
“നൂറുപുഷ്പങ്ങൾ വിരിയട്ടെ
നൂറു ചിന്താസരണികൾ
ഒന്നിച്ചു മത്സരിക്കട്ടെ”
–മാവോ
വെളുത്ത കുടകൾ നീർത്തിയിട്ടിരിക്കുന്ന ടിയാനെൻമെൻ സ്ക്വയറിലെ ആൾക്കൂട്ടം. ചൈനയിലെവിടെയും എന്തിനും എപ്പോഴും കാവൽനില്ക്കുന്ന പൊലീസുകാർ. “ഒരു നേർത്ത വരമാത്രമോ?” എന്നു് സംശയിച്ചേക്കാവുന്ന കണ്ണുകളുള്ള കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖങ്ങൾ, ചുവന്ന കൊടികൾ, ചുവന്ന ചെറുപുസ്തകം, വാസ്തുശില്പവും അതു് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും അനേകായിരം സൈക്കിളുകൾ ഓടിമറയുന്ന തെരുവോരങ്ങളിലെ വീടുകൾ, ചെറുപീടികകൾ, കല്ലിലുറച്ചു് ഭൂമിയിൽ ഉയർന്നുപൊങ്ങിയ നദിപോലെ വൻമതിൽ, തെരുവിലെ പാട്ടു്, നൃത്തം, ഉറുമാൽവീശലുകൾ, ആസ്പത്രി, ഭക്ഷ്യസംസ്കരണശാലകൾ, ധാന്യപ്പുരകൾ, അങ്ങാടികൾ… എല്ലാറ്റിനും മീതെ പ്രസരിക്കുന്ന ചൈനയിലെ സൂര്യവെളിച്ചം.

1972-ൽ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ മൈക്കലാഞ്ചലോ അന്റോണിയോണി, Chung Kuo Cina എന്ന സിനിമയിൽ ചിത്രീകരിച്ചതു് ഇതൊക്കെയായിരുന്നു. യൂറോപ്പിലെ ഏറ്റവും സമർഥനായ സംവിധായകനായ അന്റോണിയോണിയെ പുതിയ ചൈനയെക്കുറിച്ചു് ഒരു സിനിമയെടുക്കുവാൻ ചൈനീസ് ഗവൺമെന്റ് ക്ഷണിച്ചതു് ഒരത്ഭുതമായിരുന്നു. ചൈനയിൽ, യൂറോപ്പിൽനിന്നുള്ള സുഹൃത്സന്ദർശനങ്ങൾതന്നെ നിർത്തലാക്കിയിരുന്ന കാലം. യൂറോപ്പിനെയും അമേരിക്കയേയും രണ്ടു് വൻപിശാചുക്കളായും വിലയിരുത്തുന്ന സമയം. Chung Kuo Cina എന്ന സിനിമ കണ്ടുകഴിഞ്ഞു് മാവോ തന്റെ അഭിപ്രായം പറഞ്ഞു: ‘എനിക്കിഷ്ടമായില്ല!’
അവിടന്നങ്ങോട്ടു് ചൈനീസ് ഭരണകൂടത്തിന്റെ നയപ്രഖ്യാപനങ്ങൾ തുരുതുരെ പുറത്തുവന്നു.
മൈക്കലാഞ്ചലോ അന്റോണിയോണി റഷ്യക്കാർക്കുവേണ്ടി നാവനക്കുന്ന പുഴുവാണു്.
‘സാമ്രാജ്യത്വ ശക്തികളുടെ വാലാട്ടിപ്പട്ടി.’
അടുത്ത മുപ്പതു വർഷത്തേക്കു് ആ സിനിമ ചൈനയിൽ നിരോധിക്കപ്പെട്ടു.
Chung Kuo Cina എന്ന സിനിമയിൽ അദൃശ്യനായ ഒരാഖ്യാതാവുണ്ടു്. സിനിമയുടെ സംവിധായകൻ എന്നുവേണമെങ്കിൽ പറയാം. ആ ശബ്ദം, സിനിമ ചൈനീസ് മുഖങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “ഈ സിനിമ ചൈനയിലെ ജനങ്ങളെക്കുറിച്ചാണു്. അവരാണു് ഈ സിനിമയിലെ യഥാർഥ നായകന്മാർ. ഞങ്ങൾ, ചൈനയെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ മനുഷ്യരുടെ മുഖങ്ങൾ, അംഗവിക്ഷേപങ്ങൾ, പെരുമാറ്റരീതികൾ എന്നിവ നിരീക്ഷിക്കുവാനാണു് ശ്രമിക്കുന്നതു്.”

ഉടൻതന്നെ ചൈനീസ് ഉദ്യോഗസ്ഥന്മാരുടെ മറുപടിയും വന്നു.
“ജനങ്ങളല്ല, ഞങ്ങൾ, ഭരണകൂടം, ഭരണകൂടം മാത്രമാണു് നായകർ!”
അന്റോണിയോണി പിന്നീടു് പറയുകയുണ്ടായി: “ചൈനയിൽ എല്ലാം ഞാൻ ചെയ്തതു് കൂടെയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമായിരുന്നു. ചിലപ്പോൾ എട്ടു് ഉദ്യോഗസ്ഥർ എന്നെ അനുഗമിച്ചിരുന്നു. നാൻകിൻ (Nankin) എന്ന ദേശത്തു് അതു് പതിന്നാലു പേരായി. അവരുടെ സാന്നിധ്യത്തിലല്ലാതെ ഞാനൊന്നും ചിത്രീകരിക്കുകയുണ്ടായിട്ടില്ല. എന്നിട്ടും ഭരണകൂടം സിനിമയ്ക്കും അന്റോണിയോണിക്കുമെതിരായി നടപടിയെടുത്തു. നിരത്തിൽ അദ്ദേഹത്തിനെതിരായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ചൈനയ്ക്കെതിരായ ഗൂഢാലോചനയുടെ പ്രധാന വക്താവായി അന്റോണിയോണി ചിത്രീകരിക്കപ്പെട്ടു. എണ്ണൂറു മില്യൻ വരുന്ന ചൈനക്കാരുടെ വെറുപ്പിനിരയായി ആന്റി കമ്യൂണിസ്റ്റും പ്രതിവിപ്ലവകാരിയും യൂറോപ്യൻ ചാരനുമായി അയാൾ വിലയിരുത്തപ്പെട്ടു.”

ഇരുന്നൂറ്റിയെട്ടു് മിനുട്ട് ദൈർഘ്യമുള്ള Chung Kuo Cina എന്ന സിനിമ മുപ്പതു വർഷങ്ങൾക്കു് ശേഷമാണു് ബെയ്ജിങ്ങിലെ സിനിമാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കുന്നതു്.
ഒരുകാലത്തു് പല നിറത്തിലും മണത്തിലുമുള്ള നാടൻ പുഷ്പങ്ങൾ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ചെയർമാൻ മാവോ. ദിവസേന പുഷ്പങ്ങൾ മണത്തുനോക്കുകയും താലോലിക്കുകയും ചെയ്യുമായിരുന്നു. കസേരയിലിരിക്കുന്നതു് ഒരു ശീലമായതിനുശേഷം പൂക്കളെ വെറുക്കാൻ തുടങ്ങി. പൂവുകളുടെ ഉദ്യാനങ്ങൾ നശിപ്പിക്കുക ശീലമായി. ഒരൊറ്റ പൂവുപോലും വിരിയരുതു് എന്നു് വാശിപിടിച്ചു. അതുകൊണ്ടു് ചൈനയിൽ വളരെക്കാലം പരമരഹസ്യമായിട്ടായിരുന്നു പൂക്കൾ വിരിഞ്ഞിരുന്നതു്.
ചൈനീസ് കലാകാരൻ, അയ് വേയി വേയി യുടെ (Ai Wei Wei) മിക്കവാറും കലാസൃഷ്ടികൾ ചൈനയിൽ സുലഭമായ വസ്തുക്കൾക്കൊണ്ടു് നിർമ്മിച്ചവയായിരുന്നു. മേശകൾ, കസേരകൾ, വാതിലുകൾ, ജനലുകൾ (ക്ഷേത്രങ്ങളിൽ നിന്നും പുരാതന ഗൃഹങ്ങളിൽ നിന്നും കണ്ടെടുത്തവ), മുത്തുകൾ, മാർബിൾ, ഈറ്റക്കഷണങ്ങൾ കല്ലുകൾ, തേയില…
ഇങ്ങനെ പലതും തരംതിരിച്ചു് തന്റെ രാഷ്ട്രീയാഭിപ്രായങ്ങൾക്കായുള്ള അടയാളങ്ങളാക്കി. അഥവാ, കഥാസൃഷ്ടികളായി പല കാലഘട്ടങ്ങളിൽനിന്നും അയാൾ വസ്തുക്കൾ കടംവാങ്ങി. തന്റെ കാലഘട്ടത്തിനപ്പുറത്തേക്കു്, ഭൂതകാലത്തിലേക്കു് ഒന്നും മടക്കിക്കൊടുത്തതുമില്ല. എന്നിട്ടു് മുന്നിലിരിക്കുന്ന സമകാലികതയെ അഭിമുഖീകരിച്ചു.

ആയിരം വർഷങ്ങൾ മുൻപുള്ള ക്വിങ് രാജവംശകാലത്തെ പോർസലൈൻ പാത്രങ്ങൾ വിലകുറഞ്ഞ വ്യാവസായിക ചായങ്ങൾ മുക്കി അയ് വേയി വേയി ഗ്യാലറികളിൽ പ്രദർശിപ്പിച്ചു. കൂട്ടത്തിൽ കൂടുതൽ വിലയുള്ളവ, പ്രദർശനശാലയിൽ കാണികളുടെ മുന്നിൽവെച്ചു് നിലത്തെറിഞ്ഞു് പൊട്ടിച്ചു. വിലപിടിപ്പുള്ള, രാജ്യത്തിനുതന്നെ അഭിമാനമായ പുരാതന വസ്തുക്കൾ അയാൾ തച്ചുടച്ചതെന്തിനാണു്? ചൈനയിലെ ഏതെങ്കിലും മ്യൂസിയത്തിൽ പ്രതിഷ്ഠിക്കാമായിരുന്ന ഈ അലങ്കാരവസ്തുക്കൾ വിലകുറഞ്ഞ മഞ്ഞയിലും ചുവപ്പിലും നീലയിലുംമുക്കി നാണംകെടുത്തിയതെന്തിനാണു്?
അയ് വേയി വേയിക്കു് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ചൈനയിലെ സാംസ്ക്കാരിക വിപ്ലവകാലത്തു് ഭരണകൂടം പഴയതെല്ലാം ഇടിച്ചുനിരത്തി പുത്തനാക്കിയിരുന്നു. എന്തിനായിരുന്നു അതു്? സാംസ്കാരിക വിപ്ലവം ഓർമകളെ ഇല്ലാതെയാക്കുന്ന ഒരാഭിചാരക്രിയയായിരുന്നു. തെരുവുകളിലൂടെ അപമാനിതരായി കവികളും കലാകാരന്മാരും കരകൗശല വിദഗ്ദ്ധരും കെട്ടിവലിക്കപ്പെട്ടു. അതിലൊരാളായ അയ് വേയി വേയിയുടെ പിതാവു് പ്രശസ്തകവിയായ ഐക്വിങ്, ലേബർക്യാമ്പിലെ മൂത്രപ്പുരകൾ വൃത്തിയാക്കുന്ന ജോലിയിലേർപ്പെട്ടു. എന്തിനായിരുന്നു അതു്?
അമേരിക്കയിലെ വേയിങ് ഗ്യാലറിയിൽ അയ് വേയി വേയി ക്വിങ് രാജവംശകാലത്തെ ഒരു പാത്രംകൂടി നിലത്തടിച്ചു് പൊട്ടിച്ചു.
ഇത്തരം കലാപ്രവർത്തനങ്ങൾക്കു് മുൻകൂർ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടു്. രണ്ടുവർഷം മുൻപു് ജൂലായ് മാസത്തിൽ, Fake Studio എന്നു് അയ് വേയി വേയി നാമകരണം ചെയ്തിട്ടുള്ള അയാളുടെ സ്റ്റുഡിയോ ഭരണകൂടം ഇടിച്ചുപൊളിച്ചു. പൊളിക്കാൻ വന്ന പൊലീസ് പറഞ്ഞതു് സ്റ്റുഡിയോ കെട്ടിടം നിയമാനുസൃതമല്ല എന്നാണു്.
ഗ്യാലറികളിൽ മിങ്, ക്വിങ് രാജവംശക്കാലങ്ങളിലെ പോർസലൈൻ പാത്രങ്ങൾ അയ് വേയി വേയി നിലത്തിട്ടു പൊട്ടിച്ചതുപോലെയായിരുന്നില്ല സ്റ്റുഡിയോ പൊലീസ് ഇടിച്ചുനിരത്തിയതു്.
നാലു് കൂറ്റൻ യന്ത്രങ്ങൾ കൊണ്ടുവന്നു് സ്റ്റുഡിയോ ആർഭാടമായിത്തന്നെ പൊളിച്ചുമാറ്റുകയായിരുന്നു. അയ് വേയി വേയി ഇതും കലയാക്കിമാറ്റി. സ്റ്റുഡിയോ പൊളിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ നൂറായിരംപേർക്കു് കാണാവുന്ന തരത്തിൽ ഇന്റർനെറ്റിലൂടെ, ഫോട്ടോഗ്രാഫുകളായും വീഡിയോ ദൃശ്യങ്ങളായും അയ് വേയി വേയി പ്രക്ഷേപണം ചെയ്തു.
അയാൾ പറഞ്ഞു:
“ഞാൻ കരുതിയതുപോലെ ഹാ… സംഹാരം ഇതിനോടകം കലയായിക്കഴിഞ്ഞിരിക്കുന്നു. കല പല പ്രകാരത്തിൽ സ്ഥിതിചെയ്യുന്നു. എന്താണു് കല? ശില്പനിർമാണത്തിന്റേതുമായ ഒരു കാലത്തിലേക്കു് നമ്മൾ തിരിച്ചുപോകണമെന്നാണോ? കുറഞ്ഞതു് ലക്ഷം പേരെങ്കിലും ഇന്റർനെറ്റിലൂടെ ഈ ഇടിച്ചുനിരത്തൽ കണ്ടിരിക്കണം. അവരുടെ കണ്ണിനു മുന്നിലേക്കാണു് ഞാനാ സംഭവത്തെ കൊണ്ടെത്തിച്ചതു്.”[1]
റോബർട്ട് ബ്രസ്സോണി ന്റെ (Robert Bresson) La Argent (Money) എന്ന സിനിമയിൽ അതിവൈകാരികമായ സീനുകളുണ്ടു്. എന്നാൽ ആ സീനുകളെല്ലാം തന്നെ സിനിമയ്ക്കു് പുറത്താണു് സംഭവിക്കുന്നതു്. അതിക്രൂരമായ കൊലപാതകങ്ങളുടെ പരമ്പര മുഴുവനും പ്രേക്ഷകർ നേരിട്ടുകാണുന്നില്ല, കൊല്ലാനുപയോഗിച്ച മഴു, കൊല്ലാനായുന്ന കൈയ്, ചോരക്കറ വാഷ്ബേസിനിലൂടെ ഒഴുകിമറയുന്നതു്, കൊലപാതകത്തിനിടയിൽ പരിഭ്രാന്തനായി അലയുന്ന ഒരു പട്ടി, എല്ലാറ്റിനും സാക്ഷ്യംനിൽക്കുന്ന ശരറാന്തൽ എന്നിങ്ങനെയുള്ള ദൃശ്യനുറുങ്ങുകളിലൂടെയാണു് പ്രേക്ഷകർ കൊലപാതകങ്ങളെ മനസ്സിലാക്കുന്നതു്. ബ്രസ്സോൺ ശബ്ദത്തിലൂടെയും കൊലപാതകവൃത്തിയുടെ സൂചനകൾ തരുന്ന ദൃശ്യനുറുങ്ങുകളിലൂടെയും ഒരു മനുഷ്യന്റെ അതിക്രൂരമെന്നു പറയാവുന്ന പ്രവൃത്തിയെ ദൃശ്യവത്കരിക്കുന്നതു് വസ്തുനിഷ്ഠമായ അപഗ്രഥനബോധത്തോടെയാണു്. ഇവിടെ കൊലപാതകങ്ങൾ നടക്കുന്നതു് സിനിമ കാണുന്നയാളുടെ ഉള്ളിലാണു്. ബ്രസ്സോൺ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന സമർഥമായ ശബ്ദലേഖനക്രിയകൾ കൊലപാതകങ്ങളുടെ ഇത്തരമൊരു സഞ്ചാരത്തിനു് ആക്കം കൂട്ടുന്നു. ഈ അറുംകൊലകൾ നേരെ പ്രേക്ഷകരുടെ അടുത്തേക്കു് മാർച്ചുചെയ്യുന്നു. കൊലപാതകങ്ങൾ എല്ലാം നടന്നുകഴിഞ്ഞു എന്നു് ഉറപ്പുവരുത്തിയശേഷം ഘാതകൻ ഒരു റെസ്റ്റോറന്റിലേക്കാണു് പോകുന്നതു്. എല്ലാ സിനിമകളിലും എന്നപോലെ ഇവിടെയും അന്ത്യരംഗത്തു് പൊലീസ് വരുന്നുണ്ടു്. കൊലപാതകി, നേരെ ചെന്നു് തന്റെ പാതകങ്ങൾ ഒരു വികാരവുമില്ലാതെ പൊലീസിനോടു് ഏറ്റുപറയുന്നുണ്ടു്. പൊലീസുകാർ എന്തെങ്കിലും ചെയ്യുന്നതിനു മുൻപു് പടം തീരുന്നു. ഇനി പൊലീസ് വേണ്ടല്ലോ. കൊലപാതകങ്ങൾ മുഴുവൻ പ്രേക്ഷകർ കൊണ്ടുപോകുന്നു.

സിച്ചുവാൻ (Sichuan) ഭൂകമ്പത്തെ ആധാരമാക്കിയുള്ള അയ് വേയി വേയിയുടെ ഇൻസ്റ്റലേഷൻ (പ്രതിഷ്ഠാപനകല) ഇത്തരത്തിലുള്ള ദൃശ്യസങ്കലനരീതിയെ ആണു് ഓർമ്മിപ്പിക്കുന്നതു്. ഓർമ്മകളെയാണയാൾ കൂട്ടുപിടിക്കുന്നതു്. പൊലീസുകാരെ കൊണ്ടുവരുന്നില്ല. ചൈനാ പൊലീസ് വന്നാൽ അയ് വേയി വേയിയെ ആയിരിക്കും ആദ്യം അറസ്റ്റ് ചെയ്യുക.
2008-ൽ ചൈനയിലെ സിച്ചുവാൻ പ്രദേശത്തു് നടന്ന ഭൂകമ്പത്തെക്കുറിച്ചുള്ള ഇൻസ്റ്റലേഷനുവേണ്ടി അയ് വേയി വേയി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ആദ്യം ചെയ്തതു്. ഭൂകമ്പത്തിൽ മരിച്ചവരെത്രയാണു്? ചൈനീസ് ഭരണകൂടത്തിന്റെ ഓദ്യോഗിക റിപ്പോർട്ടിനെക്കാൾ വളരെ കൂടുതലായിരുന്നു മരണമടഞ്ഞവരുടെ പേരുകൾ!
ഭൂകമ്പത്തിൽ സ്ക്കൂൾ കെട്ടിടം നിലംപതിച്ചപ്പോൾ മരണമടഞ്ഞ കുട്ടികളെത്രയായിരുന്നു?
അയ് വേയി വേയിയുടെ കല, ലോകത്തിലെ മികച്ച മ്യൂസിയങ്ങളിലും ഗ്യാലറികളിലും പ്രദർശിപ്പിക്കാറുണ്ടു്. അമേരിക്കയിലോ ജർമനിയിലോ ഉള്ള ഗ്യാലറി പ്രേക്ഷകനു് ചൈനയിലെ ഭൂകമ്പത്തെക്കുറിച്ചു് ഒന്നുമറിയാനിടയില്ല. പത്രവാർത്തകളായിത്തന്നെ ഇത്തരം കാര്യങ്ങൾ അവരിൽ ചെന്നെത്താറില്ല. ചൈനയിലെ അഴിമതി, ഭൂകമ്പം തുടങ്ങിയ സംഭവങ്ങളിൽ അമേരിക്കക്കാരനു് എന്തു കാര്യം? ഇവിടെ കൺമുൻപിൽവെച്ചു് വേൾഡ് ട്രേഡ് സെന്റർ എന്ന ഉരുക്കുകെട്ടിടം ഉരുകിയമർന്നതാണു്, പിന്നെയല്ലേ ചൈന എന്നാണു് അവരുടെ ആലോചനകൾ.
ഭൂകമ്പത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പല ഭൂകമ്പങ്ങളിലൂടെയും കടന്നുപോവേണ്ടി വന്നു എന്നു് വേയി വേയി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അവർക്കെന്തെങ്കിലും സഹായം നൽകുന്നതിൽ, വീടു് നിർമ്മിച്ചു് കൊടുക്കുന്നതിൽ, ഭരണകൂടം പല ഭൂകമ്പങ്ങളും സൃഷ്ടിച്ചു. ഭൂകമ്പം ഒരു ദുരന്തം മാത്രമായിരുന്നു. ജീവിച്ചിരിക്കുന്നവർക്കു് നഷ്ടമായ അവരുടെ ഭാവിജീവിതം മറ്റൊരു ദുരന്തം.
ഈ ദുരന്തങ്ങളെ ഗ്യാലറിയിൽ നേരിട്ടവതരിപ്പിക്കുകയായിരുന്നില്ല അയ് വേയി വേയി ചെയ്തതു്. മരണമടഞ്ഞ, സ്കൂൾ കുട്ടികളുടെ ഓർമകൾ അയാൾ തന്റെ കലയിലേയ്ക്കു് കൊണ്ടുവന്നു. സിച്ചുവാൻ സ്കൂൾകുട്ടികൾ ഉപയോഗിക്കുന്ന തരത്തിലുള്ള ഒൻപതിനായിരം സ്കൂൾ ബാഗുകൾകൊണ്ടു് അയാൾ ഗ്യാലറി നിറച്ചു. കൂടെ മരണമടഞ്ഞ കുട്ടികളുടെ പേരും അയാൾ പ്രദർശിപ്പിച്ചു. മറക്കരുതു് ഇവരെ, ഹ്രസ്വമെങ്കിലും ഒരു ജീവിതമുണ്ടായിരുന്നു ഈ പേരുകൾക്കു പിറകിൽ എന്നു് പറയുമ്പോലെ.
അയ് വേയി വേയി പറഞ്ഞു; “ഭരണകൂടത്തിന്റെ പ്രചാരവേലയിൽ എല്ലാം പെട്ടെന്നുതന്നെ വിസ്മൃതിയിലാവുന്നു. എല്ലാവർക്കും എളുപ്പം പറയാവുന്ന ഒന്നുണ്ടു്:
‘സോ, സോറി’ എന്നു്.”
‘So Sorry’ അതായിരുന്നു പ്രദർശനത്തിന്റെ തലവാചകം.
ചതുരാകൃതിയിലുള്ള മതിലുകൾ? സൂക്ഷ്മരഹസ്യങ്ങൾ അടക്കംചെയ്ത പേടകങ്ങൾ. ഗുരുത്വാകർഷണം തെറ്റി ഭൂമിയിലേക്കുതന്നെ തിരിച്ചുവന്ന ഉപഗ്രഹങ്ങൾ അനേകം ബാഗുകൾ കൊണ്ടു് നിർമ്മിച്ച ഒരു ചതുരവലയം. വൻമതിലുകളുടെ ഈ ചെറുപതിപ്പുകൾ ശബ്ദിക്കും. ബൽസാക്കിന്റെ ഒരു കഥയുണ്ടു്. ഭാര്യയിൽനിന്നു് കാമുകിയെ മതിൽകെട്ടി മറയ്ക്കുന്ന വിചിത്രമായ ഒരേർപ്പാടിനെക്കുറിച്ചു്. ഇഷ്ടികയ്ക്കുള്ളിൽ മറഞ്ഞു ആ അഴിമതി. ബൽസാക്ക്, തന്റെ കഥാപാത്രം അതിനുള്ളിൽ നിന്നു് ശബ്ദിച്ചിരുന്നു എന്നു പറയുന്നില്ല.

എന്നാൽ അയി വേയി വേയിയുടെ രാവണൻ കോട്ടയിൽനിന്നു് മരണമടഞ്ഞ കുട്ടികളുടെ പേരുകൾ ശബ്ദിക്കുന്നുണ്ടു്. മൂടിക്കെട്ടിയ അഴിമതിയുടെ ബീഭത്സരൂപത്തോടു് സ്കൂൾ കുട്ടികൾ അവരുടെ അസ്തിത്വം വിളിച്ചറിയിക്കുന്നു. ഒരു ഹൊറർ സിനിമയിലെന്നപ്പോലെ.
Forever ചൈനയിലെ ഏറ്റവും പ്രസിദ്ധമായ സൈക്കിൾ ബ്രാൻഡായിരുന്നു. മുത്തച്ഛന്റെ അരയോടു് ബന്ധിച്ചിരുന്ന സ്ട്രാപ്പിൽ കെട്ടിയിട്ടായിരുന്നു കുട്ടിക്കാലത്തു് അയ് വേയി വേയി സൈക്കിളുകളിൽ കറങ്ങിയിരുന്നതു്. നാലു തലമുറകളിലായി ‘ഫോർ എവർ’ സൈക്കിളുകൾ ചൈനയിൽ നാലുദിക്കുകളിലും ഓടിക്കൊണ്ടിരിക്കുന്നു. അവസാനിക്കാത്ത കറക്കം. ‘ബാല്യകാല ഓർമ്മകളുമായി ബന്ധമുള്ളതാണു് എനിക്കു് സൈക്കിൾ’ അയ് വേയി വേയി പറഞ്ഞു.

അയ് വേയി വേയി സെക്കിളുകൾകൊണ്ടു് പണിത ശില്പങ്ങളുണ്ടു്. ബാബേൽ ഗോപുരങ്ങൾ പോലെ. ചൈനയുടെ പ്രസിദ്ധമായ സൈക്കിൾ സവാരികളെ ഓർമ്മിപ്പിക്കുന്ന ഊർജ്ജത്തിന്റെ സൂക്ഷ്മചിഹ്നങ്ങൾ കൊണ്ടു പണിത വിചിത്ര സൗധങ്ങൾ.
“സൗഹൃദമോ പ്രേമമോ വാത്സല്യമോ
പൊരുത്തമോ, പൊരുത്തക്കേടോ
അവയുടെ മിശ്രിതമോ, എന്താണവ?
രണ്ടു പൂജ്യങ്ങളും അവയ്ക്കിടയിലെ
ദുർഗ്രഹ ത്രികോണവും?
തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ
ശൂന്യതയ്ക്കുമേൽ മനുഷ്യന്റെ പാലം?
ആരുടെ കണ്ണടയുടെ വികാസമാണു് ബൈസിക്കിൾ?
ആരുടെ ദർശനത്തിന്മേലാണു് നമ്മുടെ സവാരി?”[2]
അയ് വേയി വേയിയുടെ കലയിലൂടെ സൈക്കിളോടിച്ചാൽ ചെന്നെത്തുന്നതു് ടിയാനൻമെൻ സ്ക്വയറിലേക്കാണു്. ചൈനയിലെ ടിയാനൻമെൻ സ്ക്വയർ പ്രസിദ്ധമായിരുന്നതു് ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള മൈതാനങ്ങളിലൊന്നു് എന്ന നിലയിലായിരുന്നു. ലോകചരിത്രത്തിൽ ഏറ്റവും വലുപ്പമുള്ള ഛായാചിത്രം സ്ഥാപിച്ചിരുന്നയിടം എന്നും അതിനു് ഒരു റെക്കോഡുണ്ടായിരുന്നു. 1989 ജൂൺ നാലാം തീയതി, ഈ റെക്കോഡുകൾ തിരുത്തിക്കുറിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികളെ കശാപ്പു് ചെയ്തിടം എന്നു് ടിയാനെൻമെൻ സ്ക്വയർ ചരിത്രം മാറ്റിയെഴുതപ്പെട്ടു.
കൊലചെയ്യപ്പെട്ടവർ അനേകായിരങ്ങൾ വരും. എങ്കിലും ഭരണകൂടം ആണു് കൊലയാളി എന്നതുകൊണ്ടു് മരണസംഖ്യ കൃത്യമായി എത്രയെന്നു് ഇതുവരെ ആർക്കുമറിഞ്ഞുകൂടാ.
പൊതുവെ അഭിമാനിയായ, കലാകാരനായ ഒരു ചൈനക്കാരൻ ഈ പുതിയ റെക്കോഡിനെ അധികരിച്ചു് എങ്ങനെ ചിത്രം വരയ്ക്കും? അയാൾക്കു് ഒരു ശില്പം പണിയണമെന്നുണ്ടു്. ചൈനയുടെ ഏതുപ്രദേശത്തുനിന്നു് അയാൾ കളിമണ്ണു് ശേഖരിക്കും? അയാൾക്കു് സിനിമ നിർമ്മിക്കണമെന്നുണ്ടു്. ഏതു ചൈനാക്കാരന്റെ മുഖത്തേക്കു് അയാൾ ക്യാമറ തിരിക്കും?

അയ് വേയി വേയി തന്റെ സ്റ്റിൽ ക്യാമറയിൽ ഒരു ചിത്രമെടുത്തു. കലാകാരിയായ തന്റെ ഭാര്യ ലൂക്വിങ് ടിയാനെൻമെൻ സ്ക്വയറിനു നടുവിൽ മാവോയുടെ ചിത്രത്തിനു മുന്നിൽ നിന്നു് തുണി പൊക്കിക്കാണിക്കുന്നതായിരുന്നു ആ ഫോട്ടോഗ്രാഫ്.
അയ് വേയി വേയിയെപ്പോലെ മറ്റൊരാളുണ്ടായിരുന്നു. അയാൾ സിനിമാ ചരിത്രത്തിനുള്ളിലാണു് ഇപ്പോൾ താമസിക്കുന്നതു്. നിർഭയനെങ്കിലും നിരാലംബനായിരുന്നു ആ ചലച്ചിത്രകാരൻ. സിനിമയോടുള്ള അഭിനിവേശം കാരണം സ്വന്തം പേരുപോലും മാറ്റി സീഗാ വെർത്തോവ് (Dziga Vertov) എന്നാക്കിയിരുന്നു. വെർത്തോവ് സിനിമകളുണ്ടാക്കിയതു് ഡയലോഗ് ഉരുവിടാനും പാട്ടുപാടാനും മരത്തിനുചുറ്റും ആടാനും ഒന്നുമായിരുന്നില്ല. അയാൾ മനുഷ്യരെ അവരെന്താണോ അതുപോലെ സിനിമയിൽ കൊണ്ടുവന്നു. ആരൊക്കെ എന്തൊക്കെ സിനിമയിൽ വരണം എന്നതുമാത്രം വെർത്തോവ് തീരുമാനിക്കും. ഒരു കവിഹൃദയം സ്വന്തമായി ഉണ്ടായിരുന്നതുകൊണ്ടു് ഇയാൾ തെരഞ്ഞെടുത്ത ദൃശ്യങ്ങൾ കാവ്യാത്മകമായി സെല്ലുലോയ്ഡ് അയാളുടെ സിനിമകൾക്കു് മുൻപോ പിൻപോ അത്രയും നല്ല കവിതയെഴുതിയിട്ടില്ല. 1929-ലെ ‘മാൻ വിത്തു് ദ മൂവി ക്യാമറ’ അസാധാരണ സൗന്ദര്യം പ്രസരിപ്പിക്കുന്ന ചടുല ചലനങ്ങൾകൊണ്ടു് തീർത്ത ഒരു സംഗീതശില്പം പോലെയായി. തിരക്കഥയോ നടന്മാരോ ഇല്ലാത്ത സിനിമ. എന്നാൽ ഇതിൽ സിനിമയുടെ ദൃശ്യത്തെ സഹായിക്കുന്ന സിനിമാറ്റിക് ടെക്നിക്കുകൾ സമൃദ്ധമായി ഉപയോഗിച്ചിരുന്നു. ഡബിൾ എക്പോഷർ, ഫാസ്റ്റ്മോഷൻ, സ്ലോമോഷൻ, ഫ്രീസ്ഫ്രെംസ്, ജംപ്കട്ട്, സ്പ്ലിറ്റ് സ്ക്രീൻ, ഡച്ച് ആംഗിൾ, ക്ലോസ്സപ്പ്, ട്രാക്കിങ്, ഷോട്ട്, സ്റ്റോപ്പ്മോഷൻ, ആനിമേഷൻ എങ്ങനെ സിനിമയുടേതായ എല്ലാം ഒന്നിക്കുന്ന സിനിമ.

വെർത്തോവിന്റെ ‘ഫാക്ടറി ഓഫ് ഫാക്ട്സി’ (Factory of Facts)[3] ൽ നിന്നു പുറത്തുവന്ന സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അയ് വേയി വേയിയുടെ പരീക്ഷണ ചിത്രങ്ങൾ. രണ്ടുപേരുടെയും കലാസംരംഭങ്ങൾ പരീക്ഷണങ്ങളായിരുന്നു. ഭരണകൂടത്താൽ പരീക്ഷിക്കപ്പെട്ടുപോന്ന കലാപ്രവർത്തനങ്ങൾ. സ്റ്റാലിൻ, സീഗാ വെർത്തോവ് എന്ന ചലനചിത്രത്തെ ഒരു സ്റ്റിൽ ഫോട്ടോഗ്രാഫാക്കി മാറ്റി. ഇരുപതു വർഷത്തിലേറെ ചലനം നിന്നു പോയ ആ സിനിമ മരിക്കുന്നതു് 1954-ലാണു്.
കലാകാരൻ അല്ല എങ്കിൽ നിങ്ങൾ എന്താകാനാണു് ആഗ്രഹിക്കുന്നതു്? ഒരഭിമുഖത്തിൽ അയ് വേയി വേയി മറുപടി പറഞ്ഞതു് ‘കലാകാരൻ തന്നെ. ചൈനീസ് ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിൽനിന്നു് രക്ഷപ്പെടാനാണു് ഞാൻ ആർട്ടിസ്റ്റായതു്. എല്ലാവർക്കും വേണ്ടതു് അധികാരത്തിന്റെ പങ്കാണു്. എനിക്കു് അതിൽനിന്നുള്ള രക്ഷപ്പെടലും’ എന്നായിരുന്നു. എന്നിട്ടയാൾ ഫ്രഞ്ച് ചലച്ചിത്രകാരൻ ഗൊദാർദിന്റെ സംസാരശൈലിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ തുടർന്നു പറഞ്ഞു. ‘കല നിർത്തി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക അല്ലെങ്കിൽവേണ്ട, കലയെ രാഷ്ട്രീയമാക്കുക.’
അയ് വേയി വേയിയുടെ ഒരു സിനിമയുടെ പേര് ‘Feng Zhenghu വീട്ടിലേക്കു തിരിച്ചുവരുന്നു’ എന്നാണു്. ടോക്കിയോ അന്തർദേശീയ വിമാനത്താവളത്തിൽ നൂറു ദിവസത്തേക്കു് കുടുങ്ങിപ്പോയ ഒരു ചൈനക്കാരനെക്കുറിച്ചാണു് സിനിമ. അയാൾ ചൈനയിലേക്കു്, സ്വന്തം വീട്ടിലേക്കു് മടങ്ങിവരാൻ ശ്രമിക്കുമ്പോഴൊക്കെ നിയമക്കുരുക്കിൽ പെട്ടുപോകും. അഴിമതിയുടെയും ഫയലുകളുടെയും ബൂട്ടുകളുടെയും മിശ്രിതം ഒരു ചുഴി നിർമിക്കും. അയാളാ ചുഴിയിൽ വിഴും. എട്ടുപ്രാവശ്യം അയാളാ ചുഴിയിൽ വീണിട്ടുണ്ടു്. ഒടുവിൽ അയാൾ വീട്ടിലെത്തുന്നതാണു് ശുഭപര്യവസായിയായ അയ് വേയി വേയിയുടെ സിനിമ.
Feng Zhenghu-വിനെ മാത്രമല്ല, പുത്തൻ നഗരസൗധങ്ങൾ. റോഡുകൾ, ജലവിതരണ പദ്ധതികൾ, നദികൾ, ആശുപത്രികൾ, സിനിമാശാലകൾ, ഭക്ഷണസംസ്കരണശാലകൾ, ലൈബ്രറികൾ, സ്കൂളുകൾ എന്നിവയെയും ചുഴി വിഴുങ്ങാറുണ്ടു്.
എന്നെ ബെയ്ജിങ്ങിലെ ഒരു യൂണിവേഴ്സിറ്റി, ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കു് ക്ലാസെടുക്കുവാനായി വിളിച്ചിരുന്നു. ഞാൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്ത ഒരാളായതുകൊണ്ടു് ഇത്തരം കാര്യങ്ങളിൽ എനിക്കെപ്പോഴും ഒരുതരം അപകർഷതാബോധം ഉണ്ടായിരുന്നു. ഞാനവരോടു് പറഞ്ഞു. ഒരു ബസ്സ് വാടകക്കെടുത്തു് ഞാൻ വിദ്യാർഥികളെ അതിലിരുത്തി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാം. യൂണിവേഴ്സിറ്റി അതിനു് സമ്മതിച്ചു. ഞാനും എന്റെ വിദ്യാർഥികളും ബെയ്ജിങ്ങിലെങ്ങും പതിനാറു ദിവസം ആ ബസ്സിൽ സഞ്ചരിച്ചു. പഠന സമ്പ്രദായം, ബസ്സിനു് മുന്നിൽ ഒരു വീഡിയോ ക്യാമറ ഘടിപ്പിച്ചു കൊണ്ടായിരുന്നു. പതിനാറു ദിവസംകൊണ്ടു് നൂറ്റമ്പതു മണിക്കൂർനീണ്ട ബെയ്ജിങ്ങിന്റെ ദൃശ്യഭൂപടം ഞങ്ങൾ രേഖപ്പെടുത്തി. ഷൂട്ടിങ്ങിന്റെ സമയത്തും അതിനു ശേഷവും നഗരം മാറിയിരുന്നു. പലതും അപ്രത്യക്ഷമായി. നഗരത്തിന്റെ പൂർണ ചിത്രം വീഡിയോയിൽ മാത്രമായി. ഗ്രാമനഗരങ്ങൾ, രാഷ്ട്രീയകേന്ദ്രങ്ങൾ, ടിയാനൻമെൻ സ്ക്വയർ എന്നിവ കടന്നു് ഉരുക്കു നഗരത്തിലെത്തി നിൽക്കുന്ന ബെയ്ജിങ്ങിന്റെ ഭൂപടം. സ്ഥലങ്ങളെയെല്ലാം കൂട്ടിയിണക്കി നൂറ്റമ്പതു് മണിക്കൂറിൽനിന്നു് പത്തു് മണിക്കൂർനീണ്ട ഒരു സിനിമ ഞങ്ങൾ പൂർത്തിയാക്കി.

അത്യന്തസൂക്ഷ്മമായ കരവിരുതു് ആവശ്യപ്പെടുന്ന കലയാണു് പോർസലൈൻ നിർമാണം. പോർസലൈൻ എന്നാൽ ചീനപ്പിഞ്ഞാണം എന്നു് മലയാളത്തിൽ അർത്ഥമുണ്ടു്. തന്റെ മിക്കവാറും അടഞ്ഞ കണ്ണുകൾകൊണ്ടു്, കൃത്യത ഒരായുധമാക്കി ചീനക്കളിമണ്ണിൽ ചൈനക്കാരൻ നൂറ്റാണ്ടുകൾകൊണ്ടു് നേടിയെടുത്ത വൈദഗ്ദ്ധ്യമാണു് പോർസലൈൻ കല. ഇന്നലെ വാങ്ങിയ മൊബൈൽഫോൺ ഇന്നു് പ്രവർത്തിക്കുന്നില്ല എങ്കിൽ, അതു് നിശ്ചയമായും പോർസലൈൻ ചൈനാ നിർമ്മിതമായിരിക്കും എന്നു് പറയുന്നതിലേക്കുള്ള ചൈനക്കാരന്റെ കൃത്യത തിരിയാൻ തുടങ്ങുന്നതിനു് മുൻപുള്ള നൂറ്റാണ്ടുകളാണു് അതിന്റെ ചരിത്രം. ചൈനക്കാരൻ ഇന്നു് അല്പായുസ്സുള്ളതു മാത്രമേ ഉണ്ടാക്കൂ എന്നൊരു പുതുമൊഴിയുണ്ടു്. പോർസലൈൻ മണ്ണിനടിയിൽ പോലും നൂറ്റാണ്ടുകൾ കിടക്കും നശിക്കാതെ, ചൈനക്കാരന്റെ കുറുകിയ കൈവിരലുകളുടെ പ്രകാശം കാണിച്ചുതരാനായി.
ചെയർമാൻ മാവോ ഒരിക്കൽ പറഞ്ഞു: “ഞാൻ സൂര്യനാണു്. ചൈനയുടെ തൊണ്ണുറുകോടി ജനങ്ങൾ എനിക്കുനേരെ തിരിഞ്ഞിരിക്കുന്ന സൂര്യകാന്തിപ്പൂക്കളും”.
പൂക്കളാണെങ്കിൽ വിത്തുകളുണ്ടാക്കാതെ തരമില്ലല്ലോ. ആയിരത്തി അറുന്നൂറു് പോർസലൈൻ കരകൗശല വിദഗ്ദ്ധർ രണ്ടുവർഷംകൊണ്ടു് പണിയെടുത്തു് നിർമ്മിച്ച കോടികൾ എണ്ണം വരുന്ന പോർസലൈൻ സൂര്യകാന്തി വിത്തുകൾ, അയ് വേയി വേയി ഗ്യാലറിയിൽ പ്രദർശിപ്പിച്ചു.
2010-ൽ ആയിരക്കണക്കിനു് പുഷ്പങ്ങൾ ഒരുമിച്ചു വിരിയിക്കാൻ കെല്പുള്ള സൂര്യകാന്തി വിത്തുകൾ (പോർസലൈൻ നിർമ്മിതം) ലണ്ടനിലെ ടേറ്റ് മോഡേണിൽ (Tate Modern) പ്രത്യക്ഷപ്പെട്ടു. എന്നും ദാരിദ്ര്യത്തിലും വിസ്മൃതിയിലുമായിരുന്ന ചൈനയിലെ കരകൗശലക്കാർ ഓരോവിത്തുകളിലും സൂക്ഷ്മമായി പണിയെടുത്തു് നിറംകൊടുത്തിരുന്നു.
“ടേറ്റ് മോഡേണിലെ, വിശാലമായ ടർബൈൻ ഹാളിലേക്കു വരൂ.” അയ് വേയി വേയി ക്ഷണിച്ചു.
“ആർക്കും വരാം. വന്നു കാണാം. സൂര്യകാന്തി വിത്തുകളുടെ കൊച്ചു സമുദ്രത്തിൽ നീന്തിത്തുടിക്കാം. വരൂ.”
നെരൂദയുടെ ഒരു കവിതയിലെന്നപോലെ[4] വൃക്ഷങ്ങൾ സ്വർണ്ണനാണയങ്ങൾ പൊഴിച്ചു് നഗ്നരായി നില്ക്കുന്ന മുൻകവാടം കടന്നുവേണം ദുരന്ത നിർമ്മിതം എന്നപോലെ തോന്നിക്കുന്ന മ്യൂസിയത്തിലെത്താൻ. എന്റെ കൂടെയുണ്ടായിരുന്ന ഹംഗേറിയൻ ചലച്ചിത്രകാരൻ മരങ്ങൾക്കിടയിൽ സംശയിച്ചുനിന്നു. മ്യൂസിയത്തിനകത്തു് അയ് വേയി വേയിയുടെ കലയുണ്ടു്. ‘ഇന്നലെയും വന്നതല്ലേ ഇവിടെ?’ അയാൾ ചോദിച്ചു.
എന്റെയുള്ളിൽ അന്ധകാരത്തിൽ നിന്നിരുന്ന മനുഷ്യമുഖങ്ങളിലൊന്നു് ഒരു ഇലക്ട്രിക് ബൾബിന്റെ വെളിച്ചത്തിൽ തെളിഞ്ഞു. ആ മുഖം എന്റെ കൗമാരകാലത്തെ പരിചയക്കാരന്റേതാണു്. പ്രതാപൻ എന്നു പേരുള്ള സാധാരണക്കാരന്റെ.
ആലപ്പുഴക്കനാലുകളിലെ പായലുകളെത്തുരത്തി, രണ്ടു പാലങ്ങൾക്കിടയിലൂടെ ഒരു നവജാതശിശുവിനെപ്പോലെ ഒരു വഞ്ചി. അതിൽനിറയെ കരിവീട്ടിയുടെ ശരീരമുള്ള മുക്കുവരും, കയറുതൊഴിലാളികളും. അമരത്തിനടുത്തു് ചുവപ്പുകൊടിയുമായി പ്രതാപൻ. വഞ്ചിയിൽ നിന്നു് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
“ഈയെമ്മേസ്, ഏക്കേജീ, സുന്ദരയ്യാ സിന്ദാബാദ്”! പ്രതാപന്റെ ഒച്ച എനിക്കു് വേറിട്ടു കേൾക്കുവാൻ കഴിയുമായിരുന്നില്ല ആ ശബ്ദലേഖനത്തിൽ.
പിന്നീടു് പ്രതാപൻ പാർട്ടി മാറി, നക്സലൈറ്റായി. ഇലക്ട്രിക് ബൾബ് അണഞ്ഞു് വീണ്ടും തെളിഞ്ഞപ്പോൾ കാണാനായി, പ്രതാപൻ ശാസ്തമംഗലം ക്യാമ്പിൽനിന്നു് വരുന്നു.
“കിലുങ്ങുന്ന നെഞ്ചു് പോക്കറ്റടിച്ചു പോകാതെ പൊത്തിപ്പിടിച്ചിട്ടുണ്ടു്. ഒരു കണ്ണു് തകർന്നിട്ടുണ്ടു്. നോട്ടം ചിതറുന്നുണ്ടു്.”[5]
[1] Ai Wei Wei Speakers: Penguin Books.
[2] കെ. ജി. എസ്സ്.: കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ.
[3] The writting of Dziga Vertov: University of California Press.
[4] Pablo Neruda: On the Heights of Machu Picchu.
[5] കെ. ജി. എസ്സ്.: ഫോസിൽ.
ബൾബ് അണഞ്ഞു. വീണ്ടും തെളിഞ്ഞതു് ഒരു പെട്ടിക്കടയുടെ മുന്നിലാണു്. അവിടെ നില്പുണ്ടു് പ്രതാപൻ. പഴയ ഒരു കൊടി കടയ്ക്കുമുന്നിൽ ചാരിവെച്ചിട്ടുണ്ടു്. മലിനവസ്ത്രം. ചിതറിയ നര, മീനച്ചൂടിൽ വിയർത്തുനില്ക്കുന്ന അയാൾ പെപ്സിക്കോള കുടിക്കുന്നു.
മ്യൂസിയത്തിൽനിന്നു് പുറത്തു കടക്കുമ്പോൾ ഞാൻ ഹംഗേറിയൻ സംവിധായകനോടു പറഞ്ഞു. നാളെ വൈകുന്നേരമാണു് ഞാൻ ഇന്ത്യയിലേക്കു് തിരിച്ചുപോകുന്നതു്. അതിനു മുൻപു് മ്യൂസിയം തുറക്കുമ്പോൾത്തന്നെ വരാം. അയ് വേയി വേയിയെ ഒന്നുകൂടി കാണുവാൻ.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.