വളരെയധികം തെറ്റിദ്ധാരണകളും ചില ശരിയായ ധാരണകളുമുള്ള ഒരു വിഷയമാണു്, പുരോഗമനസാഹിത്യം. സാഹിത്യത്തെപ്പറ്റി പറയുമ്പോൾ ‘അന്ധഗജ’ ന്യായമാണു് ഓർമ്മവരുന്നതു്. ഏതാനും അന്ധന്മാർകൂടി ആനയെ കാണാൻ പോയി. ഒരാൾ കാലുപിടിച്ചുനോക്കിയിട്ടു് ആന ഉരൽപോലിരിക്കുമെന്നു പറഞ്ഞു. വാലിൽ പിടിച്ചവൻ ചൂലുപോലൊരു സാധനമാണെന്നു തീർച്ചപ്പെടുത്തി! സാഹിത്യത്തിനു് പല പല വിഭാഗങ്ങളും ഭാവങ്ങളും ഉണ്ടു്. ഒരോന്നിനെപ്പറ്റിയും ഒരോരുത്തൻ പറയും, അതാണു് സാഹിത്യമെന്നു്. മറ്റൊരാൾ പറയും, അതല്ല; മറ്റൊന്നാണ് സാഹിത്യമെന്നു്.
കേരളത്തിൽ പുരോഗമനസാഹിത്യത്തെപ്പറ്റി വളരെ എതിർപ്പുണ്ടു്. എന്താണു്, ഇതിന്റെ അടിസ്ഥാനം! ആ സാഹിത്യകാരന്മാർ എഴുതുന്നതെല്ലാം ശരിയെന്നു പറയുവാനല്ല ഞാൻ തുനിയുന്നതു്. നാം ഒരു പരിവർത്തനഘട്ടത്തിൽ നിൽക്കുന്നു. തെറ്റു് ഏതു്, ശരി ഏതു് എന്നു ചിന്തിക്കണം. ഇതുവരെ തുടർന്നുവന്ന ജീവിതസമ്പ്രദായങ്ങൾതന്നെ തുടർന്നതുകൊണ്ടു ഫലമില്ല. അതിനെ അടിയോടെ മാറ്റേണ്ടിയിരിക്കുന്നു. ഇതേവരെ ജീവിച്ചതു ജീവിതമല്ല. രണ്ടു മഹായുദ്ധങ്ങൾ അതാണു നമ്മെ പഠിപ്പിച്ചതു്. ചിന്തകന്മാർക്കുകൂടി മാറ്റം ഉണ്ടായിരിക്കുന്നു. ജോർജ് ബർണാഡ് ഷാ പറയുകയുണ്ടായി; ‘കയറാൻ ചെന്ന വണ്ടി പൊയ്ക്കളഞ്ഞു; അടുത്ത വണ്ടിക്കു വളരെ താമസവുമുണ്ടു്. ഇതുപോലെ യുവത്വത്തിന്റെയും വാർദ്ധക്യത്തിന്റെയും ഇടയ്ക്കു നിന്നു വിഷമിക്കയാണു്. ഇന്നത്തെ ജീവിതം പൊളിച്ചെഴുതിയേ മതിയാവൂ. വേണ്ടെന്നു പറയുവാൻ ആരും മുതിരുകയില്ല. ചർച്ചിലി നെ നോക്കുക. അദ്ദേഹം ഇംഗ്ലീഷുകാർക്കു് ആരാധ്യനായിരുന്നു. അപകടഘട്ടത്തിൽ ഇംഗ്ലീഷ് ജനതയെ രക്ഷിച്ച ആളാണു്. പക്ഷേ, ഒരു പ്രഭാതത്തിൽ ഇരിക്കുന്ന കസേര മറിഞ്ഞുവീണു. എന്താണു കാരണം? പഴയമട്ടിൽത്തന്നെ ജീവിക്കാമെന്നു ചർച്ചിൽ പറഞ്ഞുപോയി. അദ്ദേഹത്തിന്റെ ആരാധകന്മാർകൂടി പറഞ്ഞു, ആളിനെ മാറ്റണമെന്നു്.
യുദ്ധം ജയിക്കാൻ അദ്ദേഹം മതിയായിരുന്നുവെങ്കിൽ, ഭരണത്തിനു മതിയാകാതെവന്നു. പഴയമട്ടു തുടരണമെന്നാഗ്രഹിക്കുന്നവൻ ആരായാലും അയാളെ മാറ്റും; മാറ്റണം. ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടരായാൽക്കൂടി മാറ്റണം.
സകല വശങ്ങളിലും മാറ്റംവരുമ്പോൾ സാഹിത്യത്തിലും മാറ്റംവരുന്നതു സ്വാഭാവികമാണു്. അതിനിടയ്ക്കു ചിലതൊക്കെ കൊള്ളരുതാത്തതായേക്കും. പുതിയ മാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കാൻ തുടങ്ങുമ്പോൾ നാലുവശത്തുനിന്നും എതിർപ്പുണ്ടാകുക സ്വാഭാവികമാണു്. മാറ്റം ഇഷ്ടമാണെങ്കിൽത്തന്നെ ഒരു മടിയുണ്ടാവുക പതിവാണു്. അൻപതുവർഷമായി താമസിച്ചുകൊണ്ടിരിക്കുന്ന വീടു് വായുവും വെളിച്ചവും കിട്ടാത്തതാണു്. മൂർഖൻപാമ്പും പെരുച്ചാഴിയും അതിനുള്ളിൽ കൂടിപാർപ്പുതുടങ്ങിരിക്കുന്നു. ഈ വീട്ടിൽനിന്നു് ഒന്നാംതരം ബംഗ്ലാവിലേക്കു താമസം മാറ്റുമ്പോൾ ഒരു വല്ലായ്മ എല്ലാവർക്കും തോന്നുന്നതാണു്. പ്രത്യേകിച്ചു മുത്തശ്ശനും മുത്തശ്ശിക്കും. അതുതന്നെയാണു്, പുരോഗമനസാഹിത്യത്തിന്റെ കാര്യത്തിലും.
പണ്ടും കൊള്ളാവുന്ന സാഹിത്യവും കൊള്ളരുതാത്ത സാഹിത്യവും ഉണ്ടായിട്ടില്ലേ? അന്നു് എന്തുകൊണ്ടു് എതിർപ്പുണ്ടായില്ല? ഇന്നു് എതിർപ്പു വളരെ വർദ്ധിച്ചിട്ടുണ്ടു്. അതു് അത്യാവശ്യത്തിൽക്കവിഞ്ഞായിട്ടുണ്ടു്. പുരോഗമനസാഹിത്യക്കാരെ ഒന്നു കുറ്റം പറയണമെന്നു നിർബ്ബന്ധമുള്ളവരുമുണ്ടു്. സാഹിത്യത്തിന്റെ പരമലക്ഷ്യം ആനന്ദമാണെന്നും, അങ്ങനെയുള്ള സാഹിത്യത്തെ വെറും പ്രചരണത്തിനുവേണ്ടി മാറ്റുന്നുവെന്നുമാണു് ഒരു കൂട്ടരുടെ പരാതി. ഒരു പുരോഗമനസാഹിത്യകാരനും, സാഹിത്യത്തിന്റെ ആനന്ദധർമ്മത്തിനു് കുറവു വരുത്തണമെന്നു് ഇന്നുവരെ പറഞ്ഞിട്ടില്ല. ചിലരുടെ കൃതികളിൽ ആനന്ദധർമ്മം കുറവായേക്കാം. അതു മറ്റൊരു കാര്യമാണു്. പണ്ടു് സാഹിത്യത്തിനു് ആനന്ദധർമ്മം മാത്രം മതിയായിരുന്നു. കഞ്ചാവിന്റെ ലഹരിയിൽ മയങ്ങി ഇരിക്കുന്നതുപോലെ ഇന്നു് അങ്ങനെ ലഹരിയിൽ മയങ്ങിയിരിക്കുന്നതിനുള്ള ഘട്ടമല്ല. ജീവിതംതന്നെ അസാദ്ധ്യമായിരിക്കുന്ന ഘട്ടമാണു്. പലപല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കേണ്ട ഘട്ടമാണു്. അപ്പോൾ കേവലം ആനന്ദവുമായി ഇരിക്കണമെന്നു പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല. സാഹിത്യകാരൻ ഒരു സമുദായജീവിയാണു്. മനുഷ്യസമുദായത്തെ നയിക്കേണ്ട ചുമതല അവനുണ്ടു്. അതു മറക്കാൻ എങ്ങനെ കഴിയും?
പുരോഗമനസാഹിത്യകാരനു വ്യക്തി സ്വാതന്ത്ര്യമില്ലെന്നാണു മറ്റൊരാക്ഷേപം, സകലർക്കും ചില പരിമിതികളുണ്ടു്. അതുപോലെ സാഹിത്യകാരനുമുണ്ടു്. പ്രചോദനം വന്നാലുടനെ അങ്ങെഴുതിക്കൊള്ളണമെന്നാണു് ഇക്കൂട്ടരുടെ വാദം. മേഘത്തെ പറ്റിയുള്ള കവിത തോന്നിയാലുടനെ അതങ്ങെഴുതിക്കൊള്ളണമെന്നു്. മലമൂത്രവിസർജ്ജനത്തെപ്പറ്റി തോന്നിയാലുടനെ സ്ഥലവും സമയവും നോക്കാതെ ആരും അതു ചെയ്യാറില്ല. ഒരുദ്ദേശവും കൂടാതെ മഠയൻകൂടി ഇന്നു് ഒന്നും ചെയ്യാറില്ല.
സാഹിത്യകാരന്മാരൊക്കെ ഇന്ന പാർട്ടിയിൽ ചേരണമെന്നോ ഇന്നതേ എഴുതാവൂ എന്നോ ഇതേവരെ ഒരു സാഹിത്യകാരനും പറഞ്ഞിട്ടില്ല. ഓരോ സാഹിത്യകാരൻ ഓരോ രംഗത്തു നിൽക്കും. സാഹിത്യകാരൻ കോൺഗ്രസ്സുകാരനോ, കെ. എസ്. പി.-ക്കാരനോ, കമ്മ്യൂണിസ്റ്റോ ആയിരിക്കാം. പക്ഷേ, അതുകൊണ്ടൊന്നും അവന്റെ വ്യക്തിസ്വാതന്ത്ര്യം നഷ്ടമാകുന്നില്ല.
സൗന്ദര്യവാദികൾ, കേവലമായ ആനന്ദം എന്നും സനാതനധർമ്മം എന്നും മറ്റും പറയുന്നു. കേവലമായ ഒരു സൗന്ദര്യമുണ്ടോ? എനിക്കറിഞ്ഞുകൂടാ. ആപേക്ഷികമാണു സൗന്ദര്യം. കലർപ്പില്ലാത്ത സൗന്ദര്യത്തിൽ ആനന്ദിക്കാവുന്ന ഒരു ഘട്ടം വന്നേക്കാം. പക്ഷേ, ഇന്നതിനു സമയമില്ല. പൂനിലാവിൽ പരിശോഭിക്കുന്ന ടാജ്മഹാളിനെ ടാഗോറി നിഷ്ടമാണു്. അദ്ദേഹം അതിനെ സ്തുതിക്കും; ആരാധിക്കും. എന്നാൽ ഗാന്ധിജി ടാജ്മഹാൾ കാണുമ്പോൾ, എത്രയോ ലക്ഷം അടിമകളുടെ കണ്ണുനീരിലും വിയർപ്പുതുള്ളികളിലുമാണു്, ഇതു കെട്ടിപ്പടുത്തിരിക്കുന്നതെന്നോർത്തു ശോകമൂകനാകുന്നു. ഇതിലും സൗന്ദര്യമില്ലേ? ഗാന്ധിജിയുടെ വാക്കുകളിലെ സൗന്ദര്യമാണു് ഇന്നാവശ്യം.
ഗാന്ധിജി പറയുന്നു: ‘കലയും സാഹിത്യവും നമുക്കാവശ്യമുണ്ടു്. അവ ബഹുലക്ഷങ്ങളുടെ ജീവിതത്തോടു ബന്ധപ്പെട്ടവയും അവർക്കുക്കൂടി ആസ്വദിക്കാവുന്നവയും ആയിരിക്കണം.’
ജനകീയസാഹിത്യമാണു് ഇന്നാവശ്യമായിരിക്കുന്നതു്. ജനങ്ങൾ പട്ടിണിക്കൊണ്ടു ലക്ഷക്കണക്കായി മരിച്ചുവീഴുമ്പോൾ, സാഹിത്യകാരൻ സൗന്ദര്യത്തിന്റെ മഹിമയെ പ്രകീർത്തിക്കണോ?
‘കലയ്ക്കു ജീവിതവുമായി ബന്ധമില്ലെങ്കിൽ അതു് അജന്താഗുഹപോലിരിക്കും!’ എന്നു നെഹ്റു പറയുന്നതു ഇതുകൊണ്ടാണു്.
ജീവിതത്തിൽ, കറുത്ത വശങ്ങൾ വളരെ കൂടിനിൽക്കുമ്പോൾ സാഹിത്യകാരന്റെ പ്രതിപാദ്യവസ്തു അതാകുന്നതു് എങ്ങനെ തെറ്റാകും? സമുദായത്തിന്റെ കൊള്ളരുതായ്മകൾ പുരോഗമനസാഹിത്യകാരൻ കാണിച്ചുതരുകയാണു ചെയ്യുന്നതു്. വേശ്യയെ കല്ലെറിയാൻപോയവരോടു്, കുറ്റം ചെയ്തിട്ടില്ലാത്തവൻ കല്ലെറിയാൻ ക്രിസ്തു പറഞ്ഞപ്പോൾ എല്ലാവരും മാറിക്കളഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ ഫലം നേരിട്ടു ഏല്ക്കുവാൻ ഒരു മടിയുണ്ടു്; വിശ്വാമിത്രൻ ശകുന്തളയെ കണ്ടപ്പോൾ തിരിഞ്ഞുകളഞ്ഞതുപോലെ. നമ്മെ പിടിച്ചുകൊണ്ടുപോയി കണ്ണാടിയുടെ മുൻപിൽ നിറുത്തുകയാണു് പുരോഗമനസാഹിത്യകാരൻ ചെയ്യുന്നതു്. അപ്പോൾ ദേഷ്യപ്പെടുന്നതു് എന്തിനാണു്?
മനുഷ്യസമുദായത്തെ നന്നാക്കാനുള്ള ഉദ്ദേശത്തോടുകൂടി വരുന്ന ഏതു പാർട്ടിയേയും നാം സ്വാഗതംചെയ്യണം.
സ്വാമി വിവേകാനന്ദൻ പറയുകയുണ്ടായി: ‘ഒരു പട്ടിപോലും പട്ടിണികിടന്നാൽ അതിനെ തീറ്റുക എന്നുള്ളതാണു് എന്റെ മതം.’ ഈ പട്ടിണിക്കു കാരണമായ വ്യവസ്ഥിതിയെ തട്ടിമാറ്റുകതന്നെവേണം. ആ ലക്ഷ്യത്തിലേക്കു സാഹിത്യകാരൻ വഴി തെളിക്കണം. ഇതിനുവേണ്ടി പുറപ്പെടുന്ന സാഹിത്യകാരനെ, നിങ്ങൾ കല്ലെറിയരുതു്, ചമ്മട്ടികൊണ്ടടിക്കരുതു്. ഇത്രമാത്രം നിങ്ങൾ ചെയ്താൽമതി.
കാഞ്ഞിരപ്പള്ളി സഹൃദയഗ്രന്ഥശാലയുടെ വാർഷികസമ്മേളനത്തിൽ ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം.
(വിമർശനവും വീക്ഷണവും)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971