സാഹിത്യം, മതം, ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശ്വവിശ്രുതങ്ങളായ സിദ്ധാന്തങ്ങൾ സ്ഥാപിച്ചിട്ടുള്ള ചിന്തകനാണു് ടോൾസ്റ്റോയി. ഇദ്ദേഹം ഒരു സാഹിത്യകാരൻ മാത്രമല്ല. സൂക്ഷ്മാന്വേഷിയായ ഒരു ശാസ്ത്രജ്ഞൻകൂടിയായിരുന്നു. എന്നാൽ ഇദ്ദേഹം ശാസ്ത്രം പഠിച്ചതു് അതിനെ ആദരിക്കുവാനല്ല, അതിന്റെ ആധുനികാവസ്ഥയെ കഠിനമായി അധിക്ഷേപിക്കുവാനായിരുന്നു. ‘സയൻസി’ന്റെ പുരോഗമനത്തോടു് ഇത്രമാത്രം വിദ്വേഷം പ്രകടിപ്പിച്ചിട്ടുള്ളവർ അദ്ദേഹത്തെപ്പോലെ അധികംപേരുണ്ടെന്നു തോന്നുന്നില്ല. ഗാന്ധി മാത്രമേ ഇക്കാര്യത്തിൽ അദ്ദേഹത്തെ അതിക്രമിക്കുന്നുള്ളൂ. മർത്ത്യസമുദായാഭിവൃദ്ധിയുടെ വിജയപതാകയായി ഗണിക്കപ്പെടുന്ന ഇന്നത്തെ ‘സയൻസ്’ വാസ്തവത്തിൽ മനുഷ്യന്റെ കണ്ഠേകഠാരമായി പരിണമിച്ചിരിക്കയാണെന്നത്രെ ടോൾസ്റ്റോയി വാദിക്കുന്നതു്. ഇതുപോലെതന്നെ കലകളെപ്പറ്റിയും അദ്ദേഹം നിശിതമായി നിരൂപണം ചെയ്യുന്നുണ്ടു്. ടോൾസ്റ്റോയിയുടെ ദൃഷ്ടിയിൽ ശാസ്ത്രങ്ങളെപ്പോലെതന്നെ കലകളും ഗർഹണീയമായവിധം വഴിപിഴച്ചുപോയിരിക്കുന്നു. അവ മനുഷ്യസമുദായത്തിന്റെ വിനാശത്തിനുള്ള വലവീശിയിരിക്കയാണു്. സംഗീതം, സാഹിത്യം, ചിത്രമെഴുത്തു്, സിനിമ, നൃത്തം തുടങ്ങിയവയെല്ലാം അവയുടെ ശരിയായ സ്ഥാനത്തുനിന്നു ഭ്രഷ്ടങ്ങളായി മനുഷ്യരുടെ വാസനയെ ദുഷിപ്പിക്കുകയും അവരെ ദുർമ്മാർഗ്ഗത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നു് ഈ ചിന്തകൻ സോദാഹരണം യുക്തിവാദം ചെയ്തു സമർത്ഥിക്കുന്നു. കലകളെ സംബന്ധിച്ചുള്ള ഈദൃശമായ വിചാരഗതിയോടു പൂർണ്ണമായി യോജിക്കാത്തവർ പലരുമുണ്ടായേക്കാം.
കലയെന്നാൽ എന്താണു്, അതുകൊണ്ടുള്ള പ്രയോജനമെന്തു്? ഈ പ്രശ്നങ്ങൾക്കു് ശരിയായ ഉത്തരം പറവാൻ വളരെ പ്രയാസമത്രെ. അവ അനേകം പണ്ഡിതന്മാരെ വിഷമിപ്പിച്ചിട്ടുണ്ടെന്നു് അവരുടെ നിരൂപണങ്ങൾതന്നെ തെളിയിക്കുന്നു. സൗന്ദര്യ (Beauty) ത്തെ പ്രകാശനം ചെയ്യുന്ന ഒന്നാണു് കല. സൗന്ദര്യപ്രകാശനത്തിന്റെ ഫലം ആനന്ദവുമാകുന്നു. ഇങ്ങനെ ഒരു തീരുമാനത്തിലാണു് ഭൂരിപക്ഷം നിരൂപകന്മാരും എത്തിച്ചേർന്നിരിക്കുന്നതു്. വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളവരും കലയ്ക്കും സൗന്ദര്യത്തിനും തമ്മിൽ ബന്ധമുണ്ടെന്നും, അതിന്റെ പ്രയോജനം ആനന്ദമാണെന്നും സമ്മതിച്ചിട്ടുള്ളവരാണു്. എന്നാൽ ടോൾസ്റ്റോയി ഈ അഭിപ്രായത്തെ പാടേ നിഷേധിക്കുന്നു. ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രസിദ്ധ സാഹിത്യകാരന്മാരുടേയും തത്വജ്ഞാനികളുടേയും തത്സംബന്ധമായ അഭിപ്രായങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അവയോടെല്ലാം എതിർക്കുന്നു. രസം, സുഖം, ആനന്ദം എന്നീ വാക്കുകൾക്കു് ഒരേ അർത്ഥമാണു് ടോൾസ്റ്റോയി സങ്കല്പിച്ചിരിക്കുന്നതു്. കലാവ്യാപാരത്തിന്റെ ലക്ഷ്യം സുഖം അഥവാ ആനന്ദമല്ലെന്നാണു് അദ്ദേഹത്തിന്റെ വാദം. ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കി കലാനിരൂപണത്തിനു പുറപ്പെട്ടതുകൊണ്ടു് മിക്ക പണ്ഡിതന്മാരുടേയും സിദ്ധാന്തങ്ങൾ പ്രമാദജടിലങ്ങളായിപ്പോയി. മനുഷ്യനെ രസിപ്പിക്കുകയെന്നതു് കലയുടെ പ്രയോജനമായി ഇക്കൂട്ടർ കരുതുന്നു. ആഹാരം കഴിക്കുന്നതിന്റെ പ്രയോജനം നാക്കിന്റെ രസമാണെന്നു പറയുന്നതുപോലെയാണിതു്. നാക്കിനു കൂടുതൽ രസം കൊടുക്കുന്നതു് ഏതോ അതു് ഉത്തമാഹാരം എന്നു പറഞ്ഞാൽ എത്രത്തോളം ശരിയാകും? ഇതുപോലെ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു രസത്തെ പ്രമാണമാക്കിയാകുന്നു സാധാരണയായി കലയുടെ യോഗ്യത നിർണ്ണയിക്കുന്നതു്. നാടകം, സിനിമ, സംഗീതം, ചിത്രനിർമ്മാണം മുതലായവ ജനങ്ങളെ രസിപ്പിക്കണം. അതു മാത്രമാണു് അവയുടെ പരമപ്രയോജനം. രസകരമായ നോവൽ എന്നും മറ്റും പറയുന്നതിൽ വായനക്കാരുടെ മനസ്സിനെ ഉന്നമിപ്പിക്കുന്ന യാതൊരു ധർമ്മത്തേയും ഉദ്ദേശിച്ചിട്ടില്ല. ഏതു രീതിയിൽ എഴുതിയാൽ വായനക്കാർക്കു കൂടുതൽ രസം തോന്നുമോ ആ രീതിയിൽ പുസ്തകമെഴുതാനാണു് സാഹിത്യകാരന്മാർ ഉദ്യമിക്കുന്നതു്. ഗ്രന്ഥങ്ങളുടെ നന്മ അവയുടെ പ്രചാരത്തെ അടിസ്ഥാനമാക്കി ഗണിക്കുന്ന പതിവും ഇപ്പോൾ ധാരാളമായുണ്ടു്. എത്ര ദുഷ്ടങ്ങളായാലും അധികം പ്രചാരമുള്ള പുസ്തകങ്ങൾ ഉത്തമസാഹിത്യത്തിലുൾപ്പെടുന്നു. കറുപ്പും കഞ്ചാവും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ആവക സാധനങ്ങൾ ഉത്തമങ്ങളെന്നു വരുമോ? ഇതുപോലയാണു് ദുഷ്കൃതികളേയും കണക്കാക്കേണ്ടതു്. പക്ഷേ, കാലസ്ഥിതി മാറിപ്പോയിരിക്കുന്നു.
പുസ്തകങ്ങളും ചിത്രങ്ങളും മറ്റും ജനങ്ങൾക്കു് ഏതെങ്കിലും വിധത്തിൽ രസജനകമാകണം. അവയ്ക്കു് നല്ല പ്രചാരണം ലഭിക്കണം. അവയുടെ കർത്താക്കൾക്കു് അതുവഴി ധനവും പ്രശസ്തിയും ഉണ്ടാകണം. ഇതാണു് ഇപ്പോഴത്തെ നോട്ടം. ഇത്തരത്തിലുള്ള നികൃഷ്ടമായ ഉദ്ദേശത്തിന്മേൽ നടത്തപ്പെടുന്ന ദുഷിച്ച ആ കലാവ്യാപാരമല്ലാതെ ഇപ്പോൾ എന്താണുള്ളതെന്നു് ടോൾസ്റ്റോയി ചോദിക്കുന്നു. കലാസ്വാദനം കൊണ്ടു് രസമോ സുഖമോ ഉണ്ടാകണമെന്നല്ലാതെ ഈ രസം അഥവാ സുഖം മനുഷ്യനു് എത്രമാത്രം നന്മയെ ചെയ്യുന്നു, അതു് മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നു് ആരും ആലോചിക്കുന്നില്ല. ഈ രസാസ്വാദനംകൊണ്ടുണ്ടാകുന്ന ചിത്തവൃത്തികൾ സത്തോ അസത്തോ? അവ സന്മാർഗ്ഗബോധത്തിനു് ഹാനികരമാകുന്നുണ്ടോ? ഈദൃശമായ ഒരു വിചാരം കലാപ്രവർത്തകന്മാരിൽ കാണുന്നില്ല. ഇനി ആരുടെ അഭിരുചി അല്ലെങ്കിൽ സുഖം ഉദ്ദേശിച്ചാണു് കലാകാരന്മാർ പ്രവർത്തിക്കുന്നതെന്നു ചിന്തിക്കുക. നോവലുകളും ചിത്രങ്ങളും നൃത്തവും മറ്റും ആർക്കുവേണ്ടിയാണു്? സമുദായത്തിലെ ഉയർന്നപടിയിൽ ഭോഗാസക്തരായി സുഖിക്കുന്ന ഏതാനും കുബേരന്മാർക്കുവേണ്ടി മാത്രം! അകൃത്രിമ ജീവിതം നയിക്കുന്ന പാവങ്ങൾക്കുവേണ്ടി ആരും കലാനിർമ്മാണത്തിലേർപ്പെടുന്നില്ല. അവക്രമവും അവ്യാജവും ആയ അവരുടെ അഭിരുചി അഗണ്യകോടിയിൽ തള്ളപ്പെട്ടിരിക്കുന്നു. ആഡംബര ജീവിതച്ചെളിയിൽ താണുപോയിരിക്കുന്ന ധനവാന്മാർ സാധാരണ വിഷയലോലുപന്മാരായിരിക്കും. അവരുടെ അഭിരുചി പല കാരണങ്ങളാലും ദുഷിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു കലാവ്യാപാരവും വ്യതിചലിച്ചുകൊണ്ടിരിക്കയാണു്. ഉന്മാദകങ്ങളായ നോവലുകളും നഗ്നരൂപത്തിലുള്ള ചിത്രങ്ങളും മറ്റും വർദ്ധിച്ചുവരുന്നതിന്റെ കാരണം ഇതാകുന്നു. കവികൾ, ചിത്രകാരന്മാർ, ഗായകന്മാർ മുതലായവർക്കു് യശസ്സും ധനവും വേണമെങ്കിൽ ഈ സമുദായത്തലവന്മാരുടെ ദുർവ്വാസനകളെ തൃപ്തിപ്പെടുത്തേണ്ടിയിരിക്കുന്നു. സംഭോഗശൃംഗാരം നഗ്നരീതിയിൽ നൃത്തംചെയ്യുന്ന ഇന്നത്തെ നാടകശാലകളും സിനിമാമന്ദിരങ്ങളും കലാസ്വാദനവിഷയത്തിൽ വന്നുപോയ ഈ മാർഗ്ഗഭ്രംശത്തെ വിളംബരം ചെയ്യുന്നുണ്ടു്. അകൃത്രിമതബുദ്ധികളായ പാവപ്പെട്ട കൃഷിക്കാരുടേയും തൊഴിലാളികളുടേയും വിശുദ്ധപ്രകൃതിക്കു് അനുകൂലിക്കുന്ന യാതൊരേർപ്പാടും കലാസംബന്ധമായി ഉണ്ടാകുന്നില്ല. മേല്പറഞ്ഞ പരിഷ്ക്കാരശാലകളും നവീനരീതിയിലുള്ള പുസ്തകങ്ങളും ഭൂരിപക്ഷക്കാരായ ഈ പാവങ്ങളുടെ അകലുഷഹൃദയത്തെ വിഷയസുഖാസക്തികൊണ്ടു വിഷലിപ്തമാക്കാൻ മാത്രമേ ഉപകരിക്കുന്നുള്ളു.
ഇപ്രകാരം ആധുനിക കലാരൂപങ്ങൾ അതിദൂഷിതങ്ങളായിപ്പോയെങ്കിൽ കലയുടെ യഥാർത്ഥരൂപം എന്താണു് ? ഈ ചോദ്യത്തിനു് ടോൾസ്റ്റോയി സമാധാനം പറയുന്നുണ്ടു്. കലയുടെ അടിസ്ഥാനം സൗന്ദര്യമല്ല, അതിന്റെ പ്രയോജനം കേവലം മൃഗീയമായ സുഖവുമല്ല. വാസ്തവത്തിൽ നാം സൗന്ദര്യമെന്നു പറയുന്നതു പ്രകൃതിയുടെ യഥാർത്ഥരൂപത്തെ ആവരണം ചെയ്തുകൊണ്ടു് മനുഷ്യനെ വ്യാമോഹിപ്പിക്കുന്ന ഒന്നത്രേ. അതു് നമ്മുടെ ഇന്ദ്രിയങ്ങളെ വിഭ്രമിപ്പിച്ചു് അപഥത്തിൽ ചാടിക്കുന്നു. അതുകൊണ്ടു് സൗന്ദര്യപ്രകാശനം കലയുടെ ലക്ഷ്യമാക്കാൻ പാടില്ല. എന്നാൽ പിന്നെ ഏതാണു് ലക്ഷ്യം? ഒരു കലാകാരൻ താൻ അനുഭവിക്കുന്ന വിശുദ്ധങ്ങളായ വികാരങ്ങളെ (Feelings) മറ്റുള്ളവരിലും പകർത്തുവാൻ ശ്രമിക്കുന്നതിലാണു് കലയുടെ യഥാർത്ഥഭാവം സ്ഥിതിചെയ്യുന്നതു്. ഒരു സംഭവത്തെയോ വസ്തുവിനെയോ വിഷയമാക്കി കലാകാരന്റെ ഉള്ളിൽ തട്ടുന്ന സാത്വികങ്ങളായ വികാരങ്ങൾ വർണ്ണം, രേഖ, നാദം, വചനം തുടങ്ങിയ ഏതെങ്കിലും ബാഹ്യചിഹ്നങ്ങൾ വഴിയായി ജനസമുദായ ഹൃദയത്തിൽ പകരുന്നു. ഇങ്ങനെ സദ്വികാരങ്ങളെ പകർത്തുക അല്ലെങ്കിൽ ഉണർത്തുക എന്നതാണു് കലയുടെ ധർമ്മം. ഇപ്രകാരം ഒരേ വികാരം അല്ലങ്കിൽ ഒരേ അനുഭവം ജനതതിയിൽ സംക്രമിക്കുന്നതു വഴിയായി മനുഷ്യവർഗ്ഗം സകല അസമത്വങ്ങളിൽനിന്നും ഉയർന്നു് ഒരു സൗഹാർദ്ദബന്ധത്താൽ സംഘടിതമാകുന്നതാണു്. സ്നേഹം, സഹതാപം, കാരുണ്യം മുതലായവ സദ്ഭാവങ്ങളിൽക്കൂടി ഇങ്ങനെയൊരു ബന്ധം സുദൃഢമാക്കുകയെന്നതാണു് കലയുടെ പ്രയോജനം. ജീവിതരംഗത്തിലെ അസമത്വങ്ങൾ നീങ്ങി ഭിന്നവർഗ്ഗക്കാർ തമ്മിൽ ഇണങ്ങിപ്പെരുമാറുവാനും ഐക്യം സ്ഥാപിക്കുവാനും ഇങ്ങനെയൊരു ബന്ധം പ്രേരകമായിത്തീരണം. കലാസ്വാദനം ഈ രീതിയിൽ ഫലോന്മുഖമായാൽ മനുഷ്യൻ അവന്റെ സങ്കുചിതമായ വ്യക്തിവലയത്തിൽനിന്നും മുക്തനായി സാർവ്വജനീനമായ സാഹോദര്യത്തിൽ വികസിക്കുകയും ചെയ്യും. കാമക്രോധാദി മാനസികദോഷങ്ങളുടെ പ്രവർത്തനം ഉൽക്കടമാക്കുന്ന ദുർവികാരങ്ങളുടെ സ്ഫുരണത്തിനു കലാരൂപങ്ങൾ പ്രേരകങ്ങളാകാൻ പാടില്ല. മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന മൃഗീയത തെളിഞ്ഞുവരാതെ മാഞ്ഞുപോകത്തക്കവണ്ണം ശ്രേഷ്ഠമായ മനുഷ്യത്വത്തെ വികസിപ്പിക്കുന്നതിലാണു് കലയുടെ കാന്താധർമ്മം കളിയാടേണ്ടതു്. അവയിൽ യാതൊരുവിധമായ കൃത്രിമത്വത്തിനും സ്ഥാനമില്ല. മേൽക്കാണിച്ച സദ്വികാരങ്ങളുടെ സംക്രമണം ഉദ്ദേശശുദ്ധിയോടുകൂടി നേർവഴിക്കു നടക്കുന്ന ഒന്നാകുന്നു. സാർവജനീനത (Universality) എന്നതു്. ഉൽക്കൃഷ്ടകലാരൂപങ്ങളുടെ ഒരു പ്രധാന ഗുണമാണു്. സ്വാർത്ഥോദ്ദേശ്യങ്ങൾക്കു് അനുകൂലിക്കത്തക്കവണ്ണം ഗ്രന്ഥങ്ങളും ചിത്രങ്ങളും നിർമ്മിതങ്ങളാകുമ്പോൾ ഈ ഗുണം നശിക്കുകയും അവയിൽ കൃത്രിമത്വം കടന്നുകൂടുകയും ചെയ്യുന്നു. തന്മൂലം അവ മനുഷ്യവർഗ്ഗത്തിനു പൊതുവേ ഗുണപ്രദമായിത്തീരുന്നില്ല.
കലാകാരന്റെ യോഗ്യത നിർണ്ണയിക്കുന്നതിനു വേറെ മൂന്നു ഗുണങ്ങൾകൂടി ടോൾസ്റ്റോയി കൊണ്ടുവരുന്നുണ്ടു്. വ്യക്തിത്വം (Individuality), സ്പഷ്ടത (Clearness), ആത്മാർത്ഥത (Sincerity) എന്നിവയാണു് അദ്ദേഹം മാനദണ്ഡങ്ങളായി കരുതുന്നതു്. ഒരു നല്ല സാഹിത്യകാരന്റെ കൃതികളിൽ ഈ മൂന്നു ഗുണങ്ങളും ഉണ്ടായിരിക്കും. മൂന്നിലുംവച്ചു് ആത്മാർത്ഥതയ്ക്കാണു് കൂടുതൽ പ്രാധാന്യം. ആത്മാർത്ഥതയുണ്ടായാൽ മറ്റു രണ്ടു ഗുണങ്ങളും തനിയെ വന്നുചേരുമെന്നത്രേ അദ്ദേഹം പറയുന്നതു്.
ഈ തോതുവെച്ചു് നമ്മുടെ മലയാളസാഹിത്യത്തിലെ കൃതികൾ ഒന്നു പരിശോധിച്ചുനോക്കേണ്ടതാണു്. ആധുനിക കൃതികളിൽ മിക്കവയും സാഹിത്യമെന്ന പേരിൽ നടത്തുന്ന കപടവ്യാപാരത്തിന്റെ നികൃഷ്ടഫലങ്ങളാണെന്നു് അപ്പോൾ വെളിവാകും. ഇന്നത്തെ കവനങ്ങളിൽ അധികവും അസ്പഷ്ടതയെന്ന ദോഷംകൊണ്ടു നിറഞ്ഞവയത്രേ. ഇന്നതാണു് ആശയമെന്നു ക്ലിപ്തപ്പെടുത്തി വിശദീകരിക്കുവാൻ എഴുതുന്ന കവിക്കും വായിക്കുന്ന മറ്റുള്ളവർക്കും സാധിക്കുന്നില്ല. ആർക്കും യഥേഷ്ടം എങ്ങനെയും വ്യാഖ്യാനിക്കാവുന്ന നട്ടെല്ലില്ലാത്ത ഒരു മട്ടു് ഇവയിൽ സാമാന്യമായിക്കാണാം. ഇങ്ങനെ ആശയം അവ്യക്തമായിപ്പോകുന്നതു്. കവിതാവിഷയത്തിനും കവിക്കും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതുകൊണ്ടാകുന്നു. അതായതു് ആത്മാർത്ഥതയില്ലെന്നു ചുരുക്കം. വിഷയം കവിഹൃദയം സ്പർശിക്കണം. തൽഫലമായി അവിടെ ഭാവസ്ഫുരണം ഉണ്ടാകണം. താദൃശാനുഭൂതിയുള്ളവർ എഴുതുന്നതു സ്പഷ്ടമായിരിക്കും. അവർക്കു വ്യക്തിത്വം പരിപാലിക്കാനും സാധിക്കും. ഈ ശക്തിവിശേഷമുള്ളവർ നമ്മുടെ സാഹികാരന്മാരിൽ എത്ര പേരുണ്ടു്?
ബാഹ്യപ്രേരണകൊണ്ടു കലാനിർമ്മാണത്തിലേർപ്പെട്ടാൽ ആത്മാർത്ഥത ഒരിക്കലും ഉണ്ടാകുന്നതല്ല. (അകളങ്കിതമായ അന്തഃകരണചോദനയാണു കലാപ്രവർത്തനത്തിന്റെ ജീവൻ.) ഈ ചോദനയാൽ കലാകാരൻ ഉന്മിഷിതനാകണം. ഈ അവസ്ഥയിൽ പ്രകാശിതങ്ങളാകുന്ന സ്വാനുഭൂതങ്ങളായ വികാരങ്ങൾ മാത്രമേ ജനതയുടെയിടയിൽ സംക്രമണശക്തികളായി ഭവിക്കുകയുള്ളൂ. നാം വിശക്കുമ്പോൾ ആഹാരം കഴിക്കുന്നു; ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നു. ക്ഷുൽപിപാസകൾ കൂടാതെയുള്ള അശനപാനങ്ങൾ കൃത്രിമവും ദോഷകരവുമാകുന്നു. ഇതുപോലെയാണു കലാവ്യാപാരവും. സ്വതേ വ്യസനം തോന്നാതെ വല്ലവർക്കുംവേണ്ടി സങ്കടം നടിച്ചാൽ അതു്. എത്രത്തോളം ആദരണീയമാകും? ഇപ്പോഴത്തെ പുസ്തകമെഴുത്തും ഈ നിലയിലെത്തിയിരിക്കയാണു്. തന്മൂലം അതൊരു വഞ്ചനയായിത്തീർന്നിരിക്കുന്നു. ഏതു രാജ്യക്കാർക്കും ഏതുതരം മനുഷ്യർക്കും കൊള്ളാവുന്ന മട്ടിൽ ഹൃദയാവർജ്ജകമായി അകൃത്രിമഭാഷയിൽ എഴുതപ്പെടുന്നവയായിരിക്കണം സാഹിത്യഗ്രന്ഥങ്ങൾ.

ടോൾസ്റ്റോയിയുടെ നിരൂപണസരണിയെ അവലംബിച്ചു പൂർവ്വോക്തരീതിയിൽ നിഷ്കർഷിച്ചു നോക്കുന്നപക്ഷം ലോകത്തിൽ യഥാർത്ഥ സാഹിത്യകാരന്മാർ ഏറ്റവും ചുരുക്കമാണെന്നു് കാണാം. പാശ്ചാത്യസാഹിത്യവുമായിട്ടേ ടോൾസ്റ്റേയിക്കു് അധികം പരിചയമുള്ളൂ. അതുകൊണ്ടു് തദ്ദേശീയരായ സാഹിത്യകാരന്മാർ മാത്രമാണു് അദ്ദേഹത്തിന്റെ പരിശോധനയ്ക്കു വിഷയമായിരിക്കുന്നതു്. റഷ്യയിൽ ഡസ്റ്റയോവ്സ്കിയും, ഫ്രാൻസിൽ വിക്ടർ യൂഗോവും, ഇംഗ്ലണ്ടിൽ ഡിക്കൻസും, അദ്ദേഹത്തിന്റെ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. ഷേക്സ്പീയരു ടെ കൃതികളിൽ പലതിനോടും അദ്ദേഹത്തിനു ബഹുമാനമില്ല. തന്റെ കൃതികൾതന്നെ സാഹിത്യധർമ്മം പൂർണ്ണമായി നിറവേറ്റുന്നവയല്ലെന്നു് അദ്ദേഹം സമ്മതിക്കുന്നു. വിദഗ്ദ്ധന്മാരെന്നു സർവ്വസമ്മതം നേടിയിട്ടുള്ളവരുടെ എല്ലാ കൃതികളും ഉൾപ്പെടുത്തുവാൻവേണ്ടി സാഹിത്യലക്ഷണത്തെ മാറ്റുകയും മറിക്കുകയും ചെയ്യുന്ന പതിവു് നിരൂപകന്മാർ സ്വീകരിക്കാറുണ്ടു്. ബാലിശമായ ഈ സമ്പ്രദായത്തെ ടോൾസ്റ്റോയി പ്രതിഷേധിക്കുന്നു. ഒരു പാശ്ചാത്യപണ്ഡിതൻ എഴുതിയ നിരൂപണഗ്രന്ഥത്തിൽ കലയ്ക്കു ലക്ഷണം കല്പിച്ചിരിക്കുന്നിടത്തു് അതിൽ സന്മാർഗ്ഗബോധത്തെ പരിഗണിക്കേണ്ടതില്ലെന്നു് അഭിപ്രായപ്പട്ടിട്ടുണ്ടു്. കാരണം, കലയിൽ സന്മാർഗ്ഗബോധത്തിനു സ്ഥാനമുണ്ടെന്നു വരുന്ന പക്ഷം ഷേക്സ്പീയരുടെ ‘റോമിയോ ആൻഡ് ജൂലിയറ്റ് ’ (Romeo and Juliet) എന്ന കൃതിയും, ഗെഥേ യുടെ ‘വിൽഹെം മീസ്റ്റർ’ (Wilhelm Meister) എന്ന കൃതിയും പ്രസ്തുത ലക്ഷണത്തിൽ പെടാതെപോകുമത്രേ. ഇങ്ങനെ ഗ്രന്ഥകാരനെ നോക്കിയും അവരുടെ കൃതികൾക്കു ചേരുന്ന മട്ടിലും ലക്ഷണനിർണ്ണയം ചെയ്തുതുടങ്ങിയാൽ അതു കേവലം നിരർത്ഥകമായിത്തീരും.

‘റിയലിസം’ (Realism) എന്ന പേരിൽ അശ്ലീലങ്ങൾ നിറഞ്ഞ ഏതംശവും സാഹിത്യത്തിൽ വർണ്ണിക്കാമെന്നും മനുഷ്യന്റെ സന്മാർഗ്ഗബോധത്തിനു് അതിൽ യാതൊരു സ്ഥാനവുമില്ലെന്നും വാദിക്കുന്നവർ ഇന്നത്തെ ഉല്പതിഷ്ണുക്കളിൽ ധാരാളമുണ്ടു്. ഇവരാണു ടോൾസ്റ്റോയിയുടെ കലാനിരൂപണം പ്രത്യേകം ശ്രദ്ധിച്ചു പഠിക്കേണ്ടതു്. അദ്ദേഹത്തിന്റെ പല സിദ്ധാന്തങ്ങളേയും ഇവർ എതിർത്തേക്കാം. പക്ഷേ, ജീവിതോൽക്കർഷത്തിനു് ആത്മനിയന്ത്രണം (Self-control) ആവശ്യമില്ലെന്നു് ഇക്കൂട്ടർ വാദിക്കുമോ? മനുഷ്യന്റെ ഭോഗാസക്തി ജ്വലിപ്പിച്ചു് ഇന്ദ്രിയങ്ങളെ അനിയന്ത്രിതമായി അഴിച്ചുവിടുന്നതിനു പ്രേരിപ്പിക്കാമോ? ആകാമെന്നു ശരീരമനഃശാസ്ത്രങ്ങളനുസരിച്ചു യുക്തിവാദം ചെയ്തുനോക്കിയാലും സമ്മതിക്കാവുന്നതല്ല. ആ സ്ഥിതിക്ക് അതിലേക്കു പ്രേരിപ്പിക്കുന്ന ദുർവ്വികാരങ്ങളുടെ ഉത്തേജനം സാഹിത്യത്തിൽ അനുവദിക്കത്തക്കതാണോ? സന്മാർഗ്ഗബോധത്തിനു് ഇത്തരത്തിലുള്ള ഒരു ബന്ധം മാത്രമേ ടോൾസ്റ്റോയി എടുത്തുകാണിക്കുന്നുള്ളൂ. അതു യുക്തിയുക്തവുമായിരിക്കുന്നുണ്ടു്. ശുഷ്കങ്ങളായ ഉപദേശങ്ങൾകൊണ്ടു സാഹിത്യരസം നശിപ്പിക്കണമെന്നല്ല അദ്ദേഹത്തിന്റെ വാദം. മനുഷ്യജീവിതത്തിൽ നന്മയും തിന്മയും അടങ്ങിയിരിക്കുന്നു. രണ്ടും സാഹിത്യത്തിൽ ചിത്രീകരിക്കാമെങ്കിലും തിന്മയെപ്പറ്റിയുള്ള പ്രതിപാദനം നന്മയുടെ മഹത്വത്തെ നേരിട്ടോ അല്ലാതെയോ സൂചിപ്പിക്കത്തക്കവണ്ണമായിരിക്കണം. ഇരുട്ടിന്റെ ചിത്രം വെളിച്ചത്തിന്റെ മഹിമയെ കുറിക്കുന്നു. എന്നാൽ ഇരുട്ടു മാത്രമായാൽ വെളിച്ചത്തിന്റെ ബോധം ആർക്കും ഉണ്ടാകുന്നതല്ല. സംഭോഗശൃംഗാരത്തിന്റെ സകല വശങ്ങളും നഗ്നമായി ചിത്രീകരിക്കുന്ന കാമോദ്ദീപകങ്ങളായ നോവലുകളും ചെറുകഥകളും പെരുകിവരുന്ന ഇക്കാലത്തു് ടോൾസ്റ്റോയിയുടെ ഇത്തരം സാരഗർഭങ്ങളായ അഭിപ്രായങ്ങൾക്കു കൂടുതൽ വില കല്പിക്കേണ്ടതാകുന്നു. കേവലം ഐന്ദ്രിയകമായ സുഖമല്ല, ആത്മാവിന്റെ ഔന്നത്യവും വ്യാപ്തിയും ആണു് കലകൾക്കു പ്രമാണമായി സ്വീകരിക്കേണ്ടതെന്നു് അദ്ദേഹം നിസ്സംശയം ഉദ്ഘോഷിക്കുന്നു. ഈ തത്വമാണു് അദ്ദേഹത്തിന്റെ നാനാമുഖങ്ങളായ വാദങ്ങളുടെ രത്നച്ചുരുക്കം. ഇതു് എല്ലാ കലകൾക്കും അടിസ്ഥാനമായിട്ടുള്ള ഒരു സനാതനപ്രമാണമാകയാൽ ആർക്കും അനാദരിക്കാവുന്നതല്ല.

കലകളെപ്പറ്റി ടോൾസ്റ്റോയിക്കുള്ള അഭിപ്രായമെന്തെന്നു് ഇത്രയുംകൊണ്ടു വെളിവായല്ലൊ. ഇന്നതെന്നു വ്യവച്ഛേദിച്ചു വിവരിക്കുവാൻ നിവൃത്തിയില്ലാത്ത ഒന്നാണു കല. അവ്യക്തമായിട്ടല്ലാതെ അതിനെപ്പറ്റി നിരൂപണം ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ല. ടോൾസ്റ്റോയിയുടെ നിരൂപണത്തിലും അദ്ദേഹം സൗന്ദര്യചർച്ച ചെയ്യുന്നിടത്തും മറ്റും ഈ അവ്യക്തത നിഴലിക്കുന്നുണ്ടു്. എങ്കിലും അദ്ദേഹത്തിന്റെ നിരൂപണം ആശയവൈശിഷ്ട്യം, അഗാധചിന്ത, സർവ്വതോന്മുഖത്വം എന്നിവയിൽ അനന്യസാധാരണമായിരിക്കുന്നു. കലകളെപ്പറ്റി എഴുതുവാൻ തുടങ്ങിയിട്ടു പതിനഞ്ചുകൊല്ലം കഴിഞ്ഞതിനുശേഷമേ പൂർത്തിയാക്കുവാൻ സാധിച്ചുള്ളൂ എന്ന അദ്ദേഹം തുറന്നുപറയുന്നുണ്ടു്. എന്നാൽ ഇക്കാലമത്രയും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയില്ലായിരുന്നു. കലാസംബന്ധമായി നേരിട്ട മിഥ്യാബോധങ്ങളേയും സംശയങ്ങളേയും നിവാരണം ചെയ്യുന്നതിനായി അദ്ദേഹം പഠിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. അനന്തരമാണു് ഏതാദൃശസിദ്ധാന്തങ്ങൾ സ്ഥാപിക്കുവാൻ ടോൾസ്റ്റോയി ധൈര്യപ്പെട്ടതു്. പ്രസ്തുത വിഷയത്തിന്റെ ഗഹനതയും തദ്വിചാരവിഷമതയും എത്രമാത്രമുണ്ടെന്നു് ഇതുകൊണ്ടുതന്നെ വെളിവാകുന്നുണ്ടല്ലോ.
(സാഹിതീയം—1936)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971