നാട്ടിൽ പെരുകിവരുന്ന ഒരു മനോരോഗമാണു് മരണപ്പട്ടിണി. എതെങ്കിലും കാര്യം സാധിക്കാൻവേണ്ടി മരിക്കുന്നതുവരെ പട്ടിണികിടക്കുക. കേരളത്തിൽ ഈ സുഖക്കേടു് പണ്ടും ഉണ്ടായിരുന്നു. പ്രായോപവേശം എന്നൊരു സംസ്കൃതപ്പേരാണു് ഇതിനു് പറഞ്ഞുവരുന്നതു്. പ്രായശബ്ദത്തിനു് മരിക്കാൻ കിടക്കുക എന്നർത്ഥം. കടം കൊടുത്ത പണം തിരിച്ചുകിട്ടാൻവേണ്ടി കടക്കാരന്റെ പടിക്കൽ ചെന്നുകിടന്നു് മരണാന്തോപവാസം അനുഷ്ഠിക്കുന്ന സമ്പ്രദായം പ്രാചീനകേരളീയർക്കു് സുപരിചിതമായിരുന്നു. പ്രായോപവേശം എന്ന പ്രൗഢനാമത്തിൽ ഇതിനു് എങ്ങനെയോ ഹൈന്ദവസമുദായത്തിന്റെ അംഗീകാരവും അന്നു് സിദ്ധിച്ചിരുന്നു. കേരളീയരുടെ ഭാഗ്യത്തിനു് കാലാന്തരത്തിൽ ഈ ദുർനടപടി നാമാവശേഷമായി. എന്നാൽ, ഭാരതീയരുടെ ദൗർഭാഗ്യമെന്നു് പറയട്ടെ, അടുത്തകാലത്തു് ഭൂതകാലത്തിന്റെ ശവക്കുഴിയിൽനിന്നു് ഈ ദുരാചാരഭൂതം ഉയിർത്തെഴുന്നേറ്റു. ഇതിപ്പോൾ ആസേതുഹിമാചലം സ്വൈരജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു. ഈ ബാധോപദ്രവം കുറെ രക്തസാക്ഷികളെയും സൃഷ്ടിച്ചുകഴിഞ്ഞു. ഉത്തരേന്ത്യയിൽ ഈയിടെ പട്ടിണികൊണ്ടൊരു യുദ്ധം തന്നെ നടക്കുകയുണ്ടായി. സിക്കുകാരന്റെ പഞ്ചാബിസുബാപട്ടിണി ഒരു വശത്തും ഹൈന്ദവരുടെ ഹിന്ദുപ്പട്ടിണി മറുവശത്തും! ഇതിനിടയ്ക്കു് കേരളത്തിൽ ഏതോ ഒരു സന്ന്യാസി, സ്വയം കുഴിച്ചുമൂടുവാൻ അനുവദിക്കപ്പെടാത്തതിന്റെ പേരിൽ മരണപ്പട്ടിണി തുടങ്ങിയെന്നും അഞ്ചാറു് ദിവസം കഴിഞ്ഞപ്പോൾ പൂർവാധികം ബോധവാനായി അതിൽനിന്നു് വിരമിച്ചുവെന്നും പത്രങ്ങളിൽ കണ്ടു.
ഭക്ഷ്യക്ഷാമവും ജനപ്പെരുപ്പവുമുള്ള നമ്മുടെ നാട്ടിൽ കുറെപ്പേർ മനഃപൂർവം ആഹാരം കഴിക്കാതെ മരിക്കാൻ തുടങ്ങുകയാണെങ്കിൽ അതുകൊണ്ടു് ഒരു തരക്കേടും വരാനില്ല. അത്രയും ആളുകൾ ഭക്ഷണരംഗത്തുനിന്നു് പിൻവാങ്ങുക എന്നതു് ഒരു സാമൂഹ്യസേവനമാണു്. പക്ഷേ, ഇക്കൂട്ടരുടെ ലക്ഷ്യം അതല്ലല്ലോ. എതിർകക്ഷിയെ കൊമ്പുകുത്തിക്കണം. താൻ വരച്ചവരയിൽ നിർത്തണം—അതാണു് മരണപ്പട്ടിണിക്കാരന്റെ മർക്കടമുഷ്ടി. ഇതുകൊണ്ടു് നാട്ടിൽ പൊതുവെ ഉണ്ടാകാവുന്ന അനിഷ്ടസംഭവങ്ങളെപ്പറ്റിയോ നാശനഷ്ടങ്ങളെപ്പറ്റിയോ അയാൾ ചിന്തിക്കുന്നേയില്ല. മരണപ്പട്ടിണി ഇന്നൊരു ഫാഷനായിത്തീർന്നിരിക്കുന്നു. ദേശീയൈക്യം, നിയമപരിപാലനം, നിർമാണപരിപാടി—ഇവയ്ക്കെല്ലാംതന്നെ ഇതുകൊണ്ടു് ഹാനി സംഭവിക്കാറുണ്ടു്. ഈ ദുരവസ്ഥയ്ക്കു് ആരാണു് ഉത്തരവാദി? പൗരജീവിതത്തെ ഇത്രമാത്രം അലങ്കോലപ്പെടുത്തുന്ന ഈ മാനസികവ്യാധി വർദ്ധിച്ചുവരുന്നതെന്തുകൊണ്ടു്? ഗൗരവപൂർവ്വം ചിന്തിക്കേണ്ട കാര്യങ്ങളാണിവ. ഈയവസരത്തിൽ മഹാത്മാഗാന്ധിയെ ആരും ഓർമിച്ചുപോകും. ഉത്തരവാദിത്വത്തിൽ ഏറിയപങ്കും അദ്ദേഹത്തിനാണെന്നു് പറയാതെ നിവൃത്തിയില്ല. മണ്ണടിഞ്ഞുകിടന്നിരുന്ന ഈ കുചേഷ്ടിതം കുത്തിപ്പൊക്കിയെടുത്തു്, നിരാഹാരസത്യാഗ്രഹം എന്ന പേരിൽ ഒരു ശുദ്ധികർമ്മം നടത്തി വീണ്ടും പ്രദർശിപ്പിച്ചതു് അദ്ദേഹമാണല്ലോ. മഹാത്മാവിൽനിന്നു് ഇന്ത്യയ്ക്കു് പൈതൃകമായി ലഭിച്ച സ്വത്തു് എത്ര വിലപിടിച്ചതാണെങ്കിലും അതിലെ പ്രസ്തുതാംശം വിനാശകാരിയും സ്വസ്ഥജീവിതധ്വംസിയുമാണെന്നു് അനുഭവം വിളിച്ചുപറയുന്നുണ്ടു്. വെളുക്കാൻ തേച്ചതു് പാണ്ടായമട്ടിലാണു് ഇപ്പോൾ ഈ രോഗം രാഷ്ട്രഗാത്രത്തിൽ പ്രത്യക്ഷപ്പെടുന്നതു്. നിരാഹാരസത്യഗ്രഹത്തിനു് മഹാത്മാവു് കല്പിച്ച ആത്മീയമൂല്യം അതിനു് ഒരന്തസ്സും നിലയുമുണ്ടാക്കിത്തീർത്തു. ആത്മീയക്കസർത്തുക്കളുടെ നാടാണല്ലോ ഇന്ത്യ. എന്തു് വിഡ്ഢിത്തവും ആത്മീയതയുടെ പരിവേഷമണിഞ്ഞാൽ ഇവിടെ വിലപ്പോകുകയും ചെയ്യും. മരണപ്പട്ടിണി ജനക്കൂട്ടത്തെ ആകർഷിക്കുന്നതും ഇളക്കിവിടുന്നതും ഈ പരിവേഷം വഴിക്കാണു്.
നിരാഹാരസത്യഗ്രഹം എന്ന പേരിൽ നിരാഹാരം മാത്രമേ അർത്ഥവത്തായിട്ടുള്ളു. സത്യഗ്രഹത്തിനു് അതിലൊരു സ്ഥാനവുമില്ല. സത്യത്തിലുള്ള പിടിയാണല്ലോ സത്യഗ്രഹം. സത്യം ഏതാണെന്നു് സ്ഥാപിച്ചാലേ അതിന്മേൽ കേറിപ്പിടിക്കാനൊക്കൂ? എ-യും ബി-യും തമ്മിൽ തർക്കമുണ്ടാകുന്നുവെന്നു് കരുതുക. രണ്ടുപേരും അവരവർ പറയുന്നതു് അഥവാ വിശ്വസിക്കുന്നതു്, ശരിയെന്നു് വാദിക്കുന്നു. എ-യെ മാനസാന്തരപ്പെടുത്താൻ ബി-യും ബി-യെ മാനസാന്തരപ്പെടുത്താൻ എ-യും സത്യഗ്രഹം തുടങ്ങുമ്പോൾ സത്യം ഏതാണെന്നു് ആരു് എങ്ങനെ നിശ്ചയിക്കും? മഹാത്മാഗാന്ധി ക്കു് സത്യനിർണയത്തിനുള്ള അവസാനമാനദണ്ഡം മനസ്സാക്ഷിയുടെ കല്പനയായിരുന്നു. അതു് ഓരോരുത്തനും ഓരോ വിധമായിരിക്കുമല്ലോ. അതിലേതു് ശരിയെന്നു് എങ്ങനെ തീർച്ചപ്പെടുത്തും? വാസ്തവത്തിൽ സത്യഗ്രഹമല്ല നിരാഹാരവ്രതത്തിൽ സാധാരണ കാണുന്നതു്; ഒരുതരം ദുരാഗ്രഹമാണു്. സ്വന്തം നിലപാടു് ഉപേക്ഷിച്ചു് എ ബീ-ക്കു് വഴങ്ങിക്കൊടുക്കണമെന്നു് നിർബന്ധിക്കുന്നതു് ദുരാഗ്രഹത്തിന്റെ വകഭേദമല്ലേ?
ഇനി മറ്റൊരു വശം പരിശോധിക്കാം. നിരാഹാരസത്യഗ്രഹം അഹിംസാത്മകമായ സമരമാർഗമാണെന്നു് പറയപ്പെടുന്നുണ്ടു്. ഇതും എത്രത്തോളം ശരിയാണു്? ഹിംസയില്ലേ ഇതിലും? ബലപ്രയോഗം ഏതു് രൂപത്തിലായാലും അതിൽ ഹിംസയുണ്ടെന്നാണല്ലോ ഗാന്ധിസിദ്ധാന്തം. എതിരാളിയെ കീഴ്പ്പെടുത്തുന്നതിനുവേണ്ട ബലപ്രയോഗം ഇതിലുണ്ടു്. അതു് മാനസികമാണെന്നേയുള്ളു. മനസ്സിന്റേയോ ആത്മാവിന്റേയോ എന്തിന്റെയായാലും ബലം ബലം തന്നെ. അതു് കൂടുതലുള്ളവൻ കുറവുള്ള വ്യക്തിയെയോ സമൂഹത്തെയോ തോല്പിക്കുന്നു. ‘സർവം ബലവതഃ പഥ്യം’ എന്ന പ്രമാണം ഇവിടെയും പ്രവർത്തിക്കുന്നുണ്ടു്. മാത്രമല്ല, ഈ അദൃശ്യശക്തിയുടെ വ്യാപാരം അപഥത്തിലാകുമ്പോൾ ഭൗതികബലപ്രയോഗത്തേക്കാളധികം ആപല്കരമായിത്തീരുകയും ചെയ്യും. അതുകൊണ്ടു് അഹിംസയുടെ പേരിലും ഇതു് സാധൂകരിക്കപ്പെടാവുന്നതല്ല.
നിരാഹാരവ്രതം ഒരുതരം ചൂഷണവിദ്യയാണെന്നും പറയേണ്ടിയിരിക്കുന്നു. ആത്മീയതയുടെ പരിവേഷത്തിൽ ഭ്രമിച്ചു് പട്ടിണിക്കാരന്റെ മുമ്പിൽ ജനങ്ങൾ കൂട്ടംകൂടും. മന്ത്രോച്ചാരണം, മതഗ്രന്ഥപാരായണം, ഭജനപ്പാട്ടു് മുതലായ ‘തക്കിടി’കൾകൊണ്ടു് അവിടെ മതപരമായ ഒരന്തരീക്ഷം സംജാതമാകും. അതോടെ ജനങ്ങളുടെ മതവികാരങ്ങൾ ഇളകിമറിയും. ഇങ്ങനെ ജനക്കൂട്ടത്തിന്റെ മാനസികദൗർബല്യത്തെ ചൂഷണം ചെയ്തിട്ടാണു് പട്ടിണിക്കാരൻ പരിശുദ്ധാത്മാവായ ഒരു ‘ഹീറോ’ ആയിത്തീരുന്നതു്. ഇതു് സാമ്പത്തികചൂഷണത്തെക്കാളേറെ നികൃഷ്ടവും ദുഷ്ടവുമാകുന്നു. പണംവെച്ചു് പകിടകളിക്കുന്നതു് ശിക്ഷാർഹമായ കുറ്റമാണെങ്കിൽ ഇതു് അതിനെക്കാളേറെ കടുത്ത കുറ്റമല്ലേ?
പീഡാനുഭവം സ്വയം ഏറ്റെടുത്തു് രസിക്കയും അതുവഴി അന്യരെ വിഷമിപ്പിക്കയും ചെയ്യുന്ന ഒരു സ്വഭാവവിശേഷം മനുഷ്യനിൽ ലീനമായിട്ടുണ്ടു്. ഇതിനാണു് ‘മാസോക്കിസം’ എന്നു് മനഃശാസ്ത്രകാരന്മാർ പറയുന്നതു്. ഇതിനു് വിപരീതമായിട്ടുള്ള പരപീഡനരസമാണു് ‘സാഡിസം.’ ചില മനുഷ്യരിൽ ആദ്യത്തേതു് പ്രബലീഭവിച്ചു് പ്രവർത്തിക്കുന്നു. മരണപ്പട്ടിണിക്കാർ ഇക്കൂട്ടത്തിൽപ്പെട്ടവരാണു്. മാസോക്കിസത്തിന്റെ ഒരു പ്രകടമാണു് മരണാന്തോപവാസം. ഗാന്ധിജി വലിയ മാസോക്കിസ്റ്റായിരുന്നുവെന്നു് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ടു്.
ഏതായാലും ഇത്തരം പട്ടിണിയിൽ ത്യാഗത്തിന്റെയോ ധീരതയുടെയോ യാതൊരു ലക്ഷണവുമില്ല. മൗഢ്യവും ശാഠ്യവും ആഢ്യതാനാട്യവുമാണു് അതിൽ പ്രതിഫലിക്കുന്നതു്. പണ്ഡിറ്റ് നെഹ്റു വിനു് അതിൽ അറപ്പും വെറുപ്പും തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. മാനംകെട്ട ജീവിതത്തേക്കാൾ മാന്യമായ മരണമാണു് താനിഷ്ടപ്പെടുന്നതെന്നു് ഈയിടെ ഒരു പട്ടിണിവീരൻ പറയുകയുണ്ടായി. അതു് നേരെ മറിച്ചു് പറയുന്നവനാണു് യഥാർത്ഥസത്യഗ്രഹി. മാന്യമായ ജീവിതംവിട്ടു് മാനംകെട്ട മരണത്തിലേക്കുള്ള പോക്കാണു് ഇത്തരം പട്ടിണി.
ഇതൊരു മനോരോഗമാണെന്നു് ആദ്യമേ പറഞ്ഞതുകൊണ്ടു് ചില ചികിത്സകളും നിർദേശിക്കേണ്ടതുണ്ടല്ലോ. ഒന്നാമതു് മരണപ്പട്ടിണി തുടങ്ങിയെന്നു് കേട്ടാൽ പത്രക്കാരും പൊതുജനങ്ങളും അങ്ങോട്ടു് തിരിഞ്ഞുനോക്കാതെ നൂറു ശതമാനവും മൗനം ദീക്ഷിക്കുക. ഈ ഒറ്റമൂലികൊണ്ടുതന്നെ മുക്കാലേമുണ്ടാണിയും ഭാഗം നാലഞ്ചുനാൾ കഴിയുമ്പോൾ നാരങ്ങാവെള്ളം കുടിച്ചു് എഴുന്നേറ്റുപോകും. പോകാത്തവരെ ശാന്തമായി മരിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ ആത്മഹത്യയ്ക്കു് അവരുടെ പേരിൽ കേസ്സെടുക്കുക. ഇക്കാലസ്ഥിതിക്കു് ആദ്യത്തേതാണു് നല്ലതെന്നു് തോന്നുന്നു.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971