ബ്രിട്ടീഷ് അമേരിക്കൻ ആർട്ടിസ്റ്റ് R. B. Kitaj-ന്റെ The Autumn of Central Paris (after Walter Benjamin) എന്നു പേരുള്ള 1972-ൽ വരച്ച ചിത്രം Walter Benjamin-ന്റെ ജീവിതത്തിലെ ചില സന്ദർഭങ്ങളും, ഇഷ്ടങ്ങളും കൂട്ടിച്ചേർത്തു നിർമ്മിച്ച സംഭ്രാന്തമായ പ്രഹേളിക പോലെയാണു്. Picture puzzle-നു് പുറത്തേയ്ക്കു വാതിലുകളില്ല. ഫ്രാൻസിലെ Chartres എന്ന ദേവാലയത്തിൽ (ദൈവത്തെ നേരിട്ടു കാണണമെന്നുണ്ടെങ്കിൽ Chartres-ൽ പോയാൽ മതി എന്നു് വിക്ടർ യുഗോ!) തറയിൽ ഭീമാകാരനായ ഒരു രാവണൻകോട്ട (labrynth) പണിതിട്ടുണ്ടു്. അതിന്റെ ഛായയുണ്ടു് ചിത്രഘടനയ്ക്കു്. (എന്റെ തോന്നലാണു്!) Chartres ദേവാലയത്തിലെ കറുത്ത കന്യാമറിയത്തെ പ്രാർഥിക്കുന്നവർ നിൽക്കേണ്ടതു് എല്ലാ വാതിലുകളുമടഞ്ഞ labrynth-നു് നടുവിലാണു്.
അടിത്തട്ടിൽ നിന്നു് പ്രതിരോധനിര (barricade ബഞ്ചമിന്റെ കൃതികളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒരു ബിംബമാണു്) തകർക്കാനായി തൊഴിലാളി പിക്കാസുമായെത്തുന്നുണ്ടു്. മുകൾത്തട്ടിലാണു് 1940-ലെ ജാലകങ്ങളോ വാതിലുകളോ ഇല്ലാത്ത പാരീസിയൻ കഫെറ്റേരിയ. തീർച്ചയായും തിരിച്ചറിയാൻ കഴിയും, അവിടെ വാൾട്ടർ ബെഞ്ചമിനും നില്പുണ്ടു്. 1940-ലാണു് പാരീസ് നാസികളുടെ പിടിയിലാവുന്നതു്. 40-ൽ തന്നെയാണു് ഫ്രാൻസിന്റെയും സ്പെയിനിന്റെയും അതിർത്തിയിൽ വാൾട്ടർ ബെഞ്ചമിൻ നാസികളുടെ പിടിയിലാവുമെന്നു് ഭയന്നു് ആത്മഹത്യ ചെയ്യുന്നതു്. ജന്മംകൊണ്ടു് ജൂതനായിരുന്നു Kitaj, കാഫ്ക യെയും ബഞ്ചമിനെയും പോലെ. അതുകൊണ്ടുകൂടിയാവാം അയാളുടെ കലയിൽ വാൾട്ടർ ബെഞ്ചമിനും, കാഫ്കയും, വായ തുറന്ന നിലയിൽ ബുഹെൻവാൾഡും (Buchenwald) കൂടെകൂടെ പ്രത്യക്ഷപ്പെട്ടിരുന്നതു്. അമേരിക്കൻ പോപ്പ് ആർട്ടിന്റെ ലക്ഷണങ്ങളുള്ള ശൈലിയിലായിരുന്നു R. B. Kitaj വരച്ചിരുന്നതു്. അയാൾ തന്റെ പെയ്ന്റിങ്ങുകളിലേക്കു് ഉദ്ധരണികൾ കൊണ്ടുവന്നു. കവിതയും എഴുത്തുകാരുടെ മുഖങ്ങളും പുസ്തകങ്ങളുടെ കവർചട്ടകളും അയാൾ പെയിന്റിങ്ങുകളിൽ സമൃദ്ധമായി ഉപയോഗിച്ചു. എന്നാൽ ഈ ചിത്രത്തിൽ ഒരു കുറവുണ്ടെന്നു എനിക്കു് തോന്നിയിട്ടുണ്ടു്. ദരിദ്രനായിരുന്ന ബെഞ്ചമിൻ പണം കൊടുത്തു വാങ്ങി സൂക്ഷിച്ചിരുന്ന പോൾ ക്ലേ യുടെ (Paul Klee) മാലഖ ചിറകുകൾ! (Angelus Novus—Paul Klee: Monoprint on paper: 1920. ബെഞ്ചമിന്റെ മരണ ശേഷം ഇന്നീ ചിത്രം ജറുസലേമിലെ ഇസ്രായേൽ മ്യൂസിയത്തിലാണു് സൂക്ഷിച്ചിരിക്കുന്നതു്.) മരണത്തിനു് തൊട്ടുമുൻപു് വാൾട്ടർ ബെഞ്ചമിൻ പൂർത്തിയാക്കിയ ‘Theses on the Philosophy of History’ എന്ന ലേഖനത്തിലെ ഒമ്പതാം ഖണ്ഡത്തിലാണു് ഈ മാലാഖ പ്രത്യക്ഷപ്പെടുന്നതു്. അടിത്തട്ടിൽ നിന്നും കൊടുങ്കാറ്റു് ആകാശത്തിലേക്കുയരുന്നുണ്ടു്. നേർത്ത കടലാസ്സിൽ സുതാര്യമായ നിറങ്ങളാൽ വരച്ച പോൾ ക്ലേയുടെ കുഞ്ഞിച്ചിറകുകളുള്ള മാലാഖ ഹൃദയമിടുപ്പുപോലെ…
“A Klee painting named Angelus Novus shows an angel looking as though he is about to move away from something he is fixedly contemplating. His eyes are staring, his mouth is open, his wings are spread. This is how one pictures the angel of history. His face is turned toward the past. Where we perceive a chain of events, he sees one single catastrophe which keeps piling wreckage upon wreckage and hurls it in front of his feet. The angel would like to stay, awaken the dead, and make whole what has been smashed. But a storm is blowing from Paradise; it has got caught in his wings with such violence that the angel can no longer close them. The storm irresistibly propels him into the future to which his back is turned, while the pile of debris before him grows skyward. This storm is what we call progress.”—Walter Benjamin.
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ് ’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.