മലയാളഭാഷയിൽ നവീനമായി ഒരു നിഘണ്ടുവുണ്ടാകേണ്ടതാവശ്യമാവശ്യമാണെന്നും അതിന്റെ നിർമ്മാണത്തിന്നു പ്രധാനമായി ആലോചിയ്ക്കേണ്ടുന്ന സംഗതികളിന്നിന്നിവയാണെന്നും മറ്റും പ്രസ്താവിച്ചു സി. കുഞ്ഞിരാമൻമേനോൻ അവർകൾ കഴിഞ്ഞ ലക്കത്തിൽ എഴുതിയിരുന്ന ഒരു ലേഖനം ഞാൻ വായിക്കുകയുണ്ടായി. ഇപ്പോൾ കണ്ടുവരുന്ന മലയാളം അകാരാദികളിൽ ഒന്നാമത്തേതിൽ പദങ്ങൾ നന്ന ചുരുക്കവും ഉള്ളവ തന്നെ സംസ്കൃതപദങ്ങളുമാണു്. എന്നാൽ അർത്ഥകാഠിന്യമുള്ള സംസ്കൃതപദങ്ങൾ അവയിൽ കാണുക തന്നെ പ്രയാസം. മലയാളഭാഷയിൽ ഉപയോഗിച്ചുവരുന്ന അർത്ഥഗൗരവമുള്ള പദങ്ങളൊ തീരെ ഇല്ലെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. അതിനാൽ നമ്മുടെ ഭാഷയ്ക്കു നല്ല ഒരു നിഘണ്ടുവിന്റെ ആവിർഭാവം ഒരു നിധിലാഭസദൃശമായി തീരുമെന്നുള്ളതിലേയ്ക്കു രണ്ടു പക്ഷമുണ്ടാകുന്നതല്ല. പക്ഷേ, മലയാളം ഒരു സമ്മിശ്രഭാഷയാകയാലും മറ്റും പ്രസ്തുത അകാരാദിയുടെ രചനാകാര്യത്തിൽ ചില സംഗതികളും കൂടി ഓർമ്മവെയ്ക്കേണ്ടതുണ്ടെന്നാണു് തോന്നുന്നതു്. മനുഷ്യർക്കുള്ളതുപോലെ ഭാഷയ്ക്കും പരിഷ്ക്കാരോന്നതികളുണ്ടെന്നു പ്രാചീന നവീനഗ്രഹങ്ങൾ നമ്മളെ ഉപദേശിയ്ക്കുന്നുണ്ടല്ലൊ. കലിവർഷം 25000 മുതൽ കൊല്ലവർഷാരംഭം വരെ പഴയ മലയാളകാലവും, അതു മുതൽ 600 കൊല്ലം വരെ മദ്ധ്യകാലവുമാണു്. കൊല്ലവർഷം 600-മാണ്ടു മുതലാണു് നവീന മലയാളകാലം ആരംഭിയ്ക്കുന്നതു്. കേരളത്തിന്റെ തെക്കും വടക്കും മദ്ധ്യഭാഗത്തുമുള്ള മലയാളഭാഷ എഴുത്തിലും സംസാരത്തിലും ആദിമുതല്ക്കേ വ്യത്യാസപ്പെട്ടാണു് കണ്ടുവരുന്നതു്. എന്നു മാത്രമല്ല, മേല്പറഞ്ഞ മൂന്നു കാലങ്ങളിലും നമ്മുടെ മാതൃഭാഷ മൂന്നു സ്ഥിതിയിലാണു് പ്രശോഭിച്ചിരുന്നതും ശോഭിയ്ക്കുന്നതും എന്നു് ആ കാലങ്ങളിലെ ഗ്രന്ഥങ്ങൾ മൂലം നമുക്കു ഇന്നും അറിവാൻ കഴിയുന്നതാണു്. മലയാളരാജ്യത്തിന്റെ ഈ മൂന്നു ഭാഗങ്ങളിലും കാലങ്ങളിലും ഗ്രന്ഥങ്ങൾ ധാരാളമുണ്ടായിട്ടുണ്ടു്. പക്ഷേ, ഒരു ദിക്കിലെ ഭാഷ മറ്റൊരിടത്തൊ ഒരു കാലത്തെതു വേറൊരു കാലത്തൊ ജനങ്ങൾക്കു പരസ്പരം മുഴുവനും അറിവാൻ ശക്യമാകുന്നില്ല. ഓരോ പ്രദേശങ്ങളിൽ അതാതു കാലങ്ങളിൽ നടപ്പുള്ള പദങ്ങളാണു് ആ ദിക്കുകളിലുള്ള ഗ്രന്ഥകാരന്മാർ അവരുടെ രചനയിൽ ഉപയോഗിയ്ക്കുന്നതു്. കേരളരാജ്യത്തിന്റെ ദക്ഷിണഭാഗങ്ങളിലുള്ള ഭാഷ തമിഴിന്റെയും വടക്കുഭാഗങ്ങളിൽ കർണ്ണാടകത്തിന്റെയും മദ്ധ്യഭാഗങ്ങളിൽ സംസ്കൃതത്തിന്റെയും സംസർഗ്ഗത്താലാണു് പൂർണ്ണയൗവനത്തെ പ്രാപിച്ചിട്ടുള്ളതു്. പഴയ മലയാളത്തിലുള്ള ഗ്രന്ഥങ്ങൾ ഇപ്പോൾ ചുരുക്കമായിട്ടേ കാണുന്നുള്ളൂവെങ്കിലും മദ്ധ്യകാലങ്ങളിലേവ സുലഭമാണു്. ആ വക ഗ്രന്ഥങ്ങളിലെ മിക്ക പദങ്ങളുടെ അർത്ഥവും അറിവാൻ പ്രയാസമായിട്ടാണിരിയ്ക്കുന്നതു്. 2700-ാം കലിവർഷത്തിന്നു മുമ്പുതന്നെ ദ്രാവിഡഭാഷകൾ മലയാളത്തെ സഹായിപ്പാൻ തുടങ്ങീട്ടുണ്ടെന്നു ചരിത്രങ്ങളിൽ നിന്നറിയുന്നുണ്ടു്. അതിൽ കേരളഭാഷയ്ക്കു തമിഴിനോടാണു് അധികം അടുപ്പമുള്ളതായി കാണുന്നതു്. അതു സംസ്കൃതത്തിൽ നിന്നും പല അക്ഷരങ്ങളും പദങ്ങളും കടം വാങ്ങീട്ടുണ്ടു്. കാലദേശാഭിഭേദങ്ങളാൽ മലയാളഭാഷയ്ക്കു വന്നിട്ടുള്ള വ്യത്യാസങ്ങൾ ഒറ്റവാക്കുകളിൽ വർണ്ണപരിണാമങ്ങളിലും അക്ഷരലോപങ്ങളിലും ഭിന്നവാക്കുകളിലും പദങ്ങളിലുള്ള ഭിന്നങ്ങളായ അർത്ഥങ്ങളിലുമാണു് കണ്ടുവരുന്നതു്. ചില ദിക്കിൽ ‘നെഞ്ചു്’ എന്നതിനു പകരം ‘നെഞ്ഞു്’; ‘ചേണി, ചകുണി’, ‘മുളത്തിൽ, ചക്കയരക്കു,’ ‘വാഴപ്പിണ്ടി, വാഴത്തട’ എന്നിങ്ങിനെ വായ്മൊഴികളിലും വരമൊഴികളിലും പ്രയോഗിച്ചുകാണുന്നുണ്ടു്. ഇവയ്ക്കു് പ്രകൃതിയിൽഭേദമില്ലെങ്കിലും അർത്ഥത്തിൽ ദേശവ്യത്യാസത്താൽ ഭേദമുള്ളതായി കാണുന്നുണ്ടു്. ചില ദിക്കിൽ ‘പോയി’ എന്നർത്ഥത്തിൽ ‘കിയിഞ്ഞു (കിഴിഞ്ഞു)’ എന്നുപയോഗിയ്ക്കുന്നതിന്നു പകരം മറ്റു ചില ദിക്കുകളിൽ ‘അഴിഞ്ഞു (കീറി)’ എന്നുപയോഗിച്ചു വരുന്നതു സാധാരണയാണല്ലോ. പ്രാകൃതഭാഷകളിൽനിന്നും പല പദങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടു്. ഇതു മഹാകവി കാളിദാസൻ മുതലായ ചില പ്രധാന കവികളുടെ നാടകാദികളിൽനിന്നു തന്നെ തെളിയുന്നുണ്ടു്. ഇതുകൂടാതെ അറബി, പർഷ്യൻ, ഹിന്തുസ്താനി, പോർത്തുഗീസ്സു മുതലായ ചില ഭാഷകളിലുള്ള അനവധി പദങ്ങൾ മലയാളഭാഷയെ സഹായിക്കുന്നുണ്ടു്. അറബിയിൽനിന്നു അസ്സൽ, ഒസ്യത്തു്, കത്തു, കയ്പീത്തു്, തകരാർ, മാപ്പു്, മാമൂൽ, മുക്തിയാർ, ജാമ്യം, വക്കത്തു, ഹർജി, ഹിന്തുസ്താനിയിൽനിന്നു അമ്പാരി, തപ്പാൽ, ചിലമ്പി, വേല, ഠാണ, തൂക്കുടി, ഹുണ്ടി; പർഷ്യൻ ഭാഷയിൽനിന്നു് ഉറുമാൽ, കമാൻ, കാനേഷുമാരി, ഗോലി, ജമിൻദാർ, ദർക്കാസ്സും, ബന്തോവസ്ത്; പോർത്തുഗീസ്സിൽ നിന്നു ലേലം, കസേര, കോപ്പ, വാര, വിശാഗരി, പിന്താരം മുതലായ അസംഖ്യം പദങ്ങൾ ഇങ്ങിനെ മലയാളത്തിൽ വന്നു മലയാളപദങ്ങളായി തീർന്നിട്ടുണ്ടു്. ഈ സംഗതികളെല്ലാം ആലോചിയ്ക്കുന്നതായാൽ മലയാളത്തിൽ ഒരു നിഘണ്ടു രചിയ്ക്കുവാനാരംഭിയ്ക്കുന്നതിന്നു മുമ്പു മലയാളഭാഷയുടെ ആദികാലം മുതൽ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ടായിട്ടുള്ള സൽഗ്രന്ഥങ്ങളെ ശേഖരിച്ചു് അവയിൽ അടങ്ങിട്ടുള്ള ഒരർത്ഥഗാംഭീര്യമുള്ള പദങ്ങളെ എടുക്കുകയൊ അല്ലെങ്കിൽ ആ ഭാരം അതാതിടങ്ങളിലുള്ള വിദ്വജ്ജനങ്ങളെ ഏല്പിയ്ക്കുകയൊ ചെയ്യുന്നതു കൂടാതെ വേദശാസ്ത്രപുരാണേതിഹാസാദികളിൽ ഉള്ള അർത്ഥശക്തി കൂടുന്ന പദങ്ങൾ സംഗ്രഹിയ്ക്കുകയും അമരകോശം ഒരു അമരമായി പിടിയ്ക്കുകയുമാണു് വേണ്ടതു്. വ്യാകരണനിയമസാമ്യത്തെപ്പറ്റി ആലോചിയ്ക്കുന്നതായാൽ മലയാളത്തിനു തമിഴിനോടാണു് അധികം ചേർച്ചയുള്ളതായി കാണുന്നതു്. ഈ സംഗതിയാലും, അതാതു ഭാഷയ്ക്കു മാത്രം അതിലുള്ള വ്യാകരണഗ്രന്ഥങ്ങൾ ചേരുന്നതുകൊണ്ടും മലയാളഭാഷ ഒരു സമ്മിശ്രഭാഷയാകമൂലവും, അതാതു പദങ്ങളുടെ അടുക്കെ നാമം, ക്രിയ, അവ്യയം ഇത്യാദിയിൽ ഇന്നതെന്നു തിരിച്ചറിവാനുള്ള അടയാളങ്ങളും ചേർക്കുന്നതു നന്നായിരിയ്ക്കും. മലയാളഭൂഖണ്ഡത്തിലുള്ള പണ്ഡിതന്മാരിൽ പലരുടേയും അഭിപ്രായങ്ങൾ കാണ്മാൻ കാംക്ഷിച്ചും പ്രാർത്ഥിച്ചും പ്രതീക്ഷിച്ചും കൊണ്ടു തൽക്കാലം ഈ ലേഖനം ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.
കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.