ഒരുതരം വ്യാപാരികൾതന്നെയാണു് സംഘടിതമതത്തിന്റെ സംരക്ഷകന്മാരും. സാധാരണകച്ചവടക്കാരെപ്പോലെ സ്വന്തം ചരക്കു് വിറ്റഴിക്കുവാനുള്ള കമ്പോളങ്ങൾ നോക്കിനടക്കുകയാണു് അവരുടെയും ജോലി. ഇല്ലാത്ത നന്മകൾ ഉണ്ടെന്നു് കാണിച്ചു് സാമാന്യജനങ്ങളെ വഞ്ചിക്കുന്ന പ്രചരണസമ്പ്രദായം രണ്ടു് ഉപജീവനമാർഗങ്ങളിലും ഒന്നുപോലെയാകുന്നു. മതസ്ഥാപനങ്ങൾ ഈ ലോകത്തിൽ എത്ര ലക്ഷം ആളുകൾക്കു് ഏതെല്ലാം വിധത്തിൽ ഉപജീവനമാർഗമായിത്തീർന്നിട്ടുണ്ടെന്നു് ആലോചിക്കുമ്പോളാണു് ഈ വാസ്തവം വെളിപ്പെടുന്നതു്. പുരോഹിതന്മാരുടെ ഉടുപ്പിനടിയിൽ ഒളിഞ്ഞുകിടക്കുന്ന സാമ്പത്തിക താല്പര്യങ്ങളെ അവയുടെ നഗ്നരൂപത്തിൽ ആദ്യമായി വെളിപ്പെടുത്തിയ രാജ്യമത്രെ റഷ്യ. അവിടെ ഉദയംചെയ്ത നവീനസംസ്കാരം മറ്റു് ലാഭക്കച്ചവടക്കാരെപ്പോലെ മതവ്യാപാരികളെയും നാട്ടിൽനിന്നും ആട്ടിപ്പായിച്ചു. ഇക്കൂട്ടർക്കു് അവിടെ തലപൊക്കാൻ വയ്യാതായിട്ടു് ഇപ്പോൾ ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു. മതം നശിച്ചാൽ മനുഷ്യനും നശിക്കുമെന്നു് മുറവിളികൂട്ടുന്ന മാമൂൽക്കോമരങ്ങൾ റഷ്യയിൽ ഇത്രനാളും മതമില്ലാതെ വളർന്നുവന്ന നവീനജീവിതത്തിലെ പരിണതഫലം ഒന്നു് പരിശോധിച്ചുനോക്കുമോയെന്നറിഞ്ഞില്ല. സർവസംഹാരമൂർത്തിയായ ഹിറ്റ്ലറുടെ പെരുന്തോക്കിൽനിന്നു് ലോകത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്നതു് ഈ നിർമതമായ രാജ്യത്തിലെ പഞ്ചവിംശതിപ്രായത്തിലുള്ള യുവാക്കന്മാരാണെന്നു് മതക്കാർക്കുപോലും ഇന്നു് സമ്മതിക്കേണ്ടതായി വന്നില്ലേ? ഇന്നലെവരെ റഷ്യയുടെ മുഖത്തു് കരിതേച്ചുകൊണ്ടിരുന്ന ചില മതാദ്ധ്യക്ഷന്മാർ ഇന്നു് ആ രാജ്യത്തിന്റെ സ്തുതിപാഠകന്മാരായി പുറപ്പെട്ടിരിക്കുന്നതു് ബഹുനേരമ്പോക്കായിരിക്കുന്നു! ഇവരിൽ ചിലർ ഇപ്പോൾ മിത്രഭാവേന റഷ്യയിലേക്കു് പുറപ്പെടുന്നതു് കാണുമ്പോൾ സൂക്ഷ്മദൃക്കായ സ്റ്റാലിൻ ഒരുപക്ഷേ, പുഞ്ചിരി തൂകുന്നുണ്ടാകാം.
യോർക്കിലെ ആർച്ച് ബിഷപ്പ് ഈയിടെ മോസ്കോവരെ ഒരു സർക്കീട്ട് ചെയ്തു് മടങ്ങിയെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം റഷ്യൻ ജനതതിയുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ മതവിശ്വാസം മായാതെ കിടപ്പുണ്ടെന്നുള്ളതാണു്. കെട്ടുപോകാതെ ചാരത്തിനടിയിൽ കിടക്കുന്ന ഈ തീക്കനൽ ഊതിപ്പിടിപ്പിക്കുവാൻ ഇപ്പോഴത്തെ യുദ്ധപരിതഃസ്ഥിതി പറ്റിയതാണെന്നും അദ്ദേഹം വിചാരിക്കുന്നു. സൂര്യപ്രകാശം ഭയന്നു് വൃക്ഷകോടരങ്ങളിൽ വസിക്കുന്ന മൂങ്ങകളെപ്പോലെ ഇത്രനാളും വെളിയിൽ വരാതെ കഴിച്ചുകൂട്ടുകയായിരുന്നു റഷ്യയിലെ പഴയ മതാദ്ധ്യക്ഷന്മാർ. ഇംഗ്ലണ്ടിൽനിന്നുള്ള ഈ ആർച്ച് ബിഷപ്പിന്റെ വരവോടുകൂടി അവരും പുറത്തു് വന്നു് അദ്ദേഹവുമായി കൂടിയാലോചന നടത്തുകയുണ്ടായി. ഇതോടുകൂടി റഷ്യയിൽ മതം പുനഃസ്ഥാപിതമാകുവാൻ പോകുന്നു എന്ന വാർത്ത മതപ്പത്രങ്ങൾ വമ്പിച്ച അക്ഷരത്തിൽ പരസ്യപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. കാള പെറ്റുവെന്നു് കേട്ടാൽ കയറെടുക്കുവാൻ പറയുന്ന ക്ഷിപ്രവിശ്വാസികൾക്കു് ഇത്തരം വ്യാപാര വാർത്തകളുടെ വാസ്തവസ്വഭാവം മനസ്സിലാക്കുവാനുള്ള ക്ഷമയോ ആലോചനയോ ഉണ്ടാകുന്നതല്ല. പണ്ടത്തെ ചില മതാധികാരികളെ അവരുടെ സ്ഥാപനങ്ങൾ നിർദോഷമായ രീതിയിൽ നടത്തിക്കൊള്ളുവാൻ സോവിയറ്റ് ഗവൺമെന്റ് ഇപ്പോൾ അനുവദിച്ചിട്ടുണ്ടെന്നു് പത്രങ്ങളിൽ കണ്ടതു് ശരിയായിരിക്കാം. മതവിശ്വാസികൾക്കും അല്ലാത്തവർക്കും ഒന്നുപോലെ ഈവക കാര്യങ്ങളിൽ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നുള്ളതാണു് ഇതിന്റെ അടിസ്ഥാനം. ഗവൺമെന്റിൽനിന്നു് മതക്കാർക്കു്, അവർ ജനങ്ങളെ ചൂഷണംചെയ്യാതിരിക്കുകയാണെങ്കിൽ. യാതൊരു ശല്യവും ഉണ്ടാകുകയില്ല എന്നൊരു സ്ഥിതി മാത്രമേ ഇപ്പോൾ അവിടെ അനുവദിച്ചുകൊടുത്തിട്ടുള്ളു. ധനസഹായമോ മറ്റുതരത്തിലുള്ള പ്രോത്സാഹനങ്ങളോ സ്റ്റാലിൻ നൽകുമെന്നുള്ള ഒരു സൂചനപോലും ഇതുവരെ ഉണ്ടായിട്ടില്ല എന്നു് മാത്രമല്ല, പതിനെട്ടു് വയസ്സിനു് താഴെയുള്ള കുട്ടികളിൽ മതം കുത്തിവയ്ക്കുന്ന സമ്പ്രദായം കുറ്റകരമാക്കുന്ന നിയമം ഇതു വരെ സോവിയറ്റ് ഗവൺമെന്റ് പിൻവലിച്ചിട്ടില്ല. നാസ്തികസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങളൊന്നും പിരിച്ചുവിട്ടിട്ടില്ലെന്നു് സന്ദർശകനായി ചെന്ന ആർച്ച് ബിഷപ്പ് മടങ്ങിവന്നപ്പോൾ പറയുകയുംചെയ്തു. സാമൂഹ്യജീവിതത്തിനു് വിരോധമില്ലാത്തവിധത്തിൽ മതവിശ്വാസം പരിപാലിക്കുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യം ഇതിനുമുമ്പും റഷ്യയിൽ ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യത്തെ ഒന്നുകൂടി വിപുലമാക്കുക മാത്രമാണു് ഇപ്പോൾ സ്റ്റാലിൻ ചെയ്തതു്. അതുതന്നെ സ്വന്തമനസ്സാലെയാണോ എന്നു് സംശയിക്കേണ്ടിയിരിക്കുന്നു. യുദ്ധംമൂലം വേണ്ടിവന്ന കൂട്ടുകെട്ടിൽ രാഷ്ട്രീയമായി ഉണ്ടായ ചില പ്രേരണകളുടെ സമ്മർദ്ദംകൊണ്ടു് യാഥാസ്ഥിതികരായ മിത്രകക്ഷികളെ തൃപ്തിപ്പെടുത്താൻവേണ്ടി ചെയ്ത ഒരു വിദ്യയാകാം ഇതു്. ഏതായാലും റഷ്യയിലെ നവീനജീവിതാദർശങ്ങൾക്കു് വിരുദ്ധമായി സാമ്പത്തികതാല്പര്യങ്ങൾ മുഖേന ജനതതിയെ ചൂഷണംചെയ്യത്തക്കവണ്ണം പണ്ടത്തെപ്പോലെ മതസ്ഥാപനങ്ങൾ പടർന്നുപിടിക്കുവാൻ ദീർഘദർശിയായ സ്റ്റാലിൻ അനുവദിക്കുമെന്നു് ഒരിക്കലും വിശ്വസിക്കാവുന്നതല്ല.
(യുക്തിവിഹാരം 1944)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971