ജർമ്മൻ ചലച്ചിത്രകാരൻ ഫ്രിറ്റ്സ്ലാങ്ങി ന്റെ സിനിമാലോകത്തെക്കുറിച്ചു്
അറുപത്തിയെട്ടു വർഷങ്ങൾക്കു മുമ്പു് നടന്ന ഒരു സംഭവമാണു്. ജർമ്മനിയിൽ ഹിറ്റ്ലറും ഗീബൽസു മൊക്കെ തികഞ്ഞ ആരോഗ്യത്തോടെ ജീവിച്ചിരുന്ന കാലത്തു് നടന്നതു്. ഒരു വർത്തമാനപ്പത്രത്തിൽ ഫ്രിറ്റ്സ്ലാങ്ങി (Fritz Lang) ന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വാർത്ത പ്രത്യക്ഷപ്പെടുന്നു. ‘കൊലപാതകി നമ്മുടെ ഇടയിലുണ്ടു്’ എന്ന പേരോടുകൂടി ലാങ്ങ് സംവിധാനം ചെയ്യുവാൻ പോകുന്ന ചലച്ചിത്രത്തിന്റെ ആരംഭപ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടായിരുന്നു അതു്. അതോടുകൂടി അജ്ഞാതരായ ചിലയാളുകളിൽ നിന്നു് ഭീഷണിക്കത്തുകൾ ലാങ്ങിനു കിട്ടുവാൻ തുടങ്ങി. അദ്ദേഹം ഉപയോഗിക്കുവാനുദ്ദേശിച്ചിരുന്ന സ്റ്റുഡിയോയുടെ ഉടമസ്ഥർ പിന്തിരിഞ്ഞു. അജ്ഞാതകാരണങ്ങളാൽ ഏതോ സ്ഥലത്തുനിന്നു തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന കത്തുകൾ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു തന്നെ ലാങ്ങിനു തോന്നി. അദ്ദേഹം സ്റ്റുഡിയോ മേധാവിയോടു് കാര്യങ്ങൾ വിശദീകരിക്കുവാൻ തുടങ്ങി. അടുത്തകാലത്തു് നടന്ന വിചിത്രമായ ചില സംഭവങ്ങളെ ആധാരമാക്കിയുള്ള സിനിമയാണു് താൻ നിർമ്മിക്കുവാനുദ്ദേശിക്കുന്നതെന്നു് ലാങ്ങ് വ്യക്തമാക്കി. അനേകം പേരെ കൊലപ്പെടുത്തിയ പീറ്റർ കുർട്ടൻ എന്നൊരാൾ ജർമ്മനിയിൽ കുപ്രസിദ്ധി നേടിയിരുന്നു. താൻ നിർമ്മിക്കാനുദ്ദേശിക്കുന്ന സിനിമ അയാളുടെ ജീവിതകഥയെ ആധാരമാക്കിയുള്ളതായിരിക്കും എന്നു പറയുന്നതോടെ ലാങ്ങിനു് സ്റ്റുഡിയോയുടെ വാതിലുകൾ തുറന്നുകിട്ടി. നാത്സികൾ ‘കൊലപാതകി നമ്മുടെ ഇടയിലുണ്ടു്’ എന്ന പേരു കേട്ടതോടുകൂടി സിനിമ തങ്ങളെക്കുറിച്ചുള്ളതായിരിക്കും എന്നുറപ്പാക്കി ലാങ്ങിനുനേരെ പ്രയോഗിച്ചതായിരുന്നു പ്രസ്തുത ഭീഷണിക്കത്തുകൾ.
ഫ്രിറ്റ്സ്ലാങ്ങിന്റെ സിനിമകൾ. പ്രകടമായി നാത്സികളുടെ അക്രമങ്ങൾ തുറന്നുകാണിക്കുന്നവയല്ല. എന്നാൽ കള്ളന്മാരെയും ചിത്തരോഗികളായ പ്രതിനായകന്മാരെയും തന്റെ സിനിമകളിൽ അവതരിപ്പിക്കുമ്പോൾ നാത്സി ഭരണാധികാരികൾ ജർമ്മനിയിലാകമാനം നിറച്ച ഇരുട്ടു് വ്യക്തമായിക്കാണിക്കുവാൻ ലാങ്ങിനു കഴിഞ്ഞിരുന്നു. ഒരുപക്ഷേ, ഈ ഭീകര കാലഘട്ടത്തിന്റെ കറുപ്പുനിറം ഇത്രയും തീക്ഷ്ണമായി ആവിഷ്ക്കരിക്കുവാൻ ലാങ്ങിനു കഴിഞ്ഞതുപോലെ മറ്റൂ സംവിധായകർക്കു കഴിഞ്ഞിട്ടുണ്ടോ എന്നതു സംശയമാണു്.

ജർമ്മനിയിൽ ഫാസിസം വേരുറച്ചു തുടങ്ങുന്ന കാലത്താണു് ഫ്രിറ്റ്സ്ലാങ്ങിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നതു്. ഒന്നാം ലോക മഹായുദ്ധ ത്തിനു ശേഷം നിശ്ശബ്ദ സിനിമയുടെ കാലത്തു് തന്നെ ചിത്രങ്ങൾ നിർമ്മിക്കാനാരംഭിച്ച ലാങ്ങ് ജർമ്മനിയിലെ എക്സ്പ്രഷണിസ്റ്റ് സിനിമയുടെ ആദ്യകാല പ്രവർത്തകരിലൊരാളാണു്. സമകാലീന കലയോടു് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ആഭിമുഖ്യം ജർമ്മനിയിൽ പ്രകടമായിക്കൊണ്ടിരുന്ന കാലത്താണു് എക്സ്പ്രഷണിസ്റ്റ് സിനിമയുടെ ആവിർഭാവം. ഫ്രാങ്ക്ഫർട്, ബർളിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രദർശനശാലകളുടെ എണ്ണം പെരുകി. മ്യൂസിയങ്ങളിൽ സമകാലീന കലയ്ക്കുവേണ്ടി പ്രത്യേകമായ പ്രദർശനസൗകര്യങ്ങളുണ്ടായി. എന്നാൽ 1930-ൽ നാഷണൽ സോഷ്യലിസ്റ്റുകളുടെ വരവു് ഇതിനെല്ലാം അന്ത്യം കുറിച്ചു. മ്യൂസിയങ്ങളിലെ ഡയറക്ടർമാരെയും സിനിമയുടെ വികസനത്തിനായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ അധിപന്മാരെയും തൽസ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്തു. അനേകം സിനിമകൾക്കു് പ്രദർശനാനുമതി തടയപ്പെട്ടു. പതിനാറായിരത്തോളം പെയിന്റിംഗുകളും ശില്പങ്ങളും ഗ്രാഫിക് പ്രിന്റുകളും പൊതുശേഖരങ്ങളിൽ നിന്നു നീക്കം ചെയ്തു. അന്നുവരെ അക്കാദമികളിലും മറ്റും നേതൃസ്ഥാനം വഹിക്കുകയും പ്രധാന പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും പുസ്തകങ്ങൾ രചിക്കുകയും ചെയ്ത പല കലാകാരന്മാർക്കും എഴുത്തുകാർക്കും സ്വന്തം നാട്ടിൽ നിന്നു് പലായനം ചെയ്യേണ്ടിവന്നു.
ഫ്രിറ്റ്സ്ലാങ്ങും ജർമ്മനിയിൽ നിന്നു് ഓടിരക്ഷപ്പെട്ടയാളാണു്. കൂടുതൽ ഭീകരമായ രാഷ്ട്രീയാന്തരീക്ഷത്തിലേയ്ക്കു് ജർമ്മനി മാറിപ്പോകുന്നതിനു് മുമ്പുതന്നെ ലാങ്ങ് അമേരിക്കയിലെത്തിച്ചേരുന്നുണ്ടു്. ഗീബൽസ് വച്ചുനീട്ടിയ ഉദ്യോഗവും സ്വത്തുക്കളും അതിനോടകം നാത്സികളുമായി ഒത്തുചേർന്നുപോകുവാൻ തയാറെടുത്തുകഴിഞ്ഞ ഭാര്യയെയും ജർമ്മനിയിലുപേക്ഷിച്ചിട്ടാണു് ലാങ്ങ്, ഹോളിവുഡ് സ്ഥിതി ചെയ്യുന്ന ലോസ് ഏഞ്ചൽസി ലെത്തിച്ചേരുന്നതു്.
1920-കളിലും മുപ്പതുകളുടെ ആദ്യപകുതിയിലും ലാങ്ങ് നിർമ്മിച്ച സിനിമകളിൽ ജർമ്മനിയിലെ ഇരുണ്ട രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൂക്ഷ്മചരിത്രം അടങ്ങിയിട്ടുണ്ടു്. വമ്പിച്ച ജനസ്വാധീനമുള്ള സിനിമയെന്ന മാധ്യമത്തിനു് നിർണ്ണായകമായ സാമൂഹ്യസന്ദർഭത്തിൽ പ്രധാനപ്പെട്ട ചില ദൗത്യങ്ങളുണ്ടു് എന്നു വിശ്വസിച്ചിരുന്ന കലാകാരനായിരുന്നു ലാങ്ങ്. പല പ്രതലങ്ങളുമുള്ള സിനിമയെന്ന കലാരൂപത്തിന്റെ ആദ്യപ്രതലങ്ങൾ വളരെവേഗം മനസ്സിലാക്കപ്പെടുന്നതാണു് എന്നു് ലാങ്ങ് മനസ്സിലാക്കിയിരുന്നു. സിനിമയുടെ അന്തർഭാഗങ്ങളിലേക്കു കടന്നാലോ അപരിചിതങ്ങളായ സൂചകങ്ങളിലേയ്ക്കും ചിഹ്നബിംബങ്ങളിലേയ്ക്കുമുള്ള സങ്കീർണ്ണമായൊരു യാത്രയിലേയ്ക്കാണു് കാഴ്ചകാരൻ നീങ്ങുന്നതു്. പലതരം വ്യവഹാരങ്ങൾ ഇടകലർന്നു പ്രവർത്തിക്കുന്ന ഈ പ്രതലങ്ങളിലാണു് സിനിമയുടെ ഭാഷ സ്ഥിതി ചെയ്യുന്നതെന്നു് ലാങ്ങ് തിരിച്ചറിഞ്ഞിരുന്നു. തന്റെ ചലച്ചിത്രങ്ങളിലെ ഈ അന്തർമേഖലകളിൽ നിന്നുകൊണ്ടാണു് സമൂഹത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചു് പ്രവചനസ്വരത്തിൽ ലാങ്ങ് സംസാരിച്ചിരുന്നതു്.

അസാധാരണമായ ശില്പവൈദഗ്ദ്ധ്യമുള്ള സീനുകൾ നിർമ്മിക്കുവാൻ വാസ്തുശില്പത്തിലും ചിത്രകലയിലുമുള്ള അവഗാഹം ലാങ്ങിനെ സഹായിച്ചിരുന്നു. (ഒരു ചിത്രകാരനായിട്ടാണു് ലാങ്ങിന്റെ കലാജീവിതമാരംഭിക്കുന്നതു്. അദ്ദേഹത്തിന്റെ പിതാവു് ഒരു വാസ്തുശില്പിയായിരുന്നു) ലാങ്ങിന്റെ ചലച്ചിത്രങ്ങളിലെ ഫ്രെയിമുകളിൽ ജാഗ്രതയുള്ള നിരൂപണബുദ്ധി പ്രവർത്തിക്കുന്നുണ്ടു്. ഫ്രെയിമുകളുടെ ദൃശ്യദാർഢ്യത്തിനായി കലാചരിത്രത്തിന്റെ കെട്ടുകളഴിച്ചു പരിശോധിക്കുന്നതു് ലാങ്ങിന്റെ സിനിമകളിൽ സാധാരണമാണു്. ഈ സവിശേഷതകളാണു് പിന്നീടുള്ള ചലച്ചിത്രകാരന്മാരെ ലാങ്ങിന്റെ സിനിമകളിലേയ്ക്കു് ആകർഷിച്ചിരുന്നതു്. ലൂയി ബുന്വേൽ തന്റെ ആത്മകഥയിൽ പറയുന്നതു നോക്കുക.
“ഫ്രിറ്റ്സ്ലാങ്ങിന്റെ സിനിമകളാണു് എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതു്. ലാങ്ങിന്റെ Destiny എന്ന ചിത്രം കണ്ടമാത്രയിൽ എനിക്കും സിനിമയുണ്ടാക്കണമെന്നു തോന്നി. ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള മൂന്നു ഉപകഥകളല്ല എന്നെ ചലിപ്പിച്ചതു്. ഫ്ളെമിഷ് ഗ്രാമത്തിലേയ്ക്കു കടന്നുവരുന്ന കറുത്ത തൊപ്പി ധരിച്ച മനുഷ്യൻ (ഉടനെതന്നെ അയാൾ മരണമാണെന്നു ഞാൻ തിരിച്ചറിഞ്ഞു!) പിന്നെ സെമിത്തേരിയിലെ ദൃശ്യവും ഈ ചിത്രത്തിലെ എന്തോ ഒന്നു് അഗാധമായി എന്നോടു സംസാരിച്ചു. ലാങ്ങിന്റെ മറ്റു ചിത്രങ്ങൾ തുടർന്നുകാണുമ്പോഴൊക്കെയും ഈ അനുഭവം ആവർത്തിച്ചുകൊണ്ടിരുന്നു.”
‘കൊലപാതകി നമുക്കിടയിലുണ്ടു്’ എന്ന പേരു് ‘m’ എന്ന അക്ഷരത്തിലൊതുക്കി 1931-ൽ പുറത്തുവന്ന സിനിമയിലാണു് ലാങ്ങ് ആദ്യമായി ശബ്ദമുപയോഗിക്കുന്നതു്. ലാങ്ങിനു് തന്റെ ചലച്ചിത്ര ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ളതായിത്തോന്നിയ ചിത്രവുമതാണു്. ഇന്നു്, അദ്ദേഹത്തിന്റെ ഏറ്റവും നല്ല ചിത്രമായി പരക്കെ അംഗീകരിക്കുന്ന ‘m’ പല കൊലപാതകങ്ങൾ ചെയ്ത ഒരാളുടെ മാനസിക വ്യാപാരങ്ങളെയും അയാൾക്കു ചുറ്റുമുള്ള ലോകത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെയും വിശകലനം ചെയ്യുന്ന ചിത്രമാണു്.
ഫ്രാൻസ് ബക്കർ എന്ന മനോരോഗിയായ ഒരാൾ ജർമ്മൻ നഗരത്തിൽ നടത്തുന്ന കൊലപാതകങ്ങളുടെ നിര കണ്ടു് പോലീസും അധോലോകത്തിലെ കള്ളന്മാരും അമ്പരക്കുകയാണു്. കൊലപാതകങ്ങൾ പെരുകുന്നതോടെ നിരന്തരമായുണ്ടാവുന്ന പൊലീസ് റെയിഡുകൾ കാരണം തങ്ങളുടെ നിലനില്പു് അപകടത്തിലാണെന്നറിയുന്ന അധോലോകവും കൊലപാതകിയെ പിടിക്കുവാൻ രംഗത്തിറങ്ങുന്നു. അങ്ങിനെ അധോലോകവും പോലീസും ഒരേ ജോലിയിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു്. എങ്ങിനെയും കൊലപാതകിയെ പിടിക്കുക. രണ്ടു കൂട്ടരുടെയും അന്വേഷണങ്ങൾ ലാങ്ങ് വിശദമായി പ്രതിപാദിക്കുന്നുണ്ടു്. രണ്ടുതരത്തിലുള്ള അന്വേഷണങ്ങളും ഇടകലർത്തിക്കാണിക്കുന്നതിലൂടെ പോലീസും അധോലോകവും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നു സ്ഥാപിക്കുവാൻ ലാങ്ങിനു കഴിയുന്നുണ്ടു്. കൊലപാതകിയായ ഫ്രാൻസ് ബക്കറെ ജനങ്ങളുടെ സഹായത്തോടെ പിടിക്കുന്ന അധോലോകം അവരുടേതായ നിലയിൽ ഒരു വിചാരണയും സംഘടിപ്പിക്കുന്നുണ്ടു്. ഈ വിചാരണയിൽ തൂക്കിക്കൊല്ലുവാൻ വിധിക്കപ്പെടുന്ന ഫ്രാൻസ് ബക്കറെ പൊലീസ് വന്നു കൊണ്ടുപോയി രണ്ടാം വിചാരണ ആരംഭിക്കുന്നിടത്താണു് ലാങ്ങ് ചിത്രമവസാനിപ്പിക്കുന്നതു്.
അക്രമോത്സുകതക്കെതിരെയുള്ള സാധാരണ നിയമങ്ങളെ ഉല്ലംഘിക്കുവാനുള്ള താല്പര്യങ്ങൾ ലാങ്ങിന്റെ സിനിമ പ്രകടിപ്പിക്കുന്നുണ്ടു്. എന്നാൽ ഇതു് യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന ക്രൂരതകളെ ന്യായീകരിക്കുന്ന നിലയിലല്ല. ഇതിനെ മനസ്സിലാക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾക്കു് പരിമിതികളുണ്ടു് എന്ന വിമർശനമാണു് സിനിമ മുന്നോട്ടു വയ്ക്കുന്നതു്. ഈ കാരണം കൊണ്ടു കൂടിയാണു് ലാങ്ങിന്റെ സിനിമകൾ സാധാരണ ക്രൈം സിനിമകളിൽ നിന്നു് വളരെ അകന്നുനിൽക്കുന്നതു്. സാധാരണ ക്രൈം സിനിമകൾ വ്യവസ്ഥാനുകൂല പ്രത്യയശാസ്ത്രത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്നവയാകുമ്പോൾ പട്ടാളം, പോലീസ്, കോടതി എന്നിവയെക്കൂടി ബോധപൂർവ്വം അപഗ്രഥിക്കപ്പെടുന്ന ലാങ്ങിന്റെ സിനിമകൾ ജാഗ്രതയേറിയ സത്യാന്വേഷണമാണു് നടത്തുന്നതു്. ചുരുക്കത്തിൽ തന്റെ സിനിമകളുടെ അവസാനത്തിൽ ലാങ്ങ് കസ്റ്റഡിയിലെടുക്കുന്നതു് സാമൂഹ്യവൈരുദ്ധ്യങ്ങളെത്തന്നെയാണു്.
ഇനി നമുക്കു് ‘m’ന്റെ ചില ഭാഗങ്ങൾ പരിശോധിച്ചുനോക്കാം. എൽസി എന്ന പെൺകുട്ടി തിരക്കുള്ള നിരത്തിലൂടെ സ്കൂളിൽ നിന്നു് വീട്ടിലേക്കു നടക്കുന്ന രംഗമാണു് നമ്മൾ കാണുന്നതു്. അവൾ കൈയിലുള്ള ഒരു പന്തു് നിലത്തടിച്ചു കളിച്ചുകൊണ്ടു് ഉത്സാഹത്തോടുകൂടിയാണു് നടക്കുന്നതു്. ഒരു ഉരുണ്ട തൂണിനടുത്തു് വരുമ്പോൾ അവൾ നിൽക്കുകയും തൂണിൽ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകൾക്കുമേൽ പന്തെറിഞ്ഞുകളിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു. ക്യാമറ പന്തിനെ അനുഗമിക്കുകയും തൂണിൽ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലൊന്നു് കാണിച്ചുതരികയും ചെയ്യുന്നു. ‘ആരാണു് കൊലയാളി?’ എന്ന തലക്കെട്ടോടെ, ഏതാനും സ്ക്കൂൾ വിദ്യാർത്ഥികളെ ആരോ പലപ്പോഴായി കൊലപ്പെടുത്തിയ വിവരങ്ങളടങ്ങുന്ന പോസ്റ്റർ കൊലപാതകിയെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്കു് പതിനായിരം മാർക്ക് പ്രതിഫലമായി കൊടുക്കുന്നതാണു് എന്നു കൂടി വെളിപ്പെടുത്തിയിട്ടുള്ള ആ പോസ്റ്ററിൽ എൽസിയുടെ പന്തു് തുടർച്ചയായി വീഴുന്നതോടൊപ്പം തൊപ്പിധരിച്ച ഒരു മനുഷ്യനിഴൽ കൂടി പ്രത്യക്ഷപ്പെടുന്നുണ്ടു്. ഒന്നും പറയാതെ തന്നെ ആ നിഴൽ കൊലയാളിയുടേതാണെന്നു് ലാങ്ങിനു് നമ്മെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നു. കൊലയാളിയും പെൺകുട്ടിയുമായുള്ള സംഭാഷണം നിഴലും പോസ്റ്ററും മുകളിലേക്കുയർന്നു നിൽക്കുന്ന പെൺകുട്ടിയുടെ ശിരസ്സിന്റെ ഭാഗങ്ങളും കാണിച്ചുകൊണ്ടാണു് നമ്മെ കേൾപ്പിക്കുന്നതു്.
ഈ ഭാഗം പുരോഗമിക്കുന്നതു് എൽസിയുടെ അമ്മ മകളെ അന്വേഷിക്കുന്ന ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണു്. കൊലയാളി പെൺകുട്ടിയെ കൊലപ്പെടുത്തുന്നതു് ലാങ്ങ് നമുക്കു് കാട്ടിത്തരുന്നില്ല. സാധാരണ ക്രൈംത്രില്ലറിൽ അത്യാവശ്യഘടകമായ അത്തരം രംഗങ്ങൾ ലാങ്ങ് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല എന്നു കാണാം. എൽസിയുടെ കൈയിലുണ്ടായിരുന്ന പന്തു് പാഴ്ച്ചെടികൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും കൊലയാളി അവൾക്കു് അന്ധനായ ഒരു വില്പനക്കാരിൽ നിന്നു് വാങ്ങിക്കൊടുത്ത മനുഷ്യാകൃതിയിലുള്ള ഒരു ബലൂൺ ടെലഫോൺ കമ്പിയിൽ കുരുങ്ങിക്കിടക്കുന്നതുമാണു് ലാങ്ങ് കാണിച്ചുതരുന്നതു് ഒരു കാറ്റുവന്നുലച്ചു്, ആ ബലൂൺ സാവധാനം പറന്നുപോകുന്നുമുണ്ടു്, ഇത്തരത്തിൽ വിട്ടുവീഴ്ചയില്ലാത്ത വെട്ടിച്ചുരുക്കലുകളിലൂടെ മൂർച്ചകൂട്ടിയ ബിംബങ്ങളാണു് ലാങ്ങ് തന്റെ സിനിമകളിൽ പരീക്ഷിച്ചിരുന്നതു്.
ഈ ചിത്രത്തിലാണു് ലാങ്ങ് ആദ്യമായി ശബ്ദമുപയോഗിക്കുന്നതു് എന്നു പറഞ്ഞുവല്ലോ. ഫ്രാൻസ്ബക്കറെ കാണാത്ത രംഗങ്ങളിൽ ചിലതിൽ അയാളുടെ ചൂളമടി കേൾക്കാം. ആ ചൂളമടിയിലൂടെയാണയാൾ അധോലോകത്തിന്റെ പിടിയിലാകുന്നതും ഇങ്ങനെ ശബ്ദം അത്യാവശ്യഘടകമായിത്തന്നെ ഉപയോഗിക്കുവാൻ ഈ ആദ്യചിത്രത്തിൽ തന്നെ ലാങ്ങ് ശ്രമിച്ചിരുന്നു. എൽസിയെ അന്വേഷിക്കുന്ന അമ്മയുടെ അമ്പരപ്പു് ശബ്ദത്തിലൂടെയാണു് ശക്തിപ്രാപിക്കുന്നതു്. എൽസി സ്ക്കൂളിൽ നിന്നു വരാൻ വൈകുന്തോറും അമ്മയുടെ പിടച്ചിൽ കൂടിവരുന്നു. ജനലിലൂടെ അവർ പുറത്തേയ്ക്കു നോക്കുന്നു. സ്ക്കൂളിൽ നിന്നു് എൽസിയൊഴികെ മറ്റെല്ലാവരും അവരുടെ വീടുകളിൽ മടങ്ങിയെത്തിയിരിക്കുന്നു. വർദ്ധിച്ച വേവലാതിയോടെ എൽസി എന്നവർ ഉച്ചത്തിൽ വിളിക്കുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ അമ്മയെ നമ്മൾ കാണുന്നില്ല എൽസി എന്നുള്ള വിളി മാത്രമേ കേൾക്കുന്നുള്ളൂ. ഈ വിളി ആവർത്തിക്കുമ്പോൾ കോണിപ്പടികളുടെയും വീടിന്റെ മറ്റു പരിസരങ്ങളുടെയും നിശ്ചലദൃശ്യങ്ങളാണു് നാം കാണുന്നതു്. വളരെ ശ്രദ്ധാപൂർവ്വം ചിത്രീകരിച്ചിട്ടുള്ള ഈ ഒഴിഞ്ഞയിടങ്ങളിൽ പ്രതിധ്വനിക്കുന്ന ശബ്ദത്തിലൂടെ വിളിയുടെ പിന്നിലെ ഉത്കണ്ഠകൾ നമുക്കു കേൾക്കാനാകുന്നു.

ഫ്രിറ്റ്സ്ലാങ്ങിന്റെ സിനിമകൾ സാങ്കേതികത്തികവു് ഏറിയവയായിരുന്നു. ക്യാമറയുടെ ചലനങ്ങൾ, വെളിച്ചക്രമീകരണം, രംഗസജ്ജീകരണം എന്നിവയിൽ മൗലികമായ പല പ്രത്യേകതകളും ലാങ്ങ് തന്റെ സിനിമയിലൂടെ ആവിഷ്കരിച്ചു. സയൻസ് ഫിക്ഷൻ സിനിമകൾ പ്രചാരത്തിലാവുന്നതിനു് എത്രയോ മുമ്പു് സാങ്കേതിക വിദഗ്ദ്ധരെ ഉപയോഗിച്ചു് സങ്കീർണ്ണങ്ങളായ പല വിദ്യകളും ലാങ്ങ് പരീക്ഷിച്ചിരുന്നു. ‘മെട്രോപൊളിസ് ’ എന്ന ചിത്രത്തിലെ വാസ്തുശില്പമാതൃകകൾ ഇന്നും ഒരത്ഭുതമാണു്.
ഡോക്ടർ മബൂസെ എന്ന മനശ്ശാസ്ത്രജ്ഞൻ അതിവിദഗ്ദ്ധമായി സമൂഹത്തിൽ വിതയ്ക്കുന്ന മാരണങ്ങളാണു് നാലു സിനിമകളിലായി ലാങ്ങ് വിശകലനം ചെയ്യുന്നതു്. മബൂസെ തിന്മയുടെ, പകയുടെ, രോഷത്തിന്റെ ഭീകരാകാരം പൂണ്ട ഒരു പ്രതീകമായിട്ടാണു് സിനിമയിലവതരിപ്പിക്കപ്പെടുന്നതു്. എല്ലാ കാര്യങ്ങളും മുറപോലെ; ശാസ്ത്രീയമായി നിർവ്വഹിക്കുന്ന മബൂസെയ്ക്കു് നഗരത്തിലാകമാനം വേരുകളുണ്ടു്. തന്റെ ആജ്ഞകൾ നടപ്പിലാകുവാൻ കഴിവുള്ളയാളുകളെ തിരഞ്ഞുപിടിച്ചു് ഹിപ്നോട്ടൈസ് ചെയ്തു് ഇരകളായി ഉപയോഗിക്കുകയാണു് ഡോ. മബൂസെയുടെ പ്രവർത്തനങ്ങളിലൊന്നു്. ഇതുമൂലം നഗരത്തിൽ നടക്കുന്ന എല്ലാ അക്രമങ്ങളിൽ നിന്നും മറഞ്ഞിരിക്കുവാനയാൾക്കാവുന്നു. മനഃശാസ്ത്രജ്ഞൻ, ബിസിനസ്സുകാരൻ, മദ്യപനായ കപ്പിത്താൻ, പ്രഭു ഇങ്ങിനെ പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അയാളെ പിടികിട്ടുക എളുപ്പമല്ല.

മബൂസെയുടെ കഥ പറയുവാൻ ലാങ്ങ് ഉപയോഗിച്ചിരിക്കുന്നതു് ഒന്നാംലോക മഹായുദ്ധത്തിനു ശേഷമുള്ള ജർമ്മനിയിലെ രാത്രികളാണു്. മബൂസെ സിനിമകളിൽ ആദ്യത്തേതിൽ. രാത്രികളിൽ ഉണർന്നിരിക്കുന്ന നഗരത്തിലെ ഭീമങ്ങളായ ചൂതുകളി കേന്ദ്രങ്ങളാണു് ലാങ്ങ് കാണിച്ചുതരുന്നതു്. വാൻഗോഗി ന്റെ പ്രസിദ്ധമായ ‘രാത്രി ക്ലബ്ബ് ’ എന്ന പെയിന്റിംഗിനെ ഓർമ്മിപ്പിക്കുന്ന കൃത്രിമ വെളിച്ചവും ക്രൂരതയും നിറഞ്ഞുനിൽക്കുന്ന ആ വൻകെട്ടിടങ്ങളിലാണു് മബൂസെയുടെ പ്രവർത്തനങ്ങൾ ആദ്യമായി നാം പരിചയപ്പെടുക. മബൂസെ ചിത്രങ്ങളിൽ തുടർച്ചയായി ആരോ നമ്മെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുവാൻ ലാങ്ങ് ശ്രമിച്ചിട്ടുള്ളതായി തോന്നും. മബൂസെയുടെ ഹിപ്നോട്ടിക് ദൃഷ്ടി വന്നുപതിക്കുന്നതു് നേരെ നമ്മുടെ നേർക്കാണു് എന്നതുമാത്രമല്ല. അനേകം കണ്ണുകൾ ഈ ചിത്രങ്ങളിൽ നിന്നു് നമ്മെ നോക്കിക്കൊണ്ടിരിക്കുന്നതു കൊണ്ടു കൂടിയാണതു്.

മബൂസെ സിനിമകൾ ജർമ്മനിക്കു വെളിയിൽ പ്രസിദ്ധമാവുന്നതു് ആ ചിത്രങ്ങളുടെ ഡോക്യുമെന്ററി സ്വഭാവങ്ങൾ കാരണമായിരുന്നു. രാത്രിയിൽ പ്രവർത്തനനിരതരായിരിക്കുന്ന കള്ളന്മാരെയും ചൂതുകളികാരെയും വേശ്യകളെയും കൊണ്ടുനിറഞ്ഞിരിക്കുന്ന ഒരു വൻനഗരത്തിന്റെ സൂക്ഷ്മമായ ആവിഷ്ക്കരണം. (ഈ വികൃതലോകത്തിലാകെ നിറഞ്ഞിരിക്കുകയും എന്നാൽ അരൂപിയായിരിക്കുകയും ചെയ്യുന്ന മബൂസെ ലോകസിനിമയിലെ എല്ലാ രാക്ഷസ കഥാപാത്രങ്ങളെയും കവച്ചുവയ്ക്കുന്നുണ്ടു്) വർത്തമാന ലോകത്തിന്റെ പല രൂപങ്ങളും ആ സിനിമകളിൽ കണ്ടുപിടിക്കാൻ കാഴ്ചക്കാരനു് ഒരു പ്രയാസവുമില്ല. ഈ കാരണം കൊണ്ടു കൂടിയാവാം സിനിമാ സൈദ്ധാന്തികൻ സിഗ്ഫ്രിഡ് ക്രാക്ക്വർ (Siegfried Kracauer) മബൂസെ സിനിമകൾ ആ കാലഘട്ടത്തിന്റെ ഡോക്യുമെന്റാണു് എന്നു പറഞ്ഞതു്.
മബൂസെയുടെ കഥ, ഭീതിദമായ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ടു്. മബൂസെ മരണമടയുന്നതു് മനോരോഗാലയത്തിൽ വച്ചാണു്. ആ ആശുപത്രിയും പൊലീസുമായുള്ള അധികാരസ്ഥാപനങ്ങളെന്ന നിലയ്ക്കുള്ള ബന്ധങ്ങൾ ലാങ്ങ് പരിശോധിക്കുന്നുണ്ടു്. ബാം എന്നു പേരുള്ള, മനോരോഗാലയത്തിന്റെ അധിപനിലൂടെ മബൂസെ മരണാനന്തരവും ജീവിച്ചിരിക്കുന്നു. മബൂസെ ചെയ്യാനുദ്ദേശിച്ചിരുന്ന കാര്യങ്ങളാണു് ബാം തുടർന്നുകൊണ്ടുപോകുന്നതു്. അതു് മബൂസെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലൂടെയാണയാൾ നിർവഹിക്കുന്നതും. ഇതിനായി പ്രതീകങ്ങളെയാണയാൾ ആശ്രയിക്കുന്നതു്. മബൂസെയുടെ നിഴൽരൂപത്തിലുള്ള ഒരു കട്ടൗട്ടും രേഖപ്പെടുത്തിവച്ച ശബ്ദവും (സിനിമ?) അയാൾ ഉപയോഗിക്കുന്നു. പൊലീസും പ്രസരണശേഷിയുമുള്ള ഈ പ്രതീകങ്ങളുമായുള്ള കലർപ്പിലൂടെ മരണാനന്തരവും പ്രവർത്തിക്കുന്ന, വ്യക്തികളുടെ ആശയങ്ങളെക്കുറിച്ചാണു് ലാങ്ങ് പറയാനാഗ്രഹിക്കുന്നതു്. പൊലീസിനു് പിടിക്കാനാവാത്ത പ്രതീകമാണു് മബൂസെ. മബൂസെയുടെ മരണശേഷം. അയാളുടെ പ്രവൃത്തികൾ തുടർന്നുനടത്തുന്ന ബാമും പൊലീസിന്റെ പിടിയിലാകുന്നതോടെ മനോരോഗിയായിത്തീരുന്നു. പോലീസ് ഇൻസ്പെക്ടർക്കു് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ‘ഇതു് ഇനി നമ്മുടെ പണിയല്ല’ എന്നു പറഞ്ഞു് പിൻവാങ്ങുകയാണയാൾ. സാധാരണ നിയമങ്ങൾക്കു് അതീതമായ ഒരു സവിശേഷ മാനസിക പ്രതിഭാസമായാണു് മബൂസെയെ ലാങ്ങ് അവതരിപ്പിക്കുന്നതു്.
പ്രതിനായകരുടെ ഇത്തരം മാനസികഘടനകൾ പരിശോധനയ്ക്കു വിധേയമാക്കുന്നതു് ലാങ്ങിന്റെ സിനിമകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒന്നാണു്. സമൂഹത്തെയാകെ കീഴ്പ്പെടുത്താനാകുന്ന ഒരു ശക്തിയായി വികസിക്കുന്നിടത്താണു് അതിനു് ഫാസിസത്തിന്റെ ഭീകരമുഖങ്ങളുമായി അതിനു ബന്ധമുണ്ടാകുന്നതു് എന്നു് ലാങ്ങ് വ്യക്തമാക്കുന്നുണ്ടു്. പോലീസ്, കോടതി, സ്കൂൾ തുടങ്ങിയ പ്രത്യയശാസ്ത്രോപകരണങ്ങളിലേയ്ക്കു പടർന്നുകിടക്കുന്ന അധികാരഘടനയുടെ ഈ ബ്രഹത്ശൃംഖലയെ അപ്രഗ്രഥിക്കാനുതകുന്ന ബിംബാവലികൾ ലാങ്ങ് തന്റെ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. പ്രതിലോമപരമായ സാമൂഹ്യപരിതസ്ഥിതി വ്യക്തികളുടെ മാനസികഘടനയിൽ വരുത്തുന്ന സങ്കീർണ്ണമായ വ്യത്യാസങ്ങൾ ഈ ബിംബങ്ങളിലൂടെ ലാങ്ങ് നമുക്കു് കാട്ടിത്തരുന്നു.
അടുത്തിടെ ഡൽഹിയിൽ വച്ചു കാണാനിടയായ ഫ്രിറ്റ്സ്ലാങ്ങിന്റെ സിനിമകളുടെ സമകാലീന പ്രസക്തി അമ്പരിപ്പിക്കുന്നതായിരുന്നു. സമീപകാല രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലേയ്ക്കും മബൂസെമാരെ ക്ഷണിച്ചുവരുത്തുന്നുവെന്നാണു് കാണിക്കുന്നതു്. കുടുംബം, കോടതി, പോലീസ്, മയക്കുമരുന്നു്, ബാറിലെ നർത്തകി, ഡിറ്റക്ടീവ്, അയാളുടെ കാമുകി എന്നിങ്ങനെ പല ഘടകങ്ങളും ഉദാസീനവും ഉപരിപ്ലവുമായി ചിത്രീകരിക്കാറുള്ള നമ്മുടെ സിനിമാലോകത്തിനു് ഇരുപതുകളിലും മറ്റും നിർമ്മിച്ച ലാങ്ങിന്റെ സിനിമകളിൽ നിന്നു് ഇനിയും പലതും പഠിക്കാനുണ്ടു് എന്നു് എനിക്കു തോന്നി.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ധമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ് ’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.