images/Sunset_in_the_Rockies.jpg
Sunset in the Rockies, a painting by Albert Bierstadt (1830–1902).

ജാതീയ…

വംശീയ…

അടിമത്തം…

ഭരണകൂട ഭീകരത…

ഇരുൾ വഴികളിൽ വെളിച്ചത്തിന്റെ പൊൻതാരകം

പെൺ കരുത്തിന്റെ ആൾരൂപം

സഖാവു് പി. സി. കുറുമ്പ

പി. സി. കുറുമ്പ
ലില്ലി തോമസ് പാലോക്കാരൻ
സമർപ്പണം

സ്വേച്ഛാധിപതികൾ ഏതു കാലത്തും അടിച്ചമർത്തലുകൾക്കായി അവർക്കാവശ്യമുള്ള ആശയങ്ങളും ആയുധങ്ങളും കരുതി വയ്ക്കുന്നു, പ്രയോഗിക്കുന്നു. അവരുടെ കാൽചുവട്ടിൽ നിന്നു ജീവശ്വാസം തിരിച്ചു കിട്ടിയ അപൂർവ്വം ചില പെൺജീവിതങ്ങൾ സമൂഹത്തിനു മാതൃകകളായെങ്കിലും, ഉചിതമായ അടയാളപ്പെടുത്തലുകളില്ലാതെ പോയി. പി. സി. കുറുമ്പയുടെ ജീവിതം അത്തരത്തിലൊന്നാണു്. സമാനാവസ്ഥകളിലൂടെ കടന്നുപോയ സ്ത്രീജന്മങ്ങൾ കെടാവിളക്കുകളും വഴികാട്ടികളുമാണു്. സഹനവും ത്യാഗവും ചെറുത്തുനില്പും മനസ്സാന്നിധ്യവും തന്റേടവും മാത്രമായിരുന്നു അവർക്കു കൈമുതൽ. അവരെ മറന്നാൽ വിമോചന സമരചരിത്രം മാപ്പു നൽകുകയില്ല. അവരുടെ ധീരസ്മരണകൾക്കു മുമ്പിൽ നമിക്കുന്നു. ചെന്നിറമാർന്ന ആ പാദമുദ്രകളിൽ ഈ ആമുഖ ലിപികൾ സമർപ്പിക്കുന്നു.

മുൻമൊഴി

അരുതാത്തതും അറുതിയില്ലാത്തതും സമാനതകളില്ലാത്തതും അന്നേവരെ കേട്ടുകേൾവി പോലുമില്ലത്തതുമായ പീഡനമുറകൾ ഏറ്റുവാങ്ങിയിട്ടും, ഒരു വിപ്ലവകാരി എന്ന നിലയിൽ ഉറച്ചുനിന്നു്, ആത്മവീര്യം ലവലേശം പോലും ചോർന്നു പോകാതെ, സർവ്വംസഹയായി, തന്റെ അന്ത്യംവരെ മുഖത്തും മനസ്സിലും മന്ദഹാസം ചോർന്നുപോകതെ നിലനിർത്തിയ ആത്മവിശ്വാസത്തിന്റെ ഉടമയായ, പി. സി. കുറുമ്പയെന്ന വ്യക്തിയുടെ ഏറ്റവും വലിയ പ്രത്യേകതയും വിപ്ലവവിജയവുമാണു്, എന്നെ അവരിലേക്കു് ആകർഷിച്ചതും കാണാൻ കഴിഞ്ഞതും!

വളരെ കുറച്ചു കാലത്തേക്കാണെങ്കിലും, അവരെക്കുറിച്ചു കേട്ട ദിവസം മുതൽ അന്ത്യദിനംവരെ അവരുടെ കൂടെ ആയിരിക്കാനും കൂടുതൽ ഇടപഴകാനും സാധിച്ചതിന്റെ വെളിച്ചത്തിൽ, ഇത്രമാത്രം നിസ്വയും സാത്വികയും ആയ മറ്റൊരു സ്ത്രീവ്യക്തിത്വത്തെ കണ്ടിട്ടില്ല, കേട്ടിട്ടു പോലുമില്ല എന്നും അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു.

പെണ്ണു് സമൂഹത്തിൽ അനുഭവിക്കുന്ന ദുരന്തങ്ങളുടെ വീരകാവ്യങ്ങളും അപദാനങ്ങളും പാടി നടന്ന കാലം ഒരിക്കലും ഉണ്ടായിട്ടില്ല! പിന്നെയാണോ, സൗന്ദര്യകാഴ്ചപ്പാടിൽ അടുത്തെങ്ങുമെത്താത്ത, കീഴ്ജാതിക്കാരിയായ, പെണ്ണിന്റെ, ജെയിലറക്കുള്ളിൽ കിടന്നു കിരാതവും മൃഗീയവുമായ തേർവാഴ്ച നേരിടേണ്ടിവന്നവളുടെ, അപദാനങ്ങൾ പാടിനടക്കാൻ!

ചരിത്രം (ഹിസ്റ്ററി) എന്നും അവന്റെ സ്റ്റോറി (ഹിസ് സ്റ്റോറി) മാത്രം ആയിരുന്നല്ലൊ; അവിടെ അവളുടെ (ഹെർ സ്റ്റോറി) ഉണ്ടായിരുന്നില്ലല്ലോ!

പി. സി. കുറുമ്പയെ കുറിച്ചു കേട്ടതിന്റെ മാത്രം വെളിച്ചത്തിൽ അവരെ ആദ്യം നേരിട്ടു ചെന്നു കണ്ടു. അവരുമായി കൂടിയിരുന്നു സംസാരത്തിൽ ഏർപ്പെട്ടു. വ്യക്തി കാഴ്ചക്കതീതമായിരുന്നു അവരുടെ സംഭാഷണം ആ ആദ്യകാഴ്ചയിലും എന്നതാണു് അവരിലേക്കു് കൂടുതൽ ഇറങ്ങിച്ചെല്ലാനുണ്ടായ മറ്റൊരുപ്രധാനഘടകം. അവർ അവരെക്കുറിച്ചു പറഞ്ഞപ്പോൾ പങ്കെടുത്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികളും സമരങ്ങളും സംഭാഷണത്തിൽ കടന്നുവന്നു. സ്വതന്ത്രമായി വിവരിച്ചു. അതിന്റേയും അന്വേഷണത്തിൽ ലഭ്യമായ രേഖകളുടെയും വെളിച്ചത്തിലാണു് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതു്.

ഇങ്ങനൊരു പുസ്തകം ഇറങ്ങുന്നതിനു സഹായിച്ച ധാരാളം പേരോടു ഞാൻ വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നു. ആദ്യമായി നന്ദി രേഖപ്പെടുത്താനുള്ളതു് ഏറ്റവും അധികം പ്രോത്സാഹനം നൽകി, നല്ലൊരു അവതാരിക എഴുതിതന്ന, പ്രിയ സുഹൃത്തും ജനയുഗം പത്രത്തിന്റെ എഡിറ്ററുമായ രാജാജി മാത്യു തോമസിനോടാണു്. പുസ്തകത്തിന്റെ എഡിറ്റർ എന്ന നിലയിൽ ഫാ. ഡൈജു, ഡാറ്റാ എൻട്രി ചെയ്ത ജെസ്സി തിരുത്തേൽ, മാനുസ്ക്രിപ്റ്റ് തയ്യാറാക്കാൻ സഹായിച്ച ആര്യ, ആവശ്യമായ ചരിത്ര പുസ്തകങ്ങൾ സമയ നിഷ്ഠയോടെ, അയച്ചുതന്ന നൗഷാദ് കൊല്ലം എന്നിവരെ പ്രത്യേകിച്ചും ഇവിടെ അടയാളപ്പെടുത്തുന്നു; ഒപ്പം കൂടെ നിന്ന എല്ലാവർക്കും ഹൃദയഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

പ്രസാധകർക്കും നന്ദി.

അവതാരിക

രാജാജി മാത്യു തോമസ്

പി. സി. കുറുമ്പയെപറ്റി താനെഴുതിയ ജീവചരിത്രഗ്രന്ഥത്തിനു് അവതാരിക എഴുതിനൽകണമെന്ന എന്റെ പ്രിയസ്നേഹിത ലില്ലി തോമസ് പാലോക്കാരന്റെ ആവശ്യത്തിനു് ഏതാനം വർഷങ്ങളുടെ പഴക്കമുണ്ടു്. പുസ്തകത്തിന്റെ എഡിറ്റ് ചെയ്യാത്ത ഒരു പകർപ്പു് ഏതാണ്ടു് രണ്ടുവർഷങ്ങൾക്കു് മുമ്പുതന്നെ എനിക്കു് അയച്ചുതരികയും ചെയ്തിരുന്നു. ഇക്കാലയളവിൽ എനിക്കുണ്ടായ ഔദ്യോഗികവും വ്യക്തിപരവുമായ തിരക്കുകൾകാരണം ആ ഉത്തരവാദിത്തം നിർവഹിക്കാൻ എനിക്കായില്ല. ഇപ്പോൾ ലഭിച്ച അതിന്റെ അന്തിമരൂപം ഞാൻ ശ്രദ്ധാപൂർവം വായിച്ചു. ലില്ലി ഇതിനുമുമ്പു് ഏതെങ്കിലും പുസ്തകരചന നിർവഹിച്ചതായി എനിക്കു് അറിയില്ല. അങ്ങിനെയെങ്കിൽ മലയാളഭാഷയിൽ നല്ല രാഷ്ട്രീയ, സാമൂഹിക അവബോധമുള്ള ഒരു എഴുത്തുകാരി ജനിച്ചിരിക്കുന്നുവെന്നു ചാരിതാർഥ്യത്തോടെ നമുക്കു പറയാനാവും.

തന്റെ ഉദ്യമത്തിന്റെ തിരഞ്ഞെടുപ്പും അതിന്റെ ലക്ഷ്യവും അതിനോടുള്ള അദമ്യമായ പ്രതിബദ്ധതയുമാണു് ലില്ലിയുടെ പുസ്തകത്തെ സവിശേഷമാക്കുന്നതു്. കേരളത്തിലെ, വിശിഷ്യ പഴയ കൊച്ചിരാജ്യത്തിൽ ഉൾപ്പെട്ട മേഖലയിലെ, കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളിലും അതിന്റെ പ്രവർത്തകരിലും പി. സി. കുറുമ്പയുടെ സാഹസികവും ത്യാഗപൂർണ്ണവും ആത്മാർത്ഥവുമായ രാഷ്ട്രീയ, സാമൂഹിക വിമോചനപ്രവർത്തനങ്ങളെപ്പറ്റി കേട്ടറിവെങ്കിലും ഇല്ലാത്തവർ കുറവായിരിക്കും. എന്നാൽ, സ്വാതന്ത്ര്യപൂർവ-സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, കേരളത്തിലും വിശിഷ്യ കൊച്ചിയിലും, നിലനിന്നിരുന്ന അത്യന്തം പ്രതിലോമകരമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ സ്വാതന്ത്ര്യത്തിനും സാമൂഹിക വിമോചനത്തിനും സാമ്പത്തിക അവകാശങ്ങൾക്കും സ്ത്രീപുരുഷ തുല്യതക്കും വേണ്ടി നടന്ന പോരാട്ടങ്ങളുടെയും ചെറുത്തുനില്പുകളുടെയും ചരിത്രപശ്ചാത്തലത്തിൽ പി. സി. കുറുമ്പയുടെ സമരജീവിതകഥ വരച്ചുകാട്ടുകയാണു് ലില്ലി തന്റെ പുസ്തകത്തിലൂടെ ചെയ്യുന്നതു്.

കുറുമ്പയുടെയും അവരുടെ സമരസഖാക്കളുടെയും കുട്ടംകുളം, പാലിയം സമരങ്ങളിലെ പങ്കാളിത്തം, അതിൽ അവർക്കു് സഹിക്കേണ്ടിവന്ന കൊടിയ മർദ്ദനങ്ങൾ, അപമാനങ്ങൾ ഇരിങ്ങാലക്കുട ജയിലിൽ അവർക്കും അവരോടൊപ്പം ഒരേ തടവുമുറിയിൽ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവു് പി. കെ. കുമാരനും മനുഷ്യാധമന്മാരായ പോലീസ് ഉദ്യോഗസ്ഥരിൽനിന്നും നേരിടേണ്ടിവന്ന സമാനതകളില്ലാത്ത മർദ്ദനത്തിന്റെയും അപമാനത്തിന്റെയും ഞെട്ടിപ്പിക്കുന്ന കഥകളും പലപ്പോഴും എഴുതപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്തിട്ടുണ്ടു്. എന്നാൽ അതു് കേരളത്തിലും കൊച്ചിയിലും നടന്ന അപൂർവ്വമോ അസാധാരണമോ ആയ സംഭവങ്ങളല്ലെന്നും മറിച്ചു്, അങ്ങേയറ്റം പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ ഒരു സാമൂഹിക വ്യവസ്ഥയുടെ അനിവാര്യമായ ഭീകരതയെയാണു് തുറന്നുകാട്ടുന്നതെന്നും ലില്ലി അക്കാലത്തെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുന്നു. കുറുമ്പയുടെയും അവരുടെ സമരസഖാക്കളുടെയും ജീവിതംതന്നെ ആ കാടത്ത വ്യവസ്ഥക്കെതിരെ മനുഷ്യരായി ജീവിക്കാനുള്ള അധഃസ്ഥിത ജനവിഭാഗങ്ങളുടെയും മാനവികശക്തികളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു, ആത്മസമർപ്പണമായിരുന്നു. ജാതീയതയും വർഗീയതയും മതമൗലികകവാദവും ഫണംവിടർത്തുന്ന ഇന്നു് അതു് നമ്മുടെ ചരിത്രത്തെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണു്.

കുറുമ്പയും സഖാക്കളും വസ്ത്രംധരിക്കാനും വഴിനടക്കാനും ക്ഷേത്രപ്രവേശനത്തിനുംവേണ്ടി മാത്രം നടത്തിയ സമരങ്ങളായിരുന്നില്ല അതു്. കുറുമ്പയടക്കം ആ പോരാട്ടങ്ങൾക്കു് നേതൃത്വംകൊടുത്ത പലർക്കും ക്ഷേത്രപ്രവേശനം ഒരു മൗലിക വിഷയമേ ആയിരുന്നില്ല. കുറുമ്പയോ അവർക്കൊപ്പമുണ്ടായിരുന്ന നേതാക്കളിൽ പലരുമോ ക്ഷേത്രദർശനം നടത്തിയതായി ലില്ലിയടക്കം ആരും പറഞ്ഞുകേട്ടിട്ടില്ല, എഴുതിയിട്ടുമില്ല. കുറുമ്പ സജീവപങ്കാളിത്തം വഹിച്ച പാലിയം സത്യഗ്രഹത്തിൽ അവസാനഘട്ടം ക്ഷേത്രത്തിൽ കടന്ന പുലയമഹാസഭ നേതാവു് കെ. കെ. അയ്യപ്പന്റെ ഭാര്യ കെ. സി. കാളി ഉറക്കെവിളിച്ച മുദ്രാവാക്യം ‘അയിത്തം നശിക്കട്ടെ’ എന്നായിരുന്നു. പാലിയം സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച എ. ജി. വേലായുധൻ മരണത്തെ മുഖാമുഖം കണ്ടപ്പോഴും ദേവസ്തുതികൾക്കുപകരം ക്ഷീണിച്ചസ്വരത്തിൽ ഉച്ചരിച്ചുകൊണ്ടിരുന്നതു് ‘അയിത്തം നശിക്കട്ടെ, സഖാക്കളെ മുന്നോട്ടു്, ഇൻക്വിലാബ് സിന്ദാബാദ്’ എന്നായിരുന്നു. അവരുടെ പോരാട്ടങ്ങളും ജീവത്യാഗമടക്കം മഹാത്യാഗങ്ങളും അത്യന്തം പ്രതിലോമകരവും മനുഷ്യത്വഹീനവുമായ ഒരു സാമൂഹ്യവ്യവസ്ഥക്കെതിരെ, അഭിജാതവർഗങ്ങൾക്കൊപ്പം അന്തസായി തുല്യതയോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ളതായിരുന്നു. ഇന്നു് മതത്തിന്റെപേരിൽ സമൂഹത്തെ വിദ്വേഷംകൊണ്ടു് വിഷലിപ്തമാക്കുന്നവർ, ഹിന്ദുത്വത്തിന്റെപേരിൽ മനുവാദത്തെയും ജാതിവ്യസ്ഥയെയും നിലനിർത്തിക്കൊണ്ടു വോട്ടുബാങ്ക് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ, യഥാർത്ഥ ചരിത്രവസ്തുതകളെയാണു് വളച്ചൊടിക്കാനും തമസ്കരിക്കാനും ശ്രമിക്കുന്നതു്. അവിടെയാണു് കുറുമ്പയുടെയും സഖാക്കളുടെയും ജീവിതവും പോരാട്ടവും പ്രസക്തമാകുന്നതു്.

അധ്യായം 1
images/kurumba.jpg
പി. സി. കുറുമ്പ

മനസ്സിനു കാരിരുമ്പിന്റെ കരുത്തുള്ളൊരു പെണ്ണൊരുത്തി ഹൃദയവാതിൽ തള്ളിത്തുറന്നു് അകത്തേക്കു കയറിയ നിമിഷമായിരുന്നു അതു്. അവളെപ്പോലെ ഒരുവളെ നാളതുവരെ ഞാൻ കണ്ടുമുട്ടിയിരുന്നില്ല. അഥവാ അനീതികളോടു് അത്രമേൽ തീവ്രമായി പോരാടുകയും അതിന്റെ പേരിൽ സമാനതകളില്ലാത്ത ക്രൂരതകൾക്കു് ഇരയാവുകയും അവയെ എല്ലാം സധൈര്യം നേരിടുകയും ചെയ്ത ഒരുവൾ ചരിത്രത്തിൽ ഇത്രത്തോളം അപ്രധാനമായി പോയിട്ടുമില്ല.

അവളെക്കുറിച്ചുള്ള ആ ഹ്രസ്വവിവരണത്തിൽ എന്റെ മനസ്സാക്ഷി ഞെട്ടിവിറച്ചു. അത്രമേൽ ഭയാനകമായ നിമിഷങ്ങളെ നേരിട്ടവൾ ഇപ്പോഴും ജീവനോടെയുണ്ടോ എന്നായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ മനസ്സു് എരിതീയിൽ വെന്തുനീറുകയായിരുന്നു. അവളെ കാണണം, അവൾക്കരികിലിരിക്കണം. അവളുടെ ജീവിതാനുഭവങ്ങൾ അറിയണം, മനസ്സുകൊണ്ടെങ്കിലും അവളോടൊത്തു സഞ്ചരിക്കണം. അവളനുഭവിച്ച ഉഗ്രപീഡനതാണ്ഡവങ്ങൾ എന്റെ പ്രജ്ഞയെപ്പോലും മരവിപ്പിച്ചേക്കാം. എങ്കിലും ഓർമ്മയിലെങ്കിലും ആ കനൽവിരിച്ച പാതയിലൂടെ എനിക്കു സഞ്ചരിച്ചേ മതിയാകൂ!

തൃശൂരിന്റെ തെക്കുപടിഞ്ഞാറേ മൂലയിലെ വടക്കേക്കാടു് എന്ന സ്ഥലത്തു് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോകവെ, കെ. പി. ആർ. എന്നറിയപ്പെടുന്ന സഖാവു് കെ. പി. രാജേന്ദ്രനാ ണു് പോരാട്ടത്തിന്റെ സഹനത്തിന്റെ, പ്രതിഷേധത്തിന്റെ, ചെറുത്തുനിൽപ്പിന്റെ പ്രതീകമായ പി. സി. കുറുമ്പയെന്ന കുറുമ്പക്കുട്ടിയെക്കുറിച്ചു് പറഞ്ഞതു്. അതും അവിചാരിതമായി. കമ്മ്യൂണിസ്റ്റു സഖാക്കളായ തങ്ങൾ രചിച്ച വീരേതിഹാസങ്ങളെക്കുറിച്ചാണു് ആ യാത്രയിൽ ഉടനീളം കെ. പി. ആർ. പറഞ്ഞുകൊണ്ടിരുന്നതു്. ‘നവോത്ഥാന സമരങ്ങളിൽ സഖാക്കൾക്കൊപ്പം വീരോജ്ജ്വലമായി പോരാടിയ സ്ത്രീകളെ ഏതു കുപ്പത്തൊട്ടിയിലാണു് നിങ്ങൾ കുഴിച്ചുമൂടിയതു്’ എന്ന എന്റെ ചോദ്യമാണു് പി. സി. കുറുമ്പയെക്കുറിച്ചു പറയാൻ കെ. പി. ആറിനെ പ്രേരിപ്പിച്ചതു്.

ആ നവോത്ഥാന സമരങ്ങളിൽ ജീവനോടെ ശേഷിച്ചവരും കൊല്ലപ്പെട്ടവരും മൃതപ്രായരായവരുമായ നിരവധി നേതാക്കളുണ്ടു്. ജീവനോടെ ശേഷിച്ചവരെല്ലാം പിന്നീടു് ഭരണസിരാകേന്ദ്രങ്ങളിൽ കാലുറപ്പിച്ചു; സ്ഥാനമാനങ്ങൾ നേടിയെടുത്തു. എന്നാൽ, അനീതിക്കെതിരെ ആഞ്ഞടിച്ചു്, അതിന്റെ പേരിൽ അതിക്രൂരമായി വേട്ടയാടപ്പെട്ട, അവയെയെല്ലാം അതിജീവിച്ച കുട്ടൻകുളം സമരനായിക പി. സി. കുറുമ്പ എവിടെ? ഇരിങ്ങാലക്കുടയിലെ പുല്ലൂർ, കുട്ടംകുളം പ്രദേശങ്ങളിൽ പുരുഷന്മാരെക്കാൾ ശക്തമായി സമരം നയിച്ചവൾ. പുരുഷൻ നേരിട്ടതിനെക്കാൾ ക്രൂരമായ പീഡനങ്ങളിലൂടെ കടന്നു പോയവൾ. പോലീസ് നരാധമന്മാർ അവളുടെ ശരീരത്തിൽ പൈശാചികമായി അഴിഞ്ഞാടുമ്പോഴും അക്ഷോഭ്യയായി അതിനെ നേരിട്ട അസാമാന്യ മനക്കരുത്തിന്റെ പ്രതീകം! അവൾ എവിടെപ്പോയ് മറഞ്ഞു എന്റെ മനസ്സിലപ്പോൾ ചിന്തകൾ ഈ മണ്ണിലെ സമര പുരുഷേതിഹാസങ്ങളുടെ വാലുകളാണു്. അവിടെ, അവളെവിടെ? അവൾ സഹിച്ച ത്യാഗങ്ങളെവിടെ? അവൾ കടന്നു പോയ പീഡാനുഭവങ്ങളെവിടെ? അവളുടെ ജീവിതവും സ്വപ്നങ്ങളുമെവിടെ? വെറുക്കപ്പെട്ടവരെന്നു മുദ്രകുത്തപ്പെട്ടവരുടെ സിരകളിൽ കമ്മ്യൂണിസം പടർന്നുപിടിച്ച കാലഘട്ടത്തിൽ, അധികാരിവർഗ്ഗത്തിന്റെ കണ്ണിൽപ്പെടാതെ പുരുഷനു് ഒളിച്ചിരിക്കാൻ കഴിഞ്ഞതു് അവന്റെ മാത്രം മിടുക്കുകൊണ്ടായിരുന്നോ? ആ സമരഭൂവിൽ അവൾക്കു നഷ്ടപ്പെട്ട ജീവിതവും അവളുടെ ശരീരം എറ്റുവാങ്ങിയ കൊടിയ പീഡനങ്ങളും എവിടെയാണു് പരാമർശിക്കപ്പെട്ടിട്ടുള്ളതു്…? അഥവാ എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽത്തന്നെ അവൾക്കു പേരില്ല. പേരില്ലാത്ത, മുഖമില്ലാത്ത അനേകമനേകം സ്ത്രീജനങ്ങളുടെ കണ്ണീരിലും ചോരയിലും അതിതീവ്രമായ ദുരിതജീവിതത്തിലും നട്ടുനനയ്ക്കപ്പെട്ടു് പുകൾപെറ്റതാണു് ഓരോ പുരുഷവീരേതിഹാസങ്ങളും, ഏതൊരു നാടിന്റെയും ചരിതങ്ങളത്രയും പുരുഷ നോട്ടത്തിന്റെ സൃഷ്ടികളാണു്. അവൻ നോക്കിയപ്പോൾ കണ്ടതെല്ലാം അവന്റെ വീരപരാക്രമങ്ങൾ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അവൻ രചിച്ചതെല്ലാം അവന്റെ മാത്രം വീരേതിഹാസങ്ങളായി. ആ കണ്ണുകൾ കൊണ്ടവൻ നോക്കിയപ്പോൾ തെളിഞ്ഞു കണ്ടതു് അനീതിയെ കരുത്തോടെ എതിർത്ത പെണ്ണിന്റെ ചങ്കുറപ്പോ സ്വന്തം അഭിമാനവും അന്തസ്സും സംരക്ഷിക്കാൻ അവൾ നടത്തിയ പോരാട്ടങ്ങളോ ആയിരുന്നില്ല. മറിച്ചു്, അവളുടെ മുലകളും ചന്തിയും മേനിയഴകും മാത്രമായിരുന്നു. ഇത്തരം മ്ലേച്ഛ കാഴ്ചയിൽ അവളുടെ വീരേതിഹാസങ്ങൾ അവൻ എങ്ങനെ കുറിക്കാനാണു് ഇതിഹാസങ്ങൾ രചിച്ചു തിരികെയെത്തുന്ന പുരുഷന്റെ ശരീര ദാഹം തീർക്കുവാനുള്ള വെറും മാംസക്കഷണമായി അവൾ അധഃപതിച്ചുപോയതിനു കാരണവും പുഴുക്കുത്തേറ്റ അവന്റെ കണ്ണുകളായിരുന്നു.

കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല, അവരെ അനുകൂലിക്കുന്നുവെന്നു സംശയിക്കുന്നവരെപ്പോലും കൊല്ലാക്കൊല ചെയ്യുന്നൊരു കാലമുണ്ടായിരുന്നു കേരളത്തിൽ. മനുഷ്യരെ അറപ്പോടെയും വെറുപ്പോടെയും ആട്ടിയകറ്റുകയും ദ്രോഹിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പിച്ചിച്ചീന്തുകയും ചെയ്തിരുന്ന നെറികെട്ട കാലമായിരുന്നു അതു്. എതിർക്കുന്നവരെ പേപ്പട്ടിയെപ്പോലെ തച്ചുകൊന്നിരുന്ന കാലം! അന്നു്, ഈ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്തിയവരെല്ലാം രാജ്യദ്രോഹികളായി. കീഴാളർ, പ്രത്യേകിച്ചും സ്ത്രീകൾ സമാനതകളില്ലാത്ത ക്രൂരതകൾക്കും പീഡനങ്ങൾക്കുമാണു് ഇരയായതു്. വേദനകൊണ്ടു പിടയുന്നവരുടെ കണ്ണുനീരും നിലവിളിയും സവർണ്ണരെയും അധികാരികളെയും ഉന്മത്തരാക്കിയിരുന്ന കാലമായിരുന്നു അതു്.

മൃഗങ്ങളോടു പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകളാണു് ഉയർന്ന ജാതിക്കാർ എന്നു സ്വയം അവകാശപ്പെടുന്ന മനുഷ്യപ്പിശാചുക്കൾ അക്കാലങ്ങളിൽ കീഴാളരോടു ചെയ്തിരുന്നതു്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അലയടിക്കുന്നതിനു മുൻപേ തന്നെ അടിമ ജീവിതം തങ്ങളിൽ അടിച്ചേൽപ്പിച്ചവർക്കെതിരെ അവർ പോരിനിറങ്ങിയിരുന്നു. ആ സമരങ്ങളിലേക്കു് സഖാക്കൾ കൂടി ഇറങ്ങിവന്നതോടെ, അനീതിക്കെതിരെയുള്ള ശബ്ദങ്ങൾക്കു് മൂർച്ച കൂടി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പുകളുയർന്നപ്പോൾ അധികാരികളിൽ നിന്നും അതിശക്തമായ തിരിച്ചടികളായിരുന്നു ഉണ്ടായതു്. കമ്മ്യൂണിസ്റ്റുകളെ പിടികൂടിയാൽ അവർക്കുമേൽ നടത്തിയിരുന്നതു് കിരാത മർദ്ദനങ്ങളായിരുന്നു. ഈ കടുത്ത അനീതികളെ ചെറുത്തു തോല്പിക്കണമെങ്കിൽ, പിടികൊടുക്കാതെ പൊരുതുക എന്ന വഴി മാത്രമേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളു.

അത്തരത്തിൽ, പിടിക്കപ്പെടാതിരിക്കാൻ ഒളിവു ജീവിതം നയിച്ച കമ്മ്യൂണിസ്റ്റുകളുടെ മുന്നണിപ്പോരാളികൾ സ്ത്രീകളായിരുന്നു. സ്വന്തം വീടിന്റെ ഉള്ളറകളിൽ ഒളിച്ചു പാർക്കാൻ മാത്രമല്ല സഖാക്കളെ അവർ സഹായിച്ചതു്. അവരുടെ പ്രവർത്തനപദ്ധതികളെല്ലാം ആവിഷ്കരിച്ചിരുന്നതു് സ്ത്രീകളായിരുന്നു. ഒളിവിൽ കഴിഞ്ഞ സഖാക്കളെ അവർ സംരക്ഷിച്ചതു് അതിസാഹസികമായിട്ടായിരുന്നു. ചുവടൊന്നു പിഴച്ചാൽ, ശ്രദ്ധയൊന്നു മാറിയാൽ അവരെ കാത്തിരുന്നതു് സംഹാരതാണ്ഡവമായിരുന്നു. അതിനാൽ, സഖാക്കളുടെ സൗഖ്യദായകർ മാത്രമല്ല, അവരുടെ അന്നദാതാക്കളും സന്ദേശവാഹകരും ആരോഗ്യസംരക്ഷകരും സ്ത്രീകൾ തന്നെയായിരുന്നു. അടിമകളായ തങ്ങളുടെ ജീവിതത്തിൽ സമൂല മാറ്റം വരുത്തുവാനും ഈ മണ്ണിൽ അന്തസ്സോടെ, ആത്മാഭിമാനത്തോടെ, തങ്ങൾക്കും ജീവിക്കാൻ കഴിയുന്നൊരു പുലരിക്കുവേണ്ടിയും സഖാക്കൾക്കൊപ്പം സ്ത്രീകളും ഇളകാതെ നിലകൊണ്ടു. ജീവൻ വെടിയേണ്ടി വന്നാലും സഖാക്കളെ തങ്ങൾ സംരക്ഷിക്കുമെന്നു് അവർ മനസ്സിലുറപ്പിച്ചിരുന്നു. ഓരോ ചുവടുവെപ്പിലും അവർ അത്രമേൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. വിശന്നു പൊരിയുന്ന തങ്ങളുടെ വയറുകളെ ഉടുതുണികൊണ്ടു വരിഞ്ഞുമുറുക്കി, ചേറിലും ചെളിയിലും അവർ അടിമപ്പണി ചെയ്തു. അങ്ങനെയുണ്ടാക്കിയ നാണയത്തുട്ടുകൾ കൊണ്ടു് സഖാക്കളുടെ വയർ നിറച്ചിരുന്നു ആ സ്ത്രീകൾ.

ഒളിവിൽ കഴിയുന്ന സഖാക്കളുടെ വസ്ത്രങ്ങൾ അലക്കി ഉണക്കിയെടുക്കാനാണു് അന്നു് സ്ത്രീകൾ ഏറെ കഷ്ടപ്പെട്ടതു്. പരാധീനതകൾ മാത്രമുള്ള വീടുകളിൽ പുറംലോകമറിയാതെ തുണിയലക്കുകയും ഉണക്കുകയും ചെയ്യുന്നതു് വളരെ ശ്രമകരമായിരുന്നു. പുറത്തൊരു മനുഷ്യജീവി പോലുമറിയാതെ ആ വസ്ത്രങ്ങൾ ഒളിപ്പിച്ചു വെയ്ക്കുകയും വേണം. ദിവാന്റെ കിങ്കരന്മാരും പോലീസുകാരുമെല്ലാം വേഷം മാറിയും അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും റോന്തു ചുറ്റുന്ന സാഹചര്യങ്ങളിൽ ഇതെത്രത്തോളം കഠിനമായിരുന്നു എന്നതു് ഊഹിക്കാവുന്നതേയുള്ളു. കൊടുംകുറ്റവാളികളെന്നു മുദ്രകുത്തിയ സഖാക്കളെ ഒളിപ്പിച്ചുവെന്നതു് അക്കാലത്തു് ഏറ്റവും മാരകമായ കുറ്റകൃത്യമായിരുന്നു. അതിനുള്ള ശിക്ഷയും അതികഠിനമായിരുന്നു.

സത്യത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും അന്തസ്സുറ്റ ജീവിതത്തിനും വേണ്ടിയുള്ള ഓരോ പോരാട്ടവും മനുഷ്യർ നടത്തിയിട്ടുള്ളതു് പേരോ മുഖമോ പരാമർശിക്കപ്പെടാത്ത അനവധി സ്ത്രീകളുടെ ജീവനിലും ചോരയിലും കണ്ണുനീരിലും കാലുറപ്പിച്ചു കൊണ്ടായിരുന്നു. കൃശഗാത്രയായ പി. സി. കുറുമ്പയെന്ന പുലയസ്ത്രീയെക്കുറിച്ചു് കെ. പി. ആർ. പറഞ്ഞപ്പോൾ എന്റെയുള്ളിൽ എക്കാലവും കത്തിയെരിഞ്ഞുകൊണ്ടിരുന്ന പ്രതിഷേധത്തിന്റെ തീജ്വാലകൾക്കു വീണ്ടും ശക്തിയേറി.

വരേണ്യവർഗ്ഗം ആദ്യമവരെ കീഴാളരെന്നു മുദ്രകുത്തി തങ്ങളുടെ അടിമകളാക്കി, വിശ്രമമില്ലാതെ പണിയെടുപ്പിച്ചു, ഒരു നേരം പോലും വയർ നിറച്ചു് ആഹാരം കൊടുക്കാതെ അവരെ പീഡിപ്പിച്ചു. മണ്ണിൽ കുഴികുത്തി നൽകുന്ന ഒരിറ്റു് ആഹാരം പോലും സമാധാനപൂർവ്വം കഴിക്കാൻ മേലാളർ അവരെ അനുവദിച്ചിരുന്നില്ല. കൺമുന്നിൽപ്പോലും കാണാതെ മാറി നടക്കണമായിരുന്നു അവർ. മൃഗങ്ങൾക്കു പോലും ഇതിനെക്കാൾ മുന്തിയ പരിഗണന മനുഷ്യർ കൊടുത്തിട്ടുണ്ടു്. തങ്ങളോടു കാണിക്കുന്ന ഈ കൊടിയ പീഡനങ്ങൾക്കും ക്രൂരതകൾക്കുമെതിരെ തന്റെ 15-ാമത്തെ വയസുമുതൽ പടയ്ക്കിറങ്ങിയവളായിരുന്നു കുറുമ്പ.

തങ്ങളുടെ അടിമകളിൽ നിന്നും എതിർപ്പിന്റെ കടുത്ത സ്വരമുയരുന്നതു് ജാതിക്കോമരങ്ങളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചതു്. സമരം നടത്തുകയും ജനങ്ങളെ തങ്ങൾക്കെതിരെ തിരിക്കുകയും ചെയ്ത കുറുമ്പയെ ഒരു പാഠം പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. അവളെ കൊല്ലാതെ കൊല്ലണം എന്നതായിരുന്നു അവരുടെ തീരുമാനം. അധികാരികളുടെ ആജ്ഞയ്ക്കൊത്തു ചലിച്ചിരുന്ന പോലീസ് കുറുമ്പയെ അറസ്റ്റു ചെയ്തു. പരിപൂർണ്ണനഗ്നയാക്കി അവരവളെ ഇരുമ്പഴിയ്ക്കുള്ളിൽ തള്ളി. ചരിത്ര രേഖകളിൽ ഇതെല്ലാം അടയാളപ്പെടുത്തിയിട്ടുണ്ടെന്നു് കെ. പി. ആർ. വ്യക്തമാക്കി.

എന്റെ മനസ്സിലപ്പോൾ മൃഗീയമായി ആക്രമിക്കപ്പെടുന്ന കുറുമ്പയുടെ മുഖം തെളിഞ്ഞു. തനിക്കു മുന്നിൽ നരകങ്ങളത്രയും പെയ്തിറങ്ങിയപ്പോഴും അക്ഷോഭ്യയായി അവൾ നിന്നു. കൊടിയ വേദനയിൽ ശരീരത്തിന്റെ അകവും പുറവും നുറുങ്ങി വേദനിക്കുമ്പോഴും ആ കണ്ണുകളിൽ കണ്ണുനീരിന്റെ നേർത്തൊരു ലാഞ്ഛന പോലുമില്ലായിരുന്നു. സകലതിനെയും ചുട്ടെരിക്കാൻ ശേഷിയുള്ളാരു അഗ്നിഗോളം അവളുടെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നതു പോലെ എനിക്കു തോന്നി.

ജീവിതം കരഞ്ഞുതീർക്കുന്നൊരു പെണ്ണല്ല അവളെന്നു് എന്റെ മനസ്സു മന്ത്രിച്ചു. അതിനാൽ, കണ്ണീരണിഞ്ഞൊരു കുറുമ്പയെ സങ്കല്പത്തിൽപ്പോലും കാണാൻ എനിക്കാവില്ല.

കുറുമ്പയൊഴിച്ചു മറ്റെല്ലാം എന്റെ ബോധമണ്ഡലത്തിൽ നിന്നും മാഞ്ഞുപോയി. വീരപെൺചരിതങ്ങൾ തേടി നാടൊട്ടാകെ അലഞ്ഞ എന്നിൽ നിന്നും കുറുമ്പയെങ്ങനെ ഇത്രകാലം മറഞ്ഞു നിന്നു? ഇക്കാലമത്രയും അവരെക്കുറിച്ചു കേൾക്കാതെ പോയതെങ്ങനെ?

ഞങ്ങൾ പങ്കെടുക്കേണ്ട പരിപാടിക്കായി ഹാളിലേക്കു കയറുമ്പോഴേക്കും എന്റെ ഹൃദയത്തിന്റെ ഒത്ത നടുവിൽ, പി. സി. കുറുമ്പ ഇരിപ്പുറപ്പിച്ചിരുന്നു. ഇനി നീ കുറിക്കുന്ന അക്ഷരങ്ങളും വാക്കുകളും എന്നെക്കുറിച്ചാവണമെന്ന ഭാവത്തോടെ.

ആ സ്റ്റേജിലേക്കു ഞാനൊന്നു കണ്ണോടിച്ചു. സമരചരിത്രത്തിൽ നിന്നും കുറുമ്പ ശൂന്യമാക്കപ്പെട്ടതു് ഏതു വിധമാണോ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതു തുടരുന്നു. പെൺ സമൂഹത്തെ ഒന്നടങ്കം പാർശ്വവത്ക്കരിച്ചിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനും അവരുടെ പുരോഗമനത്തിനും വേണ്ടി പോരടിക്കുന്ന പ്രബുദ്ധരെന്നും അന്തസ്സുറ്റവരെന്നും സ്വയം ഊറ്റം കൊള്ളുന്നവരിൽ നിന്നുമാണു് ഈ ശൂന്യമാക്കൽ. ഞാനും വിമലയും ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പക്ഷേ, ഞങ്ങൾക്കാ സ്റ്റേജിൽ സ്ഥാനമുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെട്ട പുരുഷന്മാരിൽ ചിലർ വരാത്തതിനാൽ സ്റ്റേജിലേക്കു കടന്നിരിക്കണമെന്നു് ഞങ്ങളോടു് മൈക്കിലൂടെ ആവശ്യപ്പെട്ടു. പക്ഷേ, ആ ക്ഷണം സ്വീകരിക്കാൻ ഞങ്ങളുടെ ആത്മാഭിമാനം അനുവദിച്ചില്ല. ഞങ്ങളിലെ കഴിവുകളെ ഈ സമൂഹം അംഗീകരിക്കേണ്ട രീതി ഇതല്ല. ഇതാകട്ടെ ഞങ്ങളുടെ ആദ്യ പ്രതിഷേധം.

അധ്യായം 2

മനസ്സിന്റെ ശാന്തതയത്രയും എനിക്കു നഷ്ടപ്പെട്ടിരുന്നു. ഇളകിമറിയുന്ന പുരുഷാരങ്ങൾക്കിടയിൽ നിന്നും രണ്ടു കണ്ണുകളെന്റെ ഹൃദയത്തിലേക്കു നോക്കുന്ന പോലെ. എവിടെയായിരുന്നു അവളിക്കാലവും? ആരാണവളെ എന്റെ കാഴ്ചയിൽ നിന്നും മറച്ചതു്? കെ. പി. ആറിനൊപ്പമുള്ള ആ വടക്കേക്കാടു് യാത്രയ്ക്കു് അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ കുറുമ്പ ഇപ്പോഴും കാണാമറയത്തു തന്നെ നിൽക്കുമായിരുന്നില്ലേ?

പരിപാടി കഴിഞ്ഞു് തിരിച്ചുള്ള യാത്രയിലും ഞങ്ങളുടെ ചർച്ചാവിഷയം നവോത്ഥാന സമരങ്ങളെക്കുറിച്ചു തന്നെയായിരുന്നു. ചൂടേറിയ വാദപ്രതിവാദങ്ങൾ കൈയ്യാങ്കളിയിൽ വരെയെത്തി. സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും അവളിൽ നിന്നും അംഗീകാരങ്ങൾ തട്ടിപ്പറിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ സ്ത്രീകൾക്കു പോലും ബോധ്യമാകുന്നില്ല. വിശാലമായ മനസും ചിന്തകളുമുള്ള വിമലടീച്ചറിൽപ്പോലും സങ്കുചിതമായി ചിന്തിക്കുന്നൊരു സ്ത്രീയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റെ ചിന്തകൾക്കു പോലും തീപിടിക്കുന്നു!

‘ലില്ലിയെപ്പോലെ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ലില്ലിക്കു മാത്രമേ സാധിക്കൂ. എത്ര യുഗങ്ങൾ താണ്ടിയാലാണു് ലില്ലിയുടെ കാഴ്ചപ്പാടിലേക്കു വളരാൻ എനിക്കു സാധിക്കുക എന്നു് എനിക്കറിയില്ല,’ എന്ന ടീച്ചറിന്റെ വാക്കുകൾ ഒട്ടൊരു നിസ്സംഗതയോടെ ഞാൻ കേട്ടിരുന്നു. പുരോഗമനാശയങ്ങളിൽ നിന്നും ടീച്ചർ സ്വയം പിൻവലിയുകയാണോ എന്നുപോലും ഞാൻ സംശയിച്ചു. അതു് മറ്റൊരു വാദപ്രതിവാദത്തിനു് ഇടയാക്കി. പക്ഷേ, വ്യക്തിസ്വാതന്ത്ര്യത്തിന വളരെയേറെ പ്രാധാന്യം നൽകുന്നവരായിരുന്നു ഞങ്ങളിരുവരും. അതിനാൽത്തന്നെ, സ്നേഹാന്തരീക്ഷത്തെ അതേപോലെ നിലനിർത്താൻ ഞങ്ങൾക്കു കഴിഞ്ഞു. യാത്ര കഴിഞ്ഞു് ഞങ്ങളെല്ലാം അവരവരുടെ മേഖലയിലേക്കു തിരിഞ്ഞെങ്കിലും കുറുമ്പ മനസ്സിൽ സ്ഥിരതാമസമാക്കിയതിനാൽ എന്റെ പിന്നീടുള്ള എല്ലാ അന്വേഷണങ്ങളും ചിന്തകളും കുറുമ്പ എന്ന വ്യക്തിയെക്കുറിച്ചു മാത്രമായി.

നെരിപ്പോടു പോലെ മനസ്സെരിയുകയാണു്. കുറുമ്പയെ കാണണം, സംസാരിക്കണം. അവരെക്കുറിച്ചു് അവരിൽ നിന്നു തന്നെ പഠിക്കണം. പിന്നെ അവരെ ഈ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കണം. പക്ഷേ, അവരെ കാണും മുമ്പു് അവരെക്കുറിച്ചു കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കാനായിരുന്നു എന്റെ ശ്രമം. അവരുടെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലാൻ അതാണു് എളുപ്പവഴി. കൂടാതെ, അന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ കൂടി മനസ്സിലാക്കിയേ തീരൂ.

പക്ഷേ, കുറുമ്പയെ അറിയുന്ന എത്ര പേരുണ്ടാകും? കേരളമൊട്ടാകെയും ചുറ്റിസഞ്ചരിക്കുകയും അസാമാന്യ സ്ത്രീ വ്യക്തിത്വങ്ങളെ തേടികണ്ടുപിടിക്കാൻ പരിശ്രമിക്കുകയും ചെയ്ത ഞാൻ പോലും അവരെക്കുറിച്ചറിയാൻ എത്രയോ വൈകിയിരിക്കുന്നു. അപ്പോൾ മറ്റുള്ളവരുടെ കാര്യം കേരളത്തിന്റെ ചരിത്രത്തിൽ, ആവേശോജ്ജ്വലമായ സമരങ്ങൾ നടത്തിയ ഒട്ടനവധി സ്ത്രീകളുണ്ടു്. ഈ സ്ത്രീ മുന്നേറ്റങ്ങളെയെല്ലാം നാലു ഘട്ടങ്ങളായിട്ടാണു് തരം തിരിച്ചിരിക്കുന്നതു്. 1850 മുതൽ 1900 വരെയുള്ളതാണു് ഒന്നാം ഘട്ടം. മാറുമറയ്ക്കൽ സമരകാലഘട്ടമെന്നു് ഇതു് അറിയപ്പെടുന്നു. കേരളത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ സ്ത്രീകൾ നടത്തിയ അതിശക്തമായ സമരമുന്നേറ്റമായിരുന്നു ഇതു്. ഈ സമരത്തോടൊപ്പം ജനാധിപത്യത്തിന്റെ ആദ്യവിത്തുകൾ അവരിൽ പിറവികൊള്ളുകയും ചെയ്തു. സ്വന്തം ശരീരത്തിൽ അധികാര സ്ഥാപനങ്ങളും ജാതിമത ശക്തികളും നടത്തിയ അധീശത്വത്തോടുള്ള അതിശക്തമായ പ്രതിഷേധമായിരുന്നു മാറുമറയ്ക്കൽ സമരം.

1900 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നടന്നതു് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു.

1960 മുതൽ 1985 വരെയുള്ള കാലഘട്ടം നിരവധി സ്ത്രീമുന്നേറ്റങ്ങൾക്കാണു് സാക്ഷ്യം വഹിച്ചതു്. ലോകത്തെത്തന്നെ ഉത്തേജിപ്പിക്കുന്ന അനവധി സ്ത്രീ മുന്നേറ്റങ്ങളും പ്രസ്ഥാനങ്ങളും സ്ത്രീവാദ സിദ്ധാന്തങ്ങളും നിയമനിർമ്മാണങ്ങളും കേരളത്തിലും പിറവി കൊണ്ടു. ബോധന, പ്രചോദന, അന്വേഷി, മാനുഷി, സമത തുടങ്ങിയ സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങൾ നിലവിൽ വന്നതും ഇക്കാലഘട്ടത്തിലാണു്. അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടു് സ്ത്രീകൾ നയിച്ച വിപ്ലവ മുന്നേറ്റങ്ങളാണു് 1985 മുതൽ നടന്നിട്ടുള്ളതു്.

നിയമനിർമ്മാണത്തിലും നീതിനിർവ്വഹണത്തിലും മാതൃകാപരമായ ശൈലി പിന്തുടർന്നു എന്നവകാശപ്പെടുന്ന കേരളത്തിനു പോലും സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി പൗരാവകാശങ്ങൾ ആസ്വദിച്ചു ജീവിക്കാൻ കഴിയുന്ന ഇടമാക്കി ഈ നാടിനെ മാറ്റാൻ കഴിഞ്ഞിട്ടില്ല. അതിക്രമങ്ങളും വിവേചനങ്ങളും മാത്രമല്ല അവളുടെ വ്യക്തിസ്വാതന്ത്ര്യം പോലും ഇവിടെ നിഷേധിക്കപ്പെടുന്നു. പുരുഷമേധാവിത്വത്തിന്റെ നീരാളിപ്പിടിയിൽ നവോത്ഥാന പോരാട്ടങ്ങളും സ്ത്രീ മുന്നേറ്റങ്ങളും പുരോഗമന ആശയങ്ങളും ഞെരിഞ്ഞമരുകയാണു്. സമരമുഖങ്ങളിലേക്കു് സധൈര്യമെത്തുന്ന സ്ത്രീകളെ കടന്നാക്രമിച്ചു് മൂലയ്ക്കിരുത്തുന്നതു് പുരുഷമേധാവിത്വത്തിനു സ്തുതിപാടുന്ന സ്ത്രീകളും പുരുഷന്മാരുമാണു് എന്നതാണു് പരമ ദയനീയം.

ഇത്രയും കാലത്തെ അനുഭവം എന്നെ ഒരു കാര്യം പഠിപ്പിച്ചിരുന്നു. അസാധാരണ വഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള, ഇപ്പോഴും സഞ്ചരിക്കുന്ന ഒരു സ്ത്രീയ്ക്കും അർഹമായ പദവിയോ സ്ഥാനമാനങ്ങളോ ഈ സമൂഹം നൽകിയിട്ടില്ല. തങ്ങളുടെ കഴിവിനും അറിവിനും സാഹചര്യങ്ങൾക്കുമപ്പുറമുള്ള മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളവരെപ്പോലും അംഗീകരിക്കാനും സമൂഹം തയ്യാറായിട്ടില്ല. അടിച്ചമർത്തപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട, അടിമകളാക്കപ്പെട്ട മനുഷ്യർക്കു വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റ് പാർട്ടി പോലും അധികാരം ലഭിച്ചപ്പോൾ അടിസ്ഥാന വർഗ്ഗത്തെ തമസ്കരിക്കുകയാണു് ചെയ്തതു്. ശക്തമായ കേഡർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്ത്രീകളോടു കാണിച്ച അനീതി ക്ഷമിക്കാവുന്നതോ പൊറുക്കാവുന്നതോ അല്ല. പാർട്ടിയുടെ അധികാരസ്ഥാനങ്ങൾ പുരുഷൻ കൈയ്യാളുന്നതു് അവന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, മറിച്ചു് പെണ്ണിനു് അവകാശപ്പെട്ടതു കൂടി തട്ടിപ്പറിച്ചെടുത്തു്, അവളെ പിന്നാമ്പുറങ്ങളിലേക്കു തൊഴിച്ചെറിഞ്ഞിട്ടു കൂടിയാണു്. പൊരുതി നേടിയതാണു് അവളുടെ അവകാശങ്ങളത്രയും.

പി. സി. കുറുമ്പ കറുത്തവളായിരുന്നു. പുലച്ചിയായിരുന്നു. വിദ്യയില്ലാത്തവളായിരുന്നു. ആണിനെ ആകർഷിക്കത്തക്ക ശാരീരികാവയവങ്ങൾ ഇല്ലാത്തവളായിരുന്നു. സർവ്വോപരി, ആർക്കുമുന്നിലും വളയാത്ത നട്ടെല്ലിന്റെ ഉടമ കൂടിയായിരുന്നു. അതിനാൽ, അധികാരി വർഗ്ഗമവളെ തെമ്മാടിക്കുഴിയിലേക്കു് എറിഞ്ഞു കളഞ്ഞു. അവളുടെ ഓർമ്മകൾ പോലും ഈ മണ്ണിൽ ശേഷിക്കരുതെന്ന വ്യക്തമായ ഉദ്ദേശലക്ഷ്യത്തോടെ. കാലമേറെ കടന്നുപോയി, എങ്കിലും, ഇനിയെങ്കിലുമവൾ ആദരിക്കപ്പെടണം. അധികാരത്തിന്റെ എല്ലിൻകഷണത്തിനായുള്ള കടിപിടിയ്ക്കിടയിൽ വലിച്ചെറിയപ്പെട്ടുപോയി അവൾ. പക്ഷേ, തീർത്തും അവഗണിക്കപ്പെട്ട ഒരു വ്യക്തിയായി കാലയവനികയ്ക്കുള്ളിൽ മറയാൻ കുറുമ്പയെ ഞാൻ അനുവദിക്കില്ല.

അധ്യായം 3

വേദനകൾക്കു ജാതിയുണ്ടോ? മതമുണ്ടോ? ഇല്ലെന്നാണു് നിങ്ങളുടെ അഭിപ്രായമെങ്കിൽ മനുഷ്യനെയും അവരുടെ ദുരിതജീവിതത്തെയും നിങ്ങൾ അടുത്തറിഞ്ഞിട്ടില്ലെന്നു സാരം. അവരില്ലാതെ ജന്മിമാരുടെ ഒരു ദിനം പോലും മുന്നോട്ടു പോകില്ലായിരുന്നു. സർവ്വതിനും അവർ വേണം. ജന്മിമാർക്കു തിന്നാനും കുടിക്കാനുമുള്ളതെല്ലാം നട്ടുനനച്ചു് ഉണ്ടാക്കേണ്ടതും അവരാണു്. മേലാളരുടെ ആർഭാട ജീവിതത്തിനു് അത്യധ്വാനം ചെയ്യേണ്ടതും അവർ തന്നെ ആയിരുന്നു. മഴയെയും കഠിന വെയിലിനെയും വിശപ്പിനെപ്പോലും വകവയ്ക്കാതെ ജന്മിമാരുടെ മണ്ണിൽ പൊന്നുവിളയിക്കാനവർ വേണം. അവർ കാളയെപ്പോലെ ജന്മിമാർക്കു വേണ്ടി പണിയെടുക്കണം.

കീഴാളരെ ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതിൽ ജന്മിമാർ ആനന്ദം കണ്ടെത്തിയിരുന്നു. പാടം ഉഴുതുമറിക്കാനുള്ള കാളയ്ക്കു പകരമായി കീഴാളരെ ഉപയോഗിച്ചു രസിച്ചിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകളുടെ ചന്തിയിൽ ഊന്നുവടികൊണ്ടു കുത്തുക, കഴിച്ചു കൊണ്ടിരിക്കുന്നവരുടെ ഇലയിലേക്കു മുറുക്കിത്തുപ്പുക എന്നതും ജന്മിമാരുടെ വിനോദമായിരുന്നു.

ജന്മിമാർ ആദ്യമവരെ വെറുക്കപ്പെട്ടവരായി മുദ്രകുത്തി. അടിമകളാക്കി പണിചെയ്യിച്ചു. ഭക്ഷണം പോലും നിഷേധിച്ചു. കീഴാളപെൺശരീരം കണ്ടാസ്വദിക്കുന്നതിനു വേണ്ടി തുണിയുടുക്കാൻ പോലും അനുവദിച്ചിരുന്നില്ല. തങ്ങൾ അടിമകളാക്കിയവർക്കു മേൽ വരേണ്യവർഗ്ഗം നരകത്തീമഴ പെയ്യിച്ചു്, അവരുടെ യാതനകൾ കണ്ടാസ്വദിക്കുകയായിരുന്നു. ജന്മിമാരുടെ മാംസദാഹം തീർക്കാനുള്ള വെറും ഉപകരണങ്ങൾ മാത്രമായിരുന്നു കീഴാള സ്ത്രീകൾ, അവരുടെ വേദനകളിൽ ആഹ്ലാദം കണ്ടെത്തിയിരുന്നവർ അവരുടെ സഹനങ്ങളെയും പീഡനങ്ങളെയും അനുഭാവപൂർവ്വം പരിഗണിക്കുന്നതെങ്ങനെ?

കുറുമ്പയെക്കുറിച്ചു ഞാൻ നടത്തിയ അന്വേഷണങ്ങളെങ്ങുമെത്തിയില്ല. സാംസ്കാരികനായകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ കുറുമ്പയെന്ന വിപ്ലവവീര്യത്തെക്കുറിച്ചു് കൂടുതൽ അറിയാൻ താല്പര്യപ്പെട്ടില്ല. കുറുമ്പ എന്നും ഇരുളിലായിരിക്കണമെന്നു് ആർക്കൊക്കെയോ നിർബന്ധമുള്ളതുപോലെ. കുറുമ്പ ജീവിച്ച സാഹചര്യങ്ങളെക്കുറിച്ചും അനുഭവിച്ച പീഡനങ്ങളുടെ ആഴങ്ങളെക്കുറിച്ചും കൂടുതലായി അറിയണമെങ്കിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതി-മത-ആചാരങ്ങളെക്കുറിച്ചു് കൂടുതലായി അറിഞ്ഞേതീരൂ. അതിനാൽ അതേക്കുറിച്ചു കൂടുതൽ പഠനം നടത്താൻ ഞാൻ തീരുമാനിച്ചു.

യേശുക്രിസ്തുവിനും മുമ്പു നിലനിന്നിരുന്ന പൗരാണിക ഗ്രീക്ക് തുടങ്ങിയ നാഗരികത പോലെ സംസ്കാര സമ്പന്നമായിരുന്നു പ്രാചീന ഇന്ത്യയിലെ നാഗരികതയും. ഇവിടുത്തെ ജനതയുടെ ബൗദ്ധിക നിലവാരത്തിന്റെ ഔന്നത്യം നളന്ദയും തക്ഷശിലയും നമുക്കു കാണിച്ചു തന്നു. എന്നാൽ, മറ്റു നാഗരികത പോലെ തന്നെ ഇന്ത്യയിലെയും കേരളത്തിന്റെയും നാഗരികത പിന്നോട്ടു പോയതിന്റെയും അത്യന്തം മലീമസമായതിന്റെയും പിന്നിൽ ജാതീയമായ ദുരാചാരങ്ങളായിരുന്നു. ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നതു് അതതു കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ചിന്തയുടെയും മാനസിക വികാസത്തിന്റെയും അടിസ്ഥാനത്തിലാണു്. ജാതിയുടെയും മതത്തിന്റെയും ഇടുങ്ങിയ വേലിക്കെട്ടുകളിലൂടെ മനുഷ്യർ സഞ്ചരിക്കാൻ ആരംഭിച്ചതോടെ സംസ്കാരം തകർന്നടിഞ്ഞു. പിന്നീടുള്ള മനുഷ്യപ്രയത്നങ്ങളത്രയും ദുഷിച്ച ആചാരങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. അതു് ഇപ്പോഴും അനസ്യൂതം തുടരുന്നു. സാംസ്കാരിക മേഖലകളിൽ പോലും അതിനു് കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നതാണു് ഏറ്റവും ദുഃഖകരം.

സമൂഹത്തിലെ അനീതിയുടെ വേരുകൾക്കു് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലത്തോളം പഴക്കമുണ്ടു്. മറ്റുള്ളവനു് അവകാശപ്പെട്ടതു തട്ടിയെടുക്കാനും ചതിവിൽപ്പെടുത്താനും അവർ സ്വന്തം ബുദ്ധി ഉപയോഗപ്പെടുത്താൻ ആരംഭിച്ചു. ശക്തിയാൽ ജയം സാധ്യമല്ലെന്നു കരുതുന്ന അവസരങ്ങളിലെല്ലാം മനുഷ്യർ ബുദ്ധിപൂർവ്വം ചതിച്ചു മുന്നേറി. ഈ ചതിയുടെ ചരിതം ഈ ഭൂമിയിലെ അവസാനത്തെ മനുഷ്യനും മരിച്ചു വീഴും വരെ തുടരുകയും ചെയ്യും. കുറുമ്പയെ തൽക്കാലത്തേക്കെങ്കിലും മനസ്സിൽ നിന്നും മാറ്റിനിറുത്തിയാൽ മാത്രമേ ഇത്തരം ദുരാചാരങ്ങളുടെ വേരുകളിലേക്കും വളർച്ചാ വഴികളിലേക്കും യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. അതിനെനിക്കു സാധിക്കുമായിരുന്നില്ല. അതിനാൽ, കുറുമ്പയിലേക്കു മാത്രമായി ഞാനെന്റെ കണ്ണുകളും കാതുകളും പ്രജ്ഞയെത്തന്നെയും കേന്ദ്രീകരിച്ചു.

ചരിത്രമെപ്പോഴും വാഴ്ത്തിപ്പാടിയിട്ടുള്ളതു് അവന്റെ അപദാനങ്ങളാണു്. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ നെഞ്ചുവിരിച്ചു് സധൈര്യം പോരാടുന്ന അവനെ തോളിലേറ്റി നടക്കാനിവിടെ ആളുകൾ മത്സരിക്കുന്നു. അവളുടെ ചരിതങ്ങൾ നാവുകൊണ്ടു പോലും പറയാൻ മടിക്കുന്ന മനുഷ്യരെങ്ങനെയാണു് വെറുപ്പോടെ അകറ്റിനിർത്തപ്പെടുന്നൊരു പുലയസ്ത്രീയുടെ വീരചരിതങ്ങൾ അംഗീകരിക്കുന്നതു്? അവൾ വെറും അടിച്ചുതളിക്കാരി! അലക്കുകാരി! ! വെപ്പുകാരി! വെപ്പാട്ടി! ചൂട്ടുപിടുത്തക്കാരി. നവോത്ഥാന നായകരെ ഒളിവിൽ പാർപ്പിക്കേണ്ടതു് അവളുടെ കടമയല്ലേ? അവൾക്കു കൂടി വേണ്ടിയല്ലേ അവർ ത്യാഗം സഹിക്കുന്നതു്? സ്വന്തം കടമ ചെയ്തതിനു് ഇവറ്റകളെ എന്തിനു് ചരിത്രത്തിൽ അടയാളപ്പെടുത്തണം? അതേ, ഈ ചിന്താധാരയാണു് കുറുമ്പയെന്ന പുലയിപ്പെണ്ണിനെ ചരിത്ര രേഖകളിൽ നിന്നും മായിച്ചു കളഞ്ഞതു്. അവളുടെ ദാരുണാനുഭവങ്ങളും സഹനങ്ങളും അപ്രസക്തങ്ങളാക്കിയതു്!

കുറുമ്പ ഒരിടത്തും പ്രസംഗിച്ചിട്ടില്ല, ആരെയും കൊന്നിട്ടില്ല, തല്ലിയിട്ടില്ല, തീവച്ചിട്ടില്ല. ചരിത്ര പുരുഷന്മാർക്കൊപ്പം പരാമർശിക്കപ്പെടാൻ മാത്രം എന്തു പ്രവർത്തിയാണു് അവൾ ചെയ്തതു്? നവോത്ഥാന നായകരെ പോലീസ് കിങ്കരന്മാർക്കു കാണിച്ചു കൊടുക്കാതിരുന്നതോ? യുവത്വം തുളുമ്പുന്ന പ്രായത്തിൽ നഗ്നയാക്കപ്പെട്ടു ജയിലിലടയ്ക്കപ്പെട്ടതോ? അവളുടെ മാറിടവും യോനിയും കാരുണ്യമേതുമില്ലാതെ തച്ചുടയ്ക്കപ്പെട്ടതോ? അതുകൊണ്ടും കലിയടങ്ങാതെ അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചു സ്ഥലവും തല്ലിച്ചതച്ചു്, ചവിട്ടിയരച്ചു് ഇല്ലായ്മ ചെയ്തതിനോ? മേൽജാതിക്കാർ അടച്ചുകെട്ടി സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ പൊതുവഴി തന്റെ കൂട്ടർക്കായി തുറന്നു കൊടുത്തതിനോ? പുഴുത്ത നായ്ക്കളോടെന്നതിനെക്കാളും ക്രൂരമായി തങ്ങളെ ആട്ടിയകറ്റുന്ന മേൽജാതിക്കാർക്കെതിരെ നട്ടെല്ലു നിവർത്തിനിൽക്കാൻ സ്വന്തം കൂട്ടരെ കരുത്തരാക്കിയതിനോ? അവളുടെ ചരിതങ്ങൾ ഈ വരികളിൽ ഒതുക്കിനിറുത്താനാവില്ല. അതിനു് അവൾക്കൊപ്പം സഞ്ചരിക്കണം. ഹൃദയം കീറിമുറിക്കപ്പെട്ട അവളുടെ നിലവിളികൾക്കൊപ്പം ഓരോ രോമകൂപങ്ങളിൽ നിന്നുമൊലിച്ചിറങ്ങിയ ചോരച്ചാലുകൾക്കുമൊപ്പം കൊടിയ വേദനകളിലും തല ഉയർത്തിപ്പിടിച്ചു നിന്ന കുറുമ്പയ്ക്കൊപ്പം, അവളിലൊരാളായ് അല്ല, അവളായിത്തന്നെ സഞ്ചരിക്കണം.

അധ്യായം 4

ഈ ഭൂമിയിൽ ജീവൻ ഉരുവായ കാലം മുതൽ ആരംഭിച്ചതാണു് ആധിപത്യം. ഒന്നു മറ്റൊന്നിനെ കീഴടക്കിയാണു് ഇവിടെ ജീവിതങ്ങൾ മുന്നോട്ടു പോയിട്ടുള്ളതു്. ഈ ഭൂമിയിലെ ജീവിതചക്രം തന്നെ അതിനു തെളിവാണു്. വെള്ളവും മണ്ണും ചെളിയും ആഹാരമാക്കുന്ന സസ്യലതാദികളും ജീവിവർഗ്ഗങ്ങളും ആദ്യമുണ്ടായതായി ശാസ്ത്രം പറയുന്നു. പിന്നെ ആ സസ്യങ്ങളെയും ജീവികളെയും തിന്നുന്ന ജീവി വർഗ്ഗങ്ങളും അവയെ തിന്നുന്നവയുമുണ്ടായി. ഒന്നു മറ്റൊന്നിനു ഭക്ഷണം. ആധിപത്യത്തിന്റെ ആദ്യവിത്തുകൾ മുളയ്ക്കുന്നതു് അവിടെ നിന്നാണു്.

നിരന്തരമായ ഏറ്റുമുട്ടലുകൾ. എതിരിടാൻ ശേഷിയില്ലാതെ തോറ്റുവീഴുന്നവർ വിജയിക്കു ഭക്ഷണമായി. എന്നാൽ ജീവലോകത്തു നിന്നും വിഭിന്നമായി മനുഷ്യകുലത്തിലേക്കെത്തുമ്പോൾ, അവിടെ അതിഭീകരമായ ഒരനീതി നടക്കുന്നു. അപരന്റെ വേദനയിൽ പുളകിതരാകുന്ന, ആനന്ദനൃത്തം ചവിട്ടുന്ന ജീവികളെ മനുഷ്യകുലത്തിൽ മാത്രമേ കാണാൻ കഴിയുകയുള്ളു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അനന്തസാഗരമാണു മനുഷ്യവർഗ്ഗം. അതേസമയം ക്രൂരതയുടെ അവസാന പേരും മനുഷ്യനെന്നു തന്നെ. ഭൂമിയിൽ മനുഷ്യനൊഴികെയുള്ള ജീവി വർഗ്ഗങ്ങളെല്ലാം വിശക്കുമ്പോൾ മാത്രം ഇര തേടുന്നു. ആവശ്യമുള്ളപ്പോൾ മാത്രം ഇണ ചേരുകയും ചെയ്യുന്നു. എന്നാൽ മനുഷ്യനാകട്ടെ, അവനവന്റെ വയറിനു വേണ്ടിയുള്ളതു മാത്രമല്ല, അവന്റെ അനവധി തലമുറയ്ക്കു കഴിയാനുള്ളതുകൂടി ഉണ്ടാക്കിയെടുക്കാൻ ആർത്തി മൂത്തു നടക്കുന്നു. കൈയ്യടക്കുക, വെട്ടി നേടുക, കീഴടക്കുക, മുന്നിൽ തലഉയർത്തി നിൽക്കുന്നതു് ആരായാലും തച്ചു തകർക്കുക! എല്ലാവരെയും അടക്കിഭരിക്കുക!

പരിണാമത്തിനും മുന്നേറ്റത്തിനുമനുസരിച്ചു്, അവരിൽ മനുഷ്യത്വവും രൂപപ്പെട്ടു. ദുർബലനെക്കൂടി ചേർത്തു പിടിച്ചുകൊണ്ടു മുന്നേറാനുള്ള തീരുമാനമുണ്ടായതും ആ മനുഷ്യത്വത്തിൽ നിന്നു തന്നെ. പക്ഷേ, സ്വകാര്യസ്വത്തെന്ന ചിന്താധാരയിലൂടെ ഇവിടെ നടപ്പിലായതു് വെട്ടിപ്പിടിക്കാനുള്ള അവന്റെ തൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാർഗ്ഗങ്ങളായിരുന്നു. സർവ്വചരാചരങ്ങളുടെയും അധിപതിയാവുക എന്നതു് അവന്റെ അടക്കാനാവാത്ത ആഗ്രഹമായി മാറി. അതിനായി അവൻ മതങ്ങൾക്കും ദൈവങ്ങൾക്കും രൂപം നൽകി. അങ്ങനെ അവൻ സൃഷ്ടിച്ച ദൈവങ്ങളുടെ പേരിൽ, മറ്റുമനുഷ്യരെ അവൻ അടിമകളാക്കി. അതിൽ ഏറ്റവും കിരാതമാക്കപ്പെട്ടതു് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതമായിരുന്നു.

ശക്തിയും ബുദ്ധിയും കഴിവും സമ്പത്തുമുള്ളവർ അതില്ലാത്തവന്റെ മേൽ സ്ഥാപിക്കുന്ന അധീശത്വമാണു് ജാതീയത. സ്വന്തം നീചപ്രവൃത്തി ദിവ്യത്വം നൽകുന്നതിനു് മനുഷ്യൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു മതവും ദൈവവുമെല്ലാം. ബലഹീനരെ അടിമകളാക്കിയും പട്ടിണിക്കിട്ടും പണിയെടുപ്പിച്ചു. തങ്ങളുടെ തൃഷ്ണകളെ ശമിപ്പിക്കാനുള്ള വെറും ഭോഗവസ്തുക്കൾ മാത്രമാക്കി സ്ത്രീകളെയവർ മാറ്റി.

ജാതീയത എന്നതു് മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ പെട്ടെന്നൊരു ദിവസം പൊട്ടിവിടർന്ന ഒരു സംഭവ വികാസമല്ല. മനുഷ്യനുണ്ടായ കാലം മുതൽ കീഴടക്കലിന്റെയും വെറുപ്പിന്റെയും അനീതിയുടെയും വിത്തുകൾ ഈ മണ്ണിൽ പിറവി കൊണ്ടു. മനുഷ്യന്റെ വളർച്ചയ്ക്കും വികാസത്തിനുമൊപ്പം അവയും വളർന്നു. മനുഷ്യരെ പ്രത്യേക തട്ടുകളിലാക്കി വിഭജിച്ചു് ഓരോ വിഭാഗത്തിനും ഓരോരോ ജോലികളായി നിജപ്പെടുത്തി. നിരാലംബരും നിസ്സഹായരുമായ ഓരോ മനുഷ്യനെയും സ്വന്തം കാൽക്കീഴിലിട്ടു ചവിട്ടിയരയ്ക്കുന്നതിനു് മേൽത്തട്ടുകാർ രൂപം കൊടുത്ത ജാതി വ്യവസ്ഥ അന്നത്തെ ജീവിതത്തിൽ ഒരവശ്യഘടകമായിരുന്നുവെന്നു് ചരിത്രകാരന്മാർ പോലും രേഖപ്പെടുത്തുന്നു. നീചമായൊരു കാര്യമാണു് ജാതീയത എന്നതു് വിദ്യാഭ്യാസമുള്ളവർക്കുപോലും മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ അവയ്ക്കു് ദിവ്യത്വം വന്നു എന്നു സാരം.

വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും സുഖസൗകര്യങ്ങളുമെല്ലാം അധികാരമുള്ളവർക്കു മാത്രമായി നിലനിറുത്തുകയും താഴെക്കിടയിലുള്ളവർക്കു് അതെല്ലാം നിഷേധിക്കുകയും ചെയ്തു. ചെയ്യുന്ന പണിക്കു് കൂലി കൊടുത്തില്ലെന്നു മാത്രമല്ല, ആവശ്യത്തിനു് ആഹാരം പോലും കൊടുത്തിരുന്നില്ല. ചെറിയ രീതിയിൽ പോലും എതിർക്കാൻ ഈ മനുഷ്യർക്കു കഴിയുമായിരുന്നില്ല. ദൈവം പോലും തങ്ങൾക്കു കൂട്ടിനില്ലെന്നും ഇതാണു് ദൈവ തീരുമാനമെന്നും തങ്ങളിതിനെ എതിർക്കാൻ പാടില്ലെന്നും അവർ വിശ്വസിച്ചു. ദൈവത്തിന്റെ ഇടനിലക്കാരെന്നവകാശപ്പെടുന്ന വരേണ്യവർഗ്ഗം പറയുന്നതെല്ലാം ദൈവം പറയുന്നതായി ഇവർ അംഗീകരിച്ചു. ഭൂമിയുടെയും സമ്പത്തിന്റെയും വിദ്യയുടേയുമെല്ലാം അവകാശികളായ ഉയർന്ന ജാതിക്കാർക്കു വേണ്ടി മരിക്കുവോളം പണിയെടുക്കുക എന്നതു മാത്രമായിരുന്നു ഈ ഭൂമിയിൽ ജീവൻ നിലനിർത്താൻ അവർക്കു മുന്നിലുണ്ടായിരുന്ന ഏകമാർഗ്ഗം. യുക്തി ഉപയോഗിക്കുന്ന വെറും മൃഗം മാത്രമാണു് മനുഷ്യനെന്ന അഭിപ്രായം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു മനുഷ്യൻ മനുഷ്യനോടുചെയ്തിരുന്ന ക്രൂരത. മനുഷ്യൻ ഉൽഭവിച്ച കാലം മുതൽ ശാസ്ത്രത്തെയും ഈശ്വരനെയും അവർ വേർതിരിച്ചു കാണാൻ ശ്രമിച്ചിട്ടില്ല. ശാസ്ത്രീയമായ എല്ലാറ്റിലും ദൈവികത കാണുവാൻ ശ്രമിക്കുന്നവരാണു് മനുഷ്യർ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ജലവും അഗ്നിയും പർവ്വതങ്ങളും വായുവുമെല്ലാം മനുഷ്യനു ദൈവങ്ങളായി. ശാസ്ത്രം ഇത്രമാത്രം പുരോഗതി കൈവരിച്ച ഈ ആധുനിക യുഗത്തിലും മനുഷ്യനെ നയിക്കുന്നതു് യുക്തിയോ ശാസ്ത്ര ചിന്തകളോ അല്ല, മതത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടുകളാണു്. ഉയർന്നവരെന്നവകാശപ്പെടുന്ന ഒരു ജനവിഭാഗം ഇന്നും കറുത്തവരെയും പട്ടിണിപ്പാവങ്ങളെയും സാധുക്കളെയും തങ്ങളുടെ കാൽക്കീഴിലിട്ടു് ചവിട്ടിയരയ്ക്കുന്നു.

ശിലകളിൽ വസിക്കുന്ന ദൈവങ്ങളുടെ പ്രിയപ്പെട്ടവരാണു് തങ്ങളെന്നു് ചിലർ അവകാശപ്പെടുന്നു. അവരോടു മാത്രം സംവദിക്കാനേ ആ ദൈവത്തിനു താൽപര്യമുള്ളുവത്രെ! സാധുക്കളും സാധാരണക്കാരുമായ മനുഷ്യരുമായി ആശയവിനിമയം നടത്താൻ തങ്ങളെ ദൈവങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതായി ചിലർ പ്രഖ്യാപിക്കുന്നു. ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ഇടനിലക്കാരാണു് തങ്ങളെന്നും തങ്ങൾക്കു് പ്രത്യേക അധികാരങ്ങളുണ്ടെന്നും അവർ അവകാശപ്പെടുന്നു.

സർവ്വജ്ഞനും സർവ്വവ്യാപിയും സർവ്വജ്ഞാനിയും ആദ്യാന്തമില്ലാത്തതും അപരിമേയവുമായ കേവലസത്തയെ, സ്വന്തം അധികാരവും വാക്ചാതുരിയും വക്രബുദ്ധിയും ഉപയോഗിച്ചു്, ആ കേവലസത്തയുടെ അസ്തിത്വത്തെപ്പോലും തകിടം മറിച്ചു് ഒരുകൂട്ടർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി മാറുന്നു. ദൈവം തങ്ങളെ പ്രത്യേകമായി തെരഞ്ഞെടുത്തിരിക്കുന്നതായി സാധുക്കളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഈ കേവല സത്തയുമായി ആശയവിനിമയം നടത്താനും സമ്പർക്കത്തിലേർപ്പെടാനും തങ്ങൾക്കു മാത്രമേ അധികാരമുള്ളുവെന്നു് ഇവർ അഹങ്കരിക്കുന്നു. ദൈവം നൽകിയിരിക്കുന്നു എന്നു് അവർ പറയുന്ന ആ പ്രത്യേക അധികാരമുപയോഗിച്ചു് സാധുക്കളെ അവർ അടക്കിഭരിക്കുന്നു. അവരുടെ എല്ലാ അവകാശങ്ങളെയും തട്ടിപ്പറിക്കുന്നു. ഈ ലോകത്തിലുള്ള സകല മതങ്ങളിലെയും അവസ്ഥ ഇതുതന്നെയാണു്.

വരേണ്യവർഗ്ഗമാണു് തങ്ങളെന്നു് ഇവർ സ്വയം അവകാശപ്പെടുകയും അതിന്റെ പേരിൽ പ്രത്യേക അധികാരങ്ങളും അവകാശങ്ങളും കൈക്കലാക്കുകയും ചെയ്യുന്നു. ഈ പ്രത്യേകാധികാരമുപയോഗിച്ചു്, തങ്ങൾക്കിഷ്ടമില്ലാത്ത സകലതിനെയും ഇവർ ശിക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ പ്രത്യേക ജനമായ തങ്ങളാണു് ഈ ലോകത്തിന്റെ അവകാശികളെന്നും മറ്റുള്ളവരെല്ലാം തങ്ങളെ അനുസരിച്ചു ജീവിക്കണമെന്നും ഇവർ കല്പിക്കുന്നു.

ജീവനാണു് ജീവശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു. ജീവന്റെ ജനിതക നിർണ്ണയത്വം ഡാർവിന്റെ പരിണാമ പ്രക്രിയയിൽ അധിഷ്ഠിതമാണു്. ഈ പ്രപഞ്ചത്തിൽ മനുഷ്യനെ നിയന്ത്രിക്കുന്നതു് പ്രാപഞ്ചിക ശക്തിയാണു്. ഒരു ബ്രാഹ്മണ സ്ത്രീ കീഴാളനുമായി സംഭോഗത്തിൽ ഏർപ്പെട്ടാൽ ജനിക്കുന്ന കുഞ്ഞു് ബ്രാഹ്മണനോ കീഴാളനോ മൃഗവർഗ്ഗ ജീവിയോ അല്ല, മറിച്ചു് മനുഷ്യനാണു്. അതിനാൽ ജാതിയുടെ പേരിൽ നടത്തുന്ന ഈ വേർതിരിവുകൾ ഈ ആധുനിക യുഗത്തിലും നടക്കുന്നുവെന്നതു് മനുഷ്യകുലത്തിനു തന്നെ അപമാനമാണു്.

ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും ഒരുപോലെ അവകാശപ്പെട്ടതാണു് ഈ പ്രകൃതിയിലെ എല്ലാ വിഭവങ്ങളും. വിദ്യാഭ്യാസം നേടാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും മികച്ച രീതിയിൽ ജീവിക്കുവാനും അവകാശമുള്ളവരാണു് ഓരോ മനുഷ്യനും. കുറുമ്പയ്ക്കുമുണ്ടായിരുന്നു അവകാശങ്ങൾ! പക്ഷേ, ജാതിവെറിയിൽ വെന്തെരിഞ്ഞുപോയി അവളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളത്രയും.

അധ്യായം 5

ഒരു മനുഷ്യൻ, പ്രത്യേകിച്ചും ഒരു പെണ്ണു് കടന്നുപോയ അതിദാരുണ പീഡാനുഭവത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ അവളോടൊപ്പം സഞ്ചരിക്കണം, അവളുടെ മനസ്സു വായിക്കണം. അവൾ കടന്നുപോയ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, കുറുമ്പയെക്കുറിച്ചറിയണമെങ്കിൽ, മറ്റൊരു കുറുമ്പയായി ഇവിടെ പുനർജ്ജനിക്കണം! കേരളത്തിൽ നടമാടിയ ജാതീയതയുടെ നാൾവഴികളും ഭീകരതയും അറിഞ്ഞാൽ മാത്രമേ ആ പുനർജ്ജനി പോലും സാധ്യമാകുകയുള്ളു.

സിന്ധു നദീതടസംസ്കാരത്തിന്റെ സ്രഷ്ടാക്കളും മെഡിറ്ററേനിയൻ വംശജരുമായ ദ്രാവിഡർ സിന്ധുനദീതടസംസ്കാരത്തിന്റെ പതനത്തോടെയാണു് ഇന്ത്യയിലുടനീളം വ്യാപിക്കുന്നതു്. എന്നാൽ ദക്ഷിണേന്ത്യയിൽ സിന്ധുനദീതട സംസ്കാരത്തിന്റെ കാലഘട്ടത്തിൽത്തന്നെ വ്യതിരിക്തമായൊരു സംസ്കാരം (ദ്രാവിഡസംസ്കാരം) വികസിപ്പിച്ചെടുക്കാൻ ദ്രാവിഡർക്കു കഴിഞ്ഞിരുന്നു. മാത്രമല്ല ഉത്തരേന്ത്യയിലെ ജനവിഭാഗങ്ങളുമായി, പ്രത്യേകിച്ചും സിന്ധുനദീതടപ്രദേശത്തെ പരിഷ്കൃത ജനതയുമായി സാംസ്കാരിക വാണിജ്യബന്ധങ്ങൾ നിലനിർത്താനും ഇവർക്കു കഴിഞ്ഞിരുന്നു.

ദ്രാവിഡസംസ്കാരത്തിന്റെ അന്തഃസത്ത ജാതിരാഹിത്യമായിരുന്നു. തൊഴിലിന്റെയും വാസസ്ഥലത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനം മാത്രമേ അക്കാലത്തു് നിലനിന്നിരുന്നുള്ളു. കുറിഞ്ഞി (കുന്നും മലയും നിറഞ്ഞ പ്രദേശം) നിലത്തുള്ളവൻ കുറവൻ, മുല്ലൈ (മേച്ചിൽ സ്ഥലങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഇടനാടൻ പ്രദേശം) നിലത്തുള്ളവൻ ഇടയൻ, മരുതു് (പുഴകളും വയലേലകളും നിറഞ്ഞ പ്രദേശം) നിലത്തുള്ളവൻ ഉഴവൻ, നെയ്തൽ (തീരപ്രദേശം) നിലത്തുള്ളവൻ വലയൻ എന്നിങ്ങനെയായിരുന്നു ആ വിഭജനം.

ഗോത്രത്തലവന്മാരുടെ (വെപ്പൻ അഥവാ വടല) കീഴിൽ ഗോത്രങ്ങളായാണു് മനുഷ്യർ അന്നു് ജീവിച്ചിരുന്നതു്. ഗോത്രത്തലവന്മാരാൽ നിയന്ത്രിതമായ ഇത്തരം ഭരണസംവിധാനത്തിന്റെ വികസിതരൂപമായിട്ടായിരിക്കാം പില്ക്കാല ഗോത്രരാജവംശങ്ങളും ഗോത്രസാമ്രാജ്യങ്ങളും രൂപംകൊള്ളുന്നതു്. അധ്വാനത്തിന്റെ മഹത്ത്വം എവിടെയും അംഗീകരിക്കപ്പെട്ടിരുന്നു. കുറവർ, വേടർ, മറവർ, പാണർ മുതലായവർ അക്കാലത്തെ സാംസ്കാരിക നായകന്മാരായിരുന്നു. അവർ രാജസദസ്സുകളിൽപ്പോലും ആദരിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ ഐശ്വര്യത്തിനു കാരണക്കാരായ കൃഷിക്കാർ പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. സ്ത്രീ-പുരുഷസമത്വം നിലനിന്നിരുന്നു. എല്ലാ വിഭാഗങ്ങൾക്കും വിദ്യാഭ്യാസം അനുവദിക്കപ്പെട്ടിരുന്നു.

ജാതിവ്യവസ്ഥയുടെ കാലഘട്ടത്തിൽ താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളായിരുന്നു പാണർ, പറയർ, കുറവർ തുടങ്ങിയവർ. എന്നാൽ ഈ വിഭാഗങ്ങൾ ദ്രവീഡിയൻ കാലഘട്ടത്തിൽ പണ്ഡിതന്മാരും കവികളുമായിരുന്നു. പരണർ, കപിലർ തുടങ്ങിയ കവികൾ പാണന്മാരായിരുന്നു. സ്ത്രീകൾക്കു് സമൂഹത്തിൽ ഉന്നത പദവി നല്കിയിരുന്നു. വിദ്യാഭ്യാസമുൾപ്പെടെ എല്ലാ സാമൂഹിക സ്വാതന്ത്ര്യവും സ്ത്രീകൾ അനുഭവിച്ചിരുന്നു. സംഘംകൃതികളിലെ പാട്ടുകാരിൽ നല്ലൊരു ശതമാനം സ്ത്രീകളായിരുന്നു എന്നതു് അക്കാലത്തു് സ്ത്രീകൾക്കു സമൂഹത്തിലുണ്ടായിരുന്ന ഔന്നത്യത്തിന്റെ നിദർശനമാണു്. വിവാഹത്തിനു് പെൺപണം കൊടുക്കുന്ന പതിവു് അന്നു് നിലനിന്നിരുന്നു.

പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്നു് ക്രി. വ. നാലാം നൂറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്കു് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചതു്. അതിനു മുമ്പുതന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്തു് തോൽപ്പിച്ചു. കൂടുതൽ എതിർപ്പു് പ്രകടിപ്പിച്ചവരേയും അവർക്കു് ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണു് വിളിച്ചിരുന്നതു്. അവർക്കു് കീഴ്പെട്ടവരെ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്കു് കീഴ്പ്പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണു് ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സൗഹൃദത്തിലായി അവർക്കു് ക്ഷത്രിയ പദവി കല്പിച്ചു നൽകി ബ്രാഹ്മണർക്കു് തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങളെ വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതി ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും സ്വാംശീകരിച്ചു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോടു് ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇതു് മഹത്തായ പാരമ്പര്യം ദാനമായി ലഭിക്കുന്നതിനു തുല്യമായിരുന്നു. തെക്കേ ഇന്ത്യയിലാണു് അവർക്കു് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നതു്.

ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണു് കേരളത്തിൽ ജാതിവ്യവസ്ഥയും ജന്മിത്വവും രൂപംകൊള്ളുന്നതു്. സംഘകാലഘട്ടത്തിൽ കേരളത്തിൽ ജാതിവ്യവസ്ഥ രൂപപ്പെട്ടിരുന്നില്ല. അധിവാസകേന്ദ്രങ്ങളുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ ജനങ്ങൾ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിലും സവർണർ എന്നോ അവർണരെന്നോ ഉള്ള വിഭജനം സമൂഹത്തിൽ നിലനിന്നിരുന്നില്ല. ബ്രാഹ്മണൻ എന്ന പദം പോലും സംഘകൃതികളിൽ കാണുന്നില്ല. എന്നാൽ പില്ക്കാലത്തു് വടക്കേയിന്ത്യയിൽ നിന്നും ബ്രാഹ്മണർ കേരളത്തിൽ കുടിയേറാൻ ആരംഭിച്ചതോടെയാണു് ഇവിടെ ജാതികേന്ദ്രിതമായൊരു സമൂഹം രൂപം കൊള്ളുന്നതു്. വൈദികപാരമ്പര്യത്തിൽ അഭിരമിച്ചിരുന്ന ബ്രാഹ്മണർ രാജാക്കന്മാരുടെയും ധനികരുടെയും ഐശ്വര്യത്തിനു വേണ്ടി യാഗാദികർമങ്ങൾ നടത്തിക്കൊണ്ടായിരുന്നു സമൂഹത്തിൽ അവരുടെ ആധിപത്യം സ്ഥാപിച്ചെടുത്തതു്. ആര്യന്മാരുടെ തെക്കോട്ടുള്ള വരവു് ആദ്യം വളരെ പരിമിതമായ തോതിലായിരുന്നു. ചെറിയ സംഘങ്ങളായി ഇന്ത്യയുടെ കിഴക്കേതീരം വഴി തെക്കോട്ടുള്ള ആ കൂടിയേറ്റം നാല് തലമുറകളിലൂടെയാണു് സംഭവിച്ചതു്.

ബ്രാഹ്മണർ കേരളത്തിൽ സ്ഥാപിച്ച ജാതിവ്യവസ്ഥയിൽ ജാതികളും ഉപജാതികളുമായി 64 എണ്ണം ഉണ്ടായിരുന്നു. ബ്രാഹ്മണർ 8, ന്യൂനവർഗം-2, ആന്തരാള ജാതി-12, ശൂദ്രൻ-18, ശില്പി 6, പതിതൻ 1, താണജാതി-8 എന്നിങ്ങനെയാണു് ആ തരംതിരിവു്. മറ്റൊരു കണക്കനുസരിച്ചു് ജാതികളും ഉപജാതികളും കൂടി 420-ഓളം വരും.

കേരളത്തിൽ രൂപംകൊണ്ട ജാതിവ്യവസ്ഥ ആചാരക്രമമനുസരിച്ചും സ്വജാതിയിൽ വിവാഹം, തീണ്ടൽ, തൊടീൽ, ആഹാരക്രമം എന്നിവയുടെ അടിസ്ഥാനത്തിലുമായിരുന്നു. അയിത്താചാരമായിരുന്നു കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത. തദ്ദേശീയരായ ദ്രാവിഡ ഗോത്ര വിഭാഗങ്ങളിൽ നിന്നും ബുദ്ധ-ജൈന മതങ്ങളിൽ നിന്നും ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ കണ്ണിചേർക്കപ്പെട്ടവരെയായിരുന്നു അയിത്തജാതിക്കാരായി കണക്കാക്കിയിരുന്നതു്. ജാതിവ്യവസ്ഥ അതിന്റെ മുകൾത്തട്ടിൽപ്പെട്ട സവർണ വിഭാഗങ്ങൾക്കു് അധികാരവും സമ്പത്തും പദവിയും ചൂഷണം ചെയ്യാൻ അവസരം സൃഷ്ടിച്ചപ്പോൾ അടിത്തട്ടുകാർക്കു് അടിസ്ഥാന പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. അടിത്തട്ടുകാരുടെ സാമീപ്യം അശുദ്ധിയുണ്ടാക്കുമെന്നു് വിശ്വസിക്കപ്പെട്ടിരുന്നതിനാൽ, സഞ്ചാരസ്വാതന്ത്ര്യം പോലും ഇവർക്കു് നിഷേധിക്കപ്പെട്ടിരുന്നു.

കേരളത്തിൽ ബ്രാഹ്മണർ സ്ഥാപിച്ച ജാതിവ്യവസ്ഥയിൽ ക്ഷത്രിയരും വൈശ്യരും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരുടെ കുടിയേറ്റ കാലത്തു് അവരുടെ പൗരോഹിത്യവും ഉപദേശവും സ്വീകരിക്കാനും അവരുടെ വൈദിക പാരമ്പര്യം അംഗീകരിക്കാനും തയ്യാറായ ഭരണാധികാരികളെ പില്ക്കാലത്തു് ബ്രാഹ്മണൻ ക്ഷത്രിയ പദവി നല്കി അധികാരത്തിൽ പുനഃപ്രതിഷ്ഠിക്കുകയായിരുന്ന രാജവാഴ്ചയുടെയും ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും ആധിപത്യകാലഘട്ടത്തിൽ ജാതിവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുകയും രാജാക്കന്മാരും ദേശവാഴികളും നാടുവാഴികളും അവരുടെ സാമന്തന്മാരും ഉൾപ്പെട്ട ഭരണവർഗവും സവർണരും ജാതിവ്യവസ്ഥയുടെ പരിപാലകരും സംരക്ഷകരുമായി വർത്തിക്കുകയും ചെയ്തു. ജാതിനിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. ജാതിനിയമങ്ങൾ സമൂഹത്തെ ലംബദിശയിൽ സവർണരെന്നും അവർണരെന്നും രണ്ടായി വിഭജിക്കുക മാത്രമല്ല അധികാരം, സമ്പത്തു്, പദവി എന്നിവ സവർണർക്കു് ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയും അവർണരെ നീചജാതികളായി ചിത്രീകരിച്ചു് അവരുടെ പൗരാവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്തുപോന്നു.

ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലുള്ളവരെ അടിമജാതികൾ അഥവാ അടിയാളർ എന്നാണു് കണക്കാക്കിയിരുന്നതു്. പുലയർ, ചെറുമർ, പറയർ, വേട്ടുവർ തുടങ്ങിയവരെ അടിമജാതികൾ എന്നു പറഞ്ഞിരുന്നു. പാടങ്ങളിലെ ഭാരിച്ച കാർഷികവൃത്തികളെല്ലാം ഈ അടിമജാതികളെക്കൊണ്ടാണു ചെയ്യിച്ചിരുന്നതു്. ബാർത്തലോമ്യാ, ബുക്കാനൻ തുടങ്ങിയ സഞ്ചാരികൾ അടിമജാതികളുടെ ദുരന്തപൂർണമായ ജീവിതത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ടു്. മലബാറിലെ പുലയർ അടിമജാതികളാണെന്നും അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും ബാർത്തലോമ്യാ പ്രസ്താവിക്കുന്നു: ‘അവർ ഭൂമിയിലെ വിളവുകൾ സംരക്ഷിക്കുകയും പോത്തുകളെക്കൊണ്ടു് നിലം ഉഴുകയും കൊയ്യുകയും മെതിച്ചു് നെന്മണികൾ വേർപെടുത്തുകയും മറ്റു ഭാരിച്ച കൃഷിപ്പണികൾ നിർവഹിക്കുകയും ചെയ്യുന്നു.’

ഈ ഹതഭാഗ്യരെപ്പറ്റി ബുക്കാനൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘പാടത്തെ ഏറിയ പങ്കും ജോലികൾ ചെയ്തുതീർക്കുന്നതു് അടിമകൾ അഥവാ ചെറുമർ ആകുന്നു. അവരുടെമേൽ യജമാനനു പൂർണമായ ഉടമാവകാശമുണ്ടു്. അവരെക്കൊണ്ടു് യജമാനനു് ഇഷ്ടമുള്ള തൊഴിൽ ചെയ്യിക്കാം. അവർ മണ്ണിനോടു ബന്ധപ്പെട്ട അടിമകളാണു്. അവരെ ഇഷ്ടമുള്ള രീതിയിൽ വില്ക്കുകയോ കൈമാറ്റം ചെയ്യുകയോ ആവാം. ഭർത്താവിനെയും ഭാര്യയെയും വേറെ വേറെ വില്ക്കുവാൻ പാടില്ലെന്നു മാത്രം. എന്നാൽ കുട്ടികളെ രക്ഷിതാക്കളിൽ നിന്നു വേർപെടുത്താം. സഹോദരീ സഹോദരന്മാരെയും വേർപെടുത്താം. പറയൻ, വള്ളുവൻ, കണക്കൻ, ഊരാളി തുടങ്ങിയ പേരിലുള്ള അടിമജാതികളുണ്ടു്. ഈ ഓരോ ജാതിയിലെയും വിവാഹസമ്പ്രദായത്തിന്റെ പ്രത്യേകത അനുസരിച്ചു് അടിമകളിലുണ്ടാകുന്ന കുട്ടികളുടെ മേൽ യജമാനുള്ള അവകാശത്തിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ടു്. തൊഴിൽ ചെയ്യാൻ ആരോഗ്യമുള്ള കാലത്തു് അടിമകളായ പുരുഷനും സ്ത്രീക്കും അലവൻസ് നൽകാൻ യജമാനൻ ബാധ്യസ്ഥനാണു്. ഇതു് ആഴ്ചയിൽ രണ്ടിടങ്ങഴി നെല്ലാണു്. ഏതു പ്രായത്തിലുള്ള മനുഷ്യനും ന്യായമായി നല്കേണ്ടതിന്റെ ഏഴിൽ രണ്ടു ഓഹരി മാത്രമാണു് ഇതെന്നു് ഞാൻ കരുതുന്നു. കുട്ടികൾക്കും തൊഴിൽ ചെയ്യാൻ കഴിയാത്ത വൃദ്ധൻമാർക്കും ഇതിന്റെ പകുതി മാത്രം നല്കുന്നു. ശിശുക്കൾക്കു് ഒന്നും കൊടുക്കുകയില്ല. ജീവിക്കാൻ ഇതു് ഒട്ടും പര്യാപ്തമല്ല. എന്നാൽ കൃഷിയിൽ ശ്രദ്ധിക്കുന്നതിനുവേണ്ടി വിളവിന്റെ ഇരുപത്തിയൊന്നിൽ ഒരു ഭാഗം അടിമകൾക്കായി നൽകുന്നു. പുരുഷനായ അടിമയ്ക്കു് ഒരു വർഷത്തിൽ 7 മുഴം തുണി ലഭിക്കും; സ്ത്രീക്കു് 14 മുഴവും. വലിയ കുട്ടയെക്കാൾ വലുതല്ലാത്ത കുടിലുകളിലാണു് അവർ താമസിക്കുന്നതു്. കൊയ്ത്തുകഴിയുന്നതുവരെ പാടത്തിന്റെ വരമ്പിലായിരിക്കും അവരുടെ സ്ഥാനം. മെതിക്കുന്ന കാലത്തു് ഈ കുടിലുകൾ കളത്തിന്റെ അരികിലേക്കു മാറ്റി വയ്ക്കപ്പെടും.’

ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അതു് തങ്ങളുടെ ഭാവിക്കു് അപകടം സൃഷ്ടിക്കുവാൻ ഇടയാവുകയും ചെയ്യാതിരിക്കാൻ താഴ്‌ന്ന ജാതിക്കാരോടു് തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇതു് താഴ്‌ന്ന ജാതിക്കാരോടു് പ്രയോഗിച്ചു് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇതു് സംഘടിത ശക്തി ചെറുക്കാനുള്ള ജന്മി മേധാവിത്വത്തിന്റെ വജ്രായുധമായിരുന്നു.

അധ്യായം 6

ജാതിയോ മതമോ ലിംഗവ്യത്യാസങ്ങളോ ഇല്ലാതെ, കഴിവിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ ആദരിക്കപ്പെട്ടും ബഹുമാനിക്കപ്പെട്ടും ജീവിച്ചിരുന്ന ദ്രാവിഡ സംസ്കാരത്തിനു മേൽ അധിനിവേശം നടത്തി, അവരെ കീഴ്പ്പെടുത്തി, അവരുടെ വസ്തുവഹകൾ കൈക്കലാക്കാൻ ഒരു വിഭാഗം മനുഷ്യർ മാർഗ്ഗമായിരുന്നു മതം. അടിച്ചമർത്തലിന്റെയും പിടിച്ചടക്കലിന്റെയും ചുഴലിക്കൊടുങ്കാറ്റിൽ നാമാവശേഷരായതു് ഈ മണ്ണിന്റെ അവകാശികളാണു്. നാളതു വരെ മണ്ണിന്റെ ഉടയോരായിരുന്നവർ അങ്ങനെ അടിമ വർഗ്ഗമായി, വെറുക്കപ്പെട്ടവരും തൊട്ടു കൂടാത്തവരും തീണ്ടാപ്പാടകലെ നിൽക്കേണ്ടവരുമായി. ഇത്തരത്തിൽ മണ്ണിന്റെ ഉടയോരെ അടിമകളാക്കി മാറ്റിയ താന്ത്രികവിദ്യയുടെ പേരാണു് മതം. ജാതീയത അതിന്റെ ഏറ്റവും പൈശാചികമായ ഉപോൽപ്പന്നമായിരുന്നു.

നൂറ്റാണ്ടുകൾക്കുമുമ്പു് നമ്മുടെ നാടു് അറിയപ്പെട്ടിരുന്നതു് ചേര, ചോള, പാണ്ഡ്യ ദേശങ്ങളെന്നായിരുന്നു. അരയർ, പുലയർ, മലയർ എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെട്ട ദ്രാവിഡ സംസ്കാരമാണു് ഇവിടെ നിലനിന്നിരുന്നതു്. കേരളത്തിലെ തീരദേശ, നിരപ്പു ദേശ, മലദേശങ്ങളിൽ ജീവിച്ചിരുന്നു മനുഷ്യരുടെ അടിസ്ഥാനത്തിലാണു് ഈ വിഭജനങ്ങൾ നടത്തിയിരുന്നതെന്നു് ‘അഞ്ഞൂറു വർഷത്തെ കേരള ചരിത്രം’ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ വിവരിക്കുന്നുണ്ടു്.

പുലമെന്നാൽ വയലെന്നായിരുന്നു അർത്ഥം. പുലയനെന്നാൽ പുലത്തിനു് അഥവാ വയലിനു്, ഭൂമിക്കു് ഉടയോൻ എന്നും. ഭൂമിയുടെ ഉടമയായ പുലയരെയും മലയരെയും അരയരെയും വെറുംകൈയ്യോടെ ആ ഭൂമിയിൽ നിന്നും പറഞ്ഞയക്കാനും അവരുടെയും അവരുടെ കുലത്തിന്റെയും വംശത്തിന്റെയും മേൽ സർവ്വാധികാരം നേടാനും ചിലർ ഉപയോഗിച്ച തന്ത്രമായിരുന്നു ബ്രഹ്മസ്വവും ദേവസ്വവും.

കൈയ്യൂക്കുകൊണ്ടും ഭയപ്പെടുത്തിയും കീഴടക്കിയും പുരോഹിതരും ഭരണകർത്താക്കളുമായ ബ്രാഹ്മണരും ക്ഷത്രിയരും സമൂഹത്തിലെ നേതൃസ്ഥാനങ്ങൾ കൈയ്യടക്കി. തദ്ദേശീയരായ ജനങ്ങളെ വേലക്കാരും അടിമകളുമാക്കിത്തീർത്തു. അതിനായി അക്രമങ്ങളുടെ പരമ്പര തന്നെ അവർ അഴിച്ചു വിട്ടു. തങ്ങളുടെ സുഖലോലുപതയ്ക്കും അധികാരത്തിനും സുഖജീവിതത്തിനും യാതൊരു ഭംഗവും വരാതിരിക്കാൻ ജനങ്ങളെയവർ പല ജാതിത്തട്ടുകളിലാക്കി. അടിച്ചമർത്തപ്പെട്ട ഈ മനുഷ്യരിൽ നിന്നും യാതൊരു തരത്തിലുള്ള എതിർപ്പുകളും തങ്ങൾക്കു് ഉണ്ടാകാതിരിക്കാനായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടപ്പാക്കി. കണ്ണിനു നേരെ കാണാൻ പോലും കൊള്ളാത്ത ജാതിയാക്കി മണ്ണിന്റെ ഉടയോരെയവർ വെറുത്തു് അകറ്റി നിറുത്തി. ജാതികൾ തമ്മിൽ കൂടിച്ചേരുന്നതു് കർശനമായി നിരോധിച്ചു. വിവാഹവും പന്തിഭോജനവും നിഷേധിക്കപ്പെട്ടു.

ഭൂമിയുടെ ചരിത്രത്തിലിന്നോളം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ നെറികേടിനു് മതമെന്നാണു് പേർ. മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചും പ്രകൃതിയുടെ സ്പന്ദനങ്ങൾക്കൊത്തു ജോലി ചെയ്തു ജീവിക്കുകയും ചെയ്ത മനുഷ്യരെ ഐതിഹ്യങ്ങളുടെയും വിശ്വാസ സംഹിതകളുടെയും കള്ളക്കഥകൾ പറഞ്ഞു പരത്തി അടിമകളായി നിലനിർത്തി. ഇത്തരം ജാതി വ്യവസ്ഥയെയും മതവിശ്വാസങ്ങളെയും നിഷേധിച്ചവരെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാക്കി മാറ്റി. അവരുടെ മേൽ കൊടിയ സംഹാര താണ്ഡവമഴിച്ചു വിട്ടു. ജാതിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവർ പോലും ഈ നിഷേധികൾക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതും പരസ്പരം കാണുന്നതു പോലും കർശനമായി വിലക്കി.

ജാതീയതയുടെ ഏറ്റവും വികൃതവും മ്ലേച്ഛവുമായ വശമായിരുന്നു അയിത്താചാരം. തങ്ങളുടെ ഭൂമിയിൽ നിന്നും പുറത്താക്കപ്പെട്ട, അധ്വാന ശീലരായ ഈ സാധുമനുഷ്യരുടെമേൽ മതം അടിച്ചേൽപ്പിച്ച ദുരാചാരങ്ങളൊക്കെയും ചെറുത്തു തോല്പിക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടു്. പക്ഷേ, അവയെല്ലാം വിഫലങ്ങളായി. ജാതീയ ദുരാചാരങ്ങൾ നൂറ്റാണ്ടുകളോളം മനുഷ്യനെ വലിഞ്ഞുമുറുക്കി. അടിമജീവിതത്തിൽ നിന്നും മോചനം നേടാനാഗ്രഹിച്ചു്, തങ്ങളെ വലിഞ്ഞുമുറുക്കിയ മത, പൗരോഹിത്യ, സാമൂഹിക, സാമ്പത്തിക ചങ്ങലകളെ പൊട്ടിച്ചെറിയാൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങിയവരിൽ മുൻപന്തിയിൽ നിന്നവളായിരുന്നു പി. സി. കുറുമ്പ വസ്ത്രം ധരിക്കാൻ പോലും അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തിൽ തങ്ങളോടു് അനീതികൾ മാത്രം ചെയ്തിരുന്ന പൗരോഹിത്യ അധികാര വർഗ്ഗങ്ങൾക്കെതിരെ ഉറച്ച കാലുകളോടെ, പതറാത്ത ശബ്ദത്തോടെ, ഉറച്ച മനസോടെ കുറുമ്പ പോരാടി. അവൾക്കും അവളുടെ കൂട്ടർക്കും വേണ്ടി മാത്രമല്ല, ഇനി വരാനിരിക്കുന്ന തലമുറയ്ക്കു് കൂടി വേണ്ടിയായിരുന്നു ആ പോരാട്ടം.

അധ്യായം 7

പാപശാപങ്ങളുടെ ചിന്തകൾ മനുഷ്യമനസ്സുകളിൽ അടിച്ചേൽപ്പിച്ചു്, അവരുടെ ഭൂമി തട്ടിയെടുത്തു് അവരുടെ മണ്ണിൽ അവരെ അടിമകളാക്കിയ ശേഷം ഈ സുഖസൗകര്യങ്ങളും സമ്പത്തും സൗഭാഗ്യങ്ങളും അധികാരവും എക്കാലവും തങ്ങളിൽത്തന്നെ നിലനിൽക്കാൻ വേണ്ടിയാണു് വരേണ്യവർഗ്ഗം കേരള മണ്ണിൽ ദുരാചാരങ്ങളുടെ പെരുമഴ തീർത്തതു്. അനുസരിക്കാത്തവരെ ദൈവം ശപിക്കുമെന്നവർ പറഞ്ഞുപറ്റിച്ചു. അങ്ങനെ ദൈവം ശപിച്ചവരുടെയും ശിക്ഷിച്ചവരുടെയും കഥകൾ അവർ പാടി നടന്നു. അടിമത്തവും അസമത്വവും അടിച്ചേൽപ്പിക്കുന്നതിനായി അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ചു. മനുഷ്യനെ ആദ്യം പല ജാതികളായി അവർ തിരിച്ചു, പിന്നെ ആ ജാതികളുടെ അടിസ്ഥാനത്തിൽ അവരെ പല തട്ടുകളായി തിരിച്ചു. ഈ തട്ടുകളിലും കളങ്ങളിലും പെടാത്തവരെ മ്ലേച്ഛരും അധമരും അടിമകളുമാക്കി മാറ്റി.

നൂറ്റാണ്ടുകളായി അടിച്ചമർത്തലുകൾക്കു വിധേയരായ അടിസ്ഥാന വർഗ്ഗം ഹീനവും മനുഷ്യത്വം തെല്ലുമില്ലാത്തതുമായ ദുരാചാരങ്ങൾക്കെതിരെ വെല്ലുവിളികൾ ഉയർത്താൻ ആരംഭിച്ചതു് 19-ാം നൂറ്റാണ്ടു മുതലാണു്. ഈ കാലഘട്ടത്തിൽ, പല തരത്തിലും തലത്തിലുമുള്ള പരിഷ്കാര പ്രസ്ഥാനങ്ങളും കൊളോണിയൽ വാഴ്ചയിലൂടെ സംജാതമായ നിയമങ്ങളും അവർക്കു തുണയായി. ദുരാചാരങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ടു് നിരവധി സാമൂഹിക പരിഷ്കർത്താക്കളും രംഗത്തെത്തി.

വിശുദ്ധിയെപ്പറ്റി സവർണർ നിലനിർത്തിപ്പോന്ന സാമൂഹിക സങ്കല്പമാണു് അയിത്തം നിർണയിച്ചതു്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളിൽ ഏർപ്പെടുന്നവർക്കു് അയിത്തം പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തു ചെല്ലാൻ പോലും പാടില്ലായിരുന്നു. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. എന്നാൽ ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഇവയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അതു കൊണ്ടായിരുന്നു അവർണ വിഭാഗങ്ങളിൽ നിന്നും ഈ മതങ്ങളിലേക്കു് ഒഴുക്കു് ആരംഭിച്ചതു്.

നടക്കാൻ പോലും അയിത്തക്കാരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണു് നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നതു്.

അയിത്തോച്ചാടനം
images/Ayyaswamy.png
തൈക്കാടു് അയ്യാ സ്വാമി

ശിവരാജ യോഗി തൈക്കാടു് അയ്യാ സ്വാമി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിനു് ബ്രാഹ്മണർ മുതൽ പുലയർ വരെയുള്ളവർ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളിൽ ‘പന്തിഭോജനം’ നടത്തി വന്നതിൽ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു. ഗാന്ധിജി യുടെ ഹരിജനോദ്ധാരണത്തിനു മുമ്പു തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാൻ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്റേയോ വർണ്ണ-വർഗ്ഗത്തിന്റെയോ പേരിൽ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലുവിളിച്ചു. അന്നത്തെ ഭരണകാലത്തു് സവർണ്ണരുടെ ജാതിഭ്രാന്തു് അതിഭയങ്കരമായിരുന്നു. സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല.

images/Aaryapallam.jpg
ആര്യ പള്ളം

അയ്യാസ്വാമിയെ മേൽജാതിക്കാർ ‘പറയൻ, പാണ്ടിപ്പറയൻ’ എന്നെല്ലാം വിളിച്ചു് ആക്ഷേപിച്ചു. ഇതിൽ വിഷമം തോന്നിയ അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ലോകനാഥപണിക്കർ വിമർശിച്ചവരുടെ പേരിൽ കേസു കൊടുത്തു. മദ്രാസ്സിൽ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നൽകി കോടതിയിൽ നിന്നു ‘വെള്ളാളർ’ എന്നു വിധി വാങ്ങി.

‘ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ’ എന്നു ശിഷ്യരോടു് അദ്ദേഹം പറയുമായിരുന്നു. സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്റെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു. അദ്ദേഹം തന്റെ സിദ്ധാന്തം ശിഷ്യരിൽ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ചട്ടമ്പിസ്വാമികളുടെ ‘വേദാധികാര നിരൂപണം’ ഇതിനൊരുദാഹരണമാണു്.

images/KR_Gouriamma.jpg
കെ. ആർ. ഗൗരി

ശ്രീനാരായണഗുരു ആകട്ടെ അയിത്തത്തിനെതിരായി അതിതീവ്രമായി പടപൊരുതി. കുളത്തൂർ സ്വയം പ്രകാശയോഗിനി അമ്മയും ഹരിജനോദ്ധാരണപ്രവർത്തനങ്ങൾ നടത്തി. മേൽജാതിക്കാരിൽ നിന്നും കഠിനമായ എതിർപ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യർ ലോകരെ പഠിപ്പിച്ചു. സാധുജനപരിപാലനസംഘത്തിന്റെ സ്ഥാപകൻ, കേരള സാമൂഹിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ, മഹാത്മാ അയ്യങ്കാളി യും അയിത്തത്തിനെതിരെ പൊരുതി.

images/E_M_S_Namboodiripad.jpg
ഇ. എം. എസ്. നമ്പൂതിരിപ്പാട്

ശക്തമായ സാമൂഹിക മാറ്റത്തിനു് ആഗ്രഹിച്ചിരുന്നവർ 1937-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തുടക്കമിട്ടതോടെ, കീഴാളരുടെ നിലവിളികൾ കൂടുതൽ പേർ ഏറ്റെടുത്തു. അവരുടെ എതിർപ്പുകളും പ്രാർത്ഥനകളും വിലാപവും പ്രതിഷേധവും പ്രത്യാശയുമെല്ലാം സാഹിത്യസൃഷ്ടികളായി. അടിമകളായി മാറ്റപ്പെട്ട ഈ ജനവിഭാഗത്തിന്റെ അനുഭവസാക്ഷ്യങ്ങൾ ജീവിതകഥാഖ്യാനങ്ങളിലൂടെ തെളിമയോടെ വെളിപ്പെടുത്തപ്പെട്ടു. ജാതിവ്യവസ്ഥകൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്താൻ കേരളത്തിലെ പരിഷ്കരണവാദികൾ തുനിഞ്ഞിറങ്ങി. അങ്ങനെ, ജാതിവെറിയിലും സുഖലോലുപതയിലും മുഴുകി നിന്ന മേലാളവർഗ്ഗത്തെ എതിർത്തു തോൽപ്പിക്കാനും സമൂഹത്തിൽ സമൂലമായ ശുദ്ധികലശം നടത്തുവാനും നിരവധിപേർ രംഗത്തിറങ്ങി. ശ്രീനാരായണ ഗുരു, വി. ടി. ഭട്ടതിരിപ്പാട്, ഇ. എം. എസ്. നമ്പൂതിരിപ്പാട്, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, അക്കാമ്മ ചെറിയാൻ, ഇട്ട്യാനം കുട്ടിമാളു, കെ. ആർ. ഗൗരി, ദാക്ഷായണി, കൂത്താട്ടുകുളം മേരി, സുശീല ഗോപാലൻ, റോസമ്മ പൊന്നൂസ്, ആര്യ പള്ളം, ആര്യ അന്തർജ്ജനം തുടങ്ങിയ പുരോഗമന ചിന്താഗതിക്കാർക്കൊപ്പം പേരുകളിൽ ഒന്നായിരുന്നു കുറുമ്പയുടേതും. സമൂഹത്തിൽ സമൂല മാറ്റത്തിനായി പ്രവർത്തിക്കുക മാത്രമല്ല, സ്വന്തം ജാതിയിലും മാറ്റങ്ങൾ വരുത്തുന്നതിനായി അവർ അക്ഷീണം പ്രയത്നിച്ചു.

അധ്യായം 8

ഇരിഞ്ഞാലക്കുടയ്ക്കടുത്തു് പുല്ലൂരിൽ, ചാത്തന്റെയും കാളിയുടെയും മകളായി 1921 ൽ പി. സി. കുറുമ്പ പിറന്നു വീഴുമ്പോൾ, അവൾ പ്രതിനിധാനം ചെയ്ത പുലയ സമുദായത്തെ മനുഷ്യഗണത്തിൽപ്പോലും ആരും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാത്തരത്തിലും ബഹിഷ്കരിക്കപ്പെട്ടവരായിരുന്നു പുലയരും പറയരും ഉൾപ്പെടുന്ന സമുദായങ്ങൾ. കൃഷി ചെയ്യാൻ ജന്മിമാർക്കു് വേണ്ട ഒരു ഉപകരണം മാത്രമായിട്ടാണു് അവരെ കണ്ടിരുന്നതു്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല. ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തു തളർന്നെത്തുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇല വച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നതു്. കുടിക്കാനുള്ള വെള്ളം ചിരട്ടയിൽ ഒഴിച്ചു കൊടുക്കും. പൊതുസ്ഥലങ്ങളിലെല്ലാം ഇവർക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. രോഗം ബാധിച്ചു് ഇവർ കിടപ്പിലായാൽപ്പോലും വൈദ്യന്മാർ തൊട്ടു പരിശോധിക്കില്ല. ആശുപത്രികളിൽ ഇവർക്കു പ്രവേശനമില്ലായിരുന്നു. ഗുളികകൾ എറിഞ്ഞാണു കൊടുത്തിരുന്നതു്. ഇത്തരത്തിൽ, ഭീകരമായ ബഹിഷ്കരണങ്ങൾ മൂലം ദുരിതപൂർണ്ണമായിരുന്നു പി. സി. കുറുമ്പ ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം.

ചുറ്റും നടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യങ്കാളിയുടേതു്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ചു് മുപ്പതാം വയസ്സിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീടു് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്നു് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യങ്കാളി.

അയ്യങ്കാളിയുടെ നടപടികളെ ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. മണ്ണിൽ പൊന്നുവിളയിച്ചു് കർഷകന്റെ കൂലി മണ്ണിൽ കുഴി കുത്തി നൽകുന്ന ആഹാരം മാത്രമായിരുന്നു. അതുപോലും വയർ നിറയെ അവർക്കു കൊടുത്തിരുന്നില്ല. ഇതിനെതിരെ ആദ്യമായി പണിമുടക്കു സമരം നടത്തിയതു് അയ്യങ്കാളിയായിരുന്നു. അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു് വിദ്യാഭ്യാസം നിഷേധിക്കുന്ന സവർണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു ആദ്യ സമരം. തൊഴിലാളികളെ മനുഷ്യരായിപ്പോലും അംഗീകരിക്കാൻ ജന്മിമാർ തയ്യാറല്ലായിരുന്നു. എല്ലാ മനുഷ്യാവകാശങ്ങളും തങ്ങൾക്കു നിഷേധിക്കുന്നവരുടെ പാടത്തു പണിയെടുക്കില്ലെന്നു് അധഃസ്ഥിത വിഭാഗവും തീരുമാനിച്ചു. അതിനെതിരെ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ ജന്മിമാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാടശേഖരങ്ങൾ തരിശിട്ടു് അധഃസ്ഥിതരോടു പക വീട്ടാൻ മാടമ്പികൾ ശ്രമിച്ചു. തൊഴിലാളികൾ കൊടിയ പട്ടിണിയിലായി. ജീവൻ വെടിയേണ്ടി വന്നാലും തോറ്റു പിന്മാറാൻ അവർ തയ്യാറല്ലായിരുന്നു.

ജന്മിമാരുടെ നിലവറകളും ശൂന്യമായിത്തുടങ്ങി. ദിവസങ്ങളോളം പട്ടിണി കിടന്നു ശീലിച്ച അധഃസ്ഥിതരുടെ മനക്കരുത്തിനു മുന്നിൽ ഒരു നേരത്തെ ആഹാരം പോലും ത്യജിച്ചു ശീലമില്ലാതിരുന്ന ജന്മിമാർ തോറ്റു. അങ്ങനെ അധഃസ്ഥിതരായ കുട്ടികൾക്കും സ്കൂൾ പ്രവേശനം സാധ്യമായി. 1905-ലായിരുന്നു ഇതു്. ജാതിനിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ കർശനമായി പാലിക്കുന്നുണ്ടെന്നു് തിരുവിതാംകൂർ രാജാക്കൻമാർ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണു് ജീവിച്ചിരുന്നതു്. ഒരു പ്രദേശത്തു ജനിച്ചു് അവിടെ തന്നെ ജീവിച്ചു് അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്കു കടന്നു വന്ന കോളോണിയൽ ശക്തികളാണു് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചതു്. ആ പ്രകമ്പനമാണു് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരിൽ നിന്നാരംഭിക്കാൻ കാരണമായതു്.

എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി 1886-ൽ രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും അതു് അംഗീകരിക്കാൻ മേൽജാതിക്കാർ തയ്യാറല്ലായിരുന്നു. പുലച്ചിയായി ജനിച്ച കുറുമ്പയ്ക്കു് കുഞ്ഞുന്നാൾ മുതൽ അനുഭവിക്കേണ്ടി വന്നതും അതികഠിനമായ സാമൂഹിക അസമത്വമാണു്.

അക്കാലങ്ങളിൽ, അധഃസ്ഥിതരായ സ്ത്രീകൾക്കു് അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കാൻ അവകാശമില്ലായിരുന്നു. മുട്ടിനു മുകളിലും അരയ്ക്കു താഴെയുമായിരുന്നു അവർ വസ്ത്രം ധരിക്കേണ്ടിയിരുന്നതു്. മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും അവരെ കർശനമായി വിലക്കിയിരുന്നു. പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണു് പുരട്ടി വൃത്തിഹീനമാക്കിയിട്ടു് വേണമായിരുന്നു ധരിക്കാൻ. അടിമക്കച്ചവടത്തിനും ഇരയായിരുന്നു ഈ വിഭാഗത്തിൽ പെട്ടവർ.

കർഷകത്തൊഴിലാളി സമരത്തിന്റെ വിജയത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യങ്കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി അധഃസ്ഥിത വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ കഴുത്തിൽ കല്ലു്, കുപ്പിച്ചില്ലു തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ കൊണ്ടുള്ള മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ടു് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയതു്.

സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.

രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്നു് ജനങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്നു് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽ വച്ചു് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ടു് സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇതു്. കല്ലുമാല സമരം എന്ന പേരിലാണു് ഈ സമരം അറിയപ്പെടുന്നതു്.

പുലയർ, പറയർ തുടങ്ങിയവർക്കു് പൊതുവഴി നടക്കാനവകാശമില്ലായിരുന്നു. സ്വന്തമെന്നു പറയാൻ ഒരു തുണ്ടു ഭൂമിയില്ലായിരുന്നു. വിദ്യാലയ പ്രവേശനം താണ ജാതിക്കാർക്കു് നടക്കാത്ത സ്വപ്നമായിരുന്നു. മേൽജാതിക്കാർ എതിരെ വരുന്നതു കണ്ടാൽ ഓടിയൊളിക്കണം. ക്ഷേത്രങ്ങളുടെ പരിസരത്തു കൂടി പോലും പോകാൻ അവർക്കു് അവകാശമുണ്ടായിരുന്നില്ല.

നാടുഭരിക്കുന്ന രാജാവിനെ കാണാൻ അവർക്കു് അവകാശമുണ്ടായിരുന്നില്ല. പുലയരും പറയരും ജീവിക്കുന്ന കുടിലുകളെ ‘കുപ്പപ്പാടു്’ എന്നു വിളിക്കാനേ അവരെ അനുവദിച്ചിരുന്നുള്ളു. അടിമകളെ പോലെ വയലുകളിൽ പണിയെടുക്കാൻ വിധിക്കപ്പെട്ട മനുഷ്യ സമൂഹമായിരുന്നു അവർ. ക്രൂരമായ പീഡനങ്ങൾ അനുദിനം ഏറ്റുവാങ്ങിയിരുന്ന ഈ സമൂഹത്തിനു വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടായിരുന്നില്ല. ജൻമിയുടെ വയലിന്റെ ഒരറ്റത്തു് കുപ്പപ്പാടു കെട്ടിയാണു് അവർ താമസിച്ചിരുന്നതു്. മണ്ണിൽ പണിയെടുത്തു് പൊന്നുവിളയിക്കേണ്ടതു് അവരായിരുന്നു. പക്ഷേ, ആ വിളകളിൽ ഒരു തരി പോലും എടുക്കാൻ അവർക്കു് അനുവാദമുണ്ടായിരുന്നില്ല. കീഴാളർക്കു് ചന്തയിൽ പോലും പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അവർ നട്ടുനനച്ചുണ്ടാക്കിയ കാർഷിക ഉല്പന്നങ്ങൾ ഒരിടത്തു കൂട്ടിവെച്ചു് ദൂരെ മാറിനിൽക്കണമായിരുന്നു. സാധനങ്ങൾ വാങ്ങാൻ വരുന്നവരാണു് അതിന്റെ വില നിശ്ചയിക്കുന്നതു്. ഉല്പന്നങ്ങളുടെ പണം അവർക്കു് എറിഞ്ഞു കൊടുക്കുകയാണു് ചെയ്തിരുന്നതു്. ഈ കടുത്ത അനീതികൾക്കെതിരെ ചെറുതായൊന്നു ശബ്ദിക്കുന്നവരെപ്പോലും ജന്മിമാരും മാടമ്പികളും മർദ്ദിച്ചു് മൃതപ്രായരാക്കും.

വരേണ്യവർഗ്ഗത്തിന്റെ സ്വാധീനത്തിലാണു് രാജാവും ഭരണം നടത്തിയിരുന്നതു്. അതിനാൽ, രാജാവിൽ നിന്നും ഇവർക്കു കരുണ ലഭിച്ചിരുന്നില്ല. എണ്ണത്തിൽ അവർ ഏറെയുണ്ടായിരുന്നു. പക്ഷേ, അസംഘടിതരായിരുന്നു ഇവർ. അതിനാൽ, ആ കാലഘട്ടത്തിന്റെ അലിഖിത ഉഗ്രശാസനകൾ എതിർക്കാൻ അവർക്കു ശേഷിയുണ്ടായിരുന്നില്ല. ജന്മിമാരുടേയും മാടമ്പികളുടേയും കയ്യിലെ വെറും കളിപ്പാട്ടമായിരുന്നു ഹതഭാഗ്യരായ ഈ മനുഷ്യജന്മങ്ങൾ.

അധ്യായം 9
images/Vaikom_chandrasekaran_nair.jpg
വൈക്കം ചന്ദ്രശേഖരൻ നായർ

മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു് വെയിലും മഴയും വകവയ്ക്കാതെ, കഠിനാധ്വാനം ചെയ്താണു് ദ്രാവിഡ സമൂഹം ജീവിച്ചിരുന്നതു്. അധ്വാനത്തെയും അധ്വാനിക്കുന്നവരെയും അവർ ബഹുമാനിച്ചിരുന്നു. എന്നാൽ, അവരെ എതിർത്തു തോൽപ്പിച്ചു് അവരുടെ വസ്തുവകകൾ തട്ടിയെടുത്തു് അവരുടെ മണ്ണിൽ അവരെ അടിമകളാക്കിയ ജനവിഭാഗത്തിന്റെ നിറം വെളുപ്പായിരുന്നു. വെയിലോ മഴയോ ഏൽക്കാതെ, പണിയെടുക്കാതെ, മിനുസമാർന്ന ശരീരം സൗന്ദര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമായി അവർ വാഴ്ത്തി. കറുത്ത നിറം അനാകർഷകവും വെറുക്കപ്പെട്ടതുമാക്കി മാറ്റി. സ്വയം ശ്രേഷ്ഠരെന്നു വിശേഷിപ്പിക്കപ്പെട്ട വരേണ്യ സമൂഹത്തിൽ പുരുഷാധിപത്യമാണു് നിലനിന്നിരുന്നതു്. ഏതാണ്ടു് 3800 വർഷം മുമ്പായിരുന്നു ഈ കുടിയേറ്റം നടന്നതു്. വേദങ്ങൾ സൃഷ്ടിക്കപ്പെട്ട കാലമായിരുന്നു അതു്. അങ്ങനെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി, വരേണ്യരായി ചിലർ സ്വയം അവരോധിക്കപ്പെട്ടു. അവരെ അനുസരിച്ചവരെ ചക്രവർത്തിമാരും നാടുവാഴികളും പ്രഭുക്കന്മാരുമായി വാഴിച്ചു. പ്രഥമ സ്ഥാനങ്ങൾ നൽകി. അനുസരിക്കാത്തവർ വെറുക്കപ്പെട്ടവരും അയിത്തക്കാരുമായി മുദ്രകുത്തപ്പെട്ടു.

images/Ponkunnam_Varkey.jpg
പൊൻകുന്നം വർക്കി

നൂറ്റാണ്ടുകളായുളള അടിമത്തവും നരകജീവിതവും കീഴാളരുടെ മനസ്സിനെത്തന്നെ മാറ്റിമറിച്ചു. വരേണ്യവർഗ്ഗം അടിച്ചേൽപ്പിച്ച മതചിന്ത അവരിൽ ആഴത്തിൽ വേരുറപ്പിച്ചിരുന്നു. ദൈവത്തിന്റെ ശാപം പേറിയ ഒരു ജനതയാണു് തങ്ങളെന്നും തങ്ങൾ ജീവിക്കേണ്ടതു് ഇത്തരത്തിൽ പുഴുക്കളെപ്പോലെയാണെന്നും സ്വയം വിശ്വസിച്ചിരുന്നു അവർ. തങ്ങൾക്കു നേരെ വരേണ്യവർഗ്ഗം കാണിക്കുന്നതു് കടുത്ത നീതികേടാണെന്നു പോലും തിരിച്ചറിയാൻ അവർക്കു സാധിച്ചില്ല. ഇതു തങ്ങളുടെ വിധിയാണു്, തങ്ങൾ ഇത്തരത്തിൽ ജീവിക്കേണ്ടവരാണു് എന്ന ചിന്ത അവരിൽ ദൃഢമായിരുന്നു.

images/Jagathy_NK_Achary.png
ജഗതി എൻ. കെ. ആചാരി

വരേണ്യവർഗ്ഗം അടിമകളാക്കി മാറ്റിയ നിരാലംബരായ മനുഷ്യരുടെ ഗോത്രത്തിൽ പെട്ടവളായിരുന്നു കുറുമ്പയും. വിശ്രമമില്ലാതെ, ഭക്ഷണവും വെള്ളവുമില്ലാതെ, പകലന്തിയോളം അവരെക്കൊണ്ടു പണി ചെയ്യിപ്പിച്ചിട്ടും വരേണ്യവർഗ്ഗം തങ്ങളെ എന്തിനാണു് വെറുപ്പോടെ ആട്ടിയകറ്റുന്നതെന്നു് അവൾ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മുതൽ കുറുമ്പയും കേട്ടുവളർന്നതു് ഈ അശുദ്ധിയുടെ കഥകളായിരുന്നു. തന്റെ അശുദ്ധിയും ജന്മനാലുള്ളതാണെന്നു അവളും വിശ്വസിച്ചു, അംഗീകരിച്ചു, അതൊരു ജീവിതചര്യപോലെ ആചരിച്ചും പോന്നു. ഇതാണു തങ്ങളുടെ ധാർമ്മികതയെന്നു് വളർച്ചയുടെ ഓരോ പടവുകളിലും അവർ മനസ്സിലുറപ്പിച്ചു.

അവർണ്ണരുടെമേൽ അടിച്ചേൽപ്പിച്ചിരുന്ന അതിഹീനമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതലാണു്. ജനങ്ങൾക്കിടയിൽ നിന്നും അതിശക്തമായ എതിർപ്പാണു് ഇത്തരം ദുരാചാരങ്ങൾക്കെതിരെ ഉണ്ടായിരുന്നതു്.

images/Cherukad.jpg
ചെറുകാട്

പട്ടിക ജാതിക്കാരായ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു് അയ്യങ്കാളി സമരം നടത്തിയതു് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലായിരുന്നു. പിന്നീടു്, സവർണ്ണ മേധാവിത്വത്ത പരസ്യമായി വെല്ലുവിളിച്ചു കൊണ്ടു് അദ്ദേഹം വില്ലുവണ്ടി പ്രകടനവും നടത്തി. അധഃസ്ഥിതർക്കു് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും നേടിയെടുത്തു.

images/Dr-palpu.jpg
ഡോ. പൽപ്പു

ദുരാചാരത്തിന്റെ കുപ്പത്തൊട്ടിയിലേക്കു് വലിച്ചെറിയപ്പെട്ട മനുഷ്യരെ നവോത്ഥാനത്തിന്റെ പാതയിലേക്കു നയിക്കുന്നതിനു വേണ്ടി ശ്രീനാരായണ ഗുരുവിനെ മുൻനിറുത്തി ഡോ. പൽപ്പു വും കുമാരനാശാനും ചേർന്നു് 1905-ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിനു തുടക്കമിട്ടു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അന്തസ്സു് ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി രൂപം കൊണ്ടതാണു് കമ്മ്യൂണിസ്റ്റ് പാർട്ടി. 1940-കളിൽ, ജനങ്ങളിൽ വൻതോതിൽ സ്വാധീനം ചെലുത്തുവാൻ പാർട്ടിക്കു കഴിഞ്ഞു. കയർ ഉൾപ്പടെയുള്ള പരമ്പരാഗത വ്യവസായ മേഖലകളിൽ തൊഴിലെടുത്തിരുന്നവരിൽ ഏറെയും പിന്നോക്ക വിഭാഗക്കാരായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസമര സിദ്ധാന്തം അടിസ്ഥാനവർഗ്ഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.

images/Edasseri_Govindan_Nair.jpg
ഇടശ്ശേരി

മാനവികബോധം ഊട്ടിയുറപ്പിക്കുന്ന നാടകസങ്കല്പം കേരളത്തിൽ പിറവി കൊണ്ടതു് സാമൂഹിക അനാചാരങ്ങളും അസമത്തങ്ങളും കൊടികുത്തി വാണ കാലഘട്ടത്തിലായിരുന്നു. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിനു പ്രചോദനമായി. 1929-ൽ വി. ടി. ഭട്ടതിരിപ്പാടു് രചിച്ച ‘അടുക്കളയിൽ നിന്നു് അരങ്ങത്തേക്കു്’ എന്ന സാമൂഹിക നാടകം കേരളത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്കു് പുതിയൊരു സാമൂഹ്യദർശനം പകർന്നു നൽകി. എം. ആർ. ബി.-യുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ (1931), പ്രേംജി യുടെ ‘ഋതുമതി’ (1938) തുടങ്ങിയവയും അനാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ച നാടകങ്ങളായിരുന്നു.

images/Pulimana_Parameswaran_pillai.png
പുളിമാന പരമേശ്വരൻപിള്ള

ഫ്യൂഡലിസത്തിനെതിരെ നാടകത്തിലൂടെ അതിശക്തമായി ആക്രമണം നടത്താൻ പുളിമാന പരമേശ്വരൻപിള്ള യുടെ ‘സമത്വവാദി’ (1944) എന്ന നാടകത്തിനു കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ എക്സപ്രഷണിസ്റ്റു നാടകമായിരുന്നു ഇതു്. ഇടശ്ശേരി യുടെ കൂട്ടുകൃഷി (1949) യും ഏറെ ചർച്ച ചെയ്യപ്പെട്ടു. ജന്മികുടിയാൻ ബന്ധവും ഹിന്ദു-മുസ്ലിം ഐക്യവുമായിരുന്നു ഈ നാടകത്തിന്റെ പ്രമേയം.

images/Kainikkara_KumaraPillai.jpg
കൈനിക്കര കുമാരപിള്ള

കൈനിക്കര കുമാരപിള്ള, കൈനിക്കര പദ്മനാഭപിള്ള, പൊൻകുന്നം വർക്കി, നാഗവള്ളി ആർ. എസ്. കുറുപ്പു് തുടങ്ങിയവർ എൻ. കൃഷ്ണപിള്ള യുടെ സ്വാധീനത്തിൽ ഉയർന്നു വന്ന നാടകകൃത്തുക്കളായിരുന്നു.

നവോത്ഥാന മൂല്യങ്ങൾക്കു് ആക്കം കൂട്ടിയതു് 1940-കളിൽ ആരംഭിച്ച ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ആയിരുന്നു. ഇതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണു് കേരള പീപ്പിൾസ് തിയേറ്റർ ജന്മമെടുത്തതു്.

images/Thoppil_Bhasi.jpg
തോപ്പിൽ ഭാസി

ഇടതുപക്ഷ മൂല്യങ്ങൾ കേരളത്തിൽ വേരുപിടിച്ച കാലമായിരുന്നു അതു്. കെ. പി. എ. സി.-യുടെ നാടകങ്ങൾ ഈ ചിന്താധാരയ്ക്കു് മൂല്യവും കരുത്തുമേകി. തോപ്പിൽ ഭാസി യുടെ നാടകങ്ങളാണു് കെ. പി. എ. സി.-യെ ശക്തിപ്പെടുത്തിയതു്. സാമൂഹിക പ്രശ്നങ്ങളെ കാലാത്മകമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ നാടകങ്ങളായിരുന്നു കെ. പി. എ. സി.-യുടേതു്. ഇവ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കേരളീയ മണ്ണിന്റെ രാഷ്ട്രീയഗതിവിഗതികളിൽ ഭാസിയുടെ നാടകങ്ങൾ ആവേശപൂർവ്വം പടർന്നുകയറുകയായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1952), സർവ്വേക്കല്ലു് (1955), മുടിയനായ പുത്രൻ (1956), മൂലധനം (1958) എന്നീ നാടകങ്ങൾ ഇടതുപക്ഷമൂല്യങ്ങൾക്കു് ജനകീയാംഗീകാരം നേടിക്കൊടുത്തു. പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, ശരശയ്യ, അശ്വമേധം തുടങ്ങിയ നാടകങ്ങളിലൂടെ മനുഷ്യജീവിത്തിന്റെ വൈകാരിക തലങ്ങൾ ആവിഷ്കരിക്കപ്പെട്ടു. കേരളത്തിന്റെ മണ്ണിൽ വിപ്ലവത്തിന്റെ പുതിയ മാനങ്ങൾ തീർക്കാൻ പി. ജെ. ആന്റണി ക്കു കഴിഞ്ഞു. വിശപ്പു്, ചക്രവാളം, ഞങ്ങളുടെ മണ്ണു്, ഇൻക്വിലാബിന്റെ മക്കൾ തുടങ്ങിയവയാണു് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങൾ. യാഥാസ്ഥിതിക വ്യവസ്ഥിതിയെ അതികഠിനമായി വിമർശിച്ച എസ്. എൽ. പുരം സദാനന്ദൻ തന്റെ രചനകളിലൂടെ കേരളമണ്ണിൽ മാറ്റത്തിന്റെ അതിശക്തമായ വിത്തുപാകി. ഒരാൾ കൂടി കള്ളനായി, അഗ്നിപുത്രി, ചിരിക്കാത്ത വീടുകൾ, വില കുറഞ്ഞ മനുഷ്യൻ തുടങ്ങിയവ കേരളത്തെ ഇളക്കിമറിക്കുക തന്നെ ചെയ്തു.

images/Pjantony.jpg
പി. ജെ. ആന്റണി

സമൂഹത്തിലെ പുഴുക്കുത്തുകളെ സി. എൽ. ജോസ് വിമർശിച്ചതു് ജീവിത പശ്ചാത്തലങ്ങളിലൂടെ ചിത്രീകരിച്ച നാടകത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ നക്ഷത്രവിളക്കു്, ഭൂമിയിലെ മാലാഖ, തീപിടിച്ച ആത്മാവു് തുടങ്ങിയവ മനുഷ്യ ജീവിതാനുഭവങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ചു് എഴുതപ്പെട്ടവയായിരുന്നു.

images/Slpuram-sadanandan.jpg
എസ്. എൽ. പുരം സദാനന്ദൻ

കടവൂർ ജി. ചന്ദ്രൻപിള്ള രചിച്ച ജീവിതം വഴിമുട്ടി നിൽക്കുന്നു, ശാന്തമാകാത്ത കടൽ, കാനൽജലം, നികുംഭില എന്നിവയും പറവൂർ ജോർജ്ജ് എഴുതിയ അക്ഷയപാത്രം, ഒഴുക്കിനെതിരെ, ദിവ്യബലി എന്നിവയും പി. ആർ. ചന്ദ്രന്റെ അക്കൽദാമ, അനഘ എന്നിവയും നവോത്ഥാന മൂല്യങ്ങൾളെ നൽകി പരിപോഷിപ്പിച്ച നാടകങ്ങളായിരുന്നു. ദുരാചാരമനസ്സുകളെ മാനവികതയുള്ള മനുഷ്യരാക്കി മാറ്റുന്നതിൽ പൊൻകുന്നം ദാമോദരൻ, ജഗതി എൻ. കെ. ആചാരി, വൈക്കം ചന്ദ്രശേഖരൻ നായർ എന്നിവരുടെ നാടകങ്ങളും പ്രധാന പങ്കു വഹിച്ചു.

images/Paravoor_George.jpg
പറവൂർ ജോർജ്ജ്

ചെറുകാടിന്റെ നാടകങ്ങളാകട്ടെ, അടിച്ചമർത്തപ്പെട്ടവരുടെ ഉറച്ച ശബ്ദമായിരുന്നു. തറവാടിത്തം, അണക്കെട്ടു്, ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ അനാചാരങ്ങൾക്കെതിരെ ആഞ്ഞടിക്കാൻ അധഃസ്ഥിതവിഭാഗത്തിനു് അദ്ദേഹം കരുത്തും ഊർജ്ജവും പകർന്നുനൽകി. ജീവിതം, കന്യാദാനം, കർഷകന്റെ കിരീടം, മഹാഭാരതം, പുതുപ്പണം, പ്രസവിക്കാത്ത അമ്മ, പുഷ്പവൃഷ്ടി തുടങ്ങിയ തിക്കോടിയൻ നാടകങ്ങളും സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിച്ചു.

images/Ponkunnam_Damodaran.png
പൊൻകുന്നം ദാമോദരൻ

സ്വതന്ത്ര ഇന്ത്യ സമത്വപൂർണ്ണമായിരിക്കണം എന്ന ദൃഢനിശ്ചയത്തിൽ അയിത്ത നിർമ്മാർജ്ജനം മൗലികാവകാശങ്ങളിലെ പതിനേഴാം വകുപ്പായി ഇന്ത്യൻ ഭരണഘടനാ ശില്പിയായ ബാബാ സാഹിബ് അംബേദ്ക്കർ ഉൾപ്പെടുത്തി. അയിത്തവും അസമത്വവും വിവേചനവും കുറ്റകരമാണെന്നു് ഭരണഘടന പ്രഖ്യാപിച്ചിട്ടും ഈ ദുരാചാരങ്ങളെ തുടച്ചു മാറ്റാൻ അനവധി നിയമങ്ങൾ കൊണ്ടുവന്നിട്ടും അതിപ്പോഴും തുടരുന്ന ദാരുണ കാഴ്ചയാണു് കാണാൻ കഴിയുന്നതു്. അയിത്ത നിർമ്മാർജ്ജനത്തിനായി 1955-ലും 1967-ലും രണ്ടു നിയമ നിർമ്മാണങ്ങൾ നടത്തിയിരുന്നു. എന്നിട്ടുപോലും ഇന്ത്യൻ മണ്ണിൽ നിന്നും അയിത്തമെന്ന മഹാവിപത്തിനെ പൂർണ്ണമായും തുടച്ചു നീക്കാൻ കഴിഞ്ഞിട്ടില്ല. അയിത്തം മഹത്തരമായി പ്രഘോഷിക്കുന്ന ജാതിവെറിപൂണ്ട മനുഷ്യരുള്ളിടത്തോളം കാലം ഈ ദുരാചാരമിവിടെ നിലനിൽക്കും.

അധ്യായം 10

2012 ഡിസംബർ 4

ഏറെ കാത്തുകാത്തിരുന്ന ആ ദിനം ഒടുവിൽ വന്നെത്തി. ഈ യാത്ര കുറുമ്പയെ കാണാനാണു്. വനിതാകലാസാഹിതി പ്രവർത്തകരായ സി. വിമല, ഇരിങ്ങാലക്കുടയിലെ ലീലച്ചേച്ചി, കുന്നംകുളത്തെ സരോജിനി ടീച്ചർ എന്നിവർ എനിക്കൊപ്പമുണ്ടു്. പോകുന്ന വഴിയിൽ, ഇരിങ്ങാലക്കുടയിലെ സി. പി. ഐ.-യുടെ ഓഫീസിൽ കയറി. അവിടെ നിന്നും രണ്ടുപേർ കൂടി ഞങ്ങൾക്കൊപ്പം ചേർന്നു. ഞാനും വിമല ടീച്ചറും ചേർന്നാൽ ഞങ്ങളുടെ സംസാരം സ്ത്രീ വിഷയം മാത്രമായിരുന്നു. എന്നാൽ, അന്നു് ഞാൻ നിശ്ശബ്ദയായിരിക്കാനാണു് ആഗ്രഹിച്ചതു്.

എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായൊരു മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പോകുന്നൊരു യാത്രയാണിതു്. മനസ്സിലപ്പോൾ സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റമായിരുന്നു. കുറുമ്പ നടന്നു തീർത്ത വഴിത്താരകൾ, അവരുടെ ശബ്ദങ്ങൾകൊണ്ടു മുഖരിതമായ അന്തരീക്ഷം. സ്വന്തം ജീവിതത്തെ കാൽക്കീഴിലിട്ടു ഞെരിച്ചമർത്തിയവരെ ചങ്കുറപ്പു കൊണ്ടു പൊരുതിത്തോൽപ്പിച്ച പെൺകരുത്തു്. അവളുടെ പാദങ്ങൾ പതിഞ്ഞ മണ്ണാണിതു്. പ്രതിഷേധത്തിന്റെ ശബ്ദമുയർന്ന അന്തരീക്ഷമാണിതു്. അവളുടെ കണ്ണിൽ നിന്നും ചിതറിത്തെറിച്ച തീപ്പൊരികളും ഈ മണ്ണിൽ തന്നെയുണ്ടാവും. കുറുമ്പയെക്കുറിച്ചു നാടൊട്ടുക്കു തിരക്കിയിരുന്നു. അവർ ജീവിച്ച ചുറ്റുപാടുകളെക്കുറിച്ചും സാമൂഹിക അവസ്ഥയെക്കുറിച്ചും ആഴത്തിൽ പഠനം നടത്തിയിരുന്നു. അവരെ നേരിൽ കാണും മുൻപേ നിരവധി മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

ആ വീട്ടുമുറ്റത്തേക്കു കടന്നു ചെല്ലുമ്പോൾ, പി. സി. കുറുമ്പ വീടിന്റെ വരാന്തയിൽ നിലത്തു ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. ഒന്നരയടി വീതിയുള്ള ചെറിയൊരു വരാന്തയായിരുന്നു അതു്. മുട്ടിനു താഴെയും അരയ്ക്കു മുകളിലുമുള്ള ശരീരഭാഗം മറയ്ക്കാൻ അധഃസ്ഥിതരായ സ്ത്രീകൾക്കു് അവകാശമില്ലാതിരുന്ന ആ കാലത്തു്, മേൽവസ്ത്രം ധരിച്ചതിനു് വായിലെ മുറുക്കാൻ തുപ്പലിൽ കുളിപ്പിച്ചുകൊണ്ടാണു് ജന്മിമാർ അതിനോടു പ്രതികരിച്ചതു്.

മേൽവസ്ത്രം അവർ വലിച്ചു കീറി. വരേണ്യവർഗ്ഗത്തിന്റെ ആ അഹന്തയ്ക്കെതിരെ അതിശക്തമായി പോരാടിയ, എതിർത്തു തോൽപ്പിച്ച ഈ തീ യൗവ്വനം ഇതാ എനിക്കു മുന്നിൽ പച്ചജീവനോടെ ഞാനാ രൂപത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കി. ശോഷിച്ചുണങ്ങിയൊരു സ്ത്രീരൂപം. മുണ്ടും ബ്ലൗസുമാണു് വേഷം. ജാതിവെറിപൂണ്ടു് വരേണ്യവർഗ്ഗത്തെ മുട്ടുകുത്തിച്ചു് സ്ത്രീ. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിയ ഇവർക്കു മുന്നിൽ ഭയന്നു വിറച്ചുപോയി അന്നത്തെ ജന്മിത്വം. അവരുടെ അരികിൽ എനിക്കൊന്നിരിക്കണമായിരുന്നു. അവരെയൊന്നു തൊടാനായി എന്റെ ഉള്ളം കൊതിച്ചു. എന്നോടടുക്കാൻ അവർക്കു വിമുഖതയുണ്ടായിരുന്നു. എങ്കിലും അവർക്കരികിലായി ഞാൻ നിലത്തിരുന്നു. അവരെ എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു. നിരവധി പേർ ഇതുപോലെ വന്നുപോയി നിരവധി വാഗ്ദാനങ്ങളും താദാത്മ്യം പ്രാപിക്കലുകളും നടന്നതുകൊണ്ടാവാം, സ്വതന്ത്രമായി എന്നോടു് ഇടപഴകാൻ അവർക്കു പറ്റുന്നില്ലെന്നെനിക്കു മനസ്സിലായി.

images/kurumba-1.jpg

പക്ഷേ, കുറുമ്പ സഞ്ചരിച്ച വഴികളിലൂടെ എനിക്കു യാത്ര ചെയ്തേ മതിയാകൂ. അതിനു് എനിക്കു് അവരായി മാറിയേ തീരൂ. ആ അവസ്ഥയിലേക്കു മാറണമെങ്കിൽ ഞങ്ങൾ തമ്മിൽ യാതൊരു അന്തരവും പാടില്ല. ഞാൻ അവരാവണം, അവർ ഞാനുമാവണം. അതിനു് ഈ അപരിചിതത്വം അവസാനിപ്പിച്ചേ തീരൂ.

ഞാനവരെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്റെ നിർബന്ധപ്രകാരം വെളിയിലൂടെയവർ കുറച്ചിട നടന്നു. പോലീസ് മർദ്ദനങ്ങളുടെ ബാക്കിപത്രമായി ശരീരമാകെ രോഗങ്ങൾ കീഴടക്കിക്കഴിഞ്ഞു. നടക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നു. കാൽ നീട്ടിവച്ചു മാത്രമേ ഇരിക്കാൻ സാധിക്കുമായിരുന്നുള്ളു. ഏകദേശം 3 മണിക്കൂർ അവർക്കൊപ്പം ഞങ്ങൾ ചെലവഴിച്ചു.

ഞാനാ പരിസരമെല്ലാം ചുറ്റിനടന്നു കണ്ടു. ആ വീടു് ഇപ്പോഴും കുടിൽ തന്നെയായിരുന്നു. ഒരു കിടപ്പുമുറി മാത്രമുള്ളൊരു കൊച്ചുവീടു്. അടുക്കളയും പിൻവശവും ചാണകം മെഴുകിയിരുന്നു. ഓടുമേഞ്ഞ ആ കൊച്ചു വീടിന്റെ അടുക്കള ഭാഗത്തു് ഓലമേഞ്ഞ ചാർത്തുണ്ടായിരുന്നു. പി. സി. കുറുമ്പയുടെ അനിയത്തിയുടെ മകളും മരുമകനും അവരുടെ രണ്ടു കുട്ടികളുമാണു് കുറുമ്പയ്ക്കൊപ്പം അപ്പോൾ അവിടെ ഉണ്ടായിരുന്നതു്.

മണ്ണിന്റെ മകളായിരുന്നു അവൾ. കേരളമണ്ണിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി അവൾ ആഞ്ഞടിച്ചു. വീറുറ്റ രാഷ്ട്രീയ പ്രവർത്തക മാത്രമായിരുന്നില്ല, സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന സമരനായികയുമായിരുന്നു അവൾ. കീഴാളർക്കു് വിദ്യ നിഷേധിച്ചിരുന്ന കാലമായിരുന്നു അതു്. പള്ളിക്കൂടത്തിന്റെ പരിസരത്തു കൂടി അറിയാതെ പോലും പോകാൻ അവർക്കു് അനുവാദമില്ലായിരുന്നു. അറിയാതെ പറ്റിപ്പോകുന്ന ഇത്തരം പിഴവുകൾക്കു പോലും കടുത്ത ശിക്ഷ നൽകിയിരുന്ന കാലം. അതിനാൽ, വിദ്യ അവൾക്കു നിഷേധിക്കപ്പെട്ടിരുന്നു. പക്ഷേ, ജീവിതത്തിന്റെ തീച്ചൂളയിൽ നിന്നും അവൾ ആർജ്ജിച്ചെടുത്ത അറിവിനൊപ്പമെത്താൻ ഞാൻ നേടിയ വിദ്യാഭ്യാസമൊന്നും മതിയാകില്ലെന്നു് എനിക്കു തോന്നി. ഇനിയും കാണാമെന്ന ഉറപ്പു പറഞ്ഞു് ഞാനാ വീടിന്റെ പടിയിറങ്ങി.

അധ്യായം 11

നേരിൽക്കണ്ടു ഞാനവരെ! വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന താരകമായിരുന്നില്ല അവൾ. മറിച്ചു്, മണ്ണിൽ നിന്നും പൊട്ടിമുളച്ചു് ധീരതയുടെ ആൾരൂപമായിരുന്നു. ഞെരിച്ചുകൊല്ലാൻ പലകുറി നോക്കിയിട്ടും മരിക്കാൻ മനസ്സില്ലെന്ന വാശിയോടെ പൊരുതിക്കാണിച്ചവൾ. അനീതിക്കെതിരെ ചാട്ടുളിയായി പതിച്ചു അവളുടെ വാക്കുകളും പ്രവർത്തനങ്ങളും നിലപാടുകളും. എന്നിട്ടും സമൂഹമധ്യത്തിൽ സാന്നിധ്യമോ ഇരിപ്പിടമോ ഇല്ലാതെ പോയി അവൾക്കു്.

ഈ കേരളത്തിൽ അവളോളം ധീരതയോടെ പോരാടിയവരില്ല. അതിക്രമങ്ങളെ അവളോളം തീവ്രമായി ചെറുത്തുനിന്ന മറ്റൊരു സ്ത്രീയും കാണില്ലായിരിക്കും. എന്നിട്ടും അവൾക്കു ചരിത്രത്തിൽ ഇടമില്ലാതെ പോയി അവളുടെ ലിംഗം, ജാതി, വർഗ്ഗം, വർണ്ണം, ആകാരം, നിറം, വിദ്യാഭ്യാസം, സൗന്ദര്യം, എന്നിവയെല്ലാം അതിനു കാരണങ്ങളായി. അവിടെ പോരാട്ടവീര്യത്തിനും കഴിവിനും കരുത്തിനും ഇടമില്ലാതായി. പൊതു ഇടങ്ങളിൽ നിന്നും കഴിവുറ്റവരെ അകറ്റിനിറുത്താനുള്ള കാരണങ്ങളാണല്ലോ ഇവയെല്ലാം.

ഈ ആധുനിക യുഗത്തിലും, ജാതീയതയെ എതിർക്കുന്നവരുടെ മനസ്സിന്റെ ഉള്ളറയിൽപ്പോലും ആഢ്യത്വം തെളിഞ്ഞു കത്തുന്നു എന്നതാണു് പരമാർത്ഥം. ഔന്നത്യത്തിന്റെ അടയാളങ്ങളായി ഇവിടെ ആഘോഷിക്കപ്പെടുന്ന നിറവും വർണ്ണവും ആകാരവും സൗന്ദര്യവുമെല്ലാം കഴിവുകളുടെ അളവുകോലായി മാറുന്ന ജീർണ്ണിച്ച കാഴ്ചകൾ! പക്ഷേ, കുറുമ്പയെ എക്കാലവും നയിച്ചതാകട്ടെ, ശരീരത്തിൽ ജീവൻ നിലനിൽക്കുന്ന കാലംവരെയും അനീതിക്കെതിരെ പോരാടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണു്. അധികാരത്തിനോ അംഗീകാരത്തിനോ വേണ്ടി അവർ മുറവിളി കൂട്ടിയില്ല. തനിക്കു് അവകാശപ്പെട്ടതു വേണമെന്നു പോലും ആ വൈകിയ വേളയിലും അവർ ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിൽ ഐതിഹാസികമായ നിരവധി സമരങ്ങൾക്കു നേതൃത്വം നൽകിയ ആ ധീര വനിത നയിച്ചിരുന്നതാകട്ടെ, അത്യന്തം ലളിതമായ ജീവിതവുമായിരുന്നു.

‘ഈ ലോകം നിങ്ങളെയറിയണം, നിങ്ങളിവിടെ രചിച്ച സമരേതിഹാസങ്ങളറിയണം, സർവ്വോപരി നിങ്ങളാരാണെന്നും ഈ നാടറിയണം. അതിനായി, നിങ്ങളെ ആദരിക്കുന്ന ഒരു ചടങ്ങു നടത്താനാണു്, വനിതാകലാസാഹിതി പ്രവർത്തകർ ഇവിടെ എത്തിയിരിക്കുന്നതു്. ഈ അവസരത്തിൽ, നിങ്ങൾക്കെന്താണു് ഞങ്ങൾ നൽകേണ്ടതു്? ഈ ജീവിതത്തിൽ ഇനി നിങ്ങൾക്കെന്താണു് ആഗ്രഹം?’, ഞാൻ ചോദിച്ചു. അതിനുള്ള അവരുടെ മറുപടി ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി!

നിലത്തിരുന്ന അവർ തന്റെ കാലുകൾ കുറച്ചുകൂടി നിവർത്തി വച്ചു. കൈകൾ രണ്ടും കാലുകൾക്കിടയിൽ കൂപ്പി വച്ചു. വായിലെ മുറുക്കാൻ തെല്ലൊന്നൊതുക്കി, പല്ലില്ലാത്ത മോണകാട്ടി മനോഹരമായ ആ ചിരി വീണ്ടും ഞങ്ങൾക്കു സമ്മാനിച്ചു, എന്നിട്ടു തുടർന്നു.

‘ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണു്. എനിക്കു് സ്വാതന്ത്ര്യസമരസേനാനി പെൻഷനും കശുവണ്ടി തൊഴിലാളി പെൻഷനും കിട്ടുന്നുണ്ടു്. ഇത്രയും ചെറിയ മനുഷ്യത്തിയായ എനിക്കു് ഒരു ചെറിയ കഷണം മുണ്ടും അരമീറ്റർ തുണികൊണ്ടുള്ള റൗക്കയും (ബ്ലൗസു പോലുള്ള മേൽവസ്ത്രം) മാത്രമേ ആവശ്യമുള്ളു. ഒരു കയിൽ കഞ്ഞി എനിക്കു മൂന്നു നേരവും കിട്ടുന്നുണ്ടു്. എനിക്കു യാതൊരു കുറവുമില്ലാതെ, മുറ തെറ്റാതെ, എന്റെ മക്കളെന്നെ (അനുജത്തിയുടെ മക്കൾ) നോക്കുന്നുണ്ടു്. എനിക്കു് മറ്റൊരാവശ്യവുമില്ല, അതിനാൽ പണത്തിനു ചെലവു കുറവാണു്. ഈയടുത്ത കാലത്തു് വീടിനുള്ളിൽത്തന്നെ ഒന്നു വീണു. അതിനു ശേഷം നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ടു്. ശാരീരികമായ പ്രശ്നങ്ങളൊഴിച്ചാൽ ഞാൻ തികച്ചും സംതൃപ്തയാണു്.’

കുറുമ്പച്ചേച്ചി സമ്പൂർണ്ണമായൊരു പാഠപുസ്തകമാണെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അതു്. ധീരതയുടെ ആൾരൂപമായ ഈ സ്ത്രീയിൽ നിന്നും ധാരാളം പഠിക്കാനുണ്ടെന്നും ഞാൻ മനസ്സിലാക്കി. അവരുടെ വിവേചന ശക്തിയും വിവേകവും അറിവും ദർശനവുമെല്ലാം ലോകത്തിലിന്നേവരെ പഠിപ്പിച്ചതും പഠിച്ചതുമായ തത്വജ്ഞാനങ്ങൾക്കും ഉപരിയായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ആ മുഖത്തുനിന്നും സദാ പ്രസരിച്ചിരുന്ന ശാന്തതയിലും പ്രസന്നതയിലും അലിഞ്ഞില്ലാതെയാവാൻ ഞാനാഗ്രഹിച്ചു. അതുതന്നെയായിരുന്നു അവർ ഈ സമൂഹത്തിനു നൽകിയ ആദർശവും ദർശനവും. ജീവിതം സമാനതകളില്ലാത്ത സമരഭൂമിയായിരുന്നിട്ടും യാതൊരു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ സമ്പൂർണ്ണ ചാരിതാർത്ഥ്യത്തോടുകൂടി വാർദ്ധക്യം മുന്നോട്ടു കൊണ്ടുപോകുന്നു അവർ.

കുറുമ്പയെ കണ്ടു മടങ്ങുംവഴി, യാത്രയിലുടനീളം ഞങ്ങൾ സംസാരിച്ചതു് അവർ അനുഭവിച്ച പീഡനങ്ങളും അതിലൊന്നും തകരാതെ, പതറാതെ, തളരാതെ അവർ നയിച്ച സമരങ്ങളും പോരാട്ടങ്ങളുമായിരുന്നു. ഇത്രയും ക്രൂരവും മൃഗീയവുമായ പോലീസ് മർദ്ദനങ്ങളേറ്റ ഒരാളുപോലും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നു് സഖാവു് ശ്രീകുമാറും ലീലച്ചേച്ചിയും ഒരേ സ്വരത്തിൽ പറഞ്ഞു. കുറുമ്പയെപ്പോലുള്ളവരെ തേടിക്കണ്ടെത്തി ആദരിക്കുമ്പോൾ തങ്ങളുടെ സിരകളിലും പടരുന്നതു് ആ ആവേശത്തിരമാലകളാണെന്നു് അവർ വ്യക്തമാക്കി. ഈ മണ്ണിൽ സ്ത്രീകൾ നേരിട്ടു്, അതിജീവിച്ച സമരങ്ങളും പോരാട്ടങ്ങളും പീഡനങ്ങളും വർണനാതീതമാണു്. എന്നിട്ടും, അവരുടെ ധീരതയെയും പോരാട്ടങ്ങളെയും സഹനങ്ങളെയും തമസ്കരിക്കാൻ പുരുഷാധികാര കേന്ദ്രിത സമൂഹം എല്ലാക്കാലത്തും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ടു്.

തലച്ചോറിൽ ഭ്രാന്തൻ ചിന്തകൾ കൂടുകൂട്ടുമ്പോൾ എന്റെ മനസ്സു് ലക്ഷ്യമേതുമില്ലാതെ അലയാറുണ്ടു്. അതു് ചില യാത്രകളിലേക്കും അത്തരം യാത്രകൾ ചിലപ്പോഴെങ്കിലും ചില തമസ്കരിക്കപ്പെട്ട ജീവിതങ്ങളിലേക്കും അവരുടെ അനുഭവങ്ങളിലേക്കും എന്നെ കൊണ്ടുചെന്നെത്തിക്കാറുണ്ടു്. അങ്ങനെ എന്റെ ചിന്തകൾ ഭ്രാന്തവും പ്രക്ഷുബ്ധവുമായിരുന്ന കാലത്താണു് കുറുമ്പയെക്കുറിച്ചുള്ള അറിവുകൾ എന്നിലേക്കെത്തിയതു്. ആ അന്വേഷണം എത്തിയതാകട്ടെ, കാലം തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടിയിരുന്ന, എന്നാൽ, ബോധപൂർവ്വം തമസ്കരിച്ച കുറുമ്പയെന്ന പോരാട്ട വീര്യത്തിലേക്കാണു്. ആ നിമിഷം ഞാനൊരു തീരുമാനമെടുത്തു. ഞാൻ നിശ്ശബ്ദയായാൽ, കുറുമ്പ എന്ന സമരവീര്യം എന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകും. പാർട്ടിയും നാടും അവളെ മറക്കും. ഒന്നു തീരുമാനിച്ചു, പുറത്തു കൊണ്ടുവരിക തന്നെ വേണം, കുറുമ്പയെയും അവളിലെ പോരാട്ടവീര്യത്തെയും പെണ്ണത്തത്തെയും. എന്റെ ഹൃദയം എന്നോടു പറഞ്ഞു, നിശ്ശബ്ദയായിരിക്കാൻ എനിക്കു് അവകാശമില്ലെന്ന ഈ ചിന്തയിൽ നിന്നുമെന്നെ ഉണർത്തിയതു് വിമലടീച്ചറാണു്.

അവർ പറഞ്ഞു, ‘അതുല്യസ്ത്രീ വ്യക്തിത്വങ്ങളെ കണ്ടെത്താനും അവരെ ഈ സമൂഹത്തിനു മുന്നിൽ കൊണ്ടുവരുവാനും ലില്ലിയെപ്പോലുള്ളവർ നടത്തുന്ന പരിശ്രമങ്ങളും അതിനായി അനുഭവിക്കുന്ന ഈറ്റുനോവുകളും ഇല്ലായിരുന്നുവെങ്കിൽ സ്ത്രീകളുടെ ധീരസമരങ്ങളും പോരാട്ടങ്ങളും ചെറുത്തുനിൽപ്പുകളും ആരാലും അറിയപ്പെടാതെ പോകുമായിരുന്നു.’

അധ്യായം 12
images/KP_RAJENDRAN.jpg
കെ. പി. രാജേന്ദ്രൻ

കുറുമ്പയെ ആദ്യമായി കണ്ടു മടങ്ങിയെത്തിയ ശേഷം മനസ്സു് അത്യന്തം പ്രക്ഷുബ്ധമായിരുന്നു. അവരുടെ മുഖത്തു പ്രതിഫലിച്ച തീക്ഷ്ണത എന്റെ ഹൃദയത്തിൽ മങ്ങാതെ നിന്നു. അവർ പറഞ്ഞതും അവരിൽ നിന്നും കേട്ടതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ലേഖനമാക്കി ജനയുഗം പത്രത്തിനയച്ചു കൊടുക്കുകയാണു് ഞാൻ ആദ്യം ചെയ്തതു്. സ. രാജാജി മാത്യു തോമസ് സർവ്വവിധ ആത്മബലവും നൽകി എന്നെ പ്രോത്സാഹിപ്പിച്ചു. സി. പി. ഐ. സംസ്ഥാന സെക്രട്ടറി സഖാവു് കാനം രാജേന്ദ്രനോ ടും ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു. സി. പി. ഐ. തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പോയി ജില്ലാ സെക്രട്ടറി സ. സി. എൻ. ജയദേവനെ കണ്ടു് പോയ കാര്യങ്ങളെപ്പറ്റിയും ഇനി നടത്താനിരിക്കുന്ന പരിപാടിയെക്കുറിച്ചും ചർച്ച ചെയ്തു. കുറുമ്പയെക്കുറിച്ചു് എന്നോടു് ആദ്യമായി സൂചിപ്പിച്ച സഖാവും വക്കീലുമായ കെ. പി. രാജേന്ദ്രനെ മുഖ്യ പ്രഭാഷണം നടത്താനായി ക്ഷണിച്ചു. പരിപാടിയുടെ കൺവീനറായ ടി. കെ. വിക്രമനോടും കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു.

പി. സി. കുറുമ്പയെക്കുറിച്ചു് മുമ്പു് എപ്പോഴെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ എന്നായി പിന്നീടുള്ള എന്റെ അന്വേഷണം. അതിൽ കാര്യമായ പുരോഗതിയൊന്നും കണ്ടില്ല. എ. കൃഷ്ണകുമാരിയുടെ ‘സമരപഥങ്ങളിൽ പെൺപെരുമ’ എന്ന പുസ്തകത്തിൽ കുറുമ്പയെക്കുറിച്ചു ചെറുതായി അടയാളപ്പെടുത്തിയിട്ടുള്ളതു് പിന്നീടു് എന്റെ ശ്രദ്ധയിൽ പെട്ടു. ജനയുഗം പത്രത്തിൽ വന്ന വി. എസ്. വസന്തന്റെ ലേഖനവും എനിക്കു തുണയായി.

കുറുമ്പയെ ആദരിക്കുന്ന പരിപാടികളിലേക്കു് മനസ്സും ശരീരവും പ്രവർത്തനങ്ങളും ഞാൻ പൂർണ്ണമായും കേന്ദ്രീകരിച്ചു. ഡിസംബർ 15-ാം തീയതി ശനിയാഴ്ച രണ്ടു മണിക്കു് ഇരിങ്ങാലക്കുട നടവരമ്പു് വൈക്കരയിൽ അവരുടെ വീട്ടുമുറ്റത്തുവച്ചു പൊതു ആദരം നൽകാൻ തീരുമാനമായി. അതിനു വേണ്ട നോട്ടീസും അറിയിപ്പുകളും തുടർപ്രവർത്തനങ്ങളും ആരംഭിച്ചു. സമാദരണത്തിന്റെ ഭാഗമായി അവരെ പൊന്നാട അണിയിക്കാനും പ്രശംസാപത്രം സമർപ്പിക്കാനുമാണു് തീരുമാനിച്ചതു്.

കുറുമ്പയെ ആദരിക്കുന്ന പരിപാടിയിലേക്കു് സാധിക്കുന്നവരെയെല്ലാം നേരിട്ടു ക്ഷണിച്ചു. വനിതാകലാസാഹിതി സംസ്ഥാന ഭാരവാഹികളായ ഗീത നസീർ, ശാരദ മോഹൻ, ഐഷ ബീവി, എസ്. ശാന്തമ്മ എന്നിവരെയും ക്ഷണിച്ചു. മറ്റുള്ളവരിലേക്കും ഈ വാർത്ത എത്തിക്കണമെന്നു് അവരോടു് ആവശ്യപ്പെട്ടു. പത്രങ്ങളിലെല്ലാം നോട്ടീസോടു കൂടി പരിപാടിയുടെ അറിയിപ്പും നൽകി.

സി. പി. ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണവും നൽകി. വേണ്ടപ്പെട്ടവരെയെല്ലാം നോട്ടീസ് നൽകി അറിയിക്കുകയും ക്ഷണിക്കുകയും ചെയ്തു. കുറുമ്പയ്ക്ക സമർപ്പിക്കാനുള്ള പ്രശസ്തി പത്രവും പരിപാടിയുടെ നോട്ടീസും തയ്യാറാക്കി. അവരെ ആദരിക്കാനുള്ള നല്ലൊരു ഷാളും വാങ്ങി പൊതിഞ്ഞുവച്ചു.

ആവശ്യമായ മേശകളും കസേരകളും പരിപാടിയുടെ വേദിയിൽ സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള ചുമതല സ. വിക്രമും സ. ശ്രീകുമാറും ഏറ്റെടുത്തു. വരുന്നവർക്കു് ചായ നൽകാനുള്ള ഏർപ്പാടുകളൊരുക്കിയതും അവർ തന്നെയായിരുന്നു. കാര്യങ്ങളെല്ലാം തീരുമാനിച്ചതുപോലെ തന്നെ മുന്നോട്ടു നീങ്ങി.

അധ്യായം 13

2012 ഡിസംബർ 15. സമയം പകൽ രണ്ടു മണി. കുറുമ്പയുടെ നടവരമ്പിലെ വീട്ടുമുറ്റത്തു് ഞങ്ങൾ ഒരുമിച്ചു കൂടി. വനിതാകലാസാഹിതി, യുവകലാസാഹിതി പ്രവർത്തകർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ തൃശൂരിലും ചുറ്റുവട്ടത്തുമുള്ള സഖാക്കൾ എന്നിവരാണു് അവിടെ ഒത്തുകൂടിയതു്. ഒരുപക്ഷേ, കുറുമ്പയുടെ ജീവിതത്തിൽ അവർക്കു് ആദ്യമായി കിട്ടുന്ന സമൂഹ ആദരം.

ആ കണ്ണുകളിലേക്കു ഞാനൊന്നു സൂക്ഷിച്ചു നോക്കി. അവിടെ, ആത്മാഭിമാനത്തിന്റെ വജ്രത്തിളക്കം. ഇരിപ്പും മോണ കാട്ടിയുള്ള ചിരിയും മനസ്സിൽ നിറച്ചതു് സ്നേഹത്തിന്റെ ആവേശത്തിരതള്ളലായിരുന്നു. കാണുന്ന മാറിലേക്കു ചേർത്തുപിടിച്ചു് ഇറുകെപ്പുണരാൻ തോന്നിക്കുന്നത്ര സ്നേഹം എന്റെയുള്ളിൽ അലയടിക്കുന്നതു ഞാൻ തിരിച്ചറിഞ്ഞിരുന്നു.

വളരെക്കാലത്തിനു ശേഷം അന്നവർ സമൂഹത്തോടു സംസാരിച്ചു. ശബ്ദം വല്ലാതെ പതറിയിരുന്നു. അതിനാൽ, അവരുടെ സംഭാഷണം റെക്കോർഡ് ചെയ്തെങ്കിലും അതിനു വ്യക്തതയില്ലാതെ പോയി. എന്നിരുന്നാലും സ്വന്തം ജീവിതാനുഭവങ്ങൾ ഓർത്തെടുത്തു് അവർ സമൂഹത്തോടു വിശദീകരിച്ചു. കുറുമ്പയുമായുള്ള എന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു അതു്. സംഘാടനത്തിന്റെ തിരക്കിലായിരുന്നതിനാൽ അവരുമായി അധികം സംസാരിക്കാൻ അന്നെനിക്കു് അവസരം ലഭിച്ചില്ല. എങ്കിലും ആ വ്യക്തിപ്രഭാവം എന്നിലുണർത്തിയ ആവേശം വളരെ വലുതായിരുന്നു. വാർദ്ധക്യത്താൽ സ്വരം ചിലമ്പിച്ചിരുന്നെങ്കിലും ഏവരെയും തന്നിലേക്കടുപ്പിക്കുന്നൊരു മാസ്മരികത അവരുടെ സംസാരത്തിനുണ്ടായിരുന്നു. ഈ ശാന്തസ്വരൂപത്തിൽ നിന്നുമാണോ അനാചാരത്തിന്റെ വിഷവിത്തുകളെയപ്പാടെ വെന്തെരിപ്പിച്ച അഗ്നിസ്ഫുലിംഗങ്ങൾ ഉത്ഭവിച്ചതു് എന്നൊരു ചിന്തയും എന്നിലുണ്ടായി. കണ്ണിമ ചിമ്മാതെ അവരെ ഞാൻ നോക്കിയിരുന്നു. അവ്യക്തമെങ്കിലും ആ വാക്കുകളെനിക്കു മൊഴിമുത്തുകളായി.

ഈ നാട്ടിൽ സമരങ്ങളുടെ അലകടൽ തന്നെ തീർത്തിട്ടും ഇന്നും ഈ സമൂഹം മനുഷ്യരെ അംഗീകരിക്കുന്നതു് കഴിവിന്റെ അടിസ്ഥാനത്തിലല്ല എന്ന നഗ്നസത്യം എന്നിൽ നോവായി പടർന്നു. ജീവിക്കാനുള്ള അവകാശം ഈ ഭൂമിയിലെ ഒരു ജാതിക്കും കുലത്തിനുമായി പ്രത്യേകമായി നൽകപ്പെട്ടിട്ടില്ല. ഒരാളുടെയും അനുവാദമോ സമ്മതമോ ചോദിച്ചിട്ടല്ല ഈ ഭൂമിയിൽ ജീവൻ പിറവി കൊള്ളുന്നതു്. ഈ മണ്ണിൽ മുളപൊട്ടുന്ന ഒരു പുൽനാമ്പിനു പോലും അതിന്റെതായ അവകാശങ്ങളുണ്ടു്, ധർമ്മവും. ഏതു ഗർഭപാത്രത്തിൽ, ആരുടെ ബീജത്തിൽ പിറവി കൊള്ളണമെന്നു തീരുമാനിക്കാനുള്ള അവകാശവും ഈ പ്രകൃതി ആർക്കും നൽകിയിട്ടില്ല. എന്നിട്ടും ജന്മത്തിന്റെ പേരിൽ ചിലരിവിടെ ഊറ്റം കൊള്ളുന്നു. ചിലരെ കാൽക്കീഴിലിട്ടു് ചവിട്ടിയരയ്ക്കുന്നു. അപ്പോഴും കലിയടങ്ങാതെ വരേണ്യവർഗ്ഗമിവിടെ വിറളിപൂണ്ടു നടക്കുന്നു. ബ്രാഹ്മണർ എത്ര കൊടിയ കുറ്റകൃത്യം ചെയ്താലും അതൊന്നും കുറ്റമായി കരുതിയിരുന്നതു പോലുമില്ല. എന്നാൽ, കീഴാളർ അറിയാതെ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും അതിമാരകമായ കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനെല്ലാമെതിരെ ആഞ്ഞടിച്ചു് കുറുമ്പ എന്ന കനൽസൂര്യനു ചേർന്നതോ മുഖത്തു മിന്നിനിൽക്കുന്ന ഈ പ്രശാന്തത? നോക്കിനോക്കിയിരിക്കെ ഞാൻ അവരാകുന്നതു പോലെ എനിക്കു തോന്നി.

അധ്യായം 14

ഇരിഞ്ഞാലക്കുട നടവരമ്പു് ഗ്രാമത്തിൽ പുലയ സമുദായത്തിൽപ്പെട്ട കർഷകത്തൊളിലാളികളായ പാറപ്പുറത്തു് വീട്ടിൽ ചാത്തന്റെയും കാളിയുടെയും അഞ്ചു മക്കളിൽ ഏറ്റവും മൂത്ത മകളായിരുന്നു പി. സി. കുറുമ്പ. അക്കാലങ്ങളിൽ മോഷണങ്ങൾ വളരെക്കൂടുതലായിരുന്നു. തങ്ങളുടെ കൃഷിയിടങ്ങളും കാർഷിക വിളകളും മറ്റും മോഷ്ടിക്കപ്പെടാതിരിക്കാൻ അക്കാലങ്ങളിൽ നിയമ സംവിധാനങ്ങളെയല്ല ജന്മിമാർ ഉപയോഗപ്പെടുത്തിയിരുന്നതു്. മറിച്ചു്, കീഴാളരായ മനുഷ്യരെയായിരുന്നു. ഇവരെ കാവലേല്പിച്ച ശേഷം ഒരു കൊതുമ്പിൻ കഷണമെങ്കിലും പറമ്പിൽ നിന്നും ആരെങ്കിലും കൊണ്ടുപോയതായി ജന്മിമാർ അറിഞ്ഞാൽ കാവൽ നിൽക്കുന്നവരെ ചാട്ടവാറിനു തല്ലിച്ചതച്ചിരുന്നു. ഇത്തരത്തിൽ, തങ്ങളുടെ കാർഷിക ഉല്പന്നങ്ങളുടെ കാവലിനായും അംഗരക്ഷകരായും നടവരമ്പിലെ നെല്ലൂർ മന കുടുംബം കൊണ്ടുവന്നതായിരുന്നു കുറുമ്പയുടെ പിതാവിനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന നെല്ലൂർ മനയുടെ പാടശേഖരത്തിന്റെ നടുവിലായിട്ടായിരുന്നു അവർ താമസിച്ചിരുന്നതു്.

ആക്കപ്പിള്ളി, ചാമിക്കുട്ടി, കുറു, കുറുമ്പക്കുട്ടി എന്നിവരായിരുന്നു കുറുമ്പയുടെ സഹോദരങ്ങൾ. പട്ടിണി കൊടികുത്തി വാണ കാലമായിരുന്നു അതു്. വിശന്നു പൊരിയുന്ന വയറിനു് ആശ്വാസമായി ഒരു വറ്റുപോലും കിട്ടാതിരുന്ന കാലം. നേരം പുലരും മുൻപേ പണിക്കിറങ്ങി, രാവേറുവോളം പണി ചെയ്തിട്ടും ആഹാരത്തിനു വകയില്ലാതിരുന്ന കാലം.

കുഞ്ഞുന്നാൾ കുറുമ്പയ്ക്കും സഹോദരങ്ങൾക്കും നേരിടേണ്ടി വന്നതു് കടുത്ത വിവേചനങ്ങളായിരുന്നു. തങ്ങളെ കാണുമ്പോൾ മനുഷ്യരെന്തിനാണു് ആട്ടിയകറ്റുന്നതെന്നും അറപ്പോടെയും വെറുപ്പോടെയും പെരുമാറുന്നതെന്നും അവർക്കു് അറിയില്ലായിരുന്നില്ല. തങ്ങളുടെ മാതാപിതാക്കൾ പകലന്തിയോളം പണിയെടുക്കുന്നതു് അവർ കാണുന്നുണ്ടായിരുന്നു. എന്നിട്ടും വിശന്നുവലയുന്ന വയറിന്റെ കത്തലടക്കാൻ ഒരിറ്റു കഞ്ഞിവെള്ളം പോലും ലഭിച്ചിരുന്നില്ല. പട്ടിണിയെയും കൊടിയ ദാരിദ്ര്യത്തെയും അതിജീവിച്ചു്, രോഗം വരുമ്പോൾ ചികിത്സയില്ലാതെ, പഠിക്കാനാവാതെ, പൊതുവഴിയിലൂടെ നടക്കാനാവാതെ, സവർണ്ണരെ കാണുമ്പോൾ ഓടിയകന്നു കഴിച്ചു കൂട്ടിയ ബാല്യമായിരുന്നു അവരുടേതു്.

ഏതൊരു സഹനത്തിനും ഒരവസാനമുണ്ടാകും. ഇതിനപ്പുറത്തേക്കു സഹിക്കാൻ തങ്ങൾക്കാവില്ല എന്നു തിരിച്ചറിയുന്ന ഒരു നിമിഷം. പട്ടിണിയുടേയും അവഗണനയുടേയും അടിമ ജീവിതത്തിന്റെയും തീച്ചുളയിൽ വെന്തുരുകിയ ജീവിതങ്ങൾ. ഇനിയൊരടികൂടി മുന്നോട്ടു വച്ചാൽ കാത്തിരിക്കുന്നതു മരണമാണെന്ന തിരിച്ചറിവു് അവരുടെ ജീവിതത്തിലുമുണ്ടായി.

നടവരമ്പു് കേന്ദ്രീകരിച്ചു് പി. കെ. ചാത്തൻ മാഷ് പാർട്ടിയുണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അതു്. അടിമകളാക്കപ്പെട്ട മനുഷ്യർ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കു് ആകർഷിക്കപ്പെട്ടിരുന്ന കാലം, കുറുമ്പയുടെ സഹോദരങ്ങളായ ആക്കപ്പിള്ളിയും ചാമിക്കുട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ മുഴുകി. തങ്ങളുടെ ജനത നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത നീതികേടിനെതിരെ പോരാടാൻ ആരംഭിച്ചിരുന്നു. സഹോദരങ്ങളുടെ പാത പിന്തുടർന്നു് കുഞ്ഞുപ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കു് ഇറങ്ങിച്ചെന്നവളായിരുന്നു കുറുമ്പയും.

അക്കാലങ്ങളിൽ നിലനിന്നിരുന്ന ആചാരമനുസരിച്ചു് 15-ാമത്തെ വയസ്സിൽ കുറുമ്പ വിവാഹിതയായി. നടവരമ്പിനു തൊട്ടടുത്ത പ്രദേശമായ പുല്ലൂരിൽ താമസിച്ചിരുന്ന ചാത്തനായിരുന്നു കുറുമ്പയെ വിവാഹം കഴിച്ചതു്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ചാത്തനുമായുള്ള വിവാഹത്തിനു ശേഷമാണു് കടുത്ത അനീതിക്കും ഉച്ചനീചത്വത്തിനുമെതിരെ അതിശക്തമായി പോരാടാൻ കുറുമ്പ ഇറങ്ങിത്തിരിച്ചതു്. കമ്മ്യൂണിസ്റ്റു പാർട്ടിയുമായി കൂടുതൽ അടുക്കാനും ഇടപഴകാനും ചാത്തന്റെ ബന്ധുവായിരുന്ന കെ. കെ. അയ്യപ്പനും കുറുമ്പയെ വളരെയേറെ സഹായിച്ചു.

കുറുമ്പയെ വിവാഹം കഴിക്കുമ്പോൾ, ഒരു കറുത്ത ചരടിൽ തൂക്കിയ താലി കഴുത്തിൽ കെട്ടിക്കൊടുക്കാൻ മാത്രമേ ചാത്തനു കഴിഞ്ഞിരുന്നുള്ളു. കൊടിയ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന അക്കാലത്തു്, ആ താലി പോലും അവർക്കു് ആർഭാടമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ചാത്തനാകട്ടെ, ഭരണകർത്താവായ ദിവാന്റെ പോലീസിന്റെയും പട്ടാളത്തിന്റെയും നോട്ടപ്പുള്ളിയായിരുന്നു. മുട്ടിനു മുകളിൽ നിൽക്കുന്ന കാക്കി ട്രൗസറും കൂർത്ത തൊപ്പിയും അരക്കൈയ്യൻ ഷർട്ടും ധരിച്ച പോലീസിനെ കാണുമ്പോൾ തന്നെ ഭീതിയാൽ ശരീരം നടുങ്ങി വിറച്ചിരുന്നു. ഷർട്ട് ഉള്ളിലേയ്ക്കാക്കി, ട്രൗസറിനു മുകളിൽ രണ്ടേകാലോളം ഇഞ്ചു് വീതിയും കട്ട ബക്കിളുമുള്ള ബെൽറ്റുമുണ്ടായിരുന്ന പോലീസിനു് കാൽ വിരലുകൾ മുതൽ മുട്ടിനു താഴെ വരെ കാക്കി നിറത്തിലുള്ള പഞ്ഞിത്തുണി കൊണ്ടുള്ള മൂന്നു മീറ്ററോളം നീളമുള്ള പട്ട രണ്ടു കാലിലും ചുറ്റിയിരുന്നു. എല്ലാ പോലീസുകാരും ബൂട്ടാണു് ധരിച്ചിരുന്നതു്. അതിന്റെ അടിഭാഗത്തായി ലാടം പോലുള്ള വളയവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അവരെ കാണുന്ന മാത്രയിൽ, ഭയത്താൽ കുട്ടികളെല്ലാം ഓടിയൊളിക്കുമായിരുന്നു.

ചാത്തനോ കുറുമ്പയ്ക്കോ ഒരു തുണ്ടു ഭൂമി പോലും ഉണ്ടായിരുന്നില്ല. ജന്മിമാരുടെ കൃഷിയിടത്തിൽ പകലന്തിയോളം പണിയെടുത്താൽ ആഹാരത്തിനുള്ള വക പോലും ലഭിച്ചിരുന്നുമില്ല. അടുപ്പിൽ വച്ചു കത്തിക്കാൻ ഒരു കഷണം ചുള്ളിക്കമ്പു പോലും എടുക്കാൻ അവകാശമില്ലാതിരുന്ന കാലമായിരുന്നു അതു്. എങ്കിലും എവിടെ നിന്നെങ്കിലും കൊണ്ടുവരുന്ന പച്ച മാറാത്ത കമ്പുകളിൽ തീപിടിപ്പിക്കാനായി അടുപ്പിനരികിൽ കുനിഞ്ഞു് തീയൂതണം. നേരം വെളുത്തു വരുമ്പോഴേക്കും പാടത്തും പറമ്പിലും പണി ചെയ്യണം. രാത്രിയാകുമ്പോൾ, കുടിലിലെത്തിയാൽ അലക്കും തീയൂതലും, ഒടുവിൽ, നടുവൊന്നു നിവർത്താനായി പായിലേക്കു കിടക്കുമ്പോഴേക്കും കോഴി കൂവും. അതോടെ, അടുത്ത ദിവസത്തേക്കുള്ള പണികളുടെ തുടക്കമായി. വിശ്രമമെന്തെന്നു് അറിയാൻ കൂടി കഴിയാതിരുന്ന അവസ്ഥ. പട്ടിണിയും ദാരിദ്ര്യവും മർദ്ദനങ്ങളും അപമാനവും സഹിക്കണം. മൃഗങ്ങൾ പോലും നയിച്ചിരുന്നതു് ഇതിനെക്കാൾ എത്രയോ മെച്ചപ്പെട്ട ജീവിതമായിരുന്നു!

പകൽ സമയങ്ങളിൽ കീഴാളരെ കണ്ടാൽ അറപ്പോടെയും വെറുപ്പോടെയും മാറ്റിനിറുത്തുന്ന മേലാളർ രാത്രികാലങ്ങളിൽ ഈ കുടിലുകൾ തേടിയെത്തും. കീഴാളരിൽ ഏതെങ്കിലുമൊരുവൻ വിവാഹം കഴിച്ചാൽ, ആ പെണ്ണിനെ ആദ്യം ഭോഗിക്കാനുള്ള അവകാശം ജന്മിക്കായിരുന്നു. അത്തരത്തിൽ, സവർണ്ണർ കൈവശപ്പെടുത്തിയ പെണ്ണിനെ വിട്ടുകിട്ടുന്നതും ഏറെ ശ്രമകരമായിരുന്നു. ഭർത്താവു് ചാത്തൻ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നതിനാൽ, കുറുമ്പയ്ക്കു് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നില്ല. കാരണം, കുറുമ്പയുടെ ദേഹത്തു കൈവയ്ക്കാൻ ജന്മിമാർ ഭയപ്പെട്ടിരുന്നു.

അധ്യായം 15

കുറുമ്പയുമായുള്ള ആദ്യകൂടിക്കാഴ്ചയിൽത്തന്നെ അവരുടെ സംസാര ശൈലിയും ചിന്തയുടെ ഔന്നത്യവും എന്റെ മനസ്സിനെ പിടിച്ചുലച്ചു. എനിക്കു പരിചിതമായ വിദ്യാസമ്പന്നരെക്കാളും ഉന്നതിയിലാണു് അവരുടെ ചിന്താധാര എന്നതു് എന്നെ വിസ്മയിപ്പിച്ചു. പ്രായത്തിന്റെ പക്വതയും ജീവിതാനുഭവത്തിന്റെ തീക്ഷ്ണതയും അവരുടെ വാക്കുകളിൽ ജ്വലിച്ചു നിന്നു. അതേസമയം സൗമ്യവും ലളിതവുമായിരുന്നു അവരുടെ സംസാരം. ജീവിതാനുഭവത്തിന്റെ തീച്ചുളയിൽ നിന്നും അവർ നേടിയ അറിവുകൾ പുസ്തകത്താളുകളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും നേടുന്നതിനെക്കാൾ വളരെ ഉയർന്നതായിരുന്നു. കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല, സ്വയം ഒരു ചരിത്രമായി മാറുകയായിരുന്നു പി. സി. കുറുമ്പ അക്കാലങ്ങളിൽ, അധഃസ്ഥിതർ അക്ഷരം പഠിച്ചാൽ ചെവികളിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന നിയമം നിലനിന്നിരുന്നു. പള്ളിക്കൂടങ്ങളിൽ അവർക്കു് പ്രവേശനമുണ്ടായിരുന്നില്ല. തങ്ങളുടെ വീട്ടുമുറ്റത്തെ കുഴിയിൽ നിന്നും നക്കിത്തിന്നേണ്ട വർഗ്ഗങ്ങളായി മാത്രമേ അവരെ പരിഗണിച്ചിരുന്നുള്ളു, അതിനാൽ അവർ പള്ളിക്കൂടങ്ങളിൽപ്പോയി വിദ്യ അഭ്യസിക്കുന്നതു് സഹിക്കാനാവുമായിരുന്നില്ല. ജന്മിമാർക്കു്.

മുട്ടിനു മുകളിൽ ഒരൊറ്റ മുണ്ടു മാത്രം ധരിക്കാൻ അനുവദിച്ചിരുന്ന അക്കാലങ്ങളിൽ ഇവരെ പള്ളിക്കൂടത്തിന്റെ മുറ്റത്തേക്കു് പ്രവേശിപ്പിക്കുമോ? ഭക്ഷണം കഴിക്കാൻ അവകാശമില്ലാതിരുന്ന അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നതെങ്ങനെ? പൊതു കിണറുകളിൽ നിന്നും വെള്ളമെടുക്കുവാൻ അനുവദിക്കാതിരുന്നവർ അവരെ അടുത്തിരുന്നു പഠിക്കുവാൻ അനുവദിക്കുന്നതെങ്ങനെ? കാണുന്നതു പോലും അശുദ്ധിയായി കണ്ടിരുന്നവരെ ഒരു ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കുന്നതെങ്ങനെ? മേൽജാതിക്കാർ നടക്കുന്ന വഴികളിൽ നിന്നുപോലും ഓടിയൊളിക്കേണ്ടിയിരുന്നവരെ, ചെയ്ത പണിക്കു് ഭക്ഷണം പോലും നൽകാതിരുന്നവരെ, വിദ്യനേടി അറിവു നേടാനും അവകാശങ്ങളെക്കുറിച്ചു് അറിയാനും അനുവദിക്കുന്നതെങ്ങനെ?

തങ്ങളുടെ ഉടയോരായ മേൽജാതിക്കാർ കല്പിക്കുന്നതു് എന്തു തന്നെ ആയാലും ‘റാൻ’ എന്നും ‘അടിയനെ’ന്നും പറഞ്ഞു്, വളഞ്ഞുകുത്തി നിന്നു സ്വീകരിക്കാൻ വിധിക്കപ്പെട്ട അടിമവർഗ്ഗത്തെ വിദ്യ അഭ്യസിക്കാനവർ വിടുന്നതെങ്ങനെ? അതിനാൽ, കുറുമ്പയുടെ പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. എന്നാലവർ പഠിച്ചതിലേറെയും ഈ പ്രകൃതിയിൽ നിന്നായിരുന്നു, മണ്ണിൽ നിന്നായിരുന്നു. ജീവിതാനുഭവങ്ങളായിരുന്നു അവളുടെ ഏറ്റവും വലിയ ഗുരു.

പൊതു ഇടങ്ങളും കിണറുകളും റോഡുകളും കുളങ്ങളുമെല്ലാം അയിത്ത ജാതിക്കാർ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു കല്പന. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ കൊടിയ മർദ്ദനങ്ങളോ മരണമോ ആയിരിക്കും ശിക്ഷ. കീഴ്ജാതിക്കാരായ തങ്ങളുടെ അധ്വാനത്തിന്റെ ഫലങ്ങളത്രയും ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ പിടിച്ചുപറിച്ചെടുത്തിരുന്ന കാലമായിരുന്നു അതു്. അതിനു് മേൽജാതിക്കാർ വിളിച്ചിരുന്ന പേരായിരുന്നു കർമ്മയോഗം എന്നതു്.

ചാത്തനെന്നും യക്ഷിയെന്നും അമ്മനെന്നും ഒടിയനെന്നും പേരിൽ അവർക്കു ചില ദൈവങ്ങളെയും കല്പിച്ചു നൽകിയിരുന്നു മേൽത്തട്ടുകാരെന്നവകാശപ്പെടുന്നവർ തങ്ങൾ ആരാധിക്കുന്ന വരേണ്യ ദൈവത്തിന്റെ കൺമുന്നിൽപ്പോലും ചെല്ലാനവരെ അനുവദിച്ചിരുന്നില്ല. തങ്ങളുടെ ദൈന്യതയിൽ നിന്നും കരകയറുന്നതിനായി അവർ ആശ്രയിച്ചിരുന്ന ഭീകരമൂർത്തികളായ ദൈവങ്ങളെയും അവരെ പ്രീതിപ്പെടുത്താനുപയോഗിച്ചിരുന്ന ആചാരങ്ങളെയും അവരുടെ തനതായ ശത്രുസംഹാര മാർഗ്ഗങ്ങളായ ഒടിവിദ്യയും കൂടോത്രവുമെല്ലാം മേലാളർ വീക്ഷിച്ചിരുന്നതു് ഭയത്തോടെയായിരുന്നു.

അനീതിക്കെതിരെ ശബ്ദിക്കാൻ പോലുമുള്ള ശേഷി ഇവർക്കുണ്ടാകരുതു് എന്ന കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണു് സമാനതകളില്ലാത്ത ക്രൂരതകൾ അടിയാളരുടെമേൽ മേൽജാതിക്കാർ അടിച്ചേൽപ്പിച്ചതു്.

പള്ളിക്കൂടത്തിന്റെ പടി പോലും കണ്ടിട്ടില്ലായിരിക്കാം, പക്ഷേ, തങ്ങളോടു ചെയ്യുന്ന അതിനീചവും നികൃഷ്ടവുമായ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്താനും ചെറുത്തു തോൽപ്പിക്കാനും സ്വന്തം ജീവിതാനുഭവത്തിൽ നിന്നും പഠിച്ച പാഠങ്ങൾ മാത്രം മതിയായിരുന്നു കുറുമ്പ എന്ന ധീരയോദ്ധാവിനു്.

അധ്യായം 16

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ പി. സി. കുറുമ്പ എന്ന പേരു് ഏഴുതിച്ചേർക്കപ്പെട്ട കുട്ടൻകുളം സമരത്തിനു ശേഷം നിരവധി സമരങ്ങളിലും പ്രതിഷേധങ്ങളിലും നവോത്ഥാന പ്രവർത്തനങ്ങളിലും കുറുമ്പ പങ്കാളിയായിട്ടുണ്ടു്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പറയുന്നതു് പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണു്. അവയിൽ, ഏറ്റവും ക്രൂരമായ പൊലീസ് പീഡനങ്ങൾക്കു് ഇരയാവേണ്ടി വന്നിട്ടുള്ള രണ്ടു് വനിതാ വിപ്ലവകാരികളാണു് പി. സി. കുറുമ്പയും കൂത്താട്ടുകുളം മേരി യും. ഏറ്റവും ഭയാനകമായ പൊലീസ് പീഡനമുറകളിലൂടെ കടന്നുപോകേണ്ടി വന്നവർ. ഒരു മനുഷ്യജീവിക്കും താങ്ങാൻ കഴിയാത്ത വിധം ഭീകരമായ ആ മർദ്ദനങ്ങളത്രയും ഏറ്റുവാങ്ങേണ്ടി വന്നിട്ടും ചാവാതെ ശേഷിച്ചതു് മനക്കരുത്തിന്റെ ബലം കൊണ്ടുമാത്രം.

ഇവരിൽ കൂത്താട്ടുകുളം മേരിയെ കേരളമറിയും. പക്ഷേ, മേരിയേക്കാൾ കൂടുതൽ മർദ്ദനങ്ങളേറ്റ കുറുമ്പ വിസ്മരിക്കപ്പെട്ടു. അതിനു കാരണം കുറുമ്പ ഒരു കീഴാള സ്ത്രീ ആയിരുന്നു എന്നതായിരുന്നു. നിറത്തിന്റെ പേരിൽ, ജന്മത്തിന്റെ പേരിൽ അവൾ വെറുക്കപ്പെട്ടവളായിരുന്നു. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭരണകൂട ഭീകരതയ്ക്കു് ഇരയായിട്ടും ഇത്രമാത്രം അവഗണിക്കപ്പെടാൻ കാരണം കുറുമ്പയുടെ കീഴാള അസ്തിത്വമാണു്. അടിമകളാക്കപ്പെട്ടവരെ ഉദ്ധരിക്കാൻ കച്ചകെട്ടിയ ഇടതുപക്ഷ പ്രസ്ഥാനത്തിനു പോലും ആവശ്യം കഴിഞ്ഞപ്പോൾ അവളെപ്പോലുള്ളവരെ വേണ്ടാതായി.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിരോധിച്ചതു് 1943-ൽ കൽക്കട്ട തീസിസിന്റെ പേരിലായിരുന്നു. അതിനു ശേഷം പരസ്യമായ പാർട്ടിപ്രവർത്തനം അസാദ്ധ്യമായി. പാർട്ടിപ്രവർത്തകരെയും നേതാക്കളെയും അനുഭാവികളെപ്പോലും അതിനിഷ്ഠുരമായാണു് ഭരണകൂടം ഈ കാലഘട്ടത്തിൽ വേട്ടയാടിയതു്. നിരവധി സഖാക്കൾ രക്തസാക്ഷികളായി. പൊലീസ് മർദ്ദനം കൊണ്ടു് ജീവച്ഛവങ്ങളായി മാറിയവർ അനവധിയാണു്. വിവരണാതീതമായ കഷ്ടപ്പാടുകൾ ഈ കാലത്തു് സഖാക്കൾക്കു് അനുഭവിക്കേണ്ടിവന്നു. പരസ്യമായ പാർട്ടിപ്രവർത്തനം വിലക്കിയിരുന്നതുകൊണ്ടു് നേതാക്കൾ ഒളിവിലിരുന്നാണു് സംഘടനാപ്രവർത്തനം നയിച്ചതു്. പാർട്ടിനേതാക്കൾക്കു് ഒളിത്താവളം കണ്ടെത്താനാണു് അക്കാലങ്ങളിൽ പ്രവർത്തകർ ഏറെ കഷ്ടപ്പെട്ടതു്. മുകുന്ദപുരം താലൂക്കിൽ സുരക്ഷിതമായ ഷെൽട്ടറുകൾ ഒരുക്കുന്നതിനു് അസാമാന്യമായ ധൈര്യം കാണിച്ചിരുന്ന സഖാവാണു് പി. കെ. കുമാരൻ. തന്നെത്തന്നെ പരിത്യജിച്ചു് പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം. പി. സി. കുറുമ്പയും അങ്ങനെ തന്നെ ആയിരുന്നു. പാർട്ടി പ്രവർത്തകരെ ഒളിപ്പിച്ച കുറ്റത്തിനാണു് പി. കെ. കുമാരനേയും കുറുമ്പയേയും അറസ്റ്റ് ചെയ്തു് ഇരിങ്ങാലക്കുട സബ് ജയിലിലടച്ചതു്. നേതാക്കളെ ഒളിപ്പിക്കാൻ കുമാരനെ സഹായിച്ചുവെന്നതായിരുന്നു കുറുമ്പയ്ക്കു മേലുള്ള കുറ്റം.

images/E_Gopalakrishna_Menon.jpg
ഇ. ഗോപാലകൃഷ്ണമേനോൻ

ഇരിങ്ങാലക്കുട സബ് ജയിൽ ഇതിനകം കേരളത്തിലെ കുപ്രസിദ്ധി നേടിയ ജയിലറകളിൽ ഒന്നായി മാറി കഴിഞ്ഞിരുന്നു. കെ. കെ. വാരിയർ, സി. ജനാർദ്ദനൻ, ഇ. ഗോപാലകൃഷ്ണമേനോൻ, വി. എസ്. മേനോൻ തുടങ്ങി നിരവധി നേതാക്കളെ നിർദ്ദയം തല്ലിച്ചതച്ചതു് ഇവിടെ വെച്ചാണു്. മർദ്ദകവീരന്മാരായ പാപ്പാളിയും യു. പി. ആർ. മേനോനും ശങ്കുണ്ണിയുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പുതിയ മർദ്ദനമുറകൾ പരീക്ഷിച്ചതു് ഇവിടെയാണു്.

images/PR_Madhavan_Pillai.jpg
പന്തളം പി. ആർ. മാധവൻപിള്ള

കുറുമ്പയ്ക്കും പി. കെ. കുമാരനും ഉണ്ടായ അനുഭവം അതിനു മുൻപോ ശേഷമോ മറ്റാർക്കുമുണ്ടായതായി അറിവില്ല. അതുവരെ ഒരാളോടും പ്രയോഗിച്ചിട്ടില്ലാത്ത പീഡനമുറകളും പരീക്ഷണങ്ങളുമാണു് പോലീസ് ഇവരോടു ചെയ്തതു്. സർക്കിൾ ഇൻസ്പെക്ടർ യു. പി. ആർ. മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ് നരാധമന്മാരാണു് അവരുടെ മേൽ മൃഗീയമായ മർദ്ദനമുറകൾ അഴിച്ചുവിട്ടതു്. അന്നു് കുറുമ്പയ്ക്കു് കേവലം ഇരുപതു വയസുപോലും തികഞ്ഞിട്ടില്ലായിരുന്നു.

images/Parur_T_K_Narayana_Pillai.png
പറവൂർ ടി. കെ. നാരായണപിള്ള

തിരു-കൊച്ചി നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ. ഗോപാലകൃഷ്ണമേനോൻ മുഖ്യമന്ത്രി പറവൂർ ടി. കെ. നാരായണപിള്ള യോടു് കൈചൂണ്ടി രോഷാകുലനായി ഈ സംഭവം വിവരിച്ചപ്പോൾ സഭയിലെ മറ്റംഗങ്ങൾ സ്തബ്ധരായി ഇരിക്കുകയായിരുന്നുവെന്നു് ഗോപാലകൃഷ്ണമേനോൻ അനുസ്മരിക്കുന്നുണ്ടു്. ജയിലിൽ നിന്നു പുറത്തുവന്ന പി. കെ. കുമാരൻ തങ്ങൾക്കേറ്റ അപമാനത്തെക്കുറിച്ചു് ഒരു പത്രപ്രസ്താവന നടത്തി. പാർട്ടി സംസ്ഥാനകമ്മിറ്റി ശക്തമായ പ്രതിഷേധക്കുറിപ്പു് ഇറക്കി. മലയാറ്റൂർ രാമകൃഷ്ണൻ പത്രാധിപരായ ‘ഇടതുപക്ഷം’ എന്ന വാരികയിൽ പി. കെ. കുമാരൻ വിശദമായ ഒരു ലേഖനം എഴുതി. എന്നാൽ പൊലീസിനെ അപമാനിച്ചുവെന്നാരോപിച്ചു് പി. കെ. കുമാരനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി വീണ്ടും അറസ്റ്റുചെയ്തു.

images/Ramakrishnan_Malayattur.jpg
മലയാറ്റൂർ രാമകൃഷ്ണൻ

കുട്ടംകുളം സമരം നടക്കുന്നതിനു തൊട്ടുമുൻപാണു് സമസ്ത കൊച്ചി പുലയ മഹാസഭയുടെ വാർഷിക സമ്മേളനം ഇരിങ്ങാലക്കുടയിൽ വെച്ചു് നടക്കുന്നതു്. പി. ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഇതു്. ഈ സമ്മേളനം പുലയരുടെ ആത്മാഭിമാനം ഉണർത്തി. സമ്മേളനത്തോടനുബന്ധിച്ചു് പുലയസ്ത്രീകളുടെ ഒരു പ്രകടനം കുട്ടംകുളം പരിസരത്തുകൂടി നടന്നു. ജാതി പിശാചുക്കളായ ഏതാനും സവർണർ അവരെ മുറുക്കിതുപ്പി അപമാനിച്ചു. പി. സി. കുറുമ്പ, ചാത്തൻ മാസ്റ്ററുടെ ഭാര്യ കെ. വി. കാളി, കെ. കെ. ചക്കി, കെ. കെ. അയ്യപ്പന്റെ ഭാര്യ കാളി എന്നിവരായിരുന്നു പ്രകടനത്തിനു് നേതൃത്വം നൽകിയിരുന്നതു്.

images/Akg.jpg
എകെജി

പരിയേടത്തു് നാരായണമേനോൻ എന്ന ജന്മി തന്റെ കുടികിടപ്പുകാരനായ ചാമിയെന്ന കർഷകത്തൊഴിലാളിയെ കൃഷി ചെയ്യാൻ അനുവദിക്കാതെ ഭൂമിയിൽ നിന്നും ആട്ടിപ്പുറത്താക്കി. ഇതിനെതിരെ നടന്ന സമരം പാലിയം സമരമെന്ന പേരിൽ അറിയപ്പെടുന്നു. എകെജി, പന്തളം പി. ആർ. മാധവൻപിള്ള, ഇ. ഗോപാലകൃഷ്ണമേനോൻ, വി. വി. രാഘവൻ തുടങ്ങിയ നേതാക്കൾ സമരക്കാർക്കു് പിന്തുണയുമായെത്തി. സമരമുഖത്തു് ചാമിക്കു് ധൈര്യം പകർന്നു് കുറുമ്പ ആദ്യാവസാനം കൂടെ നിന്നു. പുലയസ്ത്രീകൾ സാരിയുടുത്തതാണു് സവർണരെ പ്രകോപിപ്പിച്ചതു്. പ്രതിഷേധം നാടെങ്ങും അലയടിച്ചു. പി. കെ. കുമാരന്റെ നേതൃത്വത്തിൽ ഇതിനെതിരെ കുട്ടംകുളത്തേക്കു് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുട്ടംകുളം സമരത്തിനുശേഷം നടന്ന പാലിയം സമരത്തിലും കുറുമ്പ മുന്നണിപ്പോരാളിയായിരുന്നു. മാസങ്ങൾ നീണ്ടുനിന്ന പാലിയം സമരത്തിനു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു് നാടിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രകടനങ്ങൾ പോയിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരിൽ ഒരു പ്രധാനപ്പെട്ട മുന്നണിപ്പോരാളി കുറുമ്പയായിരുന്നു. കൊടുങ്ങല്ലൂർ പടാകുളത്തെ ക്യാമ്പിലേക്കു് എത്തിയ സഖാക്കൾ അവിടെനിന്നു് ബാച്ചുകളായാണു് സമരകേന്ദ്രത്തിലേക്കു പോയിരുന്നതു്. കെ. വി. ഉണ്ണിയുടേയും പി. കെ. കുമാരന്റെയും എം. എസ്. കുമാരന്റെയും നേതൃത്വത്തിലായിരുന്നു സമരഭടന്മാരുടെ നീക്കം.

അതിഭീകരമായ മർദ്ദനങ്ങൾ സഹിച്ചു പോരാടിയിട്ടും പാർട്ടിക്കു വേണ്ടി തന്നെത്തന്നെ സമർപ്പിച്ചിട്ടും സ്വന്തം ജീവനും ജീവിതവും പാർട്ടിക്കായി തീറെഴുതിയിട്ടും പാർട്ടിയവളെ കൈവിട്ടു കളഞ്ഞു. കേരളത്തിന്റെ പോരാട്ട ചരിത്രത്തിലൊരിടത്തും പി. സി. കുറുമ്പ എത്തരുതെന്നു് പാർട്ടിക്കു നിർബന്ധമുള്ളതു പോലെ.

അധ്യായം 17

മൂന്നാമതും കുറുമ്പയുടെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ മനസ്സിൽ ആഗ്രഹിച്ച ഒന്നുമാത്രമായിരുന്നു അകൽച്ചയേതുമില്ലാതെ അവർ എന്നോടു് അടുത്തിരുന്നെങ്കിൽ എന്ന ചിന്ത. എന്റെയാ ആഗ്രഹം പോലെ, ഇത്തവണ അവർ കൂടുതൽ വാചാലയായി. അവരുടെ അനുഭവങ്ങൾ മടിയേതുമില്ലാതെ തുറന്നു പറഞ്ഞു.

‘അന്നു് ഞങ്ങളെയെല്ലാം നയിച്ചിരുന്നതു ഭയമായിരുന്നു. ഞങ്ങളോടു കാണിക്കുന്ന നെറികേടിനെതിരെ ചെറിയ രീതിയിലെങ്കിലും ചെറുത്തു നിന്നാൽ കിട്ടുന്നതു് മരണത്തോളം ഭീകരമായ മർദ്ദനങ്ങളായിരുന്നു. കുടിപ്പകയായിരുന്നു അക്കാലത്തെ ഏറ്റവും വലിയ നരകങ്ങളിലൊന്നു്. കണ്ണിനു പകരം കണ്ണു് എന്നതിൽപ്പോലും ചെറിയൊരളവിൽ ദയയുണ്ടായിരുന്നു. എന്നാൽ കണ്ണെടുത്തവന്റെ കണ്ണുമാത്രമല്ല, ശരീരത്തിലെ ഓരോ അവയവവും ചൂഴ്‌ന്നെടുക്കുന്ന അവസ്ഥയാണു് അന്നുണ്ടായിരുന്നതു്. ഏറ്റവും മാരകമായ കുറ്റകൃത്യം ചെയ്താലും ബ്രാഹ്മണർക്കു് യാതൊരു ശിക്ഷയുമുണ്ടായിരുന്നില്ല. ഇനി മേലിലിതു ചെയ്യരുതു് എന്ന താക്കീതു മാത്രമേ അവർക്കു ലഭിച്ചിരുന്നുള്ളു. ചില അവസരങ്ങളിൽ മാത്രം ഭ്രഷ്ടരാക്കപ്പെട്ടിരുന്നു. എന്നാൽ കീഴ്ജാതിയിൽപ്പെട്ട ആരെങ്കിലും കൊലക്കുറ്റത്തിൽ പ്രതിയായാൽ, കൊലയാളിയുടെ വീട്ടിൽ കൊല്ലപ്പെട്ടവന്റെ ശവം കൊണ്ടു ചെന്നു വയ്ക്കും. എന്നിട്ടു് കൊലയാളിയെ മാത്രമല്ല, അവന്റെ വീട്ടിലുള്ള സകലരെയും ആ വീടോടു കൂടി ചുട്ടെരിക്കും. ഈ ശിക്ഷയെക്കുറിച്ചു് തന്റെ അച്ഛനും അമ്മയും പറയുമ്പോൾ ഭയം മൂലം അവരുടെ ശരീരമാകെ വിറച്ചിരുന്നു. എല്ലാ ശിക്ഷയും ജാതി നോക്കി മാത്രമായിരുന്നു. പുലയരും പറയരും കുറവായിരുന്നു. അതിഭീകരശിക്ഷയുടെ എക്കാലത്തെയും ഇരകൾ.’

സുഖലോലുപതയിലും സമ്പന്നതയിലും അധികാരത്തിലും പുളച്ചിരുന്നവരായിരുന്നു ഉന്നത ജാതിക്കാർ. എന്നാൽ, ഞങ്ങളെ നയിച്ചിരുന്നതാകട്ടെ, ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും ഭീതിയിൽ അധിഷ്ഠിതമായ ആശ്രയത്വവുമായിരുന്നു. ചെറിയ പിഴവുകൾക്കു പോലും ഞങ്ങൾക്കു ലഭിച്ചിരുന്നതു് അതിദാരുണമായ മരണമായിരുന്നു. അതിനാൽ, ഈ അനാചാരങ്ങൾക്കൊന്നും എതിരെ ചെറുതായി പ്രതികരിക്കാൻ പോലും ഞങ്ങൾക്കു കഴിയുമായിരുന്നില്ല. ആചാരവും അടിമത്തവും അയിത്തവും അശുദ്ധിയുമെല്ലാം ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു. അവയെല്ലാം അത്യന്തം ഭയാനകവും മ്ലേച്ഛവുമായിരുന്നു.

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, വിശ്രമമേതുമില്ലാതെ, ഒട്ടിയ വയറോടെ ഞങ്ങൾ അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ എടുത്തു കൊണ്ടുപോകുമ്പോൾ മറുത്തൊരക്ഷരം പോലും പറയാതെ, വിധിയെന്ന രണ്ടക്ഷരത്തിൽ വേദനകളെയൊതുക്കി നോക്കി നിൽക്കുകയേ ഞങ്ങൾക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. ഇത്രയും മ്ലേച്ഛമായ അനീതികൾ ഞങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ചിട്ടും പരാതികളേതുമില്ലാതെ അതു സഹിക്കേണ്ടി വരിക. ഞങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ ഒരു ദൈവം പോലും ഞങ്ങളുടെ വർഗ്ഗത്തിനു് ഇല്ലായിരുന്നു. ക്ഷേത്രങ്ങളിലേക്കു ഞങ്ങൾക്കു പ്രവേശനമില്ലായിരുന്നു. കുട്ടംകുളം സമരം വരെ നാട്ടിലുള്ള പല വഴികളിലൂടെയും നടക്കാൻ പോലും ഞങ്ങൾക്കു് അനുവാദമില്ലായിരുന്നു. പിന്നെ ക്ഷേത്രത്തിലേക്കു് എങ്ങനെ പോകാനാണു് ഉത്സവകാലങ്ങളിൽ ക്ഷേത്രാധികാരികളുടെ കിങ്കരന്മാർ ഞങ്ങളെ കണ്ടാൽ ഉടൻ അധികാരികളുടെ ചെവിയിൽ ആ വാർത്ത എത്തിക്കും. അതിനുള്ള ശിക്ഷ അപ്പോൾത്തന്നെ ലഭിക്കുകയും ചെയ്യും. കൂടെയുള്ളവരെ വേദനിപ്പിക്കാതെയും സങ്കടപ്പെടുത്താതെയുമിരിക്കുക എന്നതാണു് ഞാൻ പഠിച്ച ധർമ്മം. ഓണമോ വിഷുവോ ആഘോഷങ്ങളോ ഒന്നും ഞങ്ങൾക്കു് ഉണ്ടായിരുന്നില്ല.

എങ്കിലും ഞങ്ങളുടെ സമുദായത്തിലെ സ്ത്രീകൾക്കു് അന്തപ്പുരങ്ങളിലെ സ്ത്രീകളെക്കാൾ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞങ്ങൾക്കു് മറക്കുട കൊണ്ടുനടക്കേണ്ടിയിരുന്നില്ല. എന്നാൽ, പൊതുവഴിയിലൂടെ നടക്കുമ്പോൾ, ‘ഓയ്, ഓയ്’ എന്ന ശബ്ദമുണ്ടാക്കണമായിരുന്നു. മുന്തിയ ജാതിക്കാരുടെ മുന്നിലെത്താൻ അനുവാദമില്ലായിരുന്നു. തെറ്റുചെയ്യുന്നതു് ഉയർന്ന ജാതിക്കാരായാൽപ്പോലും ശിക്ഷ ഏറ്റുവാങ്ങേണ്ടിയിരുന്നതു് ഞങ്ങളായിരുന്നു.

തെല്ലു നേരത്തെ മൗനത്തിനു ശേഷം കുറുമ്പ തുടർന്നു. ‘പാലവും വരമ്പും മതിലും മറ്റും പണിയുമ്പോൾ, ആ കെട്ടിനു ബലം കൂട്ടാനും പണി വളരെ വേഗം പൂർത്തിയാക്കാനുമായി ഞങ്ങളുടെ വർഗ്ഗത്തിൽപ്പെട്ട പെണ്ണുങ്ങളെ ആ കെട്ടിനോടു ചേർത്തുവച്ചു കെട്ടി കൊന്നുകളയുമായിരുന്നു.’

ഇത്തരത്തിലൊരു കെട്ട കാലത്താണു് നവോത്ഥാന ആശയങ്ങളും വീക്ഷണങ്ങളുമായി കമ്മ്യൂണിസ്റ്റുകാർ നാട്ടിൻപുറങ്ങളിലേക്കും കോളനികളിലേക്കും ആശ്വാസ സന്ദേശങ്ങളും സഹായങ്ങളുമായി എത്തിയതു്. എന്റെ സഹോദരങ്ങളും ആ ആശയങ്ങളിൽ ആകൃഷ്ടരായി. എന്റെയുള്ളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മുളപൊട്ടിയതു് അങ്ങനെയാണു്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു ചാത്തൻ. അദ്ദേഹമെന്നെ ജീവിതത്തിലേക്കു് കൂടെക്കൂട്ടിയതിനു ശേഷമാണു് ഞാനും ഇതിലേക്കു് ആഴത്തിൽ ഇറങ്ങിച്ചെന്നതു്. അനീതിക്കെതിരെയും അവകാശങ്ങൾക്കുവേണ്ടിയും ഞങ്ങളുടെ സ്വരമുയരുന്നതു് സഹിക്കാനാകുമായിരുന്നില്ല ഇവിടെയുള്ള ജന്മിമാർക്കു്. അവർ എല്ലാത്തരത്തിലും തിരിച്ചടിച്ചു. നിരന്തരമായ പോലീസ് മർദ്ദനങ്ങൾ, കൊടിയ പീഡനങ്ങൾ, അവയെല്ലാം വാക്കുകൾ കൊണ്ടു വിവരിക്കാവുന്നതിലും അപ്പുറമാണു്.

കുറുമ്പയുടെ സ്വരം വിറച്ചുവോ…? ഒരുമാത്ര ഞാനൊന്നു സംശയിച്ചു പോയി.

അധ്യായം 18

സഹോദരങ്ങളായ ആക്കപ്പിള്ളിയും ചാമിക്കുട്ടിയും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയതോടെ കുറുമ്പയും അതിലേക്കു് ആകർഷിക്കപ്പെട്ടു. കർഷക സമരങ്ങളിലും നവോത്ഥാന സമരങ്ങളിലും സജീവ സാന്നിധ്യമായി അവർ മാറിയതു് ചാത്തനുമായുള്ള വിവാഹശേഷമായിരുന്നു. ചാത്തന്റെ ജന്മനാടായ പുല്ലൂരിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാക്കന്മാർക്കു് സഹായമെത്തിക്കുക എന്നതായിരുന്നു അവർ ആദ്യമായി ചെയ്തതു്.

നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ കുറുമ്പയുടെ വീട്ടിലും ഒളിച്ചു താമസിച്ചിരുന്നു. ജന്മി വിരുദ്ധ, ജാതി വിരുദ്ധ പോരാട്ടങ്ങളിൽ അധസ്ഥിത വിഭാഗങ്ങളെ ഒരുമിപ്പിച്ചു് അണിനിരത്തുന്നതിനു് കുറുമ്പ അടങ്ങുന്ന പുലയ മഹാസഭയും എസ്. എൻ. ഡി. പി.-യും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തോളോടു തോൾ ചേർന്നു പോരാടി.

‘അന്നു്, അതിജീവനത്തിനായി മനുഷ്യർ നടത്തുന്ന എല്ലാ സമരങ്ങൾക്കും അഭൂതപൂർവ്വമായ പിന്തുണയാണു് ലഭിച്ചിരുന്നതു്. ആളുകൾക്കു നല്ലതു വരുന്നതു കാണാൻ സമരനേതാക്കൾക്കും ആവേശമായിരുന്നു.’ ഈ വാക്കുകൾ പറയുമ്പോൾ കുറുമ്പയുടെ കണ്ണുകളിൽ ആ പഴയ ആവേശം അലതല്ലുന്നതു ഞാൻ കണ്ടു. അവർ കൂടി പങ്കെടുത്ത പ്രതിഷേധ സമരങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ അവരുടെ ശബ്ദത്തിനു മൂർച്ചയും തീക്ഷ്ണതയും കൂടിയിരുന്നു.

‘ജീവിതം ദുഃഖദുരിതങ്ങളാൽ നിറയുമ്പോൾ അതിൽ നിന്നെല്ലാം രക്ഷനേടുന്നതിനു വേണ്ടി പ്രതിജ്ഞാബദ്ധതയോടെയാണു് വിശ്വാസങ്ങൾക്കു പിന്നാലെ പോയിരുന്നതും ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്തിരുന്നതും. ജന്മം കൊണ്ടു് ജാതിയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണു് അശുദ്ധി എന്നാണു് ഇന്നും പല ജാതി മതസ്ഥരും വിശ്വസിക്കുന്നതു്. ആണിനും പെണ്ണിനും വെവ്വേറെ അശുദ്ധിയുണ്ടെങ്കിലും പെണ്ണിന്റെതായിരുന്നു അതികഠിനം. സ്ത്രീകളുടെ ആർത്തവവും പ്രസവവും മരണവുമായി ബന്ധപ്പെട്ടു് അനുഷ്ഠിക്കുന്ന ‘പെല’ അഥവാ ബഹിഷ്കരണം (ശപിക്കപ്പെട്ടവളായി കണക്കാക്കി പുറത്താക്കുക) അതികഠിനമായിരുന്നു. ആർത്തവത്തെത്തുടർന്നു പുറത്താക്കുന്ന പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ ആവശ്യമായ സുരക്ഷിതത്വം പോലും നൽകിയിരുന്നില്ല.’

കീഴ്ജാതിക്കാരായ പുരുഷന്മാർ വിവാഹം കഴിച്ചാൽ ‘പടികാണിക്കുന്ന’ സമ്പ്രദായം ജന്മിമാരുടെ ഇടയിലുണ്ടായിരുന്നു. ഭൂപ്രഭുക്കന്മാരുടെ അതിക്രൂരമായ മറ്റൊരു മുഖമാണു് ഇവിടെ തെളിഞ്ഞു കണ്ടതെന്നു കുറുമ്പ പറഞ്ഞു. ‘ഞങ്ങൾ കുടികിടപ്പുകാരെ ജന്മിമാർ കൂലിയടിമകളായാണു് പരിഗണിച്ചിരുന്നതു്. ഇത്തരം കുടികിടപ്പുകാരുടെയും കീഴാളരുടെയും വീടുകളിലെ ആണുങ്ങൾ വിവാഹം കഴിച്ചു കൊണ്ടുവരുന്ന പെണ്ണിനെ പിറ്റേന്നു് രാവിലെ ജന്മിമാരുടെ ‘പടികാണിക്കണം’, അങ്ങനെ, പുതുപ്പെണ്ണും ഭർത്താവും ബന്ധുക്കളും ജന്മിയുടെ വീട്ടുപടിക്കലെത്തും. ജന്മി ഇറങ്ങിവന്നു് പെണ്ണിനെ കണ്ടു് ഇഷ്ടപ്പെട്ടാൽ പിന്നെ മൂന്നുമാസം ആ പെണ്ണു് ജന്മിയുടെ വീട്ടിൽ താമസിക്കണം. അടിമപ്പണിക്കു നിറുത്തുന്നു എന്നാണു് പറയുന്നതെങ്കിലും അവിടെ നടക്കുന്നതു് അതിക്രൂരവും പൈശാചികവുമായ സ്ത്രീ പീഡനമാണു്. അവൾക്കു് അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാൻ അവകാശമില്ല. അതേസമയം ജന്മിമാരുടെ കാമഭ്രാന്തുകൾക്കു് വഴങ്ങിക്കൊടുക്കുകയും വേണം. പെണ്ണിനെ കാണാൻ ഭംഗിയില്ലെങ്കിൽ അപ്പോൾത്തന്നെ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം വിട്ടയക്കുകയും ചെയ്യും.’

ഇങ്ങനെ ജന്മിമാരുടെ വീട്ടിൽ ചെന്നെത്തുന്ന പെണ്ണിനെ വിട്ടുകിട്ടാൻ ഭർത്താവായ കീഴാളൻ വളരെയേറെ കഷ്ടപ്പെടേണ്ടിയിരുന്നു. തൊണ്ണൂറാം ദിവസം പെൺകുട്ടിയുടെ ഭർത്താവു് ബന്ധുക്കളുമായി ഭൂപ്രഭുവിന്റെ വീട്ടിലെത്തുന്നു. വെട്ടിയ പച്ചയോല കീറാതെ മെടഞ്ഞെടുത്ത മൂന്നു് ഓലമടലും മൂന്നു പൂവൻകോഴിയും ഏഴു് കളിത്തേങ്ങയും ജന്മിയുടെ പടിക്കൽ വയ്ക്കണം. എന്നാൽ മാത്രമേ പെണ്ണിനെ വിട്ടുകിട്ടുകയുള്ളു. പെൺകുട്ടി തിരിച്ചു പോരുമ്പോൾ ജന്മി അവൾക്കു് ഒരു ഒറ്റമുണ്ടു കൊടുക്കും. ആ മുണ്ടു് ഭക്ത്യാദരപൂർവ്വം വാങ്ങിവേണം അവൾ കൂരയിലേക്കു മടങ്ങാൻ.

‘അതിക്രൂരമായ ഇത്തരം രതിവൈകൃതങ്ങളെയും അത്യന്തം നിന്ദ്യമായ ആചാരങ്ങളെയും അവസാനിപ്പിക്കാനാണു് ഞങ്ങൾ സമരത്തിനിറങ്ങിയതു്. ഇവയ്ക്കെല്ലാം അറുതി വരുത്താൻ ഞങ്ങളുടെ സമരങ്ങൾക്കു സാധിക്കുകയും ചെയ്തു,’ കുറുമ്പ പറഞ്ഞു.

പൊതുയിടങ്ങളും റോഡുകളും പൊതുകുളങ്ങളുമെല്ലാം ഉപയോഗിക്കാൻ വേണ്ടിയും അയിത്തക്കാരാക്കപ്പെട്ടവർ സമരം ചെയ്തു. വിദ്യാഭ്യാസ അവകാശത്തിനായി, വെള്ളം കുടിക്കുന്നതിനായി, ഭക്ഷണം കഴിക്കുന്നതിനായി, പണിയെടുത്തതിന്റെ കൂലിക്കായി, തൊഴിലിടങ്ങളിൽ സമയക്ലിപ്തതയ്ക്കു് വേണ്ടി നിരവധി പോരാട്ടങ്ങളും രക്തം ചിന്തലുകളുമുണ്ടായി. നിരവധി ജീവനുകൾ ബലിയർപ്പിക്കപ്പെട്ടു. നിരവധിപേർക്കു് അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇന്നു് മനുഷ്യർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിരവധി പേരുടെ ചോരയിലും കണ്ണീരിലും അവർ സഹിച്ച പീഡനങ്ങളിലും കെട്ടിപ്പടുത്തതാണു്.

അധ്യായം 19

പി. സി. കുറുമ്പയുടെ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ ഒന്നാണു് 1946-ൽ നടന്ന കുട്ടംകുളം സമരം. കുറുമ്പയുടെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലും ഈ സമരമാണു്. അയിത്താചരണം അവസാനിപ്പിക്കാനും വഴി നടക്കാനും ഉത്തരവാദിത്ത ഭരണത്തിനുമായിട്ടായിരുന്നു ഈ സമരം.

കുറുമ്പയുടെ നിറയൗവ്വന കാലത്തായിരുന്നു ഈ സമരം. അന്നു് അവർ അനുഭവിച്ച മൃഗീയ പീഡനങ്ങൾ കേരളത്തിലെന്നല്ല, ഈ ഭൂമിയിൽ ഒരു ഒരു സ്ത്രീയ്ക്കും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ടാകില്ല. രാജ്യത്തു് നിലനിന്നിരുന്ന അയിത്താചരണത്തിനും തീണ്ടിക്കൂടായ്മയ്ക്കുമെതിരെ പ്രതിഷേധാഗ്നി ജ്വലിച്ചു നിന്നിരുന്നു. ഈ മണ്ണിൽ മാടിനും പോത്തിനും പട്ടിക്കും പൂച്ചയ്ക്കും വരെ ഏതിടത്തു കൂടിയും വഴിനടക്കാം. പക്ഷേ, മനുഷ്യരായ തങ്ങൾക്കു മാത്രം പൊതുനിരത്തുകൾ ഉപയോഗിക്കാൻ പാടില്ല എന്നതു് അധഃസ്ഥിതരെ രോക്ഷം കൊള്ളിച്ചു. ആരാധനാലയങ്ങളുടെ മുന്നിലൂടെ പോയാൽ ശുദ്ധീകരണവും ഉച്ചാടനവും നടത്തുന്നതും അതികഠിനമായി ശിക്ഷിക്കുന്നതും ഇനിയും സഹിക്കാനാവില്ലെന്നു് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

അതിതീവ്ര പോരാട്ടങ്ങളുടെ ഫലമായി വൈക്കം സത്യാഗ്രഹം വിജയകരമായി പര്യവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ കേരളത്തിൽ മറ്റൊരിടത്തും പ്രതിഫലിച്ചില്ല. അതിനാൽ, വഴിനടക്കാനുള്ള അവകാശത്തിനായി കേരളത്തിലങ്ങോളമിങ്ങോളം കീഴാളർക്കു് അതിശക്തമായ സമരങ്ങൾ നടത്തേണ്ടി വന്നു. ശക്തമായ സമരങ്ങളിലൂടെ വഴി നടക്കാനുള്ള അവകാശങ്ങൾ നേടിയെടുത്താലും ജന്മിമാർ അതു വീണ്ടും കെട്ടിയടച്ചു് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടേയിരുന്നു.

സമരങ്ങളിലൂടെ നേടിയ അവകാശങ്ങളിലൂടെ കീഴ്ജാതിക്കാരായി മാറ്റിനിറുത്തപ്പെട്ട പറയ പുലയ വിഭാഗത്തിലെ കുട്ടികൾ പഠിക്കാനായി സ്കൂളിലെത്തിയതിനെത്തുടർന്നു് ഉയർന്ന വിഭാഗത്തിൽപ്പെട്ടവരെല്ലാം സ്കൂളുകൾ ബഹിഷ്കരിച്ചു.

images/P_Gangadharan.jpg
പി. ഗംഗാധരൻ

ഈ അനീതികൾക്കെല്ലാമെതിരെ, 1946 ജൂലായ് ആറിനു് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുപാടുള്ളവർ ചേർന്നു് ക്ഷേത്രപ്രവേശന കർമ്മസമിതി രൂപീകരിച്ചു് ഒരു യോഗം സംഘടിപ്പിച്ചു. വഴിനടക്കാനുള്ള അവകാശത്തിനായി നടക്കുന്ന സമരം ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയായിരുന്നു ഇതു്. പി. സി. കുറുമ്പ, പി. ഗംഗാധരൻ, കെ. വി. ഉണ്ണി, കെ. എം. കാട്ടുപറമ്പൻ തുടങ്ങിയവരാണു് സമരത്തിന്റെ നേതൃസ്ഥാനത്തു് ഉണ്ടായിരുന്നതു്.

ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തെ നടപ്പാതയിലൂടെ അവർണ്ണർ കടക്കാനും വഴിനടക്കാനും പാടില്ലെന്ന തീണ്ടാപ്പലക മാറ്റിക്കിട്ടാൻ വേണ്ടിയായിരുന്നു ഈ സമരം. അതൊരു പൊതുവഴിയായിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ ഒരുനാൾ, യാതൊരറിയിപ്പുമില്ലാതെ ആ വഴി കെട്ടിയടച്ചു. ഇതേത്തുടർന്നു് നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിലായി. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞു പോകേണ്ട ഗതികേടിലായി അവർ. ക്ഷേത്രത്തിനു തെക്കു പടിഞ്ഞാറു് ഭാഗത്തെ പെരുവല്ലി പാടശേഖരങ്ങളിൽ താമസിച്ചിരുന്ന ദളിത് കുടുംബങ്ങളാണു് ഏറെ കഷ്ടപ്പെട്ടതു്. അതേസമയം സവർണരും അമ്പലവാസികളും താമസിക്കുന്ന വടക്കു പടിഞ്ഞാറു ഭാഗത്തെ റോഡുകൾ അടച്ചു കെട്ടിയിരുന്നില്ല. അതുകൊണ്ടു്, അനീതിയെയും അയിത്തത്തെയും എതിർക്കുന്ന സകല മനുഷ്യരുടെയും പിന്തുണയും ഈ സമരത്തിനു ലഭിച്ചു.

പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി ജൂലൈ ആറിനു് അയ്യങ്കാവു് മൈതാനത്തു് (ഇപ്പോഴത്തെ മുനിസിപ്പൽ മൈതാനം) സമരക്കാർ ഒത്തുകൂടി. പി. ഗംഗാധരന്റെ നേതൃത്വത്തിൽ ഒരു യോഗം നടന്നു. അങ്ങനെ സമരജാഥ പുറപ്പെട്ടു. ക്ഷേത്രപ്രവേശന സമരസമിതി സംഘത്തോടൊപ്പം പ്രജാമണ്ഡലം സംഘടനയിലെ പ്രതിനിധികളായ പുതൂർ അച്യുതമേനോനും കൂട്ടരും ഉണ്ടായിരുന്നു. കോൺഗ്രസ് നിരോധിക്കപ്പെട്ടിരുന്നതിനാൽ ഇവർ പ്രജാമണ്ഡലത്തിന്റെ ബാനറിൽത്തന്നെയാണു് സമരത്തിൽ പങ്കെടുത്തതു്. പി. കെ. ചാത്തൻ മാസ്റ്റർ, ഗംഗാധരൻ എന്നിവർ ജാഥയുടെ മുൻനിരയിലുണ്ടായിരുന്നു.

സമരത്തിൽ പങ്കെടുക്കാൻ ചാലക്കുടിയിൽ നിന്നും ഇരുപത്തിയഞ്ചിലധികം പേർ പുറപ്പെട്ടെങ്കിലും അവരെ പോലീസ് നഗരാതിർത്തിയിൽ തടഞ്ഞു. പോലീസുമായി നടത്തിയ ചർച്ചയുടെ ഫലമായി അവർ ജാഥ അവസാനിപ്പിച്ചു.

ക്ഷേത്രപ്രവേശന കർമ്മ സമിതിയുടെ നേതൃത്വത്തിൽ ജാഥ അതിശക്തമായി, അത്യാവേശത്തോടെ മുന്നേറി. കീഴാള സ്ത്രീകൾ ജാഥയിൽ പങ്കെടുത്തതു് ശുഭ്രവസ്ത്രം ധരിച്ചായിരുന്നു. അധഃസ്ഥിതരിൽ ഈ കാഴ്ച ആവേശം നിറച്ചു. എന്നാൽ ഈ കാഴ്ചകണ്ടു് മേൽജാതിക്കാർ ദേഷ്യം കൊണ്ടു വിറച്ചു. പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളുടെ വസ്ത്രത്തിലേക്കവർ മുറുക്കിത്തുപ്പി. ഇതിനിടയിൽ, വഴി നടക്കൽ നിരോധിച്ചുള്ള പ്രഖ്യാപന ഉത്തരവിന്റെ തീണ്ടാപ്പലക കുട്ടംകുളം റോഡിൽ നിന്നും ആരോ പറിച്ചെറിഞ്ഞു. ജനം അക്രമാസക്തരായി. സമരക്കാരെ മേൽജാതിക്കാർ വളഞ്ഞിട്ടാക്രമിച്ചു. എങ്കിലും പ്രകടനം അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. സമരത്തിൽ പങ്കെടുത്തവരെല്ലാം കുട്ടംകുളത്തിനപ്പുറത്തേക്കു മാർച്ചു ചെയ്തു. തങ്ങൾക്കു വഴിനടക്കാൻ അവകാശമില്ലെന്നു മേലാളർ വിധിയെഴുതിയ വഴിയിലൂടെ അവർ നെഞ്ചുവിരിച്ചു നടന്നു.

പി. സി. കുറുമ്പ, കെ. കെ. ചക്കി, കെ. വി. കാളി, കെ. കെ. അയ്യപ്പന്റെ ഭാര്യ കാളി എന്നിവരടങ്ങുന്ന സമ്മേളന പ്രചാരക സംഘത്തിനു നേരെ കൂടൽമാണിക്യം ക്ഷേത്രപരിസരത്തു വച്ചു് സവർണർ മുറുക്കിത്തുപ്പി. ഈ അതിക്രമങ്ങളെല്ലാം വളരെ പെട്ടെന്നു തന്നെ യോഗവേദിയിലുമെത്തി. തീണ്ടാപ്പലക റദ്ദാക്കിയതാണെന്നും അതിനു് ഇപ്പോൾ നിയമപ്രാബല്യമില്ലെന്നും അതിനാൽ ഈ വഴിയിലൂടെ നടക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ആരെങ്കിലും തങ്ങളെ തടഞ്ഞാൽ നേരിടാനുറച്ചു തന്നെയായിരുന്നു ആ നീക്കം.

അധ്യായം 20

“സ്വതന്ത്രഭാരത നൂതന ചരിതം

സ്വന്തം ചോരയിൽ എഴുതുന്നവരെ…”

പ്രശ്നസ്ഥലത്തേക്കു് ജാഥ നയിച്ച ഏവരുടേയും നാവുകളിൽ നിന്നും ഈ മുദ്രാവാക്യഗാനമുയർന്നു. ‘ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയും നാമെല്ലാം ഒന്നിച്ചു സമരം ചെയ്യുന്നവരാണു്. നമുക്കതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും പാടില്ല. കൊച്ചി രാജ്യത്തു് അയിത്തം വച്ചു പുലർത്താൻ ഇനിയൊരു ശക്തിക്കും സാധ്യമല്ല. എന്നിട്ടും കുട്ടംകുളം റോഡിൽ നിരോധനമോ? നമുക്കെല്ലാം പ്രകടനമായി അങ്ങോട്ടു നീങ്ങാം,’ പി. ഗംഗാധരന്റെ വാക്കുകൾ എല്ലാവരിലും ആവേശം നിറച്ചു.

വഴിയിൽ കെട്ടിയിരുന്ന വേലിയും പൊളിച്ചു സമരക്കാർ മുന്നേറി. കുട്ടംകുളത്തിനു കിഴക്കു ഭാഗത്തു വച്ചു് പോലീസ് ഓഫീസർമാരായ സൈമൺ മാഞ്ഞൂരാന്റെയും ഇൻസ്പെക്ടർ ശങ്കുണ്ണിയുടെയും നേതൃത്വത്തിൽ ഒരുപറ്റം സായുധരായ പോലീസുകാർ പ്രക്ഷോഭകരെ തടഞ്ഞുനിർത്തി. കൈയിൽ ചൂരലും തോളിൽ ലാത്തിയുമായി ഡി. വൈ. എസ്. പി.-യും സിവിൽ ഗാർഡുകളും നിരന്നു നിന്നു.

പോലീസുകാരെ മറികടന്നു് പി. ഗംഗാധരൻ മുന്നോട്ടു നീങ്ങിയപ്പോൾ പോലീസ് അദ്ദേഹത്തെ പിന്നിലേക്കു തള്ളി. പോലീസ് വലയം ഭേദിച്ചു മുന്നോട്ടു നീങ്ങാൻ ശ്രമിച്ച ജാഥക്കാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് തല്ലിച്ചതച്ചു. തുടർന്നു് പോലീസുകാരും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ പോലീസ് ലാത്തിച്ചാർജ്ജ് ആരംഭിച്ചു. ധാരാളം പേർ അടിയേറ്റു വീണു. വഴിനീളെ സമരക്കാരുടെ ചോരയൊഴുകി. മർദ്ദനമേറ്റു സഹികെട്ടു് കെ. വി. ഉണ്ണി പോലീസിനെ തിരിച്ചു തല്ലി. അതോടെ പോലീസുകാരുടെ ദേഷ്യം വർദ്ധിച്ചു. ഉണ്ണിയെയും ഗംഗാധരനെയും കുളത്തിനടുത്ത ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടായിരുന്നു പിന്നീടു് പോലീസ് മർദ്ദിച്ചതു്.

സമരക്കാർക്കിടയിൽ പോലീസുകാർ ഒരു വര വരച്ചു. ആ വരയ്ക്കകത്തു പെട്ടവരുടെയെല്ലാം പേരിൽ പോലീസ് കേസെടുത്തു. കുറുമ്പയും ഭർത്താവു് ചാത്തനുമടക്കം നിരവധി പേർ പോലീസ് പിടിയിലായി. എല്ലാവരെയും ഇരിങ്ങാലക്കുട സബ്ജയിലിൽ എത്തിച്ചു. പിടികൂടിയവരിൽ പലരെയും ലോക്കപ്പിലിട്ടു കൊല്ലാനായിരുന്നു പോലീസ് പദ്ധതി. എന്നാൽ, ഒരു പോലീസുകാരൻ അതീവ രഹസ്യമായി ലോക്കപ്പിന്റെ താക്കോൽ മാറ്റിയതിനാൽ ആ പദ്ധതി പൊളിഞ്ഞു.

ഇരിഞ്ഞാലക്കുടയുടെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണു് കൂടൽമാണിക്യക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കുളമാണു് കുട്ടംകുളം. ക്ഷേത്രത്തിന്റെ കിഴക്കേ വാര്യത്തുള്ള കുട്ടൻ വാര്യരാണു് ഈ കുളം നിർമ്മിച്ചതു്. അതിനാലാണു് ഈ കുളത്തിനു് കുട്ടൻകുളം എന്ന പേരു വന്നതു്.

വെള്ളത്തിൽ ഒരിക്കലും നിഴൽ വീഴാത്ത വിധം ദീർഘചതുരാകൃതിയിലാണു് ഈ നിർമ്മിച്ചിരിക്കുന്നതു്. കൊച്ചി രാജാവാണു് ഈ കുളത്തിനു് അതു നിർമ്മിച്ചയാളുടെ പേരു നൽകിയതു്.

ഈ കുളത്തിന്റെ കിഴക്കേ നടയുടെ മതിലിനോടു ചേർന്നായിരുന്നു തീണ്ടാപ്പലക സ്ഥാപിച്ചിരുന്നതു്. അതുകൊണ്ടാണു് അവിടെ നടന്ന സമരത്തിനു് കുട്ടൻകുളം സമരമെന്ന പേരു ലഭിച്ചതു്. കുളത്തിന്റെ വശത്തു കൂടി തീണ്ടൽജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും കുളവും അശുദ്ധമാകുന്നുവെന്നും തുടർച്ചയായ പുണ്യാഹത്തിനു് ഇടവരുത്തുന്നുവെന്നും പറഞ്ഞാണു് തീണ്ടാപ്പലക സ്ഥാപിച്ചതു്. മനുഷ്യരെ വെറുത്തകറ്റി നിറുത്തുന്നതിനു് സർവ്വചരാചരങ്ങളെയും ഏകമായി കണ്ടിരുന്ന ഈശ്വരന്റെ കൂട്ടുപിടിക്കുകയായിരുന്നു അവർ.

സമരത്തിന്റെ മുൻനിരയിൽ തന്നെ കുറുമ്പയുമുണ്ടായിരുന്നു. പോലീസ് പിടികൂടിയവരുടെ കൂട്ടത്തിൽ ചാത്തനും കുറുമ്പയുമുണ്ടായിരുന്നു. കമിഴ്ത്തിക്കിടത്തി കാലിന്റെ വെള്ളയിൽ 24 തവണ അടിക്കുക എന്നതായിരുന്നു അവർക്കുള്ള ശിക്ഷ. തുടർന്നു് വീട്ടു തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.

ഇക്കാര്യങ്ങൾ വിവരിക്കുമ്പോൾ അവരുടെ വാക്കുകളിൽ ആവേശവും കണ്ണുകളിൽ കൊടിയ മർദ്ദനത്തിന്റെ വേദനകളും ഞങ്ങൾക്കനുഭവപ്പെട്ടു.

അധ്യായം 21

പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്നമംഗലം റോഡ് വഴിയുള്ള സഞ്ചാരം അഹിന്ദുക്കൾക്കും താഴ്‌ന്ന ജാതിക്കാർക്കും നിഷേധിച്ചിരുന്നതിനെതിരെ നടന്ന സത്യാഗ്രഹമായിരുന്നു പാലിയം സത്യാഗ്രഹം (1947–48). സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹവും ഇതുതന്നെ.

കേരളത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പോലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ള സഞ്ചാര സ്വാതന്ത്ര്യസമരമാണു് പാലിയം സമരം. മഹാത്മാഗാന്ധി യുടെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന കർമപദ്ധതിയായിരുന്നു അയിത്തോച്ചാടനം. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും കൊച്ചി സംസ്ഥാനത്തു് അധഃസ്ഥിതർക്കു് പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശം അനുവദിച്ചില്ല. പാലിയം പുതിയ തൃക്കാവു് ശിവക്ഷേത്രത്തിനു മുന്നിലെ വഴികളിലൂടെയും സമീപപ്രദേശത്തും അയിത്തജാതിക്കാർക്കു് സഞ്ചാര സ്വാതന്ത്ര്യം നൽകാതിരിക്കാൻ കൊച്ചിയിലെ ഏറ്റവും വലിയ ജന്മിമാരും മഹാരാജാവിന്റെ പ്രധാനമന്ത്രിസ്ഥാനം കൈകാര്യം ചെയ്യുന്ന പാലിയത്തച്ചൻമാരും സ്വീകരിച്ച സവർണാധീശത്വ നിലപാടുകൾക്കെതിരെ നടന്ന ബഹുജനപ്രക്ഷോഭമാണു് പാലിയം സമരം. പഴയ കൊച്ചി സംസ്ഥാനത്തിൽ രാജാവു് കഴിഞ്ഞാൽ പിന്നെ പ്രധാനി പാലിയത്തച്ചനായിരുന്നു എന്നു പറയപ്പെടുന്നു. പാലിയത്തെ മേനോൻമാർക്കു് അച്ചൻ എന്ന സ്ഥാനപ്പേരു് രാജാവു് നൽകിയിട്ടുള്ളതാണു്. കൊച്ചി സംസ്ഥാനത്തിലെ പ്രധാനമന്ത്രി സ്ഥാനവും, മുഖ്യസൈന്യാധിപസ്ഥാനവും പാലിയത്തച്ചൻമാർക്കു് തന്നെയായിരുന്നു. താനുമായുണ്ടായ ഒരു പ്രശ്നത്തിൽ പാലിയത്തച്ചൻ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയെ വെട്ടിക്കൊലപ്പെടുത്തി. എന്നാൽ, പാലിയത്തച്ചന്റെ സ്വാധീനശക്തി അറിയാവുന്ന ഡച്ചുകാർ പാലിയത്തച്ചനോടു് എതിരിടാൻ മുതിർന്നില്ല. അത്രക്കു ഉഗ്രപ്രതാപികളായിരുന്നു പാലിയത്തച്ചന്മാർ. അതുപോലെ തങ്ങളുടെ പ്രതാപത്തെ അംഗീകരിക്കാത്ത കീഴാളരെ യാതൊരു കൂസലും കൂടാതെ വധിക്കാനും ഈ കുടുംബക്കാർക്കു് മടിയില്ലായിരുന്നു.

സ്വകാര്യക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ താൻ എതിരല്ലെന്നു് തന്നെ വന്നു കണ്ടു നിവേദനം സമർപ്പിച്ച പ്രജാമണ്ഡലം പ്രതിനിധികളോടായി രാജാവു് പറയുകയുണ്ടായി. അത്തരം ഒരു നീക്കത്തിനു് രാജകൊട്ടാരം അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കുന്നതിൽ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടു് എന്നും രാജാവു് ഇവരോടു് പറഞ്ഞിരുന്നു. ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നിവേദനം കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഏതാണ്ടു് 60000-ത്തോളം ആളുകൾ ഈ ഭീമഹർജിയിൽ ഒപ്പിട്ടിരുന്നു. കൊച്ചിയിലെ മുഴുവൻ ഹിന്ദുക്കളും സമ്മതിച്ചാൽ ഈ നിവേദനത്തിലുള്ള കാര്യങ്ങൾ നടപ്പിലാക്കാം എന്നാണു് രാജാവു് നിവേദനത്തിനു മറുപടിയായി പറഞ്ഞതു്. രാജഭയംകൊണ്ടു് കുറെപ്പേരെങ്കിലും ഇതിനു സമ്മതിക്കില്ലെന്നു് രാജാവിനു് അറിയാമായിരുന്നു.

images/Sahodaran_Ayyappan.jpg
സഹോദരൻ അയ്യപ്പൻ

പാലിയം സ്ഥാപനങ്ങളുടെ പരിസരത്തുകൂടി അയിത്തജാതിക്കാർക്കു വഴിനടക്കാനുള്ള അവകാശം നിഷേധിച്ച സംഭവം പലപ്പോഴും സംഘർഷങ്ങളിൽ എത്തിയിരുന്നു. സഹോദരൻ അയ്യപ്പന്റെ ആത്മസുഹൃത്തു് കേളപ്പനാശാന്റെ നേതൃത്വത്തിൽ നടന്ന ധീരമായ ചെറുത്തുനിൽപ്പുകളും കുട്ടംകുളം സമരവുമെല്ലാം അയിത്തജാതിക്കാർക്കു് പാലിയത്തെ റോഡുകളിൽ സഞ്ചരിക്കാനുള്ള ആത്മധൈര്യം നൽകിയിരുന്നു. വടക്കുംപുറം കൊച്ചങ്ങാടി തൈപ്പുരയിൽ ടി. ആർ. രാഘവൻ എന്ന കയർത്തൊഴിലാളിയെ സവർണരുടെ ഗുണ്ടകൾ കുത്തിയതോടെ വൻ പ്രതിഷേധമുയർന്നു.

പാലിയം കൊട്ടാരം ആക്രമിക്കാനും റോഡിലെ നിരോധനാജ്ഞ ലംഘിക്കാനും ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ചു. ഇതിനിടയിൽ പ്രജാമണ്ഡലം, എസ്. എൻ. ഡി. പി., കമ്യൂണിസ്റ്റ് പാർട്ടി, പുലയർ മഹാസഭ പ്രതിനിധികൾ തുടങ്ങിയവർ ചേർന്നു് 1947 ജൂണിൽ പാലിയം റോഡ് സമര കർമസമിതി രൂപീകരിച്ചു. സമരക്കാരെ പാലിയത്തച്ചന്റെ ഗുണ്ടകൾ ആക്രമിച്ചു. സമരസമിതിക്കാർ പാലിയത്തച്ചനെ കണ്ടു് നിവേദനം സമർപ്പിച്ചു. 1947 നവംബർ 26-നു് സമരസമിതി അന്ത്യശാസനം പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനുമുമ്പു് പാലിയം റോഡ് തുറന്നില്ലെങ്കിൽ നിരോധിത വഴിയിലൂടെ സത്യാഗ്രഹികൾ സഞ്ചരിക്കുമെന്നായിരുന്നു അതു്.

images/CKeshavan.jpg
സി. കേശവൻ

ഡിസംബർ നാലിനു് സി. കേശവൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തറ ഇട്ട്യാതിരിയും വെള്ളായി നാരായണനുമായിരുന്നു നിരോധിത വഴിയിലൂടെ സഞ്ചരിച്ച ആദ്യത്തെ സത്യാഗ്രഹികൾ. പാലിയം റോഡ് സ്വകാര്യവഴിയാണെന്നു് അവകാശപ്പെട്ടു് പാലിയത്തച്ചൻമാർ കോടതിയിൽനിന്നു് നിരോധന ഉത്തരവു് സംഘടിപ്പിച്ചു. വലിയൊരു പൊലീസ് സേനയെ വിന്യസിച്ചു. സമരം ശക്തിപ്പെട്ടു. സമരസമിതി സെക്രട്ടറി ടി. ഇ. ബാലൻ, ആവൻ വൈദ്യൻ എന്നിവരെല്ലാം പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. പ്രജാമണ്ഡലവും എസ്. എൻ. ഡി. പി.-യും സമരരംഗത്തുനിന്നു് പിന്മാറി. സമരത്തിനു് കൊച്ചി എസ്. എൻ. ഡി. പി.-യുടെ പിന്തുണയില്ലെന്നു് ജനറൽ സെക്രട്ടറി ടി. കെ. കുഞ്ഞയ്യപ്പൻ പ്രസ്താവന ഇറക്കിയെങ്കിലും എസ്. എൻ. ഡി. പി. പ്രവർത്തകരെല്ലാം സമരത്തോടൊപ്പം അണിനിരന്നു. അയിത്തജാതിക്കാരും കമ്യൂണിസ്റ്റ് പാർട്ടിക്കാരും മാത്രമല്ല അണിനിരന്നതു്. ആര്യാ പള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജനങ്ങൾ എത്തി. ഇ. എസ്. സരസ്വതി, ഐ. സി. പ്രിയദത്ത്, പി. പ്രിയദത്ത, ദേവസേന തുടങ്ങിയവർ കൊടുംമർദ്ദനങ്ങൾക്കു് ഇരയായി.

കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി, ഇന്ദിരത്തമ്പുരാട്ടി, രമത്തമ്പുരാട്ടി എന്നിവരും കൊച്ചി കോവിലകത്തെ പി. രവിവർമ, കേരളവർമ എന്നീ യുവാക്കളും അണിനിരന്നു. എ. കെ. ജി.-യുടെ സാന്നിധ്യം സമരത്തിനു് പുത്തനുണർവു് നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നുവരുന്ന ജാഥകൾ മൂന്നിടത്തു കേന്ദ്രീകരിച്ചു് അവിടെനിന്നു് പാലിയത്തേക്കു് ശക്തമായ ബഹുജന മുന്നേറ്റം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിൽ മാർച്ച് ആറിനു് കോഴിക്കോട്ടുവച്ചു് എ. കെ. ജി. അറസ്റ്റ് ചെയ്യപ്പെട്ടു.

1947 ഡിസംബർ 20-നു് മഹാരാജാവു് ഒരു വിളംബരം നടത്തി. 1948 ഏപ്രിൽ 14 മുതൽ തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശക്ഷേത്രം ഒഴികെയുള്ള ക്ഷേത്രങ്ങൾ മുഴുവൻ അവർണർക്കു് തുറന്നുകൊടുക്കാമെന്നായിരുന്നു അതിലെ പ്രഖ്യാപനം. പക്ഷേ, പാലിയം വഴിതുറക്കുകയില്ലെന്നുള്ള വ്യവസ്ഥയും അതിലുണ്ടായിരുന്നു. സമരസമിതിയിൽ അഭിപ്രായവ്യത്യാസം വളർന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി സമരം തുടരാൻ തീരുമാനിച്ചു. ഈ ഘട്ടത്തിൽ എ. കെ. ജി. സമരഭൂമിയിൽ എത്തി. അധികാരികൾ അദ്ദേഹത്തിന്റെ ചേന്ദമംഗലത്തേക്കുള്ള പ്രവേശനവും യോഗവും നിരോധിച്ചു. എ. കെ. ജി.യുടെ സാന്നിധ്യത്തിൽ സമരസമിതി രഹസ്യമായി യോഗം ചേർന്നു. 1948 മാർച്ച് ഒമ്പതിനു് നിരോധനാജ്ഞ പരമാവധി ലംഘിക്കണമെന്നതായിരുന്നു ആ പദ്ധതി. എന്നാൽ, മാർച്ച് ആറിനു് കോഴിക്കോട്ടുവച്ചു് എ. കെ. ജി. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. എം. എസ്. കുമാരൻ, എം. എൻ. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ജാഥ കൊടുങ്ങല്ലൂർ പടാകുളം കേന്ദ്രീകരിച്ചു് മാർച്ച് ഒമ്പതിനു് സംഘങ്ങളായി തിരിഞ്ഞു് ചേന്ദമംഗലത്തേക്കു നീങ്ങി. പുലയ മഹാസഭാ നേതാവു് കെ. കെ. അയ്യപ്പന്റെ ഭാര്യ കെ. സി. കാളി സമരരംഗത്തേക്കു് കുതിച്ചു. ജോസഫ് പുലിക്കോടൻ, കെ. എൻ. നമ്പൂതിരി, ടി. എ. വേലായുധൻ, സി. എ. കുമാരൻ മാസ്റ്റർ, കെ. എസ്. ശങ്കരൻ, കെ. സി. ചേന്നൻ എന്നിവർക്കെല്ലാം മർദനമേറ്റു. കെ. സി. കാളി ക്ഷേത്രത്തിനകത്തു് കയറി ഉറക്കെ ‘അയിത്തം നശിക്കട്ടെ’ എന്നു് മുദ്രാവാക്യം വിളിച്ചു. കാളിയെ പൊലീസുകാർ മർദ്ദിച്ചവശയാക്കി.

ഗുരുവായൂർ സത്യാഗ്രഹസമരകാലത്തു് പി. കൃഷ്ണപിള്ള ശ്രീകോവിലിനു മുമ്പിലുള്ള മണി അടിച്ച അതേ ചരിത്രപ്രാധാന്യം കാളിയുടെ ക്ഷേത്രത്തിനകത്തെ മുദ്രാവാക്യം വിളിയിലും കാണാം. കൊച്ചി ജാഥ നയിച്ചതു് ഇ. കെ. നാരായണനായിരുന്നു. അഴീക്കൽ എത്തിയപ്പോൾ സമരജാഥയുടെ നേതൃത്വം വേലായുധൻ ഏറ്റെടുത്തു. രോഗിയും അവശനുമായ അദ്ദേഹം നയിച്ച ജാഥ എത്തിയപ്പോഴേക്കും സമരാവേശം അലയടിച്ചു. പൊലീസ് അതിക്രൂരമായ മർദനം നടത്തി. ആദ്യത്തെ അടിയിൽത്തന്നെ എ. ജി. വേലായുധൻ വീണു. കൈകാലുകൾ ഒടിഞ്ഞ അദ്ദേഹം അപ്പോഴും അയിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

സമരക്കാരെ മർദ്ദിച്ചൊതുക്കി മടങ്ങിപ്പോയ പൊലീസ് സംഘം ചോരയിൽ കുളിച്ചുകിടക്കുന്ന എ. ജി. വേലായുധൻ ‘അയിത്തം നശിക്കട്ടെ, സഖാക്കളേ മുന്നോട്ടു്, ഇൻക്വിലാബ് സിന്ദാബാദ്’ എന്നു ക്ഷീണിച്ച സ്വരത്തിൽ വിളിക്കുന്നതു് കേൾക്കാനിടയായി. അദ്ദേഹത്തെ പൊലീസ് തോക്കിന്റെ പാത്തികൊണ്ടു് ഇടിക്കുകയും ബയണറ്റ് നെറുകയിൽ കുത്തിയിറക്കുകയും ചെയ്തു. ആ മർദ്ദനത്തിൽ എ. ജി. വേലായുധൻ എന്ന സമരപോരാളി രക്തസാക്ഷിത്വം വരിച്ചു. ചലനമറ്റ വേലായുധനെ കാളിയുടെ സമീപത്തു കൊണ്ടുവന്നിട്ടു. വേലായുധൻ കൊല്ലപ്പെട്ടതു് ലോകത്തോടു വിളിച്ചുപറഞ്ഞതു് ദൃക്സാക്ഷിയായ കാളിയാണു്.

എ. ജി. വേലായുധന്റെ രക്തസാക്ഷിത്വത്തോടെ പാലിയം സമരം നിർത്തിവയ്ക്കാൻ സമരസമിതി തീരുമാനിച്ചു. 1947 ഡിസംബർ നാലിനു് ആരംഭിച്ച അയിത്തോച്ചാടന സമരം 1948 മാർച്ച് ഒമ്പതുവരെ നീണ്ടു. 97 ദിവസം നീണ്ട കീഴാളജനതയുടെ സഞ്ചാരസ്വാതന്ത്ര്യ സമരമായിരുന്നു ഇതു്. ഈ സമരത്തിൽ അതീവ ശക്തമായി, സമരത്തിന്റെ മുന്നിൽ നിന്നു പോരാടാൻ കുറുമ്പയുമുണ്ടായിരുന്നു. എന്നാൽ, ചരിത്രകാരന്മാരും അക്കാദമിക് ബുദ്ധിജീവികളും ഈ വീരോജ്ജ്വല സമരത്ത തമസ്കരിച്ചു. കുറുമ്പയുടെ പേരുപോലും പരാമർശിക്കപ്പെടാതിരിക്കാൻ അവർക്കു് ഒട്ടേറെ പണിപ്പെടേണ്ടി വന്നിട്ടുണ്ടു്.

കീഴാളന്റെ ചോരകൊണ്ടെഴുതിയ സമരത്തിന്റെ തീവ്രതയിൽ, അതേവർഷം തന്നെ സവർണാധികാരികൾ കീഴാള ജനതയ്ക്കു് വഴിനടപ്പു് അവകാശവും ക്ഷേത്രപ്രവേശനവും നൽകാൻ നിർബന്ധിതരായി. അയിത്താചാരത്തിനും ജാത്യാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയ്ക്കും ബ്രാഹ്മണിക്കൽ ഹൈന്ദവ മതത്തിന്റെ നീതിശാസ്ത്രങ്ങൾക്കും എതിരായി കീഴാള ജനതയുടെ സഞ്ചാര സ്വാതന്ത്ര്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ട ചരിത്രത്തിൽ കീഴാളന്റെ ചോര കൊണ്ടെഴുതിയ അധ്യായമാണു് പാലിയം സമരം.

അധ്യായം 22

പി. സി. കുറുമ്പ നയിച്ച അതിശക്തവും ധീരവുമായ മറ്റൊരു സമരമായിരുന്നു പരിയാരം കർഷക സമരം. ഈ സമരത്തിൽ പങ്കെടുക്കാൻ കുറുമ്പയും കൂട്ടരും നടവരമ്പിൽ നിന്നു നടന്നാണു് പോയിരുന്നതു്. സമരക്കാരെ ബസ്സിൽ കയറ്റാൻ ആരും തയ്യാറായിരുന്നില്ല. അക്കാലങ്ങളിൽ ബസ്സുകളും കുറവായിരുന്നു. മഴ നനഞ്ഞു, മുദ്രാവാക്യം വിളിച്ചു്, തൃശൂർ വരെ നടന്നാണു് സമരത്തിൽ പങ്കെടുക്കാൻ തങ്ങൾ പോയതെന്നു് കുറുമ്പ പറഞ്ഞു. ഇരിങ്ങാലക്കുടയിലും പുല്ലൂരും നടന്ന കർഷകത്തൊഴിലാളി സമരങ്ങളിലും കുറുമ്പ സജീവ സാന്നിധ്യമായിരുന്നു.

ചാലക്കുടിയിലെ കോടശേരി പഞ്ചായത്തിലെ നായരങ്ങാടി മേട്ടിപ്പാടത്തു് 1948-ൽ നടന്ന കർഷകരുടെ ചെറുത്തുനിൽപ്പാണു് പരിയാരം കർഷക സമരം. മണ്ണിനു വേണ്ടി മണ്ണിന്റെ മക്കൾ നടത്തിയ അതിശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു ഇതു്. ഇന്നത്തെ പരിയാരം, കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകൾ ചേർന്നതായിരുന്നു പഴയ പരിയാരം പഞ്ചായത്തു്. പരിയാരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോടശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കോടശേരി കർത്താക്കൾ എന്ന ഭരണാധികാരിയുടെ കീഴിലായിരുന്നു. കോടശേരി കർത്താക്കളുടെ കാലത്താണു് ജന്മിത്വം ഇവിടെ ശക്തിപ്പെടുന്നതു്. ബ്രിട്ടീഷ് ഭരണം വന്നപ്പോഴും ജന്മിത്വം എല്ലാ പ്രതാപങ്ങളോടെയും നിലനിന്നു.

ചാലക്കുടിയുടെ ചരിത്രത്തിലാദ്യമായി ജന്മിത്വത്തിനും അതിക്രമങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പു് ഉയരുന്നതു് പരിയാരത്താണു്. 1939-ൽ ഏതാനും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ചേർന്നു് പരിയാരം കേന്ദ്രീകരിച്ചു് കർഷകസംഘം രൂപീകരിച്ചതോടെ ഈ ചെറുത്തുനിൽപ്പിനു സംഘടിതരൂപമായി. അക്കൊല്ലം തന്നെ കമ്യൂണിസ്റ്റ് പാർട്ടി സെൽ രൂപപ്പെടുകയും കർഷകസംഘം പ്രവർത്തനങ്ങൾ വിപുലീകരിക്കയും ചെയ്തു. കോടശേരിയിലെ മേട്ടിപ്പാടം, നായരങ്ങാടി, കുണ്ടുകുഴിപ്പാടം, കുറ്റിച്ചിറ പ്രദേശങ്ങൾ അതിവേഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളായി മാറി.

1944-ൽ അഖില കൊച്ചി കർഷക സമ്മേളനം പരിയാരത്താണു് നടന്നതു്. ആ സമ്മേളനം ഉദ്ഘാടനം ചെയ്തതു് എ. കെ. ജി.-യായിരുന്നു. വി. വി. ദാമോദരൻ, ഗാർഡ്സൺ ദേവസിക്കുട്ടി, പി. സി. പൈലിക്കുട്ടി, കാട്ടുപറമ്പൻ കോരപ്പൻ തുടങ്ങിയവരായിരുന്നു സംഘാടകർ. ഈ സമ്മേളനത്തിനു ശേഷം ജന്മിത്വത്തിനെതിരായ പോരാട്ടങ്ങൾക്കു് പുതിയ മാനം കൈവന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന കർഷകരെ സംഘടിപ്പിച്ചു് വനഭൂമിയും പുറമ്പോക്കും കൈയേറി കൃഷിയിറക്കി. ഇങ്ങനെ 11 ദളിത് കുടുംബങ്ങൾക്കു വേണ്ടി ഭൂമി പിടിച്ചെടുത്തു് രൂപപ്പെട്ടതാണു് കോടശേരിയിലെ ഇന്നത്തെ മണലായി കോളനി.

മേട്ടിപ്പാടം പ്രദേശത്തു് കർഷകസംഘം മുൻകൈയെടുത്തു് പാർപ്പിച്ച ഏതാനും കുടുംബങ്ങളുടെ ഭൂമി ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിനു വേണ്ടി ഒഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധമാണു് പരിയാരം കർഷകസമരം എന്ന ഉജ്വല പോരാട്ടമായി രൂപപ്പെട്ടതു്.

കർഷകരുടെ കൃഷി നശിപ്പിച്ചു് ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം കർഷകസംഘം തടഞ്ഞു. പ്രതിഷേധം അടിച്ചമർത്താൻ ശങ്കുണ്ണി എന്ന കുപ്രസിദ്ധനായ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘത്തെ സർക്കാർ നിയോഗിച്ചു. 1948 മെയ് 28-നു് കർഷകർ പ്രകടനമായെത്തി ചെങ്കൊടി നാട്ടി അവകാശം സ്ഥാപിച്ചു് കൃഷിയിറക്കി. ഇതറിഞ്ഞെത്തിയ പൊലീസ് സമരക്കാരെ മർദ്ദിച്ചു. കർഷകർ തിരിച്ചടിച്ചു. സംഘട്ടനത്തിൽ ശങ്കുണ്ണി ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. തുടർന്നു് പ്രദേശത്തു് എം. എസ്. പി. ക്യാമ്പ് ആരംഭിച്ചു് കടുത്ത മർദനവാഴ്ച തുടങ്ങി. 56 പേരുള്ള പട്ടികയാണു് കോടതിയിൽ ഹാജരാക്കിയതു്. സ്ത്രീകളും കുട്ടികളുമടക്കം പോലീസ് തേർവാഴ്ചയ്ക്കു് വിധേയരായി.

പി. ഗംഗാധരൻ, എം. കെ. കാട്ടുപറമ്പൻ, പി. സി. പൈലിക്കുട്ടി, വി. വി. ദാമോദരൻ, കെ. കെ. പൈലി, കെ. കെ. കൃഷ്ണൻ, കെ. കെ. കുട്ടൻ വൈദ്യൻ തുടങ്ങിയവരെ പത്തു വർഷത്തെ തടവിനു വിധിച്ചു. 1957-ലെ ഇ. എം. എസിന്റെ മന്ത്രിസഭാ കാലത്താണു് ഇവരെ മോചിപ്പിച്ചതു്.

‘കർഷകത്തൊഴിലാളി യൂണിയന്റെ ചരിത്രത്തിലെ ചോര ചിന്തിയ അധ്യായങ്ങളുടെ ആകത്തുക കൂടിയാണു് ഇന്നത്തെ കേരളം. കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെയാണു് കേരളീയരുടെ ജീവിത സാഹചര്യങ്ങൾക്കു വലിയ മാറ്റം വന്നതു്. ഈ മണ്ണിൽ നടത്തിയ കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങൾ ലോകത്തിലെ തന്നെ വിപ്ലവചരിത്രത്തിലെ തിളക്കമുള്ള ഏടുകളായാണു് അടയാളപ്പെടുത്തിയിരിക്കുന്നതു്,’ ആത്മാഭിമാനത്തോടെ കുറുമ്പ പറഞ്ഞു.

അധ്യായം 23

നടവരമ്പു് കർഷക സമരമായിരുന്നു പി. സി. കുറുമ്പ പങ്കെടുത്ത മറ്റൊരു വലിയ സമരം. ഈ സമരവും അതിശക്തവും തീവ്രവുമായിരുന്നു. കർഷകന്റെ കൈവശഭൂമി തിരിച്ചെടുക്കാൻ പൊലീസും ഗുണ്ടകളുമായിചേർന്നു ജന്മി നടത്തിയ നീക്കത്തിനെതിരെ 1961 സെപ്റ്റംബറിലായിരുന്നു നടവരമ്പു് സമരം നടന്നതു്. ഇ. എം. എസ്. സർക്കാർ കാർഷികബിൽ പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കയച്ച സമയത്താണു് 1959-ൽ വിമോചനസമരത്തെതുടർന്നു് സർക്കാരിനെ പിരിച്ചുവിട്ടതു്. തുടർന്നു വന്ന സർക്കാർ നിയമം നടപ്പാക്കാൻ താല്പര്യം കാണിച്ചില്ല. ബില്ലിനു പ്രസിഡന്റിന്റെ അനുമതിക്കു സമ്മർദം ചെലുത്തണമെന്നു് ആവശ്യപ്പെട്ടു് എ. കെ. ജി.-യുടെ നേതൃത്വത്തിൽ കേരളമാകെ കർഷകജാഥ സംഘടിപ്പിച്ചു. ബില്ല് അസ്ഥിരപ്പെടുത്താൻ ജന്മിമാരും സ്ഥാപിത താല്പര്യക്കാരും ശ്രമിച്ചു.

ഇതേത്തുടർന്നു് കർഷകരുടെ കൈവശഭൂമിയുടെ റജിസ്റ്റർ ഉണ്ടാക്കാൻ സർക്കാർ തയ്യാറായില്ല. ഇതിന്റെ മറവിൽ രേഖയില്ലാത്ത കർഷകരെ ഒഴിപ്പിക്കുന്നതിനു് ജന്മിമാർ നീക്കം തുടങ്ങി. നടവരമ്പു് പരിയാടത്തു് നാരായണമേനോന്റെ ഭൂമി കൈവശം വച്ചു കൃഷി ചെയ്തിരുന്ന സമീപവാസിയായ ചാമിയോടു് നിലം ഒഴിയാൻ ജന്മി ആവശ്യപ്പെട്ടു. ഒഴിയരുതെന്നു് കർഷകസംഘവും നിർദേശിച്ചു. ബലം പ്രയോഗിച്ചാൽ ചെറുക്കാനും കർഷകസംഘം തീരുമാനിച്ചു. ഇതിനിടെ കൃഷിയിറക്കാൻ ചാമി വീണ്ടും നിലമൊരുക്കി. ചാമി കൈവശഭൂമിയിൽ കടക്കുന്നതു തടഞ്ഞുകൊണ്ടു് ജന്മി കോടതിവിധി സമ്പാദിച്ചു. കൈവശഭൂമി കൈവിടാതെ, കോടതിവിധി ലംഘിച്ചു കൃഷിയിറക്കാനായിരുന്നു കർഷകസംഘം തീരുമാനം. കർഷകരും തൊഴിലാളികളും ചേർന്നു് ഭൂമി സംരക്ഷണ സേനയുണ്ടാക്കി. നിലമൊരുക്കി ഞാറുനടുന്നതിനു തയ്യാറായി. മറ്റു കേസുകളിൽ അറസ്റ്റ് വാറണ്ടുണ്ടായിരുന്ന കർഷകസംഘം നേതാക്കളായ കെ. കെ. കോപ്പക്കുട്ടിയും പി. കെ. കുമാരനും സമരകേന്ദ്രത്തിലെത്തി.

വിധി സമ്പാദിച്ച ജന്മി കൃഷിയിറക്കാനായി ഭൂമി സംരക്ഷണസേനയ്ക്കു രൂപം നൽകി, ഒപ്പം അറസ്റ്റ് വാറണ്ടും നേടിയിരുന്നു. എന്നാൽ, ചെങ്കൊടിയുമായി നൂറുകണക്കിനു തൊഴിലാളികൾ വയൽവരമ്പിൽ അണിനിരന്നു. മറുവശത്തു് എന്തിനും തയ്യാറായി നിറതോക്കുമായി പൊലീസും ജന്മിമാരുടെ ഗുണ്ടകളും. തൊഴിലാളികളുടെ മുദ്രാവാക്യം വിളികൾക്കിടയിൽ ഞാറുമായി കെ. കെ. കോപ്പക്കുട്ടിയും ചാമിയും ഭാര്യ ചക്കിയും വയലിലിറങ്ങി.

ഞാറു നട്ടു തുടങ്ങിയപ്പോഴേക്കും പൊലീസ് ഇവരെ അറസ്റ്റു ചെയ്തു. ഉടനെ മറ്റൊരു സംഘം ഞാറുമായിറങ്ങി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കർഷകരും കർഷകത്തൊഴിലാളികളും നടവരമ്പിലേക്കു് വന്നുതുടങ്ങിയതോടെ പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. സമരത്തിൽ പങ്കെടുത്ത തെക്കേടത്തു് കുഞ്ഞന്റെ ഭാര്യ കാർത്യായനിയെ 14 ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായാണു ജയിലിലടച്ചതു്. മാസങ്ങൾ നീണ്ട സമരത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു് സഖാക്കൾ മാറിമാറി പങ്കെടുത്തു. സമരം വിജയം കാണുമ്പോൾ മൂവായിരത്തിലധികം പേർ അറസ്റ്റുവരിച്ചിരുന്നു. ഇവർക്കെതിരെ കേസെടുത്തു ശിക്ഷിക്കുകയും ചെയ്തു. ഈ സമരം നാടാകെ കർഷകപ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾക്കു് വീറുപകരുന്നതായിരുന്നു.

‘നടവരമ്പു് സമരത്തിൽ പങ്കെടുത്ത ശേഷം പോലീസിന്റെ ക്രൂരമർദ്ദനവും കഴിഞ്ഞു് വീട്ടിലേക്കു തിരികെ വന്നപ്പോൾ ഞങ്ങളെ ബസ്സുകാർ ബസ്സിൽ നിന്നും വലിച്ചിറക്കി താഴെയിട്ടു. ഞങ്ങളുടെ എല്ലാവരുടെയും കൈകാലുകൾ മുറിഞ്ഞു ചോരയൊഴുകി. ഇതറിഞ്ഞ പാർട്ടി പ്രവർത്തകർ ബസ്സുകാരുമായി വഴക്കിട്ടു. അതോടെ, പിന്നീടു് ഒരു ബസ്സിലും ഞങ്ങളെ കയറ്റാതായി.’

images/C_achuthamenon.jpg
സി. അച്യുതമേനോൻ

നടവരമ്പു്, ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂർ തുടങ്ങി കേരളമപ്പാടെ ഈ സമരത്തിൽപങ്കാളിയായിരുന്നു. ബലമായി അറസ്റ്റു ചെയ്തുകൊണ്ടുപോയവരിൽ ഞാനുൾപ്പടെ കുറെ പെണ്ണുങ്ങളും ഉൾപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയ ഉടൻ യാതൊന്നും ചോദിക്കാതെ പോലീസ് അടി തുടങ്ങി, അതിക്രൂരമായിട്ടാണു് അവർ ഞങ്ങളെ തല്ലിച്ചതച്ചതു്. ഇനി മേലിൽ സമരത്തിൽ പങ്കെടുക്കരുതെന്ന താക്കീതു നൽകിയാണു് ഞങ്ങളെയന്നു് പോലീസ് പറഞ്ഞു വിട്ടതു്. എന്നാൽ, അടുത്ത ആഴ്ച തന്നെ ഞങ്ങളെല്ലാവരും പാടത്തിറങ്ങി. അന്നും ഞങ്ങളെ പോലീസ് പിടികൂടി മർദ്ദിച്ചു. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ നിർബന്ധപ്രകാരം എല്ലാ പെണ്ണുങ്ങളേയും വെറുതെ വിട്ടു, കുറുമ്പ പറഞ്ഞു. ‘സി. അച്യുതമേനോനെ ക്കുറിച്ചും കെ. കെ. വാര്യരെക്കുറിച്ചും സമരവേദികളിൽ കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. നടവരമ്പു് സമരം കുറെക്കാലം നീണ്ടുനിന്ന സമരമാണു്,’ കുറുമ്പ കൂട്ടിച്ചേർത്തു.

അധ്യായം 24

‘ഞങ്ങൾ താമസിച്ചിരുന്നതു് ചാത്തന്റെ പുല്ലൂരുള്ള കുടുംബ വീട്ടിലായിരുന്നു. അങ്ങേരു് മരിക്കും വരെ രാഷ്ട്രീയ പ്രവർത്തനത്തിനു് എന്നെയും കൂട്ടിയിരുന്നു. അന്നു് സമരത്തിനു പോയിരുന്നതെല്ലാം നടന്നായിരുന്നു. തൃശൂർ ജില്ലയിൽ നടന്ന എല്ലാ സമരങ്ങളിലും ഞാനുമുണ്ടായിരുന്നു. ഇന്നു കാണുന്ന പോലെ അക്കാലങ്ങളിൽ ഒരിടത്തും മതിലുകൾ ഉണ്ടായിരുന്നില്ല. പറമ്പുകളിൽ നിന്നും പറമ്പുകളിലൂടെയാണു് അന്നു് നടന്നു പോയിരുന്നതു്. ചിലരെല്ലാം തങ്ങളുടെ ഭൂമിക്കു ചുറ്റും വേലി കെട്ടിയിരുന്നെങ്കിലും അങ്ങോട്ടുമിങ്ങോട്ടും കടക്കാനുള്ള കഴ വയ്ക്കുമായിരുന്നു. അതിനാൽ, ഓരോ പറമ്പിലൂടെയുള്ള യാത്രകൾക്കു തടസ്സമുണ്ടായിരുന്നില്ല. കർഷകത്തൊഴിലാളികളെയും സമരക്കാരെയും ബസ്സുകളിൽ കയറ്റിയിരുന്നില്ല. ഉൾനാടുകളിലൂടെ സമരം കഴിഞ്ഞു് തിരിച്ചു വീട്ടിലേക്കു് എത്തുമ്പോഴേക്കും രാവേറെയാകുമായിരുന്നു.

പുല്ലൂർ ചെട്ടിയാന്മാരുടെ ഏറ്റവും പഴക്കം ചെന്ന ഒരു അണ്ടിക്കമ്പനിയുണ്ടായിരുന്നു. ചാത്തൻ മരിച്ചതിനു ശേഷമാണു് എനിക്കവിടെ പണി കിട്ടിയതു്. കുറെക്കാലം അവിടെത്തന്നെ പണിയെടുത്തു. സമരത്തിനായി പാർട്ടിക്കാർ വന്നു വിളിക്കുമ്പോൾ ഒരാളെയോ രണ്ടുപേരേയോ വിടുമായിരുന്നു.

കെ. വി. ഉണ്ണിയുടെ നിർബന്ധപ്രകാരം എപ്പോഴും എന്നെയായിരുന്നു കൊണ്ടുപോയിരുന്നതു്. എനിക്കു് ആവശ്യങ്ങൾ വളരെ കുറവായിരുന്നു എന്നതാവാം അതിനു കാരണം. സമരത്തിനു പോകുമ്പോൾ കൈയിൽ നിന്നും കാര്യമായി കാശു് ചെലവഴിക്കേണ്ടി വന്നിട്ടില്ല. ചായയും വെള്ളവും അവിടെനിന്നും കിട്ടുമായിരുന്നു. ബസ്സിൽ കയറി പോകാനും വരാനും കഴിയുന്ന സാഹചര്യമാണെങ്കിൽ അതിനുള്ള കാശു തരുമായിരുന്നു.

ഞങ്ങൾക്കോ ഞങ്ങളുടെ കുടുംബത്തിനോ സ്വന്തമായി കൃഷിഭൂമിയോ പുരയിടമോ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ യാതൊരു സുഖസൗകര്യങ്ങളും ഞാൻ അനുഭവിച്ചിട്ടുമില്ല. ഒരുതുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലാത്ത എനിക്കു് ഭൂപരിഷ്കരണ നിയമം അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. എന്നെപ്പോലുള്ള, ജീവിതത്തിൽ ഒരിത്തിരി മണ്ണെങ്കിലും സ്വന്തമായി ഉണ്ടാവുമെന്നു സ്വപ്നം കാണാൻ പോലും അവകാശമോ പാങ്ങോ ഇല്ലാത്തവരുടെ ജീവിതത്തിനാണു് അതു് അർത്ഥം നൽകിയതു്. ഞങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്നും അതിലൊരു കൂര വയ്ക്കാൻ സാധിക്കുമെന്നും തെളിയിച്ചു തന്നില്ലേ?’

ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം കിട്ടി വോട്ടവകാശം ലഭിച്ചപ്പോൾ ആദ്യമായി വോട്ടു ചെയ്തതു് അച്യുതമേനോനായിരുന്നു എന്നു പറഞ്ഞപ്പോൾ അവരുടെ മുഖം അഭിമാനത്താൽ തിളങ്ങിയിരുന്നു.

‘എന്റെ പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമായിരുന്നു പാർട്ടി അംഗത്വം. എന്റെ അഭിമാന നിമിഷമായിരുന്നു അതു്. സമരത്തിനും പാർട്ടി സമ്മേളനത്തിനും മറ്റും പോകുമ്പോഴെല്ലാം തൊഴിലാളികളോടും മറ്റുള്ളവരോടും നിരന്തരമായി വർത്തമാനം പറഞ്ഞിരുന്നു. തൊഴിലാളികളായ ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചു് അവർക്കുകൂടി മനസ്സിലാകുന്ന രീതിയിൽ എനിക്കു സാധിക്കും വിധം ഞാൻ പറഞ്ഞു കൊടുത്തിരുന്നു. വോട്ടവകാശത്തിന്റെ മഹത്വത്തെക്കുറിച്ചാണു് ഏറ്റവും ആവേശപൂർവ്വം ഞാനവർക്കു ബോധ്യപ്പെടുത്തിക്കൊടുത്തതു്. വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു് എല്ലാവരെയും ഞാൻ പറഞ്ഞു മനസ്സിലാക്കിച്ചു. വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്നും അതു് അഭിമാനമായി കാണണമെന്നും ഞാൻ പതിവായി പറഞ്ഞുകൊടുത്തിരുന്നു. ഈ അവകാശം നമ്മൾ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ദിവാന്റെ ശിങ്കിടികളെപ്പോലുള്ളവരുടെയും പോലീസിന്റെയും തേർവാഴ്ചയും മർദ്ദനങ്ങളും പെണ്ണുങ്ങളെ അപമാനിക്കലും തുടർന്നുകൊണ്ടേയിരിക്കുമെന്നും ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി,’ കുറുമ്പ പറഞ്ഞു.

താൻ ഏറ്റെടുത്ത ഏതൊരു ദൗത്യവും കുറുമ്പ ചെയ്തിരുന്നതു് സ്വതഃസിദ്ധമായ ആത്മസമർപ്പണത്തോടെയായിരുന്നുവെന്നു് തന്റെ അമ്മ സത്യഭാമ പറഞ്ഞിട്ടുള്ളതായി വിമല ടീച്ചർ ഓർമ്മപ്പെടുത്തി. അവർ ഓരോ സമരം നയിച്ചതും നിസ്വാർത്ഥമായിട്ടായിരുന്നു. ഈ ഭൂമിയിൽ സ്നേഹവും നിസ്വാർത്ഥതയും ആത്മാർത്ഥതയും എടുക്കാത്ത നാണയങ്ങളായതിനാൽ കുറുമ്പയും നിഷ്കരുണം വലിച്ചെറിയപ്പെട്ടു.

അധ്യായം 25

പല ഓർമ്മകളും മറവിയുടെ കയങ്ങളിൽ ആണ്ടുപോയെങ്കിലും പ്രജ്ഞയിൽ മായാതെ ശേഷിച്ച കാര്യങ്ങൾ കുറുമ്പ എനിക്കു മുന്നിൽ നിരത്തി. കാണെക്കാണെ, ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞു് ഇല്ലാതെയായി. അങ്ങനെയാണു് കുറുമ്പ തന്റെ ജീവിതം എനിക്കു മുന്നിൽ തുറന്നു വച്ചതു്. അന്നൊരുനാൾ, 2013 ജനുവരിയിൽ, കുറുമ്പയുമായി സംസാരിച്ചു മടങ്ങാനൊരുങ്ങുമ്പോൾ, അവരുടെ സഹോദരിയുടെ മകൻ മണിയാണു് എന്നോടക്കാര്യം സൂചിപ്പിച്ചതു്. ‘അമ്മാമ നിങ്ങളോടു പറയാത്ത വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടു്.’ അതു് എന്താണെന്നറിയാൻ കുറുമ്പയെ ഞാൻ ചോദ്യപൂർവ്വം നോക്കി. അക്കാര്യങ്ങൾ ഇനിയും മറച്ചു പിടിച്ചിട്ടു കാര്യമില്ലെന്ന പോലെ കുറുമ്പ പറഞ്ഞു തുടങ്ങി.

‘ഈ ഭൂമിയിൽ ഒരു മൃഗത്തിനു കൊടുക്കുന്ന പരിഗണന പോലും നൽകാതെ, ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം പോലും നിഷേധിച്ചു കൊണ്ടു്, നാണം മറയ്ക്കാൻ ഒരിത്തിരി തുണി പോലും ഉടുക്കാൻ അനുവദിക്കാതെ, ഞങ്ങളെ ചവിട്ടിമെതിച്ചതിനെതിരെ സമരം നടത്തിയ ഞങ്ങളെ അതിക്രൂരമായി കൊന്നുതള്ളാനായിരുന്നു ജന്മിമാരുടെയും അവർക്കു് ഒത്താശ ഭരണകൂടത്തിന്റെയും തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കീഴിൽ, ഞങ്ങൾ അണിനിരന്നു, ഞങ്ങളോടു കാണിക്കുന്ന നെറികേടുകളെ ചോദ്യം ചെയ്തു. അതൊന്നും സഹിക്കാൻ കഴിയുമായിരുന്നില്ല ഇവിടെയുള്ള നാട്ടുപ്രമാണിമാർക്കും ഭരണകൂടത്തിനും.

അവരുടെ നാടുഭരിക്കുന്ന രാജാക്കന്മാർ സംരക്ഷിച്ചു പോന്നിരുന്നതു് ജന്മിമാരുടെയും പ്രമാണിമാരുടെയും ഇഷ്ടാനിഷ്ടങ്ങളായിരുന്നു. പോലീസും ഭരണ സംവിധാനങ്ങളുമെല്ലാം ആജ്ഞാനുവർത്തികളായിരുന്നു. പോലീസിനെ കാണുന്ന മാത്രയിൽത്തന്നെ ഞങ്ങളുടെ വർഗ്ഗത്തിൽപ്പെട്ടവർ ഒന്നു വിറച്ചിരുന്നു.

പോലീസിന്റെ അതിക്രൂരമായ മർദ്ദനങ്ങളെത്തുടർന്നു് ചാത്തനും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഒളിവിൽ പോയിരുന്നു. അനീതിക്കെതിരെ സമരം നടത്തിയതിന്റെ പേരിൽ മാത്രമല്ല, ഒളിവിലുള്ള പ്രവർത്തകരെ കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടും എന്നെ പോലീസ് പിടിച്ചുകൊണ്ടു പോയി. പോലീസുകാരുടെ ബൂട്ടിന്റെ അടിഭാഗത്തു് ലാടൻ പോലുള്ള വളയമുണ്ടായിരുന്നു. തുറുങ്കിലെത്തുന്നതു വരെ ആ ബൂട്ടുകൊണ്ടു് ഞങ്ങളെ അവർ ചവിട്ടുമായിരുന്നു. ആ ബൂട്ടുകൊണ്ടുള്ള ഒറ്റച്ചവിട്ടിൽത്തന്നെ ജീവൻ വെടിഞ്ഞവർ നിരവധിയാണു് എന്നറിയുമ്പോൾ അതിന്റെ ഭീകരതയും തീവ്രതയും എത്രമാത്രമാണെന്നു ബോധ്യമാകും. തുടയിടുക്കിലെ മർമ്മഭാഗത്തും മാരകമായി ചവിട്ടുമായിരുന്നു. അതിനാൽ ചവിട്ടുകൊണ്ടവർക്കാർക്കും മൂത്രമൊഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. വെറും നാലടിമാത്രം ഉയരമായിരുന്നു എനിക്കു് ഉണ്ടായിരുന്നതു്. ബൂട്ടിട്ടു് കാലു കൊണ്ടു് പോലീസ് ആദ്യം എന്റെ നാഭിയിൽ ചവിട്ടി. പിന്നീടു് തുടയിടുക്കിലും. ജീവൻ എന്റെ ശരീരത്തിൽ നിന്നും നവദ്വാരങ്ങളിലൂടെ പറന്നു പോകുന്നതു പോലെയാണു് എനിക്കപ്പോൾ അനുഭവപ്പെട്ടതു്,’ തെല്ലിട അവർ നിശ്ശബ്ദയായി, പിന്നെ തുടർന്നു.

‘അന്നു് അനുഭവിച്ച വേദനയും ഭയവും എന്താണെന്നു് വാക്കുകൾ കൊണ്ടു വിവരിക്കാൻ പറ്റണില്ല. മുറിവുകൾ ഉണങ്ങിയ പാടുകൾ ശരീരത്തിൽ ശേഷിക്കുന്നുണ്ടു്. ആ വേദനയെക്കുറിച്ചോർക്കുമ്പോൾ ഇന്നും ശരീരം കിടുങ്ങിവിറയ്ക്കുന്നു.’ അവർ പറഞ്ഞു.

‘നഖത്തിനിടയിലൂടെ പച്ചയീർക്കിലി കുത്തിക്കയറ്റുകയും കാൽവെള്ളയിൽ പോലീസിന്റെ കലിയടങ്ങും വരെ അടിക്കുകയും ചെയ്തതിനെത്തുടർന്നു് കാൽ രണ്ടും പഴുത്തു് നടക്കാൻ വയ്യാതെയായി. തുടർന്നു് കുറെക്കാലം ചികിത്സയിലായിരുന്നു.’

‘സമരത്തിൽ പങ്കെടുക്കുന്നവരെയും കമ്മ്യൂണിസ്റ്റുകാരെയും സഹായിക്കരുതെന്ന കർശന നിർദ്ദേശമുണ്ടായിരുന്നതിനാൽ, അവരെയെല്ലാം അതീവ രഹസ്യമായിട്ടാണു് പാർപ്പിച്ചിരുന്നതു്. പോലീസുകാരും പ്രമാണിമാരും കാണാതെ ഇവർക്കു് ഭക്ഷണപ്പൊതികൾ വീട്ടിനുള്ളിലേക്കു് എറിഞ്ഞുകൊടുക്കുകയായിരുന്നു ഞങ്ങൾ ചെയ്തിരുന്നതു്.’

ചാത്തനെയും മറ്റു സമരക്കാരെയും കാണിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു് പോലീസ് ഞങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇരിങ്ങാലക്കുട സബ്ജയിലിലെ ഒരു ചെറിയ ഹാളിൽ കമ്പി റാന്തലിന്റെ വെളിച്ചത്തിൽ എന്നെയും പി. കെ. കുമാരനെയും കൊണ്ടുവന്നു. ഞങ്ങളുടെ രണ്ടുപേരുടേയും ശരീരത്തിലെ തുണികളെല്ലാം അവർ ഉരിഞ്ഞെറിഞ്ഞു. ഞങ്ങളെ രണ്ടുപേരെയും നഗ്നരാക്കി വെറും തറയിൽ കിടത്തി പോത്തിനെ തല്ലും പോലെ തല്ലി പഞ്ചറാക്കി. തല്ലുകൊണ്ടവശയായ എന്നെ നോക്കി പോലീസുകാരിലൊരാൾ കുമാരനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു, ‘അവനെ നീയൊന്നു കളിച്ചേടീ, ഞങ്ങളൊന്നു കാണട്ടെ’ എന്നു്. എന്റെ സഹോദരനാണു്, എനിക്കു സാധിക്കില്ല എന്നു ഞാൻ പറഞ്ഞു. അതോടെ അവർ കുമാരനു നേരെ തിരിഞ്ഞു. ‘അവളെ മൊത്തത്തിലങ്ങു നക്കിത്തോർത്തടാ. കൂട്ടത്തിൽ അവളുടെ പൂ…ലും നക്കു്. അവള് കുറച്ചു സുഖിക്കട്ടെ.’

‘എന്റെ സഹോദരിയാണു്, എനിക്കതു കഴിയില്ല,’ എന്നു കുമാരനും പറഞ്ഞു.

‘നീയിനി ആണായി ജീവിക്കണ്ടടാ’ എന്നാക്രോശിച്ചു് പോലീസ് കുമാരനെ ചവിട്ടിക്കൂട്ടി.

‘എന്റെ കാലുകൾ രണ്ടുവശത്തേക്കായി അവർ കവച്ചു വച്ചു. ഓരോ പോലീസുകാരായി എന്റെ രണ്ടു കാലിലും കയറി നിന്നു. അടിവയറ്റിലും തുടയിടുക്കിലും ലാടനിട്ട ബൂട്ടുകൊണ്ടവർ ഊക്കോടെ ചവിട്ടിപ്പറിച്ചു. എന്റെ കുടൽമാലയും ഗർഭപാത്രവുമെല്ലാം വെളിയിൽ വരുന്നതായി എനിക്കു തോന്നി. ഞാൻ അലറിക്കരഞ്ഞു. ശബ്ദം വെളിയിൽ വരാതിരിക്കാനായി അവർ എന്റെ വായിൽ തുണി തിരുകി വച്ചു. എന്റെ യോനിയിലൂടെ അവർ പലവട്ടം ലാത്തികുത്തിയിറക്കി. വായിൽ നിന്നും തുണിയെടുത്തു മാറ്റി വായിലൂടെയും ലാത്തികയറ്റി. പുറത്തു നിന്ന കാട്ടാളത്തൊപ്പിക്കാരായ പോലീസുകാർ ഇതെല്ലാം കണ്ടു് ആസ്വദിച്ചു് എന്നെയും കുമാരനെയും പച്ചത്തെറി വിളിച്ചു. ഉഗ്രവേദനയിൽ ഞങ്ങൾ പുളയുന്നതു കണ്ടു് അവർ ആസ്വദിച്ചു് അട്ടഹസിച്ചു. പല തവണകളായി ഞങ്ങളെ പോലീസുകാർ ഞങ്ങളെ ചവിട്ടിയരച്ചു. എന്റെ യോനിയിൽ കാരമുള്ള് കുത്തിയിറക്കി. ഇരിക്കാനോ കിടക്കുവാനോ നിൽക്കുവാനോ എനിക്കാകുമായിരുന്നില്ല. ശരീരമാകെ കട്ടുകഴപ്പും നീറിപ്പുകച്ചിലുമായിരുന്നു. ഇത്രയും നീചമായി പോലീസുകാർ എന്റെ ശരീരത്തോടു പെരുമാറിയില്ലായിരുന്നെങ്കിൽ മക്കളുണ്ടാകുമായിരുന്നു. പെണ്ണിന്റെ ഗർഭപാത്രം ചവിട്ടിക്കലക്കി കളഞ്ഞാൽ, യോനിയിലൂടെ ലാത്തികയറ്റി അവശേഷിക്കുന്ന ശേഷിപ്പുകൂടി തകർത്തെറിഞ്ഞാൽ പിന്നെയാ ശരീരം എന്തിനു കൊള്ളാം! എന്റെയീ ശരീരത്തിൽ ഇപ്പോഴും ജീവനുണ്ടു് എന്നു മാത്രമേയുള്ളു. പോലീസുകാർ എന്റെ മേൽ തേർവാഴ്ച നടത്തിയതിന്റെ ജീവനുള്ള സ്മാരകം മാത്രമാണിന്നെന്റെ ശരീരം,’ കുറുമ്പ പറഞ്ഞു.

‘സമരത്തിൽ പങ്കെടുത്ത കൊല്ലങ്ങളിലും അതിനു ശേഷവും അധികം പേരൊന്നും ഇതിനെക്കുറിച്ചു സംസാരിക്കാറില്ലായിരുന്നു. കുറെ കൊല്ലങ്ങൾക്കു ശേഷം, അതും ഈ അടുത്ത കാലത്താണു് നിങ്ങളെപ്പോലുള്ളവർ എന്നെ അന്വേഷിച്ചു വരാൻ തുടങ്ങിയതു്. 90 വയസ്സു കഴിഞ്ഞ എന്റെ ഓർമ്മകളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ ശരീരം ഏറ്റുവാങ്ങിയ മുറിവുകളെല്ലാം പൊറുത്തു് അടയാളങ്ങൾ മാത്രമായി ചുരുങ്ങി. ഇനിയിപ്പോൾ, ജീവിതത്തിന്റെ ഈ സായാഹ്നത്തിൽ, ഇതിൽക്കൂടുതലായി എനിക്കൊന്നും പറയാനില്ല. കമ്മ്യൂണിസ്റ്റ് സർക്കാർ പെൻഷൻ തരപ്പെടുത്തി തന്നിട്ടുണ്ടു്. രാപകൽ ഭേദമില്ലാതെ തല്ലുകൊണ്ടതുകൊണ്ടു് അത്രയും ഗുണമുണ്ടായി.’

വിറങ്ങലിച്ച മനസ്സോടെ കുറുമ്പയുടെ വാക്കുകൾ ഞാൻ കേട്ടിരുന്നു. ശബ്ദം എന്റെ തൊണ്ടയിൽ കുരുങ്ങി. ശ്വാസമെടുക്കാൻ പോലും എനിക്കു കഴിയാതെപോയി. അത്രയേറെ ഭീതിദമായിരുന്നു കുറുമ്പ എന്നിലേൽപ്പിച്ച വേദനയുടെ ആഴം. അവരുടെ കണ്ണുകളിലേക്കു ഞാനൊന്നു സൂക്ഷിച്ചു നോക്കി. അവിടെ ശാന്തത കളിയാടിയിരുന്നു. ഇനിയൊരു വാക്കു പോലും പറയാൻ കുറുമ്പയ്ക്കോ കേൾക്കാൻ എനിക്കോ സാധിക്കുമായിരുന്നില്ല.

അന്നു് കുറുമ്പയെ കണ്ടുമടങ്ങുമ്പോൾ, കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. എന്റെ പ്രജ്ഞ പോലും മരവിച്ചിരുന്നു. കുറുമ്പ അനുഭവിച്ച വേദനയുടെ ആഴം എത്ര തീവ്രമായിരുന്നു. ബോധം നശിക്കുന്നതുപോലെ എനിക്കു തോന്നി… മനസാകെ നീറിപ്പുകയുന്നതു പോലെയും…!

അധ്യായം 26

‘ചവിട്ടിമെതിക്കപ്പെട്ടു് പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീരിനും സഹനങ്ങൾക്കും ദുരിത ജീവിതത്തിനും അറുതിയുണ്ടാവാൻ എനിക്കു കഴിയും വിധം പോരാടണമെന്ന ചിന്തയാണു് എന്നെ സമരങ്ങളിലേക്കു നയിച്ചതു്. ഞാനുൾപ്പെടുന്ന മനുഷ്യരുടെ അടിമ ജീവിതം അവസാനിപ്പിക്കാൻ എന്തും സഹിക്കാൻ ഞാൻ ഒരുക്കമായിരുന്നു. ഞങ്ങൾക്കു പിന്നാലെ വരുന്ന തലമുറയെങ്കിലും ഈ പുഴുത്ത ജീവിതത്തിൽ നിന്നും രക്ഷപ്രാപിക്കണമെന്നു ഞാനാഗ്രഹിച്ചു.’ അതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ ചിതറിത്തെറിക്കുന്ന ആവേശത്തിന്റെ തീജ്വാല ഞാൻ കണ്ടു.

ഏറെക്കാലമായി എന്റെ മനസ്സിനെ കുത്തിനോവിച്ച ആ സംശയം അപ്പോൾ ഞാനവരോടു ചോദിച്ചു. ഇത്രയേറെ ധീരമായി പോരാടിയിട്ടും കേരള മണ്ണിൽ പോരാട്ടത്തിന്റെ പുതുചരിത്രം തന്നെ രചിച്ചിട്ടും എന്തുകൊണ്ടാണു് ചരിത്രത്താളുകളിൽ പി. സി. കുറുമ്പയ്ക്കു് ഇടം കിട്ടാതെ പോയതു്?

ഒട്ടൊരു നിസംഗതയോടെ അവർ പറഞ്ഞു, ‘ഞാൻ ഒരു പുലയ സ്ത്രീയാണു്, കറുത്തവളും. സൗന്ദര്യമോ ആകർഷണീയതയോ ഇല്ല. വിദ്യാഭ്യാസമില്ല, ഉയരമില്ല, പോരാത്തിനു് പട്ടിണിക്കോലവും. എന്നെ പിന്തുണയ്ക്കാനും ആരുമുണ്ടായിരുന്നില്ല. എന്റെ സമരങ്ങളും ചെറുത്തു നിൽപ്പുകളും അതിനു വേണ്ടി എനിക്കു നഷ്ടപ്പെടുത്തേണ്ടി വന്നതൊക്കെയും ആരും പരിഗണിച്ചതുമില്ല. മുഖ്യധാരയിൽ നിന്നും എന്നെ മാറ്റിനിറുത്താൻ ഇതിൽപ്പരം എന്താണു വേണ്ടതു്?’

ഏതൊരു നാട്ടിലും സാംസ്കാരിക വളർച്ചയും ഉയർച്ചയും സാധ്യമാക്കിയതു് കൂട്ടായ ഇടപെടലുകളും പ്രവർത്തനങ്ങളും സമര മുന്നേറ്റങ്ങളുമാണു്. അതിൽ പി. സി. കുറുമ്പ എന്നതു് ചരിത്രത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒരേടാണു്. അവർക്കു് വേണ്ടത്ര പ്രാധാന്യവും ആരും നൽകിയില്ല. കുറുമ്പയുടെ ജീവിതത്തിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങൾ നിരവധി സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് ഒഴുകി നീങ്ങുന്നതു പോലെ, എന്നിട്ടും പുരോഗതിയുടെ ഒരംശം പോലും അവരെ തലോടുകയോ അവർ അനുഭവിക്കുകയോ ചെയ്തില്ല. സ്ത്രീയെ മാനിക്കുന്നതിൽ ചില മാനദണ്ഡങ്ങൾ ഈ സമൂഹം വച്ചിട്ടുണ്ടു്. പൊങ്ങച്ച സദസ്സുകളിൽ പ്രദർശിക്കപ്പെടത്തക്ക രീതിയിലുള്ള ആടയാഭരണങ്ങൾ അണിഞ്ഞവളാകണം. ആകർഷകമായ വെളുത്തു തുടുത്ത ശരീരമായിരിക്കണം. പട്ടിണിയുടെ അടയാളങ്ങളായ ചുളിവുകളൊന്നും ദേഹത്തു് ഉണ്ടാകുവാൻ പാടില്ല. അവൾ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ആജ്ഞാനുവർത്തികളായിക്കണം.

കുറുമ്പ ആദ്യം കലഹിച്ചതു് ആൺകോയ്മയിൽ അധിഷ്ഠിതമായ അധികാരത്തോടായിരുന്നു. അതിന്റെ പരിണിത ഫലമായിരുന്നു അവരുടെ ജീവിതത്തിൽ അവർക്കു നേരിടേണ്ടി വന്നതും അനുഭവിക്കേണ്ടി വന്നതുമായ ദുരന്തങ്ങളത്രയും. മേൽജാതിക്കാർക്കു ഭോഗിക്കാനും ചവിട്ടി മെതിക്കാനും മാത്രമായ ഒരു മാംസക്കഷണമായി ഇനിയും ജീവിക്കാൻ സാധ്യമല്ലെന്നു് കുറുമ്പയുടെ തീരുമാനം ഉറച്ചതായിരുന്നു. തനിക്കും തന്റെ സമൂഹത്തിനും മാന്യമായി വസ്ത്രം ധരിക്കുന്നതിനും പൊതു നിരത്തിലൂടെ സഞ്ചരിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ചെയ്ത പണിക്കു തക്കതായ കൂലി കിട്ടുന്നതിനുമെല്ലാം വേണ്ടി അവൾ പോരാടി.

കൊടിയ മർദ്ദനങ്ങൾ താങ്ങാൻ ശേഷിയില്ലാതെ ചത്തൊടുങ്ങുമെന്നു കരുതിയ അധികാരി വർഗ്ഗത്തിനു മുന്നിലവൾ തലയെടുപ്പോടെ നിന്നു. കുറുമ്പ അനുഭവിച്ചത്രയും ക്രൂരമായ ശാരീരിക പീഡനങ്ങൾ അനുഭവിച്ചു് മറ്റൊരു സ്ത്രീയും കേരളമണ്ണിലില്ല. അവൾ നടത്തിയ സമരത്തിനും ചെറുത്തു നിൽപ്പിനും ഒപ്പം നിൽക്കുന്ന മറ്റൊരു മനുഷ്യസ്ത്രീയും കേരളമണ്ണിലില്ല. പക്ഷേ, അവർക്കു വേണ്ടി സംസാരിക്കാനും ശബ്ദമുയർത്താനും ആരുമുണ്ടായില്ല. പാപ്പരാസികളും പി. ആർ. ഓ.-മാരും അവർക്കു വേണ്ടി വാദിച്ചില്ല. കാരണം അവൾ ശബ്ദമുയർത്തിയതും പോരടിച്ചതുമെല്ലാം പെണ്ണിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും അവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടിയായിരുന്നു. സാമൂഹ്യനീതി എക്കാലവും പുരുഷകേന്ദ്രിതമാകയാൽ, അവന്റെ ശ്രദ്ധാകേന്ദ്രങ്ങളുടെ അളവുകോലുകൾ വച്ചളന്നപ്പോൾ പി. സി. കുറുമ്പ പിന്തള്ളപ്പെട്ടു.

2012 ലെ ക്രിസ്മസ് കുറുമ്പയ്ക്കൊപ്പം ചെലവഴിക്കണമെന്നു് ഞാനാഗ്രഹിച്ചിരുന്നു. ഞാനവർക്കു വാക്കും നൽകിയിരുന്നു. പക്ഷേ, നിനച്ചിരിക്കാതെ എത്തിയ പനി എന്റെയാ ആഗ്രഹത്തെ നശിപ്പിച്ചു കളഞ്ഞു. ലില്ലിച്ചേച്ചി വരുമെന്നു കരുതി ഞങ്ങൾ കാത്തിരുന്നു എന്ന മണിയുടെ വാക്കുകൾ എന്റെ മനസ്സിൽ ഒരു നോവായി പടർന്നു. ഇനി വരുന്നൊരു ആഘോഷ ദിവസം അവർക്കൊപ്പം ചെലവഴിക്കണമെന്നു ഞാൻ തീരുമാനിച്ചു. പക്ഷേ, വിധി എന്നെ അതിനു് അനുവദിച്ചില്ല.

അധ്യായം 27

കുറുമ്പയെപ്പോലുള്ള അനേകായിരം മനുഷ്യരുടെ ജീവന്റെയും ജീവിതത്തിന്റെയും വിലയാണു് നമ്മൾ അനുഭവിക്കുന്ന സ്വതന്ത്ര്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ സ്വാതന്ത്ര്യമെന്നാൽ നിസ്വാർത്ഥരായ അനേകായിരങ്ങളുടെ ജീവനെന്നർത്ഥം. അവരുടെ കണ്ണീരിലും ചോരയിലുമാണു് നമ്മുടെ ജനാധിപത്യം പടുത്തുയർത്തിയിരിക്കുന്നതു്. എന്നാൽ, തങ്ങൾ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചിരുന്ന മനുഷ്യരെ അത്രവേഗം സ്വതന്ത്രരാക്കാൻ ഇവിടെയുള്ള മതകേന്ദ്രിത വരേണ്യ സമൂഹം തയ്യാറല്ലായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിലും നന്മയിലും ശ്രദ്ധ കേന്ദ്രീകരിച്ചു്, ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിനു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അക്ഷീണം പ്രയത്നിക്കുമ്പോൾ അതിനു തുരങ്കം വയ്ക്കാനായി മതനേതാക്കളും പ്രമാണിമാരും അവരുടെ പിണിയാളുകളും തീവ്രമായി പരിശ്രമിച്ചു കൊണ്ടിരുന്നു. സർക്കാരിനെതിരെ അവർ സമരം പ്രഖ്യാപിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും സർവ്വനാശം വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ കെട്ടഴിച്ചു വിട്ടു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്തു. ജനമനസ്സുകളിലേക്കു് മതചിന്തയുടെ വിഷവിത്തുകൾ കൂടുതൽ ശക്തിയിലും തീവ്രതയിലും കടത്തിവിട്ടു. കേരളത്തിന്റെ വളർച്ചയ്ക്കു് തുരങ്കം വച്ചുകൊണ്ടു്. ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ടു്, മാനവികതയെ തല്ലിത്തകർത്തു കൊണ്ടു് പുതിയൊരു സമര പരിപാടിക്കു് മുതലാളിത്ത സമൂഹം രൂപം നൽകി. അതിനവർ വിമോചന സമരമെന്ന പേരും നൽകി.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, മനുഷ്യരെ എല്ലാവരെയും തുല്യരായി കണ്ടു്, അടിമകൾ ഉടമകൾ എന്ന വേർതിരിവുകൾ അവസാനിപ്പിച്ചു്, എല്ലാ മനുഷ്യരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും പുരോഗതിക്കുമായുള്ള നടപടികൾ സ്വീകരിക്കുകയും നാടിനെ മുന്നോട്ടു നയിക്കുകയും ചെയ്തപ്പോൾ അതിൽ വിറളി പൂണ്ട ജാത്യാധിഷ്ഠിത ഫ്യൂഡൽ മാടമ്പികൾ രാഷ്ട്രീയ വിരോധവും വെറുപ്പും മതചിന്തയും കൂട്ടിക്കലർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ അധികാരം കൈയ്യാളിയിരുന്ന കുത്തകകൾ അക്ഷരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി. ജനങ്ങളുടെ സിരകളിലേക്കു് അസത്യങ്ങളും അർദ്ധസത്യങ്ങളും കുത്തിനിറച്ചു. കേരളത്തിന്റെ തെരുവീഥികൾ അസത്യങ്ങളാൽ നിറഞ്ഞു. അങ്ങനെ, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കാനുള്ള പ്രക്ഷോഭമാക്കി അതിനെ മാറ്റാൻ ഫ്യൂഡൽ മാടമ്പികൾക്കു വളരെവേഗം സാധിച്ചു.

സദാചാരവാദികളുടെ വലിയൊരു കൂട്ടം അന്നു് ഉടലെടുത്തു. അവർ ലഘുലേഖകളും നോട്ടീസുകളും പുറത്തിറക്കി. ജനങ്ങളുടെ ജീവനും ജീവിതവും മതേതരത്വവും തകരുന്നു എന്ന രീതിയിൽ മുദ്രാവാക്യങ്ങളും നാടകങ്ങളും കഥകളും കവിതകളും രചിക്കപ്പെട്ടു. ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള കലാസാഹിത്യ രംഗം അവർ കയ്യടക്കി. സദാചാരവാദികളും ആചാര സംരക്ഷകരുമായി അവർ സ്വയം അവരോധിച്ചു.

സമൂഹത്തിൽ അതിശക്തവും അനിയന്ത്രിതവുമായ രീതിയിൽ സ്പർദ്ധ വളർത്താൻ ജാതിമതക്കോമരങ്ങൾക്കു സാധിച്ചു. ഒരുകൂട്ടം സാഹിത്യകാരന്മാരും ചിന്തകരുമെല്ലാം വിമോചന സമരപ്രക്ഷോഭകർക്കൊപ്പമെത്തിയതോടെ നെറികേടുകൾക്കു് ആധികാരികതയും മാന്യതയും കൈവന്നു. ആൾക്കൂട്ടത്തിന്റെ അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തെയും ജനക്ഷേമ പ്രവർത്തനങ്ങളെയും തകിടം മറിക്കാനവർക്കു കഴിഞ്ഞു.

സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും അടിമത്തത്തെയും ജാതീയതയെന്ന വിഷത്തെയും മനുഷ്യാവകാശങ്ങളെ എല്ലാത്തരത്തിലും അടിച്ചമർത്തുന്നതിനെതിരെയും സ്വന്തം ജീവനും ജീവിതവും ബലികഴിച്ചു് കുറുമ്പയെപ്പോലുള്ളവർ പോരാടിയിട്ടും പല രൂപത്തിൽ, ഭാവത്തിൽ അവയിപ്പോഴും സമൂഹത്തിൽ വാഴ്ച നടത്തുന്നു. കേരള മണ്ണിൽ നിന്നും ജാതീയതയെ പിഴുതുകളയാൻ ശ്രമിക്കുമ്പോൾ, അവ അനേക മടങ്ങു ശക്തിയോടെ പുനർജ്ജനിക്കുന്ന കാഴ്ച അത്യന്തം ഭയാനകമാണു്.

അധ്യായം 28

കുറുമ്പയെക്കുറിച്ചുള്ള ആധികാരികമായ രേഖകൾ തേടിയുള്ള യാത്രയിലായതിനാൽ, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അവരെ കാണാൻ പോകാൻ എനിക്കു സാധിച്ചില്ല. എങ്കിലും, കുറുമ്പയുടെ അനുജത്തിയുടെ മകൻ മണിയുമായി നിരന്തരം സംസാരിക്കുമായിരുന്നു. ഈ സമയങ്ങളിലെല്ലാം അവരോടു വിശേഷങ്ങൾ ആരായാൻ മറന്നിരുന്നില്ല. അവരുടെ സംഭാഷണങ്ങൾ എനിക്കു മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നു. എങ്കിലും, എന്റെ ഫോൺവിളികൾ അവരെ ഏറെ സന്തോഷിപ്പിച്ചിരുന്നതായി അവരുടെ ശബ്ദത്തിൽ നിന്നുമെനിക്കു ബോധ്യമായി. അങ്ങനെ കുറുമ്പയുമായുള്ള ബന്ധം മണിയിലൂടെ നിലനിറുത്തി. അവരുടെ ജീവിതത്തിന്റെ ഭാഗമായ രേഖകൾ തേടി അവർ പഠിച്ച നടവരമ്പു് സർക്കാർ സ്കൂളിൽ പലതവണ സന്ദർശനം നടത്തിയെങ്കിലും യാതൊന്നും കണ്ടെടുക്കാൻ സാധിച്ചില്ല. പൊടിയും മാറാലയും മൂടിയ പഴയ രേഖകളെല്ലാം പരിശോധിച്ചിട്ടും കാര്യമായ ഫലം കണ്ടില്ല. പിന്നീടു് പുല്ലൂർ കശുവണ്ടി കമ്പനിയിൽ അന്വേഷണം നടത്തി. ആ കമ്പനി പൂട്ടിക്കിടന്നതിനാൽ, അവിടെ നിന്നും രേഖകളൊന്നും ലഭ്യമല്ലായിരുന്നു.

ഇങ്ങനെ, അനന്തമായ അന്വേഷണങ്ങളുമായി നടക്കുന്നതിനിടയിൽ, 2013 ഏപ്രിൽ രണ്ടിനു് വൈകിട്ടു് ഏഴുമണിയോടെ മണിയുടെ ഫോൺ എത്തി.

‘വല്യമ്മയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു്. ഇപ്പോൾ ഐ സി യുവിലാണു്. വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കാൻ ഡോക്ടർ പറഞ്ഞു. ഐ സി യുവിലാണെങ്കിലും താല്പര്യമുള്ളവർക്കെല്ലാം വന്നു കാണാമെന്നാണു് ഡോക്ടർ പറഞ്ഞതു്,’ മണി പറഞ്ഞു.

images/Rajaji_Mathew_Thomas.jpg
സ. രാജാജി മാത്യു തോമസ്

ആ വാർത്ത എന്റെ മനസ്സിനെ തളർത്തി. എങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ, സി. ശ്രീകുമാർ, ഇ. എം. സതീശൻ, ഗീത നസീർ, ശാരദ മോഹൻ, സ. സി. എൻ. ജയദേവൻ, സ. രാജാജി മാത്യു തോമസ് എന്നിവരെ വിളിച്ചു് വിവരം പറഞ്ഞു. ജീവിത പങ്കാളിയായ തൊമ്മിച്ചനെയും കൂട്ടി ആശുപത്രിയിലേക്കു പുറപ്പെട്ടു. ഏകദേശം ഒമ്പതു് മണിയോടു കൂടി ആശുപത്രിയിലെത്തി. കുറുമ്പയെ കാണാനാണു് വന്നതെന്നു് വാച്ച്മാനോടു പറഞ്ഞപ്പോൾ, എന്റെ പേരു ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. എന്നെയും കാത്തു് ഡോക്ടർ മുറിയിൽ ഇരിക്കുന്നുണ്ടു് എന്നു് വാച്ച്മാൻ പറഞ്ഞതോടെ ഞാൻ അവിടേക്കു പോയി. കുറുമ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു സംസാരിച്ചു.

‘അവർ അതീവ ഗുരുതരാവസ്ഥയിലാണു്. ഏതു നിമിഷവും എന്തും സംഭവിക്കാം,’ ഡോക്ടർ പറഞ്ഞു. ഡോക്ടർ നൽകിയ വിവരങ്ങൾ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വനിതാകലാസാഹിതി-യുവകലാസാഹിതി പ്രവർത്തകരെയും അറിയിച്ചു. ഐസിയുവിൽ അവരുടെ സമീപത്തായി ഞാൻ നിലയുറപ്പിച്ചു. സാമീപ്യവും തലോടലുമല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കുറുമ്പ ഈ ലോകം വിട്ടുപോകുന്നതു് കണ്ടുനിൽക്കാനുള്ള ശേഷിയുമെനിക്കില്ലായിരുന്നു.

എന്തു സംഭവിച്ചാലും എപ്പോൾ സംഭവിച്ചാലും അറിയിക്കണമെന്നു മണിയെ പറഞ്ഞേൽപ്പിച്ചു് രാത്രി ഒരു മണിയോടെ ഞാനവിടെ നിന്നുമിറങ്ങി.

അധ്യായം 29

രാത്രി, വളരെ വൈകി കിടന്ന എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയതു് ഒരു ഫോൺകോൾ ആയിരുന്നു. ക്ഷീണവും തളർച്ചയും കണ്ണിൽ ഉറക്കച്ചടവും ബാധിച്ച എനിക്കു് ശരീരം ഒന്നനക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എങ്കിലും വളരെ പ്രയാസപ്പെട്ടു ഞാനെഴുന്നേറ്റു. സമയം വെളുപ്പിനു് അഞ്ചുമണി. ഫോൺ എടുത്തു നോക്കി. അങ്ങേത്തലയ്ക്കൽ മണി. തലച്ചോറിൽ അപായ സൂചന മുഴങ്ങി. അപ്പോഴേക്കും ഫോൺ ബെൽ നിന്നിരുന്നതിനാൽ ഞാൻ തിരിച്ചു വിളിച്ചു.

‘വല്യമ്മ പോയി മാഡം’ എന്നു് മണി പറഞ്ഞു. പ്രതീക്ഷിച്ചിരുന്നു ഈ വാർത്ത. എങ്കിലും മനസ്സിനുള്ളിൽ ഒരു നീറ്റൽ. സങ്കടങ്ങളെ മനസ്സിലടക്കി, എന്തെങ്കിലും അത്യാവശ്യമായി ചെയ്യേണ്ടതുണ്ടോ എന്നു ഞാൻ ആരാഞ്ഞു. വേണ്ടതു ചെയ്തു കൊള്ളാമെന്നും ആശുപത്രിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുറുമ്പയെ ഒരു മണിക്കൂറിനകം വീട്ടിലേക്കു കൊണ്ടുപോകുമെന്നും മണി അറിയിച്ചു.

സഖാക്കളെയും യുവകലാസാഹിതി വനിതാകലാസാഹിതി പ്രവർത്തകരെയും ദേഹവിയോഗം അറിയിച്ചു. വൈകിട്ടു് നാലുമണിക്കു് വീട്ടുവളപ്പിൽ കുറുമ്പയുടെ ശവസംസ്കാരചടങ്ങുകൾ നടത്താനാണു് തീരുമാനമെന്നും എല്ലാവരോടും പറഞ്ഞു. ഏകദേശം 12 മണിയോടെ യുവകലാസാഹിതി വനിതാകലാസാഹിതി പ്രവർത്തകർ കുറുമ്പയുടെ വീട്ടിൽ എത്തിച്ചേരണമെന്നു് ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവർത്തകരെക്കൂടാതെ പാർട്ടി പ്രവർത്തകരും നാട്ടുകാരും ചടങ്ങിന്റെ ആദ്യാവസാനം കൂടെ നിന്നു. കുറുമ്പ ഇവിടെ മരിക്കുന്നില്ലെന്നും വിപ്ലവം ഇവിടെ അവസാനിക്കുന്നില്ലെന്നും മുഴങ്ങിയ മുദ്രാവാക്യങ്ങൾ എന്നിലുണ്ടാക്കിയ ആവേശം ചെറുതല്ല. സംസ്കാരച്ചടങ്ങിനു ശേഷം വൈകിട്ടു് ആറര മണിക്കു് നടവരമ്പു് ജംഗ്ഷനിൽ അനുശോചന യോഗം കൂടി. പാർട്ടിയുടെ സമുന്നത നേതാക്കളെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. കുറുമ്പ എന്ന വിപ്ലവ നായികയുടെ പോരാട്ടവീര്യം വിളിച്ചോതുന്നതായിരുന്നു ശവസംസ്കാരച്ചടങ്ങു്. അതെല്ലാം കണ്ടപ്പോൾ കുറുമ്പയെന്ന വിപ്ലവതാരകത്തിന്റെ ജീവിതം സാർത്ഥകമായതായി എനിക്കു തോന്നി.

സാമൂഹിക പരിവർത്തനത്തിനും നവോത്ഥാനത്തിനുമായി തന്നെ പൂർണ്ണമായും വിട്ടുനൽകിയ ഒരു ധീര നേതാവായിരുന്നു പി. സി. കുറുമ്പ. കേരളത്തിലെ നെറികെട്ട സാമൂഹിക വ്യവസ്ഥിതിയെ മാത്രമല്ല അവർ എതിരിട്ടു തോൽപ്പിച്ചതു്, എല്ലാ മനുഷ്യാവകാശങ്ങളെയും തങ്ങൾക്കു നിഷേധിച്ച സകല തിന്മകൾക്കെതിരെയും അവർ ആഞ്ഞടിച്ചു. കുറുമ്പയുടെ ജീവൻ ആ ശരീരം വിട്ടു പോയിരിക്കുന്നു. പക്ഷേ, അവർ രചിച്ച സമരേതിഹാസങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. അത്രമേൽ തീവ്രവും തീക്ഷ്ണവും ദൃഢവുമായിരുന്നു അവരുടെ ചിന്തകളും സമരങ്ങളും ജീവിതവീക്ഷണവും.

അധ്യായം 30

കുറുമ്പയുടെ ചിന്തകളിലും ജീവനിലും അലിഞ്ഞുചേർന്നു്, അവർ സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്യാൻ ആരംഭിച്ച ഘട്ടം മുതൽ അവരുടെ ധീരതയും നിശ്ചയദാർഢ്യവും ലാളിത്യവും സ്നേഹവുമെല്ലാം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. അവരെ ആദരിച്ച ചടങ്ങിൽ എത്തിച്ചേർന്നതു് വൻ ജനാവലിയായിരുന്നു. ജനങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായിരുന്നു അതു്. ഉത്കൃഷ്ഠമായ ജീവിതാശയങ്ങളിലേക്കു് എത്തിച്ചേരാനും അവ ജീവിതത്തിൽ പാലിക്കാനും ഉയർന്ന വിദ്യാഭ്യാസം നേടിയിരിക്കണമെന്നു നിർബന്ധമില്ലെന്നു് അവർ എന്നെ പഠിപ്പിച്ചു. ഒന്നിനോടും അമിതമായ ഒരാഗ്രഹവും അവർക്കില്ലായിരുന്നു. ജീവിതം തന്നെ പോരാട്ട ഭൂമിയായി മാറിയിട്ടും മരണത്തോളം ഭീകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടും ആരോടും പരാതിയോ പരിഭവമോ അവർക്കില്ലായിരുന്നു. സ്വന്തം ശരീരത്തിന്റെ പുറവും അകവും ഒരേപോലെ കുത്തിക്കീറപ്പെട്ടിട്ടും അർഹിക്കുന്ന യാതൊരു പ്രാധാന്യവും ലഭിക്കാതിരുന്നിട്ടും ജീവിതത്തിലവർ പരിപൂർണ്ണസംതൃപ്തയായിരുന്നു.

ആരാണു് യഥാർത്ഥ മനുഷ്യൻ എന്നതിന്റെ, മനുഷ്യസ്നേഹി എന്നതിന്റെ ഉത്തരമായിരുന്നു കുറുമ്പ. അനീതിക്കെതിരെ അവർ പോരാടി. ജീവിതം തന്നെ നരകമായിത്തീർന്നിട്ടും സ്വന്തം കർത്തവ്യത്തിൽ നിന്നും അണുവിട പിന്നോട്ടു മാറാൻ അവർ കൂട്ടാക്കിയില്ല. കുഞ്ഞുന്നാൾ മുതൽ ജീവിതം സമർപ്പിച്ചതു് ഏതു നീതിശാസ്ത്രത്തിനു വേണ്ടിയായിരുന്നോ അതിൽത്തന്നെ മരണം വരെ ഉറച്ചു നിൽക്കാൻ അവർക്കു സാധിച്ചു. സ്ഥാനമാനങ്ങളൊന്നും വേണമെന്നു പോലും അവർ ചിന്തിച്ചില്ല. ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായ വിപ്ലവകാരിക്കു മാത്രം സാധ്യമായ വിശാല മനസ്കത!

കാരുണ്യം, സ്നേഹം, വിശാലമനസ്കത, ലാളിത്യം, അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, നീതിക്കുവേണ്ടി പൊരുതാനുള്ള ചങ്കുറപ്പു് എന്നിവയെല്ലാം ഓരോ മനുഷ്യന്റെയും ഉള്ളിൽ മുളപൊട്ടി വളർന്നുപന്തലിക്കേണ്ട ഗുണങ്ങളാണു്. അധികാരത്തിന്റെയോ പണത്തിന്റെയോ അപ്പക്കഷ്ണങ്ങൾ വച്ചു നീട്ടുമ്പോൾ ഈ ഗുണങ്ങൾ ബലികഴിക്കാൻ യഥാർത്ഥ മനുഷ്യസ്നേഹിക്കു കഴിയുകയില്ല. എല്ലാ മനുഷ്യാവകാശങ്ങളെയും തകർത്തെറിഞ്ഞു്, തങ്ങൾക്കു മേൽ നരകം അഴിച്ചു വിട്ട ജാതിമത വിഷവിത്തുകൾക്കെതിരെ പോരാടുമ്പോൾ വിജയം മാത്രമായിരുന്നു കുറുമ്പയുടെ ലക്ഷ്യം. തിരിച്ചടി എത്ര തീവ്രവും മാരകവുമായാലും ഒരു മാത്ര പോലും പിന്മാറില്ലെന്ന തീരുമാനത്തിൽ അവർ ഉറച്ചു നിന്നു. തനിക്കു വേണ്ടി മാത്രമല്ല, അവർ ജീവിച്ചതു് അവരെപ്പോലെ ദുരിതജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യർക്കും വേണ്ടിയായിരുന്നു.

പ്രവൃത്തിയാണു തങ്ങളുടെ ലക്ഷ്യമെന്നും അധികാരവും സ്ഥാനമാനങ്ങളുമല്ലെന്നും കുറുമ്പയെപ്പോലുള്ളവർ വിശ്വസിക്കുന്നു.

ഉയർന്ന ചിന്താഗതികളും ആശയങ്ങളും ഈ നാടിനെക്കുറിച്ചു് ഉയർന്ന കാഴ്ചപ്പാടുകളുമുള്ള കുറുമ്പ ഭരണസാരഥ്യത്തിലേക്കു് എത്തിപ്പെട്ടിരുന്നുവെങ്കിൽ, കടുത്ത നീതികേടുകളെയും അനീതികളെയും സഹിക്കേണ്ടി വരുന്ന മനുഷ്യർക്കു് അത്യന്തം പ്രയോജനകരമാകുമായിരുന്നു. നിർഭാഗ്യവശാൽ, അവരുടെ നേതൃത്വത്തിൻ കീഴിൽ അണിനിരക്കാൻ കേരള ജനതയ്ക്കു യോഗമില്ലാതെ പോയി!

അധ്യായം 31

നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു കുറുമ്പക്കുട്ടി എന്നു് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന പി. സി. കുറുമ്പ. ‘ഇരിങ്ങാലക്കുടയിലെ എല്ലാ സമരങ്ങളുടെയും മുൻനിരയിൽ അവരുണ്ടായിരുന്നു. കൊടി പിടിക്കുന്നതും ജാഥ നയിക്കുന്നതുമെല്ലാം അവരായിരുന്നു. നാട്ടുകാരായ ഞങ്ങളോടും വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണു് പെരുമാറിയിരുന്നതു്. സൗമ്യമായിരുന്നു കുറുമ്പയുടെ സംസാരം. ഒരിക്കൽപ്പോലും ഗൗരവത്തിൽ അവരെ കണ്ടിട്ടില്ല. പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ ഫലമായി അവർ വളരെയേറെ ക്ഷീണിതയായി മാറി. സംസാരം പോലും വ്യക്തമല്ലാതായി. അവസാന നാളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്കു് പെൻഷനും ശരിയാക്കി കൊടുത്തു. ആ പെൻഷൻ കൊണ്ടാണു് അവർ ജീവിച്ചിരുന്നതു്,’ അവരുടെ നാട്ടുകാരിൽ ചിലർ വ്യക്തമാക്കി.

‘അവരുടെ ശരീരം ഏറ്റുവാങ്ങിയ മർദ്ദനങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇതെല്ലാം വെറും നിസ്സാരമാണു്. അത്ര ക്രൂരമായിട്ടാണു് പോലീസുകാർ അവരെ തല്ലിച്ചതച്ചതു്. ഉള്ളംകാലിൽ പോലീസ് തല്ലിയതിനെത്തുടർന്നു് രണ്ടു കാലുകളും പഴുത്തു വ്രണമായി നടക്കാൻ പോലും പറ്റാതെ മാസങ്ങളും വർഷങ്ങളും വീട്ടിലിരിക്കേണ്ടി വന്നു. ഇത്രമേൽ പോലീസ് തല്ലിച്ചതച്ച മറ്റൊരു സ്ത്രീയും ഈ ഭൂമിയിൽ ഉണ്ടാകില്ലെന്നാണു് ഞങ്ങൾ കരുതുന്നതു്,’ അവർ തുടർന്നു.

‘അവർ സഹിക്കേണ്ടി വന്ന മർദ്ദനങ്ങളെക്കുറിച്ചു് എഴുതാനോ പറയാനോ ആരും തയ്യാറല്ലായിരുന്നു. ഒരിടത്തും അവയൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. സമരത്തിൽ പങ്കെടുത്തതിനും കമ്മ്യൂണിസ്റ്റ് നേതാക്കളെയും സമരക്കാരെയും ഒളിപ്പിച്ചതിനും പോലീസ് അവർക്കു നേരെ നടത്തിയതു് അതിക്രൂരമായ നരനായാട്ടായിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമിച്ചു പോലീസുകാരിലൊരാളെ കൊന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു് ജയിലിലാക്കപ്പെട്ട കർഷകസംഘം നേതാവു് പി. കെ കുമാരനെയും കുറുമ്പക്കുട്ടിയെയും പാർപ്പിച്ചതു് ഒറ്റ ജയിലറയിലായിരുന്നു. രണ്ടുപേരെയും നഗ്നരാക്കി ജയിലിലിട്ട ശേഷം കുറുമ്പയുടെ ശരീരമാകെയും ജനനേന്ദ്രിയവും നക്കിത്തുടയ്ക്കാൻ കുമാരനോടു് പോലീസ് ആവശ്യപ്പെട്ടു. പോലീസ് അവരോടു പറഞ്ഞതത്രയും അശ്ലീലമായിരുന്നു. ജയിലഴിക്കു പുറത്തു നിന്ന പോലീസുകാർ ഇതെല്ലാം കണ്ടു് ആസ്വദിക്കുകയായിരുന്നു,’ അവർ പറഞ്ഞു.

ഈ വാക്കുകളെല്ലാം കുറുമ്പയിൽ നിന്നും നേരിട്ടു കേട്ടിരുന്നുവെങ്കിലും അതു വീണ്ടും വീണ്ടും കേൾക്കേണ്ടി വരുമ്പോൾ ചോര മരവിക്കുന്നതു പോലെ എനിക്കു തോന്നി.

പോലീസുകാർ അതിക്രൂരമായി തല്ലിച്ചതച്ചതു കുറുമ്പയെ മാത്രമായിരുന്നില്ല. അടിമകളാക്കപ്പെട്ട അനേകം സ്ത്രീപുരുഷന്മാർക്കുമേൽ പോലീസ് കിരാതമായ തേർവാഴ്ച നടത്തി. എന്നാൽ, ഉയരം കുറഞ്ഞ, ഭാരം കുറഞ്ഞ കുറുമ്പയോടു് ഇത്രമേൽ ക്രൂരമായി പോലീസ് പെരുമാറാൻ കാരണം അവർ നടത്തിയ സമരത്തിന്റെ തീവ്രത കൊണ്ടു തന്നെ. മറ്റാരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്ത രീതിയിൽ ശക്തമായ ചെറുത്തു നിൽപ്പു് കുറുമ്പയുടെ ഭാഗത്തു നിന്നും ഉണ്ടായി. അതിനാൽ അവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു.

അവളുടെ സിരകളിൽ ഒഴുകിയിരുന്നതത്രയും ധീരതയാർന്ന പുലയരുടെ രക്തമാണു്. മണ്ണിൽ അധ്വാനിച്ചു്, മണ്ണിനെയും പ്രകൃതിയെയും വിനീതമായി സ്നേഹിച്ചാദരിച്ചു്, എല്ലാവരെയും ബഹുമാനിക്കുകയും ചെയ്ത പച്ചമനുഷ്യരുടെ രക്തം. അവൾ നടത്തിയ പോരാട്ടങ്ങളോ ഈ സമൂഹത്തിനു് അവൾ നൽകിയ സംഭാവനകളോ അവൾ ഉൾപ്പടെയുള്ളവരുടെ ജീവന്റെ ഫലമായി അടിമയാക്കപ്പെട്ട ജനങ്ങൾക്കു് ലഭിച്ച അഭിമാനനേട്ടങ്ങളെക്കുറിച്ചോ ആരും എഴുതിവച്ചില്ല.

അധ്യായം 32

ഈ ലോകത്തിലെ പൂക്കളെല്ലാം ഇറുത്തെടുത്തു് ജീവനറ്റ ശരീരം പൊതിഞ്ഞാലും ഒരു തരി സുഗന്ധം പോലും മൂക്കിലേക്കാവാഹിക്കാൻ ആ ശരീരത്തിനാവില്ല. ജീവിച്ചിരുന്ന കാലത്തൊന്നും കുറുമ്പയ്ക്കു് അവളർഹിച്ചിരുന്ന അംഗീകാരമോ ആദരമോ ലഭിച്ചില്ല. പോരാട്ടത്തിന്റെ ബാക്കിപത്രമെന്നോണം ശരീരം കടുത്ത രോഗപീഡകളിലൂടെ കടന്നു പോയപ്പോഴും അവർക്കതിൽ പരിഭവമേതുമില്ലായിരുന്നു. മരണശേഷം, അവരെ അടയാളപ്പെടുത്താനും ആദരിക്കാനും കുറച്ചു പേർ മുന്നോട്ടു വന്നു. ജനയുഗം പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഡിറ്റർ തന്നെ കുറുമ്പയെക്കുറിച്ചു ലേഖനമെഴുതി. ഞങ്ങളവരെ ആദരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത 2012 ഡിസംബർ 15-നു ശേഷം നിരവധി പേർ അവർക്കു് ആദരവുമായി എത്തുകയുണ്ടായി. അവരെക്കുറിച്ചു് അറിഞ്ഞ നിമിഷം മുതൽ അവരുടെ നിഴലായി, അവരിൽ അലിഞ്ഞുചേർന്നു് ഞാനുമുണ്ടായിരുന്നു. അവരിൽ നിന്നും മനസ്സിലാക്കിയതും അന്വേഷിച്ചു കണ്ടെത്തിയതുമായ വിവരങ്ങൾ ചേർത്തു വച്ചു് ലേഖനമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു.

യുവകലാസാഹിതി, വനിതാകലാസാഹിതി എന്നിവയുടെ സംസ്ഥാന കമ്മറ്റിയിൽ കല, സാഹിത്യം, സാംസ്കാരികം എന്നീ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന മൂന്നു മഹദ് വ്യക്തികൾക്കു് എല്ലാ വർഷവും അവാർഡ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. സാംസ്കാരിക തലത്തിലുള്ള അവാർഡ് കൊടുക്കുന്നതു് കുറുമ്പയുടെ പേരിൽ ആയിരിക്കണമെന്നു തീരുമാനിക്കപ്പെട്ടു. ഏറ്റവും ശക്തമായി വിവേചനത്തിനെതിരെയും സാമൂഹിക ഉന്നതിക്കായും പുരോഗതിക്കായും പ്രവർത്തിക്കുന്ന സ്ത്രീകൾക്കാണു് ഈ അവാർഡ് നൽകുന്നതു്.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു് 2019-ൽ പി. സി. കുറുമ്പയുടെ പേരിൽ ഒരു റോഡ് നിലവിൽ വന്നു എന്നതു് ഞങ്ങൾക്കെല്ലാം അഭിമാനകരമായ നേട്ടമായി. പെരുമ്പാവൂർ ഹൈസ്കൂളിൽ വച്ചു് വനിതാകലാസാഹിതിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ സമ്മേളന നഗരിക്കു ഞങ്ങൾ നൽകിയ പേർ ‘പി. സി. കുറുമ്പ നഗർ’ എന്നായിരുന്നു.

വർഷങ്ങൾക്കു ശേഷം, യുവകലാസാഹിതി സംസ്ഥാന കമ്മറ്റി, ‘ജാതിയല്ല, മതമല്ല, മനുഷ്യനാണു് പ്രധാനം’ എന്ന പേരിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മനുഷ്യ സംഗമം നടത്തി. തൃശൂർ ജില്ലയിലെ സംഗമം കോർപ്പറേഷൻ കവാടത്തിന്റെ പരിസരത്തു വച്ചാണു് നടത്തിയതു്. എല്ലാ കലാസാഹിത്യസാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ചു നടത്തിയ ഈ പരിപാടിയുടെ വേദിയുടെ പേരും ‘പി. സി. കുറുമ്പ നഗർ’ എന്നായിരുന്നു. വമ്പിച്ച ജനസാന്നിധ്യമാണു് ഈ പരിപാടിയിൽ ഉണ്ടായതു്.

സാധ്യമായ എല്ലാ തലങ്ങളിലും കുറുമ്പയെ അടയാളപ്പെടുത്താനും ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും സാഹചര്യങ്ങളും ഞാൻ എന്നെന്നും ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. കുറുമ്പയെയും കുറുമ്പയെപ്പോലുള്ള നിസ്വാർത്ഥസേവകരായ മനുഷ്യരെയും ജനമറിയണം. മനുഷ്യമനസ്സിൽ നിന്നും കരുണയും സ്നേഹവും ആർദ്രതയും അനീതിക്കെതിരെ പൊരുതാനുള്ള ധൈര്യവും പാടെ പൊയ്പ്പോയിട്ടില്ല. കുറുമ്പയെപ്പോലുള്ള ധീരമനുഷ്യർ ഇവിടെ ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ ലോകത്തെ മനോഹരമാക്കുന്നതും അവരുടെ ധീരതയാർന്ന പ്രവർത്തനങ്ങളാണു്.

അധ്യായം 33

കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം ആരംഭിക്കുന്നതു് 1925-ലാണു്. അവകാശങ്ങൾക്കു വേണ്ടി ഇന്ത്യൻ റെയിൽവേ തൊഴിലാളി പ്രസ്ഥാനം തുടങ്ങിയ പോരാട്ടത്തോടെയായിരുന്നു ആരംഭം. വി. ആർ. നായനാരും സൂര്യനാരായണ റാവുവുമാണു് മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കമിടുന്നതു്. തൊഴിലാളികൾക്കു നേരെ നടക്കുന്ന അതിക്രമത്തിനും അന്യായമായ പിരിച്ചു വിടലിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനുമെതിരെ പ്രതികരിക്കാനായിരുന്നു പ്രസ്ഥാനം ലക്ഷ്യമിട്ടിരുന്നതു്. ക്രമേണ, കർഷകത്തൊഴിലാളികളിലേക്കും മറ്റു പലവിധ തൊഴിൽ രംഗത്തേക്കും ഈ പ്രസ്ഥാനം വളർന്നു.

1964-ൽ, കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നു് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI(I)), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPI(M)) എന്നീ പേരുകളിൽ രണ്ടു സംഘടനകൾ നിലവിൽ വന്നു. തൊഴിലാളി പ്രസ്ഥാനത്തിനു് കൂടുതൽ പ്രാധാന്യം നൽകിയ പ്രസ്ഥാനമായിരുന്നു സി. പി. ഐ. കർഷകത്തൊഴിലാളികളെയും ഫാക്ടറി തൊഴിലാളികളെയുമെല്ലാം ആദ്യമായി സംഘടിപ്പിച്ചിരുന്നതും ഇവരായിരുന്നു. ഓൾ ഇന്ത്യ ട്രെയ്ഡ് യൂണിയൻ കോൺഗ്രസ് (AITUC) എന്ന തൊഴിലാളി സംഘടനയും സി. പി. ഐ.-യുടെ കീഴിലാണു് പ്രവർത്തിക്കുന്നതു്.

മരണം വരെയും കുറുമ്പയും സി. പി. ഐ.-യിൽ അംഗമായിരുന്നു. പാർട്ടിയെന്നാൽ നിസ്വാർത്ഥരായ ഇത്തരം മനുഷ്യരുടെ ജീവനെന്നാണു് അർത്ഥം. കാരണം, കുറുമ്പയെപ്പോലുള്ളവർ ഈ പ്രസ്ഥാനത്തിനു വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു.

മുതലാളിത്തത്തിനും ജന്മിത്വത്തിനും ചൂഷണത്തിനും അടിച്ചമർത്തലിനും അയിത്തത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെല്ലാമെതിരെ മാനുഷിക നന്മയിൽ അടിയുറച്ചു വിശ്വസിച്ചു് കുറച്ചു മനുഷ്യരുടെ ജീവശ്വാസത്തിൽ കെട്ടിപ്പടുത്തതായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. പക്ഷേ, ഭരണവും അധികാരവും ലഭിച്ചപ്പോൾ, ഈ നാടു് അടക്കി ഭരിച്ച ജന്മികളെക്കാളും നീചമായ രീതിയിൽ പല കമ്മ്യൂണിസ്റ്റ് നേതാക്കളും അധപ്പതിച്ചു പോയോ?

പണവും അധികാരവും കിട്ടിയാൽ, ആരെ വേണമെങ്കിലും ഒറ്റുകൊടുക്കാമെന്നും കൊന്നു തള്ളാമെന്നും ചതിക്കാമെന്നും ഇന്നവർ തെളിയിക്കുന്നു. പി. സി. കുറുമ്പയെപ്പോലുള്ള നന്മ നിറഞ്ഞ മനുഷ്യരെ ഭരണത്തിൽ നിന്നും മാറ്റിനിറുത്തപ്പെടാനുള്ള കാരണം അവരുടെ നിറമോ ജാതിയോ മതമോ ഒന്നുമല്ല, മറിച്ചു് നീതിയിൽ അടിയുറച്ച അവരുടെ ജീവിതമാണു്.

സത്യം നീതി സമത്വം കാരുണ്യം എന്നീ മാനുഷിക മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചൊരു നിമിഷം പോലും ജീവിക്കാൻ കുറുമ്പയ്ക്കു് ആകുമായിരുന്നില്ല. പണത്തിനോ പദവിയ്ക്കോ അധികാരത്തിനോ പിന്നാലെ പോകാനും അവർക്കാകുമായിരുന്നില്ല. അവർ ജീവിച്ചതു് അവരെപ്പോലെ കഷ്ടതയനുഭവിക്കുന്ന മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ഭൂമിയിൽ ജീവിക്കാൻ അവർക്കും അവസരമൊരുക്കുന്നതിനും വേണ്ടിയായിരുന്നു. അവർ ഒരു യഥാർത്ഥ മനുഷ്യസ്ത്രീ ആയിരുന്നു. പണവും അധികാരവും കണ്ടു കണ്ണുമഞ്ഞളിച്ചു് ഈ നാട്ടിലെ ആധുനിക ജന്മിപ്രമാണിമാർക്കും ഉന്നതകുല ജാതർക്കും ദഹിക്കുന്ന ഒന്നല്ല കുറുമ്പയെന്ന ആദർശ ധീരത. അതിനാൽ അവർ കുറുമ്പയെ തമസ്കരിച്ചു. അതിനവർ അവരുടെ നിറത്തെയും ജാതിയെയും പെണ്ണത്തത്തെയും കൂട്ടുപിടിച്ചു എന്നുമാത്രം!

ജാതിയുടെ, അധികാരത്തിന്റെ, ജന്മിത്വത്തിന്റെ, മതദ്വേഷത്തിന്റെ, ആചാരത്തിന്റെ വിഷവിത്തുകൾ തങ്ങൾക്കിടയിൽപ്പെട്ട മനുഷ്യരിലേക്കും പടർന്നു പന്തലിക്കുന്നതു കണ്ടു വേദനിച്ചിരിക്കണം ആ വിപ്ലവപോരാളിയുടെ മനസ്സു്. ഭരണവും അധികാരവും കൈയ്യാളുന്നവർ അശരണർക്കു വേണ്ടി പടവാളേന്തി പോരാടുന്നവരാകണമെന്ന അടിയുറച്ച വിശ്വാസവും കുറുമ്പയ്ക്കുണ്ടായിരുന്നു.

അധ്യായം 34

പെണ്ണു് ആണിനു ഭോഗിക്കാനുള്ള വസ്തുവിനപ്പുറം ബുദ്ധികൊണ്ടും കർമ്മം കൊണ്ടും ധീരത കൊണ്ടും ഈ ലോകത്തെ വിസ്മയിപ്പിച്ച സ്ത്രീകൾക്കു് അർഹമായ അംഗീകാരവും ആദരവും ബഹുമാനവും നൽകുന്നതിൽ എന്നെന്നും പുരുഷ കേന്ദ്രിത സമൂഹം വളരെ പിന്നിലാണു്. ലിംഗ, വർണ്ണ, വർഗ്ഗ ഭേതമില്ലാതെ, മനുഷ്യരെ ഏവരെയും തുല്യരായി കാണണമെന്ന മഹത്തായ ആശയം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇക്കാര്യത്തിൽ മാപ്പർഹിക്കാത്ത തെറ്റാണു് ചെയ്തിട്ടുള്ളതു്.

നെറികെട്ട ആചാരങ്ങൾക്കും അനീതികൾക്കും ജന്മിത്തത്തിനുമെതിരെ പടപൊരുതിയ പുരുഷന്മാർ അധികാര കേന്ദ്രങ്ങൾ കൈയ്യാളിയപ്പോൾ, പാർട്ടിയിലെ പ്രമുഖ സ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടു. എന്നാൽ, സ്ത്രീപ്രവർത്തകരെ ആദരിക്കാനോ ബഹുമാനിക്കാനോ അവരർഹിക്കുന്ന സ്ഥാനമാനങ്ങൾ നൽകാനോ ഇടതുപക്ഷ പാർട്ടികൾക്കു പോലും കഴിഞ്ഞില്ല.

‘വസുധൈവ കുടുംബകം’ എന്ന അതിമഹത്തായ ഭാരത ദർശനത്തിനു് ഈ ഭൂമിയിൽ പിറന്നു വീണ മനുഷ്യരെല്ലാം തുല്യരാണെന്നു കൂടി അർത്ഥമുണ്ടു്. ഈ ഭൂമിയിൽ ജീവനോടെയുള്ള സകലരും ഒരു കുടുംബത്തിലെ അംഗമാണു് എന്നും അവരെയെല്ലാം സമഭാവനയോടെ കാണണമെന്നുമാണു് ഈ ദർശനത്തിനു് അർത്ഥം. അങ്ങനെയുള്ള മഹത്തായ കാഴ്ചപ്പാടിനു് ഉടമകളായ മനുഷ്യരാണു് മൃഗീയവും കിരാതവുമായി ചില മനുഷ്യരെ അവരുടെ നിറത്തിന്റെ പേരിലും കഠിനാധ്വാനം ചെയ്യിക്കുന്നതിനുമായി അടിമകളാക്കി വച്ചിരിക്കുന്നതു്.

images/Aaryapallam.jpg
ആര്യാപള്ളം

ഈ നെറികേടുകൾക്കെതിരെ പോരാടിയതു് പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും അവർക്കൊപ്പം തന്നെയുണ്ടായിരുന്നു. മറക്കുടയില്ലാതെ പുറത്തിറങ്ങാൻ നമ്പൂതിരി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ, മറക്കുട ബഹിഷ്കരണ സമരത്തിനു് നേതൃത്വം നൽകിയതു് ആര്യാപള്ളവും പാർവ്വതി നെൻമണി മംഗലവുമായിരുന്നു. മറയില്ലാതെ അവർ ഘോഷയാത്ര നടത്തി സമരം വിജയിപ്പിച്ചു. സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ നമ്പൂതിരി സ്ത്രീകൾക്കും സാധ്യമാകുന്നതിനു വേണ്ടി ‘അന്തപ്പുര മർദ്ദനേശനം’ എന്ന പ്രമേയം അവർ അവതരിപ്പിച്ചു.

കേരളത്തിൽ ഒട്ടനവധി പോരാട്ടം നടത്തിയ ധീര വനിതയായിരുന്നു ആര്യപള്ളം. വിധവ വിവാഹം, മിശ്രവിവാഹം, പന്തിഭോജനം, ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനം, ഗുരുവായൂർ സത്യാഗ്രഹം, കല്ലുമാല സമരം തുടങ്ങിയ നിരവധി പോരാട്ടങ്ങളിൽ പങ്കാളിയായിരുന്നു അവർ.

പാർവ്വതി നെൻമണിമംഗലം നമ്പൂതിരി കുടുംബങ്ങളിലെ സ്ത്രീകളെ പുനരുദ്ധരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു. നമ്പൂതിരി വിധവകൾക്കു പുനർവിവാഹം സാധ്യമല്ലായിരുന്നു. അതിനെതിരെ അതിശക്തമായ സമരം നയിച്ച ഒരാളായിരുന്നു പാർവ്വതി നെൻമണി മംഗലം. ‘മംഗല്യസൂത്രത്തിൽ കെട്ടിയിടാൻ അങ്കനമാർ അടിമകളല്ല’ എന്ന മുദ്രാവാക്യം മുഴക്കി അന്തപ്പുര മർദ്ദനേശനം അവതരിപ്പിച്ചു് സ്ത്രീസ്വാതന്ത്ര്യം സാധ്യമാക്കുന്നതിൽ അവർ വളരെ വലിയ പങ്കാണു് വഹിച്ചിട്ടുള്ളതു്.

images/Kuttimalu_Amma.jpg
കുട്ടിമാളു അമ്മ

മദ്രാസ് അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടിമാളു അമ്മ യും വളരെ പ്രാധാന്യമേറിയൊരു വ്യക്തിത്വമാണു്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അവർ ജയിലിലടയ്ക്കപ്പെട്ടു. തന്റെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണു് അവർ ജയിൽ വാസം അനുഭവിച്ചതു്. പാലക്കാടു് ജില്ലയിലെ ആനക്കരയാണു് അവരുടെ സ്വദേശം.

images/Akkamma_Cherian.jpg
അക്കാമ്മ ചെറിയാൻ

സ്വാതന്ത്ര്യസമരത്തിലെ പ്രധാനപ്പെട്ട മറ്റൊരു പേരാണു് അക്കാമ്മ ചെറിയാൻ. ‘ഉത്തരവാദിത്ത ഭരണം’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭം നടത്തിയതിനും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അനീതികളെ ചോദ്യം ചെയ്യുകയും എതിർത്തു തോൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി നിരവധി തവണ പോലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു മർദ്ദിച്ചു. കാഞ്ഞിരപ്പള്ളിയിലെ നിരവധി സ്ത്രീകളെ സമരത്തിനായി കൊണ്ടുവന്ന മികച്ചൊരു നേതാവായിരുന്നു അക്കാമ്മ ചെറിയാൻ. കേരളത്തിലെ സ്ത്രീകൾക്കു് സാരി ധരിക്കാനുള്ള അവകാശത്തിനായി 1939-ൽ രാജാവിന്റെ പിറന്നാളിനു് സമരം നടത്തി ആ അവകാശം നേടിയെടുക്കാൻ ഇവർക്കു സാധിച്ചു.

images/ROSAMMA.jpg
റോസമ്മ പൊന്നൂസ്

അക്കാമ്മ ചെറിയാന്റെ സഹോദരിയായിരുന്ന റോസമ്മ പൊന്നൂസ് ആയിരുന്നു മറ്റൊരു മികച്ച പ്രവർത്തക. ഐക്യകേരളത്തിലെ ആദ്യനിയമ സഭയിലെ പ്രോ ടേം സ്പീക്കറും എം. എൽ. എ.-യുമായിരുന്നു ഈ സ്വാതന്ത്ര്യസമര സേനാനി. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനു് ഇവർക്കു് മൂന്നുവർഷം തുടർച്ചയായി ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.

images/CSChandrika.jpg
സി. എസ്. ചന്ദ്രിക

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തു് തങ്ങളുടെ ആഭരണങ്ങൾ മുഴുവനും നാടിന്റെ മോചനത്തിനായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി നൽകിയ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. പക്ഷേ, അവരുടെ പേരുകൾ സ്വാതന്ത്ര്യസമരചരിത്രത്തിലോ മറ്റു രേഖകളിലോ പരാമർശിച്ചിട്ടില്ല. സ്ത്രീ എഴുത്തുകാരായ സി. എസ്. ചന്ദ്രിക യെപ്പോലുള്ള നിരവധി സ്ത്രീകളുമുണ്ടു്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപത്തിയൊന്നിന്റെ ആരംഭത്തിലുമാണു്. അവരെക്കുറിച്ചു് അടയാളപ്പെടുത്തിയിരുന്നതുപോലും.

1970-കളിൽ തൃശൂർ കണ്ട ഏറ്റവും കരുത്തയായ കർഷക സമര നേതാക്കളിൽ ഒരാളായിരുന്നു ശ്രീമതി ഇട്ടിയാനം. മുക്കാട്ടുകര ഇഷ്ടിക കളത്തിലെ തൊഴിലാളിയായിരുന്നു അവർ. വിതയ്ക്കാനും കൊയ്യാനും നടാനും മറ്റെല്ലാ പണികൾക്കും തങ്ങളെ ഉപയോഗിച്ചിരുന്നുവെങ്കിലും ഒരിറ്റു കഞ്ഞിവെള്ളം പോലും തങ്ങൾക്കു ലഭിച്ചിരുന്നില്ല എന്നാണു് അവർ പറഞ്ഞിട്ടുള്ളതു്.

images/CPRamaswami_Aiyar.jpg
സർ സി. പി.

കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ മറ്റൊരു തിളക്കമാർന്ന പേരാണു് കൂത്താട്ടുകുളം മേരി യുടേതു്. ക്രൈസ്തവ കുടുംബത്തിൽ ജനിച്ച അവർ പോരാട്ടത്തിന്റെയും വിപ്ലവീര്യത്തിന്റെയും പ്രതീകമായിരുന്നു. ലോക്കപ്പിൽ, ഭർത്താവിന്റെ മുന്നിലിട്ടു് പോലീസുകാർ അവരെ അതിക്രൂരമായി മർദ്ദിച്ചു. സർ സി. പി.-യുടെ ദുർഭരണത്തിനെതിരെ അവർ മുദ്രാവാക്യം വിളിച്ചതു് സ്കൂൾ പഠനകാലത്താണു്. മുണ്ടും ഷർട്ടും ട്രൗസറുമിട്ടാണു് അവർ ഒളിവു ജീവിതം നയിച്ചതു്. അറസ്റ്റു ചെയ്തു ലോക്കപ്പിലിട്ടു് അവരുടെ കാലു രണ്ടും പോലീസുകാർ തല്ലിത്തകർത്തു. അവരുടെ മുടി രണ്ടായി പകുത്തു് പോലീസ് ജീപ്പിൽ കെട്ടിയിട്ടു വലിച്ചു കൊണ്ടുപോയി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യം സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നു കൂത്താട്ടുകുളം മേരി.

തൃശൂർ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഈഴവരും കീഴ്ജാതിക്കാരും മാറുമറയ്ക്കാതെ താലമെടുക്കാൻ ക്ഷേത്രങ്ങളിൽ എത്തണമെന്നായിരുന്നു ആചാരം. സവർണ്ണ മേധാവിത്തം കൊടികുത്തി വാണ ആ കാലത്തു് വെള്ളറോട്ടിൽ മീനാക്ഷി വേലൂരിന്റെ നേതൃത്വത്തിൽ സ്ത്രീകൾ സെറ്റു മുണ്ടും ബ്ലൗസും അണിഞ്ഞു താലമെടുത്തു. ക്ഷേത്രനടയിലേക്കു കടന്ന അവരെ ശാപവാക്കുകൾ കൊണ്ടാണു് വെളിച്ചപ്പാടു് എതിരേറ്റതു്. നാടാകെ വസൂരി വിതറുമെന്നു് അയാൾ ആക്രോശിച്ചു. കൈയിൽ കരുതിയ നെല്ലു് വസൂരിയെന്ന ഭാവത്തിൽ വിതറാൻ തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എ. എസ്. എൻ. നമ്പീശൻ, കെ. എസ്. ശങ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ളവർ അതു പിടിച്ചു വാങ്ങാനൊരുങ്ങിയതു് വെളിച്ചപ്പാടിനെ കൂടുതൽ പ്രകോപിപ്പിച്ചു. സവർണ്ണമേധാവികൾ ഇതിനെതിരെ പ്രതികരിച്ചതു് അതിക്രൂരമായ അക്രമം അഴിച്ചു വിട്ടുകൊണ്ടായിരുന്നു. ഉത്സവപ്പറമ്പു് യുദ്ധക്കളമായി മാറി.

images/Dakshayani_Velayudhan.png
ദാക്ഷായണി വേലായുധൻ

തിരുക്കൊച്ചിയെ പ്രതിനിധീകരിച്ചെത്തിയ ദാക്ഷായണി വേലായുധനാ ണു് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിത. ഇന്ത്യയിലെ പട്ടിക വിഭാഗത്തിലെ ഏക ബിരുദധാരിയും കേരളത്തിലെ ആദ്യ നിയമസഭ സാമാജികയും ഇവരാണു്. കടുത്ത വിവേചനങ്ങളെ അതിജീവിച്ചാണു് ഇവർ വിദ്യാഭ്യാസം നേടിയതു്. പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആഘോഷങ്ങളിലുമെല്ലാം അതിനീചമായ വിവേചനമാണു് ഇവർക്കു് നേരിടേണ്ടി വന്നതു്. തങ്ങൾക്കു പിറക്കുന്ന കുഞ്ഞിനു പേരിടാനുള്ള അവകാശം പോലും അവർക്കുണ്ടായിരുന്നില്ല. ചക്കി, കാളി കുറുമ്പ, താറ, കിളിപ്പക്ക, പൂമാല തുടങ്ങി ഓരോ ജാതി തിരിച്ചുള്ള പേരുകളാണു് ജന്മിമാർ അവർക്കു നൽകിയിരുന്നതു്.

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ ചെറിയ ദ്വീപായ മുളവുകാടാണു് ദാക്ഷായണി ജനിച്ചതു്. പുലയക്കുഞ്ഞായ തനിക്കു് ദക്ഷന്റെ മകൾ എന്നർത്ഥമുള്ള ദാക്ഷായണി എന്ന പേരു് നൽകിയതോടെ ജാത്യാചാരത്തോടു് സന്ധിയില്ലാത്ത സമരം പ്രഖാപിച്ചു അവർ. കുട്ടിക്കാലം മുതൽ തൊട്ടുകൂടായ്മയ്ക്കും അയിത്താചാരത്തിനും എതിരെ പൊരുതി.

കോളജ് പഠനകാലത്തു്, അയിത്തോച്ചാടന ഫണ്ട് പിരിക്കാനെത്തിയ സഹപാഠികളോടു് അയിത്തം ഏർപ്പെടുത്തിയതു് നിങ്ങളാണു് എന്നും അതിനാൽ അതു നിർമ്മാർജ്ജനം ചെയ്യേണ്ടതും നിങ്ങൾ തന്നെയാണെന്നും അതിനാൽ എന്നിൽ നിന്നും പണം പിരിക്കുന്നതു് ഉചിതമല്ലെന്നുമായിരുന്നു ദാക്ഷായണിയുടെ മറുപടി. തൊട്ടുകൂടാത്തവർ എന്ന ഒരു വിഭാഗം ഇനിയിവിടെ ഉണ്ടാകാൻ പാടില്ലെന്നും അത്തരത്തിൽ ആരെങ്കിലും ശ്രമിച്ചാൽ അവർക്കു കടുത്ത ശിക്ഷ നൽകാനുള്ള വകുപ്പുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിലനിന്നിരുന്ന നെറികേടുകൾക്കെതിരെ അതിധീരം പോരാടിയ നിരവധി സ്ത്രീകളുണ്ടു്. അവരുടെ പോരാട്ടവീര്യത്തിനും മനക്കരുത്തിനും മുന്നിൽ തോറ്റുമടങ്ങി ഇവിടുത്തെ നെറികെട്ട ആചാരാനുഷ്ഠാനങ്ങളുടെ വക്താക്കൾ. സ്ഥാനമാനങ്ങൾക്കോ ബഹുമാനങ്ങൾക്കോ വേണ്ടി ആ സ്ത്രീകൾ മുറവിളി കൂട്ടിയില്ല. സമൂഹത്തിൽ സമൂലമായ മാറ്റമുണ്ടാകണമെന്നും മതങ്ങളുടെയും വിശ്വാസത്തിന്റെയും പേരിൽ കെട്ടിയേൽപ്പിക്കുന്ന എല്ലാ നെറികേടുകളും അവസാനിക്കണമെന്നും തങ്ങൾക്കും ഈ നാട്ടിൽ സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ ജീവിക്കണമെന്നുമാണു് അവർ ആഗ്രഹിച്ചതു്. കൊടുക്കേണ്ടി വരുന്നതു് തങ്ങളുടെ ജീവൻ തന്നെയാണെന്നു് അവർക്കു് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതിക്രൂരമായ പീഡനങ്ങളിൽ ഒരുമാത്രപോലും പതറി നിൽക്കാൻ അവർ ഒരുക്കമായിരുന്നില്ല. എന്നിട്ടും അതുല്യമായ ആ സ്ത്രീ പോരാട്ട വീര്യങ്ങൾ തമസ്കരിക്കപ്പെട്ടു. മേനിയഴകും വെളുപ്പും മിനുപ്പുമുള്ള, പുരുഷന്റെ കാമക്കണ്ണുകളെ തൃപ്തിപ്പെടുത്താൻ ശേഷിയുള്ള കുലസ്ത്രീകൾ ആദരിക്കപ്പെട്ടു.

ഇന്ത്യൻ ജനസംഖ്യയുടെ പകുതിയിലേറെയും സ്ത്രീകളാണു്. പക്ഷേ, ഇന്ത്യയിൽ ഭരണം കൈയ്യാളിയിട്ടുള്ള അധികാര സ്ഥാനത്തുള്ള സ്ത്രീകളുടെ എണ്ണം പരിശോധിച്ചാലറിയാം അവർക്കു പുരുഷ കേന്ദ്രിത സമൂഹം നൽകിയിരിക്കുന്ന സ്ഥാനം എവിടെയാണെന്നു്. ഇനിയുമെത്ര പോരാട്ടങ്ങൾ നടത്തിയാലാണു് അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ മനുഷ്യർ പരിഗണിക്കപ്പെടുന്ന ആ സുവർണ്ണകാലത്തിലേക്കു് എത്തിപ്പെടുക?

അധ്യായം 35

കമ്മ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ വേരുറപ്പിക്കുന്നതിനും വർഷങ്ങൾക്കു മുമ്പു് അടിമകളാക്കപ്പെട്ട മനുഷ്യർ തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട നെറികേടുകൾക്കെതിരെ ശബ്ദമുയർത്താൻ ആരംഭിച്ചിരുന്നു. അടിമജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള നല്ലൊരു വഴിയായി ക്രിസ്ത്യൻ മിഷണറിമാരുടെ കടന്നുവരവിനെ അവർ കണ്ടു. അങ്ങനെ ക്രിസ്തു മതത്തിലേക്കു് വലിയൊരു കുത്തൊഴുക്കു തന്നെ ആരംഭിച്ചു. പക്ഷേ, ജാതീയതയുടെ വേറൊരു പതിപ്പു് അവിടെ പുനർജ്ജനിക്കുകയായിരുന്നു. ക്രിസ്തു ശിഷ്യനായ തോമശ്ലീഹയിൽ നിന്നും സ്നാനം സ്വീകരിച്ചു് മുന്തിയ തരം ക്രിസ്ത്യാനികളും മാർഗ്ഗവാസികളായ ക്രിസ്ത്യാനികളുമെന്ന രണ്ടു വിഭാഗങ്ങളുണ്ടായി. അവരിലും പല പിരിവുകളും ഉപപിരിവുകളുമുണ്ടായി. ഒരു കാലിലെ മന്തു് മറുകാലിലേക്കു മാറിയതിനു സമമായിരുന്നു അടിമജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്കു പോയവരെ കാത്തിരുന്നതു്.

അടിമ ജനതയെ നരക ജീവിതത്തിൽ നിന്നും രക്ഷിക്കുവാൻ പ്രവർത്തിച്ച ശക്തനായ നവോത്ഥാന നേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരദേവൻ (1878–1938). പ്രത്യക്ഷ രക്ഷാദൈവസഭ എന്ന മതത്തിന്റെ സ്ഥാപകനായ ഇദ്ദേഹം അറിയപ്പെടുന്നതു് പൊയ്കയിൽ അപ്പച്ചൻ എന്ന പേരിലാണു്. മധ്യതിരുവിതാംകൂറിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ എന്ന ഗ്രാമത്തിൽ 1878 ഫെബ്രുവരി 17-നു് മല്ലപ്പള്ളി പുതുപറമ്പിൽ കണ്ടൻ, പൊയ്കയിൽ വീട്ടിൽ കുഞ്ഞുണ്ണി എന്നിവരുടെ മൂന്നാമത്തെ മകനായി പറയസമുദായത്തിൽപ്പെട്ട മണിക്കൽ പൊയ്കയിൽ എന്ന കുടുംബത്തിലാണു് ഇദ്ദേഹം ജനിച്ചതു്.

ജീവിതത്തിന്റെ അഴുക്കുചാലിൽ നിന്നും രക്ഷതേടി ക്രിസ്തുമതത്തിൽ ചേർന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എന്നാൽ, ക്രിസ്തുമതത്തിലെ ജാതീയ ഉച്ചനീചത്വങ്ങൾ കുട്ടിക്കാലത്തു തന്നെ പൊയ്കയിൽ അപ്പച്ചൻ തിരിച്ചറിഞ്ഞു. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കുള്ള പ്രതിവിധി ക്രിസ്തുമതത്തിലെ അനാചാരങ്ങളെ പുൽകുക എന്നതല്ലെന്നു് അദ്ദേഹം ഉറക്കെപ്പറഞ്ഞു. ക്രിസ്തുമതത്തിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത ജാതിവിവേചനത്തിൽ പൊറുതിമുട്ടി 1908-ൽ അദ്ദേഹം ബൈബിളുകൾ കൂട്ടിയിട്ടു കത്തിച്ചുകൊണ്ടു് ക്രിസ്തുമതത്തിൽ നിന്നും പിന്മാറി. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം ഉയർത്തിപ്പിടിച്ചു.

ദളിത് ക്രിസ്ത്യാനികളുടെ അടിമജീവിതത്തെക്കുറിച്ചുള്ള നിരവധി പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ടു്.

‘കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി

കാണുന്നുണ്ടനേകം വംശത്തിന്റെ ചരിത്രങ്ങൾ

നാണമില്ലെനിക്കു സ്വന്തജാതികൾക്കുള്ള

ബലഹീനതകളോരുന്നും പറഞ്ഞിടുവാനായി

ഓർത്തിടുമ്പോൾ ഖേദമുള്ളിൽ ആരംഭിക്കുന്നയവർ

ചേർത്തിടട്ടെ സ്വന്തരാഗത്തിൽ ചിലതെല്ലാം’

എന്ന പാട്ടു് ഏറ്റവും പ്രചാരം നേടിയ ഒന്നാണു്. മൃഗങ്ങളെപ്പോലെ കഴുത്തിലൊരു കയർ കെട്ടി അടിമച്ചന്തയിൽ കൊണ്ടുപോയി തങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. ഈ മനുഷ്യരെക്കാൾ മികച്ച ജീവിതമാണു് അക്കാലങ്ങളിൽ മൃഗങ്ങൾക്കു പോലും ലഭിച്ചിരുന്നതു്. ആ അടിമത്തത്തിൽ നിന്നും തന്റെ ജനതയെ രക്ഷപ്പെടുത്താൻ അവരിൽ ആത്മവിശ്വാസവും സ്വന്തം കഴിവിൽ അഭിമാനവും വളർത്തുന്നതിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നു് അദ്ദേഹത്തിനു് ഉറപ്പുണ്ടായിരുന്നു. ഒപ്പം തങ്ങളുടെ ജനത കടന്നുപോകുന്ന തീവ്ര നരക വേദനകളെ ലഘൂകരിക്കാൻ ഉടമ വർഗ്ഗങ്ങൾ നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം ചെറുത്തു തോൽപ്പിച്ചു.

അടിമകളാക്കപ്പെട്ടവർ അന്നു നയിച്ചിരുന്ന ജീവിതം എന്താണെന്നു് താഴെപ്പറയുന്ന പാട്ടിൽ നിന്നും കൂടുതൽ വ്യക്തമാകും.

‘അയ്യയ്യോ ദൈവമേ

കേൾക്കണമേ ഈ മുറവിളികൾ

കാടുവെട്ടീ നാടാക്കി മാടം വച്ചു വീടാക്കി

ഈ കൂട്ടരേ പിടിച്ചു കെട്ടി

ചാകുംവരെ കാട്ടിൽ വലിച്ചെറിയും

അയ്യയ്യോ ദൈവമേ

കേൾക്കണമേ ഈ മുറവിളികൾ

കാളയോടും പോത്തിനോടും

ഇണച്ചുകെട്ടി നിലമുഴുതിടുന്നു

നടക്കാൻ വയ്യാതെയാകുമ്പോൾ

അടിച്ചിടിച്ചു കൊന്നു കുഴിച്ചു മൂടും

നടക്കാൻ വയ്യാതെയാകുമ്പോൾ

അടിച്ചിടിച്ചു കൊന്നു കുഴിച്ചു മൂടും

സൃഷ്ടിനാഥൻ ഈ കരച്ചിൽ കേട്ടു

ക്രൂശിൽ കാട്ടിയതാം അൻപിൻ

നിറവാർത്തുഭാരമേറും ചുമടു ചുമ്മി

നടന്നിടുന്നേരം തളർന്നു വീഴും

ആ നേരം അടിച്ചിടിച്ചു

ചാകും മുമ്പേ കാട്ടിൽ വലിച്ചെറിയും

അയ്യയ്യോ ദൈവമേ

കേൾക്കണമേ ഈ മുറവിളികൾ

പെറ്റാറു ദിനം കഴിഞ്ഞു തള്ള

പിള്ളയെ കിടത്തി വൃക്ഷച്ചുവട്ടിൽ

തിരികെ വന്നു നോക്കുന്നേരം

പിള്ളയെ ഹാ ഉറുമ്പരിച്ചു പോയി

സൃഷ്ടിനാഥൻ ഈ കരച്ചിൽ കേട്ടു

ക്രൂശിൽ കാട്ടിയതാം അൻപിൻ നിറവാർത്തു

യൂറോപ്യൻമാർ ഇറങ്ങി വന്നു

അടിമയെ വിടുവിച്ചു സുവിശേഷത്താൽ

യൂറോപ്യന്മാർ ഇറങ്ങിവന്നു

അടിമയെ വിടുവിച്ചു സുവിശേഷത്താൽ

അയ്യയ്യോ ദൈവമേ

കേൾക്കണമേ ഈ മുറവിളികൾ’

ആയിരക്കണക്കിനു് വർഷങ്ങൾ അടിമയാക്കപ്പെട്ടു് നരകജീവിതം നയിച്ച ആ മനുഷ്യരുടെ കണ്ണീരും വിലാപവും വാക്കുകൾക്കു വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണു്. കഴിവുകെട്ടവരല്ല ആ മനുഷ്യർ, ജാതീയതയുടെ പേരിൽ അധിക്ഷേപിച്ചാൽ താഴ്ത്തി നിൽക്കേണ്ടവരുമല്ല. അടിമകളാക്കപ്പെട്ടവരുടെ അനന്തമായ കഴിവുകളെക്കുറിച്ചു് അവർക്കു് സ്വയം ബോധ്യമുണ്ടാകണം. ആരുടേയും കാരുണ്യത്തിനോ സഹായത്തിനോ പിന്തുണയ്ക്കോ കാത്തു നിൽക്കാതെ അവരവരുടെ കഴിവിൽ വിശ്വസിച്ചു് മുന്നേറിയേ തീരൂ. ജാതിയുടേയോ നിറത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ആരെങ്കിലും ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാൽ ഓർക്കുക, നിങ്ങളിലെ കഴിവിനെ അവർ ഭയപ്പെടുന്നു എന്നാണു് അതിനർത്ഥം. ആ അധിക്ഷേപങ്ങളിൽ മനസ്സു പതറാതെ തളർന്നു പോകാതെ മുന്നോട്ടു കുതിക്കാനുള്ള ശക്തി ആർജ്ജിക്കുകയാണു് വേണ്ടതു്. അല്ലാത്തപക്ഷം അടിമത്തം വീണ്ടും നിങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടും.

കഴിവുകൊണ്ടു് ഒരാളെ തോൽപ്പിക്കാൻ സാധിക്കില്ലെന്നു തിരിച്ചറിയുന്ന നിമിഷം മുതൽ, മനുഷ്യൻ ചതിയിലൂടെ എതിരാളിയെ തോൽപ്പിക്കാൻ ശ്രമിക്കും. മണ്ണിന്റെ ഉടയോരായ മനുഷ്യരുടെ പ്രകൃതിയിൽ ലയിച്ചു ചേർന്നുള്ള ജീവിതത്തെ യാതൊരു തരത്തിലും തോൽപ്പിക്കാൻ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ, അധ്വാനിക്കാനുള്ള കായിക ശേഷിയോ അറിവോ മനസ്സോ ഇല്ലാതിരുന്ന തൊലിവെളുത്ത മതമനുഷ്യർ പ്രയോഗിച്ച കുതന്ത്രത്തിൽ മണ്ണിന്റെ ഉടയോർ നിലതെറ്റി വീണുപോയി. ആ വീഴ്ചയ്ക്കു് അവർ നൽകേണ്ടി വന്നതു് അവരവരുടെയും വരും തലമുറകളുടേയും ജീവനും ജീവിതവുമായിരുന്നു.

അവർ വെളുപ്പിനു് ആഢ്യത്വം നൽകി, കറുപ്പു് വെറുക്കപ്പെട്ടതാക്കി മാറ്റി. വെളുത്തു കൊഴുത്ത ദേഹം പ്രൗഢിയുടെ പര്യായമാക്കി മാറ്റി. പൂജയും കർമ്മവും വേദപഠനവുമാണു് മഹത്തരമെന്നു് അവർ പാടി ഘോഷിച്ചു. മണ്ണിൽ പണിയെടുത്തും വെയിലും മഴയുമേറ്റു തളർന്നിരുന്ന മനുഷ്യരതു വിശ്വസിച്ചു. തങ്ങൾ ചെയ്യുന്ന ജോലിക്കും തൊലിയുടെ നിറത്തിനും എന്തോ പ്രശ്നമുണ്ടെന്ന ചിന്ത അവരിലേക്കു് അടിച്ചേൽപ്പിക്കപ്പെട്ടു.

കാറ്റിനെയും മഴയെയും സൂര്യപ്രകാശത്തെയും ആകാശത്തു മിന്നിത്തെളിയുന്ന നക്ഷത്രങ്ങളെയും ആദരവോടും ബഹുമാനത്തോടും കൂടി കണ്ടിരുന്ന മനുഷ്യരുടെ ഉള്ളിലേക്കു് ആദ്യമവർ ഭയം കടത്തിവിട്ടു. ആ ഭയത്തിനവർ ഈശ്വരനെന്ന പേരുനൽകി. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഈശ്വരകോപമായി വ്യാഖ്യാനിക്കപ്പെട്ടു.

ഈശ്വരന്റെ കോപത്തിന്റെയും ശാപത്തിന്റെയും അനുഗ്രഹത്തിന്റെയും കഥകൾ ആ മനുഷ്യരെ കൂടുതൽ ഭയപ്പെടുത്തി. അങ്ങനെ വെളുത്ത നിറമുള്ള മനുഷ്യർ പ്രകൃതി ശക്തികളെപ്പോലും നിയന്ത്രിക്കാൻ ശേഷിയുള്ള ദേവാംശമുള്ളവരായി സ്വയം അവരോധിക്കപ്പെടുകയും കറുത്തവരെ അവർ അസുരവത്കരിക്കുകയും ചെയ്തു. അതിലൂടെ വെളുത്തവർ കറുത്തവർക്കുമേൽ തങ്ങളുടെ അധീശത്വം ഉറപ്പിച്ചു.

ദൈവങ്ങളുടെ പേരിൽ അവർ ഈ മണ്ണു നശിപ്പിച്ചു. പ്രകൃതിയെയും അവയിലെ സകല ചരാചരങ്ങളെയും ഒപ്പം കറുത്തവരെയും അവർ സൃഷ്ടിച്ച ദൈവങ്ങൾക്കു ബലിനൽകി. പ്രകൃതി അതിനെതിരെ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടികളുടെ പാപഭാരമെല്ലാം മണ്ണിനെ സ്നേഹിച്ചവരുടെമേൽ മതാധിഷ്ഠിത മനുഷ്യർ കെട്ടിയേൽപ്പിച്ചു. അവയെല്ലാം സത്യമെന്നു വിശ്വസിച്ചു്, ഈ അനീതികൾ സഹിക്കാൻ വേണ്ടിയാണു് തങ്ങൾ ജനിച്ചതെന്നു വിശ്വസിച്ചു്, ആ മനുഷ്യർ ജീവച്ഛവങ്ങളെപ്പോലെ ജീവിച്ചു.

തങ്ങളുടെ നിറവും കഠിനാധ്വാനം ചെയ്യാനുള്ള മനസും മോശപ്പെട്ടതാണെന്നവർ ചിന്തിച്ചു, അല്ലെങ്കിൽ അവരെക്കൊണ്ടങ്ങനെ ചിന്തിപ്പിക്കാൻ മതമനുഷ്യർ പഠിപ്പിച്ചു. ആ പരിശ്രമത്തിൽ അവർ വിജയിച്ചു. അങ്ങനെ, വളരെയെളുപ്പത്തിൽ മണ്ണിന്റെ ഉടയോരെ മതമനുഷ്യർ തങ്ങളുടെ അടിമകളാക്കി മാറ്റി. എന്നിട്ടും തീർന്നില്ല അവരുടെ വർണ്ണ മതവെറി.

ദൈവം ശപിച്ചു വിട്ട മനുഷ്യരാണു് കറുത്തവരായി ജനിക്കുന്നതെന്ന വിശ്വാസം അവരിൽ അടിച്ചേൽപ്പിച്ചു. തങ്ങളുടെ വാക്കുകളെയും പ്രതാപത്തെയും അംഗീകരിക്കാത്തവർക്കു് ഈ മണ്ണിൽ അടിമയായിപ്പോലും ജീവിച്ചിരിക്കാൻ അവകാശമില്ലെന്നവർ വരുത്തിത്തീർത്തു.

പറയനെന്നോ പുലയനെന്നോ കുറവനെന്നോ വിളിക്കപ്പെടുമ്പോൾ ഇന്നും ഈ മനുഷ്യർ എന്തിനാണു് മുഖം കുനിക്കുന്നതു് ? എന്തിനാണു് അവരുടെ ശിരസ്സു് അപമാനത്താൽ ചൂളുന്നതു്? പറയനെന്നാൽ, പുലയനെന്നാൽ മണ്ണിന്റെ ഉടയോനെന്നാണു് അർത്ഥമെന്നും തങ്ങളുടെ സമ്പത്തു് തട്ടിപ്പറിച്ചു സമ്പന്നരായവർക്കു് എന്തു യോഗ്യതയാണു് ഉള്ളതെന്നും തിരിച്ചു ചോദിക്കാൻ അവരുടെ നാവു പൊങ്ങാത്തതു് എന്തുകൊണ്ടു്?

വിതയ്ക്കാനും കൊയ്യാനും വിളവിറക്കാനും നടാനും നിലം ഉഴുതുമറിക്കാനുമെല്ലാം കീഴാളരെന്നു മുദ്രകുത്തപ്പെട്ട ഈ അധ്വാനശീലരായ മനുഷ്യർ വേണമായിരുന്നു. മണ്ണിന്റെ മനസ്സറിഞ്ഞു്, കാറ്റിന്റെയും മഴയുടേയും ഗതിവിഗതികളറിഞ്ഞു് കൃഷിയിറക്കാൻ പോലും അറിയാത്ത മനുഷ്യർ ജാതിയുടേയും മതത്തിന്റെയും വെറുപ്പിന്റെയും വിഷവിത്തു പാകി കൃഷിയിടങ്ങളത്രയും പിടിച്ചെടുത്തു. മണ്ണിന്റെ അവകാശികളെ അവർ കാൽക്കീഴിലിട്ടു ചവിട്ടി മെതിച്ചു. എതിർത്താൽ ദൈവകോപമുണ്ടാകുമെന്ന കള്ളസത്യം അവരുടെ മനസ്സുകളിൽ അടിച്ചേൽപ്പിച്ചു. അറിവെന്നാൽ ഈ പ്രകൃതിയെന്നു കരുതിയിരുന്ന ആ ശുദ്ധമനുഷ്യരെ ചതിവിലൂടെയും വഞ്ചനയിലൂടെയും കീഴ്പ്പെടുത്തി

ശരീരമനങ്ങിയുള്ള യാതൊരു പണിയുമെടുക്കാതെ, ഉണ്ടുറങ്ങിയും ഭോഗിച്ചും കഴിയാൻ ബ്രാഹ്മണരും ജാതിക്കോമരങ്ങളും കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ മാർഗ്ഗമായിരുന്നു ദൈവവും കോപവും ശാപവുമെല്ലാം. അവരുടെ വാദഗതികൾ ബലപ്പെടുത്തുന്നതിനായി അവർ പ്രകൃതി ക്ഷോഭങ്ങളുടെയും നാടെങ്ങും പടർന്നു പിടിച്ച മഹാമാരികളുടെയും കൂട്ടുപിടിച്ചു. കൃഷി ചെയ്തും പ്രകൃതിയുടെ താളത്തിനൊപ്പം ജീവിക്കുകയും ചെയ്ത മണ്ണിന്റെ മനുഷ്യരുടെ അജ്ഞതയാണു് മതമനുഷ്യർ ചൂഷണം ചെയ്തതു്.

കുറുമ്പ ഒരു പ്രതീകമാണു്. വിപ്ലവപോരാട്ട വീര്യത്തിന്റെ പ്രതീകം. തങ്ങളെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചവർക്കു നേരെ സധൈര്യം ചൂണ്ടിയ വിരൽ. അറുത്തുമാറ്റാനാവില്ല ഈ ഭൂമിയിൽ നിന്നുമവരെയും അവരുടെ ചെയ്തികളെയും ഓർമ്മകളെയും. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ അകറ്റി നിറുത്തപ്പെടുന്ന ഓരോ നിമിഷവും കുറുമ്പ നയിച്ച പോരാട്ടവും വിപ്ലവവും ചെറുത്തു നിൽപ്പുകളും അവർ കടന്നുപോയ ഭീകരാനുഭവങ്ങളും അടിച്ചമർത്തപ്പെട്ട ഓരോ മനുഷ്യന്റെയും ഓർമ്മയിൽ തെളിയണം. പെണ്ണെന്നും വിദ്യാഭ്യാസമല്ലാത്തവളെന്നും കറുത്തവളെന്നും അധിക്ഷേപിച്ചു് അകറ്റി നിറുത്തിയവർക്കു മുന്നിൽ ഒരണു പോലും തോൽക്കാൻ തയ്യാറാവാതെ, ആത്മവീര്യത്തോടെ കുറുമ്പ നമുക്കു മുന്നിൽ പല്ലില്ലാത്ത മോണ കാട്ടി ഇന്നും ചിരിതൂകി നിൽക്കുന്നു! എനിക്കിതാകാമെങ്കിൽ, കൂട്ടരേ, ഇതു നിങ്ങൾക്കും സാധ്യം. ഇനിയുമെത്ര നാൾ നിങ്ങൾ സഹിക്കും? നിങ്ങളുടെ മൗനം നിങ്ങളെയും നിങ്ങളുടെ തലമുറകളെയും തകർക്കുമെന്നു് കുറുമ്പ നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

കുറുമ്പ സാക്ഷി, കുറുമ്പയുടെ ജീവിതം സാക്ഷി, തോൽക്കാൻ മനസ്സുകൊണ്ടു തീരുമാനിച്ചവരെ മാത്രമേ തോൽപ്പിക്കാൻ സാധിക്കുകയുള്ളു!

ലില്ലി തോമസ് പാലോക്കാരൻ
images/lilly.jpg

1950, ജൂലായ് 1-നു ജനനം. പിതാവു്, കൈതാരൻ ഔസേപ്പ് തോമൻ; അമ്മ, മറിയംകുട്ടി.

ഭർത്താവു്: തോമസ് ഫ്രാൻസീസ് പാലോക്കാരൻ. മകൻ: പിഞ്ചു തോമസ്, മരുമകൾ: നമിത, കൊച്ചുമക്കൾ: തോമസ്, പോൾ.

സെയ്ന്റ് ആന്റണീസ് ഹൈസ്ക്കൂൾ മാള; കെ. സി. കോളേജ്, എൽഫിൻസ്റ്റൺ കോളേജ്, ബോംബെ, ബോംബെ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഷൂറൻസ്, ബോംബെ; ജ്ഞാനദീപ് വിദ്യാപീഠ്, പൂനെ; നിപ് സീഡ്, ബാംഗളൂർ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടി. എ. എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി, ബോംബെ, തൃശ്ശൂർ എന്നിവിടങ്ങളിൽ പല തലത്തിൽ സേവനം. 2002-ൽ സ്വമേധയാ വിരമിച്ചു.

ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം തൃശ്ശൂർ (2006–2009); ജനനീതി ഡയറക്റ്റർ ബോർഡ് അംഗം; ലൈഫ് മെമ്പർ, ഫൗണ്ടർ ട്രഷറർ, ഹരിശ്രീ വിദ്യാനിധി ഹൈസ്ക്കൂൾ; പ്രസിഡണ്ട്, വിബ്ജ്യോർ ഫിലിം കളക്റ്റീവ് (2013–2015).

ലേഖനങ്ങൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സി. ആർ. ദാസിന്റെ മാക്കാച്ചികഥകൾ, (കുട്ടികളുടെ കഥാപുസ്തകം) ഇംഗ്ലീഷ് വിവർത്തനത്തിൽ പൂർണ്ണപങ്കാളിത്തം, തെരുവ് നാടകം ‘ഇരകളല്ല വേട്ടക്കാർ വേണ്ട’ എന്ന തെരുവു് നാടകത്തിനു് ടൈറ്റിൽ നൽകി, സംവിധാനവും എഡിറ്റിങും നിർവഹിച്ചു; അഭിനയിച്ചു. മലയാളം വീഡിയോ ആൽബം “ഏമാന്മാരേ ഏമാന്മാരേ” സ്ത്രീ വെർഷൻ, സോങ് ഫോർ ജൻഡർ ജസ്റ്റീസ്—പ്രവർത്തനത്തിൽ പങ്കാളിയായി, അഭിനയിച്ചു. അനിൽ പറക്കാട് ഡയറക്റ്റ് ചെയ്ത “ഒരു വട്ടം കൂടി” ടെലിഫിലിമിൽ അഭിനയിച്ചു.

ആഗോള കത്തേലിക്കാ സഭയുടെ, സീറോ മലബാർ സഭയിൽ ചരിത്രത്തിലാദ്യമായി നടത്തറ തിരുഹൃദയ ദേവാലയത്തിൽ, പള്ളി സ്ത്രീകൈക്കാർ (ട്രസ്റ്റി) ആയി (2006–07) ചരിത്രം സൃഷ്ടിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട്, വനിതകലാ സാഹിതി സംസ്ഥാന പ്രസിഡണ്ട് (2003–2013) എന്നീ നിലകളിലും പ്രവർത്തിച്ചു.

Colophon

Title: P. C. Kurumba (ml: പി. സി. കുറുമ്പ).

Author(s): Lilly Thomas Palokkaran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Biography, Lilly Thomas Palokkaran, P. C. Kurumba, ലില്ലി തോമസ് പാലോക്കാരൻ, പി. സി. കുറുമ്പ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sunset in the Rockies, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.