ഹരിജൻവാരികയുടെ ഒരു ലക്കത്തിൽ ഗാന്ധിജി സ്വാതന്ത്ര്യം എന്നാലെന്തു് എന്ന ചോദ്യത്തിനു് ഒരുത്തരം വിശദീകരിച്ചെഴുതിയിരിക്കുന്നു. അതു് അദ്ദേഹത്തിന്റെ സ്വപ്നത്തിൽ മാത്രം ഇരിക്കുന്ന ഒന്നാണെന്നും സൂചിപ്പിച്ചിട്ടുണ്ടു്. സ്വാതന്ത്ര്യം എന്നാൽ രാമരാജ്യം, എന്നുവെച്ചാൽ ഭൂമിയിലെ ദൈവരാജ്യം (Kingdom of God) എന്നത്രെ അദ്ദേഹത്തിന്റെ വ്യാഖ്യാനം. സ്വർഗത്തിലുമുണ്ടു്, ഒരു ദൈവരാജ്യം. പക്ഷേ, അതെങ്ങനെയിരിക്കുമെന്നു് വിചാരിച്ചു് അദ്ദേഹമിപ്പോൾ ക്ലേശിക്കുന്നില്ലപോൽ. ഭൂമിയിൽ ദൈവരാജ്യം പ്രതിഷ്ഠിക്കേണ്ട ഭാരമേ ഗാന്ധിജിക്കുള്ളു. ദൈവരാജ്യം എന്നു് പറഞ്ഞാലെന്താണെന്നു് അദ്ദേഹം നിർവചിച്ചിട്ടില്ല. രാമരാജ്യം എന്ന പേരുകൊണ്ടു് പണ്ടത്തെ ശ്രീരാമന്റെ രാജ്യഭരണവുമായി വല്ല സാദൃശ്യവും സൂചിതമായിട്ടുണ്ടോ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതിനു മുമ്പൊക്കെ രാമരാജ്യം, രാമരാജ്യം എന്നു് ഘോഷിക്കുമ്പോൾ പഴയ അയോദ്ധ്യയുടെ മാതൃകയിലേക്കു് ഇന്ത്യയെ പിടിച്ചുവലിക്കുകയല്ലേ അദ്ദേഹം ചെയ്യുന്നതെന്നാണു് തോന്നിയിട്ടുള്ളതു്. വർണാശ്രമവ്യവസ്ഥയ്ക്കു് പുതിയവ്യാഖ്യാനം കൊടുത്തു് അതിനോടു് കാണിക്കുന്ന പ്രതിപത്തിയും പ്രാർത്ഥനായോഗങ്ങളിലെ രാമസങ്കീർത്തനകോലാഹലങ്ങളും മറ്റും ഈ തോന്നലിനെ ബലപ്പെടുത്തുന്നേയുള്ളു. ഏതായാലും ഹരിജനിലെ രാമരാജ്യം അങ്ങുമിങ്ങും തൊടാതെ എങ്ങോട്ടും തിരിച്ചുവയ്ക്കത്തക്കവിധം ഒരൊഴുക്കൻ മട്ടിൽ ദൈവരാജ്യമായി മാത്രം നിലകൊള്ളുകയാണു്. ദൈവംതന്നെ സത്യം, സത്യം തന്നെ ദൈവം എന്ന സിദ്ധാന്തവും ഗാന്ധിജിയുടെ ലേഖനങ്ങളിൽ കാണാറുണ്ടല്ലോ. അപ്പോൾ അതെല്ലാവർക്കും അംഗീകരിക്കത്തക്കവിധം നന്മ നിറഞ്ഞൊരു രാജ്യമാക്കി പ്രദർശിപ്പിക്കാനുള്ള വഴിയും അദ്ദേഹം തുറന്നിട്ടുണ്ടു്. പക്ഷേ, ദൈവം സത്യമാണെങ്കിൽ ഈ പ്രാർത്ഥനയൊക്കെ ആരോടാണു്? സത്യത്തിനോടോ, അതോ രാമായണത്തിലെ രാമനോടോ? രണ്ടാമത്തേതാണെങ്കിൽ കാര്യം എളുപ്പത്തിൽ മനസ്സിലാക്കാം. കൊട്ടും പാട്ടും കേൾക്കാൻ ചെവിയുള്ള ആളാണല്ലോ വാല്മീകിയുടെ രാമൻ, എന്തോ! മഹാത്മാക്കളുടെ മനോഗതി ആർ കണ്ടു! ഇങ്ങനെയൊക്കെ സംശയിച്ചുപോകുന്നതുതന്നെ ധിക്കാരമാകുമെന്നാണല്ലോ ഇപ്പോഴത്തെ വയ്പു്. അതുകൊണ്ടു് ഈ പോക്കു് നിർത്തുകയാണു് നല്ലതു്.
സ്വാതന്ത്ര്യത്തിനു് രാമരാജ്യം എന്നുപേർ കൊടുത്തതുകൊണ്ടു് ഗാന്ധിജി അതിനു് ചില ലക്ഷണങ്ങൾ കല്പിച്ചിട്ടുണ്ടു്. രാഷ്ട്രീയം, സാമ്പത്തികം, ധാർമികം എന്നു് മൂന്നായിട്ടവ തരംതിരിച്ചിരിക്കുന്നു. ഈ മൂന്നുതരം സ്വാതന്ത്ര്യങ്ങളും ഒത്തുചേർന്നെങ്കിലേ പരിപൂർണ സ്വാതന്ത്ര്യമാകൂ. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നുവെച്ചാൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും ബ്രിട്ടീഷ് സൈന്യം ഇന്ത്യ വിടുകയുംചെയ്യുക എന്നതാണു്. ഇവിടെയും ഒരു പ്രധാന സംഗതി ഗാന്ധിജി വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടീഷ് ഭരണം അവസാനിച്ചാൽ പിന്നെ ആരു് ഭരിക്കണം എങ്ങനെ ഭരിക്കണം എന്നതു്. ഇന്ത്യാക്കാർ ഭരിക്കണം എന്നു് മൊത്തത്തിൽ പറഞ്ഞൊഴിഞ്ഞാൽ ഇന്നത്തെ ജനത തൃപ്തിപ്പെടുകയില്ല. ജനസമുദായത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്ന ടാറ്റാമാരും ബിർളാമാരും നാട്ടുരാജാക്കന്മാരും സെമീന്ദാർമാരും മറ്റുമാണോ ഭരിക്കേണ്ടവർ? ഗാന്ധിസിദ്ധാന്തത്തെ പ്രമാണീകരിച്ചുകൊണ്ടു് പാവപ്പെട്ടവരുടെ ട്രസ്റ്റികളെന്ന വേഷം കെട്ടുകയാണെങ്കിൽ ഇവരെ ഭരണകർത്താക്കളാക്കുകയില്ലേ? ബ്രിട്ടീഷ് ഭരണം അവസാനിച്ചാൽ മാത്രം കാര്യം ശരിയാകുമോ? നാട്ടുരാജ്യങ്ങളുടെ കഥയെന്താണു്? ഇങ്ങനെ പലതും ഗാന്ധിജി വേണ്ടുവോളം വിശദമായി വിവരിക്കേണ്ടതായിരുന്നു.
അടുത്ത സ്വാതന്ത്ര്യമാണു് ഇതിനെക്കാൾ സംശയാത്മകം. സാമ്പത്തിക സ്വാതന്ത്ര്യം എന്നുവെച്ചാൽ ബ്രിട്ടീഷ് മുതലാളിമാരുടെയും ഇന്ത്യൻ മുതലാളിമാരുടെയും പിടിയിൽനിന്നുള്ള മോചനം. അതെങ്ങനെ സാധിക്കുമെന്നു് അദ്ദേഹം വെളിവാക്കിയിട്ടില്ല. അവിടെയാണല്ലോ കുഴപ്പം. മുതലാളിമാരുടെ മൂലധനത്തിനും പ്രവർത്തനത്തിനും പങ്കുകൊള്ളുവാൻ പാവപ്പെട്ടവരെയും അനുവദിക്കണമെന്നു് സാമാന്യമായി ഒന്നു് പറഞ്ഞുവെയ്ക്കുകയാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. ചോദ്യം വന്നാൽ എങ്ങനെയും വ്യാഖ്യാനിച്ചു് നിൽക്കാവുന്ന നട്ടെല്ലില്ലാത്ത ഒരു മട്ടുണ്ടു് ആ വാക്യങ്ങൾക്കു്. ആ പഴയ ‘ട്രസ്റ്റീഷിപ്പ്’ സിദ്ധാന്തംതന്നെ തിരിഞ്ഞുമറിഞ്ഞു് ഇതിലും തല പൊന്തിച്ചിരിക്കുകയാണു്. പണക്കാർ പാവങ്ങളുടെ ട്രസ്റ്റിമാരായിരിക്കണം. അവരേയും തങ്ങൾക്കു് സമന്മാരായിക്കരുതി കൈയിലുള്ളതെല്ലാം വീതിച്ചുകൊടുക്കണം, ‘ആത്മവൽ സർവഭൂതാനി’ കണ്ടുകൊള്ളണം എന്നൊക്കെ ഉപദേശിക്കാൻ എന്തെളുപ്പം! ഇതു് നടപ്പിൽ വരുന്ന വേദാന്തമാണോയെന്നു് ചരിത്രഗതിയുടെയും മനുഷ്യസ്വഭാവത്തിന്റെയും വെളിച്ചത്തിൽ പരിശോധിച്ചുനോക്കുവാൻ ഇത്തരം ഉപദേശകന്മാർ തയ്യാറാകാത്തതാണത്ഭുതം. ക്രിസ്തു അവതരിച്ചു, മനുഷ്യനെ നന്നാക്കാൻ. ഇല്ലാത്തവനു് ഉള്ളവൻ കൊടുക്കണമെന്നു് ഉപദേശിച്ചു. അനേക നൂറ്റാണ്ടുകളായി കോടാനുകോടി ഗ്രന്ഥങ്ങളിൽ ആ ഉപദേശം ആവർത്തിക്കപ്പെട്ടു. മനുഷ്യൻ നന്നായില്ല. ദരിദ്രൻ ഒന്നുകൂടി ദരിദ്രനായി, പണക്കാരൻ പിന്നെയും പണക്കാരനായി. സാമ്പത്തികചൂഷണത്തിൽനിന്നു് വിട്ടൊഴിയുവാൻ മനുഷ്യപ്രകൃതിക്കു് സാധിച്ചില്ല. ക്രിസ്തുവിനുമുമ്പു് ബുദ്ധനും മനുഷ്യനെ നന്നാക്കാൻ ഒരു കൈ പ്രയോഗിച്ചുനോക്കി. മുഹമ്മദ്നബി വന്നു. അദ്ദേഹവും ഉപദേശിച്ചു. ഇതിനിടയ്ക്കു് എത്രയെത്ര തത്ത്വജ്ഞാനികളുടെ തല പുകഞ്ഞു. എത്രയെത്ര പ്രമാണഗ്രന്ഥങ്ങൾ പ്രചരിച്ചു. ഉപനിഷത്തുകളും ഭഗവദ്ഗീതയും ശ്രീരാമനും ശ്രീകൃഷ്ണനും എല്ലാം മനുഷ്യനെ നന്നാക്കാൻ നോക്കിയതിന്റെ മുമ്പിൽ തോറ്റു തുന്നംപാടിയതേയുള്ളു. കാരണം, എല്ലാത്തരം നന്മകൾക്കും മൂലകാരണമായി നിൽക്കുന്ന സാമ്പത്തികസ്വാതന്ത്ര്യം അക്കാലങ്ങളിലെങ്ങും മനുഷ്യനു് സിദ്ധിച്ചിരുന്നില്ലെന്നുള്ളതാണു്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത കാലത്തോളം മനുഷ്യനുനന്നാകാൻ സാദ്ധ്യമല്ലെന്നും ചൂഷിതരും മർദിതരുമായി ഇത്രനാളും കഷ്ടപ്പെട്ട മൂകലക്ഷങ്ങളെല്ലാം സംഘടിച്ചു് ബലംപ്രയോഗിച്ചു് ആ സ്വാതന്ത്ര്യം പിടിച്ചടക്കണമെന്നുള്ള ആ പരമരഹസ്യം. ആ സാക്ഷാൽ ‘മനുഷ്യോപനിഷത്ത്’ ആദ്യമായി ഉപദേശിച്ചതു് ലോകാചാര്യനായ കാറൽമാർക്സാ ണു്. ദേശകാലോചിതമായ മാറ്റം വരുത്തിയിട്ടെങ്കിലും ‘മാർക്സിസ’ത്തിലെ മൗലികസിദ്ധാന്തങ്ങളിന്മേൽ കെട്ടിപ്പടുക്കുന്ന ഒരു സാമൂഹ്യസാമ്പത്തിക വ്യവസ്ഥിതിയിൽനിന്നല്ലാതെ മനുഷ്യവർഗത്തിനു് വേറെ രക്ഷയില്ലെന്നു് ഇതുവരെയുള്ള ചരിത്രവും ഇന്നത്തെ അനുഭവവും തെളിയിച്ചുകഴിഞ്ഞു. എന്നിട്ടും മഹാത്മാഗാന്ധി ആ വശത്തേക്കു് തിരിഞ്ഞുനോക്കാത്തതെന്താണു്? ഗാന്ധി ഒരു ‘സോഷ്യലിസ്റ്റാ’ണെന്നു് വാദിച്ചു് കണ്ഠക്ഷോഭം ചെയ്യുന്ന ഒരു കൂട്ടരുണ്ടു്. ക്രിസ്തുമതത്തിൽ സോഷ്യലിസം കണ്ടെത്തി സംതൃപ്തിയടയുന്നവരുടെ വാദഗതിതന്നെയാണു് ഇവരുടേതും. ഇത്തരം വിതണ്ഡാവാദംചെയ്യുന്ന വ്യാമിശ്രബുദ്ധികളോടു് ഒന്നേ പറയേണ്ടതുള്ളു. ഏതിന്റെയും ഉള്ളിൽക്കടന്നു് അങ്ങേഅറ്റം വരെ ചെന്നുനോക്കിയാൽ എല്ലാം ഒന്നാണെന്നു് കാണാം. എല്ലാറ്റിനുമുണ്ടാകുമൊരടുപ്പം. ആർഷഭാരതത്തിന്റെ ദൃഷ്ടിയിൽ പ്രപഞ്ചംതന്നെ മിഥ്യയല്ലേ? എല്ലാം ഒരു തോന്നൽ. ഹിന്ദു-മുസ്ലിം, മുതലാളി, തൊഴിലാളി ഈ വകഭേദങ്ങളെല്ലാം വെറും മിഥ്യ! അവയുടെ അടിയിൽ നോക്കു ഐക്യം കാണണമെങ്കിൽ! അതുപോലെതന്നെ ‘ഗാന്ധിസ’വും സോഷ്യലിസവും ഒന്നായി കാണണം. എന്നാൽപ്പിന്നെ കുഴപ്പമില്ല. ജിന്നാസാഹേബിനെ ക്കൊണ്ടു് രാമസങ്കീർത്തനത്തിൽ പങ്കെടുപ്പിക്കാം. പക്ഷേ, ഈ ഒന്നായിട്ടുള്ള കാഴ്ച ആത്മവൽ സർവഭൂതാനിപോലെ പത്രത്തിലും പ്രസംഗപീഠങ്ങളിലും മാത്രമേയുള്ളു. നഗ്നങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളുമായി അതിനു് യാതൊരു ബന്ധവുമില്ല. അതൊരിക്കലും പ്രയോഗത്തിൽ വരുന്നതുമല്ല.
ഇന്നു് സാമ്പത്തികമർദ്ദനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ബഹുലക്ഷം ജനങ്ങളിൽനിന്നു് പുറപ്പെടുന്ന ചോദ്യം ഗാന്ധിജി അവരുടെ രക്ഷയ്ക്കായി നില കൊള്ളുന്നോ എന്നതല്ല. അതിലാർക്കും സംശയമില്ല. ആ രക്ഷയ്ക്കു് ഏതു് മാർഗമാണു് അദ്ദേഹം സ്വീകരിക്കുന്നതെന്നാണു്. സോഷ്യലിസ്റ്റ് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹ്യസംഘടനയ്ക്കു് അദ്ദേഹം അനുകൂലനാണോ? അതിനാവശ്യമായ സാമ്പത്തിക പരിവർത്തനത്തിനും രാഷ്ട്രീയ വിപ്ലവത്തിനും അദ്ദേഹം നേതൃത്വം നൽകുമോ? ചുരുക്കിപ്പറകയാണെങ്കിൽ സാമൂഹ്യക്ഷേമത്തിനാവശ്യമായ ഉല്പാദനോപകരണങ്ങളെ വേണ്ടിവന്നാൽ നിയമത്തിന്റെ ബലം പ്രയോഗിച്ചും പൊതുവുടമയിൽ കൊണ്ടുവരാൻ അദ്ദേഹം സമ്മതിക്കുമോ? സർവപ്രധാനമായ ഈ പ്രശ്നത്തിനു് എങ്ങനെയും വ്യാഖ്യാനിക്കത്തക്കവിധം കുറെ വാക്യങ്ങളെഴുതിവിടാതെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സംശയം തീർത്തു് ഒരു ഉത്തരം നേരെ പറയുകയാണു് വേണ്ടതു്.
ഇതുവരെ കണ്ടിടത്തോളം ‘ഗാന്ധിസം’ സോഷ്യലിസത്തിന്റെ മാർഗത്തിൽ വിലങ്ങുതടിയായി കിടക്കുന്ന ഒന്നാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഈയിടെ ഗാന്ധിജിയും മറ്റു് പല കോൺഗ്രസ് നേതാക്കളും അവരുടെ എഴുത്തിലും പ്രസംഗത്തിലും ‘സോഷ്യലിസം’ എന്ന വാക്കുപോലും കടന്നുവീഴാതിരിക്കുവാൻ സൂക്ഷിക്കുന്നുണ്ടു്. അടുത്തകാലം വരെ ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് ആയിരുന്ന മസാനി ‘സോഷ്യലിസം’ ഒന്നു് പുനശ്ശോധന ചെയ്ത കഥ പ്രസിദ്ധമാണല്ലോ. നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങളുടെ മഹനീയമായ പാരമ്പര്യവും മറ്റും നമുക്കു് മറക്കാൻ വയ്യെന്നു് ജവഹർലാൽ പോലും ഉൽഘോഷിച്ചുതുടങ്ങിയിരിക്കുന്നു! ഇതൊക്കെ കാണുമ്പോൾ ശുദ്രമക്ഷരസംയുക്തം ദുരിതഃ പരിവർജയേത് എന്നു് വിധിച്ചു് സനാതനികളുടെ രാമരാജ്യം ‘സബ്ളിമേറ്റ്’ ചെയ്തു് പുനഃസ്ഥാപിക്കുവാനുള്ള തന്ത്രമാണോ ഇതെന്നു് ആരും സംശയിച്ചുപോകും. വർണ്ണാശ്രമധർമത്തിന്റെ ചുമടുതാങ്ങിയായ ഒരു ബ്രാഹ്മണപുരോഹിതൻ—വസിഷ്ഠൻ—ആയിരുന്നല്ലോ പണ്ടത്തെ രാമരാജ്യത്തിലെ സൂത്രധാരൻ. ആ പുരോഹിതന്റെ ചരടിൽ ആടിക്കൊണ്ടിരുന്ന ശ്രീരാമന്റെ ഭരണം വീണ്ടും നടപ്പിലായാൽ ആറേഴുകോടി അധഃകൃതരുടെ കാര്യം വെള്ളത്തിലാകും. പക്ഷേ, രാമരാജ്യത്തിനകത്തു് എന്തെല്ലാം പുതിയ വിദ്യകൾ ഏർപ്പെടുത്തിയാലും അതു് നടപ്പിൽ വരുകയില്ലെന്നു് സമാധാനിക്കാം. കാലം മാറിപ്പോയി. ജനസാമാന്യം ഉണർന്നുകഴിഞ്ഞു. രാമമന്ത്രം കൊണ്ടും ഭജനപ്പാട്ടുകൊണ്ടും അവരെ വഴിതെറ്റിക്കുവാൻ ഇനി സാദ്ധ്യമല്ല. ലോകത്തിലെ പതിതരും മർദിതരുമായ ജനകോടികൾ എങ്ങോട്ടു് തിരിഞ്ഞിരിക്കുന്നുവോ അങ്ങോട്ടുതന്നെ ഇന്ത്യക്കാരും തിരിയും. ആർഷഭാരതത്തിന്റെ പുറംപൂച്ചിൽ മയങ്ങി വീണ്ടും അടിമകളാകാൻ അവർ സമ്മതിക്കുകയില്ല.
അടുത്തതായി ഗാന്ധിജി പരാമർശിച്ചിട്ടുള്ളതു് ധാർമികസ്വാതന്ത്ര്യമാണു്. അഹിംസയും സത്യവും പൂർണമായി വിലസുന്ന ഒരവസ്ഥയാണതു്. അതിൽ ഒരു ദേശീയസൈന്യത്തിനു് സ്ഥാനമില്ല. ഒരു ദേശീയസൈന്യം ഉള്ളകാലത്തോളം ധാർമികമായി ഭാരതീയർ സ്വതന്ത്രരാകുകയില്ലത്രേ. ചുരുക്കത്തിൽ അദ്ദേഹം പറയുന്ന ധാർമികസ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ ഭാരതീയരെല്ലാം ഗാന്ധിമാരായിത്തീരണം. ഇതൊരു സ്വപ്നലോകാസഞ്ചാരമെന്നുമാത്രമേ പറയേണ്ടതുള്ളു. ഇങ്ങനെ അപ്രാപ്യദർശനങ്ങളിലേക്കു് ഭൂലോകം തൊടാതെ പലായനം ചെയ്യുന്ന മനോഭാവത്തെപ്പറ്റി നിരൂപണംചെയ്തു് സമയം കളയേണ്ട ആവശ്യമില്ലല്ലോ. ഇതൊക്കെ തല്ക്കാലസ്വപ്നങ്ങളാണെന്നൊരു ബോധം അദ്ദേഹത്തിൽ ഉദയം ചെയ്തുകാണുന്നതു് ആശ്വാസകരം തന്നെ. ഗാന്ധിജിയുടെ സ്വപ്നം ഫലിക്കാൻ പോകുന്നില്ലെന്നു് വിളിച്ചുപറയുന്നുണ്ടല്ലോ, പ്രാപ്തകാലസംഭവങ്ങൾ. സ്വപ്നം ഫലിക്കും. ആരുടെ? പാവപ്പെട്ട കൃഷിക്കാരന്റെയും തൊഴിലാളിയുടെയും. അവരുടെ വർഗം കോടികോടിയായി ലോകരംഗത്തു് അണിനിരന്നുകഴിഞ്ഞിരിക്കുന്നു. ഭൂമിയിലെ ആറിലൊരുഭാഗത്തു് അവരുടെ സ്വപ്നം ഫലിച്ചു. അതുപോലെ ഇതരഭാഗങ്ങളിലും ഫലിക്കും. കാലത്തിന്റെ ശക്തിയാണതു്. അതിനോടെതിരിടാൻ ആർക്കും സാദ്ധ്യമല്ല.
(വിമർശരശ്മി 1946)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971