തൊണ്ണൂറെണ്ണി ജോർജ്ജ് ബർനാഡ്ഷാ, മഹാത്മാഗാന്ധി എഴുപത്തെട്ടും. ഇംഗ്ലണ്ടിൽ തൊണ്ണൂറിലെത്തുക അസാദ്ധ്യമല്ല. എന്നാൽ, ഇന്ത്യയിലോ—പകർച്ചവ്യാധിയും പട്ടിണിയും കാട്ടുജന്തുക്കളും നിറഞ്ഞ ഈ തപ്തഭൂമിയിൽ ശരാശരി അറുപതുതികയ്ക്കാൻപോലും വിഷമം! അക്കണക്കിനു് എഴുപത്തെട്ടുതന്നെ വലിയൊരു നേട്ടമല്ലേ? തൊണ്ണൂറുകാരൻ എഴുപത്തെട്ടുകാരന്റെ മകനോടു് ഈയിടെ പറയുകയുണ്ടായി, (ദേവദാസ് ഗാന്ധി ഇംഗ്ളണ്ടിൽ ചെന്നപ്പോൾ) ‘നിങ്ങളുടെ അച്ഛൻ ഒരു ശിശുവാണു് ’ എന്നു്. പക്ഷേ, ഈ ശിശുവിന്റെ യാത്ര തൊണ്ണൂറാം താവളവും കടന്നു് നേരെ നൂറ്റിയിരുപത്തിയഞ്ചിലേക്കാണെന്നുള്ള കാര്യം അദ്ദേഹം അപ്പോൾ ഓർമ്മിച്ചിരിക്കയില്ല. ‘ശതായൂർവൈ പുരുഷഃ’ എന്ന വേദവാക്യത്തെയും അതിക്രമിക്കുവാനാണല്ലോ മഹാത്മജിയുടെ യത്നം. വാസ്തവത്തിലിതൊരു യത്നമല്ല, യജ്ഞംതന്നെയാണു്. ‘തേനത്യക്തേന ഭുഞ്ജീഥാഃ’ എന്ന ഉപനിഷദ്വാക്യത്തിന്റെ ഒരു ജീവിതവ്യാഖ്യാനം. ഇതു് മുഴുമിച്ചാൽ ആയുർവേദപരീക്ഷയിൽ ഇംഗ്ളണ്ടിലെ ആ മഹർഷിയും തോല്പിക്കപ്പെടും. എന്തെന്നാൽ, അദ്ദേഹം അതുവരെ പോകുവാൻ ഒരുങ്ങിയിട്ടുണ്ടെന്നു് തോന്നുന്നില്ല.
എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിനുള്ളൊരു ഉത്തരമാണു് രണ്ടുപേരുടെയും ജീവിതം. ഒന്നു് ത്യാഗം ഉടലെടുത്തതാണെന്നു് സൂചിപ്പിച്ചുവല്ലോ? മറ്റതോ? തൊണ്ണൂറിലും വാടാതെ വിടർന്നുനില്ക്കുന്ന ആ ജീവിതകുസുമം—അതും മനുഷ്യമഹത്ത്വത്തിന്റെ മനോഹരവിളംബരമല്ലേ? എന്തൊരത്ഭുതാത്മാക്കളാണീ രണ്ടുപേരും! വല്ല സാമ്യവുമുണ്ടോ ഇവർക്കു് തമ്മിൽ? ഉണ്ടു്. സാമാന്യമായി നോക്കിയാൽ ആഹാരത്തിൽ, ആരോഗ്യപരിപാലനത്തിൽ, ലോകത്തിനു് മാർഗദർശനം നൽകുന്ന ആചാര്യന്മാരെന്ന നിലയിൽ. രണ്ടുപേരും കേവലം രണ്ടു് വ്യക്തികളല്ല. പിന്നെയോ, വളർന്നുവളർന്നു് ലോകം മുഴുവൻ നിറഞ്ഞ രണ്ടു് മഹാസ്ഥാപനങ്ങൾ. ഇത്രയും പറഞ്ഞാൽ പിന്നെ മറ്റൊന്നുമില്ല ഇവരെ അടുപ്പിച്ചുനിർത്തുന്നതായിട്ടു്. സൂക്ഷ്മത്തിൽ രണ്ടുപേരുടെയും നിൽപു് ഉത്തരദക്ഷിണധ്രുവങ്ങളിലാണു്. കിഴുക്കാംതൂക്കായ മലയോരങ്ങളിൽക്കൂടെ ഓടുന്ന തീവണ്ടിയില്ലേ? അതിന്റെ രണ്ടറ്റത്തും ഉണ്ടായിരിക്കും ഓരോ ‘എൻജിൻ’. ആധുനികലോകത്തെ അങ്ങനെയൊരു തീവണ്ടിയോടുപമിച്ചാൽ അതിന്റെ മുന്നിലും പിന്നിലും ശക്തികേന്ദ്രങ്ങളായ ഈ രണ്ടാചാര്യന്മാരെ കാണാം. മുമ്പിലത്തെ ‘എൻജിൻ’ ഏതാണെന്നു് സംശയിക്കേണ്ട. തൊണ്ണൂറിനുള്ളിലും യുവത്വം തുളുമ്പുന്ന, പ്രപഞ്ചയന്ത്രത്തിന്റെ അനവരതചലനത്തോടൊപ്പമോ അതിൽ കൂടുതലായോ മുന്നോട്ടു് പാഞ്ഞുകൊണ്ടിരിക്കുന്ന ജി. ബി. എസ്. തന്നെ. പക്ഷേ, പിന്നിലുള്ള എൻജിനും ഉപയോഗമില്ലാത്തതല്ല. കുത്തനെയുള്ള ഇറക്കത്തിൽ വണ്ടിക്കപകടം പറ്റാതെ അല്പാല്പം പിന്നോക്കം വലിച്ചുപിടിക്കാൻ അതു് കൂടിയേ കഴിയൂ. പോരാ, കയറ്റത്തിലൊന്നുന്തിക്കൊടുക്കാനും അതുപകരിക്കും. അവിടെയാണു് മഹാത്മാവിന്റെ ഇരിപ്പു്. അതിനുവേണ്ട ക്ഷമയും അച്ചടക്കവും അദ്ദേഹത്തിനുണ്ടു്. രണ്ടും ആവശ്യത്തിലധികമായിപ്പോയോ എന്നേ സംശയമുള്ളു. കുറച്ചൊക്കെ അപകടം നേരിട്ടാലും വേണ്ടില്ല, വണ്ടി എപ്പോഴും മുന്നോട്ടുതന്നെ ഓടിക്കൊണ്ടിരിക്കണമെന്ന നിർബന്ധക്കാരനാണു് ഷാ. ആ നിർബന്ധം പരിപാലിക്കാനുള്ള കരുത്തും അദ്ദേഹത്തിന്റെ കരങ്ങൾക്കുണ്ടു്. ഇടയ്ക്കല്പം നിർത്താനോ ഒരടിപോലും പിന്നോക്കം വെക്കാനോ അദ്ദേഹത്തിനിഷ്ടമില്ല. മഹാത്മജിക്കു് കരുത്തിനേക്കാൾ കൂടുതലുള്ളതു് കരുതലാണു്. വേണ്ടിവന്നാൽ ഇടത്താവളത്തിൽ നില്ക്കുക മാത്രമല്ല, പിന്തിരിഞ്ഞുകളവാനും അദ്ദേഹം തയ്യാറാകുന്നു. ജീവിതപുരോഗതിയിൽ എല്ലായ്പോഴും എല്ലാവരുടെയും മുമ്പിൽ നിൽക്കുന്നു ബർണാഡ്ഷാ. മഹാത്മാഗാന്ധിയോ—അദ്ദേഹം യാത്രക്കാരുടെ ഇടയിലും പിന്നണിയിലുമായിട്ടു് കഴിഞ്ഞുകൂടുന്നു. യാത്രയുടെ ദുർഘടഘട്ടം കഴിഞ്ഞാൽ പിൻവലിക്കാരന്റെ ആവശ്യം വേണ്ടെന്നുവന്നേക്കാം. എന്നാൽ, മുമ്പിലെ വെളിച്ചം അതിനുശേഷവും ആവശ്യമായിരിക്കും. ഭാവിയിലെ വൈദ്യുതദീപത്തിനുപകരം ഭൂതകാലത്തിലെ എണ്ണവിളക്കു് കത്തിച്ചുവയ്ക്കുന്നതുകൊണ്ടു് പ്രയോജനമില്ലല്ലോ.
‘I stand midway between youth and age like a man who has missed the train, too late for the last one and too early for the next’ (ഒടുവിലത്തെ വണ്ടിതെറ്റി അടുത്ത വണ്ടിക്കു് വളരെയധികം നേരം കാത്തുനിൽക്കേണ്ടിവന്ന ഒരാളെപ്പോലെ വാർദ്ധക്യത്തിനും യുവത്വത്തിനും മദ്ധ്യേ ഞാൻ നില്ക്കുകയാണു്) എന്നു് ഷാ ഒരിടത്തു് പറഞ്ഞിട്ടുണ്ടു്. എങ്കിലും ഇതു് തികച്ചും ശരിയല്ലെന്നു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ തെളിയിക്കുന്നു. അതിലെ നവീനാശയങ്ങൾ യുവത്വത്തിന്റെ ത്വരിതഗമനത്തിനാണു് പ്രചോദനം നൽകുന്നതു്. മഹാത്മജിക്കു് ഈ മധ്യവർത്തിത്വംപോലും ഇല്ലെന്നു് പറയേണ്ടിയിരിക്കുന്നു. വാർദ്ധക്യത്തിനോടു് ചേർന്നാണു് അദ്ദേഹത്തിന്റെ നില. “വിലകൂടും വാർദ്ധകത്തു് വെള്ളിക്കു് യൗവനത്തങ്കത്തെക്കാൾ” എന്നാണു് മഹാത്മാവിന്റെ മതം. ഒന്നും പുത്തനായിട്ടദ്ദേഹം അവതരിപ്പിച്ചിട്ടില്ല. ജീവിതമത്സരത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സാമഗ്രികളെല്ലാം ഭാരതീയരുടെ പഴയ കരുക്കൾതന്നെയാണു്. സത്യം, അഹിംസ, ചർക്ക, പ്രാർത്ഥന, ആശ്രമം മുതലാവയ്ക്കെല്ലാം നൂറ്റാണ്ടുകളുടെ പഴക്കമുണ്ടു്. അവയെ പുതിയരീതിയിൽ അണിനിരത്തുക മാത്രമാണദ്ദേഹം ചെയ്തിട്ടുള്ളതു്. അതായതു്, ഇന്ത്യയിലെ അനേകതലമുറകളിൽക്കൂടെ കടന്നുപോയ പഴയ ‘ഫിലോസഫി’ക്കു് ഒരു പുതിയ വ്യാഖ്യാനമെഴുതിയെന്നു് ചുരുക്കം. ദിനംപ്രതിയെന്നോണം അലകും പിടിയും മാറി പുതിയ പുതിയ രൂപം കൈക്കൊള്ളുന്ന ഇന്നത്തെ ലോകത്തിനുപകരിക്കത്തക്കവിധം ഈ വ്യാഖ്യാനം മാറ്റിയെഴുതുവാൻ മഹാത്മജി ശ്രമിക്കുന്നുണ്ടെങ്കിലും അതിലദ്ദേഹം പരാജയമടയുകയാണു് ചെയ്യുന്നതു്. കാരണം അദ്ദേഹത്തിന്റെ ബുദ്ധി സിദ്ധാന്തബദ്ധമാണെന്നുള്ളതു് മാത്രമാണു്. ഉപനിഷത്തും ഭഗവത്ഗീതയും രാമായണവും വരച്ച വരയിൽനിന്നും കാലോചിതമായി മാറിനില്ക്കാനുള്ള ചിന്താസ്വാതന്ത്ര്യം അദ്ദേഹത്തിനില്ല. പുതിയ കുപ്പിക്കകത്തു് പഴയ വൈൻ—അതാണു് ഗാന്ധിസിദ്ധാന്തം. കുപ്പിമാറിയാൽ മാത്രം പോരാ അതിനകത്തുള്ളതും മാറ്റിയേ മതിയാവൂ എന്നദ്ദേഹം വിശ്വസിക്കുന്നില്ല. കുറ്റി തറച്ചു് കെട്ടപ്പെട്ട പശുവിനെപ്പോലെ വട്ടത്തിൽ കറങ്ങുന്ന സിദ്ധാന്തബദ്ധമായ ബുദ്ധിയിൽനിന്നു് നാളത്തെ വിപ്ലവത്തിനാവശ്യമായ ഒരു കാര്യപരിപാടി ഉണ്ടാകുമോ? ഒരിക്കലുമില്ല. വ്യാഖ്യാതാക്കന്മാർ ഇതുപോലെ പണ്ടും ധാരാളമുണ്ടായിട്ടുണ്ടു്. അവരുടെ ഗ്രന്ഥങ്ങൾ തത്ത്വശാസ്ത്രത്തിന്റെ ഉദരപൂരണം നിർവഹിച്ചതല്ലാതെ ജനസമുദായജീവിതത്തെ പുതുക്കിപ്പണിതു് നന്നാക്കുവാൻ ഉപകരിച്ചില്ല.
ബർനാഡ്ഷായുടെ പോക്കു് ഇതിൽനിന്നെത്രയോ വ്യത്യസ്തം! അദ്ദേഹത്തിന്റെ പ്രതിഭ സർവതന്ത്രസ്വതന്ത്രമാണു്. ഒരു പ്രമാണഗ്രന്ഥത്തിനും അതിനെ പിടിച്ചുകെട്ടാൻ കഴികയില്ല.
‘I have no Bible; no creed’ (എനിക്കൊരു ബൈബിളുമില്ല; മതവുമില്ല) എന്നദ്ദേഹം വിളിച്ചുപറയുന്നു. മനുഷ്യജീവിതത്തെയോ പ്രപഞ്ചത്തെയോ വ്യാഖ്യാനിച്ചു് സമയം കളയുകയല്ല അദ്ദേഹം ചെയ്യുന്നതു്; അതിനൊരു സമൂലപരിവർത്തനം വരുത്തുകയാണു്. പഴകിത്തുരുമ്പിച്ചവയെ തുടച്ചു് നന്നാക്കാനല്ല നശിപ്പിച്ചുകളവാനാണു് ആ ദീർഘദർശി ഉപദേശിക്കുന്നതു്. കുപ്പിമാത്രമല്ല ഷാ പുതുക്കിയതു്; വൈനും പുതുക്കി. ലോകത്തെ സമുദ്ധരിക്കാനുള്ള വഴി പഴയ ഗ്രന്ഥങ്ങൾ നോക്കി കണ്ടുപിടിക്കാം എന്നദ്ദേഹം വ്യാമോഹിക്കുന്നില്ല. നവീനവിജ്ഞാനം, സ്വതന്ത്രചിന്ത, യുക്തിവാദം, കലാസൃഷ്ടി ഇവയെക്കൊണ്ടുണ്ടായ ലോകാചാര്യത്വമാണു് അദ്ദേഹത്തിന്റേതു്. ആദ്ധ്യാത്മികവിദ്യകൊണ്ടു് ഷാ മർത്ത്യവർഗത്തെ മയക്കുന്നില്ല. അന്ധമായ മാനുഷികബുദ്ധിയുടെ നേരെ അദ്ദേഹം മിന്നിത്തിളങ്ങുന്ന സ്വയംപ്രകാശങ്ങളായ ആശയങ്ങൾ വലിച്ചെറിയുന്നു. ‘സോഷ്യലിസ’ത്തെ അടിസ്ഥാനമാക്കി മനുഷ്യസമുദായം പുനഃസംഘടിപ്പിക്കണമെന്നതാണു് ഷായുടെ ലക്ഷ്യം. മഹാത്മജിയുടേതോ? അദ്ദേഹത്തിനുമുണ്ടു് ഇതിനു് സമാനമായൊരു ‘ട്രസ്റ്റിഷിപ്പ്’ സിദ്ധാന്തവും ലക്ഷ്യവും. പക്ഷേ, രണ്ടിനും തമ്മിലുള്ള വ്യത്യാസം തൊണ്ണൂറിനും എഴുപത്തെട്ടിനും തമ്മിലുള്ളതിനേക്കാൾ കൂടുതലാണു്.
(വിമർശരശ്മി 1947)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971