വളരെ നൂറ്റാണ്ടുകൾക്കുമുമ്പു് ഒരു ചിത്രകാരൻ ഒരു പള്ളിയുടെ ചുമരുകളിൽ ചിത്രപ്പണി ചെയ്യുകയായിരുന്നു. ക്രിസ്തുവിന്റെ ജീവചരിത്രമാണു് അയാൾക്കു് ചിത്രീകരിക്കുവാനുണ്ടായിരുന്നതു്. പല കൊല്ലങ്ങളായി അയാൾ തന്റെ ജോലി തുടങ്ങിയിട്ടു്. എന്നിട്ടും ആ ജീവചരിത്രം പൂർണമായില്ല. ആയുഷ്കാലം മുഴുവൻ ചെലവഴിച്ചെങ്കിലും ഏറ്റ കാര്യം ഏറ്റവും ഭംഗിയായി നിർവഹിക്കണമെന്നതായിരുന്നു ചിത്രകാരന്റെ ആഗ്രഹം. ഒടുവിൽ രണ്ടുകൂട്ടം ഒഴിച്ചു് ബാക്കിയല്ലാം പൂർത്തിയായി. യേശുവിന്റെ ശിശുരൂപവും ജൂഡാസും—ഈ രണ്ടും ശരിയായി വരച്ചൊപ്പിക്കുന്നതിനു് തക്ക മാതൃകകൾ കിട്ടാതെ അയാൾ വിഷമിച്ചു. ചിത്രകാരൻ പല ദിക്കിലും അന്വേഷിച്ചുനടന്നു. ഫലമുണ്ടായില്ല. ഇങ്ങനെ നിരാശനായി ചുറ്റിനടക്കുമ്പോൾ ഒരു ദിവസം ഒരു തെരുവിൽ ഏതാനും കുട്ടികൾ കൂട്ടംകൂടി കളിക്കുന്നതു് അയാൾ കണ്ടു. അവരിലൊരുവന്റെ മുഖം ചിത്രകാരനെ ആകർഷിച്ചു. ദൈവികമായ ഒരു ശോഭാവിശേഷം ആ ബാലവദനത്തിൽ വിളങ്ങുന്നതായി അയാൾക്കു് തോന്നി. യേശുദേവന്റെ ശൈശവാകൃതിക്കു് പറ്റിയ മാതൃക ഇവൻതന്നെയെന്നു് നിശ്ചയിച്ചു് അയാൾ ആ കുട്ടിയെ തന്റെ വീട്ടിലേക്കു് കുട്ടിക്കൊണ്ടുപോയി. അന്നുമുതൽ ദിനംതോറും ആ കുട്ടിയെ മുമ്പിലിരുത്തിക്കൊണ്ടു് ചിത്രകാരൻ ചെറുപ്രായത്തിലുള്ള യേശുവിന്റെ രൂപം വരച്ചു് തൃപ്തികരമാംവിധം പൂർത്തിയാക്കി. ജൂഡാസിന്റെ മാതൃക കണ്ടെത്തിയില്ലല്ലോ എന്നായി അയാളുടെ അനന്തരവിചാരം. ആ സ്ഥിരപരിശ്രമി വീണ്ടും അന്വേഷണം ആരംഭിച്ചു. അയാളുടെ ഭാവനയിലുള്ള ഒരു മുഖം കണ്ടുകിട്ടാതെ കൊല്ലങ്ങൾ പലതും പിന്നെയും കഴിഞ്ഞു. ചിത്രകാരൻ വൃദ്ധനായിത്തീർന്നു. ഉദ്ദേശിച്ചകാര്യം പൂർണമായി സാധിക്കാതെ തന്റെ ജീവിതം അവസാനിച്ചേക്കുമോ എന്നു് അയാൾ ഭയപ്പെട്ടു. ഈ വർത്തമാനം നാട്ടിലെല്ലാം പരന്നു് പലരും ജൂഡാസിന്റെ മാതൃകയായി ഇരിക്കാമെന്നു് സമ്മതിച്ചു് ചിത്രശാലയിൽ വന്നു. പരിശോധനയിൽ ഒരു മുഖവും ചിത്രകാരനെ തൃപ്തിപ്പെടുത്തിയില്ല. ജൂഡാസിന്റെ ദുഷ്ടമനസ്സു് തികച്ചും പ്രതിഫലിക്കുന്ന ഒരു മുഖം—തന്മയീഭവനയോഗ്യമായ അയാളുടെ ഹൃദയം ഭാവനയിൽ സൃഷ്ടിച്ചുവെച്ചിട്ടുള്ള ആ പ്രത്യേക ഭാവത്തോടുകൂടിയ മുഖം—കണ്ടു കിട്ടാതെ വൃദ്ധനായ ആ ചിത്രകാരൻ വിഷാദത്തിലാണ്ടു. ദിവസങ്ങൾ പിന്നെയും പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം സായാഹ്നത്തിൽ ഈ ഭഗ്നാശൻ ഒരു മദ്യശാലയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ കീറിപ്പറഞ്ഞ വസ്ത്രങ്ങളും ധരിച്ചു് അത്യന്തപരവശനായി ആടിയാടി ഒരു പൈശാചസ്വരൂപം അവിടെക്കേറിവന്നു് ‘മദ്യം…! മദ്യം…!’ എന്നു് വിളികൂട്ടി താഴെവീണു. ചിത്രകാരൻ ചാടിയെഴുന്നേറ്റു് ആ പ്രാകൃതനെ പിടിച്ചുപൊക്കി അവന്റെ മുഖത്തു് നോക്കി. അയാൾ അത്ഭുതപ്പെട്ടുപോയി. എത്രയോ നാളായി തന്റെ മനസ്സിൽ കുടിക്കൊണ്ടിരുന്ന ജൂഡാസിന്റെ ശരിപ്പകർപ്പുതന്നെ ആ സ്വരൂപം! അയാൾ ഭാവനചെയ്തുകൊണ്ടിരുന്ന അതേ മുഖംതന്നെ തന്റെ മുന്നിൽ കാണുന്നു. സർവപാപകർമങ്ങളുടെയും കരിനിഴലുകൾ ആ മുഖത്തു് ഒന്നിച്ചു് കൂടിക്കിടക്കുന്നതായി ചിത്രകാരൻ ദർശിച്ചു. ഒരു നിമിഷവും കളയാതെ അയാൾ ആ പ്രാകൃതനെ തന്റെ ഗൃഹത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി അവനു് വേണ്ട ഭക്ഷണവും പാനീയവും മറ്റും കൊടുത്തു് ആശ്വസിപ്പിച്ചു. അനന്തരം അവനെ നോക്കിക്കൊണ്ടു് ജൂഡാസിന്റെ ചിത്രം വരയ്ക്കാൻ തുടങ്ങി. കഴിയുന്നതും വേഗത്തിൽ തീർക്കാനായി രാവും പകലും ഇടവിടാതെ അയാൾ ജോലിചെയ്തു. ഇങ്ങനെ ചിത്രപ്പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ആ ‘മാതൃക’യുടെ മുഖഭാവം പെട്ടെന്നു് മാറുന്നതു് ചിത്രകാരൻ കണ്ടു. യാദൃച്ഛികമായ ഒരു സ്തംഭിതാവസ്ഥ അവനെ ബാധിച്ചു. ഒരു ഭയാനകഭാവത്തോടെ കലങ്ങിമറിഞ്ഞ കണ്ണുകൾക്കൊണ്ടു് അവൻ സ്വന്തം ഛായ പതിഞ്ഞിട്ടുള്ള ചിത്രത്തിലേക്കു് തുറിച്ചുനോക്കുന്നുണ്ടായിരുന്നു.
(യുക്തിവിഹാരം 1943)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971