പലതുകൊണ്ടും പ്രശസ്തി നേടിയതാണു് പ്രാചീനകേരളം. ഇന്ത്യാചരിത്രത്തിന്റെ പരിവർത്തനഘട്ടം ആരംഭിച്ചതു്. ഈ രാജ്യത്തുനിന്നാണല്ലോ. ഒരു കാലത്തു് റോം മുതലായ വിദൂരനഗരങ്ങളിൽപോലും കേരളപ്രശസ്തി മാറ്റൊലിക്കൊണ്ടിരുന്നു. കേരളീയർക്കു് മാത്രമല്ല, ഭാരതീയർക്കു് പൊതുവേയും സാഭിമാനം സ്മരിക്കാവുന്ന ഒരു ചരിത്രമാണു് നമ്മുടെ രാജ്യത്തിനുള്ളതു്. എങ്കിലും ഇതിലെ വിലപിടിച്ച പല ഏടുകളും നമ്മുടെ ശ്രദ്ധയെ ആകർഷിക്കാതെ ഇപ്പോഴും മറഞ്ഞുകിടക്കുന്നു. പാശ്ചാത്യരാണല്ലോ ആദ്യമായി ചരിത്രമെഴുതുവാൻ പുറപ്പെട്ടവർ. അവർ പൗരസ്ത്യരാജ്യങ്ങളെപ്പറ്റി എഴുതിയിട്ടുള്ള ചരിത്രഗ്രന്ഥങ്ങളിൽ അസത്യവും അതിശയോക്തിയും അന്യഥാബോധവും ധാരാളമായി കലർന്നിട്ടുണ്ടെന്നു് ഇപ്പോൾ തെളിഞ്ഞുതുടങ്ങിയിട്ടുണ്ടു്. പ്രാചീനകേരളചരിത്രവും ഇതിനൊരു ഉദാഹരണമാകുന്നു. ‘മലബാറും പറങ്കികളും’ (Malabar and the portuguese) എന്ന പേരിൽ ശ്രീമാൻ. കെ. എം. പണിക്കർ എഴുതിയിട്ടുള്ള ചരിത്രഗ്രന്ഥം ഏതദ്വിഷയത്തിൽ അദ്ദേഹം നടത്തിയ നാനാമുഖമായ ഗവേഷണത്തിന്റെ അമൂല്യഫലങ്ങളിലൊന്നാണു്. കേരള ചരിത്രസൂചികളായ അനേകം പഴയ പോർത്തുഗീസ് രേഖകളെ ഇതിൽ സരസമായി നിരൂപണം ചെയ്തിട്ടുണ്ടു്. അക്കാലത്തു് ഏതെല്ലാം സംഗതികളിൽ കേരളീയർ ഔന്നത്യം നേടിയിരുന്നുവെന്നും ഇതിൽനിന്നു് മനസ്സിലാക്കാം. ഇവയിൽ ഏറ്റവും പ്രധാനമായി നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നതു് പ്രാചീനകേരളത്തിലെ നാവികസൈന്യമാകുന്നു.
ബ്രിട്ടീഷ് കൊടിക്കീഴിൽ കഴിയുന്ന ഇന്ത്യാക്കാർക്കു് ഇന്നു് ഇതരരാജ്യങ്ങളിൽ നാവികശക്തി നടനംചെയ്യുന്നതു് കണ്ടു് ‘കൊതിച്ചു’ കൊണ്ടിരിക്കുവാനേ നിവൃത്തിയുള്ളു. എന്നാൽ, അന്നു് ഇന്ത്യയുടെ അഭിമാനസ്തംഭമായി ഗണിക്കത്തക്കവിധമുള്ള ഒരു നാവികസേന അതിന്റെ ഒരു കോണിൽതന്നെ ഉണ്ടായിരുന്നു എന്നുള്ളതു് ചരിത്രസംബന്ധമായ ഒരു സത്യമാകുന്നു. വമ്പിച്ച കപ്പൽസമൂഹവുമായി വൻകടൽ കടന്നു് കേരളക്കരയിലെത്തിക്കൊണ്ടിരുന്ന വെള്ളപ്പടയോടു് വളരെക്കാലം പൊരുതിനിൽക്കുവാൻതക്കവണ്ണം ശക്തിയേറിയ നാവികബലമായിരുന്നു കേരളീയരണാങ്കണമായ അറേബ്യൻ സമുദ്രത്തിൽ അക്കാലത്തു് കളിയാടിക്കൊണ്ടിരുന്നതു്. ഇന്ത്യയെ ലക്ഷ്യമാക്കി സമുദ്രലംഘനംചെയ്ത പാശ്ചാത്യരിൽ ഒന്നാമത്തെകൂട്ടർ പറങ്കികളാണല്ലോ. അവർ ആദ്യമായി കോഴിക്കോട്ടെത്തിയപ്പോൾ കേരളത്തിലെ അധിനായകൻ എന്ന നിലയിൽ കണ്ടതു് സാമൂതിരിരാജാവിനെയായിരുന്നു. കോലത്തിരി, കൊച്ചി തുടങ്ങിയ ചെറിയ രാജ്യവിഭാഗങ്ങൾ അന്നു് ഉണ്ടായിരുന്നെങ്കിലും പ്രതാപംകൊണ്ടും പ്രാബല്യംകൊണ്ടും സാമൂതിരി പ്രാമുഖ്യം നേടിയിരുന്നു എന്നു് ചരിത്രം തെളിയിക്കുന്നുണ്ടു്.
കേരളത്തിൽ ഒരു നാവികശക്തി സ്ഥാപിച്ചതും സാമൂതിരിയാകുന്നു. ഇദ്ദേഹത്തിന്റെ പ്രജകളിൽ നായന്മാരെപ്പോലെതന്നെ പ്രാമുഖ്യം അർഹിക്കുന്നവരാണു് മലബാറിലെ മാപ്പിളമാർ. കേരളത്തിലെ സാമുദ്രികന്മാർ (സമുദ്രം തരണംചെയ്യുന്നവർ) എന്നു് വിളിക്കപ്പെടേണ്ടവർ ഈ മാപ്പിളമാരാകുന്നു. സമുദ്രസഞ്ചാരം കുലക്രമാഗതമായ ഒരു തൊഴിലായി ഇവർ സ്വീകരിച്ചിരുന്നു. അക്കാലത്തു് കടൽമാർഗമായ കച്ചവടം മുഴുവൻ ഇവരുടെ കൈവശത്തിലായിരുന്നു. മമ്മാലിയും കോജാമൂസാമാരും അക്കാലത്തെ വണിഗ്വരരാജാക്കന്മാരെന്ന നിലയിൽ പ്രസിദ്ധന്മാരായിട്ടുള്ളവരാണു്. മാപ്പിളവർഗം കച്ചവടത്തിൽ മാത്രമല്ല മുന്നിട്ടുനിന്നിരുന്നതു്. യുദ്ധരംഗത്തിലും അവർ അതിവിദഗ്ദ്ധന്മാരായിരുന്നു. പ്രായേണ യുയുൽസുക്കളും സുധീരന്മാരുമായ ഇവരെക്കൊണ്ടാണു് സാമൂതിരി വിശ്രുതമായ ഒരു കപ്പൽപ്പട സംഘടിപ്പിച്ചതു്.
സാമൂതിരിയുടെ നാവികസൈന്യത്തിന്റെ ചരിത്രം മറ്റൊരു പ്രകാരത്തിൽ നോക്കുകയാണെങ്കിൽ വീരാത്മാക്കളായ മാപ്പിളമാരുടെ ചരിത്രംതന്നെയാകുന്നു. കപടതന്ത്രങ്ങൾകൊണ്ടും ഭീഷണികൊണ്ടും കേരളരാജാക്കളെ കീഴടക്കി ഒരു സാമ്രാജ്യം സ്ഥാപിക്കുവാൻ ഉദ്യമിച്ചവരാണു് പോർത്തുഗീസുകാർ. പ്രബലന്മാരായി രണ്ടു് ശത്രുക്കളെ മാത്രമേ അവർ അറേബ്യൻകടലിൽ കണ്ടെത്തിയുള്ളു. ഒന്നു്, സാമൂതിരിയും മറ്റേതു് അദ്ദേഹത്തിന്റെ ആനുകൂല്യത്തോടുക്കൂടി കേരളവുമായി കച്ചവടം നടത്തിയിരുന്ന അറബികളുമായിരുന്നു. കൊച്ചിരാജാവു് തുടങ്ങിയ ഭരണാധികാരികൾ നിഷ്പ്രയാസം പോർത്തുഗീസുകാരുടെ തന്ത്രങ്ങളിലകപ്പെട്ടു് അവർക്കു് അധീനരായി. കച്ചവടത്തിനായി വന്ന വിദേശീയർ നാട്ടിൽ കാലുറപ്പിക്കുവാൻ നോക്കുന്നതു് കാലേകൂട്ടി കണ്ടുപിടിച്ചു് തടയാൻ തക്ക ദീർഘദർശിത്വം അന്നു് സാമൂതിരി രാജാക്കന്മാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ആരംഭത്തിൽത്തന്നെ ഈ സമുദ്രശത്രുവിനെ പലായനം ചെയ്യിക്കുന്നതിനുവേണ്ട സർവ ശക്തികളും സംഭരിക്കുവാൻ സാമൂതിരി ശ്രമിച്ചുതുടങ്ങി. ഒരു ശതവർഷത്തിലധികം കാലം പോർത്തുഗീസുകാരുമായി സാമൂതിരിക്കു് പോരാടേണ്ടിവന്നിട്ടുണ്ടു്. ഇതിലേക്കു് അദ്ദേഹം ഉപയോഗിച്ച ഒന്നാമത്തെ ആയുധമാണു് കേരളത്തിലെ കടൽപ്പട. ഈ പടയുടെ അധിനായകന്മാരായി (Admirals) ഒരു നൂറ്റാണ്ടുകാലം സാമൂതിരിയെ സേവിച്ചു് മാതൃഭൂമിക്കുവേണ്ടി ജീവത്യാഗംചെയ്ത ഏതാനും മാപ്പിളവീരന്മാരുടെ പട്ടികയിൽ കുഞ്ഞാലിമരയ്ക്കാർ എന്ന നാമധേയമാണു് സർവോപരിയായി പ്രതിധ്വനിച്ചു് കേൾക്കുന്നതു്. ഇതു് ഒരു സാമാന്യ നാമമായി അനേകം നാവികസേനാധിപന്മാർ സ്വീകരിച്ചുകാണുന്നുണ്ടു്. കുഞ്ഞാലിമരയ്ക്കാരെ കൂടാതെ കോജാ കാസിം, മമ്മാലി എന്ന രണ്ടുപേർകൂടി സാമൂതിരിയുടെ നാവികനേതാക്കളായി പ്രത്യക്ഷപ്പെടുന്നു. പോർത്തുഗീസ് ചരിത്രത്തിലെ ആരംഭഘട്ടത്തിലാണു് ഇവർ രംഗപ്രവേശംചെയ്യുന്നതു്.
വാസ്കോഡിഗാമ യുടെ അനന്തരഗാമിയായി കേരളത്തിൽ വന്നുചേർന്ന കെബ്രാളിന്റെ (Cabral) കാലത്തായിരുന്നു സാമൂതിരി നടത്തിയ ആദ്യത്തെ കടൽയുദ്ധം. കെബ്രാൾ അധികാരപ്രമത്തനും ദുരഭിമാനിയും ആയിരുന്നു. കച്ചവടക്കാരായ അറബികളെ നാട്ടിൽനിന്നു് ബഹിഷ്ക്കരിക്കണമെന്നും സമുദ്രാധിപത്യം തങ്ങൾക്കു് മാത്രമായി സിദ്ധിക്കണമെന്നും മറ്റും അന്യായമായി അയാൾ സാമൂതിരിയോടാവശ്യപ്പെട്ടു. തന്മൂലം അവർ തമ്മിലുള്ള കൂടിക്കാഴ്ച അസുഖകരമായി കലാശിക്കുകയും അതു് ഒരു കടൽയുദ്ധത്തിനു് വഴിയുണ്ടാക്കുകയും ചെയ്തു. പതിന്നാലു് ദിവസംകൊണ്ടാണു് സാമൂതിരി യുദ്ധത്തിനു് തയ്യാറായതു്. എൺപതു് പടക്കപ്പലുകളോടും ആയിരത്തിഅഞ്ഞൂറു് ഭടന്മാരോടുംകൂടി അദ്ദേഹത്തിന്റെ നാവികസൈന്യം കെബ്രാളിനെ കൊച്ചിക്കു് സമീപംവെച്ചു് എതിർത്തു. നേരിട്ടു് നിൽക്കുവാൻ തൽക്കാലം നിവൃത്തിയില്ലെന്നു് കണ്ടു് പോർത്തുഗീസ് പട രാത്രിയിൽ ഗൂഢമായി പലായനംചെയ്തു.
ഈ യുദ്ധത്തോടു് സംബന്ധിച്ചു് രസകരമായ മറ്റൊരു സംഭവംകൂടി ഉണ്ടായി. അന്നു് കെബ്രാളിന്റെ കൂടെ കപ്പലിൽ ഉണ്ടായിരുന്ന ഒരു നായർപ്രമാണിയെ (കൊച്ചി രാജാവിന്റെ ഒരു ബന്ധു) പറങ്കികൾ സ്വരാജ്യത്തു് കൊണ്ടു പോയി അന്നത്തെ രാജാവായിരുന്ന ഡോം മാനുവലിനു് കാഴ്ചവയ്ക്കുകയും അദ്ദേഹം അയാൾക്കു് പ്രഭുസ്ഥാനംകൊടുത്തു് പറങ്കിഭാഷയിൽ വിദ്യാഭ്യാസം ചെയ്യിച്ചു് മതം മാറ്റി മാനുവൽ എന്ന പേരും കൊടുത്തു് കൊട്ടാരത്തിൽ ഒരു ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു. അവിടെനിന്നും മലബാർ രാജാക്കന്മാർക്കു് അയയ്ക്കുന്ന എഴുത്തുകൾ ഡ്രാഫ്റ്റ് (Draft) ചെയ്യുന്ന ജോലിയായിരുന്നു ഈ നായർമാനുവലിനു് കൊടുത്തിരുന്നതെന്നും കാണുന്നു. ഇങ്ങനെ പറങ്കിപ്രഭുവായിത്തീർന്ന ഈ മലയാളിയുടെ ശവകുടീരം എവോറ (Evora) എന്ന സ്ഥലത്തെ പള്ളിയിൽ ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ടത്രെ. പ്രസിദ്ധപ്പെട്ട ലിസ്ബൺ സർവകലാശാലയുടെ സ്ഥാപകൻ ഒരു മലയാളിയാണെന്നു് പറയപ്പെടുന്നതു് ഇദ്ദേഹത്തെ ഉദ്ദേശിച്ചായിരിക്കാം.
സാമൂതിരിയുമായുള്ള ആദ്യത്തെ സംഘട്ടനത്തിൽ പറങ്കിപ്പടയ്ക്കു് പിന്തിരിയേണ്ടിവന്നെങ്കിലും അവർ പൂർവ്വാധികം ഉത്സാഹികളായി വീണ്ടും യുദ്ധസന്നദ്ധരാകുകയാണു് ചെയ്തതു്. പറങ്കികൾ കൊണ്ടുവന്നതുപോലുള്ള പരിഷ്കരിച്ച പടക്കപ്പലുകളും നവീനായുധങ്ങളും സാമൂതിരിക്കു് കുറവായിരുന്നതിനാൽ പലപ്പോഴും അദ്ദേഹത്തിനു് പരാജയം നേരിട്ടുകൊണ്ടിരുന്നു. എങ്കിലും കുഞ്ഞാലിമരയ്ക്കാരുടെ യുദ്ധവൈദഗ്ദ്ധ്യംകൊണ്ടും നയവിശേഷങ്ങൾ കൊണ്ടും ശത്രുശക്തിക്കു് കേരളം കീഴടങ്ങാതെതന്നെ കഴിച്ചുകൂട്ടി.
കെബ്രാൾ തിരിച്ചുപോയതിനുശേഷം ഉണ്ടായ ഗാമയുടെ രണ്ടാമത്തെ പുറപ്പാടിലാണു് കടൽയുദ്ധം വീണ്ടും ഉൽക്കടമായതു്. ഇത്തവണ സാമൂതിരി ശേഖരിച്ച നാവികസേനയുടെ നായകൻ കോജാ കാസിം ആയിരുന്നു. പറങ്കികളെ മാത്രമല്ല, അവരെ സഹായിച്ചികൊണ്ടിരുന്ന കൊച്ചിരാജാവിനെക്കൂടി ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു സാമൂതിരിസൈന്യം പുറപ്പെട്ടതു്. എന്നാൽ, ഈ പ്രാവശ്യം പറങ്കികൾ സൂത്രത്തിൽ ഒഴിഞ്ഞുകളഞ്ഞു. കൊള്ളയും കവർച്ചയുംകൊണ്ടു് താൻ ശേഖരിച്ച സമ്പത്തുമായി വല്ലവിധേനയും ലിസ്ബണിലേക്കു് തിരിക്കണമെന്നായിരുന്നു ഗാമയുടെ മോഹം. കാസിമിന്റെ നേതൃത്വത്തിൽ കോഴിക്കോടൻപട കൊച്ചിയോടടുത്തപ്പോൾ ഗാമ കൊച്ചിരാജാവിനെ നിസ്സഹായനായി വിട്ടുംവെച്ചു് അവിടെനിന്നും രക്ഷപ്പെട്ടു.
മൂന്നാമത്തെ പ്രസിദ്ധമായ കടൽയുദ്ധം നടന്നതു് ‘ലോപ്പോസോർസ്’ (Lopo Soars) എന്ന പറങ്കിപ്പടനായകന്റെ ഭരണകാലത്തായിരുന്നു. സാമൂതിരിയുടെ അഡ്മിറൽ (Admiral) ആയിരുന്ന മമ്മാലിയാണു് ഈ രംഗത്തിലെ പ്രധാന നായകൻ. കൊടുങ്ങല്ലൂർ തന്റെ സൈന്യകേന്ദ്രമാക്കിക്കൊണ്ടു് മമ്മാലി തരം നോക്കി കൊച്ചിയെയും പറങ്കികളെയും ആക്രമിച്ചുകൊണ്ടിരുന്നു. ലോപ്പോസോർസ് രഹസ്യമായി സൈന്യസന്നാഹംചെയ്തു് പെട്ടെന്നു് മമ്മാലിയുടെ കേന്ദ്രസ്ഥാനം ആക്രമിച്ചു. യാദൃച്ഛികമായി നടന്ന ഈ യുദ്ധത്തിൽ പറങ്കികളാണു് വിജയം നേടിയതു്. മമ്മാലിയും അദ്ദേഹത്തിന്റെ രണ്ടുപുത്രന്മാരും ധീരം ധീരം പോരാടി മൃതിയടഞ്ഞു. കൊടുങ്ങല്ലൂർ നഗരം മുഴുവൻ കൊള്ളചെയ്യുന്നതിനും പറങ്കികൾക്കു് ധൈര്യമുണ്ടായി.
ഇതിനുശേഷം അൽമീഡാ (Almedia) എന്നു് പേരായ മറ്റൊരു പോർത്തുഗീസ് ഗവർണർ വലിയ സന്നാഹത്തോടുകൂടി കേരളക്കരയിലെത്തി. അറബികളുടെ വ്യാപാരം അമർച്ചചെയ്യണമെന്നും സാമൂതിരിയുടെ സമുദ്രശക്തി (Sea power) സംഹരിക്കണമെന്നും ഉള്ളതായിരുന്നു അയാളുടെ പ്രധാനലക്ഷ്യം. അൽമീഡയുടെ വമ്പിച്ച കപ്പൽപ്പടയുമായി സാമൂതിരി രണ്ടുദിവസം മുഴുവൻ ഘോരമായി പൊരുതിയെങ്കിലും ജയം കരസ്ഥമായില്ല. സാമൂതിരിയുടെ വകയായി ഇരുനൂറ് ചെറിയ പടക്കപ്പലുകൾ ഈ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നതായി പറയുന്നു.
ആൽമീഡ വിജയം കൈക്കലാക്കിയെങ്കിലും അയാൾക്കു് കേരളീയ കടൽസൈന്യത്തെ ഛിന്നഭിന്നമാക്കുന്നതിനു് കഴിഞ്ഞില്ല. യുദ്ധാനന്തരം തുടർച്ചയായി കോഴിക്കോടൻ കപ്പലുകൾ പറങ്കികളെ പല പ്രകാരത്തിലും ഉപദ്രവിച്ചുകൊണ്ടിരുന്നു. എന്നു് മാത്രമല്ല, മുഹമ്മദീയവ്യാപാരികൾ മുഖേന സാമൂതിരി ഈജിപ്തിലെ സുൽത്താന്റെ സഹായം അഭ്യർത്ഥിക്കുകയും അതുവഴി പറങ്കികളുടെ രണ്ടാമത്തെ ആക്രമണത്തെ നിഷ്ഫലമാക്കുകയുംചെയ്തു. പിന്നീടു് കുറെ നാളത്തേക്കു് പറയത്തക്ക കടൽയുദ്ധമൊന്നും നടന്നില്ല. ഈ കാലത്തു് പറങ്കികളുടെ നേതാവായി ഭരണം നടത്തിയിരുന്നതു് ആൽബുക്കർക്ക് ആയിരുന്നു. അയാളുടെ തന്ത്രനൈപുണികൊണ്ടു് അന്നത്തെ സാമൂതിരിയുമായി ഒരു സഖ്യമുണ്ടായി. എങ്കിലും അതു് അധികകാലം നീണ്ടുനിന്നില്ല.
1524-ൽ വീണ്ടും യുദ്ധം ആരംഭിച്ചു. ഇതിനെ തുടർന്നുണ്ടായ കടൽയുദ്ധങ്ങളെല്ലാംതന്നെ കുഞ്ഞാലിമാരുടെ അത്ഭുതപരാക്രമങ്ങളെ വിളംബരംചെയ്യുന്നവയാണു്. സാമൂതിരിയുടെ നാവികസേനാനായകസ്ഥാനം കുഞ്ഞാലിമരയ്ക്കാർമാർക്കു് പരമ്പരയാ സിദ്ധിച്ചുവന്നതത്രെ. 1507 വരെ ഇവരുടെ തലസ്ഥാനം പൊന്നാനിയായിരുന്നു. സാമൂതിരിയുടെ ഒരു നാവികസ്റ്റേഷനായിരുന്നു ഈ സ്ഥലം. 1507-ൽ പറങ്കികൾ ആക്രമിച്ചു് നാശം ചെയ്തപ്പോൾ മരയ്ക്കാർമാർ അവരുടെ തലസ്ഥാനം കോട്ടയ്ക്കലേയ്ക്കുമാറ്റി. 1524-ൽ യുദ്ധമാരംഭിച്ചപ്പോൾ ഇവിടെനിന്നും കുട്ടിആലി എന്നൊരു വീരനേതാവിന്റെ നേതൃത്വത്തിൽ ഒരു കപ്പൽപ്പട പറങ്കികളോടു് എതിരിടാനായി പുറപ്പെട്ടു. പലതവണ കൂട്ടിമുട്ടിയിട്ടും കുട്ടിആലിയെ ജയിക്കാൻ പറങ്കിപ്പടയ്ക്കു് സാധിച്ചില്ല. അയാളുടെ അജയ്യമായ നാവികശക്തി ശത്രുക്കളെ ഭയഭരിതമാക്കി. ഇങ്ങനെ തുടർച്ചയായി രണ്ടു് വർഷക്കാലം, സമുദ്രാധിപത്യം സ്ഥാപിക്കത്തക്കവണ്ണം കുട്ടിആലി സ്വഭുജവീര്യം പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. തന്മൂലം കൊച്ചിയും ഗോവയുമായി ഉണ്ടായിരുന്ന പറങ്കികളുടെ ഗതാഗതംതന്നെ നിലച്ചുപോയി. ഗത്യന്തരമില്ലെന്നുകണ്ടു് പറങ്കികൾ അവസാനമായി തങ്ങളുടെ സകല ശക്തികളും സംഘടിപ്പിച്ചു് ആലിയെ എതിർക്കുവാൻ ഉദ്യുക്തരായി. ഒടുവിൽ 1528-ൽ നടന്ന ഒരു യുദ്ധത്തിൽ കുട്ടിആലി തടവുകാരനായി പിടിക്കപ്പെട്ടു.
കുട്ടിആലിക്കു് പറ്റിയ തോൽവികൊണ്ടും സാമൂതിരി യുടെ സമുദ്രശക്തിക്കു് വാട്ടം തട്ടിയില്ല. എന്തെന്നാൽ, അയാളുടെ പുത്രനായ കുഞ്ഞാലി രണ്ടാമൻ (Kunjali II) പിതാവിനെപ്പോലും അതിശയിക്കത്തക്കവണ്ണം സമരവീര്യത്തോടുകൂടി സമുദ്രരണാങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു. അച്ഛന്റെ കാലടികളെത്തന്നെ അയാളും പിന്തുടർന്നുകൊണ്ടിരുന്നു. സാമൂതിരിയും മൗനം ദീക്ഷിച്ചില്ല. പറങ്കികളോടു് പകരം വീട്ടാനായി ഒരു വലിയ പടകൂട്ടുവാൻ വേണ്ട ശ്രമങ്ങൾ അദ്ദേഹവും ചെയ്തു. കുട്ടിആലിയുടെ ഒരു ബന്ധുവായ പച്ചാച്ചിമരയ്ക്കാരുടെ നേതൃത്വത്തിൽ സാമൂതിരി ഒരു കപ്പൽ സമൂഹം സജ്ജമാക്കി. കുഞ്ഞാലി രണ്ടാമനും പടയും മരയ്ക്കാരുടെ സഹായത്തിനായി അയയ്ക്കപ്പെട്ടു. ആലി ഇബ്രാഹിം എന്നൊരു നായകൻകൂടി ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇങ്ങനെ സംഘടിതമായ മലബാർസേന നേരെപോയതു് സിലോണിലേക്കായിരുന്നു. അവിടെയുള്ള പറങ്കികളുടെ അധിവാസസ്ഥാനങ്ങളെ ആക്രമിക്കണമെന്നാണു് സാമൂതിരി തീർച്ചപ്പെടുത്തിയതു്. 1535 വരെ ഇരുകൂട്ടരും തമ്മിൽ സിലോൺ തീരങ്ങളിൽവെച്ചു് യുദ്ധം നടന്നുകൊണ്ടിരുന്നു. അപ്പോഴേക്കും ഒരു വമ്പിച്ച തുർക്കിപ്പട അറേബ്യൻകടലിൽ വന്നുചേർന്നതിനാൽ പറങ്കികൾക്കു് ശത്രു ഭയം വർദ്ധിച്ചു. അവർ രണരംഗത്തിൽനിന്നും പിന്മാറിക്കളഞ്ഞു. ഇതിനിടയിൽ കുഞ്ഞാലി രണ്ടാമന്റെ അപാദനങ്ങൾ ദിനംപ്രതി കൂടിക്കൂടിവന്നു. സാമൂതിരിയുടെ പടനായകന്മാരിൽ അദ്വിതീയനായിട്ടാണു് ചരിത്രത്തിൽ അയാൾ കീർത്തിതനായിരിക്കുന്നതു്. ഈ യുദ്ധവീരന്റെ പൗരുഷവും പരാക്രമവും പറങ്കികളുടെ പ്രശംസയ്ക്കുകൂടി പാത്രീഭവിച്ചു. ചുരുക്കത്തിൽ കുഞ്ഞാലിയുടെ സമരയശസ്സു് ദിഗന്തങ്ങളിലും വ്യാപിച്ചു് കേരളമഹിമയെ പ്രകാശനമാക്കി. 1531 മുതൽ 1569 വരെയുള്ള കാലം കുഞ്ഞാലിയുടെ ഒരു പരാക്രമഘട്ടമായിട്ടു് കണക്കാക്കാം. ഇക്കാലമത്രയും കുഞ്ഞാലിയുടെ ആക്രമണങ്ങൾമൂലം പറങ്കിക്കച്ചവടത്തിനു് നേരിട്ട നാശനഷ്ടങ്ങൾക്കു് അളവില്ലായിരുന്നു. നേരിട്ടു് നിൽക്കാതെ സൂത്രത്തിൽ ഒളിച്ചുകളിക്കുകയും തരം കിട്ടുമ്പോഴെല്ലാം പറങ്കിക്കപ്പലുകൾ പിടിച്ചടക്കുകയും ചെയ്യുന്ന ഒരുതരം ഗോറില്ലാ യുദ്ധസമ്പ്രദായം (Guerilla warefare) ആയിരുന്നു കുഞ്ഞാലി ഇടയ്ക്കിടയ്ക്കു് കൈക്കൊണ്ടിരുന്നതു്. തന്മൂലം അയാളെ പിടികൂടാൻ പറങ്കികൾ ചെയ്ത ശ്രമങ്ങളെല്ലാം നിഷ്ഫലമായതേയുള്ളു. അവർ അത്രയും കാലം കേരളക്കരയിൽ നടത്തിയ ക്രൂരകർമ്മങ്ങൾക്കെല്ലാം ഈ കേരളപുത്രൻ പകരംവീട്ടി. തന്റെ വലയിൽ വീഴുന്ന കപ്പലുകളിലുള്ള പറങ്കികളെ അപ്പോൾത്തന്നെ ഒന്നാകെ കൊന്നുകളയാനും കുഞ്ഞാലി മടിച്ചില്ല. ഒരു കൊല്ലംകൊണ്ടു് അമ്പതു് കപ്പലുകൾ കുഞ്ഞാലി പിടിച്ചടക്കിയതായി കാണുന്നു. ഈ കണക്കുകൊണ്ടുതന്നെ ശത്രുക്കൾക്കു് നേരിട്ട നഷ്ടം ഏതാണ്ടു് ഊഹിക്കാവുന്നതാണല്ലോ. ചുരുക്കത്തിൽ പറങ്കികളുടെ ഒരു അന്തകനായിട്ടായിരുന്നു കുഞ്ഞാലി പടിഞ്ഞാറൻ കടലിൽ കളിച്ചുകൊണ്ടിരുന്നതു്. ഇതിനിടയിൽ ഘോരങ്ങളായ യുദ്ധങ്ങളിലും ഈ പടനായകൻ ഏർപ്പെട്ടിരുന്നു. സാമൂതിരിയെ തോല്പിക്കുവാൻവേണ്ടി അദ്ദേഹത്തിന്റെ കീഴിൽ വർത്തിച്ചിരുന്ന ഇടപ്പള്ളി രാജാവിനെ പറങ്കികൾ ആക്രമിച്ചപ്പോൾ കുഞ്ഞാലിയുടെ കപ്പൽപ്പടയായിരുന്നു അവരെ അവിടെനിന്നും ഓടിച്ചതു്. ഇക്കാലത്തു് സാമൂതിരിയുടെ നയം പറങ്കികളുടെ വാസസ്ഥാനങ്ങളെ അങ്ങോട്ടുചെന്നു് ആക്രമിക്കുക (Offensive) എന്നുള്ളതായിരുന്നു. ഇതനുസരിച്ചു് കുഞ്ഞാലി അനേകം പോർത്തുഗീസ് സ്ഥലങ്ങൾ ആക്രമിച്ചു് നശിപ്പിച്ചിട്ടുണ്ടു്. ഇക്കൂട്ടത്തിൽ ഒരു തവണ കന്യാകുമാരിയെ ചുറ്റി യാത്രചെയ്തു് നാഗപട്ടണത്തുചെന്നു് അവിടെയുള്ള പറങ്കിസ്ഥാപനങ്ങളെ ഈ കേരളവീരൻ ആക്രമിക്കുകയുണ്ടായി. എന്നാൽ, അവിടെവെച്ചു് നടന്ന യുദ്ധത്തിൽ തോൽവിപറ്റിയതിനാൽ കുഞ്ഞാലിക്കു് വേഷപ്രച്ഛന്നനായി രക്ഷപ്പെടേണ്ടിവന്നു. പിന്നീടു് നടന്ന പ്രധാനയുദ്ധം 1538-ൽ ഫെബ്രുവരി 20-ാം തീയതിയാണു്. ഇതിലും പറങ്കികൾക്കു് കുഞ്ഞാലിയെ പിടിക്കുവാൻ കഴിഞ്ഞില്ല. ഇങ്ങനെ ശത്രുശല്യം അതിദുസ്സഹമായിത്തീർന്നപ്പോൾ പറങ്കികൾ സാമൂതിരിയുമായി ഒരു ഉടമ്പടി ചെയ്വാൻ നിശ്ചയിച്ചു. തൽഫലമായി പത്തുവർഷക്കാലം സമാധാനം നില നിന്നു.
കുഞ്ഞാലിയുടെ ശക്തി ക്ഷയിക്കാതിരിക്കുന്ന കാലത്തോളം തങ്ങൾക്കു് അറേബ്യൻ കടലിൽ യാതൊരു രക്ഷയും ഉണ്ടാകുന്നതല്ലെന്നു് പറങ്കികൾക്കു് അറിയാമായിരുന്നു. അതുകൊണ്ടു് അവർ പിന്നെയും അയാളുടെ അധഃപതനത്തെ ലാക്കാക്കി യുദ്ധം തുടർന്നു. 1558-ൽ ലൂയിമെല്ലോ എന്ന പറങ്കിക്കപ്പിത്താൻ പ്രത്യേക സന്നാഹങ്ങളോടുകൂടി കുഞ്ഞാലിയെ എതിർത്തു. കണ്ണൂരിനടുത്തുവെച്ചാണു് യുദ്ധം നടന്നതു്. ഇത്തവണ പറങ്കികൾക്കു് ഗണ്യമായ വിജയം ലഭിച്ചു. കുഞ്ഞാലിയുടെ കൊടിക്കപ്പൽ (Flag ship) ഈ യുദ്ധത്തിൽ മുക്കപ്പെട്ടതായി പറയുന്നു. സാമൂതിരിയുടെ വക മൂന്നു് കപ്പലുകൾകൂടി പറങ്കികൾ പിടിച്ചെടുത്തു.
മെല്ലോ നേടിയ ഈ വിജയംകൊണ്ടു് വലിയ ഫലമുണ്ടായില്ല. കോഴിക്കോടൻ കപ്പലുകളിൽ പതിമൂന്നിൽ ഒമ്പതെണ്ണത്തിനും യാതൊരു ഉടവും തട്ടാതെ മടങ്ങിപ്പോകാൻ കഴിഞ്ഞു. എന്നു മാത്രമല്ല, കുഞ്ഞാലി വീണ്ടും അമിതപരാക്രമനായി സമരരംഗത്തു് പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഈ അത്ഭുതവിക്രമനെ അനുധാവനം ചെയ്യുന്നതിൽ പറങ്കികൾ പിന്നെയും ഉദ്യുക്തരായി. 1569-ൽ മിറാൻഡാ (Miranda) എന്ന പോർത്തുഗീസ് നായകൻ 36 പടക്കപ്പലോടുകൂടി കുഞ്ഞാലിയുടെ വധത്തിനായി പുറപ്പെട്ടെങ്കിലും നൈരാശ്യത്തോടെ മടങ്ങേണ്ടിവന്നു. ഒരു കൊല്ലം മുഴുവൻ ഉറ്റു ശ്രമിച്ചെങ്കിലും അവർക്കു് കുഞ്ഞാലിയെ പിടികിട്ടിയില്ല. അതേസമയം അയാളുടെ ഗോറില്ലാസമരം വർദ്ധമാനമായിക്കൊണ്ടിരുന്നു. ഇങ്ങനെ ശത്രുക്കൾക്കു് കീഴടങ്ങാതെ വീരോചിതമായ രീതിയിൽ അന്ത്യകാലംവരെ കുഞ്ഞാലി കേരളീയാഭിമാനം പുലർത്തി.
കുഞ്ഞാലി കുടുംബത്തിന്റെ അന്ത്യചരിത്രമാണു് ഇനി പറയേണ്ടതു്. അതിദയനീയമായ ഒരു ചരിത്രമാണതു്. ‘സ്വന്തവാളാൽ സ്വയം വെട്ടി മരിപ്പൂ മർത്ത്യൻ’ എന്ന കവിവാക്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു അധഃപതനമാണു് ഈ കുടുംബത്തിനു് നേരിട്ടതു്. കുഞ്ഞാലി രണ്ടാമനെപ്പോലെ മൂന്നാമനും പ്രതാപനും പ്രബലനും ആയിരുന്നു. പറങ്കികളുമായി വിജയപൂർവം പോരാടി സാമൂതിരിയുടെ പക്കൽനിന്നു് പ്രഭുത്വവും മറ്റു് സ്ഥാനമാനങ്ങളും ലഭിക്കുവാൻ ഈ പടയാളിക്കു് ഭാഗ്യമുണ്ടായി. ഇങ്ങനെ പ്രതാപനായി കഴിയുമ്പോൾ സാമൂതിരിയുടെ അനുവാദം വാങ്ങിക്കൊണ്ടു് കുഞ്ഞാലി (Kunjali III) പുതുപ്പട്ടണത്തു് സ്വന്തമായി ഒരു കോട്ടകെട്ടി ‘മരക്കാർ കോട്ട’ എന്ന പേരിൽ. ഇതു് ചരിത്രപ്രസിദ്ധമായിത്തീർന്നിട്ടുണ്ടു്. പുതുപ്പട്ടണം കുഞ്ഞാലിമാരുടെ ഒരു സൈനികകേന്ദ്രവുമായിരുന്നു. അവിടെ കോട്ടയുറപ്പിച്ചതോടുകൂടി അന്നത്തെ നായർ പ്രഭുക്കന്മാരെപ്പോലെ കുഞ്ഞാലിയും ചുറ്റുപാടും ചില അധികാരങ്ങൾ നടത്തുവാൻ തുടങ്ങി. മൂന്നാമന്റെ കാലം ഇങ്ങനെ കഴിഞ്ഞു. 1595-ൽ കുഞ്ഞാലി നാലാമൻ അധികാരസ്ഥാനത്തു് അധിഷ്ഠിതനായി. അയാൾ അല്പം പ്രതാപപ്രമത്തനായി സ്വന്തം കോട്ടകൊത്തളങ്ങളെ പൂർവാധികം ബലപ്പെടുത്തുവാനും ഒരു നാടുവാഴി എന്ന നിലയിൽ അധികാരം നടത്തുവാനും തുടങ്ങി. ഈ വ്യാമോഹത്തിൽ തന്റെ സ്വാമിയായ സാമൂതിരിയെക്കൂടി ധിക്കരിച്ചു് പ്രവർത്തിക്കുന്നതിനു് അയാൾ മടിച്ചില്ല. വിജയലഹരിയിൽ മതിമറന്നുപോയ ഈ മാപ്പിളപ്രഭു സാമൂതിരിക്കോവിലകം വക ഒരു ആനയുടെ വാൽ വെട്ടിമുറിച്ചതായും ഒരു നായരെ അപമാനിച്ചതായും പറയപ്പെടുന്നു. ഇങ്ങനെ പെട്ടെന്നുണ്ടായ സ്ഥിതിവ്യത്യാസങ്ങൾ സാമൂതിരിയെയും നായന്മാരെയും ക്രുദ്ധരാക്കി. കുഞ്ഞാലികുടുംബത്തെ സംഹരിക്കുവാൻ തക്കംനോക്കിയിരുന്ന പറങ്കികൾ ഈ സുവർണ്ണാവസരം പാഴാക്കിയില്ല. ഇതുതന്നെ തരമെന്നുകണ്ടു് അവർ സാമൂതിരിയുമായി സഖ്യംചെയ്തു.
പിന്നത്തെ പുറപ്പാടു് ദുർന്നിവാരമായ നിയതിഗതിക്കു് ഒരു ഉദാഹരണമാണു്. ‘മരയ്ക്കാർ കോട്ട’ ആക്രമിക്കുവാൻ സാമൂതിരിയും പറങ്കികളും ഒരുമിച്ചു് സന്നദ്ധരായി! ഏതൊരു രാജാവിനുവേണ്ടി കുഞ്ഞാലിക്കുടുംബം ഒരു നൂറ്റാണ്ടുകാലം ആത്മബലി നടത്തിയോ ആ രാജാവുതന്നെ തന്റെ പരമശത്രുക്കളുമായി കൈകോർത്തുപിടിച്ചു് ഇതാ സ്വകുടുംബമായി കരുതപ്പെടേണ്ട ആസ്ഥാനത്തെ സംഹരിക്കുവാൻ പുറപ്പെടുന്നു! ‘മരയ്ക്കാർ കോട്ട’യിൽ നടന്ന യുദ്ധം അതിഭയങ്കരമായിരുന്നു. കുഞ്ഞാലി അവസാനംവരെ സാമൂതിരിയോടും പറങ്കികളോടും ഒന്നുപോലെ പടപൊരുതി. ഒടുവിൽ നിവൃത്തിയില്ലാതായപ്പോൾ ആ വീരപുരുഷൻ കീഴടങ്ങി. ആർക്കാണു് കീഴടങ്ങിയതു്? പറങ്കികൾക്കോ? അല്ല—ഒരു വിദേശശത്രുവിന്റെ മുമ്പിൽ കുഞ്ഞാലിക്കുടുംബക്കാർ ഒരിക്കലും തല കുനിച്ചിട്ടില്ല. കുഞ്ഞാലി തന്റെ സ്വാമിക്കു് കീഴടങ്ങി. തന്നെ രക്ഷിക്കണമെന്ന പ്രാർത്ഥനയോടുകൂടി കരധൃതമായ ഖഡ്ഗം സാമൂതിരിക്കു് കൊടുത്തു കീഴ്‌വണങ്ങുകയാണു് അയാൾ ചെയ്തതു്. പക്ഷേ, ആ അഭയപ്രാർത്ഥന കഷ്ടകാലത്താൽ ഫലിച്ചില്ല. നിർദയനായ സാമൂതിരി ഈ പുരുഷസിംഹത്തെ പറങ്കികൾക്കു് വിട്ടുകൊടുത്തു. പക വീട്ടാൻ എരിപൊരികൊണ്ടിരുന്ന പറങ്കികൾ അവരുടെ ഭയങ്കരശത്രുവിനെ കൈയിൽ കിട്ടിയമാത്രയിൽ സംഹരിക്കുകയും ചെയ്തു. ഇങ്ങനെ കുഞ്ഞാലികുടുംബചരിത്രം ഒരു ദുരന്തനാടകമായി പരിണമിച്ചു. ഇതോടുകൂടി സാമൂതിരിയുടെ നാവിക ശക്തിയും ക്ഷയോന്മുഖമായി.
ഈ മഹാവീരന്മാരെ കേവലം കടൽക്കള്ളന്മാരാക്കി (Pirates) ചിത്രീകരിച്ചിട്ടുള്ള ചില പോർത്തുഗീസ് ചരിത്രകാരന്മാർ ഉണ്ടെന്നുള്ള വസ്തുതയും കേരളീയർ അറിഞ്ഞിരിക്കേണ്ടതാകുന്നു.
(നവദർശനം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971