images/Autumn_Leaves.jpg
Autumn Leaves, a painting by Jervis McEntee (1828–1891).
വള്ളത്തോൾക്കവിത
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

വള്ളത്തോൾ എന്ന ത്ര്യക്ഷരി കവിതയ്ക്കൊരു പര്യായമാണു്. കവനകലയുമായി അത്രയ്ക്കു സാത്മ്യം വരുത്താൻ ആ കവീശ്വരനു കഴിഞ്ഞു. കവിയായി ജനിച്ചു്, കവിയായി ജീവിച്ചു്, കവിയായിത്തന്നെ ചരമമടഞ്ഞ മഹാപ്രഭാവനാണു് അദ്ദേഹം. എഴുപത്തൊൻപതുവർഷത്തെ ജീവിതകാലത്തിൽ അറുപതിൽപ്പരം വർഷവും അദ്ദേഹം കലോപാസനയ്ക്കായിത്തന്നെ ഉഴിഞ്ഞുവെച്ചു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗവും. കവനകലയിൽ അസാമാന്യമായ വാസന വള്ളത്തോളിനെ അനുഗ്രഹിച്ചിരുന്നു. കവികർമ്മസാധകങ്ങളായ ശക്തിയും നിപുണതയും അഭ്യാസവും അദ്ദേഹത്തിൽ പരസ്പരസ്പർദ്ധികളായി പരിലസിച്ചു. കേരളീയമായ രൂപഭാവങ്ങളുടെ നൃത്തരംഗമാണു് വള്ളത്തോൾക്കവിത. എന്നാൽ അതേസമയം അതു് ഭാരതീയത്വത്തിന്റെ വിശാലവേദിയായി വികസിക്കുകയും ചെയ്തു. അതുകൊണ്ടു വള്ളത്തോൾ കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും കവിയായിത്തീർന്നു. രണ്ടിനും പ്രത്യേകമായുള്ള പ്രകൃതിസൗന്ദര്യവും സംസ്കാരമഹിമയും ചരിത്രപാരമ്പര്യവും മറ്റെങ്ങും കാണാത്ത ഇണക്കത്തോടെ അദ്ദേഹത്തിന്റെ കവിതയിൽ കൈകോർത്തു പിടിച്ചു കളിയാടുന്നു. ഉത്കൃഷ്ടമായ കാവ്യസമ്പത്തു്, ഏതു രാജ്യാതിർത്തിക്കുള്ളിലിരുന്നാലും, ലോകത്തിന്റെതന്നെ സ്വത്താണല്ലോ. ആ നിലയിൽ വള്ളത്തോളിനെ വിശ്വമഹാകവികളുടെ പട്ടികയിലും നിസ്സംശയം ഉൾപ്പെടുത്താവുന്നതാണു്. ഈ സാമാന്യ ചിന്തവിട്ടു് ഇനി നമുക്കു വള്ളത്തോൾക്കവിതയുടെ പ്രത്യേകതകളിലേക്കു കടക്കാം.

ഇരുപതാംനൂറ്റാണ്ടിലെ കാളിദാസൻ എന്നു വള്ളത്തോളിനെ വിശേഷിപ്പിച്ചാൽ അതു് ഒരതിശയോക്തിയാകയില്ല. സമഗ്രഗുണസമ്പന്നമായ കാളിദാസശൈലി അദ്ദേഹത്തെപ്പോലെ ഇത്രമാത്രം അന്യൂനമായി മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളവർ എത്രപേരുണ്ടെന്നു ചിന്തിക്കേണ്ടതാണു്.

‘വിലാസലതിക’യിലെ ഒരു ശ്ലോകത്തിൽ, ‘സദ്വർണ്ണാഞ്ചിത ശയ്യ’, ‘ഭാവപ്രഭാവം’, ‘വിദ്വല്ലാളിതത്വം’, ‘പ്രസാദം’ എന്നിങ്ങനെ കാളിദാസകവിതയ്ക്കുള്ള ഗുണങ്ങൾ വള്ളത്തോൾ വ്യക്തമാക്കിയിട്ടുണ്ടു്. ഈ ഗുണങ്ങളുടെയെല്ലാം വിളനിലമാണു് അദ്ദേഹത്തിന്റെ കവിതയും.

‘ധ്വനിഭിരമൃതബിന്ദുസ്യന്ദിഭിഃ പ്രീണയന്തി

സഹൃദയമഭിരാമൈരന്വിതാ ഭാവഭേദൈഃ

സരസമുചിതശയ്യാമാശ്രിതാ വിശ്വലോകം

സുഖയതി സുകുമാരാ കാളിദാസസ്യ വാണീ’

എന്ന പ്രശംസ വള്ളത്തോൾവാണിക്കും സർവഥാ യോജിക്കുന്നുണ്ടു്. എന്നാൽ കവിതാനിർമ്മാണത്തിന്റെ ആരംഭഘട്ടത്തിൽ മഹാകവിക്കു് ഈ ശൈലി വേണ്ടത്ര സ്വായത്തമായിരുന്നില്ല. വെണ്മണിപ്രസ്ഥാന കാലമായിരുന്നു അന്നു്. അർത്ഥചമത്കൃതിയിലുമേറെ ശബ്ദഭംഗിയിലായിരുന്നല്ലോ അന്നത്തെ കവികളുടെ നോട്ടം. വള്ളത്തോളും കുറെക്കാലം ഈ വഴിയിലാണു് സഞ്ചരിച്ചതു്. വെണ്മണിമുദ്രകളായ ഭാഷാശുദ്ധി, രചനാസൗഷ്ഠവം, ശബ്ദഭംഗി എന്നീ മൂന്നും അദ്ദേഹത്തിന്റെ കവിതയിലും അന്നു മുന്നിട്ടുനിന്നിരുന്നു.

‘ശീട്ടാട്ടം, ശിങ്കമാനക്കുഴൽവിളി, ചതുരം-

ഗങ്ങൾ ചാർവാംഗിമാർതൻ

പാട്ടാ,യംപൂണ്ട തായമ്പക, വകതിരിവു-

ള്ളക്ഷരശ്ലോകപാഠം.’

ഇത്യാദി പ്രയോഗങ്ങൾ, പേരു വെളിപ്പെടുത്തിയില്ലെങ്കിൽ വെണ്മണിക്കവിതയാണെന്നേ തോന്നു. 1911-ൽ ആണു് വള്ളത്തോൾ ചിത്രയോഗം മഹാകാവ്യം എഴുതാൻ തുടങ്ങിയതു്. അതിലും അദ്ദേഹത്തിന്റെ കാവ്യശൈലി സുനിശ്ചിതമായ രൂപം പൂണ്ടിരുന്നില്ല. കാളിദാസനെ മാത്രമല്ല, ശ്രീഹർഷാദി കവികളെയും അനുകരിക്കാനുള്ള ശ്രമം ചിത്രയോഗത്തിൽ കാണുന്നുണ്ടു്.

‘സദാശയാവർജ്ജകമാപണം പു-

ക്കുദരപൌരാവൃതമാമതിങ്കൽ

സദാശയാവർജ്ജകമാപണംതാ-

നുദാത്തരാം വാണിജർ നേടി മേന്മേൽ.’

(സ. 1 ശ്ലോ. 12)

ഇമ്മാതിരി ശ്ലേഷംകൊണ്ടുള്ള കൃത്രിമക്കളിയിൽ വള്ളത്തോളിനും അന്നു് അഭിനിവേശമുണ്ടായിരുന്നു. കാവ്യാധ്വാവിൽ അദ്ദേഹം സ്വതന്ത്രസഞ്ചാരത്തിനൊരുമ്പെട്ടതു മഹാകാവ്യരചനയ്ക്കുശേഷമാണു്. തുടർന്നുണ്ടായ ഖണ്ഡകാവ്യങ്ങൾ കവിതാലോകത്തിലെ പുതിയ കാൽവെപ്പായിരുന്നു. കാവ്യഘടകങ്ങളായ വസ്തുരീതിരസാദിയിൽ അദൃഷ്ടപൂർവ്വമായ ഒരു പരിവർത്തനംതന്നെ സംഭവിച്ചു. വൃത്തവിഷയത്തിലും അതു ദൃശ്യമായി. കുഞ്ചന്റെ കാലത്തിനുശേഷം മിക്കവാറും തിരസ്കൃതമായിരുന്ന ദ്രാവിഡഗാനരീതി വള്ളത്തോൾ സമുദ്ധരിച്ചു. കാലോചിതവും പുരോഗമനോന്മുഖവുമായിരുന്നു, ഈ പരിവർത്തനം. മലയാളത്തിലെ പദ്യകാവ്യപ്രസ്ഥാനത്തിൽ പൊതുവേതന്നെ അതു നൂതനചലനങ്ങളുളവാക്കി.

രുഗ്മിയുടെ കത്തു്, ശിഷ്യനും മകനും, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും ഇത്യാദി ഖണ്ഡകാവ്യങ്ങളിലും സാഹിത്യമഞ്ജരിയുടെ ഏഴെട്ടു ഭാഗങ്ങളിലും വള്ളത്തോളിന്റെ കവനപാടവം അതിന്റെ ഉച്ചകോടിയിലെത്തിയെന്നു പറയാം. പിന്നീടു ഗതി അല്പം കീഴോട്ടായി. വാർദ്ധക്യസഹജമായ ക്ഷീണം കവിതയെയും ബാധിച്ചതുപോലെ തോന്നുന്നു. അഭിവാദ്യം എന്ന പേരിൽ പ്രസിദ്ധീകൃതമായ റഷ്യൻ ചീനക്കവിതകൾ ഇതിനുദാഹരണമാണു്. മേല്ക്കാണിച്ചവിധം ആദിമധ്യാന്ത ഘട്ടങ്ങളായിത്തിരിയുന്ന കവിതാകാലത്തിൽ മധ്യമഘട്ടത്തിലാണു് സാക്ഷാൽ വള്ളത്തോളിനെ കാണുക.

സൗന്ദര്യബോധം, ഔചിത്യദീക്ഷ, രസഭാവസ്ഫൂർത്തി, ആശയവൈശദ്യം, രചനാസൗകുമാര്യം എന്നിവയാൽ വള്ളത്തോൾക്കവിത സർവ്വാതിശായിയായ സമുത്കർഷത്തിലെത്തിയിട്ടുണ്ടു്. സുന്ദരമായ രൂപവും സുന്ദരമായ ഭാവവും—അതാണു് വള്ളത്തോൾക്കവിത. രണ്ടിന്റെയും അകൃത്രിമവും അവിഭാജ്യവുമായ സമ്മേളനം ആ കാവ്യകലയ്ക്കു് അന്യാദൃശ്യവും അനിർവാച്യവുമായ ഒരു സുഷമാവിശേഷം സംജാതമാക്കിയിരിക്കുന്നു. സ്വാനുഭൂതിയിൽനിന്നുരുത്തിരിഞ്ഞു നൈസർഗ്ഗികമായി പൊന്തിവരുന്ന ഭാവനയ്ക്കേ അദ്ദേഹം വാഗ്രൂപം കൊടുക്കാറുള്ളൂ. കേരളത്തിന്റെ സൗന്ദര്യത്തെ ഇത്ര രമണീയമായി ആവിഷ്കരിച്ചിട്ടുള്ള മറ്റൊരു കവി ഉണ്ടെന്നു തോന്നുന്നില്ല. ഔചിത്യദീക്ഷയിലും അദ്വിതീയനായിരുന്നു അദ്ദേഹം. ശബ്ദം, അർത്ഥം, വക്താ, വാച്യം, അലങ്കാരം, രീതി, ഭാവം ഇവയിലേതിലും കവിയുടെ ഔചിത്യബോധം നിറഞ്ഞുതുളുമ്പുന്നതായിക്കാണാം. ആശയവൈശദ്യവും രചനാസൗകുമാര്യവും വള്ളത്തോൾക്കവിതയുടെ പ്രത്യേക ലക്ഷണങ്ങളാണു്. രണ്ടിലും അദ്ദേഹം അപ്രതിമനായിത്തന്നെ നിലകൊള്ളുന്നു. (ലളിതകോമളപദങ്ങളുടെ സുഖകരമായ സംഘടനയും ദ്രാക്ഷാപാകവും പാലിക്കാൻ അദ്ദേഹത്തിനുള്ള വൈഭവം അസൂയാവഹമത്രേ.) ഒറ്റവായനകൊണ്ടു് അർത്ഥഗ്രഹണം സാധ്യമാകാത്ത ഒരു കവിതയും, പരിവർത്തന ഘട്ടത്തിനുശേഷം, അദ്ദേഹം എഴുതിയിട്ടില്ല. എത്ര ഗഹനമായ ആശയവും വള്ളത്തോളിന്റെ മധുമയവാങ്മയത്തിൽ പ്രതിഫലിക്കുമ്പോൾ അപണ്ഡിതന്മാർക്കുപോലും സുഗ്രഹമാകും. അത്ര പ്രസന്നമാണു പ്രതിപാദനം. ഉദാഹരണത്തിനു് ‘ജ്ഞാനം’ എന്ന കവിത നോക്കുക ഒരമൂർത്തവസ്തുവായ ജ്ഞാനത്തിന്റെ അഗാധതയും അപാരതയും തേജസ്സും ഇത്ര സ്ഫടികസ്ഫുടമായും അതേസമയം വിചാര്യമാണരമണീയമായും വർണ്ണിക്കാൻ വശ്യവചസ്സായ വള്ളത്തോളിനേ സാധിക്കു.

അപൂർവ്വവസ്തുനിർമ്മാണക്ഷമമാണല്ലോ കവിപ്രതിഭ. നമ്മുടെ മഹാകവിയെ സംബന്ധിച്ചിടത്തോളം ഈ നിർമ്മാണക്ഷമത കൂടുതൽ പ്രത്യക്ഷപ്പെടുന്നതു സംഭവങ്ങളുടെ നാടകീയമായ അവതരണത്തിലും സന്ദർഭസംവിധാനത്തിലും കഥാഗ്രഥനശില്പത്തിലുമാകുന്നു. സ്തോഭഭാവങ്ങളുടെ വ്യാമർദ്ദം വ്യഞ്ജിപ്പിക്കുന്ന ഹൃദയഹാരികളായ ജീവിതരംഗങ്ങൾ തിരഞ്ഞെടുത്തു ദൃശ്യകാവ്യോചിതമായി സംവിധാനംചെയ്തു ചിത്രീകരിക്കുന്നതിൽ അദ്ദേഹം അനിതരസാധാരണമായ കലാകൗശലം പ്രദർശിപ്പിച്ചിട്ടുണ്ടു്. അച്ഛനും മകളും, കിളിക്കൊഞ്ചൽ, കർമ്മഭൂമിയുടെ പിഞ്ചുകാൽ, നരേന്ദ്രന്റെ പ്രാർത്ഥന തുടങ്ങിയ കവിതകളിലെ മനോഹരരംഗങ്ങൾ നോക്കുക. കശ്യപാശ്രമാന്തരീക്ഷത്തിൽ വിശ്വാമിത്രനേയും ശകുന്തളയേയും തത്പുത്രനേയും കഥാപാത്രങ്ങളാക്കി ഭാവകല്ലോലിതമായ ഒരു രംഗം സൃഷ്ടിച്ച മഹാകവിയുടെ മനോധർമ്മമഹിമ എത്ര വാഴ്ത്തിയാലും മതിയാകുമോ? ‘ആറ്റിലേക്കച്യുത, ചാടല്ലേ’ (കർമ്മ ഭൂമിയുടെ പിഞ്ചുകാൽ), ‘തസ്കരനല്ല ഞാൻ, തെമ്മാടിയല്ല ഞാൻ’ (ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി), ‘വീട്ടിലെന്തു വിശേഷം? നരേന്ദ്ര, നീ’ (നരേന്ദ്രന്റെ പ്രാർത്ഥന) ഇമ്മാതിരി നാടകീയമായ വിഷയാവതരണം, വായനക്കാരുടെ ജിജ്ഞാസയെ ഝടിതി ജാഗ്രത്താക്കുക മാത്രമല്ല, യവനിക നീങ്ങി ഒരു ദൃശ്യം പ്രത്യക്ഷപ്പെടുന്നതുപോലുള്ള പ്രതീതി അവരിലുളവാക്കുകയും ചെയ്യുന്നു.

വള്ളത്തോൾക്കവിതകളിലെ കഥാപാത്രങ്ങളെ പൗരാണികം, ചരിത്രപരം, കല്പിതം എന്നു മൂന്നായിത്തിരിക്കാം. അവയിൽ കല്പിതം മാത്രമല്ല മറ്റുള്ളവയും സ്വന്തം സൃഷ്ടികളായിത്തോന്നത്തക്കവണ്ണം നൂതനമായ രൂപവും ഭാവവും പൂണ്ടവയാണു്. ദ്വാരപാലകനായ ഗണപതി, ഗുരുദർശനോദ്യുക്തനായ പരശുരാമൻ, ബന്ധനസ്ഥനായ അനിരുദ്ധൻ, പശ്ചാത്താപ പരവശനായ രുഗ്മി, അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ, കിളിക്കൊഞ്ചൽ കേട്ടു കൊഞ്ചുന്ന ജാനകിക്കുട്ടി, മകളെ കണ്ടുമുട്ടുന്ന വിശ്വാമിത്രൻ—ഇങ്ങനെ എത്രയെത്ര പുരാണപാത്രങ്ങൾ ആ കവിവേധസ്സിന്റെ കരവിരുതിൽ പുതുമ കലർന്നു പ്രശോഭിക്കുന്നു! അധുനാതനപരിതഃസ്ഥിതിക്കു് അനുരഞ്ജകമാകത്തക്കവിധം പുരാണകഥാവസ്തുവിൽ അദ്ദേഹം വിചിത്രങ്ങളായ കൊത്തു പണികൾ നടത്തിയിട്ടുണ്ടു്.

‘ധ്വസ്തഭുവനമാം ദൗഷ്ട്യമേ, നിൻ തല-

യെത്ര പരത്തിയുയർത്തിയാലും

ഇക്കർമ്മഭൂമി തൻ പിഞ്ചുകാൽ പോരുമേ

ചിക്കെന്നതൊക്കെച്ചവുട്ടിത്താഴ്ത്താൻ’

images/Swami_Vivekananda.jpg
വിവേകാനന്ദൻ

എന്ന വരികളിൽ അഭിനവഭാരതത്തിന്റെ ആധ്യാത്മികശക്തിയും ധാർമ്മികനേതൃത്വവുമാണു പ്രതിധ്വനിക്കുന്നതു്. ചരിത്രപാത്രങ്ങളും ഇതുപോലെ വള്ളത്തോളിന്റെ സർഗ്ഗ പ്രക്രിയകൊണ്ടു നവീകൃതങ്ങളാണു്. ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, വിവേകാനന്ദൻ, ഹ്യൂൻസാങ്ങ്, ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യർ, ശിവജി, ഹുമയൂൺ എന്നിവരെല്ലാം അപൂർവ്വമായ ഭാവാവേശത്തിലും വർണ്ണപ്രകർഷത്തിലും മഹാകവിയുടെ ചിത്രശാലയിൽ പ്രതിഷ്ഠിതരായിരിക്കുന്നു. സാത്വികവും സാർവ്വജനീനവുമായ മാനവസംസ്കാരത്തിന്റെയും ജീവിതമഹത്വത്തിന്റെയും പ്രതീകങ്ങളാണു് ഈ ചിത്രങ്ങൾ. ജാതിമതസംബന്ധിയായ സങ്കുചിതദൃഷ്ടി വള്ളത്തോളിനുണ്ടായിരുന്നില്ല. എല്ലാ മതങ്ങളെയും പരാമർശിക്കുന്ന വിവിധ സംഭവങ്ങൾ അദ്ദേഹം കവിതാവിഷയമാക്കിയിട്ടുണ്ടു്, ‘സർവ്വമതസാരവുമേക’മെന്ന താത്ത്വികഭാവമായിരുന്നു അദ്ദേഹത്തിൽ കുടികൊണ്ടിരുന്നതു്.

images/Poonthanam_Nambudiri.jpg
പൂന്താനം

വാക്കുകൊണ്ടു ചിത്രം വരയ്ക്കുക എന്നതു പ്രയാസമേറിയ ഒരു കലാവിദ്യയാണു്. നല്ല നോട്ടവും മനോധർമ്മവുമുള്ളവർക്കേ അതിനു കഴിവുണ്ടാകൂ. ചിത്രം ജീവനുള്ളതാകണം. ചിത്രകാരൻ ചായപ്പണികൊണ്ടു നിർവ്വഹിക്കുന്ന കാര്യം കവി ഉചിതപദപ്രയോഗംകൊണ്ടു സാധിക്കണം. ഇതിലും വള്ളത്തോൾ അസാധാരണമായ വിജയം നേടിയിട്ടുണ്ടു്. സാഹിത്യമഞ്ജരി ഒന്നാംഭാഗത്തിലെ ശ്രീകൃഷ്ണന്റെ ചിത്രം ധാരാളം സഹൃദയപ്രശംസ സമാർജ്ജിച്ചിട്ടുള്ളതാണു്. ‘ആലസ്യമാണ്ടു മുഖമൊട്ടു കുനിച്ചി’രിക്കുന്ന ആലേഖ്യരൂപിണിയായ ഉഷ, ‘വെണ്ണതോല്ക്കുമുടലിൽ സുഗന്ധിയാമെണ്ണതേച്ചി’രിക്കുന്ന പാർവ്വതി, ‘പതഞ്ഞ വെള്ളം പഥിവായിൽനിന്നു തൂകുന്ന കന്നാലിയെ മുൻനടത്തി’പ്പോകുന്ന കൃഷിക്കാരൻ, ‘മേലാകവേ ചെള്ളിളകിക്കിതപ്പിൽ സ്ഥൂലസ്ഥിപാർശ്വങ്ങളുയർന്നുതാന്നും’ കിടക്കുന്ന സാരമേയം, യാത്രപുറപ്പെടുന്ന പ്രാണാധീശനെ ‘ക്ഷീണാപാണ്ഡുകപോലമാം മുഖവുമായ്’ ‘അശ്രുപൂർണ്ണമിഴി’യാൽ നോക്കുന്നമയ്ക്കണ്ണിയാൾ—ഇങ്ങനെ ഉദാഹരണങ്ങൾ ഉദ്ധരിക്കാൻ തുടങ്ങിയാൽ അവസാനിക്കില്ല. ഭാവസ്ഫുരത്തായ ഈവക ചിത്രങ്ങൾ മലയാളസാഹിത്യത്തിൽനിന്നു് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. സഹൃദയഹൃദയങ്ങളിൽ അവ എന്നും സജീവങ്ങളായി പതിഞ്ഞുനിൽക്കും.

പുരോഗതിക്കു വെമ്പൽക്കൊണ്ടിരുന്ന ഉത്പതിഷ്ണുവായിരുന്നു വള്ളത്തോൾ. മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അദ്ദേഹം യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു. കേരളത്തിൽ പ്രത്യേകമായും ഇന്ത്യയിൽ പൊതുവെയും പ്രത്യക്ഷപ്പെട്ട സാമൂഹ്യവും രാഷ്ട്രീയവുമായ പരിവർത്തനചലനങ്ങൾ മഹാകവിയിലും തദനുസരണമായ പ്രതികരണങ്ങളുണ്ടാക്കി. അദ്ദേഹം കാലത്തിനൊത്തു മുന്നോട്ടുനീങ്ങുക മാത്രമല്ല, ദീർഘദൃഷ്ടിയോടെ ഭാവിയെ നോക്കിക്കാണുകയും ചെയ്തു.

‘ജാതി, ഹാ, നരകത്തിൽനിന്നു പൊങ്ങിയ ശബ്ദം

പാർതിന്നും പിശാചിന്റെയേട്ടിലെ രണ്ടക്ഷരം.’

എന്നു നാല്പതുവർഷം മുമ്പുതന്നെ വള്ളത്തോൾ വിളിച്ചുപറഞ്ഞു. ജാതിയോടുള്ള എതിർപ്പു് ഇന്നത്തെപ്പോലെ സാർവ്വത്രികമാകുന്നതിനു് എത്രയോ മുമ്പാണതു്. അന്നതൊരു വിപ്ലവധ്വനിയായിരുന്നു. അയിത്താചാരോച്ചാടനം അതിവിദഗ്ദ്ധമായി നിർവഹിക്കന്ന ഹാസ്യവിലസിതമായ ഒരു കവിതയാണു് ‘ശുദ്ധരിൽ ശുദ്ധൻ’. ഈദൃശങ്ങളായ കവനതല്ലജങ്ങൾവഴി കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനു മഹാകവി നൽകിയിട്ടുള്ള ഉത്തേജനം സ്മർത്തവ്യമത്രേ. അതുപോലെ പുരോഗമനസാഹിത്യത്തിന്റെ പുരോഗാമിയായിട്ടു നമുക്കു വള്ളത്തോളിനെ കാണാം. പാവപ്പെട്ട കൃഷിക്കാരും തൊഴിലാളികളും മറ്റും നേരത്തേതന്നെ തത്കവിതകളിൽ സ്ഥലംപിടിച്ചിട്ടുണ്ടു്.

‘സാധുക്കളിക്കൂട്ടർ വിശപ്പടക്കാൻ

നട്ടെല്ലു പൊട്ടുംപടി വേലചെയ്വൂ;

അതിൽ മഹത്താം ഫലമോ, പണക്കാർ-

ക്ക;—ഹോ നരൻതൻ സമസൃഷ്ടമൈത്രി!’

എന്നു സഹതപിക്കാനും അപലപിക്കാനും നാലു ദശാബ്ദത്തിനുമുമ്പേ അദ്ദേഹം മുന്നോട്ടുവന്നു. മുതലാളിത്തം കരിമ്പിൻകോച്ചപോലെ വലിച്ചെറിഞ്ഞ ഒരു കൂലിപ്പണിക്കാരൻ അസ്ഥിമാത്രനായി പനിപിടിച്ചു തീവണ്ടിയാപ്പീസിൽ കിടന്നു മരണശ്വാസം വലിക്കുന്ന കാഴ്ച വള്ളത്തോൾ മുപ്പെത്തെട്ടുവർഷം മുമ്പേ കണ്ടെത്തി. വ്യഥാമഥിതമായ കവിഹൃദയത്തിൽനിന്നു് അന്നു പുറപ്പെട്ടതാണു് ‘മാപ്പു്’ എന്ന കവിത. പ്രചാരണവ്യഗ്രതയിൽ കലാഭംഗി നശിപ്പിക്കാതെ ഈവക പ്രശ്നങ്ങൾ എങ്ങനെ കാവ്യ വിഷയമാക്കാമെന്നു് ഉദാഹരിക്കുന്ന ധ്വനിമധുരമായ ഒന്നാംതരം കവിതയാണതു്.

‘പൈശാചതൃഷ്ണയ്ക്കടിപെട്ടൊടുങ്ങാ-

പ്പണിക്കു നിർത്തും മുതലാളിവർഗ്ഗം

ചെഞ്ചോര തീർന്നപ്പൊഴുതിട്ടെറിഞ്ഞ

മനുഷ്യദേഹങ്ങളിലൊന്നിതത്രേ.’

‘മരിക്ക സാധാരണ,മീ വിശപ്പിൽ-

ദ്ദഹിക്കലോ നമ്മുടെ നാട്ടിൽമാത്രം.’

ഇത്തരം വരികൾ പുരോഗമനസാഹിത്യം പെരുമ്പറ മുഴക്കുന്നതിനു മുമ്പുതന്നെ മലയാളസാഹിത്യത്തിൽ മാറ്റൊലിക്കൊണ്ടു എന്നതു് ഇന്നു് അധികംപേരും ഓർമ്മിക്കുന്നില്ല. വള്ളത്തോളിന്റെ മനുഷ്യസ്നേഹം ഇതുപോലെ ശോകമരന്ദം പൊഴിക്കുന്ന കവിതാകുസുമങ്ങളായി വികസിച്ചിട്ടുള്ള എത്രയോ സന്ദർഭങ്ങളുണ്ടു്, മനുഷ്യസ്നേഹം മാത്രമല്ല, പ്രകൃതിയോടുള്ള ഏകീഭാവത്തിൽ സർവ്വപ്രാണിസമാശ്ലേഷകമായ ജീവകാരുണ്യവും ആ കവിഹൃദയത്തിൽ ഓളംവെട്ടിയിരുന്നു. ‘വെടികൊണ്ട പക്ഷി’ വിശ്വസാഹിത്യത്തിലെ സജാതീയമായ ഏതു കൃതിയോടും കിടനിൽക്കുമെന്നതിനു സംശയമില്ല…

‘പാവങ്ങൾതൻ പ്രാണമരുത്തു വേണം

പാപപ്രഭുക്കൾക്കിഹ പങ്ക വീശാൻ.’

എന്ന കവിവാക്യം ഇപ്പോൾ ഒരു പഴഞ്ചൊല്ലുപോലെയായിട്ടുണ്ടു്. പൈശാചയജ്ഞം, പെറ്റമ്മേ പ്രസീദ, മിഥ്യാഭിമാനം, നിത്യകന്യക മുതലായവയും അനുവാചകനയനങ്ങളിൽ നനവുണ്ടാക്കുന്ന ഹൃദയദ്രവീകരണസമർത്ഥങ്ങളായ കവിതകളാകുന്നു. ഭദ്രകാളീക്ഷേത്രത്തിലെ ബലിമൃഗങ്ങളും, കശാപ്പുകടയിലേക്കു കൊണ്ടുപോകപ്പെടുന്ന ആട്ടിൻപറ്റങ്ങളും, കട്ടവണ്ടി വലിക്കുന്ന എല്ലുംതോലുമായ കാളകളും മറ്റും അഹിംസാമന്ത്രമുരുക്കഴിക്കുന്ന നമ്മെ ഈ കവിതകളിലൂടെ തുറിച്ചുനോക്കുകയാണു്.

വള്ളത്തോളിന്റെ ദേശീയഗാനങ്ങളെപ്പറ്റി ഇവിടെ വിസ്തരിക്കേണ്ടതില്ല. അവ അത്രയ്ക്കു സുപ്രസിദ്ധങ്ങളാണു്. സ്വാതന്ത്ര്യസമരകാലത്തു ജനഹൃദയങ്ങളിൽ ആശയും ആവേശവും കുത്തിവെയ്ക്കുവാൻ അവ വളരെ ഉപകരിച്ചിട്ടുണ്ടു്. മഹാത്മജി യോടു മഹാകവിക്കുണ്ടായിരുന്ന ഭക്ത്യാദരങ്ങൾ അതിരറ്റതായിരുന്നു. ‘എന്റെ ഗുരു നാഥൻ’ എന്ന കവിതയോടു സമശീർഷമായ മറ്റൊന്നു് ഇന്ത്യയിലെ ഇതരസാഹിത്യങ്ങളിൽ കാണുമോ എന്നു സംശയമാണു്. രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ ഒരു സുപ്രധാന ഘടകമായ സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയും വള്ളത്തോളിന്റെ തൂലിക പോരാടിയിട്ടുണ്ടു്. സ്ത്രീയുടെ അടിമത്തത്തെയും വെളിച്ചത്തു കൊണ്ടുവരുന്നവയാണു് അദ്ദേഹം വർണ്ണിച്ചിട്ടുള്ള പല പ്രേമകഥകളും.

വള്ളത്തോൾ ഒരു ശുഭാപ്തിവിശ്വാസിയായിരുന്നു. ‘ലോകം ശോകഹതം ച സമസ്തം’ എന്ന ശുഷ്കവേദാന്തം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സുഖജീവിതം എല്ലാവരുടെയും ജന്മാവകാശമാണെന്നു് അദ്ദേഹം വിശ്വസിച്ചു. അതിനു വിഘ്നം കണ്ടിടത്തെല്ലാം അദ്ദേഹത്തിന്റെ സഹതാപവും ധാർമ്മികരോഷവും തലയുയർത്തി. ജീവിതത്തിലെ കെടുതികൾക്കു് ഉത്തരവാദി മനുഷ്യൻതന്നെയാണെന്നും പരസ്പരസ്നേഹത്തിലും സഹകരണത്തിലും മനുഷ്യഹസ്തങ്ങൾകൊണ്ടുതന്നെ അവയെ നീക്കം ചെയ്യാമെന്നുമാണു് കവി ഉദ്ബോധിപ്പിക്കുന്നതു്. ദോഷാനുദർശന (Pessimism) മോ ജീവിതവിരക്തിയോ അദ്ദേഹത്തിന്റെ മാനസികഘടനയ്ക്കു ചേർന്നതായിരുന്നില്ല.

‘വേദാന്തമില്ലാത്തൊരു സാധുവിന്നീ-

ദ്ദശാന്തരത്തിൽക്കരൾ ചെറ്റലിഞ്ഞു’

എന്നു് ഒരിടത്തു് അദ്ദേഹം വേദാന്തികളെ കളിയാക്കിയിട്ടുണ്ടു്. ജീവിതം തള്ളിക്കളയാനുള്ളതല്ല, കഴിയുന്നിടത്തോളം സുഖസമൃദ്ധമാക്കി അനുഭവിക്കാനുള്ളതാണു് എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.

‘പ്രപഞ്ചമേ, നീ പല ദുഃഖജാലം

നിറഞ്ഞതാണെങ്കിലുമിത്രമാത്രം

ചേതോഹരക്കാഴ്ചകൾ നിങ്കലുള്ള

കാലത്തു നിൻപേരിലെവൻ വെറുക്കും?’

images/Oscar_Wilde.jpg
ഓസ്കാർ വൈൽഡ്

എന്നു കവി ചോദിക്കുന്നു. സുന്ദരമായതെന്തും വള്ളത്തോളിനെ ആകർഷിച്ചു. അതു തന്നെയാണു് സത്യവും ശിവവുമായിട്ടുള്ളതെന്നും അദ്ദേഹത്തിനു് വിശ്വാസമുണ്ടായിരുന്നു. ഓസ്കാർ വൈൽഡ്, എന്താണു് നാഗരികത എന്നു സ്വയം ചോദിച്ചുകൊണ്ടു്, സൗന്ദര്യപ്രേമം എന്നു് അതിനു് ഉത്തരം പറഞ്ഞിട്ടുണ്ടു്. വള്ളത്തോളും ഇതുതന്നെ പറയുമായിരുന്നു. ഒരുപക്ഷേ, ഈ സൗന്ദര്യപ്രേമത്തിൽനിന്നാകാം, അദ്ദേഹത്തിന്റെ ശൃംഗാരരസപക്ഷപാതം ഉടലെടുത്തതു്. തദ്രസാവിഷ്കരണത്തിൽ മഹാകവിയുടെ സകല കഴിവും രസികത്വവും അനർഗ്ഗളമായി പ്രവഹിച്ചിട്ടുണ്ടല്ലോ.

തത്ത്വചിന്തകനായ കവിയെന്നു വള്ളത്തോളിനെപ്പറ്റി സാധാരണ പറയാറില്ല. എങ്കിലും സുന്ദരങ്ങളായ അനേകം ചിന്താശകലങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ യഥോചിതം നിബദ്ധങ്ങളായിട്ടുണ്ടു്; അവ ആലോച്യമാനഗംഭീരങ്ങളുമാണു്

‘കാലമതിന്റെ കനത്ത കരംകൊണ്ടു

ലീലയാലൊന്നു പിടിച്ചു കുലുക്കിയാൽ

പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-

പാദപപ്പൂക്കളാം താരങ്ങൾകൂടിയും.’

‘മൃതിതൻ കിനാവത്രേ പിറപ്പെന്നതു, വത്സേ.’

‘വാർദ്ധകമൊടുള്ളാദ്യസ്മിതം യൗവനം.’

‘എന്തില്ല നിഹതേ, നിൻ ചെറുഭാണ്ഡത്തി;

ലെന്നും ദരിദ്രം ദുരതൻ കലവറ!’

‘വിലകൂടും വാർദ്ധകത്തൂവെള്ളിക്കു

യൗവനത്തങ്കത്തെക്കാൾ’

‘ക്ലേശത്തിൻമുന കുഡ്മളാഗ്രസദൃശം

നിഷ്കിഞ്ചനച്ചട്ടമേൽ.’

‘കാലാഭിഖ്യൻ കളാദാഗ്രണി കറകലരാ-

ക്കമ്പി നീട്ടിത്തുടങ്ങി.’

‘ദുഃഖങ്ങൾ സൗഖ്യത്തിനകമ്പടിക്കാർ.’

ചന്തവും ചമത്ക്കാരവുമുള്ള ഇത്തരം കവിവാക്യങ്ങൾ സഹൃദയർക്കു വായനയ്ക്കു ശേഷവും അയവിറക്കാവുന്നവിധം ചിന്താരുന്തുദങ്ങളായിട്ടുണ്ടു്. നിർജ്ജീവങ്ങളായ തത്ത്വഖണ്ഡങ്ങളുടെ തിരക്കുകൂട്ടൽകൊണ്ടു വള്ളത്തോൾക്കവിതയിലെ വിചാരാംശം ഒരിടത്തും വിരസമായിട്ടില്ലെന്നു ഉദ്ധൃതോദാഹരണങ്ങൾ തെളിയിക്കുന്നു. ചുരുക്കത്തിൽ പ്രപഞ്ചത്തെയും ജീവിതത്തെയും കാവ്യാത്മകമായി ദർശിച്ചു നിർവൃതിയടഞ്ഞ കലാവല്ലഭനാണു് വള്ളത്തോൾ.

(സാഹിതീകൗതുകം)

ജ്ഞാനം (പാന)

—വള്ളത്തോൾ

അപ്രമേയസുവിസ്താര ഗാംഭീര്യം

ത്വൽപ്രഭാവമഭംഗമഭിപൂർണ്ണം:

അപ്പെരുമതൻ നാലഞ്ചു തുള്ളിക-

ളബ്ധികൾ സദാ തുള്ളിയിരമ്പുന്നൂ-

ഇപ്പെരുംപറക്കൊട്ടിനാൽത്തങ്ങൾ ത-

ന്നല്പതയെപ്പരസ്യപ്പെടുത്തുന്നു;

ഭാസ്വരപ്രഭമായ നിൻവക്ത്രമോ,

ശാശ്വതമൌനമുദ്രം പരാവിദ്യേ!

നിൻ തിരുമൌനമല്ലോ നരർക്കേകീ

ചിന്തിതാവിഷ്കൃതിയ്ക്കുള്ള ഭാഷയെ:

എന്തുകൊണ്ടെനിയ്ക്കേകീല വാക്കൊന്നും

ബന്ധുരം തവ രൂപം വിവരിപ്പാൻ!

പൃത്ഥ്വിതന്നുള്ളിൽ നിന്നുൽഗ്ഗമിച്ചിടും

വ്യർത്ഥവാഞ്ഛകളാകിന ശാഖികൾ

പത്രമർമ്മരം കൊണ്ടഭ്രമാർഗ്ഗമോ-

ടെത്ര ചോദിപ്പതില്ല നിൻ തത്ത്വത്തെ?

ഉത്തരമിതിന്നെന്തി,ടിവെട്ടലോ,

പൊൽത്തകിടൊളിച്ചൂരൽ മിന്നിയ്ക്കലോ?

അസ്തു, ഗർജ്ജനതർജ്ജനാധിഷ്ഠിത

മജ്ഞരാമുപരിസ്ഥർതൻ ഗൌരവം!

ബാല്യകാലത്തു, നാനാസുമങ്ങളെ

പ്രോല്ലസിപ്പിച്ച പൈങ്കിളിപ്പാട്ടുമായ്,

ദാരിതതമസ്സായ തേജോഗുണ-

മേറിയേറി മുതിർന്ന കതിരോനും,

നാകമധ്യമണഞ്ഞു, മഹേശി, നിൻ

ലോകമൊട്ടാകെ നോക്കാൻ തുടങ്ങിയാൽ

‘എന്തറിഞ്ഞു ഞാനെ’ന്നു വിവർണ്ണനായ്-

ത്തൻ തല ചായ്ക്കയല്ലയോ ചെയ്യുന്നു?

സ്വാജ്ഞതാബോധമല്ലാതെ മറ്റെന്താം?

ലോകമുണ്ടായനാൾ തൊട്ടിതേവരെ,

പ്രാകൃതർതൊട്ടു സംസ്കൃതന്മാർ വരെ,

എങ്ങിനെയൊക്കെയെങ്ങെങ്ങു തേടിയി-

ല്ലങ്ങയെ സ്വാത്മചോദിതർ മാനുഷർ!

ഏതൊരു കൊടുംകാട്ടിൻ നടുത്തട്ടി-

ലേതൊരു ദുർഗ്ഗഭൂവിലോ നില്ക്കുന്നൂ,

ഏതു വല്ലായ്മയേയും ശമിപ്പിപ്പാ-

നേകസാധനം നിന്റെ ദിവ്യൗഷധി.

ഏതൊരു കല്ലിലുൾച്ചേർന്നിരിയ്ക്കുന്നൂ

ജാഡ്യമാം നിൻതീയനാദ്യന്തേ,-

ബഹ്വഗാധമാമേതൊരു പർവ്വത-

ഗഹ്വരത്തിലോ പൂഴ്‌ന്നു കിടക്കുന്നൂ,

സർവദാരിദ്ര്യസംഹാരശക്തങ്ങ-

ളവ്യയങ്ങളാം താവകരത്നങ്ങൾ?

പൂർവകർക്കിതാ, ദണ്ഡനമസ്കാരം:

തീവ്രയത്നം തുടർന്നുതുടർന്നവർ

ദേവി, നിൻവെളിച്ചത്തിൻ നുറുങ്ങോരോ-

ന്നാവതുപോലെ സംഗ്രഹിച്ചാരല്ലോ;

ഇല്ലയെങ്കിലി,ന്നെങ്ങെൻ തരക്കാർത

ന്നല്ലിലും ചില മിന്നാമിനുങ്ങുകൾ!

ബുദ്ധികൊണ്ടു ചിറകുകൾ സമ്പാദി-

ച്ചെത്ര മേല്പോട്ടു കേറിപ്പറന്നാലും,

മാനവന്നു മുൻമട്ടിലേ ദൂരസ്ഥം

ജ്ഞാനദേവതേ, നിൻനഭോമണ്ഡലം!

എങ്കിലുമവനുൽഗ്ഗതി സംരംഭ-

ത്തിങ്കൽനിന്നു പിന്മാറില്ലൊരിയ്ക്കലും;

ത്വച്ചിദാകാശശുദ്ധമരുത്തിനെ-

യുച്ഛ ്വസയ്ക്കായ്കിലാരുണ്ടുയിർക്കൊൾവൂ!

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Vallatholkkavitha (ml: വള്ളത്തോൾക്കവിത).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Vallatholkkavitha, കുറ്റിപ്പുഴ കൃഷ്ണപിള്ള, വള്ളത്തോൾക്കവിത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 24, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Autumn Leaves, a painting by Jervis McEntee (1828–1891). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.