ഇന്ത്യയിൽ, പ്രത്യേകിച്ചു് മലയാളത്തിൽ അധികം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ‘കൺസെപ്ച്വൽ ആർട്ടിനെക്കുറിച്ചുള്ള ഒരു ലേഖനമാണു് ഇന്നു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. ഒരു ആർട്ടിസ്റ്റ് തന്നെ എഴുതുന്ന ലേഖനം എന്ന പ്രത്യേകതകൂടി മധുസൂദനന്റെ ഈ ലേഖനത്തിനുണ്ടു്. –സായഹ്ന പ്രവർത്തകർ
രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കത്തിനു് ശേഷം കുട്ടനാട്ടിൽ ചെന്നപ്പോൾ സർവവും വെള്ളത്തിൽ മുങ്ങിയതോർത്തു ഏങ്ങലടിച്ചു കരയുന്ന ഒരമ്മയേയും കണ്ടിരുന്നു. അവളുടെ വീടായിരുന്നയിടം മൂന്നടിയോളം അഴുക്കുവെള്ളം കൊണ്ടു് നിറഞ്ഞിരുന്നു. തോണിയിൽ വേണം താമസസ്ഥലത്തേയ്ക്കു് പോകുവാൻ. അഴുക്കുവെള്ളത്തിൽ കുഴഞ്ഞുകിടക്കുന്ന അവളുടെ കിടയ്ക്കകൾക്കും കരിക്കലങ്ങൾക്കും മുകളിലായി മഴനനയാതിരിക്കുവാൻ ഓട്ടവീണ രണ്ടുമൂന്നു കുടകൾ ഉയർന്നുനിൽപുണ്ടായിരുന്നു. അവൾക്കു് പ്രധാനമായിരുന്നതൊക്കെ നഷ്ടപ്പെട്ടു. കുട്ടനാട്ടിലെ കർഷകസ്ത്രീയുടെ മുഖവും ശരീരഘടനയുമുള്ള ആ അമ്മയുടെ കഴുത്തിലെ നേർത്ത തിളങ്ങുന്ന ഒരു സർപ്പംപോലെയുള്ള താലിമാല അവൾ വലതു കൈപ്പടം കൊണ്ടു് പൊത്തിപ്പിടിച്ചിരുന്നു. സർപ്പത്തലയിൽ കൈവെച്ചാണു് അവൾ വിലപിച്ചതു്. എനിക്കിനി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇതു് മാത്രമേയുള്ളു എന്നു് ആ തിളങ്ങുന്ന ചരടിൽ പിടിച്ചുകൊണ്ടവൾ ആർത്തനാദം മുഴക്കി.
[1] തലക്കെട്ടിനു കെ. ജി. എസ്സിനോടു് കടപ്പാടു്.
അതെ സർപ്പമാണു് അവളെയും കുട്ടനാട്ടിലെ അവളുടെ ഛായയുള്ള സ്ത്രീജന്മങ്ങളെയും പലതവണ വന്നു കൊത്തിയതു്. സ്ത്രീ ധനത്തിന്റെ പേരിൽ അവളുടെ മാതാപിതാക്കൾ വിഷംതീണ്ടി. അവളുടെ മംഗലത്തിന്റെ ആറാം മാസം തിളങ്ങുന്ന പാമ്പുകൾ വേഷം മാറിയ ഗ്യാസ് സിലണ്ടറുകളായി പൊട്ടിത്തെറിച്ചു. തിളങ്ങുന്ന വിഷസർപ്പങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾ കുട്ടനാടും കടന്നു് കേരളത്തിലെമ്പാടും പെറ്റുപെരുകി. ഇന്നിതാ മഞ്ഞ പ്രഭയിൽ മുങ്ങിയ ജൂവലറി ഷോപ്പുകളാൽ തിളങ്ങി നിൽക്കുന്നു പാതാളം.
തിളക്കമുള്ള വസ്തുക്കളായിരുന്നു ബ്രിട്ടീഷ് ആർട്ടിസ്റ്റായ ഡാമിയൻ ഹിർസ്റ്റി നെ (Damian Hirst) ആകർഷിച്ചിരുന്നതു്. തിളങ്ങുന്ന ഒരാഭരണമാണു് മരണം എന്നു് മനസ്സിലായതോടെ മരണമായി അയാളുടെ കലയിലെ കേന്ദ്രബിന്ദു. മരണപ്പെട്ടതെന്തും തിളക്കമർന്നു എന്നെ വശീകരിക്കുന്നു. ഭൂമിക്കടിയിൽ കിടന്നുകൊണ്ടു് ഇമ്പമായി ഞാൻ പാടിയ ഗാനങ്ങൾ നിങ്ങൾ കേൾക്കുന്നില്ലേ? കാണുന്നില്ലേ അനന്തതയുടെ ഇരുട്ടിൽ കൈകോർത്തുകൊണ്ടു seventh seal (Ingmar Bergman) ലെ നിഴലുകൾ ചുവടുകൾ വെച്ചതു്?
Albrecht Durar-ന്റെ കുതിരപ്പുറത്തു വരുന്ന മരണം? കാഫ്ക യുടെ പീനൽ കോളനി?, മലബാറിലെ വാഗൻ ട്രാജഡി?, പിക്കാസോ യുടെ മിനോട്ടാർ?… എല്ലാം കൂരിരുട്ടിൽ പോലും തിളങ്ങുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫറവോൻ തൂത്തുകാമുന്റെ മുഖാവരണം പത്തരകിലോ കലർപ്പില്ലാത്ത സ്വർണ്ണം കൊണ്ടുണ്ടാക്കിയതാണു്. മരിച്ചവന്റെ മുഖത്തു സ്വർണ്ണം പോലുള്ള വിലയുള്ളതും തിളക്കമുള്ളവയുമായ വസ്തുക്കൾ ചാലിച്ചു നിർമിച്ച ലേപനങ്ങൾ പുരട്ടുന്നതു് ആചാരമാക്കിയ ഒരു ഭൂതകാലമുണ്ടായിരുന്നു മനഷ്യർക്കു്. വരന്റെ വീട്ടുകാർക്കു് ‘പത്തര കിലോ സ്വർണ്ണം’ സ്ത്രീധനമായി കൊടുക്കാനാവാതെ വധുവിന്റെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്യുന്ന ആചാരം മനുഷ്യന്റെ സമകാലീന ചരിത്രത്തിലുമുണ്ടു്.
കൈറോയിലെ ഈജിപ്ത്യൻ മ്യൂസിയത്തിലാണു് തൂത്തുകാമുന്റെ മുഖാവരണമുള്ളതു്. ലോകത്തിൽ ഏറ്റവുംകൂടുതൽ സന്ദർശകർ കാണുന്ന കലാവസ്തുവാണു് മഞ്ഞലോഹത്തിലെ ഈ തൂത്തുകാമുൻ. കത്തിച്ചുവെച്ച മേശവിളക്കിലേക്കു് പറന്നെത്തുന്ന ഈയാംപാറ്റകളെപ്പോലെ മരിച്ച മനുഷ്യന്റെ തിളങ്ങുന്ന മുഖത്തിനു് കാഴ്ചക്കാർ പെരുകി. സ്വർണാഭരണവിഭൂഷിതയായി മംഗലതട്ടിലിരിക്കുന്ന നവവധുവിനെ നോക്കി ‘എന്തൊരൈശ്വര്യം’ എന്നുപറയുംപോലെ തൂത്തുകാമുന്റെ മുഖത്തുനോക്കി അവർ വിസ്മയം പറഞ്ഞു.
ആംസ്റ്റർഡാമിൽ റെംബ്രാൻഡിന്റെ വീട്ടിൽ നിന്നു് നടക്കാവുന്ന ദൂരമേയുള്ളൂ Rijks മ്യൂസിയത്തിലേക്കു്. ആ ഭീമാകാരൻ മ്യൂസിയത്തിന്റെ കവാടത്തിനു മുകളിലായി ഡാമിയൻ ഹിർസ്റ്റ് 2007-ൽ നിർമിച്ച തിളങ്ങുന്ന തലയോട്ടിയുടെ ഒരു കൂറ്റൻ ഫ്ലക്സ് തൂങ്ങിയാടുന്നുണ്ടായിരുന്നു. മരണം അതിന്റെ ശോഭയേറിയ കൈകളാൽ സന്ദർശകരെ ക്ഷണിക്കുകയാണു്. റെംബ്രാണ്ടി ന്റെയും വാൻഗോഗി ന്റെയും അടക്കമുളള വിഖ്യാതരായ കലാകാരൻമാരുടെ ചിത്രങ്ങളും ശില്പങ്ങളും മ്യൂസിയം ശേഖരത്തിലുണ്ടു്. എന്നാലും തൂത്തുകാമുന്റെ സുവർണ പ്രഭ പോലെ, തിളങ്ങുന്ന മരണമാണു് ഇപ്പോൾ ഇവിടെയും പ്രധാന ആകർഷണം. മുപ്പതു ചതുരശ്രയടി വിസ്തീർണമുള്ള കറുത്ത ചുമരുകളുള്ള മുറിയിലാണു് ഡാമിയൻ ഹിർസ്റ്റിന്റെ കപാലശില്പം. ബുള്ളറ്റുപോലും കടക്കാത്ത കണ്ണാടിക്കൂട്ടിൽ സുരക്ഷിതമായി. അമ്മയിൽ നിന്നു് കടമെടുത്ത വാക്കുകളിൽ നിന്നു് ‘ദൈവസ്നേഹത്തിനായി’ (for the love of god) എന്നായിരുന്നു ഹിർസ്റ്റിന്റെ ശില്പത്തിനു് പേരു്. ശില്പത്തിലേക്കു് തുറക്കാവുന്ന താക്കോലു
കളൊന്നും ഈ പേരിലുണ്ടെന്നു തോന്നുന്നില്ല. കനത്തയിരുട്ടിൽ പൗരാണികമായ വെളുത്ത പല്ലുകൾ ഇളിച്ചുകാട്ടി ഒരമൂർത്തദൈവശിരസ്സുപോലെ ഇരുട്ടിന്റെ കണ്ണുകൾ കൊണ്ടു് അതു് കാണികളെ നോക്കി. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരാളുടെ തലയോട്ടി മാർക്കറ്റിൽ നിന്നു് വാങ്ങി പ്ലാറ്റിനത്തിൽ പകർപ്പുണ്ടാക്കി അതിനുമുകളിൽ വിലയേറിയ രത്നങ്ങൾ പതിപ്പിച്ചാണു് നിർമ്മാണം. പ്ലാറ്റിനത്തിൽ 8061 രത്നങ്ങൾ പതിപ്പിച്ച തലയോടു്. അതിൽ നിന്നു് മ്യൂസിയം മുറിയുടെ ഇരുട്ടിൽ സൂക്ഷ്മമായി ഫോക്കസുചെയ്ത വൈദ്യുതി വെളിച്ചത്തിൽ ശതകോടി പ്രകാശകിരണങ്ങൾ ശരങ്ങളെപ്പോലെ പായുന്നു. കപാലത്തിനു ജീവൻ വെച്ചതുപോലെ പ്രകാശത്തിന്റെ ഓരോ വജ്രസൂചിയിലും നാലുപാടും പായുന്ന പടക്കുതിരകൾ. മർത്യതയും അമർത്യതയുമാണു് ഹിർസ്റ്റിന്റെ കരുക്കൾ. ആ കരുക്കൾ കൊണ്ടു്, ദൈവത്തോടു് പൊരുതുന്ന Ingmar Bergman-ന്റെ സൈനികനെപ്പോലെ Hirst മരണവുമായി ചതുരംഗം കളിക്കുന്നു.
ഹങ്കേറിയൻ ഫോട്ടോഗ്രഫറായ ബ്രസ്സായി (Brassai) 1932-ൽ എടുത്ത, ഇന്നു് അതിപ്രശസ്തമായ ഒരു ഫോട്ടോഗ്രാഫുണ്ടു്. ‘മിസ് ഡയമണ്ട്’ എന്നുപേരുള്ള ചിത്രം. അനാഥകുട്ടികളെക്കുറിച്ചുള്ള ഫോട്ടോകളെടുക്കുവാനായി ബ്രസ്സായി പാരിസിൽ ചെന്നപ്പോൾ കണ്ട ഒരു ദൃശ്യം. പാരിസിലെ അധികം തിരക്കില്ലാത്ത ബാറിൽ നിത്യവും വന്നുപോകുന്ന ഒരു മധ്യവയസ്ക. ചെറുപ്പകാലത്തു ധനികയായിരുന്നു അവൾ. മുത്തുമാലകളും വിലപിടിച്ച വസ്ത്രങ്ങളും ധരിച്ചു ബാറിൽ വരുമായിരുന്നു.
കാലം ചെന്നതോടെ അവൾ ദരിദ്രയായി. മറ്റുള്ളവരുടെ കാരുണ്യത്തിലാണു് അവൾ ജീവിക്കുന്നതു്. എങ്കിലും നിത്യവും അവൾ ബാറിൽ വരും. യൗവ്വനം വേർപെട്ട കൺതടങ്ങളിൽ വിലകുറഞ്ഞ പൗഡറിട്ടു കുഴികൾനിരത്തി, ലിപ്സ്റ്റിക്കിട്ടു, വിലകുറഞ്ഞ പഴയകാലത്തിന്റെ ഛായയുള്ള വസ്ത്രങ്ങളും, കൃത്രിമ മുത്തുകൾകൊണ്ടുള്ള മാലയും വളയുമിട്ടു് മേശക്കരികെ അതേ കസേരയിൽ ഒരു ഗ്ലാസ് വിലകുറഞ്ഞ വൈനിന്റെയും, ഒഴിഞ്ഞ ആഷ് ട്രേയുടെയും മുന്നിൽ അവളിരിക്കും. അവളുടെ മുഖത്തു് പഴയ പ്രതാപകാലത്തിന്റെ തലയോടു് കാണാം. ഒഴിഞ്ഞ ബാറിൽ കൃത്രിമ വെളിച്ചം പരത്തി അവളിരിക്കുന്നു. ബ്രസ്സായിയുടെ ഈ നിശ്ചലദൃശ്യത്തിൽ Damian Hirst-ന്റെ ശില്പത്തിന്റെ ആശയവും സ്പഷ്ടമാണു്.
അമിതാദരത്തിനു പാത്രമായ വസ്തുക്കളെ fetish objects എന്നുപറയാറുണ്ടു്. കാമോദ്ദീപകങ്ങളായ വസ്തുക്കളെയും അങ്ങിനെ വിളിക്കാറുണ്ടു്. ഈ രണ്ടർത്ഥങ്ങളുമുള്ള ഒരിടത്താണ് കപാലം സ്ഥിതിചെയ്യുന്നതു്. രത്നഖചിതമായ തലയോടു് മറ്റനേകം അർത്ഥങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടു്. ബ്രഹ്മാവിനാൽ പിച്ചക്കാരനായിപ്പോകട്ടെ എന്നു് ശപിക്കപ്പെട്ട പരമശിവന്റെ ഭിക്ഷാപാത്രമായിരുന്നു കപാലം. വജ്രയാന ബുദ്ധിസത്തിൽ താന്ത്രിക് ആരാധനകൾക്കായി തലയോടു് ഉപയോഗിച്ചുപോരുന്നു. ബുദ്ധമതത്തിലെ വജ്രയോഗിനിയും ഹിന്ദുമതത്തിലെ ചിന്നമസ്തയും തലയോടിൽ നിന്നാണു് രക്തം കുടിക്കുന്നതു്. ബുദ്ധമതത്തിൽ ശൂന്യതയും നടരാജവിഗ്രഹത്തിലെ കണ്ഠാഭരണത്തിൽ പൂവുമാണു് തലയോടു്.
ഈ അർത്ഥങ്ങളെല്ലാം ഉൾകൊള്ളുമ്പോൾതന്നെ ആയിരക്കണക്കിനു് രത്നപവിഴകല്ലുകൾ പതിപ്പിച്ച Damian Hirst-ന്റെ ശില്പത്തിൽ പുതിയൊരാശയം കൂടിയുണ്ടു്. പുനരുത്ഥാനം (regenaration). ഡാമിയൻ ഹിർസ്റ്റിന്റെ ശില്പത്തിൽ നിന്നു് സഹസ്രരശ്മികളുടെ കുതിരകൾ ഉയിർത്തെണീറ്റു് നാലുപാടും പായുന്നതുകാണാം.
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.