(സർവോദയാദർശം എന്ന പേരിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ചില പത്രങ്ങളിൽ പ്രസിദ്ധം ചെയ്തിരുന്ന ഒരു ലേഖനത്തിൽ ശ്രീ ജയപ്രകാശ് നാരായണൻ തന്റെ ജീവിതനിരീക്ഷണത്തിൽ ക്രമേണ വന്നു ചേർന്ന പരിവർത്തനങ്ങൾ ചിത്രീകരിക്കുകയുണ്ടായി. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ജയപ്രകാശിന്റെ രാഷ്ട്രീയാനുഭവങ്ങൾ ഭാരതീയരെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രാധാന്യമുള്ളവയാണു്. വർഗസമരസിദ്ധാന്തത്തിൽ ഊന്നിനിൽക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ജയപ്രകാശിന്റെ രാഷ്ട്രീയാനുഭവങ്ങളിൽ ഭാരതീയരെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രാധാന്യമുള്ളവയാണു് വർഗസമരസിദ്ധാന്തത്തിൽ ഊന്നിനിൽക്കുന്ന സോഷ്യലിസ്റ്റാദർശം വിട്ടു സർവോദയാദർശത്തിലേക്കു തിരിയുവാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ ഇന്നു വളരെയധികം പ്രചാരമുള്ള ഭൗതികവാദത്തിന്റെ കാര്യമായ ഒരു ബലഹീനത അദ്ദേഹം എടുത്തുകാട്ടി. സദാചാരപരമായ ജീവിതത്തിനു യാതൊരു നീതീകരണവും ഭൗതികവാദം നൽകുന്നില്ലെന്നതാണതു്. ശ്രീ. ജയപ്രകാശ് എഴുതി:
‘ഒരു ദാർശനികവീക്ഷണം എന്ന നിലയിൽ സദാചരത്തിനു് എന്തെങ്കിലും അടിസ്ഥാനമോ നന്മ ചെയ്യാൻ എന്തെങ്കിലും പ്രേരണയോ നൽകുവാൻ ഭൗതികവാദത്തിനു കഴിവില്ല’ എന്നു് ഇതിനൊരു മറുപടിയാണു് പ്രസ്തുത ലേഖനം)
ജയപ്രകാശിന്റെ സുദീർഘമായ കത്തു് ഞാൻ സശ്രദ്ധം വായിച്ചുനോക്കി. അതിൽ ഉന്നയിച്ചിട്ടുള്ളതും താങ്കൾ ഉദ്ധരിച്ചു് അയച്ചുതന്നിട്ടുള്ളതും ആയ ദാർശനിക പ്രശ്നത്തിൽ പുതുമയൊന്നും ഇല്ല. ഭൗതികവാദം നൈതികമൂല്യങ്ങളെ അവഗണിക്കുന്നുവെന്നാണല്ലോ അതിൽ ആകെക്കൂടി പൊന്തിവരുന്ന ആശയം. മതമില്ലെങ്കിൽ സന്മാർഗം നശിക്കുമെന്നു മതവിശ്വാസികൾ പണ്ടേ പുറപ്പെടുവിക്കാറുള്ള പഴയ പരാതിയുടെ ഒരു പരിഷ്ക്കരിച്ച പതിപ്പു മാത്രമാണതു്. ഇവിടെ മതത്തിന്റെ സ്ഥാനത്തു ജയപ്രകാശ് ഒരു ഫിലോസഫി കൊണ്ടുവന്നിരിക്കുന്നുവെന്നേയുള്ളു. യുക്തിവാദികൾ ഇത്തരം വാദങ്ങൾക്കു പലപ്പോഴും മറുപടി പറഞ്ഞിട്ടുള്ളതാണു്. മതത്തിനും തത്ത്വശാസ്ത്രത്തിനു മനുഷ്യന്റെ നീതിബോധവുമായി നേരിട്ടൊരു ബന്ധം—കാരണകാര്യബന്ധം തന്നെ—ഉണ്ടെന്നുള്ള മിഥ്യാബോധത്തിൽനിന്നു് ഉദിക്കുന്നതാണു് ഏതാദൃശവാദങ്ങൾ.
മനുഷ്യനിൽ കാണുന്ന നീതിബോധത്തിന്റെ ഉല്പത്തിയും പരിണാമക്രമവും പരിശോധിച്ചു നോക്കിയാൽ മതി ലേഖകന്റെ ചോദ്യങ്ങൾക്കു സമാധാനം കാണാൻ. ജീവിതപരിണാമത്തിനു പ്രേരകങ്ങളായി രണ്ടു പ്രധാന ഘടകങ്ങളുണ്ടു്—പാരമ്പര്യവും പരിതഃസ്ഥിതിയും (Heredity and Environment). പൂർവതലമുറകളിൽനിന്നു സംക്രമിച്ചിട്ടുള്ള വാസനാസമുച്ചയത്തെയാണു് ഇവിടെ പരമ്പര്യം കൊണ്ടു വിവക്ഷിക്കുന്നതു്. ദേശകാലസ്വഭാവങ്ങളും സാമൂഹ്യസാമ്പത്തികാദി സാഹചര്യങ്ങളും പരിതഃസ്ഥിതിയിൽ ഉൾപ്പെടുന്നു. മനുഷ്യൻ ഈ രണ്ടു ഘടകങ്ങളുടെയും സന്താനമാണു്. സത്യസന്ധത, സ്നേഹം, സഹതാപം, സഹകരണം തുടങ്ങിയ സദ്വാസനങ്ങളും തദ്വിപരീതങ്ങളായ വഞ്ചന, ദ്രോഹം, ക്രൗര്യം, കലഹം തുടങ്ങിയ ദുർവാസനകളും പരമ്പരാഗതമായി മനുഷ്യനിൽ വിലീനമായിരിക്കുന്നുണ്ടു്. പരിതഃസ്ഥിതികളുടെ അനുകൂലപ്രതികൂല പ്രതികരണങ്ങൾ അനുസരിച്ചു് ഇവ വളർന്നുവരികയോ തളർന്നു പോകയോ ചെയ്തുകൊണ്ടിരിക്കും. മനുഷ്യനിൽ അങ്കുരിതമായിരിക്കുന്ന യുക്തിബോധവും ഇക്കാര്യത്തിൽ നിയാമകമായി പ്രവർത്തിക്കുന്നുണ്ടു്. എന്നാലും പരിതഃസ്ഥിതിക്കാണു കൂടുതൽ പ്രാബല്യം. മനുഷ്യന്റെ നീതിബോധം വികസിച്ചുവളരാൻ ഒന്നാമതു വേണ്ടതു പരിതഃസ്ഥിതിയുടെ അനുകൂലമായ പരിവർത്തനമാകുന്നു. ഒരു സാമൂഹ്യജീവിയാണു മനുഷ്യൻ എന്ന സംഗതിയിൽ ആർക്കും തർക്കമില്ലല്ലോ? സാമൂഹ്യവാസന (Social instinct) എല്ലാ മനുഷ്യനിലും ലീനമായിരിക്കുന്ന ഒന്നാണു്. മനുഷ്യന്റെ മൃഗീയദശയിൽ അവ്യക്തമായി കിടന്നിരുന്ന ഈ വാസന അവനെ ഒരു സാമൂഹ്യജീവിയാക്കിത്തീർക്കയാണു ചെയ്തതു്. ഒരു ഉത്തമസാമൂഹ്യഘടന ഇന്നും നമുക്കു സാധ്യമായിട്ടില്ല. എന്നാലും ആ ലക്ഷ്യത്തിലേക്കാണു നമ്മുടെ പോക്കു്. സ്വരക്ഷ സ്വസുഖം എന്നിവയ്ക്കുവേണ്ടിത്തന്നെയാണു മനുഷ്യർ സംഘടിച്ചതു്. മത്സ്യന്യായംഅനുസരിച്ചു ശക്തൻ അശക്തനെ വേട്ടയാടി ജീവിച്ചാൽ ജീവിതം അസാദ്ധ്യമാകുമെന്നു് അനുഭവം മനുഷ്യനെ പഠിപ്പിച്ചു. വ്യക്തിയും സമുദായവും തമ്മിലുള്ള അംഗാംഗിഭാവം പരിപാലിക്കുന്നതിനു ചില നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കേണ്ടിവന്നു. ലൈംഗികജീവിതനിയന്ത്രണം, പരസ്പരസ്നേഹവിശ്വാസങ്ങൾ, സത്യഭാഷണം, ധർമാചരണം മുതലായവയെല്ലാം ഇപ്രകാരം നടപ്പായവയാണു്. ബുഷ്നർ (Buchener) എന്ന ജർമ്മൻ ഭിഷഗ്വരൻ ജീവിതത്തിന്റെ ഭൗതികത്വത്തെ മാത്രം അടിസ്ഥാനമാക്കി സന്മാർഗ്ഗ വ്യവസ്ഥകൾ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ടു്. അതിൽ അദ്ദേഹം അംഗീകരിച്ചിരിക്കുന്നതു് നീതിബോധത്തിന്റെ അടിസ്ഥാനം സാമൂഹ്യതയാണു് (Morlaity depends on Socilality) എന്നുള്ള തത്വമത്രെ ഹെക്കൽ എന്ന സുപ്രസിദ്ധ ഭൗതികവാദിയും ഈ തത്ത്വം ആവിഷ്കരിച്ചിട്ടുണ്ടു്. ഓരോ വ്യക്തിയിലുമുള്ള അഹംബുദ്ധി (Egoism) യേയും സമസ്തലോക സുഖദർശനത്തെയും കൂട്ടിയിണക്കുകയെന്നതാണു് എല്ലാത്തരം സന്മാർഗവ്യവസ്ഥകളുടെയും പരമലക്ഷ്യം എന്നു് അദ്ദേഹം വാദിക്കുന്നു. ഈ ലക്ഷ്യത്തിലെത്താൻ ഭൗതിക വാദം പ്രതിബന്ധമല്ലെന്നു മാത്രമല്ല അനുകൂലവുമാണെന്നും പറയണം. എന്തെന്നാൽ മനുഷ്യൻ നന്നാകുന്നതിനു് ഒന്നാമതു് വേണ്ടതു് സാമൂഹ്യപരിവർത്തനമാണു് ഭൗതികവാദം, വിശേഷിച്ചു മാർക്സി ന്റെതു്, ഈ പരിവർത്തനത്തിനു വഴിതെളിക്കുകയും പ്രേരണ നൽകുകയും ചെയ്യുന്നു.
ഇത്രയും പശ്ചാത്തലമാക്കി നിർത്തിക്കൊണ്ടു ജയപ്രകാശിന്റെ പ്രത്യേക ചോദ്യങ്ങൾക്കു മറുപടി പറയാം. എന്തിനു് സത്യം പറയണം? എന്തിനു് അന്യനെ സ്നേഹിക്കണം? എന്നു് അദ്ദേഹം ചോദിക്കുന്നുണ്ടല്ലൊ. തിരിച്ചും മറിച്ചും സൂക്ഷ്മാംശത്തിൽ ഇതേ ചോദ്യം തന്നെയാണു് ലേഖകൻ ആദ്യന്തം ആവർത്തിക്കുന്നതു്. സാമൂഹ്യജീവിതത്തിനു് ആവശ്യമായതുകൊണ്ടും അങ്ങനെ ആവശ്യമെന്നു നമ്മുടെ അനുഭവവും തദധിഷ്ഠിതമായ യുക്തിവിചാരവും നമ്മെ പഠിപ്പിക്കുന്നതുകൊണ്ടും എന്നുതന്നെ ഇതിനുത്തരം. മനുഷ്യനിൽ വാസനാരൂപേണ കിടക്കുന്ന നൈതികാചാരശീലം വളർത്തിക്കൊണ്ടുവന്നില്ലെങ്കിൽ അവൻ ഒറ്റതിരിഞ്ഞു കാട്ടുമൃഗത്തെപ്പോലെ വല്ല ഗുഹയിലും പാർക്കേണ്ടിവരും. മറുവശം ഒന്നലോചിച്ചു നോക്കുക! മനുഷ്യർ പരസ്പരം വെട്ടിക്കൊല്ലാനും മോഷ്ടിക്കാനും മറ്റും തുടങ്ങിയാൽ സാമൂഹ്യജീവിതം സാദ്ധ്യാമാകുമോ? സാമൂഹ്യജീവിതവിരോധികളായ ദുർവാസനകളുടെ വളർച്ചമൂലം സമുദായങ്ങളും രാഷ്ട്രങ്ങളും നശിച്ചുപോയിട്ടില്ലേ? പരസ്പരം സ്നേഹിക്കുന്നതിലും സഹതപിക്കുന്നതിലും സഹകരിക്കുന്നതിലും ആണു് ജീവിതസുഖവും മനഃശ്ശാന്തിയും അനുഭവപ്പെടുന്നതു്. ഇങ്ങനെ മനുഷ്യസ്വഭാവത്തെയും ഉപയോഗിതവാദ (Utilitarianism) ത്തെയും ആധാരമാക്കി ലേഖകന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാവുന്നതാണു്. മതമോ തത്ത്വശാസ്ത്രമോ ഉണ്ടാകുന്നതിനു മുമ്പുതന്നെ മനുഷ്യനിൽ നീതിബോധം അങ്കുരിതമായിട്ടുണ്ടു്. നമ്മൾ ആദ്യം ഒരു ഫിലോസഫി പഠിച്ചിട്ടാണോ നീതിബോധത്തോടെ ജീവിക്കാൻ തുടങ്ങുന്നതു്? ഇതുവരെ പറഞ്ഞതിൽനിന്നു് മനുഷ്യന്റെ നീതിബോധത്തിനു മതവും തത്ത്വശാസ്ത്രവുമായി നേരിട്ടൊരു ബന്ധവുമില്ലെന്നു വെളിവായല്ലോ. ഈ രണ്ടും നീതിബോധത്തിന്റെ വികാസത്തിനു സഹായകമായേക്കാമെന്നേയുള്ളു. ഒരു തത്ത്വസംഹിതയുടെ അവലംബം കൂടാതെ നൈതികപ്രശ്നങ്ങൾക്കു സമാധാനം കാണാമെന്നു വരുമ്പോൾ ആ വഴിക്കുള്ള ലേഖകന്റെ ഭൗതികവാദഖണ്ഡനം നിരാസ്പദമായിത്തീരുന്നു.
മനുഷ്യനും അവന്റെ ചേതന മുതലായവയും ജഡവസ്തുവിന്റെ (Matter) പ്രതിഭാസങ്ങൾ മാത്രമാണോ എന്നു് ജയപ്രകാശ് സംശയിക്കുന്നുണ്ടു്. അങ്ങനെ ആയിക്കൂടെ? അതുകൊണ്ടെന്താണു തരക്കേടു്? അങ്ങനെയല്ലെങ്കിൽ പിന്നെയെന്താണു് മനുഷ്യനും അവന്റെ ചേതനയും? വേറെ വല്ലതുമാണെന്നു ലേഖകൻ തെളിച്ചു പറഞ്ഞിട്ടില്ല. ചേതനാചേതനവിഭജനം തന്നെ ഇന്നു ദുഷ്കരമായിത്തീർന്നിരിക്കുയാണു്. ജന്തുവോ സസ്യമോ എന്നു തിരിച്ചറിയാൻ വയ്യാത്ത ഒരുതം ‘ജീവി’കളെപ്പറ്റിയും ജീവശാസ്ത്രകാരന്മാർ പ്രതിപാദിക്കുന്നു. ആ സ്ഥിതിക്കു് ജഡവസ്തുവിനെ പൃഥക്കരിച്ചു കാണിക്കാൻ തന്നെ പ്രയാസമത്രെ. പരിണാമവാദപ്രകാരം മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജീവിതാനുബന്ധം പരിശോധിച്ചുനോക്കിയാൽ പൂർവജീവികളിൽ അങ്കുരിതമാകാത്ത യാതൊന്നും തന്നെ പുത്തനായി മനുഷ്യനിൽ ആവിർഭവിച്ചിട്ടില്ലെന്നും കാണാം. അന്തഃകരണബോധം, ബുദ്ധിശക്തി മുതലായ സകല സംഗതികളിലും സുദൃഢവും സുസ്പഷ്ടവുമായ നരവാനരബന്ധം ദൃശ്യമായിട്ടുണ്ടു്. പരിണാമസോപാനത്തിന്റെ അത്യുന്നതപടിയിൽ മനുഷ്യൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നതിനാൽ അവൻ ചേതനാപരമായി ഇതരജീവികളിൽനിന്നു ഭിന്നനാണെന്നും ദൈവികമായ എന്തോ ഒന്നു് അവനിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉള്ള മതവിശ്വാസത്തിലേക്കു ജയപ്രകാശും പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കയാണെന്നു തോന്നുന്നു. അതുപോലെ തന്നെ പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠമായ സത്തയെ (Objective reality) നിഷേധിക്കാനും അദ്ദേഹം മുതിർന്നു തുടങ്ങിയിട്ടുണ്ടു്. ജഡവസ്തു ശക്തിതരംഗങ്ങളായി രൂപാന്തരപ്പെടുന്നതിനെ ആസ്പദമാക്കി ഈ ശക്തിതരംഗങ്ങൾ ഒരുപക്ഷേ, ബോധവത്തായ ചേതനാതരംഗങ്ങൾ തന്നെയാകാമെന്നുപോലും വിഭാവനം ചെയ്തു് എല്ലാം ആത്മനിഷ്ഠമാണെന്ന സങ്കല്പത്തിലേക്കു് അദ്ദേഹം എത്തിനോക്കുന്നു! എന്നാൽ ശക്തിതരംഗങ്ങൾ ജഡവസ്തുവിന്റെ സൂക്ഷ്മരൂപം മാത്രമാണെന്നും അവയ്ക്കും വസ്തുനിഷ്ഠമായ സത്തയുണ്ടെന്നും ആണു് ശാസ്ത്രജ്ഞൻ പറയുന്നതു്. ഈ ശക്തിതരംഗങ്ങളെ ഇപ്പോഴും അളക്കുവാൻ കഴിയുന്നുണ്ടു്. അളവിനു വിധേയമാകുന്ന ഒന്നു് വെറും ചൈതന്യമോ ബോധമോ ആകുന്നതെങ്ങനെ? വിസ്തരഭയത്താൽ ഈ ഭാഗം ചുരുക്കുന്നു.
ജഡവസ്തു മരണത്തിനുശേഷം ജഡവസ്തുവിലലിഞ്ഞുചേരും. അപ്പോൾപ്പിന്നെ നൈതികാചാരത്തിനുള്ള പ്രേരണയെന്തു് ? ലേഖകന്റെ ഈ ചോദ്യം കേട്ടാൽ മനുഷ്യന്റെ നീതിബോധം മരണാന്തരമുള്ള ജീവിതത്തിനു വേണ്ടിയാണെന്നു തോന്നും ഇഹലോകജീവിതത്തിനു വേണ്ടിയാണെന്നു തോന്നും. ഇഹലോകജീവിതത്തിനു വേണ്ടകാര്യമേ എനിക്കു പറയാൻ കഴിയൂ. മരണാനന്തരസ്ഥിതിയെപ്പറ്റി ആർക്കു് എന്തറിയാം? ഏതായാലും സർവലോകബന്ധവും ഉപേക്ഷിച്ചു പരാശക്തിയിൽ മുഴുകി ഏകനായി ഗിരിഗഹ്വരവാസം തുടങ്ങുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം സാമൂഹ്യാടിസ്ഥാനത്തിലുള്ള ഈവക പ്രശ്നങ്ങളൊന്നും ഗണിക്കേണ്ടതില്ല.
ഭൗതികവാദികളിൽ ത്യാഗികളായ ലോകസേവകരുണ്ടെന്നു് ജയപ്രകാശ് സമ്മതിക്കുന്നു. എന്നാൽ, അവരുടെ സേവനവും അവർ വിശ്വസിക്കുന്ന തത്ത്വസംഹിതയും തമ്മിൽ പൊരുത്തമില്ലത്രേ. ഞാൻ പറയുന്നതു പൊരുത്തം കൂടുതൽ ഇവിടെയാണെന്നാണു്. മാർക്സിന്റെ ഭൗതികവാദം മനുഷ്യത്വത്തെ കൂടുതൽ ബഹുമാനിക്കുന്നു. മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാണു് അതു നിലകൊള്ളുന്നതു്. സർവോദയത്തിന്റെ ലക്ഷ്യം തന്നെയാണു് അതിന്റേതും. അതു നടപ്പാക്കാനുള്ള പദ്ധതി തികച്ചും നിർദോഷമോ പര്യാപ്തമോ ആണെന്നു പറയുന്നില്ല. എന്നാൽ, ആത്മീയവാദത്തെക്കാൾ മാർക്സിയൻ ഭൗതികവാദം മനുഷ്യസേവനത്തിനു കൂടുതൽ പ്രയോജനപ്പെട്ടിട്ടുണ്ടെന്നു ചരിത്രം തെളിയിക്കുന്നുണ്ടു്. ആ നിലയ്ക്കു നൈതികമൂല്യങ്ങളെ കൂടുതൽ മാനിക്കുന്നതു് പ്രസ്തുത സിദ്ധാന്തമാണെന്നു പറയേണ്ടിവരും. ആത്മീയവാദം മനുഷ്യന്റെ സാമൂഹ്യതയെ അവഗണിച്ചു വ്യക്തിയുടെ മോക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണു്. അവ്യക്തവും അചിന്ത്യവും അവികാര്യവുമായ ഒരു ആത്മാവിനെ സങ്കല്പിച്ചു് കൊന്നാലും കൊലയല്ലെന്നു് ഉപദേശിക്കുന്ന ഫിലോസഫിയാണു വാസ്തവത്തിൽ മാനുഷികങ്ങളായ നൈതികമൂല്യങ്ങൾക്കു് ഹാനികരമാകാനെളുപ്പം. പൊരുത്തക്കേടിവിടെയും കാണാം. സുഖദുഃഖദ്വന്ദാതീതമായ ആത്മാവിൽ മാത്രം വിശ്വസിക്കയും പ്രപഞ്ചം മിഥ്യയാണെന്നു സങ്കല്പിക്കുകയും ചെയ്യുന്ന ഒരുവൻ എന്തിനു ലോകസേവനത്തിലേർപ്പെടണമെന്നു് പ്രതിബിന്ദ്യാ ജയപ്രകാശിനോടും ചോദിക്കാമല്ലോ. ലോകസേവനം ആർക്കുവേണ്ടി? എന്തിനു്? എല്ലാം ഒന്നല്ലേ തദ്ഭിന്നമായതൊക്കെ മിഥ്യയുമല്ലേ? ഇത്തരം വേദാന്തവിചാരകാലുഷ്യമാണു് അരവിന്ദഘോഷിനെപ്പോലുള്ള കർമയോഗികളെ കൂർമവൃത്തികളാക്കി സേവനരംഗത്തുനിന്നു പറഞ്ഞയച്ചതു്. ഈ പോക്കു് ജയപ്രകാശ് ഇഷ്ടപ്പെടുമോ? മഹാത്മാഗാന്ധി യും അങ്ങനെ പോയിരുന്നെങ്കിൽ ഇന്ത്യയ്ക്കും ലോകത്തിനും എന്തു മാത്രം നഷ്ടം സംഭവിക്കുമായിരുന്നു. ചുരുക്കത്തിൽ ഏതു ഫിലോസഫിയും അനുദിനജീവിതത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ ഗുണദോഷസമ്മിശ്രമായിട്ടേ അനുഭവപ്പെടുകയുള്ളു. മനുഷ്യജീവിതം അത്രമാത്രം സങ്കീർണ്ണമാണു്. ദോഷങ്ങൾക്കു പരിഹാരം ഉണ്ടാകുംവിധം ദേശകാലോചിതമായി അതിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കണം. മാർക്സി ന്റെ തത്ത്വസംഹിതയും ഇങ്ങനെ തിരുത്തി എഴുതപ്പെടാവുന്നതാണു്.
അവസാനമായി ജയപ്രകാശിന്റെ ചോദ്യരീതിയെപ്പറ്റിയും ഒന്നുപറയട്ടെ.
‘എന്തിനു്?’ എന്ന ചോദ്യമാണു് ആ കത്തിൽ സർവത്ര പൊന്തിനിൽക്കുന്നതു്. ദേശകാലപരിധിക്കുള്ളിൽനിന്നുകൊണ്ടു് അടിസ്ഥാനമൂല്യങ്ങളെപ്പറ്റിയുള്ള ഈ ചോദ്യം ഒരുവിധത്തിൽ നോക്കിയാൽ അയുക്തവും അശാസ്ത്രീയവുമാണു്. പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ചു് ‘എന്തിനു്?’ ‘എങ്ങനെ?’ എന്ന രണ്ടു പ്രധാനചോദ്യങ്ങൾ പുറപ്പെടാറുണ്ടു്. ഇവയിൽ രണ്ടാമത്തേതിനേ ശരിയായി ഉത്തരം പറയാൻ മനുഷ്യനു കഴിവുള്ളു. സയൻസാണു് ആ വഴിക്കു വെളിച്ചം വീശുന്നതു്. മതവും ആത്മീയവാദങ്ങളും ആദ്യത്തേതിനു് ഉത്തരം കാണാൻ ശ്രമിച്ചു് ഒരെത്തുംപിടിയും കിട്ടാതെ കുഴഞ്ഞു കിടക്കുകയാണു്. എന്തിനു് എന്ന ചോദ്യത്തിനു് ഒരവസാനവുമില്ല. അതു് അനവസ്ഥ എന്ന വാദദോഷത്തിൽ ചെന്നുചാടും. ജയപ്രകാശ് സൂചിപ്പിച്ചിട്ടുള്ള ആത്മസാക്ഷാത്കാരത്തിന്റെ മുമ്പിലും ഈ ചോദ്യം ആവർത്തിക്കാം. എന്തിനു് ആത്മസാക്ഷാൽക്കാരം? എന്തിനു് സർവോദയം? ഈ ജീവിതം തന്നെ എന്തിനു്? ലേഖകനെ അനുകരിച്ചു് ഇങ്ങനെ ഒരാൾ സ്വയം സംശയിച്ചു ചോദ്യം തുടങ്ങിയാലോ! അതിനൊക്കെ എന്തുത്തരം? എവിടെ അവസാനം?
ചിന്താലോകത്തിൽ ഒരറ്റത്തുനിന്നു മറ്റേ അറ്റംവരെ യാത്ര ചെയ്ത ജയപ്രകാശിന്റെ സുപ്രധാനമായ ആ കത്തു വായിച്ചുതീർന്നപ്പോൾ എന്റെ സ്മൃതിപഥത്തിൽ വന്നതു് ബർട്രാൻഡ് റസ്സലി ന്റെ ഒരു വാക്യമാണു്, ‘മനസ്സിനു് ആരോഗ്യകരമായ ഒരു നല്ല തത്ത്വശാസ്ത്രം സൃഷ്ടിക്കുന്നതിനു നിങ്ങൾ അദ്ധ്യാത്മവാദം ഉപേക്ഷിക്കണം, എന്നിട്ടു് ഒരു നല്ല ഗണിതജ്ഞനാകണം.
(To Create a healthy Philosophy you should renounce Metaphysics but be a good Mathamatician.)
ചിന്താതരംഗം 1958.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971