സിംലയ്ക്കടുത്തു് സനാവറി ൽ ഒരു ചിത്രകലാദ്ധ്യാപകനായിക്കഴിയുമ്പോൾ റോബർട്ട് എന്നൊരു ജർമ്മൻ വിദ്യാർത്ഥി എന്നെ കാണുവാൻ വരാറുണ്ടായിരുന്നു. തോളിലൊരു കറുത്തസഞ്ചി (റക് സാക്ക്) ഘടിപ്പിച്ചു് കൂനിക്കൂനി കുന്നുകയറി അയാൾ വരും. ഒരുപാടു് സഞ്ചരിക്കുന്ന സ്വഭാവമുള്ള അയാൾ ഇന്ത്യയിൽ രണ്ടു വർഷത്തോളമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന അയാൾ ഞാൻ താമസിച്ചിരുന്ന സ്ഥലം ഒരിടത്താവളമാക്കും. ഒന്നിലും ധൃതികാണിക്കാതെ രാത്രി ഒരുപാടു നേരം സംസാരിച്ചിരിക്കും. ഇംഗ്ലീഷ് അധികം വശമില്ലാത്തതു കൊണ്ടു് അയാൾ വിഷമിച്ചു് മെല്ലെ പറയുന്ന വാചകങ്ങൾക്കു് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. പുലരാറാവുമ്പോൾ എനിക്കു വളരെ ഇഷ്ടപ്പെട്ട പാട്ടുകാരനായ പോൾ റോബ്സ ന്റെ പാട്ടുകൾ അയാൾ അനുകരിച്ചു പാടും.
ഇടയ്ക്കു് അയാൾ വരയ്ക്കാറുണ്ടായിരുന്ന ചിത്രങ്ങൾ എന്നെ കാണിക്കും. അതിന്റെ പ്രതികരണവും ഉടനെ ആവശ്യപ്പെടും. സഞ്ചാരത്തിനിടയിലെ കാഴ്ചകളാണു് പേഴ്സ്പെക്ടീവും മറ്റും തെറ്റിച്ചു് റോബർട്ട് വരയ്ക്കുക. മിക്കവാറും ഒഴിഞ്ഞ പാതകൾ. പാതകൾക്കിരുവശത്തുമായി കാണാൻ കഴിയുന്ന ഹോർഡിങ്ങുകളും വൈദ്യുതിക്കാലുകളും മരങ്ങളും. മനുഷ്യരൂപങ്ങൾ മനഃപൂർവ്വം എന്നപ്പോലെ ചിത്രങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. ശ്രദ്ധിച്ചു് വരച്ചിട്ടുള്ളവയെങ്കിലും ഘടനതെറ്റിയ ആ ദൃശ്യങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥമാക്കുവാൻ പര്യാപ്തമായിരുന്നു. കണ്ടുതീരുമ്പോൾ റോബർട്ട്, ചിത്രങ്ങൾ വിലപിടിച്ച രേഖകൾ എന്ന പോലെ സൂക്ഷിച്ചു തിരികെ വാങ്ങി സഞ്ചിയിൽ തിരുകിവയ്ക്കും. ‘എന്തു കൊണ്ടു് നിങ്ങൾ മനുഷ്യരൂപങ്ങൾ വരയ്ക്കുന്നില്ല?’എന്ന ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി.

“ഞാൻ വിമ്മിന്റെ ഒരാരാധകനാണു്” കൂടുതൽ ചോദ്യങ്ങളുമായി വളയാനാരംഭിക്കുന്നതിനു മുമ്പു തന്നെ അയാൾ വ്യക്തമായിപ്പറഞ്ഞു. “വിം വെന്റേഴ്സ്… ജർമ്മൻ സിനിമാ സംവിധായകൻ!”
തന്റെ നീണ്ടയാത്രകളുടെ തുടക്കം വിം വെന്റേഴ്സി ന്റെ സിനിമകളിൽ നിന്നാണു് എന്നു് റോബർട്ട് തുടർന്നു പറഞ്ഞു. ജർമ്മനിയിൽ ചിത്രകലയിൽ പരിശീലനം നേടിയിട്ടുള്ള റോബർട്ട് തൊപ്പിവെച്ചു് സുന്ദരമായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന വിം വെന്റേഴ്സിന്റെ ഒരു ചിത്രം എടുത്തു കാണിക്കുകയും ചെയ്തു.
വിം വെന്റേഴ്സിന്റെ “ഇച്ഛയുടെ ചിറകുകൾ ” എന്ന ഒറ്റചിത്രമേ ഞാനന്നു കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സഞ്ചാരകൃതികളുമായി അടുപ്പത്തിലാവുന്നതു് ഈ അടുത്തകാലത്തു് മാത്രമാണു്. അവ റോബർട്ടിന്റെ പ്രകൃതിദൃശ്യചിത്രങ്ങൾ ഓർമ്മയിൽ കൊണ്ടുവന്നു. റോബർട്ട് കൊണ്ടു നടക്കാറുണ്ടായിരുന്ന സിഗരറ്റു പാക്കറ്റുകളും ‘ഹോളിവുഡ്’ എന്നു് വെളുത്ത അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബനിയനും ഇരുട്ടിൽത്തെളിയുന്ന സിനിമാപ്രതീകങ്ങൾപോലെ മനസ്സിൽ കത്തിനിന്നു. സഞ്ചാരിയായ റോബർട്ടിന്റെ ശാന്തമല്ലാത്ത മുഖവും.
സഞ്ചാരികളായ മനുഷ്യരുടെ ദൃശ്യാനുഭവങ്ങളാണു് വിം വെന്റേഴ്സിന്റെ സിനിമകൾ. അപൂർവ്വമായി മാത്രം ‘കഥ’ പറഞ്ഞിട്ടുള്ള വെന്റേഴ്സ്, യാത്രകഴിഞ്ഞ ചിത്രകാരൻ കൊണ്ടു വരുന്ന രേഖാചിത്രങ്ങൾ എന്ന പോലെ അടുക്കും ചിട്ടയുമില്ലാത്ത അനുഭവങ്ങൾ നിരത്തുന്നു. ഏകാകികളായ യാത്രക്കാർ; അവർ കണ്ട നാടുകളെക്കുറിച്ചു് മനുഷ്യമുഖങ്ങളെക്കുറിച്ചു് നടത്തുന്ന ആത്മഭാഷണങ്ങളാണു് വെന്റേഴ്സ് സിനിമയിൽ രേഖപ്പെടുത്തുന്നതു്.
സിനിമ മറ്റേതു കലയും പോലെ യാഥാർത്ഥ്യത്തിൽ ഊന്നുന്നു എന്നു് വെന്റേഴ്സ് വിശ്വസിക്കുന്നു. സിനിമ എന്ന മാധ്യമം പ്രാഥമികമായ ഒരു രൂപം മാത്രമാണെന്നും, ഷൂട്ടു ചെയ്യുമ്പോൾ വളരെക്കൂടുതൽ കാണുകയും കുറച്ചു ചിന്തിക്കുകയും ആണു് താൻ ചെയ്യുന്നതെന്നും വെന്റേഴ്സ് പറയുന്നു. (‘ലോജിക് ഓഫ് ഇമേജസ് ’ എന്ന പുസ്തകം) താൻ തന്നെ ആവിഷ്ക്കരിക്കുന്ന ചിഹ്നബിംബങ്ങളിലേക്കും ബാഹ്യയാഥാർത്ഥ്യത്തിലേക്കും ഒരേ സമയം കണ്ണുതുറക്കുന്ന വിശകലന രീതിയിലൂടെ കലാകാരൻ എന്ന നിലയിൽ താനനുഭവിക്കുന്ന അസ്തിത്വ സംബന്ധിയായ പ്രശ്നങ്ങൾ കൂടി വെന്റേഴ്സ് തന്റെ സൃഷ്ടികളിൽ ആവിഷ്ക്കരിക്കുന്നു. ഇങ്ങിനെ കാഴ്ചയുടെ തലത്തിൽ കലാകാരൻ നടത്തുന്ന ഇടപെടലുകളായി സിനിമ എന്ന മാധ്യമം മാറുന്നു.
ഫോട്ടോഗ്രാഫിയുടെ വിപുലമായ ഉപയോഗത്തിലൂടെ മാറിപ്പോയ പുത്തൻ നഗരസംവിധാനത്തിന്റെ കാഴ്ചകൾ വിം വെന്റേഴ്സ് തന്റെ സൃഷ്ടികളിൽ ആവിഷ്ക്കരിക്കുന്നു. പ്രസരണ സന്നദ്ധമായ ഈ പുതു കാഴ്ചകളെ അപഗ്രഥിക്കുക വഴി സമകാലീനമായ ഒരു ചലച്ചിത്ര ഭാഷയിലേക്കു് കാഴ്ചക്കാരെ അദ്ദേഹം ആനയിച്ചു നിർത്തുകയാണു്.
സിനിമ ഇന്നു നേരിടുന്ന ഭീകരമായ പ്രതിസന്ധികളെ തിരിച്ചറിയുന്ന സംവിധായകർ, തങ്ങൾക്കു തന്നെ അജ്ഞാതമായ വിഭ്രാന്ത ലോകങ്ങളിലേക്കു് നാടുകടത്തപ്പെട്ട ഹതാശരായ വ്യക്തികൾ—ഇങ്ങനെ നാടുകടത്തപ്പെട്ടവരും, സ്വയം അലയുന്നവരുമായ ഒരുപാടു് കഥാപാത്രങ്ങൾ വെന്റേഴ്സിന്റെ സിനിമകളിലുണ്ടു്. ഈ കഥാപാത്രങ്ങളുടെ നിരന്തര യാത്രയിലൂടെ സമൂഹത്തിൽ പ്രവർത്തനക്ഷമമായ ദൃശ്യ-ശ്രാവ്യതലങ്ങളിൽ കാര്യമായി ഇടപെടുന്ന മാധ്യമ വ്യവസ്ഥയുടെ, മനുഷ്യാവസ്ഥയുടെ ഒരു സൂക്ഷ്മ ചരിത്രം രേഖപ്പെടുത്തുകയാണു് വെന്റേഴ്സ്.

യാത്ര, തങ്ങളുടെ വീടുകൾ കണ്ടെത്തുവാൻ മനുഷ്യർ, നടത്തുന്ന അലച്ചിലാണു്. യാത്രകൾ അപരനുമായി വിനിമയത്തിനായുള്ള ഇച്ഛകളായിട്ടാണു് കലാസൃഷ്ടികളിൽ പൊതുവെ പ്രത്യക്ഷപ്പെടാറുള്ളതു്. ആശയവിനിമയത്തിന്റെ അസാദ്ധ്യതകൾ തിരിച്ചറിയുന്ന കഥാപാത്രങ്ങളെ ആവിഷ്ക്കരിക്കുവാനായി സഞ്ചരിക്കാറേയില്ലാത്ത കഥാപാത്രങ്ങളെ മുറിയ്ക്കുള്ളിലോ, നിയന്ത്രിതമായ സ്ഥലത്തിനുള്ളിലോ തളച്ചിടുന്ന സാമുവേൽ ബക്കറ്റി നെപ്പോലുള്ളവരുടെ സൃഷ്ടികളിൽ ‘യാത്ര’ ഒരു വിദൂര സ്മരണ മാത്രമായി ഒടുങ്ങുന്നു. വർത്തമാനത്തിൽ കഥാപാത്രങ്ങൾക്കു നീങ്ങാൻ കഴിയുന്നതേയില്ല. ഇതിന്റെ വിരുദ്ധപ്രകൃതിക്കാരനാണു് വെന്റേഴ്സിന്റെ കഥാപാത്രങ്ങൾ. സ്വന്തം സ്വത്വത്തിലേക്കു് ഉണരുവാനായി രാജ്യത്തിന്റെ അതിർത്തിയിലേക്കു വരെ അവർ സഞ്ചരിക്കുന്നു. അദ്ദേഹത്തിന്റെ ചില സിനിമകളിൽ അവർ പരദേശങ്ങളിൽ അലയുന്നതു് സ്വന്തം ദേശത്തിലേക്കും കലയിലേക്കും തിരിച്ചു ചെല്ലുവാനായിട്ടാണു്.

‘തെരുവിലെ രാജാക്കന്മാരി ൽ’ കഥയില്ല. സഞ്ചാരമേയുള്ളൂ. സിനിമയുടെ ഭൂരിഭാഗവും വാഹനത്തിനുള്ളിലിരുന്നു കാണുന്നതു പോലെ വിൻഡ് സ്ക്രീനിലെന്ന പോലെയാണു് പ്രത്യക്ഷപ്പെടുന്നതു്. രണ്ടു പേരാണു് യാത്രക്കാർ. കേടു വന്ന സിനിമാ പ്രോജക്റ്ററുകൾ നന്നാക്കുന്ന ഒരുവനും ഭാഷയിലും കുട്ടികളുടെ മനഃശ്ശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന മറ്റൊരാളും. ജർമ്മനിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീണ്ടുകിടക്കുന്ന തെരുവുകളിലൂടെ സിനിമാതീയ്യേറ്ററുകളിൽ നിന്നും സിനിമാതീയേറ്ററുകളിലേക്കു് അവർ സഞ്ചരിക്കുന്നു. യാത്രയിൽ ‘സംഭവിക്കുന്ന’ ചെറിയ, വലിയ കാര്യങ്ങളിലൂടെയും, യുദ്ധാനന്തര ജർമ്മനിയിൽ ചിതറിക്കിടക്കുന്ന അമേരിക്കൻ സംസ്ക്കാരത്തിന്റെ ചിഹ്നബിംബങ്ങളിലൂടെയും വണ്ടിയോടിക്കുന്ന ഇവർ യാത്ര നിർത്തുന്നതേയില്ല. കഥാപാത്രങ്ങൾ ഇടയ്ക്കു് സന്ദർശിക്കുന്ന സിനിമാതീയേറ്ററുകൾ വർത്തമാനജീവിതത്തിന്റെ അഭിശപ്തഖണ്ഡങ്ങളായി പരിചയപ്പെടുത്തുന്നുണ്ടു്. ജർമ്മനിയുടെ ഈ ‘സ്വപ്നങ്ങൾ വില്ക്കുന്ന ഇരുട്ടറകളു’ടെ ഉടമസ്ഥരോടും നടത്തിപ്പുകാരോടും യഥാർത്ഥത്തിൽ ഒരു ഡോക്കുമെന്ററി സിനിമയിലെന്നപോലെ സംഭാഷണം നടത്തുന്ന ഈ ചിത്രം ജർമ്മൻ സിനിമയുടെ വർത്തമാനകാല സാമ്പത്തിക ചരിത്രം കൂടി രേഖപ്പെടുത്തുന്നുണ്ടു്.

ചിഹ്നങ്ങൾ മാത്രമായി ചുരുങ്ങിയ ജനജീവിതത്തിന്റെ അവശിഷ്ടങ്ങൾ വെന്റേഴ്സ് പരിശോധനയ്ക്കു് വിധേയമാക്കുന്നു. ‘തെരുവിലെ രാജക്കന്മാരി’ൽ കടയിൽ നിന്നു വാങ്ങാൻ കിട്ടുന്ന ഒരു മെഴുകുതിരി ഉപയോഗിച്ചിട്ടുണ്ടു്. ഹിറ്റ്ലറുടെ തലയുടെ രൂപത്തിലുള്ള ആ മെഴുകുതിരി ഒരാഭിചാരക്രിയയിലെന്നപോലെ കഥാപാത്രങ്ങൾ കത്തിച്ചു കാണിക്കുന്നു. ഈ മെഴുകുതിരിയുടെ വെളിച്ചത്തിൽ വർത്തമാനജീവിതത്തിന്റെ വൈരൂപ്യങ്ങൾ നമുക്കു കാണാം. ഇളകിയാടിക്കൊണ്ടിരിക്കുന്ന സ്വപ്നലോകത്തിന്റെ വൈവിധ്യങ്ങളിൽ ചരിത്രസത്യങ്ങൾ എങ്ങിനെ വികൃതമായി വിളക്കിച്ചേർത്തിരിക്കുന്നുവെന്നു് ഈ ചെറിയ ദൃശ്യഖണ്ഡം കാണിച്ചു തരുന്നുണ്ടു്.
പരിഷ്ക്കൃതിയുടെ സ്ഥലകാലങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ കഥാപാത്രങ്ങൾ നേരിടുന്ന ആന്തരിക സന്ദേഹങ്ങളിൽ ആത്മനിഷ്ഠമെന്നു തോന്നാവുന്ന പലതും വെന്റേഴ്സ് കൂട്ടികലർത്തുന്നുണ്ടു്. കഥാപാത്രങ്ങളുടേയും, പ്രധാനസംഭവങ്ങളുടേയും മുഖ്യ സ്വഭാവത്തിൽ നിന്നു മാറി അപ്രധാനമെന്നു തോന്നാവുന്ന ഒരു പ്രവൃത്തിയോ, ദൃശ്യമോ ഒരു സീക്വൻസിനുള്ളിൽ ഒരുക്കിയിരിക്കുന്നതു് വെന്റേഴ്സിന്റെ എല്ലാ ചിത്രങ്ങളിലും കാണാം. പ്രൊജക്ടർ നന്നാക്കുവാൻ തീയ്യേറ്ററിലെത്തുന്ന മുഖ്യകഥാപാത്രവും കുട്ടികളുടെ മനഃശ്ശാസ്ത്ര ഗവേഷകനും സ്ക്രീനിൽത്തെളിയുന്ന നിഴലുകളാവുന്നുണ്ടു് സിനിമയിൽ. സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്ന കുട്ടികൾ നിഴലുകൾ കണ്ടുകൈയടിക്കുന്നതും പിന്നീടു് കൈയടിയ്ക്കു് വേണ്ടി കഥാപാത്രങ്ങൾ തങ്ങളുടെ നിഴലുകൾ നൃത്തം ചെയ്തു കാണിക്കുന്നതും ഇത്തരത്തിലുള്ള അപ്രധാനസംഭവങ്ങളാണു്. എന്നാൽ ഇതിലൂടെ സിനിമയുടെ ചരിത്രത്തിലെ ആദ്യകാല നിഷ്കളങ്കതയെ വെന്റേഴ്സ് തന്റെ ചിത്രത്തിലേക്കു് കൂട്ടിക്കൊണ്ടുവരുന്നുണ്ടു്.


പാതകൾ (Roads) ഹോളിവുഡ് സിനിമകളിൽ പോലും ഒരു ഭൗതികസാന്നിദ്ധ്യം എന്നതിൽക്കവിഞ്ഞു് പ്രാധാന്യമുള്ളൊരു ചിഹ്നമാണു്. പ്രവാഹത്തിന്റെ പ്രതീകമാണതു്. ഹോളിവുഡ് സിനിമകളിൽ സാഹസികതയുടേയും, അന്വേഷണത്തിന്റേയും, അപകടങ്ങളുടേയും, രക്ഷപ്പെടലിന്റേയും നിരന്തരസാന്നിദ്ധ്യം പാതകളിലാണു്. ചിഹ്നബിംബങ്ങളുടെ ഒടുങ്ങാത്ത സമുദ്രമായി പാതകളെ വെന്റേഴ്സ് തിരിച്ചറിയുന്നു. ഈ പാതകളിലൂടെ വെന്റേഴ്സിന്റെ കഥാപാത്രങ്ങൾ വിവിധ തരത്തിലുള്ള വണ്ടികളോടിക്കുന്നു. ഇടയ്ക്കു് കേടുവരുന്നവയും പലപ്പോഴും അനുസരണയില്ലാത്തവയുമായ വാഹനങ്ങൾ. ചില ചിത്രങ്ങളിൽ വാഹനത്തിനുള്ളിൽത്തന്നെ താമസിച്ചു യാത്രചെയ്യുന്നവരാണു് കഥാപാത്രങ്ങൾ. വണ്ടിയിലൊഴിക്കുവാനായി വെള്ളമില്ലാത്തതിനാൽ അമേരിക്കൻ കോളയൊഴിച്ചു് വണ്ടിയോടിക്കുന്നുണ്ടു് ‘ലിസ്ബൻ സ്റ്റോറി’യിലെ ഒരു കഥാപാത്രം.

ഡച്ചു ചിത്രകാരൻ റെംബ്രാന്റി ന്റെതായിക്കരുതപ്പെടുന്ന ഒരു ഓയൽ പെയിന്റിംങുണ്ടു്. ‘മുടിയനായ പുത്രന്റെ തിരിച്ചുവരവു്’; ഒരു തണൽ വൃക്ഷംപോലെ നിൽക്കുന്ന പിതാവിന്റെ അരുകിൽ മുട്ടുകുത്തി നിൽക്കുന്ന യുവാവായപുത്രന്റെ പിൻഭാഗമാണു് ചിത്രത്തിൽ കാണാൻ കഴിയുക. റെംബ്രാന്റിന്റെ കൈയൊപ്പുകളായ വെളിച്ചക്രമീകരണവും ആത്മീയച്ഛായയുള്ള അന്തരീക്ഷവും ചിത്രത്തിലുള്ളതുകൊണ്ടു് അദ്ദേഹം വരച്ചതുതന്നെ എന്നു പല കലാചരിത്രകാരന്മാരും കരുതുന്ന ഈ മഹത്തായ സൃഷ്ടിയിൽ മുടിയനായ പുത്രന്റെ കാലുകൾ കാഴ്ചക്കാർ ശ്രദ്ധിക്കുവാനായിത്തന്നെ ഒരു കേന്ദ്രബിംബം എന്ന നിലയിൽ ചിത്രീകരിച്ചിരിക്കുന്നു. അലഞ്ഞു നടന്ന ആ കാലുകൾ പൊതിഞ്ഞ കീറിപ്പറിഞ്ഞ ചെരുപ്പുകൾ അശാന്തമായ അലച്ചിലിന്റെ അടയാളങ്ങൾ കാണിക്കുന്നു. ആ ചെരുപ്പിൽ കാരുണ്യമില്ലാത്ത ഒരു ഭൂഖണ്ഡത്തിന്റെ വിസ്തൃതമായ ഭൂപടം നമുക്കു കാണാം.

ഒരു ചിത്രകാരനായി ജീവിതമാരംഭിച്ച വെന്റേഴ്സിനു താൻ സിനിമകളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ സാമൂഹ്യഘടനയിലെ സങ്കീർണ്ണതകൾ പ്രതിഫലിപ്പിക്കുവാൻ കഴിയുന്നുണ്ടു്. വാങ്മയത്തിലും ദൃശ്യാത്മകതയിലും ചിട്ടപ്പെടുത്തിയ ആധുനിക ചിഹ്നബിംബ നിർമ്മിതിയുടെ അടിസ്ഥാനരൂപങ്ങളെ ഒരു രണ്ടാം കാഴ്ചയ്ക്കു് അദ്ദേഹം സന്നദ്ധമാക്കുന്നു. ടെലിഫോൺ, ന്യൂസ്പേപ്പറുകൾ, ടെലിവിഷൻ, റേഡിയോ, റിക്കോഡ് പ്ലയറുകൾ, ടേപ്പ് റിക്കോഡുകൾ, കൈയ്യെഴുത്തുകൾ, പെയിന്റിംങുകൾ എന്നിവയുടെ ദൃശ്യവിശദാംശങ്ങൾ പലതവണയായി സിനിമയിൽ കൂട്ടിച്ചേർക്കപ്പെടുന്നു, ഇങ്ങനെ യുദ്ധാനന്തര ജർമ്മനിയുടെ ഭീകരമുഖം സാവധാനം കെട്ടിയുയർത്തുകയാണു് വെന്റേഴ്സ്. പലപ്പോഴും അമേരിക്കൻ മൂലധനം കയ്യേറിയ ജർമ്മൻ സിനിമയുടെ തന്നെ വിശകലനത്തിലൂടെ.
“ദൃശ്യബിംബങ്ങളിലൂടെ കഥ പറയുക; വിചിത്രമെന്നു പറയട്ടെ, ഞാൻ ഒരിക്കലും അതിൽ വിശ്വസിച്ചിരുന്നില്ല. ഒരു പക്ഷേ, ദൃശ്യബിംബങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതായി തോന്നുന്നതു് കൊണ്ടാവണം, പലപ്പോഴും അവ കണ്ടെത്തുവാനുള്ള പ്രാഥമിക പാഠം മാത്രമായി എനിക്കു കഥ.” വിം വെന്റേഴ്സ് ഒരിക്കൽ വിശദീകരിച്ചിരുന്നു.

ജാപ്പാനീസ് സിനിമാസംവിധായകൻ യസുജിറോ ഒസു വിന്റെ ചിത്രങ്ങളിലെ വസ്തുനിഷ്ഠയിലൂന്നിയ ലാളിത്യം വെന്റേഴ്സിനെ ആകർഷിച്ചിട്ടുണ്ടു്. ക്യാമറയുടെ സ്ഥാനം മുൻകൂട്ടി ഉറപ്പിച്ചു നിർമ്മിക്കുന്ന ഒസുവിന്റെ അതിഗംഭീരമായ ഷോട്ടുകൾ, കഥാഘടനയിൽ നിന്നു് മാറി നില്ക്കുന്ന ശൂന്യമായ സ്പേസ്, കാലത്തെ ഓരോ ഫ്രെയിമിലേക്കും ആനയിക്കുവാനുള്ള കഴിവു് എന്നിവ വെന്റേഴ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നു് തോന്നുന്നു. തന്റെ ‘ഒരേയൊരു ഗുരു’ എന്നാണു് വെന്റേഴ്സ് ഒസുവിനെ വിലയിരുത്തുന്നതു്. ഒസുവിന്റെ ചിത്രങ്ങളിലേക്കും, അദ്ദേഹത്തിന്റെ നാടായ ജപ്പാനിലേക്കുമുള്ള സഞ്ചാരമാണു് വിം വേന്റെഴ്സിന്റെ ‘ടോക്കിയോ ഗാ ” എന്ന ചലച്ചിത്രം.

ഒസു അമ്പത്തിനാലു ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ഇരുപതുകളിൽ നിശ്ശബ്ദ ചിത്രങ്ങളും മുപ്പതുകളിലും നാൽപതുകളിലും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും അവസാനമായി 1963-ൽ അദ്ദേഹം മരണമടയുന്നതു് വരെ കളർ ചിത്രങ്ങളും ഒസു നിർമ്മിച്ചു. അദ്ദേഹത്തിന്റെ കലയുടെ പ്രത്യേകതകളിലൂടെ സഞ്ചരിക്കുന്ന വെന്റേഴ്സ് കാണുന്നതു് ഒസുവിന്റെ സ്വന്തം നഗരമായ ടോക്കിയോയുടെ സമകാലീന മുഖമാണു്. ടോക്കിയോ നഗരത്തിലെ ആധുനിക യാത്രാ സംവിധാനങ്ങൾ കഴിയുന്നത്ര ‘ടോക്കിയോ ഗാ’യിൽ കാണിക്കുവാൻ വെന്റേഴ്സ് ശ്രമിച്ചിട്ടുണ്ടു്. കാറുകൾ, വിമാനങ്ങൾ, ബസുകൾ, മോട്ടോർ ബോട്ടുകൾ, സൈക്കിൾ, ഫെറി, ട്രെയിൻ, ഭൂമിതുരന്നു നിർമ്മിക്കുന്ന സബ്വേകൾ, എന്നിങ്ങനെ. ഫ്രെയിമിന്റെ ഇരുവശങ്ങളിലേക്കും പായുന്ന ഈ വാഹനങ്ങളുടെ ഇരമ്പത്തിനിടയിൽ വർഷങ്ങൾക്കു് മുൻപു് ഒസു നിർമ്മിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്നു് ഒരു തീവണ്ടി കുതിച്ചു പായുന്നതു് കാണാം.

ഒസുവിന്റെ നഗരത്തിൽ ഇന്നു് വിചിത്രമായ ഒരു ഫാക്ടറിയുണ്ടു്. അവിടെ എല്ലാം ആരംഭിക്കുന്നതു് യഥാർത്ഥ ഭക്ഷണ വസ്തുക്കളിൽ നിന്നു് അച്ചുകൾ തയ്യാറാക്കി മെഴുകിൽ വാർത്തെടുത്ത കൗതുക വസ്തുക്കളാണു് ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നതു്. ഭക്ഷണസാധനങ്ങളുടെ അനേകപ്പതിപ്പുകൾ തികഞ്ഞ ശ്രദ്ധയോടെ മെഴുകിൽ ഉത്പാദിപ്പിക്കുന്നു. ഈ ഭക്ഷണ നിർമ്മാണ ശാലയുടെ ദൃശ്യവിശദാംശങ്ങൾ നമുക്കു തരുന്നതിലൂടെ ഒസുവിന്റെ സിനിമകൾക്കു് സമാന്തരമായി വെന്റേഴ്സ് സഞ്ചരിക്കുന്നു.

“വസ്ത്രങ്ങളെയും നഗരങ്ങളെയും കുറിച്ചുള്ള കുറിപ്പുകൾ ” എന്ന ചിത്രം ലോക പ്രസിദ്ധ ജാപ്പാനീസ് ഫാഷൻ ഡിസൈനറായ യോജി യമാമോട്ടൊയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചിഹ്നബിംബങ്ങളുടെ നിലനില്പിനെ കുറിച്ചുള്ള ഉത്കണ്ഠ നിറഞ്ഞ ഒരന്വേഷണവുമാണു്. യാമോമോട്ടോ വസ്ത്രത്തിനു് അളവെടുക്കുന്നതും തുണിമുറിക്കുന്നതും മറ്റു ചലച്ചിത്രനിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളുമായി സാമ്യമുള്ള ഒരു പണിയാണെന്നു് ഈ സിനിമ ആദ്യമേ തന്നെ സ്ഥാപിക്കുന്നുണ്ടു്. യമോമോട്ടയുടെ അളവുകളെയും ആകൃതികളെയും കുറിച്ചുള്ള കണിശങ്ങൾ ചലച്ചിത്രനിർമ്മാണത്തിനാവശ്യമായ സൂക്ഷ്മതകളുമായി ബന്ധിപ്പിക്കുന്ന ഒരുപാടു് ദൃശ്യങ്ങൾ ഈചിത്രത്തിലുണ്ടു്. ഈ ചിത്രത്തിലെ സ്വീക്വൻസുകൾ രണ്ടായി പകുത്താൽ ഒരു വിഭാഗം വെന്റേഴ്സിന്റെ തന്നെ കലാജീവിതത്തിന്റെ സങ്കീർണ്ണതകൾ തന്നെയാണു് പരിശോധിക്കപ്പെടുന്നതു് എന്നു കാണാം. കലാകാരന്റെ സ്വത്വസ്വാതന്ത്ര്യത്തെക്കുറിച്ചു ദൃശ്യസൂചകങ്ങളിലൂടെ നടത്തുന്ന ഈ അന്വേഷണത്തിൽ കറുത്ത വസ്ത്രം ധരിച്ച, ചെറിയകണ്ണുകളും, ചുരുളൻ മുടിയുമുള്ള യമോമോട്ടോയുടെ താത്പര്യങ്ങളും ആശങ്കകളും തെളിഞ്ഞു വരുന്നതു് കാണാം. ഫ്രെയിമുകൾ പലതായി വിഭജിച്ചു് ചലിക്കുന്നവയും അല്ലാത്തവയുമായ വിരുദ്ധബിംബങ്ങൾ നിരത്തി വെന്റേഴ്സ് നിർമ്മിച്ചിരിക്കുന്ന ദൃശ്യങ്ങൾ തികച്ചും സമകാലീനമായ ഭാഷയാൽ തീർത്തിട്ടുള്ളവയാണു്.
അമേരിക്കൻ സിനിമയോടു് മധുരവും, കയ്പും നിറഞ്ഞ അഭിനിവേശം വെന്റേഴ്സിന്റെ സിനിമകൾ പ്രകാശിപ്പിക്കുന്നുണ്ടു്. അമേരിക്കയിൽ നിർമ്മിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങളും, എലക്ട്രോണിക്കൽ ഉപകരണങ്ങളും, വേദനാസംഹാരികളും, വസ്ത്രങ്ങളും, വിറ്റഴിക്കപ്പെടുന്നതു് ജനങ്ങളുടെ ബോധത്തിൽ ബിംബരൂപേണ സന്നിവേശിപ്പിക്കുന്ന പ്രത്യയശാസ്ത്ര മിത്തുകളിലൂടെയാണു്. ഈ മിത്തുകൾ സിനിമയിൽ പകരുന്ന വ്യാജമായ ആനന്ദത്തിന്റെ യുക്തിഹീനതയെ സമകാലീനമായ ഒരു ഭാഷ കൊണ്ടു ചെറുക്കുകയാണു് വെന്റേഴ്സ്. ഹോളിവുഡ് സ്ഥിതിചെയ്യുന്ന ലോസ് ഏഞ്ചൽസു തന്നെ ഒരു പ്രതീകമായി വെന്റേഴ്സ് സിനിമയിൽ പ്രയോഗിക്കുന്നു. ‘സ്റ്റേറ്റ് ഓഫ് തിംഗ്സ് ’ എന്ന ചിത്രത്തിലെ ‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ നിർമ്മാണത്തിനു പണം വരുന്നതു് ലോസ് ഏഞ്ചൽസിൽ നിന്നാണു്. ജർമ്മൻ ജനതയുടെ സ്വപ്നങ്ങൾ അടക്കി വാഴുന്ന ഉന്മാദ പ്രതീകമായി അമേരിക്കയെ സിനിമയിൽ പ്രയോഗിക്കുന്നു. ഇതിനായി പലപ്പോഴും അമേരിക്കൻ സിനിമകളിൽ നിന്നുതന്നെ ആശയങ്ങളും ബിംബങ്ങളും വെന്റേഴ്സ് കടമെടുക്കുന്നു. ഇതേക്കുറിച്ചു് അദ്ദേഹം പറയുന്നതിങ്ങനെയാണു്.
“അമേരിക്കൻ സിനിമകളിൽ നിന്നു് ഞാൻ ഒരു പാടു് മോഷ്ടിച്ചിട്ടുണ്ടു്. കള്ളന്മാരിൽ നിന്നു മോഷ്ടിക്കുക വളരെയെളുപ്പമാണു്!”
ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട യാത്രക്കാരൻ റോബർട്ട് ജർമ്മനിയിലേക്കു് തിരിച്ചു പോകുന്നതിനു മുമ്പായി എന്റെ താമസസ്ഥലത്തു് വന്നിരുന്നു. ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങൾ കൂടി സന്ദർശിച്ചു കഴിഞ്ഞിരുന്ന റോബർട്ടിനു് മടങ്ങിപ്പോകുവാൻ മനസ്സുണ്ടായിരുന്നില്ല. “ഇവിടെ എല്ലായിടത്തും ജീവിതം ഞാൻ കാണുന്നു”. അയാൾ പറഞ്ഞു. ജർമ്മനിയിൽ ജീവിതമില്ലേ എന്നു് ഞാൻ ചോദിച്ചില്ല. ഞങ്ങൾക്കിടയിൽ “നൈറ്റ് ആൻഡ് ഫോഗ് ” എന്ന ചലച്ചിത്രത്തിലെ ദാരുണദൃശ്യങ്ങൾ പൊടുന്നനെ മിന്നിമറിഞ്ഞു കൊണ്ടിരുന്നു.

റോബർട്ടിന്റെ കറുത്ത റക്സാക്കിൽ നിന്നും പുറത്തേക്കു് തള്ളി നിന്ന കടലാസ്സുചുരുളുകൾ അയാൾ വരച്ച വലിയ ചിത്രങ്ങളായിരിക്കുമെന്നു കരുതിയതു് തെറ്റി. ആ ചുരുളുകൾ പലതരത്തിലുള്ള മാപ്പുകളായിരുന്നു. ബനാറസ്സിലും, പുരിയിലും പരമ്പരാഗത ശൈലിയിൽ വരച്ചു് നിറം കൊടുത്ത സ്ഥലനാമങ്ങളടങ്ങിയ ചിത്രച്ചുരുളുകൾ മുതൽ ഇന്ത്യയുടെ ആധുനിക ഭൂപടം വരെ. ദരിദ്രന്റെ കൈരേഖകൾ പോലെ എവിടെയുമെത്താതെ കലങ്ങിക്കുരുങ്ങിയ ഭൂപടരേഖകളിൽ കണ്ണുകൾ സഞ്ചരിച്ചുകൊണ്ടിരുന്നു. ആ രേഖകളിൽ ഹാരപ്പൻ കളിമൺ പ്രതിമകൾ മുതൽ കൊക്കക്കോല ബോട്ടിലുകൾ വരെ എനിക്കു് കാണാൻ കഴിഞ്ഞു.
- Paul Robeson 1895-ൽ ന്യൂജേർസിയിൽ ജനിച്ച അമേരിക്കൻ നീഗ്രോ ഗായകൻ.
- Wings Of Desire (1987) Wim Wenders.
- The Logic Of Images; Essays And Conversations, Wim Wenders.
- Kings Of The Road (1976).
- Lisbon Story (1995) Wim Wenders.
- The Return Of The Prodigal Son (C 1665) Hermitage Museum, Geningrad.
- Tokyo-Ga (1985) Wim Wenders.
- Notes On Cities And Clothes (1989) Wim Wenders.
- The State Of Things (1982) Wim Wenders.
- Night And Fog (1950)Alain Resnais.
(ചിത്രങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ധമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.