തർക്കങ്ങൾ ധാരാളം തലപൊക്കുന്ന ഒരു കാലമാണിതു്. രാഷ്ട്രീയരംഗത്താണധികവും. ഇതരരംഗങ്ങളിലും കുറവില്ല. എന്തിനെക്കുറിച്ചും ആർക്കും തർക്കിക്കാം. ആരേയും എതിർക്കാം. ഇതുകൊണ്ടു് ഗുണവും ദോഷവും ഉണ്ടാകുന്നുണ്ടു്. ചോദ്യം ചെയ്യുന്ന സ്വഭാവം നല്ലതുതന്നെ. മണ്ണടിയേണ്ട മാമൂലുകളെ മറിച്ചിടാനും മാനസികമായ സിദ്ധാന്തബന്ധനത്തെ ശിഥിലീകരിക്കാനും ഈ മനോഭാവം കുറെയൊക്കെ ഉപകരിക്കും. എന്നാൽ അവികുലമായിരിക്കണം. താദൃശരീതികൊണ്ടു മാത്രമേ വിവാദവിഷയമായ സംശയങ്ങൾ നീങ്ങി വസ്തുബോധം തെളിയുകയുള്ളു. സംശയാത്മാക്കളെ ശരിയായ നിഗമനത്തിലെത്തിക്കാനും അതുമാത്രമേ സഹായിക്കു.
‘മോഹം രുണദ്ധി വിമലീകുരുതേ ച ബുദ്ധിം
സുതേ ച സംസ്കൃതപദവ്യവഹാരശക്തിം
ശാസ്ത്രാന്തരാഭ്യസനയോഗ്യതമം വ്യനക്തി
തർക്കശ്രമോ ന തനുതേ കിമിഹോപകാരം’
എന്നു് തർക്കശാസ്ത്രപഠനം കൊണ്ടുള്ള പ്രയോജനം ഒരു കവി വിവരിക്കുന്നു. അന്ധത നീക്കി ബുദ്ധിശുദ്ധീകരിക്കാനും സമ്യക്ഷജ്ഞാതവും സുപ്രയുക്തവുമായ പദങ്ങൾ കൊണ്ടു് വ്യവഹാരശക്തി വർദ്ധിപ്പിക്കാനും ഇതര ശാസ്ത്രങ്ങൾ അഭ്യസിക്കാനും സഹായിക്കുന്ന ഒന്നാണു് തർക്കശാസ്ത്രം. അതിന്റെ പ്രാഥമിക തത്ത്വങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടതു് അസ്ഖലിതമായ വാദനിർവഹണത്തിനു് അത്യാവശ്യമാണു്.
തർക്കിക്കുക എന്നതു് ബുദ്ധികൊണ്ടുള്ള ഒരു തരം ഗുസ്തിപിടിക്കലത്രെ. അതിനു ചില മുറകളും വ്യവസ്ഥകളുമുണ്ടു് വാദോത്സുകൻ ഇവയെല്ലാം അറിഞ്ഞിരിക്കണം. അതിനും പുറമേ വിചാരപരമായ പരിശീലനവും വിഷയജ്ഞാനവും വേണം ഇതൊന്നുമില്ലാതെ ശകാരത്തിന്റെ ദുർഗന്ധവും വമിച്ചു് കുതർക്കകുഠാരവുമായി പുറപ്പെടുന്നവൻ സജ്ജനസമക്ഷം പരിഹാസ്യനാകും. വായപോയ വാക്കത്തികൊണ്ടു് എവിടെയുമിട്ടു വെട്ടാമെന്ന മട്ടിലായിരിക്കും അവന്റെ പോക്കു്. സ്ഥലം കാലം സന്ദർഭം പൂർവാപരക്രമം കാര്യകാരണബന്ധം ഇത്യാദി വാദമണ്ഡലത്തിൽ പരിഗണനീയങ്ങളായവയൊന്നും അവൻ ആദരിക്കുകയില്ല. വാക്കുകളുടെ പേക്കോലം തുള്ളൽ നടത്താനേ അവനറിഞ്ഞുകൂടു. ഇത്തരം ഗർഹ്യവാദികളോടു് വിവരവും വകതിരിവും ഉള്ളവരും തർക്കിക്കുന്നതല്ലല്ലോ. ഇവരുടെ കുത്സിതവാദമാർഗമല്ല ഇവിടെ നിരൂപണവിഷയം.
പഠിപ്പും പരീശിലനവും സിദ്ധിച്ചവരുടെ വാദരീതിപോലും പലപ്പോഴും വഴിപിഴയ്ക്കാറുണ്ടു്. അതാണിവിടെ ചിന്തനീയം. ഇന്നത്തെ വാദപ്രതിവാദങ്ങളിൽ സാധാരണ കാണുന്ന ചില വൈകല്യങ്ങൾ പരിശോധിച്ചു നോക്കാം.
ഏതു വാദവും അതിന്റെ പരകോടിയിലേക്കു വലിച്ചുനീട്ടിയാൽ അതു് അബദ്ധമായിത്തോന്നാം. അറിഞ്ഞോ അറിയാതെയോ ചില പണ്ഡിതന്മാർ ഈ സമ്പ്രദായം സ്വീകരിച്ചു എതിരാളികളെ വിഷമിപ്പിക്കാറുണ്ടു്. ഒന്നുരണ്ടുദാഹരണം കാണിക്കാം. കോൺഗ്രസ്സിന്റെ നാഗപ്പൂർ പ്രമേയത്തെ എതിർക്കാൻ സി. രാജഗോപാലാചാരി സ്വീകരിച്ച നയം ഇതാണാ ഗവണ്മെന്റു നിയമത്തിന്റെ ബലം പ്രയോഗിച്ചു വ്യക്തിസ്വതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണു് അദ്ദേഹത്തിന്റെ പ്രധാന ദോഷാരോപം. വ്യക്തിസ്വാതന്ത്ര്യധ്വംസനത്തിന്റെ പരകോടി കാണിച്ചുകൊണ്ടാണു് അദ്ദേഹം സ്വേച്ഛാധിപത്യദോഷം പർവതീകരിച്ചതു്. ഇതൊരു ദുർന്നയമാണു്. ഇതു സ്വീകരിച്ചാൽ ഏതു നിയമത്തിനും എതിരു പറയാം. വ്യക്തിസ്വാതന്ത്ര്യത്തെ അല്പംപോലും ബാധിക്കാത്ത ഏതെങ്കിലും നിയമമുണ്ടോ? ഒരു നിയമവും കൂടാതെ രാജ്യഭരണം സാദ്ധ്യമല്ലല്ലോ. നിയമത്തിന്റെ ബലാൽക്കാരം സാമൂഹ്യജീവിതത്തിൽ എവിടെയെല്ലാം എത്രത്തോളമാകാം എന്നു പരിശോധിച്ചിട്ടുവേണം ഇത്തരം വാദങ്ങൾ അവതരിപ്പിക്കാൻ. നിയമപക്ഷത്തു നിൽക്കുന്നവർക്കും ഇതുപോലെ എതിർവാദം ചെയ്യാം. നിയമരാഹിത്യത്തിന്റെ മൂർദ്ധന്യാവസ്ഥ കാണിച്ചു കൊണ്ടു സ്വാതന്ത്ര്യവാദികളെ എതിർക്കാം. അപ്പോൾ അതും ഒരു ദുഷ്ടരീതിയാകും. വ്യക്തി സ്വാതന്ത്ര്യം രാഷ്ട്രാധികാരം എന്ന രണ്ടിന്റെയും രണ്ടറ്റത്തേക്കു പോയാൽ വാദം അവതാളത്തിലാകുമെന്നു ചുരുക്കം അങ്ങനെ ചെയ്യാതെ ബുദ്ധന്റെ മദ്ധ്യമമാർഗം അവലംബിക്കുകയാണു് ഏതാദൃശവാദങ്ങളിൽ കരണീയം.
ഇനി മറ്റൊരു വാദം നോക്കുക. എല്ലാ കാര്യങ്ങളിലും അഹിംസാമാർഗമാണു നല്ലതെന്നു സർവരും സമ്മതിക്കുന്നു. ഇവിടെയും പരകോടിവാദം കൊണ്ടു എതിരു പറയാം. ജീവിതത്തിൽ നൂറു ശതമാനവും അഹിംസ പാലിക്കുവാൻ ആർക്കെങ്കിലും കഴിയുമോ? അപ്പോൾ കുറച്ചൊക്കെ ഹിംസ വേണ്ടി വരുമെന്നു സമ്മതിക്കണം. ആ നില സ്വീകരിച്ചുകൊണ്ടു് ഏതിലും എത്രയെങ്കിലും ഹിംസയാകാമെന്നു വാദിച്ചാലോ? അതും അബദ്ധമാകും. ഇവിടെയും മദ്ധ്യമമാർഗമേ സ്വീകാര്യമാകു. മഹാത്മാഗാന്ധി യുടെ അഹിംസാസിദ്ധാന്തത്തെ പരമാവധി ആദരിച്ചുകൊണ്ടു് ഇൻഡ്യയിൽ പോലീസും പട്ടാളവും പിരിച്ചു വിടണമെന്നു സ്ഥിരബുദ്ധിയുള്ളവരാരും വാദിക്കയില്ലല്ലോ. കഷ്ടകാലത്തിനു നമ്മുടെ പല നിരൂപണരംഗങ്ങളിലും പരിവർജ്ജ്യമായ ഈ പരകോടിവാദം കടന്നുകൂടി ചിന്താവ്യാപാരത്തെ കലുഷമാക്കുന്നുണ്ടു്. ഏതെങ്കിലും കാരണത്താൽ എതിർക്കുവാനുള്ള ഭാവം മനസ്സിൽ കാലേകുടികൊണ്ടിരിക്കും. അതു പ്രദർശിപ്പിക്കാനുള്ള എളുപ്പവഴി ആരായുമ്പോൾ കണ്ടെത്തുന്ന ഭ്രഷ്ടവാദ രീതിയാണിതു്. പ്രതിയോഗിയുടെ വക്രമനസ്സിനെക്കൂടി ഇതു പ്രതിഫലിപ്പിക്കുന്നു.
ഇതാണു് മറ്റൊരു വാദവൈകല്യം. യുക്തി കാണിച്ചു് ഒരഭിപ്രായം സ്ഥാപിക്കുകയല്ല, കാലേക്കൂട്ടി മനസ്സിൽ വേരുറച്ചിരിക്കുന്ന അഭിപ്രായത്തേയോ വിശ്വാസത്തേയോ ന്യായീകരിക്കാൻ എന്തെങ്കിലും മുട്ടുയുക്തി കണ്ടുപിടിക്കുക എന്നതാണു് ഈ സമ്പ്രദായം. ഇതും നിഷിദ്ധമത്രെ. മതവിശ്വാസപ്രശ്നങ്ങളിലും രാഷ്ട്രസിദ്ധാന്തചർച്ചകളിലും ആണു് പ്രസ്തുത വാദദോഷം അധികം കാണുന്നതു്. പ്രാചീനമതഗ്രന്ഥങ്ങളിൽ കാണുന്ന മൂഢോക്തികളെല്ലാം നവീനവിജ്ഞാനത്തിനു യോജിച്ചവയാണെന്നു കാണിക്കാൻ അവയെ ഒടിച്ചുഞെരിച്ചു വ്യഖ്യാനിക്കുന്നതും മറ്റും ഇക്കൂട്ടത്തിൽപ്പെടും. നാം നേരത്തെ ഒരു ‘ഫിലോസഫി’ പഠിച്ചുവയ്ക്കുന്നു. എന്നിട്ടു പുറമേനിന്നു കിട്ടുന്നതെന്തും അതിന്റെ ചട്ടക്കൂട്ടിൽ കടത്തിവിടാൻ ക്ലേശിക്കുകയാണു്. യുക്തിവാദത്തെ ഗളച്ഛേദം ചെയ്യുന്ന പ്രസ്തുത രീതിയും പ്രദുഷ്ടമാകുന്നു.
നാം അറിയാതെതന്നെ നമ്മുടെ വാദഗതിയെ ഒരു വശത്തേക്കു പിടിച്ചു വലിക്കുന്ന മാനസികപ്രവണതയാണിതു്. ഏതെങ്കിലും പക്ഷത്തിലേക്കു വൈകാരികമായ ഒരു ചായ്വുണ്ടാകുക സാധാരണമാണല്ലോ. അത്തരം മനസ്സിൽ ഋജുവും പ്രസന്നവുമായ യുക്തിവിചാരണ സാദ്ധ്യമല്ല. വാതംപിടിച്ചു ഒരു വശംതളർന്നുപോകുന്ന ശരീരത്തിനു നേരെ നിൽക്കാൻ കഴികയില്ലല്ലോ. അതുപോലെതന്നെയാണു് ഭാവപരമായി മനസ്സിന്റെയും നില അങ്ങനെ ഒരു വശത്തേക്കു ചാഞ്ഞുപോയ മനോഭാവമുള്ളവരോടു വാദിക്കാനും പ്രയാസമാണു്. ഭാവോന്മുഖമാത്രം ഉള്ളിടത്തു ചിന്താശക്തി പ്രവർത്തിക്കയില്ല. “There is no arguing with a mood” നെഹ്റു ഒരിടത്തു പറഞ്ഞതു് ഈ അർത്ഥത്തിലത്രെ. പ്രാചീനപണ്ഡിതന്മാരുടെ യുക്തിവാദം പൂർവ്വപക്ഷസമാധാനത്തോടുകൂടിയതായിരുന്നു. അതായതു് എതിരേ വരാവുന്ന ന്യായങ്ങൾ സ്വയം ഉന്നയിച്ചു് അവർ അവയ്ക്കു സമാധാനം പറഞ്ഞിരിന്നു. ശ്രീശങ്കരനും മറ്റും പരമത ഖണ്ഡനം നടത്തിയതു് ഈ രീതിയിലാണു്. എന്നാൽ ഇന്നാകട്ടെ പൂർവ്വപക്ഷത്തെ അവഗണിക്കുകയോ അവഹേളിക്കുകയോ ആണു് നാം ചെയ്യുന്നതു്. സർവോപരി ബുദ്ധിപരമായ സത്യസന്ധത പരിപാലിക്കണമെന്നകാര്യം സ്വപക്ഷസ്ഥാപനാരംഭത്തിൽ വിസ്മരിക്കപ്പെടുന്നു. ഇങ്ങനെ നോക്കിയാൽ നമ്മുടെ വാദപ്രതിവാദരീതിയിൽ പല വൈകല്യങ്ങളും കാണാം.
എല്ലാ വാദങ്ങൾക്കും ആസ്പദമായ യുക്തിപ്രദർശനം ഒരു കലയാണു്. അതിനുമുണ്ടു് കലാപരമായ സൗന്ദര്യം. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം എന്ന പ്രമാണചതുഷ്ടയത്തെ വേണ്ടവിധം ഉപനയിച്ചു ശരിയായ നിഗമനത്തിലെത്തിച്ചേരുന്ന ധൈഷ്ണികമായ വ്യാപാരം സത്യദർശനത്തിനുള്ള ഒരു മനോഹരദർപ്പണമാകുന്നു. അതിൽ അഴുക്കുപറ്റാതെ നോക്കേണ്ടതു ചിന്തകന്മാരുടെ ചുമതലയാണു്.
ചിന്താതരംഗം 1959.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971