ഒ. വി. വിജയനെക്കുറിച്ചുള്ള സിനിമയുണ്ടാക്കുന്നതു് എഴുത്തുകാരൻ പാർക്കിൻസൺസ് രോഗത്തിനു് അടിമയായിക്കഴിഞ്ഞതിനു ശേഷമാണു്. താടിയും മീശയും നീട്ടിവളർത്തിയ വിജയൻ സൗമ്യനായി ഒരു കസേരയിലിരിക്കും. വല്ലപ്പോഴും വളരെ ചെറിയ വാക്കുകളല്ലാതെ ഒന്നും ചുണ്ടുകളിൽനിന്നു പുറത്തുവരികയില്ല.
അവസാനകാലത്തു വിജയൻ താമസിച്ചിരുന്ന കോട്ടയത്തെ വീട്ടിൽ അനക്കങ്ങൾ കുറവായിരുന്നു. അയഞ്ഞ വെളുത്ത ജുബ്ബയും കാവിമുണ്ടുമുടുത്തു വാതിലിനു പുറത്തേക്കു നോക്കിയിരിക്കുന്ന വിജയന്റെ രൂപം കണ്ടമാത്രയിൽതന്നെ ചിത്രത്തിനുള്ള പ്രചോദനമായിത്തീർന്നു. ഫോട്ടോയെടുത്തപ്പോൾ എല്ലാം തികഞ്ഞ ഫോട്ടോ. വിജയന്റെ മുഖത്തെ താടിരോമങ്ങളിൽ പതിഞ്ഞ പുറത്തുനിന്നുള്ള സായന്തന സൂര്യന്റെ മഞ്ഞയും ചുവപ്പും കലർന്ന വെളിച്ചം റംബ്രാൻഡി ന്റെ ഹോമറെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
വിജയന്റെ സ്റ്റുഡിയോയിൽ (എഴുത്തുകാരന്റെ മുറിക്കും അങ്ങനെ പറയാമെങ്കിൽ) പ്രവേശിക്കുന്ന ശബ്ദങ്ങളിലൊന്നു് അകത്തിരുന്നാൽ കാണാവുന്ന ഇടയ്ക്കൊക്കെ മുന്നിലൂടെ കടന്നു പോവുന്ന തീവണ്ടിയുടേതാണു്. വലിയ ശബ്ദമുണ്ടാക്കി ഒരു തീവണ്ടി കടന്നു പോയപ്പോൾ ഞാൻ വിജയനെ നോക്കി മുഖത്തു് ഭാവവ്യത്യാസങ്ങളൊന്നുമില്ല. ഹോമറെപ്പോലെ തന്നെ.
ഏകാന്തനായി, ഉള്ളിൽനിന്നുള്ള ചെറിയ അനക്കങ്ങൾ പോലും കേട്ടു ശാന്തനായി എഴുത്തുകാരൻ ഇരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തു ‘സമയം തെറ്റാതെ വരുന്ന തീവണ്ടി’ വരച്ചയാളാണു് എന്റെ മുന്നിലിരിക്കുന്നതു്.
കുറിപ്പുകളിലൂടെയാണു് ഞങ്ങൾ കുറച്ചു കാലത്തേക്കെങ്കിലും ചങ്ങാതിമാരായിത്തീർന്നതു്. പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു് വിജയൻ കടലാസിൽ കുറിപ്പുകളെഴുതാൻ തുടങ്ങി. അതിന്റെ ഭംഗികണ്ടു് എന്റെ കയ്യിലുണ്ടായിരുന്ന കളർസ്കെച്ച്പെന്നുകൾ കൊടുത്തു വിജയനെ ഉത്തേജിതനാക്കി, ഒപ്പം ഞാൻ മറുപടി കൊടുത്ത കുറിപ്പുകളിലെ അക്ഷരങ്ങളും രേഖാചിത്രങ്ങളും കണ്ടിട്ടാവണം വിജയൻ എന്നെ ഷൂട്ടിങ് ദിവസങ്ങളിൽ ഒരു സഹോദരനെപ്പോലെ പരിഗണിച്ചതു്.
ഞാനയാളെ ‘വിജയൻ’ എന്നല്ലാതെ വിളിച്ചിട്ടില്ല. അയാളുടെ പല കൃതികളും ഞാൻ വായിക്കുന്നതു്, കാർട്ടൂൺ കാണുന്നതു് എല്ലാം എന്റെ യൗവ്വനകാലത്തായിരുന്നു. രാത്രിയിലെ വെളുത്ത കിളിവാതിലിൽ വിജയൻ തന്നെ കറുത്ത അക്ഷരങ്ങളിൽ പേരെഴുതിയ പുറം ചട്ടയോടെ പുറത്തുവന്ന ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചതിശേഷം അയാൾ എന്റെ സ്ഥിരം സഹോദരനായി. റംബ്രാൻഡ്. ഗോയ, ലിയനാർഡോ തുടങ്ങിയ സുഹൃത്തുക്കൾക്കൊപ്പമായി വിജയന്റെ ഇരിപ്പിടവും എന്നെക്കാൾ നാനൂറു് വയസ്സു മൂത്ത റംബ്രാൻഡിനെ ഞാൻ ഇപ്പോഴും റംബ്രാൻഡ് എന്നു തന്നെയാണു് വിളിയ്ക്കുന്നതു്.
അയാളുടെ ചിത്രങ്ങളിലെ ആകാശം എന്റെ സ്വന്തം ആകാശമായിട്ടാണു് കാണുന്നതും. കുറിപ്പുകളിലൂടെ ചിത്രലിപികളാലുള്ള വിജയനുമായുള്ള സംഭാഷണങ്ങൾക്കു ഭയഭക്തി ബഹുമാനങ്ങൾ വേണ്ടായിരുന്നു. ഞങ്ങൾ ചിത്രകലയുടെയും എഴുത്തിന്റെയും വലിയൊരുദ്യാനത്തിലെ അപൂർവ്വ സഹോദരന്മാർ. അക്ഷങ്ങളുടെ ഇടയ്ക്കുകാണാവുന്ന ചെറു നിശ്ശബ്ദതകൾ പോലെ രാധാകൃഷ്ണനും ക്യാമറയും.
കടലാസുകളിൽ കിളിയും ഉറുമ്പും അവശരായ കാക്കകളും നിറയാൻ തുടങ്ങി. കൂടെ വിജയന്റെ ‘കലിഗ്രഫി’യിൽ നിർദേശങ്ങളും അഭിപ്രായങ്ങളും. ഏറ്റവും നല്ല കൈപ്പടയിൽ മലയാളമെഴുതിയ ആൾ ഒരുപക്ഷേ, ഒ. വി. വിജയനായിരിക്കും; കെ. സി. എസ്. പണിക്കരെക്കാൾ. കെ. സി. എസ്. കുറച്ചു മാത്രമേ മലയാളം എഴുതിയുള്ളു. പിന്നീടയാൾ പരിശ്രമിച്ചതു് അജ്ഞാത ലിപികളുടെ കൈപ്പടയാണു്. കെ. സി. എസ്. പിശുക്കനായിരുന്നു. വിജയൻ ധാരാളിയും. ആ ധാരാളിത്തത്തിന്റെ കൈപ്പടയിലാണു് അയാൾ ഖസാക്കിന്റെ ഇതിഹാസവും, അരിമ്പാറയും, കടൽത്തീരത്തും എഴുതിയതു്.
കെ. സി. എസ്. പണിക്കർ ചെമ്പുതകിടിലും താളിയോലയിലും എഴുതുമ്പോൾ വേണ്ട കണിശതയും കണക്കുകളും പാലിച്ചു. കാൻവാസുകളിൽ സമൃദ്ധമായി നിറയുമായിരുന്ന അയാളുടെ വർണ്ണങ്ങളെ ലിപികൾ തുരത്തിയോടിച്ചു. ചിത്രങ്ങളിലെ എഴുത്തുകുത്തുകൾ ക്രിസ്ത്യൻ സന്യാസിനികളുടെ വസ്ത്രങ്ങളിലെ പോലെ വെളുപ്പും ചാരനിറവും തവിട്ടും കറുപ്പും മാത്രം ഇഷ്ടപ്പെട്ടു. ചെമ്പു തകിടിൽ എഴുതുമ്പോലെയുള്ള ആയാസം ചിത്രകാരൻ അനുഭവിച്ചിരിക്കണം. കെ. സി. എസ്. എഴുത്തു് ‘ലുബ്ധൻ സ്വർണ്ണ നാണയങ്ങളെന്ന പോലെ’ പിശുക്കി ഉപയോഗിക്കുവാൻ തുടങ്ങി.
എം. ഡി. രാമനാഥൻ പാടുമ്പോൾ[1] സ്വരങ്ങളെ എന്നപോലെ. വിജയൻ എഴുത്തിന്റെ സമൃദ്ധിയിലാണു് ജീവിച്ചതു്.
[1] സച്ചിദാനന്ദൻ: ‘രാമനാഥൻ പാടുമ്പോൾ’.
അയാൾക്കു ചിത്രം വരയ്ക്കുമ്പോഴും എഴുതേണ്ടിവന്നു. ദിനോസറുകളും, ഇന്ദിരാഗാന്ധിയും ബ്രഷ്നേവും കൂറ്റൻ ടാങ്കുകളും മുകളിൽ നിറയുമ്പോൾ വിജയന്റെ അച്ചുകൂടത്തിൽനിന്നു മലയാളലിപികൾ നിരന്നു.
ഇന്ദിരാഗാന്ധിയും ഹിറ്റ്ലറും സംസാരിക്കുമ്പോൾ വർത്തുളാകൃതിയും കോഴികൊക്കുകളുമുള്ള ‘സ്പീച്ച് ബലൂണുകളിൽ’ അയാൾ തന്റെ പല പോസുകളിലുള്ള പാമ്പുകളെ നിരത്തി. കോഴിക്കൊക്കുകൾ ഇന്ദിരാഗാന്ധിയുടെ സ്ഥിരം മൂക്കായി രൂപാന്തരപ്പെട്ടു.
ഇറോട്ടിസത്തിൽ തൽപരരായ ‘ള’കളും ‘ആ’കളുടെ പിടിയാനക്കൂട്ടങ്ങളും നിറഞ്ഞു.
അയാൾ മലയാളമെഴുതുമ്പോൾ മാത്രം ഓരോ അക്ഷരങ്ങൾക്കും പ്രത്യേകം വ്യാഖ്യാനങ്ങൾ വേണ്ടിവരുന്നുണ്ടു്. വിജയന്റെ മലയാളലിപികൾ മാത്രം ഉപയോഗിച്ചു് ഒരു വൃത്താന്തപത്രം ഇറക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു.
അതിലെ ആദ്യത്തെ കാർട്ടൂൺ രതിഭാവനയുടെ പ്രസരമുള്ള ലിപികളാലെഴുതിയ ‘ചെർപ്ലശ്ശേരി’യിലെ ലിൻപിയാവോ ആയിരിക്കുകയും വേണം.
‘വിജയൻ’ എന്നു വ്യക്തമായി വായിക്കാവുന്ന രീതിയിൽ അയാൾ ഒപ്പിടും. ഇംഗ്ലിഷിലും മലയാളത്തിലും, പല വ്യാഖ്യാനങ്ങളും നൽകാവുന്ന രണ്ടു പാമ്പുകൾ. ചുരുളഴിക്കാൻ കഴിയാത്ത ഏടാകൂടങ്ങൾ. ഇവാ ഹെസ്സെ യുടെ (Eva Hesse) ഇൻസ്റ്റലേഷൻപോലെ പൂർണമായും ലൈംഗികതയെ ഉണർത്തുന്ന നൂലാമാലകൾ. ഈ സർപ്പങ്ങളിലൊന്നു കൊത്തിയിട്ടായിരുന്നു ഖസാക്കിലെ രവിയുടെ മരണം, അല്ലെങ്കിൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ അവസാനം.
വിജയന്റെ കാർട്ടൂണിലെപ്പോലെ സമയം തെറ്റാതെ വീണ്ടും വന്നു ഒരു തീവണ്ടി.
സ്റ്റുഡിയോയ്ക്കുള്ളിലെ സ്ഥാവരജംഗമവസ്തുക്കൾ മുഴുവനും പേടിച്ചിട്ടെന്നപോലെ ചെറുതായി വിറയ്ക്കാൻ തുറങ്ങി. മുടിനാരിഴകൾ നീണ്ട വിജയന്റെ മുഖവും ട്രെയിനിന്റെ ഉജ്ജ്വലമായ വരവും ചേർത്തു് ഒരു ഫ്രെയിം മനസ്സിൽ കണ്ടിരുന്നു. ഇതല്ലായെങ്കിൽ സിനിമയിൽ അനക്കങ്ങൾ തീരെ കുറവായിരിക്കും. ശബ്ദങ്ങൾ അതിലും കുറവു്. രാധാകൃഷ്ണൻ ക്യാമറ സജ്ജീകരിച്ചു തയ്യാറെടുത്തു. വണ്ടി കടന്നുപോയി.
പ്രതീക്ഷിച്ചിരുന്ന റംബ്രാൻഡ് ലൈറ്റ് മാത്രം ചിത്രീകരിച്ച ഷോട്ടിൽ ഇല്ല. അരമണിക്കൂർ കഴിഞ്ഞു തീവണ്ടി വീണ്ടും വന്നപ്പോൾ ഒന്നുകൂടിയെടുത്തു. ഷോട്ടിൽ വെളിച്ചം കൂടുതൽ കണ്ടു. ഒന്നുകൂടി… അങ്ങനെ പല തവണ തീവണ്ടിയെ കാത്തുനിൽക്കുകയും ഷോട്ടെടുക്കുകയും ചെയ്തു. വൈകുന്നേരമായപ്പോഴേയ്ക്കും റംബ്രാൻഡിനെ ഞങ്ങൾ മുണ്ടിട്ടുപിടിച്ചു.
ആ സമയമത്രയും അനങ്ങാപ്പാറപോലെ അക്ഷോഭ്യനായി വിജയൻ കസേരയിൽ ഇരിക്കുന്നുണ്ടു്.
ചിത്രീകരിച്ച ഭാഗങ്ങൾ ഞങ്ങൾ മോണിറ്ററിൽ വിജയനെ കാണിച്ചു. റംബ്രാൻഡിഡിന്റെ ഹോമറുടെ പ്രശാന്തതയോടെ വിജയൻ ഒരു കൂറിപ്പെഴുതിക്കാണിച്ചു.
‘ഒരു സ്റ്റണ്ട് രംഗം കഴിഞ്ഞു.’
പലതരം വെളിച്ചങ്ങളുണ്ടു് വിജയന്റെ കഥാപാത്രങ്ങളുടെ പരിസരങ്ങളിൽ. രവിയിലൂടെ ‘ഈര ചൂട്ടുകൾ മിന്നിമിന്നി കടന്നു പോകുന്നതു്’ ഖസാക്കിൽ പലയിടത്തും കാണാം.
‘പീള നിറഞ്ഞ ചോരക്കുഴികൾകൊണ്ടു് ചിമ്മിനി വെളിച്ചത്തിൽ തപ്പുന്ന’ കുപ്പുവച്ചന്റെ മുഖം രവിയിലൂടെയാണു് വായനക്കാരൻ കാണുന്നതു്. രാത്രിയിൽ മിന്നിത്തുടിക്കുന്ന ബഹിരാകാശം കൈതപ്പൊന്തകളിലേയ്ക്കിറങ്ങി വന്നു് ഖസാക്കിലെ മിനുങ്ങുകളായിത്തീരുന്നതിന്റെ വിസ്മയ വെളിച്ചങ്ങളുമുണ്ടു് വിജയനിൽ.
വിജയനും റംബ്രാൻഡിനെ പോലെ വെളിച്ചത്തിന്റെ ചിത്രം വരയ്ക്കുകയാണു്.
‘അയാൾ കിണറ്റിലേക്കു കൂപ്പുകുത്തി. കിണറുകടന്നു് ഉൾക്കിണറ്റിലേയ്ക്കു്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി ചില്ലുവാതിലുകൾ കടന്നു് സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേർക്കു് അയാൾ യാത്രയായി. അയാൾക്കു പിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായി അടഞ്ഞു.’
ഇവിടെ വെളിച്ചത്തിന്റെ ഉത്ഭവസ്ഥാനം റംബ്രാൻഡിനെപ്പോലെ വിജയനും വ്യക്തമാക്കുന്നില്ല. വെളിച്ചത്തെക്കുറിച്ചു് ഒന്നും പറയാതെ അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന അതിമനോഹരമായ വാക്യങ്ങളാണിതു്. വെള്ളത്തിന്റെ വില്ലീസുപടുതകളും, ചില്ലുവാതിലുകളും, സ്വപ്നവും, സാന്ധ്യപ്രജ്ഞയുമെല്ലാം വെളിച്ചത്തെ പ്രതിഫലിയ്ക്കുന്ന ഉപാധികൾ മാത്രം. വെളിച്ചമാണു് നായകൻ. അന്തിമ വെളിച്ചത്തിലേക്കാണു് മുങ്ങാംകോഴി പ്രവേശിക്കുന്നതു്. അവിടെ ഇരുട്ടില്ല. വെളിച്ചം മാത്രം.
വിജയനെ വിട്ടു ഞങ്ങൾ തസ്രാക്ക് ഗ്രാമത്തിൽ ചെന്നു. അന്നവിടെ വിജയന്റെ ആരാധകർ പറ്റമായി ചേക്കേറാൻ തുടങ്ങിയിട്ടില്ല. ഖസാക്കിൽ ഉള്ളതു് എന്നു വിശേഷിപ്പിയ്ക്കാവുന്ന അറബിക്കുളവും രാജാവിന്റെ പള്ളിയും ഞാറ്റുപുരയും അവിടെയുണ്ടായിരുന്നു. സന്ധ്യാനേരത്തു് കരിമ്പനയുടെ തല നിന്നു കത്തുകയാണോ എന്നു സംശയം ഉണ്ടാക്കും. കാറ്റടിക്കുമ്പോൾ തലയിളകും. ജീവനുള്ള ഭൂതംപോലെ.
സന്ധ്യയ്ക്കു പനകൾക്കു താഴെക്കൂടി ഊശാൻതാടിയും പാനീസുവിളക്കുമായി അള്ളാപിച്ച മൊല്ലാക്ക നടന്നു നീങ്ങുന്നതു് കണ്ടു. ഏകാധ്യാപക വിദ്യാലയത്തിൽ കറുത്ത ബോർഡിൽ ചോക്കുകൊണ്ടു് രവി വരച്ച അതേ അള്ളാപ്പിച്ച മൊല്ലാക്ക.
സിനിമയും ചിത്രവും വരയ്ക്കുന്നയാളുടെ വിധിയാണതു്. രംഗങ്ങൾ മുൻകൂട്ടികാണും.
പാനീസുവിളക്കിലെ തീനാളമുലഞ്ഞു. കരിന്തിരി കത്തി, കെട്ടു. സന്ധ്യ മാറി. ഇരുട്ടിൽ അള്ളാപ്പിച്ച മൊല്ലാക്കയും പനമരങ്ങളും മാഞ്ഞുപോയി.
തസ്രാക്ക് കഥയിൽ ഉള്ള ഗ്രാമംതന്നെയാണോ എന്നു സംശയം തോന്നി. പെയിന്റർ പ്രധാനവിഷയമായ യാഥാർത്ഥ്യത്തെ തന്റെതന്നെ ഒരു യാഥാർഥ്യമാക്കിമാറ്റിയാണു് ഒരു ചിത്രം വരയ്ക്കുന്നതു്. പിക്കാസോയുടെ കരയുന്ന സ്ത്രീ സ്പെയിനിലെ ഗുർണിക എന്ന പ്രദേശത്തു ബോംബു വീണപ്പോൾ കരഞ്ഞ അതേ സ്ത്രീയല്ല. പെയിന്റിങ്ങിൽ അവളുടെ കണ്ണുനീർത്തുള്ളിക്കു ഭാരക്കൂടുതലുണ്ടു്.
അവൾ കരഞ്ഞയിടങ്ങളിലെല്ലാം കാളകൂറ്റന്മാർ മുക്രയിടുന്നു. വിജയന്റെ തസ്രാക്ക് ഗ്രാമം എന്റെ മുന്നിൽ ചുരുങ്ങി ഇല്ലാതെയായി.
വിജയന്റെ തന്നെ ഖസാക് ഗ്രാമം സിനിമയിലെ fade in—എന്ന ടെക്നിക്കിൽ എന്ന പോലെ തെളിഞ്ഞുവന്നു.
വിജയന്റെ ‘എണ്ണ’, ‘അരിമ്പാറ’, ‘ചവിട്ടുവണ്ടി’ എന്നീ കഥകൾ വായിക്കുന്നതു് അടിയന്തരാവസ്ഥക്കാലത്തെ ഇരുട്ടിലാണു്. കൂരിരുട്ടിൽ വെളിച്ചത്തിന്റെ നുറുങ്ങുകൾ കൊണ്ടു വരച്ച സ്വേച്ഛാധികാരത്തിന്റെയും, അതിന്റെ യാതനകൾ അനുഭവിക്കുന്നവരുടെയും പാലക്കാടൻമുഖങ്ങൾ.
അടിയന്തരാവസ്ഥയുടെ ഇരുട്ടു് സ്വന്തം ശരീരത്തിലേക്കാവാഹിച്ചെഴുതിയ നിഴൽ നാടകങ്ങൾ. എണ്ണയിൽ മനുഷ്യജീവിതമാകെ മുങ്ങിക്കിടക്കുന്നു. വിജയന്റെ സ്വന്തം ആയുർവേദ കുറിപ്പടിപ്രകാരം എണ്ണത്തോണിയിൽ കിടന്നു കഠിനമായ ഉഴിച്ചിലിനു വിധേയമാകുന്ന അവസ്ഥയാണു് ‘എണ്ണ’യുടെ വായന. നാസി കോൺസെൻട്രേഷൻ ക്യാമ്പുകളെ വിവരിക്കുന്ന അലെൻ റെനെ യുടെ ചലച്ചിത്രം ‘നൈറ്റ് ആൻഡ് ഫോഗ്’ കാണുന്നതുപോലെ. ചവിട്ടുവണ്ടിയുരുട്ടി പങ്ങി ഇപ്പോഴും പാലക്കാടു് കടന്നു് കാറ്റിനൊപ്പം നീങ്ങുന്നുണ്ടു്. മണിയനീച്ചകൾ മേയുന്ന പോത്തിൻശവങ്ങൾ അയാൾ കടന്നുപോകുന്ന വഴിയിലെല്ലാം ചിതറിക്കിടക്കുന്നു.
വാസ്തവത്തിൽ ഇങ്ങനെയൊന്നുമായിരുന്നില്ല ഈ സിനിമ ഞാൻ വിഭാവനം ചെയ്തിരുന്നതു്.
ആർട്ടിസ്റ്റുകൂടിയായ ഞാൻ എഴുത്തുകാരനെ വരയ്ക്കുന്നു. വിജയനെ ചാർക്കോളിൽ വരച്ച ഒരു ചിത്രം. അതിനു പോസു ചെയ്യുന്ന എഴുത്തുകാരൻ. ചിത്രം വരച്ചുകഴിയുമ്പോഴേയ്ക്കും സിനിമ അവസാനിക്കും. റംബ്രൻഡ് ലൈറ്റിംഗിനുള്ള അപാരസാദ്ധ്യതകളുണ്ടു് എന്ന വിചാരവും എന്നെ പ്രചോദിപ്പിച്ചു.
ആർട്ടിസ്റ്റ് ആൻഡ് ഹിസ് മോഡൽ ഓയിൽ പെയിന്റിങ്ങിൽ വര ആരംഭിച്ചതുമുതൽ ഉണ്ടായി വന്ന പ്രമേയം വരയ്ക്കാനെടുക്കുന്ന സമയം സിനിമയിലൂടെ കടന്നുപോകും. കാലമാണു് സിനിമ. കാലത്തിൽ കൊത്തുന്നതുകൊണ്ടാണു് ‘ശിൽപം’ എന്നതിനു പകരം ‘സിനിമ’ എന്നു പേരു വന്നതു് എന്നു് തർക്കോവ്സ്കി.
അക്കാലത്തു് ഞാൻ സിനിമയെടുക്കുമ്പോൾ അപ്രതീക്ഷിതമായ ഒരു ഭയം ഉള്ളിൽ പടരും. ഇങ്ങനെയൊക്കെ ചിത്രമെടുത്താൽ ആളുകൾ എങ്ങനെയാണു് അതിനെ സമീപിക്കുക?
ഞാനുണ്ടാക്കുന്ന ഇമേജുകൾ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ഭയം. ഇതു് എന്നിൽ അവസാനിക്കുന്നതു് ഞാൻ തന്നെ നിർമ്മിച്ചു, എഴുതി, ഛായാഗ്രഹണം നിർവ്വഹിച്ചു്, എഡിറ്റു ചെയ്തു്, സംവിധാനം നിർവഹിച്ച History is a silent film എന്ന നിശ്ശബ്ദ സിനിമയോടു കൂടിയാണു്.
വിജയനെക്കുറിച്ചുള്ള സിനിമ അതിനും വളരെക്കാലം മുൻപാണു്. അപ്പോഴും വന്നു കൃത്യസമയത്തു് ആ ഭയം. ആ സിനിമയിൽ വിജയന്റെ ജീവചരിത്രം പറയേണ്ടതുണ്ടു്. ഇരുപത്തിയഞ്ചു മിനിറ്റിലധികം ദൈർഘ്യമാവരുതു് എന്നു നിർമ്മാതാവിന്റെ നിർദേശമുണ്ടു്. സിനിമ മാറ്റിയെഴുതി. അതിനു ജീവചരിത്രത്തിന്റെ കൈകാലുകൾ മുളച്ചു. ഞങ്ങൾ കോട്ടയത്തെ വിജയന്റെ സ്റ്റുഡിയോയിലേക്കു് തിരിച്ചുചെന്നു. അപ്പോഴുമുണ്ടു് അനങ്ങാപ്പാറയുടെ പേർ മാറ്റരുതല്ലോ എന്ന വിചാരത്തോടെ എഴുത്തുകാരൻ, അപ്പോഴും കടന്നുപോയി ഭൂമി കുലുക്കിക്കൊണ്ടു് ഒരുതീവണ്ടി. എഴുത്തുകാരന്റെ മുറിയിലെ സർവ്വ സാമഗ്രികളും ചലിക്കുന്നു. ചാരുകസേരയിലെ എഴുതുവാനെടുത്തുവച്ച മരപ്പലകയിലിരുന്നു പേന പനിപിടിച്ചപോലെ വിറയ്ക്കുന്നു.
സിനിമ അവസാനിക്കുകയാണു്. വിജയൻ അടുത്ത വണ്ടിയുടെ വരവും കാത്തിരുന്നു ധ്യാനിക്കുകയാണു്.
സിനിമയുടെ അവസാനഭാഗത്തു് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതിത്തന്നാൽ കാണിക്കാം. (അത്രയിഷ്ടമാണു് നിങ്ങളുടെ കലിഗ്രഫി) എന്നു ഞാൻ പറഞ്ഞു.
വിറയൽ നിന്ന പേനകൊണ്ടു് എഴുത്തുകാരൻ കടലാസിൽ ഒരു ചെറിയ ദീർഘചതുരം വരച്ചു. അതിനുള്ളിൽ അയാൾ എഴുതി ‘end’.
സിനിമയുടെ അവസാനം.
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു.
തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ.
ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു.
ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.