ഇപ്പോൾ തൂലികാചിത്രങ്ങളുടെ കാലമാണെന്നു തോന്നുന്നു. മലയാളത്തിലിതൊരു പുതിയ പ്രസ്ഥാനമായിരിക്കയാണു്. അതുകൊണ്ടായിരിക്കാം ചിത്രനിർമ്മാണഭ്രമം ഇത്ര കലശലായിരിക്കുന്നതു്. അതുമാത്രമല്ല, എന്തെങ്കിലും കുറെ എഴുതിപ്പിടിപ്പിക്കാൻ എളുപ്പമുള്ളൊരു മാർഗ്ഗവുമാണിതു്. വിഷയംതേടി വിഷമിക്കേണ്ടതില്ല. ഏതെങ്കിലും തരത്തിൽ പൊതുജനദൃഷ്ടിക്കു വിഷയീഭവിച്ചിട്ടുള്ളവർ ധാരാളമില്ലേ? അവരിലൊരുവന്റെ പേർ തലക്കെട്ടാക്കിയാൽ മതിയല്ലോ. പിന്നെ ഇഷ്ടംപോലെ തൂലികയോടിക്കാം. ആർക്കും ആരെപ്പറ്റിയും എന്തും പറയാം; അതിലൊരു വ്യവസ്ഥയും വകതിരിവും മര്യാദയും പരിപാലിക്കണമെന്നില്ല എന്നു തോന്നും ഇപ്പോഴത്തെ ചില ചിത്രങ്ങൾ കണ്ടാൽ. തൂലികാചിത്രം എന്ന പേരുകൊണ്ടു് എന്തും പറയാനുള്ള ‘ലൈസൻസ് ’ കിട്ടുമെന്നോ! ചിത്രകാരന്റെ ഇഷ്ടാനിഷ്ടമനുസരിച്ചു് ഒന്നുകിൽ അന്ധമായ പ്രശംസ, അല്ലെങ്കിൽ അതിരറ്റ ആക്ഷേപം, മേമ്പൊടിക്കൊരു ആകാരവർണ്ണനവും. ഈ ഒടുവിലത്തേതു യാഥാർത്ഥ്യവുമായി ഒത്തിരിക്കണമെന്നില്ല; ചായക്കോലുകാരന്റെ മനോമർക്കടത്തിനു തോന്നിയമാതിരി കറുപ്പടിച്ചോ വെളുപ്പടിച്ചോ കാണിക്കാം. ഏതാണ്ടീമട്ടിൽ അധഃപതിക്കാൻ തുടങ്ങിയിട്ടുണ്ടു് നമ്മുടെ തൂലികാചിത്രപ്രസ്ഥാനം. എന്നിരുന്നാലും ഇതിനൊരു മറുവശം ഉണ്ടെന്നുള്ള സംഗതി വിസ്മരിക്കാവതല്ല. സാഹിത്യഭൂഷണങ്ങളായ ചില നല്ല ചിത്രങ്ങളും കൈരളിക്കു ലഭിച്ചിടുണ്ടു്. വാസനാനുഗൃഹീതരും നിരീക്ഷണപടുക്കളും ആയ കലാകാരന്മാർ മാത്രം ഈ തൊഴിലിലേർപ്പെട്ടാൽ ഇനിയും ആശയ്ക്കുവഴിയുണ്ടാകും. ലേഖനീപാണികളായിട്ടുള്ള സകലർക്കും സഞ്ചരിക്കാവുന്ന സുഗമസരണിയല്ല ഇതെന്ന ബോധം ആദ്യമായി ഉറപ്പിൽ വരണം.

എന്താണീ തൂലികാചിത്രമെന്നു പറയുന്നതു്? ഒന്നാമതു് അതൊരു ചിത്രമായിരിക്കണം; വെറും ചരിത്രക്കുറിപ്പോ നിരൂപണമോ ആകരുതു്. ചിത്രത്തിനു വിഷയമാകുന്ന ആളിന്റെ ഛായ—ആകൃതിയും പ്രകൃതിയും ഉൾപ്പെടെ—വ്യക്തീഭവിക്കുക എന്നതാണു് പ്രധാന കാര്യം. അയാൾ ഏതു തരക്കാരനാണെന്നു തെളിയിക്കുന്നതിനുപകരിക്കുന്ന സംഭവങ്ങളും സംഭാഷണങ്ങളും തിരഞ്ഞെടുത്തു കൂട്ടിയിണക്കുന്നതിലാണു് ചിത്രകാരന്റെ കലാകൗശലം കാണേണ്ടതു്. ഇത്തരം സംഭവങ്ങളും മറ്റും താരതമ്യേന അപ്രധാനങ്ങളാകാം. എന്നാലും അവ സ്വഭാവവ്യക്തിക്കു കൂടുതൽ ഉപകരിക്കുമെങ്കിൽ അവയ്ക്കായിരിക്കണം തൂലികാചിത്രത്തിൽ പ്രാധാന്യം. ചിലപ്പോൾ ഒരു നിസ്സാരസംഗതി, അഥവാ ഒരു സംഭാഷണശകലം, ഒരാളുടെ ഹൃദയത്തിന്റെ ഉള്ളറകളെ തുറന്നുകാണിച്ചുവെന്നുവരാം. ത്യാജ്യഗ്രാഹ്യവിവേചനം—അതൊരു കലാകാരനു കൂടിയേ കഴിയൂ. അനുചിതവും അനാവശ്യവുമായതു് ഉപേക്ഷിക്കുവാൻ അയാൾ മടിക്കരുതു്. ഔചിത്യപൂർവ്വം വിട്ടുകളയുന്നതുവഴിയായിട്ടാണു് ഒരു കലാകാരന്റെ യോഗ്യത വെളിപ്പെടുന്നതു്. The artist may be known rather by what he omits എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ചിത്രകാരന്മാർ പ്രത്യേകം ഗൗനിക്കേണ്ട ഒരു സംഗതിയാണിതു്. തള്ളേണ്ടതു തള്ളാനും കൊള്ളേണ്ടതു കൊള്ളാനും അറിഞ്ഞുകൂടാത്തവർ ചിത്രം വരയ്ക്കാൻ തുനിഞ്ഞാൽ അതും വെറും തൂലികാചാപലമായേ കലാശിക്കു. ആകാരചിത്രീകരണത്തിലും ഇതുപോലെ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടു്. ഏതംശം ചൂണ്ടിയാൽ ഇതരാംശങ്ങൾ സ്വയം വ്യജ്ഞിതങ്ങളാകുമോ, അവയെ മാത്രമേ ചിത്രകാരൻ ഉപകരണങ്ങളാക്കേണ്ടതുള്ളു. ചുരുക്കത്തിൽ, മനുഷ്യസാമാന്യത്തിൽനിന്നു വ്യക്തിവിശേഷത്തെ പൃഥഃകരിച്ചു കാണിക്കുന്നതിലായിരിക്കണം അയാളുടെ മുഖ്യമായ ശ്രദ്ധ. ഒരു വ്യക്തിയുടേതു മാത്രമായ ചേഷ്ടാവിശേഷങ്ങളും (Mannerisms) ശീലദേദങ്ങളും അയാളുടെ ചിത്രം നിർമ്മിക്കുവാനുള്ള ചായക്കൂട്ടാകുന്നു. അതു വേണ്ടസ്ഥാനത്തു വേണ്ടപോലെ അധികപ്പറ്റുവരാതെ ഉപയോഗിക്കുവാനുള്ള സാമർത്ഥ്യമാണു് ചിത്രകാരനു വേണ്ടതു്. ഒരുവിധത്തിൽ നോക്കിയാൽ തൂലികാചിത്രം, ജീവചരിത്രത്തിന്റെ കാവ്യരസം തുളുമ്പുന്ന ഒരു കീശപ്പതിപ്പാണെന്നു (Pocket edition) പറയാം. ഒരുവന്റെ രൂപശീലകർമ്മഭാവങ്ങളെ ആവിഷ്ക്കരിക്കുന്ന ഉപകരണങ്ങളെക്കൊണ്ടു നെയ്തെടുത്തിട്ടുള്ള ഒരു ദീർഘപടമാണല്ലോ അവന്റെ ജീവചരിത്രം. അതിന്റെ ഏറ്റവും ചുരുങ്ങിയതും എന്നാൽ സാരാംശത്തിൽ എല്ലാമുൾപ്പെടുന്നതും ആയ ഒരു ഫോട്ടോ നല്ല തൂലികാചിത്രത്തിലുണ്ടായിരിക്കും. ജീവിതനിരൂപണത്തിനു് ഇതിൽ സ്ഥാനമില്ലേ? ഉണ്ടു്, തീർച്ചയായും നല്ലൊരു സ്ഥാനമുണ്ടു്. പക്ഷേ, അതിന്റെ പരിമിതിയിലും പ്രതിപാദനത്തിലും ചിത്രകാരനു നോട്ടക്കേടു പറ്റരുതെന്നേയുള്ളു. ഒരുവന്റെ സ്വാഭാവത്തേയും പ്രവൃത്തികളേയുംപറ്റി ചിത്രകാരനു തോന്നിയിട്ടുള്ള കുറെ അഭിപ്രായങ്ങൾ എഴുതിച്ചേർക്കുന്നതുകൊണ്ടുമാത്രം അതൊരു ചിത്രമാകുന്നില്ല. ഗുണദോഷനിരൂപണത്തിനു ചിത്രകാരനു് അവകാശമുണ്ടു്. എന്നാൽ അതു നിർവ്വഹിക്കുന്ന രീതി ചിത്രത്തിന്റെ അംഗോപാംഗഘടനയ്ക്കു് ഇണങ്ങിയതായിരിക്കണം. ദോഷ ദർശനം കർക്കശമായ ശകാരമോ കളിയാക്കലോ ആയി കലാശിക്കുന്നതു തുലോം അനുചിതമാകുന്നു. ചിത്രത്തിൽ കറുത്ത രേഖകൾ വരയ്ക്കേണ്ടിവരുമ്പോഴും അനുകമ്പാർദ്രമായ മനോഭാവത്തോടുകൂടിവേണം അതു ചെയ്യുവാൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ സുപ്രസിദ്ധനായ എ. ജി. ഗാർഡിനരുടെ തൂലികാചിത്രങ്ങൾ നോക്കുക. താൻ ആരുടെ ചിത്രം വരയ്ക്കുന്നുവോ, അയാളെ അനുകമ്പാരഹിതമായ ദൃഷ്ടിയോടെ അദ്ദേഹം ഒരു ഘട്ടത്തിലും നോക്കുന്നില്ല. മുസ്സോളിനി യെപ്പോലുള്ള അഹങ്കാരമൂർത്തികളെപ്പോലും സഹതാപത്തണലിൽ നിർത്തിയിട്ടേ അദ്ദേഹം ആക്ഷേപിക്കുന്നുള്ളു. മാക്ഡോനാൾഡ് ചെയ്തുപോയ ഒരു തെറ്റിനെപ്പറ്റി ഗാർഡിനർ പ്രതിപാദിക്കുന്നതു നോക്കൂ:
‘He acted indiscretely in the acceptance of the endowment of a motor car from a man to whom he subsequently gave a title, but it was the indiscretion of an honest man and it is a tribute to his character that on one seriously believed that the gift and the honour had any connection.’
നിരൂപണം ചിലപ്പോൾ നിശിതമാക്കേണ്ടിവന്നേയ്ക്കാം. എന്നാലും അതിനൊരു കഥാപരമായ മാർദ്ദവം ഉണ്ടായിരിക്കണം. മനുഷ്യജീവിതത്തിലെ കറുത്തപുള്ളികൾ നിർദ്ദയമായി നിർത്തിക്കാണിപ്പാൻ വെമ്പൽകൊള്ളുന്നൊരു സമ്പ്രദായം നമ്മുടെ ചില ചിത്രങ്ങളിൽ നിഴലിച്ചുകാണുന്നതുകൊണ്ടാണു് ഇതിവിടെ ഇത്രയും വിസ്തരിച്ചതു്. എല്ലാറ്റിനും പുറമേ ഭാഷയിലും പ്രതിപാദനരീതിയിലും ചിത്രകാരൻ മനസ്സിരുത്തേണ്ടതുണ്ടു്. ലളിതസുന്ദരമായ ഭാഷ, ചതുരമധുരമായ പ്രതിപാദനം—നല്ല നല്ല ചിത്രങ്ങളിൽ ഈവക ഗുണങ്ങൾ തികഞ്ഞിരിക്കും. പെരുമ്പാമ്പുപോലെ നീണ്ടിഴഞ്ഞ വാക്യങ്ങളും ചരിത്രകാരന്മാരുടെ വിവരണരീതിയും ചിത്രത്തിന്റെ വൈശദ്യത്തിനും വൈചിത്രത്തിനും ഹാനികരമാകുന്നു. മലയാളത്തിൽ മഹാവാക്യമുദ്ഗരങ്ങൾകൊണ്ടു ചിത്രം വരയ്ക്കാൻ നോക്കുന്ന ചിലരുണ്ടു്. ഒരറ്റത്തുനിന്നു വായന തുടങ്ങിയാൽ മറ്റേയറ്റത്തെത്തുമ്പോഴേയ്ക്കും ആദ്യം വായിച്ചതു മറന്നുപോകത്തക്കവണ്ണം ദീർഘങ്ങളായ വാക്യങ്ങളാണു് അവരെഴുതിവിടുന്നതു്. ഇങ്ങനെ നീണ്ട നീണ്ട വാചകങ്ങൾ കൂട്ടിക്കെട്ടിച്ചമയ്ക്കുന്ന ശബ്ദജാലം ചിത്രോന്മീലനസമർത്ഥമാകുകയില്ല. ചുരുക്കത്തിലൊന്നേ പറയേണ്ടതുള്ളു: ‘അനൗചിത്യമല്ലാതെ മറ്റൊന്നുമല്ല രസഭംഗത്തിനു കാരണം’ എന്ന ആചാര്യവചനമില്ലേ, അതുതന്നെ ഇവിടേയും അനുസന്ധേയം.
(നിരീക്ഷണം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971