പാശ്ചാത്യരാജ്യങ്ങളിൽ പ്രഭുശക്തിയുടഞ്ഞുതകർന്നു ജനശക്തി തലപൊക്കാൻ തുടങ്ങിയതോടൊപ്പം സാഹിത്യത്തിലും തദനുരൂപമായ പരിണാമമുണ്ടായി. അതു വരെ തഴച്ചുനിന്ന റൊമാന്റിക് പ്രസ്ഥാനത്തിനുടവുതട്ടി; റിയലിസ്റ്റിക് പ്രസ്ഥാനം മുളച്ചുപൊന്തി. കൃത്രിമങ്ങളായ സാമൂഹ്യവ്യവസ്ഥകൾക്കുള്ളിൽ ജീവിതയാഥാർഥ്യങ്ങളെ ഒളിച്ചുവെച്ചു പുറമെ ശുദ്ധിയും ഔന്നത്യവും നടിച്ചു ജനതതിയെ വഞ്ചിക്കുന്ന സമ്പ്രദായത്തിനു നിൽക്കക്കള്ളിയില്ലാതായി. ഒന്നും ഒളിച്ചുവെയ്ക്കരുതു്; എല്ലാം നേരെ നോക്കിക്കാണണമെന്ന മനോഭാവം കലാകാരന്മാരും കൈകൊണ്ടു.

ചുരുക്കത്തിൽ കല യാഥാർത്ഥ്യങ്ങളെ അടച്ചുപൂട്ടിയിടുന്ന കലവറയാകരുതു്; കമനീയതയോടെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണമെന്ന നിലവന്നു. ഏതു സാഹിത്യത്തിലും സത്യമാണു പ്രധാന നായകനെന്നു് (Truth is the main hero in any literature) ടോൾസ്റ്റോയി യെക്കൊണ്ടു പറയിച്ചതും ഈ വാദമാണു്. വിപ്ലവംകൊണ്ടു കീഴുമേൽ മറിഞ്ഞ ഫ്രാൻസിലാണു് ഈ സാഹിത്യപരിവർത്തനം ആദ്യം സംഭവിച്ചതു്. റഷ്യയിൽ ഗോഗോളും ഫ്രാൻസിൽ ഫ്ളാബർട്ടും റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഥമാവതാരകരെന്ന നിലയിൽ പ്രശസ്തി നേടി. ഇന്നു് എല്ലാ രാജ്യങ്ങളിലും സാഹിത്യപുരോഗതി ഈ വഴിക്കു തിരിഞ്ഞിരിക്കുന്നു.

റിയിലിസ്റ്റ് സാഹിത്യത്തെപ്പറ്റി രൂക്ഷാക്ഷേപങ്ങൾ പലരും പുറപ്പെടുവിക്കാറുണ്ടു്. ഏതു പ്രസ്ഥാനവും വളർന്നുവരുമ്പോൾ കുറെയൊക്കെ ദോഷസ്പൃഷ്ടമാകുന്നതു പോലെ ഇതും ചിലപ്പോൾ വഴിപിഴച്ചുപോകുന്നുണ്ടാകാം. അതുകൊണ്ടു് ആ പ്രസ്ഥാനംതന്നെ പരിത്യാജ്യമെന്നോ അനാദരണീയമെന്നോ വരുന്നതല്ല. ജീവിതത്തിലെ നഗ്നയാഥാർത്ഥ്യങ്ങൾ സാഹിത്യത്തിൽ ചിത്രീകരിക്കേണ്ടവതന്നെയാണു്. അതു കലാഭംഗിയോടെ നിർവ്വഹിക്കണമെന്നേ നിർബന്ധമുള്ളൂ. മൂടുപടമിടാതെ ജീവിതം പ്രതിപാദ്യമാക്കുന്നുവെന്നതു കൊണ്ടുമാത്രം പ്രസ്തുതരീതി ആക്ഷേപാർഹമായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ ദുഷിച്ച മാനസികപാരമ്പര്യത്തെയാണു് അതിനു കുറ്റപ്പെടുത്തേണ്ടതു്. ജീവിതത്തിന്റെ ലൈംഗികവശം അനാവൃതമാകുമ്പോൾ ക്ഷോഭിച്ചു ശകാരം ചൊരിയുന്ന ചില അതിസന്മാർഗ്ഗവാദികളുണ്ടല്ലോ നമ്മുടെയിടയിൽ. ഈ ക്ഷോഭത്തിന്റെ അടിയിൽ കിടക്കുന്ന ‘സൈക്കോളജി’ രസകരമാണു്. സ്വന്തം കുഞ്ഞിനെ പൊക്കിക്കാണിക്കുന്ന മേനകയുടെ മുമ്പിൽ മുഖം തിരിച്ചുപിടിച്ചു വെറുപ്പു നടിച്ചുനില്ക്കുന്ന വിശ്വാമിത്രന്റെ ഒരു ചിത്രം കണ്ടിട്ടില്ലേ? അതുപോലെ കുറ്റംചെയ്ത മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരാണു മിക്ക മനുഷ്യരും. അവരുടെ രഹസ്യജീവിതത്തിന്റെ അനിഷ്ടഫലങ്ങളുടെ നേരെ നോക്കാനാവർക്കൊരു മടി—അവയുടെ ഉത്തവരാദിത്വമേല്ക്കാനൊരു ഭയം. നമ്മെയെല്ലാവരെയും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിച്ചിരിക്കുന്ന ഈ അന്തകരണഭീരുതയുടെ നേരെ പൊക്കിപ്പിടിച്ചിരിക്കുന്ന കണ്ണാടിയാണു് റിയലിസ്റ്റ് സാഹിത്യം. മർക്കടം കണ്ണാടിയിൽ സ്വന്തരൂപം കണ്ടു് ഇളകിത്തുള്ളുന്നതുപോലെ നമ്മളും അത്തരം സാഹിത്യകൃതികൾ വായിച്ചു ക്ഷോഭിച്ചുപോകുന്നു. അധികം ക്ഷോഭിക്കുന്നവരെ കൂടുതൽ സൂക്ഷിക്കണം. അവരുടെ മാനസികാരോഗ്യം കുറെയേറെ താറുമാറായിക്കാണും.

ഫ്ളാബർട്ടിന്റെ പ്രസിദ്ധ കൃതിയായ ‘മാഡം ബൗറി’ പുറത്തുവന്നപ്പോൾ അന്നത്തെ ഫ്രഞ്ചുഗവൺമ്മെന്റ് ക്ഷോഭിച്ചു ഗ്രന്ഥകാരനെ ‘പ്രോസിക്യൂട്ട്’ ചെയ്തു. ഫ്രാൻസിലെ ബൂർഷ്വാജനതയുടെ ദുഷ്ടമായ ലൈംഗികജീവിതത്തിന്റെ നേരെയുള്ള കടുത്ത അവഹേളനമാണീ നോവൽ. ഭർത്താവിനെ വഞ്ചിക്കുന്ന അതിലെ നായികയും അവളുടെ കാമുകരും അന്നത്തെ ഭരണാധികാരികളുൾപ്പെടെയുള്ള ജനസമുദായത്തിന്റെ പ്രതിനിധികളാണു്. ആ നിലയ്ക്കു് അവർ കോപാവിഷ്ടരായതിൽ അത്ഭുതപ്പെടാനുണ്ടോ? ശുദ്ധവും സ്വാഭാവികവുമായ ഒരു ലൈംഗികജീവിതം ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ആർക്കും സാദ്ധ്യമാകുന്നില്ല.
‘പ്രണയമെന്ന ആ ചെറിയ വാക്കിൽ നിറഞ്ഞിരിക്കുന്നിടത്തോളം നുണയും ചതിയും ഇന്നു മറ്റൊരു വാക്കിലുമില്ല.’ (No word is full of falsehood and fraud as the word love has become today) എന്നു് ഇബ്സൻ പറഞ്ഞിരിക്കുന്നു.

അജ്ഞത, അന്ധാചാരം, ഭീഷണി, വിലക്കു് (Taboo) കൃത്രിമസന്മാർഗ്ഗം മുതലായവകൊണ്ടു വികാരങ്ങൾ അടിച്ചമർത്തപ്പെട്ടു് അസ്വാഭാവികവും അശുദ്ധവുമായിത്തീർന്ന ബൂർഷ്വാജീവിതത്തിലെ പ്രണയസ്വഭാവമാണിതു്. മനുഷ്യരുടെ ലൈംഗിക ജീവിതത്തിനും അവരെ വലയംചെയ്യുന്ന സാമൂഹ്യസാമ്പത്തികവ്യവസ്ഥകൾക്കും തമ്മിൽ ഗണ്യമായ ബന്ധമുണ്ടു്. വഞ്ചനയും ശങ്കാവിഷവും നിറഞ്ഞ ചൂഷണഭീഷണമായൊരു സാമൂഹ്യവ്യവസ്ഥയിൽ ജീവിക്കുന്നവരുടെ സ്നേഹോദിതഭാവങ്ങൾ പോലും ഭൂഷിതഭ്രഷ്ടങ്ങളാകും. ‘സ്വയമശുദ്ധഃ പരാനാശങ്കതേ’ എന്ന മട്ടിൽ പരസ്പരം അവിശ്വസിച്ചും കുറ്റപ്പെടുത്തിയും സ്വയം കുറ്റംചെയ്തും കുടുംബജീവിതത്തെ കലുഷിതമാക്കും. ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നതുപോലെ ഈ ജീവിതവ്രണങ്ങളെല്ലാം കീറിമുറിച്ചു തുറന്നിടുകയാണു് ഒരു റിയലിസ്റ്റ് സാഹിത്യകാരൻ ചെയ്യുന്നതു്. അതാവശ്യവുമാണു്. എന്നാൽ മാത്രമേ അവയിൽ കെട്ടിക്കിടക്കുന്ന അഴുക്കെല്ലാം പുറത്തുപോകയുള്ളൂ. സത്യസ്ഥിതി കാണാതെ ഒട്ടകപ്പക്ഷിയെപ്പോലെ ജീവിക്കുന്ന അതിസന്മാർഗ്ഗവാദികളിൽ മുന്നിട്ടുനില്ക്കുന്ന ഒന്നത്രേ ‘ഇമ്പ്യൂരിറ്റി കോംപ്ലെക്സ്’ (Impurity Complex) എന്നു പറയുന്ന ഒരുതരം അശുദ്ധിമനോബാധ. ‘Purity in the sense of ignorance and suppressed curiosity is a highly dangerous state of mind. And such purity in alliance with prudery and defensive hypocrisy makes any honest discussion or essential readjustment of out institutions and habits extremely difficult’ എന്നിങ്ങനെ ഒരു ശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിച്ചിട്ടുള്ള വൈഷമ്യങ്ങൾ നീക്കംചെയ്യുന്നതിനും ഉത്തമമായ റിയലിസ്റ്റ് സാഹിത്യം ഒട്ടേറെ ഉപകരിക്കും.
പട്ടിണിയും കഷ്ടപ്പാടും മാത്രം കാവ്യവിഷയമാക്കുന്നുവെന്നതു മറ്റൊരാക്ഷേപമായി കേൾക്കാറുണ്ടു്. ജീവിതത്തിനു വേറൊരു വശമില്ലേയെന്നു് ആക്ഷേപകരുടെ പ്രധാന ചോദ്യം. പക്ഷേ, ഈ വേറൊരു വശം കാണാൻ വയ്യാത്തവിധം എതിർവശത്തെ ഇരുട്ടുകേറി കണ്ണിൽ കത്തുന്നുണ്ടെന്ന കാര്യം അവരോർക്കുന്നില്ല. ഭോഗസമൃദ്ധിയും ശൃംഗാരത്തിളപ്പും ഓളംതല്ലുന്ന പ്രാചീനസാഹിത്യം ആസ്വദിച്ചാസ്വദിച്ചുണ്ടായ പാരമ്പര്യത്തിൽനിന്നു പുറപ്പെടുന്നൊരു ചോദ്യമാകാമിതു്. ദാരിദ്ര്യം—അതല്ലേ ഇന്നത്തെ ജീവിതയാഥാർത്ഥ്യങ്ങളിൽ ഒന്നാമത്തേതു്?—ജീവിതദുഃഖങ്ങളിലേറ്റവും കഠിനം? എവിടെ നോക്കിയാലും കാണുന്നതു് അതിന്റെ കരിനിഴലുകളാണെങ്കിൽ കണ്ണും കരളുമുള്ള ഒരു കവി അതല്ലാതെ മറ്റെന്തു പ്രതിപാദിക്കും? പ്രതിപാദനം നന്നായിട്ടില്ലെങ്കിൽ കുറ്റം പറയേണ്ടതുതന്നെ. അതു സമ്മതിക്കാം. ജീവിതവൃക്ഷത്തിൽ അങ്ങിങ്ങായി കാണുന്ന ചില പൂക്കൾ നോക്കി ആഹ്ളാദംകൊള്ളുകയും ആമൂലാഗ്രം ബാധിച്ചിട്ടുള്ള ഇത്തിക്കണ്ണികൾ കാണാതിരിക്കുകയും ചെയ്യുന്ന ഒരു കവിയെ ഇന്നാരും ഒരു സാമൂഹ്യജീവിയായി എണ്ണുമെന്നു തോന്നുന്നില്ല.

‘വിശപ്പും പട്ടിണിയുംകൊണ്ടു വലയുന്നൊരു രാജ്യമാണു് ഇൻഡ്യ. സത്യത്തേയും ദൈവത്തേയും ജീവിതത്തിലെ മറ്റുപല വിശേഷസംഗതികളേയും പറ്റി ബഹുലക്ഷം പട്ടിണിപ്പാവങ്ങളുടെ മുമ്പിൽ പ്രസംഗിക്കുകയെന്നതു വെറും പരിഹാസം തന്നെയാണു്’ എന്നു ജവഹർലാൽ, സയൻസ് കോൺഗ്രസ്സ് ഉൽഘാടനം ചെയ്തപ്പോൾ പ്രസ്താവിച്ചതു കവികളും ചെവിക്കൊള്ളേണ്ടതാകുന്നു. മതാചാര്യന്മാർ, രാഷ്ട്രീയ നേതാക്കൾ, ഭരണാധികാരികൾ, കവികൾ, കലാകാരന്മാർ—എന്നുവേണ്ട മനുഷ്യസേവനോത്സുകരമായ സകലരുടേയും ഇന്നത്തെ കർത്തവ്യം പട്ടിണികൊണ്ടുള്ള ജീവിതയാതനയുടെ നിവാരണമല്ലാതെ മറ്റെന്താണു്? എന്റെ നാട്ടിൽ വിശപ്പുകൊണ്ടു വലയുന്ന ഒരു പട്ടിപോലും ഉള്ള കാലത്തോളം അതിനാഹാരം കൊടുക്കുകയെന്നതായിരിക്കും എന്റെ ഏകമതം.’ (So long as there should be a famished dog in my country, to feed it, would be my only religion) എന്നു സ്വാമി വിവേകാനന്ദൻ പറയുകയുണ്ടായി. കുപ്പക്കുഴിയിൽ എച്ചിലിനുവേണ്ടി ശ്വാക്കളുമായി മത്സരിക്കുന്ന മനുഷ്യപ്രേതങ്ങൾ ലക്ഷക്കണക്കിനില്ലേ നമ്മുടെ നാട്ടിൽ. സത്യസൗന്ദര്യങ്ങൾ തേടി ഭൂമി വിട്ടു് ആകാശത്തേക്കുയരുന്ന ഒരു കവിയുടെ കൃത്രിമഭാവനയ്ക്കു് അവിടെ എന്തൊരു സ്ഥാനമാണുള്ളതു്? എന്നിട്ടും കലയുടെ പേരിൽ നാം അരിശംകൊള്ളുന്നു; അതിന്റെ സുന്ദരരൂപത്തിനു്, അതിന്റെ ആനന്ദധർമ്മത്തിനു് ഉടവുതട്ടുന്നെന്നു പറഞ്ഞു്. അതു പ്രചാരണപരമാകാതെ കേവലാനന്ദലഹരിയുളവാക്കണംപോലും!

‘സകലപ്രയോജനമൗലാഭൂതം, സമനന്തരമേവരസാസ്വാദന സമുദ്ഭൂതം വിഗളിതവേദ്യാന്തരമാനന്ദം’ എന്നു പ്രാചീനർ ആനന്ദത്തെ നിർവൃചിച്ചിട്ടുണ്ടു്. കഞ്ചാവിന്റെ ലഹരിയിൽ മയങ്ങിയിരിക്കുന്നതുപോലെ വിഗളിതവേദ്യാന്തരമായൊരാനന്ദത്തിലങ്ങനെ മുഴുകിയിരുന്നാൽ മതിയോ ഇന്നു്? അതുമാത്രമാണോ കലയുടെ പരമപ്രയോജനം? ഇങ്ങനെ വാദിക്കുന്നവർ ഗാന്ധിജി യുടെ അഭിപ്രായങ്ങൾക്കു വല്ല വിലയും കൽപിക്കുന്നുണ്ടോ ആവോ! “ദരിദ്രലക്ഷങ്ങൾക്കു പ്രയോജനപ്പെടാവുന്നതെന്തോ, അതു് എന്റെ മനസ്സിന്നു സുന്ദരമാണു്… ജീവിതത്തിനു് അത്യാവശ്യമായ സംഗതികൾ നമുക്കു് ആദ്യം കൊടുക്കാം. മറ്റുള്ള നന്മകളും അലങ്കാരങ്ങളും താനേ വന്നുകൊള്ളും. ബഹുലക്ഷങ്ങളോടു സംസാരിക്കാൻ കഴിയുന്ന കലയും സാഹിത്യവുമാണു് ഞാൻ ആവശ്യപ്പെടുന്നതു്’ എന്നദ്ദേഹം പറയുന്നു. ഗാന്ധിജി ഒരു ടാഗോർ അല്ലാത്തതുകൊണ്ടു് ഇപ്പറഞ്ഞതൊക്കെ എത്രത്തോളം ശരിയാണെന്നു സംശയിക്കുന്നവരുണ്ടാകാം. ഏതായാലും മഹാത്മജി പറയുന്നതരത്തിലുള്ളൊരു സാഹിത്യം—ബഹുലക്ഷം ജനങ്ങളോടു സംസാരിക്കുന്ന, അവരുടെ യഥാർത്ഥരൂപം ചിത്രീകരിക്കുന്ന, ഒരു സാഹിത്യം—ഉണ്ടാകണമെങ്കിൽ ഒന്നാമതായി അതു റിയലിസ്റ്റിക് ആകണം.
(നിരീക്ഷണം 1948)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971