ഭോപാലിൽ[1] തേങ്ങലുകൾ അടങ്ങുന്നില്ല. കണ്ണീർ നിലയ്ക്കുന്നില്ല. അവിടത്തെ ജനങ്ങളിലെ നടുക്കം തീരുന്നില്ല. നടന്നതു് ഇനിയും നടന്നേക്കുമോ എന്ന ആശങ്ക. നടന്നതിന്റെ ഭീകരമായ ഓർമ്മകൾ അവരെ കൂടുതൽ നിസ്സഹായരാക്കുന്നു. ഇരുട്ടത്തു് കറുത്ത പൂച്ചകളെപ്പോലെ പാഞ്ഞുവന്ന മരണം അവിടെ നിന്നു് ഇനിയും പോയിട്ടില്ല എന്നുകണ്ടു് അവർ ഏങ്ങലടിക്കുന്നു. ഞങ്ങൾക്കു മുമ്പിലിരുന്ന കുട്ടികൾ പേടിച്ചരണ്ടു് എണീറ്റോടാൻ ആയുന്നു.
[1] ഇന്ത്യയിലെ ചില പ്രദേശങ്ങളുടെ പ്രശ്നങ്ങളെയും തേങ്ങലുകളെയും പറ്റിയാണു് കെ. വേലപ്പൻ എഴുതുന്നതു്. ആ പ്രദേശങ്ങളിലൂടെ ഈയിടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ജാഥയുടെ കൂടെ അദ്ദേഹം സഞ്ചരിക്കാനിടയായി. ഇന്ത്യ അതിന്റെ എല്ലാ പ്രശ്നങ്ങളോടും കൂടി ലേഖകന്റെ മനസ്സിലൂടെ ഒന്നു മിന്നിമറയുകയാണിവിടെ.
ഭോപാലിന്റെ ഈ പുതിയ ദുരന്തം ഞങ്ങൾ കണ്ടതു് യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിക്കു് മുന്നിലെ ജെ. പി. നഗറിലായിരുന്നു. ഫാക്ടറിയിൽനിന്നും അല്പം അകലമേയുള്ളൂ കൂലിവേലക്കാർ തിങ്ങിപ്പാർക്കുന്ന ഈ ചേരിക്കു്. വിഷവാതകച്ചോർച്ചയിൽപ്പെട്ടു് ഏറ്റവുമധികും നാശം സംഭവിച്ചതു് ഈ കോളനിയിലായിരുന്നു.
ഞങ്ങൾ ചങ്ങല പൊട്ടച്ചെറിഞ്ഞു് ഉണരണമെന്നാണല്ലേ? ശരിയാണു്, ഞങ്ങൾ പലേടത്തും നിർദ്ദയം അവഹേളിതയാവുന്നതു്. വടക്കൻ കർണ്ണാടകത്തിൽ അതിരൂക്ഷമാണു് പരിസ്ഥിതി പ്രശ്നം. വരും തലമുറകളിൽ നിന്നും നമ്മൾ കടംവാങ്ങിയ ഈ ഭൂമിയെ കേടേല്ക്കാതെ കാത്തു സൂക്ഷിച്ചു് തിരികെയേല്പിക്കുക നമ്മുടെ കടമയാണു് എന്നു് പ്രതീകാത്മാകമായി ആവിഷ്കരിക്കുന്ന ‘ഭൂമി’ എന്ന സംഗീതശില്പം വടക്കൻ കർണ്ണാടകക്കാർക്കു് വളരെ ഇഷ്ടപ്പെട്ടു.
ലോകത്താകെ നടുക്കം സൃഷ്ടിച്ച ഭോപാൽ സംഭവം നടന്നു് നൂറ്റി അറുപത്തിഅഞ്ചാം ദിവസം അവിടെ ‘ഭോപാൽ’ എന്ന നാടകം അവതരിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ‘ഭാരത് വിജ്ഞാൻ കലാമോർച്ച’യിലെ അംഗങ്ങളാണു്. ഈ നാടകത്തിലൂടെ ഭോപാൽ ദുരന്തം, വീണ്ടും ഭോപാലുകാരുടെ മനസ്സിൽ കൊണ്ടുവന്നതു്. വിഷവാതകച്ചോർച്ചയുടെ ഓർമ്മയ്ക്കു് സമർപ്പിക്കപ്പട്ടതാണു് ഈ ഭാരത് വിജ്ഞാൻ കലാമോർച്ച. കഴിഞ്ഞ ഡിസംബറിൽ ഭോപാലിൽ നടന്നതു് യാദൃച്ഛികമായി ഒരു ദുരന്തമല്ലെന്നും, അതൊരു കൂട്ടക്കൊലയാണെന്നും, മനുഷ്യനന്മ ചെയ്യേണ്ട ശാസ്ത്രത്തിന്റെ അശാസ്ത്രീയവും മനുഷ്യത്വഹീനവുമായ ദുരുപയോഗം കൊണ്ടാണതെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി രൂപം നൽകിയതായിരുന്നു ഈ ശാസ്ത്രകലാജാഥ. കലയുടെ ശാസ്ത്രപ്രചരണം എന്ന വിപുലമായ ലക്ഷ്യവും ഇതിനുണ്ടായിരുന്നു. ഒരു മാസക്കാലംകൊണ്ടു്, കർണ്ണാടകം, മഹാരാഷ്ട്ര, ആന്ധ്ര, മദ്ധ്യപ്പദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഡെൽഹിയിലുമായി നൂറോളം ഇടങ്ങളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തു് പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു.
ഈ മോർച്ച അവതരിപ്പിച്ച നാടകമാണു് ഭോപാലുകാരെ വീണ്ടും വേദനിപ്പിച്ചതു്; വിപൽസാദ്ധ്യതകൾ വീണ്ടും നാടകത്തിലൂടെ പ്രവചനംപോലെ തെളിഞ്ഞു കണ്ടപ്പോൾ അവർ ഞെട്ടി. നാടകം തീരവേ അവർ യൂണിയൻ കാർബൈഡിനെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു…
ബാംഗ്ലൂരിൽ നിന്നായിരുന്നു തുടക്കം. മെയ്ദിനത്തിൽ കർണ്ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡേ യാണു് ഭാരത് വിജ്ഞാൻ കലാമോർച്ച ഉദ്ഘാടനം ചെയ്തതു്. ബാസവനഗുഡിയിലെ ടാഗോർ പാർക്കിൽ ഹെഗ്ഡേ സാധാരണക്കാരനെപ്പോലെ ഒരു സ്വകാര്യക്കാറിൽ വന്നിറങ്ങി. അകമ്പടി സേവയ്ക്കു പരിവാരമോ പോലീസ് സന്നാഹമോ ഒന്നുമില്ല. ആകാശവാണി, ദൂരദർശൻ എന്നീ ബഹുജനസമ്പർക്ക മാധ്യമങ്ങളെ കേന്ദ്രഗവൺമെന്റ് തങ്ങളുടെ പ്രചാരണോപാധികളാക്കുന്നെന്നും സംസ്ഥാന ഗവൺമെന്റുകളുടെ നിയന്ത്രണത്തിലാകണം അവയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതു്. പത്രങ്ങൾ പ്രാധാന്യത്തോടെ ആ പ്രസംഗം പ്രസിദ്ധീകരിച്ചു. മഴ പെയ്യിക്കാൻ ശിവബാലയോഗിയുടെ യജ്ഞത്തിനുള്ള ഒരുക്കങ്ങൾ കർണ്ണാടക വാട്ടർ അൻഡ് സീവറേജ് ബോർഡ് നടത്തുന്ന അവസരമായിരുന്നു അതു്. ജനങ്ങളിൽ ശാസ്ത്രാവബോധം വളർന്നാലേ അന്ധവിശ്വാസങ്ങൾക്കറുതി വരികയുള്ളൂവെന്നു് ഹെഗ്ഡേ പ്രസംഗിച്ചു.
സ്ത്രീപീഡനത്തിന്റെ ദുരന്തകഥ അയവിറക്കി നില്ക്കുകയാണു് ഹാവേരി. വടക്കൻ കർണ്ണാടകത്തിലെ ഈ ചെറു പട്ടണത്തിൽ ഏതാനും മാസംമുമ്പു് ഒരു സ്ത്രീധനവധം നടന്നു. ഇരുപത്തൊന്നുകാരിയായ സുനിതയെ ഭർത്താവും അമ്മായിയമ്മയുംകൂടി ചുട്ടുകൊന്നു. വനിതകളടക്കം ആയിരക്കണക്കിനാളുകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തി. കന്നഡസാഹിത്യമണ്ഡപ് ആണു് നേതൃത്വം കൊടുത്തതു്. പണക്കാരായ ഭർത്താവും കൂട്ടരും, ഉന്നതങ്ങളിൽ സ്വാധീനിച്ചു് കേസ് തേച്ചുമാച്ചുകളയുമോ എന്നാണു് നാട്ടുകാരുടെ ഭയം. ഹാവേരിയിലെ ഒരു തെരുവോരത്തു് ശാസ്ത്രകലാജാഥാംഗങ്ങൾ ‘സീത’ അവതരിപ്പിച്ചു. പീഡനങ്ങളേറ്റു് സഹികെട്ടു് ഒടുവിൽ ശക്തിസ്വരൂപിണിയായി ചങ്ങലപൊട്ടിച്ചുണരുന്ന സ്ത്രീത്വമാണു് പ്രമേയം. നാടകം കണ്ട സ്ത്രീകൾ ഒരു കൂട്ടംവന്നു് ജാഥാംഗങ്ങളോടു് ചോദിച്ചു: ഞങ്ങൾ ചങ്ങല പൊട്ടിച്ചെറിഞ്ഞു് ഉണരണമെന്നാണല്ലേ? ശരിയാണു്, ഞങ്ങൾ പലേടത്തും നിർദ്ദയം അവഹേളിതയാവുന്നതു്. വടക്കൻ കർണ്ണാടകത്തിൽ അതിരൂക്ഷമാണു് പരിസ്ഥിതി പ്രശ്നം. വരും തലമുറകളിൽ നിന്നും നമ്മൾ കടംവാങ്ങിയ ഈ ഭൂമിയെ കേടേല്ക്കാതെ കാത്തു സൂക്ഷിച്ചു് തിരികെയേല്പിക്കുക നമ്മുടെ കടമയാണു് എന്നു് പ്രതീകാത്മാകമായി ആവിഷ്കരിക്കുന്ന ‘ഭൂമി’ എന്ന സംഗീതശില്പം വടക്കൻ കർണ്ണാടകക്കാർക്കു് വളരെ ഇഷ്ടപ്പെട്ടു.
ഗ്രാമീണർക്കു് മതപ്രബോധനത്തെക്കാളേറെ രാഷ്ട്രീയവല്ക്കരണമാണു് ആവശ്യമെന്നു് ബോദ്ധ്യംവന്ന ഫാദർ നിത്യാനന്ദ സ്വാമി ചൂഷകരായ ജന്മികൾക്കെതിരെ കർഷകത്തൊഴിലാളികളെ നയിച്ചു. പള്ളിയും ജന്മിത്വവും ഭരണകൂടവും തമ്മിലുള്ള ഗൂഢബന്ധത്തെക്കുറിച്ചു് അനുഭവത്തിലൂടെ മനസ്സിലാക്കിയ നിത്യാനന്ദൻ ളോഹ ഊരിയെറിഞ്ഞിട്ടു് ജനങ്ങളോടൊപ്പം പൊരുതിനിൽക്കാൻ തന്നെ തീരുമാനിച്ചു.
തുഗംഭദ്ര കർമ്മപാപങ്ങൾ കഴുകിക്കളയുന്ന പുണ്യനദി. വരൾച്ചയിലും നേർത്തു മെലിഞ്ഞ നദിയൊഴുകുന്നു. നദിയുടെ മാറിലെ വിശാലമായ മണൽത്തിട്ടമേൽ ഒരു അത്താഴം. കവിത ചൊല്ലൽ. നിറയുന്ന നിലാവു്. നിലാവിൽ വെള്ളിവരികളായി തിളങ്ങുന്ന നീർച്ചാലുകൾ. പെട്ടെന്നു് ചന്ദ്രന്റെ വക്കു് കറുക്കാൻ തുടങ്ങുകയായി. ഗ്രഹണമാണന്നു്. നദിയുടെ വിശാലതയിൽ അവിടവിടെ മന്ത്രോച്ചാരണങ്ങളുടെ കുടുക്കഴിഞ്ഞു ചിതറുന്നു. നീർച്ചാലുകളിലൂടെ ദീപനാളങ്ങൾ ഒഴുകി നീങ്ങുന്നു. ഒന്നല്ല, രണ്ടല്ല; ഒത്തിരിയെണ്ണം അരണ്ട വെളിച്ചത്തിൽ അകലങ്ങളിൽ അനങ്ങുന്ന ആൾരൂപങ്ങളെ അവ്യക്തമായി കാണാം. സുമംഗലിമാർ ആരതിപൂജ നടത്തുകയാണു്.
തുംഗഭദ്രാതീരത്തു് ഹരിപരേശ്വർ ക്ഷേത്രം രണ്ടാംകാശി എന്നു പുകൾ പെറ്റതാണു്. പക്ഷേ, ക്ഷേത്രക്കടവും വ്യവസായശാലകൾ തുപ്പുന്ന രാസമാലിന്യം കുമിഞ്ഞു് അശുദ്ധമായിരിക്കുന്നു. വിശുദ്ധയായ ഈ പുണ്യനദിയും വിഷമായിക്കൊണ്ടിരിക്കുന്നു. ഗ്വാളിയർ റയോൺസിന്റെ വക ഹരിഹർ പൊളിഫൈബേഴ്സ് പുറന്തള്ളുന്ന മാലിന്യം തുംഗഭദ്രയെ മറ്റൊരു കാളിന്ദിയാക്കുന്നു. നദിയിൽ ഇടയ്ക്കിടെ മീനുകൾ കൂട്ടം കൂട്ടമായി ചത്തുപൊന്തുന്നു. മെദ്ലേരി, പരേബിദരി, ഹരനഗരി, ഐരണി, ബേലൂർ എന്നീ ഗ്രാമങ്ങളിൽ മീൻപിടിച്ചു പുലരുന്നവരുടെ ജിവിതം ഗതിമുട്ടി. മെദ്ലേരി ഗ്രാമത്തിൽനിന്നുള്ള ദുർഗ്ഗപ്പാ ബാർക്കി എന്ന മത്സ്യത്തെഴിലാളി പറഞ്ഞതു് 1972-ൽ പോളി ഫൈബർ ഫാക്ടറി സ്ഥാപിക്കുന്നതിനു മുമ്പു് ആണ്ടിൽ പന്ത്രണ്ടുമാസവും തങ്ങൾ മീൻപിടിച്ചു പുലർന്നിരുന്നുവെന്നും ഇപ്പോൾ നാലഞ്ചുമാസം പട്ടിണികിടക്കേണ്ടിവരുന്നു എന്നുമാണു്. സംഘടിതമായി പ്രതിഷേധം മത്സ്യതൊഴിലാളികളുടെ ഭാഗത്തുനിന്നും ഉയർന്നുതുടങ്ങിയിരിക്കുന്നു.
“ഉഡുഗു സിഡിലാബഡബ ബന്ദേ… മഴയെ നോക്കെ സുരസലില്ലവോയ… ” ഇടിമിന്നലായിവന്നു; പക്ഷേ, താങ്കൾ ഞങ്ങൾക്കു മഴയായില്ല. യുഗങ്ങളായി ഉറങ്ങികിടന്നിരുന്ന ഞങ്ങളെ താങ്കൾ വന്നു വിളിച്ചുണർത്തി; പക്ഷേ, ഞങ്ങൾക്കൊരു പുതിയ പ്രഭാതം താങ്കൾ തന്നില്ല. ഞങ്ങളുടെ കൈകളിലെ ഇരുമ്പു ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്തു; എന്നിട്ടു് താങ്കളോ മറ്റൊരു സ്വർണ്ണച്ചങ്ങലവീഴാൻ കൈനീട്ടിക്കൊടുത്തു—നാടൻ ഈണത്തിൽ നാഗരാജൻ കവിത ചൊല്ലുകയാണു്. യതിരാജൂം ഗംഗാധരസ്വാമിയും അതേറ്റു പാടുന്നു. കർണ്ണാടകത്തിലെ പ്രസിദ്ധനായ ദലിത കവിയുടെ വരികൾ. ഡോ: അംബേദ്കറെ സംബോധന ചെയ്തുകൊണ്ടുള്ള കവിത. മുതലാളിത്ത നവോത്ഥാനത്തിന്റെ ഭ്രമാത്മകത പൊട്ടിച്ചു കടന്നു് ചരിത്രത്തിന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ ആയുന്ന അടിച്ചമർത്തപ്പെട്ടവന്റെ ആകാംക്ഷകൾ മുറുകുന്ന വരികൾ. നാഗരാജനും കൂട്ടരും പാടുകയാണു്. ആ പാട്ടിന്റെ കാമ്പിൽ മനമുടക്കി നിത്യാനന്ദൻ മൂകനായിരിക്കുന്നു. നിത്യാനന്ദനെ അറിയില്ലേ; നാഗരാജൻ നേരത്തെ പരിചയപ്പെടുത്തിയതോർക്കുന്നു. നിത്യാനന്ദൻ രണ്ടുകൊല്ലം മുമ്പുവരെ ഫാദർ നിത്യാനന്ദ സ്വാമിയായിരുന്നു. മതപരിവർത്തനത്തിനു നേതൃത്വം കൊടുക്കാനായിരുന്നു ഫാദർ നിത്യാനന്ദ സ്വാമിയെ മത നേതാക്കൾ വടക്കൻ കർണ്ണാടകത്തിലെ ആ വിദൂര ഗ്രാമത്തിലേക്കു നിയോഗിച്ചതു്. ഫ്രാൻസിസ്കൻസഭയിൽപ്പെട്ട കപൂചിയൻസ് വിഭാഗത്തിൽ സന്യാസിയായിരുന്നു, ഫാദർ രൂക്ഷമായ കർഷകസമരങ്ങളിലൂടെ ഫാദർ നിത്യാനന്ദസ്വാമി സഖാവു് നിത്യാനന്ദനായി മാറിയ കഥ ആവേശകരമാണു്. ഗുണ്ടുറാവിന്റെ ഭരണകാലത്തു് കോളിളക്കം സൃഷ്ടിച്ച നരഗുണ്ട കർഷക സമരത്തിലൂടെ വളർന്ന നേതാവാണു് അദ്ദേഹം. തന്റെ പൗരോഹിത്യ ജീവിതകാലത്തെപ്പറ്റി ചോദിച്ചപ്പോൾ നിത്യാനന്ദൻ അർത്ഥംവെച്ചൊന്നു ചിരിച്ചു. ഗ്രാമീണർക്കു് മതപ്രബോധനത്തെക്കാളേറെ രാഷ്ട്രീയവല്ക്കരണമാണു് ആവശ്യമെന്നു് ബോദ്ധ്യംവന്ന ഫാദർ നിത്യാനന്ദ സ്വാമി ചൂഷകരായ ജന്മികൾക്കെതിരെ കർഷകത്തൊഴിലാളികളെ നയിച്ചു. പള്ളിയും ജന്മിത്വവും ഭരണകൂടവും തമ്മിലുള്ള ഗൂഢബന്ധത്തെക്കുറിച്ചു് അനുഭവത്തിലൂടെ മനസ്സിലാക്കിയ നിത്യാനന്ദൻ ളോഹ ഊരിയെറിഞ്ഞിട്ടു് ജനങ്ങളോടൊപ്പം പൊരുതിനിൽക്കാൻ തന്നെ തീരുമാനിച്ചു. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കർഷക സംഘത്തിന്റെ ഹുബ്ലി ജില്ലാക്കമ്മിറ്റി സെക്രട്ടറിയാണു് നിത്യാനന്ദൻ ഇപ്പോൾ. “ഞാൻ ജനങ്ങളെ ‘കൺവേർട്ട്’ ചെയ്യാനാണു് പോയതു്. പക്ഷേ, ജനങ്ങൾ എന്നെ ‘കൺവേർട്ട്’ ചെയ്തു”. നിത്യാനന്ദന്റെ കണ്ണുകളിൽ തിളക്കം.
“ഞാനും നിങ്ങളുടെ കൂടെ വരുന്നു.” ഭൂദാൻ പോച്ചംപള്ളിയിൽ ശാസ്ത്രകലാപരിപാടികൾ കണ്ടു് ആവേശംകൊണ്ട പോച്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ പ്രതികരണമതായിരുന്നു. പോച്ചമ്മയുടെ മനസ്സിലെ തീ ഊതിയുണർത്താൻ ശാസ്ത്രകലാജാഥയ്ക്കു കഴിഞ്ഞെന്നോ? ആ തീ തെലുങ്കാനയുടേതാണു്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തു് വിജനമായ പാറക്കൂട്ടങ്ങൾക്കപ്പുറം ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം തെലുങ്കാനാ കർഷകസമരത്തിന്റെ ഈറ്റില്ലമാണു്. വാരിക്കുന്തവും വില്ലുമേന്തി നെഞ്ചൂക്കുകാട്ടി തോക്കിൻ കുഴലുകളോടെതിരിട്ട ആ വിപ്ലവവീര്യം ഗ്രാമീണരുടെ ഓർമ്മകളിൽനിന്നുപോലും വറ്റിത്തോർന്നതുപോലെ. പുതിയ തലമുറയ്ക്കു് ചരിത്രത്തിന്റെ തീപാറുന്ന ആ ഏടിനെപ്പറ്റി കേട്ടുകഥകൾ പോലുമില്ലാത്തതുപോലെ. മുതിർന്നതലമുറയും അക്കാലഘട്ടം മിക്കവാറും മറന്ന അവസ്ഥയിലാണു്. വളരെ പ്രായംചെന്നവരോടു ചോദിച്ചപ്പോൾ അവർക്കു് തെലുങ്കാനാ സമരനാളുകളെക്കൂറിച്ചു് നേരിയ ഓർമ്മയുണ്ടെന്നു് പറഞ്ഞു. അന്നത്തെ സായുധസമരത്തിൽ പങ്കെടുത്തവർ ആരെങ്കിലും ജീവിച്ചരിപ്പുണ്ടോ എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു: ഉണ്ടു്. പാപ്പിറെഡ്ഡി. മൂപ്പർക്കു് ഇപ്പോൾ ഒന്നിനും വയ്യ. വീട്ടിൽ തളർന്നിരുപ്പാണു്. 1952 ഏപ്രിൽ 18-ാം തീയതിയാണു് തെലുങ്കാനാസമരത്തിന്റെ രണഭൂമിയായ പോപ്ചപള്ളി ഗ്രാമം ഭൂദാൻ പോച്ചംപള്ളിയായതു്. വിനോബാഭാവെ ഭൂദാനപ്രസ്ഥാനത്തിനു് തുടക്കമിട്ടതു് അന്നു് ഈ ഗ്രാമത്തിൽ വച്ചായിരുന്നു. ഹൈദരാബാദിലെ ഭൂപ്രഭുവായ വെതിര രാമചന്ദ്രറെഡ്ഡി ദാനമായി കൊടുത്ത നൂറേക്കർ ഭൂമി നൂറു ഹരിജന കൂടുംബങ്ങൾക്കു് വിനോബാഭാവെ വീതിച്ചുകൊടുത്ത സംഭവം എല്ലാവരും ഓർക്കുന്നു. 1982 ഏപ്രിലിൽ അതിന്റെ മുപ്പതാം വാർഷികം സർക്കാർ ചെലവിൽ ആർഭാടപൂർവ്വം ആഘോഷിച്ചതോടെ പുതിയ തലമുറയുടെ മനസ്സിലും നിറഞ്ഞ ഭൂദാനമാഹാത്മ്യം. ഭൂപ്രഭുക്കളും ജവഹർലാൽ നെഹ്റു വും കൂടിച്ചേർന്നു് തെലുങ്കാനയിൽ കിളിർത്ത വിപ്ലവത്തിന്റെ നാമ്പുകളെ മുളയിലേ നുള്ളിക്കളയാൻ പ്രയോഗിച്ച ആ സൂത്രം ഫലിച്ചു. ഒരിക്കൽ തീജ്ജ്വാലകൾ പ്രവഹിച്ച പോച്ചംപള്ളിയുടെ സിരകളിൽ ഇന്നു് ആലസ്യത്തിന്റെ ശൈത്യമുറഞ്ഞുനില്ക്കുന്നു. തമ്മിലടിച്ചും അന്യോന്യം നെഞ്ചുപിളർന്നും സ്വയം നശിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആന്ധ്രയിൽ ചരിത്രത്തെ കൊഞ്ഞനംകുത്താൻ ഇപ്പോഴും മുതിരുന്നു. വിനോബാഭാവെയ്ക്കു് ഭൂദാനം ചെയ്ത വെതിര രാമചന്ദ്രറെഡ്ഡി, തെലുങ്കാനാ സമരത്തിലെ പടനായകരിലൊരാളായ രാവി നാരായണ റെഡ്ഡി യുടെ അളിയനാണു്. രാവി നാരായണ റെഡ്ഡി രണ്ടുപ്രാവശ്യം നൽഗൊണ്ട പാർലമെന്ററി സീറ്റിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി നിന്നു ജയിച്ചു. പിന്നെ തോറ്റു.
നർമ്മദയിലൂടെ ശവങ്ങൾ ഒഴുകി നടന്നതു് ആറുമാസം മുമ്പായിരുന്നു. ഭോപാൽ വിഷവാതകച്ചോർച്ചയുടെ തൊട്ടടുത്ത നാളുകളിൽ നിരവധി അനാഥപ്രേതങ്ങളെ കരയ്ക്കെടുത്തു സംസ്കരിച്ച കാര്യം ഓർക്കുമ്പോൾ വിവശരാവുന്നു. മദ്ധ്യപ്രദേശ് ഗവൺമെന്റ് യൂണിയൻ കാർബൈഡിന്റെ സ്വാധീനത്തോടെ ഭോപാൽ കൂട്ടക്കൊലയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നാണു് പൊതുവെ പറഞ്ഞുകേട്ടതു്.
ഭൂപ്രഭുക്കളും ജവഹർലാൽ നെഹ്റുവും കൂടിച്ചേർന്നു് തെലുങ്കാനയിൽ കിളിർത്ത വിപ്ലവത്തിന്റെ നാമ്പുകളെ മുളയിലേ നുള്ളിക്കളയാൻ പ്രയോഗിച്ച ആ സൂത്രം ഫലിച്ചു. ഒരിക്കൽ തീജ്ജ്വാലകൾ പ്രവഹിച്ച പോച്ചംപള്ളിയടെ സിരകളിൽ ഇന്നു് ആലസ്യത്തിന്റെ ശൈത്യമുറഞ്ഞുനില്ക്കുന്നു. തമ്മിലടിച്ചും അന്യോന്യം നെഞ്ചുപിളർന്നും സ്വയം നശിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആന്ധ്രയിൽ ചരിത്രത്തെ കൊഞ്ഞനംകുത്താൻ ഇപ്പോഴും മുതിരുന്നു.
തീക്കാറ്റിൽ ചുരുണ്ടുനിവരുന്ന പൊടിപടലം ‘ചെങ്കൽനഗര’ത്തിന്റെ മുഖം മറയ്ക്കുന്നു. ആ അതാര്യതയിലും ഇംപ്രഷണിസ്റ്റുചരിത്രത്തിലെന്നവണ്ണം തെളിയുന്ന മനുഷ്യരൂപങ്ങൾ. ഖാഗ്രയിൽ പതിപ്പിച്ച കണ്ണാടിത്തുണ്ടുകൾ വെട്ടിതിളങ്ങുന്നു. നക്ഷത്രസംഘാതമായി, ഛുഡികളുടെ കിലുകിലുക്കം ശിരസ്സിൽ ഗുംഖട്ട് അണിഞ്ഞ രാജസ്ഥാനിവനിതകൾ. ഒട്ടകവണ്ടിക്കാരന്റെ പഗ്ഡിയുടെ ചുവപ്പുനിറം. മരുഭൂമിയുടെ വിശാലമായ ക്യാൻവാസിൽ നിറപ്പകിട്ടുകൾ വാരിയണിഞ്ഞു് മനുഷ്യൻ സ്വയംരചിക്കുന്ന പ്രകൃതിസൗന്ദര്യങ്ങൾ. പ്രകൃതിയുടെ നഗ്നമായ ഊഷരതയ്ക്കുമേൽ വർണ്ണക്കൂട്ടുകൾ ചാലിച്ചു ചേർക്കുന്ന മനുഷ്യന്റെ നിഷ്കളങ്കമായ സൗന്ദര്യാവബോധം. നിർമ്മലാ നായർ എന്ന പാലക്കാട്ടുകാരിയെ രാജസ്ഥാനിൽ പിടിച്ചുനിറുത്തിയിരിക്കുന്നതും പച്ചമനുഷ്യന്റെ ഈ സൗന്ദര്യത്തുടിപ്പുകൾതന്നെ. അഞ്ചു കൊല്ലം മുമ്പു് ഈ നാട്ടിൽ വന്നിറങ്ങിയപ്പോൾ തന്റെ മനസ്സിൽ ആദ്യം തറഞ്ഞതു് രാജസ്ഥാനി സ്ത്രീകളുടെ ചിത്രമായിരുന്നെന്നു് നിർമ്മല ഓർമ്മിക്കുന്നു. അവർ പറയുന്നു. എനിക്കു തിരിച്ചുപോകാൻ പറ്റുന്നില്ല. ഏതോ ഒരദൃശ്യശക്തി എന്നെ ഇവരോടടുപ്പിച്ചു നിറുത്തുമ്പോലെ. രണ്ടു കൊല്ലക്കാലം നിർമ്മല തിലോണിയയിലെ സോഷ്യൽവർക്കു് ആൻഡ് റിസർച്ചു് സെന്ററിൽ സാമൂഹ്യ പ്രവർത്തനം നടത്തി. പിന്നെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ചേർന്നു പഠിച്ചു. രാജസ്ഥാൻ ഗവൺമെന്റിന്റെ വിമൻസ് ഡെവലപ്മെന്റ് പ്രോജക്ടിൽ ജോലിനോക്കുകയാണു് നിർമ്മല ഇപ്പോൾ. തിലോണിയയിൽ സഹപ്രവർത്തകനായിരുന്ന വാസുവാണു് നിർമ്മലയുടെ ഭർത്താവു്. തമിഴ്‌നാട്ടുകാരനായ വാസു ജയ്പ്പൂരിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിലാണു്. സതിസമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടാൻ പോന്നവിധം അന്ധവിശ്വാസത്തിലാണ്ടുകിടക്കുന്ന രാജസ്ഥാനി സ്ത്രീകളുടെ അകംകണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണു് നിർമ്മല.
ഡെൽഹിയിൽ ഏറ്റവും പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണു് മംഗോൾപുരി. അടിയന്താവസ്ഥക്കാലത്തെ ചേരിനിർമ്മാർജ്ജനത്തിനിരകളായി മാറേണ്ടിവരുന്നവരുടെ റീസെറ്റിൽമെന്റ് കോളനി. കഴിഞ്ഞ നവംബറിൽ നടന്ന ലഹള ഏറ്റവും കൂടുതലായി ബാധിച്ച സ്ഥലങ്ങളിലൊന്നു്. മംഗോൾപുരിയിലെ ചേരിനിവാസികൾ വികാരനിർഭരമായി ശാസ്ത്രകലാജാഥയോടു പ്രതികരിച്ചു. നഗരവികസനത്തിന്റെ ഫലമായി പുറമ്പോക്കുകളിലേക്കൊതുക്കിത്തള്ളപ്പെട്ട ഈ അഴുക്കു വൃത്തത്തിലിറങ്ങിച്ചെന്നു് അറിവിന്റെ വെളിച്ചം വിതറാൻ കഴിഞ്ഞ നാലുകൊല്ലമായി ഇന്ദ്രാണി യെച്ചൂരി ശ്രമിക്കുന്നു. എസ്. എഫ്. ഐ. അഖിലിന്ത്യാ പ്രസിഡന്റ് സീതാറാം യെച്ചൂരി യുടെ പത്നിയാണു് ഇന്ദ്രാണി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം മംഗോൾപുരിയിലെ പാവപ്പെട്ടവരുടെ നടുവിലേക്കു് ഇറങ്ങിച്ചെന്ന ഇന്ദ്രാണി സ്ത്രീകളെയും യുവാക്കളെയും സംഘടിപ്പിച്ച വർഗ്ഗബോധം വളർത്തുന്നു. നവംബർ കലാപസമയത്തു പാവപ്പെട്ട സിഖ്കാരെ സംരക്ഷിക്കുന്നതിനും ലഹളയിൽ കൊല്ലപ്പെട്ടവരുടെ വിധവകളെ സമാശ്വാസിപ്പിക്കുന്നതിനുമുള്ള ഡി. വൈ. എഫ്. ഐ-യുടെ പ്രവർത്തനങ്ങൾ നയിച്ചതു് ഇന്ദ്രാണിയായിരുന്നു. അടിസ്ഥാന വർഗ്ഗത്തിലേക്കിറങ്ങിച്ചെന്നു് അവരിലൊരാളായി മാറി ദുഃഖവും ദുരിതവും പങ്കിട്ടു് വിശ്വാസമാർജ്ജിച്ചു് സംഘടനാപ്രവർത്തനം നടത്തുന്ന ഇന്ദ്രാണിയുടെ ശൈലി ഉത്തരേന്ത്യയിലെമ്പാടും പ്രസക്തമാണെന്നുതോന്നുന്നു.
ഭോപാൽ കൂട്ടക്കൊലയ്ക്കു് ഉത്തരവാദിയായ യൂണിയൻ കാർബൈഡിന്റെ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായാണു് കേരളശാസ്ത്ര സാഹിത്യപരിഷത്തിന്റെ ശാസ്ത്രകലാജാഥ ഒരുമാസക്കാലം അഖിലിന്ത്യാ പര്യടനം നടത്തിയതു്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകൾ മറികടന്നു് ഈ സന്ദേശം ഇന്ത്യയാകമാനം എത്തിക്കാൻ കലാജാഥയ്ക്കു് കഴിഞ്ഞു. നാടക രംഗത്തെ പ്രതിഭാശാലികൾ മുതൽ ചേരിനിവാസികൾ വരെ കലാജാഥയുടെ സാദ്ധ്യതകളെന്തെന്നു് തിരിച്ചറിഞ്ഞു. വേഷവും ഭാഷയും വ്യത്യസ്തമാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയവികാരങ്ങൾ ഒരേപോലെയാണെന്നും ജാഥാംഗങ്ങൾക്കു ബോദ്ധ്യപ്പെട്ടു.
കെ വേലപ്പൻ ഒരു പത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു.
തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയിൽ ഓമന-കൃഷ്ണൻ നായർ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പൻ ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം. എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതിയാണു് പത്രപ്രവർത്തനരംഗത്തു് പ്രവേശിക്കുന്നതു്. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. 1985-ൽ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാർഹിക–സാമൂഹ്യാന്തരീക്ഷത്തിൽ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നതു് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പൻ ദമ്പതിമാർക്കു് ഒരു മകനുണ്ടു്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാനകഥാപാത്രത്തിന്റെ ഓർമ്മയ്ക്കാണു് മകനു് അപുവെന്നു് പേരിട്ടതു്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-നു് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ചു് സിനിമയും സമൂഹവും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിനു് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ചു് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിനു് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.