‘സ്വനിർമ്മിതത്വപ്രണയാവകുണ്ഠിതഃ
സ്വകാവ്യദോഷം ന ബുധോപി ബുധ്യതേ
അതോത്ര സൂരീൻ ഗുണദോഷവേദയാൻ
മദുക്തിസംശോധനകാര്യമർത്ഥയേ.’

നിരൂപണത്തേയും നിരൂപകന്മാരേയും മാനിക്കുന്ന ഒരു ശ്ലോകമാണിതു്. മഹാകവി മേല്പുത്തൂർ നാരായണഭട്ടതിരി തന്റെ വ്യാകരണഗ്രന്ഥത്തിൽ ഇങ്ങിനെയൊന്നു എഴുതിച്ചേർത്തിരിക്കുന്നതു വായിച്ചപ്പോൾ കുറച്ചൊരത്ഭുതം തോന്നി. താൻ കൃശാഭ്യാസനും കൃശധിഷണനുമാണെന്നുപോലും അദ്ദേഹം അന്യത്ര പ്രസ്താവിക്കുന്നു. പണ്ഡിതമൂർദ്ധന്യനായ ആ മഹാമനസ്കന്റെ വിനയാവനമ്രത നോക്കൂ! മേൽക്കാണിച്ച ശ്ലോകത്തിൽ അദ്ദേഹം കൊള്ളിച്ചിരിക്കുന്ന ആശയം നിരൂപകവിദ്വേഷികളായ സാഹിത്യകാരന്മാർ അനുസ്മരിക്കേണ്ടതും അയവിറക്കേണ്ടതുമാണു് അവരുടെ കൂട്ടത്തിൽ ആത്മോദ്ഘോഷികളും ജ്ഞാനലവദുർവിദഗ്ദ്ധരുമായിട്ടുള്ളവർ പ്രത്യേകിച്ചും. പണ്ഡിതൻപോലും സ്വകാവ്യദോഷം അറിയുകയില്ല. കാരണം സ്വകൃതികളോടുള്ള പ്രത്യേക പ്രണയത്താൽ അയാളുടെ ബുദ്ധി അക്കാര്യത്തിൽ അലസമായിപ്പോകും. അതുകൊണ്ടു ഗുണദോഷവേദികളായ വിദ്വാന്മാർ തന്റെ കൃതി പരിശോധിക്കണമെന്നു ഭട്ടതിരി അഭ്യർത്ഥിക്കുന്നു. മഹാസൂരികൾക്കും നിരൂപകാഭിപ്രായം ഉപകരിക്കുമെന്നു് അദ്ദേഹത്തിന്റെ ഈ നിലപാടു തെളിയിക്കുന്നുണ്ടല്ലോ. ഭട്ടതിരി മാത്രമല്ല പരിണതപ്രജ്ഞരായ പല മഹാകവികളും ഈ മനോഭാവം വിനയമധുരമായി പ്രകടിപ്പിച്ചിട്ടുണ്ടു്.
‘വിജ്ഞന്മാരഭിനന്ദിച്ചേ-
വിജ്ഞാനം സാധുവായ് വരൂ;
നല്ല ശിക്ഷ കഴിച്ചോർക്കു-
മില്ല വിശ്വാസമാത്മനി.’

എന്ന കാളിദാസ വചനത്തിലും മറ്റൊന്നല്ല അന്തർഭവിച്ചിരിക്കുന്നതു്. എത്ര മികച്ച സാഹിത്യകാരന്റെയും കൃതികൾ ഗുണദോഷ സമ്മിശ്രമാകാം. പണ്ഡിതോചിതമായ നിരൂപണംകൊണ്ടേ അവയിലെ നന്മതിന്മകൾ തെളിഞ്ഞുകാണുകയുള്ളൂ. അതു കൊണ്ടു വിവേകികളും വിശാലഹൃദയരുമായ സാഹിത്യകാരന്മാർ ഉത്തമനിരൂപകന്മാരുടെ നേരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയില്ല. പ്രകടിപ്പിച്ചാൽ അതു് അതിന്റെ ഉല്പത്തിസ്ഥാനത്തേയ്ക്കുതന്നെ തിരിഞ്ഞടിക്കയും ചെയ്യും. ഏതു സാഹിത്യത്തിലേയും നിരൂപണചരിത്രം ഇതു തെളിയിക്കുന്നുണ്ടു്.

ഇവിടെ ഉത്തമൻ, നല്ലവൻ എന്നൊക്കെ നിരൂപകനെ വിശേഷിപ്പിക്കുന്നതു കരുതലോടുകൂടിത്തന്നെയാണു്. കമ്പും കണയുമില്ലാതെ ആരെപ്പറ്റിയും ഏതിനെപ്പറ്റിയും എന്തും എഴുതിവിടുന്ന മുറിക്കുന്തക്കാർ ധാരാളമുണ്ടു് നമ്മുടെയിടയിൽ. വേണ്ടത്ര വിജ്ഞാനമോ വിവേകമോ സഹൃദയത്വമോ ഇല്ലാത്ത അക്കൂട്ടരെ ഇവിടെ പരിഗണിക്കേണ്ടതില്ല. നല്ലൊരു നിരൂപകൻ നല്ലൊരു പണ്ഡിതനായിരുന്നാൽമാത്രം പോരാ, സഹൃദയനുമായിരിക്കണം. എന്നാലും യോഗ്യത തികയുകയില്ല. ശാസ്ത്രീയമായ ഒരു മനോഭാവംകൂടി അയാൾക്കുണ്ടായിരിക്കണം. യുക്തിയുക്തമായി ചിന്തിക്കാനും ആളെ നോക്കാതെ വിഷയം നോക്കി വൈകാരികപ്രവണതകൾക്കു കീഴടങ്ങാതിരിക്കാനും ശാസ്ത്രീയ മനസ്സിനേ സാധിക്കൂ. കുറെ പ്രയാസമുള്ള കാര്യമാണെങ്കിലും കഴിയുന്നിടത്തോളം വസ്തുനിഷ്ഠത പാലിക്കാൻ നിരൂപകൻ ശ്രദ്ധിക്കണം. വാസ്തവത്തിൽ അതാണു് നിഷ്പക്ഷതയെന്നു പറയുന്നതു്. അവികലമായ നിരൂപണത്തിനു് അതു് അത്യന്താപേക്ഷിതമാണു്. ആത്മനിഷ്ഠമായ പ്രതികരണങ്ങളിൽനിന്നു തീരെ ഒഴിഞ്ഞുമാറാൻ ഒരു നിരൂപകനും കഴിയുകയില്ലെന്നു സമ്മതിക്കാം. എന്നുവെച്ചു് ഇതിന്മേൽ പിടിച്ചുകൊണ്ടു നിഷ്പക്ഷമായ നിരൂപണം എന്നൊന്നില്ല എന്നു വാദിക്കുന്നതു് ഒരുതരം തലനാരുകീറലാണു്. വാദത്തിനുവേണ്ടി വാദിക്കുകമാത്രമാണതു്. ഗുണമുള്ളിടത്തു് അതു കാണാതിരിക്കുക, ദോഷമില്ലാത്തിടത്തു് അതു കാണുക, നേരെമറിച്ചും പ്രവർത്തിക്കുക എന്നുവരുമ്പോൾ നിരൂപണം പക്ഷപാതജടിലമാകും. പ്രസ്തുത ദോഷം പരിവർജ്ജ്യമെന്നേ നിഷ്പക്ഷതകൊണ്ടും സാധാരണ ഉദ്ദേശിക്കപ്പെടുന്നുള്ളു. അതുപോലും സാധ്യമല്ലെന്നു് ആരും പറകയില്ലല്ലോ. ഇനി നിരൂപകന്റെ പാണ്ഡിത്യം സഹൃദയത്വം എന്നിവയെപ്പറ്റിയും അല്പം ചിന്തിക്കാം. പണ്ഡിതൻ എന്നു പറഞ്ഞാൽ സംസ്കൃതപണ്ഡിതൻ എന്നുമാത്രമല്ല അർത്ഥം. മലയാളത്തിലെ സാഹിത്യനിരൂപകനു സംസ്കൃതപാണ്ഡിത്യം ആവശ്യംതന്നെ. പക്ഷേ, അതു കൊണ്ടുമാത്രമായില്ല. ആംഗലസാഹിത്യപരിജ്ഞാനം അയാൾക്കു കൂടിയേ കഴിയൂ. ആധുനിക നിരൂപണപ്രസ്ഥാനത്തിന്റെ ആഗമംതന്നെ ആംഗലസാഹിത്യത്തിൽനിന്നാണല്ലോ. നിരൂപകനു് അവശ്യം വേണ്ടതായ മറ്റൊന്നുണ്ടു്—പൊതുവിജ്ഞാനം. അതു നേടുന്നതിനും ഇംഗ്ലീഷ് ഭാഷാജ്ഞാനം കൂടുതൽ സഹായകമാകും. കുറെ സാഹിത്യം മാത്രം പരിശീലിച്ചു്, ഇതരവിഷയങ്ങളെപ്പറ്റി ഒരു ബോധവുമില്ലാതെ നിരൂപണത്തിനു പുറപ്പെട്ടാൽ അതു് അവതാളത്തിലാകും. സാമൂഹ്യശാസ്ത്രം, രാജ്യതന്ത്രം, മനഃശാസ്ത്രം, ലോകചരിത്രം ഇത്യാദി വിഷയങ്ങളിൽ ഒരു സാമാന്യജ്ഞാനമെങ്കിലും നിരൂപകൻ നേടേണ്ടതുണ്ടു്. സാഹിത്യത്തിലെ പ്രതിപാദ്യം, കഥാപാത്രങ്ങൾ, ജീവിതവീക്ഷണം മുതലായവയെ നിരൂപണം ചെയ്യുന്നതിന്നു് ഇത്തരം വിജ്ഞാനം ബഹുധാ പ്രയോജനപ്പെടും. ഇതിലും പ്രധാനമാണു് സഹൃദയത്വം. പാണ്ഡിത്യഭാണ്ഡം എത്ര വമ്പിച്ചതായാലും അതിൽ എന്തെല്ലാം സംഭരിച്ചാലും സഹൃദയനല്ലെങ്കിൽ നിരൂപകൻ കാടുകയറുമെന്നുതന്നെ പറയണം. ഒരു സാഹിത്യസൃഷ്ടിയുടെ ഒന്നാമത്തെ മാനദണ്ഡം അതാസ്വാദ്യമാണോ എന്നതാണു്. ആസ്വാദ്യത അല്ലെങ്കിൽ രസനീയത—അതില്ലെങ്കിൽ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായാലും ഒരു കൃതി വിലപ്പോകയില്ല. അതുകൊണ്ടു രസപരമായ വിചാരം നിരൂപകന്റെ പ്രധാന കൃത്യമാണു്. അയാൾ അരസികനായാൽ അതിൽ തോൽവി പറ്റുമെന്നു് പറയേണ്ടതില്ലല്ലോ. സഹൃദയനല്ലാത്ത പണ്ഡിതന്റെ സാഹിത്യനിരൂപണം കേവലം സാങ്കേതികവും അതുകൊണ്ടുതന്നെ ശുഷ്കവും അപൂർണ്ണവുമായിപ്പോകും. ഇതിനു നമ്മുടെ മലയാളത്തിൽ ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ടു്. സാങ്കേതിക വിചാരത്തിനു നിരൂപണത്തിൽ സ്ഥാനമില്ലെന്നല്ല പറയുന്നതു്. അതുമാത്രമാകയോ മുഴച്ചുനിൽക്കയോ ചെയ്താൽ നിരൂപണം നിർജ്ജീവമാകുമെന്നു് ചുരുക്കം.

സാഹിത്യത്തിന്റെ നിലനിൽപ്പിനും വികാസത്തിനും നിരൂപണം ആവശ്യമാണു്. ജനസാമാന്യത്തിന്റെ സാഹിത്യാഭിരുചിയും ആസ്വാദനശക്തിയും വളർത്തിക്കൊണ്ടു വരേണ്ടതും സംസ്കരിക്കേണ്ടതും നിരൂപകന്റെ ധർമ്മമാകുന്നു. ആസ്വദിക്കാൻ ആളില്ലെങ്കിൽ സാഹിത്യത്തിനു നിലനിൽപ്പെവിടെ? നിരൂപകന്മാരുടെയും വ്യാഖ്യാതാക്കന്മാരുടെയും—അവരും ഒരുതരം നിരൂപകന്മാരാണല്ലോ—വചോവിലാസത്തിലല്ലേ ഷേക്സ്പീയരു ടെയും കാളിദാസന്റെയും മറ്റും മഹിമാതിരേകം പ്രത്യക്ഷപ്പെടുന്നതു്? സാഹിത്യകൃതികളെ തരംതിരിച്ചു വില കൽപിക്കാനും അവയുടെ സ്വാരസ്യം വിശദീകരിക്കാനും നിരൂപകൻ ചുമതലപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിനു പുസ്തകങ്ങൾ പുറത്തുവരുമ്പോൾ വായനക്കാരുടെ ഗുണദോഷവിവേചനശക്തിയെ നിരൂപകനാണു് വേണ്ടവഴിക്കു തിരിച്ചുവിടേണ്ടതു്. ‘വിലമതിക്കാനുള്ള ശക്തിയിലാണു് എല്ലാ ജ്ഞാനവും അടങ്ങിയിരിക്കുന്നതു്’ (All wisdom consists in the power of valuation) എന്നു ബർണാഡ് ഷാ അഭിപ്രായപ്പെട്ടിട്ടുണ്ടു്. നിരൂപണത്തിന്റെ അടിസ്ഥാനം ഈ മൂല്യനിർണ്ണയശക്തിയത്രേ. നിരൂപകൻ അതു ശരിയായി പ്രയോഗിക്കേണ്ട ഒരു കാലഘട്ടമാണിതു്. വസ്തുതയും പ്രചാരണവും (Propaganda) തിരിച്ചറിയുക എന്നതു സാഹിത്യത്തിലും വേണമെന്നു വന്നിരിക്കുന്നു. ഒന്നിനുംകൊള്ളാത്തതു് ഒന്നാംതരമാക്കിക്കാണിക്കുന്ന ജാലവിദ്യ അതിലും ഇപ്പോൾ കടന്നുകൂടിയിട്ടുണ്ടു്. നാലുപേരെക്കൊണ്ടു നല്ലതെന്നു പറയിച്ചാൽ ഏതു പുസ്തകവും വാങ്ങാനാളുണ്ടാകും. കച്ചവടലാഭം കണക്കാക്കിയുള്ള ഇത്തരം പ്രചരണതന്ത്രത്തിൽപ്പെട്ടു വായനക്കാർ വിഭ്രമിക്കുമ്പോൾ അവർക്കു വഴിതെളിച്ചുകൊടുക്കാൻ നല്ല നിരൂപകൻതന്നെ വേണം. ദുഷ്കൃതികളുടെ ബഹിഷ്കരണത്തിനു് അയാൾ തന്റെ തൂലികയുടെ സകല കഴിവും വിനിയോഗിക്കണം. ഖണ്ഡനപരമായ നിരൂപണത്തിന്റെ ആഘാതമേൽക്കുമ്പോൾ കവികളും ഗ്രന്ഥകാരന്മാരും കോപിക്കേണ്ടതില്ല. അതു് അവർക്കു ഗുണമേ ചെയ്യു. വൈതാളികരുടെ സ്തുതിഗീതമാണു് അവർക്കു ദോഷം ചെയ്യുന്നതു്. ഉത്തമഗ്രന്ഥകാരൻ മുഖസ്തുതി ഇഷ്ടപ്പെടുകയില്ല. ‘ഒരു ഗ്രന്ഥകാരന്റെ സയുക്തികമായ അഭിമാനം വകതിരിവില്ലാത്തെ പ്രശംസകൊണ്ടു് ആഹ്ലാദമത്തമാകുകയല്ല, ക്ഷതപ്പെടുകയാണു് ചെയ്യുന്നതു്’ (The rational pride of an author may be offended rather than flattered by vague indiscriminate praise) എന്നു് ഗിബ്ബൺ പറയുന്നതു നോക്കുക. നമ്മുടെ സാഹിത്യകാരന്മാരിൽ എത്ര പേരുണ്ടു് ഈ മനഃസ്ഥിതിയുള്ളവർ? പ്രതികൂലവിമർശം സഹിക്കാത്തവരാണു് വളരെപ്പേരും.

മലയാളത്തിലെ നിരൂപണശാഖയ്ക്കു കനപ്പെട്ട സംഭാവനകൾ നല്കിയിട്ടുള്ള മുണ്ടശ്ശേരി ഈയവസരത്തിൽ പ്രത്യേകം സ്മർത്തവ്യനാകുന്നു. കഴിഞ്ഞ കാലത്തിലേയ്ക്കു തിരിഞ്ഞുനോക്കാവുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കയാണല്ലോ അദ്ദേഹം. മുണ്ടശ്ശേരിയെപ്പറ്റി പറയുമ്പോൾ ആംഗലസാഹിത്യത്തിലെ നിരൂപകമല്ലനായ ഡോക്ടർ ജോൺസനെ യാണു് ഓർമ്മവരുക. ഇന്ദ്രനേയും ചന്ദ്രനേയും കൂസാതെ തികഞ്ഞ നെഞ്ഞൂക്കോടും തന്റേടത്തോടുംകൂടി നിരൂപണദൃഷ്ടിയുമേന്തി സ്വന്തം മാർഗ്ഗത്തിൽ സ്വതന്ത്രസഞ്ചാരം ചെയ്യുന്ന ശീലം രണ്ടുപേർക്കുമുണ്ടു്. മാർദ്ദവം, ആർജ്ജവം എന്ന രണ്ടു ഗുണങ്ങളും വേണം നല്ല നിരൂപണത്തിനു്. ആദ്യത്തേതു് രണ്ടുപേർക്കും കുറവാണു്. ആ കുറവു് തീർക്കാൻ രണ്ടാമത്തേതു ധാരാളമുണ്ടുതാനും. ഉള്ളിൽക്കൊണ്ടതേ രണ്ടുപേരും പറയൂ. ഈ സാദൃശ്യചിന്ത തല്ക്കാലം നിർത്തട്ടെ. വിസ്തരിച്ചൊരു പഠനത്തിനു സമയമായിട്ടില്ല. നമ്മുടെ നിരൂപണസാഹിത്യത്തിൽ ഗതാനുഗതികത്വം അവസാനിപ്പിച്ചു പുതിയൊരു കാഴ്ചപ്പാടു് അവതരിപ്പിക്കുവാൻ മുണ്ടശ്ശേരിക്കു കഴിഞ്ഞിട്ടുണ്ടു്. രാജരാജൻ പതുക്കെ ഒന്നൂതിവെച്ച പരിവർത്തനകാഹളം മുണ്ടശ്ശേരി എടുത്തു മുഴക്കി ദിഗന്തങ്ങളിൽ മാറ്റൊലിക്കൊള്ളിച്ചു. ഉല്പതിഷ്ണുവായിരുന്ന ആ തമ്പുരാനെ ശരിക്കു വിലയിരുത്താൻ ഈ പ്രൊഫസ്സർക്കേ കഴിവുണ്ടായുള്ളൂ. കലയെന്നാൽ എന്താണെന്ന പ്രശ്നത്തെ ആസ്പദമാക്കിയും ചരിത്രപശ്ചാത്തലത്തിൽ സാമൂഹ്യപരിവർത്തനങ്ങളേയും കാലികപ്രവണതകളേയും കണക്കിലെടുത്തും മനുഷ്യജീവിതത്തിനു സർവ്വപ്രാധാന്യം നൽകിയും പുരോഗതിയുടെ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാതെ നടത്തുന്ന നിരൂപണമാണു് മുണ്ടശ്ശേരിയുടേതു്. ഈ രീതിയിൽ സമഗ്രദർശനമുൾക്കൊളളുന്ന സാഹിത്യനിരൂപണം മലയാളത്തിൽ അപൂർവ്വമാണു്. മറ്റനേകം നിലകളിൽ ഈ പ്രതിഭാശാലി പ്രശസ്തിയാർജ്ജിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിലെ നിരൂപകനാണു് അത്യുന്നതൻ.
(മാനസോല്ലാസം—1962.)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971