images/The_murder_of_a_child.jpg
The murder of a child, a painting by Erik Henningsen (1855–1930).
മന്ത്രവാദം—മതം—ശാസ്ത്രം
കുറ്റിപ്പുഴ കൃഷ്ണപിള്ള

മനുഷ്യൻ ആദ്യം ഒരു മന്ത്രവാദിയായിരുന്നു. പിന്നിടു് മതവിശ്വാസിയായി; ഇപ്പോൾ അവൻ ശാസ്ത്രജ്ഞനായിത്തീർന്നിരിക്കയാണു്. വിജ്ഞാനശ്രേണിയിലൂടെ മനുഷ്യൻ പടിപടിയായി ഉയർന്നുവന്നിട്ടുള്ളതു് ഏതാണ്ടിപ്രകാരമാണെന്നു സാമൂഹ്യശാസ്ത്രകാരന്മാർ (Sociologists) സമർത്ഥിക്കുന്നു. മന്ത്രവാദയുഗം, മതയുഗം എന്ന രണ്ടു കാലഘട്ടങ്ങളെ നാം തരണം ചെയ്തു കഴിഞ്ഞു. ഇപ്പോഴത്തേതു ശാസ്ത്രയുഗമാണു് എന്നാലും അതീതകാലഘട്ടത്തിലെ ജീവിതസ്വഭാവശിഷ്ടങ്ങൾ പ്രാപ്തകാലജീവിതത്തിന്റെ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ടു്. അതുകൊണ്ടാണു് ശാസ്ത്രത്തിന്റെ വെളിച്ചം വ്യാപിച്ചിട്ടും മന്ത്രവാദത്തിന്റെയും മതത്തിന്റെയും ഇരുട്ടിൽ ചുരുണ്ടുകൂടികിടക്കുവാൻ മനുഷ്യർ ഇപ്പോഴും ഇഷ്ടപ്പെടുന്നതു്. പുരാതന കിരാതദശ മുതൽ അടിയുറച്ചുപോന്നിട്ടുള്ള ഇത്തരം അന്ധവാസനകൾ വിജ്ഞാനത്തിന്റെ തിരത്തല്ലുകൊണ്ടു തേഞ്ഞുമാഞ്ഞുപോകണമെങ്കിൽ ഇനിയും എത്രയോ കാലം വേണ്ടിവരും.

വിചിത്രവും സങ്കീർണവുമായ ഒരു പരിണാമഗതിയാണു് മർത്യ സമുദായ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നതു്. അന്ധനായ വനചരൻ മുതൽ വൈജ്ഞാനികനായ വ്യോമചാരിവരെ അതു വിധിരൂപം പൂണ്ടു നീണ്ടുകിടക്കുന്നു. മനുഷ്യൻ എത്രയോ കാലം ഇരുട്ടിൽ തപ്പിത്തടഞ്ഞു നടന്നു് ഒടുവിൽ യാദൃച്ഛികമായി വെളിച്ചം കണ്ടെത്തിയ ഒരു കഥയാണതു്. രസാത്മകമായ ഈ ജീവിതകഥയുടെ വ്യാഖ്യാനങ്ങളുടെ നിലയിൽ അനേകം ശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. സർ. ജെ. സി. ഫ്രേസരുടെ ‘ദി ഗോൾഡൻ ബോ’ (The Golden Bough) എന്ന ഗ്രന്ഥം ഇവയിൽ പ്രാമാണ്യം അർഹിച്ചുകൊണ്ടു് വിശ്വപ്രശസ്തി നേടിയിട്ടുള്ള ഒന്നാകുന്നു. മനുഷ്യന്റെ യഥാർത്ഥചരിത്രം അറിയണമെന്നുള്ളവർ വായിച്ചു പഠിക്കേണ്ട ഒരു വിശിഷ്ടഗ്രന്ഥമാണിതു്.

സാമൂഹ്യജീവിതത്തിന്റെ അഭിവൃദ്ധിക്കുള്ള ആദികാരണം തൊഴിൽ വിഭജനം (Division of Labour) ആണെന്നു് ഫ്രേസർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യസമുദായത്തിൽ ഈ തൊഴിൽ വിഭജനം ആദ്യമായി ആരംഭിച്ചതു മന്ത്രവാദത്തിലൂടെയത്രെ. അപരിഷ്കൃതമനുഷ്യർ കൂട്ടംകൂട്ടമായി മൃഗങ്ങളെ വേട്ടയാട്ടി ഉപജീവിച്ചിരുന്ന കിരാതദശയുടെ ആദിമഘട്ടത്തിൽ ഇരതേടലിൽനിന്നു വ്യത്യസ്തമായി പ്രത്യേകിച്ചൊരു തൊഴിൽ ആർക്കുമുണ്ടായിരുന്നില്ല. പ്രകൃതിശക്തികളെ അഭിമുഖീകരിച്ചു് അമ്പരന്നും അന്ധാളിച്ചും കഴിഞ്ഞുപോന്ന ആ വനചരസമൂഹത്തിൽ ക്രമേണ മന്ത്രവാദം നടപ്പിലാകയും അതിൽ വിദഗ്ദ്ധന്മാരായവർ അന്നത്തെ സാമൂഹ്യജീവിതത്തിൽ നായകന്മാരായിത്തീരുകയും ചെയ്തു. യാതൊരു വിധമായ മതവിശ്വാസവും അന്നു നടപ്പിലിരുന്നില്ല. ആസ്ട്രേലിയയിലെ ചില ആദിമനിവാസികളുടെ സാമൂഹ്യജീവിതം പരിശോധിച്ചാൽ ഈ സംഗതി സ്പഷ്ടമാകുന്നതാണു്. ഒരുതരം മന്ത്രവാദമല്ലാതെ മതപരം എന്നു പറയത്തക്ക യാതൊന്നും തന്നെ അവരുടെ ഇടയിൽ കാണുന്നില്ല. മന്ത്രവാദത്തെ മതത്തിന്റെ ഒരു അപരിഷ്കൃതരൂപമായി ഗണിക്കരുതോ എന്നൊരു ചോദ്യം പ്രകൃതത്തിൽ അങ്കുരിക്കാം. എന്നാൽ, വാസ്തവത്തിൽ മൗലികങ്ങളായ വ്യത്യാസങ്ങളാണു രണ്ടിനും തമ്മിലുള്ളതു്. മന്ത്രവാദത്തിന്റെയും മതത്തിന്റെയും സ്വരൂപം സ്വഭാവം മുതലായവയെ ശരിയായി വിശകലനം ചെയ്തുനോക്കിയാൽ മാത്രമേ ഈ വ്യത്യാസങ്ങൾ വെളിപ്പെടുകയുള്ളു. പ്രകൃതിനിയമങ്ങളെന്നു തെറ്റായി വിശ്വസിക്കപ്പെട്ടിരുന്ന ചില തത്ത്വങ്ങളിൽ അധിഷ്ഠിതമാണു് മന്ത്രവാദം. അന്ധമായ രീതിയിലാണെങ്കിലും കാര്യകാരണബന്ധത്തിന്റെ അംഗീകരണം അതിൽ കാണുന്നുണ്ടു്. എല്ലാ രാജ്യത്തും പ്രചരിച്ചിരുന്ന മന്ത്രവാദസമ്പ്രദായം മിക്കവാറും ഒന്നുപോലെയാണെന്നു പറയാം. ഇതിന്റെ അടിസ്ഥാനം രണ്ടു സാമാന്യനിയമങ്ങളത്രെ. ഒന്നാമത്തേതു് സദൃശങ്ങൾ സദൃശങ്ങളെ ജനിപ്പിക്കുന്നു. (Like produces like) അല്ലെങ്കിൽ കാര്യം കാരണത്തിന്റെ സാമ്യം വഹിക്കുന്നു. (An effect resembles its cause) എന്നതു് ഇതിനു് സാദൃശ്യനിയമം (Law of similarity) എന്നു പേരിടാം രണ്ടാമത്തേതു്, സമ്പർക്കനിയമം (Law of contact or contagion) അതായതു് രണ്ടു വസ്തുക്കൾ പരസ്പരം സംഘടിച്ചിരുന്നാൽ അവയുടെ ഭൗതികബന്ധം വേർപ്പെട്ടതിനുശേഷവും ആ സമ്പർക്കം തുടർന്നു ദൂരെയിരുന്നുകൊണ്ടു രണ്ടിലും അന്യോന്യം പ്രവർത്തനം നടത്തുമെന്നുള്ള വിശ്വാസം. താൻ അഭിലഷിക്കുന്ന ഫലം അതിന്റെ ഒരു അനുകരണം കൊണ്ടു സിദ്ധിക്കുമെന്നു മന്ത്രവാദി വിശ്വസിക്കുന്നതു് ഒന്നാമത്തെ നിയമപ്രകാരമാണു്. ഭൂതപ്രേതങ്ങളുടെ പ്രതിരൂപങ്ങളായി സങ്കല്പിക്കുന്ന പ്രതിമകളിൽ മന്ത്രം ചൊല്ലി ആണി തറച്ചാൽ അതു സാക്ഷാൽ രൂപങ്ങളിലും ചെന്നുകൊണ്ടു ബാധയൊഴിയുമെന്നു് അവർ വിശ്വസിച്ചിരുന്നു. കരിക്കിൻ വെള്ളം കൊണ്ടോ മറ്റോ മഴയുടെ ഒരനുകരണം നിർവഹിച്ചാൽ ഉടൻ വർഷപാതം ഉണ്ടാകുമെന്നാണു് അവന്റെ സങ്കല്പം. ഒരാളുടെ പല്ലോ നഖമോ മറ്റു വല്ല സാധനങ്ങളോ കൈവശപ്പെടുത്തി അവയെ മന്ത്രവാദോപകരണങ്ങളാക്കി ഉടമസ്ഥനെ പാട്ടിലാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതു് രണ്ടാമത്തെ സമ്പർക്കനിയമപ്രകാരമത്രെ. ജപ്പാനിലെ ചക്രവർത്തി ഭക്ഷണം കഴിച്ചു ശേഷിക്കുന്ന പദാർത്ഥങ്ങൾ അപ്പോൾത്തന്നെ നശിപ്പിച്ചുകളയുന്ന സമ്പ്രദായം ഇപ്പോഴും നിലവിലിരിക്കുന്നുണ്ടു്. ഓരോ ദിവസവും ഇതിലേക്കു് ഉപയോഗിക്കുന്ന പാത്രങ്ങൾ അന്നന്നു് ഉടച്ചുകളയുന്നു. ദിനംതോറും പുതിയ മൺപാത്രങ്ങളാണത്രെ അദ്ദേഹം ഉപയോഗിക്കുന്നതു് ഇവയിൽ ഏതെങ്കിലും ശത്രുക്കളുടെ കൈയിൽ കിട്ടിയാൽ അതുവഴി ചക്രവർത്തിക്കോ അല്ലെങ്കിൽ അതു കൈവശപ്പെടുത്തിയിരിക്കുന്നവർക്കോ ആപത്തുണ്ടാകുമെന്ന അന്ധവിശ്വാസമാണു് ഇതിനു കാരണം ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും കണ്ടെത്താവുന്നതാണു്.

മേൽക്കാണിച്ച വിവരണത്തിൽനിന്നു മന്ത്രവാദത്തിനും ശാസ്ത്രത്തിനും തമ്മിലുള്ള ഒരടുപ്പം വെളിപ്പെടുന്നുണ്ടു്. ഒരുവിധത്തിൽ പറഞ്ഞാൽ ശാസ്ത്രത്തിന്റെ വഴിപിഴച്ച ഒരു പൂർവരൂപമാണു് മന്ത്രവാദം. ഏതോ ചില പ്രകൃതിനിയമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന ബോധം അവ കണ്ടുപിടിക്കുന്നതിലുള്ള അന്വേഷണശീലം, ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കി പ്രപഞ്ചശക്തികളെ നിയന്ത്രിക്കാമെന്ന വിശ്വാസം ഇവയെല്ലാം ശാസ്ത്രത്തിലെന്ന പോലെ മന്ത്രവാദത്തിലും ഒരു നിഴലാട്ടമെന്ന മട്ടിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. ചുരുക്കത്തിൽ മന്ത്രവാദിയുടെ ചിന്തയും അന്വേഷണശീലവുമാണു് ശാസ്ത്രത്തിലേക്കു വഴികാണിക്കുന്നതു് ചില ദേവതകളെ കൂട്ടുപിടിച്ചു എന്നതിൽ മാത്രമേ മന്ത്രവാദത്തിനു മതത്തോടു് ഒരു ബന്ധം കാണുന്നുള്ളു. പക്ഷേ, ഈ ശിഥിലബന്ധത്തിൽപ്പോലും അടിത്തട്ടിലേക്കു നോക്കുമ്പോൾ രണ്ടിനും വിപരീതനിലയുള്ളതായിക്കാണാം. മന്ത്രവാദിയുടെ ദേവതകളും ഭൂതപ്രേതപിശാചാദികളും അയാളുടെ ചൊല്പടിയിൽ നിൽക്കുന്നവരാണു്. അവന്റെ ചരടിൽ കോർത്ത പാവകളെന്ന നിലയിൽ അവ ആടിക്കളിക്കുന്നു. മന്ത്രവാദി സർവ്വശക്തനത്രെ. മനുഷ്യശക്തിക്കു് അതീതമായി അതിനു കീഴ്പ്പെടാത്തതായി ഒന്നുംതന്നെ അവന്റെ വിശ്വാസത്തിൽ ഉണ്ടായിരുന്നില്ല. മതത്തിന്റെ നില ഇതിൽനിന്നു് എത്രയോ വ്യത്യസ്തം! അതിലെ ദൈവത്തിനു് അധീനമാണു് മനുഷ്യൻ ഉൾപ്പെടെയുള്ള സർവ ജീവജാലങ്ങളും. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിച്ചു ഭരിക്കുന്ന ഒരീശ്വരനിൽ വിശ്വസിക്കുകയും ആരാധനകൊണ്ടു് അദ്ദേഹത്തെ പ്രീതിപ്പെടുത്തുകയും ചെയ്യുക എന്നതാണു് എല്ലാ മതങ്ങളുടെയും മർമം. മതത്തിലെ ഈശ്വരൻ പ്രകൃതിനിയമങ്ങൾക്കു് അതീതനാണു്. യുക്തിവിരുദ്ധമായ എന്തത്ഭുതവിദ്യയും (Miracle) അദ്ദേഹത്തിനു പ്രകടിപ്പിക്കാം. മന്ത്രവാദമണ്ഡലത്തിൽ സ്വശക്തിക്കു സർവ പ്രാമാണ്യം കൊടുത്ത മനുഷ്യൻ മതത്തിലേക്കു് കടന്നപ്പോൾ ദുർബലനായി, നിരാശ്രയനായി. ഒരു ശരണാഗതവത്സലനെ സങ്കല്പിച്ച് അദ്ദേഹത്തിന്റെ മുമ്പിൽ കൈകൂപ്പി തലകുനിച്ചു നിൽക്കുവാൻ തുടങ്ങി. ഇങ്ങനെ നോക്കിയാൽ മതത്തിനും സയൻസിനും തമ്മിലുള്ള വൈരുദ്ധ്യം തന്നെ മന്ത്രവാദത്തിനും മതത്തിനും തമ്മിലുണ്ടെന്നു കാണാം. ചുരുക്കത്തിൽ മന്ത്രവാദവും സയൻസും ഒരു വശത്തും മതം മറുവശത്തും ആയിട്ടാണു നിലകൊള്ളുന്നതു്. മതം ശാസ്ത്രത്തിനു വിരുദ്ധമല്ല എന്നൊരു വാദം ചില പണ്ഡിതന്മാർ പുറപ്പെടുവിച്ചു കാണുന്നുണ്ടു്. ഇവർ മതം എന്ന വാക്കിനു നാട്ടിൽ നടപ്പില്ലാത്തതും സാമാന്യജനങ്ങൾക്കു മനസ്സിലാകാത്തതുമായ ഒരു പുതിയ അർത്ഥം കല്പിക്കുന്നു എന്നു മാത്രമേയുള്ളു.

മന്ത്രവാദം ഫലിക്കുന്നില്ലെന്നു് അനുഭവപ്പെട്ടപ്പോഴാണു് മനുഷ്യൻ അടുത്ത പടിയായി മതത്തിലേക്കു കടന്നതു്. അനുഭവമാണു് നമ്മുടെ ഒന്നാമത്തെ അദ്ധ്യാപകൻ. ചിരകാലജീവിതാനുഭവം അനന്തരകാലത്തെ നവപഥസഞ്ചാരത്തിനു മനുഷ്യനെ സന്നദ്ധനാക്കുന്നു. ഇപ്രകാരം മന്ത്രവാദയുഗത്തിൽനിന്നു മതയുഗത്തിലേക്കുള്ള പകർച്ചയിൽ സാമൂഹ്യവും ദേശീയവുമായ പല മാറ്റങ്ങളും സംഭവിച്ചു. സമൂഹനായകനായി ഭരണം നടത്തിയിരുന്ന മന്ത്രവാദി ക്രമേണ മതപുരോഹിതനായി. കാലം കുറെകൂടി മുന്നോട്ടു പോയപ്പോൾ പുരോഹിതനിൽ രാജത്വവും വന്നുചേർന്നു. ഇങ്ങനെ രാജാവും പുരോഹിതനും ഒന്നായിത്തീർന്നതോടുകൂടിയാണു് മർത്ത്യവർഗം ഏകശാസനയിൽ വളരാൻ തുടങ്ങിയതു്. ഒരു ഭരണാധികാരിയുടെ സേച്ഛാധികാരം ദോഷകരമാണെങ്കിലും പുരാതനകാലങ്ങളിൽ അതുകൊണ്ടു പല ഗുണങ്ങളും ഉണ്ടായിട്ടുണ്ടു്. ദീർഘകാലാനുഷ്ഠാനത്താൽ വേരുറച്ചുപോയ കിരാതസമ്പ്രദായങ്ങളെ അല്പാല്പമായി മാറ്റി സാമൂഹ്യജീവിതം പരിഷ്കരിക്കുന്നതിനു് ഇതു പ്രത്യേകം ഉപകരിച്ചു. ചുരുക്കത്തിൽ മനുഷ്യരുടെ ഇടയിൽ നടപ്പായ രാജവാഴ്ചയാണു് അവരെ കിരാതത്ത്വത്തിൽനിന്നു് ആദ്യമായി ഉയർത്തിയതു്. അന്നു രാജാവു് പ്രജകളുടെ ആദ്ധ്യാത്മികവും ലൗകികവുമായ സുഖത്തിനു് ഉത്തരവാദിയായിരുന്നു. യഥാകാലം മഴപെയ്തില്ലെങ്കിൽ രാജാവാണു് ഉത്തരം പറയേണ്ടതു്. രോഗം തുടങ്ങിയ ഈതിബാധകൾക്കു് പരിഹാരം ചെയ്യേണ്ടതും രാജാവുതന്നെ. ഇതിനൊന്നിനും പ്രാപ്തനല്ലെന്നു വെളിപ്പെട്ടാൽ രാജാവിനെ പ്രജകൾ കൊന്നുകളയുന്നു. രാജവധം (Regicide) ഒരു സാധാരണാചാരമായി അനേകദേശങ്ങളിൽ നിലവിലുണ്ടായിരുന്ന കഥ പ്രസിദ്ധമാണു്. പൗരോഹിത്യംകൊണ്ടു രാജാവിൽ ദേവത്വവും വന്നുചേർന്നു. ‘രാജാ പ്രത്യക്ഷ ദൈവതം’ എന്ന ആശയത്തിനു അടിസ്ഥാനമുറച്ചതു് ഇപ്രകാരമാണു്. മതം മനുഷ്യജീവിതത്തിലെ എല്ലാത്തരം പ്രശ്നങ്ങൾക്കും സമാധാനം നൽകുമെന്നു് ആദ്യകാലത്തു ജനസമൂഹം വിശ്വസിച്ചിരുന്നു. ഭിന്നമതങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിച്ചു. മതസ്ഥാപനങ്ങൾ ലോകമെങ്ങും നിറഞ്ഞു. ഇനി അറിയാനും അന്വേഷിക്കാനും ഒന്നുമില്ലെന്നമട്ടിൽ മതാധികാരികൾ ഭരണം തുടങ്ങി. അവരുടെ മതാന്ധ്യവിജൃംഭണത്തിന്റെ ഫലമായി യുദ്ധങ്ങളും കലഹങ്ങളും വർദ്ധിച്ചു. ഇത്രയൊക്കെ ആയിട്ടും മനുഷ്യന്റെ ജ്ഞാനതൃഷ്ണയ്ക്കോ ജീവിതവൈഷമ്യങ്ങൾക്കോ യാതൊരു ശമനവുമുണ്ടായില്ല. ഇങ്ങനെയുള്ള അന്ധകാരവസ്ഥയിൽ മന്ത്രവാദം മുഖേന അങ്കുരിച്ച ചിന്താശീലത്തിൽ പ്രബുദ്ധനായ മനുഷ്യൻ കൊളുത്തിയ ദീപമാണു് സയൻസ്, അഥവാ ശാസ്ത്രം.

സയൻസിന്റെ മാഹാത്മ്യം വർണിച്ചു് ഈ ലേഖനം ദീർഘിപ്പിക്കണമെന്നു വിചാരിക്കുന്നില്ല. ശാസ്ത്രീയമാർഗം അവലംബിച്ചു സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവുമായി സംഘടിച്ചെങ്കിൽ മാത്രമേ മനുഷ്യവർഗത്തിനു രക്ഷയുള്ളു എന്നു് ഇതുവരെയുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ടു്. ഇന്നു് ആശ്ചര്യകരമാം വിധം തെളിഞ്ഞുവന്നിട്ടുള്ള ശാസ്ത്രബോധം മുഴുവൻ പ്രായോഗികമാക്കിത്തീർക്കാമെങ്കിൽ ജീവിതം ഇപ്പോഴത്തെ തോതിൽനിന്നു് എത്രയോ ഉയരുമെന്നുള്ളതിൽ തർക്കമുണ്ടോ? ഒന്നു തീർച്ചയായി. അജ്ഞത, ദാരിദ്ര്യം, രോഗം എന്നീ മൂന്നു പ്രധാന ജീവിതബാധകളിൽനിന്നു മനുഷ്യർക്കു മോചനം നൽക്കാൻ മന്ത്രവാദത്തിനോ മതത്തിനോ സാദ്ധ്യമല്ലെന്നു്. സർവോപരി കാമ്യമായ മോക്ഷം ഇതുതന്നെയാണു്. സയൻസുകൊണ്ടു് ഇതു സാദ്ധ്യമാകുമെന്നും ഇപ്പോൾ തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ശാരീരികവും മാനസികവും ആയ ഈ മോചനം ലഭിച്ചാൽ പിന്നെ ആത്മാവിന്റെ മോക്ഷത്തിനു വേറെ വല്ലതും ചെയ്യേണ്ടതുണ്ടോ?

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Manthravadam—Matham—Sasthram (ml: മന്ത്രവാദം—മതം—ശാസ്ത്രം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Manthravadam—Matham—Sasthram, കുറ്റിപ്പുഴ കൃഷ്ണപിള്ള, മന്ത്രവാദം—മതം—ശാസ്ത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 25, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The murder of a child, a painting by Erik Henningsen (1855–1930). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.