ഭവഭൂതിയുടെ ഉത്തരരാമചരിതം കാളിദാസന്റെ ശാകുന്തളം പോലെ വിശ്വപ്രശസ്തി നേടിയിട്ടുള്ള ഒരു നാടകമാണല്ലോ. നൂറ്റാണ്ടുകളായി നിരൂപകന്മാർ ഈ കൃതിയെ മുക്തകണ്ഠം പ്രശംസിച്ചുപോരുന്നു. ‘ഉത്തരേ രാമചരിതേ ഭവഭൂതിർവിശിഷ്യതേ’ എന്ന ചൊല്ലും പ്രസിദ്ധമാണു്. എന്നാൽ ഈ പ്രശംസയിലധികവും ഗതാനുഗതികന്യായേന നടപ്പായതല്ലേ എന്നു് ആലോചിക്കേണ്ടതാകുന്നു. ശാകുന്തളത്തിനോടു കിടനിൽക്കത്തക്ക മേന്മയുണ്ടോ ഈ നാടകത്തിനു്? നാടകനിർമ്മാണ നൈപുണിയിൽ കാളിദാസനു സമശീർഷനാണോ ഭവഭൂതി? ആസ്വാദ്യതയെ ആസ്പദമാക്കി നോക്കിയാൽ ഈ ചോദ്യങ്ങൾക്കു നിഷേധരൂപത്തിൽത്തന്നെ മറുപടി പറയേണ്ടി വരും. ഒന്നാംതരം ശ്ലോകങ്ങളും ഒന്നാംതരം രംഗങ്ങളും ഉത്തരരാമചരിതത്തിൽ കണ്ടേക്കാം. എന്നാൽ രസനിർഭരമായ ഒരു കലാശില്പമെന്ന നിലയിൽ പ്രസ്തുത നാടകം ശാകുന്തളത്തിനു് എത്രയോപടി താഴെയാണു നിൽക്കുന്നതെന്നു തോന്നിപ്പോകുന്നു. ഭാഗികമായ മേന്മയേ ഉത്തരരാമചരിതത്തിനുള്ളൂ. ശാകുന്തളത്തിന്റെ സർവാംഗീണമായ സൌന്ദര്യവും ഹൃദയഹാരിതയും അതിൽ ദൃശ്യമല്ല.
രസമാണല്ലോ നാടകത്തിന്റെ ജീവൻ. അതിനു ഹാനി സംഭവിച്ചാൽ മറ്റെന്തു ഗുണങ്ങളുണ്ടായാലും അവ നിഷ്പ്രഭങ്ങളാകും. ഉത്തരരാമചരിതത്തിനു പറ്റിയിട്ടുള്ള പ്രധാനദോഷം ഇതുതന്നെയാണു്. ഉള്ളിൽ കേടുപിടിച്ചൊരു നാടകം എന്നു പറയത്തക്കവിധം അതിൽ രസത്തിനു ഭംഗം നേരിട്ടിട്ടുണ്ടു്. രസവിരോധികളായ ദോഷങ്ങൾ പലതുണ്ടെങ്കിലും അവയിലേറ്റവും പ്രബലമായിട്ടുള്ളതു്,
‘പരിപോഷം ഗതസ്യാപി
പൗനഃപുന്യേന ദീപനം’
എന്നു് ധ്വനികാരൻ പറയുന്ന രസപരമായ അതിദീപ്തിയാണു്. ഒരു ഭാവമോ രസമോ അതിന്റെ ഉച്ചകോടിയിലെത്തിയതിനുശേഷം വീണ്ടും അതിനു ദീപ്തി വരുത്തുക. ഇതു് അത്യന്തം അനുചിതവും വിപരീതഫലമുളവാക്കുന്നതുമായ ഒരു ദോഷമത്രെ. രസഭാവവിഷയകമായ ഈ അതിദീപ്തികൊണ്ടു് ഉത്തരരാമചരിതം കുറെയേറെ ദുഷ്ടമായിട്ടുണ്ടു്. ഇതിലെ അംഗിയായ രസം കരുണമോ കരുണവിപ്രലംഭമോ എന്ന ചോദ്യം പല വാദകോലാഹലങ്ങൾക്കും കാരണമായിട്ടുണ്ടല്ലോ. അത്തരം സാങ്കേതികമായ ലോമവിശകലനവാദം ഇവിടെ ആവശ്യമില്ല. ഏതായാലും സീതാപരിത്യാഗംമൂലമുള്ള ശോകം ഇതിൽ നിറഞ്ഞുതുളുമ്പുന്നുവെന്നതു നിർവ്വിവാദമാണു്. ഈ ശോകം ആരോഹണാവരോഹക്രമത്തിൽ പ്രവഹിച്ചു് എത്രതവണയാണു് അതിന്റെ അത്യുച്ചാവസ്ഥയിലെത്തിയിട്ടുള്ളതെന്നു നോക്കുക. മിതമായും സാരവത്തായും വർണ്ണിക്കുന്ന സ്വഭാവം ഭവഭൂതിക്കില്ല. അമിതഭാഷിയാണദ്ദേഹം. നായികാനായകന്മാരുടെ വിലാപവും മൂർച്ഛയും അനേകത്ര അതിവിസ്തരമായി തിരിച്ചും മറിച്ചും വർണ്ണിച്ചു കവി വായനക്കാരെ ശ്വാസംമുട്ടിക്കുന്നു. വർണ്ണനത്തിന്റെ അനവീകൃതരീതി ആവർത്തനംമൂലം ദുസ്സഹമായിത്തീർന്നിട്ടുണ്ടു്. ആദ്യത്തെ മൂന്നങ്കങ്ങളിൽ മിക്ക ഘട്ടങ്ങളിലും പ്രധാന കഥാപാത്രങ്ങൾ സ്തംഭകമ്പാദി സംഭ്രമശാലികളും വിലാപമൂർച്ഛാവലംബികളും ആയിട്ടാണു് പ്രത്യക്ഷപ്പെടുന്നതു്. മിണ്ടിയാൽ മൂർച്ഛിക്കുന്നൊരു മട്ടുണ്ടു് രാമനും സീതയ്ക്കും. മൂർച്ഛതന്നെ രണ്ടുതരമുണ്ടു്; ശോക മൂർച്ഛയും ആനന്ദമൂർച്ഛയും. ഇങ്ങനെ തരംതിരിച്ചു കഥാപാത്രങ്ങൾതന്നെ വിളിച്ചുപറകയും ചെയ്യുന്നു! ഒരാൾ മൂർച്ഛിക്കാനും അടുത്തിരിക്കുന്ന ആൾ ആശ്വസിക്കൂ, ആശ്വസിക്കു, എന്നു പറയാനും! ഇതു പലതവണ കണ്ടും കേട്ടും മനസ്സു മടുക്കുന്ന വായനക്കാർക്കു് അല്പമൊരാശ്വാസം കിട്ടണമെങ്കിൽ നാലാമങ്കത്തിലെത്തണം. അതുവരെ സീതാരാമന്മാരെ കവി വിലാപസമുദ്രത്തിലിട്ടു് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുകയാണു്. ഇടയ്ക്കിടയ്ക്കു് അവർ കരകേറുന്നുണ്ടെങ്കിൽ അതു മോഹാലസ്യപ്പെടാൻ മാത്രം!
ചിത്രദർശനമെന്ന ഒന്നാമങ്കത്തിൽ സീത അടുത്തിരിക്കുമ്പോൾത്തന്നെ പൂർവ്വ കഥാസ്മരണംകൊണ്ടു് ‘ഘോരം ചേതസി ജാനകീവിരഹമാൽ ചേരുന്നു രണ്ടാമതും’ എന്നു് രാമൻ വിലാപം തുടങ്ങുന്നു. നായകന്റെ പഞ്ചേന്ദ്രിയങ്ങളും മോഹിക്കുന്നു. ‘മനസ്സിൽ തെളിവും മൂടലും ചേർന്നിടുന്നു.’ ഇതൊക്കെ വരാൻപോകുന്നതിന്റെ ഒരു നാന്ദി മാത്രമാണു്. ദുർമ്മുഖനിൽനിന്നു് അപവാദവാർത്ത കേട്ടു് രാമൻ സീതാപരിത്യാഗത്തിനൊരുമ്പെടുമ്പോൾ ഈ വിലാപം ‘അയ്യയ്യോ’ എന്ന മുറവിളിയിലെത്തുന്നുണ്ടു്. തുടർന്നു് ‘ഹാ ദേവി ദേവയജനസംഭവേ’ എന്നിങ്ങനെ അനേകം സംബോധനകളിൽക്കൂടി നിലവിളി നീളുകയും ചെയ്യുന്നു. ഇങ്ങനെ ഒരു കണ്ണീർക്കുളം കുഴിച്ചു് അതിൽ വെള്ളം നിറച്ചതിനുശേഷമാണു് കവി രണ്ടാമങ്കം ആരംഭിക്കുന്നതു്. അതിൽ പഞ്ചവടി ദർശനത്താൽ രാമന്റെ ദുഃഖം വീണ്ടും ഉദ്ദീപ്തമാകുന്നു. ഒരു അപ്രധാന കഥാപാത്രമായ വാസന്തിപോലും സീതാവൃത്താന്തം കേട്ടു മോഹിക്കുന്നു. മൂന്നാമങ്കമാണു് വിലാപമൂർച്ഛകളുടെ നൃത്തരംഗം. ‘കരഞ്ഞിടാനും കരയിച്ചിടാനും’ മോഹം കൊണ്ടു തളർന്നുവീഴാനും ഒരുങ്ങിക്കൊണ്ടു് രാമനും വാസന്തിയും ഒരുഭാഗത്തും സീതയും തമസയും മറുഭാഗത്തും ഇരുചേരിയായിനിന്നു മത്സരിക്കുകയാണോ എന്നു തോന്നും. രാമദർശനത്തിനു മുമ്പുതന്നെ തന്റെ വളർത്തുപുത്രനായ ആനക്കുട്ടിയുടെ കഥ കേൾക്കുമ്പോഴേക്കും സീതയ്ക്കു് മോഹാലസ്യമുണ്ടാകുന്നു. അനന്തരം രാമനെ നേരിട്ടു കണ്ടിട്ടു്, വിലാപം ശ്രവിച്ചിട്ടു്, രാമന്റെ മോഹാലസ്യം കണ്ടിട്ടു്, ഒടുവിൽ പിരിഞ്ഞുപോകാൻനേരത്തു് ഇങ്ങനെ നാലുതവണകൂടി സീത വ്യഥാമഥിതയായി മൂർച്ഛയിൽ വീഴുന്നു. മൂന്നോ നാലോ തവണ രാമനും! വാസന്തി ഇവിടെയും അവളുടെ പങ്കു നിർവഹിക്കുന്നുണ്ടു്. ഇനി രാമന്റെ വിലാപമോ? അതു് അതിരുകളെയെല്ലാം ഭേദിച്ചു വെട്ടിത്തുറന്നു നാലുപാടും പ്രവഹിക്കുകയാണു്. നോക്കുക:
‘വല്ലാത്തോരു വികാരം…
കല്ലുംകൂടിയുടഞ്ഞുപോംവിധമുദിക്കുന്നു’
‘ദാഹത്താൽ വെന്തിടുന്നു തനു’
‘ഹാ, ഹാ പൊട്ടുന്നു ചിത്തം’
‘ദേഹേ മർമ്മം പിളർക്കുന്നിതു വിധി’
‘വല്ലാതുള്ളുരുകുന്നു’
‘തെല്ലിപ്പോൾ കരയുന്നു ഞാൻ’
‘തള്ളിത്തള്ളിപ്പരക്കുന്നിതു ബത വലു-
തായുള്ള ചേതോവികാരം’
‘അയ്യയ്യോ പിളരുന്നു ദേവി ഹൃദയം’
ഇങ്ങനെ ശ്വാസംവിടാതെ എത്രയോ പ്രാവശ്യം രാമൻ തന്റെ സങ്കടത്തെപ്പറ്റി തന്നത്താൻ വിളിച്ചുപറഞ്ഞു വിലപിക്കുന്നുണ്ടു്. ശോകം ഇപ്രകാരം വാച്യമായാൽ അതെങ്ങനെ ഹൃദ്യമാകും?
‘തെരുതെരെയഴൽതിങ്ങും മാനസത്തിന്നുറക്കെ-
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു’
എന്നൊരു സമാധാനം ഭവഭൂതിക്കുണ്ടു്. എന്നാൽ നാടകരംഗത്തിൽ ഇങ്ങനെ ആവശ്യത്തിലധികം ഉറക്കെക്കരയുന്നതു ശ്രോതാക്കളായ സഹൃദയർക്കു വൈരസ്യഹേതുവാണെന്നുള്ള കാര്യം കവി വിസ്മരിച്ചിരിക്കുന്നു. ഉത്തരരാമചരിതത്തിൽ ഏറ്റവും അലങ്കോലപ്പെട്ടതു് ഈ മൂന്നാമങ്കമാണു്. ‘കരുണമൊരു രസം താൻ’ എന്നു് മൂന്നാമങ്കത്തിലും ‘വരുമൊരു കരുണരസത്തിൻ’ എന്നു് ഏഴാമങ്കത്തിലും കാണുന്ന രസപ്രഖ്യാപനം വ്യംഗ്യഭംഗിയെ അനാദരിച്ചു വിളിച്ചുപറയുന്ന കവിയുടെ സ്വഭാവത്തിനൊ രുദാഹരണമായിട്ടുണ്ടു്. ശാകുന്തളത്തിലെ സുപ്രസിദ്ധമായ നാലാമങ്കം ഭവഭൂതിയാണു് എഴുതിയിരുന്നതെങ്കിൽ കണ്വാശ്രമപ്രദേശം മുഴുവൻ അദ്ദേഹം കണ്ണീർക്കടലിൽ മുക്കിക്കളയുമായിരുന്നു. മഹർഷിമാരുൾപ്പെടെ ആശ്രമവാസികളെല്ലാം ശകുന്തള പിരിഞ്ഞുപോകുന്നതോർത്തു് സൂര്യോദയം മുതൽ കരഞ്ഞു കലശൽകൂട്ടുമായിരുന്നു. അത്രയ്ക്കു് ഔചിത്യബോധം വെടിഞ്ഞതാണു് ഭവഭൂതിയുടെ വാചാലത.
ഇനി നമുക്കു നാലാമങ്കത്തിലേക്കു കടക്കാം. വിലാപസ്വരമുഖരിതമാണു് അവിടവും. കഥാപാത്രങ്ങൾ മാറുന്നുവെന്നേയുള്ളൂ. ജനകൻ പുത്രീസ്മരണമൂലം വിലപിക്കുന്നു. തദ്ദർശനത്തിൽ കൌസല്യ കരയുകമാത്രമല്ല മൂർച്ഛിക്കുകയും ചെയ്യുന്നു. ഭാഗ്യത്തിനു ജനകനെ കവി മൂർച്ഛയിൽ വീഴ്ത്തുന്നില്ല. വാസ്തവത്തിൽ രാമനെക്കാൾ വ്യക്തിപ്രഭാവമുള്ളയാളാണു ജനകൻ ‘ചാപേന ശാപേന വാ” എന്നു കോപാകുലനായി ഗംഭീര ധ്വനി മുഴക്കുന്ന ആ കഥാപാത്രത്തിന്റെ ചിത്രീകരണം മനോഹരമായിട്ടുണ്ടു്. മൂർച്ഛയുടെ ശല്യം ഒട്ടുമില്ലാത്ത രണ്ടങ്കങ്ങളാണു് അഞ്ചും ആറും. അവ താരതമ്യേന കൂടുതൽ നന്നായിട്ടുമുണ്ടു്. ഏഴാമങ്കത്തിലെ അന്തർന്നാടകദർശനത രാമന്റെ വിലാപവും മൂർച്ഛയും വീണ്ടും ഉൽക്കടമാക്കുന്നു. കവിയുടെ വാവദൂകതയ്ക്കു് ഇവിടെയും കുറവില്ല. ചുരുക്കത്തിൽ വിലാപത്തിൽ തുടങ്ങി അതിന്റെ വേലിയേറ്റം തികച്ചും തുറന്നിട്ട രീതിയിൽ അന്തംവരെ നീട്ടിക്കൊണ്ടുപോയിട്ടുള്ള ഒരു നാടകമാണിതു്. കഥയുടെ ശുഭമായ പരിണാമം ലക്ഷണമൊപ്പിക്കാൻവേണ്ടി പേരിനുമാത്രമുള്ള ഒരു കൃത്രിമ സൃഷ്ടിയത്രെ.
ഭവഭൂതിയുടെ നാടകങ്ങൾ അവ പുറപ്പെട്ട കാലത്തുതന്നെ നിരൂപകന്മാരുടെ രൂക്ഷാക്ഷേപങ്ങൾക്കു വിഷയമായിട്ടുണ്ടെന്നു തോന്നുന്നു.
‘കാലോഹ്യയം നിരവധിർവിപുലാ ച പൃത്ഥ്വീ’
എന്നു് അതുകൊണ്ടായിരിക്കണം അദ്ദേഹം മാലതീമാധവത്തിൽ സമാധാനപ്പെടുന്നതു്. ഒന്നു തീർച്ച. സഹൃദയത്വത്തേക്കാൾ അദ്ദേഹത്തിൽ മുന്നിട്ടുനിൽക്കുന്നതു പാണ്ഡിത്യവും പദപ്രൗഢിയുമാണു്. ഉത്തരരാമചരിതം പരിഭാഷ പലപ്പോഴും ബി. എ. വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ടു്. ക്ലാസ്സിൽ വായിച്ചുപോകുമ്പോൾ കരയേണ്ട ഘട്ടം വരുമ്പോഴൊക്കെ വിദ്യാർത്ഥികൾ ചിരിക്കുകയാണു് പതിവു്. ഇതിനു് അവരെ കുറ്റപ്പെടുത്തേണ്ടതില്ല. അവർക്കു സഹൃദയത്വമില്ലാഞ്ഞിട്ടുമല്ല. ‘ആശ്വസിക്കൂ, ആശ്വസിക്കു’ എന്ന വചനം എത്രതവണ കേട്ടു സഹിക്കാം? എന്നാൽ ശാകുന്തളം പഠിപ്പിക്കുമ്പോൾ അനുഭവം നേരെ മറിച്ചാണു്. നാലാമങ്കത്തിൽക്കൂടെ കടന്നുപോകുമ്പോൾ വിദ്യാർത്ഥികളുടെ കണ്ണു നിറയുന്നതു കണ്ടിട്ടുണ്ടു്. ഈ അനുഭവവ്യത്യാസമാണു് ഉത്തരരാമചരിതത്തെപ്പറ്റി ഇത്രയും പറയാൻ പ്രേരിപ്പിച്ചെതന്നുകൂടി പ്രസ്താവിച്ചു കൊള്ളട്ടെ.
(ചിന്താതരംഗം—1960)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971