ബോധം, ആചരണം എന്ന രണ്ടു് സുപ്രധാന ഘടകങ്ങളുണ്ടു് വിദ്യാഭ്യാസത്തിൽ. ഒരു വിഷയത്തെപ്പറ്റി ബോധം തെളിയുകയാണു് ഒന്നാമതു് വേണ്ടതു്. രണ്ടാമത്തേതാണു് ആചരണം. ബോധത്തിനനുസരിച്ചു് ആചരണമില്ലെങ്കിൽ ആ ബോധംകൊണ്ടെന്തു് പ്രയോജനം? അപ്പോൾ അതു് ഒരജഗളസ്തനമാകുകയേ ഉള്ളു. ആചരണം നിത്യേന തുടരുമ്പോഴാണു് അതു് ശീലമായിത്തീരുന്നതു്. ഇങ്ങനെ നോക്കുമ്പോൾ ബോധോദയത്തെക്കാൾ പ്രധാനവും പ്രയാസമേറിയതുമാണു് ശീലമെന്നു് മനസ്സിലാകും. ബോധമുണ്ടായിട്ടും അതനുസരിച്ചു് ജീവിക്കാത്തവരും അതു് ശീലമാക്കാത്തവരുമല്ലേ നമ്മളിലധികംപേരും? ഈ വസ്തുത പകൽപോലെ തെളിഞ്ഞുകാണുന്നതു് ശുചിത്വവിഷയത്തിലാണു്.
ശുചിത്വം ദുർഗ്രഹമായ ഒരു വിഷയമല്ല. അതിനെപ്പറ്റി സാമാന്യബോധമെങ്കിലുമുള്ളവരാണു് മിക്കപേരും. എന്നാൽ, അതു് ആചരണത്തിൽ കൊണ്ടു് വന്നു് ശീലമാക്കിത്തീർത്തിട്ടുള്ളവർ എത്ര പേരുണ്ടു്? അശുചിയായി ജീവിച്ചു് ശീലിച്ചവനു് ബോധമുണ്ടായാലും പ്രയോജനമില്ല. ശീലിച്ചതേ പാലിക്കയുള്ളു എന്നുണ്ടല്ലോ. ബോധപ്രകാശത്തിൽ അതിനു് മാറ്റം വരുത്താൻ മനഃപൂർവമായ യത്നംതന്നെ വേണ്ടിവരും. ശുചിത്വം ബാഹ്യമായിട്ടും ആഭ്യന്തരമായിട്ടും പാലിക്കേണ്ടതുണ്ടു്. ഇതിൽ ബാഹ്യശുദ്ധി മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളു. ശരീരം, ഗൃഹം, പരിസരം, ഗ്രാമം, നഗരം ഇത്യാദിയിലെ ശുചിത്വം ഇതിലുൾപ്പെടുന്നു. സദ്വൃത്തിമൂലകമായ മനശ്ശുദ്ധിയാണു് രണ്ടാമത്തേതു്. ഇതു് താരതമ്യേന പ്രയാസമേറിയതാണെന്നുള്ളതിനു് സംശയമില്ല. പുറമേ ശുചിയും അകമേ അശുചിയുമായി ജീവിക്കുന്നവർക്കു് യാതൊരു ക്ഷാമവുമില്ലല്ലോ നമ്മുടെ നാട്ടിൽ. എന്നാൽ, പ്രയാസമില്ലാത്തതുപോലും ഒരു ശീലമാക്കിത്തീർക്കുന്നതിൽ നമ്മളിലെത്രപേർ ശ്രദ്ധിക്കാറുണ്ടു്?
വലിയ പഠിപ്പും പാസ്സുമുള്ള ഒരു മാന്യൻ ഒരിക്കൽ ഇതെഴുതുന്ന ആളുടെ വസതിയിൽ വന്നു. അദ്ദേഹം ഓമനിച്ചു് വളർത്തുന്ന ഒരു കുട്ടിയും കൂടെയുണ്ടായിരുന്നു. ജലദോഷം പിടിച്ചു് ചെളികെട്ടിയ മുഖമായിരുന്നു കുട്ടിയുടേതു്. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ അച്ഛൻ മകന്റെ മൂക്കുപിഴിഞ്ഞെടുത്തതുമുഴുവൻ ഒരു ശങ്കയും കൂടാതെ മുമ്പിൽക്കണ്ട മേശവിരിപ്പിന്റെ ഒരറ്റത്തു് പ്രതിഷ്ഠിച്ചു. ഇതു് എത്രയോ കൊല്ലംമുമ്പു് നടന്നതാണെങ്കിലും അന്നു് മനസ്സിൽ തറച്ചുകയറിയ അറപ്പു് ഇന്നും വിട്ടുപോയിട്ടില്ല. ശുചിത്വബോധമില്ലാത്തതുകൊണ്ടാണോ ആ മനുഷ്യൻ ഈ വൃത്തികേടു് കാണിച്ചതു്? അല്ല. അയാൾ ശീലിച്ചതു് പാലിച്ചുവെന്നേയുള്ളു. ഇനി മറ്റൊരു സംഭവം പറയാം; തിരുവനന്തപുരത്തു് കലാശാലാവിദ്യാർത്ഥികളുടെ സമ്മേളനത്തിൽ ഒരു പാശ്ചാത്യപണ്ഡിതൻ പ്രസംഗിച്ചുകൊണ്ടു് നില്ക്കയായിരുന്നു. സാമൂഹ്യമായ ശുചിത്വം എന്നതായിരുന്നു പ്രസംഗവിഷയം. ഇന്ത്യക്കാർക്കു് പരിസരങ്ങൾ മലിനമാക്കാൻ ഒരു മടിയുമില്ലെന്നും സാമൂഹ്യശുചിത്വത്തിൽ അവർ പാശ്ചാത്യരെ കണ്ടു് പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തദവസരത്തിൽത്തന്നെ ശ്രോതാക്കളിലൊരുവൻ മൂക്കുപിഴിഞ്ഞു് ചുവരിൽ തൂത്തുകൊണ്ടിരുന്നതു് കണ്ടുപിടിച്ചു് താൻ പറഞ്ഞതിനൊരു ദൃഷ്ടാന്തമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതു് സദസ്സിൽ കൂട്ടച്ചിരിയുണ്ടാക്കിയെന്നു് പറയേണ്ടതില്ലല്ലോ.
അക്ഷരംപ്രതി പരമാർത്ഥമല്ലേ ആ പണ്ഡിതൻ പറഞ്ഞതു്? നമ്മൾ പാശ്ചാത്യരെക്കാൾ എത്രയെത്ര പിന്നിലാണു് ഇക്കാര്യത്തിൽ! സ്വന്തം ദേഹത്തിൽനിന്നു് അഴുക്കു് നീക്കണമെന്നുള്ളതല്ലാതെ അതു് എവിടെ വീഴ്ത്തണമെന്ന കാര്യം നാം ചിന്തിക്കുന്നതേയില്ല. കാണുന്നിടമെല്ലാം തുപ്പിനിറച്ചും തരംകിട്ടുന്നിടത്തെല്ലാം മലമൂത്രവിസർജനം ചെയ്തുമാണു് നമ്മുടെ പോക്കെന്നു് ആൾത്തിരക്കുള്ള സ്ഥലങ്ങൾ നോക്കിയാലറിയാം. അതും പോരെങ്കിൽ നഗരങ്ങളിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുള്ള മൂത്രപ്പുരകൾ നോക്കിയാൽ മതി. ശുചിത്വത്തിൽ നാം ഇന്നും വെറും കാടന്മാരാണെന്നു് അവ വിളിച്ചുപറയുന്നുണ്ടു്. പരിഷ്കൃതരീതിയിലുള്ള ‘യൂറിനൽ’ ഉണ്ടായിട്ടും അതിനുള്ളിൽ മൂത്രമൊഴിക്കാതെ ചുറ്റുമുള്ള ചുവരുകൾ വൃത്തികേടാക്കുന്ന ശ്വാനവാസന ബിരുദധാരികളുടെയിടയിൽപ്പോലും കാണുന്ന സ്ഥിതിക്കു് അറിവില്ലാത്തവരെ കുറ്റപ്പെടുത്തുന്നതെന്തിനു്? ടാറിട്ടു് മിനുസപ്പെടുത്തി വൃത്തിയാക്കിയിട്ടുള്ള റോഡിന്റെ നടുക്കു് മുറുക്കിത്തുപ്പി രക്തക്കളം സൃഷ്ടിക്കുക സർവസാധാരണമായിത്തീർന്നിരിക്കയാണു്. വിരലിൽ തുപ്പൽ പുരട്ടി കടലാസ്സു് മറിക്കയും കറൻസിനോട്ടെണ്ണുകയും ചെയ്യാത്തവർ ഇപ്പോളുണ്ടെന്നു് തോന്നുന്നില്ല. അതൊരു പരിഷ്കാരലക്ഷണമായിട്ടുപോലും തീർന്നിട്ടുണ്ടു്. ഗ്രന്ഥശാലകളിലെ പുസ്തകങ്ങൾ ഒരുവട്ടം സഞ്ചരിച്ചുകഴിയുമ്പോഴേക്കും വിരൽത്തുമ്പുവഴിക്കുള്ള ഇത്തരം ബഹുജനജിഹ്വാസമ്പർക്കംമൂലം ലക്ഷോപലക്ഷം രോഗാണുക്കൾ അവയിൽ പറ്റിക്കൂടിക്കാണും. ദേഹശുദ്ധിയിൽ നമ്മൾ സായ്പിനേക്കാൾ മെച്ചപ്പെട്ടവരാണെന്നു് ചിലർ വാദിക്കാറുണ്ടു്. പക്ഷേ, പരിസരശുദ്ധിയില്ലെങ്കിൽ ദേഹശുദ്ധികൊണ്ടെന്തു് ഫലം? വീട്ടിനുള്ളിലെ എല്ലാ അഴുക്കുകളും വാരിക്കൂട്ടി പബ്ലിക് റോഡിലേക്കെറിയുന്ന ദുശ്ശീലം നഗരങ്ങളിലെവിടെയും കാണുന്നുണ്ടു്. മുനിസിപ്പൽ ലോറി വന്നു് നീക്കംചെയ്യുന്നതുവരെ അവ തങ്ങളുടെയും അയൽവാസികളുടെയും ആരോഗ്യത്തെ ഹനിച്ചുകൊണ്ടിരിക്കയാണെന്ന വസ്തുതയെ ഈ പാപം ചെയ്യുന്നവർ ഓർമിക്കുന്നില്ല. എന്തുകൊണ്ടാണു് അഭ്യസ്തവിദ്യരുടെയിടയിൽപ്പോലും ഇതൊക്കെ സംഭവിക്കുന്നതെന്നു് പര്യാലോചിക്കുമ്പോൾ മനസ്സിലാകും ബോധത്തെക്കാൾ ശീലത്തിനുള്ള പ്രാധാന്യം.
ബാഹ്യവും ആഭ്യന്തരവുമായ ശൗചം ഉത്തമജീവിതത്തിനു് അത്യാവശ്യമാണെന്നു് നവീന ഗ്രന്ഥങ്ങൾ മാത്രമല്ല പ്രാചീനഗ്രന്ഥങ്ങളും ഉദ്ഘോഷിച്ചിട്ടുണ്ടു്. ഭഗവദ്ഗീതയിൽ ജ്ഞാനത്തിന്റെ ഘടകങ്ങൾ പ്രതിപാദിക്കുന്നിടത്തു് ‘ആചാര്യോപാസനം ശൗചം മൗനമാത്മവിനിഗ്രഹഃ’ എന്നു് ശൗചത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. ശാകുന്തളത്തിൽ ശാരദ്വതമുനി നഗരവാസികളെ നോക്കിയതു് ശുചി അശുചിയെ വെറുപ്പോടുകൂടി നോക്കുന്നതുപോലെയായിരുന്നുവത്രേ. അതായതു്, അശുചികൾ ദുരതഃത്യാജ്യരാണു്. അവരെ അടുപ്പിക്കാൻ കൊള്ളുകില്ലെന്നു് ചുരുക്കം. ആരോഗ്യപരിപാലനത്തിനുള്ള ശൗചവിധികളെപ്പറ്റി അഷ്ടാംഗഹൃദയത്തിൽ സവിസ്തരം നിരൂപിക്കുന്നുണ്ടു്. പക്ഷേ, ഈ പ്രാചീനഗ്രന്ഥങ്ങളെല്ലാം, മറ്റു് പലതിലുമെന്നപോലെ ശൗചവിധിയിലും പ്രധാനമായി വ്യക്തിജീവിതത്തെ അവയിലെ അനുശാസനങ്ങൾകൊണ്ടു് മാത്രം തൃപ്തിപ്പെടാവുന്നതല്ല. വ്യക്തി നന്നായാൽ സമൂഹം നന്നാകുമെന്നു് സാമാന്യധാരണ ഒരളവുവരെ മാത്രമേ ശരിയാകൂ. വ്യക്തിജീവിതത്തിനു് ആവശ്യമില്ലാത്ത പലതും സാമൂഹ്യജീവിതത്തിനു് വേണ്ടിവരും. ജനപ്പെരുപ്പവും വ്യവസായവൽകരണവുംമൂലം അദൃഷ്ടപൂർവമായ ഒരു സാമൂഹ്യജീവിതമാണു് ഇന്നു് നഗരങ്ങളിൽ വളർന്നുവരുന്നതു്. ആ നിലയിൽ ആരോഗ്യപരിപാലനത്തിനു് മുമ്പില്ലാതിരുന്ന പല നിയമങ്ങളെയും നിയന്ത്രണങ്ങളെയും നാം സ്വീകരിക്കേണ്ടിവരും. പൊതുജനാരോഗ്യം നിലനിന്നെങ്കിലേ വ്യക്തികളുടെ ആരോഗ്യം സുരക്ഷിതമാകൂ എന്ന ബോധം തെളിയണം. തെളിഞ്ഞാൽ മാത്രം പോരാ, അതനുസരിച്ചു് ശുചിയായി പെരുമാറാനുള്ള ശീലം വളർത്തിക്കൊണ്ടു് വരുകയും വേണം. ശീലമാണു് പ്രധാനം, ബോധമല്ല. ‘സർവേഷാമപി സർവകാരണമിദം ശീലം പരം ഭൂഷണം’ എന്ന ഭർത്തൃഹരിവാക്യം സദാപി സ്മർത്തവ്യമാകുന്നു.
(മാനസോല്ലാസം 1961)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971