വൈകുന്നേരങ്ങളിലാണു് കൃഷ്ണകുമാർ[1] സാധാരണ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നതു്. പ്രഭാതം വരെ പലതരം പ്രവൃത്തികളിൽ ഏർപ്പെടുകയും പകൽ വെളിച്ചം ഏതാണ്ടു് പൂർണ്ണമായും അവഗണിച്ചുകൊണ്ടു് ഉറങ്ങുകയും ചെയ്യുന്ന അയാൾ പ്രസാദിച്ചിരുന്നതു് ആകാശത്തും ഭൂമിയിലും ചുവപ്പു് പടരുമ്പോളായിരുന്നു. കുറച്ചു കാലത്തെ ഇടവേളക്കുശേഷം. സിംലയിലെ സനാവറിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തു് ഒരു വൈകുന്നേരം അയാൾ എത്തിച്ചേർന്നു. കണ്ണാടി ജനലിലൂടെ ഒരു ചുവന്ന നിഴൽ വ്യക്തമായ രൂപം വച്ചു് നീണ്ട ജുബ്ബയിൽ പ്രവേശിക്കുന്നതു് ഞാൻ കാണുന്നുണ്ടായിരുന്നു.
“നീ എവിടെ ഉണ്ടെങ്കിലും ഞാനവിടെ എത്തിച്ചേരും!”
എന്നൊരു മുഖവുരയോടെ അയാൾ അകത്തു കയറിപ്പറ്റി. ഇരുന്നപാടെ ഒന്നുരണ്ടു പുസ്തകങ്ങളും ചെറിയ ഉള്ളിയുടെ വലിയ പൊതിയും അന്യം നിന്നുപോയ അതീതകാല ജീവിയുടെ തുറുകണ്ണുള്ള ചാരനിറത്തിലുള്ള രണ്ടുണക്കമീനും നിരത്തി വച്ചു. തണുപ്പു് കൂടിവരുന്ന ഒക്ടോബർ മാസമാണു്. അയാൾ കറുത്ത വാറുള്ള തുകൽ ചെരുപ്പു് ധരിച്ചിട്ടുണ്ടായിരുന്നു.
“ചെരിപ്പു് മാറ്റേണ്ടിവരും ഷൂ തന്നെ വേണം” അയാൾ പിറുപിറുത്തുകൊണ്ടിരുന്നു.
കസോളിയിലുള്ള വിവാൻ സുന്ദരത്തിന്റെ വീട്ടിൽ കൃഷ്ണകുമാർ താമസത്തിനു വന്നിരിക്കയാണു്. എനിക്കു തന്നത്ര തൂക്കം വരുന്ന ഉള്ളിയും ഉണക്കമീനും ചെറിയൊരു സ്റ്റൗവും ചില കുപ്പായങ്ങളും കസോളിയിൽ വച്ചിട്ടു് വന്ന അന്നുതന്നെ എന്റെ വീട്ടിലെത്തിയതായിരുന്നു. ശില്പങ്ങൾ ചെയ്യുക, ശാന്തിനികേതൻ, ബറോഡ ഫൈനാർട്ട്സ് ഫാക്കൽറ്റി എന്നീ കലാലയങ്ങളിൽ നിന്നു് ഒഴിഞ്ഞു ജീവിക്കുക, നല്ല വായു ശ്വസിക്കുക എന്നൊക്കെയാണയാൾ ഉദ്ദേശിച്ചിട്ടുണ്ടാവുക.
രാത്രിയിൽ വിചിത്രമായ ഒരു കോട്ട പോലെ തോന്നിക്കുന്ന, ആറു കുടുംബങ്ങൾ താമസിക്കുന്ന, ഒരു വലിയ ഇരുനില കെട്ടിടത്തിന്റെ നടുക്കു് താഴത്തെ നിലയിലാണു് ഞാൻ താമസിച്ചിരുന്നതു്. മുൻ വശത്തെ പുൽപ്പരപ്പും വള്ളികൾ പടർന്നു കിടക്കുന്ന കമാനവും കടന്നാൽ കെട്ടിടം നിൽക്കുന്ന കുന്നിന്റെ ചെരിവു കാണാം. താഴ്‌വാരം മുഴുവൻ വീര്യമില്ലാത്ത ഒരുതരം കഞ്ചാവുചെടികളും പൈൻവൃക്ഷങ്ങളുമാണു്. താഴെ അഗാധതയിലേക്കു നോക്കിയാൽ മരണവും ചാര നിറത്തിലുള്ള പുകയും കാണാം. താഴ്‌വരക്കപ്പുറത്തു് വളരെ കാലം മുൻപു് ബ്രിട്ടീഷ് പട്ടാളക്കാർ പാർത്തിരുന്ന ഒരു കുന്നുണ്ടു്. അതിനടുത്താണു് സനാവറിൽ നിന്നും നോക്കിയാൽ കാണുകയില്ലെങ്കിലും വിവാൻ സുന്ദരത്തിന്റെ ‘ഐവി ലോഡ്ജ്’ എന്നു പേരുള്ള വീടു്. ആ വീടിനും ലയൺസ് ക്ലബിനും അരികെ പുതുതായി നിർമ്മിച്ച ടി. വി. ടവറും ഇടിവെട്ടേൽക്കാതിരിക്കാനായി മുകളിൽ നാട്ടിയിരിക്കുന്ന കാന്തവും എന്റെ വീട്ടിലിരുന്നാൽ കാണാമായിരുന്നു. രാത്രിയിൽ ടി. വി. ടവറിൽ നിന്നു് ചുവന്ന വെളിച്ചം തെളിയുകയും അണയുകയും ചെയ്യും വിമാനങ്ങൾക്കും വഴിതെറ്റി വരുന്ന മാലാഖമാർക്കും വേണ്ടിയാണു് ചുവന്ന വെളിച്ചം. ടി.വി.-ക്കാരുമായി ഒരേർപ്പാടുണ്ടാക്കിയാൽ മറ്റു പല നിറത്തിലുള്ള വെളിച്ചങ്ങൾ കൂടി തെളിയിച്ചു് ഞാനുമായി ഒരു കമ്മ്യൂണിക്കേഷൻ കസോളിയിൽ നിന്നും തന്നെ സാധിച്ചേക്കും എന്നു കൃഷ്ണകുമാർ പറയുന്നുണ്ടായിരുന്നു.

“കണ്ടിരുന്നുവെങ്കിൽ സെസാൻ[2] ഇഷ്ടപെടുമായിരുന്ന ഒരു പ്രദേശം”
അയാൾ ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു ഒരു വൈകുന്നേരം ഞങ്ങൾ ഒരുമിച്ചു കസോളിയിൽ പോയി ഒരു രാത്രി പാർത്തതിനു ശേഷം സനാവറിലുള്ള എന്റെ വീട്ടിലേക്കു തന്നെ തിരിച്ചുപോന്നു. ഞാൻ അവിടെ ഒറ്റയ്ക്കെങ്ങനെ തങ്ങും? നീ ഇവിടെ ഉണ്ടാകുമെന്നു വച്ചല്ലേ ഞാൻ വന്നതു്? എന്നൊക്കെ ഒഴികഴിവുകൾ പറഞ്ഞു് എന്റെ കൂടെ തന്നെയായി അയാൾ താമസം. ശില്പനിർമാണത്തിനാവശ്യമായ കളിമണ്ണും ഫൈബർ ഗ്ലാസിനുവേണ്ട സാമഗ്രികളും സംഘടിപ്പിച്ചപ്പോഴെക്കും മാസം രണ്ടായി. ചില ദിവസങ്ങളിൽ പകലൊക്കെ ഒറ്റയ്ക്കു് കഴിയാമെന്ന ആത്മവിശ്വാസം കൂടിയപ്പോൾ ശിൽപം ചെയ്യുക അയാൾക്കൊരത്യാവാശ്യമായിത്തീർന്നു.
കസോളിയിലെ സ്ഫടിക വെളിച്ചത്തിൽ ശിൽപം ചെയ്യുന്നതിനു മുമ്പായി കമ്പി വളച്ചു കെട്ടി ഉണ്ടാക്കിയ അസ്ഥികൂടം പോലെ തോന്നിക്കുന്ന ഒരാർമേച്ചർ ഉയർന്നു. ഇലകൾ കൊഴിഞ്ഞ വൃക്ഷശാഖകളിൽ പറ്റിയിരിക്കുന്ന പുതുമഴത്തുള്ളികൾ പോലെ ഇത്തരം അസ്ഥികൂടങ്ങളിലേക്കു് ശില്പിയുടെ കളിമണ്ണു് സാവകാശം കടന്നുവരും. പിന്നീടാണതു് ബാൽസക്കും[3] സന്താൾ കുടുംബവും[4] ഒക്കെ ആയി പരിണമിക്കുന്നതു്.
കൃഷ്ണകുമാറിന്റെ കൈകൾ കളിമണ്ണു് പതിപ്പിക്കാനാരംഭിച്ചു. കസോളിയിലെ താഴ്‌വാരത്തിൽ പരിപൂർണ നിശ്ശബ്ദത. പുറത്തു മഞ്ഞുപെയ്യാനാരംഭിച്ചു എന്നെനിക്കുതോന്നി. ചുമർചാരി ഒരു മനുഷ്യരൂപം കളിമണ്ണിൽ പൂർത്തിയായിക്കൊണ്ടിരുന്നു. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ആ കൂറ്റൻ ശിൽപം പെട്ടന്നു നിലത്തുവീണു തകർന്നു.
ഈ ആഘാതത്തിനു ശേഷം പല ദിവസങ്ങളിലും കസോളിയിൽ തങ്ങുക ഞാൻ പതിവാക്കി. കൃഷ്ണകുമാറിനെക്കൊണ്ടു് ശിൽപം ചെയ്യിക്കുക എന്റെയും ഒരാവശ്യമായിതോന്നി. രാത്രി ഞങ്ങൾ ഭക്ഷണം പാകം ചെയ്തു കഴിക്കും. പിന്നെ പുറത്തെ തണുപ്പിലിറങ്ങി നിൽക്കും കസോളിയിലെ വിവാൻ സുന്ദരത്തിന്റെ വീട്ടിൽ നിന്നു നോക്കിയാൽ രാത്രി അനേകം വെളിച്ചങ്ങളുടെ പൊട്ടുകളോടെ ചണ്ഡിഗർ നഗരം കാണാം. സയൻസ് ഫിക്ഷൻ സിനിമകളിലെ അജ്ഞാത ഗ്രഹങ്ങളിലുള്ള ഏതെങ്കിലും നഗരങ്ങൾ ദൂരെ നിന്നും കാണും പോലെ തോന്നിക്കും. വേനൽ കാലമാണെങ്കിൽ പല കുന്നുകളിലും തീയെരിയുന്നതു് കാണാം. അകലെ തീയാളിത്തുടങ്ങുമ്പോൾ അടുത്തു് ആ കാഴ്ച മറയ്ക്കുന്ന വൻ വൃക്ഷങ്ങൾ ഇളകിയാടുംപോലെ തോന്നും.
എട്ടു പത്തു മുറികളോടെ പരന്നു കിടക്കുന്ന സാമാന്യം വലിയൊരു കെട്ടിടമാണു് വിവാൻ സുന്ദരത്തിന്റെ വീടു്. വീടിന്റെ വലതുഭാഗത്തായി ചെറിയൊരു ഇറക്കമുണ്ടു്. അതിലെ താഴേക്കുള്ള മുറികളിലൊന്നിൽ കാശീറാം എന്നു പേരുള്ള വീട്ടുകാവൽക്കാരൻ പകൽ സമയങ്ങളിൽ പരുത്തി നൂൽകൊണ്ടു് പായകൾ നെയ്തുണ്ടാക്കും. അദ്ദേഹത്തിന്റെ തറിയും മറ്റു സാമഗ്രികളും നിറഞ്ഞ മുറി എന്തുകൊണ്ടോ ഒരോപ്പറേഷൻ തിയറ്ററായി എനിക്കു തോന്നിയിരുന്നു. ഇടയ്ക്കു ഞങ്ങൾ ഡിസൈൻ വരച്ചുണ്ടാക്കി ചിലപായകൾ കാശിറാമിനെകൊണ്ടു ചെയ്യിപ്പിച്ചിരുന്നു. കാശിറാം ആ പ്രദേശത്തുകാരെപോലെ തന്നെ നിശ്ശബ്ദനായ ഒരു ജീവിയായിരുന്നു. എന്നാൽ കസോളിയിലെ പല കഥകളും അയാൾ വളരെ ചുരുക്കിപ്പറയുമായിരുന്നു. ആ കഥകളിലൂടെ ചിത്രകാരി അമൃതഷെർഗിലും[5] സഹോദരി ഇന്ദിരായും (വിവാൻ സുന്ദരത്തിന്റെ മാതാവു്) പല വേഷത്തിലും കാലത്തിലും സന്ധ്യകളിൽ പെട്ടെന്നു വിടരുന്ന ചില പൂക്കളെപ്പോലെ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു.
ആയിടക്കു കുറച്ചുകാലം വിവാൻ സുന്ദരത്തിന്റെ അച്ഛൻ ആ വീട്ടിൽ വന്നു താമസിച്ചിരുന്നു. ഐ. സി. എസ്സുകാരനായ ഒരു സംസ്കൃത പണ്ഡിതനായിരുന്നു അദ്ദേഹം. സ്വീകരണമുറിയിൽ തൂക്കിയിട്ടിരുന്ന ആദിമൂലം വരച്ച ഛായാചിത്രത്തിലൂടെ ഞങ്ങൾക്കു പരിചിതമായ മുഖം. ആ ചിത്രത്തിൽ നിന്നു് ഇറങ്ങി വന്ന ആളെപ്പോലെ വിശുദ്ധ വസ്ത്രങ്ങൾ ധരിച്ചു് ചിത്രത്തിനു് അഭിമുഖമായിത്തന്നെ അദ്ദേഹം ഇരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ചു് വിവാൻ സുന്ദരം തയ്യാറാക്കി വച്ചിരിക്കുന്ന പ്ലംപഴം കൊണ്ടുണ്ടാക്കിയ വൈൻ ഞങ്ങൾ കട്ടു കുടിക്കും. ചോദിച്ചാൽ അദ്ദേഹം ഒരു ചെറിയ ഗ്ലാസിൽ രണ്ടു മൂന്നു തുള്ളികൾ മാത്രം വീഴ്ത്തിത്തരുമായിരുന്നു. രാത്രിയിൽ വൈനും അതിനുമീതെ പല ചായകളും കുടിച്ചു് ചിത്രകല, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ ഭാരിച്ച ചില പ്രശ്നങ്ങളെക്കുറിച്ചു് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കും.
അങ്ങനെ കഴിഞ്ഞുപോകുമ്പോൾ പ്രസിദ്ധ ഇൻഡോ-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷ് അവിടെ താമസത്തിനു വന്നു. വേനൽക്കാലത്തു വിവാന്റെ പരിചയക്കാർ ആ വീട്ടിൽ വന്നു താമസിക്കുക പതിവാണു്. അന്നു് മുപ്പതോ മറ്റോ വയസ്സുണ്ടായിരുന്ന ഘോഷിനു് ഒരു ശിശുവിന്റെ മുഖമാണ് ഉണ്ടായിരുന്നതു്. തലമുടി ഏതാണ്ടു് മുഴുവനായി നരച്ച നിലയിൽ ഒരു ശിശു. അക്കാലത്തു് ഇറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ നോവൽ ‘സർക്കിൾ ഓഫ് റീസൺ’ അപ്പോൾ ഞങ്ങൾ വായിച്ചിട്ടുണ്ടായിരുന്നില്ല. ഘോഷ് ഞങ്ങളുടെ സൗഹൃദവുമായി വേഗത്തിലിണങ്ങി. മോഷണത്തിൽ അയാളും കൂടി ഉണ്ടായതുകൊണ്ടു് വിവാന്റെ വീട്ടിലെ വൈൻ വേഗത്തിൽ കുറഞ്ഞു തുടങ്ങി. പുറമേനിന്നു് മറ്റു ചില മദ്യങ്ങളും ഞങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു.
ഒരിക്കൽ ഘോഷ് പറഞ്ഞു:
“ഈ വീട്ടിൽ അമൃതാഷെർഗിൽ ഉണ്ടു്!” വിവാന്റെ വീട്ടിൽ അമൃതാഷെർഗിൽ വരച്ച ചില ചിത്രങ്ങൾ തൂക്കിയിട്ടിരുന്നു.
“ഓ അതു കണ്ടിട്ടുണ്ടു്. അവരുടെ നല്ല ചിത്രങ്ങളല്ല അവ” കൃഷ്ണകുമാർ പറഞ്ഞു. “ചിത്രങ്ങളല്ല അമൃതാ ഷെർഗിൽ ഈ വീട്ടിൽ രാത്രിയിൽ ഇപ്പോഴും പിയാനോ വായിക്കുന്നുണ്ടു്” ഘോഷ് വിശദമാക്കി.
“അങ്ങിനെയല്ല രാത്രിയിൽ ഞാൻ കേട്ടതാണു് പിയാനയുടെ ശബ്ദം” ഘോഷ് ആവർത്തിച്ചു.
ഡൽഹിയിലേക്കു് മടങ്ങുന്നതിനു മുൻപായി ഒന്നുരണ്ടു തവണ കൂടി രാത്രിയിൽ പിയാനോയുടെ ശബ്ദം കേൾക്കുന്നതായി ഘോഷ് പറഞ്ഞിരുന്നുവെന്നാണു് ഓർമ്മ. ഡൽഹിയിൽ വച്ചു കാണാമെന്നും മറ്റും പറഞ്ഞു അയാൾ യാത്രയായി.
പല ദിവസങ്ങൾ കടന്നുപോയി. ശിൽപം ഒന്നും പൂർത്തിയായിട്ടില്ല. ഘോഷിന്റെ താമസത്തിനിടക്കും ഒരു കളിമൺരൂപം വീണുടഞ്ഞതു് കൃഷ്ണകുമാറിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
ഒരിക്കൽ അയാൾ ശിൽപ്പം ചെയ്തിരുന്ന സ്റ്റുഡിയോയുടെ തറയിൽ നീലനിറത്തിലുള്ള ചെറിയ പൂക്കൾ ചിതറികിടന്നിരുന്നു. റഷ്യൻ കവയിത്രി അന്നാ അഖാമാട്ടോവാ തന്റെ പാരീസ് വാസകാലത്തു് ചിത്രകാരനും ശില്പിയുമായിരുന്ന മോഡിലാനിയുടെ സ്റ്റുഡിയോയുടെ ജനലിലൂടെ അകത്തേയ്ക്കു് റോസാപൂക്കൾ ഇടാറുണ്ടായിരുന്നെന്നതു് ഒരു പുസ്തകത്തിൽ വായിച്ചിട്ടുള്ളതു് ഞാനോർമ്മിച്ചു പറഞ്ഞു.
അതുപോലെ ആരെങ്കിലുമാവും. അയാൾ കാത്തിരുന്നു.
നാലഞ്ചു ദിവസങ്ങൾക്കു ശേഷം കൃഷ്ണകുമാർ പറഞ്ഞു. “ഇതുവരെ ആരും പ്രത്യക്ഷപ്പെട്ടിട്ടില്ല.”
പൂക്കളുടെ വരവും നിന്നു.
കുറച്ചു ദിവസത്തിനുള്ളിൽ ഒരു പുതിയ ശിൽപം കാണാൻ കഴിയും എന്നു സങ്കല്പിച്ചു് കൃഷ്ണകുമാറിനെ തനിച്ചുവിട്ടു് ഞാൻ എന്റെ വീട്ടിൽ കഴിയുകയാണു്. എന്നാൽ, വളരെവേഗം അയാൾ അവിടെ എത്തിച്ചേർന്നു. മുഖത്തു് പുതിയൊരങ്കലാപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.
“ഞാനിനി കസോളിക്കില്ല. വല്ലാത്ത പേടിതോന്നുന്നു. ഘോഷ് പറഞ്ഞതു് ശരിയാണു്. ഇന്നലെ രാത്രിയിൽ ഞാൻ അമൃതാ ഷെർഗിലിന്റെ പിയാനോ വായന കേട്ടു. ഭീകരമായിത്തോന്നി. വെളുക്കുംവരെ കച്ചേരി നീണ്ടുനിന്നു. ഇന്നലെ രാത്രി ഞാനുറങ്ങിയിട്ടേയില്ല.”
സനാവരിൽ വച്ചു ശിൽപം ചെയ്യാമെന്നും അല്ലെങ്കിൽ ഞാൻ കൂടെ കസോളിയിൽ താമസിച്ചു് പണിതുടരാമെന്നും പറഞ്ഞപ്പോൾ അയാൾ സമാധാനത്തിലായി.
“സംഗീതത്തിന്റെ കൂടെ ലൈറ്റിങ് ട്രിക്കുകളുമുണ്ടു്.” അയാൾ ദയനീയനായി.
“എന്തുതരം ലൈറ്റിങ്?”
“നീലവെളിച്ചം കാണാം.”
“വൈക്കം മുഹമ്മദ്ബഷീറിന്റെ നീല വെളിച്ചമാണോ?”
“അല്ല ബഷീറിന്റേതു് അൾട്രാമെറൈൻ ബ്ലു! ഇതു് സെറുലിയലൻ ബ്ലുവും ഇലട്രിക് ബ്ലുവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താൽ കിട്ടുന്ന മരണ നീല.” അങ്ങിനെ നീലനിറത്തിന്റെ ഒരു തടാകത്തിൽ ഞങ്ങളകപ്പെട്ടു നിന്നു.
കാര്യങ്ങൾ ഇങ്ങനെ കുഴഞ്ഞു മറിയുകയല്ല ചെയ്തതു്. കൃഷ്ണകുമാറിന്റെ ശില്പ നിർമ്മാണം പുരോഗമിച്ചു. അവധിക്കാലമായതിനാൽ ഞാനും കൂടി കസോളിയിൽ താമസിച്ചു തുടങ്ങിയതോടെ പാചകവും സംഭാഷണങ്ങളും പ്രകൃതി നിരീക്ഷണവും സ്കെച്ചിങ്ങും മറ്റും സാധാരണമായി.
ഒരുനാൾ ഞാൻ രാവിലെ സനാവറിലെ വീട്ടിൽപ്പോയി വൈകുന്നേരം മടങ്ങിച്ചെല്ലുമ്പോൾ കൃഷ്ണകുമാറിന്റെ സ്റ്റുഡിയോയിൽ പുതിയൊരു രൂപം
“കാണ്ടാമൃഗം!”

വലതുകൈ കൊണ്ടു് തോക്കുചൂണ്ടുന്ന മുദ്രകാണിക്കുന്ന ഒരു കുള്ളനായിരുന്നു അതു്. നാലടി ഉയരത്തിൽ പിക്കാസോയുടെ കനത്തതലയെ അനുസ്മരിപ്പിക്കുന്ന വൃദ്ധമുഖത്തോടെ ഒരു ഉഗ്രരൂപം. ശില്പകലയുടെ സ്വതവേയുള്ള അസാമാന്യ പ്രകാശം ആ മുറിയിൽ പ്രസരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടാൾക്കുമിടയിൽ സജീവമായൊരു കോമാളിയെപ്പോലെ കുള്ളൻ നിന്നു.
“വളരെ നന്നായിട്ടുണ്ടു്!” ഞാൻ പറഞ്ഞു.
കൃഷ്ണകുമാർ ചെയ്തിട്ടുള്ളതിൽ വച്ചു് ഏറ്റവും മികച്ച ശില്പമായി അതെനിക്കു തോന്നി. രൂപത്തിന്റെ ഘടനയ്ക്കും മറ്റും മികവു വന്നിട്ടുണ്ടു്. അക്കാലത്തു് അയാളുടെ ശില്പങ്ങളിലുണ്ടായിരുന്ന റോഡാന്റെ (Auguste Rodin) സ്വാധീനവും മറ്റും അതിൽ ഇല്ല എന്നെനിക്കു തോന്നി.
“നാളെത്തന്നെ മോൾഡെടുക്കണം.” ഇനിയും ഈ ശില്പങ്ങൾ കൂടി വീണു തകർന്നാൽ ഭീകരമായിരിക്കും ശില്പങ്ങളുടെ അവസ്ഥ. വേഗത്തിൽ ഫൈബർ ഗ്ലാസിൽ കാസ്റ്റ് തയ്യാറാക്കി. ഇനി നിറമടിക്കണം.
“ശരീരത്തിനു് നീല അടിച്ചാലോ?”
പല നിറങ്ങളും മിക്സ് ചെയ്യപ്പെട്ടു. ആകാശനീല വരെ.
“നളനെ കാർക്കോടൻ കൊത്തിയാൽ കിട്ടുന്ന നീല കലർന്ന ഒരു പച്ചയുണ്ടു്.”
“പച്ച വേണ്ട!”
കൃഷ്ണകുമാറിനെ തലച്ചോർ പ്രവർത്തിക്കുന്ന ശബ്ദം ഞാനടുത്തു നിന്നു കേട്ടു.
“അമൃതാഷെർഗിൽ!” അയാൾ പറഞ്ഞു “നമുക്കാ നിറമടിക്കാം മരണനീല!”
വൈകുന്നേരമായപ്പോഴേക്കും കുള്ളൻ നീല നിറത്തിൽ മരണമായി പ്രത്യക്ഷപ്പെട്ടു.

മാസങ്ങൾ കടന്നു. കൃഷ്ണകുമാർ ചില ശില്പങ്ങൾ പൂർത്തിയാക്കി. നാലു വലിയ ശില്പങ്ങളുമായി ഞങ്ങൾ ഡൽഹി വളഞ്ഞു. ജനീവയിലെ ഒരു പ്രദർശനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു് അയാൾ വീണ്ടും ഡൽഹിയിലേക്കു് വന്നപ്പോൾ ഞാനവിടെ ചെന്നു. ഐ. സി. സി. ആർ.-ലെ കൂറ്റൻ പെട്ടികളിലൊന്നു് ചൂണ്ടിക്കാണിച്ചു് അയാൾ പറഞ്ഞു:
“കാണ്ടാമൃഗം അതിനകത്തുണ്ടു്.”
ജനീവയിൽ നിന്നു് കൃഷ്ണകുമാർ വളരെവേഗം ഇന്ത്യയിലേക്കു മടങ്ങി വന്നു. പിന്നാലെ ഭീകരവാർത്തയും. ജനീവയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടികൾ ഒരു തീപിടുത്തത്തിൽ നശിച്ചു.
ഒന്നുരണ്ടു മാസങ്ങൾക്കുശേഷം കൃഷ്ണകുമാർ വീണ്ടും സനാവറിലെത്തി. വന്നപാടെ ഗോർദാറിന്റെ ‘ലെ കരാബിനിയെർസ്’[6] എന്ന ചലച്ചിത്രത്തിലെ യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ പട്ടാളക്കാരെപ്പോലെ പെട്ടിതുറന്നു. വിചിത്രമായ പോസ്റ്റ്കാർഡുകളും പുസ്തകങ്ങളും നിരത്തുന്നു. ഗോയ, പിക്കാസോ, മത്തീസ്, വാൻ ഗോഗ്…

കലാകാരന്മാർക്കും കലാസൃഷ്ടികൾക്കുമിടയിൽ നിന്നു് ഒരു കടലാസുകഷ്ണം അയാൾ നീർത്തിപ്പിടിച്ചു. തീപ്പിടുത്തത്തിന്റെ വാർത്ത പത്രങ്ങളിൽ വന്നതു്!
ഒരിറ്റാലിയൻ പത്രത്തിന്റെ ഭാഗമായിരുന്നു അതു്. മുകളിൽ ഒരു കളർ ചിത്രമുണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ ശില്പങ്ങളുള്ള ഗ്യാലറി കത്തിയമരുന്നതു്.
ബ്രൂഗേലിന്റെ[7] നരകചിത്രത്തിലെന്നപോലെ തീനാളങ്ങൾ! ഹിമാചലിലെ കൊക്കകളിൽ പടരുന്ന മഞ്ഞിന്റെ നിറമുള്ള പുക. തീനാളങ്ങളിൽ കാണ്ടാമൃഗം കത്തിയമരുന്നതിന്റെ നീല നിറം കാണാനാകുമോ എന്നു ഞാൻ ആ പത്രഭാഗത്തിലെ ചിത്രത്തിൽ ശ്രദ്ധിച്ചുനോക്കിക്കൊണ്ടിരുന്നു.
[1] കെ. പി. കൃഷ്ണകുമാർ: ഭാരതീയകലയിലെ പ്രധാനപ്പെട്ട ശില്പി. റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്റ്റേഴ്സ് അസോസിയേഷന്റെ പ്രവർത്തകനായിരുന്നു. 1989-ൽ തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വച്ചു് ആത്മഹത്യ ചെയ്തു.
[2] Paul cezanne മഹാനായ ഫ്രഞ്ചു ചിത്രകാരൻ മൗണ്ട് സെയിന്റ് വിക്ടറി എന്ന പർവ്വതം അറുപത്തിലെറേ തവണ വരച്ചിട്ടുണ്ടു്.
[3] ഫ്രഞ്ചു ശില്പി Auguste Rodin-ന്റെ പ്രസിദ്ധമായ ബാൽസാക്ക് ശിൽപം (1892–97).
[4] രാംകിങ്കറിന്റെ വിഖ്യാതശിൽപം (1936) കളിമണ്ണിനുപകരം സിമന്റായിരുന്നു ഈ ശില്പത്തിനുപയോഗിച്ചതു്.
[5] അമൃതാഷെർഗിൽ: ചിത്രകാരി: 1941-ൽ മരിച്ചു.
[6] Les Carabiners ഗൊദാർദ് 1963-ൽ സംവിധാനം ചെയ്ത ഫ്രഞ്ചു ചലച്ചിത്രം.
[7] പീറ്റർ ബ്രെഗേലിന്റെ ‘മരണത്തിന്റെ വിജയം’ (1562–63) എന്ന എണ്ണഛായാചിത്രം.
1997-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചതു്.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ധമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.