‘ഐക്യകേരളനഗരി’യുടെ ഗോപുരദ്വാരത്തിൽ പരശുരാമൻ മഴുവേന്തി നില്ക്കുന്ന ഒരു ചിത്രം നാട്ടിയിട്ടുണ്ടെന്നു് പത്രങ്ങളിൽനിന്നറിയുന്നു. സമ്മേളനപ്രവർത്തകന്മാർ ഈ ചിത്രംകൊണ്ടുദ്ദേശിച്ചിട്ടുള്ളതെന്താണെന്നു് ഒന്നു് വിശദീകരിച്ചാൽ കൊളളാം. ഇരുപത്തൊന്നു വട്ടം ക്ഷത്രിയരാജാക്കന്മാരെ കൊന്ന പാപം തീരാൻവേണ്ടി, സമുദ്രത്തിൽ മഴുവെറിഞ്ഞു് കേരളം സൃഷ്ടിച്ചു് ബ്രാഹ്മണർക്കു് ദാനം ചെയ്തു എന്നതാണല്ലോ പരശുരാമചരിത്രത്തിന്റെ ചുരുക്കം. ഈ മുത്തശ്ശിക്കഥയ്ക്കു് പ്രവർത്തകന്മാർ വല്ല പ്രാധാന്യവും കല്പിക്കുന്നുണ്ടോ? ഭാവിയിലെ സംയുക്ത കേരളസൃഷ്ടിക്കു് പ്രചോദനം നൽകുന്ന എന്തെങ്കിലും ഈ കഥയിലോ രാമന്റെ ചിത്രത്തിലോ അടങ്ങിയിട്ടുണ്ടോ? ഏതായാലും ഈ ഇരുപതാം നൂറ്റാണ്ടിലും ഇത്തരം കെട്ടുകഥകളുടെ ശവപ്പെട്ടികൾ ചുമന്നുകൊണ്ടുനടന്നു് പ്രദർശിപ്പിക്കുവാൻ തുടങ്ങിയാൽ അതുകണ്ടു് സഹിച്ചുനിൽക്കുവാൻ അധികംപേരുണ്ടാകുമെന്നു് തോന്നുന്നില്ല. അന്ധവിശ്വാസത്തിന്റെയും അടിമത്തത്തിന്റെയും ഒരു കരിങ്കൊടിയായിട്ടേ ഈ ചിത്രത്തെ സ്വാതന്ത്ര്യേച്ഛുക്കൾ വീക്ഷിക്കുകയുള്ളു. പരശുരാമചരിത്രത്തിനു് ഇന്നു് എന്തെങ്കിലും പ്രാധാന്യം കല്പിക്കുന്നപക്ഷം അതോടുകൂടി, മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ആധുനിക വിജ്ഞാനത്തിന്റെയും മുഖത്തു് കരിതേക്കുന്ന പലതും അംഗീകരിക്കേണ്ടിവരും. എന്തെല്ലാമാണു് ഈ കഥയിൽ അടങ്ങിയിരിക്കുന്നതെന്നു് നോക്കുക:
- ഒരു മഴുവെറിഞ്ഞു് കടൽ വറ്റിച്ചു് കരയുണ്ടാക്കത്തക്ക ദിവ്യശക്തിയുള്ള ഒരു ബ്രാഹ്മണൻ ഇന്ത്യയിൽ ജീവിച്ചിരുന്നു.
- ദാതാവിൽനിന്നുള്ള അവകാശമുറയ്ക്കു് കേരളം മുഴുവൻ ബ്രഹ്മണരുടെ വകയാണു്.
- പാപംചെയ്താൽ അതു് തീരുന്നതിനു് ബ്രാഹ്മണർക്കു് ദാനം ചെയ്താൽ മതി.
- വധം എത്ര തവണ നടത്തിയാലും ഇത്തരം ബ്രാഹ്മണദാനംകൊണ്ടു് സമാധാനിക്കാം.
- ഏറ്റവും കൂടുതൽ ജാതിശ്രേഷ്ഠതയും ജീവിതമഹത്ത്വവും ബ്രാഹ്മണനുതന്നെ.
- ഭൂമി മുഴുവൻ ബ്രാഹ്മണരുടെ വകയായതിനാൽ ഇതര ജാതികളെല്ലാം അവരുടെ കുടിയാന്മാരാണു്.
- അതേകാരണത്താൽത്തന്നെ ഭരണാധികാരികളും ബ്രാഹ്മണരാണു്.
ഇന്നു് തൃശൂർനഗരിയിൽവെച്ചു് ‘ഐക്യകേരളമഹാമഹം’ ഘോഷിക്കുന്നവർ എത്രപേർ മേൽക്കാണിച്ചവയിലെല്ലാം വിശ്വസിക്കുന്നവരായുണ്ടു്? ഈ വക അന്ധവിശ്വാസങ്ങൾ കേരളീയരെ വിശേഷിച്ചു് ഹിന്ദുക്കളെ, എത്രത്തോളം അധഃപതിപ്പിച്ചുവെന്നും ഏതെല്ലാം വിധത്തിൽ അവരെ ബ്രാഹ്മണദാസന്മാരാക്കിത്തീർത്തുവെന്നും ആലോചിച്ചുനോക്കേണ്ടതാണു്. ജുഗുപ്സാവഹമായ ബ്രാഹ്മണദാസ്യം സവർണഹിന്ദുക്കളുടെ രക്തത്തിൽ കൂടിക്കലർന്നു് കറപിടിക്കത്തക്കവിധം എത്രയെത്ര ആചാരക്രമങ്ങളും അന്ധവിശ്വാസങ്ങളും നൂറ്റാണ്ടു നൂറ്റാണ്ടുകളായി നിലനിന്നുപോന്നു. ബ്രാഹ്മണർക്കു് ദാനംചെയ്യുക എന്ന ഒരൊറ്റ അന്ധാചാരംകൊണ്ടുതന്നെ എത്ര ലക്ഷം രൂപ സവർണഹിന്ദുക്കൾക്കു് നഷ്ടം വന്നിട്ടുണ്ടു്! ഇപ്പോഴും ഈ വിഡ്ഢിത്തം ആചരിച്ചുവരുന്നില്ലേ? ബ്രാഹ്മണന്റെ ജന്മിത്വം ഈ പരശുരാമകഥയിൽനിന്നു് ഉത്ഭവിച്ചതാണെല്ലൊ. അതിന്മേൽ കെട്ടിപ്പടുത്ത സാമ്പത്തികവ്യവസ്ഥ എത്ര ലക്ഷം കേരളീയരെ ചൂഷണപാത്രങ്ങളാക്കിത്തീർത്തു! ഇന്നും അവർക്കു് ഈ സാമ്പത്തികചൂഷണത്തിൽനിന്നു് മോചനം ലഭിച്ചിട്ടുണ്ടോ?
‘ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം’ എന്ന മുദ്രാവാക്യത്തിന്മേലാണു് ഇക്കാലത്തും ഹിന്ദുരാജാക്കന്മാർ ചെങ്കോലു് കൈയിലെടുക്കുന്നതു്. ബ്രാഹ്മണർക്കു് ശുഭം ഭവിക്കണം, അവർക്കു് പാലും വെണ്ണയും കൊടുക്കുന്ന പശുക്കൾക്കും—മറ്റുള്ളവരുടെ കാര്യം എങ്ങനെയുമിരിക്കട്ടെ! നോക്കുക, ബ്രാഹ്മണപ്രാമാണ്യം എവിടംവരെ വേരൂന്നിയിരിക്കുന്നുവെന്നു്! കേരളീയജീവിതത്തിന്റെ സകലവശങ്ങളിലും അതിന്റെ കരിനിഴൽ കാണുന്നില്ലേ? സവർണ ഹിന്ദുക്കളുടെ ‘സബ്കോൺഷ്യസിൽ’ കുടികൊള്ളുന്ന ബ്രാഹ്മണദാസ്യം തല പൊക്കിയതാണു് വാസ്തവത്തിൽ ഈ പരശുരാമചിത്രം. അതു് അവർക്കുതന്നെ അപമാനകരമായ ഒരു അടിമത്തക്കൊടിയാകുന്നു. ആ സ്ഥിതിക്കു് അവർണരുടെ കഥ പറയാനില്ലല്ലോ. ഒരുനിമിഷംപോലും അതവർക്കു് സഹ്യമായിത്തീരുന്നതല്ല. ആറേഴുകോടി അധഃകൃതരെ സൃഷ്ടിച്ച ജാതിപ്പിശാചിന്റെ മുഖചിത്രമാണല്ലൊ അതു്. ഹിന്ദുക്കളുടെ കാര്യമിങ്ങനെ. ഇനി മറ്റൊരു വശം ആലോചിക്കുക. കേരളീയർ എന്നു് പറഞ്ഞാൽ ഹിന്ദുക്കൾ മാത്രമാണോ? ഇതരമതസ്ഥരെ സംബന്ധിച്ചിടത്തോളം ഈ പരശുരാമചിത്രത്തിനു് ഏതൊരു വിലയാണുള്ളതു്? ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ജൂതർ തുടങ്ങിയ മറ്റു് സമുദായക്കാർക്കും സംയുക്തകേരളത്തിൽ തുല്യസ്ഥാനമില്ലേ? ജാതിഭേദമെന്യേ സർവകേരളീയർക്കുംവേണ്ടി നടത്തപ്പെടുന്ന ഒരു സംയുക്ത കേരള കോൺഫ്രൻസിന്റെ മുമ്പിൽ ഭൂമി മുഴുവൻ ബ്രാഹ്മണന്റേതെന്നു് അനുസ്മരിപ്പിക്കുന്ന ഹിന്ദുമതസൃഷ്ടിയായ ഒരു ബ്രാഹ്മണൻ ആയുധവും ഭേസി നില്ക്കുന്നതിന്റെ ഔചിത്യം ചിന്തനീയമായിരിക്കുന്നു.
ഭിന്നമതസ്ഥർ തമ്മിൽ സൗഹാർദ്ദം വർദ്ധിപ്പിക്കുന്നതിനല്ല ഇത്തരം ചിത്രങ്ങൾ ഉപകരിക്കുക. നേരെമറിച്ചു് കലഹത്തിനും മാത്സര്യത്തിനും അവ വിത്തു് പാകിയേക്കും. ഈ ചിത്രത്തിനു് ഒരു പുതിയ വ്യാഖ്യാനം കൊടുത്തു് ആധുനികാദർശത്തോടു് യോജിപ്പിക്കാൻ ചിലർ പണിപ്പെട്ടേക്കാം. പക്ഷേ, നിലവിലിരിക്കുന്ന സാധാരണാർത്ഥത്തിലേ എന്തും സാമാന്യ ജനങ്ങൾ ധരിക്കുകയുള്ളു എന്നവർ മനസ്സിലാക്കണം. ശതാബ്ദങ്ങളായി അടിയുറച്ചുനിൽക്കുന്ന അർത്ഥവിചാരത്തേയും വിശ്വാസഗതിയേയും ഒരു പുതിയ വ്യാഖ്യാനംകൊണ്ടു് തള്ളിമാറ്റുക സാദ്ധ്യമല്ല. വർണാശ്രമവ്യവസ്ഥയേയും രാമനാമത്തേയും പുതിയ രീതിയിൽ വ്യാഖ്യാനിച്ചു് സർവമതൈക്യത്തിനും ഹിന്ദു–മുസ്ലീം മൈത്രിക്കും പണിപ്പെട്ട മഹാത്മാഗാന്ധി ദയനീയമായവിധം പരാജയമടയുന്നതു് കാണുന്നില്ലേ? ഇരുപത്തഞ്ചുകൊല്ലം അദ്ദേഹം ഈ അപകടംപിടിച്ച വഴിയിൽക്കൂടെ സഞ്ചരിച്ചതിന്റെ ഫലമായി ഇന്നു് ഉത്തരേന്ത്യയിൽ ചോരപ്പുഴയൊഴുകുകയല്ലേ ചെയ്യുന്നതു്? മതം അതിന്റെ സാധാരണ അർത്ഥത്തിലും ആചാരത്തിലും ഒരു കൂട്ടഭ്രാന്തായി (Collective insanity) പരിണമിക്കും. അതിളക്കിവിടുവാൻ മാത്രമേ ഗാന്ധിജി യുടെ യത്നം ഉപകരിച്ചുള്ളു. പുതിയപുതിയ നാമങ്ങളിലും രൂപങ്ങളിലും ആർഷസംസ്കാരം കുത്തിപ്പൊക്കുന്നവർ മനുഷ്യസമുദായത്തിൽ മങ്ങിക്കിടക്കുന്ന മതഭ്രാന്തിനു് വളംവെച്ചുകൊടുക്കുകയാണു് ചെയ്യുന്നതെന്നു് പ്രത്യേകം ഓർമിക്കണം. പരശുരാമചരിത്രംപോലെയുള്ള ഭൂതകാലഭൂതങ്ങളെ പ്രദർശിപ്പിക്കുന്നതുകൊണ്ടും ഇത്തരം ദുഷ്ഫലങ്ങൾ സംജാതമയേക്കും. ഇപ്പോൾത്തന്നെ പത്രരംഗങ്ങളിൽ തത്സംബന്ധമായി അഭിപ്രായസംഘട്ടനങ്ങൾ നടക്കുന്നുണ്ടെന്നാണു് തോന്നുന്നതു്. ഒന്നേകാൽക്കോടി മലയാളികൾ സാഹോദര്യത്തിൽ സംഘടിക്കുന്നതിനു് പ്രേരകമാകുന്നവ മാത്രമേ പ്രദർശിപ്പിക്കാവൂ. കേരളത്തിലെ ബ്രാഹ്മണദാസ്യത്തേയും മതാന്ധതയേയും വിളംബരംചെയ്യുന്ന ഈ പരശുരാമചിത്രം കഴിയുന്നവേഗത്തിൽ തൽസ്ഥാനത്തുനിന്നു് നീക്കംചെയ്യേണ്ടതാകുന്നു. ഇരുപത്തൊന്നുവട്ടം കൊലപാതകം നടത്തിയ ഒരാളുടെ ചിത്രം അഹിംസാവ്രതക്കാരായ ഗാന്ധിഭക്തന്മാർ എങ്ങനെ നോക്കിക്കണ്ടു് നിൽക്കുന്നു എന്നറിയുന്നതും രസാവഹമായിരിക്കും. അവരാണല്ലൊ ഐക്യ കേരളത്തിന്റെ കാഹളമൂതുന്നവരിൽ പ്രമാണികൾ. കോൺഫ്രൻസ് ഉദ്ഘാടനംചെയ്യാൻ എഴുന്നള്ളുന്ന കൊച്ചി മഹാരാജാവു് ആദ്യമായി തൃക്കൺപാർക്കുന്നതു് ഈ ക്ഷത്രിയകുലാന്തകനെയാണെന്നുള്ളതും ബഹുനേരമ്പോക്കായിരിക്കുന്നു.
(യുക്തിവിഹാരം 1947)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971