സ്ത്രീകൾ ഇന്നും പുരുഷന്മാരുടെ അടിമകളായിത്തന്നെ കഴിഞ്ഞുകൂടുന്നു എന്നു പറഞ്ഞാൽ ചില സഹോദരിമാർ ശുണ്ഠിയെടുത്തേക്കാം. എന്നാൽ, സത്യസ്ഥിതി അതാണെന്നു് ക്ഷമയോടെ ആലോചിച്ചാൽ സമ്മതിക്കേണ്ടിവരും. സ്ത്രീകൾക്കു് സ്വാതന്ത്ര്യം കൊടുക്കേണ്ടതാണെന്നുള്ള ആശയം പരിഷ്കൃതരാജ്യങ്ങളിലെല്ലാം സ്വീകരിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ, അതു് എത്രമാത്രം നടപ്പിൽ വന്നിട്ടുണ്ടു്? സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽപ്പോലും സ്ത്രീകൾ അതു് അനുഭവിക്കുന്നുണ്ടോ? അഥവാ സ്വാതന്ത്ര്യപ്രകടനത്തിനു് അവർ സന്നദ്ധരാകുന്നുണ്ടോ? നിസ്സംശയം നിഷേധരൂപത്തിൽ മറുപടി പറയാവുന്ന പ്രശ്നങ്ങളാണിവ. ഇന്നു് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചില കിരണങ്ങൾ അവിടവിടെ സ്ഫുരിക്കുന്നുണ്ടാകാം. പക്ഷേ, ലോകത്തിലെ സ്ത്രീ വർഗ്ഗത്തെ ഒട്ടാകെ കണക്കാക്കി നോക്കുമ്പോൾ ഈ സ്വാതന്ത്ര്യസ്ഫുരണം സർവത്ര വ്യാപിച്ചിരിക്കുന്ന ദാസ്യാന്ധകാരത്തിലെ ചില മിന്നാമിനുങ്ങുകൾ മാത്രമാണെന്നു് മനസ്സിലാകും.
‘വിവാഹിതരായ സ്ത്രീ ഇക്കാലത്തും പുരുഷനോടു് ബന്ധപ്പെട്ടിരിക്കുന്ന ഒരടിമപ്പെണ്ണു മാത്രമാകുന്നു. ഒരു കന്യക അവളുടെ വീട്ടിലെ തടവുകാരിയും’ എന്നു് ബർനാഡ് ഷാ അഭിപ്രായപ്പെട്ടതു് പണ്ടത്തെയല്ല, ഇപ്പോഴത്തെ സാമുദായികസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയാണല്ലോ.
അനീതികളും അക്രമങ്ങളും ഈ ലോകത്തിൽ ധാരാളം ഉണ്ടായിട്ടുണ്ടു്. അവയിലൊന്നുംതന്നെ സ്ത്രീകൾ അനുഭവിച്ചിട്ടുള്ള സാമുദായികമർദ്ദനത്തോളം കഠോരമാണെന്നു് തോന്നുന്നില്ല. പക്ഷേ, ഈ സാമുദായികമർദ്ദനം പുരുഷന്റെ വാഗ്വിലാസത്തിൽ ഒരു മധുരഗാനമായി രൂപാന്തരപ്പെട്ടു് സ്ത്രീവർഗ്ഗത്തിനു് ഗുണവർദ്ധനമായി തോന്നിപ്പോകുന്നു. പുരുഷന്റെ ഇത്തരം കപടതന്ത്രത്തിൽപ്പെട്ടു് അടിമത്തം ഒരു ആഭരണമായി ആശ്ലേഷിക്കപ്പെടുന്നു എന്നുള്ളതാണു് ഇതിനെ സംബന്ധിച്ച ഏറ്റവും ദുസ്സഹമായ ഭയങ്കരാവസ്ഥ. മനുഷ്യചരിത്രം ആരംഭിച്ച കാലംമുതൽ സ്ത്രീ പുരുഷന്റെ അടിമയാണു്. ഒരു ദേശത്തും ഒരു കാലത്തും ഈ സാമാന്യനിയമത്തിനു് വ്യത്യാസം വന്നിട്ടില്ല. ഇതുവരെ ഉണ്ടായിട്ടുള്ള സാഹിത്യം പരിശോധിച്ചുനോക്കുക! സ്ത്രീജനദാസ്യത്തെ വെള്ളയടിച്ചു് കാണിക്കുന്ന മോഹനചിത്രങ്ങളായിരിക്കും അതിലധികവും. സ്ത്രീധർമം എന്ന പേരിൽ ഉദ്ഘോഷിക്കപ്പെടുന്നതിനെയെല്ലാം ചുരുക്കം പുരുഷന്റെ പരിചര്യ എന്നു മാത്രമാണു്. കുഷ്ഠരോഗിയായ ഭർത്താവിന്റെ എച്ചിൽകൊണ്ടു് വിശപ്പടക്കി പതിഭക്തി വെളിപ്പെടുത്തുന്ന ശീലാവതിയെപ്പോലുള്ള സ്ത്രീരൂപങ്ങൾ നമ്മുടെ സാഹിത്യത്തിൽ ധാരാളമുണ്ടു്. ഇവയെല്ലാം സ്ത്രീകളെ വഞ്ചിക്കാൻ പുരുഷന്റെ സ്വാർത്ഥത സൃഷ്ടിച്ചുവിട്ടിരിക്കുന്ന അടിമത്തച്ചങ്ങലയുടെ കണ്ണികളാകുന്നു. അന്ധമായ പാതിവ്രത്യത്തെ വാനോളം വാഴ്ത്തിയാലേ പുരുഷന്റെ അസൂയ തൃപ്തിയടയുകയുള്ളു. അതേ സമയം പത്നീഭക്തി പരിപാലിക്കുവാൻ പണിപ്പെടുന്ന പുരുഷന്മാർ എത്രയെത്ര ദുർലഭം! ഗർഭിണിയായ സീതയെ കാട്ടിൻനടുവിൽ തള്ളിക്കളയാൻ മടിക്കാത്ത ശ്രീരാമൻ ഉത്തമപുരുഷനാണു്; ഗാന്ധർവവിവാഹമെന്ന പേരിൽ ശകുന്തളയുടെ കന്യാകാത്വം നശിപ്പിച്ചുകൊണ്ടു് കൊട്ടാരത്തിൽ തിരിച്ചെത്തിയശേഷം അവളെ പണ്ടു് കണ്ട ഭാവംപോലും നടിക്കാതെ പെരുമാറിയ ദുഷ്ഷന്തൻ ഉത്തമനായകനും! ഇത്തരം കഥാനായകന്മാരുടെ ഏതു് പ്രവൃത്തിയേയും സാധൂകരിക്കുന്നതിനു് പ്രമാണങ്ങളും ന്യായങ്ങളും ധാരാളം! നേരേമറിച്ചു് നായികമാർ ദാസ്യഭാവം വിട്ടു് അല്പമെങ്കിലും സ്വാതന്ത്ര്യം പ്രകടിപ്പിച്ചാൽ അതു് മഹാപരാധം! ‘ദാസ്യം സമസ്തജനഹാസ്യം’ എന്നു് കവി പാടിയിട്ടുള്ളതു് പുരുഷന്മാരെ സംബന്ധിച്ചു് മാത്രമാകുന്നു.
കവികളും തത്ത്വജ്ഞാനികളും ഒന്നുപോലെ സ്ത്രീസ്വാതന്ത്ര്യവിരോധികളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. താരതമ്യേന താണ ഒരു നിലയാണു് അവരുടെ ദൃഷ്ടിയിൽ സ്ത്രീകൾക്കുള്ളതു്. ‘പുരുഷനെ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ ദൈവത്തിനു് പറ്റിയ ഒരു തോൽവിയാണു് സ്ത്രീ’ എന്നത്രേ അരിസ്റ്റോട്ടിൽ പറയുന്നതു്. ഭഗവദ്ഗീതയിൽ സ്ത്രീകൾ ശൂദ്രരോടൊപ്പം പാപയോനികളായി തള്ളപ്പെട്ടിരിക്കുന്നു. അവർക്കു് വേദം പഠിക്കുവാൻ അധികാരമില്ല. പത്മപുരാണത്തിലും ഗാരുഡപുരാണത്തിലും സ്ത്രീകളുടെ അടിമത്തത്തെ തെളിയിക്കുന്ന പല ഭാഗങ്ങളുമുണ്ടു്.
‘സ്ത്രീധർമം മിക്കവാറും ശൂദ്രധർമത്തെപ്പോലെ’ എന്നു് എഴുത്തച്ഛനും ഭാരതത്തിൽ പാടുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ഏതു് സാഹിത്യത്തിൽ നോക്കിയാലും കണ്ടെത്തുന്നതാണു്. അടിമകളെ ജീവനില്ലാത്ത സാധനങ്ങളെപ്പോലെ കൈമാറ്റംചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്ത്രീകളെ സംബന്ധിച്ചു് ഈ നില ഇപ്പോഴും തുടർന്നുപോരുന്ന ചില അപരിഷ്കൃതരാജ്യങ്ങളുണ്ടത്രേ. ഒരു നല്ല തോക്കു് കിട്ടുകയാണെങ്കിൽ സ്വന്തം ഭാര്യയെ കൈമാറ്റം ചെയ്യുവാൻ മടിക്കാത്തവരാണു് അബ്സീനിയയിലെ ഭടന്മാരെന്നു് പറയപ്പെടുന്നു. ഇനി ഓരോ സമുദായത്തിലെയും സ്ഥിതിഗതികൾ പരിശോധിച്ചുനോക്കുക! നമ്പൂതിരിമാരുടെ അന്തർജനങ്ങൾ ഇന്നും ഇരുട്ടറയിൽ കിടന്നു് കഷ്ടപ്പെടുകയല്ലേ? അവരിൽ നാലഞ്ചുപേർ ആചാരക്കോട്ട ഭേദിച്ചു് പുറത്തുവന്നു സ്വാതന്ത്ര്യകാഹളം മുഴക്കുന്നുണ്ടെങ്കിലും അതു് എത്രത്തോളം ഫലിക്കുന്നുണ്ടു്? മുസ്ലിംസമുദായത്തിലോ? അവിടെ സ്ത്രീകൾക്കു് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യംപോലും സിദ്ധിച്ചിട്ടുണ്ടോ? കമാൽ പാഷാ യുടെ കാരുണ്യംകൊണ്ടു് ടർക്കിയിൽ മാത്രം അവർക്കു് മൂടുപടം മാറ്റി മുന്നോട്ടുപോകുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതരരാജ്യങ്ങളിലെ സ്ഥിതി എന്താണു്?
ഇപ്പോൾ വിദ്യാഭ്യാസംകൊണ്ടു് പ്രബുദ്ധരായ സ്ത്രീവർഗത്തിനു് പൂർവാധികം സ്വാതന്ത്ര്യബോധം ഉണ്ടായിട്ടുണ്ടെന്നു് നാം സാധാരണ പറയാറുണ്ടു്. പക്ഷേ, ആ സ്വാതന്ത്ര്യബോധത്തിനു് അനുസരിച്ചു് ജീവിക്കുന്നതിനുവേണ്ട സാമൂഹ്യമായ പരിവർത്തനം ഇനിയും വന്നുചേർന്നിട്ടില്ല. എല്ലാത്തരം സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം സാമ്പത്തികമായ പ്രാപ്തിയാകുന്നു. സാമ്പത്തികസ്വാതന്ത്ര്യം ലഭിക്കാത്ത കാലത്തോളം സ്ത്രീക്കു് പുരുഷന്റെ അടിമയായിത്തന്നെ ജീവിക്കേണ്ടിവരും. ഉപജീവനമാർഗ്ഗത്തിനു് പുരുഷനെ ആശ്രയിക്കേണ്ട എന്നു വന്നെങ്കിലേ സ്ത്രീക്കു് എല്ലാക്കാര്യങ്ങളിലും സമത്വവും സ്വാതന്ത്ര്യവും ലഭിക്കൂ. ഇതിലേക്കു് ആചാരക്രമങ്ങളിലും നിയമവ്യവസ്ഥകളിലും ഒരു നവീനപരിവർത്തനം അത്യാവശ്യമായിരിക്കുന്നു. ഇന്നു് റഷ്യയിൽ മാത്രമേ ഈ പരിവർത്തനം നടപ്പിൽ വന്നിട്ടുള്ളു. അവിടെ ഏതൊരു സ്ത്രീക്കും പുരുഷനോടൊപ്പം സ്വതന്ത്രമായി ജീവിക്കുവാനുള്ള മാർഗം തുറന്നിട്ടുണ്ടു്. പരിപൂർണമായ സ്ത്രീസ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നവയാണു് അവിടത്തെ നിയമവ്യവസ്ഥകൾ. നമ്മുടെ സാഹിത്യത്തിലോ സമുദായത്തിലോ പ്രത്യക്ഷപ്പെടുന്നപോലുള്ള ഒരു അബലയല്ല ഇപ്പോഴത്തെ റഷ്യൻവനിത. അവൾ സബലയാണു്. ആരെയും ആശ്രയിക്കാതെ യാതൊരു വിധമായ അപമാനത്തിനും അപവാദത്തിനും ഇരയാകാതെ സ്വന്തമായി വേലചെയ്തു് പണം സമ്പാദിച്ചു് സ്വതന്ത്രമായി ജീവിക്കുന്നതിനു് അവൾക്കു് കഴിവുണ്ടു്. അവൾക്കില്ലാത്തതായ സ്ഥാനം പുരുഷനും ഇല്ല. പുരുഷനുള്ളതൊക്കെ അവൾക്കും ഉണ്ടു്. സ്ത്രീയെന്നുള്ള കാരണത്താൽ പ്രവേശം ലഭിക്കാത്ത യാതൊരു ഡിപ്പാർട്ടുമെന്റും റഷ്യയിൽ ഇല്ല. ഒരു രാജ്യത്തിലെ സമാവകാശികളായ അംഗങ്ങളെന്ന നിലയിൽ തങ്ങൾക്കും പുരുഷന്മാരോടൊപ്പം ചില കർത്തവ്യങ്ങളുണ്ടെന്ന ബോധമാണു് റഷ്യയിലെ സ്ത്രീകളിൽ മുന്നിട്ടു് നിൽക്കുന്നതു്. പ്രായമായാൽ ഒരു ഭർത്താവു് വേണം, പ്രസവിക്കണം, കുട്ടികളെ വളർത്തണം—ഇത്രമാത്രമാണു് സ്ത്രീധർമം എന്ന മുത്തശ്ശിപ്രമാണം അവർ ദൂരത്തെറിഞ്ഞിരിക്കുന്നു. ഇതിനേക്കാൾ പ്രാധാന്യമേറിയ ചില ചുമതലകളുണ്ടെന്നും അവയുടെ നിർവഹണത്തിലാണു് സ്ത്രീശക്തി വെളിപ്പെടുത്തേണ്ടതെന്നും അവർ തെളിയിച്ചിരിക്കുന്നു. നമ്മുടെ സ്ത്രീകളുടെ നില ഇതിൽനിന്നെത്ര വ്യത്യസ്തം—‘നേരത്തെ കല്യാണം കഴിക്കുകയും നേരത്തെ മരിക്കുകയും ചെയ്യുക—ഇതാണു് ഒരു ഇന്ത്യാക്കാരന്റെ മുദ്രാവാക്യം’ എന്നു് വിദേശിയായ ഒരു ഗ്രന്ഥകാരൻ എഴുതിയിട്ടുള്ളതു് നമ്മുടെ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം തികച്ചും പരമാർത്ഥമാണെന്നു് തോന്നിപ്പോകുന്നു. വളരെ പഠിച്ചു് വലിയ ബിരുദം നേടി നല്ലൊരു ഉദ്യോഗവും സമ്പാദിച്ചു് സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകൾപോലും ഒരു ഭർത്താവിന്റെ പ്രീതിക്കുവേണ്ടി ആ ഉദ്യോഗവും നല്ല വരുമാനവും എല്ലാം കളഞ്ഞു സ്വാതന്ത്ര്യവും പണയപ്പെടുത്തി വീണ്ടും അടിമത്തത്തിലേക്കു് പോകുന്ന കാഴ്ച ഈ നാട്ടിൽ ദുർലഭമല്ല. വിവാഹം കഴിഞ്ഞാൽ പിന്നെ സ്ത്രീ ഉദ്യോഗത്തിലിരിക്കുന്നതു് ചില ഭർത്താക്കന്മാർക്കു് ഇഷ്ടമല്ലത്രേ! അതേ, ആഹാരത്തിനും വസ്ത്രത്തിനും അവനെ ആശ്രയിച്ചില്ലെങ്കിൽ അവൾ അല്പം സ്വാതന്ത്ര്യം കാണിച്ചേക്കുമെന്നു് അവൻ ഭയപ്പെടുന്നു. അതാണു് ഈ ഇഷ്ടക്കേടിന്റെ രഹസ്യം. അടിമത്തത്തിന്റെ നീണ്ട ഒരു പാരമ്പര്യം പുറകിൽ തൂങ്ങുന്നതുകൊണ്ടു് എത്ര പഠിച്ചിട്ടും അതിൽനിന്നും വിട്ടുമാറാനുള്ള ശക്തി ആധുനികവനിതയ്ക്കു് ഉണ്ടാകുന്നില്ല. അഥവാ പഴയ ദാസ്യംതന്നെ അവൾ ഇഷ്ടപ്പെടുന്നു. ഏറെനാൾ കൂട്ടിനുള്ളിൽ അടയ്ക്കപ്പെട്ട പക്ഷി കൂടു തുറന്നുകൊടുത്തിട്ടും പുറത്തുപോകാൻ മടിക്കുന്നതുപോലെയാണിതു്. ഇംഗ്ലണ്ടിൽ സ്ത്രീകൾ സ്വതന്ത്രകളാണെന്നു് നടിക്കുന്നുണ്ടെങ്കിലും പുരുഷന്റെ തോളിൽ ചാഞ്ഞു നിൽക്കാനല്ലാതെ സ്വന്തം കാലിൽ നിവർന്നു് നിൽക്കുവാൻ അവർ ഇപ്പോഴും ധൈര്യപ്പെടുന്നില്ല. അവിടത്തെ പാർലമെന്റ് തെരഞ്ഞെടുപ്പു് ഇതിലേക്കു് നല്ലൊരു തെളിവാണു്. സ്ത്രീകൾക്കു് ഭൂരിപക്ഷമുള്ള നിയോജകമണ്ഡലങ്ങളിൽ നിൽക്കുന്ന സ്ത്രീസ്ഥാനാർത്ഥികൾ തോൽക്കുകയും തൽസ്ഥാനങ്ങളിൽ പുരുഷന്മാർ വിജയികളാകുകയും ചെയ്യാറുണ്ടു്. സ്വാതന്ത്ര്യക്കൊടി പറപ്പിച്ചു് വളരെനാൾ പ്രക്ഷോഭം നടത്തി വോട്ടവകാശം സമ്പാദിച്ചവരാണു് ഇംഗ്ലണ്ടിലെ സ്ത്രീകൾ. പക്ഷേ, തെരഞ്ഞെടുപ്പു് വരുമ്പോൾ അവർ പുരുഷശക്തിക്കധീനപ്പെട്ടു് സ്വവർഗ്ഗത്തിൽപ്പെട്ടവർക്കു് വോട്ടുചെയ്യാതെ അവരെ തോല്പിച്ചുകളയുന്നു! മുതലാളിത്തവും യാഥാസ്ഥികത്വവും നിലവിലിരിക്കുന്ന രാജ്യങ്ങളിലെല്ലാം സ്ത്രീകളുടെ അനുഭവം ഇതുതന്നെയാണു്. ചുരുക്കം പറഞ്ഞാൽ സ്ത്രീകൾക്കു് പുരുഷലോകത്തിന്റെ ചവിട്ടടിയിൽനിന്നു് വിട്ടുമാറി തനിച്ചു് ജീവിതമത്സരം നടത്തുവാനുള്ള ധൈര്യവും സാഹചര്യങ്ങളും ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നതു്. വിവാഹം, സ്വത്തവകാശം, കുടുംബവ്യവവസ്ഥ മുതലായവയെ ബാധിക്കുന്ന ജീർണാചാരങ്ങളിൽനിന്നും ക്രൂരനിയമങ്ങളിൽനിന്നും അവർക്കു് ഒന്നാമതായി മോചനം ലഭിക്കണം. സാമൂഹ്യവും രാഷ്ട്രീയവുമായ ഒരു സമൂലപരിവർത്തനം കൂടാതെ അതു് സാദ്ധ്യമല്ല.
(വിചാരവിപ്ലവം 1941)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971