“എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുൾ പായിക്കൽ;
ഇതേതിരുൾക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.”
‘അമ്പാടിയിലേക്കു വീണ്ടും’—ഇടശ്ശേരി.

കാളവണ്ടി ഒരു കവിതയുമാണു്. 1940-ൽ ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു നിശ്ചലചിത്രം (still life). ജീവിതത്തിൽ ഗാന്ധിയുടെ ആശയങ്ങളോടു് മമത പുലർത്തിയിരുന്ന ഇടശ്ശേരി ഒരൊറ്റ വസ്തുവിൽ ധ്യാനനിരതനായിരിക്കുന്നു. ഗൗതമ ബുദ്ധന്റെ പ്രസിദ്ധമായ താമരപ്പൂവിലെ ധ്യാന(ബോധിസ്വത്ത പദ്മപാണി)ത്തിലെന്നപോലെ. ഇറ്റാലിയൻ ചിത്രകാരൻ മൊരാണ്ടി യുടെ (Giorgio Morandi) നിശ്ചലചിത്രങ്ങളിൽ കാണുന്ന സൂക്ഷ്മനിരീക്ഷണം എന്ന ധ്യാനം.

മൊരാണ്ടി തന്റെ കലാജീവിതത്തിന്റെ ഭൂരിഭാഗം ദിവസങ്ങളും സ്റ്റിൽ ലൈഫുകൾ വരക്കാനാണുപയോഗിച്ചതു്. സ്ഫടികകുപ്പികളും മൺപാത്രങ്ങളും സ്വന്തമായ അനുപാതങ്ങളിൽ മേശമേൽ നിരത്തി അയാൾ തന്നെ കണ്ടുപിടിച്ച വർണക്കൂട്ടുകളാൽ നിശ്ചലചിത്രങ്ങൾ വരച്ചു. ദിവസ്സേനെ അയാൾ അതാവർത്തിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഒരേകുപ്പിയും പാത്രങ്ങളും വ്യത്യസ്തമായി നിരത്തി മങ്ങിയ, ചാരം മൂടിയ നിറങ്ങളാൽ അയാൾ ചിത്രങ്ങൾ വരച്ചു. മൊരാണ്ടിയുടെ ചിത്രങ്ങൾ, ഒരേ ചായ കെറ്റിലുകൾ തന്നെ നിരന്തരം വന്നുപോകുന്ന യാസുജിറോ ഒസുവിന്റെ സിനിമകളിലെ പില്ലോ ഷോട്ടുകൾ (pillow shots) പോലെ.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രഭാഷണത്തിന്റെ ശബ്ദരൂപം

ഇടശ്ശേരിയുടെ കാളവണ്ടി എന്ന കവിതയിൽ ആ വാഹനത്തെ ആദ്യം കാണാനാവുന്നതു് നാട്ടിൻ പുറത്തെ ചെത്തുവഴിയുടെ വക്കിൽ ഒരാൽച്ചുവട്ടിലാണു്. ഒരു ഓപ്പൺ എയർ മ്യൂസിയത്തിലെന്നപോലെ. നാട്ടിൻപുറത്തുകാർ കാളവണ്ടിയെന്നും മൂരിവണ്ടിയെന്നും പോത്തിൻ വണ്ടിയെന്നും വിളിക്കാറുണ്ടായിരുന്ന വാഹനം പ്രണമിച്ചപോലെയാണു് കിടക്കുന്നതു്. ആ കിടപ്പു് മറ്റൊരു ‘വാഹനത്തെയും’ ഓർമ്മിപ്പിക്കുന്നുണ്ടു്. ഗാന്ധിയ്ക്കു പ്രിയപ്പെട്ട വസ്തുക്കളിലൊന്നായ ‘ചർഖ’ ‘എന്ന വാഹനത്തെ. ‘പെരുംനുകം’ എന്നു് ഇടശ്ശേരി വിശേഷിപ്പിക്കുന്ന, പോത്തിനേയോ കാളയെയോ വാഹനത്തോടു് ബന്ധിപ്പിക്കുന്ന കലപ്പ പോലുള്ള ഭാരിച്ച മരത്തണ്ടു് അഴിച്ചുമാറ്റിയിരിക്കുന്നു. ചക്രങ്ങളമർന്ന ചുറ്റിൽ തുരുമ്പുവന്നിരിക്കുന്നു. മരത്തണ്ടുകൾ ചിതൽ തിന്നുന്നു. ദുർഭഗമായൊരു അസ്ഥി കൂടം പോലെയാണു് അതിപ്പോൾ തോന്നിക്കുന്നതു്. വലിയ രണ്ടു ചക്രങ്ങളിൽ കൂടാരം താങ്ങി നീണ്ട മരത്തൂണിൽ വിശ്രമിക്കുന്ന കാളവണ്ടി കണ്ടാൽ നമസ്കരിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഒറ്റച്ചക്രത്തിൽ നീണ്ട കൈയ്യുള്ള ഗാന്ധിയുടെ ചർഖയും വിശ്രമിക്കുമ്പോൾ നമസ്കരിക്കുന്നതായിത്തോന്നും. കാഴ്ച്ചയിൽ ഒന്നുപോലെയിരിക്കുന്നു വ്യത്യസ്ത ആശയങ്ങൾ വഹിക്കുന്ന ഈ രണ്ടു വാഹനങ്ങൾ. പല ആശയങ്ങൾ വഹിക്കുന്ന രണ്ടു വാഹനങ്ങൾ സമാനമായ ആകൃതികൾ പൂണ്ടിരിക്കുന്നു എന്നുമാവാം.

കാളവണ്ടി ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ പുതിയൊരാശയത്തെ ഉത്പാദിപ്പിക്കുന്നുണ്ടു്, ബുർഖെ വൈറ്റി ന്റെ (Margaret Bourke White) ഫോട്ടോഗ്രാഫിയിൽ. ഇന്ത്യ-പാക്കിസ്ഥാൻ വിഭജന കാലത്തു അതിർത്തിയിലുണ്ടായിരുന്ന ബുർഖെ വൈറ്റ് രേഖപ്പെടുത്തിയ ഒരു കാളവണ്ടി ചിത്രമുണ്ടു്. ദൽഹിയിൽ നിന്നും കറാച്ചിയിലേക്കു ആയിരത്തിയെൺപതു കിലോമീറ്റർ ദൂരമുണ്ടു്. വീടും ഊരും തേടി അഭയാർത്ഥികൾ കാല്‍നടയായിട്ടും ട്രെയിനിലും കാളവണ്ടിയിലും തിങ്ങിഞെരുങ്ങി യാത്രചെയ്തിട്ടുമായിരുന്നു ആ ദൂരമത്രയും താണ്ടിയതു്. ഈ യാത്രയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ കാർട്ടിയർ ബ്രെസോണി ന്റെയും (Henri Cartier Bresson) Bourke White-ന്റെയും ഇന്ത്യൻ ഫോട്ടോഗ്രാഫുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. ആ ഫോട്ടോഗ്രാഫുകളിലൂടെ കാളവണ്ടി അഭയാർഥികളുടെ വാഹനമെന്നു് എനിക്കു് തോന്നിയിട്ടുണ്ടു്. അതിജീവനത്തിന്റെ സന്ദേശമുണ്ടു് കാളവണ്ടിയിൽ.

വർഗ്ഗീയലഹളയിൽ, അതിർത്തിക്കിരുവശത്തുമുള്ള അനേകായിരം ഹിന്ദുക്കളും, മുസ്ലിമുകളും, സിഖുകാരും കൊല്ലപ്പെട്ടിരുന്നു. ലഹള നടക്കുമ്പോൾ അതിർത്തിയിലുണ്ടായിരുന്ന ബുർഖെ വൈറ്റിന്റെ പ്രശസ്തമായ ഫോട്ടോഗ്രാഫുകളിലൊന്നാണു്’ കാളവണ്ടി. കാളവണ്ടിക്കു് ഫോട്ടോഗ്രാഫിൽ ഒറ്റചക്രമേയുള്ളൂ. ചക്രത്തിന്റെ മരയഴികൾ തീർക്കുന്ന വിടവുകളിലൂടെ വണ്ടിയിൽ കിടക്കുന്ന ഒരു മനുഷ്യരൂപം കാണാം. കണ്ണുകൾ തുറന്നിരിക്കുന്നതിനാൽ അയാൾ ജീവിച്ചിരിക്കുന്നതുപോലെ തോന്നും. അയാൾ മരയഴികളുടെ ജനാലയിലൂടെ ഫോട്ടോഗ്രാഫർ കാമറയിലൂടെന്നപോലെ നോക്കുന്നു. (ഒരുപക്ഷേ, ബുർഖെ വൈറ്റ് തന്റെ പ്രതിരൂപം ആ മനുഷ്യനിൽ കാണുകയാവാം) എന്താണയാൾ കാണുന്നതു്? സമീപകാലത്തുസംഭവിച്ച തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം? വർഗ്ഗീയ ലഹളയുടെ നാരകീയ ദൃശ്യം?

കാലത്തിന്റെ പോക്കുവരവുകൾ ഇടശ്ശേരി കാളവണ്ടി എന്ന കവിതയിലുടനീളം വിവരിക്കുന്നുണ്ടു്.
“അന്തിത്തുടിപ്പിൽത്തളിരുട്ടുകൊണ്ടാ-
വയസ്സനശ്വത്ഥമടുത്തു നിൽക്കേ,
അതിൻ ദലങ്ങൾക്കിടയിൽപ്പറന്നു
തൈക്കാറ്റദൃശ്യച്ചിറകിട്ടടിക്കെ… ”
കവിതയുടെ ആദ്യഭാഗങ്ങളിലുള്ള ഈ മനോഹരമായ വരികൾക്കിടയിലൂടെയാണു് കാലം കാളവണ്ടിയിൽ കടന്നുവരുന്നതു്.

കാളവണ്ടിയെ കവിതയിൽ ഇടശ്ശേരി മുന്നോട്ടും പിന്നോട്ടും ഓടിക്കുണ്ടു്. പിന്നോട്ടുള്ള യാത്രയിൽ വണ്ടി തെളിക്കുന്നതു് ദാമോദരൻ എന്നയാളാണു്. അയാൾ തന്നെയാണു് ഇപ്പോൾ ഓർമ്മയിൽ നീങ്ങുന്ന വാഹനത്തിന്റെ ഉടമയും. അയാൾ ദൃഢഗാത്രനും നർമ്മം പറയുന്നവനുമായിരുന്നു എന്നുകൂടി ഇടശ്ശേരി എഴുതുന്നുണ്ടു്. വധൂവരന്മാരെ വഹിക്കുന്ന അലങ്കരിച്ച വണ്ടിയായും ഇതുമാറുന്നുണ്ടു്.
‘അക്ഷാഗ്രചഞ്ചൽഫണകിങ്കിണീക-
ച്ചിലമ്പലോടങ്ങുരുളുന്നു ചക്രം.’
ചക്രത്തിന്റെ അച്ചാണിയിൽ കെട്ടിത്തൂക്കിയ മണികളും കിലുക്കിയാണു് ചക്രം തിരിയുന്നതു്. ഗൗതമബുദ്ധന്റെ പന്നിയും കോഴിയും പാമ്പും പ്രവർത്തിപ്പിക്കുന്ന കാലചക്രത്തെയും ഇതു് സൂചിപ്പിക്കുന്നു.

ഇടശ്ശേരി വണ്ടി മുന്നോട്ടു് ഓടിച്ചു ഇന്നിലെത്തുമ്പോൾ അതിന്റെ ചലനം നിലയ്ക്കുകയാണു്. അതിനു തൊട്ടുമുമ്പായി എതിരേ ഒരു മോട്ടോർ കാർ പാഞ്ഞു വരുന്നുണ്ടു്. ഇടശ്ശേരിയുടെ തന്നെ ഉജ്ജ്വലമായ മറ്റൊരു കവിതയിലെ (നെല്ലുകുത്തുകാരി പാറു) പാറുവും സൈറൺ മുഴക്കുന്ന ഇതുപോലൊരു കാറ് കാണുന്നുണ്ടു്. അരിമില്ലിന്റെ രൂപത്തിൽ. കാറ് പൊടിയും പറപ്പിച്ചു പാഞ്ഞുപോകുമ്പോൾ മറഞ്ഞുപോവുകയാണു് വണ്ടിക്കാരൻ ദാമോദരനും കുടുംബവും.

വണ്ടിയുടെ ചക്രങ്ങളമർന്ന ചുറ്റിൽ തുരുമ്പു പിടിച്ചു.
മരത്തണ്ടുകൾ ചിതൽ തിന്നുന്നു. സർവ്വവും തിയോ ആഞ്ചെലൊ പൗലോസി ന്റെ സിനിമയിലെന്നപോലെ ‘കാലത്തിന്റെ പൊടി’ കൊണ്ടുമൂടി.
പാതവക്കത്തെ വെളിമ്പറമ്പിൽ പുല്ലുകൾ മൂടിനിൽക്കുന്ന തറ കാണുന്നില്ലേ?
അതായിരുന്നു വണ്ടിക്കാരൻ ദാമോദരന്റെ വീടു്. അതിനുമുകളിൽ, ആലിൻ ചുവട്ടിലെ കാളവണ്ടിയിൽ ‘കടുകാലഹസ്തം’ പൊടിവിതറുകയാണു് എന്നു് ഇടശ്ശേരി.
Conceptual art-ന്റെ ആദ്യകാല പ്രയോക്താവായിരുന്ന ദുഷാമ്പ് (Marcel Dhuchamp) കലയിൽ അവതരിപ്പിച്ച ഒരു ആശയമുണ്ടു്, കാലവിളംബം (delay). ധ്രുപദ് സംഗീതത്തിലെ വിളംബിത കാലമാണു് ഇതോർമിപ്പിക്കുന്നതു്. മന്ത്രസ്ഥായിയിലാണു് വിളമ്പിതകാലത്തിൽ ധ്രുപദ് ഗായകൻ പാടുക.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കലയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന കലാകാരൻ മാർസൽ ദുഷാമ്പ് ആണു് എന്നുപറയാം. അയാളുടെ പ്രധാനപ്പെട്ട കലാസൃഷ്ടിയാണു് The Bride Stripped Bare by Her Bachelors, Even എന്ന നീണ്ട പേരോടുകൂടിയ ‘ലാർജ് ഗ്ലാസ്.’ ഈ കലാസൃഷ്ടിയുടെ ആശയം ദുഷാമ്പ് വികസിപ്പിക്കുന്നതു് 1913-ലാണു്. നിർമാണം തുടങ്ങുന്നതു് 1915-ലും.

അവസാനിപ്പിക്കുന്നതു് 1923-ലും. ഓയിൽ, വാർണിഷ്, നേർത്ത ഈയതകിടുകൾ, പൊടി, വയർ എന്നിവ കൊണ്ടുതീർത്ത രണ്ടുഭാഗങ്ങളുള്ള ‘ചിത്രം’ രണ്ടു് കട്ടികൂടിയ കണ്ണാടിച്ചില്ലിനുള്ളിലാണു് അടക്കം ചെയ്തിട്ടുള്ളതു്. ഗ്ലാസ്സിലൂടെ എല്ലാവശത്തുനിന്നും സുതാര്യമായ ‘ചിത്രം’ കാണാം. സാധാരണയായി ‘കലാ മാധ്യമത്തെ’ ‘ചിത്ര’മെന്നും പെയിന്റിംഗ് എന്നും വിളിക്കുമ്പോൾ ഇതിനെ delay in glass എന്നു് വിളിക്കാനാണു് ദുഷാമ്പ് ആഗ്രഹിച്ചതു്. നീണ്ട കാലത്തെ നിർമ്മാണത്തിനിടയിൽ ‘ചിത്രം’, കാലത്തെ ആവാഹിക്കുന്നതിനായി പുറത്തു് പൊടിപിടിപ്പിക്കായി ഇട്ടിട്ടുള്ളതു് Man Ray-യുടെ പ്രസിദ്ധമായ ഒരു ഫോട്ടോഗ്രാഫിലുണ്ടു്. ഈ ചിത്രത്തിന്റെ (large glass) സങ്കീർണ്ണമായ ബിംബാവലിയെക്കുറിച്ചു ഒക്ടേവിയോ പാസ് (Octavio Paz) തന്റെ Castle of Purity എന്ന അതിമനോഹരമായ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടു്.

ഗാന്ധിയെയും ദുഷാമ്പിനെയും പോലെ വസ്തുവിനെ കാലത്തിലേക്കടുപ്പിക്കുകയാണു് ഇടശ്ശേരി. കാളവണ്ടി മുന്നോട്ടു് തിരിക്കുമ്പോൾ അതു് ലാർജ് ഗ്ലാസ്സിലെന്നപോലെ കാലത്തിന്റെ പൊടിയിലമരുകയാണു്.
“അതിന്റെ ചക്രങ്ങളമർന്ന ചുറ്റിൽ-
ത്തുരുമ്പു തൻ ജോലി തുടങ്ങിവച്ചു;
കൂറ്റൻ മരത്തണ്ടുകളിൽസ്സുഭിക്ഷ-
സുസ്വാദുഭക്ഷ്യം ചിതൽ കണ്ടുവച്ചു.”
ഗാന്ധിയുടെ ഇഷ്ടവസ്തുവായ ചർഖയും, ഇടശ്ശേരി ഗോവിന്ദൻ നായർ 1940-ലെഴുതിയ ‘കാളവണ്ടി’ എന്ന കവിതയും ഒരു സമകാലീന conceptual art installation-ലെന്ന പോലെ 2021-ലും പ്രപഞ്ചമെന്ന മ്യൂസിയത്തിൽ നമസ്ക്കരിച്ചു തിളങ്ങി നിൽക്കുന്നു.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.