ശാസ്ത്രീയമനോഭാവം, ശാസ്ത്രീയവീക്ഷണം എന്നൊക്കെ സാധാരണ പറയാറുണ്ടു്. വിഷയനിരൂപണത്തിൽ ചില കാര്യങ്ങളെപ്പറ്റി അതു് വേണ്ടത്ര ശാസ്ത്രീയമായില്ലെന്നോ, ശാസ്ത്രീയമായിട്ടുണ്ടെന്നോ പറയും. നമുക്കൊക്കെ അതു് കേട്ടാൽ ഏതാണ്ടൊക്കെ മനസ്സിലാവുകയും ചെയ്യും. എങ്കിലും അക്കാര്യത്തിലും ഒരു തുറന്ന ചർച്ച നല്ലതാണെന്നു് എനിക്കു് തോന്നുന്നു.
പരീക്ഷണശാലയിലെ ശാസ്ത്രജ്ഞനു് തന്റെ ഗവേഷങ്ങളോടുള്ള മനോഭാവമാണു് ശാസ്ത്രീയവീക്ഷണത്തിൽ ഒരു സ്വതന്ത്രചിന്തകൻ കൈക്കൊള്ളേണ്ടതു്. അറിവിനെ സംബന്ധിച്ചിടത്തോളം പരിമിതികളുണ്ടാകാം. എങ്കിലും ആ സമീപനം ആവശ്യമാണു്. നമ്മുടെ ചിന്തയിൽ ആത്മാംശം വളരെയേറെ കലർന്നു് അതു് കലുഷമാകാറുണ്ടെങ്കിലും വസ്തുനിഷ്ഠമായി ചിന്തിക്കുവാൻ ശ്രമിച്ചാൽ വിജയിക്കാതിരിക്കുകയില്ല. സ്വകാര്യതാൽപര്യങ്ങൾ, മുൻവിധി, സാമൂഹ്യാചാരങ്ങൾ, വികാരം തുടങ്ങിയ ബുദ്ധിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാതിരിക്കാൻ നിരന്തരമായ അഭ്യാസം കൂടിയേ കഴിയൂ. കഴിയുന്നിടത്തോളം വസ്തുനിഷ്ഠമായി ചിന്തിച്ചും സ്വയം ചോദ്യംചോദിച്ചും നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയും ആണു് ഒരു നിഗമനത്തിൽ എത്തിച്ചേരേണ്ടതു്. അങ്ങനെ സത്യത്തെ അന്വേഷിക്കുന്നതിലാണു് സ്വതന്ത്രചിന്ത അല്ലെങ്കിൽ ശാസ്ത്രീയ ചിന്ത എന്നു് പറയുന്നതു്. ഇതു് എളുപ്പത്തിൽ സാധിക്കാവുന്ന ഒരു കാര്യമല്ല. നിരന്തരം തിരമാലകൾ അലറിയടിക്കുന്ന ഒരു മഹാസമുദ്രമാണു് നമ്മുടെ മനസ്സു്. അവിടെ ശക്തിയേറിയ അടിയൊഴുക്കുകളും പാറക്കെട്ടുകളുമുണ്ടു്. അതിനിടയിലൂടെ തോണിയാത്ര ചെയ്യുന്നതിനു് വളരെ സൂക്ഷ്മത ആവശ്യമാണു്.
സ്വന്തമായി വ്യക്തിത്വമുള്ള ആളുകൾ വളരെ കുറവാണു്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മിൽ പലരും മറ്റുള്ളവരാണു്. ആരെങ്കിലും പറയുന്നതു് ഏറ്റു പറയുന്നതിലാണു് ആളുകൾക്കു് താല്പര്യം. ഏതെങ്കിലും വലിയ ആൾ പറഞ്ഞു് എന്നു് കേട്ടാൽ പിന്നെ അതു് തെറ്റാണോ ശരിയാണോ എന്നു് അധികമാരും ചിന്തിക്കുകയില്ല. മനുഷ്യന്റെ ഈ ബലഹീനത എല്ലാ മതങ്ങളും ചൂഷണം ചെയ്യാറുണ്ടു്. അതുകൊണ്ടാണു് ആ ശാസ്ത്രജ്ഞൻ ദൈവവിശ്വാസിയായിരുന്നു, അല്ലെങ്കിൽ ആ സാഹിത്യകാരൻ മതവിശ്വാസിയായിരുന്നു എന്നു് അവർ പറയുന്നതു്. സർ ഒലിവർ ലോഡ്ജ് എന്ന ഊർജതന്ത്രജ്ഞനെപ്പറ്റി നിങ്ങൾ കേട്ടിരിക്കും. അദ്ദേഹം ആ ശാസ്ത്രമേഖലയ്ക്കു് കനപ്പെട്ട സംഭാവന നല്കിയിട്ടുള്ള ആളാണു്. ഒറ്റയൊരു മകൻമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അയാൾ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിനു് ആ കദനഭാരം താങ്ങാൻ കഴിഞ്ഞില്ല. മരിച്ചുപോയ ആ പുത്രനെ വീണ്ടും കാണണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഉപബോധമനസ്സിൽ അടിഞ്ഞുകിടന്നു. വിവാഹം കഴിക്കാനാഗ്രഹിച്ചിട്ടു് കഴിയാതെപോയ പ്രേയസിയെ സ്വപ്നത്തിൽ കണ്ടാൽ ഒരു കാമുകനു് സന്തോഷം തോന്നും. പക്ഷേ, അതു് യാഥാർത്ഥ്യമല്ലെന്നു് അധികം താമസിയാതെ അയാൾക്കു് മനസ്സിലാകും. സർ ഒലിവർ ലോഡ്ജിനു് പുത്രനെപ്പറ്റിയുള്ള ചിന്ത ഒരു വിഭ്രാന്തിയോളം ചെന്നെത്തി. അദ്ദേഹം മരിച്ചുപോയ പുത്രനുമായി സംസാരിച്ചു എന്നു് ഒരിക്കൽ പ്രസ്താവിച്ചു. ലോകത്തെങ്ങുമുള്ള സ്പിരിച്വലിസ്റ്റുകൾ അതു് പൊക്കിപ്പിടിച്ചുകൊണ്ടു് നടന്നു. താൻ മരിച്ചുപോയ പുത്രനെ കണ്ടു് സംസാരിച്ചു എന്നുള്ളതു് തെളിയിക്കേണ്ട ചുമതല സർ ഒലിവർ ലോഡ്ജിനുണ്ടായി. അതിനു് അദ്ദേഹം യുക്തി തേടാൻ തുടങ്ങി. യുക്തിയും വിശ്വാസവും കൂട്ടിക്കുഴച്ച ഒരു മറുപടി അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു ഉത്തരം ഫിസിൿസിന്റെ കാര്യത്തിൽ അദ്ദേഹം സമ്മതിക്കുകയില്ല. അവിടെ മുഴുവൻ തെളിവും ആവശ്യമാണു്. യുക്തീകരണത്തിനു് ഒരു ദൃഷ്ടാന്തമാണിതു്. ഇങ്ങനെ യുക്തിതേടി പോകുന്നവൻ ധാരാളമുണ്ടു്.
ശാസ്ത്രജ്ഞന്മാർ ആസ്തിക്യബോധത്തിലേക്കു് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു എന്നു് മുമ്പു് യുക്തിവാദസംഘം ട്രഷറർകൂടിയായിരുന്ന പനമ്പിള്ളി ഒരു പ്രസംഗത്തിൽ പറഞ്ഞതായി കാണുന്നു. മതവിശ്വാസികളുടെ പ്രചാരണവൈദഗ്ദ്ധ്യത്തിൽ അദ്ദേഹം പെട്ടുപോയി എന്നാണു് ഇതു് കാണിക്കുന്നതു്. ഇങ്ങനെയൊക്കെ പറയുന്നവർ കണക്കാക്കാത്ത ഒരു കാര്യമുണ്ടു്. ലോകത്തിൽ എത്ര ശാസ്ത്രജ്ഞന്മാരുണ്ടു്. അവരിൽ എത്ര ശതമാനം അങ്ങനെ പറഞ്ഞു, പറഞ്ഞതിനെല്ലാം ഒരർത്ഥമാണോ എന്നൊന്നും പലരും തിരക്കാറില്ല. കോനൺഡോയിലോ എഡിംഗ്ടണോ ജീൻസോ പറഞ്ഞതുകൊണ്ടു് എല്ലാ സാഹിത്യകാരന്മാരും ശാസ്ത്രജ്ഞന്മാരും സ്പിരിച്വലിസ്റ്റുകളാകണമെന്നില്ല. അവർ പറഞ്ഞതുകൊണ്ടു് അതു് സത്യമാകണമെന്നും നിർബന്ധമില്ല.
ശാസ്ത്രജ്ഞൻ ഒരു പ്രത്യേകവിജ്ഞാനശാഖയിൽ പ്രാമാണ്യം നേടുന്നു. മറ്റു് പല രംഗത്തും അദ്ദേഹം അജ്ഞനായിരിക്കും. ആരു് പറഞ്ഞാലും എന്തുപറഞ്ഞാലും ശരി അതു് ശാസ്ത്രീയമാണോ എന്നു് ചിന്തിച്ചും നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയും സ്വീകരിക്കേണ്ടതാണു്.
സ്വതന്ത്രചിന്തയ്ക്കെതിരായി നമ്മുടെ മനസ്സിൽ ഉയർന്നുനില്ക്കുന്ന ഒരു വലിയ പാറക്കെട്ടാണു് സാമൂഹ്യബോധം. ഒരു ഉദാഹരണംകൊണ്ടു് ഞാനിതു് വ്യക്തമാക്കാം. വിദ്യ അഭ്യസിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ടെന്നു് ഇന്നു് എല്ലാവർക്കും അറിയാം. തത്ത്വചിന്തകനും യുക്തിവാദിയുമായിരുന്ന ശ്രീശങ്കരൻ ശൂദ്രൻ വേദാധികാരിയല്ലെന്നു് പറഞ്ഞു. അതു് അക്കാലത്തെ സാമൂഹ്യബോധത്തിനു് കീഴ്പ്പെടലായിരുന്നു. മറ്റുപല കാര്യങ്ങളിലും അങ്ങേയറ്റം സ്വതന്ത്രമായി ചിന്തിച്ചിരുന്ന അദ്ദേഹത്തിനു് അക്കാര്യത്തിൽ ഒരുപക്ഷേ, ചിന്ത വ്യാപരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ചുറ്റുപാടുകളുടെ ഇത്തരം കൂച്ചുവിലങ്ങുകൾക്കു് അദ്ദേഹം വിധേയനായിരുന്നില്ലെങ്കിൽ ശങ്കരാചാര്യർ ക്കു് ഇന്നുള്ളതിൽ എത്രയോ ഉയർന്ന സ്ഥാനം ലഭിക്കുമായിരുന്നു. ഇതു് ശങ്കരാചാര്യരുടെ കാര്യത്തിൽ മാത്രമല്ല, മറ്റനേകം മഹാത്മാക്കളുടെ കാര്യത്തിലും ശരിയാണു്.
മനുഷ്യന്റെ വികാരങ്ങളാണു് സ്വതന്ത്രചിന്തയുടെ മറ്റൊരു ശത്രു. ഒരുകണക്കിൽ അവൻ വികാരങ്ങളുടെ ഒരു കെട്ടാണു്. ഇരുന്നൂറുകോടി വർഷങ്ങൾക്കു് മുമ്പാണു് ഭൂമിയുണ്ടായതെന്നു് കണക്കാക്കപ്പെടുന്നു. അഞ്ചുലക്ഷത്തോളം വർഷങ്ങളായത്രേ മനുഷ്യൻ ഉണ്ടായിട്ടുതന്നെ. ആദിമനുഷ്യൻ തികച്ചും വനചരരായ ജന്തുക്കൾതന്നെയായിരുന്നു. അമീബ മുതൽ മനുഷ്യൻ വരെയുള്ള പരിവർത്തനങ്ങൾക്കിടയിൽ എന്തെല്ലാം അവനു് നേരിടേണ്ടിവന്നിരിക്കാം! അതിൽ പലതും ജന്മവാസനയായി അവനിൽ അലിഞ്ഞുചേർന്നിരുന്നു. പ്രാകൃതമനുഷ്യനിൽനിന്നും ആധുനികമനുഷ്യനിലേക്കുള്ള പുരോഗതിയുടെ ചരിത്രത്തിലും ഭാവനാതീതങ്ങളായ പലതും സംഭവിച്ചിരിക്കാം. അതെല്ലാം വാസനകളായി നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടു്. പലപ്പോഴും സത്യാന്വേഷണത്തിനെതിരെ ആ ജന്മവാസനകൾ നമ്മിൽ ഉയർന്നുവരും. പറഞ്ഞുകേട്ടും ചെയ്തും ശീലിച്ചിട്ടുള്ളതിനെതിരായി ഒരാൾ പറയുന്നതുകേട്ടാൽ അതിനെതിരെ വികാരംകൊള്ളുന്നതു് മനുഷ്യനിലെ മൃഗമാണു്. നിരന്തരമായ അഭ്യാസംകൊണ്ടു് സഹിഷ്ണുത ശീലിക്കുകയാണു് ഇതിനുള്ള പോംവഴി. ശാസ്ത്രജ്ഞനു് എന്തെങ്കിലും പുതുതായി കണ്ടുപിടിക്കുമ്പോൾ അത്ഭുതമെന്ന വികാരം ഉണ്ടാകാം. പക്ഷേ, കണ്ടുപിടിത്തത്തിനു് അയാളെ പ്രേരിപ്പിക്കുന്നതു് ആ വികാരമല്ല. പരീക്ഷണശാലയിൽ അയാൾ നിസ്സംഗനാണു്. എന്തിനെയെങ്കിലും നാം സമീപിക്കുമ്പോൾ അത്തരം നിസ്സംഗതയാണാവശ്യം.
പാരമ്പര്യവും പരിതഃസ്ഥിതികളുമാണു് വിശ്വാസത്തേയും മതത്തേയും രൂപപ്പെടുത്തിയതു്. അതു് യാതൊരുവിധമായ ആലോചനയുടെയും ഫലമല്ല. ഞാൻ ഇന്ത്യയിൽ ജനിച്ചതുകൊണ്ടു് ഹിന്ദുവായി. നായർസമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചതുകൊണ്ടു് നായരായി. നേരെമറിച്ചു് ഞാൻ അറേബ്യയിൽ ജനിച്ചിരുന്നുവെങ്കിൽ ഒരു മുസ്ലിം ആകുമായിരുന്നു. യൂറോപ്പിലോ കേരളത്തിൽത്തന്നെയോ ഒരു ക്രിസ്തീയകുടുംബത്തിൽ ജനിച്ചിരുന്നുവെങ്കിൽ ക്രിസ്ത്യാനിയാകുമായിരുന്നു. വെറും യാദൃച്ഛികത്വമാണു് വ്യക്തിയുടെ വിശ്വാസത്തിനും മതത്തിനും അടിസ്ഥാനമെന്നു് ഇതു് തെളിയിക്കുന്നു. കാക്ക കായ് കൊത്തി അവിടവിടെ ഇടുന്നു. ആ കായ്കൾക്കു് അക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ല. മിക്കവരുടേയും മതവിശ്വാസത്തിനു് ഇതുപോലുള്ള ഉത്തരവാദിത്വമേയുള്ളു. എന്നാൽ പഴയതിനോടുള്ള മമത നിത്യസമ്പർക്കംമൂലം മനുഷ്യനിൽ ഉണ്ടാകുന്നു. ഇരുളടഞ്ഞതും ജീർണിച്ചതുമായ ഒരു പഴയവീടു് പൊളിച്ചു് പുതുതായൊന്നു് വയ്ക്കണമെന്നു് പറഞ്ഞാൽ മുത്തശ്ശിക്കു് വിഷമം തോന്നുന്നു. പുതിയ അഭിപ്രായങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ പലരും മുത്തശ്ശിയുടെ ഈ വീക്ഷണഗതിയാണു് പുലർത്തുന്നതു്.
അടുത്തകാലത്തു് ജവഹർലാൽ നെഹ്റു വിനെ ചെന്നുകണ്ട ഒരു ശാസ്ത്രി രഘുവംശത്തിലെ ഒരു ശ്ലോകമുദ്ധരിച്ചുകൊണ്ടു് പറഞ്ഞു സോഷ്യലിസം എന്ന ആശയം കാളിദാസന്റെ കാലത്തും ഉണ്ടായിരുന്നുവെന്നു്. എന്നിട്ടെന്തേ രഘുവംശവ്യാഖ്യാതാക്കൾ പതിനെട്ടാംശതകത്തിനുമുമ്പു് അതു് വിശദമാക്കാതിരുന്നതെന്നു് അദ്ദേഹം ചോദിച്ചു. ശാസ്ത്രിക്കു് മറുപടിയുണ്ടായില്ല. സോഷ്യലിസവും യുക്തിവാദവും റോക്കറ്റും എന്നുവേണ്ട എല്ലാം ഗീതയിലും ബൈബിളിലും ഖുറാനിലും ഉണ്ടെന്നു് പറയുന്നവരുണ്ടു്. തങ്ങളുടെ കൈവശമുള്ള പഴയവീഞ്ഞു് പുതിയകുപ്പിയിൽ നിറച്ചുവെയ്ക്കാനുള്ള അപഹാസ്യമായ ശ്രമത്തിനൊരു ഉദാഹരണമാണിതു്.
നമുക്കെല്ലാം അറിയാവുന്നതാണു് എഴുത്തച്ഛന്റെ കഥ. ആർ. നാരായണപ്പണിക്കർ തന്റെ സാഹിത്യചരിത്രത്തിൽ വളരെയേറെ പേജുകൾ എഴുത്തച്ഛനെപ്പറ്റി ഉപന്യസിക്കാൻ ചെലവാക്കിയിട്ടുണ്ടു്. അതൊരു നല്ല പുസ്തകമാണെങ്കിലും അദ്ദേഹത്തിന്റെ നായർ സ്പിരിറ്റ് അതിൽ സ്വാധീനം ചെലുത്തിയിരിക്കുന്നതു് കാണാം. എഴുത്തച്ഛൻ ഉന്നതകുലജാതനാണെന്നു് സ്ഥാപിക്കുന്നതിനു് അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി പറയാറുള്ള ‘നമ്പൂതിരിക്കഥ’—ഐതിഹ്യം ഉദ്ധരിക്കുന്നു. എഴുത്തച്ഛൻ കുറെ മദ്യം സേവിക്കുമായിരുന്നു എന്നും കഥയുണ്ടല്ലോ. അതു് കള്ളോ ചാരായമോ ഒന്നുമല്ലെന്നും വേദാന്തമദ്യമാണെന്നുമാണു് ചിലരുടെ വ്യാഖ്യാനം. വേദാന്തമെഴുതിയ എഴുത്തച്ഛൻ കള്ളുകുടിക്കുമോ എന്നാണു് ചിലർ ചോദിക്കുന്നതു്. കൃതികളിൽക്കൂടി ഗ്രന്ഥകാരനെ കണ്ടുപിടിക്കാൻ നടത്തുന്ന ഇത്തരം ശ്രമം പരാജയത്തിൽ മാത്രമേ കലാശിക്കുകയുള്ളു. എഴുത്തച്ഛൻ ഏതോ നമ്പൂതിരിയുടെ ജാരസന്താനമാണെന്നു് വന്നാലോ, അദ്ദേഹം കുറെ മദ്യം സേവിച്ചു എന്നുവന്നാലോ അദ്ദേഹത്തിന്റെ മഹത്വത്തിനു് കുറവില്ല. ലോകത്തിൽ എത്രയോ ജാരസന്താനങ്ങൾ മഹാത്മാക്കളായി ഉയർന്നിട്ടുണ്ടു്! നമ്മുടെയെല്ലാം പരിചിതനായിരുന്ന വള്ളത്തോൾ ‘വെടികൊണ്ട പക്ഷി’ എന്നൊരു കവിത എഴുതിയിട്ടുണ്ടല്ലോ. അതു് വായിച്ചാൽ മൂക്കറ്റം മാംസം ഭക്ഷിക്കുന്ന ഒരാളായിരുന്നു വള്ളത്തോൾ എന്നു് ഒരുത്തർക്കും തോന്നുകയില്ല. അദ്ദേഹം കവിതയെഴുതിയ ആ സമയത്തെ ചിന്താഗതിമാത്രമാണതു്. ആചാര്യനായ ടോൾസ്റ്റോയി യുടെ ജീവിതം എടുത്തുനോക്കുക. ഭാര്യയുമായി തെറ്റിപ്പിരിഞ്ഞു് വഴിയരുകിൽ കിടന്നാണു് അദ്ദേഹം മരിച്ചതു്. ഭാര്യയ്ക്കു് അദ്ദേഹത്തെക്കൊണ്ടു് കിടക്കപ്പൊറുതി ഉണ്ടായിട്ടില്ല എന്നാണു് പറയുന്നതു്. ഇനിയും ഓസ്കാർ വൈൽഡിനെ എടുക്കുക. പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെപ്പോലും വെറുതെവിടുമായിരുന്നില്ല ആ മനുഷ്യൻ. പാരീസിലെ ഓടയിൽ കിടന്നു് അദ്ദേഹം മരിച്ചു. മഹത്തായ തത്ത്വങ്ങൾ നമുക്കു് പറയാമോ? സ്വതന്ത്രമായ ചിന്തകൊണ്ടു് നല്ലതും ചീത്തയും തിരിച്ചറിയാൻ നാം ശ്രമിക്കുകയാണു് വേണ്ടതു്. അതിനുപകരം ടോൾസ്റ്റോയിയെയും ഓസ്ക്കാർ വൈൽഡിനെയും എഴുത്തച്ഛനേയും ന്യായീകരിക്കുന്നതു് അപഹാസ്യമാണു്. ചെളിയിൽനിന്നു് താമര പൊന്തുന്നു. താമര ഉണ്ടായ ചെളിയെ നാമാരും എടുത്തുകൊണ്ടു് നടക്കാറില്ല. ചെളിയെ ന്യായീകരിക്കാറുമില്ല.
ആരെങ്കിലും പറഞ്ഞതു് ഏറ്റുപറയാനും ചെയ്തതു് ആവർത്തിക്കാനുമുള്ള വാസനയാണു് അധികമാളുകൾക്കുമുള്ളതു്. അവിടെ തെറ്റും ശരിയും വിവേചിച്ചറിയുവാൻ ശ്രമിക്കാറില്ല. പണ്ടു് ഒരു സന്യാസിക്കു് പറ്റിയ കഥകേട്ടിട്ടില്ലേ? കുളിക്കാനിറങ്ങിയപ്പോൾ തന്റെ കമണ്ഡലു മണലിൽ കുഴിച്ചുവെച്ചു് അതിന്റെ മുകളിൽ ചെറിയ ഒരു മണൽക്കൂന കൂട്ടി. കുളികഴിഞ്ഞു് വരുമ്പോൾ കമണ്ഡലു വെച്ച സ്ഥലം തിരിച്ചറിയാനാണു് പാവം സ്വാമി അങ്ങനെ ചെയ്തതു്. ദിവ്യനായ സന്യാസി മണൽക്കൂന കൂട്ടുന്നതു് കണ്ട ഭക്തന്മാർ വിട്ടില്ല. അവരും നിരവധി മണൽക്കൂനകൾ കൂട്ടി. സ്വാമി മണൽക്കൂനകൾ കണ്ടു് അമ്പരന്നുപോയി. ഇത്തരം ഗതാനുഗതികത്വസ്വഭാവമാണു് പല ആളുകൾക്കും ഉള്ളതു്. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാണെന്നു് പണ്ടാരോ പറഞ്ഞു. അതു് ശരിയല്ല. സംശയമാണു് ജ്ഞാനത്തിന്റെ ആരംഭം. എന്തിനെയും ആരു് പറഞ്ഞതായാലും ചെയ്തതായാലും സംശയത്തോടെ വീക്ഷിക്കുകയാണു് പുരോഗതിയുടെ മാർഗം.
മതങ്ങൾ ഇന്നു് ലോകത്തിൽ കാട്ടിക്കൂട്ടുന്ന ഭ്രാന്തുകൾ വർണ്ണനാതീതമാണു്. ഓരോ തത്ത്വചിന്തകന്മാരുടെയും വിപ്ലവകാരികളുടെയും പേരിലാണു് ഇവയെല്ലാം കെട്ടിപ്പടുത്തിരിക്കുന്നതെന്നുള്ളതു് അതിലും വിചിത്രമാണു്. ബുദ്ധൻ, ക്രിസ്തു, മാർൿസ് തുടങ്ങിയവരെല്ലാം യുക്തിവാദികളായിരുന്നു. നിരീശ്വരത്വമാണു് ബുദ്ധൻ പ്രസംഗിച്ചതു്. കുറേ കഴിഞ്ഞപ്പോൾ അനുയായികൾ അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തിനു് ക്ഷേത്രം പണിയുകയും ചെയ്തു. സ്വതന്ത്രചിന്തചെയ്ത ക്രിസ്തുവിനും ഇതുതന്നെ സംഭവിച്ചു. മാർൿസിന്റെ പേരിലും ഇന്നൊരു മതമുണ്ടായിരിക്കുന്നു. ചൈനാക്കാർ ഇന്നു് പ്രസംഗിക്കുന്നതും സ്റ്റാലിൻ ഇന്നലെ പ്രസംഗിച്ചിരുന്നതും ആ കമ്യൂണിസ്റ്റ് മതമാണു്. ക്രൂഷ്ചേവ് മാർൿസിസത്തിന്റെ പേരിൽ മതമുണ്ടാക്കുന്നതിനു് എതിരാണു്.
സിദ്ധാന്തങ്ങളോടും ഗ്രന്ഥങ്ങളോടും മാത്രമല്ല കല്ലിനോടും മരത്തിനോടുംകൂടി മതം ആദരവു് പ്രകടിപ്പിക്കുന്നു; അവയുടെ അടിമത്തം സ്വീകരിക്കുന്നു. മുമ്പു് തിരുനക്കര ക്ഷേത്രത്തിലെ കാളവിഗ്രഹത്തിനു് നീരുവന്നു് പൊട്ടി തിരുവിതാംകൂർ രാജ്ഞികൂടി വന്നു് അതിന്റെ അംശം പട്ടിൽ പൊതിഞ്ഞു് കൊണ്ടുപോയി. അതു് മാംസത്തിന്റെയോ രക്തത്തിന്റെയോ അംശമാണോ എന്നു് അഞ്ചുനിമിഷംകൊണ്ടു് മനസ്സിലാക്കാമായിരുന്നു. കടപ്പാട്ടൂരും തിരുവൻ വണ്ടൂരും വിഗ്രഹം കണ്ടെടുത്തു എന്നു പറയുന്നു, തിരുവൻവണ്ടൂര് ഏതോ ഒരുവൻ സ്വപ്നം കണ്ടിടത്തു് കുഴിച്ചപ്പോഴാണത്രെ വിഗ്രഹം കിട്ടിയതു്. കുഴിച്ചു് കുഴിച്ചു് ചെന്നിട്ടു് വിഗ്രഹം കാണാതെവന്നപ്പോൾ മറ്റൊരിടത്തുനിന്നു് രഹസ്യമായി കൊണ്ടിട്ടതാണു് അതെന്നും ആരോ പറയുന്നതുകേട്ടു. ഈ വിഗ്രഹത്തിനു് എന്തു് പഴക്കമുണ്ടെന്നും അതു് ഇത്രയുംകാലം മണ്ണിൽ കിടന്നതാണോ എന്നും അറിയുവാൻ ഇന്നു് ശാസ്ത്രീയപരീക്ഷണങ്ങൾകൊണ്ടു് കഴിയും. അങ്ങനെ ഒരു പരീക്ഷണം നടത്താൻ ഈ വിഗ്രഹത്തിന്റെ മേന്മപറയുന്നവർ തയ്യാറാണോ? ഇതു് സംബന്ധിച്ചു് പത്രങ്ങളിൽ വരുന്ന പല റിപ്പോർട്ടുകളും മനുഷ്യനെ വഴിതെറ്റിക്കുന്നവയാണു്. മനുഷ്യനെ വഴിതെറ്റിക്കുന്ന കൂട്ടഭ്രാന്താണു് മതമെന്നുള്ളതിനു് തെളിവാണു് തിരുവൻവണ്ടൂരും മറ്റും കൂടുന്ന ജനതതി.
(യുക്തിവിഹാരം 1963)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971