസ്സിലാക്കിയത്രെ. നോക്കുക! ഒരു പേന ലോകം മുഴുവൻ ഇളക്കുന്നതു്! നളികഗുളിക കൾക്കു് തുല്യമുള്ള ഇത്തരം പ്രയോഗങ്ങൾ കണ്ടിട്ടു് ബർനാഡ് ഷാ ട്രാട്സ്കിയെ ‘ലഘുലേഖകർത്താക്കളുടെ രാജാവ്’ (King of pamphleteers)എന്നു് വിളിച്ചിട്ടുണ്ടു്.

ബഹിഷ്കരണം

യുദ്ധത്തിനെതിരായുള്ള ഇത്തരം പ്രക്ഷോഭങ്ങളിലേർപ്പെട്ടതുമൂലം 1914-ൽ ട്രാട്സ്കിക്കു് ആസ്ത്രിയ വിടേണ്ടിവന്നു. വിയന്നയിലെ ഏഴു വർഷത്തെ താമസം പലതുകൊണ്ടും സ്മരണീയമായിട്ടുള്ള ഒന്നാണു്. പലപ്പോഴും പണമില്ലാതെ അദ്ദേഹം വളരെ ക്ലേശിച്ചിട്ടുണ്ടു്. അത്യാവശ്യമുള്ള സാമാനങ്ങൾപോലും പണയംവെച്ചിട്ടാണു് ചിലപ്പോൾ കുടുംബച്ചെലവുകൾ നിർവഹിച്ചതു്. രണ്ടുകുട്ടികളുണ്ടായിരുന്ന ആ കുടുംബത്തിൽ ഒരു ധാത്രി (Nurse)യെപ്പോലും നിയമിക്കുന്നതിനു് സാധിച്ചില്ല. അദ്ദേഹത്തിന്റെ പത്നി സർവ ക്ലേശങ്ങളും ധൈര്യപൂർവം സഹിച്ചു. പണമുണ്ടായിരുന്നപ്പോൾ വാങ്ങി ശേഖരിച്ചിരുന്ന പുസ്തകങ്ങൾകൂടി ഈ കഷ്ടതയിൽ വിൽക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവൺമെന്റ് കണ്ടുകെട്ടിയ സന്ദർഭങ്ങളും ഇതിനിടയ്ക്കുണ്ടായിട്ടുണ്ടു്.

യുദ്ധം തുടങ്ങിയപ്പോൾ ആസ്ത്രിയയുടെ അതിർത്തി കടക്കണമെന്നുള്ള ആജ്ഞ ട്രാട്സ്കിയെ വല്ലാതെ വിഷമിപ്പിച്ചു. ഉപജീവനമാർഗമായി ഒരു പത്രത്തിന്റെ യുദ്ധലേഖകസ്ഥാനം (War Correspondent) സ്വീകരിച്ചു് അദ്ദേഹം പാരീസിൽ കടന്നുകൂടി. കുറച്ചുനാൾകൊണ്ടു് ഫ്രഞ്ചുഗവൺമെന്റിനും ഈ വിപ്ലവകാരിയുടെ സാന്നിദ്ധ്യം ദുസ്സഹമായിത്തീർന്നു. അവർ അദ്ദേഹത്തെ സ്പെയിൻ രാജ്യത്തേക്കു് ബഹിഷ്ക്കരിച്ചു. പാരീസിലെ പോലീസ് ഇത്രമാത്രംകൊണ്ടു് തൃപ്തിപ്പെട്ടില്ല. രാജസ്ഥാനങ്ങൾക്കു് അന്തകനായ ഒരു ഭീകരമൂർത്തി അങ്ങോട്ടുകടന്നിട്ടുണ്ടെന്നു് അവർ സ്പെയിനിലെ പൊലീസിനു് കമ്പിയടിച്ചു. അങ്ങനെ ഓരോ രാജ്യത്തുനിന്നും ഓടിക്കുന്നതിനു് റഷ്യൻഗവൺമെന്റ് കഴിയുന്നത്ര തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. കമ്പി കിട്ടിയ ഉടൻ സ്പെയിൻപോലീസ് പരിഭ്രാന്തചിത്തരായി. കുറെ ദിവസത്തെ അന്വേഷണംകൊണ്ടുമാത്രമേ അവർക്കു് ട്രാട്സ്കിയെയും കുടുംബത്തെയും കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളു. മറ്റുള്ള രാജ്യങ്ങളിൽ ചെയ്തതുപോലെ ഇവിടെയും ട്രാട്സ്കി ഗവൺമെന്റിന്റെ ആജ്ഞ ലംഘിക്കുവാൻ മുതിർന്നതുകൊണ്ടു് പോലീസിനു് ബലം പ്രയോഗിച്ചുതന്നെ അദ്ദേഹത്തെ നീക്കംചെയ്യേണ്ടിവന്നു. കാഡിസ് (Cadiz) എന്ന സ്ഥലത്തേക്കാണു് അവർ അദ്ദേഹത്തെ കൊണ്ടുപോയതു്. ഈ സ്ഥലം യൂറോപ്പിലെ തെക്കുപടിഞ്ഞാറൻ ഉപദ്വീപിന്റെ അറ്റമാണു്. ഇവിടെ വൻകര അവസാനിച്ചു് വൻകടൽ തുടങ്ങുന്നു. ഇവിടവും വിട്ടു് ഉടനെ എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളണമെന്നായിരുന്നു പിന്നത്തെ നിർദ്ദയമായ വിധി. ഇനി അദ്ദേഹം എങ്ങോട്ടു് പോകും? ഇംഗ്ലണ്ടിലും ജർമനിയിലും ട്രാട്സ്കിയെ കടത്തുകയില്ല. കാഡിസിലെ കടൽപ്പുറത്തു് നിന്നുകൊണ്ടു് അദ്ദേഹം മന്ദഹാസപൂർവം തന്റെ അതുവരെ കഴിഞ്ഞ ഭൂപ്രദക്ഷിണത്തെപ്പറ്റി ഒന്നു് ഭാവനം ചെയ്തുനോക്കി. അദ്ദേഹം എവിടെനിന്നു് പുറപ്പെട്ടു? വടക്കുകിഴക്കെ അറ്റമായ സൈബീരിയയിൽനിന്നു് അനന്തരം ആസ്ത്രിയ, സ്വിറ്റ്സർലാണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലൂടെ ഈ മഹാരഥൻ വിധിയന്ത്രത്തിരിച്ചിലിൽപ്പെട്ടു് ചുറ്റിക്കറങ്ങി ഇങ്ങനെ യൂറോപ്പുഭൂഖണ്ഡത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റം വരെ ക്ലേശസഹസ്രങ്ങൾ സഹിച്ചുകൊണ്ടു് സഞ്ചരിച്ചെങ്കിലും സ്വൈരമായി താമസിക്കുവാൻ ഒരിഞ്ചു് സ്ഥലംപോലും ഒരിടത്തും അദ്ദേഹത്തിനു് ലഭിച്ചില്ല. എന്തു് കുറ്റം ചെയ്തിട്ടാണു്? മനുഷ്യവർഗത്തെ ഞെക്കികൊല്ലുന്ന അനീതിയും അപഹരണവും നശിക്കണമെന്നാശിച്ചിട്ടു്—അതിനുവേണ്ടി പ്രവർത്തിച്ചിട്ടു്. അദ്ദേഹത്തിന്റെ പേന ഒരിടത്തും വെറുതെയിരുന്നില്ല, സ്വദേശത്തും വിദേശത്തും ഗ്രാമത്തിലും നഗരത്തിലും എന്നുവേണ്ട, തീവണ്ടിയിലും തീക്കപ്പലിലുംകൂടി ആ വിശിഷ്ടായുധം അനവരതം പടപൊരുതിക്കൊണ്ടിരുന്നു. ലെനിൻപോലും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം ഇക്കാലത്തു് ജനീവ തുടങ്ങിയ വിദേശനഗരങ്ങളിൽ എങ്ങനെയോ കഴിച്ചുകൂട്ടുകയായിരുന്നു.

അമേരിക്കയിലേക്കു്
images/Karenskiy.jpg
കെറൻസ്കി

വിധിയുടെ വിചിത്രഗതിയിൽ ഒരു കുടുംബഭാരവും ഭേസിക്കൊണ്ടു് സ്പെയിൻദേശാതിർത്തിവരെ ചെന്നെത്തിയ ട്രാട്സ്കിക്കു് അപ്പോൾ ഏകാവലംബമായി അമേരിക്കമാത്രമേ ഉണ്ടായിരുന്നുള്ളു. 1917 ആരംഭിക്കുന്നതിനു് ഏതാനും ദിവസംമുമ്പു് അദ്ദേഹം അമേരിക്കയ്ക്കു് കപ്പൽ കയറി. അക്കൊല്ലത്തെ ജനുവരി ഒന്നാംതിയതി കപ്പലിൽവെച്ചാണു് കൊണ്ടാടിയതു്. ജനുവരി 13-ാം തീയതി ട്രാട്സ്കിയും കുടുംബവും ന്യൂയോർക്കിലെത്തി. സ്വകീയാദർശങ്ങളനുസരിച്ചുള്ള എഴുത്തും പ്രസംഗവും അവിടെയും ആരംഭിച്ചു. പക്ഷേ, അമേരിക്കവാസം അധികനാൾ വേണ്ടിവന്നില്ല. അപ്പോഴേക്കും റഷ്യയിലെ സ്ഥിതിഗതികൾക്കു് അവിചാരിതമായ ഒരു പരിവർത്തനമുണ്ടായി. 1907-ലെ വിപ്ലവംവഴിയായി ട്രാട്സ്കിയുടെ കൈകൊണ്ടുതന്നെ നാടടക്കം വിതയ്ക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരബീജങ്ങൾ യഥാകാലം മുളച്ചുവളർന്നു് യുദ്ധകാലത്തെ അനുഭവമാകുന്ന വളംപറ്റി ബലംപൂണ്ടു് പെട്ടെന്നു് തലപൊന്തിച്ചിരുന്നു. മൂന്നു് വർഷത്തെ യുദ്ധം റഷ്യയെ ശത്രുക്കളുടെ ഒരു കശാപ്പുശാല ആക്കിയെന്നു് ജനതതി മനസ്സിലാക്കി. തൽഫലമായി അടക്കിയാൽ അടങ്ങാത്തവിധം ജനക്ഷോഭം പെരുകി. ഈ സുവർണ്ണാവസരത്തെയാണു് ട്രാട്സ്കി പ്രതിദിനം പ്രതീക്ഷിച്ചുകൊണ്ടിരുന്നതു്. അദ്ദേഹം അമേരിക്കയിൽ എത്തി രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ചിരകാലലാളിതമായിരുന്ന ആ പ്രതീക്ഷ ഫലിച്ചു. റഷ്യയിൽ സാറി (Czar) ന്റെ ഗവൺമെന്റ് നിലംപതിച്ചെന്നും അവിടെ ജനകീയഭരണം തുടങ്ങിയിരിക്കുന്നു എന്നുമുള്ള വാർത്ത ഒരു ദിവസം ന്യൂയോർക്കിൽ പരന്നു. ഹൃദയം കുളിർപ്പിക്കുന്ന ഒരു കേബിൾ ട്രാട്സ്കിക്കും ലഭിച്ചു. ആ നിമിഷംമുതൽ അദ്ദേഹം സർവതന്ത്രസ്വതന്ത്രനായി. തൽക്ഷണം റഷ്യൻ സ്ഥാനപതിയുടെ ആഫീസിൽ ചെന്നു് നോക്കിയപ്പോൾ സാറിന്റെ പടം അവിടെനിന്നു് നീക്കംചെയ്തിരിക്കുന്നതായി കാണപ്പെട്ടു. പുറമേ പോയിരുന്ന റഷ്യയിലെ രണശൂരന്മാരെല്ലാം നാട്ടിലേക്കു് ഓടിയെത്തേണ്ട സന്ദർഭമായിരുന്നു അതു്. റഷ്യയിലേക്കു് പാസ്പോർട്ട് കിട്ടുവാനുള്ള പ്രതിബന്ധങ്ങളെല്ലാം പുതിയ ഗവൺമെന്റ് നീക്കംചെയ്തു. ട്രാട്സ്കി ഉടൻ തന്നെ കുടുംബസമേതം ന്യൂയോർക്കിൽനിന്നും കപ്പൽ കയറി. പക്ഷേ, യാത്രയിൽ പിന്നെയും തടസ്സങ്ങൾ നേരിട്ടു. ഹാലിഫാൿസ് (Halifax) എന്ന ദ്വീപിൽ കപ്പൽ അടുത്തപ്പോൾ അവിടത്തെ അധികാരികളായ ഇംഗ്ലീഷുകാർ അദ്ദേഹത്തെ തടഞ്ഞു. സംശയാത്മാക്കളായ ഇംഗ്ലീഷുകാർ റഷ്യയിലെ നൂതനഗവൺമെന്റിന്റെ ബലം പരീക്ഷിച്ചറിയുന്നതുവരെ ഒരു മാസക്കാലം അദ്ദേഹത്തിനു് ഈ ദ്വീപിലെ കോൺസൻട്രേഷൻ ക്യാമ്പിൽ (Concentration Camp) കഴിച്ചുകൂട്ടേണ്ടിവന്നു. ഇത്തരം പ്രതിബന്ധങ്ങളെല്ലാം തരണംചെയ്തു് 1917 മെയ് മാസത്തിൽ ട്രാട്സ്കി റഷ്യയിൽ ചെന്നുചേർന്നു. ലെനിൻ ഉൾപ്പെടെയുള്ള മറ്റു് മഹാരഥന്മാരെല്ലാം ഒരു മാസം മുമ്പുതന്നെ അവിടെ എത്തിയിരുന്നു. തങ്ങളുടെ പരമ ലക്ഷ്യത്തിലെത്തുന്നതിനുള്ള അവസാന പരിവർത്തനം അപ്പോഴും റഷ്യയിലുണ്ടായിട്ടില്ലെന്നുള്ള വസ്തുത കുറെ ദിവസംകൊണ്ടു് അവർക്കെല്ലാവർക്കും മനസ്സിലായി. പ്രജാധിപത്യതത്ത്വങ്ങളനുസരിച്ചു് രൂപവൽകൃതമായ ഒരു താൽക്കാലിക ഗവൺമെന്റായിരുന്നു അപ്പോൾ ഭരണം നടത്തിയിരുന്നതു്. കെറൻസ്കി (Kerensky) എന്നൊരാളിൽ നായകത്വവും സ്ഥിതിചെയ്തിരുന്നു. (Kerensky’s Provisional Government). ബോൾഷെവിക്കുകാർക്കു് ഭൂരിപക്ഷമില്ലാത്തതും അവരുടെ ആദർശങ്ങളിൽനിന്നും ഗണ്യമായി വ്യതിചലിച്ചതുമായ ഗവൺമെന്റിനെയും ഉടനടി ഉടച്ചുവാർക്കണമെന്നു് ലെനിനും ട്രാട്സ്കിയും തീർച്ചയാക്കി. ഇതിലേക്കുവേണ്ടി സമരംതുടങ്ങി. ഇവർ രണ്ടുപേരും ജർമൻകാരുടെ ചാരന്മാരായി വന്നിരിക്കുകയാണെന്നും മറ്റുമുള്ള അപവാദങ്ങൾ ഇക്കാലത്തു് ശത്രുക്കൾ പരത്തി. പുതിയ ഗവൺമെന്റിനോടു് പൊരുതി ഭൂരിപക്ഷം നേടുവാനുള്ള ശ്രമത്തിൽ ലെനിനു് വീണ്ടും അജ്ഞാതവാസം അനുഷ്ഠിക്കേണ്ടിവന്നു. ട്രാട്സ്കി വീണ്ടും ജയിലിൽ പോയി. പക്ഷേ, ഇത്തവണത്തെ ബന്ധനം ആദ്യകാലങ്ങളിലെപ്പോലെ ഉറപ്പുള്ളതായിരുന്നില്ല. അതു് പെട്ടെന്നു് ശിഥിലമായി. ലഘുലേഖകൾകൊണ്ടും പ്രസംഗങ്ങൾകൊണ്ടും അദ്ദേഹം തന്റെ കക്ഷിയുടെ ബലം ത്വരിതഗതിയിൽ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രസംഗംകൊണ്ടു് ഒരു സാമ്രാജ്യം മുഴുവൻ തകിടംമറിയുമെന്ന മട്ടിൽ അദ്ദേഹത്തിന്റെ ജനസ്വാധീനത പ്രത്യക്ഷപ്പെട്ടു. ആർക്കും നിരോധിക്കുവാൻ നിവൃത്തിയില്ലാത്തവിധം ട്രാട്സ്കി ഒരു വമ്പിച്ച ജനപ്രവാഹത്തിന്റെ തലവനായി മുന്നണിയിലേക്കു് തള്ളിക്കയറി. 1907 ഒക്ടോബർ ഇതാ അവസാനത്തേതായി ആവർത്തിക്കപ്പെടാൻ പോകുന്നു.

അവസാനവിപ്ലവം

1917 ഒൿടോബർ മാസം 25-ാം തീയതി റഷ്യൻ ചരിത്രത്തിലെന്നല്ല, മനുഷ്യചരിത്രത്തിൽത്തന്നെ തങ്കരേഖകളാൽ അങ്കിതമാകേണ്ട ഒരു മഹാദിനമാകുന്നു. അന്നാണു് ഭൂവനപ്രഥിതനായ ലെനിന്റെയും ട്രാട്സ്കിയുടെയും നേതൃത്വത്തിൽ ബോൾഷെവിക്കുകാർ റഷ്യൻസാമ്രാജ്യാധികാരം കൈവശപ്പെടുത്തി സ്വന്തം ഗവൺമെന്റ് സ്ഥാപിച്ചതു്; പാവങ്ങളുടെ പ്രാണമരുത്തുകൊണ്ടു് പങ്ക വീശിയിരുന്ന പാപപ്രഭുക്കൾ എന്നന്നേക്കുമായി അധഃപതിച്ചതു് അന്നാണു്. ആചാര്യവര്യനായ കാറൽമാർക്സി ന്റെ മഹനീയസിദ്ധാന്തം പ്രായോഗികമാകുമെന്നു് ആദ്യമായി ലോകത്തെ പഠിപ്പിച്ച അത്ഭുതസംഭവമായിരുന്നു അതു്. വേണ്ടിവന്നാൽ വേലക്കാരും കൂലിക്കാരും മേലാളരായി നാടുവാഴുമെന്നു് ദുർമദാന്ധന്മരായ മുതലാളന്മാർ അന്നു് മനസ്സിലാക്കി. ഇസ്സംഗതി ലോകരെ പറഞ്ഞു് മനസ്സിലാക്കുവാനും അതു് നടപ്പിൽ വരുത്തുവാനും തന്റെ പതിനേഴാമത്തെ വയസ്സുമുതൽ ഇരുപത്തൊന്നുവർഷക്കാലം മുഴുവൻ ഊണും ഉറക്കവുമുപേക്ഷിച്ചു് ഭഗീരഥപ്രയത്നംചെയ്ത ത്യാഗമൂർത്തിയായ ട്രാട്സ്കിയാണു് വിജയശ്രീലാളിതനായി സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ അന്നു് പ്രത്യക്ഷപ്പെട്ടതു്. അതിനു് രണ്ടുദിവസംമുമ്പുതന്നെ അദ്ദേഹം വിപ്ലവകാര്യപരിപാടിയനുസരിച്ചു് സകലതും തയ്യാർചെയ്തിരുന്നു. ഒൿടോബർ 24-ാം തിയതി അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ചു് ഒരു പീരങ്കിപ്പട്ടാളം സ്ഥലത്തെത്തിയിരുന്നു. ബോൾഷെവിക്കുകാർ കൈവശപ്പെടുത്തിയ ഒരു പ്രധാന മന്ദിരത്തിൽ ഇരുന്നുകൊണ്ടാണു് അദ്ദേഹം സകല കാര്യങ്ങളും നിർവഹിച്ചതു്. മന്ദിരത്തിൽനിന്നും പ്രധാന നഗരങ്ങളിലേക്കെല്ലാം ടെലിഫോൺ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ ആ കെട്ടിടത്തിലിരുന്നുകൊണ്ടു് നിയന്ത്രിക്കുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ച അതിസാമർത്ഥ്യം വാചാമഗോചരമത്രേ. അന്നത്തെ രാവും പകലും അല്പനേരം വിശ്രമിക്കുന്നതിനോ ആഹാരം കഴിക്കുന്നതിനോ ട്രാട്സ്കിക്കു് കഴിഞ്ഞില്ല. ടെലിഫോൺവഴി നാനാദേശങ്ങളിൽനിന്നും വരുന്ന വിജയവാർത്തകൾക്കു് അനന്തരകരണീയം കാണിച്ചു് മറുപടി അയച്ചും വിപ്ലവാവേശംകൊണ്ടു് തിരതല്ലുന്ന ജനസമുദ്രത്തെ വേണ്ടവിധം നിയമനംചെയ്തും ശത്രുപക്ഷക്കാരുടെ രഹസ്യഗതികൾ സൂക്ഷിച്ചും കഴിയുന്നതും രക്തച്ചൊരിച്ചിൽ കൂടാതെനോക്കിയും ആ കെട്ടിടത്തിനകത്തിരുന്നുകൊണ്ടു് ഇരുപത്തിനാലു് മണിക്കൂറിനുള്ളിൽ അദ്ദേഹം റഷ്യൻസാമ്രാജ്യം കൈക്കലാക്കി. സകലതും വിചാരിച്ചപോലെ നിർവഹിച്ചു കഴിഞ്ഞപ്പോൾ മാത്രമേ ക്ഷീണം ആ ശരീരത്തെ ബാധിച്ചതായി തോന്നിയുള്ളു. അല്പം വിശ്രമിക്കാമെന്നു് കരുതി അദ്ദേഹം ഒരു കസാലയിൽ ഇരുന്നു് ഒരു സിഗരറ്റ് വലിക്കാൻ ഭാവിച്ചു. അപ്പോഴേക്കും അതാ സർവരേയും പരിഭ്രമിപ്പിക്കുമാറു് ഈ വീരാതിവീരൻ മോഹാലസ്യപ്പെട്ടു് താഴെ വീഴുന്നു. അടുത്തുണ്ടായിരുന്നവരുടെ ശുശ്രൂഷകൊണ്ടു് ഉണർന്നപ്പോഴാണു് താൻ ഭക്ഷണം കഴിച്ചിട്ടു് ഒരു പകലും ഒരു രാവും കഴിഞ്ഞിരിക്കുന്നു എന്ന സംഗതി ട്രാട്സ്കിക്കു് ഓർമവന്നതു്.

സോവിയറ്റ് ഭരണം

ലെനിൻ തന്റെ അജ്ഞാതവാസസ്ഥലത്തുനിന്നും അടുത്ത ദിവസംതന്നെ തലസ്ഥാനത്തു് വന്നുചേർന്നു. രണ്ടുപേരും തമ്മിലുണ്ടായ കൂടിക്കാഴ്ച ഏറ്റവും ഹൃദയസ്പൃക്കായിരുന്നു. ശത്രുക്കളിൽനിന്നും ഗവൺമെന്റ് പിടിച്ചെടുത്തതു് ട്രാട്സ്കിയായതുകൊണ്ടു് അദ്ദേഹംതന്നെ സോവിയറ്റ് (Soviet) ഭരണസമിതിയുടെ അദ്ധ്യക്ഷനായിരിക്കണമെന്നു് അന്നത്തെ കോൺഗ്രസ് സമ്മേളനത്തിൽ ലെനിൻ അഭിപ്രായപ്പെട്ടു. എല്ലാവർക്കും അതു് സമ്മതമായിരുന്നു. അന്നു് ആ സ്ഥാനം സ്വീകരിച്ചിരുന്നെങ്കിൽ ലെനിന്റെ സ്ഥാനത്തു് ട്രാട്സ്കി തന്നെ റഷ്യയെ ഭരിക്കുമായിരുന്നു. എന്നാൽ, അധികാരേച്ഛ അശേഷമില്ലാതിരുന്ന ഈ മഹാമനസ്കൻ അന്നത്തെ അത്യുന്നതസ്ഥാനം നിസ്സന്ദേഹം ഉപേക്ഷിക്കുകയാണുണ്ടായതു്. തന്നെക്കാൾ പ്രായവും പ്രാപ്തിയുമുള്ള ലെനിൻതന്നെ ഭരണസാരഥ്യം വഹിക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു. ഇങ്ങനെ ലെനിൻതന്നെ തൽസ്ഥാനത്തു് അധിഷ്ഠിതനായി. ദുർഭരണം, യുദ്ധം, വിപ്ലവം മുതലായവകൊണ്ടു് നാശോന്മുഖമായിത്തീർന്ന രാജ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഏറ്റവും ഭാരമേറിയ ചുമതലയായിരുന്നു ഭരണാധികാരികളെ ആദ്യമായി അഭിമുഖീകരിച്ചതു്. ഇതു് നിറവേറ്റുന്നതിനു് ട്രാട്സ്കിയുടെ ഉപദേശവും പ്രയത്നവും അപരിത്യാജ്യമാണെന്നു് കണ്ടതിനാൽ യഥേഷ്ടം ഔദ്യോഗികജീവിതത്തിൽനിന്നു് ഒഴിയുവാൻ അദ്ദേഹത്തെ ലെനിൻ അനുവദിച്ചില്ല. സോവിയറ്റ് ഗവൺമെന്റിന്റെ ആദ്യത്തെ വിദേശകാര്യമന്ത്രിയായിട്ടു് ട്രാട്സ്കി ഉടൻതന്നെ നിയമിതനായി. ലെനിന്റെ നിർബന്ധംകൊണ്ടു് അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചു് മൂന്നു മാസക്കാലം ജോലിചെയ്തു. ഇതര ഗവൺമെന്റുകളുടെ ദൃഷ്ടിയിൽ സോവിയറ്റ് ഗവൺമെന്റിനു് ഒരു വിലയും നിലയും ഇക്കാലത്തു് ലഭിച്ചതു് ട്രാട്സ്കിയുടെ രാജ്യതന്ത്രനൈപുണ്യംകൊണ്ടാണു്. റഷ്യയിലെ വിദേശകാര്യമന്ത്രി എളുപ്പം വഞ്ചിതനാകുന്ന സാമാന്യനല്ലെന്നു് ഇതര രാജ്യപ്രതിനിധികൾക്കു് അനുഭവംകൊണ്ടു് മനസ്സിലായി. കാര്യാലോചനയ്ക്കായി ആഫീസിൽ വരുന്ന ഇക്കൂട്ടരുടെ കാപട്യങ്ങളെ അദ്ദേഹത്തിന്റെ ഗൃദ്ധ്രനേത്രങ്ങൾ നിഷ്പ്രയാസം കണ്ടുപിടിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ഇതിലും ഗൗരവമേറിയ ചുമതല രാജ്യരക്ഷയ്ക്കുവേണ്ടി ട്രാട്സ്കി ഏറ്റെടുക്കേണ്ടിവന്നു.

സിവിൽ വാർ

സോവിയറ്റ് ഗവൺമെന്റ് ജർമനിയുമായി സന്ധിചെയ്തെങ്കിലും അതിർത്തി പ്രദേശങ്ങളിൽ പല കക്ഷികളുമായിട്ടു് അവർക്കു് പോരാടേണ്ടിവന്നു. ഇവരെ അമർച്ചചെയ്തെങ്കിൽ മാത്രമേ ഗവൺമെന്റ് സുരക്ഷിതമാകയുള്ളു എന്ന ഘട്ടമായി. ഇതിലേക്കു് ഉടനടി വേണ്ടതു് സൈന്യസന്നാഹമായിരുന്നു. റഷ്യയുടെ പഴയ സൈന്യം ഛിന്നഭിന്നമായും മിക്കവാറും വിശ്വാസയോഗ്യമല്ലാതെയുമാണു് സ്ഥിതിചെയ്തിരുന്നതു്. ഈ ദുർഘടഘട്ടത്തിൽ കരണീയമെന്തെന്നറിയാതെ എന്തിനുംപോരുന്ന ലെനിൻപോലും വിഷമിച്ചു. ട്രാട്സ്കിയെ മാത്രമേ അദ്ദേഹം ഒരു ശരണമായി കണ്ടുള്ളു. അടിയുറയ്ക്കാതെ ഇളകിക്കൊണ്ടിരുന്ന ഗവൺമെന്റിനെ സംരക്ഷിക്കുന്നതിനും അതുവഴി ലോകദൃഷ്ട്യാ തങ്ങളുടെ അഭിമാനം പുലർത്തുന്നതിനുംവേണ്ട പ്രാപ്തി ട്രാട്സ്കിക്കുണ്ടെന്നു് ആ സൂക്ഷ്മദർശി വിശ്വസിച്ചു. തൽഫലമായിട്ടാണു് നമ്മുടെ കഥാനായകൻ യുദ്ധ വകുപ്പിന്റെ അദ്ധ്യക്ഷനായി നിയമിതനായതു്. രാജ്യത്തിനു് നേരിട്ടിരിക്കുന്ന ആപത്തു് കണ്ടു് പ്രസ്തുത സ്ഥാനം സ്വീകരിക്കുന്നതിലും അദ്ദേഹം മടി കാണിച്ചില്ല. പഴയ പട്ടാളത്തിൽനിന്നും കൊള്ളാവുന്നവരെ എടുത്തും പുതിയതായി ഭടന്മാരെ ചേർത്തും ഒരു വമ്പിച്ച ചെങ്കുപ്പായ സൈന്യം (Red Army) സംഘടിപ്പിക്കുവാനാണു് ട്രാട്സ്കി ആദ്യമായി ഉദ്യമിച്ചതു്. തൽക്കാലാവശ്യത്തിനുവേണ്ട സൈന്യം ഉടൻതന്നെ തയ്യാറായി. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ ട്രാട്സ്കിയുടെ സാന്നിദ്ധ്യം അത്യാവശ്യമായിരുന്നതുകൊണ്ടു് അദ്ദേഹത്തിനു് തലസ്ഥാനനഗരിയിൽ താമസിക്കുന്നതിനു് നിവൃത്തിയുണ്ടായില്ല. ഇതിനിടയ്ക്കു് റഷ്യയുടെ തലസ്ഥാനം സെന്റ് പീറ്റേഴ്സ്ബർഗ്ഗിൽനിന്നു് മോസ്കോവിലേക്കു് മാറ്റുകയുണ്ടായി. കൂടെക്കൂടെ രണരംഗത്തിൽ പോയിവരുന്നതിനുവേണ്ടി ട്രാട്സ്കി ഒരു പ്രത്യേക തീവണ്ടി തയ്യാർചെയ്തു. തന്റെ ആഫീസ് അതിലേക്കു് മാറ്റി. ഒരു യുദ്ധകാര്യാലയത്തിനുവേണ്ട സകല സജ്ജീകരണങ്ങളും ഈ വണ്ടിയിലുണ്ടായിരുന്നു. ചുരുക്കത്തിൽ അതു് വിചിത്രമായ ഒരു സൈനികസ്ഥാപനംതന്നെയായിരുന്നു. അതിസമർത്ഥമായ ഒരു റിസർവ്വ് പട്ടാളം, അതിനുവേണ്ട ആയുധസാമഗ്രികൾ, ഒരു മുദ്രാലയം, റേഡിയോ, ടെലഫോൺ, ട്രാട്സ്കിയുടെ സെക്രട്ടറിയേറ്റ് മുതലായ സകലതും ആ ശകടഗർഭത്തിൽ അടക്കംചെയ്തിരുന്നു എന്നറിയുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ, ഇതിലും അത്ഭുതകരമായിട്ടുള്ളതു് ട്രാട്സ്കി ഈ വണ്ടിയിൽ രണ്ടരക്കൊല്ലം താമസിച്ചു എന്നുള്ളതത്രേ. ഇത്രയും കാലം ഒരു തീവണ്ടിയിൽ ജീവിതം കഴിച്ചുകൂട്ടുക, ശത്രുവിമാനങ്ങളിൽനിന്നും പൊഴിയുന്ന ബോംബുകളുടെ ചുവട്ടിലൂടെ അതു് അനവരതം ഓടിച്ചുകൊണ്ടിരിക്കുക, ക്ഷീണിച്ചു് തകർന്നുപോകാറായ സ്വസൈന്യത്തിന്റെ മുന്നണി മുറിഞ്ഞുപോകാതെ പിൻബലം ഉണ്ടാക്കിക്കൊടുക്കുക—ഇങ്ങനെ ഉത്തരവാദിത്തവും ജീവാപായവും നിറഞ്ഞ നിരവധി കാര്യങ്ങൾ ഒരു രാജ്യത്തിന്റെ ഭാവിശ്രേയസ്സു് മുഴുവനും ഉള്ളംകൈയിൽ വഹിച്ചുകൊണ്ടു് ശരിയായി നിർവഹിക്കുക എന്നതു് ഒരു അമാനുഷികകർമ്മമല്ലെങ്കിൽ പിന്നെന്താണു്? എന്നാൽ, ഒരു മനുഷ്യൻതന്നെ ഇതെല്ലാം നിർവഹിച്ചു. രണ്ടരക്കൊല്ലം കഴിഞ്ഞപ്പോഴേക്കും ശത്രുഭയം തീരെയില്ലാതായി. എങ്കിലും ഭാവിരക്ഷയ്ക്കു് മറ്റു് രാജ്യങ്ങളെപ്പോലെ സൈന്യബലം ഉറപ്പിക്കേണ്ടതു് അത്യാവശ്യമെന്നു് കണ്ടതിനാൽ ട്രാട്സ്കി അതിലേക്കായി വീണ്ടും പരിശ്രമം തുടർന്നു. ഇപ്പോൾ കാണുന്ന സോവിയറ്റ് സൈന്യം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു് ആദ്യമായി സംഘടിതമായതു്. ഇങ്ങനെ ലെനിൻ മരിക്കുന്നതുവരെ യുദ്ധവകുപ്പിന്റെ അദ്ധ്യക്ഷനായി (War Commissar and Chairman of the Supreme War Council) ട്രാട്സ്കി ജോലിചെയ്തുകൊണ്ടിരുന്നു.

പ്രതിഫലം

ഈ മഹാപുരുഷന്റെ ചരിത്രം ഇനി അധികം ദീർഘിപ്പിക്കേണ്ടതില്ല. ലെനിനോടൊപ്പം റഷ്യയിലെ എല്ലാ ഗൃഹങ്ങളും ട്രാട്സ്കിയുടെ പടംകൊണ്ടു് അലംകൃതമായി. അദ്ദേഹം റഷ്യൻജനതതിയുടെ പ്രാണനായിത്തീർന്നു. ഈ മഹാവീരന്റെ കീർത്തി ദിഗന്തങ്ങളിൽ മറ്റൊലിക്കൊണ്ടു. എന്നാൽ, ഇദ്ദേഹത്തിനു് നാട്ടിൽ ശത്രുക്കളുണ്ടാകാതിരുന്നില്ല. യുദ്ധകാലത്തെ ഇദ്ദേഹത്തിന്റെ പല പ്രവൃത്തികളും പലർക്കും വിരോധം ജനിപ്പിച്ചിട്ടുണ്ടായിരുന്നു. സൈനികനിയമമനുസരിച്ചു് കുറ്റക്കാർക്കു് വധശിക്ഷ കൊടുക്കുക, പ്രാമാണികരായ ചിലരുടെ ശുപാർശകളും അഭിപ്രായങ്ങളും നിശ്ശേഷം നിരസിക്കുക എന്നിങ്ങനെ പലതും രാജ്യക്ഷേമത്തിനുവേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ടു്. അധികാരപ്രമത്തന്മാരും അസൂയാലുക്കളുമായ ചിലർക്കു് ഇതൊക്കെ ദുസ്സഹമായിത്തോന്നി. അദ്ദേഹത്തിനു് എതിരായി ദുരാലോചനകൾ തുടങ്ങിയിരുന്നു, ലെനിൻ രോഗശയ്യയിൽ വീണപ്പോൾമുതൽ ട്രാട്സ്കിയെ പുറംതള്ളുവാനുള്ള വ്യാജവേലകൾ പല പ്രകാരത്തിലും നടക്കുന്നുണ്ടായിരുന്നു. ദീനക്കിടക്കയിൽ കിടന്നുകൊണ്ടുതന്നെ ലെനിൻ ഇതെല്ലാം അറിഞ്ഞെങ്കിലും പരിഹാരമാർഗം കാണാൻ കഴിയാത്തവണ്ണം അദ്ദേഹം അവശനായിപ്പോയി. ഈ സമയത്തു് ട്രാട്സ്കി വിശ്രമാർത്ഥം ഒരു ഗ്രാമവാസത്തിനായി പോയിരിക്കുകയായിരുന്നു. ലെനിൻ ആസന്നമരണനായ വിവരം സ്റ്റാലിൻ അദ്ദേഹത്തെ മനഃപൂർവ്വം അറിയിച്ചില്ലെന്നു് പറയപ്പെടുന്നു. അതുകൊണ്ടു് മരണസമയത്തു് തമ്മിൽ കാണാൻപോലും കഴിയാതെപോയി. തന്റെ അന്ത്യസന്ദേശമടങ്ങിയ ഒരു കത്തു് ട്രാട്സ്കിക്കു് കൊടുപ്പാനായി ലെനിൻ മരിക്കുന്നതിനുമുമ്പു് എഴുതിവെച്ചിട്ടുണ്ടായിരുന്നു. 1924 ജനുവരി 21-ാം തിയതിയാണു് ലെനിൻ മരിച്ചതു്. തൽക്ഷണംതന്നെ മേൽപറഞ്ഞ കത്തു് സമീപവർത്തികളായിരുന്ന ശത്രുക്കൾ മാറ്റിക്കളഞ്ഞു. ഈ കത്തു് ട്രാട്സ്കി ആവശ്യപ്പെട്ടിട്ടും ലഭിക്കുകയുണ്ടായില്ല. ഇതിലെ രഹസ്യം പൊതുജനങ്ങൾക്കു് ഇപ്പോഴും അജ്ഞാതമായിരിക്കുന്നു.

ഇനിയത്തെ കഥ എന്തിനു് വിസ്തരിക്കുന്നു? മനുഷ്യമനസ്സു് ദുഷിക്കുന്ന കാഴ്ച ഏതു് രാജ്യത്തും കാണാം. റഷ്യയും ഇതിനു് വ്യത്യസ്തമല്ല. ലെനിൻ മരിച്ചപ്പോൾ തൽസ്ഥാനം ആർക്കാണെന്നുള്ള സംഗതി സംശയിക്കത്തക്കതേ അല്ലായിരുന്നു. പക്ഷേ, സ്റ്റാലിൻ ആണു് അതു് കൈവശമാക്കിയതു്. 1925-ൽ തന്നെ ട്രാട്സ്കി താൻ അതുവരെ ഏറ്റവും പ്രശസ്തമായി നടത്തിയ ഉദ്യോഗത്തിൽനിന്നും ഒഴിഞ്ഞു. 1926-ൽ അദ്ദേഹം ചികിത്സാർത്ഥം ജർമനിയിലേക്കുപോയി. ഈ തക്കംനോക്കി എതിരാളികൾ തങ്ങളുടെ കക്ഷിബലം വർദ്ധിപ്പിച്ചു. ഇതിനുവേണ്ടി നാടു് മുഴുവൻ ഇവർ പരത്തിയ വ്യാജപ്രസ്താവനകൾക്കു് കണക്കില്ല.

ജർമനിയിൽനിന്നും ട്രാട്സ്കി തിരിച്ചെത്തിയപ്പോൾ റഷ്യയിലെ അന്തരീക്ഷം പാടേ മാറിയിരിക്കുന്നതായി കണ്ടു. അദ്ദേഹത്തിന്റെ നാട്ടിലെ സ്ഥിരതാമസം തങ്ങൾക്കു് കണ്ഠകോടാലിയായിത്തീരുമെന്നു് സ്റ്റാലിൻകൂട്ടർക്കു് അറിയാമായിരുന്നു. അതുകൊണ്ടു് ജനക്ഷോഭം ഉണ്ടാക്കാതെ സൂത്രത്തിൽ ഈ തീക്കുടുക്കയെ ദൂരത്താക്കണമെന്നു് ഇക്കൂട്ടർ തീർച്ചയാക്കി. റഷ്യയുടെ മുഖത്തു് കരി തേയ്ക്കത്തക്കവണ്ണം അവരതു് സാധിക്കുകയുംചെയ്തു. 1926 ജനുവരി 16-ാം തിയതി അദ്ദേഹത്തെ തലസ്ഥാനനഗരിയിൽനിന്നും വളരെ ദൂരെ ഒരു കുഗ്രാമത്തിലേക്കു് മാറ്റി. ഇതുകൊണ്ടും ശത്രുക്കളുടെ ഭയം തീർന്നിട്ടില്ല. പിന്നേയും തന്ത്രങ്ങൾ പ്രയോഗിച്ചു് 1929-ൽ ട്രാട്സ്കിയെ ബലാൽക്കാരേണ റഷ്യയുടെ അതിർത്തി കടത്തി പുറത്താക്കുകയുംചെയ്തു. സ്റ്റാലിൻഗവൺമെന്റിൽനിന്നും അവസാനമായി ലഭിച്ച ഈ പ്രതിഫലവുംകൊണ്ടു് അദ്ദേഹം കാൺസ്റ്റാന്റിനോപ്പിളിലാണു് (Constantinople) എത്തിയതു്. പിന്നീടു് തുർക്കി രാജ്യത്തിൽപ്പെട്ട ഒരു ഒഴിഞ്ഞ സ്ഥലത്തു് അദ്ദേഹം കുറെനാൾ താമസിച്ചു. ഇക്കാലത്തു് ജർമനി, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിലേക്കു് പോകുവാൻ അദ്ദേഹം പാസ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു ഗവൺമെന്റും ഇക്കാര്യത്തിൽ സ്വധർമം അനുഷ്ഠിച്ചില്ല. ഒടുവിൽ മെൿസിക്കോവിലാണു് ട്രാട്സ്കിക്കു് സ്ഥിരമായ ഒരു അഭയസ്ഥാനം ലഭിച്ചതു്. 1936 മുതൽ നാലു് വർഷത്തോളംകാലം അദ്ദേഹം അവിടത്തെ ഗവൺമെന്റിന്റെ സംരക്ഷണയിൽ താമസിച്ചു. ഇക്കാലമത്രയും അദ്ദേഹം സ്റ്റാലിൻ ഗവൺമെന്റിന്റെ നേരെ നിശിതങ്ങളായ ആക്ഷേപശരങ്ങൾ വർഷിച്ചുകൊണ്ടിരുന്നു. തന്മൂലം വിദൂരമായ മെൿസിക്കോവിൽപ്പോലും അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമല്ലാതായി. സ്റ്റാലിൻ ചാരന്മാർ അദ്ദേഹത്തെ അപായപ്പെടുത്തുവാൻ പലപ്പോഴും തക്കം നോക്കിയിട്ടുണ്ടെന്നു് പറയപ്പെടുന്നു. ഇതിൽ എത്രത്തോളം പരമാർത്ഥമുണ്ടെന്നു് നിശ്ചയിച്ചുകൂടാ. ഏതായാലും ഈ മഹാപുരുഷനു് ശത്രുഭയം വർദ്ധിപ്പിച്ചുകൊണ്ടുതന്നെ വന്നു. ഇദ്ദേഹത്തിന്റെ ജീവരക്ഷയ്ക്കായി മെൿസിക്കോ ഗവൺമെന്റ് സകല ഏർപ്പാടുകളും ചെയ്തിരുന്നു. എങ്കിലും ഒടുവിൽ അവയെല്ലാം വിഫലമായി. 1940 ആഗസ്റ്റ് മാസം 24-ാം തീയതി സ്വവസതിയിലേക്കു് മിത്രഭാവത്തിൽ കയറിച്ചെന്ന ഒരു ഘാതകന്റെ ശിരോഭേദിയായ പ്രഹരമേറ്റു് ഈ വീരാത്മാവു് ഇഹലോകവാസം വെടിഞ്ഞു.

(വിചാരവിപ്ലവം 1943)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Leon Trotsky (ml: ലിയോൺ ട്രാട്സ്കി).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Leon Trotsky, കുറ്റിപ്പുഴ കൃഷ്ണപിള്ള, ലിയോൺ ട്രാട്സ്കി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 2, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with Pollard Willows, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.