images/Filonovhead.jpg
Head, an artwork by Pavel Filonov (1883-1941).
വിദ്യാർത്ഥികളും മാതൃഭാഷയും
കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

ഫലിതരസത്തിൽ പല ഉപന്യാസങ്ങളും കഥകളും എഴുതുന്നതിൽ വിദഗ്ധനായ ‘Jerome K. Jerome’-എന്ന വിദ്വാനേപ്പറ്റി നിങ്ങളൊക്കെ കേട്ടിരിക്കാൻ സംഗതിയുണ്ടു്. മടിയനായ ഒരാൾ പണിയില്ലാതെ ദിവസം സ്വസ്ഥനായിരിക്കുമ്പോൾ വായിക്കേണ്ടുന്നതിനായി ആ വിദ്വാൻ എഴുതിയ പുസ്തകവും നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കണം. അതു വായിക്കാത്ത വല്ല നിർഭാഗ്യവാന്മാരും ഉണ്ടെങ്കിൽ കഴിയുന്ന വേഗത്തിൽ അതു വാങ്ങി വായിക്കണമെന്നു ഞാൻ ശിപാർശചെയ്യുന്നു. ആ പുസ്തകത്തെപ്പറ്റി എന്നല്ല, ഏതു പുസതകത്തെക്കുറിച്ചും ഞാൻ പറയുന്ന അഭിപ്രായവും അതിനെ അടിസ്ഥാനമാക്കി ഞാൻ ചെയ്യുന്ന ശിപാർശും നിങ്ങൾ വിലവെക്കുമെന്നോ, വില വെക്കണമെന്നോ ഞാൻ പറയുന്നില്ല. പക്ഷേ നിയമനിർമ്മാണസഭയിലെ ഒരംഗമായി ബഹുമാനപ്പെട്ടു കഴിഞ്ഞാൽ പിന്നെ ചെയ്യുന്ന ശിപാർശിക്കെല്ലാം വിലയുണ്ടെന്നു് ഇന്നുരാവിലെയും എന്നോടു് ആരോ പറഞ്ഞു. അതാണു് ഇത്രയും ധൈര്യപ്പെട്ടതു്. ഏതായാലും ഞാൻ പറഞ്ഞ ആ പുസ്തകത്തിൽ പല ഉപന്യാസങ്ങളുമുണ്ടു്. അവ എഴുതുമ്പോൾ ഒരു ദിവസം എന്തിനേപ്പറ്റിയാണു് എഴുതേണ്ടതെന്നറിയാതെ താനങ്ങിനെ കിടന്നു കുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്റെ വെളുത്തേടൻ കയറിവരുന്നതു് കണ്ടു. അവനോടു് “ഇന്നു ഞാൻ എന്തിനേപ്പറ്റിയാണു് എഴുതേണ്ടതെ”ന്നു ചോദിച്ചു. “ഇന്നത്തെ ശീതോഷ്ണസ്ഥിതിയേപ്പറ്റി (Weather) ആവാം” എന്നവർ പറഞ്ഞു. അധികവും വെയിലും മഴയുമാണല്ലൊ വെളുത്തേടന്റെ സുഖദുഃഖത്തിനുള്ള കാരണം. അദ്ദേഹം അങ്ങിനെ തന്നെ ആ വിഷയത്തേപ്പറ്റി എഴുതുകയും ചെയ്തു.

നിങ്ങളുടെ മാസികയിൽ ഒരു ഉപന്യാസം എഴുതാമെന്നു സമ്മതിച്ചു കഴിഞ്ഞശേഷം മറ്റൊരു വിഷയത്തെപ്പറ്റിയാണു് എഴുതേണ്ടതെന്നു വിചാരിച്ചു വിഷമിച്ചുകൊണ്ടിരിക്കുമ്പോഴാണു് ഒരു സ്കൂൾമാസ്റ്റർ വന്നുകയറിയതു്. ഞാൻ എന്തിനേപ്പറ്റിയാണു് ഹെ, ഭാഷാപോഷിണിയിൽ എഴുതേണ്ടതെന്നു ചോദിച്ചു. “എന്താ സംശയിക്കാൻ? വിദ്യാർത്ഥികളേക്കുറിച്ചു തന്നെ ആവട്ടെ” എന്നായി അദ്ദേഹം. എന്നാൽ വിദ്യാർത്ഥികളേക്കുറിച്ചു് എന്തു പറയാനാണു്? അവർ സിഗററ്റു വലിക്കുന്നതും ടൈ കെട്ടുന്നതും മുഖം മിനുക്കുന്നതും മറ്റും പ്രസതാവിച്ചു് ഈ വയസ്സുകാലത്തു് അവരുടെ മുഷിച്ചിൽ സമ്പാദിക്കാനൊന്നും എനിക്കു കഴിയുകയില്ല; അതൊക്കെ ഡോക്ടർമില്ലറെപ്പോലുള്ള മഹാനുഭാവന്മാർ വേണ്ടതാണു്. എന്നാൽ അതിന്നു വിലയുണ്ടു്. ഞാനെങ്ങാൻ ആ വിധം വല്ലതും പറഞ്ഞെങ്കിൽ റെൻബെന്നറ്റുകമ്പനിയും ഇ ഡി സ്മിത്തും വല്ലനഷ്ടവ്യവഹാരവും കൊടുത്തെങ്കിൽ അതുംകൊണ്ടു കെട്ടീവലിക്കാനൊന്നും നമുക്കു സാധിക്കുകയില്ല. അടുത്ത അവസരത്തിൽ പൗരന്മാരായി നിയമനിർമ്മാണസഭയിൽ വോട്ടിന്നധികാരം സിദ്ധിക്കാൻ എളുപ്പമുള്ള വിദ്യാർത്ഥികളെ മുഷിപ്പിക്കാൻ എനിക്കു കേവലം മനസ്സും ധൈര്യവുമില്ല. പക്ഷേ ആ ഭ്രമവും ചുരുങ്ങിയിരിക്കുന്നു. ഇനിയത്തെ പ്രാവശ്യം അതിലേക്കുള്ള പരിശ്രമം വേണ്ടന്നുവെക്കുന്നു. അതിരിക്കട്ടെ, മലയാളഭാഷയോടു് അവർ കാണിക്കുന്ന അനാദരവിനേപ്പറ്റി വല്ലതും പറയുന്നതു നന്നായിരിക്കുമെന്നായി നമ്മുടെ മാസ്റ്റർ. അങ്ങിനെ വിദ്യാർത്ഥികൾ അനാദരവു കാണിക്കുന്നുണ്ടൊ?

മലയാളഭാഷയ്ക്കു് ഇപ്പോൾ അഭിവൃദ്ധിയാണൊ? അഭിവൃദ്ധിയാണെങ്കിൽ അതിനു കാരണം ആരാണു്? തുഞ്ചന്റെയും കുഞ്ചന്റെയും കാലത്തുണ്ടായിരുന്നതിൽ അധികമായ അഭിവൃദ്ധി ഒരിക്കലും നമ്മുടെ ഭാഷക്കുണ്ടായിട്ടില്ലെന്നു് ഇതിനിടെ ഒരാൾ ഒരു പത്രത്തിലെഴുതി കണ്ടു. അതു മുഴുവനെ നേരാണെന്നു വിശ്വസിക്കാൻ എനിക്കെത്ര ധൈര്യം വരുന്നില്ല. എഴുത്തച്ഛന്റെ കിളിപ്പാട്ടുകളെ അതിശയിക്കുന്ന കിളിപ്പാട്ടുകൾ ഉണ്ടാക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ലായിരിക്കാം. മന്ദാടിയാർക്കും ശാമുമേനോനും കൂടി അതു സാധിച്ചിട്ടില്ലെന്നു സമ്മതിക്കാം. കുഞ്ചൻ നമ്പ്യാരുടെ തുള്ളലുകളേക്കാൾ പൊന്തിയ തുള്ളലുകൾ തുള്ളാനും ആർക്കും സാധിച്ചിട്ടില്ലെന്നു സമ്മതിക്കാം. അതുകൊണ്ടു ഭാഷയ്ക്കു് അഭിവൃദ്ധി ഉണ്ടായില്ലെന്നു പറഞ്ഞുകൂടുന്നതല്ല. ഷെക്ക്സ്പീയരുടെ നാടകങ്ങളേക്കാൾ നല്ല നാടകങ്ങൾ പിന്നെ ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടായിട്ടില്ലെന്നു സർവ്വസമ്മതമാണെങ്കിലും അതു നിമിത്തം ഇംഗ്ലീഷ് ഭാഷയ്ക്കു ഷെക്ക്സ്പീയരുടെ മരണത്തിനുശേഷം അഭിവൃദ്ധി ഉണ്ടായിട്ടില്ലെന്നു ∗ ∗ ∗ താമസിക്കാൻ നിയമപ്രകാരം അനുവദിക്കപ്പെട്ടവരാരും അഭിപ്രായപ്പെടുകയില്ല. നല്ല പദ്യകവിതകൾ ഭാഷയുടെ ആരംഭകാലത്താണു് ഉണ്ടാകുക എന്നതിനു ലോകത്തിലുള്ള സർവ്വ ഭാഷാചരിത്രങ്ങളും സാക്ഷികളാണു്. ഭാഷ അഭിവൃദ്ധി പ്രാപിച്ചുവരുന്നതനുസരിച്ചു പദ്യങ്ങൾ ക്രമേണ ചുരുങ്ങി അവയുടെ സ്ഥാനങ്ങളിൽ ഗദ്യങ്ങൾ ഉണ്ടായിവരുന്നതു സാധാരണയാണു്. അതു നേരാണെങ്കിൽ കേരളഭാഷയ്ക്കു് അഭിവൃദ്ധിയല്ല ഉള്ളതെന്നു് ആരും പറകയില്ല. എന്നുമാത്രമല്ല മഹാഭാരതം വാത്മീകിരാമായണം എന്നീ കാവ്യങ്ങളുടെ വൃത്താനുവൃത്തം പരിഭാഷയും, ശാകുന്തളത്തിനു് നാലഞ്ചുവിധം തർജ്ജിമകളും, മറ്റനേകം സംസ്കൃതങ്ങളുടെ ‘നാനാവിധ’ത്തിലുള്ള മണിപ്രവാളീകരണവും മറ്റും ഭാഷയുടെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നില്ലെന്നോ ഭാഷയ്ക്കു് അഭിവൃദ്ധിയുണ്ടായിട്ടില്ലെന്നോ പറഞ്ഞാൽ വെണ്മണിനമ്പൂതിരിപ്പാടന്മാർ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ചാത്തുക്കുട്ടിമന്ദാടിയാർ, നടുവത്തച്ഛൻനമ്പൂതിരി മുതലായവരുടെ പ്രേതങ്ങൾക്കു കൂടി സ്വൈരമുണ്ടാകയില്ലെന്നു് ഓർമ്മിക്കേണ്ടതാണു്.

അതുകൊണ്ടു ഭാഷയ്ക്കു ക്രമേണ അഭിവൃദ്ധി തന്നെയാണു് ഉണ്ടായിട്ടുള്ളതെന്നു തന്നെ നാം വിശ്വസിക്കുകയും സമ്മതിക്കുകയും ചെയ്യുക. ഈ അഭിവൃദ്ധിക്കു സഹായിച്ച അനേകം സംഗതികളിൽ രണ്ടെണ്ണത്തെപ്പറ്റി മാത്രമെ ഈ അവസരത്തിൽ നാം ആലോചിക്കേണ്ടതുള്ളൂ. ഒന്നു സർവ്വകലാശാലക്കാർ; രണ്ടു് ഇംഗ്ലീഷ് പഠിച്ച മലയാളികൾ. സൂക്ഷ്മത്തിൽ ഈ രണ്ടും ഒന്നിന്റെ വകഭേദമാണെന്നേ വിചാരിക്കേണ്ടതുള്ളൂ.

സർവ്വകലാശാലക്കാർ മലയാളഭാഷയെ കൂടി ഉപഭാഷയായി സ്വീകരിച്ചിരുന്നില്ലെങ്കിൽ ഭാഷയ്ക്കു് ഇപ്പോൾ കാണുന്ന അഭിവൃദ്ധി ഉണ്ടാകുന്നതല്ലായിരുന്നുവെന്നു് എവിടെ വേണമെങ്കിലും സത്യം ചെയ്യാൻ ആരും മടിക്കേണ്ടതില്ല. രാമായണവും ഭാരതവും കൃഷ്ണഗാഥയും ഓരോരുത്തർക്കു ഓരോഭാഗമെങ്കിലും അറിവാൻ ഇടയായതു് സർവ്വകലാശാലക്കാരുടെ കാരുണ്യം കൊണ്ടാണെന്നതിനു സംശയമില്ല. കർക്കടകത്തിൽ ദാരിദ്ര്യവും പട്ടിണിയും പനിയും മഴയും സമൃദ്ധിയായ അവസരത്തിൽ തനിയെ വന്നുചേരുന്ന ഈശ്വരഭക്തിയെ പ്രത്യക്ഷത്തിൽ പ്രദർശിപ്പിക്കേണ്ടതിനു പാരായണം ചെയ്യുന്നവരല്ലാതെ മറ്റാരും രാമായണാദിഗ്രന്ഥങ്ങൾ വായിക്കുന്നതല്ലായിരുന്നു. കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളും ഉണ്ണായിവാര്യരുടെ കഥകളിപ്പാട്ടുകളിലെ ചില പദങ്ങളും ചിലപ്പോൾ മൂളൻപാട്ടായി പാടാനെങ്കിലും നമുക്കു് ഉപകരിച്ചതിന്നു ഹേതുഭൂതന്മാർ സർവ്വകലാശാലക്കാർ തന്നെയാണു്. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അഷ്ടദിക്പാലന്മാരും സപ്തരസങ്ങളും സമുദ്രങ്ങളും നവരസങ്ങളും ഗ്രഹങ്ങളും എന്നല്ല ഈരേഴുപതിനാലു ലോകങ്ങളും എന്താണെന്നു നമ്മുടെ മുൻഷിമാർ പരീക്ഷയടുക്കുന്ന കാലത്തെങ്കിലും ഉരുവിട്ടു പഠിച്ചിരുന്നെങ്കിൽ നമ്മളിൽ പലർക്കും അവയേപ്പറ്റി യാതൊരു ഗന്ധവും ഉണ്ടാകുന്നതല്ലെന്നു സമ്മതിച്ചേ കഴിയു. ഇവയൊക്കെ ആവണക്കെണ്ണയൊ വേറെ വല്ല വിരേചനതൈലമൊ സേവിക്കുമ്പോലെ പ്രാണസങ്കടത്തോടുകൂടി പഠിച്ചു മനസ്സിലാക്കുന്നവരിൽ ആയിരത്തിൽ ഒരാൾക്കെങ്കിലും ഭാഗ്യവശാൽ മാതൃഭാഷയോടു കുറെ പക്ഷപാതം ഉണ്ടാകുകയും അവർ പരീക്ഷകളൊക്കെ ജയിച്ചതിന്നു ശേഷം പിന്നെയും ഭാഷാഭിവൃദ്ധിക്കായി ഉദ്യമിക്കുകയും ചെയ്യുന്നു. ഗദ്യമെഴുത്തുകാരിൽ അദ്വിതീയെനെന്നു നിസ്സംശയം അഭിപ്രായപ്പെടാവുന്ന സി അച്ചുതമേനോൻ അവർകൾ, ടി കെ കൃഷ്ണമേനോൻ അവർകൾ, കുണ്ടൂർ നാരായണമേനോൻ അവർകൾ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ അവർകൾ മുതലായ ഭാഷാഭിമാനികൾ ഇതിനു ദൃഷ്ടാന്തമാണു്. മറ്റുള്ള യോഗ്യന്മാരുടെ പേരുകൾ പറയാതെ ഇവരുടെ പേർ ഞാൻ പ്രത്യേകം എടുത്തുപറഞ്ഞതു ഭാഷാഭിവൃദ്ധിക്കായി ‘മേനോന്മാർ’ ചെയ്യുന്ന ഉദ്യമം പ്രത്യേകം എടുത്തുകാണിക്കേണ്ടതിനാണു്. കേരളപത്രികാപത്രാധിപരായ കുഞ്ഞിരാമമേനോൻ അവർകൾ, ചന്തുമേനോൻ അവർകൾ എന്നിവരെ കൂടി ഇതിൽ ഉൾപ്പെടുത്താൻകഴിഞ്ഞാൽ ‘മേനോന്മാർ’ ഭാഷയ്കക്കുവേണ്ടി ചെയ്ത ഉദ്യമങ്ങൾ സ്പഷ്ടമാകുന്നതാണു്. സാഹിത്യത്തിനു ജാതിഭേദമില്ല. നംപൂരിയെന്നും, നായരെന്നും, പട്ടരെന്നും, പറയനെന്നും വർണ്ണസ്വരൂപിണിയായ സരസ്വതിക്കു വ്യത്യാസമില്ല. നംപൂരിമാരും നംപൂരിമാരുടെ സന്താനങ്ങളായ എഴുത്തച്ഛൻ മുതലായവരും ഭാഷയ്ക്കുചെയ്ത ഗുണങ്ങളെപ്പറ്റി വിവരിക്കേണ്ട ആവശ്യമില്ല. ഉള്ളൂർ എസ് പരമേശ്വരയ്യരവർകൾ, പി ജി രാമയ്യർ അവർകൾ മുതലായ ബ്രാഹ്മണരും കേരളഭാഷയെ സ്നേഹിച്ചു പോഷിപ്പിക്കാൻ വളരെ യത്നിക്കുന്നുണ്ടു്. വറുഗീസുമാപ്പിള അവർകൾ തുടങ്ങിയതിനെ ∗ ∗ ∗ അനുഗമിക്കുവാൻ ക്രിസ്ത്യാനികൾ വളരെയുണ്ടെന്നു കാണുന്നതു സന്തോഷകരം തന്നെ. തിരുവിതാംകൂറിൽ നല്ല ഭാഷാകവികളായ തീയ്യർ പലരുമുണ്ടു്. വടക്കേ മലയാളത്തിൽ മൂർക്കോത്തുകുമാരൻ നല്ലൊരു ഗദ്യമെഴുത്തുകാരനാണെന്നുള്ളതു പരസമ്മതമാണല്ലൊ. തലശ്ശേരിയിൽ മലയാളപത്രങ്ങൾ വായിക്കാനും മലയാളപത്രങ്ങളിൽ എഴുതാനും മലയാളഭാഷാസംഘങ്ങൾ ഏർപ്പെടുത്താനും പരിശ്രമിക്കുന്നവരിൽ മുന്നിട്ടു നിൽക്കുന്നവരേപറ്റി ഒരന്വേഷണം ചെയ്യുന്നതായാൽ അവരിൽ മുഹമ്മദ്ദീയയുവാക്കളാണു് ഈ കാലത്തു വളരെ ഉത്സാഹികളെന്നു കാണുന്നതാണു്. ഇങ്ങനെ ജാതിമതവ്യത്യാസം കൂടാതെ ഭാഷാഭിവൃദ്ധിക്കു പലരും യത്നിക്കാൻ സർവ്വകലാശാലക്കാർ സംഗതി വരുത്തീട്ടുണ്ടെങ്കിലും പാഠപ്പുസ്തകങ്ങളെ തിരഞ്ഞെടുത്തു നിശ്ചയിക്കുന്നതിലും മലയാളപരീക്ഷകൾ നടത്തുന്നതിലും സർവ്വകലാശാലക്കാർ കുറേക്കൂടി ശ്രദ്ധ കാണിച്ചിരുന്നുവെങ്കിൽ കേരളഭാഷ ഇതിനു മുമ്പേതന്നെ വളരെ യോഗ്യത പ്രാപിക്കുന്നതായിരുന്നു. ബ്രിട്ടീഷ് മലബാറിലുള്ള ഇംഗ്ലീഷ് വിദ്യാർത്ഥികളും കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും മാതൃഭാഷയിൽ പ്രാപിച്ചിരിക്കുന്ന അഭിവൃദ്ധിയുടെ വ്യത്യാസം പലർക്കും വിവേചിച്ചറിവാൻ സംഗതിവന്നിരിക്കണം. ഈ വ്യത്യാസത്തിനുള്ള മുഖ്യസംഗതി താണതരം ക്ലാസുകളിലെ പാഠപുസ്തകങ്ങളാകുന്നു. തിരുവിതാംകൂറിൽ മൂന്നാം ഫോറത്തിൽ എത്തുന്നതിനു മുമ്പു തന്നെ വിദ്യാർത്ഥികൾ എഴുത്തച്ഛന്റെയും കുഞ്ചൻനമ്പ്യാരുടെയും മണിപ്രവാളശ്ലോകങ്ങളും നല്ല ഗദ്യപുസ്തകങ്ങളും മറ്റും വായിച്ചു പഠിക്കുന്നു. അവരിൽ ചിലർ സംഗതിവശാൽ ബ്രിട്ടീഷ് മലബാറിലെ ഹൈസ്കൂൾക്ലാസുകളിൽ ചെന്നു ചേരേണ്ടിവരുമ്പോൾ അവിടുത്തെ മലയാളപാഠപുസ്തകങ്ങളിൽ വിശേഷവിധിയായി യാതൊന്നും വായിക്കാനും പഠിക്കാനും ഇല്ലെന്നു കാണുന്നു. തലശ്ശേരി സ്കൂളുകളിൽ ചില തിരുവിതാംകൂർ വിദ്യാർത്ഥികൾ ചേർന്നു പഠിക്കുന്നുണ്ടു്. ഇന്റർമീഡിയറ്റുക്ലാസുകളിൽ പഠിക്കുന്നവരേക്കാൾ ഭാഷാപരിജ്ഞാനമുള്ളവരാണെന്നു അനുഭവം കൊണ്ടറിഞ്ഞ ഒരു സ്നേഹിതൻ ഇതിനിടെ എന്നോടു പറയുകയുണ്ടായി. തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്കുകമ്മറ്റിയേയാണു് ഈ കാര്യത്തിൽ അഭിനന്ദിക്കേണ്ടതു്. ബ്രിട്ടീഷ് മലബാറിൽ മൂന്നാം ഫോറം വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നതു ചില സായ്പന്മാരും മറ്റും ചമച്ചതായ ചില പാഠപ്പുസ്തകങ്ങളാണു്. നിങ്ങളിൽ ചിലർക്കു് ഈ പുസ്തകങ്ങൾ പഠിക്കാനോ, പക്ഷേ വായിക്കാനെങ്കിലുമോ നിർഭാഗ്യമുള്ളവരായിരിക്കാൻ സംഗതി വന്നിട്ടുണ്ടായിരിക്കണം. സായ്പന്മാർക്കു മലയാളപാഠപുസ്തകങ്ങൾ ഉണ്ടാക്കാൻ അധികാരവും അവകാശവും സിദ്ധിച്ചതു് എങ്ങനെയാണെന്നു സത്യമായിട്ടു് എനിക്കിന്നും മനസ്സിലാകുന്നില്ല. ആവക പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി സ്വീകരിക്കാൻ യോഗ്യന്മാരായ മലയാളികൾ സമ്മതിക്കുന്നതെങ്ങനെയെന്നും എനിക്കു മനസ്സിലായിട്ടില്ല. അതിലെ വാചകങ്ങളിൽ വ്യാകരണനിയമങ്ങൾക്കനുസരിച്ചു് അബദ്ധങ്ങളായവ അധികമില്ലെങ്കിലും മലയാളം ശൈലികളെ (Idioms) നിർദയം വിരൂപമാക്കിയും പലപ്പോഴും കൊലപ്പെടുത്തിയും പ്രയോഗിച്ചിട്ടുള്ളവ പഠിച്ചറിയുന്ന വിദ്യാർത്ഥികൾ പിന്നീടു് എങ്ങനെയാണു് നല്ലഭാഷ എഴുതാനും സംസാരിക്കാനും യോഗ്യതയുള്ളവരായിത്തീരുക? അവയിൽ ചില സംസ്കൃതവാക്കുകൾ ഉപയോഗിച്ചിട്ടുള്ളവ വായിച്ചാൽ വാക്കുകൾക്കു വേണ്ടി വാചകങ്ങൾ എഴുതിയവയാണെന്നു തോന്നും. പദ്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആണു് അധികവുമുള്ളതു്. അവയിലുള്ള അബദ്ധങ്ങളെ പ്രത്യേകം കുറിച്ചെടുത്തു നിങ്ങളെ അറിയിക്കേണ്ടുന്ന ആവശ്യമില്ല. നിങ്ങൾക്കു തന്നെ ആ പുസ്തകങ്ങൾ വായിച്ചാൽ ആവക അബദ്ധങ്ങൾ അറിവാൻ കഴിയുന്നതാകുന്നു. അരയുകാരമെന്നും മുറ്റുകാരമെന്നും പഴയ വ്യാകരണങ്ങളിലും സംവൃതോകാരമെന്നും വിവൃതോകാരമെന്നും പുതിയ വ്യാകരണങ്ങളിലും കാണുന്ന പ്രയോഗങ്ങൾക്കു് ഈ പുസ്തകങ്ങളിൽ യാതൊരു വ്യവസ്ഥയുമില്ല. സന്ധിയുടെ വ്യവസ്ഥക്കുറവു ധാരാളം കാണാം. ചില പൊട്ടശ്ലോകങ്ങൾ, ഏതു വിദ്വാൻ ഉണ്ടാക്കിയതൊ, ഇതിൽ എടുത്തു ചേർത്തിട്ടുണ്ടു്. അവയൊക്കെയാണു് നമ്മുടെ വിദ്യാർത്ഥികളെ കുരുട്ടുപാഠം പഠിപ്പിക്കുന്നതു്. താണതരം ക്ലാസുകളിലേയ്ക്കു പാഠപുസ്തകമാകത്തക്ക നല്ല മലയാളഗദ്യപദ്യപുസ്തകങ്ങൾ പലതുമുണ്ടു്. ഇതിനിടെ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ഉത്സാഹത്തിന്മേൽ ബി വി ബുക്കുഡിപ്പോക്കാർ∗ ∗ ∗ പദ്യപാഠപുസ്തകങ്ങളും, ടി.സി.കല്ല്യാണി അമ്മയുടെ ഗദ്യപുസ്തകങ്ങളും ∗ ∗ ∗ ക്ലാസുകളിലേക്കു വളരെ പറ്റിയവയാകുന്നു. വേറെയും പല നല്ല പുസ്തകങ്ങ∗ ∗ ∗ അവയൊക്കെ പാഠപുസ്തകങ്ങൾ ആക്കാതെ ദുർല്ലഭം ചിലരുടെ പണസഞ്ചിയെ ∗ ∗ ∗ മലയാളഭാഷയെയും വിദ്യാർത്ഥികളേയും കഷ്ടപ്പെടുത്തുന്നതു വലിയ സാഹസം തന്നെ. മലയാള പാഠപുസ്തകങ്ങളുടെ കാര്യത്തിൽ വേണ്ടുന്ന പരിഷ്കാരങ്ങൾ വരുത്താൻ ആരും ശ്രമിക്കാതെ അതിനെ സമ്മതിച്ച സർവ്വകാര്യങ്ങളും ഒന്നോ രണ്ടോ ആളെ മാത്രം ഏല്പിക്കുന്നതു് ഒരിക്കലും ന്യായമല്ല. സർവ്വകലാശാലയുടെ പുതിയ നിയമങ്ങൾ നടപ്പിൽ വന്ന ശേഷം സ്വദേശഭാഷയുടെ കാര്യം കുറെ അമാന്തമായിത്തീർന്നിട്ടുണ്ടെന്നു സമ്മതിക്കാം. ഇതിനു കാരണം കേവലം ആ നിയമങ്ങളല്ല. അവയെ അനുസരിക്കുന്ന സമ്പ്രദായമാകുന്നു. സ്കൂൾ ഫൈനൽ പരീക്ഷയ്ക്കു് എല്ലാ വിദ്യാർത്ഥികളും സ്വദേശഭാഷകളിൽ ഒന്നു ഉപഭാഷയായി പഠിക്കണമെന്നില്ല. ശരിതന്നെ. എന്നാൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ പഠിക്കേണ്ടുന്ന പുസ്തകങ്ങൾ നോക്കിയാൽ ആ പരീക്ഷയുടെ ആവിർഭാവത്തിനു ശേഷം പാഠപുസ്തകങ്ങളായി മട്രിക്കുലേഷൻ പരീക്ഷയ്ക്കായി കൊല്ലംതോറും അനേകം അക്ഷരപ്പിഴകളൊക്കെ കൂടി മദിരാശിയിലെ ഒരു മുദ്രാലയക്കാർ അച്ചടിക്കുന്ന ഒരു പുസ്തകവും അതിനു പുറമെ ഒരു കഥാപുസ്തകവും ആണു് നിയമിക്കുന്നതു്. ഈ കഥാപുസ്തകങ്ങൾ ഒരു കഥയാണെന്നു നിങ്ങളൊക്കെ കണ്ടിരിക്കാം. മറ്റു നല്ല പുസ്തകങ്ങളില്ലാഞ്ഞിട്ടാണൊ ഈ പുസ്തകങ്ങൾ നിശ്ചയിക്കുന്നതു്? ഈ ചോദ്യത്തിനു ശരിയായും പക്ഷപാതരഹിതമായും ഒരുത്തരം പറയുന്നതായാൽ അതു പലരുടെയും മുഖം കറുപ്പിക്കുമെന്നു് എനിക്കറിയാം. അനേകായിരം വിദ്യാർത്ഥികളുടെ ഗുണത്തിനുതകേണ്ടുന്ന ഈ കാര്യത്തിൽ അധികൃതന്മാർ കേവലം ആലോചനയില്ലാതെ പ്രവർത്തിക്കുന്നതു മഹാപാപമാണെന്നേ ഞാൻ പറയുന്നുള്ളൂ. മട്രിക്കുലേഷൻപാഠപുസ്തകമെന്നും പറഞ്ഞു് ഒരു പാഠപുസ്തകം സർവ്വകലാശാലക്കാർ അച്ചടിക്കേണ്ടുന്ന ആവശ്യമെന്തു്? പണ്ടെത്തെ കഥകളിപ്പാട്ടുകളിലും, ഓട്ടം തുള്ളലുകളിലും മറ്റും ഇക്കാലത്തെ പരിഷ്കാരത്തിനു് അനുകൂലിക്കാതെ സഭ്യേതരങ്ങളായ ചില ഭാഗങ്ങളുള്ളവയെ ഒഴിക്കേണ്ടുന്നതിനു് അവയെ ഒഴിച്ചുകൊണ്ടുള്ള പ്രത്യേകപുസ്തകങ്ങൾ അച്ചടിക്കേണ്ടതായി വന്നിരിക്കാം. എന്നാൽ ഇൻറർമീഡിയറ്റുപരീക്ഷയ്ക്കുള്ള ആ വിധം പാഠപ്പുസ്തകങ്ങൾ അങ്ങനെ ചെയ്തുകാണുന്നില്ല. ആവക സഭ്യേതരങ്ങളായ ഭാഗങ്ങൾ കേവലം ഇല്ലാത്തതൊ വളരെ കുറഞ്ഞതോ ആയി അനേകം പുസ്തകങ്ങളുണ്ടു്. അവ പാഠപ്പുസ്തകങ്ങളാക്കി നിശ്ചയിച്ചു കഴിഞ്ഞാൽ ഭംഗിയിലും വൃത്തിയിലും അച്ചടിക്കാനും അച്ചടിപ്പിക്കാനും ഇക്കാലം ആളുകളുണ്ടു്. സഭ്യേതരങ്ങളായ സംഗതികളേക്കുറിച്ചു പറയുമ്പോൾ മാർഡൻസായ്പിന്റെ പാഠപ്പുസ്തകങ്ങൾ ഓർമ്മ വന്നു. അതിൽ ഏഴാം പാഠത്തിൽ ഒരു ബുക്കിൽ ഹിന്ദുശാസ്ത്രപ്രകാരമുള്ള ദ്വാദശപുത്രന്മാരേപ്പറ്റി ഒരു സൂചനകണ്ടു. ദ്വാദശപുത്രന്മാരേക്കുറിച്ചുള്ള ഒരു വിവരണം മാസ്റ്റർ വിദ്യാർത്ഥികൾക്കു പറഞ്ഞുകൊടുക്കണമെന്നുദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതില്പരം സഭ്യേതരമായ ഒരു വിവരണം ഉണ്ടാവാൻ പാടുണ്ടോ?

ഈ പുസ്തകപരമ്പരകളിൽ ശാസ്ത്രീയമായി അനവധി വിഷയങ്ങളുണ്ടു്. ഇംഗ്ലീഷിലുള്ള ശാസ്ത്രവിഷയങ്ങളെ ആണു് ചുരുക്കി കുറുക്കി വിവരിക്കുന്നതു്. ഇംഗ്ലീഷിലുള്ള സാങ്കേതികശബ്ദങ്ങൾക്കൊക്കെ ഒരു വിധം പരിഭാഷയും കൊടുത്തിരുന്നു. അവയുടെ ഇംഗ്ലീഷുപര്യായങ്ങൾ അറിഞ്ഞുകൂടാത്തവർക്കു് ആ വാക്കുകളേക്കൊണ്ടു യാതൊരർത്ഥവും ഉണ്ടാകുന്നതല്ല. ആ നിലയിൽ ഇംഗ്ലീഷിന്റെ ഗന്ധം കൂടി ഇല്ലാത്ത നമ്മുടെ മുൻഷിമാർ ആ വക പാഠങ്ങൾ എങ്ങനെയാണു് കുട്ടികളെ പറഞ്ഞു ധരിപ്പിക്കുക എന്നു ഈശ്വരന്മാർ മാത്രം അറിയും.

ഇന്റർമീഡിയറ്റുപരീക്ഷയ്ക്കു മാതൃഭാഷയിൽ പ്രബന്ധരചന നിർബന്ധം ആണല്ലൊ. ഇപ്പോൾ കോളേജുകളിൽ എങ്ങനെയാണു് പ്രബന്ധരചന പഠിക്കുന്നതെന്നുള്ളതു് എല്ലാവർക്കും അറിയാം. ഭാഷയിൽ ജ്ഞാനമില്ലാത്തവർ എങ്ങനെയാണു് പ്രബന്ധം എഴുതുക. സ്കൂൾ ഫൈനൽപരീക്ഷയ്ക്കു മലയാളം കൂടി പഠിക്കാത്ത വിദ്യാർത്ഥികൾക്കു അഞ്ചാം ഫാറത്തിൽ പഠിച്ചതു മാത്രമേ ഉള്ളൂ. അതിൽ പിന്നെ അവർക്കു മലയാളപാഠപുസ്തകങ്ങൾ വായിച്ച അപരാധം തന്നെ ഇല്ല. അങ്ങനെയുള്ളവർ ഇന്റർമീഡിയറ്റുക്ലാസിൽ എന്തു പ്രബന്ധം എഴുതുവാനാണു്? അവരെ പ്രബന്ധം എഴുതി പഠിപ്പിക്കുന്ന മുൻഷിമാരിൽ പലരും പ്രബന്ധമെന്താണെന്നു് എന്നു തന്നെ നിശ്ചയമില്ലാത്തവരായിരിക്കും. ചില കോളേജുകളിൽ ബി ഏ, എൽ ടി എന്നീ പരീക്ഷകൾ ജയിച്ച ചില മാസ്റ്റർമാരാണു് പ്രബന്ധരചന പഠിപ്പിക്കുന്നതു്. അവർക്കു മലയാളവും നല്ല പരിചയമുണ്ടാകില്ല. അവർ പഠിപ്പിക്കുന്നതു് ഇംഗ്ലീഷുഭാഷയാണത്രെ!

ഇങ്ങനെയുള്ള സംഗതികൾ ആലോചിച്ചാൽ എങ്ങനെയാണു് നമ്മുടെ വിദ്യാർത്ഥികൾ മലയാളഭാഷ എഴുതുവാൻ ശീലിക്കുക-ഈശ്വരോ രക്ഷതു്.

(ഭാഷാപോഷിണി—1914 ആഗസ്റ്റ്– സെപ്തംബർ)

കുറിപ്പു്: പാഠത്തിനിടയിൽ ∗ ∗ ∗ അടയാളം കൊടുത്തിരിക്കുന്ന ഭാഗങ്ങൾ മൂലഗ്രന്ഥത്തിൽ നിന്നു് നഷ്ടപ്പെട്ടതിനാൽ ഇവിടെ രേഖപ്പെടുത്താനായിട്ടില്ല.

കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
images/Vengayil_kunjiraman_nayanar.jpg

കൊല്ലവർഷം 1036 തുലാമാസത്തിൽ (1860 ഒക്ടോ-നവം) തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ. കോയമ്പത്തൂർ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേശകസമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു.

കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ‘വാസനാവികൃതി’യിലൂടെ മലയാളത്തിലെ ആദ്യചെറുകഥാകൃത്തു് എന്നു് പ്രസിദ്ധനായി. പത്രാധിപർ, നിയമസഭാംഗം, ചെറുകഥാകൃത്തു്, ഉപന്യാസകാരൻ, ഇങ്ങനെ പലനിലകളിൽ ശോഭിച്ച അദ്ദേഹം മാതൃഭാഷയ്ക്കുവേണ്ടി ശബ്ദമുയർത്തി. നിരവധി ലേഖനങ്ങളിലും പ്രസംഗങ്ങളിലുമായി മലയാളി മാതൃഭാഷയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ മാതൃഭാഷാവിദ്യാഭ്യാസത്തെക്കുറിച്ചു് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നൂറ്റാണ്ടു കഴിഞ്ഞിട്ടും പ്രസക്തമായി നിലകൊള്ളുന്നു. ഇന്നത്തെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുന്നിൽ കേസരിയെ അവതരിപ്പിക്കട്ടെ.

കൃതികൾ
  • വാസനാവികൃതി
  • ദ്വാരക
  • മേനോക്കിയെ കൊന്നതാരാണ്?
  • മദിരാശിപ്പിത്തലാട്ടം
  • പൊട്ടബ്ഭാഗ്യം
  • കഥയൊന്നുമല്ല

Colophon

Title: Vidyaarthhikalum Maathrubhaashayum (ml: വിദ്യാർത്ഥികളും മാതൃഭാഷയും).

Author(s): Kesari Vengayil Kunjiraman Nayanar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-27.

Deafult language: ml, Malayalam.

Keywords: Article, Kesari Vengayil Kunjiraman Nayanar, Vidyaarthhikalum Maathrubhaashayum, കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, വിദ്യാർത്ഥികളും മാതൃഭാഷയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Head, an artwork by Pavel Filonov (1883-1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.