മനുഷ്യരുടെയെന്നപോലെ അവർ സൃഷ്ടിച്ചുവിട്ട ദേവന്മാരുടെയും ചരിത്രം ബഹുവിചിത്രമാകുന്നു. ഹിന്ദുക്കൾ ഇപ്പോൾ ആരാധിച്ചുവരുന്ന ദേവന്മാരുടെ പൂർവചരിത്രം പരിശോധിച്ചാൽ പലപല രൂപപരിണാമങ്ങളും കണ്ടെത്താവുന്നതാണു്. ഇവരിൽ പലരും ആദ്യകാലത്തു് ഒരുതരം അസംസ്കൃതരൂപികളായിരുന്നു. കാലാന്തരത്തിൽ മനുഷ്യമനസ്സിന്റെ സങ്കൽപ്പജാലത്താൽ ഇക്കൂട്ടർ ചിത്രശലഭങ്ങളെപ്പോലെ സുന്ദരമൂർത്തികളായി പരിണമിച്ചു. ആരംഭത്തിൽ കേവലം മനുഷ്യരായിരുന്നു് അവസാനം ദേവത്വം പ്രാപിച്ചവരും ഇക്കൂട്ടത്തിലുണ്ടു്. ഇന്നു് ദക്ഷിണേന്ത്യയിൽ അനേകലക്ഷം ഭക്തരുടെ ആരാധനാമൂർത്തിയായിത്തീർന്നിരിക്കുന്ന സുബ്രഹ്മണ്യൻ മേൽക്കാണിച്ചതരത്തിലുള്ള ഒരു വിചിത്രപരിണാമിയാണെന്നറിയുന്നതു് രസാവഹമല്ലേ? പഴനി, തൃച്ചന്തൂർ തുടങ്ങിയ അനേകം മഹാക്ഷേത്രങ്ങളിൽ കൊല്ലന്തോറും ലക്ഷക്കണക്കിനു് സുബ്രഹ്മണ്യഭക്തന്മാർ ആരാധനക്കായി പോകാറുണ്ടല്ലോ. കേരളത്തിൽത്തന്നെ കാവടിതുള്ളലും അഭിഷേകവും എത്രയെത്ര ക്ഷേത്രങ്ങളിലാണു് മുടക്കംകൂടാതെ നടക്കാറുള്ളതു്! ഇത്ര വളരെ മാഹാത്മ്യം സമ്പാദിച്ച ഈ സുബ്രഹ്മണ്യൻ ആദ്യകാലത്തു് ഒരു സായ്പായിരുന്നു എന്നു് പറഞ്ഞാൽ ഭക്തന്മാർ കോപിച്ചേക്കാം. ഭക്തിപൂർവം നടത്തുന്ന ഈ അഭിഷേകാഘോഷങ്ങളും കാവടിതുള്ളലുമെല്ലാം ഒരു വെള്ളക്കാരന്റെ തിരുമുമ്പിലാണെന്നു് വരുന്നതു് അവർ എങ്ങനെ സഹിക്കും? എന്നാൽ, വാസ്തവം അതാണെന്നു് ഒരു ചരിത്ര പണ്ഡിതൻ തെളിവുസഹിതം സമർത്ഥിച്ചിരിക്കുന്നു.
1937-ൽ തിരുവനന്തപുരത്തുവെച്ചു് നടന്ന അഖിലേന്ത്യാ പൗരസ്ത്യ കോൺഫ്രൻസിൽ പ്രസ്തുതവിഷയത്തെ സംബന്ധിച്ചു് അവിടത്തെ സംസ്കൃതകോളേജ് പ്രിൻസിപ്പാൾ ശ്രീമാൻ എൻ. ഗോപാലപിള്ള എം. എ. വിപുലവും വിജ്ഞാനപ്രദവും ആയ ഒരു പ്രബന്ധം വായിക്കുകയുണ്ടായി. ചരിത്രപണ്ഡിതരുടെ ശ്രദ്ധയ്ക്കു് പ്രത്യേകം വിഷയീഭവിക്കേണ്ട വിലയേറിയ ഒരു വിശിഷ്ടപ്രബന്ധമാണതു്. രണ്ടായിരത്തിൽപ്പരം കൊല്ലങ്ങൾക്കുമുമ്പു് ഗ്രീസിൽനിന്നും ജൈത്രയാത്ര ചെയ്തു് ഇന്ത്യയെ ആക്രമിച്ച അലൿസാണ്ടർ ആണു് നമ്മുടെ സ്കന്ദൻ (സുബ്രഹ്മണ്യൻ) ആയി പരിണമിച്ചതെന്നുള്ള ഒരു സിദ്ധാന്തം യുക്തിയുക്തങ്ങളായ വാദകോടികൾകൊണ്ടു് പരിവേഷ്ടിതമാക്കി അദ്ദേഹം അതിൽ അവതരിപ്പിച്ചിരിക്കുന്നു. ചരിത്രമാർഗത്തിൽ ചരിക്കുന്ന ഗവേഷണബുദ്ധി, മതം, സമുദായം, രാഷ്ട്രം മുതലായവയെ സംബന്ധിച്ചു് ഒരു സാധാരണ മനുഷ്യന്റെ മനസ്സിനെ ബാധിക്കാറുള്ള വികാരാവേശത്താൽ കലുഷിതമാകാതിരിക്കുക എന്നതു് പണ്ഡിതന്മാരുടെ ഇടയിൽപ്പോലും സുലഭമായിക്കാണാത്ത ഒരു ഗുണവിശേഷമാകുന്നു. ഈയൊരു പ്രത്യേകഗുണം പ്രസ്തുത പ്രബന്ധത്തിൽ സമൃദ്ധിയായി വിളയാടുന്നുണ്ടു്. മതക്കറുപ്പുകൊണ്ടു് മയങ്ങിപ്പോകാതെ നിഷ്പക്ഷവും നിർബാധവും ആയ ചരിത്രദൃഷ്ടിയോടുകൂടിയാണു് പ്രബന്ധകാരൻ ഇതിൽ ആദ്യന്തം പ്രത്യക്ഷപ്പെടുന്നതു്. സ്വമതസ്ഥാപനസംരംഭം അദ്ദേഹത്തെ ലേശവും ബാധിച്ചിട്ടില്ല. തെളിവുകളുടെ ബലാബലവിചാരത്തിൽ ശരിയായ യുക്തിമർഗത്തെ അവലംബിച്ചുകൊണ്ടാണു് അദ്ദേഹം ഈ നിഗമനത്തിൽ എത്തിച്ചേർന്നതു്. മി. പിള്ള കൊണ്ടുവന്നിട്ടുള്ള തെളിവുകളുടെ ഒരു രത്നച്ചുരുക്കം മാത്രമേ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുള്ളു.
രാജാക്കന്മാർ, രണവീരന്മാർ, പ്രവാചകർ മുതലായവർക്കു് ദേവയോനിത്വം കല്പിച്ചു് അവരെ ദൈവപുത്രന്മാരാക്കി ആരാധിക്കുന്ന പതിവു് അതിപ്രാചീനകാലംമുതൽക്കു് എല്ലാ രാജ്യങ്ങളിലും നടന്നുവരുന്ന ഒരു സമ്പ്രദായമാകുന്നു. ഇക്കാലത്തുപോലും ഇത്തരം വീരാരാധനയുടെ അവശിഷ്ടം നാം കാണുന്നുണ്ടു്. ജപ്പാനിലെ ചക്രവർത്തി, ടിബറ്റിലെ ലാമ, ജർമനിയിലെ ഹിറ്റ്ലർ, ഇന്ത്യയിലെ ഗാന്ധി ഇവർ ദേവാനുഭാവധരന്മാരായി ആരാധിക്കപ്പെടുന്നതു് നോക്കുക! ഇതിനെക്കാൾ ദൃഢമായ ഭക്തിയോടും വിശ്വാസത്തോടുംകൂടി അക്കാലത്തു് അലൿസാണ്ടർ ദൈവപുത്രനായി വാഴ്ത്തപ്പെട്ടിരുന്നു. അമാനുഷികമായ യുദ്ധവൈദഗ്ദ്ധ്യം പ്രകടിപ്പിച്ച ശൂരാത്മാവായിരുന്നല്ലോ അദ്ദേഹം. പിതാവായ ഫിലിപ്പ് പോലും അദ്ദേഹത്തിന്റെ ദേവയോനിത്വത്തിൽ വിശ്വസിച്ചിരുന്നു. മാതാവായ ഒബിയസ്സിനു് അതിൽ സംശയംപോലും ഉണ്ടായിരുന്നില്ല. പുത്രന്റെ ജനനവേളയിൽ ഈ അത്ഭുതവാർത്ത ഒരു കോമരം (Oracle) തുള്ളി വിളംബരപ്പെടുത്തുകയും ചെയ്തു. ഈ വിളംബരപ്രകാരം അലൿസാണ്ടർ ഛാഗമുഖനായ (Ram headed) ഒരു ദൈവത്തിന്റെ പുത്രനായി അംഗീകരിക്കപ്പെട്ടു. വിജിഗീഷുവായി രാജ്യങ്ങൾ ആക്രമിച്ചു് ജയഭേരി മുഴക്കിയതോടുകൂടി അലൿസാണ്ടരുടെ കീർത്തിയും അദ്ദേഹത്തെപ്പറ്റിയുള്ള അത്ഭുതകഥകളും നാനാദേശങ്ങളിലും പ്രചരിച്ചു. ക്രമേണ അദ്ദേഹം ഒരു ഇതിഹാസ ദൈവമായിത്തന്നെ തീർന്നു. ഈജിപ്ത്, പേർഷ്യ, അറേബിയ തുടങ്ങിയ ഇതര രാജ്യങ്ങളിലെല്ലാം ‘അലൿസാണ്ടർ പുരാണങ്ങൾ’ ഉണ്ടായി. ഇവയിലെല്ലാം ‘ഇസ്കന്ദർ’ (Iskandar) എന്ന പേരിലാണു് അദ്ദേഹം ആരാധിക്കപ്പെടുന്നതു്. ഈ യുദ്ധവീരനെപ്പറ്റിയുള്ള കഥകളും ഐതിഹ്യങ്ങളും അറബി, പേർഷ്യൻ, സിറിയക്ക് തുടങ്ങിയ 25 ഭാഷകളിൽ പ്രചരിച്ചിട്ടുണ്ടു്. അലൿസാണ്ടർക്കു് ഇന്ത്യയുമായുള്ള ബന്ധം ചരിത്രപ്രസിദ്ധമാണല്ലോ. ഈ സ്ഥിതിക്കു് ഇന്ത്യയിലെ ഒരു സാഹിത്യത്തിലും അലൿസാണ്ടറെപ്പറ്റിയുള്ള പുരാണം കാണുന്നില്ല എന്നു് വരുന്നതു് അസംഭാവ്യമാകുന്നു. ഇതരരാജ്യങ്ങളിൽ കാണുന്നതിനു് സമാനമായി അലൿസാണ്ടരെപ്പറ്റി ഇന്ത്യക്കാർക്കു് ലഭിച്ചിട്ടുള്ള പുരാവൃത്താന്തമാണു് സ്കാന്ദപുരാണം. സ്കാന്ദപുരാണത്തിലെ സ്കന്ദൻ സാക്ഷാൽ അലൿസാണ്ടറാണെന്നുള്ളതിനു് അത്ഭുതാവഹമായ അനേകം തെളിവുകൾ കാണുന്നു. സ്കാന്ദപുരാണകഥയ്ക്കും അലൿസാണ്ടരെ സംബന്ധിച്ച ചരിത്രകഥകൾക്കും തമ്മിൽ പലപല സാദൃശ്യങ്ങൾ ഉണ്ടു്. ഒന്നാമതായി നാമധേയംതന്നെ എടുക്കാം. അറബി, പേർഷ്യൻ മുതലായ പൗരസ്ത്യഭാഷകളിൽ അലക്സാണ്ടർ ഇസ്കന്ദർ ആയി പരിണമിച്ചു എന്നു് മുമ്പു് സൂചിപ്പിച്ചല്ലോ. ഇസ്കന്ദർ ഭാരതഭാഷയിലേക്കു് പകർന്നപ്പോൾ വർണവിപരിണാമ നിയമപ്രകാരം ‘ഇസ്കന്ദ’ എന്നും പിന്നീടു് ഇകാരം ലോപിച്ചു് സ്കന്ദ എന്നും ആയിത്തീർന്നു. യവനനാമങ്ങളുടെ ഇത്തരം സംസ്കൃതീകരണത്തിനു് വേറെ അനേകം ഉദാഹരണങ്ങളുണ്ടു്. മിനാൻഡർ (Menander) മിളിന്ദ എന്നാകുന്നതു് നോക്കുക.
അലൿസാണ്ടർ ബൿത്രിയ (Bactria) രാജാവിന്റെ പുത്രി റാൿസാന(Raxana)യെയാണു് വിവാഹം ചെയ്തതു്. സ്കന്ദർ മൃത്യുവിന്റെ പുത്രിയായ സേനയെ, അഥവാ ദേവസേനയെ വിവാഹംചെയ്തതായി പുരാണത്തിൽ കാണുന്നു. റാൿസാനയുടെ ഉത്തരപദം സംസ്കൃതീകരിച്ചതാണു് സേന. ‘ലോപഃപൂർവപദസ്യ’ എന്ന പാണിനിമതപ്രകാരം പൂർവ്വപദം ലോപിപ്പിക്കുകയും ചെയ്യാം. സമസ്തപദത്തിന്റെ അർത്ഥം വിട്ടുകളയാതിരിപ്പാൻ ദേവസേന എന്നൊരു രൂപവും സ്വീകരിച്ചിരിക്കാം. റസ് (Raz) എന്നതിനു് ദീവ്—പ്രകാശിക്കുക—എന്നർത്ഥമുണ്ടു്. ‘ബൿത്രിയ’ രാജാവു് ‘മൃത്യു’ ആകാനും പ്രയാസമില്ല.
സുബ്രഹ്മണ്യനു് സ്കന്ദൻ, ശക്തിധരൻ, കാർത്തികേയൻ, കുമാരൻ, ക്രൗഞ്ചദാരണൻ, ഷാണ്മാതുരൻ, ഷഡാനനൻ, സേനാനി ഇങ്ങനെ അനേകം പേരുകളുണ്ടു്. ഈ പേരുകളിൽ പലതിനും സാദൃശ്യം കാണുന്നു. അക്കാലത്തു് യവനസേനയുടെ പ്രധാനമായ ആയുധം ശക്തി (വേൽ—Lance) ആയിരുന്നു. അതുകൊണ്ടു് സ്കന്ദനെപ്പോലെ ‘സേനാനി’യായിരുന്ന അലൿസാണ്ടരും ശക്തിധരൻ—വേലായുധൻ ആണു്. അലൿസാണ്ടർ പ്രിൻസ് (Prince) എന്ന പേരിലാണു് പ്രസിദ്ധനായതു്. അപ്പോൾ കുമാരൻ എന്ന പേരും യോജിക്കുന്നുണ്ടു്. സ്കന്ദൻ ക്രൗഞ്ചദാരണൻ അതായതു് ക്രൗഞ്ചപർവതത്തെ പിളർന്നവനാണു്. ഇന്ത്യയെ ആക്രമിച്ചപ്പോൾ അലക്സാണ്ടർ ദുരതിക്രമമായ ഹിന്ദുകുഷ് പർവതം കടന്നിട്ടുണ്ടു്. ഈ പർവതംതന്നെയായിരിക്കണം പുരാണത്തിലെ ക്രൗഞ്ചം. പേർഷ്യരാജ്യം ആക്രമിച്ചു് അവിടത്തെ രാജാവായ ഡാരിയസിനെ (Darius) കീഴടക്കി സ്വാധികാരം സ്ഥാപിക്കുക എന്നതായിരുന്നു അലൿസാണ്ടർ ചരിത്രത്തിലെ പ്രധാന സംഭവം. അദ്ദേഹത്തിന്റെ പിതാവായ ഫിലിപ്പിന്റെ അഭിലാഷവും ഇതുതന്നെയായിരുന്നു. അലൿസാണ്ടരുടെ പ്രധാന ജീവിതോദ്ദേശംതന്നെ ഈ ചരിത്രാഭിലാഷപൂർത്തീകരണമത്രേ. താരകാസുര നിഗ്രഹത്തിനാണല്ലോ സ്കന്ദൻ അവതരിച്ചതു്. ‘താരക’ പദം ഡാരിയസിന്റെ സംസ്കൃതീകരണമാണെന്നു് കാണാൻ പ്രയാസമില്ല. അർത്ഥംകൊണ്ടും ഈ രണ്ടു് പദങ്ങൾക്കും തമ്മിൽ സാദൃശ്യം ഉണ്ടു്. പേർഷ്യാരാജാവിന്റെ കൂടെ ദൈവം ‘അഹുരമസദ് ’ (Ahura Mazda) എന്നൊരു ദേവനുണ്ടായിരുന്നു. അവസ്ത (Avesta) എന്ന മതഗ്രന്ഥത്തിന്റെ പ്രാചീനഭാഗങ്ങളിൽ ഈ പേരു് മറിച്ചു് ‘മസദ് അഹുര’ എന്നും പ്രയോഗിച്ചിട്ടുണ്ടു്. ഡാരിയസ്സിന്റെ മരണശേഷം ഈ കുലദൈവവും ബഹിഷ്കൃതനായി. തൽസ്ഥാനത്തു് നേതാവായ അലൿസാണ്ടർ പ്രതിഷ്ഠിതനായതിൽ അത്ഭുതപ്പെടാനില്ല. സ്കന്ദപുരാണവും ഈ ചരിത്രം പ്രതിഫലിപ്പിക്കുന്നുണ്ടു്. മഹിഷാസുരനെ മർദ്ദിച്ചവനാണു് സ്കന്ദൻ. ഈ മഹിഷാസുരൻ പേർഷ്യയിലെ കുലദൈവമായിരുന്ന മസദ് അഹുരനാണെന്നു് വരാം. അഹുരൻ അസുരനാകാൻ എളുപ്പമുണ്ടു്. പല ചരിത്രകാരന്മാരും ഇതു് സമ്മതിച്ചിട്ടുമുണ്ടു്. എന്നാൽ, മസദപദത്തെപ്പറ്റി ചില തർക്കങ്ങളില്ലെന്നില്ല.
ഛാഗമുഖത്വം (ആടിന്റെ മുഖമുള്ളതു്) ആണു് മറ്റൊരു സാദൃശ്യം. ‘സിയസ് അമ്മൺ’ (Zeuss Ammon) എന്ന ദേവൻ ഛാഗമുഖനാണു്. ആ ദേവന്റെ പുത്രനായി സങ്കൽപിക്കപ്പെടുന്ന അലൿസാണ്ടർക്കും പിതൃച്ഛായാസാമ്യത്താൽ ഛാഗമുഖത്വം വന്നുചേർന്നു. നമ്മുടെ സ്കന്ദസ്വാമിയും ഛാഗമുഖനാണെന്നുള്ളതിനു് രേഖകളുണ്ടു്. ‘ഷൺമുഖ ഛാഗരൂപേണ പൂജ്യതേ കിം ന സാധുഭിഃ’ എന്ന പഞ്ചതന്ത്രവാക്യം നോക്കുക. ഇതുപോലെ മഹാഭാരതത്തിലും ഈ വിശേഷണം കാണുന്നുണ്ടു്. ഇക്കാലത്തു് സുബ്രഹ്മണ്യനു് ഈ വിശേഷണം കല്പിച്ചുകാണുന്നില്ലെങ്കിലും പഞ്ചതന്ത്രകർത്താവിന്റെ കാലത്തു് പ്രസ്തുതദേവൻ ഛാഗരൂപനായി ആരാധിക്കപ്പെട്ടിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്.
യവനേതിഹാസങ്ങളിൽ കാണുന്ന മറ്റൊരു ദേവനാണു് ഡയോണിസസ് (Dionysus). ഈ ദേവനാണു് ആദ്യമായി ഇന്ത്യയെ ആക്രമിച്ചതു് എന്നൊരു വിശ്വാസം അറബികളുടെയിടയിൽ നടപ്പുണ്ടായിരുന്നു. അലൿസാണ്ടറുടെ ആക്രമണത്തിനു് ശേഷം ഈ ദേവന്റെ സ്ഥാനവും അദ്ദേഹത്തിനു് ലബ്ധമായി. വൃക്ഷലതാദികളുടെ പ്രകൃതിദേവൻ (Nature God) ആയിട്ടു് ഡയോണിസസ് ആരാധിക്കപ്പെട്ടിരുന്നു. വൃക്ഷങ്ങളിലും ലതകളിലും മനുഷ്യധർമം ആരോപിച്ചു് അവ തമ്മിലുള്ള വിവാഹം ആഘോഷിക്കുകയെന്നതു് മതപരമായ ഒരു ചടങ്ങായി പഴയകാലത്തു് പല ദേശങ്ങളിലും നടപ്പുണ്ടായിരുന്നു. സ്കന്ദനും വല്ലിയും തമ്മിലുള്ള വിവാഹം ഇത്തരമൊരു വൃക്ഷലതാവിവാഹത്തിന്റെ പ്രതിബിംബമാണെന്നു് പറയാം. ഡയോണിസസിന്റെ സ്ഥാനമാണു് അതിൽ സ്കന്ദനുള്ളതു്. അതു് അലൿസാണ്ടരുടെ രൂപപരിണാമംവഴിക്കു് ലഭിച്ചതുമാണു്. വിശാഖൻ എന്ന സ്കന്ദപര്യായവും ഇവിടെ യോജിക്കുന്നു.
മൗര്യവംശസ്ഥാപകനായ ചന്ദ്രഗുപ്തൻ അലൿസാണ്ടരെ വീരനായി ആരാധിച്ചിരുന്നു എന്നുള്ളതിനു് അനേകം തെളിവുകളുണ്ടു്. മയൂരവാഹനനായ സ്കന്ദനായിരുന്നു അദ്ദേഹത്തിന്റെ കുലദൈവം. ‘മയൂര’ ശബ്ദത്തിൽനിന്നാണു് മൗര്യശബ്ദത്തിന്റെ ആഗമനമെന്നും കാണാവുന്നതാണു്. വിസ്തരഭയത്താൽ ഇങ്ങനെ ചില സൂചനകൾകൊണ്ടുമാത്രം തൃപ്തിപ്പെടേണ്ടിയിരിക്കുന്നു. ഇപ്രകാരം ചരിത്രപരമായും മറ്റുപ്രകാരത്തിലും ഉള്ള അനേകം തെളിവുകൾകൊണ്ടു് സ്കന്ദൻ അലൿസാണ്ടരാണെന്നുള്ള സിദ്ധാന്തം സുരക്ഷിതമാണു്.
(നിരീക്ഷണം 1944)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971