images/Klee_Paul_Rose.jpg
Rose Garden, a painting by Paul Klee (1879–1940).
സ്വജനങ്ങളുടെ സമുദായാഭിവൃദ്ധിക്കായി വളരെ യത്നിക്കുകയും പലതും സാധിക്കുകയും ചെയ്ത എന്റെ അച്ഛന്റെ ഓർമ്മക്കായി ഈ പുസ്തകം ഭക്തിബഹുമാനപുരസ്സരം സമർപ്പിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവു്.

അവതാരിക

ഒരു അവതാരിക കൂടാതെ കഴിച്ചാലൊ എന്നു് ആദ്യം എനിക്കു തോന്നി. ആ വിധത്തിലും ചില നോവലുകൾ പുറപ്പെടുന്നുണ്ടല്ലോ. അങ്ങിനെ ആയാൽ പലതും ഒളിച്ചുവെക്കാം. അതു വേണ്ടെന്നുവെച്ചു. മറ്റൊന്നുമല്ല, ഒളിച്ചുവെയ്ക്കാൻ ഇങ്ങൊന്നുമില്ല. പ്രസിദ്ധന്മാരായ വല്ല യോഗ്യന്മാരെക്കൊണ്ടും ഒരു മുഖവുരയൊ, ആമുഖോപന്യാസമൊ, എന്താണെന്നു വെച്ചാൽ അതൊന്നു കുറിപ്പിച്ചാലോ എന്നായി പിന്നത്തെ ആലോചന. അപ്പഴാണു് കുഴങ്ങിയതു്. പണ്ടു ദുർവ്വാസാവൊ, ആരായിരുന്നു മാലകൊടുക്കാൻ യോഗ്യന്മാരെ ആലോചിച്ചു കുഴങ്ങിയതു്? അതുപോലെ ഞാനും കുഴങ്ങി. ഒടുവിൽ മാല ദേവേന്ദ്രനു കൊടുക്കാമെന്നുവെച്ചതും, അയാൾക്കു കൊടുത്തതും അതുകൊണ്ടു പിന്നെ ആ സാധു ദേവേന്ദ്രനുണ്ടായ സങ്കടവും ഒക്കെ പ്രസിദ്ധമാണല്ലോ. ഞാൻ പോയി ‘കാലെകയ്യെ പിടിച്ചു്’ നല്ലൊരു മുഖവുര എഴുതിച്ചു വെറുതെ ഉള്ള മാലയാക്കെ വലിയ മാന്യന്മാർക്കു വരുത്തിക്കൂട്ടേണ്ടതില്ലെന്നു വിചാരിച്ചു. അതിനു ചില സ്നേഹിതന്മാർ സമ്മതിച്ചതേ ഇല്ല. അങ്ങിനെയാണു് ഈ പുസ്തകം സാഹിത്യരസികനും ഭാഷാഭിമാനിയും ആയ ഒരു യോഗ്യനു് അയച്ചുകൊടുത്തതു്. അദ്ദേഹത്തിനു മുളകുപറിയും നികുതിയടവും ബഹുതിരക്കു്. മുഖവുര എഴുതാൻ അശേഷം സമയമില്ലെങ്കിലും പുസ്തകം ആകപ്പാടെ വായിച്ചു നോക്കി അഭിപ്രായമായി പഴയ ഒരു ശ്ലോകം അയച്ചുതന്നു. അതുതന്നെ ഇവിടെ ഉദ്ധരിക്കാം.

“ഇതു കൊള്ളാം; ചിലരിതിൽവെ-

ച്ചതിയായ് മുഷിയും; ചിലർക്കു മുത്തുണ്ടാം;

ഇതിലില്ലാത്തവർ മാന-

ക്കൊതിമൂലം സ്പർദ്ധകാട്ടുവാൻ തുനിയും.”

അദ്ദേഹത്തെപ്പോലുള്ള വിദ്വാന്മാരൊക്കെ ‘ഇതു കൊള്ളാം’ എന്നു് അഭിപ്രായപ്പെടുമെങ്കിൽ ഞാൻ കൃതാർത്ഥനായി. ‘കൊള്ളാം’ എന്നതിന്നു വടക്കേ മലയാളത്തിൽ ‘വിലകൊടുത്തു വാങ്ങാം’ എന്നൊരർത്ഥം കൂടിയുണ്ടു്. ബാക്കിയുള്ളവരൊക്കെ ആ അർത്ഥത്തിൽ ‘ഇതു കൊള്ളാം’ എന്നുവെച്ചെങ്കിൽ പിന്നെ എനിക്കൊന്നും വിചാരിക്കാനില്ല.

‘ഇന്ദുലേഖ’ മുതലായ ചില പുസ്തകങ്ങളെപ്പോലെ ഗ്രന്ഥകർത്താവു് പല ഇംഗ്ലീഷു നോവലുകളും വായിച്ചതിന്റെ ഫലമാണു് ‘വസുമതി’യും എന്നു പറയാമെങ്കിലും, വല്ല ഒരു ഇംഗ്ലീഷു കഥാ പുസ്തകവും എടുത്തു വെച്ചു അതിലെ പാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ മാറ്റി അവിടവിടെ അല്പാല്പം ചില ഭേദഗതികൾ വരുത്തി ശേഷം ഭാഗങ്ങൾ അപ്പിടി പരിഭാഷ ചെയ്തുണ്ടാക്കിയ ഒരു ഗ്രന്ഥമല്ല ഇതെന്നു സത്യമായും സമ്മതിയ്ക്കുന്നു. കഥാപാത്രങ്ങളൊ വർണ്ണനകളൊ യാതൊന്നും മറ്റൊന്നിന്റെ അവതരണമൊ, അപഹരണമൊ അല്ല.

പുസ്തകത്തിന്റെ നാമകരണത്തിൽ ഞാൻ കുറെ വിഷമിച്ചിരുന്നു. ‘വിവാദവും വിവാഹവും’ എന്നായിരുന്നു ആദ്യം വിചാരിച്ച പേർ. നായകനെ ഉദ്ദേശിച്ചു ‘ദാമോദരൻ’ എന്നൊ അവന്റെ ഓമനപ്പേരായ ‘ദാമു’ എന്നൊ വിളിച്ചാലൊ എന്നും ഇടയ്ക്കു വിചാരിച്ചു. ‘സത്യം’ എന്നു നാമകരണം ചെയ്കയാണു് നല്ലതെന്നു മാന്യനായ ഒരു സ്നേഹിതൻ അഭിപ്രായപ്പെട്ടു. ആകപ്പാടെ ഇവയൊക്കെ ഉപേക്ഷിച്ചു നായികയുടെ പേരിൽ തന്നെ ഇതിനെ പരസ്യം ചെയ്യാൻ പ്രത്യേക സംഗതിയെന്താണെന്നു് എനിയ്ക്കുതന്നെ അറിഞ്ഞുകൂട. അതാണു് ചെവിക്കു കുറെ സുഖകരമായ പേരെന്നു ഇപ്പോൾ തോന്നുന്നുണ്ടു്. ‘ഭാസ്കരമേനോ’നു് പ്രചാരം ഇപ്പോൾ ഉള്ളതിൽ അധികം ഉണ്ടാകാതിരിക്കാൻ സംഗതി അതിന്റെ പേരാണെന്നു ആരൊ പറകയുണ്ടായി. പേരിനു ശ്രവണസുഖമില്ലാഞ്ഞിട്ടു് ആരും പുസ്തകം വാങ്ങാതെയും വായിക്കാതെയും ഇരിയ്ക്കുണ്ടാ.

തലശ്ശേരി, മൂർക്കോത്തു് കുമാരൻ

12-11-1912

ദേശ്യപദങ്ങൾ

ഈ പുസ്തകത്തിൽ സംഭാഷണത്തിലും മറ്റും ദുർല്ലഭം ചില ദേശ്യപദങ്ങളും പടുഭാഷയും ഉപയോഗിയ്ക്കേണ്ടിവന്നിട്ടുണ്ടു്. അതിൽ ചിലതിന്റെ വിവരണം താഴെ കാണിയ്ക്കുന്നു.

അയേ അതെയോ
ആയിക്കലൊ ആയിരിയ്ക്കാം
ഇങ്ങള് നിങ്ങൾ
ഇനിയ്ക്ക് നിണക്കു്
ഓൻ അവൻ
ഓള് അവൾ
ഓറ് അവർ
ചവോക്കുമരങ്ങൾ കാറ്റാടിമരങ്ങൾ
ഞാത്തുക കെട്ടിത്തൂക്കുക
നൊണ്ണ് മോണ
പെരാന്ത് ഭ്രാന്തു്
മോൻ മകൻ
മൈ മതി
രണ്ടാം പതിപ്പിന്റെ മുഖവുര

‘വസുമതി’യുടെ ഒന്നാം പതിപ്പു മുഴുവൻ വളരെ വേഗം വിറ്റുതീർന്നു പോയിരുന്നു. പുസ്തകത്തിനുള്ളതായി ചിലർ ഘോഷിച്ചിരുന്ന ന്യൂനതകളാണു് ഇതിനു കാരണമെങ്കിൽ ഗ്രന്ഥരചന തൊഴിലാക്കിയിരിയ്ക്കുന്നവരും മേലാൽ തൊഴിലാക്കാൻ വിചാരിയ്ക്കുന്നവരും ഈ ന്യൂനതകൾ മനസ്സിലാക്കുന്നതു് അവർക്കു് ആദായത്തിനു സംഗതിയായിത്തീരുന്നതാണല്ലൊ. അതു കൊണ്ടു്, ഈ വിധം ഒരു രണ്ടാം പതിപ്പു പരസ്യം ചെയ്യുന്നതിനു വല്ല സമാധാനവും പറയേണ്ടുന്ന ആവശ്യമില്ല.

‘വസുമതി’ പലരേയും മുഷിപ്പിച്ചിട്ടുണ്ടു്. അതിനു ‘കേരളപത്രിക’യിലെ ചില ലേഖനങ്ങൾ സാക്ഷികളാണു്. പലരേയും രസിപ്പിച്ചിട്ടുമുണ്ടു്; അതിന്നു് ഈ പുസ്തകത്തിന്റെ ഒടുവിൽ ചേർത്തിരിയ്ക്കുന്ന ചില അഭിപ്രായങ്ങൾ തെളിവുകളാണു്. അജീർണ്ണരോഗിയ്ക്കു പാൽ വിഷമാണു പോൽ; മധുരരസമാണെന്നു് എല്ലാവരും സമ്മതിയ്ക്കുന്ന പഞ്ചസാര ചിത്തരോഗിക്കു കയ്പായി തോന്നുമത്രെ; സകലാനന്ദകരമാണെന്നു സർവ്വസമ്മതനായ നിശാകരനെ സാധിയ്ക്കുമെങ്കിൽ കല്ലു് വലിച്ചെറിഞ്ഞു കടലിൽ തള്ളിയിടാൻ ശ്രമിയ്ക്കുമായിരുന്ന വിരഹികളും തസ്കരന്മാരും എത്രയുണ്ടു്. അതുകൊണ്ടു ചിലരെ രസിപ്പിയ്ക്കുന്നവർക്കു മറ്റു ചിലരെ മുഷിപ്പിക്കേണ്ടിയും വരും. ‘വസുമതിയെ’പ്പറ്റി ദൂഷ്യമായി ആരും ഒന്നും പറഞ്ഞിരുന്നില്ലെങ്കിൽ ഗ്രന്ഥകർത്താവു് ആശിച്ച വിജയം അതിന്നു സിദ്ധിച്ചിട്ടില്ലെന്നു വിചാരിച്ചു ഭഗ്നാശയനായി പശ്ചാത്തപിയ്ക്കുമായിരുന്നു.

ഒന്നാം പതിപ്പിൽ ഉണ്ടായിരുന്ന പല തെറ്റുകളും അന്യാപേക്ഷയോ ആദായകാംക്ഷയോ ഇല്ലാതെ അദ്ധ്വാനിച്ചു കണ്ടുപിടിച്ചു പരസ്യം ചെയ്തിരുന്നവരോടു ഞാൻ വളരെ കൃതജ്ഞനായിരിയ്ക്കുന്നു. അവരാണു് പുസ്തകത്തെപ്പറ്റി അധിക ജനങ്ങൾ അറിയാൻ സംഗതി വരുത്തിയതു്; അവരാണു് രണ്ടാം പതിപ്പു് ഇത്ര വേഗത്തിൽ വെളിക്കിറക്കാനും സംഗതി വരുത്തിയതു്. അതുകൊണ്ടു മൂന്നാമത്തെ പതിപ്പു് കൂടി അടുത്ത അവസരത്തിൽ പരസ്യം ചെയ്യാൻ ഇടവരേണമെന്നുള്ള ആകാംക്ഷയോടുകൂടി ഇതിനെ അവരുടെ ഗുണ മനസ്സിലേയ്ക്കു സമർപ്പണം ചെയ്യുന്നു. കേരളത്തിലെ ശ്രുതിപ്പെട്ട മുദ്രാലയക്കാരായ ‘മംഗളാദയം’ കമ്പനിക്കാരാണു് ഈ പതിപ്പു് അച്ചടിയ്ക്കുന്നതെങ്കിലും ചില അച്ചടിപ്പിഴകളും മറ്റും ഉണ്ടാവാൻ പാടില്ലാത്തതല്ലല്ലൊ.

ഈ നോവലിലെ കഥാപാത്രങ്ങളുടെ സ്ഥായിയായ ഗുണങ്ങളേയും ദോഷങ്ങളേയും ഭാഗിച്ചെടുത്തു സ്വകീയമാക്കിയ രസികന്മാർ വളരെ ഉണ്ടെന്നറിയുന്നു. ബേങ്കു പൊളിച്ച ബ്രാഹ്മണന്റെ പേരും ജാതിയും മാറിയാൽ ആ പാത്രം തനിയ്ക്കു പറ്റുമെന്നു ഇതിനിടെ ഒരാൾ കണ്ടുപിടിച്ചിരിയ്ക്കുന്നു. മേനോൻ കണ്ണനും ഗോവിന്ദൻ നമ്പ്യാരും സംശയമില്ലാതെ തങ്ങളാണെന്നു രണ്ടു സ്നേഹിതന്മാർ തീർച്ചയാക്കിയിരിയ്ക്കുന്നു. ഇതിൽ അവകാശത്തർക്കം പുറപ്പെടുവിയ്ക്കുന്ന വേറെ ചിലരും ഉണ്ടുപോൽ. ഇങ്ങനെ തന്നെ മറ്റുള്ള ചില ദുഷ്ടപാത്രങ്ങളിൽ ഓരോരുത്തരുടെ പ്രതിഛായക്കും പല അവകാശികളും പുറപ്പെട്ടിരിയ്ക്കുന്നു. അതിനെക്കുറിച്ചു് എനിയ്ക്കു പരിഭവമില്ല തൊപ്പി പറ്റുന്നവൻ ധരിയ്ക്കട്ടെ. കഥാനായകൻ താനാണു്, നായിക തന്റെ ഭാഷയാണു് എന്നു പറഞ്ഞു ഞെളിയുന്ന ചിലരുടെ ഔദ്ധത്യം കേവലം ദുസ്സഹമാണെങ്കിലും, ദാമോദരനേയും വസുമതിയേയും വിവരിച്ചതിൽ തങ്ങളെ മാതൃകയായി ഗണിച്ചിട്ടുണ്ടെന്നു് അഭിമാനിയ്ക്കുന്ന ദമ്പതിമാർക്കു് എന്നോടു് അതു നിമിത്തമുണ്ടായിട്ടുള്ള സന്തോഷത്തിനു കുറവു വരുത്താൻ ഞാൻ ആഗ്രഹിയ്ക്കാത്തതിനാൽ അതിനെപ്പറ്റി തല്ക്കാലം ഒന്നും പറയുന്നില്ല.

ഒരു അസാദ്ധ്യമദ്യപനായി ഈ കഥയിൽ വിവരിയ്ക്കപ്പെട്ട ഒരു പാത്രം തന്റെ പ്രതിഛായയാണെന്നു, പക്ഷേ, മനസ്സാക്ഷിയുടെ നിർബ്ബന്ധം നിമിത്തം വിശ്വസിച്ചു് എന്നോടു കഠിനമായി മുഷിഞ്ഞ ഒരു മനുഷ്യൻ മേലാൽ മദ്യപാനം ചെയ്കയില്ലെന്നു ശപഥം ചെയ്തിരിയ്ക്കുന്നതായി അറിയുന്നു. ഇതിനു കാരണം എന്തുതന്നെ ആയാലും ഒന്നാം പതിപ്പു വിറ്റുതീർന്നു രണ്ടാം പതിപ്പിന്റെ കാലമാകുന്നതിനിടയിൽ ഉണ്ടായ ഈ സംഭവം എനിയ്ക്കു വളരെ കൃതാർത്ഥത നല്കിയിരിയ്ക്കുന്നു. ഒരു ബ്രാഹ്മണൻ സഹവാസം കൊണ്ടു മദ്യപനായി തീർന്നപ്രകാരം വിവരിച്ചതു് അശേഷം നന്നായില്ലെന്നും അതു വേറെ വല്ല ജാതിക്കാരേയും ആക്കാമായിരുന്നുവെന്നും ഒരു മാസികാപുസ്തകത്തിൽ അഭിപ്രായപ്പെട്ടു കണ്ടു. ഒരു സമുദായത്തിന്റെ നിശ്ചിതങ്ങളായ ആചാരങ്ങൾക്കും നടപടികൾക്കും വിരോധമായി അതിലെ ചില അംഗങ്ങൾ നടന്നു തുടങ്ങുകയും അങ്ങിനെ സമുദായത്തിനും രാജ്യത്തിനും ദോഷം വരുത്തുവാൻ ഇടയാക്കുകയും ചെയ്യുന്നതു വെളിവാക്കി, അതിന്റെ ഗൌരവത്തെയും അതിനാലുണ്ടാകുന്ന അനർത്ഥത്തെയും അവരെ ധരിപ്പിക്കുന്ന ഒരു ചുമതല കൂടി സാമുദായിക നോവലുകൾക്കു് ഉണ്ടെന്നും മദ്യപാനം ജാത്യാചാരം കൊണ്ടു വിരോധിയ്ക്കപ്പെട്ടിട്ടില്ലാത്ത ഒരു നായരൊ തിയ്യനൊ സഹവാസദോഷം കൊണ്ടു മദ്യപനായിത്തീർന്നുവെന്നു വിവരിയ്ക്കുന്നതിനാൽ ദുഷ്ടസംസർഗ്ഗം കൊണ്ടുണ്ടാകുന്ന ദോഷത്തിന്റെ ഗൌരവം ശരിയായി പ്രത്യക്ഷപ്പെടുത്താൻ സാധിയ്ക്കുന്നതല്ലെന്നും അറിഞ്ഞിരുന്നുവെങ്കിൽ മാന്യനായ പത്രാധിപർ അങ്ങിനെ പറയുന്നതല്ലായിരുന്നു.

സാമുദായിക നോവലുകളുടെ ആവശ്യവും ഉദ്ദേശവും ശരിയായി മനസ്സിലാക്കാത്തവർ കേരളത്തിലെ പത്രാധിപന്മാരുടെ ഇടയിൽ പോലും ചിലരുണ്ടെന്നറിയുന്നതു വളരെ പരിതപിക്കത്തക്ക സംഗതിയാണു്.

മലയാളത്തിൽ നോവൽ എന്ന പ്രസ്ഥാനം ഇംഗ്ലീഷിൽ നിന്നു നാം പകർത്തതാണല്ലൊ. ഇംഗ്ലീഷിൽ നോവലുകൾ പലതരത്തിലുണ്ടു്. അവയിൽ ഒന്നാണു് സാമുദായിക നോവലുകൾ. ഒരു സമുദായത്തിന്റെ വല്ല പ്രത്യേക കാലത്തുള്ള ആചാര നടവടികളുടെ ഒരു ഛായാപടമാണു് ഈ വിധം നോവൽ—എന്നു പറഞ്ഞതുകൊണ്ടു് ഉപമ പൂർത്തിയായില്ലെന്നു തോന്നുന്നു. വല്ലതിന്റെയും തൽക്കാലമുള്ള സ്ഥിതിയെ ചിത്രീകരിയ്ക്കുകയാണു് ഛായാപടങ്ങൾ ചെയ്യുന്നതു്. യഥാർത്ഥ ഗുണദോഷങ്ങൾ ഛായാപടത്തിൽ ശരിയായി പ്രതിബിംബിച്ചിരിയ്ക്കും. നോവൽ അത്രമാത്രമല്ല എന്നതു്. നോവൽ കൊണ്ടു സമുദായത്തിന്റെ മേലാലുള്ള അഭിവൃദ്ധിയും പരിഷ്കാരവും ഉദ്ദേശിച്ചിരിയ്ക്കയാൽ ദോഷാംശങ്ങളെ വേർതിരിച്ചു, സർവ്വകലാ വിദ്യയും ആവശ്യമായ അതിശയോക്തി അല്പം ഉപയോഗിച്ചു, അതിൽ പ്രത്യേകം കാണിയ്ക്കുകയും അവയുടെ നിവാരണം അത്യന്താപേക്ഷിതമാണെന്നു വായനക്കാരെ തോന്നിപ്പിയ്ക്കുകയും അതിനുള്ള മാർഗ്ഗം ആലോചിപ്പിയ്ക്കുകയും ചെയ്യും. അതിലെ പാത്രങ്ങൾ കഥാകാലത്തു ജീവിക്കുന്നവരുടെ ഒരു പ്രതിഛായയാണെന്നു തോന്നിക്കും വിധത്തിലും വിവരണങ്ങൾ യഥാർത്ഥങ്ങളും ആയി കഥക്കു് ആകപ്പാടെ ഒരു തന്മയത്വം ഉണ്ടായിരിക്കും.

എന്നാൽ നോവലുകൾ മനുഷ്യരുടെ വെറും ജീവചരിത്രങ്ങളല്ല. ലോകത്തിൽ വല്ല പ്രവൃത്തികൾകൊണ്ടോ, പ്രത്യേക ഗുണങ്ങൾകൊണ്ടോ, കീർത്തി സമ്പാദിച്ചിട്ടുള്ള മനുഷ്യർ മറ്റുള്ളവർക്കു് അനുകരണീയരായിത്തീരത്തക്കവണ്ണം, അവരുടെ ജീവചരിത്രങ്ങൾ എഴുതുന്നവൻ, കഥാനായകന്മാരുടെ ദോഷാംശങ്ങളെ പലപ്പോഴും മൂടിവെച്ചെന്നു വരാം. കേവലം ദുർമ്മാർഗ്ഗികളുടേയും ദുഷ്ടന്മാരുടേയും ജീവചരിത്രം ആരും എഴുതാറില്ല. അനുകരണീയങ്ങളായ ഗുണങ്ങളൊക്കെ പ്രതിബിംബിച്ചു കൊണ്ടുള്ള ചില സൽപ്പാത്രങ്ങളേയും ദുർഗ്ഗുണങ്ങൾ പൂർത്തീകരിച്ച ചില ദുഷ്പാത്രങ്ങളേയും സങ്കല്പിച്ചു സൃഷ്ടിച്ചു് അവരുടെ കർമ്മഫലങ്ങളെ ഒടുവിൽ വ്യത്യസ്തപ്പെടുത്തി കാണിച്ചുകൊടുക്കയാണു് നോവൽ ചെയ്യുന്നതു്.

നോവൽ വെറും ദേശചരിത്രവുമല്ല. ചരിത്രത്തിന്റെ കൈ എത്താത്ത ദിക്കിലാണു് നോവലിന്റെ കൈ ചെല്ലുന്നതു്. അത്യുച്ചത്തിൽ പ്രകാശിക്കുന്ന ഒരു തേജഃപുഞ്ജംപോലെ ചരിത്രം ഭൂതകാലത്തുണ്ടായിരുന്ന മുഖ്യ സംഭവങ്ങളെ പ്രകാശിപ്പിച്ചു നമുക്കു ദൃഷ്ടിഗോചരങ്ങളാക്കുന്നു. ആ പ്രകാശം എത്താത്ത പല മുക്കുകളും മൂലകളും ഉണ്ടായിരിക്കും. അവയിലേയ്ക്കു കടന്നു നോക്കാൻ നമ്മെ സഹായിക്കുന്ന കൈവിളക്കുകളാണു് നോവലുകൾ.

ജീവചരിത്രത്തിലും ദേശചരിത്രത്തിലും വിവരിക്കുന്ന സംഭവങ്ങൾ യഥാർത്ഥങ്ങളായിരിയ്ക്കയും അതിലെ കഥാനായകന്മാർ യഥാർത്ഥത്തിൽ ജീവിച്ചവരായിരിക്കയും വേണം. നോവൽ കർത്താക്കളാകട്ടെ, യഥാർത്ഥ സംഭവങ്ങളേയും ജനങ്ങളെയും അടിസ്ഥാനമാക്കി, അവരെ കൂട്ടി വിളക്കി ഭാവനാശക്തികൊണ്ടു കഥകളേയും പാത്രങ്ങളേയും സൃഷ്ടിക്കുന്നു. ഇനി വരാനുള്ള തലമുറകളെയാണു് നോവലുകൾ കഥാരൂപേണ ഉപദേശിയ്ക്കുന്നതു്. അതുകൊണ്ടു വല്ലവരും മുഷിയുമെന്ന ഭയമൊ, സന്തോഷിയ്ക്കണമെന്ന ആഗ്രഹമൊ അടിസ്ഥാനമാക്കിയായിരിക്കില്ല കഥാപാത്രങ്ങളുടെ സൃഷ്ടി. ഒരു രാജ കോവിലകത്തോടു സംബന്ധിച്ച ആരാമത്തിൽ നില്ക്കുന്ന പനിനീർ ചെടിയുടെ ഛായാപടം വരയ്ക്കുന്നതു്, അതിന്റെ മുള്ളുകളൊക്കെ തരക്കി, ഉണങ്ങിയ ഇലകളൊക്കെ നീക്കി, പുഴുത്തുളയുള്ള പുഷ്പങ്ങളൊക്കെ പറിച്ചുകളഞ്ഞതിനു ശേഷമായിരിയ്ക്കണമെന്നു് ഒരു യഥാർത്ഥചിത്രകാരൻ ഒരിയ്ക്കലും വിചാരിയ്ക്കയില്ല. അങ്ങിനെ ചെയ്യുന്നതുകൊണ്ടു വല്ല ‘തിരുവുള്ള’വും സമ്പാദിയ്ക്കണമെന്നു വിചാരിക്കുന്നവന്റെ അനുഭവം തൽക്കാലം ‘തിരുമേനി’യുടെ ബുദ്ധിയുടെ രസികത്വത്തിനെ ആശ്രയിച്ചിരിക്കുമെങ്കിലും മേലിൽ, ലോകം അവനെ പുച്ഛിക്കും. നോവൽ കർത്താക്കളും ഈ തത്വം ആലോചിക്കുന്നതാണു്.

ഇങ്ങിനെയുള്ള സർവ്വഗുണങ്ങളും തികഞ്ഞ ഒരു സാമുദായിക നോവലാണു് ‘വസുമതി’ എന്നു ഞാൻ അശേഷം അഭിമാനിക്കുന്നില്ല. പക്ഷേ, ചിലരുടെ മുഷിച്ചലും മറ്റു ചിലരുടെ അസൂയയും കാണുമ്പോൾ ‘വസുമതി’ക്കു് ഏതാൻ ചില ഗുണങ്ങളുണ്ടെന്നു തോന്നിപ്പോകുന്നു.

തലശ്ശേരി. മൂർക്കോത്തു് കുമാരൻ.

1-5-14.

വസുമതി
മൂർക്കോത്തു് കുമാരൻ
തോട്ടത്തിന്റെ അധിദേവത

തളിരുപോലധരം സുമനോഹരം

ലളിതശാഖകൾപോലെ ഭുജദ്വയം

കിളിമൊഴിക്കുടലിൽ കുസുമോപദം

മിളിതമുജ്വലമാം നവയൗവനം.

അതിവിശാലമായി അത്യന്തമനോഹരമായ ഒരു പൂന്തോട്ടം. കാണാൻ അതി കൌതുകമുള്ളതും പലവിധ വനങ്ങളോടുകൂടിയതും ആയ ഇലകളുള്ള അനവധി ചെടികളും അവയ്ക്കിടയ്ക്കിടെ തോട്ടക്കാരുടെ വാസനയ്ക്കും പാടവത്തിനും അനുസരിച്ചു ഓരോ കള്ളികളിൽ നട്ടുവളർത്തിയവയും അവയിൽ പലതും ഭംഗിയുള്ള ചട്ടികളിലാക്കിവെച്ചിട്ടുള്ളതും, ഓരോ കള്ളികളുടെയും അതിർത്തികളായി ചെറുവക ചീരച്ചെടികൾ നട്ടുനനച്ചു യഥാകാലം വെട്ടിച്ചുരുക്കി അതുകൊണ്ടു കാഴ്ചയ്ക്കു വിവിധത്വം വരുത്തീട്ടുള്ളതും ഇവയെല്ലാം തന്നെ അത്യന്തം ഹൃദയംഗമമായിരുന്നു. ഈ വകയൊക്കെ നടന്നുകാണ്മാനും അവയുടെ പുഷ്പങ്ങൾ അറുക്കാനും സൌകര്യം ഉണ്ടാകത്തക്കവണ്ണം ചുറ്റും ചില മാതൃകകളനുസരിച്ചു ചെത്തിയുണ്ടാക്കിയ വഴികളുടെ ഇരുഭാഗവും, ഉയരത്തിൽ മുതിരാൻ സമ്മതിക്കാതെ വെട്ടി ഒരേ വലിപ്പത്തിൽ വളർത്തിപ്പോരുന്ന ‘ചവോക്കു്’ മരങ്ങളുണ്ടു്. അവയുടെ ഉള്ളിലും തോട്ടത്തിൽ അവിടവിടെയും വലിയ ചില പൂത്തൈകളിന്മേലും ചെറുവക കിളികൾ തത്തിപ്പറന്നു പലവിധ മനോഹര ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. ആരാമത്തിന്റെ മദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ജലയന്ത്രത്തിൽനിന്നു് ശുദ്ധജലം അനവരതം പൊങ്ങിപ്പുറപ്പെട്ടു് ആകാശത്തിലേയ്ക്കു കുതിച്ചുചാടുവാൻ ശ്രമിക്കയും, അദ്ധ്യാത്മ വിഷയത്തിൽ ജീവിതത്തെ നയിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ പ്രപഞ്ച വിഷയങ്ങളാലെന്ന പോലെ ഭൂമിയുടെ ആകർഷണശക്തിയാൽ ആ വെള്ളം താഴോട്ടേക്കു വലിക്കപ്പെടുകയും അതിന്നു കീഴടങ്ങി അനേകം ചെറുതുള്ളികളായി ചൈതന്യരഹിതമായി കീഴോട്ടു തന്നെ പതിക്കുകയും ചെയ്യുന്നു. ഈ ജലയന്ത്രത്തിനു സമീപത്തു വെള്ളക്കല്ലുകൊണ്ടു് ഒരു മനുഷ്യരൂപം വെട്ടിയുണ്ടാക്കിയതു് സ്ഥിതിചെയ്യുന്നുണ്ടു്. അതിനു ചുറ്റും മനുഷ്യർക്കു് ഇരിക്കാൻ ചില ആസനങ്ങളുള്ളവയിൽ ഒന്നിൽ ഏകദേശം പതിനേഴു വയസ്സു പ്രായമുള്ള ഒരു സുന്ദരി തനിയേ ഇരിക്കുന്നു.

സൂര്യൻ അസ്തമിക്കുന്നേ ഉള്ളു. ആകാശത്തിൽ ഒരു നക്ഷത്രം ആ തന്വംഗി ഇരിക്കുന്നതിനു നേരെ മീതെ, ആ അബലയെ ആപത്തിൽനിന്നു രക്ഷിച്ചുപോരാൻ പ്രത്യേകം നിയമിക്കപ്പെട്ട ഒരു ദേവതയെന്നപോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. കിഴക്കു ചന്ദ്രനും പ്രകാശിച്ചുതുടങ്ങി. ചന്ദ്രൻ ഉദിച്ചുവരുന്നതിനെ കണ്ടമാത്രയിൽ അവൾ മന്ദഹസിച്ചു പിന്നിൽ തിരിഞ്ഞുനോക്കീട്ടു്, “സൂര്യൻ അസ്തമിച്ചു, ചന്ദ്രനും ഇതാ ഉദിക്കുന്നു” എന്നിങ്ങിനെ പറഞ്ഞുകൊണ്ടു്, താഴെ കാണിയ്ക്കുന്ന ശ്ലോകാർദ്ധം ചൊല്ലി.

“തേജോദയത്തിനൊരുമിച്ചുദയക്ഷയങ്ങ-

ളിജ്ജീവികൾക്കൊരു നിദർശനമെന്നുതോന്നും.”

സംഗീതത്തിലുണ്ടായ അഭ്യാസത്താൽ പരിപക്വത സിദ്ധിച്ചതും പ്രകൃത്യാ മാധുര്യമുള്ളതുമായ സ്വരത്തിൽ ചൊല്ലിയ ഈ ശ്ലോകാർദ്ധം ആരാമത്തിൽ കിടന്നു മുഴങ്ങിക്കൊണ്ടു് അതിലെ വൃക്ഷലതാദികൾക്കുതന്നെ ഒരു പരമാനന്ദം നൽകിയിരിക്കണം. ശ്ലോകം ചൊല്ലിക്കഴിഞ്ഞശേഷം തോട്ടത്തിന്റെ ഒരു ഭാഗത്തു് എന്തോ ഒരു നിഴൽ കണ്ടു, “ദാമൂ, ദാമൂ” എന്നു പതുക്കെ വിളിച്ചു.

ആ പേരുള്ള പരമഭാഗ്യൻ അതിനു തക്ക സമയത്തു് ഉത്തരം പറവാൻ അടുത്തില്ലാതിരുന്നതിനാൽ, തല്ക്കാലത്തേക്കെങ്കിലും നിർഭാഗ്യവാനായിത്തീർന്നുവെന്നേ പറയേണ്ടതുള്ളു. പരസ്പരമുള്ള അനുരാഗത്താൽ ദൃഢമായി ബന്ധിക്കപ്പെട്ടുകൊണ്ടു് ലോകത്തിൽ ആ രണ്ടു ജീവനല്ലാതെ മറ്റു യാതൊന്നുമില്ലെന്നു തോന്നിക്കുന്ന വിധം പരമാനന്ദസമുദ്രത്തിൽ മുങ്ങിയിരിക്കുന്ന നിലയിൽ ആ പ്രിയതമയാൽ നാമധേയം ഉച്ചരിക്കപ്പെടാനുള്ള പരമഭാഗ്യം നിങ്ങൾക്കാർക്കെങ്കിലും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അങ്ങിനെയുള്ള ഒരു ഭാഗ്യം അനുഭവിക്കാൻ തൽക്കാലം അരികത്തെത്താതിരുന്ന ദാമോദരൻ ഒരു നിർഭാഗ്യവാൻ തന്നെയെന്നു അല്പനേരമെങ്കിലും വിചാരിച്ചു മറ്റു സംഗതികൾക്കായി അവനോടു അസൂയപ്പെടാൻ ഇടയുള്ള നിങ്ങൾ കുറെ ആശ്വസിക്കുവിൻ.

മനോഹരമായ ആ പൂന്തോട്ടത്തിനു് അധിദേവതയെ പോലെ ശോഭിക്കുന്ന ആ സുന്ദരിയാകട്ടെ, ആ ചന്ദ്രപ്രഭയിൽ കാണേണ്ടുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു. നമ്മുടെ രാജ്യത്തു മഹാസുന്ദരികളായ സ്ത്രീകൾ വളരേ ഉണ്ടു്. മഹാസുന്ദരികളാണെന്നു പറയുന്നവരിൽ ഓരോരുത്തിക്കും, സൂക്ഷിച്ചുനോക്കിയാൽ വല്ലതും ഒരു ദോഷം ഉണ്ടായെന്നു വരാം. തങ്കവർണ്ണമുള്ള ശരീരകാന്തിയുണ്ടായിട്ടും അതിനനുസരിച്ചു നീണ്ടിരുണ്ടു ചുരുണ്ട തലമുടിയില്ലാത്തതുകൊണ്ടു് എത്രപേരേപ്പറ്റി നാം വ്യസനിച്ചിട്ടുണ്ടു്. മുഖത്തിന്റെ ആകൃതിവിശേഷത്തിന്നും സൌകുമാര്യത്തിനും അനുരൂപമല്ലാത്ത മൂക്കൊ കണ്ണൊ ഉള്ളതിനാൽ എത്രപേരോടു നാം അനുശോചിച്ചിട്ടുണ്ടു്! പ്രാചീനാചാര ഭക്തന്മാരായ മാതാപിതാക്കന്മാരുടെ നിർബ്ബന്ധത്താൽ കുത്തിയുഴത്തി വലുതാക്കിയ കാതുകളും അവയിൽ കെട്ടി ഞാത്തിയ സ്വർണ്ണാഭരണങ്ങളും എത്രപ്രാവശ്യം നമ്മാലൊക്കെ ശപിക്കപ്പെട്ടിട്ടുണ്ടു്! ആകപ്പാടെയുള്ള ശരീരസൗന്ദര്യത്തിനു് അനുരൂപമല്ലാത്ത വസ്ത്രധാരണം നമ്മുടെ നയനേന്ദ്രിയത്തെ എത്രപ്രാവശ്യം പീഡിപ്പിച്ചിട്ടുണ്ടു്!

എന്നാൽ ഈ വിധത്തിലുള്ള യാതൊരു വ്യസനത്തിനും അനുശോചനയ്ക്കും ശാപത്തിനും പീഡയ്ക്കും വസുമതിയെ സംബന്ധിച്ചിടുത്തോളം കാരണമില്ലെന്നു ഉറപ്പായി പറയാം.

വെളുത്ത നിറത്തിലുള്ള സ്ത്രീകൾ നമ്മുടെ രാജ്യത്തു് അനേകമുണ്ടു്. വസുമതിയുടെ നിറം അതിലൊന്നും പെട്ടതല്ല. വെളുപ്പും ചുകപ്പും വർണ്ണങ്ങൾ അവളുടെ മുഖരംഗത്തു് സ്ഥലം പിടിക്കാൻ തമ്മിൽ ഒരു പോരാട്ടം കഴിച്ചതിനുശേഷം രക്തവർണ്ണം ശുക്ലവർണ്ണത്തെ അടിയിലാക്കുകയും അങ്ങിനെ ചെയ്തതിന്റെ സൂചകമായ ജയപതാക, ഗണ്ഡസ്ഥലങ്ങളിൽ നാട്ടുകയും ചെയ്തിരിക്കയാണെന്നു തോന്നും. രണ്ടു വർണ്ണങ്ങളും ഒടുവിൽ സന്ധിയായി അന്യോന്യദോഷങ്ങളെ പരിഹരിക്കാൻ ശ്രമിക്കയായിരിക്കാം. വെറും വെളുപ്പു നിറമാണെങ്കിലുണ്ടാവാനിടയുള്ള വിളർച്ചയെ ചുകപ്പു വർണ്ണവും, ചുകപ്പായിരുന്നുവെങ്കിലുണ്ടാവാൻ സംഗതിയുള്ള ഭയങ്കരതയെ വെളുപ്പു നിറവും, അനോന്യം നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു് മുഖത്തു് ആകപ്പാടെ ഒരു ‘വർണ്ണ മാധുര്യം’ വരുത്തിയിരിക്കുന്നു. മുഖമോ, എന്തൊരു മുഖം! എന്തൊരാകൃതി! നേത്രങ്ങൾക്കും, നാസികകൾക്കും, നെറ്റിത്തടത്തിനും വലിപ്പത്തിൽ അന്യോന്യമുള്ള ചേർച്ചയും അവയുടെ ആകൃതിക്കുള്ള ഭംഗിയും പുരികങ്ങളുടെ കൃഷ്ണവർണ്ണവും അവയുടെ വളവും എല്ലാം അത്യന്ത മനോഹരമെന്നു പറവാൻ മാത്രമല്ലാതെ അവയെ പ്രത്യേകം വർണ്ണിക്കാനോ, അവകൊണ്ടു ആകപ്പാടെയുള്ള അനുഭവം വിവരിക്കാനോ, എന്നാൽ കേവലം അസാദ്ധ്യമാകുന്നു. മുഖരംഗത്തു വെച്ചു നടന്ന വർണ്ണയുദ്ധത്തിനു ശേഷം ഉണ്ടായ സന്ധിക്കരാർ പ്രകാരം ശുക്ലവർണ്ണത്തിനു പ്രത്യേകമായ ഒരു സ്ഥലം അനുവദിച്ചു കൊടുത്തതു് ദന്തങ്ങളിലായിരുന്നു. അവിടെയാണു് അതു് സമ്പൂർണ്ണ സ്വാതന്ത്ര്യത്തോടും ചൈതന്യത്തിലും പ്രകാശിക്കുന്നതു്. എന്നാൽ, ചുണ്ടിനെ രക്തവണ്ണം കേവലം സ്വാധീനമാക്കി വെച്ചിരിക്കയാണു്. മുത്തുപോലുള്ള വെളുപ്പു നിറംകൊണ്ടു മാത്രമല്ല, ഒന്നിനൊന്നനുരൂപമായ വലിപ്പം കൊണ്ടും ചുണ്ടിന്റെ രക്തവർണ്ണത്തിന്റെ പ്രതിച്ഛായകൊണ്ടും ആ ദന്തങ്ങൾ യുവജനങ്ങളുടെ ഹൃദയം ബലമായി ആകർഷിക്കുന്നു. ചുണ്ടുകളുടെ വർണ്ണാകൃതികൾക്കു് പ്രകൃത്യാ ഉള്ള ഗുണങ്ങൾ, മുഖത്തു സദാ കളിച്ചുകൊണ്ടിരിക്കുന്ന പുഞ്ചിരിയാലുണ്ടാകുന്ന പ്രത്യേക ചൈതന്യത്താൽ ദ്വിഗുണീഭവിക്കുന്നു. ഇങ്ങിനെ കണ്ണു്, മൂക്കു്, ചുണ്ടു, പല്ലു എന്നീ അവയവങ്ങളുടെ സൌകുമാര്യവും വർണ്ണസൗഷ്ടവവും അധികരിച്ചു കാണിക്കത്തക്ക ഒരു അനുഭവമാണു് ആ കേശഭാരത്തെക്കൊണ്ടുണ്ടാകുന്നതു്. വളരെ ഇരുണ്ടു നീണ്ടു ചുരുണ്ട തലമുടി അധികമായ തൈലം പുരട്ടി ചീകിപ്പറ്റിച്ചു ചൈതന്യരഹിതമാക്കിത്തീർക്കാതേയും, കുറുനിരകൾ നെറ്റിയിൽ സ്വാതന്ത്ര്യത്തോടുകൂടിയെങ്കിലും ഒരു പ്രത്യേക വ്യവസ്ഥയിൽ വളരാൻ അനുവദിക്കുകയും ചെയ്തിട്ടുള്ളതിനാൽ അനന്യസാധാരണമായ ഒരഴകു് അവയെക്കൊണ്ടുതന്നെ മുഖത്തു വിശേഷിച്ചുണ്ടാകുന്നുണ്ടു്. കാതിൽ ചെറിയ ഒരു സ്വർണ്ണാഭരണമേ ഉള്ളു. അവയ്ക്കു മദ്ധ്യത്തിൽ ഓരോ ചുകപ്പുകല്ലു പതിച്ചവയുടെ പ്രതിച്ഛായ മനോഹരങ്ങളായ ആ കവിൾത്തടങ്ങളിൽ പ്രതിബിംബിക്കുന്നുണ്ടോ എന്നു തോന്നും. നല്ല ആനക്കൊമ്പുകൊണ്ടു കടഞ്ഞെടുത്ത പോലുള്ള ഭംഗിയുള്ള ആകൃതിയും, ശിരസ്സിനും ഉടലിനും അനുരൂപമായ നീളവും വലിപ്പവും, ഉള്ള കണ്ഠത്തിൽ കാലംഗുലം അകലമുള്ള കറുത്ത ഒരു പട്ടുനാടയിന്മേൽ സ്വർണ്ണത്തിന്റെ ഒരു ചെറിയ പതക്കം ചേർത്തു ധരിച്ചിട്ടുണ്ടു്. ജനനാൽ തന്നെ മനോഹരങ്ങളായ അവയവങ്ങളുടെ ഭംഗി അലങ്കാരങ്ങളെക്കൊണ്ടു ശതഗുണീഭവിപ്പിക്കാൻ വസുമതിക്കുണ്ടായിരുന്ന വാസന ഈ കണ്ഠാഭരണംകൊണ്ടുതന്നെ ധാരാളം വ്യക്തമാകുന്നുണ്ടു്. ശരീരത്തിന്റെ ആകൃതിക്കു പറ്റാതെയും അഴകിനു് അനുകൂലിക്കാതെയും ഉള്ള പലവിധ പണ്ടങ്ങൾ, സ്വർണ്ണഭ്രമം നിമിത്തം അലങ്കാരമാണെന്നും പറഞ്ഞു സാധിക്കുന്ന ദിക്കിലൊക്കെ കെട്ടിഞാത്തുകയും അല്ലാത്ത ദിക്കിൽ തുളച്ചു ഞാത്തുകയും ചെയ്യുന്ന സ്ത്രീകൾ വസുമതിയിൽനിന്നു വിലയേറിയ പാഠങ്ങൾ പഠിക്കാനുണ്ടു്. ആഭരണത്തിന്റെ കാര്യത്തിൽ മാത്രമോ? വസ്ത്രാഡംബരത്തിലും അവൾ വളരെ വിവേകവും വാസനയും കാണിച്ചിരിക്കുന്നു. വിലയധികമില്ലാത്ത ഒരു ശുദ്ധവെള്ളച്ചേല, പാർസി സ്ത്രീകളുടെ സമ്പ്രദായത്തിൽ ധരിച്ചിരിക്കയാണു് ചെയ്തിരിക്കുന്നതു്. അതിനു യോജിച്ച ഒരു കുപ്പായവും ഉണ്ടു്. കൈയ്ക്കു നേരിയ രണ്ടു കാപ്പുകളുള്ളവ, ആ കരങ്ങൾക്കു് ഏറ്റവും യോജിപ്പുള്ളവയാകയാൽ അവയും കൈയോടുകൂടിത്തന്നെ ജനിച്ചവയാണെന്നു തോന്നിപ്പോകും.

തോട്ടത്തിലെ ഉയരം കുറഞ്ഞ ഒരു ബെഞ്ചിൽ കാലുകൾ അല്പം ദൂരത്തേയ്ക്കു നീട്ടി, പുറം ബെഞ്ചിന്റെ ചാരിന്മേൽ നല്ലവണ്ണം ചേർത്തു, കൈകൾ പള്ളമേൽ കോർത്തുകെട്ടിക്കൊണ്ടു് അവൾ അല്പനേരം തന്നെത്താൻ മറന്നിരുന്ന അവസരത്തിൽ പിന്നിൽ നിന്നു ഒരു യുവാവു് സാവധാനത്തിൽ നടന്നുവന്നു, അവളുടെ പിറകെ നിന്നു തന്റെ കൈകൊണ്ടു അവളുടെ കണ്ണു രണ്ടും പൊത്തി.

ഇരുന്ന ദിക്കിൽനിന്നു് അനങ്ങാതേയും യാതോരു പരിഭ്രമവും കാണിക്കാതേയും തന്റെ കണ്ണുപൊത്തിയ കൈകൾ വിടുവിക്കാൻ ശ്രമിക്കാതേയും വസുമതി ഇങ്ങിനെ പറഞ്ഞു:

“ദാമൂ, നീ എന്റെ കണ്ണുപൊത്തിയതുകൊണ്ടു് വലുതായ ഫലം പ്രത്യേകമൊന്നും ഉണ്ടായിട്ടില്ല.”

ദാമോദരൻ ഉടനെ കൈയെടുത്തു അവളുടെ അടുക്കൽ ചെന്നിരുന്നിട്ടു്, “എന്താണു് നീ പറഞ്ഞതിന്റെ സാരം” എന്നു കുറെ ബദ്ധപ്പെട്ടുകൊണ്ടു ചോദിച്ചു.

വസുമതി:
(ചിരിച്ചുംകൊണ്ടു്) മറ്റൊന്നുമല്ല. അല്ലെങ്കിലും ഞാൻ ഇവിടെ യാതൊന്നും കാണുന്നില്ല, പിന്നെ കണ്ണു പൊത്തേണ്ടുന്ന ആവശ്യമില്ലല്ലൊ.
ദാമോദരൻ:
ഇപ്പോൾ നിന്റെ അടുക്കൽ ഇരിക്കുന്ന എന്നെയും നീ കാണുന്നില്ലെന്നോ?
വസുമതി:
നീ അടുക്കെ ഇല്ലാത്തപ്പോഴും നിന്നെ ഞാൻ സദാ കാണാറുണ്ടു്.

ഇതുകേട്ടപ്പോൾ ദാമോദരൻ കുറേകൂടി അടുത്തിരുന്നു്, അവളുടെ കൈ പിടിച്ചു, തന്റെ തല കുനിച്ചു, ആ കൈക്കു് ഒന്നു ചുംബിച്ചു.

കൂടണയാൻ താമസിച്ച ഒരു ചെറിയ പക്ഷി അടുത്ത ജലയന്ത്രത്തിനടുക്കെ നിന്നു മന്ദമായി ഒന്നു ശബ്ദിച്ചുകൊണ്ടു് പറന്നു പോയി. ചന്ദ്രൻ ചെറിയ മേഘങ്ങളുടെ ഇടയിൽ മറഞ്ഞു. ശീതമായ ഒരു വാതപോതം സാവധാനത്തിൽ വീശിക്കൊണ്ടിരുന്നതിനെ ബഹുമാനിക്കുന്ന നിലയിൽ അടുത്തുള്ള ചില ചെടികൾ തലയാട്ടിക്കൊണ്ടിരുന്നു. അതോടുകൂടി പുഷ്പങ്ങളുടെ വാസന തോട്ടത്തിൽ പൂർവ്വാധികം വ്യാപിച്ചു.

ദാമോദരൻ ചുംബിച്ച കൈ അവന്റെ കൈകളിൽ മുറുകെപിടിച്ചുകൊണ്ടു് അവൻ ഇങ്ങിനെ പറഞ്ഞു:

“നിന്നോടു പറയാൻ കഴിഞ്ഞ ആറുമാസമായി പല പ്രാവശ്യവും ഭാവിച്ചുകൊണ്ടിരുന്ന ഒരു സംഗതി ഇന്നു പറവാൻ എനിക്കു ധൈര്യം വന്നിരിക്കുന്നു.”

വസുമതി:
ഇന്നെന്താണു് ധൈര്യത്തിന്നു പ്രത്യേകം വല്ലമരുന്നും സേവിച്ചിരുന്നുവോ?
ദാമോദരൻ:
നിന്റെ ഇന്നത്തെ വാക്കു് ഒരു മരുന്നായിട്ടാണു് തീർന്നിരിക്കുന്നതു്.
വസുമതി:
സ്ത്രീകളുടെ വാക്കു് പഞ്ചസാരയായിട്ടും തേനായിട്ടും മറ്റും ചില കവികൾ വിവരിച്ചുകേട്ടിട്ടുണ്ടു്. മരുന്നുകൂടിയാവാമെന്നു് ഇന്നു ദാമു പറഞ്ഞുകേട്ടു. മരുന്നിനു് സാധാരണ കഷായരസമാണു്. അല്ലേ?
ദാമോദരൻ:
അതെന്തെ, തേനും കല്ക്കണ്ടവും മറ്റും പ്രത്യേകം ഓരോ തരം മരുന്നാണെന്നു വസുമതി മറന്നുവോ
വസുമതി:
ശരി. ഞാനതു മറന്നു. ധൈര്യത്തിന്റെ മരുന്നു മധുരിച്ചിട്ടായിരിക്കാം.
ദാമോദരൻ:
അതെന്തെങ്കിലുമാവട്ടെ, എനിക്കു പറയാനുള്ളതു് ഇപ്പോൾ പറയണം.
വസുമതി:
നീ ആ പാലവൃക്ഷം കണ്ടുവോ? അതിന്മേൽ ഇലകൾ കേവലം ഇല്ലെന്നു തോന്നുന്നു. സർവ്വം പുഷ്പമയം. ഈ നിലാപ്രകാശത്തിൽ അതിന്റെ ഒരു ഭംഗി നോക്കൂ.
ദാമോദരൻ:
വസുമതി ഇവിടെ ഇരിക്കുമ്പോൾ ഞാൻ വേറെ യാതൊന്നിന്റെയും ഭംഗി കാണുന്നില്ല.
വസുമതി:
എന്നാൽ ഞാൻ ഇവിടെനിന്നു് എഴുനീറ്റുപോയിക്കളയാം. നീ ഈ പ്രകൃതിദേവിയുടെ സൌന്ദര്യം കണ്ടാനന്ദിച്ചോളു.
ദാമോദരൻ:
എനിക്കു പറയാനുള്ളതു കേട്ടിട്ടുപോകാം. നാം രണ്ടു പേരും മേലാൽ അന്യോന്യം കാണാത്തവിധം വേർപിരിയണം. അല്ലാതിരുന്നാൽ നിനക്കും എനിക്കും അനർത്ഥത്തിനു സംഗതിയായേക്കാം.
വസുമതി:
നീ ഇവിടെ കൂടക്കൂട വരുന്നതുകൊണ്ടും നാം തമ്മിൽ കാണുന്നതുകൊണ്ടും വല്ല അനർത്ഥവും ഉണ്ടാവാൻ സംഗതിയുണ്ടെന്നു ഞാൻ ലവലേശം വിശ്വസിക്കുന്നില്ല. അങ്ങിനെ ഭയപ്പെടാൻ ന്യായവുമില്ല. അതിനു വല്ല സംഗതിയുമുണ്ടായിരുന്നുവെങ്കിൽ അച്ഛനും ജ്യേഷ്ഠനും അതു പണ്ടേ മുടക്കംചെയ്യുന്നതായിരുന്നു. നാം ബുദ്ധിയില്ലാത്ത കുട്ടികളാണോ? ആലോചനയില്ലാത്ത വിഡ്ഢികളാണോ?
ദാമോദരൻ:
അതാണു് വൈഷമ്യം. നാം കുട്ടികളൊ വിഡ്ഢികളൊ ആയിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു. അതു രണ്ടുമല്ലാത്തതിനാൽ ഞാൻ അനുഭവിക്കുന്ന സങ്കടം എനിക്കും ഈശ്വരനുമറിയാം.
വസുമതി:
നിന്റെ സങ്കടം ഇല്ലായ്മചെയ്വാനും നിന്റെ മനസ്സു സ്വസ്ഥാനത്തിലാവാനും ഞാനൊരു വിദ്യപറയാം. നീ ഉടനെ വിവാഹം ചെയ്യണം.
ദാമോദരൻ:
ശരി, പക്ഷേ, ഞാൻ വിവാഹം ചെയ്വാൻ ആഗ്രഹിയ്ക്കുന്ന സുന്ദരി എന്നെ ഭർത്താവായി സ്വീകരിച്ചില്ലെങ്കിലൊ?
വസുമതി:
അതെന്തുകൊണ്ടു്? അവൾ നിന്നെ സ്നേഹിക്കുന്നില്ലെന്നോ?
ദാമോദരൻ:
വളരെ സ്നേഹിക്കുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. പക്ഷേ, എന്റെയും അവളുടേയും അവസ്ഥ വളരെ അന്തരമുണ്ടു്. അവൾ വലിയ ദ്രവ്യസ്ഥയും ഞാൻ മഹാദരിദ്രനുമാണു്. എനിക്കു പണമില്ല; വലിയ പദവിയില്ല.
വസുമതി:
അവൾ പണത്തേയും പദവിയേയും ആണോ സ്നേഹിയ്ക്കുന്നതു്, നിന്നെയല്ലെ?
ദാമോദരൻ:
അവൾ സ്വതന്ത്രയല്ല. അവളുടെ രക്ഷിതാക്കന്മാരുടെ ഇഷ്ടമല്ലാതെ ഈ കാര്യത്തിൽ അവളുടെ ഇഷ്ടം നടന്നെന്നു വരുന്നതല്ലല്ലൊ.
വസുമതി:
അവളുടെ രക്ഷിതാക്കന്മാർ അത്രമേൽ അപരിഷ്കാരികളും അവിവേകികളുമാണോ? ദാമോദരനെപ്പോലെ എല്ലാവിധം ഗുണങ്ങളുമുള്ള ഒരു പുരുഷനെ സ്നേഹിച്ചു വിവാഹം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെ തടഞ്ഞു നിർത്താൻ ശ്രമിയ്ക്കുന്ന രക്ഷിതാക്കന്മാർ വിഡ്ഢികളായിരിയ്ക്കയില്ലെ? നീ പറയുന്ന ആ സ്ത്രീ വിദ്യാഭ്യാസമുള്ളവളാണോ?
ദാമോദരൻ:
അതെ, നല്ല വിദ്യാ സമ്പന്നയാണു്.
വസുമതി:
എന്നാൽ പിന്നെ സംശയിക്കാനെന്താണു്? അവളുടെ രക്ഷിതാക്കന്മാർ അവളുടെ വിവേകബുദ്ധിയെ വിശ്വസിക്കാതിരിക്കുമൊ?
ദാമോദരൻ:
പക്ഷേ, അതിലൊരു വൈഷമ്യമുണ്ടു്.
വസുമതി:
അതെന്താണു്?
ദാമോദരൻ:
ബി. എ., ബി. എൽ. മുതലായ പരീക്ഷകൾ ജയിച്ച ഹൈക്കോടതി വക്കീൽമാരിലൊ വലിയ ഉദ്യോഗസ്ഥന്മാരിലൊ വല്ലവരും അവളുടെ ഭർത്താവാകാൻ ആഗ്രഹിച്ചന്വേഷിച്ചാലൊ?
വസുമതി:
അവൾ നിന്നെയാണു് സ്നേഹിക്കുന്നതെന്നു പറയുന്നു. അത്തരത്തിലുള്ള ഒരു സ്ത്രീ നിന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അവൾ നിന്നെയല്ലാതെ ബി. എ., ബി. എൽ. മുതലായ പരീക്ഷകളെ വിവാഹം ചെയ്വാൻ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. ഈ പരീക്ഷകളെ മാത്രം അന്വേഷിച്ചു പോയി. പുരുഷന്മാരുടെ ഗുണം ലേശം നോക്കാതെ പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്ന മാതാപിതാക്കന്മാർ പിന്നീടു പശ്ചാത്തപിക്കുന്നതു ലോകത്തിനു പാഠമായിത്തീരുകയില്ലെന്നൊ? വിവാഹകാര്യത്തിൽ അച്ഛനമ്മമാർ പുരുഷന്റെ ഗുണങ്ങളെയാണു് നോക്കേണ്ടതു്. ഭാര്യയേയും മക്കളേയും ശരിയായി പുലർത്താൻ മാത്രം വരവും ലോകത്തിൽ മര്യാദയിൽ നടക്കത്തക്ക വിവേകബുദ്ധിയും അച്ഛനമ്മമാരിൽ ബഹുമാനവും ഉള്ള ഭർത്താക്കന്മാരെ ലഭിക്കുന്നവളാണു് ഭാഗ്യവതി. അക്കാര്യം അറിയാതെയും അന്വേഷിക്കാതെയും പാസ്സിന്റെയും ഉദ്യോഗത്തിന്റെയും പിന്നാലെ ഓടി പെൺകുട്ടികൾക്കു മനസ്സുഖമില്ലാതാക്കുന്ന മാതാപിതാക്കന്മാർ മഹാപാപികളാണു്.
ദാമോദരൻ:
വസുമതിയുടെ അച്ഛനും ജ്യേഷ്ഠനും എങ്ങിനെയുള്ളവരാണു്? വസുമതി ഇഷ്ടപ്പെടുന്ന ഒരു പുരുഷനു പണവും പാസ്സും ഇല്ലെങ്കിലും അവനെ ഭർത്താവാക്കാൻ സമ്മതിക്കുമൊ?
വസുമതി:
ഞാൻ നല്ലവണ്ണം ആലോചിച്ചെ ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കത്തനിലയിൽ സ്നേഹിക്കയുള്ളു അതു് എന്റെ അച്ഛനും ജ്യേഷ്ഠനും നല്ലവണ്ണമറിയാം.

വസുമതി ഈ പറഞ്ഞതു്, തന്നെ ഉദ്ദേശിച്ചുതന്നെ ആയിരിക്കുമെന്നും ഭർത്താവായി സ്വീകരിക്കത്തക്ക നിലയിലാണു് അവൾ തന്നെ സ്നേഹിച്ചിരിക്കുന്നതെന്നു തന്റെ മനഃസാക്ഷി തന്നോടു പറയുന്നുണ്ടെന്നും ദാമോദരൻ തോന്നി. എന്നിട്ടും അതു വ്യക്തമായി ചോദിയ്ക്കാൻ അവന്നു ധൈര്യം വന്നില്ല. അവൾ പിന്നെയും ഇങ്ങിനെ പറഞ്ഞു?

“നമ്മുടെ സമുദായത്തിൽ വിവാഹത്തിന്റെ സമ്പ്രദായത്തിൽ വന്നിരിയ്ക്കുന്ന മാറ്റങ്ങൾ നീ കാണുന്നില്ലെ? മുപ്പത്തഞ്ചുകൊല്ലം മുമ്പേ നമ്മുടെ രാജ്യത്തു രണ്ടും മൂന്നും ഭാര്യമാരില്ലാതിരുന്ന പ്രമാണി ഉണ്ടായിരുന്നുവോ? ഇന്നു ദ്വിഭാര്യത്വം ആഭാസമാണെന്നു കരുതാത്ത ഒരു കൂലിക്കാരൻ പോലും ജീവിയ്ക്കുന്നുണ്ടോ? പട്ടണപ്രദേശത്തും എന്റെ അറിവിൽ വേറെ ദിക്കിലും ഇല്ല. പുരുഷനാകട്ടെ സ്ത്രീയാകട്ടെ പണ്ടൊരിക്കലും തമ്മിൽ കാണുക കൂടി ചെയ്യാത്തവരെയല്ലേ, അച്ഛൻ കാരണവന്മാർകൂടി ആലോചിച്ചു തമ്മിൽ കല്യാണം കഴിപ്പിക്കാറ്. ഇന്നൊ, വല്ലവനും ആ വിധം വിവാഹത്തെ അനുവദിയ്ക്കുമോ? അങ്ങിനെ പറവാൻ അച്ഛനമ്മമാർക്കു ധൈര്യമുണ്ടോ? ചോറിന്റെ പാകം തെറ്റിയതുകൊണ്ടൊ, കറിയിൽ ഉപ്പു പോരാതിരുന്നതിനാലോ എത്ര ഭാര്യമാരെ പണ്ടൊക്കെ അടിച്ചു പടിയിറക്കീട്ടുണ്ടായിരുന്നു! ഇന്നു് ആ വിധം വല്ലതും കേൾക്കുന്നുണ്ടോ? അതിനൊക്കെ എന്താണു് സംഗതിയെന്നാണു് നീ വിചാരിയ്ക്കുന്നതു്?”

ദാമോദരൻ:
വിദ്യാഭ്യാസം. ഇക്കാലത്തു സ്ത്രീപുരുഷന്മാർക്കു വിദ്യാഭ്യാസം സിദ്ധിയ്ക്കുന്നതുതന്നെ അതിനു കാരണം. വിദ്യാഭ്യാസം കൊണ്ടുള്ള ഗുണം നമ്മുടെ സമുദായത്തിൽ കണ്ടുതുടങ്ങീട്ടുണ്ടു്, സംശയമില്ല.
വസുമതി:
യൂറോപ്യന്മാർ ഭാര്യയോടും മക്കളോടും പെരുമാറുന്നതു നമുക്കു പാഠമായിട്ടുമുണ്ടു്. വർത്തമാനപത്രങ്ങളും ഇക്കാര്യത്തിൽ വളരെ ഗുണം ചെയ്തിട്ടുണ്ടു്.
ദാമോദരൻ:
ശരിയാണു്, പറയത്തക്ക ഒരാളുടെ വിവാഹം കഴിഞ്ഞാലൊ, ഭാര്യാഭർത്താക്കന്മാരിൽ വല്ലവരും മരിച്ചാലൊ, പുനർവിവാഹം നടന്നാലൊ ആ വിവരങ്ങൾ പത്രത്തിൽ കാണുന്നു. അന്യായമായി ഒരു ഭാര്യയെ ഉപേക്ഷിയ്ക്കുന്നതു പോലും പത്രക്കാർ വെളിപ്പെടുത്തുന്നു. അതൊക്കെ തൽക്കാലം വലിയ ഗുണം ചെയ്തില്ലെങ്കിലും മനുഷ്യരുടെ മനസ്സിന്റെ സ്ഥിതിയ്ക്കു ചില ഭേദങ്ങൾ വരുത്തുന്നുണ്ടെന്നാണു് എന്റെ വിശ്വാസം.
വസുമതി:
എന്റെയും വിശ്വാസം അങ്ങിനെതന്നെയാണു്. വൃത്താന്തപത്രങ്ങൾ രാജ്യത്തിനു വളരെ ഗുണം ചെയ്തിട്ടുണ്ടു്, ചെയ്യുന്നുമുണ്ടു്.

ഈ സംഭാഷണം ഈ വിധത്തിൽ ദീർഗ്ഘിപ്പിച്ചുകൊണ്ടു പോകുന്നതിനു ദാമോദരനു് അശേഷം ഇഷ്ടമില്ലായിരുന്നു. അവന്റെ മനസ്സിൽ ഉണ്ടായിരുന്ന സംഗതിയെ അവളോടു പറവാൻ സാധിയ്ക്കാത്തതിനെപ്പറ്റി അവനു വളരെ അസ്വാസ്ഥ്യം ഉണ്ടാകയാൽ പിന്നെയുള്ള സംഭാഷണത്തിൽ ശ്രദ്ധ കുറഞ്ഞു കണ്ടു. അപ്പോൾ വസുമതി ഇങ്ങിനെ പറഞ്ഞു:

“നീ എന്തൊ ആലോചിച്ചുകൊണ്ടിരിയ്ക്കുയാണു്. ഞാൻ പറയുന്നതൊക്കെ പണ്ടു മാഢവ്യൻ പറഞ്ഞതുപോലെ വൻകാട്ടിലെ നിലവിളിതന്നെ.”

ദാമോദരൻ:
ഏതവസരത്തിലായിരുന്നു മാഢവ്യനങ്ങിനെ പറഞ്ഞിരുന്നതു്?
വസുമതി:
ആ അവസരത്തിൽ തന്നെ. വരൂ, നീ വരൂ. വെറുതെ വേണ്ടാതോരോന്നേ വിചാരിച്ചു മനസ്സു പുണ്ണാക്കരുതു്. പോക, നാം വീട്ടിലേയ്ക്കു പോക, ജ്യേഷ്ഠൻ വന്നിരിയ്ക്കും.
പൂർവ്വചരിതം

ഉത്സാഹിതൻ കരത്തിങ്കൽ

പിടിയ്ക്കും കമലാലയാ-

മടിയന്റെ കരത്തിങ്കൽ

പിടിക്കും കമലാഗ്രജം.

വടക്കെ മലയാളത്തിൽ, നെല്ലിക്കാട്ടിൽ എന്നു പേരായി വളരെ പ്രസിദ്ധിയുള്ള ഒരു തീയ്യഗൃഹം ഉണ്ടായിരുന്നു. അവിടെ വളരെക്കാലം മുമ്പു സമർത്ഥനും യോഗ്യനുമായ ഒരു വൈദ്യൻ ജീവിച്ചു. ഇദ്ദേഹം വൈദ്യം കൊണ്ടു വളരെ പണം സമ്പാദിക്കയും അന്നുമുതൽ നെല്ലിക്കാട്ടു തറവാടു വളരെ ഖ്യാതിയുള്ള ഒന്നായിത്തീരുകയും ചെയ്തു. ആ വൈദ്യനു ശേഷം അദ്ദേഹത്തെ പോലെ സമർത്ഥരായ യോഗ്യന്മാർ അവിടെ ഇല്ലാതിരുന്നതിനാൽ സമ്പാദ്യത്തിനും സ്വത്തിനും വർദ്ധനവില്ലാതെ കുറെക്കാലം കഴിഞ്ഞു. അതിൽ പിന്നെ കേവലം തെമ്മാടികളും ദുർവൃത്തരുമായ ചിലർ ആ തറവാട്ടിൽ തുടരത്തുടരെ കാരണവ സ്ഥാനം വഹിച്ചുതുടങ്ങിയ മുതൽ തറവാട്ടുവക സ്വത്തുക്കൾ നശിച്ചുതുടങ്ങി. അങ്ങിനെ, ഒരു കാലത്തു പ്രസിദ്ധമായിരുന്ന തറവാടു് മറ്റൊരിയ്ക്കൽ ദാരിദ്ര്യം ബാധിച്ചു വലിയ സങ്കടത്തിലായി. ഒടുവിൽ അവിടെ പുരുഷന്മാർ ആരുമില്ലാതെ മൂന്നു സ്ത്രീകൾ മാത്രം ബാക്കിയായി. ഇതിൽ ഒരു സ്ത്രീയ്ക്കു് കോരൻ എന്നും കോരപ്പൻ എന്നും രണ്ടു പുത്രന്മാരും താലയെന്നൊരു മകളും ഉണ്ടായിരുന്നു. ഈ മൂന്നു കുട്ടികളുടേയും അമ്മ, മൂത്തകുട്ടിയായ താലയ്ക്കു ഇരുപതുവയസ്സു പ്രായമുള്ളപ്പോൾ കാലം പ്രാപിച്ചു. താല പ്രകൃത്യാ വളരെ ക്രൂരയായിരുന്നതിനാൽ മാതാവിന്റെ മരണശേഷം തന്റെ ഇളയ രണ്ടു സഹോദരന്മാരെയും വളരെ കഷ്ടപ്പെടുത്തി. തന്നിമിത്തം കോരനും കോരപ്പനും അവർക്കു പതിനെട്ടും, പതിനഞ്ചും വയസ്സു പ്രായമുള്ള കാലത്തു് ഒന്നിച്ചു നാടുവിട്ടുപോയി. എവിടേയ്ക്കാണു് പോയതെന്നു വളരെക്കാലം ആരും അറിഞ്ഞിരുന്നില്ല. ഒടുവിൽ അവർ പല രാജ്യങ്ങളിലും ചുറ്റിത്തിരിഞ്ഞു ബർമ്മയിൽ മാണ്ടലെ എന്ന പട്ടണത്തിൽ ചെന്നു. അവിടെ കുറെക്കാലം കഴിച്ചശേഷം സഹോദരന്മാർ രണ്ടും റങ്കൂണിൽ ചെന്നു ചുരുങ്ങിയ വിധത്തിൽ ഒരു കച്ചവടം തുടങ്ങി. കച്ചവടത്തിൽ യാതൊരു കളവും ചതിയും ഉപയോഗിക്കാതെ സത്യമായും മര്യാദയിലും നടന്നിരുന്നതിനാൽ അതിൽ ക്രമേണ അവർക്കു ആദായം കിട്ടിത്തുടങ്ങി. കുറെക്കൊല്ലം കൊണ്ടു രണ്ടുപേരും അധികം പണം സമ്പാദിച്ചു. അതിൽ പിന്നെ സ്വരാജ്യത്തേക്കു മടങ്ങി. സ്വരാജ്യത്തെത്തിയതിന്റെ ശേഷവും അവർ സ്വസ്ഥരായിരിക്കാതെ കച്ചവടത്തിലും കരാറിലും ഏർപ്പെട്ടു പണം പിന്നെയും വർദ്ധിപ്പിച്ചു. കുറെ വയലുകളും പറമ്പുകളും മറ്റും വാങ്ങി രണ്ടുപേരുംകൂടി അതി വിശേഷമായ ഒരു വീടു പണിയിക്കയും ചെയ്തു.

കോരനും കോരപ്പനും നാടുവിട്ടുപോയതിനുശേഷം അവരുടെ സഹോദരി ഒരു ദേശപ്രമാണിയായ കണാരൻ എന്നൊരാളെ ഭർത്താവായി സ്വീകരിച്ചു. താല, കണാരന്റെ നാലാമത്തെ ഭാര്യയായിരുന്നു. കണാരനു തറവാട്ടിൽ കുറെ സ്വത്തുണ്ടായിരുന്നതിന്റെ ആദായം തറവാട്ടിൽ കാരണവന്റെ നിലയിൽ അയാൾ തന്നെ അനുഭവിച്ചു പോരികയായിരുന്നു. തറവാട്ടിൽ കേവലം താമസിക്കാതെ വസ്തുക്കളുടെ ആദായം മുഴുവൻ വാങ്ങി ഭാര്യവീട്ടിൽ കൊണ്ടു പോയി ചെലവഴിച്ചു സുഖിച്ചു തുടങ്ങി. താലയ്ക്കു കണാരനിൽ നാലു സന്താനങ്ങളുണ്ടായിരുന്നതിൽ മൂത്തതു മൂന്നും പുത്രികളും ഒടുവിലത്തേതു രാമൻ എന്നൊരു പുത്രനുമായിരുന്നു. ഈ രാമൻ ആളൊരു സമർത്ഥനായിരുന്നു. സാമർത്ഥ്യത്തിനനുസരിച്ചു. വേറെ സൽഗുണങ്ങൾ ഇല്ലാതിരുന്നതിനാൽ എന്തും പ്രവൃത്തിക്കാൻ ധൈര്യപ്പെടും. അതിൽ വിജയത്തിനു അനുകൂലിക്കുന്ന കള്ളത്തരങ്ങൾപോലും ചെയ്യാൻ ലവലേശം സംശയിക്കയില്ല. തനിക്കു ഗുണമായി പര്യവസാനിക്കുന്ന കാര്യത്തിനു വേണ്ടി കള്ളത്തരങ്ങൾ പ്രവൃത്തിക്കുന്നതു് അന്യായമല്ലെന്നായിരുന്നു അയാളുടെ വിശ്വാസം. ഈ മനുഷ്യൻ ഇങ്ങിനെ നെഞ്ഞൂക്കോടുകൂടി ചില കച്ചവടങ്ങളിലൊക്കെ പ്രവേശിച്ചു കുറെ പണവും പേരും സമ്പാദിച്ചിട്ടുണ്ടു്. എന്നാൽ ഇപ്പോൾ ഈ കച്ചവടമൊക്കെ കുറെ പൊളിഞ്ഞ നിലയിലാണു്. വിദ്യാഭ്യാസമൊന്നുമില്ലാത്ത നിലയിൽ ഇത്രയെങ്കിലും പണം സമ്പാദിക്കാൻ അയാൾക്കു സാദ്ധ്യമാക്കിയ അയാളുടെ ആ സാമർത്ഥ്യം തന്നെയാണു് കച്ചവടത്തിലൊക്കെ ഇപ്പോഴുള്ള അധോഗതിക്കും കാരണമാക്കിയതു്. കച്ചവടത്തിൽ പൊളിഞ്ഞിട്ടുണ്ടെങ്കിലും തന്റെ പദവിക്കും നടത്തത്തിനും ഒന്നും ഒന്നും കുറവാക്കീട്ടില്ല. പൊളിഞ്ഞനിലയിലാണെന്നുള്ള അവസ്ഥതന്നെ ജനങ്ങൾ അധികം പേരും അറിയുകയില്ല.

കോരനും കോരപ്പനും നാട്ടിൽ വന്നതിന്റെ ശേഷം അവരുടെ സോദരിയെയും മക്കളെയും ചെന്നു കാണുകയാകട്ടെ അവരെ വല്ല കാര്യത്തിലും സഹായിക്കുകയാകട്ടെ ചെയ്തിരുന്നില്ല. അവരോടു ആ സ്ത്രീ ണ്ടു കാണിച്ചിരുന്ന ക്രൗര്യം അവരിരുവരും മരിക്കുന്നതുവരെ മറന്നില്ല. ഇതുനിമിത്തം രാമനു വളരെ വ്യസനമുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

കോരനും കോരപ്പനും സ്വരാജ്യത്തെത്തിയശേഷം രണ്ടു പേരും വളരെ പ്രസിദ്ധിയുള്ള തറവാടുകളിൽ നിന്നു വിവാഹം ചെയ്തു. കോരൻ കുറെ കൊല്ലങ്ങൾ കഴിഞ്ഞശേഷം സന്താനമില്ലാതെ മരിച്ചു. മരിയ്ക്കുമ്പോൾ തന്റെ സമ്പാദ്യത്തിൽ ഒരോഹരി തന്റെ ഭാര്യയ്ക്കും ശേഷം മുഴുവനും സഹോദരനായ കോരപ്പനും ദാനം ചെയ്തിരുന്നു.

കോരപ്പനു നാലു മക്കളുണ്ടായിരുന്നതിൽ രണ്ടുമാത്രം ശേഷിച്ചു. അതിൽ മൂത്തതു രാമനുണ്ണിയായിരുന്നു. രണ്ടാമത്തെ പെൺകുട്ടിയാണു് വസുമതി. ഈ രണ്ടു കുട്ടികളെയും കഴിയുന്നത്ര നല്ല നിലയിൽ വളർത്തിപ്പോരണമെന്നുള്ളതു കോരന്റെയും കോരപ്പന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. അവരുടെ വിദ്യാഭ്യാസകാര്യത്തിൽ അവർ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. രാമനുണ്ണി ബി. എ. പരീക്ഷ ജയിച്ചതിനുശേഷം പഠിപ്പു നിർത്തി കച്ചവടകാര്യത്തിൽ ഏർപ്പെട്ടു. വസുമതി ഒരു കോൺവെന്റ് സ്കൂളിൽ പഠിച്ചു മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചു. ഈ കഥ തുടങ്ങുന്നതിനു് ഒരു കൊല്ലം മുമ്പാണു് ആ പരീക്ഷയിൽ ജയിച്ചതു്. അതിലിടയ്ക്കു മലയാള ഭാഷയിൽ നല്ല പാണ്ഡിത്യം സമ്പാദിച്ചു. ഇക്കാലത്തു കോൺവെന്റ് സ്കൂളിൽ പഠിച്ചു പരീക്ഷകൾ ജയിയ്ക്കുന്ന പെൺകുട്ടികൾ മാതൃഭാഷയെ കേവലം അഗണ്യമാക്കി വരുന്നുണ്ടെന്നുള്ള അപഖ്യാതി വസുമതിയെ കേവലം സംബന്ധിക്കുന്നതല്ലായിരുന്നു. മലയാളഭാഷയിൽ ഉള്ള മിക്ക പുസ്തകങ്ങളും അവൾ വായിച്ചു. പഠിച്ചിരുന്നു. ഹിന്തുക്കളുടെ പുരാണങ്ങൾ ഇതിഹാസങ്ങൾ എന്നിവയും മതസംബന്ധമായ മറ്റു പല പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പരിഭാഷ ചെയ്തിട്ടുള്ളവയും അവൾ വായിച്ചു മനസ്സിലാക്കി. കോൺവെന്റിൽ നിന്നു പിയാനൊ മുതലായവയും പലവിധ തുന്നൽ വേലകളും ശീലിച്ചതിനു പുറമെ വീട്ടിൽ വെച്ചു ഒരു ഭാഗവതരുടെ കീഴിൽ ഹിന്തുസമ്പ്രദായത്തിലുള്ള സംഗീതവും അഭ്യസിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വസുമതിക്കു വിദ്യാഭ്യാസത്തിന്റെ യഥാർത്ഥഗുണം ധാരാളം അനുഭവമായിരുന്നു. സംസ്കൃതഭാഷയിൽ സാമാന്യം വ്യുല്പന്നയായിരുന്ന അവളുടെ അമ്മ, വീട്ടിൽ നിന്നു അവൾക്കു വേണ്ടുന്ന ഉപദേശങ്ങൾ നൽകിയിരുന്നതിനാൽ കോൺവെന്റ് വിദ്യാഭ്യാസംകൊണ്ടു സിദ്ധിക്കാൻ ഇടയുണ്ടായിരുന്ന ശിഥിലങ്ങളായ ചില ദോഷങ്ങൾക്കു സംഗതി വന്നില്ല. അവളുടെ അറിവും വിവേകവും ധാരാളം മനസ്സിലാക്കിയിരുന്ന അവളുടെ അച്ഛൻ അവൾ അർഹിക്കുന്നവിധത്തിലുള്ള സ്വാതന്ത്ര്യമൊക്കെ കൊടുത്തിരിക്കയാണു്. ഈ സ്വാതന്ത്ര്യത്തെ അവൾ ദുരുപയോഗപ്പെടുത്തുകയോ, അന്യായമായോ, അധർമ്മമായൊ, തന്റെയൊ തന്നെ സംബന്ധിച്ചുള്ളവരുടെയോ പേരിനു കളങ്കം വരുത്തിയതായോ ഉള്ള യാതൊരു പ്രവൃത്തിയും അവൾ ചെയ്കയോയില്ലെന്നു സർവ്വജനങ്ങൾക്കും ബോദ്ധ്യമായിരുന്നു. രണ്ടുകൊല്ലം മുമ്പു് അവളുടെ അമ്മ കാലർമ്മം പ്രാപിച്ചതിനുശേഷം വീട്ടിൽ വേണ്ടുന്ന സർവ്വകാര്യങ്ങളും അന്വേഷിച്ചു നടത്തിയിരുന്നതു വസുമതി തന്നെയായിരുന്നു.

രാമനു തന്റെ കാരണവരുടെ പ്രവൃത്തി നിമിത്തം വളരെ കുണ്ഠിതമുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലൊ. ഈ കുണ്ഠിതം രാമനുണ്ണിയുടെയും വസുമതിയുടെയും നേരെ ഒരു പകയായി പരിണമിച്ചിരിക്കയാണു്. അതിന്റെ ഫലമായി അവൻ നിർദ്ദോഷിയായ രാമനുണ്ണിയെ വഞ്ചിക്കാൻ വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ ഈ കഥ അധികം പടരുന്നതിനുമുമ്പുതന്നെ അറിയാറായ്വരും.

ഒരു സംഭാഷണം

കളഭാഷിണിചില്ലിയൊന്നുയർത്തീ-

ട്ടുളവാക്കാനൊരു പദ്യമോർത്തിടുമ്പോൾ

പുളകോൽഗമമിക്കവിൾത്തടത്തിൽ

തെളിയിക്കുന്നിതു ഹന്തരാഗമെന്നിൽ.

വസുമതിയും ദാമോദരനും തോട്ടത്തിൽനിന്നു ചെന്നു കയറിയതു ഒരു ചെറിയ മുറിയിലേക്കായിരുന്നു. ഈ മുറി രാമനുണ്ണിയും വസുമതിയും ഇരുന്നു പഠിക്കാൻ ഉപയോഗിക്കുന്നതാണു്. ആ വീടാകട്ടെ, യൂറോപ്യൻ സമ്പ്രദായത്തിൽ ഉണ്ടാക്കിയ അതിമനോഹരമായ ഒരു മാളികയായിരുന്നു. കോരനും കോരപ്പനും വിദേശഗമനം ചെയ്തിരുന്ന അവസരത്തിൽ പല നല്ല സൌധങ്ങളും കണ്ടു മനസ്സിലാക്കിയിരുന്നതിനാലും പിന്നീടു കരാർകാരുടെ നിലയിൽ ചില ഭവനങ്ങൾ ഉണ്ടാക്കിക്കാൻ അവർക്കുതന്നെ സംഗതി വന്നിരുന്നതിനാലും ആ കാര്യത്തിൽ നല്ല വാസനയും പരിചയവും സിദ്ധിച്ചിരുന്നു. അവരുടെ സ്വന്തം അഭിപ്രായമനുസരിച്ചുണ്ടാക്കിയ ആ ഗൃഹത്തെപ്പോലെ ഭംഗിയുള്ള ഒരു ഭവനം കേരളത്തിൽ അധികം ഉണ്ടായിരുന്നില്ല. എന്തുതന്നെയായാലും പൂർവ്വസമ്പ്രദായത്തിലുള്ള പടിഞ്ഞാറ്റപ്പുര തന്നെ വേണമെന്നും വീട്ടിന്റെ മുഖം മറ്റുള്ള അസൌകര്യങ്ങളൊക്കെ അഗണ്യമാക്കിക്കൊണ്ടു് കിഴക്കോട്ടുതന്നെ ആയിരിക്കണമെന്നും ശഠിക്കത്തക്ക വിശ്വാസം അവർക്കു് ഇല്ലാതിരുന്നതിനാൽ സർവ്വ സൌകര്യത്തിന്നും അനുസരിച്ചു് ഒരു ബങ്കളാവാണു് അവർ ഉണ്ടാക്കീട്ടുള്ളതു്.

വസുമതിയും ദാമോദരനും ആ മുറിയിൽ കടന്നുചെന്ന അവസരത്തിൽ ഒരു ഭൃത്യൻ ഒരു വിളക്കു കൊണ്ടു മറുഭാഗത്തെ വാതിൽ കടന്നു ആ മുറിയിൽ തന്നെ പ്രവേശിച്ചു. അവനോടു വസുമതി “ജ്യേഷ്ഠൻ വന്നുവോ?” എന്നു ചോദിച്ചു.

“ഇല്ല” എന്ന് അവൻ മറുപടി പറഞ്ഞു.

അവിടെനിന്നു രണ്ടുപേരും കടന്നുചെന്നത് അതിഭംഗിയിൽ അലങ്കരിച്ചിരുന്ന വിശാലമായ ഒരു മുറിയിലേക്കായിരുന്നു. ഈ മുറി അതിഥികളെ സ്വീകരിക്കാനുള്ളതായിരുന്നു. അതിലുണ്ടായിരുന്ന പലവിധ കസാലകളേയും മേശകളേയും ചിത്രങ്ങളേയും ജാലകങ്ങൾക്കും വാതിലുകൾക്കും തൂക്കിയിരുന്ന മറകളേയും മറ്റു പലവിധ സാധനങ്ങളേയും വിവരിച്ചു വായനക്കാരെ മുഷിപ്പിക്കാൻ ഞാൻ വിചാരിക്കുന്നില്ല. വല്ല യൂറോപ്യൻ ഉദ്യോഗസ്ഥന്മാരുടെയോ, വലിയ പരിഷ്കാരികളായ നാട്ടുകാരുടെയോ, വീടുകളിലെ ‘ട്രായിങ്ങ് റൂം’ കണ്ടിട്ടുള്ളവർ അതു ഊഹിച്ചുകൊള്ളുന്നതാണു്.

ദാമോദരൻ അതിലെ ഒരു സോഫയിൽ ചെന്നിരുന്നു. വസുമതി ‘ഹാർമോണിയം’ എന്ന സംഗീതയന്ത്രപ്പെട്ടിയുടെ അടുക്കൽ ചെന്നുനിന്നിട്ടു് അതിന്റെ മുകളിൽ ഇട്ടിരുന്ന തുണിനീക്കിക്കൊണ്ടു് ഇങ്ങിനെ പറഞ്ഞു:

“ദാമു നിന്റെ സുഖക്കേടിനു ഞാനൊരു മരുന്നു തരാം.”

ദാമോദരൻ:
“ഞാനതിനു് അങ്ങട്ടാവശ്യപ്പെടാൻ ഭാവിക്കയായിരുന്നു.”
വസുമതി:
“എന്നാൽ രോഗി കൊതിച്ചതും വൈദ്യൻ വിധിച്ചതും ഒന്നു തന്നെയായല്ലൊ.”
എന്നു പറഞ്ഞു മനോഹരമായി ഒന്നു ചിരിച്ചു, ‘ഹാർമോണിയം’ തുറന്നു പാടിത്തുടങ്ങി. ദാമോദരൻ അവളുടെ മുഖം കാണത്തക്ക നിലയിൽ അടുത്തിരുന്നു. കൈകൾ കാലിന്റെ മുട്ടിന്മേൽ ഊന്നി മുഖം കയ്യടികളിൽ വെച്ചുകൊണ്ടുള്ള ദാമോദരന്റെ ആ ഇരിപ്പിൽ അവന്റെ ശ്രവണനയനേന്ദ്രിയങ്ങളിൽ ഏതായിരുന്നു അധികം ഉപയോഗിച്ചിരുന്നതെന്നു പറവാൻ പ്രയാസം.

അതൊരു മരുന്നു തന്നെയായിരുന്നു ഇത്ര മാധുര്യമുള്ള സംഗീതം കൊണ്ടു ഭേദമാകാത്ത രോഗമുണ്ടോ? സംഗീതത്തിനു സ്നായുക്കളെ സംബന്ധിക്കുന്ന പല രോഗങ്ങളേയും ഭേദമാക്കാൻ ശക്തിയുണ്ടെന്നു ഹിന്തുക്കൾ പണ്ടേ വിശ്വസിച്ചിരുന്നു. പ്രത്യേകരോഗങ്ങൾക്കു പ്രത്യേകരാഗങ്ങൾ മരുന്നായിത്തീരുന്നതാണെന്നും ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ടു്. ഇക്കാലത്തും പല വിദ്വാന്മാർ ഇതിനെ ബലപ്പെടുത്തി അഭിപ്രായപ്പെടുന്നുണ്ടു്. വസുമതിയുടെ സ്വരവും സംഗീതത്തിൽ ജനനാലുള്ള വാസനയും അഭ്യാസത്തിന്റെ പരിപൂർണ്ണതയും യോജിച്ചുകൊണ്ടുള്ള അനുഭവം കേവലം ഒരു അരസികനെപ്പോലും രസിപ്പിക്കത്തക്കതായിരുന്നു. സംഗീതരസജ്ഞനായിരുന്ന ദാമോദരൻ ആ പാട്ടു കേവലം ഒരു അപരിചിതയിൽനിന്നായിരുന്നു കേട്ടതെങ്കിൽ പോലും പരമാനന്ദത്തിൽ മുങ്ങാതിരിക്കയില്ല. തന്റെ പ്രണയിനിയും ജഗന്മോഹിനിയുമായ ആ സുന്ദരി ആ വിധം പാട്ടുപാടിക്കേൾക്കുമ്പോൾ അവനുണ്ടാവാനിടയുള്ള മനോവികാരങ്ങൾ ആർക്കും ഊഹിക്കാമല്ലൊ. അതു തന്നെയോ, തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പ്രത്യേകം പാടുന്നതും.

വസുമതി തന്റെ കൈവിരലുകൾ ഹാർമോണിയത്തിൽ ചാതുര്യത്തോടുകൂടി നടത്തുമ്പോൾ അവളുടെ അവയവങ്ങൾക്കുണ്ടാകുന്ന ഇളക്കവും ഹാർമോണിയത്തിന്റെ ശബ്ദത്തോടു ഏറ്റവും അനുസരിക്കുന്ന സ്വരം പുറപ്പെടുവിക്കുമ്പോൾ ചുണ്ടുകൾക്കുണ്ടാകുന്ന ചലനവും കൂടക്കൂടെ ദാമുവെ കടാക്ഷിച്ചുകൊണ്ടു ചെയ്യുന്ന മന്ദഹാസം നിമിത്തം മുഖത്തുണ്ടാകുന്ന മനോഹരതയും തന്റെ നേത്രങ്ങളെക്കൊണ്ടും, അവളുടെ സ്വരമാധുര്യത്തെയും സംഗീത പാടവത്തെയും തന്റെ കണ്ണങ്ങളെക്കൊണ്ടും ആസ്വദിച്ചുകൊണ്ടു് ദാമോദരൻ അനന്യചിത്തനായി സ്വർഗ്ഗീയ സുഖങ്ങൾ അനുഭവിച്ചു ആ സോഫയിൽ ‘ഒരു ചിത്രത്തിൽ എഴുതപ്പെട്ടവൻ എന്നപോലെ’ ഇരുന്നു. വസുമതി ഇങ്ങിനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ രാമനുണ്ണി പടി കയറി വന്നു. അയാൾ വെളുത്ത ഫ്ലാനലിന്റെ ഒരു കാലുറയും ചുകപ്പും കറുപ്പും വരകളുള്ള ഒരു കോട്ടും ധരിക്കയും കയ്യിൽ ഒരു ‘ടെനിസ്സ് ബാറ്റ് ’ പിടിക്കയും ചെയ്തിട്ടുണ്ടു്. അവൻ ദാമോദരന്റെ അടുക്കെ കൂടി നടന്നുപോകുമ്പോൾ തന്റെ ഇടത്തുകൈകൊണ്ടു ദാമോദരന്റെ ചെള്ളയിൽ മെല്ലെ ഒരടികൊടുത്തു. ദാമു ഇരുന്നദിക്കിൽനിന്നു് എഴുനീല്ക്കാതെ ഒന്നു മന്ദഹസിച്ചു. പാടിക്കൊണ്ടിരുന്ന തന്റെ സഹോദരിയെ ഒന്നു കടാക്ഷിച്ചു, പ്രേമസൂചകമായി ചിരിച്ചു, രാമനുണ്ണി അകത്തേക്കു കടന്നു പോയി. അവൻ പിന്നെ അരമണിക്കൂർ കഴിഞ്ഞ ശേഷമായിരുന്നു രണ്ടാമതും ആ മുറിയിൽ കടന്നുവന്നതു്. വന്ന ഉടനെ ദാമോദരൻ അടുക്കെ ചെന്നിരുന്നു. അല്പം കഴിഞ്ഞു പാട്ടു നിർത്തി.

രാമനുണ്ണി:
എന്താ മതിയാക്കിയൊ?
വസുമതി:
കുറെനേരമായി പാടുന്നു.
രാമനുണ്ണി:
ദാ, നീ ഉത്തരകേരള നായർ സമാജത്തിന്റെ വിവരം ‘കേരളപത്രിക’യിൽ വായിച്ചുവോ?
ദാമോദരൻ:
വായിച്ചു… വായിച്ചു. ആ സമാജത്തിന്റെ ഉദ്ദേശം വളരെ നല്ലതാണു്. താലികെട്ടു നിർത്തൽ ചെയ്യാനുള്ള ശ്രമം അത്രവേഗം ഫലിക്കുമെന്നു തോന്നുന്നില്ല.
രാമനുണ്ണി:
ആ കാര്യത്തിൽ നാമാണു് മാർഗ്ഗദർശികൾ എന്നുള്ള അഭിമാനത്തിനു വഴിയുണ്ടു്.
വസുമതി ഹാർമോണിയത്തിന്റെ അടുക്കെ നിന്നു് എഴുന്നേറ്റു മറ്റൊരു കസേലയിൽ ഇരുന്നു. ഇരുന്നശേഷം ഇങ്ങിനെ പറഞ്ഞു: “നിങ്ങൾ സഭകൂടിയും മറ്റും താലികെട്ടു് നിർത്തൽ ചെയ്യാൻ അഭിപ്രായപ്പെട്ടതുകൊണ്ടു വല്ല ഫലവുമുണ്ടാകുമെന്നു തോന്നുന്നില്ല. നാട്ടുകാർക്കു് അവരുടെ പഞ്ചായത്തല്ലാതെ ഇഷ്ടമാകയില്ല.”
രാമനുണ്ണി:
പഞ്ചായത്തും കാരണവന്മാരും നശിച്ചുകൊണ്ടുവരികയല്ലേ ചെയ്യുന്നതു്?
ദാമോദരൻ:
അതു വളരെ പരിതപിക്കത്തക്കതാണു്. മരുമക്കത്തായക്കാരുടെ ഇടയിൽ, പാരമ്പര്യക്രമമനുസരിച്ചു നിശ്ചയിക്കപ്പെടുന്ന തലവന്മാരുള്ള ഏർപ്പാടുകൾ നിലനിന്നുപോരുവാൻ പ്രയാസമാണു്.
രാമനുണ്ണി:
അതെന്താണു് മരുമക്കത്തായക്കാരുടെ ഇടയിൽ പ്രയാസമാണെന്നു പറഞ്ഞതു്?
വസുമതി:
അതു മനസ്സിലായില്ലെ? മരുമക്കത്തായക്കാരുടെ ഇടയിൽ ഒരാളെ പിൻതുടരുന്നതു വേറെ ഏതോ ഒരാളുടെ മകനായിരിക്കുമല്ലൊ.
ദാമോദരൻ:
അതുമാത്രമല്ല, മരുമക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ കാരണവന്മാർക്കു ശുഷ്കാന്തിയും കുറഞ്ഞിരിക്കുന്നു. എത്രയായാലും പ്രകൃതിക്കനുസരിച്ചല്ലാതെ മനുഷ്യരുടെ നടവടികൾ ഉണ്ടാകയില്ല. ന്യായമായ വിവാഹം ചെയ്തു യഥാർത്ഥത്തിൽ പ്രണയമുള്ള ഭാര്യമാരിൽ ജനിക്കുന്ന മക്കളിലുള്ള സ്നേഹംപോലെ മറ്റൊരാളിൽ ഉണ്ടാകയില്ലെന്നതു പ്രകൃതിയുടെ അഭേദ്യമായ നിയമമല്ലെ? ഭാര്യാഭർത്താക്കന്മാരുടെ ബന്ധം, വെറുമ്പാട്ടം പോലെ ആവശ്യപ്പെടുമ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്ന നിലയിലുള്ള സംഗതികളിൽ മരുമക്കത്തായം പക്ഷേ, നല്ലതുതന്നെയായിരിക്കാം.
രാമനുണ്ണി:
താലികെട്ടു കേവലം അർത്ഥമില്ലാത്ത ഒരു അടിയന്തരമാണെന്നറിഞ്ഞിട്ടും ചില മാന്യന്മാർ അതു നിർത്തൽ ചെയ്യുന്നതിനു വിരോധമായി നില്ക്കുന്നതു് എന്തുകൊണ്ടാണു്?
ദാമോദരൻ:
മാന്യന്മാർ! നിങ്ങൾക്കുണ്ടോ ഭ്രാന്തു്! അതു നിർത്തൽ ചെയ്യേണമെന്നു് ആദ്യം അഭിപ്രായപ്പെട്ടതും അതിന്നായി ശ്രമിച്ചതും തങ്ങളല്ല; അതിനാൽ മേലാൽ ഉണ്ടാവാൻ ഇടയുള്ള മാറ്റവും തങ്ങൾക്കായിരിക്കയില്ല; എന്നിങ്ങിനെ വിചാരിച്ചിട്ടു് അസൂയാകുക്ഷികളായ ചിലർ വെറും കുസൃതിക്കുവേണ്ടി എതിരായി പ്രവൃത്തിക്കുന്നതല്ലെ? നിങ്ങൾ വിചാരിക്കുന്നുണ്ടോ ഈ പുറമെ കാണുന്നവരാണു് യഥാർത്ഥ വിരോധികളെന്നു്? ഈ സാധുക്കളെക്കൊണ്ടു ചിലർ പിന്നിൽനിന്നു കുരങ്ങൻകളി കളിപ്പിയ്ക്കുന്നതല്ലേ?
വസുമതി:
രണ്ടു പക്ഷമില്ലാതെ ഒരു കാര്യമുണ്ടോ? അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടാകയില്ലെ?
രാമനുണ്ണി:
പരിഷ്കാരത്തിനായി പ്രയത്നിക്കുന്നവർ ഈ വക അഭിപ്രായഭേദവും തടസ്ഥവും ബുദ്ധിമുട്ടും ഒക്കെ സഹിക്കണം.
ദാമോദരൻ:
ബുദ്ധിമുട്ടു മാത്രമൊ? തങ്ങളുടെ ജീവനെത്തന്നെ പണയം വെച്ചിട്ടു വേണം ഇതിനൊക്കെ ഇറങ്ങാൻ. ഇല്ലാത്ത അപവാദങ്ങൾ എന്തൊക്കെ കേൾക്കേണ്ടിവരും. മനസ്സിനും പക്ഷേ, ദേഹത്തിനും എത്ര ഉപദ്രവങ്ങൾ സഹിക്കേണ്ടിവരും. ലോക ചരിത്രം ഒന്നു നോക്കരുതൊ? എന്തിനു മറ്റൊക്കെ പറയുന്നു. ലോകത്തിനു ആത്മീകമായി അത്യന്തം ഗുണം ചെയ്തിരുന്നവരിൽ പ്രഥമഗണനീയനായിരുന്ന യേശുക്രിസ്തുവിനു സംഭവിച്ചതു നോക്കരുതൊ? ചില ദുഷ്ടന്മാർ പിടിച്ചു അദ്ദേഹത്തെ ക്രൂശിൽ തറിക്കയല്ലെ ചെയ്തതു് അങ്ങിനെയുള്ള ക്രൂശു് ഏറക്കുറയ അനുഭവിക്കാത്തവരാരും സമുദായപരിഷ്കാരത്തിനൊ മതപരിഷ്കാരത്തിനൊ ആരംഭിക്കേണ്ടതില്ല. അവരുടെ മരണശേഷമാണു് അവർ ചെയ്ത ഗുണവും അവരുടെ ഖ്യാതിയും ലോകത്തിൽ പരക്കുക.
ഇവർ ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കെ, അവിടെ ഒരാൾ കയറിവന്നു. അതു രാമനുണ്ണിയുടെ അമ്മയുടെ സഹോദരനായിരുന്നു. ഈ മനുഷ്യൻ ഒരു കച്ചവടക്കാരനാണു്. ഇംഗ്ലീഷു മരുന്നുവ്യാപാരമാണു്. ഏകദേശം അമ്പതു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളുവെങ്കിലും അല്പകാലമായിട്ടു കുറെ വാർദ്ധക്യം ബാധിച്ചിരിക്കുന്നു. ഈ അടുത്ത കാലത്തു തന്റെ പരിചയവും സഹവാസവും ചെറുപ്പക്കാരോടുകൂടി ആയിരുന്നതിനാൽ വേഷത്തിന്നു് ഈ നൂറ്റാണ്ടിലെ പരിഷ്ക്കാരം വരുത്താൻ ശ്രമിച്ചിട്ടുണ്ടു്. തലമുടി യൂറോപ്യൻ സമ്പ്രദായത്തിൽ വെട്ടി ചുരുക്കീട്ടുണ്ടെങ്കിലും, തന്റെ ഹിതത്തിനനുസരിച്ചു ചില ദിക്കിൽ രോമങ്ങൾ ഇല്ലാതിരുന്നതിനാൽ വിചാരിച്ചപോലുള്ള ഭംഗി ഇല്ലാതെയും, തന്റെ ഹിതത്തിനെതിരായി രോമങ്ങളധികവും വെളുത്തു തുടങ്ങിയതിനാൽ വിചാരിക്കാത്ത അഭംഗി ഉണ്ടായും, ആകപ്പാടെ തന്റെ തലതന്നെ തനിക്കു വലിയ ഇച്ഛാഭംഗത്തിനു സംഗതി വരുത്തീട്ടുണ്ടു്. മന്നൻ എന്നാണു് പേർ. മരുന്നു കച്ചവടത്തിലുള്ള ദീർഗ്ഘപരിചയത്തെ അടിസ്ഥാനമാക്കി ചില ഇംഗ്ലീഷുമരുന്നുകൾ ഉപയോഗിച്ചു ഉപായത്തിൽ കുറെ വൈദ്യം കൂടി ചെയ്തിരുന്നതിനാൽ മന്നൻ വൈദ്യർ എന്നാണു് പരക്കെ അറിയപ്പെടുന്നതു്. വൈദ്യൻ വന്ന ഉടനെ വസുമതി ഇരുന്ന ദിക്കിൽനിന്നു എഴുന്നേറ്റു മന്ദഹസിച്ചു. രാമനുണ്ണി അവിടെനിന്നു് എഴുന്നേല്ക്കാതെ “വരീൻ അമ്മാമാ, ഇരിക്കിൻ എന്നു പറഞ്ഞു. വൈദ്യനെ ദാമോദരനു വളരെ ഇഷ്ടമല്ല. മന്നൻ വൈദ്യൻ വലിയൊരു ഭള്ളനും ദുരഭിമാനിയും കർണ്ണേജപനുമാണു്. പക്ഷേ, ദാമോദരനെ കണ്ട ഉടനെ അദ്ദേഹം കുശലപ്രശ്നം ചെയ്തു. ചിലതൊക്കെ സംസാരിച്ചശേഷം ദാമോദരൻ എഴുന്നേറ്റു: “നിങ്ങളിവിടെ സംസാരിച്ചിരിക്കിൻ. ഞാൻ പോകുന്നു” എന്നു പറഞ്ഞു.
രാമനുണ്ണി:
ഊണു കഴിച്ചുപോകാം. ഊണൊക്കെ തെയ്യാറായിരിക്കുന്നു. ഇന്നു് ഇവിടുന്നുണ്ണാം.
ദാമോദരൻ:
വേണ്ട, അമ്മയുണ്ടായിരിക്കും എന്നെയും കാത്തിരിക്കുന്നു.
ഇങ്ങിനെ പറഞ്ഞു വസുമതിയെ ഒന്നു കടാക്ഷിച്ചു മന്ദഹസിച്ചു പുറപ്പെട്ടുപോയി.

ദാമോദരൻ പോയ ശേഷം വസുമതി അവിടെനിന്നു് എഴുന്നേറ്റു അകത്തേയ്ക്കു പോയി. അതിനുശേഷം മന്നൻ വൈദ്യനും രാമനുണ്ണിയും തമ്മിൽ ഒരു സംവാദമുണ്ടായി.

മന്നൻ:
എന്താ രാമനുണ്ണി, നീയും നിന്റെ അച്ഛനും നാട്ടുകാരെക്കൊണ്ടു പിരാതി പറയിക്കും.
രാമനുണ്ണി:
എന്തായിരുന്നു?
മന്നൻ:
ഈ ദാമോദരൻ എന്തിനാണു് ഈ വീട്ടിൽ ഇങ്ങിനെ നിത്യം വരുന്നതു്? അവനു് എന്തിനാണു് ഇവിടെ ഇത്ര സ്വാതന്ത്ര്യം കൊടുക്കുന്നതു്?
രാമനുണ്ണി:
അതെന്താ ദാമു മാന്യനും യോഗ്യനുമല്ലെ? വിദ്യാഭ്യാസമില്ലാത്ത അവിവേകിയാണൊ?
മന്നൻ:
ഇക്കാലത്തെ ചെറുപ്പക്കാരെപ്പറ്റി നീ എന്തറിഞ്ഞു? ജനങ്ങൾ എന്തൊക്കെയാണു് പറയുന്നതെന്നു നീ അറിഞ്ഞുവൊ?
രാമനുണ്ണി:
ജനങ്ങൾ എന്തുപറയാനാണു്? ദാമോദരൻ വസുമതിയുടെ ഭർത്താവാകാൻ യോഗ്യനാണെന്നാണു് എന്റെ ബോദ്ധ്യം. അങ്ങിനെയാവുമെന്നാണു് എന്റെ വിശ്വാസം.
മന്നൻ:
എന്തു്! ഈ കച്ചവടക്കാരൻ ഗുമസ്തനു വസുമതിയെ കൊടുക്കുകയോ? മിസ്റ്റർ കുഞ്ഞിരാമന്റെ മകനുവേണ്ടി വസുമതിയെ അന്വേഷിക്കാൻ ഭാവിച്ച വിവരം നീ അറികയില്ലയോ? അവൻ ബി. എൽ. ജയിച്ചിരിക്കുന്നു. മിസ്റ്റർ കുഞ്ഞിരാമനു നല്ല പണവും ഉണ്ടു്. നമുക്കതു വലിയ ബന്ധു ബലമായില്ലെ? വസുമതി രണ്ടാമതും ആ മുറിയിൽ കടന്നു വന്നു. “അവൻ ബി. എൽ. ജയിച്ചിരിക്കുന്നു. മിസ്റ്റർ കുഞ്ഞിരാമനു നല്ല പണവും ഉണ്ടു്. നമുക്കതു വലിയ ബന്ധുബലമായില്ലെ” ഈ വാക്കുകൾ അവൾ നല്ലവണ്ണം കേട്ടിരുന്നു.
ആരാണു് ദാമോദരൻ?

ശീതോഷ്ണ ഭയരതി സമൃദ്ധി ദാരിദ്ര്യാദി

ഹേതുനാകാര്യത്തിനു വിഘ്നത്തെ വരുത്താതെ

നിത്യവും കർത്തവ്യാനുഷ്ഠാനം ചെയ്തീടുന്നവൻ

വിദ്വാനെത്രയുമവൻ പണ്ഡിതശ്രേഷ്ഠനല്ലൊ.

നവറോജി സേട്ടുവിന്റെ കച്ചവടശാല കടൽ ചുങ്കത്തിനടുത്തു് ഒരു വിശാലമായ കെട്ടിടത്തിലായിരുന്നു. നവറോജി എന്നു പേരായ ഒരു പാർസി സേട്ടു വളരെ കൊല്ലം മുമ്പു കേരളത്തിൽ വന്നു താമസിക്കുകയും അദ്ദേഹം ചിലരുടെ സഹായത്തോടുകൂടി വളരെ ചെറിയ വിധത്തിൽ ഒരു കച്ചവടം തുടങ്ങുകയും തന്റെ സാമർത്ഥ്യം കൊണ്ടും സത്യനിഷ്ഠ നിമിത്തവും ഈ വ്യാപാരം ക്രമേണ വർദ്ധിക്കുകയും ചെയ്തു. ഈ സേട്ടുവിന്റെ ചരിത്രത്തെപ്പറ്റി ഇങ്ങിനെ കേട്ടിട്ടുണ്ടു്:

ബോമ്പായിൽ ‘ജഹങ്കീറും പുത്രന്മാരും’ എന്ന പേരിൽ വലിയ വർത്തകന്മാരുണ്ടായിരുന്നു. പ്രസിദ്ധന്മാരായ ഈ വർത്തകന്മാരുടെ ഇടയിൽ ഒടുവിൽ രണ്ടു സഹോദരന്മാർ മാത്രം ശേഷിച്ചു. ഇവരിൽ ജ്യേഷ്ഠൻ വലിയ ധാരാളിയും സുഖാനുഭവങ്ങളിൽ സാമാന്യത്തിലധികം സന്തുഷ്ടനുമായിരുന്നു. അനുജനാകട്ടെ വളരെ സത്യവാനും മിതവ്യയ പരിശീലനുമായിരുന്നു. ഈ വിരുദ്ധഗുണങ്ങൾ വളരെ കാലം ഇണങ്ങിക്കൊണ്ടു പോരാൻ സാധിക്കാതിരുന്നതിനാൽ അവർ കൂട്ടുപിരിഞ്ഞു. അനുജൻ തന്റെ വക ദ്രവ്യവും വാങ്ങി മദിരാശിയിൽ പോയി ഒരു കച്ചവടം തുടങ്ങി. ജ്യേഷ്ഠന്റെ കച്ചവടം ക്രമേണ നഷ്ടത്തിൽ പര്യവസാനിക്കുകയും അദ്ദേഹം സന്താനമില്ലാതെ മരിച്ചുപോകയും ചെയ്തു. അനുജന്റെ വ്യാപാരം മദിരാശിയിൽ കുറെ കാലം വർദ്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹവും മരിച്ചു. മരിക്കുമ്പോൾ ചെറിയ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അതാണു് നമ്മുടെ നവറോജി. നവറോജിയുടെ അച്ഛൻ മരിച്ചശേഷം നവറോജിയുടെ അമ്മ കുറെക്കാലം അദ്ദേഹത്തിന്റെ വ്യാപാര കാര്യത്തിൽ ഏർപ്പെട്ടുവെങ്കിലും ഒരു സ്ത്രീക്കു ശരിയായി നടത്തിപ്പോരാൻ കഴിയാത്ത ഒരു കച്ചവടമായിരുന്നതിനാലും ഇടക്കു വേറെ ചില കച്ചവടക്കാർ ആ സ്ത്രീയെ വഞ്ചിക്കയാലും ആ വ്യാപാരവും കേവലം നശിച്ചു; അമ്മയും മകനും നിർദ്ധനരായി. അന്നു മദിരാശിയിൽ നാരായണൻ വൈദ്യൻ എന്നൊരാൾ താമസിക്കുന്നുണ്ടായിരുന്നു. വടക്കെ മലയാളത്തിലെ വളരെ മാന്യതയിലുള്ള ഒരു തീയ്യ കുടുംബത്തിലെ ഒരു അനന്തിരവനായിരുന്ന ഈ വൈദ്യൻ, മദിരാശിയിൽ പോയി വൈദ്യം നടത്തി ധാരാളം പണം സമ്പാദിച്ചുവരികയാണു്. അന്നൊക്കെ മദിരാശിക്കാർക്കു മലയാളികളുടെ ചികിത്സയിലും മന്ത്രവാദത്തിലും വളരെ വിശ്വാസമായിരുന്നു. വൈദ്യശാസ്ത്രത്തിൽ യാതൊരു ഗന്ധവുമില്ലാത്ത ചിലർ പോലും അവിടെ പോയി വളരെ പണം സമ്പാദിച്ചതിനു ദൃഷ്ടാന്തങ്ങളുണ്ടു്. നാരായണൻ വൈദ്യനും നവറോജി സേട്ടുവിന്റെ അമ്മയും ഒടുവിൽ ഒരേ തെരുവിലായിരുന്നു താമസം. അവിടെ വെച്ചു വൈദ്യനും നവറോജിയും കണ്ടു പരിചയമായി. ആ ചെറിയ കുടുംബം കഷ്ടത്തിലായ കാലത്തു വൈദ്യൻ അവരെ വളരെ സഹായിച്ചുപോന്നിരുന്നു. ഒടുവിൽ നവറോജിയുടെ അമ്മ മരിച്ചു. ഏകദേശം പതിനാറു വയസ്സു മാത്രം പ്രായമായിരുന്ന നവറോജി നിസ്സഹായനായിത്തീർന്നു. അപ്പോൾ വൈദ്യന്റെ ഉപദേശപ്രകാരം നവറോജി വടക്കെ മലയാളത്തിൽ വരികയും വൈദ്യരുടെ സഹായത്തോടു കൂടിത്തന്നെ ചെറിയൊരു വ്യാപാരം തുടങ്ങുകയും ചെയ്തു. ഭാഗ്യവശാൽ ഈ വ്യാപാരം വർദ്ധിച്ചു ഒടുവിൽ ഒന്നു രണ്ടു ലക്ഷം ഉറുപ്പിക അയാൾക്കു സമ്പാദ്യമായി. കച്ചവടംകൊണ്ടുള്ള ആദായമൊക്കെ മുടക്കി നവറോജി ഒരു ബേങ്കു സ്ഥാപിച്ചു. ഈ ബേങ്കിൽ നിന്നു ചില്ലറക്കച്ചവടക്കാർക്കു ലോണിന്മേൽ പണം സഹായിച്ചുപോന്നു. വളരെ സത്യവാനും, ധർമ്മിഷ്ടനും, കാരുണ്യ ഹൃദയനും ആയിരുന്ന നവറോജി ഇങ്ങിനെ ഒരു ബേങ്കു സ്ഥാപിച്ചതുതന്നെ അതു പരോപകാരമായിത്തീരേണമെന്നുള്ള ധർമ്മ ബുദ്ധിയോടുകൂടി മാത്രമായിരുന്നു. അദ്ദേഹം ധർമ്മവിഷയമായി വേറെയും വളരെ പണം ചെലവാക്കിയിരുന്നതിനാൽ നവറോജി വളരെ ജനസ്വാധീനമുള്ള ആളായി തീർന്നിരിക്കയാണു്. ഈ സേട്ടുവിന്റെ വിശ്വസ്തനായ ഒരു സെക്രട്ടരിയാണു് ദാമോദരൻ.

1

ദാമോദരൻ മാന്യകുടുംബത്തിൽ ജനിച്ച ഒരു യുവാവാണു് അദ്ദേഹത്തിന്റെ അച്ഛൻ പ്രസിദ്ധനായ ഒരു സംസ്കൃത വിദ്വാനായിരുന്നു. സംസ്കൃത വിദ്യാഭ്യാസം കൊണ്ടു വളരെ ശിഷ്യസമ്പത്തല്ലാതെ മറ്റൊരു സമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരെഴുത്തുപള്ളി കെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. വളരെ സദ്വൃത്തനും മാന്യനുമായിരുന്നതിനാൽ ഈ കണ്ണൻ ഗുരുക്കൾ തന്റെ പ്രദേശത്തു വളരെ ജനസ്വാധീനമുള്ള ഒരാളായിരുന്നു. കണ്ണൻ ഗുരുക്കൾക്കു ഗോപാലനെന്നും ദാമോദരനെന്നും രണ്ടു ആൺമക്കളും മൂന്നു പെൺമക്കളും സന്താനങ്ങളായിട്ടുണ്ടു്. ഇതിൽ മൂത്ത മകൻ കുറെ സംസ്കൃതമൊക്കെ പഠിച്ചതിനുശേഷം ക്രിസ്തീയ പുസ്തകങ്ങൾ അധികം വായിക്കുകയും അല്പകാലം കഴിഞ്ഞപ്പോൾ ക്രിസ്ത്യാനി മതത്തിൽ ചേരുകയും ചെയ്തു. അതിനുശേഷം അയാൾ അമ്മയേയും മറ്റു കുടുബങ്ങളെയും കേവലം അന്വേഷിക്കാതെയായി. മതം മാറിയതോടുകൂടി കുടുംബങ്ങളെ ഉപേക്ഷിക്കണമെന്നുള്ള സമ്പ്രദായം കഷ്ടം തന്നെ. ദാമോദരൻ ഇംഗ്ലീഷു വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടു. സ്കൂളിൽ പഠിയ്ക്കുന്ന കാലത്തു ദാമോദരൻ എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നതിനാൽ സ്കൂൾഫീസ്സു മാനേജർ സ്വന്തം കയ്യിൽ നിന്നായിരുന്നു കൊടുത്തു പോന്നിരുന്നതു്. അങ്ങിനെ മെട്രിക്കുലേഷൻ ജയിച്ചു. ആ പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിക്കുമെന്നു പലരും വിചാരിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ രണ്ടാം ക്ലാസ്സിലേ ജയിക്കാൻ സംഗതിയായുള്ളു. അതിനൊരു കാരണവുമുണ്ടായി. സയൻസുപരീക്ഷയ്ക്കു രണ്ടു ചോദ്യക്കടലാസ്സുകൾ ഉണ്ടായിരുന്നതിൽ ആദ്യത്തേതുചെയ്തു. രണ്ടാമത്തൈതു തുടങ്ങുന്നതിന്റെ കൃത്യസമയം തെറ്റിദ്ധരിച്ചുപോയിരുന്നതിനാൽ അരമണിക്കൂർ താമസിച്ചായിരുന്നു പരീക്ഷയ്ക്കു ചെന്നിരുന്നതു്. അതുനിമിത്തം പരീക്ഷയ്ക്കു ചേരാൻ അനുവദിയ്ക്കപ്പെട്ടില്ല. ഇങ്ങിനെ ഒരു വിഷയത്തിൽ പരീക്ഷയ്ക്കു ചേരാൻ അനുവദിക്കപ്പെടാതിരുന്നിട്ടും പരീക്ഷയിൽ ജയിച്ചതുകൊണ്ടുതന്നെ അവന്റെ അറിവും ബുദ്ധിശക്തിയും പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ഒന്നാം ക്ലാസ്സിൽ ജയിച്ചിരുന്നുവെങ്കിൽ പക്ഷേ, ഗവണ്മെണ്ടിൽ നിന്നു ദ്രവ്യ സഹായം ലഭിച്ചിട്ടെങ്കിലും എഫ്. എ. പരീക്ഷയ്ക്കു പഠിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. അതിനു സംഗതിവന്നില്ല. അച്ഛനു പണമില്ലാതിരുന്നതിനാൽ എഫ്. എ.-യ്ക്കു പഠിപ്പിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല പഠിപ്പിൽ വാസനയും പഠിയ്ക്കാൻ ബുദ്ധിയും ഉള്ള കുട്ടികൾക്കു ദ്രവ്യസഹായം ചെയ്യാനും അവരെ ആ വിധത്തിൽ പ്രോത്സാഹിപ്പിയ്ക്കാനും യാതൊരു ഏർപ്പാടും നമ്മുടെ ഇടയിൽ സ്ഥിരമായി ഉണ്ടായിട്ടില്ലല്ലൊ.

ദാമോദരൻ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച ശേഷം ഒരു യൂറോപ്യൻ വ്യാപാരക്കമ്പനിയിൽ ആദ്യം പന്ത്രണ്ടര ക. ശമ്പളത്തിന്മേൽ ഒരു ക്ലാർക്കായി ചേർന്നു. അവിടെവെച്ചാണു് നവറോജി അവനെ ഒന്നാമതു കണ്ടതു്. ദാമോദരന്റെ സത്യനിഷ്ഠയും പ്രവൃത്തിയിലുള്ള ചാതുര്യവും ബുദ്ധിമാനായ നവറോജി സൂക്ഷിച്ചു മനസ്സിലാക്കുകയും വല്ലവിധത്തിലും അവനെ തന്റെ കീഴിൽ ഒരു ഉദ്യോഗത്തിനു നിശ്ചയിയ്ക്കണമെന്നു് ആഗ്രഹിയ്ക്കുകയും ചെയ്തു. നാട്ടുകാരായ കച്ചവടക്കാരുടെ കീഴിൽ ഉദ്യോഗത്തിനു ചേരുവാൻ ദാമോദരനെപ്പോലുള്ളവർ വളരെ മടിയ്ക്കുമെന്നു സേട്ടുവിനു് അറിയാമായിരുന്നു. നാട്ടുകാരൻ എത്ര വലിയ കച്ചവടക്കാരനായിരുന്നാലും ചേനപാകുന്നദിക്കു് അടച്ചു ആനപോകുന്ന ദിക്കു തുറന്നു വെയ്ക്കുകയെന്ന രീതിയിൽ പ്രാപ്തിയും പരിചയവുമുള്ളവരെ കീഴുദ്യോഗസ്ഥന്മാരാക്കി നിശ്ചയിയ്ക്കാതെ രണ്ടും മൂന്നും ഉറുപ്പിക ശമ്പളം കൊടുത്തു ‘കണക്കപ്പിള്ളമാരെ’ നിശ്ചയിയ്ക്കുകയാണല്ലോ ചെയ്യുക. അതുകൊണ്ടു് ഒടുവിലുണ്ടാകുന്ന നഷ്ടങ്ങൾ ഇത്രയാണെന്നു് അവർ ധരിയ്ക്കുന്നില്ല. പഠിപ്പും യോഗ്യതയുമുള്ളവർക്കു് അവരുടെ അവസ്ഥയനുസരിച്ചുള്ള ശമ്പളം കൊടുക്കാനും അതു ക്രമേണ കയറ്റിക്കൊടുക്കാനും യൂറോപ്യന്മാർ ചെയ്യുന്ന ഏർപ്പാടുകൾ അനുകരിക്കാത്തതുകൊണ്ടു നാട്ടുകാരിൽ വലിയ ചില കച്ചവടക്കാർ കൂടി ഒടുവിൽ ‘ദീവാളി’യാകുന്നു. ഏതായാലും നവറോജി ആദ്യം തന്നെ ദാമോദരനു 50 ക. ശമ്പളം കൊടുക്കാമെന്നും ക്രമേണ ശമ്പളം അധികരിപ്പിയ്ക്കാമെന്നും വാഗ്ദത്തം ചെയ്കയാലും നവറോജിയുടെ വ്യാപാരം വളരെ നല്ല നിലയിൽ നടക്കുന്നുണ്ടെന്നു അവനു ബോധ്യമുണ്ടാകയാലും അവൻ തന്റെ ആദ്യത്തെ ഉദ്യോഗം വിട്ടു സേട്ടുവിന്റെ കീഴിൽ ചെന്നു ചേർന്നു.

ഒരു കൊല്ലം കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ മരിച്ചു. പിന്നെ കുടുംബം രക്ഷിക്കേണ്ടുന്ന ഭാരം മുഴുവനും തനിക്കായി. വൃദ്ധയായ അമ്മയേയും മൂന്നു സഹോദരിമാരേയും രക്ഷിയ്ക്കാൻ ദാമോദരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഇങ്ങിനെ അവന്റെ കുടുംബഭാരം വർദ്ധിച്ചുവെന്നു കണ്ടപ്പോൾ അവൻ ശമ്പളം 75 ക.യാക്കി വർദ്ധിപ്പിയ്ക്കാൻ അവന്റെ എജമാനനു് ഗുണമനസ്സുണ്ടായി. ദാമോദരനു എത്രതന്നെ ശമ്പളം കൊടുത്താലും അതു ന്യായമായിത്തീരുകയല്ലാതെ ചെയ്യാറില്ലെന്നു നവറോജി തന്നെ പലപ്പൊഴും പറയാറുണ്ടായിരുന്നു.

ദാമോദരന്റെ മനസ്സിന്റെയും ബുദ്ധിയുടെയും ഗുണങ്ങൾക്കു അനുരൂപമായ ആകൃതിവിശേഷമാണു് അവനുള്ളതു്. തന്റെ സ്നേഹിതന്മാരുടെയും, തന്നെ അറിയുന്നവരുടെയും, ഇടയിൽ താൻ ഒരു സുന്ദരനാണെന്നു ഗണിയ്ക്കപ്പെട്ടു. സുന്ദരൻ തന്നെയാണു് ദാമോദരൻ. വിസ്താരമുള്ള നെറ്റിയും നീണ്ട മൂക്കും അധികം തടിപ്പില്ലാത്ത ചുണ്ടുകളും നീണ്ടും ചൈതന്യവും ജീവനുമുള്ള നേത്രങ്ങളും പ്രസന്നവദനവും സ്വർണ്ണവർണ്ണവും എല്ലാം നയന മോഹനമായിരുന്നു. മുടി യൂറോപ്യൻ സമ്പ്രദായത്തിൽ വെട്ടിയിരുന്നതു ധാരാളം കറുപ്പും പുഷ്ടിയും ഉണ്ടായിരുന്നു. അതു വളരെ ഭംഗിയിൽ പകുത്തു ചീകി വെക്കാറുണ്ടു്. ശരീരം വ്യായാമം കൊണ്ടു നല്ല ശക്തിയും സാമാന്യം പുഷ്ടിയും ഉള്ളതാണെന്നു മാത്രമല്ല, നല്ല ദീർഗ്ഘതയുള്ളതുമാണു്. വസ്ത്രധാരണയിൽ ദാമോദരൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എപ്പോഴും നല്ല വൃത്തിയുള്ള വസ്ത്രങ്ങളല്ലാതെ ധരിയ്ക്കയില്ല. ആകപ്പാടെ, സജ്ജനങ്ങൾക്കു ഈ ചെറുപ്പക്കാരനിൽ അതിയായ സ്നേഹം ജനിക്കാൻ അവനെ ഒരു നോക്കു കണ്ടാൽ മതിയായിരുന്നു.

സാധാരണ, വല്ല പരീക്ഷയും ജയിച്ചു പ്രവൃത്തിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ, വിദ്യാഭ്യാസം പൂർത്തിയായെന്നും അതുകൊണ്ടുള്ള ഫലം സാദ്ധ്യമായെന്നും വിചാരിച്ചു പുസ്തകവായന നിർത്തുകയാണല്ലോ പലരും ചെയ്തുകാണുന്നതു്. എന്നാൽ ദാമോദരനാകട്ടെ, നിത്യം ഓരോ പുസ്തകങ്ങൾ വായിച്ചു തന്റെ അറിവു വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷിൽ പല ശാസ്ത്രപുസ്തകങ്ങളും കഥകളും വായിയ്ക്കുകയും അതിൽ നിന്നു സിദ്ധിയ്ക്കുന്ന അറിവിനെ അടിസ്ഥാനമാക്കി മലയാളത്തിൽ പല ഉപന്യാസങ്ങളും എഴുതി പത്രങ്ങളിലും പത്രഗ്രന്ഥങ്ങളിലും പരസ്യം ചെയ്തു പോരികയും ചെയ്തു. മറ്റു ചെറുപ്പക്കാർക്കു സാധാരണ ഇല്ലാത്തതായി ദാമോദരനുണ്ടായിരുന്ന മറ്റൊരു ഗുണം ഹിന്തുമതത്തോടുള്ള പ്രതിപത്തിയും ഹിന്തുമതത്തെ സംബന്ധിയ്ക്കുന്ന പുസ്തകങ്ങൾ വായിയ്ക്കുന്നതിലും പഠിയ്ക്കുന്നതിലും ഉള്ള അഭിരുചിയും ആയിരുന്നു. ജോലിത്തിരക്കു ധാരാളം ഉണ്ടായിട്ടുപോലും ക്രിക്കറ്റു മുതലായ കളികളിൽ ഏർപ്പെട്ടു വ്യായാമാർത്ഥം ദിവസേന അല്പം സമയം മുടങ്ങാതെ ചിലവഴിയ്ക്കാൻ ദാമോദരൻ കുറവു വരുത്തിയില്ല.

നവറോജിയുടെ വ്യാപാരാവശ്യാർത്ഥം ദാമോദരൻ ബോമ്പായി, മദിരാശി, കൽക്കത്ത, ബർമ്മ, സിലോൺ മുതലായ ദിക്കുകളിൽ പല അവസരങ്ങളിലും സഞ്ചരിച്ചിട്ടുണ്ടു്.

നവറോജി സേട്ടുവിന്റെ കച്ചവടശാല ചുങ്കത്തിനടുത്ത ഒരു വിശാലമായ കെട്ടിടത്തിലായിരുന്നുവെന്നു പറഞ്ഞുവല്ലോ. ഏപ്രിൽ മാസം ഒരു തിങ്കളാഴ്ചയാണു്, രാവിലെ ഏകദേശം എട്ടര മണിയായിരിയ്ക്കുന്നു. ചുങ്കത്തിനടുത്തുള്ള റോഡുകളിൽ ജനങ്ങളും വണ്ടികളും നിറഞ്ഞിരിയ്ക്കുന്നു. വണ്ടികളിൽ കയറ്റിക്കൊണ്ടു പോകുന്നതോ, പാണ്ടികശാലകളിലേയ്ക്കു കൊണ്ടിറക്കുന്നതൊ ആയ അരിച്ചാക്കുകളിൽനിന്നു വിതറുന്ന അരിമണികൾ പെറുക്കി എടുക്കാമെന്നുള്ള ആഗ്രഹത്തോടുകൂടി ഓരോ ചെറിയ വട്ടിയും എടുത്തുകൊണ്ടു അവിടവിടെ നില്ക്കുന്ന ചില സാധുസ്ത്രീകളൊഴികെ മടിയന്മാരായി ആരും തന്നെ കാണപ്പെട്ടില്ല. കച്ചവടക്കാരുടെ മേനോന്മാർ, കാര്യസ്ഥന്മാർ, വ്യവഹാരകാര്യസ്ഥന്മാർ, കൂലിക്കാർ, സാമാനങ്ങൾ വില്ക്കാനും വാങ്ങാനും വരുന്നവർ, എല്ലാം ഏറ്റവും ഉത്സാഹത്തോടുകൂടി അങ്ങട്ടുമിങ്ങട്ടും നോക്കുകയും ഓരോ പ്രവൃത്തികൾ ചെയ്കയും ചെയ്യുന്നു. ഓരോ പാണ്ടികശാലയിൽ ഓരോ വിരിപ്പും തലയേണയും മുമ്പിലൊരു പെട്ടിയുമായി ഇരിയ്ക്കുന്ന ബനിയാന്മാർ പോലും ഉറുപ്പികയെണ്ണുകയോ കണക്കുകൂട്ടുകയോ ചെയ്യുന്ന തിരക്കാണു്. ശക്തന്മാരായ കൂലിക്കാർ വണ്ടികളിൽ സാമാനങ്ങൾ കയറ്റി വലിച്ചുകൊണ്ടുപോകുമ്പോഴും സാമാനങ്ങൾ വണ്ടിയിൽ കയറ്റുകയോ വണ്ടിയിൽനിന്നു് ഇറക്കുകയോ ചെയ്യുമ്പോഴും ഓരോ പാട്ടുകളും ചില താളങ്ങളും മറ്റും ഉച്ചത്തിൽ ഉച്ചരിച്ചുകൊണ്ടിരിയ്ക്കുന്നു. തലമുടി ഭംഗിയിൽ വാർന്നുകെട്ടി ശുദ്ധ വെള്ളവസ്ത്രം ഉടുത്തു മറ്റൊരു വെള്ളവസ്ത്രം മടക്കി ഒരു ചുമലിൽ കൂടി ഇട്ടു അതിന്റെ ഒരു തല മുമ്പിൽ ഞാത്തിയിട്ടു മറുതല പുറത്തുകൂടി മറുഭാഗത്തെ വാരി ഭാഗം വഴിയായി വയറ്റിൽ ചുറ്റി ഇടത്തെ ഉക്കിൽ തിരുകി അങ്ങിനെ കുചാച്ഛാദനം ചെയ്തുകൊണ്ടു കൂലി പ്രവൃത്തിയ്ക്കു പോകുന്ന സ്ത്രീകൾക്കു്, താന്താങ്ങൾ പ്രവൃത്തി ചെയ്യുന്ന പാണ്ടികശാലകളിലേയ്ക്കു ധൃതിയിൽ നടന്നുപോകയും ചിലർ കൂട്ടം കൂട്ടമായി ചില പാണ്ടികശാലകളുടെ മുമ്പിൽ നില്ക്കുകയും ചെയ്യുന്നു. കൂലിക്കാരായ സ്ത്രീകളുടെ ഇടയിൽ ഇത്ര വൃത്തിയും ശുചിയും ഉള്ളവരെ വല്ല ദിക്കിലും വല്ല ജാതിയിലും കാണുമൊ, എന്നു സംശയമാണു്. ഇവരിൽ മുഷിഞ്ഞവസ്ത്രമൊ മുഷിഞ്ഞ തലമുടിയോ ഉള്ളവരെ കാണില്ല. അവരുടെ പുരുഷന്മാരാകട്ടെ, നേരെ വിരോധമാണുതാനും. അവർക്കു പ്രവൃത്തിയ്ക്കു പോകുമ്പോൾ ധരിയ്ക്കാൻ പ്രത്യേകം മുഷിഞ്ഞ വസ്ത്രങ്ങൾ ഉണ്ടായിരിയ്ക്കും. വണ്ടികൾ നിറയ പലവിധ സാമാനങ്ങൾ കയറി കാലിന്റെ പടം മുങ്ങത്തക്ക പൊടിയുള്ള റോഡുകളിൽകൂടി വണ്ടികൾ വലിച്ചു കൊണ്ടുപോകുന്ന കാളകളൊഴികെ അവിടങ്ങളിൽ തങ്ങളുടെ പ്രവൃത്തിമൂലം സങ്കടപ്പെടുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഇങ്ങിനെ തിക്കും തിരക്കും ഉള്ള റോഡിൽ കൂടി യൂറോപ്യൻ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ ചവിട്ടുവണ്ടിയിൽ കയറി ആളുകളേയും വണ്ടികളേയും തെറ്റിത്തിരിച്ചുകൊണ്ടു നവറോജിയുടെ വ്യാപാരശാലയുടെ മുൻഭാഗത്തു വന്നിറങ്ങി. ആപ്പീസ്സിലെ വാതിലിനടുത്തുണ്ടായിരുന്ന പുരുഷന്മാരും സ്ത്രീകളും അദ്ദേഹത്തെ കണ്ടു് ഉടനെ സ്നേഹബഹുമാനങ്ങളുടെ സൂചകമായി മുഖങ്ങളിൽ പ്രസന്നഭാവം പ്രകാശിപ്പിച്ചു. ദാമോദരൻ ചവിട്ടുവണ്ടിയിൽ നിന്നിറങ്ങിയ ക്ഷണത്തിൽ ഒരാൾ ചെന്നു വണ്ടി ഏറ്റുവാങ്ങി, അതിനെ ഒരു ഭാഗത്തേക്കു ഉരുട്ടിക്കൊണ്ടുപോയി. ദാമോദരൻ നാലുപാടും ബദ്ധപ്പെട്ടു നോക്കിക്കൊണ്ടു് എല്ലാവരേയും ആദരിയ്ക്കുന്നവിധത്തിൽ മനോഹരമായി മന്ദസ്മിതം ചെയ്തു, തലതാഴ്ത്തി, അഭിവാദ്യം ചെയ്തു, വാതിൽ കടന്നു് അകത്തേയ്ക്കു പോകയും ചെയ്തു. “ഇദ്ദേഹമാണു് ഈ ആഫീസിന്റെ ജീവൻ. ഇദ്ദേഹമാണു് ഇവിടത്തെ അഭിവൃദ്ധിക്കു കാരണം. ഈ പൊന്നെജമാനനുവേണ്ടി എന്റെ ജീവൻ കൂടി ദാനം ചെയ്വാൻ ഞാൻ എപ്പൊഴും ഒരുക്കമാണു്.” എന്നിങ്ങിനെ അവരിൽ ഓരോരുത്തന്റെ ഹൃദയത്തിൽ രഹസ്യമായി മുഴങ്ങിക്കൊണ്ടിരുന്നു.

ദാമോദരൻ ചെന്നു തന്റെ മേശയ്ക്കടുത്തുള്ള കസേലയിൽ ഇരുന്നു, മേശ തുറന്നു പുസ്തകങ്ങളും കടലാസ്സുകളും എടുത്തു ഓരോന്നെഴുതാനും വായിക്കാനും തുടങ്ങി, അതിലിടക്കു പലരും ഓരോന്നു ചോദിക്കാനും പറവാനും സംശയം തീർക്കാനും കൊടുക്കാനും വാങ്ങുവാനും അവന്റെ അടുക്കൽ വന്നും പോയും കൊണ്ടിരിക്കുന്നു. അവരിൽ ആരോടും യാതൊരു വെറുമുഖവും കാണിച്ചില്ലെന്നു മാത്രമല്ല സർവ്വരോടും വളരെ മര്യാദയോടും സന്തോഷത്തോടും സംസാരിച്ചു. അതിനിടക്കു വലിയ ചില കണക്കു ബുക്കുകൾ എടുത്തു അട്ടിയായി മേശപ്പുറത്തുവെച്ചു; ചില കണക്കുകൾ എടുത്തു തിരിച്ചും മറിച്ചും നോക്കി സേട്ടുവിന്റെ മുറിയിലേക്കയച്ചു. കുറെ കത്തുകളെടുത്തു ഒന്നിച്ചൊരു മൊട്ടു സൂചികൊണ്ടു കുത്തിച്ചേർത്തു മേശമേലുണ്ടായിരുന്ന കള്ളിയളുമാരിയിൽ ഒരു കള്ളിയിലിട്ടു. ഇങ്ങിനെ ഓരോ പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഭൃത്യൻ അവന്റെ അടുക്കൽ ചെന്നിട്ടു, “സേട്ടു ഒന്നങ്ങട്ടു ചെല്ലാൻ പറഞ്ഞിരിക്കുന്നു.” എന്നു പറഞ്ഞു. ദാമോദരൻ ഉടനെ എഴുന്നേറ്റു സേട്ടുവിന്റെ മുറിയിലേക്കു പോയി.

സേട്ടു:
നോക്കു, ദാമോദരാ, ഈ സുബ്രഹ്മണ്യയ്യർ പതിനഞ്ചു ദിവസത്തെ കല്പനയ്ക്കു്, എഴുതിയിരിയ്ക്കുന്നു.
ദാമോദരൻ:
എന്താണു് ഇത്ര തിരക്കുള്ള അവസരത്തിൽ കല്പനയെടുക്കാൻ?
സേട്ടു:
ഇതാ അയാളുടെ കത്തു നോക്കൂ.
ദാമോദരൻ:
(കത്തു വാങ്ങി വായിച്ചിട്ടു്) അമ്മയ്ക്കു വളരെ സുഖക്കേടാണെന്നല്ലെ എഴുതിയിരിയ്ക്കുന്നതു്. അദ്ദേഹം കല്പന സമ്മതിയ്ക്കുന്നതിനു മുമ്പുതന്നെ പോയിക്കഴിഞ്ഞുവോ?
സേട്ടു:
പോയി പോലും. ഇതാ സേഫിന്റെ താക്കോൽ അയച്ചിരിക്കുന്നു. അയാൾ വരുന്നതുവരെ ബേങ്കിലെ കാര്യം നിങ്ങൾ നോക്കണം. നിങ്ങളുടെ പണി വേറെ ആൾ നോക്കട്ടെ.
ദാമോദരൻ:
ഞാൻ ഇതുവരെ ബേങ്കിൽ പ്രവൃത്തി നോക്കീട്ടില്ലല്ലോ. അതിലെ കണക്കുകളും മറ്റും നോക്കാനും മനസ്സിലാക്കാനും എത്ര ബുദ്ധിമുട്ടുണ്ടു്!
സേട്ടു:
അതു സാരമില്ല. പുതുതായി ആർക്കും പണം കൊടുക്കണ്ട. പലിശ വകയായി അടയ്ക്കുന്ന പണം മാത്രം വാങ്ങി ഒരു തല്കാലരശീതി കൊടുക്കാം. അവധിയെത്തിയ ലോണോ ചെക്കോ മറ്റോ ഉണ്ടോ എന്നു നോക്കണം. അതൊക്കെ ഗുമസ്തന്മാക്കറിയാം. വളരെ അടിയന്തരമായിട്ടു വല്ലവരും ലോണിന്മേൽ പണം ആവശ്യപ്പെട്ടെങ്കിൽ എന്നോടു പറഞ്ഞാൽ അക്കാര്യം ഞാൻ ചെയ്യും. എന്താ മടിക്കുന്നു? നിങ്ങളെയല്ലാതെ എനിക്കു ആരെയും വിശ്വാസമില്ല.
ദാമോദരൻ:
നിങ്ങൾ അങ്ങിനെയാണു് പറയുന്നതെങ്കിൽ ഞാൻ അതു ചെയ്യാം. എന്നാൽ രാമൻ നായരു് എന്റെ പ്രവൃത്തി നോക്കട്ടെ.
സേട്ടു:
അതുശരി, അതിനെയാവട്ടെ.
സുബ്രഹ്മണ്യയ്യർ നവറോജിയുടെ ബേങ്കിലെ കാഷ് കീപ്പറായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കു സുഖക്കേടാണെന്നു വിവരമറികയാൽ അദ്ദേഹം ബദ്ധപ്പെട്ടു സ്വരാജ്യത്തേയ്ക്കു പോയിരിക്കയാണെന്നു വായനക്കാർ കണ്ടുവല്ലോ. അതുവരെ കച്ചവട സംബന്ധമായ ആപ്പീസ്സിലെ സർവ്വ കാര്യാധികാരവും വഹിച്ചിരുന്ന ദാമോദരൻ ബേങ്കുകാര്യത്തിൽ നേരിട്ടു പ്രവൃത്തിച്ചിരുന്നില്ല. അതിൽ എല്ലാകാര്യവും നോക്കി നടത്തിയിരുന്നതു സുബ്രമണ്യയ്യരായിരുന്നു. ഈ ബ്രാഹ്മണനെ നവറോജി വളരെ വിശ്വസിച്ചിട്ടാണു്. അദ്ദേഹം കല്പന വാങ്ങി പോയതിനാൽ പതിനഞ്ചു ദിവസം ബേങ്കിലെ പ്രവൃത്തി ദാമോദരൻ നോക്കാമെന്നു തീർച്ചയാക്കി.
നാലു യന്ത്രികൾ

ഉടൽ കഴുകുവതിന്നും പൂമണം പൂണ്മതിന്നും

വടിവൊടു ജലപാനത്തിന്നുമൊന്നിന്നുമല്ലാ

സ്ഫടിക വിമലതോയേ ചേർകലക്കാൻ സരസ്സി-

ന്നുടയനടുവതിങ്കൽ കാസരം മുങ്ങിടുന്നു.

—കേ. സി. കേശവപിള്ള

ലോകത്തു നിത്യം കാണുന്ന ഓരോ സംഭവങ്ങളിൽ അടങ്ങിയിരിയ്ക്കുന്ന പാഠങ്ങൾ മനുഷ്യർ ശരിയായി ധരിച്ചു, തങ്ങളുടെ പ്രവൃത്തികൾ അവയ്ക്കനുസരിച്ചു വ്യവസ്ഥപ്പെടുത്തുന്നതായാൽ രാജ്യത്തു ക്രമേണ ക്ഷേമം വർദ്ധിയ്ക്കാനേ തരമുള്ളു. മനുഷ്യന്റെ സ്വഭാവം അങ്ങിനെയുള്ളതല്ലായിരിയ്ക്കാം. അവനവനു വല്ലതും സംഭവിച്ചാലെ അവൻ പഠിയ്ക്കയുള്ളു. നടന്നു നടന്നു ഒരു കുണ്ടിൽ മറിഞ്ഞുവീണതിനുശേഷമേ താൻ ഒരു കുണ്ടിൽ വീണിരിയ്ക്കയാണെന്ന അറിവു് ഒരു കുരുടന്നുണ്ടാകുന്നുള്ളു. നാമൊക്കെ എന്തൊരു കുരുടന്മാരാണു്!

അന്നന്നത്തെ കുരുടന്മാരുടെ കഥ അന്നന്നുള്ളവർ തന്നെ രേഖപ്പെടുത്തിയാൽ പിന്നെ വരുന്നവർക്കെങ്കിലും പ്രയോജനകരമാകാതിരിയ്ക്കയില്ല. പൂർവ്വകാലങ്ങളിലെ അവസ്ഥകൾ അറിയാൻ നമ്മെ സഹായിയ്ക്കുന്ന സംഗതികൾ രേഖപ്പെടുത്തത്തക്ക കാരുണ്യബുദ്ധി പണ്ടുണ്ടായിരുന്നവർക്കൊന്നും ഉണ്ടായില്ല. തച്ചോളിപ്പാട്ടുകളാണു് ഇദ്ദേശീയർക്കു് ഈവക സംഗതികളിലുള്ള ഒരുവക പ്രമാണം. അതൊക്കെ പാടങ്ങളിൽ പ്രവൃത്തി ചെയ്യുന്ന പഴയ പെണ്ണുങ്ങൾക്കു മാത്രം ചേർന്നതാണെന്നാണു് ഇക്കാലത്തെ പരിഷ്കാരികൾ വെച്ചിരിയ്ക്കുന്നതു്. പഴയ പെണ്ണുങ്ങൾക്കു തന്നെയും അതൊക്കെ പാടാനും ഓർമ്മിയ്ക്കാനും ഉന്മേഷവും കുറഞ്ഞിരിയ്ക്കുന്നു. അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ തന്നെ ദേഹാദ്ധ്വാനാവസരത്തിൽ ക്ഷീണത്തിനുള്ള ഒരു ഉപശാന്തിയായിട്ടല്ലാതെ അധികമൊന്നും ആരും അതിനെപ്പറ്റി ചിന്തിക്കാറുമില്ല.

ഇക്കാലത്തെ പോലെ കൊക്കയും കുസൃതിയും അന്നുമുണ്ടായിരുന്നുവൊ? ദുഷിയും ദൂഷണവും നമുക്കു പൂർവ്വസ്വത്താണൊ? വസൂരിരോഗം പോലെ തന്നെ വാറോലയും പണ്ടുപണ്ടെ ഉള്ളതാണൊ? ഇതൊക്കെ ആലോചിച്ചാലും അന്വേഷിച്ചാലും അറിയാൻ കഴിയാതായിരിയ്ക്കുന്നു. ഏതായാലും അന്നുണ്ടായിരുന്നവരെ നാം ഇന്നുപറയുന്ന കുറ്റം നമ്മുടെ അനന്തരഗാമികൾ നമ്മളുടെ തലയിൽ സ്ഥാപിയ്ക്കാതിരിക്കാൻ നാം സൂക്ഷിയ്ക്കേണ്ടതാണല്ലൊ.

അന്യായമായി അനാവശ്യകാര്യങ്ങളിൽ ഏർപ്പേട്ടു ഭഗ്നാശയന്മാരായ മൂന്നുപേർ ഒരുദിവസം സന്ധ്യാസമയത്തു് അവരിൽ ഒരാളുടെ വീട്ടിൽ ഒരു മുറിയിൽ ഒരു വട്ടമേശയ്ക്കു ചുറ്റും ഇരുന്നു രഹസ്യമായി ഒരു സംഗതിയെക്കുറിച്ചു് ആലോചിക്കുകയാണു്. മൂന്നുപേരും വൃദ്ധന്മാരാണെന്നു് അവർ സമ്മതിക്കയില്ലെങ്കിലും അതിൽ ഏറ്റവും ഇളയ ആൾക്കു് 60 വയസ്സു കഴിഞ്ഞിരിക്കുന്നു. അതിഥികൾ രണ്ടുപേരും കോട്ടും തൊപ്പിയും മറ്റും ധരിച്ചിട്ടുണ്ടെങ്കിലും ഗൃഹസ്ഥന്നു് ഒരു ഉടുമുണ്ടും ഒരു തോർത്തും മാത്രമെ ഉള്ളൂ.

ഗൃഹസ്ഥന്റെ പേർ കണ്ണൻ മേനോൻ എന്നാണു്. ജാതി കൊണ്ടു തീയ്യനാണെങ്കിലും ആദ്യകാലത്തു് ഒരു കച്ചവടക്കാരന്റെ മേനോനായിരുന്ന വഴിക്കാണു് ഈ സ്ഥാനപ്പേർ ലഭിച്ചതു്. നായന്മാർ മുതലായ ഉയർന്ന ജാതിക്കാർ ഇയാളെപ്പറ്റി പറയുമ്പോൾ ‘മേനോൻ കണ്ണൻ’ എന്നാണു് പറയാറു്. ഇപ്പോൾ ഒരു നാട്ടുവൈദ്യനാകാൻ ഇക്കാലത്തു് അദ്ധ്വാനം വളരെയൊന്നും ഇല്ലല്ലൊ. പണ്ടത്തെപ്പോലെ കുറെ ശ്ലോകങ്ങൾ ഉരുവിട്ടു പഠിക്കേണ്ടുന്ന സൊല്ലകൂടി ഇല്ല. ‘അനുമാനവിശേഷണ സർവ്വരോഗവിനാശന’മായ ഒന്നൊ രണ്ടോ ദിവ്യ ഔഷധം കിട്ടിപ്പോയാൽ മതി. അതുവല്ല സന്യാസിയുടെയോ ഗോസായിയുടെയോ ഉപദേശമാണെന്നു വരുത്തിക്കൂട്ടിയാൽ നന്നായി. പ്രസിദ്ധനായ വല്ല വൈദ്യന്റെയും ചെല്ലപ്പെട്ടി എടുത്തു ബാല്യക്കാരനായി കുറെ സാർവ്വിസ്സുകൂടി ഉണ്ടായാൽ ഭംഗിയായി. തറവാട്ടിൽ എട്ടുപത്തു കരിന്തല മുമ്പുണ്ടായിരുന്ന ഒരു കാരണവർക്കു് അന്നു നാടുവാണ വല്ല തമ്പുരാനും വൈദ്യനെന്ന സ്ഥാനപ്പേരും, പക്ഷേ, ഒരു വീരശൃംഖലയും കല്പിച്ചു കൊടുത്തതായി തെളിവുണ്ടെങ്കിൽ പിന്നെ സംശയിക്കാനൊന്നുമില്ല. അവിടത്തെ ചെറിയകുട്ടി പോലും വൈദ്യനാണു്. അവന്റെ കൈകൊണ്ടു് എടുത്തു കൊടുത്തതൊക്കെ മരുന്നുമാണു്.

ആട്ടെ, അതൊക്കെ പറഞ്ഞിട്ടു ഫലമില്ല. കണ്ണൻമേനോൻ ഒരു വൈദ്യൻ കൂടിയാണെന്നു് അറിഞ്ഞാൽ മതിയല്ലോ.

ഈ വൈദ്യനു മദ്യപാനത്തിൽ വളരെ പ്രതിപത്തിയാണു്. പക്ഷേ, അതിലൊരു വിശേഷവിധികൂടി ഉണ്ടു്. പകലൊരിക്കലും മദ്യപാനം ചെയ്കയില്ലെന്നു ശപഥം ചെയ്തിട്ടുണ്ടെന്നു മാത്രമല്ല, ആ ശപഥത്തിനനുസരിച്ചുതന്നെ പാടുള്ളത്ര പ്രവൃത്തിച്ചുപോരികയും ചെയ്യുന്നു. ഈ ശപഥം നിമിത്തമുള്ള അസൗകര്യത്തെ തീർക്കേണ്ടതിനു പകൽ രാത്രിയാക്കുക, രാത്രിയെ പകലാക്കുക എന്ന വിദ്യയാണു് ഇദ്ദേഹം ചെയ്യാറു്. തന്റെ സ്നേഹിതന്മാരുടെ ഇടയിൽ ‘ജലപിശാച്’ എന്നൊരു വിശേഷപ്പേരോടുകൂടിയാണു് ഇദ്ദേഹം അറിയപ്പെടുന്നതു്.

മൂന്നു പേരും ആലോചിയ്ക്കുന്ന സംഗതിയിൽ അവർക്കുള്ള ഉദ്ദേശങ്ങൾ മൂന്നും മൂന്നുപ്രകാരമായിരുന്നുവെങ്കിലും അതു സാധിയ്ക്കുന്നതിലുണ്ടായിരുന്ന രസവും തൃഷ്ണയും തുല്യങ്ങളായിരുന്നതിനാൽ തൽക്കാലത്തേയ്ക്കു് അവർ ആത്മമിത്രങ്ങളായി കാണപ്പെട്ടുവെന്നല്ലാതെ അതിഥികൾ രണ്ടുപേരോടും ഗൃഹസ്ഥനു സ്നേഹമില്ലെന്നും അവരുടെ സഹവാസം രാത്രി വളരെ നേരത്തേയ്ക്കു നീളുന്നതിൽ അയാൾക്കു വൈമനസ്യമാണുള്ളതെന്നും ഉള്ള കാര്യം വൈദ്യന്റെ ഒരു രഹസ്യമാണെങ്കിലും ഇവിടെ തുറന്നു പറയേണ്ടിയിരിയ്ക്കുന്നു. സന്ധ്യകഴിഞ്ഞു രാത്രിയാകുംതോറും ഗൃഹസ്ഥൻ അക്ഷമനായിത്തീരുന്നു. അതിഥികൾ രണ്ടുപേർക്കും മദ്യപാനത്തോടു അത്ര രസമില്ലെന്നുള്ളതായിരുന്നു ഇതിനു കാരണം.

അതിൽ ഒന്നൊരു ‘പാറവക്കീൽ’ ആണു് പാറവക്കീൽ എന്ന പദത്തിന്റെ ആഗമം വായനക്കാരിൽ പലരും അറിഞ്ഞിരിക്കാൻ സംഗതിയുണ്ടു്. വടക്കെ മലയാളത്തിൽ വടകരയെന്ന പട്ടണത്തിൽ കുറെക്കാലം മുമ്പു് രസികനായ ഒരു മജിസ്ട്രേട്ടുണ്ടായിരുന്നു. മജിസ്ട്രേട്ടിന്റെ കച്ചേരിയ്ക്കു സമീപം ഉണ്ടായിരുന്ന ഒരു പാറമേൽ ഇരുന്നാണു് ഹരജിയെഴുത്തുകാർ തങ്ങളുടെ പ്രവൃത്തി ചെയ്യാറു്. കോടതിയിൽ വക്കീലില്ലാതെ വല്ല കക്ഷിയും ഹാജരായാൽ വക്കീലില്ലെങ്കിൽ ആ പാറപ്പുറത്തുള്ള വല്ലവരേയും വിളിച്ചു തൽക്കാലം വക്കീലാക്കിക്കൊൾക എന്നു മജിസ്ട്രേട്ടു പറകയും കക്ഷികൾ അതനുസരിച്ചു ചെയ്തുപോരികയും പതിവായി. അങ്ങിനെയുള്ള വക്കീൽമാരെ മജിസ്ട്രേട്ട് നേരംപോക്കായി ‘പാറവക്കീൽമാർ’ എന്നു വിളിച്ചുവന്നു. ആ പേർ സ്ഥിരപ്പെട്ടു. പിന്നെ സന്നദില്ലാതെ മജിസ്ട്രേട്ടുമാരുടെ ദയകൊണ്ടു മാത്രം വക്കീലായിരിയ്ക്കാൻ അനുവദിക്കപ്പെട്ടവരൊക്കെ പാറ വക്കീൽമാരായി. ഇക്കാലത്തു് കേസ്സില്ലാത്ത ചില ഹൈക്കോടതി വക്കീൽമാരെ സൂചിപ്പിച്ചു. ചിലർ രഹസ്യമായി ‘പാറവക്കീൽമാർ’ എന്നു പറയാറുണ്ടു്. പക്ഷേ, രഹസ്യമായിട്ടെ പറയാറുള്ളുവെന്നു സമ്മതിയ്ക്കുന്നു. പുഴുക്കൾ ചിത്രശലഭങ്ങളായിത്തീരുമ്പോലെ എന്നാണെന്നില്ലാതെ ഇവർ മുൻസിപ്പായിട്ടൊ മറ്റൊ പരിണമിച്ചേക്കുമെല്ലോ. അതാണു് ആ രഹസ്യത്തിന്റെ രഹസ്യം.

മേനോന്റെ അതിഥിയായ അമ്പുക്കുറുപ്പു് വക്കീലും കടലാടിമരുന്നും ഒരുപോലെയാണു്. ഈ മരുന്നും കടലുമായി യാതൊരു സംബന്ധവുമില്ലെന്നും, അതിന്റെ ജനനവും വളർച്ചയും മലയിലാണെന്നും അറിയുന്നവർ പോലും അതിനെ കടലാടിയെന്നുതന്നെ വിളിക്കുന്നതുപോലെ ഈ വക്കീലിനു കേസ്സുകൾ ഒന്നും കിട്ടാറില്ലെന്നു ധാരാളം അറിയുന്നവർ കൂടി അദ്ദേഹത്തെ വക്കീൽ എന്നുതന്നെ വിളിച്ചുവരുന്നു. ഇദ്ദേഹത്തിനു മദ്യപാനത്തോടു അധികം ഇഷ്ടമില്ലെന്നു പറഞ്ഞുവല്ലൊ. മദ്യപാനം ചെയ്തു വീട്ടിൽ ചെന്നിരുന്നു് ഒന്നോ രണ്ടോ അവസരങ്ങളിൽ അകായിൽ നിന്നു പ്രഹരത്തോടടുത്ത ശകാരം ലഭിച്ചതിന്റെ ഓർമ്മ പിന്നെ ഗ്ലാസ്സും കുപ്പിയും കാണുമ്പോളൊക്കെ ഉണ്ടാകാറുള്ളതാണു് ഈ വൈമനസ്യത്തിനു കാരണമെന്നു കേട്ടിട്ടുണ്ടു്.

അതിഥികളിൽ മറ്റെ ആൾ ഒരു പെൻഷ്യൻ ഉദ്യോഗസ്ഥനാണു്. വടക്കേ മലയാളത്തിലെ തീയ്യരുടെ ഇടയിൽ ഏതെങ്കിലും ഒരാൾ വല്ല ഉദ്യോഗത്തിലും ഏതെങ്കിലും ഒരു പ്രാവിശ്യം പ്രവേശിച്ചു കഴിഞ്ഞാൽ ആ ഉദ്യോഗപ്പേരോടുകൂടിയല്ലാതെ അദ്ദേഹത്തിന്റെ പേർ ആരും ഉച്ചരിയ്ക്കുകയില്ലെന്നുള്ള നിർബ്ബന്ധമായ ആചാരം ഉപേക്ഷിയ്ക്കാൻ ധൈര്യം വരുന്നില്ല. പെൻഷൻ വാങ്ങി പിരിഞ്ഞാൽ മാത്രമല്ല, ഉദ്യോഗത്തിൽ നിന്നു നീക്കപ്പെട്ടാലും ദുർന്നയം നിമിത്തം ജയിൽശിക്ഷ അനുഭവിച്ചാലും ഒരിക്കൽ മുൻസിപ്പൊ, ഡപ്യൂട്ടികലക്ടരൊ കാഷ് കീപ്പരൊ, മാസ്റ്റരൊ, താസിൽദാരൊ ആയ ആൾ മരിക്കുന്നതുവരെ പിന്നെയും മുൻസീപ്പും ഡപ്യൂട്ടി കലക്ടരും, കാഷ്കീപ്പരും മറ്റും തന്നെയാണു്. അങ്ങിനെയാണു് നമ്മുടെ ഈ പെൻഷൻ ഉദ്യോഗസ്ഥനെ കണാരൻ ഹേഡ് എന്നു വിളിയ്ക്കുന്നതു്. പണ്ടൊരു ഹേഡ് കൺസ്റ്റേബളായിരുന്നു പോൽ. ആ വഴിക്കു കുറെ സമ്പാദിച്ചിട്ടുണ്ടു്. സമ്പാദിച്ച മാർഗ്ഗത്തിന്റെ ന്യായാന്യായങ്ങളെപ്പറ്റി തനിക്കു തന്നെ അത്ര വിശ്വാസമില്ലാതിരുന്നതിനാൽ ഈ വയസ്സുകാലത്തു് അതിന്റെ പരിഹാരാർത്ഥം ഒരു വേദാന്തിയായിരിയ്ക്കയാണു്. സംസാരം ത്യജിച്ചിരിയ്ക്കുന്നു. ചന്ദനക്കുറിയും സിന്ദൂരപ്പൊട്ടും കഴുത്തിൽ രുദ്രാക്ഷമാലയുമാണു് അതിന്റെ ലക്ഷണങ്ങൾ. പരഗുണാസഹിഷ്ണുതകൊണ്ടു മനസ്സു കാഞ്ഞു പുകഞ്ഞതു നിമിത്തമായിരിയ്ക്കണം പല്ലുകളൊക്കെ കാലത്തെതന്നെ കൊഴിഞ്ഞുപോയതു്. ഇദ്ദേഹം മദ്യപാനത്തിനു കേവലം വിരോധിയാണു്. ഈ ദുർഗ്ഗുണം കൂടി ഈ രണ്ടു് അതിഥികൾക്കു് ഇല്ലാത്തതുകൊണ്ടു കുതിരക്കു കൊമ്പില്ലാത്ത ഗുണമാണുള്ളതെന്നു പറയേണ്ടിയിരിക്കുന്നു.

“രാമൻ ഇനിയും വന്നില്ലല്ലോ” ഇങ്ങിനെ ചോദിച്ചതു് കണ്ണൻ വൈദ്യനായിരുന്നു.

അമ്പുകുറുപ്പു്:
അദ്ദേഹം അഞ്ചരമണിക്കു് എത്തുമെന്നാണു് പറഞ്ഞതു്.
കണാരൻ:
മണി ആറായി, ആട്ടെ അദ്ദേഹം വരുമ്പോഴേക്കു് വരട്ടെ, നാം കാര്യം ആലോചിക്കുക. ഈ കാര്യത്തിൽ വളരെ സൂക്ഷിക്കേണ്ടതുണ്ടു്. നമുക്കു് ആൾ സഹായവും പണവും ഇല്ല. ഓറൊക്കെ വല്യ പണക്കാരാണു്.
കണ്ണൻ:
എന്തു സ്വാധീനം? എന്തു പണം? നിങ്ങളൊക്കെ ഇത്ര ധൈര്യമില്ലാത്തവരായിപ്പോയല്ലൊ. രാമനുണ്ണിക്കു് വിരോധമായി എന്തു പ്രവൃത്തിയ്ക്കാനും പേടിക്കേണ്ട. കുഞ്ഞിരാമനും ചാത്തപ്പനും വേണ്ടുന്ന പണം സഹായിക്കും. ഓറോടു് ഒരു വാക്കു പറഞ്ഞാൽ മൈ.
ഇത്രയും പറഞ്ഞുതീർന്നപ്പോൾ കോരപ്പന്റെ മരുമകൻ പടി കയറിവന്നു. ഈ മനുഷ്യനേക്കാൾ ഹ്രസ്വകായനായി ഒരാൾ ആ പ്രദേശത്തു് അധികമില്ല. ദുരാചാരങ്ങളുടെ ഫലങ്ങളും ദുഷ്ടതയുടെ അടയാളങ്ങളും മുഖത്തു ധാരാളം സ്ഫുരിക്കുന്നുണ്ടു്. കാർത്തികരാമൻ എന്നാണു് ജനങ്ങൾ ഈ ആളെ വിളിക്കാറ്. ജാതക പരിശോധനയിൽ അത്യന്തം വിശ്വാസമുള്ള ഒരാളാകയാലും തന്റെ ജന്മനക്ഷത്രം കാർത്തികയായിരുന്നതിനാലും സ്നേഹിതന്മാരിൽനിന്നു തനിയ്ക്കു സമ്പാദ്യമായ ഒരു പേരാണിതു്. ഈ കഥയിലും അയാൾ കാർത്തികരാമൻ തന്നെ ആകട്ടെ. അദ്ദേഹം വന്ന ഉടനെ,
കണ്ണൻ മേനോൻ:
ഞങ്ങൾ നിങ്ങളുടെ കാര്യത്തെപ്പറ്റി ആലോചിയ്ക്കയായിരുന്നു.
രാമൻ:
നിങ്ങൾ വല്ലതും തീർച്ചപ്പെടുത്തിയൊ. എന്തൊരു കഷ്ടാന് നോക്കിൻ. പണ്ടു പരശുരാമൻ വെച്ച വെപ്പൊക്കെ ഇവർക്കു മാറ്റണം പോൽ. ഇവർ ഒന്നുരണ്ടാൾ വിചാരിച്ചാൽ അതു സാധിക്കുമൊ? ഒന്നും കാണാതെയാ കേരളത്തിൽ പരശുരാമൻ മരുമക്കത്തായം സ്ഥാപിച്ചതു്?
കണാരൻ:
പരശുരാമനല്ല, ശങ്കരാചാര്യരാണു് മരുമക്കത്തായം ഏർപ്പെടുത്തിയതു്.
കണ്ണൻ മേനോൻ:
ഒരിക്കലുമല്ല, പരശുരാമനാണു്. പരശുരാമൻ ഓന്റെ അമ്മയെ കൊന്നുപോയ പാപം തീർക്കാനാണു് മലയാളത്തിൽ മരുമക്കത്തായം ഏർപ്പെടുത്തിയതു്. കാണുന്നില്ലെ, ഒരുത്തന്റെ സമ്പാദ്യം ഓന്റെ അമ്മയ്ക്കും അമ്മേന്റെ സന്താനങ്ങൾക്കും അല്ലെ കൊടുക്കുന്നതു്.
അമ്പുകുറുപ്പു്:
ശരിയാണു്. കേരളപയമയിൽ അങ്ങിനെയാണുള്ളതു്.
കണാരൻ:
അതാരെങ്കിലും ആയിക്കോട്ടെ.
രാമൻ:
രാമനൊ ശങ്കരനൊ ആരുതന്നെ ഏർപ്പെടുത്തിയാലും ഇന്നു കോരനും കോരപ്പനും അതു മാറ്റാൻ അധികാരമുണ്ടോ? മരുമക്കൾ കല്ലുപോലെ ജീവിച്ചിരിക്കുമ്പോൾ മക്കൾക്കു സമ്പാദ്യം ദാനം ചെയ്വാൻ പാടുണ്ടോ? എന്താ വക്കീലെ, വക്കീലെന്തു പറയുന്നു?
കുറുപ്പു്:
ഒരിയ്ക്കലും പാടില്ല. ഞാനിന്നു രാവിലെ മെയിൻസ് കോമണ്ടറി നോക്കിയിരുന്നു. നാട്ടു നടപ്പിനു വിരോധമായി ഒരു കോടതി വിധികല്പിക്കാൻ പാടില്ലെന്നു അതിൽ ശരിയായി പറഞ്ഞിട്ടുണ്ടു്.
കണ്ണൻ:
ശരി, അങ്ങിനെ പറയു വക്കീലെ. പണ്ടു് ഹോളോവെ സായ്വ് അങ്ങിനെ ഒരു വിധി കല്പിച്ചിരുന്നുവെന്നു ഞാനറിയും.
കണാരൻ:
അല്ല, വക്കീലെ രാമനുണ്ണിയുടെ അച്ഛൻ അദ്ദേഹത്തിന്റെ സമ്പാദ്യം മക്കൾക്കു് ഒസ്യത്തു പ്രകാരം ദാനം ചെയ്യുന്നതല്ലെ?
രാമൻ:
പിന്നെയും പറഞ്ഞതുതന്നെ പറയുന്നൊ? അങ്ങിനെ കൊടുക്കാൻ അധികാരമുണ്ടോ? മരുമക്കൾ ജീവനോടുകൂടി ഉള്ളപ്പോൾ അങ്ങിനെ കൊടുക്കാൻ പാടില്ല. നമ്മുടെ രാജ്യത്തു ഡിപ്യൂട്ടികലക്ടർമാർ, താസിൽദാർമാർ, മജിസ്ട്രേട്ടുമാർ എന്നവരൊക്കെ ഉണ്ടായിരുന്നുവല്ലൊ. ഓറൊക്കെ സമ്പാദ്യം മക്കൾക്കാണോ കൊടുത്തതു് ? ഓർക്കു് മക്കളോടു ഇഷ്ടമില്ലാഞ്ഞിട്ടാണോ? പാടില്ല കൊടുക്കാൻ. ഓറൊക്കെ ന്യായമറിയുന്നവരായിട്ടു് അങ്ങിനെ ചെയ്തില്ല.
കോടതിക്കാര്യത്തിൽ അല്പം പരിചയമുള്ള കണാരൻ ഹേഡ് എന്തൊക്കെ ന്യായങ്ങൾ പറഞ്ഞിട്ടും ഒരാളുടെ സ്വന്തസമ്പാദ്യം ഒസ്യത്തു പ്രകാരം മക്കൾക്കു കൊടുക്കാൻ പാടില്ലെന്നു ശേഷം മൂന്നു പേരും ബലമായി വാദിച്ചു. പാറവക്കീൽ തന്റെ വാദത്തെ ബലപ്പെടുത്താൻ മെയിൻസ് കൊമണ്ടറിയും ഗുണ്ടട്ട് സായ്വിന്റെ നിഘണ്ഡുവും വാരി വർഷിച്ചു. ഉദ്ധരിച്ചു. ഒടുവിൽ കണാരൻ ഹേഡ് ഇങ്ങിനെ പറഞ്ഞു:

“അതുകൊണ്ടു് ഒസ്യത്തു ദുർബ്ബലപ്പെടുത്തിക്കിട്ടാൻ ഒരു അന്യായം കൊടുക്കാനാ, നിങ്ങൾ തീർച്ചപ്പെടുത്തുന്നതു്. കേമത്തിനു കേടില്ല എന്നല്ലെ പറയുന്നതു്. നമുക്കും ഒരു ഒസ്യത്തുണ്ടായാലെന്താണു്? അതു കോരപ്പൻ ഉള്ളപ്പോൾതന്നെ വേണം. രാമനുണ്ണിയ്ക്കും പെങ്ങൾക്കുമുള്ള ഒസ്യത്തു് അഞ്ചു കൊല്ലം മുമ്പുള്ളതല്ലെ. അതിൽ പിന്നെ ഒന്നു് ഉണ്ടായിക്കൂടെന്നില്ലല്ലൊ.

വക്കീൽ:
അതു ശരി, അതു നല്ല ആലോചന.
ഇവരെന്താണു് പറഞ്ഞതെന്നു കണ്ണൻ മേനോനു് ആദ്യം മനസ്സിലായില്ലെങ്കിലും കളവായി ഒരു ഒസ്യത്തു നിർമ്മിയ്ക്കാനാണു് അഭിപ്രായപ്പെട്ടതെന്നു മനസ്സിലായപ്പോൾ ജലപിശാചുകൂടി ഒന്നു ഞെട്ടി. എങ്കിലും തന്റെ ചാപല്യം കൊണ്ടും വക്കീലിന്റെയും ഹേഡിന്റയും സാമർത്ഥ്യം കൊണ്ടും കാർത്തിക രാമൻ വളരെ വിനീതനായി അപേക്ഷിക്കയാലും ഒരു കള്ള ഒസ്യത്തു് ഉണ്ടാക്കാൻ മേനോൻ അനുവദിച്ചെന്നു മാത്രമല്ല, തന്റെ കൈയക്ഷരത്തിൽ ഒസ്യത്തുണ്ടാക്കാൻ തീർച്ചയാക്കുകയും ചെയ്തു.

ഈ കാര്യം ആരും പുറത്തുപറയാതെ അത്യന്തം രഹസ്യമായി വെയ്ക്കേണമെന്നു എല്ലാവരും സത്യം ചെയ്യാൻ തീർച്ചയാക്കി. മേശമേൽ ഉണ്ടായിരുന്ന വിളക്കിന്റെ തിരി കണാരൻ ഹേഡ് അല്പം താഴ്ത്തി. നാലു മഹാപാപികൾ ചെയ്യാൻ പോകുന്ന പാതകത്തെ സംബന്ധിച്ചു സർവ്വശക്തനായ ദൈവത്തെ മുൻനിർത്തി ചെയ്യുന്ന സത്യത്തിനു സാക്ഷിയായിരിയ്ക്കാൻ വൈമനസ്യമുള്ളപോലെ ദീപത്തിന്റെ പ്രകാശം കുറഞ്ഞു, മുറിയിൽ വെളിച്ചം ചുരുങ്ങി, നാലുപേരുടെയും മുഖങ്ങൾ അന്യോന്യം പ്രത്യക്ഷത്തിൽ നല്ലവണ്ണം കാണാതെയായി. നാലുപേരും എഴുന്നേറ്റുനിന്നു, കൈകൂപ്പി, കണ്ണൻ മേനോൻ വളരെ സാവധാനത്തിൽ ‘നാം ഇന്നു ചെയ്വാൻ നിശ്ചയിച്ച കാര്യം നമ്മിൽ ആരും പുറമെ പറകയില്ലെന്നും മരിയ്ക്കുന്നതുവരെ അതു രഹസ്യമായി വെയ്ക്കുമെന്നും—ഈശ്വരൻ മുഖാന്തിരം—സത്യം ചെയ്യുന്നു—എന്നു പറഞ്ഞു.’

“ഞങ്ങളിൽ ഓരോരുത്തരും അങ്ങിനെ സത്യം ചെയ്യുന്നു.” എന്നു മറ്റുള്ളവരും പറഞ്ഞു. ജലപിശാച്, ‘ഈശ്വരൻ’ എന്ന വാക്കു് ഉച്ചരിച്ചപ്പോൾ അയാളുടെ തൊണ്ട ഇടറി. സർവ്വ ജീവിയുടെയും അന്തരത്തിൽ വസിയ്ക്കുന്ന സർവ്വനിയന്താവായ ഈശ്വരൻ, മേനോൻ ഈ ‘സത്യ’വാക്കു് ഉച്ചരിച്ചപ്പോൾ അതിനെ തടഞ്ഞതോ എന്നു തോന്നി.

ഇങ്ങിനെ അതിഭയങ്കരമായ ഒരു കള്ളത്തരം ചെയ്യുന്നതിൽ വക്കീലിനും ഹേഡിനും ഒരു യോഗ്യനെ വഞ്ചിച്ചു നശിപ്പിച്ചുവെന്നുള്ള മനസ്സുഖമല്ലാതെ വിശേഷിച്ചു് ആദായമൊന്നും ഉണ്ടായിരുന്നില്ല. മേനോനു് ഒന്നുരണ്ടു കുപ്പി റാക്കു കിട്ടുമെന്ന പ്രത്യാശ അധികമായി ഉണ്ടായിരുന്നു. എന്നാൽ ഈ കള്ളത്തരത്തിനു സഹായിച്ചതിനു് ഗണ്യമായ ഒരു ദ്രവ്യലാഭം സിദ്ധിച്ച ആൾ വേറെ ഉണ്ടു്. അതു സ്ഥലത്തെ സബ്ബ് റജിസ്റ്റ്രാർ ആയിരുന്നു. അതിനെപ്പറ്റിയുള്ള വിവരം പ്രത്യേകം ഒരു അദ്ധ്യായത്തിൽ വായിച്ചറിയാവുന്നതാണു്.

വക്കീലും ഹേഡും യാത്രപറഞ്ഞു പിരിഞ്ഞു. അതിന്റെ ശേഷം മേനോനും കാർത്തികരാമനും നിത്യപരിചയ പ്രകാരം മദ്യഷാപ്പിലേയ്ക്കു പോകുകയും നിത്യം സേവിയ്ക്കാറുള്ളപോലെ മദ്യം സേവിച്ചു അഹങ്കരിച്ചു രാത്രി കഴിയ്ക്കുകയും ചെയ്തു.

സംസർഗ്ഗദോഷം

അഞ്ജനാചലേ ശശിരശ്മികൾ തട്ടുന്നേരം

അഞ്ജസാ കറുത്തുപോമെന്നതോ കാണുന്നില്ലേ-

(പഞ്ചതന്ത്രം)

നവറോജിയുടെ ബാങ്കിലെ കാഷ്കീപ്പർ മിസ്റ്റർ സുബ്രഹ്മണ്യയ്യർ പാലക്കാട്ടുകാരൻ ഒരു ബ്രാഹ്മണ യുവാവാണു്. സ്വതേ വലിയ ദ്രവ്യസ്ഥനായിരുന്നില്ലെങ്കിലും ഒരു താസിൽദാരുടെ മകളെ വിവാഹം ചെയ്കയാൽ സ്ത്രീധനമായി ലഭിച്ച കുറെ സ്വത്തുണ്ടു്. താസിൽദാരുടെ ശിപാർശി പ്രകാരമായിരുന്നു നവറോജി അയാളെ കാഷ്കീപ്പറായി നിശ്ചയിച്ചിരുന്നതു്. താസിൽദാരുടെ സ്നേഹമോർത്തു തന്നെയായിരുന്നു ജാമ്യമായി യാതൊരു പണവും സ്വീകരിയ്ക്കാതെ അയാളെ ആ ഉദ്യോഗത്തിനു വെച്ചതു്. അയ്യർ ലോവർ സെക്കണ്ടറി പരീക്ഷ ജയിച്ചതിനുശേഷം കോമർസ്യൽ സ്കൂളിൽ ചേർന്നു കുറെ പഠിച്ചിട്ടുണ്ടു്. ആൾ കുറെ സാധു പ്രകൃതിക്കാരനാണു്. സ്വന്തമായി ഒരു കാര്യം ആലോചിച്ചു പ്രവൃത്തിയ്ക്കാനോ വല്ലവരും സാമർത്ഥ്യത്തോടുകൂടി പ്രവർത്തിയ്ക്കുന്ന ചതിയെ കണ്ടറിയാനോ ശേഷിയില്ലാത്ത ഒരു ശുദ്ധഗതിക്കാരനാണു്. ഇങ്ങിനെയുള്ള ആളുകൾ മറ്റുള്ളവരുടെ വാക്കുകൾ കേട്ടു വിശ്വസിച്ചു ചാടിപ്പുറപ്പെട്ടു പലതും പ്രവൃത്തിയ്ക്കാനും ഒടുവിൽ പ്രവൃത്തിയുടെ ദുഷ്ഫലമൊക്കെ സ്വന്തം ചുമലിൽ ചെന്നു വീഴാനും സംഗതിയാകുന്നതു് അസാധാരണയല്ലല്ലോ. ഉദ്യോഗത്തിൽ പ്രവേശിച്ചതിനുശേഷം പലരുമായി ഇടപെടാൻ സംഗതി വരികയും അങ്ങിനെ സ്നേഹിതന്മാർ വർദ്ധിയ്ക്കുകയും ചെയ്തു. സ്നേഹിതന്മാരെ തിരഞ്ഞെടുക്കുന്നതിൽ വേണ്ടുന്ന സൂക്ഷ്മവും വിവേകവും കാണിയ്ക്കാൻ സഹായിയ്ക്കുന്ന വിദ്യാഭ്യാസവും ബുദ്ധിപാകതയും ഇല്ലാതിരുന്നതിനാൽ ചെന്നു കുടുങ്ങിയതു ദുർജ്ജനങ്ങളുടെ കൂട്ടത്തിലായിരുന്നു.

അദ്ദേഹം കാഷ്കീപ്പക്കരുടെ ഉദ്യോഗത്തിൽ പ്രവേശിച്ചു അധികദിവസം ചെല്ലുന്നതിനു മുമ്പിൽ ഒരുനാൾ ചില സ്നേഹിതന്മാർ കൂടി ശിക്കാറിനു ക്ഷണിച്ചു കൊണ്ടു പോയി. ശിക്കാർ ഒരു വെറും വിനോദമെന്നല്ലാതെ ഈ സാധു ബ്രാഹ്മണൻ അധികമൊന്നും വിചാരിച്ചിരുന്നില്ല. പുലരുന്നതിനു നാലുനാഴിക മുമ്പുതന്നെ കൂട്ടരൊക്കെ തോക്കും താങ്ങി പുറപ്പെട്ടു. ഒന്നിച്ചു നമ്മുടെ അയ്യരും കൂടി. നേരം ഉദിച്ചുയരുന്നതിനോടുകൂടി പക്ഷികൾ കൂടുകളിൽ നിന്നിറങ്ങി ഇര തെണ്ടി സഞ്ചരിച്ചുതുടങ്ങുന്ന അവസരത്തിൽ ശിക്കാരികൾ അവയെ വെടിവെച്ചു കൊല്ലാൻ ആരംഭിച്ചു. അതു കണ്ടപ്പോൾ ബ്രാഹ്മണനു് ആ വക കാര്യങ്ങൾ ചെയ്യുന്നതിൽ ജനനാലുള്ള വൈമനസ്യം പ്രത്യക്ഷപ്പെടുകയും അതു സൂക്ഷിച്ചു മനസ്സിലാക്കിയ ഒരു സ്നേഹിതൻ അദ്ദേഹത്തോടു് ഇങ്ങിനെ പറയുകയും ചെയ്തു:

“എന്താ സ്വാമി, പക്ഷികളെ കൊല്ലുന്നതു പാപമാണു്, അല്ലേ?”

സുബ്ര:
എന്ന സന്ദേഹം. പാപംതന്നെ. കഷ്ടകഷ്ടം. നിങ്കളെല്ലാം എത്തിന കഠിന ഹൃദയന്മാർ! നാനും നിങ്കളെ കൂടെ ചേർന്തല്ലോ ശിവനെ.
സ്നേഹിതൻ:
സ്വാമി, ഈ ഇരുപതാം നൂറ്റാണ്ടിൽ ഇത്ര നല്ല ആളുകളുണ്ടോ? യൂറോപ്യന്മാരുടെ വിനോദമെന്താണു്? അറിയോ? നായാട്ടു്, ശിക്കാറ്, ഇവയല്ലേ? അവരൊക്കെ പാപികളാണോ? സ്വാമി വിചാരിയ്ക്കുന്നോ ഈ സായ്വുമാരൊക്കെ നേരെ നരകത്തിലേയ്ക്കാണു് യാത്രയെന്നു്?
സുബ്ര:
അതെന്നമോ, നാൻ അറിഹയില്ലെ. ആ സാദുപക്ഷി കിടന്നു പിടയ്ക്കുന്നതുകണ്ടാൽ സഹിയ്ക്കയില്ലാമേ. നി പാറ്, ആ കുയിലിന്റെ ശെറകിനു വെടി കൊണ്ടു് അതു് അനുബവിയ്ക്കുന്ന സങ്കടം പാറ്.
സ്നേഹിതൻ:
പക്ഷികൾക്കും മൃഗങ്ങൾക്കും നമ്മെപ്പോലെ വേദനയില്ലെന്നാണു് സ്വാമീ, ശാസ്ത്രജ്ഞന്മാർ പറയുന്നതു്. അതിനു സ്വാമി ഇംഗ്ലീഷു സയൻസു വല്ലതും വായിച്ചിട്ടുണ്ടെ? പിന്നെ എങ്ങിനെയാണു്?
യൂറോപ്യന്മാരുടെ സമ്പ്രദായത്തെപ്പറ്റിയും താൻ ശാസ്ത്ര പുസ്തകങ്ങൾ വായിയ്ക്കാതിരുന്ന കുറവിനെ സൂചിപ്പിച്ചും സ്നേഹിതൻ പറഞ്ഞുകേട്ടപ്പോൾ പട്ടരുടെ മനോവ്യാപാരം അഹിംസയിൽനിന്നു മാറി മറ്റൊരു വഴിയായി സഞ്ചരിച്ചുതുടങ്ങി. അന്നു് അവരുടെ ഒന്നിച്ചങ്ങിനെ കഴിച്ചുവെങ്കിലും താനായിട്ടു പക്ഷിയെ ഒന്നും വെടിവെച്ചു കൊന്നിരുന്നില്ലെന്നു സമാധാനപ്പെട്ടു. കുറെ ദിവസം കഴിഞ്ഞപ്പോൾ സുബ്രഹ്മണ്യയ്യർക്കു ചവിട്ടു വണ്ടിയിൽ കയറി ഓടിയ്ക്കാൻ ഒരു ഭ്രമം കലശലായുണ്ടായി. വിശേഷിച്ചു ജോലിയൊന്നുമില്ലാതെ നല്ല കോട്ടും ഷർട്ടും ടൈയും മറ്റുമായി രാവിലെയും വൈകുന്നേരവും ചവുട്ടുവണ്ടിയിൽ കയറി ദിഗ് ജയം പ്രാപിയ്ക്കുന്ന ചില സരസന്മാരുള്ളവരിൽ ഒരുവന്റെ സേവ പിടിച്ചു് ആ വിദ്യ പരിശീലിച്ചു. അതിൽപിന്നെ ഒരു വണ്ടി സ്വന്തം വാങ്ങാമെന്നു നിശ്ചയിയ്ക്കുയും ഉടനെ ഒന്നു വരുത്തുകയും ചെയ്തു. കുറേ ദിവസം അതിൽ കയറി ഓടിയ്ക്കാൻ അസാമാന്യമായ ഉന്മേഷമുണ്ടായി. വിനോദാർത്ഥം ചവുട്ടുവണ്ടിയിൽ കയറി സഞ്ചരിയ്ക്കുമ്പോൾ ഒരു സ്നേഹിതൻ കൂടി ഒന്നിച്ചുണ്ടായാലുള്ള രസം അനുഭവിച്ചവർക്കൊക്കെ അറിയാമല്ലോ. സുബ്രഹ്മണ്യയ്യരും ഒരു സ്നേഹിതനും നിത്യം രാവിലെയും വൈകുന്നേരവും ചവിട്ടുവണ്ടിസ്സവാരിയ്ക്കു പോക പതിവായി. ഒരു ദിവസം രണ്ടുപേരും കുറെ ദൂരം ഓടിച്ചു. രണ്ടാളും ക്ഷീണിച്ചു പരവശരായി. അപ്പോൾ ഒരു ഇളന്നീർ കിട്ടിയാൽ ദാഹം തീർക്കാമായിരുന്നുവെന്നു പട്ടർ പറഞ്ഞതു കേട്ടപ്പോൾ സ്നേഹിതൻ അദ്ദേഹത്തെ ഒരു ചെറിയ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. വണ്ടികൾ രണ്ടും വഴിയരികെ ഒരു വൃക്ഷത്തോടു ചാരിവെച്ചു. അവർ ചെന്നു കയറിയതു കുടിഞ്ഞിൽ പോലുള്ള ഒരു ചെറിയ വീട്ടിലായിരുന്നു. മൺകട്ടകൊണ്ടുണ്ടാക്കി ചാണകം മെഴുകി ഓല മേഞ്ഞുള്ള ഒരു ചെറിയ പുരയായിരുന്നുവെങ്കിലും മുറ്റവും കോലായും മറ്റും വളരെ വൃത്തിയുണ്ടായിരുന്നു. അവരിരുവരും ചെന്നു മുറ്റത്തിറങ്ങുമ്പോൾ വടക്കുഭാഗത്തുള്ള കിണറിൽ നിന്നു് ഒരു സ്ത്രീ വെള്ളം കോരിയെടുക്കുന്നുണ്ടായിരുന്നു. പട്ടരുടെ സ്നേഹിതൻ ആ സ്ത്രീയോടു് “രാമനില്ലേ ഇവിടെ” എന്നു ചോദിച്ചു. സ്ത്രീ ഇവരെ കണ്ട ഉടനെ കുറെ പരിഭ്രമിച്ചുവെങ്കിലും “പേടിയ്ക്കണ്ടാ ഞങ്ങൾ സാൾട്ടുകാരല്ല” എന്നു് അയാൾ പറകയും അതു കേട്ടപ്പോൾ ആ സ്ത്രീ:

“ഓറ് ഈടയിണ്ടു്” എന്നു പറകയും ചെയ്തു. രാമൻ പുറത്തുവന്നു. അവനെ സുബ്രഹ്മണ്യയ്യരുടെ സ്നേഹിതൻ അടുക്കെ വിളിച്ചു സ്വകാര്യം എന്തോ പറഞ്ഞു. ഈ സ്വകാര്യത്തിന്റ ഫലമായി അവൻ പോയി ഒരു പാത്രത്തിൽ കൊണ്ടുവന്നതു് ഇളയ കള്ളായിരുന്നു. സ്നേഹിതന്റെ നിർബന്ധപ്രകാരം സുബ്രമണ്യയ്യർ ഒരു പിഞ്ഞാണത്തിൽ നിറയെ കള്ളു കുടിച്ചു. കള്ളത്ര മധുരമുള്ളതാണെന്നു ആ ബ്രാഹ്മണൻ അതുവരെ ധരിച്ചിരുന്നില്ലത്രെ. രണ്ടാമതും ചവിട്ടുവണ്ടിയിൽ കയറിത്തിരിച്ചു. ആദ്യമായി കുടിച്ചതാകയാലും ക്ഷീണിച്ച നിലയിൽ കുടിച്ചതാകയാലും അല്പം തലയ്ക്കുപിടിച്ചു. അതു കൊണ്ടു് ഒരാനന്ദമല്ലാതെ മറ്റു യാതൊരു ദോഷവും ഉണ്ടായില്ല. രാത്രി നല്ല ഉറക്കം ഉണ്ടായിപോൽ. പിറ്റേ ദിവസം വൈകുന്നേരം സ്വാമി തന്റെ സ്നേഹിതനേയും അന്വേഷിച്ചു് അയാളുടെ വീട്ടിൽ ചെന്നു. അന്നു കുടിച്ചതു ബ്രാഹ്മണന്റെ ആവശ്യപ്രകാരമായിരുന്നു. ഇങ്ങിനെ കുറേ ദിവസം സുബ്രഹ്മണ്യയ്യർ വെറും ഇളയ കള്ളു കുടിച്ചു ശീലിച്ചു. അങ്ങിനെ ഇരിയ്ക്കുന്ന നിലയിലാണു് തന്റെ സ്നേഹിതന്മാർ രണ്ടാമതും ഒരു ദിവസം സുബ്രഹ്മണ്യയ്യരെ ശിക്കാറിനു ക്ഷണിച്ചതു്. അന്നു് അഹിംസയെപ്പറ്റി സ്വാമി യാതൊന്നും പ്രസംഗിച്ചില്ലെന്നു മാത്രമല്ല, ഒന്നു രണ്ടു വെടി താനും വെച്ചുനോക്കി. പക്ഷേ, ഭാഗ്യത്താലോ നിർഭാഗ്യത്താലോ പക്ഷികൾക്കു കൊണ്ടില്ലെന്നേ ഉള്ളൂ. മടങ്ങാൻ സന്ധ്യയായി. എല്ലാരും ഒരു വീട്ടിൽ കയറി മാംസം പചിച്ചു ഭക്ഷിയ്ക്കാമെന്നു നിശ്ചയം ചെയ്തിരുന്നതിനനുസരിച്ചു കയറിയതു് ഒരു ചെത്തുകാരന്റെ വീട്ടിലായിരുന്നു. സ്വാമിയ്ക്കു മറ്റുള്ളവരെപ്പോലെ തന്നെ അവിടുന്നും ഒന്നു രണ്ടു കുപ്പി നല്ല കള്ളു കിട്ടി. സുബ്രഹ്മണ്യയ്യർ മാംസത്തിന്റെ രുചിയറിഞ്ഞതു് അന്നായിരുന്നു. ക്ഷീണിച്ചും വിശന്നും ഉള്ള നിലയിലായിരിയ്ക്കുക, കള്ളിന്റെ ഫലം കണ്ടു തുടങ്ങുകയും ചെയ്ക, പിന്നെ മാംസത്തിനുള്ള രുചി പറഞ്ഞറിയിക്കണോ.

ഇങ്ങിനെ പല ദിവസവുമായി കൊല്ലമൊന്നു കഴിഞ്ഞു. മദ്യത്തിന്റെ വാസന അമ്യാർ അറിയാതിരിയ്ക്കാൻ സിഗറ്റ് വലിയ്ക്കുന്നതു നല്ലതാണെന്നു സ്നേഹിതന്മാർ പറകയാൽ ദിവസേന അതും ഓരോന്നു വലിച്ചുകൊണ്ടിരുന്നുവെന്നുള്ളതു പ്രത്യേകം പറയേണ്ടിയിരിയ്ക്കുന്നു. അതുവരെ സുബ്രഹ്മണയ്യർ മറ്റുള്ളവരുടെ പണം ചെലവാക്കിയായിരുന്നു ഈ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നതു്. അതുകൊണ്ടു തന്റെ വകയായി സ്നേഹിതന്മാർക്കൊരു വിരുന്നു കഴിയ്ക്കണമെന്നു ബ്രാഹ്മണനു പ്രകൃത്യാ ഒരാഗ്രഹം ജനിച്ചു. ഈ വിവരത്തെപ്പറ്റി തന്റെ സൈക്കിൾ സ്നേഹിതനോടു പറഞ്ഞപ്പോൾ അയാൾ ഇങ്ങിനെ പറഞ്ഞു:

“സ്വാമി ഞങ്ങൾക്കൊരു പാർട്ടി തരുവാൻ വിചാരിയ്ക്കുന്നണ്ടെങ്കിൽ പണം കുറെ ചെലവാകും. ഞങ്ങൾ സാധാരണ കള്ളുകുടിക്കുന്നവരല്ല. ഇതുവരെ സ്വാമിയ്ക്കുവേണ്ടി കുടിച്ചതാണു്. ഞങ്ങളെ സൽക്കരിയ്ക്കുന്നതു വിസ്കിയും സോഡയും കൊണ്ടു തന്നെ ആയിരിയ്ക്കണം.”

സുബ്ര:
അതിനെന്നാ വിറോദം. നാൻ പക്ഷേ, ഇളയതു സേവിയ്ക്കാം. അതിനു നിങ്കൾക്കു വിറോദം ഇരിയ്ക്കില്ലല്ലൊ.
അതിനു വിരോധമൊന്നുമില്ലെന്നു സ്നേഹിതൻ പറയുകയും സ്വാമി സ്നേഹിതന്മാർക്കൊരു ‘ടീ പാർട്ടി’ കഴിയ്ക്കയും ചെയ്തു. അന്നത്തെ ആ വിരുന്നിനു് ‘ടീ പാർട്ടി’യെന്നു നാമകരണം ചെയ്തതു, ടീ അല്ലെങ്കിൽ ചായയെന്ന പാനീയത്തിന്റെ അഭാവം നിമിത്തമായിരിക്കണം. ചെകിടു കേൾക്കാൻ വയ്യാത്തവനെ ചെകിടൻ എന്നു വിളിയ്ക്കുന്ന ന്യായമാണു്, ഈ വക വിരുന്നുകൾക്കു് ‘ടീപാർട്ടി’യെന്നു പേരിടാനുള്ള പ്രമാണം. അന്നത്തെ വിരുന്നിനു സ്വാമി അര ഗ്ലാസ്സ് വിസ്കി കുടിയ്ക്കാൻ നിർബ്ബന്ധിതനായി. കഷ്ടകാലത്തിനു് അര ഗ്ലാസ്സ് മാത്രമേ കുടിച്ചിരുന്നുള്ളു. അതെ കഷ്ടകാലത്തിനെന്നുതന്നെയാണു് ഞാൻ പറഞ്ഞതു്. അന്നെങ്ങാൻ കുറെ അധികം കുടിച്ചിരുന്നുവെങ്കിൽ ഉണ്ടാവാൻ ഇടയുള്ള ഫലം നിമിത്തം മദ്യപാനത്തിൽ അല്പദിവസത്തേയ്ക്കെങ്കിലും വിരക്തി വരുമായിരുന്നു. അന്നത്തേ ഫലം നേരെ മറിച്ചായിരുന്നു. സ്വദേശിയേക്കാൾ വിദേശിയാണു് നല്ലതെന്നു് അന്നാണു് അയാൾക്കു ബോദ്ധ്യം വന്നതു്. കള്ളിനേക്കാൾ എല്ലാംകൊണ്ടും നല്ലതു വിസ്കിയും സോഡയുമാണെന്നു നവറോജിയുടെ ബാങ്കിലെ കാഷ്കീപ്പർ സുബ്രഹ്മണ്യയ്യർ അവർകൾ അന്നു പരിശോധിച്ചറിഞ്ഞു നിശ്ചയിച്ചു.

അന്നു തുടങ്ങി അദ്ദേഹം ക്രമേണ ഒരു കുടിയനായിത്തീർന്നു. അതിന്റെ ഒഴിച്ചുകൂടാത്ത ഫലം ആ ബ്രാഹ്മണനു് അനുഭവമാകുകയും ചെയ്തു. കുടിയന്മാർ ഒത്തൊരുമിച്ചു കൂടിച്ചേരാൻ ഒരു പ്രത്യേക ചൈതന്യം സഹായമായിത്തീരാറുണ്ടു്. അതുകൊണ്ടുതന്നെയായിരിയ്ക്കണം സുബ്രഹ്മണ്യയ്യർ കണ്ണൻമേനവന്റെ കൂട്ടത്തിൽ ചെന്നു ചാടിയതു്.

എല്ലാ രാത്രിയും ഒന്നിച്ചു ചേർന്നു മദ്യപിച്ചു കാലം കഴിക്കാറുള്ള ചില യോഗ്യന്മാരുടെ തലവനും ഉപദേഷ്ടാവും ആയ കണ്ണൻ മേനോന്റെ സഹവാസം ഉണ്ടായതോടുകൂടി സുബ്രഹ്മണ്യയ്യർ ലജ്ജ വിട്ടു കുടിയനായിത്തീർന്നു. നമ്മുടെ രാജ്യത്തുള്ള മദ്യപന്മാരുടെ ചരിത്രത്തെപ്പറ്റി ഏറക്കുറയ അറിയുന്നവരോടൊന്നും ഇദ്ദേഹത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കേണ്ടുന്ന ആവശ്യമില്ല. സന്ധ്യ കഴിഞ്ഞാൽ അവർ വീടെന്നും കുടുംബങ്ങളെന്നും ഉള്ള ധാരണതന്നെ ഉണ്ടാകുന്നതു ദുർല്ലഭമാണു്. സ്നേഹിതന്മാരോടുകൂടി സുബോധം വിടുന്നതുവരെ മദ്യപിച്ച ശേഷം അവർക്കു് ഏർപ്പെടാൻ പാടില്ലാതരത്തിൽ യാതൊന്നുമില്ല. ഒരു കുടിയന്നു്, രാത്രിയിൽ സമയഭേദത്തിന്നും ഉള്ളിൽ പ്രവേശിച്ച മദ്യത്തിന്റെ തുകയ്ക്കും അനുസരിച്ചുള്ള പരിണാമാവസ്ഥയെ രസികനായ ഒരു കുടിയൻ “കാകൻ, കൊക്കു, ചെറുകിളി, ഹനുമാൻ, കുംഭകർണ്ണോവിഭീഷണ” എന്നു വിവരിച്ചു കേട്ടിട്ടുണ്ടു്. മദ്യവിക്രയ സ്ഥലങ്ങളിൽ പ്രവേശിയ്ക്കുന്നതിനുമുമ്പു വല്ലവരും തന്നെ കാണുന്നുണ്ടോ എന്നു അങ്ങുമിങ്ങും പാളിനോക്കുന്ന സ്ഥിതിയിലാണു് കാകനോടു് ഉപമിയ്ക്കപ്പെട്ടിട്ടുള്ളതു്. ഷാപ്പിൽ കടന്നു കഴിഞ്ഞാൽ കുറെ നേരത്തേയ്ക്കു തങ്ങൾ അവിടെ ഉള്ള വിവരം ആരും അറിയരുതെന്നുള്ള ബുദ്ധി ഉണ്ടായിരിയ്ക്കും. ആ സ്ഥിതിയിലാണു് കൊക്കെന്ന പക്ഷിയോടു തുല്യമാകുന്നതു്. പിന്നെയുള്ള പരിണാമം ചെറുകിളിയായിട്ടാണു്. അല്പം വയറിലായി കുറെ തലയ്ക്കും പിടിച്ചു കഴിഞ്ഞാൽ ചെറുകിളികളെപ്പോലെ പിറുപിറെ പറഞ്ഞുകൊണ്ടിരിയ്ക്കും. ആ സ്ഥിതിയും കഴിഞ്ഞാൽ ഹനുമാനായി. തുള്ളുക ചാടുക മുതലായ പലവിധ വികൃതികളും തുടങ്ങി. പിന്നെ ആരുകണ്ടാലും ഭയവും ലജ്ജയും ഇല്ല. മദ്യം കൊണ്ടുണ്ടായ ഫലത്തിന്റെ പ്രത്യാഘാതം തുടങ്ങുമ്പോൾ ക്ഷീണം ബാധിച്ചു, കുംഭകർണ്ണസേവയായി. രാവിലെ ഉറക്കം ഞെട്ടിയാൽ തലവേദനയും വയറുവേദനയും തുടങ്ങി. അപ്പോൾ വിഭീഷണനെ പോലെ സൽബുദ്ധി തുടങ്ങി.

ശിവശിവ ശിവശംഭൊ ശങ്കരാ വിശ്വമൂർത്തേ

ഇനിയൊരു ദിവസം ഞാനിങ്ങിനെയാകയില്ല.

എന്നും മറ്റും വിലപിയ്ക്കയായി. രാത്രി അടുത്താൽ അതൊക്കെ മറന്നു പിന്നെയും ‘കാകൻ, കൊക്കു്, ചെറുകിളി, ഹനുമാൻ’ എന്ന ഘട്ടങ്ങളിൽ കൂടി കടന്നു പോകയായി.

ഇങ്ങിനെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടി രാത്രിതോറും നമ്മുടെ സുബ്രഹ്മണ്യയ്യരും കടന്നുപോകുക പതിവായിരുന്നു. കണ്ണൻ മേനോന്റെ ഒന്നിച്ചു രാത്രികൾ കഴിക്കാറുള്ള ഈ ബ്രാഹ്മണൻ ആ കമ്പനിയിൽ പെട്ട കാർത്തികരാമന്റെ സ്നേഹം സമ്പാദിയ്ക്കുകയും മേനോന്റെ ശിപാർശിനനുസരിച്ചു കാർത്തികരാമൻ ഒന്നിച്ചു കച്ചവടത്തിനു ഓഹരിചേരുകയും ചെയ്തിരുന്നു. കാർത്തികരാമന്റെ കച്ചവടമൊക്കെ ആദ്യം പൊളിഞ്ഞു അയാൾ ദീവാളിയായ കഥയറിയാതെയാണു് അയാൾ അമ്പതിനായിരം ഉറുപ്പിക മുടക്കി ആരംഭിക്കാൻ നിശ്ചയിച്ച കച്ചവടത്തിൽ സുബ്രഹ്മണ്യയ്യർ പകുതി ഓഹരിയ്ക്കു ചേർന്നതു. അതുകൊണ്ടുണ്ടായ അനുഭവം പിന്നീടറിയാം. ഏതായാലും ഈ സാധു ബ്രാഹ്മണന്റെ ഈവിധമുള്ള അവസ്ഥയ്ക്കു കാരണം തന്റെ സഹവാസമായിരുന്നുവെന്നു വായനക്കാർ ധരിച്ചിരിയ്ക്കുമല്ലൊ.

മനുഷ്യൻ യോഗ്യനായിത്തീരാനും ദ്രവ്യസ്ഥനാകാനും വലിയ യോദ്ധാവെന്ന പേരു കേൾക്കാനും പൂജ്യനാകാനും ശ്രുതിപ്പെട്ട രാജ്യതന്ത്രജ്ഞനാകാനും ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥാനാകാനും ചില യാദൃച്ഛിക സംഭവങ്ങൾ സഹായമായിത്തീരാറുണ്ടു്. അങ്ങിനെയുള്ള സംഭവങ്ങളുടെ അഭാവം നിമിത്തം ചില യോഗ്യന്മാർക്കു തങ്ങളുടെ യോഗ്യതയെ പ്രദർശിപ്പിക്കാൻ നിവൃത്തിയില്ലാതെ മരിക്കാനും സംഗതിയാകുന്നു.

“ചാരുശ്രീപൂണ്ടു പാരം വിമലത

കലരും രത്നമൊട്ടല്ലഗാധം

നീരുള്ളിൽ കൊണ്ടിരുണ്ടുള്ളൊരു

കുഴികളിലായാഴിവാഴിച്ചിടുന്നു;

ആരും കാണാതെ പാരിച്ചഴകുടയ

നിറത്തോടു വൻകാടുതന്നിൽ

ചേരും കാറ്റിൽ സുഗന്ധം

കളവതിനുളവാകുന്നു പൂവിന്നനേകം.”

എന്നു പറഞ്ഞതു് ഈ ഒടുവിൽ പറഞ്ഞവരെ സംബന്ധിച്ചാകുന്നു. ശിഥിലങ്ങളായ ചില സംഭവങ്ങൾ ലോകത്തിൽ പിന്നീടു വലിയ ചില കാര്യങ്ങൾക്കു കാരണമായിത്തീരുന്നു.

തന്നോടു വാദിച്ചു ജയിയ്ക്കുന്ന വിദ്വാനെ ഭർത്താവായി സ്വീകരിയ്ക്കുന്നതാണെന്നു പ്രതിജ്ഞചെയ്ത സ്ത്രീയെ പാണിഗ്രഹണം ചെയ്യാൻ ആഗ്രഹിച്ചുപോകുന്ന വിദ്വാന്മാരാൽ വഴിയ്ക്കുവെച്ചു കാണപ്പെട്ടിരുന്നില്ലെങ്കിൽ ആ ആട്ടിടയൻ, കാളിദാസനെന്നു ശ്രുതിപ്പെട്ട കവിയായിത്തീരുന്നതല്ലായിരുന്നുവെന്നല്ലെ വിശ്വസിക്കേണ്ടതു്. എത്രയോ നിസ്സാരമായി ഗണിക്കാവുന്ന ആ യാദൃച്ഛിക സംഭവം ലോകത്തിൽ സർവ്വജാതിക്കാരാലും രാജ്യക്കാരാലും ബഹുമാനിക്കപ്പെടുന്ന ചില നാടകാദി ഗ്രന്ഥങ്ങൾ ഉണ്ടാവാൻ സംഗതിയായില്ലേ? ഒരു പഴം, ന്യൂട്ടൻ എന്ന പണ്ഡിതന്റെ തലയിൽ വീണിരുന്നില്ലെങ്കിൽ അനേകം ശാസ്ത്രതത്വങ്ങൾക്കു് അടിസ്ഥാനമായ ആകർഷണശക്തി കണ്ടുപിടിയ്ക്കപ്പെടുവാൻ പിന്നെയും എത്രകാലം വേണ്ടിവരുമായിരുന്നുവെന്നു ആരറിഞ്ഞു? റോബർട്ട് ബ്രൂസ്സ് എന്ന രാജാവു് ഒരു എട്ടുകാലിയെ കണ്ടിരുന്നില്ലെങ്കിൽ ഇപ്പോൾ ലോക ചരിത്രത്തിലുള്ള പേരുലഭിയ്ക്കാൻ നിവൃത്തിയില്ലാതെ അദ്ദേഹം മരിയ്ക്കുമായിരുന്നു. ചാണക്യന്റെ കാലിനു ഒരു പുല്ലുതടഞ്ഞു അദ്ദേഹം മറിഞ്ഞു കെട്ടി വീണിരുന്നില്ലെങ്കിൽ നന്ദരാജാക്കന്മാരെ തോല്പിച്ചു ചന്ദ്രഗുപ്തൻ രാജാവായി വാഴുവാൻ സംഗതി വരില്ലായിരുന്നു. ദശരഥന്റെ രഥചക്രത്തിന്റെ കീലം ഊരി വീണു പോയിരുന്നില്ലെങ്കിൽ രാവണൻ മരിയ്ക്കയില്ലായിരുന്നു.

നമ്മുടെ കഥാപുരുഷനായ സുബ്രഹ്മണ്യയ്യരുടെ സഹവാസം ഇങ്ങിനെ ദുർമ്മാർഗ്ഗികളോടായിപ്പോയതിനാലാണു് അദ്ദേഹം ഈവിധം ദുരാചാരങ്ങൾ പഠിയ്ക്കാൻ ഇടയായതു്. അങ്ങിനെയാണു്, ലോകത്തിൽ പരമയോഗ്യന്മാരുള്ളതും സന്മാർഗങ്ങൾക്കു ശ്രുതിപ്പെട്ടതും ആയ ഒരു സമുദായത്തിൽ അവിടവിടെ ദുർല്ലഭം ചിലർ ആ സമുദായത്തിന്റെ പേരിനു കളങ്കം വരുത്തുന്നവരായിത്തീരുന്നതു്.

രണ്ടു് അതിഥികൾ

മത്തേഭൻ പാംസുസ്നാനം

കൊണ്ടല്ലൊ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം

തന്നിലെകുളിച്ചാലും

സജ്ജനനിന്ദകൊണ്ടേ

ദുർജ്ജനം സന്തോഷിപ്പൂ

സജ്ജനത്തിനു നിന്ദയില്ല

ദുർജ്ജനത്തേയും.

ലോകത്തേയും തന്റെ പ്രിയതമയെത്തന്നെയും തല്ക്കാലം വിസ്മരിച്ചുകൊണ്ടു ദാമോദരൻ തന്റെ യജമാനന്റെ ബേങ്കിൽ ഇരുന്നു പല കണക്കുകളും എഴുത്തുകളും വായിച്ചു പരിശോധിച്ചുകൊണ്ടിരിയ്ക്കുന്നതിനു മദ്ധ്യത്തിൽ കോരപ്പന്റെ ‘രാമമന്ദിരം’ എന്ന വീട്ടിൽ രണ്ടു് അതിഥികളുടെ വരവുണ്ടായി. കോരപ്പൻ എന്തൊ ഒരു ആവശ്യത്തിനു നാലഞ്ചു ദിവസം മുമ്പു മദ്രാശിയ്ക്കു പോയിരുന്നു. അന്നു നാലുമണിയ്ക്കാണു് മടങ്ങിയെത്തിയതു്. അഞ്ചുമണിയ്ക്കു് അദ്ദേഹത്തെ കാണ്മാൻ കെ. കുഞ്ഞിരാമനും ഭാര്യയും ചെന്നു.

കുഞ്ഞിരാമൻ ഒരു മുൻസീപ്പുദ്യോഗം ഭരിച്ചിരുന്ന ശേഷം പെൻഷ്യൻ വാങ്ങി സുഖിയ്ക്കുന്ന ഒരാളാണു്. ചെറുപ്പത്തിൽ തന്നെ വളരെ സമർത്ഥനായിരുന്നതിനാൽ ഗവർമ്മെണ്ടുദ്യോഗത്തിൽ ക്ഷണത്തിൽ കയറ്റം കിട്ടി ക്രമേണ ഒരു മുൻസീപ്പായി. സ്വയാധികാരം കിട്ടിയശേഷം തന്റെ സാമർത്ഥ്യമൊക്കെ കൈക്കൂലി വാങ്ങുന്നതിലും ശിപാർശു കേൾക്കുന്നതിലും ഉപയോഗിച്ചു തുടങ്ങി. അന്യായമായി വളരെ പണം സമ്പാദിച്ചു. അദ്ദേഹത്തിന്റെ ഈവിധം ദുരാചാരം ഗവർമ്മെണ്ടും ജനങ്ങളും നല്ലവണ്ണം അറിഞ്ഞിരുന്നുവെങ്കിലും മതിയായ തെളിവു ശേഖരിച്ചു അദ്ദേഹത്തെ ശിക്ഷിയ്ക്കാൻ സാധിച്ചില്ല. എങ്കിലും പെൻഷ്യൻ വാങ്ങി പിരിവാൻ നിർബ്ബന്ധിയ്ക്കപ്പെട്ടു ഇതുകൊണ്ടു കുഞ്ഞിരാമനു വലുതായ സങ്കടമൊന്നും ഉണ്ടായതുമില്ല. പെൻഷൻ വാങ്ങി പിരിഞ്ഞ ഉടനെ ഒരു വലിയ പ്രഭുവിന്റെ കാര്യസ്ഥനായി കൂടി അവിടെയുള്ള തന്റെ സ്ഥിതി,

കൈക്കൂലി മേടിക്കാനും കണ്ടവരോടുചേർന്നു

വക്കാണം കൂട്ടി ദ്രവ്യമൊക്കവെ ഹരിയ്ക്കാനും

കാര്യങ്ങൾ തീരുന്നേരം സ്വാമിയ്ക്കു ചെല്ലേണ്ടുന്ന

കാണങ്ങൾ പാതീലേറ്റം പറ്റുവാനുപായവും.

മറ്റൊരു വിധം നാട്ടിൽ തീരുന്ന വർത്തമാനം

മറ്റൊരുവിധം ചെന്നു സ്വാമിയെ ബോധിപ്പിയ്ക്ക

പറ്റിലുള്ളോർക്കു കാര്യമൊക്കവേ സാധിപ്പിയ്ക്ക-

മറ്റുള്ള ജനത്തിനു കൊറ്റങ്ങു മുടക്കുക.

എന്നു പഞ്ചതന്ത്രക്കാരൻ വിവരിച്ചിട്ടുള്ളതിനോടു ഏറ്റവും യോജിച്ച വിധത്തിലായിരുന്നതിനാൽ സമ്പാദ്യത്തിനു് അവിടെയും കുറവുണ്ടായില്ല. ഇങ്ങിനെ അന്യായമായി ആർജ്ജിച്ച പണം വളരെ ഉണ്ടായിട്ടും വലിയൊരു സ്വാർത്ഥിയായിരുന്നതിനാലും ഉദ്യോഗം ഭരിച്ചിരുന്ന കാലത്തു ജനങ്ങളോടു പെരുമാറിയിരുന്ന ധിക്കാരസ്വഭാവം അവരുടെ ഓർമ്മയിൽനിന്നു വിട്ടു പോകാൻ സംഗതി വരാഞ്ഞതിനാലും കുഞ്ഞിരാമനെ സ്നേഹിയ്ക്കുന്നവർ ഏറ്റവും ദുർല്ലഭമായിരുന്നു. കൈക്കൂലി മേടിച്ചതിനാലുണ്ടായ ദുഷ്പേരു പോക്കാൻ യൂറോപ്യന്മാരെ പാട്ടിലാക്കാനും ചില സ്ഥാനമാനങ്ങൾ പറ്റിക്കാനും അയാൾ ഭഗീരഥപ്രയത്നം ചെയ്തുപോന്നു. വർത്തമാനപത്രക്കാരിൽ പലരേയും കൈവശം വെച്ചു് അവരെക്കൊണ്ടു പലതും തന്നെപ്പറ്റി ഗുണമായി എഴുതിച്ചുപോന്നു. യാതൊരാൾക്കും ഗുണം ചെയ്യത്തക്ക മനശ്ശുദ്ധിയൊ കാരുണ്യഹൃദയമൊ ലവലേശം ഇല്ലെങ്കിലും വല്ലതും ചെറിയൊരു സഹായം വല്ലപ്പൊഴും വല്ലവർക്കും ചെയ്തു കൊടുത്തുവെങ്കിൽ അതിനെ കഴിയുന്നത്ര പ്രസിദ്ധമാക്കാൻ താൻ തന്നെ പല പത്രങ്ങളിലും എഴുതിവിടും.

ഇങ്ങിനെയുള്ള മനുഷ്യനാണു് ഭാര്യാസമേതം കോരപ്പന്റെ ‘രാമമന്ദിരം’ എന്ന വീട്ടിൽ ചെന്നതു്. സുഭദ്രയെ വസുമതി അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി.

കുഞ്ഞിരാമൻ വീട്ടിൽ കയറിയ ഉടനെ ‘ഡ്രായിങ്ങ് റൂ’മിലുള്ള സാമാനങ്ങളെയൊക്കെ നോക്കി ഇങ്ങിനെ പറഞ്ഞു.

“നിങ്ങളുടെ വീട്ടിൽ ഞാൻ മുമ്പു വന്നിരുന്നില്ല. പല പ്രാവശ്യവും വരണമെന്നു വിചാരിച്ചിരുന്നു. വീട്ടിനെപ്പറ്റി ഞാൻ വളരെ പറഞ്ഞു കേട്ടിട്ടുണ്ടു്. എല്ലാം യൂറോപ്യൻ സമ്പ്രദായമാണല്ലോ. നല്ലതു്! നിങ്ങൾ ബർമ്മയിൽ വളരെ കാലം താമസിച്ചിരുന്നുവൊ?”

ഈ ഒടുവിലത്തെ ചോദ്യം കോരപ്പൻ പണ്ടു ബർമ്മയിൽ ഒരു ചെറിയ കച്ചവടക്കാരൻ ആയിരുന്ന കഥ ഓർമ്മയിൽ വരുത്തി അദ്ദേഹത്തെ ഒരു താണ പടിയിലാക്കി വെയ്ക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ചെയ്തതായിരുന്നു. എന്നാൽ തന്റെ ബർമ്മാവാസം കൊണ്ടു തനിയ്ക്കു വല്ല പോരായ്മയും വന്നിട്ടുണ്ടെന്നു ലവലേശം വിചാരിക്കാതിരുന്ന വൃദ്ധൻ ഇങ്ങിനെ മറുപടി പറഞ്ഞു:

“ഞാൻ 20 കൊല്ലം ബർമ്മയിൽ താമസിച്ചു. ഇരുപതു കൊല്ലവും അവിടെ കച്ചവടമായി കഴിച്ചു. എന്റെയും ജ്യേഷ്ഠന്റെയും സമ്പാദ്യമൊക്കെ അങ്ങിനെ ഉണ്ടായതാണു്.

കുഞ്ഞിരാമൻ:
എന്തുപണി ചെയ്താലെന്താണു്, പണം സമ്പാദിയ്ക്കണം, അത്രതന്നെ.
ഇങ്ങിനെ പറഞ്ഞു് അടുത്തുണ്ടായിരുന്ന രാമനുണ്ണിയെ ഒന്നു നോക്കി. രാമനുണ്ണി ഇങ്ങിനെയാണു് അതിനു മറുപടി പറഞ്ഞതു്.

“അതെ, എന്തുപണിയായാലും തരക്കേടില്ല. ചെയ്യുന്നതു നല്ലവണ്ണം ചെയ്യണം. കള്ളത്തരമൊന്നും ചെയ്യരുതു്. സത്യം വിടാതെയും പരവഞ്ചന ചെയ്യാതെയും മര്യാദയിൽ എന്തു പണി ചെയ്താലെന്താണു്? ബോമ്പായിലെ പ്രസിദ്ധ ദ്രവ്യസ്ഥനായിരുന്ന സർ ജാംസറ്റ്ജി ജീജിഭായി, കുപ്പിക്കച്ചവടം കൊണ്ടാരംഭിച്ചതല്ലെ?”

രാമനുണ്ണി യാതൊന്നും വിചാരിക്കാതെയായിരുന്നു ഇങ്ങിനെ പറഞ്ഞതെങ്കിലും കുഞ്ഞിരാമനു് അതു മർമ്മഭേദമായിട്ടാണു് തന്നതു്. എങ്കിലും ആ സമർത്ഥൻ അങ്ങിനെ ഒരു ഭാവം നടിയ്ക്കാതെയും മുഖത്തിന്റെ പ്രകൃതി ലവലേശം ഭേദിപ്പിയ്ക്കാതെയും ഉടനെ സംസാരവിഷയം മാറ്റി കോരപ്പനോടു് ഇങ്ങിനെ ചോദിച്ചു: “നിങ്ങൾക്കു് എത്ര മക്കളാണുള്ളതു്?”

കോരപ്പൻ:
രണ്ടുമക്കൾ; ഇവനും ഇവന്റെ പെങ്ങളും.
കുഞ്ഞിരാമൻ:
ശരി. രാമനുണ്ണി വലിയ പരീക്ഷയൊക്കെ ജയിച്ച അവസ്ഥയ്ക്കു വല്ല ഉദ്യോഗത്തിലും പ്രവേശിയ്ക്കയായിരുന്നു വേണ്ടതു്.
കോരപ്പൻ:
അവനെ ഉദ്യോഗത്തിനയച്ചാൽ എന്റെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ പിന്നെയാരാണുള്ളതു്.
കുഞ്ഞിരാമൻ:
അതിനെന്താണു് വല്ല കാര്യസ്ഥന്മാരെയും വെയ്ക്കണം. ഉദ്യോഗമില്ലാഞ്ഞാൽ ഇക്കാലം മാനമില്ല. എന്താണു്, അങ്ങിനെയല്ലെ?
രാമനുണ്ണി:
എനിയ്ക്കങ്ങിനെ അഭിപ്രായമില്ല. ഗവർമ്മേണ്ടുദ്യോഗത്തിനു പോകാതെ സ്വരാജ്യത്തിൽ കൃഷി, വ്യവസായം, മുതലായവയുടെ അഭിവൃദ്ധിക്കായി ഉദ്യമിയ്ക്കയാണു് അവനവനും രാജ്യത്തിനും ഗുണകരമായിത്തീരുകയെന്നാണു് എന്റെ അഭിപ്രായം.
കുഞ്ഞിരാമൻ:
ഒരിയ്ക്കലുമല്ല. ഉദ്യോഗത്തിനുള്ള മാനം ഉദ്യോഗത്തിനെ ഉള്ളൂ.
രാമനുണ്ണി:
അതുശരി, കച്ചവടത്തിനുള്ള മാനം കച്ചവടത്തിനും കൃഷിയുടെ മാനം കൃഷിയ്ക്കും. എന്നാൽ ഇക്കാര്യത്തിൽ എന്റെ അഭിപ്രായം പറയാം. നമ്മുടെ രാജ്യത്തു കൃഷിക്കാരൻ എന്നതിനു വെറും കൂലിക്കാരൻ എന്നൊരർത്ഥം കൂടി ഉണ്ടൊ എന്നു സംശയിക്കുന്നു. ഗവർമ്മേണ്ടുദ്യോഗത്തിനു് ആവശ്യമുള്ള വിദ്യാഭ്യാസം ലഭിക്കാത്തവർ മാത്രമെ കൃഷി പ്രവൃത്തിക്കു പോകയുള്ളു എന്നാണു് പലരും ധരിച്ചിരിയ്ക്കുന്നതു്. ഗവർമ്മേണ്ടുദ്യോഗസ്ഥനു നമ്മുടെ രാജ്യത്തു മാന്യനും ദ്രവ്യസ്ഥനും തറവാടിയുമായ ഒരു ഇടപ്രഭുവേക്കാൾ ബഹുമാനമുണ്ടെന്നാണു തോന്നുന്നതു്. ഇതു പരിഷ്കൃതരാജ്യങ്ങളിൽ ഇല്ലാത്ത അവസ്ഥയാണു്.
കുഞ്ഞിരാമൻ:
പരിഷ്കൃതരാജ്യങ്ങളിൽ ഗവർമ്മേണ്ടുദ്യോഗസ്ഥന്മാരെ ബഹുമാനമില്ലെന്നൊ?
രാമനുണ്ണി:
ഉണ്ടു്, ധാരാളമുണ്ടു്. അതാതുദ്യോഗത്തിന്റെ അവസ്ഥയനുസരിച്ചു മാനമുണ്ടു്, അതിലധികമില്ല. മാസത്തിൽ 50 ക. മാസപ്പടിയുള്ള ഒരു മുൻസീപ്പു കോടതി ഒന്നാം ഗുമസ്തനെ കൊല്ലത്തിൽ ആയിരം ഉറുപ്പിക നികുതി കൊടുക്കുന്ന ഒരു ജന്മി പഞ്ചപുച്ഛമടക്കി ബഹുമാനിയ്ക്കുന്ന സമ്പ്രദായമില്ല. പണ്ടൊരു ഡിപ്യൂട്ടി മജിസ്ട്രേട്ടു, തന്റെ കച്ചേരിയുടെ അടുക്കലുള്ള നിരത്തിന്മേൽ കൂടി ചെരിപ്പിട്ടു ഒച്ചയുണ്ടാക്കി നടന്നുപോയ ഒരുവനെ പിടിച്ചു കോടതി അവമാനിച്ച കുറ്റത്തിനു ശിക്ഷിച്ചിരുന്നു പോൽ. അങ്ങിനെ അധികാരം ദുരുപയോഗപ്പെടുത്തി സാധുക്കളെ ഭയപ്പെടുത്തിയ ചില നിഷ്കണ്ടകന്മാർ നിമിത്തം വിദ്യാവിഹീനന്മാർ സർവ്വ ഉദ്യോഗസ്ഥനെയും പേടിക്കേണ്ടിവന്നതാണു്?
കോരപ്പൻ:
അതു നേരാണു്. പണ്ടുണ്ടായിരുന്ന മജിസ്ട്രേട്ടുമാരെ ജനങ്ങൾ ഭയപ്പെട്ടിരുന്നപോലെ ഇന്നു ഭയപ്പെടുന്നില്ലല്ലൊ. ജനങ്ങൾക്കു വിദ്യാഭ്യാസവും നിയമപരിജ്ഞാനവും വർദ്ധിച്ചതാണു് അതിനു കാരണം.
രാമനുണ്ണി:
ഇപ്പോൾ മജിസ്ട്രേട്ടുമാരുടെ ചെമ്പു പുറത്തായി. പെൻഷൻ വാങ്ങിയാൽ വല്ല കരാറുകാരനോ, വല്ല ജന്മിയുടെ കാര്യസ്ഥനൊ ആയിത്തീരേണ്ടിവരുന്നു. അപ്പോളാണു് നാട്ടുകാർ അയാളുടെ വിലയറിയുന്നതു്.
രാമനുണ്ണി ഇപ്പറഞ്ഞതു് തന്നെപ്പറ്റിയായിരിക്കുമെന്നു വിചാരിച്ചു കുഞ്ഞിരാമനു് അവന്റെ നേരെ അല്പം ദേഷ്യമുണ്ടായെങ്കിലും അതു പുറത്തു കാണിക്കാതെ ഇങ്ങിനെ പറഞ്ഞു: “നിങ്ങൾക്കു് ഇപ്പോൾ വല്ല കച്ചവടവുമുണ്ടോ?”
കോരപ്പൻ:
കുറെയൊക്കെ ഉണ്ടു്.
കുഞ്ഞിരാമൻ:
കച്ചവടം ചെയ്യുന്നതായാൽ നവറോജി ചെയ്യും പോലെ ചെയ്യണം. പക്ഷേ, എത്രകാലത്തേക്കാണെന്നറിഞ്ഞില്ല.
കോരപ്പൻ:
അതെന്താണു്?
കുഞ്ഞി:
എന്നാണു് നവറോജിയെ ചില കാര്യസ്ഥന്മാർ നശിപ്പിക്കുന്നതെന്നറിഞ്ഞില്ല.
കോരപ്പൻ:
അതൊരിക്കലും വരില്ല. ദാമോദരനാണു് അയാളുടെ സെക്രട്ടറി. അവൻ വളരെ സത്യവും മര്യാദയും ഉള്ള ചെറുപ്പക്കാരനാണു്.
കുഞ്ഞി:
നിങ്ങൾ ഈ ചെറുപ്പക്കാരെ അത്ര വിശ്വസിക്കരുതു്. അധികം പഠിപ്പില്ലാത്ത കുട്ടികളെ ഭാരവാഹിത്വമുള്ള പ്രവൃത്തിക്കാക്കിയാൽ അവർ ഒരിക്കൽ അവതാളത്തിൽ കലാശിക്കാതിരിക്കയില്ല. നവറോജിയുടെ ബേങ്കിലെ കാഷ്കീപ്പർ സുബ്രഹ്മണ്യയ്യരെപ്പറ്റി നിങ്ങൾ വല്ലതും അറിയുമൊ? വളരെ തുമ്പു കെട്ടുപോയി. പറയുമ്പോൾ ബ്രാഹ്മണനാണു്. നല്ലവണ്ണം കുടിക്കണം. ദാമോദരനും ആ കമ്പനിയിലാണെന്നാണു് കേട്ടതു്.
കോരപ്പൻ:
എന്തു്!
രാമനുണ്ണി:
ഒരിക്കലുമല്ല. ആരോ നിങ്ങളെ തെറ്റി ധരിപ്പിച്ചതാണു്. സുബ്രഹ്മണ്യയ്യരെപ്പറ്റി ഞാനറികയില്ല. ദാമോദരൻ മദ്യം തൊടില്ല, അയ്യരുടെ സേവയും അവനില്ല. ഞാൻ നല്ല വണ്ണം അറിയും.
കുഞ്ഞി:
അതൊക്കെ അല്പദിവസം കഴിഞ്ഞാലറിയാം. ഈ ദാമോദരൻ എന്റെ മകളെ വിവാഹത്തിനു് അന്വേഷിച്ചിരുന്നു. എന്തു കണ്ടിട്ടാണു് ഞാൻ മകളെ കൊടുക്കേണ്ടതു്. പണമൊ, പാസ്സൊ, കുടുംബമൊ, തറവാടൊ?
രാമനുണ്ണി:
ദാമോദരന്റ തറവാടു് വളരെ മാന്യതയുള്ളതാണു്. അതിനു് യാതൊരു കുറവും പറയാനില്ല.
കോരപ്പൻ:
ഈ കുട്ടികൾ ഇങ്ങനെ വഷളായിപ്പോകുന്നതിനെപ്പറ്റി ഞാൻ വളരെ വ്യസനിയ്ക്കുന്നു.
രാമനുണ്ണി ഇതു കേട്ടപ്പോൾ തന്റെ അച്ഛന്റെ മുഖത്തൊന്നു നോക്കി. ഇദ്ദേഹം ദാമോദരനെ ഒരു പ്രത്യേക ഉദ്ദേശത്തിന്മേൽ ദുഷിക്കയാണെന്നു മനസ്സിലാക്കണമെന്നുള്ള അർത്ഥത്തിൽ നോക്കിയതായിരുന്നുവെങ്കിലും വൃദ്ധൻ അതു ധരിച്ചില്ല. തൽക്കാലം മറുപടി പറയേണ്ടുന്ന ആവശ്യമില്ലെന്നു വിചാരിച്ചു രാമനുണ്ണിയും ഒന്നും മിണ്ടിയില്ല. കുഞ്ഞിരാമൻ ദാമോദരനെ ദുഷിച്ചു പിന്നെയും പലതും പറഞ്ഞു. ബുദ്ധിയുടെയോ ഹൃദയത്തിന്റെയൊ ഗുണം കൊണ്ടല്ലെങ്കിലും

“ഭാഗ്യമാണേതിനും ഹേതു

ജന്മ വൃത്ത്യാദിയല്ലതാൻ

പാലു, പൊൻതുടൽ, പല്ലക്കീ

മൂന്നുംപട്ടിക്കുമുണ്ടഹൊ.”

എന്നു പറഞ്ഞവിധത്തിലുള്ള ഭാഗ്യം കൊണ്ടുണ്ടായ സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി സമുദായത്തിൽ സജ്ജനങ്ങളുടെ സഹവാസവും അവരോടുള്ള സംഭാഷണവും അനുവദിക്കപ്പെട്ടിട്ടുള്ള ചില ദുഷ്ടന്മാർ തങ്ങൾക്കു് വിരോധവും അസൂയയും ഉള്ള മാന്യന്മാരായ യുവാക്കളെപ്പറ്റി ആ വക സജ്ജനങ്ങളോടു ദുഷിച്ചു പറഞ്ഞു അവരുടെ മനസ്സിൽ ദുരഭിപ്രായം ജനിപ്പിക്കാൻ സദാ ശ്രദ്ധയുള്ളവരായിരിക്കുമെന്നുള്ളതിനു വായനക്കാരിൽ പലരും ദൃഷ്ടാന്തങ്ങൾ കണ്ടിട്ടുണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു. കസ്തൂരി മൃഗത്തിന്റെ നാഭിയിൽ വെച്ചിരിക്കുന്ന കസ്തൂരി ഈവക ദുഷ്ടന്മാരുടെ നാവിൽ വെക്കാഞ്ഞതുകൊണ്ടു് വെറുതെയല്ല ഒരു വിദ്വാൻ ബ്രഹ്മാവിനെ കുറ്റം പറഞ്ഞതു്. അങ്ങിനെ ബ്രഹ്മാവു ചെയ്തിരുന്നുവെങ്കിൽ ഒരു മഹൌഷധമായ കസ്തൂരിക്കു് ആവശ്യപ്പെടുന്നവരിൽ ചിലരെങ്കിലും ഈ ദുഷ്ടന്മാരുടെ നാക്കുകൾ മുറിച്ചെടുത്തു തങ്ങൾക്കും ലോകത്തിനും ഉപകാരം ചെയ്യുമായിരുന്നു.

അതൊക്കെ പറഞ്ഞിട്ടു ഫലമില്ല. ശുദ്ധഹൃദയനായ കോരപ്പൻ, കുഞ്ഞിരാമന്റെ ദുഷി വാക്കുകൾ കേട്ടിട്ടു്, ദാമോദരൻ ദുർവൃത്തനായിരിക്കുമൊ എന്നു സംശയിച്ചുതുടങ്ങിയെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

ഇവർ ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അകായിൽനിന്നു കുഞ്ഞിരാമന്റെ ഭാര്യ സുഭദ്രയും, വസുമതിയും തമ്മിൽ ഒരു സംവാദമുണ്ടായി. സുഭദ്ര വസുമതിയെ കണ്ട നിമിഷത്തിൽ അവളെ തന്റെ മകന്റെ ഭാര്യയാക്കണമെന്നു വിചാരിച്ചുകഴിഞ്ഞിരിക്കുന്നു. അവളുടെ സൌന്ദര്യത്തെയും സൌശീല്യത്തെയും പറ്റി കേട്ടതല്ലാതെ വസുമതിയെ അഭിമുഖമായി സുഭദ്ര ഒരിക്കലും കണ്ടിരുന്നില്ല. സുഭദ്ര നല്ലൊരു സ്ത്രീയാണു്. ഉള്ളിൽ കളങ്കമുള്ളവളല്ല. പക്ഷേ, അധികകാലമുള്ള സഹവാസം നിമിത്തം ഭർത്താവിന്റെ ദുഷ്ടകർമ്മം അവളിലും പ്രതിഫലിച്ചിട്ടുണ്ടു്. വസുമതിയെ പറഞ്ഞു വശത്താക്കേണ്ടതിനു പല സൂത്രങ്ങളും ഭർത്താവു പഠിപ്പിച്ചിരുന്നു.

വസുമതിയെ കണ്ട ഉടനെ സുഭദ്രക്കു് ആശ്ചര്യവും അസൂയയും ആനന്ദവും ആശയും ഒക്കെ കൂടിച്ചേർന്ന ഒരു മനോവികാരമുണ്ടായി. അതിനാലുണ്ടായ അമ്പരപ്പിൽനിന്നു് വിമുക്തയായ ഉടനെ തന്റെ മുമ്പിൽ മന്ദഹാസ മാധുര്യത്തിൽ മുഴുകി കളിക്കുന്ന മനോഹര മുഖശ്രീ നോക്കി ഇങ്ങിനെ പറഞ്ഞു: “ഞാൻ മുമ്പു് നിന്നെ കണ്ടിരുന്നില്ല. നീ എന്റെ വീട്ടിൽ മുമ്പു് വന്നിരുന്നില്ല, ഇല്ലെ?”

വസുമതി:
ഇല്ല, എനിക്കതിനു സംഗതിയുണ്ടായിരുന്നില്ല.
സുഭദ്ര:
എന്റെ മകളുടെ താലികെട്ടിനു വന്നിരുന്നില്ലെ? ഞങ്ങൾ താലികെട്ടു വളരെ ഘോഷമായി കഴിച്ചിരുന്നു. അതുപോലെ ഒരു കല്യാണം ഇപ്പഴൊന്നും എവിടെയും കഴിഞ്ഞിരുന്നില്ല. താലി കെട്ടുകല്യാണം കഴിക്കരുതെന്നു ആരൊക്കയോ ചിലർ സഭകൂടി തീർച്ചയാക്കിയിരുന്നു പോൽ. അതുകേട്ടപ്പോൾ കരുണാകരന്റെ അച്ഛനു് ദേഷ്യം പിടിച്ചു. ‘അതെന്താ അവരങ്ങിനെ തീർച്ചയാക്കാൻ, എന്നാൽ നാം കല്യാണം ഘോഷമായി കഴിക്കണം’ എന്നു പറഞ്ഞു. 500 ക. ചെലവാക്കി. രണ്ടാനയുണ്ടായിരുന്നു. കല്യാണക്കുട്ടികൾ ആനപ്പുറത്തു് കയറിയാണു് കുളിക്കാൻ പോയതു്. എനിക്കു് നന്നെ പേടിയായിപ്പോയിരുന്നു. എന്താ നീ പറയുന്നു. കുട്ടികളെങ്ങാൻ ആനപ്പുറത്തുനിന്നു വീണെങ്കിലൊ. നിന്റെ അമ്മക്കു് നീയും നിന്റെ ആങ്ങളയും മാത്രമെ മക്കളുള്ളു?
വസുമതി:
അതെ, അത്രയെ ഉള്ളൂ
സുഭദ്ര:
സാധു, ദേവകിയമ്മ നല്ലൊരു സ്ത്രീയായിരുന്നു. നിന്നെക്കാൾ വെളുത്തിട്ടായിരുന്നു. നിന്നേക്കാൾ കുറെ നീളവും കാണും. (വസുമതിയുടെ അമ്മ ദേവകിയെന്ന സ്ത്രീ കറുത്തു നീളം കുറഞ്ഞ ഒരു സ്ത്രീയായിരുന്നു).
വസുമതി:
അതെ.
സുഭദ്ര:
കാലത്തെ മരിച്ചുപോയി. എന്തായിരുന്നു സുഖക്കേടു്?ഛർദ്യ…
വസുമതി:
വയറ്റിലൊരു വേദനയായിരുന്നു.
സുഭദ്ര:
കഷ്ടം! അമ്മയുണ്ടായിരുന്നുവെങ്കിൽ നിനക്കിപ്പോൾ ഒരു ഭർത്താവു വന്നിരുന്നു. എന്താ ചെയ്യാ, ഭാഗ്യം വേണ്ടെ?
വസുമതി:
അതെന്താ, അമ്മ മരിച്ചുപോയവർക്കു് ഭർത്താവുണ്ടാകയില്ലെ? അമ്മയുള്ളവർക്കൊക്കെ ഭർത്താവുണ്ടൊ?
സുഭദ്ര:
അങ്ങിനെയല്ലെ നമ്മുടെ നാട്ടിന്റെ മാതിരി? പെണ്ണിനെ അന്വേഷിക്കുമ്പോൾ അവളുടെ അമ്മയുണ്ടോ, അച്ഛനുണ്ടോ, ആരൊക്കയാണു് ബന്ധുക്കൾ, എന്നൊക്കെയല്ലെ നോക്കുക.
വസുമതിക്കു് പറയത്തക്ക യാതൊരു ദോഷവും ഇല്ലായിരുന്നു. എന്നാൽ തന്റെ മകനു് കേവലം ദോഷരഹിതയായ ഒരു സ്ത്രീയെ മാത്രമെ ഭാര്യയാക്കുകയുള്ള എന്നും അതുകൊണ്ടു് അവൻ വസുമതിയെ വിവാഹം ചെയ്യുന്നുണ്ടെങ്കിൽ അതു കുറെ ദയയോടുകൂടി ചെയ്യുന്നതായിരിക്കുമെന്നും വരുത്തിക്കൂട്ടേണ്ടതിനായിരുന്നു ഈ പൊടിക്കൈ സുഭദ്ര പ്രയോഗിച്ചിരുന്നതു്. സുഭദ്ര പിന്നെയും പറയുന്നു: “ഇനി ഭർത്താവിനെ കിട്ടിയാൽ തന്നെയും ബി. എ., ബി. എൽ. ജയിച്ചവനെയൊന്നും കിട്ടിയെന്നു വരുന്നതല്ല. ഇപ്പഴത്തെ ചെറുപ്പക്കാരൊക്കെ…”
വസുമതി:
(ഇടയിൽ തടഞ്ഞുകൊണ്ടു്) ഇപ്പഴത്തെ ചെറുപ്പക്കാരൊക്കെ അമ്മയെ നോക്കിയാണു് മകളെ വിവാഹം ചെയ്ക, എന്നാണൊ നിങ്ങൾ പറവാൻ പോകുന്നതു്?
സുഭദ്ര:
അങ്ങിനെയല്ലെ നമ്മുടെ നാട്ടിന്റെ മാതിരി.
ഇതുകേട്ടപ്പോൾ വസുമതി പൊട്ടിച്ചിരിച്ചു. സുഭദ്രയും ചിരിച്ചു. ആ അവസരത്തിൽ വീട്ടിന്റെ അടുക്കളപ്പടിയും കടന്നു മൂന്നു സ്ത്രീകൾ വന്നു. അവർ വസുമതിയുടെ അമ്മയുടെ ജേഷ്ഠത്തിയുടെ മകളായ കല്യാണിയും, കല്യാണിയുടെ മൂത്തമകൾ സുശീലയും രണ്ടാമത്തെ മകൾ കാർത്ത്യായിനിയും ആണു്. അവരൊക്കെ രാമമന്ദിരത്തിനു് അടുക്കെ ചെറിയ ഒരു വീട്ടിലാണു് താമസം. കല്യാണിയുടെ ഭർത്താവു്, കിട്ടൻ, വയനാട്ടിൽ ഒരു കാപ്പിത്തോട്ടക്കാരന്റെ റൈട്ടരാണു്. ആ ദമ്പതിമാക്കു് എട്ടുമക്കളുള്ളതിൽ മൂത്തതാണു് സുശീല… മഹാദുശ്ശീലയാണു്. വയസ്സൊരു ഇരുപത്താറായിരിക്കും. കണ്ടാൽ മുപ്പത്തഞ്ചിൽ താഴെ ആരും മതിക്കുകയില്ല. രണ്ടാമത്തേതു് രാഘവൻ എന്നൊരു മകനാണു്. അവൻ ഒരു വക്കീലിന്റെ ഗുമസ്തനാണു്. മൂന്നാമത്തെ സന്താനമാണു് കാർത്ത്യായിനി. കൊക്കയും കുസൃതിയും ഇങ്ങനെയുള്ള ഒരു പെൺകിടാവു് ഭൂലോകത്തിൽ വേറെ ജനിച്ചിട്ടുണ്ടോ എന്നുള്ളതു് വളരെ അന്വേഷിച്ചു തീർച്ചയാക്കേണ്ടുന്ന കാര്യമാണു്. മറ്റുള്ള കുട്ടികളൊക്കെ ചെറുപ്പമാണു്. ഈ കുടുംബം കോരപ്പനെക്കൊണ്ടു് കഴിഞ്ഞു കൂടുകയാണു്. വയനാട്ടിൽനിന്നു കിട്ടൻ റൈട്ടർ എപ്പോഴെങ്കിലും അഞ്ചോ പത്തോ ഉറുപ്പിക അയക്കുകയെ ഉള്ളു. രാഘവനു ദിവസേന അരയൊ കാലൊ ഉറുപ്പിക കിട്ടാറുള്ളതു് സ്വന്തം ധൂർത്തിനു മതിയാകാതെയാണു് വരാറു്. വസുമതിയുടെ അമ്മ ജീവനോടുകൂടിയുള്ള കാലത്തു് കല്യാണിയുടെ വീട്ടിൽ വേണ്ടുന്ന സർവ്വവും കോരപ്പൻ അറിഞ്ഞും അറിയാതെയും കൊടുത്തുപോരികയും അവളുടെ മരണശേഷം വസുമതി കൃത്യമായ ഒരു സംഖ്യ മാസാന്തം ആ കുടുംബത്തിനു ദാനം ചെയ്കയും ചെയ്തു. ദേവകിയുടെ മരണശേഷം മുമ്പു കിട്ടിയതുപോലെ അരിയും നെല്ലും പണവും കിട്ടാതിരുന്നതിനാൽ കല്യാണിക്കും മക്കൾക്കും വസുമതിയോടു് ഉള്ളു കൊണ്ടു് അത്ര രസമില്ല. കോരപ്പനെയും മക്കളെയും ദുഷിക്കുകയും അവരെക്കൊണ്ടു് ചില അപവാദങ്ങൾ പറഞ്ഞുണ്ടാക്കുകയും ആണു് രാഘവന്റെ പ്രവൃത്തി. കിട്ടൻ രാജ്യത്തു് ഇറങ്ങുന്ന അവസരത്തിലൊക്കെ കോരപ്പന്റെ വീട്ടിൽ പോയി മൂന്നുനേരവും ശാപ്പെടുകയും അവിടെ നിന്നിറങ്ങി അച്ഛനെയും മക്കളെയും ദുഷിക്കുകയും ചെയ്യും. ഇതൊക്കെ കോരപ്പൻ അറിഞ്ഞിരുന്നുവെങ്കിലും തന്റെ ഭാര്യയുടെ കുടുംബങ്ങളാണല്ലോ എന്നു വിചാരിച്ചു യാതൊന്നും പ്രവൃത്തിക്കാറില്ല. രാമനുണ്ണി അതൊന്നും വിലവെച്ചില്ല. വസുമതി ഈ വിവരം അറിഞ്ഞശേഷം തന്റെ കൈ അല്പാല്പം ചുരുക്കിത്തുടങ്ങി. മറുഭാഗത്തു ദുഷിവർദ്ധിച്ചും തുടങ്ങി.

അങ്ങിനെയുള്ള സംബന്ധികളാണു് ഈ അവസരത്തിൽ രാമമന്ദിരത്തിൽ എത്തിയതു്. കല്യാണി സുഭദ്രയെ കണ്ട ഉടനെ നിറയ ‘കാതില’ എന്ന പൊന്നാഭരണം കെട്ടി ഞാത്തിയ കാതുകൾ ആട്ടിക്കൊണ്ടു് ഒരു പച്ചച്ചിരിയോടുകൂടി “ആയേ, ഇങ്ങളുണ്ടൊ വന്നിറ്റ്?” എന്നു ചോദിച്ചു. സുഭദ്ര അതിനു പകരമായി ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

കല്യാണി:
എനക്കു് മൻസിലായി ഇങ്ങള് പെണ്ണു് കാണാമ്പന്നതല്ലെ.
ഇതു കേട്ടപ്പോൾ വസുമതിയുടെ മുഖം ചുകന്നു. സുഭദ്ര അശേഷം രസിക്കാത്ത ഭാവം നടിച്ചു. കാർത്ത്യായിനി പൊട്ടിച്ചിരിച്ചു. സുശീല വസുമതിയുടെ പിന്നിൽനിന്നു അവളെ പരിഹസിക്കുന്നനിലയിൽ കൊഞ്ഞനം കാട്ടി. പിന്നെ അല്പനേരം ആരും മിണ്ടാതിരുന്നശേഷം സുഭദ്ര ഇങ്ങിനെ പറഞ്ഞു: “ഞാൻ പെണ്ണിനെ കാണാനൊന്നും വന്നതല്ല. ഞാൻ ഈ വീടു കാണാൻ വന്നതാണു്”.
വസുമതി:
(കോപത്തോടുകൂടി) ഇനി പെണ്ണിനെ കാണാൻ വന്നതാണെങ്കിൽ തന്നെ എന്താണു്? കല്യാണി ജേഷ്ഠത്തിക്കു് തരന്തരംപോലെ നാലഞ്ചു പെൺകുട്ടികളുണ്ടല്ലോ. വേണ്ടുന്നതിനെ തിരഞ്ഞെടുക്കാമല്ലൊ.
കല്യാണി:
കല്യാണിയേട്ടത്തീന്റെ മക്കളെ ഇപ്പം ആരിക്കും കൊടുക്കുന്നില്ല. അതു് കൊറെ ആളു് ചോദിച്ചുപോയി.
സുഭദ്ര:
അതൊക്കെ എന്തിനാണു് പറയുന്നതു്. ഞാൻ അതിനൊന്നും വന്നതല്ല.
കാർത്ത്യായിനി:
വസുമതിയേട്ടത്തിക്കു് ദാമോദരൻ ഇല്ലെ?
വല്ല ഇടിത്തീ വീഴുകയോ ഭൂകമ്പം ഉണ്ടായി ഭൂമി നടുവേപിളർക്കുകയോ, ചെയ്കയായിരുന്നു ചെയ്തതെങ്കിൽ വസുമതി അത്ര പരിഭ്രമിക്കുകയില്ലായായിരുന്നു. ഈ വാക്കുകേട്ടപ്പോൾ അവൾക്കുതന്നെ നിശ്ചയിക്കാൻ പാടില്ലാതിരുന്ന ഒരു മനോവികാരമുണ്ടായി, ശരീരം ആപാദചൂഡം വിയർത്തു. മുഖം, കഠാരംകൊണ്ടു കുത്തിയാൽ ഒരു തുള്ളി ചോര വരാത്തവിധം വിളറി. ഉടനെ മുഖത്തു് രക്തം നിറയുകയും ചെയ്തു. മനോഹരങ്ങളായ കണ്ണുകളിൽ നിന്നു തീപ്പൊരി പാറും വിധത്തിൽ കാർത്ത്യായനിയെ ഒന്നു നോക്കി, കല്യാണിയോടു് ഇങ്ങിനെ പറഞ്ഞു: “ജ്യേഷ്ഠത്തീ, നിങ്ങളുടെ മക്കളെ നല്ല മര്യാദ പഠിപ്പിക്കാൻ കഴികയില്ലെങ്കിൽ, അവർ മേലാൽ എന്റെ വീട്ടിൽ കയറേണ്ടുന്ന ആവശ്യമില്ല.”
കല്യാണി:
അപ്പെണ്ണു് അങ്ങനേന്നെയാ, എന്താ പറയാന്നില്ല. (കാർത്ത്യായിനിയെ നോക്കീട്ട്) ഇനിക്കെന്താണെ, പെരാന്തായിപ്പോയോ? (വസുമതിയോട്) ഞീ ഒന്നും വിജാരിക്കണ്ടമ്മാ.
വസുമതി ഈ പറഞ്ഞതു മുഴുവൻ കേൾക്കാൻ നില്ക്കാതെ സുഭദ്രയോടു “ഞാൻ വേഗം വരുന്നു” എന്നു പറഞ്ഞു, ആ മുറിയിൽനിന്നു പോയി. അവൾ പോയ ഉടനെ
കല്യാണി:
ഓ, ബല്യ തിക്കാരോള്ള പെണ്ണാ. എന്താ, അച്ചനു് നല്ല പണോണ്ടു്. ഓക്കു് ആരെ മങ്ങലം കഴിച്ചാലെന്താ?
സുഭദ്ര:
ആരാണു് ദാമോദരൻ?
കല്യാണി:
ആ കണ്ണൻ കുരിക്കളെ മോനായിക്കലൊ
സുശീല:
നവറോജി സേട്ടൂന്റെ ശാപ്പിലെ മേനോൻ.
കല്യാണി:
പോണെ, ഓള് കേക്കണ്ട. ഓക്കു് ദേശ്യം പിടിക്കും
സുഭദ്ര:
അവൻ വസുമതിയെ കല്യാണം കഴിക്കാൻ തീർച്ചയാക്കിയൊ?
കല്യാണി:
ഓറ് രണ്ടാളും തീർച്ചയാക്കി. ഇപ്പളത്തെ പടിപ്പു പെണ്ണുങ്ങളല്ലെ. പെണ്ണൊരുമ്പെട്ടാൽ പ്രഹ്മാവിനും തടുക്കാൻ കയ്യൂല്ലാന്നു് വെറുതയാ കാരണോമ്മാറ് പറഞ്ഞതു്.
സുഭദ്ര:
ഓഹൊ അങ്ങിനെയാണോ.
വസുമതി, ഒരു വെള്ളിത്തളികയിൽ മുറുക്കാനും കൊണ്ടു് രണ്ടാമതും അതിനകത്തു കടന്നുവന്നു.

“മുറുക്കുന്നില്ലെ? മുറുക്കിൻ” എന്നു സുഭദ്രയോടു പറഞ്ഞു.

“മുറുക്കാം” എന്നു പറഞ്ഞു തളിക വാങ്ങി സുഭദ്ര അടുക്കെ വെച്ചു. കല്യാണി തളികവാങ്ങി തന്റെ അടുക്കൽ വെച്ചു മുറുക്കിത്തുടങ്ങി. അതിലിടയ്ക്കു് ഇങ്ങിനെ ചോദിച്ചു.

“ഈന്റെ മൂത്ത മോനിപ്പം ഏടയാ?”

സുഭദ്ര:
അവൻ മദിരാശിയിലാണു്. ഒരു കൊല്ലം കൂടി അവിടെ ഒരു വക്കീലിന്റെ കീഴിൽ കുറെ ശീലിക്കേണ്ടതുണ്ടു്. അതു കഴിഞ്ഞാൽ വക്കീലായിവരും.
കല്യാണി:
എന്നാനോളീ ഞാൻ കണ്ടതു്. തന്നെ, കയിഞ്ഞകൊല്ലത്തെ ഉത്സവത്തിനു്, അമ്പലത്തിലു് വന്നേരം. നന്ന മെലിഞ്ഞിപോയി, പടിച്ചിറ്റായിരിക്കും.
സുഭദ്ര:
അവനു കഴിഞ്ഞകൊല്ലം മദിരാശി വെച്ചു ഒരു പനിയുണ്ടായിരുന്നു.
തന്റെ ഭർത്താവു് പറഞ്ഞു പഠിപ്പിച്ച സംഗതികളെപ്പറ്റി സംസാരിക്കുമ്പഴല്ലാതെ, സുഭദ്ര ബുദ്ധിപുർവ്വമായും വിവേകത്തോടു കൂടിയും മാത്രമെ സംസാരിക്കാറുള്ളുവെന്നു വായനക്കാർ മനസ്സിലാക്കിയിരിക്കുമല്ലൊ. മകന്റെ വിവരമെത്തിയപ്പോൾ പഠിച്ചതു് ഓർമ്മവന്നു. എന്നിട്ടു് ഇങ്ങിനെ പറഞ്ഞു: “വസുമതി കരുണാകരനെ കണ്ടിരുന്നുവോ?”

വസുമതി “ഇല്ല” എന്നു മറുപടി പറകയും “എനിക്കു് കാണേങ്ങുന്ന ആവശ്യമില്ല” എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തു.

സുഭദ്ര:
അവന്റെ അച്ഛൻ അവനോടു് ഇവിടെയൊക്കെ വന്നു രാമനുണ്ണിയേയും മറ്റും കണ്ടുപോകാൻ കൂടക്കൂട പറയാറുണ്ടു്. മദിരാശിന്നു വന്ന ഉടനെ ഞാനിങ്ങട്ടയക്കും.

ഇതിനെന്താണു് മറുപടി പറയേണ്ടതെന്നു വസുമതി അറിയാതെ കുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ കാർത്ത്യായിനി വായും പൊത്തി ചിരിച്ചു. സുശീല അവളെ പിടിച്ചൊന്നു നുള്ളി. അപ്പോൾ കാർത്ത്യായിനി, “എന്താണേടത്തി, എന്നെ നുള്ളുന്നു” എന്നു് ഉറക്കെ ചോദിച്ചു. വസുമതിയും സുഭദ്രയും മുഖത്തോടു മുഖം നോക്കി.

കല്യാണി:
ഇങ്ങളൊരി വർത്തമാനം പറയാൻ തമ്മേക്കൂലാലൊ, പോയാട്ടെ. രണ്ടും പൊരക്കു പോയാട്ടെ. കുട്ട്യോളുണ്ടാ ഉം കരേന്നു്.

ഇതു കേട്ടപ്പോൾ സുശീല വേഗംപുറത്തേക്കുപോയി കാർത്ത്യായിനി പിന്നെയും “ഞാനെന്താക്കുന്നപ്പാ” എന്നു പറഞ്ഞു അവിടെത്തന്നെ നിന്നു.

അപ്പോൾ ഒരു ഭൃത്യൻ ചായയും പലഹാരവും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരൊക്കെ അതു കഴിച്ചു തീർന്നപ്പോൾ കുഞ്ഞിരാമനും കോരപ്പനും ആ മുറിയിൽ കടന്നുവന്നു. വസുമതിയെ കണ്ട ഉടനെ കുഞ്ഞിരാമൻ: ഇതാണോ നിങ്ങളുടെ മകള്? ഇവൾ വലിയ വിദുഷിയാണെന്നൊക്കെ കേട്ടിട്ടുണ്ടു്. എന്നു പറഞ്ഞു. പിന്നെ സുഭദ്രയെ നോക്കീട്ട് “എന്താ പോകാനായില്ലെ?”

സുഭദ്ര:
ഞാൻ നിങ്ങൾ പുറപ്പെടുന്നതും കാത്തുനില്ക്കയല്ലെ?

ഇങ്ങിനെ പറഞ്ഞു സുഭദ്രയും കോരപ്പനും കുഞ്ഞിരാമനും പറത്തേയ്ക്കിറങ്ങി. സുഭദ്ര പോയി വണ്ടിയിൽ കയറിയപ്പോൾ കഞ്ഞിരാമൻ കോരപ്പനെ സ്വകാര്യം വിളിച്ചു ഇങ്ങിനെ പറഞ്ഞു, “ഞങ്ങൾ ഇവിടെ വന്നതു മറ്റൊന്നുമല്ല എന്റെ മകൾ സരോജിനിയെ നിങ്ങളുടെ മകൻ രാമനുണ്ണി കല്യാണം കഴിക്കുമെങ്കിൽ എന്റെ മകനു് വസുമതിയെ കല്യാണം കഴിക്കാമെന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിങ്ങളുടെ അഭിപ്രായം അറിവാൻ വന്നതാണു്.”

ഈ വാക്കും അതിന്റെ സ്വരത്തിലടങ്ങിയ ധിക്കാരവും ആലോചിച്ചുണ്ടായ കോപം ഒരുവിധം അടക്കി കിഴവൻ ഇങ്ങിനെ മറുപടി പറഞ്ഞു.

“ഇതിൽ ഒരു അഭിപ്രായം എങ്ങിനെയാണു് ഇത്രവേഗം പറയുക. ഒന്നാമതു് അവരോടു് അന്വേഷിക്കണം.”

കുഞ്ഞിരാമൻ:
അവരോടു് എന്താണു് അന്വേഷിക്കാൻ! കുട്ടികൾക്കു് അത്ര വലിയ സ്വാതന്ത്ര്യം അനുവദിക്കരുതു്.
കോരപ്പൻ:
എന്റെ അഭിപ്രായം അങ്ങിനെയല്ല. എന്നുമാത്രമല്ല, അവരുടെ കാരണവരുടെയും മറ്റും അനുമതിയും വേണമല്ലൊ. എത്രയായാലും നമുക്കു് മരുമക്കത്തായമല്ലെ?
കുഞ്ഞിരാമൻ:
അതു നിങ്ങൾ അന്വേഷിച്ചോളിൻ. എന്നിട്ടു് ഒരു മറുപടി പറഞ്ഞാൽ മതി.
കോരപ്പൻ:
അങ്ങിനെയാവാം.
ഇങ്ങിനെ പറഞ്ഞു രണ്ടുപേരും പിരിഞ്ഞു.

കോരപ്പൻ അകത്തുവന്നു രാമനുണ്ണിയെ വിളിച്ചു കുഞ്ഞിരാമൻ സ്വകാര്യം പറഞ്ഞ വിവരം അവനോടു പറഞ്ഞു, രണ്ടു പേരും കുറെനേരം ചിരിച്ചു.

ഒരു കത്തു

കാണുമ്പോഴും തൊടുമ്പോഴും

കേൾക്കുമ്പോളരുളുമ്പഴും

യാതൊന്നുള്ളം ദ്രവിപ്പിക്കും

സ്നേഹമായതുതാൻ ദൃഢം

(കെ. സി. കേശവപിള്ള)

വൈകുന്നേരം ഏഴുമണിയായി. കടൽ ചുങ്കത്തിനടുത്തുള്ള പ്രദേശങ്ങളിലെ തിക്കും തിരക്കും ഒട്ടവസാനിച്ചു. പാണ്ടികശാലകളിലും ഷാപ്പുകളിലും വിളക്കുകൊളുത്തി. ആകാശത്തിൽ നക്ഷത്രങ്ങൾ ഓരോന്നോരോന്നായി ക്രമേണ പ്രകാശിച്ചു തുടങ്ങി. ദാമോദരൻ ബേങ്കുമുറിയിൽ ഇരുന്നു ഓരോ കണക്കുകൾ നോക്കിക്കൊണ്ടിരിക്കുന്നു. അവന്റെ അടുക്കൽ ഒരു മേശയിൽ ഒരു വിളക്കു കത്തിച്ചുവെച്ചിട്ടുണ്ടു്. സമീപത്തു ഒരു മാപ്പിള കൂലിക്കാരൻ നിലത്തിരുന്നു ചില കൈച്ചാക്കുകൾ തുന്നിക്കൊണ്ടിരിക്കുന്നു. രാത്രിയായതിനുശേഷം ദാമോദരന്നു് അവന്റെ പ്രവൃത്തിയിൽ തൃഷ്ണകുറഞ്ഞുകൊണ്ടു വരുന്നുണ്ടെന്നു അവനു തന്നെ തോന്നിത്തുടങ്ങി. വസുമതിയെ സ്നേഹിക്കുന്നതിനും, ആ സ്നേഹം ഇപ്പോൾ പ്രാപിച്ചിരിക്കുന്ന ദശാന്തരത്തിൽ എത്തുന്നതിനും മുമ്പിൽ ദാമോദരൻ ചിലപ്പോൾ രാത്രി പത്തുമണിവരെ തന്റെ ജോലിയിൽ ഏകാഗ്രചിത്തനായി പ്രവൃത്തിച്ചുകൊണ്ടിരിയ്ക്ക പതിവുണ്ടു്. മനുഷ്യർക്കു് തൃപ്തിവരുത്താനുള്ള മൂന്നു സംഗതികളിൽ രണ്ടെണ്ണം മാത്രമെ അവൻ അതുവരെ സൂക്ഷിക്കേണ്ടതായിരുന്നുള്ളു. തന്റെ ശരീര സംബന്ധമായ ഭക്ഷണം, വസ്ത്രം, മുതലായവയും, ബുദ്ധിയെ സംബന്ധിക്കുന്ന അഭ്യാസങ്ങളും. വസുമതിയെ കണ്ടറിഞ്ഞതുമുതൽ തന്റെ ഹൃദയത്തെ സംബന്ധിക്കുന്ന കാര്യത്തിൽ കൂടി ശ്രദ്ധിക്കേണ്ടതായിവന്നു.

കാമദേവനു് അംഗജൻ എന്ന പേരിനേക്കാൾ മനോജൻ എന്ന പേരാണു് അധികം യോജിച്ചതെന്നു ഞാൻ പലപ്പോഴും വിചാരിക്കാറുണ്ടു്. ഏതായാലും പ്രണയം ഹൃദയചേഷ്ടകളിൽവെച്ചു ഏറ്റവും പ്രാധാന്യതയുള്ളതാണെന്നു സമ്മതിക്കാത്തവർ ഉണ്ടായിരിക്കയില്ല. ശരീരത്തിനു് പ്രായം തികഞ്ഞുകൊണ്ടുവരുന്നതനുസരിച്ചു അന്തഃകരണങ്ങളിലെ ഓരോ വികാരങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടുവരുന്നു. മനുഷ്യരിൽ ഓരോരുത്തന്റെ പ്രകൃതിയ്ക്കും വാസനയ്ക്കും അനുസരിച്ചു് ഇവയുടെ ശക്തിക്കും സ്വഭാവത്തിനും വ്യത്യാസമുണ്ടാകുമെന്നല്ലാതെ, സർവ്വ മനുഷ്യനും ഈ സംഗതികൾ സംഭവിക്കാതിരിക്കയില്ല. ലോകത്തിൽ തനിക്കു ചുറ്റുമുള്ള കാര്യങ്ങൾ കണ്ടാൽ അവയെപ്പറ്റി ചോദ്യം ചെയ്തു മനസ്സിലാക്കാനുള്ള ശ്രമം ഒരു ശിശുവിൽ കാണുകയും അവൻ ബാല്യ ദശയിലെത്തുമ്പോൾ, തന്റെ ഓർമ്മശക്തിയെ അധികം ഉപയോഗിച്ചു ക്ഷണത്തിൽ പലതും മനപ്പാഠം പഠിക്കയും പിന്നെ ക്രമേണ ആലോചനാശക്തിയും വിവേചനാശക്തിയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ബുദ്ധിയെ സംബന്ധിച്ചുമാത്രമല്ല ശരീരത്തെ സംബന്ധിച്ചും ഇങ്ങിനെയുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ശരീരത്തിന്റ വളർച്ചക്കും പിന്നെ ക്ഷയത്തിനും അനുസരിച്ചു ഭക്ഷണത്തിന്റ ആവശ്യത്തിനും ഗുണത്തിനും ഭേദഗതി ആവശ്യപ്പെടുന്നു. അച്ഛനമ്മമാരെ സ്നേഹിക്കാനും ഗുരുനാഥന്മാരെ ബഹുമാനിക്കാനും പഠിച്ചുശീലിച്ച യുവജനങ്ങളുടെ ഹൃദയം ക്രമേണ തങ്ങളുടെ പ്രണയിനികൾക്കായി സമർപ്പിക്കുന്നു.

പ്രണയം! യഥാർത്ഥപ്രണയം! വിവരിക്കാൻ കേവലം അസാധ്യമായ എന്തൊരു ചൈതന്യമാണിതു്. രണ്ടു ഹൃദയങ്ങളിൽ നിന്നു പുറപ്പെട്ടു. അന്യോന്യം സ്ഥലമാറ്റം ചെയ്തു നിവസിക്കുന്ന ഈ ചൈതന്യത്തിന്റെ ശക്തി കേവലം വിവരിയ്ക്കാൻ കഴിയാത്ത ദൈവികമായ ഒന്നാകുന്നു. അതിനെ തെറ്റി ധരിക്കരുതു്. കായികമായ സന്തോഷത്തെ ആസ്വദിക്കേണ്ടതിനുമാത്രം തൽക്കാലമുണ്ടാകുന്ന മനോവികാരവും യഥാർത്ഥപ്രണയവും രണ്ടും രണ്ടാണു്. ഒന്നു് മൃഗങ്ങൾക്കു സാധാരണമായതും മറ്റേതു കേവലം ദൈവികവുമാകുന്നു. വിദ്യാഭ്യാസം കൊണ്ടു പരിപക്വത സിദ്ധിച്ച ബുദ്ധിയുടെ സഹായത്താൽ ഹൃദയത്തിൽ അങ്കുരിച്ചുണ്ടാകുന്ന ഈ ശക്തിയുടെ ഏതാനംശമെങ്കിലും അനുഭവിയ്ക്കാതെ ജീവിച്ചു മരിയ്ക്കുന്ന മനുഷ്യമൃഗങ്ങൾ എത്രയുണ്ടു്. ഈ ചൈതന്യം ജീവദശയിൽ യഥാകാലത്തിൽ ഒരിയ്ക്കൽ സർവ്വമനുഷ്യരിലും ഉണ്ടാകുന്നതാണെങ്കിലും അതു പ്രതിബിംബിയ്ക്കത്തക്കതായ മറ്റൊരു ഹൃദയത്തെ കാണാതെ എത്ര പേർ അതിന്റെ യഥാർത്ഥഗുണമനുഭവിക്കാതെ മരിക്കുന്നു. ഇതിനോടു പല സംഗതികൊണ്ടും പ്രഥമ ദൃഷ്ടിയിൽ തുല്യതയുള്ള മനോവികാരത്തെ തെറ്റിധരിച്ചു എത്ര പേർ പിന്നീടു പശ്ചാത്തപിയ്ക്കുന്നു. യഥാർത്ഥപ്രണയം അനുഭവിച്ചവൻ യഥാർത്ഥ സ്വർഗ്ഗീയസുഖം ലോകത്തിൽ അനുഭവിച്ചിരിക്കുന്നുവെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ല. യഥാർത്ഥ പ്രണയം അനുഭവിക്കുന്നവനെ സംബന്ധിച്ചാണു് “പാതിയും മനുഷ്യനു ഭാര്യയെന്നറിഞ്ഞാലും” എന്നു പറയപ്പെട്ടിട്ടുള്ളതു്. ആവിധം നിർമ്മലമായി, അവ്യാജമായ ഒരു പ്രണയമാണു് ദാമോദരനും വസുമതിയും തമ്മിലുണ്ടായിരിയ്ക്കുന്നതു്. അങ്ങിനെയുള്ള പ്രണയത്തെ ഉന്മൂലനാശം ചെയ്തു് ആ രണ്ടുപേരെയും ആജീവനാന്തം പരമസങ്കടത്തിൽ പെടുത്താനുള്ള വിദ്യയാണു്, കുഞ്ഞിരാമനും, കല്യാണിയും മറ്റും ചെയ്യുന്നതെന്നു വായനക്കാർ കണ്ടുവല്ലോ. എന്നാൽ അത്തരം ദുർന്നയത്തെപ്പറ്റി ലവലേശം അറിഞ്ഞിട്ടില്ലാത്ത ദാമോദരൻ ഭാവിസുഖത്തെപ്പറ്റി പര്യാലോചിച്ചു പരമസന്തോഷത്തിൽ നിമഗ്നനായിരിക്കുമ്പോൾ സ്വന്തം പ്രവൃത്തിയിൽ തന്നെ അത്ര ശുഷ്കാന്തി കാണിക്കാത്തതിൽ അവനെ ആർ കുറ്റപ്പെടുത്തും? ഞാനതു് ഒരിക്കലും ചെയ്യില്ല. നായകന്മാരുടെ ഗുണപൗഷ്കല്യത്തെപ്പറ്റി അസാമാന്യധാരണയുള്ള വായനക്കാർ അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ അതു പുറത്തുപറയാതിരിക്കണം. എന്തുകൊണ്ടെന്നാൽ, അവരുടെ ബുദ്ധിയും വിദ്വത്വവും മറ്റും എന്തുതന്നെയായാലും അവർ പ്രണയമെന്ന ദൈവിക ചൈതന്യം ഒരിക്കൽ പോലും അനുഭവിക്കാത്തവരാണെന്ന ആക്ഷേപമുണ്ടായേയ്ക്കാം.

ദാമോദരൻ എന്താണു് വേണ്ടതെന്നറിയാതെ അക്ഷമനായിത്തീർന്നുകൊണ്ടിരിക്കെ തന്റെ സമീപത്തിരുന്നു തുന്നിക്കൊണ്ടിരുന്ന മൂസ്സക്കുട്ടി ഇങ്ങിനെ ചോദിച്ചു.

“എന്താ ഏമാനാ, ഞമ്മളെ കാസ്കീപ്പറെന്താ ഇന്നു് ബരാഞ്ഞതു്?”

ദാമോദരൻ (അവനെ നോക്കാതെയും ബുക്കിൽനിന്നു കണ്ണു് മറിക്കാതെയും) “അദ്ദേഹത്തിന്റെ അമ്മക്കു് നല്ല സുഖമില്ലത്രെ.”

മൂസ്സക്കുട്ടി:
“അയാളെ ഉമ്മാക്കൊ പെണ്ണുങ്ങക്കൊ, ആരിക്കാ ഏമാനാ സൊകക്കെടു്?”
ദാമോദരൻ:
അമ്മയ്ക്കെന്നല്ലെ ഞാൻ പറഞ്ഞതു്?
ഇതിനു മറുപടിയായി മൂസ്സക്കുട്ടി ഒന്നു മൂളി. മൂളലിൽ മൂന്നുണ്ടർത്ഥം എന്നു പറഞ്ഞതുപോലെ മൂസ്സക്കുട്ടിയുടെ മൂളലിൽ വളരെ അർത്ഥം ഗർഭിച്ചപോലെ ദാമോദരനു് തോന്നുകയാൽ അവൻ തിരിഞ്ഞുനോക്കി ഇങ്ങിനെ ചോദിച്ചു.

“എന്താ മൂസ്സക്കുട്ടി, നീ അങ്ങിനെ മൂളിയതു്”

മൂസ്സ:
ഞമ്മയൊന്നും നിരീച്ചിറ്റു മൂളിയതല്ല. ഒന്നു് മൂളി അത്രേന്നെ.
ഈ മൂസ്സക്കുട്ടി നാട്ടിലെ വർത്തമാനങ്ങളൊക്കെ അന്വേഷിച്ചറിയുന്ന ഒരുവനാണു്. അവനെ മറ്റുള്ള കൂലിക്കാരൊക്കെ ‘ന്യൂസ്പേപ്പർ’ എന്നാണു് വിളിക്കാറു്. എന്നാൽ ഇവൻ ചില വെറും ‘സൊള്ള’ന്മാരുടെ കൂട്ടത്തിലല്ല. താൻ ഉള്ള വിവരങ്ങൾ അന്വേഷിച്ചു മനസ്സിലാക്കുന്നവനാണു്. ഇക്കാര്യത്തിൽ ഇവൻ ചില യഥാർത്ഥ ന്യൂസ്പേപ്പറേക്കാൾ കുറെ ഭേദമായിരുന്നുവെന്നു പറയാം. ദാമോദരൻ പിന്നെയും ചോദിച്ചു:

“സുബ്രഹ്മണ്യയ്യരുടെ അമ്മ്യാർക്കു് സുഖക്കേടുണ്ടോ?”

മൂസ്സ:
എങ്ങിനെയേമാനാ സോക്കേടില്ലാണ്ടിരിക്കും?
ദാമോ:
അതെന്താ?
മൂസ്സ:
ഞമ്മ ഇവിടുന്നു് ഇപ്പം നയിച്ചു് അസ്സറായാൽ രണ്ടോ, മൂന്നോ അണേന്റെ പൈശ്ശ കിട്ടി പൊരെൽ പോകാണ്ടു് ആ പൈശ്ശയെല്ലാം അങ്ങനെയിങ്ങനെ ആക്കിയാലു് ഞമ്മളെ പെണ്ണുങ്ങക്കു പെരത്തു സൊകോണ്ടാഉഓ?
ദാമോദരൻ ഇത്രയും കേട്ടപ്പോൾ ഈ മാപ്പളയുടെ കൈവശം കുറെ വർത്തമാനം ഉണ്ടായിരിക്കുമെന്നു കരുതി തന്റെ പുസ്തകമൊക്കെ ഒരു ദിക്കിൽ വെച്ചു പിന്നെയും പറഞ്ഞു:

“ഞാനും അങ്ങിനെ ചിലതൊക്കെ കേട്ടു. പക്ഷേ, ജനങ്ങൾ എന്തെങ്കിലും പറയും, വിശ്വസിക്കരുതു്.”

മൂസ്സ:
എന്തിനേമാനാ ആരാൻ പറയുന്ന വർത്താനം കേക്കുന്നു്. ഒരു തെവസം ലാത്തിറി പത്തുമണിക്കു് ആ കണ്ണൻ മേനോന്റെ പൊരെന്റെ തായത്തുപോയി നിന്നു് നോക്കറൊ, എശമാന്നു് കാണാല്ലോ. കാസ്കീപ്പറ് ആ മേനോന്റെ ഒന്നിച്ചുകൂടി തീ വെള്ളം കുടിച്ചി കളിയ്ക്കുന്ന കളി കാണാലൊ. മോന്തിയായാല് ചില ഏമാനമ്മാറക്കൊണ്ടു് നാട്ടിലെ പെരിയാ പോകാഓ. എല്ലം ബലിയ തലേക്കെട്ട് കാറ്. പഹലെല്ലം എന്ത് മര്യാദക്കാറ്. ഇവരെല്ലാം ഇങ്ങനെയായാല് ഞമ്മനപ്പോലത്തെ സാധുക്കള് എങ്ങനെയാകണം എയമാനാ പിന്നെ, പൊരേല പെണ്ണുങ്ങക്ക് ഏടുന്നാ സൊകം?
കേവലം ഒരു നിസ്സാരനായ കൂലിക്കാരൻ പറയുന്ന ഈ വാക്കുകളെങ്ങാൻ കേൾക്കാൻ അവൻ സൂചിപ്പിച്ച മഹാന്മാർ അരികത്തുണ്ടായിരുന്നുവെങ്കിൽ അവരുടെ മനസ്സിൽ ഉണ്ടാകാനിടയുള്ള വികാരം എന്തായിരിക്കുമെന്നാണറിയേണ്ടതാണു്. ഇങ്ങിനെ കൂലിപ്രവൃത്തി ചെയ്തു നിത്യവൃത്തി കഷ്ടിച്ചു സമ്പാദിക്കുന്നവരുടെ മനസ്സിൽ പോലും നിന്ദ്യത ജനിപ്പിക്കുന്ന ഈ മഹാന്മാർ ജനങ്ങളാൽ നിത്യം ബഹുമാനിക്കപ്പെടുകയും സമുദായങ്ങളിൽ അവർ വലിയ ഔന്നത്യപദവി നടിക്കുകയും ചെയ്യുന്നു. ഈ സാധു കൂലിക്കാരാകട്ടെ, നീചന്മാരായി ചവിട്ടിത്താഴ്ത്തപ്പെടുന്നു. നോക്കുക, ദൈവദുർന്നിയോഗം, അഥവാ ലോകനിർന്നിയോഗം.
ദാമോദരൻ:
സുബ്രഹ്മണ്യയ്യർ അവിടെ നിത്യം പോകാറുണ്ടോ?
മൂസ്സ:
എന്താ എയമാനാ ഞമ്മ കളവു് പറേന്നൊ. അങ്ങനെ പണ്ടു് കേട്ടിറ്റുണ്ടോ. മൂസക്കുട്ടി കളവു പറഞ്ഞിറ്റ് കേട്ടിനെന്നാരെങ്കിലും പറേട്ടെ.
ദാമോദരൻ:
നീ കളവു പറയുന്നുവെന്നല്ല, ഞാൻ അറിവാൻവേണ്ടി ചോദിക്കയാണു്. ദിവസേന റാക്കു് കുടിക്കാനാണോ അവിടെ പോകുന്നതു്.
ദാമോദരൻ സാധാരണയായി കൂലിക്കാരോടു് ഈ വകയൊന്നും ചോദിക്കയൊ അവർ പറയുന്നതു ശ്രദ്ധിക്കയൊ ചെയ്യാറില്ലാതിരുന്നതിനാൽ മൂസ്സക്കുട്ടിക്കു് പറവാൻ ഉന്മേഷമുണ്ടായി.
മൂസ്സ:
റാക്കു് കുടിക്കാനൊ, ഞമ്മ അത്രെ പറേന്നൊള്ളു. ആരാതു്?
ഒരാൾ വന്നു വാതിലിനടുക്കു് നില്ക്കുന്നതു കണ്ടു. മൂസ്സക്കുട്ടി “ആരാണതു്?” എന്നു് ചോദിച്ചതിനു് അവൻ ഉത്തരമൊന്നും പറയായ്കയാലും ഇരുട്ടിൽ അവനെ നല്ലവണ്ണം കാണായ്കയാലും, അവൻ പിന്നെയും ചോദിച്ചു.

“ആരാന്നെല്ലെ ചോയിച്ചത്.”

“ഞാനാണു്.”

സ്വരം കേട്ട ഉടനെ ദാമോദരനു് ആളെ മനസ്സിലായി. “കണ്ണനൊ, ഇങ്ങട്ടുവരൂ, എന്താ വിശേഷിച്ചൊ”

വസുമതിയുടെ കാര്യസ്ഥൻ കണ്ണനായിരുന്നു അതു്. അവൻ അടുത്തുചെന്നു ദാമോദരന്റെ കൈയിൽ ഒരു കത്തു കൊടുത്തു. കത്തു ദാമോദരൻ ക്ഷണത്തിൽ പൊളിച്ചു വായിച്ചു. വായിച്ചു തീർന്ന ഉടനെ, “മൂസ്സകുട്ടി, ഈ പുസ്തകങ്ങളൊക്കെ പെട്ടിയിലെടുത്തുവെക്കു്, മേശ പൂട്ടു്” എന്നു പറഞ്ഞു. താൻ തന്നെ എഴുന്നേറ്റു ‘സേഫ്’ പൂട്ടി, പുറപ്പെട്ടു. ബേങ്കിന്റെ വാതിൽ മൂസ്സക്കുട്ടി പൂട്ടി താക്കോൽ ദാമോദരന്റെ കൈവശം കൊടുത്തു. അതു വാങ്ങി കീശയിലിട്ടിട്ടു് “ഇന്നാരാണു് ഇവിടെ ഉറക്കു്” എന്നു ചോദിച്ചു.

“ഞമ്മയും മലക്കക്കാരൻ മൊയ്തുവും” എന്നു മൂസക്കുട്ടി പറഞ്ഞതു കേട്ടപ്പോൾ, “ഞാൻ രാവിലെ ആറുമണിക്കു് ഒരു സമയം വരും. ഞാൻ വന്നിട്ടെ നിങ്ങൾ പോകാവു ഏഴുമണിവരെ ഞാൻ വന്നില്ലെങ്കിൽ നിങ്ങൾ പോയ്ക്കോളിൻ” എന്നു പറഞ്ഞു ചവിട്ടുവണ്ടിയിൽ കയറി പോകയും ചെയ്തു.

ആ ചെറിയ കുടുംബം

ദാമോദരൻ ചവിട്ടുവണ്ടിയിൽ കയറി ഓടിച്ചുകൊണ്ടുപോകുന്നതിലിടയ്ക്കു് വസുമതിയുടെ, എഴുത്തിലെ താല്പര്യത്തെപ്പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരുന്നു. വസുമതിയുടെ എഴുത്തു് അവനു സാധാരണ കിട്ടാറില്ല. വല്ല പുസ്തകമൊ, വേറേ വല്ല സാധനമോ, ആവശ്യമുണ്ടെങ്കിൽ അതിനെപ്പറ്റി മാത്രം എഴുതിയ വല്ല കുറിപ്പും അവൾ അയച്ചെങ്കിലായി. ഇന്നത്തെ എഴുത്തിലും കാര്യം അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ ആവശ്യത്തെപ്പറ്റി അവൻ സംശയിച്ചു.

ദാമോദരനും വസുമതിയും തമ്മിൽ പരിചയമായിട്ടു് കുറെ കൊല്ലങ്ങളായെങ്കിലും അവർക്കു് ആദ്യം ഉണ്ടായിരുന്ന ‘പരിചയം’ ക്രമേണ സ്നേഹമായി പരിണമിക്കുകയും അതു പിന്നെ പ്രണയത്തിൽ കലാശിക്കുകയും ചെയ്തിരിക്കയാണു്. വസുമതിയുടെ സഹോദരനും ദാമോദരനും മെട്രിക്കുലേഷൻ വരെ ഒരേ ക്ലാസ്സുകളിൽ ഒന്നിച്ചു പഠിച്ചിരുന്നവരാണു്. ദാമോദരന്റെ ബുദ്ധിശക്തിയും സൽസ്വഭാവവും രാമനുണ്ണിയുടെ ശുദ്ധഗതിയും കളങ്കമില്ലായ്മയും തമ്മിൽ ആകർഷണമുണ്ടായി. അവർ വലിയ സ്നേഹിതന്മാരായിത്തീർന്നു. ഈ സംഗതി നിമിത്തം ദാമോദരൻ പലപ്പൊഴും രാമനുണ്ണിയുടെ വീട്ടിൽ പോകുകയും പരീക്ഷ അടുക്കുന്ന കാലങ്ങളിൽ രണ്ടു പേരും ഒന്നിച്ചു അതേ വീട്ടിൽ വെച്ചു വായിക്കുകയും ചെയ്തിരുന്നു. അന്നു വസുമതി കോൺവെന്റിൽ പഠിക്കുന്ന കാലമാണു്. വല്ല കണക്കൊ വേറെ വല്ലതുമൊ വീട്ടിൽ വെച്ചു ചെയ്തുകൊണ്ടു ചെല്ലാൻ സ്കൂളിൽ നിന്നു ആവശ്യപ്പെടുന്നവയിൽ സംശയമുള്ള ഭാഗങ്ങൾ തന്റെ സഹോദരനെയോ, ദാമോദരനെയോ, കാണിച്ചു സംശയ നിവൃത്തി വരുത്തുകയായിരുന്നു വസുമതി ചെയ്തുപോരാറു്. ഇങ്ങിനെ അവർ അന്യോന്യം അടുത്തു പരിചയമുണ്ടായെങ്കിലും വസുമതിയെ പഠിപ്പിച്ചുകൊണ്ടുവരുന്ന സമ്പ്രദായവും, അവളുടെ അച്ഛന്റെ പദവിയും ഐശ്വര്യവും എല്ലാം ഓർത്താൽ സാധുവും നിസ്സഹായിയും ആയ തനിക്കു് അവളെ വിവാഹം ചെയ്യാൻ ഒരിക്കലും സാധിക്കയില്ലെന്നു് ദാമോദരനു് നല്ലവണ്ണം മനസ്സിലായിരുന്നു. അതുകൊണ്ടു്, അങ്ങിനെയൊരു കാര്യത്തെപ്പറ്റി അവൻ ആദ്യം കേവലം വിചാരിക്കകൂടി ചെയ്തിരുന്നില്ല. എന്നാൽ മനസ്സിനെ കേവലം അറിയിക്കാതെ, ചില പ്രവൃത്തികൾ ഹൃദയം ചെയ്യാറുണ്ടു്. അതിന്റെ ഫലം കണ്ടിട്ടുവേണം പിന്നെ മനസ്സു് അതു് അറിവാൻ.

അങ്ങിനെ രണ്ടുപേരുടെയും മനസ്സിനു് കേവലം ഗോചരമല്ലാത്ത നിലയിൽ അവരുടെ ഹൃദയത്തിൽ ചില വികാരങ്ങൾ ക്രമേണ ഉണ്ടായിത്തുടങ്ങി. കൂടക്കൂടെ കാണാറുള്ള അവരിൽ ദിവസേന കാണണമെന്ന ഒരാഗ്രഹം ജനിച്ചതുടങ്ങി.

ഒരു ദിവസം കാണാതിരുന്നാൽ എന്തെന്നില്ലാത്ത വേദന മനസ്സിൽ ഉണ്ടാക പതിവായി. ഇതു തനിക്കല്ലാതെ മറുകക്ഷിക്കു് ഉണ്ടാകാൻ സംഗതിയില്ലെന്നു ഓരോരുത്തരും വിചാരിച്ചിരുന്നതിനാൽ ഈ വികാരത്തെ ഉള്ളിൽ അടക്കിയതല്ലാതെ പുറത്തു പറവാൻ ധൈര്യപ്പെട്ടില്ല. മുഖ സ്വഭാവം കൊണ്ടോ, വേറെ വല്ല പ്രവൃത്തികൊണ്ടോ, അതു വെളിപ്പെട്ടുപോകുന്നതിനു ഭയമായിത്തുടങ്ങി. അങ്ങിനെയാണു് ഈ വികാരത്തിന്റെ സ്വഭാവമെന്താണെന്നു് മനസ്സുകൊണ്ടു പരിഛേദിച്ചുനോക്കാൻ സംഗതിയായതു്. അവനവനുള്ള ദോഷമൊ, ഗുണമൊ, അതല്ല വല്ല പ്രത്യേക സ്വഭാവമൊ ഇന്നതാണെന്നു അവനവൻ തന്നെ അറിഞ്ഞു വശായാലാണു് ആവക ഗുണമൊ ദോഷമൊ സ്വഭാവവൈശിഷ്യമൊ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്നു മറച്ചുവെക്കുവാൻ അധികം പ്രയാസം നേരിടുകയെന്നതു വായനക്കാർ അനുഭവിച്ചറിഞ്ഞിട്ടുള്ള പരമാർത്ഥമായിരിക്കണമല്ലൊ. അങ്ങിനെ, ഈ കാമുകന്മാരുടെ മുഖത്തും ദൃഷ്ടിയിലും വാക്കിലും പ്രവൃത്തിയിലും എല്ലാം അന്യോന്യമുള്ള പ്രണയം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കയും അതു എതിർകക്ഷി കണ്ടു മനസ്സിലാക്കുകയും ചെയ്യും. മനുഷ്യൻ വലിയ ഗർവ്വുള്ള ജീവിയാണു്. പ്രണയം എന്നതു മനസ്സിന്റെ ചാപല്യത്തിന്റെ ഒരു വകഭേദമാണെന്നാണു് മനുഷ്യൻ ധരിച്ചിരിക്കുന്നതു്. ഈ ചാപല്യം ഉണ്ടാകുന്നതു് എതിർകക്ഷി മനസ്സിനെ സ്വാധീനത്തിൽ വെയ്ക്കുന്നതുകൊണ്ടാണെന്നും മനുഷ്യനറിയാതെ ഇങ്ങിനെ അന്യാധീനപ്പെടുന്നതു് ശക്തിക്ഷയത്തിന്റെ ഒരു ദൃഷ്ടാന്തവുമാണു്. തനിക്കാണു് ശക്തിക്ഷയമുള്ളതെന്നു സമ്മതിക്കാൻ ഗർവ്വിയായ മനുഷ്യനു മനസ്സില്ലാതെ വരുന്നു. അതുകൊണ്ടു് ഇങ്ങിനെ ദൃഢമായി അന്യോന്യമുണ്ടാകുന്ന അനുരാഗത്തെ സംബന്ധിച്ചുപോലും വല്ല സൂചനയും എതിർകക്ഷിയിൽ നിന്നു ആദ്യം ഉണ്ടാകേണമെന്നു സ്ത്രീയും പുരുഷനും ഏകകാലത്തു വിചാരിക്കുന്നു. ഒടുവിൽ പ്രണയം ഗർവ്വത്തേയും ജയിക്കുന്നു. ഇക്കാര്യത്തിൽ സ്ത്രീക്കു് പുരുഷനെ അപേക്ഷിച്ചു് അധികമുള്ള ലജ്ജയെന്ന ഗുണം പിന്നെയും ജയിക്കപ്പെടാൻ ബാക്കിനില്ക്കുന്നു. പ്രണയവും ലജ്ജയും തമ്മിലുള്ള പോരാട്ടത്തിൽ സ്ത്രീ അനുഭവിക്കേണ്ടുന്ന പരമസങ്കടവും കഠിനവേദനയും അറിഞ്ഞിട്ടുതന്നെയായിരിക്കണം. പാശ്ചാത്യരാജ്യങ്ങളിൽ പ്രണയത്തെ ഏറ്റുപറഞ്ഞു വിവാഹകാര്യത്തെപ്പറ്റി ഒന്നാമതു് സംസാരിക്കേണ്ടതു് പുരുഷനാണെന്ന നടപ്പുണ്ടായതു്.

ഏതായാലും തന്റെ പ്രണയത്തെ കുറിച്ചു് വസുമതിയെ അറിയിക്കാൻ ദാമോദരനു് ധൈര്യമുണ്ടാകാതിരുന്നതിൽ അത്ഭുതപ്പെടാനില്ല. അവൻ ഇങ്ങിനെ വിചാരിച്ചു:

“ഞാനൊ സാധു; സഹായമില്ലാത്തവൻ. അവൾ വലിയൊരു ധനവാന്റെ പുത്രി; ലോകൈകസുന്ദരി. അവളെ വിവാഹം ചെയ്വാൻ തീയ്യസമുദായത്തിൽ വെച്ചു് സർവ്വ വിധത്തിലും യോഗ്യനായ ആൾപോലും ആഗ്രഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യും. അങ്ങിനെയൊരു സംബന്ധമായിരിക്കും അവളുടെ അച്ഛനും ജ്യേഷ്ഠനും ആഗ്രഹിക്കുന്നതും. അവൾക്കു് എന്നോടു പ്രണയമുണ്ടായിരിക്കാം. അതു വെറും ചാപല്യമായിരിക്കാനും മതി. ആ നിലയിൽ ഞാൻ അവളെ കാമിക്കുകയും അവളെ ഭാര്യയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതു യുക്തമായിരിക്കുകയില്ല. എനിക്കു് അവളുടെ വീട്ടിൽ സ്വാതന്ത്ര്യം നൽകിയ രാമനുണ്ണിയെയും, എന്നെ മകനെപ്പോലെ വിചാരിക്കുന്ന ആ വൃദ്ധനെയും അവമാനിക്കുകയും എന്നിൽ അവർക്കുണ്ടായ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയും ആണു് ചെയ്യുക. അതുകൊണ്ടു് ഞാൻ ഈ ആഗ്രഹത്തെ കഴിയുന്നത്ര പിൻവലിക്കാൻ ശ്രമിക്കാം.”

എന്തെങ്കിലും വിചാരിക്കട്ടെ; എന്തെങ്കിലും ശ്രമിക്കട്ടെ; രാജ്യംവിട്ടു ഓടിപ്പോകട്ടെ; വേറെ എന്തെങ്കിലും പ്രവൃത്തിക്കട്ടെ; യഥാർത്ഥമായി അങ്കുരിച്ച പ്രണയത്തെ നശിപ്പിക്കാനൊ? അതു ബ്രഹ്മാവിനും തനിക്കും സാധിക്കയില്ല. ദാമോദരൻ എന്തൊക്കെ ശ്രമിച്ചിട്ടും

“…

പരവതിയക്കന്യയെന്നുമോർക്കുന്നേൻ;

കരളോപിന്നവളിൽതാൻ

പിരിയാനരുതാതെ പതിയുന്നു.”

എന്നുതന്നെ അവൻ നിലവിളിക്കേണ്ടിവന്നു.

വസുമതിയുടെ കാര്യം ഇതിലും കുറെ ഭേദമായിരുന്നു. ദാമോദരന്റെയും അവളുടെയും സ്ഥിതിഭേദത്തെപ്പറ്റി അവൾ ഓർത്തതേ ഇല്ല. അവൾ ദ്രവ്യസ്ഥയാണെന്നും അവൻ ദരിദ്രനാണെന്നും ഉള്ള ചിന്ത ഒരു പ്രാവശ്യമെങ്കിലും അവളുടെ മനസ്സിൽ കൂടി കടന്നു പോയിരുന്നില്ല. ലോകത്തിലുള്ള പുരുഷന്മാരിൽ വെച്ചു മഹാ സുന്ദരനും സുശീലനും സരസനും സമർത്ഥനും, എന്നല്ല, എന്തൊക്കെ സൽഗുണങ്ങളുണ്ടോ അവയൊക്കെ കൂടി മൂർത്തീകരിച്ച ഒരുവനാണു് ദാമോദരൻ എന്നാണു് അവളുടെ ധാരണ. പക്ഷേ, അവൻ വേറെ വല്ലഭാഗ്യവതിയേയും ഭാര്യയാക്കാൻ തീർച്ചയാക്കിയിരിക്കുമെന്നും തന്നെപ്പറ്റി അവൻ അത്ര സ്നേഹത്തോടുകൂടി വിചാരിക്കുന്നില്ലെന്നും ആയിരുന്നു ആ സാധ്വിയുടെ ഭയം. ഇങ്ങിനെയുള്ള ഭയത്തിനു പലപ്പൊഴും സംഗതിയുണ്ടായിട്ടും ഉണ്ടു്. അവളിൽതാൻ അപരാധനായിത്തീരരുതെന്നുള്ള വിചാരത്തോടുകൂടി അവൻ ചെയ്യുന്നതൊ പറയുന്നതൊ ആയ സംഗതികളൊക്കെ തന്നിൽ പ്രണയമില്ലായ്മയുടെ ദൃഷ്ടാന്തമായി വസുമതി വ്യാഖ്യാനിക്കും.

ഒരിക്കൽ ദാമോദരൻ ഇംഗ്ലീഷുമാസികാപുസ്തകത്തിലെ ഒരു ചിത്രം നോക്കിരസിക്കയായിരുന്നു. ഒരു സുന്ദരി കയ്യിൽ ഒരു പുഷ്പം പിടിച്ചുകൊണ്ടു് തന്റെ കാമുകന്റെ വരവും താമസിച്ചു നില്ക്കുന്നനിലയിലുള്ള ചിത്രമായിരുന്നു. അവൻ അതു നോക്കിക്കൊണ്ടു് വസുമതിയെ ധ്യാനിച്ചിരിക്കെ വസുമതി തന്റെ മുമ്പിൽ പ്രത്യക്ഷമായി. ആദ്യം ദാമോദരന്റെ മുഖത്തും പിന്നെ ചിത്രത്തിലും നോക്കീട്ടു്,

“എന്താ ദാമോദരാ, ചിത്രത്തിന്റെ ഭംഗി കണ്ടു രസിക്കയാണോ?” എന്നു ചോദിച്ചു. ദാമോദരൻ ഈ ചോദ്യം കേട്ട ഉടനെ പുസ്തകം പൂട്ടി ഒരക്ഷരവും ഉത്തരം പറയാതെ അവിടുന്നു എഴുന്നീറ്റു പോയിക്കളഞ്ഞു. സഹിക്കാൻ പാടില്ലാതിരുന്ന മനോവേദനകൊണ്ടായിരുന്നു അവൻ അങ്ങിനെ ചെയ്തതു്. വസുമതി നേരെ വിപരീതാർത്ഥത്തിൽ വ്യാഖ്യാനിച്ചു. ഇങ്ങിനെ പല അവസരത്തിലും ചെറിയ ചില സംഭവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവയൊക്കെ അവരുടെ ഉള്ളിൽ മുളച്ചു ക്രമേണ വളരുന്ന പ്രണയ ലതയെ നശിപ്പിക്കാൻ ശക്തിയുള്ളതായില്ലെന്നു മാത്രമല്ല, ആ വക സംഗതികൾപോലും ആ ലതയ്ക്കു് വളവും വെള്ളവും ആയിത്തീരുകയാണു് ചെയ്തതു്.

എന്നാൽ ഒരു പരമാർത്ഥം ഇവരിരുവരും അറിഞ്ഞിരുന്നുവെങ്കിൽ ഇത്രയധികം സങ്കടപ്പെടുവാൻ അവകാശമുണ്ടാകുന്നതല്ലായിരുന്നു. വസുമതിയുടെ അമ്മ മരിക്കുമ്പോൾ തന്റെ മകളെ ദാമോദരനല്ലാതെ വിവാഹം ചെയ്തുകൊടുക്കരുതെന്നു് കോരപ്പനോടും രാമനുണ്ണിയോടും ഒസ്യത്തുപറഞ്ഞിരുന്നു. പുരുഷന്മാരുടെ ഗുണങ്ങളെ കണ്ടു മനസ്സിലാക്കാൻ സ്ത്രീകൾക്കാണു് സാമർത്ഥ്യം. യൌവനദശയിലുള്ള സ്ത്രീകൾ പുരുഷന്മാരുടെ ചില ഗുണങ്ങളെ, പക്ഷേ, അധികമായി കണ്ടെന്നുവരാം. കുറെ വാർദ്ധക്യംചെന്നവരായിരുന്നാൽ പിന്നെ ആ ഭയവും ഇല്ല. ദേവകിയമ്മ ദാമോദരനെ ചെറുപ്പം മുതൽക്കെ കണ്ടു പരിചയിക്കുകയും അവന്റെ ഗുണങ്ങളെ നല്ലവണ്ണം മനസ്സിലാക്കുകയും ചെയ്തിരുന്നു. അവൻ ഒരു കാലത്തു പരമയോഗ്യനായിത്തീരുമെന്നും ആ സ്ത്രീ ധരിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചു പ്രവൃത്തിക്കുന്നതാണെന്നു കോരപ്പൻ അനുവദിച്ചു. രാമനുണ്ണിയാകട്ടെ, തന്റെ അമ്മയുടെ ഈ അഭിപ്രായം അറിഞ്ഞപ്പോൾ അത്യന്തം സന്തോഷിച്ചു. അന്നു തുടങ്ങി കോരപ്പൻ ദാമോദരന്റെ ഓരോ സ്വഭാവത്തെയും പ്രവൃത്തിയെയും സൂക്ഷിച്ചു മനസ്സിലാക്കിത്തുടങ്ങി. അതിന്റെ ഫലമായിട്ടാണു് തന്റെ മകളോടു അത്യന്തം അടുത്തു പെരുമാറിക്കൊള്ളുന്നതിനു് അയാൾ ദാമോദരനെ അനുവദിച്ചതു്. തന്റെ പുത്രിയുടെ ആലോചനാശക്തിയെയും വിവേകബുദ്ധിയെയും പറ്റി നല്ലവണ്ണം അറിഞ്ഞിരുന്ന വൃദ്ധൻ, അവൾ അവിവേകമായി യാതൊന്നും പ്രവർത്തിക്കയില്ലെന്നു ദൃഢമായി വിശ്വസിച്ചു. അനേകം ഇംഗ്ലീഷു നോവലുകൾ വായിച്ചിരുന്ന രാമനുണ്ണി, തന്റെ സഹോദരിയും തന്റെ സ്നേഹിതനും തമ്മിലുള്ള പ്രണയാനുരാഗങ്ങളെ കണ്ടു മനസ്സിലാക്കുകയും അതുനിമിത്തം ഉള്ളുകൊണ്ടു് സന്തോഷിക്കുകയും ചെയ്തു. തങ്ങളുടെ സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു ദാമോദരനെ ഉയർന്നതരം പരീക്ഷകൾക്കു് പഠിപ്പിക്കണമെന്നു രാമനുണ്ണി അഭിപ്രായപ്പെട്ടുവെങ്കിലും ദാമോദരൻ അതിനു അനുകൂലിക്കാതിരിക്കുകയാണു് ചെയ്തതു്.

തങ്ങൾ ഒന്നിച്ചു നടക്കുന്നതിനും സ്വൈരസല്ലാപം ചെയ്യുന്നതിനും മറ്റുള്ളവർ മുടക്കം പറയുന്നില്ലെന്നു കണ്ടപ്പോൾ അങ്ങിനെ കൂടക്കൂടെ ചെയ്തുതുടങ്ങി; പ്രണയബന്ധം മുറുകി. ഇവരുടെ ആദ്യകാലങ്ങളിലുള്ള സംഭാഷണങ്ങളെയും മറ്റും വിവരിച്ചു ഗ്രന്ഥവിസ്താരം വരുത്തുന്നില്ല. ഒന്നാമദ്ധ്യായത്തിൽ വിവരിച്ചതു് ഒടുവിലുള്ള സംഭാഷണമായിരുന്നു.

ദാമോദരൻ തന്റെ ആപ്പീസ്സിൽനിന്നു നേരെ സ്വന്തം വീട്ടിലേക്കായിരുന്നു പോയതു്. അവന്റെ അമ്മ മകന്റെ വരവും കാത്തു കോലായിൽത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ദാമോദരനെ കണ്ട ഉടനെ ആ സ്ത്രീ എഴുന്നീറ്റു വാത്സല്യം ഒഴുകുന്ന കണ്ണുകളെക്കൊണ്ടു് മകനെ നോക്കി ഹൃദയം കുളുർപ്പിച്ചശേഷം, “നീ എന്തെ ദാമു ചോറുണ്ണാൻ വന്നില്ല. വൈകുന്നേരം അയച്ച പലഹാരവും തിന്നില്ല. പാലു മാത്രം കുടിച്ചു. ഇങ്ങിനെയായാൽ നിന്റെ ശരീരം ക്ഷീണിക്കില്ലെ? നിനക്കെന്താ വയറ്റിൽ സുഖമില്ലെ? തേച്ചുകുളിച്ചിട്ടു് കാലം മറന്നു.”

ദാമോദരൻ ഇതു കേട്ടപ്പോൾ “എനിക്കു് തേച്ചുകുളിക്കാൻ സമയമില്ലമ്മെ എനിക്കിന്നു നല്ല വിശപ്പും ഉണ്ടായില്ല. വെള്ളം തയ്യാറായൊ കുളിക്കേണ്ടിയിരുന്നുവല്ലൊ?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അവന്റെ അമ്മ അകത്തേക്കു പോയി. പോയ ഉടനെ, ദാമോദരൻ വിളക്കിന്നടുത്തു ചെന്നു കീശയിൽനിന്നു വസുമതിയുടെ കത്തെടുത്തു വായിച്ചു. ഇതായിരുന്നു കത്തു്:

“പണിത്തിരക്കു് എത്രയുണ്ടായാലും വൈകുന്നേരം ഒന്നു് ഇവിടത്തോളം വന്നു പോകണം. ജ്യേഷ്ഠന്നു് അടിയന്തരമായി എന്തോ നിന്നോടു പറവാനുണ്ടുപോൽ, അവർ ടെന്നിസ്സുകളിക്കാൻ പുറപ്പെട്ടുപോകുമ്പോൾ നിനക്കു് ഇങ്ങിനെ ഒരു കത്തു് എഴുതാൻ ആവശ്യപ്പെട്ടതുകൊണ്ടാണു് കത്തു ഞാൻ എഴുതാൻ സംഗതിയായതു്.”

വസുമതി.

ദാമോദരൻ എഴുത്തു വായിച്ചു. തനിയെ തന്നെ എന്തായിരിക്കും അടിയന്തരകാര്യം എന്നിങ്ങിനെ ആലോചിച്ചുകൊണ്ടിരിക്കെ, തന്റെ സഹോദരിമാരിൽ മൂത്തവളായ ലക്ഷ്മി അടുത്തു ചെന്നിട്ടു്, “ജ്യേഷ്ഠാ, രാമമന്ദിരത്തിൽനിന്നു കണ്ണൻ വന്നിരുന്നു. ഒരെഴുത്തുംകൊണ്ടു്. നിങ്ങൾ ആപ്പീസ്സിൽനിന്നു മടങ്ങിവന്നിട്ടില്ലെന്നു ഞാൻ പറഞ്ഞു. അവൻ അങ്ങട്ടു വന്നിരുന്നു. കണ്ടുവൊ?” എന്നു പറഞ്ഞു മന്ദഹസിച്ചു.

ദാമോദരൻ:
കണ്ണൻ ആപ്പീസ്സിൽ വന്നിരുന്നു.
ലക്ഷ്മി:
രാമമന്ദിരത്തിൽ ഇന്നു രണ്ടു വിരുന്നുകാരുണ്ടായിരുന്നുപോൽ.
ദാമോദരൻ:
ആരായിരുന്നു?
ലക്ഷ്മി:
കുഞ്ഞിരാമൻ മുൻസീപ്പും ഭാര്യയും.
ദാമോദരൻ മുഖസ്വഭാവം പകർന്നു. തന്റെ സഹോദരി അതു കണ്ടു മനസ്സിലാക്കരുതെന്നുവെച്ചു ഉടനെ മുഖം താഴ്ത്തി, കയ്യിലുണ്ടായിരുന്ന കത്തു കീശയിൽ സ്ഥാപിച്ചു. ലക്ഷ്മി പിന്നെയും പറയുന്നു: “ഉച്ചക്കു വന്നിട്ടു് വൈകുന്നേരം ആറുമണിയായിരുന്നു പോൽ മടങ്ങിപ്പോകാൻ. വസുമതിയുടെ കല്യാണത്തിന്റെ കാര്യം തീർച്ചയാക്കാനായിരുന്നുപോൽ വന്നതു്.”
ദാമോദരൻ:
എന്നിട്ടൊ, ഒക്കെ തീർച്ചയാക്കിയോ?
ലക്ഷ്മി:
ഒക്കെ തീർച്ചയാക്കിയെന്നും വരുന്ന മാസം കരുണാകരൻ മദിരാശിന്നു വരുമെന്നും അപ്പോൾ കല്യാണമുണ്ടാകുമെന്നും കണ്ണൻ പറഞ്ഞു.
ദാമോദരൻ:
കണ്ണൻ പിന്നെ എന്തു പറഞ്ഞു?
ലക്ഷ്മി:
പിന്നെ ഞാനൊന്നും ചോദിച്ചില്ല. ഇതു് നേരാണോ ജ്യേഷ്ഠാ? കരുണാകരൻ വസുമതിയെ കല്യാണം കഴിക്കാൻ തീർച്ചയാക്കിയോ?
ദാമോദരൻ:
നീ എന്നോടാണോ പെണ്ണേ ചോദിക്കുന്നതു്. ഞാനെന്തറിയും?
ലക്ഷ്മി:
ഞാനൊരിക്കലും വിശ്വസിക്കയില്ല. വസുമതി അതിനു് അനുവദിക്കയില്ല. ഞാനറിയും അനുവദിക്കില്ലെന്നു്.
ദാമോദരൻ അകത്തു കടന്നു, തന്റെ മുറിയിൽ പോയി കുപ്പായവും മറ്റും അഴിച്ചിട്ടു. അതിലിടക്കു് ലക്ഷ്മി പറഞ്ഞ വാക്കുകളും, വസുമതിയുടെ കത്തും, രണ്ടും യോജിപ്പിച്ചുകൊണ്ടു് പലതും അവൻ ആലോചിച്ചുതുടങ്ങി. “ഇതൊരു സമയം നേരായി വരുമൊ?” വസുമതിയുടെ അച്ഛനെ പക്ഷേ, ആ ജംബുകൻ പറഞ്ഞു ഫലിപ്പിച്ചിട്ടുണ്ടായിരിയ്ക്കാം. കുഞ്ഞിരാമൻ വലിയ സൂചിക്കണ്ണനാണു്. അവന്റെ കാര്യസാദ്ധ്യത്തിനു് ഇല്ലാത്ത കുസൃതികൾ പലതും ഉണ്ടാക്കാൻ മടിക്കയില്ല. വാക്കും സ്നേഹസ്വഭാവവും കണ്ടാൽ ആരും മയങ്ങിപ്പോകും. ഛെ! വസുമതി അതിനനുവദിക്കയില്ല. രാമനുണ്ണിയും സമ്മതിക്കില്ല. അഥവാ, എങ്ങിനെ നിശ്ചയിക്കുന്നു. സ്വാർത്ഥത്തോടു് അടുക്കുമ്പോൾ ആളുകളുടെ സ്വഭാവം വളരെ ഭേദിക്കുന്നതായി നാം കാണുന്നില്ലെ? ഇല്ല, വസുമതിയെപ്പോലെ പഠിപ്പും വിവേകവും ഉള്ള ഒരു സ്ത്രീ അങ്ങിനെ ചെയ്യില്ല. ദൈവമെ, ഞാൻ വെറുതെ സംശയിച്ചു. ഈ ഭൃത്യന്മാരെ വിശ്വസിക്കരുതു്. അവർ അവിടുന്നും ഇവിടുന്നും അല്പാല്പം കേട്ടതു ഒന്നിനു നാലാക്കി പെരുക്കി മറ്റുള്ളവരോടു പറയാൻ സമർത്ഥരാണു്. ഇത്ര ക്ഷണത്തിൽ വസുമതിയുടെ മനസ്സു ഭേദിക്കാൻ യാതൊരു സംഗതിയും ഇല്ല.” ദാമോദരൻ ഇങ്ങിനെ ഉറച്ചു. അവൻ ഭൃത്യന്മാരെ പറ്റി പറഞ്ഞതു യഥാർത്ഥമായിരുന്നു. വിശേഷിച്ചു, വലിയ ഉദ്യോഗസ്ഥന്മാരുടെയും മറ്റും വീടുകളിലുള്ള ഭൃത്യന്മാർ ഈ വക സംഗതികളിൽ വലിയ അപരാധികളാണു്. വീട്ടിൽ നിന്നു സംസാരിക്കുന്ന വർത്തമാനങ്ങളൊക്കെ പുറത്തും, പുറത്തുനിന്നു കേൾക്കുന്നവ വീട്ടിലും ചെന്നു പറയുന്നതു് അവരാണു്. അവർ മുഴുവൻ വർത്തമാനം കേട്ടെന്നും വരുന്നതല്ല. യജമാനന്മാർക്കു് ചായയോ, പലഹാരമൊ, മറ്റൊ അവരുടെ മുറിയിൽ കൊണ്ടുപോയി കൊടുക്കുമ്പോഴും വെറെ സംഗതികളിൽ അവരുമായി അടുത്തു എടപെടുമ്പോഴും അവർ മറ്റുള്ളവരുമായി സംസാരിക്കാറുള്ളതിന്റെ ഏതാൻ ഭാഗം മാത്രം കേൾക്കും. അതു പുറത്തുചെന്നു പറയും. അതുപിന്നെ രാജ്യം മുഴുവൻ വ്യാപിക്കും. വിവേകമില്ലാത്ത ചില ഗൃഹസ്ഥമാർ തങ്ങളുടെ ഭൃത്യന്മാരോടു മറ്റുള്ളവരുടെ വിവരം ചോദിച്ചറിവാൻ വളരെ ആഗ്രഹമുള്ളവരായി കാണപ്പെടാറുണ്ടു്. ഭൃത്യന്മാരെ നുണപറവാൻ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രവൃത്തികൊണ്ടുള്ള ദോഷം മിക്കപേരും മനസ്സിലാക്കുന്നില്ല. അനേകം കുടുംബങ്ങൾ തമ്മിൽ ഛിദ്രമുണ്ടാകാൻ ഈ ഭൃത്യന്മാർ പലപ്പോഴും സംഗതിയാകാറുണ്ടു്. ഭൃത്യന്മാരെ സൂക്ഷിക്കുവിൻ! അവരെ അവരുടെ നിലയ്ക്കു നിർത്തുവിൻ!

വസുമതിയുടെ ഭൃത്യൻ ലക്ഷ്മിയോടു വന്നു പറഞ്ഞ വാക്കുകളെ കുറിച്ചു ദാമോദരൻ പലതും ആലോചിച്ചുകൊണ്ടിരിക്കെ, അവന്റെ അമ്മ അടുത്തുചെന്നിട്ടു് “എണ്ണയിത! കുളിക്കാൻ വെള്ളം തയ്യാറായിരിക്കുന്നു. വേഗം കുളിച്ചുവന്നാട്ടെ. ഞാൻ ഊണു കൊണ്ടുവെക്കുന്നു. കണ്ടോ, നിന്റെ കോലം കണ്ടോ. ഇതെന്തൊരു മെലിച്ചലാണു്. ഇങ്ങിനെ തിന്നാതെ പ്രവൃത്തിയെടുത്താൽ മെലിയൂല്ലെ?” എന്നു പറഞ്ഞു മകന്നു തേക്കാൻ എണ്ണകൊടുത്തു. ദാമോദരൻ പോയി കുളിച്ചുവരുന്നതിലിടയ്ക്കു് ഭക്ഷണം കഴിക്കാനുള്ള മേശമേൽ വളരെ വൃത്തിയുള്ള ഒരു വെള്ള വസ്ത്രം വിരിച്ചു് അതിന്മേൽ ചോറും കറികളുമൊക്കെ അതാതിനാവശ്യപ്പെട്ട വലിപ്പത്തിലുള്ള പിഞ്ഞാണങ്ങളിലാക്കി, വസ്സികളെകൊണ്ടും സാസ്സറുകളെക്കൊണ്ടും മൂടിവെച്ചിരിക്കുന്നു. ദാമോദരൻ വന്നു ഒരു കസേലയിൽ ഇരുന്നു, ഭക്ഷണങ്ങളിൽ ഓരോന്നിന്റെ മൂടിനീക്കി കരണ്ടികൊണ്ടു് അല്പം ചോറെടുത്തു് ഒരു വസ്സിയിൽ ഇട്ടു ഭക്ഷിച്ചുതുടങ്ങി. ഭക്ഷണത്തിനു് അന്നു തനിക്കു രുചിയും വിശപ്പുമില്ലെന്നു് അവനു തോന്നി. ഉണ്ടുതുടങ്ങിയപ്പോൾ അമ്മയും പെങ്ങമ്മാരും മേശയുടെ അടുക്കൽചെന്നു. അമ്മ ഒരു കസേലയിൽ ഇരുന്നു. ദാമോദരൻ ഊണു കഴിക്കാത്തതിനെപ്പറ്റി ഓരോന്നേ പറഞ്ഞും പിന്നെയും ചോറെടുക്കാൻ ഉപദേശിച്ചും ചില കറികൾ താൻ തന്നെ കരണ്ടികൊണ്ടു് കോരിയിട്ടുകൊടുത്തും ഇരിക്കെ ദാമോദരൻ ഒന്നും മിണ്ടാതെ സാവധാനത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതു കണ്ടു, ആ സ്ത്രീ ഇങ്ങിനെ പറഞ്ഞു:

“ദാമൂ, എനിക്കു വയസ്സായിത്തുടങ്ങി. നിന്റെ അച്ഛൻ വളരെ ആശിച്ച കാര്യം സാധിച്ചുകാണാതെ, അവർ മരിച്ചു. അതുകൊണ്ടു ഞാൻ മരിക്കുന്നതിനുമുമ്പു നിനക്കൊരു കല്യാണം കഴിച്ചു കാണണം. നിനക്കു് ഈ മേടം 4-ാംനുക്കു് 25 വയസ്സു തികഞ്ഞു.”

ഇതു കേട്ടപ്പോൾ ദാമോദരൻ തന്റെ അമ്മയുടെ മുഖത്തു നോക്കി ഒന്നു ചിരിച്ചു. മനുഷ്യരുടെ മനസ്സിലുള്ള വിചാരം മറ്റു മനുഷ്യരുടെ മനസ്സിലേക്കു സഞ്ചരിക്കുമെന്നുള്ള തത്വമാണു് അവനു് ഓർമ്മവന്നതു്. താൻ വസുമതിയേയും തന്റെ വിവാഹത്തെയും പറ്റി വിചാരിച്ചുകൊണ്ടിരിക്കെ തന്റെ അമ്മ ആ വിഷയത്തെപ്പറ്റിത്തന്നെ പറവാൻ സംഗതിയായതിനെ കുറിച്ചു് അവൻ അത്ഭുതപ്പെട്ടു. തന്റെ അമ്മ മേൽപ്രകാരം പറഞ്ഞുവെച്ച ഉടനെ ഇളയ സഹോദരി, ജാനകി ഇങ്ങിനെ പറഞ്ഞു:

“ദാമ്വേട്ടനു് ഞാനുണ്ടൊരു പെണ്ണിനെ കണ്ടിട്ടു്.”

ഈ പെൺകുട്ടിയെ ദാമോദരനു് വലിയ സ്നേഹമായിരുന്നു. അവളാണു് കൂട്ടത്തിൽ ബുദ്ധിയുള്ള കുട്ടിയെന്നു് അവൻ പറയാറുണ്ടു്. അവൾ അങ്ങിനെ പറഞ്ഞപ്പോൾ ദാമോദരൻ ഇങ്ങിനെ ചോദിച്ചു:

“ആരാ ജാനൂ? അങ്ങേവീട്ടിലെ അമ്മാളു അമ്മയാണോ?”

ഇതു കേട്ടപ്പോൾ എല്ലാരും പൊട്ടിച്ചിരിച്ചു. അമ്മാളു അമ്മ ഏകദേശം 80 വയസ്സുള്ള ഒരു ശൂദ്രസ്ത്രീയായിരുന്നു.

ജാനകി:
അമ്മാളു അമ്മയൊന്നുമല്ല. രാമമന്ദിരത്തിലെ വസുമതി.
ഇതു കേട്ടപ്പോൾ ലക്ഷ്മി ജാനകിയെ നോക്കി താക്കീതുചെയ്യുന്ന രീതിയിൽ “ജാനൂ” എന്നു വിളിച്ചു അവളുടെ മുഖത്തു് ഒന്നു നോക്കി.

പാഞ്ചാലി അമ്മ.—ദാമോദരന്റെ അമ്മ—ഇങ്ങിനെ പറഞ്ഞു:

“നല്ലകാര്യം! നീ മറ്റാരെയും കണ്ടില്ലെ ജാനൂ?”

ദാമോദരൻ:
അതെന്താ, അമ്മക്കു് ബോധിച്ചില്ലെ?
ലക്ഷ്മി:
അതല്ലെ പറയുന്നു. അമ്മക്കു് ഒട്ടും ബോധിച്ചില്ലെന്നു തോന്നുന്നുവല്ലൊ.
ദാമോദരന്റെ മൂന്നു സഹോദരിമാരിൽ വലിയൊരു രസികത്തിയായ ശാരദയെന്ന നടുവിലത്തെ പെങ്ങൾ അതുവരെ ഒന്നും സംസാരിക്കാതെ ദാമോദരന്റെ ഒരു കുപ്പായം തുന്നിക്കൊണ്ടിരിക്കയായിരുന്നു. അവൾ ഇതു കേട്ടപ്പോൾ ഇങ്ങിനെ പറഞ്ഞു: “അമ്മക്കു് എങ്ങിനെ ബോധിക്കും?”

“ആകാശമാർഗ്ഗേ വിലസുന്ന ചന്ദ്രൻ

മനോരഥത്താൽ വരുമോ കരത്തിൽ?”

പാഞ്ചാലി:
അതു് നേരുതന്നെ. എന്റെ മകൾ പറയുന്നു.
ലക്ഷ്മി:
അതെന്താ, ജ്യേഷ്ഠനു് വസുമതിയെ കിട്ടാൻ യോഗ്യതയില്ലെന്നൊ?
ശാരദ:
യോഗ്യതയുണ്ടു്, ഭാഗ്യമില്ല.
ദാമോദരൻ:
നിങ്ങൾ തന്നെ ഭാഗ്യവും യോഗ്യതയും ഒക്കെ തീർച്ചയാക്കുവിൻ. എനിക്കു് അവളെ വേണ്ടെങ്കിലൊ?
ശാരദ:
മുന്തിരിങ്ങ പുളിയ്ക്കും ഇല്ലെ, ജ്യേഷ്ഠാ?
ലക്ഷ്മി:
ഹോ! എന്തു പറഞ്ഞിട്ടു്! ജ്യേഷ്ഠനു വസുമതിയേക്കാൾ യോഗ്യതയുള്ള സ്ത്രീയെ വേണമെങ്കിൽ കിട്ടും.
പാഞ്ചാലി:
ആ ദേവകി ജീവനോടുകൂടി ഉണ്ടായിരുന്നുവെങ്കിൽ അങ്ങിനെതന്നെ വരുമായിരുന്നു.
ദാമോദരൻ:
അതെന്താ?
പാഞ്ചാലി:
അവൾ എന്നോടു് ഒരു പ്രാവശ്യം നേരംപോക്കായിട്ടോ എന്തോ പറഞ്ഞിരുന്നു ‘എന്റെ മകളെ നിന്റെ മകനു കല്യാണം കഴിക്കണം’ എന്നു്.
ലക്ഷ്മി:
നേരാണമ്മേ? എന്നിട്ടു നിങ്ങളെന്തേ ഈ വിവരം ഞങ്ങളോടൊന്നും പറഞ്ഞില്ല?
ദാമോദരൻ:
എന്തമ്മേ ഇന്നു മധുരം ഒന്നുമില്ലേ?
പാഞ്ചാലി:
ഉണ്ടു്. അതങ്ങ് മറന്നിനു് എടീ, എടുത്തുകൊണ്ടുവാ, ഇന്നു ജാനകി പുസ്തകത്തിൽ നോക്കി ഒരു പുതുമാതിരി പൊടീനുണ്ടാക്കീട്ടുണ്ടു്.
‘ലക്ഷ്മീഭായി’ എന്ന മാസികാപുസ്തകത്തൽ ഒരു പുതുമാതിരി പൊടീനുണ്ടാക്കാനുള്ള ക്രമം വായിച്ചു് അതിനനുസരിച്ചു് ഉണ്ടാക്കിയ പലഹാരം ജാനകി എടുത്തുകൊണ്ടു ദാമോദരന്റെ മുമ്പിൽ വെച്ചിട്ടു “ജ്യേഷ്ഠന്റെ അഭിപ്രായം അറിയട്ടെ” എന്നു പറഞ്ഞു. ദാമോദരൻ അതല്പം തിന്നിട്ടു് “വളരെ നന്നായിരിക്കുന്നു. നീ എന്തെടീ കണ്ണൂരിലെ പ്രദർശനത്തിനു് ഈ വിധം ഒന്നുണ്ടാക്കി അയച്ചില്ല?” എന്നു ചോദിച്ചു.
ശാരദ:
അവൾ അങ്ങിനെ ഒന്നുണ്ടാക്കി അയച്ചെങ്കിൽ വസുമതിക്കു കിട്ടാനിടയുള്ള സ്വർണ്ണമുദ്ര കിട്ടാതായിപ്പോയെങ്കിലോ, എന്നു വിചാരിച്ചിട്ടായിരിയ്ക്കാം
ജാനകി:
ജ്യേഷ്ഠത്തിയുടെ അസൂയ കണ്ടുവോ
ദാമോദരൻ:
നിനക്കിതിനു് ഞാനൊരു സ്വർണ്ണമുദ്ര തരുന്നുണ്ടു്.
ശാരദ:
നാളെ ഞാനൊരു പൊടീനുണ്ടാക്കും. ജ്യേഷ്ഠൻ എനിക്കും ഒരു സ്വർണ്ണമുദ്ര തരുമല്ലോ
ലക്ഷ്മി:
എല്ലാരും ഓരോന്നുണ്ടാക്കുക, അതിൽ ആരെതാണു് അധികം നല്ലതെന്നുവെച്ചാൽ അതിനൊരു സ്വർണ്ണമുദ്ര കൊടുക്കാം. അതാണു് നല്ലതു്.
ശാരദ:
ജ്യേഷ്ഠൻ ജാനകിയ്ക്കേ കൊടുക്കൂ
ജാനകി:
വേണ്ട. ജ്യേഷ്ഠനെ ജഡ്ജിയാക്കണ്ട. വേറെ വല്ലവരേയും ആക്കാം.
ലക്ഷ്മി:
ആട്ടെ, മൂന്നുപേരും പൊടീനുണ്ടാക്കി വസുമതിയ്ക്കയക്കുക. അവൾ നല്ലതാണെന്നു പറയുന്നതിനു ജ്യേഷ്ഠൻ ഒരു സ്വർണ്ണമുദ്ര കൊടുക്കും ഇല്ലേ ജ്യേഷ്ഠാ.
ദാമോദരൻ ഏഴുന്നേറ്റു മുഖം കഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ലക്ഷ്മി അങ്ങിനെ പറഞ്ഞതു്.
ദാമോദരൻ:
അങ്ങിനെയാകട്ടെ. ജാനകിയ്ക്കു ഞാൻ വാഗ്ദത്തം ചെയ്ത മുദ്ര ആദ്യം, കൊടുക്കട്ടെ. പിന്നെയാകാം നിങ്ങളുടെ പ്രദർശനവും, പരീക്ഷകളും ജഡ്ജിയും മറ്റും.
അല്പം കഴിഞ്ഞു, ദാമോദരൻ പടി ഇറങ്ങിപ്പോയി. പോകുമ്പോൾ, “അമ്മേ ഞാൻ രാമമന്ദിരത്തിലൊന്നു പോയിവരട്ടെ. അങ്ങട്ടു ചെല്ലാൻ രാമനുണ്ണി ഒരെഴുത്തു് അയച്ചിരിക്കുന്നു.” എന്നു പറഞ്ഞു.
പാഞ്ചാലി:
വേഗം വരണേ, രാത്രി അധികം താമസിക്കണ്ടാ. മഞ്ഞുണ്ടു്.
‘ആരാന്റെ മലയിൽ കത്തുന്നതു തന്റെ തലയിൽ കത്തി’

“ഞാൻ നിന്നോടു നിർവ്യാജ്യം അനുശോചിക്കുന്നു. ഇന്നാൾ വൈകുന്നേരം നീ പറഞ്ഞപ്പോൾ ആരെയായിരിക്കും സൂചിപ്പിച്ചതെന്നു് ഞാൻ ശരിയായി ധരിച്ചിരുന്നില്ല. സരോജിനി നിശ്ചയമായും നല്ലൊരു കുട്ടിയാണു്. സുന്ദരിയാണു്. നീ പറഞ്ഞതുപോലെതന്നെ വിദുഷിയാണു്.”

ഇങ്ങിനെ പറഞ്ഞു വസുമതി മന്ദഹാസത്തോടുകൂടി ദാമോദരന്റെ മുഖത്തുതന്നെ നോക്കി. അവരുടെ രണ്ടുപേരുടേയും മുഖസ്വഭാവത്തിനുണ്ടായിരുന്ന വ്യത്യാസം കവികൾക്കും ചിത്രകാരന്മാർക്കും രസകരമായ ഒരു പാഠമായിരുന്നു. ദാമോദരന്റെ മുഖത്തു സന്ദേഹം, ആശ്ചര്യം, ഭയം, സങ്കടം എന്ന പലവിധ മനോവികാരങ്ങൾ ഒന്നിനൊന്നു തുടരത്തുടരെ സ്ഫുടീകരിച്ചുകൊണ്ടിരിക്കയും വസുമതിയുടെ വദനാരവിന്ദത്തിൽ പരിഹാസസൂചകമായ മന്ദഹാസം കളിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. രണ്ടുപേരും രാമമന്ദിരത്തിലെ തോട്ടത്തെ അഭിമുഖീകരിച്ചു, മാളികമേലുള്ള വരാന്തയിൽ ഓരോ കസാലയിൽ ഇരിക്കയായിരുന്നു. ഈ വറാന്തയിൽനിന്നു നോക്കിയാൽ തോട്ടം മുഴുവൻ നല്ലവണ്ണം കാണാം. മുൻഭാഗത്തു രണ്ടര അടി ഉയരത്തിലുള്ള അഴിയും കാലും ഇടയ്ക്കിടയ്ക്കു കല്ത്തൂണുകളുമല്ലാതെ ചുവരില്ലായിരുന്നു. അവരുടെ സമീപത്തു് ഒരു മേശമേൽ ഉണ്ടായിരുന്ന വിളക്കിന്റെ പ്രഭയെ പരിഹസിക്കുന്നതിനെന്നപോലെ ചന്ദ്രിക, ആ വരാന്തയിലും അതിക്രമിച്ചു പ്രവേശിച്ചു പ്രകാശിച്ചുകൊണ്ടിരുന്നു. വസുമതിയുടെ വാക്കുകൾ കേട്ടപ്പോൾ ദാമോദരൻ അല്പനേരം സ്തംഭിച്ചുകൊണ്ടിരുന്ന ശേഷം ഇങ്ങിനെ പറഞ്ഞു: “വസുമതി, നേരം പോക്കിനുള്ള സമയമല്ലിതു്. എനിക്കു സത്യമായിട്ടും വളരെ ഉൽക്കണ്ഠയും കുണ്ഠിതവുമുണ്ടു്. രാമനുണ്ണി എവിടെ? അവനെ വിളിക്കൂ. നിങ്ങൾക്കു കാര്യമായി പറവാനുള്ളതെന്താണു് അതു പറയൂ.”

വസുമതി:
എനിക്കു പറവാനുള്ളതു് ഞാൻ പറഞ്ഞു. ജ്യേഷ്ഠനിപ്പഴ് വരും അവർക്കു പറവാനുള്ളതു് അവരും പറയും
ദാമോദരൻ:
നിനക്കു പറവാനുള്ളതു് നീ എന്തു പറഞ്ഞു? ഞാനൊന്നും കേട്ടില്ല.
വസുമതി:
ഞാൻ തുറന്നു പറയാമല്ലോ. ഇന്നു മിസ്റ്റർ കുഞ്ഞിരാമനും ഭാര്യയും ഇവിടെ വന്നിരുന്നു.
ദാമോദരൻ:
അതെ. അതാണു് എനിക്കറിവാനുള്ളതു്. എന്തിട്ടെന്താണു് വർത്തമാനം?
വസുമതി:
ദാമോദരൻ മിസ്റ്റർ കുഞ്ഞിരാമന്റെ മകൾ സരോജിനിയെ കല്യാണം കഴിയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു സമ്മതിച്ചില്ലെന്നും…
ദാമോദരൻ:
വസുമതീ?
ദാമോദരൻ ഇരുന്ന ദിക്കിൽനിന്നു് ചാടിയെഴുന്നേറ്റു. അവനറിയാതെ എഴുന്നേറ്റുപോയതാണു്. വസുമതി പിന്നെയും പറയുന്നു.

“ഞാൻ മുഴുവൻ പറയട്ടെ., ബദ്ധപ്പെടേണ്ട., അവിടെ ഇരിക്കൂ” ദാമോദരൻ രണ്ടാമതും അവിടെ ഇരുന്നിട്ടു് “എന്നെ പരിഹസിക്കാനോ പരീക്ഷിക്കാനോ വേണ്ടിയാണു് ഇതൊക്കെ പറയുന്നതെങ്കിൽ അതു മറ്റൊരവസരത്തിലാക്കാം.”

വസുമതി:
ഒരിക്കലും പരിഹസിക്കാനല്ല. പരീക്ഷിക്കാനുളള ആവശ്യവുമില്ല.
ദാമോദരൻ:
നിന്നോടു പിന്നെ ആരാണു് ഇങ്ങനെയൊരു വർത്തമാനം പറഞ്ഞതു്
വസുമതി:
ജ്യേഷ്ഠനോടും അച്ഛനോടും മിസ്റ്റർ കുഞ്ഞിരാമൻ തന്നെ പറഞ്ഞുവെന്നു ജ്യേഷ്ഠൻ എന്നോടു പറഞ്ഞു.
ദാമോദരൻ:
ഞാൻ അയാളുടെ മകളെ കല്യാണം ചെയ്വാൻ ചോദിച്ചുവെന്നു മിസ്റ്റർ കുഞ്ഞിരാമൻ പറഞ്ഞുവോ?
വസുമതി:
അതെ, ചോദിച്ചുവെന്നും അയാൾ നിരസിച്ചുവെന്നും പറഞ്ഞു.
ദാമോദരൻ:
കളവു്. പച്ചക്കളവു്. ഞാൻ അങ്ങിനെ ഒരു കാര്യം എന്റെ മനസ്സിൽ വിചാരിക്കപോലും ചെയ്തിരുന്നില്ല. വസുമതി, നീയതു വിശ്വസിച്ചുവോ? ഞാൻ വലിയ കള്ളനും കപടഭക്തനുമാണെന്നു നീ വിചാരിച്ചുവോ?
വസുമതി:
നല്ല കഥ, ഒരു സ്ത്രീയെ വിവാഹം ചെയ്വാൻ അന്വേഷിക്കുന്നതു് കള്ളത്തരവും കപടഭക്തിയുമാണോ?
ദാമോദരൻ:
വസുമതി, ഞാൻ നിന്നെ വിവാഹം ചെയ്വാൻ വളരെ ആഗ്രഹിക്കുന്നുവെന്നും നിന്നെയല്ലാതെ മറ്റൊരാളിലും എനിക്കു ലവലേശം പ്രണയമില്ലെന്നും നീ അറിയുമല്ലോ? ആ നിലയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്വാൻ ആവശ്യപ്പെടുമെന്നുവരുന്നതാണോ? നീ അതു വിശ്വസിക്കുന്നുവോ?
വസുമതി എന്തൊ ഉത്തരം പറവാൻ ഭാവിച്ചപ്പോൾ രാമനുണ്ണി തോട്ടത്തിൽ ഇറങ്ങി നടക്കുന്നതു അവൾ കണ്ടു. ഉടനെ “അതാ, ജ്യേഷ്ഠനത” എന്നു പറഞ്ഞു. “ജ്യേഷ്ഠാ, ജ്യേഷ്ഠാ, ഞങ്ങളിവിടെയുണ്ടു്.” എന്നു വിളിച്ചു പറഞ്ഞു.

രാമനുണ്ണി മാളികമേലെക്കു കയറിവന്നു.

രാമനുണ്ണി:
ദാമൂ. കുഞ്ഞിരാമനും ഭാര്യയും വന്ന വിവരമൊക്കെ വസുമതി പറഞ്ഞില്ലെ?
വസുമതി:
അതാണു് ഞങ്ങൾ പറയുന്നതു്.
ദാമോദരൻ:
അയാളെന്തൊക്കെ കളവാണു് എന്നെക്കൊണ്ടു പറഞ്ഞതു്.
രാമനുണ്ണി:
ആ ദുഷ്ടൻ വെറും പച്ചക്കളവല്ലാതെ പറകയില്ലെന്നു് അറിയുന്നവർക്കൊക്കെ അറിയാമല്ലൊ. അതുകൊണ്ടു് അതിലത്ര വിചാരിക്കാനില്ല. നീയെന്താണു് അയാളെ മുഷിപ്പിച്ചതു്. നല്ല കുപ്പായവും തലപ്പാവും ധരിച്ചു അയാളെ കാണാൻ ചെന്നുവൊ, വല്ല സിഗററ്റോ മറ്റൊ വലിക്കുന്നതു് അയാൾ കണ്ടു പോയൊ. അതിനു നീ സിഗററ്റ് വലിക്കില്ലല്ലൊ.
ദാമോദരൻ:
അയാളെ മുഷിപ്പിക്കാൻ അറിഞ്ഞുകൊണ്ടു് ഞാനൊന്നും ചെയ്തിട്ടില്ല. എന്തൊക്കയാണു് അയാൾ പറഞ്ഞതു് ?
രാമനുണ്ണി:
അയാൾ എന്തെങ്കിലും പറയട്ടെ. അതൊന്നും സാരമില്ല. എനിക്കു നിന്നോടു സ്വകാര്യം ഒന്നു പറയാനുണ്ടു്. നീ വാ.
എന്നു പറഞ്ഞു അവനേയും കൂട്ടി തോട്ടത്തിലേക്കു് ഇറങ്ങിപ്പോയി. വസുമതി അവിടെത്തന്നെ ഇരുന്നു. ദാമോദരൻ സരോജിനിയെ വിവാഹം ചെയ്യാൻ ചോദിച്ചിരുന്നുവെന്നു കുഞ്ഞിരാമൻ പറഞ്ഞതു വെറും കളവാണെന്നു വസുമതിക്കു നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. ദാമോദരനെപ്പറ്റി വസുമതിക്കു് ദുരഭിപ്രായം ജനിക്കേണമെന്നുള്ള ഉദ്ദേശത്തോടുകൂടി കുഞ്ഞിരാമൻ പറഞ്ഞിരുന്ന ആ പച്ചക്കളവുകൊണ്ടു് നേരെ വിപരീതമായ ഫലമായിരുന്നു ഉണ്ടായതു്. ജനങ്ങൾ പറയും പ്രകാരം തന്നെ കുഞ്ഞിരാമൻ മഹാ ദുഷ്ടാശയനാണെന്നു അവൾ ധരിക്കയാണു് ചെയ്തതു്. ദാമോദരനോടു അവൾ വെറും നേരം പോക്കായിട്ടായിരുന്നു മേലെഴുതിയ ചോദ്യങ്ങൾ ചോദിച്ചതെന്നു പറയേണ്ടതില്ലല്ലൊ. ദാമോദരൻ കേവലം അങ്ങിനെയല്ല ധരിച്ചതു്.

വലിയ സമർത്ഥന്മാർ പോലും അവർ ഹൃദയപൂർവ്വം സ്നേഹിക്കുന്ന തരുണിമാരുടെ മുമ്പാകെ വിഡ്ഢികളായിത്തീരാറുണ്ടു്. അവരുടെ ആലോചനാശക്തിയും പ്രത്യുല്പന്നമതിയും ഒക്കെ തല്ക്കാലം എവിടയോ പോയി ഒളിയ്ക്കുന്നു.

കവിയും കാമമുള്ളോനും,

കവിയും, ഭ്രാന്തനും, തഥാ

ഭാവനാശക്തികൊണ്ടേക-

ഭാവമാണു ധരിക്കണം

ഏതായാലും താൻ നേരംപോക്കായി പറഞ്ഞതാണെന്നു ദാമോദരനെ ധരിപ്പിക്കേണമെന്നു വസുമതി വിചാരിച്ചിരുന്നു. നിർഭാഗ്യവശാൽ അതിനു സംഗതിവന്നില്ല. അടുത്ത അവസരത്തിലൊന്നും സംഗതിയുണ്ടാകുമെന്നും തോന്നുന്നില്ല.

രാമനുണ്ണിയും ദാമോദരനും തോട്ടത്തിലിറങ്ങിയശേഷം രാമനുണ്ണി ഇങ്ങിനെ ചോദിച്ചു: “നിങ്ങളുടെ സുബ്രഹ്മണ്യയ്യരുടെ വർത്തമാനമെന്താണു്?”

ദാമോദരൻ:
അദ്ദേഹം പതിനഞ്ചുദിവസത്തെ കല്പനവാങ്ങി പാലക്കാട്ടു് പോയിരിക്കുന്നു. അമ്മക്കു് സുഖക്കേടാണു് പോലും.
രാമനുണ്ണി:
നീയാണോ ബേങ്കിലെ കാര്യങ്ങൾ നോക്കുന്നതു്?
ദാമോദരൻ:
അതേ.
രാമനുണ്ണി:
നോക്കു, സൂക്ഷിക്കണം; നീ അതിലെ കണക്കുകളാക്കെ നോക്കിയിരുന്നുവോ?
ദാമോ:
ഞാൻ നോക്കിവരുന്നു. എന്തായിരുന്നു?
രാമനുണ്ണി:
സുബ്രഹ്മണ്യയ്യർ കുറെ പണം പറ്റീട്ടുണ്ടെന്നാണു് കേൾവി. അതിനെപ്പറ്റി നല്ലവണ്ണം അന്വേഷിച്ചിട്ടെ നീ അതിൽ കൈയിടാവൂ. വെറുതെ വെറും പേരു് സമ്പാദിക്കേണ്ട.
ദാമോ:
എന്താണു്? നീ എങ്ങിനെയറിഞ്ഞു? ആരുപറഞ്ഞു? എനിക്കും ആ കാര്യത്തിൽ സംശയമുണ്ടു്.
രാമനുണ്ണി:
ഞാനിന്നു് മന്നനമ്മാമന്റെ ഷാപ്പിൽ പോയിരുന്നു. അവിടുന്നാണു് കേട്ടതു്. നവറോജിയുടെ ബേങ്കിൽനിന്നു് കുറെ പണം കട്ടുപോയിട്ടുണ്ടെന്നു് പ്രസ്താവമുള്ളതായി അമ്മാമൻ തന്നെ പറഞ്ഞു. അദ്ദേഹം വലിയ സൊള്ളനാണെന്നു് നിനക്കറിയാമല്ലൊ. വല്ലതും കേട്ടാൽ അതു വളരെ കൂട്ടിപ്പെരുക്കി വലുതാക്കിയല്ലാതെ പറകയില്ല. അതുകൊണ്ടു് ഞാൻ അവരുടെ വാക്കു് അത്ര വിശ്വസിച്ചില്ല. പിന്നെ മിസ്റ്റർ അബ്ദുള്ളയും പറഞ്ഞു. അയാൾ കാര്യമറിയുന്നാളും നിന്നെ സ്നേഹിക്കുന്ന ആളുമാണു്. നീ വളരെ സൂക്ഷിക്കണമെന്നു് പറവാൻ എന്നോടു മിസ്റ്റർ അബ്ദുള്ള പറഞ്ഞിരിക്കുന്നു.
ദാമോദരൻ:
ഇതിൽ എനിക്കെന്താണു് ഭയപ്പെടാൻ എന്നു മനസ്സിലായില്ല. ഞാൻ ബേങ്കുമായി ഇതുവരെ യാതൊരുവിധത്തിലും സംബന്ധപ്പെട്ടിട്ടില്ലല്ലോ. ഇന്നലെ രാവിലെ സേട്ടു എന്നോടു ബേങ്കിന്റെ ചാർജ്ജെടുക്കാൻ പറഞ്ഞു. ഞാൻ അതിലെ കണക്കുകൾ നോക്കുകയും ചിലർ പലിശ വകയായി കൊണ്ടുവന്ന പണം വാങ്ങി ഒരു തൽക്കാലരശീതി കൊടുക്കുകയുമല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
രാമനുണ്ണി:
സേഫിന്റെ താക്കോൽ ആരുടെ കൈവശമാണു്?
ദാമോദരൻ ഇതു കേട്ടപ്പോൾ ഒന്നു ഞെട്ടി. സേഫിൽ പണമെത്രബാക്കിയുണ്ടായിരുന്നുവെന്നും, തലേദിവസത്തെ കണക്കുപ്രകാരം ബാക്കി കണ്ട സംഖ്യ ശരിക്കുണ്ടെന്നും സേട്ടുവിന്റെ മുഖേന താൻ നോക്കേണ്ടതായിരുന്നു. സേട്ടു പറഞ്ഞപ്രകാരം താൻ താക്കോലും വാങ്ങിപ്പോയതല്ലാതെ, തൽക്കാലം ഇതിനെപ്പറ്റി അധികമൊന്നും ആലോചിച്ചിരുന്നില്ല. അതു വലിയ വിഡ്ഢിത്വമായിപ്പോയെന്നും തന്റെ പേരിൽ ചില സംശയങ്ങൾക്കു് ഇടയുണ്ടാകാമെന്നും അവനു തോന്നി. വിവരം രാമനുണ്ണിയോടു പറഞ്ഞപ്പോൾ, ഉടനെ സേട്ടുവിനെ ചെന്നു കാണേണമെന്നും വിവരം പറയണമെന്നും അവൻ ഉപദേശിച്ചു. നേരം ഏകദേശം പത്തുമണിയായിരിക്കുന്നു. അപ്പോൾ തന്നെ സേട്ടുവിനെ ചെന്നു കാണാമെന്നുറച്ചു ദാമോദരൻ ഇറങ്ങിപ്പോയി. അവൻ പോകുമ്പോൾ, തന്നെ ചെന്നു കാണാതിരിക്കില്ലെന്നു വിചാരിച്ചിരുന്ന വസുമതിയോടു ബദ്ധപ്പെട്ടു പോയതിനെപ്പറ്റി രാമനുണ്ണി പറഞ്ഞപ്പോൾ അവൾ അല്പം വ്യസനിച്ചു. താൻ പറഞ്ഞിരുന്നതു നേരംപോക്കായിരുന്നുവെന്നു അവനെ ധരിപ്പിച്ചില്ലല്ലോ എന്നോർത്തായിരുന്നു വ്യസനിച്ചതു്.

സാധു ദാമോദരൻ തലയിൽ തീയും കോരിയിട്ടുകൊണ്ടാണു് രാമമന്ദിരത്തിലെ പടി ഇറങ്ങിപ്പോയതു്. വസുമതി തന്നെപ്പറ്റി ആവിധം സംശയിച്ചതിനെ കുറിച്ചുള്ള ആധിയും ബേങ്കിലെ കാര്യത്തെപ്പറ്റി ആലോചിച്ചിട്ടുള്ള ഭയവും നിമിത്തം അവൻ അത്യന്തം പരിഭ്രമിച്ചു മനസ്സിനു അശേഷം സുഖമില്ലാത്തവനായിത്തീർന്നു. മനുഷ്യൻ വിചാരിക്കാത്തവിധത്തിലുള്ള എന്തൊക്കെ അനർത്ഥങ്ങൾ ഏതെല്ലാം വഴിക്കു വന്നു ചേരും. നിർദ്ദോഷികളായ എത്രപേരുടെ പേരിൽ ചില കുറ്റങ്ങൾ സ്ഥാപിക്കപ്പെടുന്നു. സുബ്രഹ്മണ്യയ്യർ പക്ഷേ, പറ്റിയിരിക്കാൻ സംഗതിയുള്ള പണം ദാമോദരൻ പറ്റിയതാണെന്നു വരുത്തിക്കൂട്ടാൻ വലിയ പ്രയാസമാണോ? അങ്ങിനെയുള്ള സംഗതികൾ ദിവസേനയെന്നപോലെ സംഭവിക്കുന്നില്ലെ? ആരാന്റെ മലയിൽ കത്തുന്ന തീ തന്റെ തലയിൽ കത്തിയെന്നു വരാൻ പാടില്ലാത്തതല്ലല്ലോ. എന്നാൽ ദാമോദരന്റെ തലയിൽ കത്തിക്കൊണ്ടിരുന്ന തീ ഒന്നു പാളിക്കത്താൻ ഉടനെ മറ്റൊരു സംഗതിയുണ്ടായി.

അവൻ പടിയിറങ്ങി രണ്ടുമൂന്നടിയങ്ങട്ടു നടക്കുമ്പഴ് അഭിമുഖമായി ഒരാൾ വരുന്നതു കണ്ടു. അയാൾ ദാമോദരൻ അടുത്തെത്തിയപ്പോൾ, “ആരാണതു്, മിസ്റ്റർ ദാമോദരനോ?” എന്നു ചോദിച്ചു.

ദാമോദരൻ “അതെ” എന്നു പറഞ്ഞു സൂക്ഷിച്ചുനോക്കിയപ്പോൾ അതു് കല്യാണിയുടെ മകൻ രാഘവനാണെന്നു മനസ്സിലായി. രാഘവൻ ഒരു ഷർട്ട് ധരിക്കയും തലയിൽ ചെവി മറച്ചുകൊണ്ടു് ഒരു മുണ്ടു് കെട്ടുകയും ചെയ്തിട്ടുണ്ടു്. കയ്യിൽ ഒരു ചൂരൽ പിടിച്ചിരിക്കുന്നു.

ദാമോദരൻ:
“നിങ്ങൾ എവിടെ പോയിരുന്നു?”
രാഘവൻ:
രാമനുണ്ണിയെകണ്ടു് ഒന്നു പറയാനുണ്ടായിരുന്നു. നിങ്ങൾ അവിടെ പോയിരുന്നുവോ? ഇളയച്ഛനുണ്ടോ അവിടെ?
ദാമോദരൻ:
ഉണ്ടു് അദ്ദേഹം ഉറങ്ങാൻ പോയി കിടന്നിരിക്കയാണു്. രാമനുണ്ണി തോട്ടത്തിലുണ്ടു്.
ഇങ്ങിനെ പറഞ്ഞു ദാമോദരൻ ബദ്ധപ്പെട്ടു പോകാൻ ഭാവിച്ചപ്പോൾ പിന്നാലെ തന്നെ രാഘവനും നടന്നു. രാഘവൻ ഇങ്ങിനെ ചോദിച്ചു: “എന്താ മിസ്റ്റർ കുഞ്ഞിരാമനും ഭാര്യയും വന്ന വിവരമൊക്കെ കേട്ടില്ലെ?”
ദാമോദരൻ:
വന്നിരുന്നുവെന്നു വസുമതി പറഞ്ഞു.
രാഘവൻ:
വസുമതിയെ കണ്ടുസംസാരിച്ചിരുന്നുവോ? എന്നാൽ ഇളയച്ഛൻ പറഞ്ഞതൊക്കെ നിങ്ങളോടു് പറഞ്ഞിട്ടുണ്ടായിരിക്കാം. അവരങ്ങിനെ കോപത്തിനു പറഞ്ഞതാണു്.
ദാമോദരൻ:
എന്തു പറഞ്ഞതു്?
രാഘവൻ:
അല്ല, നിങ്ങൾ മേലാൽ രാമമന്ദിരത്തിൽ കയറരുതെന്നു ഇളയച്ഛൻ പറഞ്ഞതു്. അവർ അങ്ങിനെ തൽക്കാലം ദേഷ്യത്തിനു പറഞ്ഞതാണു്.
ദാമോദരൻ ഒന്നു ഞെട്ടി. ബേങ്കിലെ കാര്യമൊക്കെ മനസ്സിൽനിന്നു തൽക്കാലം പോയി അവൻ ഇങ്ങിനെ പറഞ്ഞു: “ഞാൻ രാമമന്ദിരത്തിൽ കയറരുതെന്നു് ആരു പറഞ്ഞു?”
രാഘവൻ:
അല്ല, ഇളയച്ഛൻ. അവരങ്ങിനെ വെറുതെ പറഞ്ഞതായിരിക്കും. രാമനുണ്ണിയൊന്നും പറഞ്ഞില്ലെ?
ദാമോദരൻ:
എന്നൊടൊന്നും പറഞ്ഞിട്ടില്ല. അങ്ങിനെ പറയാനെന്തു സംഗതി? ആരോടാണു് പറഞ്ഞതു്? എന്നോടു രാമനുണ്ണിയൊന്നും പറഞ്ഞില്ലല്ലൊ.
രാഘവൻ:
അല്ല, അതു സാരമില്ല. രാമനുണ്ണി ശങ്കിച്ചു പറയാതിരുന്നതായിരിക്കും.
ദാമോദരൻ:
നിങ്ങൾ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല. മുഴുവൻ വിവരിച്ചുകേൾക്കട്ടെ.
രാഘവൻ:
അല്ല മറ്റൊന്നുമല്ല, നിങ്ങൾ മിസ്റ്റർ കുഞ്ഞിരാമന്റെ മകളെ കല്യാണം കഴിക്കാൻ ചോദിച്ചിരുന്നുപോലും, അയാൾ തരില്ലെന്നു പറഞ്ഞുപോലും.
ദാമോദരൻ:
അതുകൊണ്ടു് ഞാൻ രാമമന്ദിരത്തിൽ കയറരുതെന്നോ?
രാഘവൻ:
അല്ല, അതല്ല, വസുമതിയെ നിങ്ങളുടെ തലയിലാക്കാൻ ഇളയച്ഛനും രാമനുണ്ണിയും ശ്രമിക്കുന്നുണ്ടെന്നും അവളെ നിങ്ങൾക്കു് ഇഷ്ടമില്ലെന്നും നിങ്ങൾ മിസ്റ്റർ കുഞ്ഞിരാമനോടു പറഞ്ഞ വിവരം അദ്ദേഹം ഇളയച്ഛനോടു പറഞ്ഞു. അതുകൊണ്ടു് തൽക്കാലം ദേഷ്യത്തിനങ്ങനെ പറഞ്ഞുപോയതായിരിക്കും.
ആകപ്പാടെ താൻ സ്വപ്നം കാണുകയോ, തനിക്കു ഭ്രാന്തുപിടിക്കുകയൊ, അതല്ല, ലോകത്തിനു മുഴുവനും ഭ്രാന്തായിപ്പോകയോ, എന്താണെന്നൊന്നും ദാമോദരനു മനസ്സിലായില്ല. ഈ രാഘവന്റെ സ്വഭാവം ദാമോദരനു നല്ലവണ്ണം അറിയാമായിരുന്നു. പരശ്രീ കണ്ടുകൂടാത്ത പരമദുഷ്ടനും കളവുപറയാനും കക്കാനും മടിക്കാത്ത ദുർമ്മാർഗ്ഗിയും ആയ കിട്ടന്റെ ഔരസപുത്രനായ ഈ വിഷ കൃമിക്കു് തന്റെ അച്ഛന്റെ സർവ്വഗുണങ്ങളും ഉണ്ടായിരുന്നു. അവയൊക്കെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ആ രാജ്യത്തു് കർണ്ണാ കർണ്ണികായാ പരസ്യം ചെയ്യപ്പെടുന്ന പരദൂഷണങ്ങളിൽ ഒട്ടുമുക്കാലിന്റെയും കർത്താവു് ഈ രാഘവനായിരിക്കും. അതുകൊണ്ടു് ഇവൻ ഈ പറഞ്ഞതു പച്ചക്കളവായിരിക്കാൻ ധാരാളം സംഗതിയുണ്ടു്. എന്നാൽ സരോജിനിയെ താൻ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നതായി കുഞ്ഞിരാമൻ പ്രസ്താവിച്ചിരുന്നുവെന്നു വസുമതിയും തന്നോടു പറഞ്ഞിരുന്നതിനാൽ ഇതിൽ എന്തൊ അല്പം പരമാർത്ഥമുണ്ടെന്നു തനിക്കു സംശയം ജനിച്ചു. പക്ഷേ, അതിനെ പറ്റി രാഘവനോടു സംസാരിക്കാൻ അവനു് തൽക്കാലം മനസ്സും സമയവും ഉണ്ടായിരുന്നില്ല മറ്റൊരവസരത്തിൽ വസുമതിയോടും രാമനുണ്ണിയോടും ചോദിച്ചു വിവരമറിയാമെന്നു് അവൻ നിശ്ചയിച്ചു ഒരുവിധത്തിൽ രാഘവനോടു യാത്രപറഞ്ഞു പോയി.
ദുഷിയും ദൂഷണവും

മന്നൻ വൈദ്യന്റെ മരുന്നുഷാപ്പ് നഗരത്തിന്റെ മദ്ധ്യത്തിലായിരുന്നു. അതിന്റെ ഒരുവശത്തു ബിലാത്തിത്തുണികൾ വില്ക്കുന്ന ഒരു ഷാപ്പും മറുവശത്തു നാട്ടുമദ്യം വില്ക്കുന്ന ഒരു ഷാപ്പുമായിരുന്നു ഉള്ളതു്. വൈദ്യന്റെ ഷാപ്പിനു് രണ്ടു മുറികൾ മാത്രമെ ഉള്ളു. റോഡിന്മേൽനിന്നു കയറിച്ചെല്ലുന്നതു് സാമാന്യം വലിപ്പമുള്ള ഒരു മുറിയാണു്. അതിനുമദ്ധ്യത്തിൽ കണ്ണാടിമുടിയുള്ള ഒരു ചാരുമേശയുള്ളതിൽ പലവിധ ഗുളികകൾ, ഭസ്മങ്ങൾ, മുതലായ മരുന്നുകൾ വെച്ചിരിക്കുന്നു. ചുവരിനടുത്തുകൊണ്ടു് നാലളുമാരികൾ ഉള്ളവയിൽ വലുതും ചെറുതുമായ അനേകം കുപ്പികളിൽ പലവിധ ഔഷധങ്ങളുണ്ടു്. ആ മുറിയിൽ ചെറിയൊരു ബെഞ്ചും രണ്ടു കസാലകളുമുണ്ടു്. മുറിയുടെ ഒരു ഭാഗത്തു് ചെറിയ ഒരു മേശയിന്മേൽ കണക്കുബുക്കുകളും കടലാസ്, മഷി, പേന, മുതലായി എഴുതുന്ന ഉപകരണങ്ങളും വെച്ചിരിക്കുന്നു. ആ മുറിയിൽനിന്നു കടക്കുന്ന ചെറിയ മുറിയിൽ വെച്ചാണു് മന്നൻ വൈദ്യൻ ഔഷധങ്ങൾ ചേർത്തു ആതുരന്മാർക്കു കൊടുത്തുവരുന്നതു്. അതിൽ വെള്ളക്കല്ലിന്റെ ഒരു മേശയും വെള്ളം അരിക്കാനുള്ള ഒരു അരിപ്പയന്ത്രവും വേറെ ചില സാധനങ്ങളും ഉണ്ടു്. ഈ മുറിയിൽ കടക്കാനുള്ള പടിയിന്മേൽ ‘അനുവാദം കൂടാതെ അകത്തുകടക്കരുതു്’ എന്നു വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു.

രാത്രി പതിനൊന്നു മണിയായി. മന്നൻ വൈദ്യന്റെ ഷാപ്പു പൂട്ടീട്ടില്ല. മരുന്നുഷാപ്പുകൾ രാവും പകലും തുറന്നിരിക്കണമെന്നാണല്ലോ സാധാരണ നടപ്പു്. മന്നൻ വൈദ്യൻ രാത്രി ഒരുമണി, രണ്ടുമണി വരയ്ക്കും ചിലപ്പോൾ പുലർച്ചെ അഞ്ചുമണിയാവോളവും ഷാപ്പു പൂട്ടാറില്ല. പലപ്പോഴും ഇങ്ങിനെ ചെയ്വാൻ താൻ നിർബ്ബന്ധിതനാകാറാണു്. തന്റെ മരുന്നുവ്യാപാരത്തിലുള്ള അഴിച്ചലാണു് ഇതിനു കാരണമെന്നൊ, തനിക്കു സമ്പാദ്യമാണു് ഇതിന്റെ ഫലമെന്നൊ വിചാരിക്കുന്നതു് അത്ര വളരെ ശരിയല്ല. ഇതിന്റെ കാരണം തന്റെ ചില സ്നേഹിതന്മാരായിരുന്നു. ഇതിന്റെ ആദായം അടുത്തുള്ള മദ്യഷാപ്പുകാരനായിരുന്നു. തന്റെ സ്നേഹിതന്മാരിൽ രണ്ടു മൂന്നു പേർ മിക്ക ദിവസവും രാത്രി പത്തു പതിനൊന്നു മണിയായാൽ ഈ ഷാപ്പിൽ ചെന്നുചേർന്നു ഉല്ലസിക്കുക പതിവാണു്. അതു് അടുത്തുള്ള മദ്യഷാപ്പുകാരനറിയാം. രാജ്യത്തുള്ള മദ്യഷാപ്പുകളൊക്കെ ഒമ്പതുമണിക്കു മുമ്പിൽ പൂട്ടിക്കൊള്ളണമെന്നു ഗവർമ്മേണ്ടിൽനിന്നു നിഷ്കർഷയായി കല്പിച്ചിട്ടുണ്ടു്. അതിനനുസരിച്ചു പ്രവൃത്തിക്കാത്തവരെ പിടിച്ചു അവരുടെ പേരിൽകേസുനടത്താൻ ഇൻസ്പെക്ടർമാരെയും ശിക്ഷിക്കാൻ മജിസ്രേട്ടുമാരെയും നിയമിച്ചിട്ടുണ്ടു്. അതൊക്കെ സത്യം തന്നെ. ചില മദ്യഷാപ്പുകളിൽ ഏതുസമയത്തു ചെന്നാലും മദ്യം വാങ്ങാൻ കിട്ടുമെന്നുള്ളതും സത്യം തന്നെയാണു്.

മരുന്നുഷാപ്പും മദ്യഷാപ്പും ഒരു ചെറിയ ജാലകത്താൽ സംബന്ധപ്പെടുത്തിട്ടുണ്ടു്. ഈ വാതായനം പകലൊക്കെ പൂട്ടിയിരിക്കും. മദ്യഷാപ്പിന്റെ വാതിൽ ഒമ്പതുമണിക്കു് പൂട്ടുമ്പോൾ ഈ ജാലകം തനിയെ തുറക്കും. പിന്നെയുള്ള വ്യാപാരം ഈ ജാലകത്തിൽകൂടിയായിരിക്കും. മദ്യ ഷാപ്പിൽ ഒരുവൻ രാത്രി ഉറക്കുണ്ടായിരിക്കും. ഉറക്കുണ്ടായിരിക്കുമെന്നാണു് പറയാറെങ്കിലും ആ മനുഷ്യൻ നല്ല ഉണർവ്വുള്ളവനായിരിക്കണം.

രാത്രി പതിനൊന്നു മണിയായെന്നു പറഞ്ഞുവല്ലോ. മൂന്നുയോഗ്യന്മാർ വൈദ്യന്റെ ഷാപ്പിൽ കയറിവന്നു. ഇതിൽ ഒന്നു നമ്മുടെ കണ്ണൻ മേനോൻ ആയിരുന്നു. മറ്റൊന്നു ഗോവിന്ദൻ നമ്പ്യാർ എന്നൊരു ഉദ്യോഗസ്ഥനും മൂന്നാമത്തേതു ദാനിയൽ എന്നൊരു സ്കൂൾ മാസ്റ്റരും ആയിരുന്നു. മൂന്നുപേരും അതുവരെ പല വിനോദങ്ങളിലും ഏർപ്പെട്ടിരുന്നു. അതിനു സഹായമായിരുന്ന മദ്യപാനത്തിന്റെ ഫലം കുറഞ്ഞു കൊണ്ടു് വരുന്നുണ്ടെന്നു കണ്ടപ്പോഴാണു് വൈദ്യന്റെ ഷാപ്പിൽ ചെന്നതു്. രാത്രി അതിക്രമിച്ചതിനാൽ തങ്ങൾക്കു് മറ്റെങ്ങും ഇത്ര എളുപ്പത്തിൽ മദ്യം ലഭിക്കയില്ലെന്നു അവക്കു് അറിയാമായിരുന്നു.

മൂന്നുപേരും ഷാപ്പിൽ വന്നു കയറിയ ഉടനെ മന്നൻ വൈദ്യനു് ഒരുണർവ്വു് ഉണ്ടായി. അതുവരെ തന്റെ മേശയുടെ അടുക്കൽ ഇരുന്നു അന്നത്തെ വരവുചിലവിന്റെ കണക്കു് എഴുതുകയായിരുന്നു. സ്നേഹിതന്മാരുടെ വരവു കണ്ട ഉടനെ ഒരു പുതിയ ജീവൻ വന്നതുപോലെ ചാടി എഴുന്നേറ്റു അവരെ ആദരിച്ചു സ്വീകരിച്ചു.

എന്തൊരു മായാമയമാണു് ലോകം! ഈ മന്നൻ വൈദ്യന്റെ നേരെ മരുമകനായ രാമനുണ്ണിയുടെ സർവ്വസ്വവും ചതിയായി മറ്റൊരാൾക്കു കൊടുക്കാൻ വേണ്ടി യത്നിക്കുന്ന കണ്ണൻ മേനോനെയാണു് വൈദ്യൻ ഇത്രയധികം സ്നേഹിക്കുകയും രാത്രിതോറും ഇങ്ങിനെ ആദരിച്ചിരുത്തി മദ്യം കൊടുത്തു തൃപ്തിപ്പെടുത്തി അയയ്ക്കുകയും ചെയ്യുന്നതു്. ഗോവിന്ദൻ നമ്പ്യാരും കണ്ണൻ മേനോനും എല്ലാ സംഗതിയിലും ഭിന്നാഭിപ്രായക്കാരാണു്. നമ്പ്യാർ പരസ്യമായി ഏർപ്പെടുന്ന സർവ്വ കാര്യത്തിനും മേനോൻ വിരോധിയായിരിക്കും. മേനോനെ അവമാനിക്കാൻ ദാനിയൽ പലതും പ്രവൃത്തിച്ചിട്ടുണ്ടു്. അതു മേനോൻ നല്ലവണ്ണം അറിയുകയും ചെയ്യും. നമ്പ്യാരെയും നമ്പ്യാരുടെ കുടുംബത്തെയും നിന്ദിച്ചും അവരെക്കൊണ്ടു് അപവാദങ്ങൾ സൂചിപ്പിച്ചും പത്രങ്ങളിൽ ദാനിയൽ എഴുതീട്ടുണ്ടു്. അതിനു നമ്പ്യാർ പകരം എഴുതി ദാനിയലിനെ അവമാനിക്കയും ചെയ്തിട്ടുണ്ടു്. ഇങ്ങിനെയുള്ളവരെയാണു് ഈ അവസരത്തിൽ പ്രാണസ്നേഹിതന്മാരായി കാണപ്പെടുന്നതു്. അതിനു സംഗതി വരുത്തിയ മദ്യസത്തിനെ തൊഴേണ്ടതുതന്നെയാണു്. പകലൊക്കെ എന്തൊക്കെ ഭിന്നാഭിപ്രായവും വൈരവും പ്രകടിച്ചാലും രാത്രി നിത്യം ഇവർ ഒത്തൊരുമിച്ചു വിനോദങ്ങളിൽ ഏർപ്പെടാൻ മുടക്കം വരുത്താറില്ല. എന്നല്ല, രാത്രിയായാൽ ഒരുത്തനു മറ്റൊരുത്തനെ കണ്ടില്ലെങ്കിൽ മനസ്സിനു നല്ല സുഖമില്ല.

മദ്യപാനം ചെയ്തു പലരും തമ്മിൽ ശണ്ഠകൂടാറുള്ളതു് നാമൊക്കെ പലപ്പൊഴും കണ്ടിട്ടുണ്ടെങ്കിലും,

കനകം മൂലം കാമിനിമൂലം

കലഹം പലവിധമുലകിൽ സുലഭം,

എന്നു പറഞ്ഞ കവി, കലഹത്തിനു കാരണമായി മദ്യത്തെ കൂട്ടിച്ചേർക്കാതിരുന്നതു് അതിന്റെ ഇത്തരം വിശേഷവിധി കണ്ടിട്ടുതന്നെയായിരിക്കണം.

കണ്ണൻ മേനോൻ ഷാപ്പിൽ കയറിയ ഉടനെ ഉച്ചത്തിൽ ഇങ്ങിനെ പറഞ്ഞു: “കേട്ടില്ലെ വർത്തമാനം കേട്ടില്ലെ, വൈദ്യൻ കേട്ടുവോ? നമ്മുടെ സുബ്രഹ്മണ്യയ്യരെ ഒക്കെ കൂടി നാടുകടത്തിയില്ലെ?”

വൈദ്യൻ:
പട്ടർ ഓടിപ്പോയെന്നു കേട്ടു. പണം വളരെ കൊണ്ടുപോയൊ?
മേനോൻ:
ഛട്ടു് ! പണം ആരു കൊണ്ടുപോകാൻ? ആ സാധു ബ്രാഹ്മണനൊ! പട്ടര് പണമെടുത്തിരുന്നുവെങ്കിൽ നാമറികയില്ലെ?
വൈദ്യൻ:
പിന്നെ ആരു പറ്റിച്ചു?
ദാനിയൽ:
മേനോൻ പൊലീസ് ഇൻസ്പെക്ടരാകാഞ്ഞതു തെറ്റിപ്പോയി. നാട്ടിലെ കളവിന്റെ വിവരമൊക്കെ താനറിയും.
മേനോൻ:
ഇതെന്തറിവാനാണു്? അങ്ങാടിയിൽ പാട്ടല്ലെ?
നമ്പ്യാർ:
നാം അതൊന്നും പറയേണ്ടുന്ന ആവശ്യമില്ല. ഉപ്പു തിന്നവൻ വെള്ളം കുടിച്ചുകൊള്ളട്ടെ. നാം അല്പനേരം വിനോദിക്കാൻ വന്നതാണു്. എന്തിനു മറ്റുള്ളവരെ ദുഷിക്കുന്നു? ആലോചിക്കാതെ നാം ഒന്നും പറകയും ചെയ്കയും അരുതു്.

നിനച്ചിടാതൊന്നു നടത്തൊലാ താ-

നനർത്ഥമുണ്ടാ മവിവേകമൂലം;

തനിച്ചു സമ്പത്തു, കൊതിച്ചു ഭവ്യം

നിനച്ചുചെയ്വോനെ വരിച്ചിടുന്നു.

ദാനിയൽ:
ഭേഷ്, ഭേഷ്.
മേനോൻ:
കുടിക്കണം, അതിനൊന്നു കുടിക്കണം. രാമാ, രാമാ, കൊണ്ടുവാ, അരേര കൊണ്ടുവാ. രാമനുറങ്ങിപ്പോയൊ? ജാലകത്തിനുള്ളിൽ കൂടി രാമൻ തലകാട്ടി. എത്രവേണമെന്നു ചോദിച്ചു.
മേനോൻ:
നാല് അരേര, രണ്ടു സോഡയും—അതു് എന്റെ കണക്കിലാണേ.
കല്പിച്ചതുപോലെ രാമൻ നാലു ഗ്ലാസ്സിൽ ഓരോന്നിൽ അരേര ദ്രാം റാക്കുനിറച്ചു ജാലകത്തിനുള്ളിൽ കൂടി കൊടുത്തു. രണ്ടു കുപ്പി സോഡയും കൊടുത്തു. മന്നൻ വൈദ്യർ സോഡക്കുപ്പി തുറന്നു നാലു ഗ്ലാസ്സിലും പകർന്നു. പകർന്നുകഴിഞ്ഞപ്പോൾ ദാനിയൽ ഇങ്ങിനെ പറഞ്ഞു:

“ഇതെങ്ങിനെ വെറുതെ കുടിക്കും? എന്തൊടോ രാമാ, നാവില്ലെ”

ഉത്തരം പറയാൻ മടിക്കുന്ന സാക്ഷിയോടു് ഒരു വക്കീലോ ഒരു ശിഷ്യനോടു് ഒരു ഗുരുനാഥനൊ ആയിരുന്നു ഈ ചോദ്യം ചോദിച്ചതെങ്കിൽ അതിനെ ആദരിച്ചുകൊണ്ടു്, ഉണങ്ങിയ ഒരു ഇലക്കഷണത്തിൽ അല്പം മാംസം വെച്ചു ജാലകത്തിനുള്ളിൽകൂടി കൈനീട്ടികൊടുക്കുകയല്ല ചെയ്യുകയെന്നു് അറിയുന്നവരൊക്കെ, “നാവില്ലെ?” എന്നതിനു ആട്ടിന്റെ ആ അവയവം ഉപ്പും മുളകും ചേർത്തു വെളിച്ചെണ്ണയിൽ വറുത്തുണ്ടാക്കിയ ഉപദംശമില്ലെ, എന്നാണർത്ഥമെന്നു ധരിച്ചിരിക്കുമല്ലൊ. വീട്ടിലൊ, വെറെ വല്ല ദിക്കിലോ വിരുന്നിനുപോകുന്ന അവസരത്തിലോ മേശയും കസാലയും കരണ്ടിയും മുള്ളും വസ്സിയും സ്ഫടികപാത്രങ്ങളും മറ്റുമായല്ലാതെ ഭക്ഷണം കഴിയ്ക്കയില്ലെന്നു ശാഠ്യമുള്ള യോഗ്യന്മാരാണിതു്. ഭക്ഷണപദാർത്ഥങ്ങൾ പചിക്കുന്നതിൽ വളരെ സൂക്ഷ്മതയും ശരീരസുഖശാസ്ത്രാനുസൃതങ്ങളായ മുൻകരുതലുകളും കാണിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയവരായിരിക്കാം; വിഷബീജങ്ങളെയും പരമാണുപ്രാണികളെയും അവയുടെ വ്യാപാരങ്ങളെയും പറ്റി പഠിച്ച ശാസ്ത്രജ്ഞന്മാരായിരിക്കാം; ഭക്ഷണസാധനത്തിന്റെ പാകക്കേടുകൊണ്ടോ, വൃത്തികേടുകൊണ്ടോ, ഭാര്യയേയും ഭൃത്യനേയും ശാസിക്കുന്ന ഗൃഹസ്ഥന്മാരായിരിക്കാം; ഈവക യാതൊരു ജ്ഞാനവും, പരിചയവും, സ്വഭാവവും ഈ അവസരത്തിൽ പ്രത്യക്ഷപ്പെടാതെ രാമൻ എങ്ങിനെയോ എവിടുന്നോ ഉണ്ടാക്കി വൃത്തികെട്ട എലക്കഷണത്തിലാക്കികൊടുത്ത ആ മാംസം ഏറ്റവും രുചിയുള്ളതായിക്കരുതി ഭക്ഷിച്ചു തൃപ്തിപ്പെടുന്നു!!

അവരവരുടെ ഓഹരിയിൽപ്പെട്ട അരയും നാവും വയറ്റിലാക്കിയശേഷം പിന്നെയും ഓരോന്നു സംസാരിച്ചു തുടങ്ങി. നമ്പ്യാരും ദാനിയലും ഓരോ കസേലയിൽ ഇരുന്നു. കണ്ണൻമേനോൻ വൈദ്യന്റെ മേശമേൽ കയറി ഇരിപ്പായി. വൈദ്യൻ അവിടെയങ്ങിനെ നടന്നുകൊണ്ടിരുന്നു.

“അതിലിടക്കു് രാമൻ ഒന്നുകൂടി ജാലകത്തിനുള്ളിൽ തലകാണിച്ചുകൊണ്ടു്, സുബ്രഹ്മണ്യസ്വാമിന്റെ കണക്കു് നിങ്ങളെ കണക്കിലാനേ ചേർത്തിനു്” എന്നു കണ്ണൻ മേനോനോടായിട്ടു് പറഞ്ഞു. മേനോൻ മേശമേൽനിന്നു ചാടി എഴുന്നേറ്റു ഇങ്ങിനെ പറഞ്ഞു: “എന്റെ കണക്കിലൊ? ആരുപറഞ്ഞു? ഞാൻ പറഞ്ഞുവോ? ആരാൻ കുടിക്കുന്നതൊക്കെ എന്റെ പേരിലാണോ ചേർക്കുക?”

രാമൻ:
സ്വാമീന്റെ പേരില് കണക്കുവെയ്ക്കേണ്ടെന്നു നിങ്ങളല്ലെപറഞ്ഞതു്?
മേനോൻ:
അതൊന്നും ഞാനറികയില്ല. അയാളെ കണക്കു് അയാളോടു് വാങ്ങിക്കൊ. ഞാൻ ഈ മാസം ഇതുവരെയായിട്ടു പതിനഞ്ചേമുക്കാൽ ഉറുപ്പികയെ തരാനുള്ളു.
വൈദ്യൻ:
അതു നമുക്കു് എങ്ങിനെയെങ്കിലും കണക്കാക്കാം, സ്വാമി വരട്ടെ.
ഇവരിങ്ങനെ പറയുന്നതിലിടയ്ക്കു് നമ്പ്യാർ ഒരു പുഷ്പത്തിന്റെ ദലങ്ങളെയും പരാഗത്തെയും അല്ലിയെയും അവയുടെ പ്രകൃതിവിശേഷങ്ങളെയും പുഷ്പത്തിൽ ആൺ പുഷ്പവും പെൺ പുഷ്പവും ഉള്ളതും അതിൽ ആൺ പുഷ്പത്തിലെ പരാഗങ്ങളെ ചിത്രശലഭങ്ങൾ പെൺപുഷ്പത്തിൽ കൊണ്ടിടുന്നതിനെയും മറ്റും ദാനിയലോടു വിവരിച്ചുപറകയായിരുന്നു. ദാനിയൽ ഇതൊക്കെ പണ്ടേ ഗ്രഹിച്ചിരുന്ന മനുഷ്യന്റെ ഭാവത്തിൽ നമ്പ്യാരെ വിഡ്ഢിയാക്കിക്കൊണ്ടു് ഓരോന്നെ കൊള്ളിച്ചു സംസാരിക്കുന്നു. മദ്യപാനം എന്നൊരു ദോഷമുണ്ടെന്നല്ലാതെ, ദൈവഭക്തനും, സത്യവാനും പലതും വായിച്ചു പരിജ്ഞാനമുള്ള ആളും ആയ നമ്പ്യാരു് ദാനിയലിന്റെ പരിഹാസത്തെ മനസ്സിലായിട്ടും ഒരു തത്വജ്ഞാനിയുടെ ക്ഷാന്തിശീലം അവലംബിച്ചുകൊണ്ടു് അതു ഗണ്യമാക്കാതെ തന്റെ പ്രസംഗം മുടക്കാതെ തുടർന്നുകൊണ്ടിരുന്നു. മന്നൻ വൈദ്യൻ “സ്വാമി വരട്ടെ” എന്നു പറഞ്ഞതു ഒരു ചെകിടാലെ കേട്ട ദാനിയൽ ഇങ്ങിനെ ചോദിച്ചു: “സ്വാമി ഇനി വരുമൊ?”
മേനോൻ:
എവിടെ വരാൻ, അവനെ ഒക്കെ കൂടി ഓടിച്ചില്ലെ? നാട്ടിൽനിന്നു് ഓടിച്ചില്ലെ ആ കള്ളൻ ദാമോദരൻ.
മദ്യപിച്ചുകഴിഞ്ഞാൽ പിന്നെ ആരെപ്പറ്റിയും അവൻ എന്നും അവളെന്നും അതിർകവിഞ്ഞ ശകാരവാക്കും അല്ലാതെ ഈ മാന്യന്മാർ ഉപയോഗിക്കാറില്ലെന്നു വായനക്കാർ ധരിക്കണം. പകൽസമയം ചെന്നു കാൽ പിടിച്ചു വന്ദിക്കുന്ന ഒരു മഹാനെപ്പറ്റിയായാലും രാത്രിസമയം പറയുമ്പോൾ അവൻ എന്നും മറ്റും ഉപയോഗിക്കാൻ മേനോനും മറ്റും മടിക്കാറില്ല. മദ്യം അകത്തുചെന്നാൽ പിന്നെ സമഭാവന പ്രത്യക്ഷപ്പെടും പോൽ. ഇക്കാര്യത്തിൽ കുറെ വിവേകിയായിരുന്ന നമ്പ്യാർ ഇങ്ങിനെ പറഞ്ഞു: “നിങ്ങൾ അറിയാത്ത സംഗതിയെ അടിസ്ഥാനമാക്കി യോഗ്യന്മാരെ കുറ്റപ്പെടുത്തരുതു്.”
മേനോൻ:
ഞാൻ അറിയില്ലെ. ദാമോദരനാണു് പണമൊക്കെ കട്ടതെന്നു ഞാൻ എവിടെ വേണമെങ്കിൽ സത്യം ചെയ്യാം.
നമ്പ്യാർ:
(ഒരു ശ്ലോകം ചൊല്ലാൻ അവസരം കിട്ടിയ ചാരിതാർത്ഥ്യം നടിച്ചുകൊണ്ടു്,)

“സത്യവും പ്രിയവും ചൊൽക

ചൊൽകൊലാ സത്യമപ്രിയം

കള്ളമായ് പ്രിയവും ചൊല്ലാ-

യ്കി ധർമ്മം സനാതനം.”

സാധിക്കുന്ന ദിക്കിലൊക്കെ പ്രമാണങ്ങളും ശാസ്ത്രങ്ങളും പുരാണങ്ങളും ഉദ്ധരിക്കയെന്നതു് നമ്പ്യാരുടെ ഒരു പ്രകൃതിവിശേഷമായിരുന്നു. മേൽപറഞ്ഞ ശ്ലോകം നമ്പ്യാർ ചൊല്ലിക്കഴിഞ്ഞപ്പോൾ അതിന്റെ ഭാവാർത്ഥം അറിയാൻ ദാനിയൽ ആവശ്യപ്പെട്ടു. നമ്പ്യാർ അതു വിസ്തരിച്ചു വിവരിച്ചു. അതിനനുസരിച്ചു ഇംഗ്ലീഷിലുള്ള ചില പദ്യങ്ങൾ ദാനിയലും ചൊല്ലി. ഇതിലിടയ്ക്കു നാലുപ്രാവശ്യം കൂടി രാമൻ അരേര ദ്രാം ഓരോരുത്തർക്കായി ജാലകത്തിനുള്ളിൽ കൂടി മദ്യഷാപ്പിൽനിന്നു മരുന്നു ഷാപ്പിലേയ്ക്കു ഇറക്കുമതി ചെയ്തിരുന്നുവെന്നു ഓർമ്മിക്കണം. അഞ്ചാമത്തെ ഗ്ലാസ്സോടുകൂടി ഓരോരുത്തനും ബോധമില്ലാതായി. പിന്നെ പറയുന്നതിനൊന്നും വ്യവസ്ഥയുണ്ടായിരുന്നില്ല. നവറോജിയുടെ ബേങ്കിലെ പണമൊക്കെ ദാമോദരൻ അപഹരിച്ചിരിക്കുന്നുവെന്നു കണ്ണൻ മേനോൻ ഉച്ചത്തിൽ പറഞ്ഞു തുടങ്ങി. അതിൽ മന്നൻ വൈദ്യനും യോജിച്ചു. നമ്പ്യാർ അതിനു് എതിരായി സംസാരിച്ചു. പല ശാസ്ത്രങ്ങളും ഉദ്ധരിച്ചു. ദാനിയൽ ഇരുകക്ഷികളെയും തമ്മിൽ കടിപ്പിച്ചുകൊണ്ടു് സംസാരിച്ചു തുടങ്ങി.

ഇടക്കിടയ്ക്കു സംസാരവിഷയം മാറി പല സംഗതികളെ കുറിച്ചും വിവാദമായി. ഒടുവിൽ സമുദായപരിഷ്കാരത്തെപ്പറ്റിയായി. തീയ്യരുടെ ഇടയിൽ സമുദായത്തിൽ ചില പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ ഉണ്ടായിരുന്ന സഭയെക്കുറിച്ചു് മേനോൻ വിവരിച്ചുപറഞ്ഞു. താലികെട്ടുകല്യാണം ഇല്ലായ്മചെയ്യുന്നതു ഭോഷത്വമാണെന്നുള്ള കണ്ണൻ മേനോന്റെ അഭിപ്രായം, തന്റെ സമുദായത്തിൽ ആവിധം പരിഷ്കാരം ഏർപ്പെടുത്താൻ വിചാരിച്ചു പ്രവൃത്തിക്കുന്നവരിൽ ഒരാളായ ഗോവിന്ദൻ നമ്പ്യാർക്കു് അത്ര ബോദ്ധ്യമായില്ല. അദ്ദേഹം താലികെട്ടു അർത്ഥമില്ലാത്ത ഒരാചാരമാണെന്നു പറഞ്ഞുതുടങ്ങി. അപ്പോൾ മേനോൻ പത്രത്തിൽ അയയ്ക്കാൻ വളരെ അദ്ധ്വാനിച്ചു എഴുതിവെച്ചിരുന്ന ഒരു ലേഖനത്തിന്റെ പകർപ്പു് തന്റെ കീശയിൽ തൽക്കാലം കിടപ്പുണ്ടായിരുന്നതു് എടുത്തു വായിച്ചു. വ്യാകരണ നിയമങ്ങളെ അശേഷം അഗണ്യമാക്കിയും നൈയായികമതങ്ങളെ തിരസ്കരിച്ചും അർത്ഥമറിയാത്ത സംസ്കൃത പദങ്ങളെ പേനത്തുമ്പത്തു വരുമ്പോലെ എഴുതിച്ചേർത്തും രചിക്കപ്പെട്ടിരുന്ന ആ ലേഖനം കണ്ണൻ മേനോന്റെ തൽക്കാലസ്ഥിതിയിൽ കാഴ്ചക്കും ബുദ്ധിക്കും ഉണ്ടായിരുന്ന വെളിവിനു് ഏറ്റവും അനുകൂലിക്കുന്ന വ്യക്തിയിലും സ്ഫുടതയിലും ഇങ്ങിനെ വായിച്ചു:

“മാന്യപത്രാധിപരേ,

താഴെ എഴുതിയ ലേഖനത്തെ നിങ്ങളുടെ വിലയേറിയതും പ്രതീതമായ സഞ്ചാരത്താൽ പ്രസിദ്ധമായ പത്രത്തിന്റെ ഒരു മാന്യകോണിൽ പ്രസിദ്ധം ചെയ്വാനും തീയ്യസമുദായത്തിന്റെ നാശത്തെ ചെയ്വാൻ ഉദ്ധരിച്ചിരിക്കുന്നവരുടെ ദൃഷ്ടിഗോചരത്തിൽ ഉൽബധിതമാക്കി സാധുക്കളെ രക്ഷിക്കുവാൻ വളരെ സവിനയത്തോടുകൂടി അപേക്ഷിക്കുന്നു.

മഹാത്മാവായ രേണുകാപുത്രൻ സ്ഥാപിക്കപ്പെട്ടിരിക്കുന്ന തിരണ്ടുകുളി, പുളികുടി, കെട്ടുകല്യാണം തുടങ്ങിയുള്ളതായ അടിയന്തരങ്ങൾ നശീകരിപ്പാനും സാധുക്കളായ വണ്ണാൻ കാവുതിയൻ എന്നിവരുടെ വൃത്തി നിർവിഘ്നമാക്കുകയും ശോചനീയമായ ഈ കാര്യത്തിൽ ചെറിയ പെൺകുട്ടികൾ പൊന്നാഭരണത്താൽ അണിയിച്ചു വാദ്യഘോഷ സമ്മിശ്രം അടുത്തുള്ള സമീപകുളങ്ങളിൽ സ്നാനാർത്ഥമായി വളരെ ജനം അനവധിയായി ആബാലവൃദ്ധം കൂട്ടികൊണ്ടുപോകപ്പെട്ടു, കുളിപ്പിക്കുന്നതു വളരെ സസന്തോഷജനകമാകകൊണ്ടു് അതിനെ പുരസ്കരിക്കുന്നതു മഹാ പാപമായിട്ടുള്ളതും ആകുന്നു. തീയ്യർ ബ്രാഹ്മണജാതിയായിരുന്നുവെന്നു മനു സംഹിതയിൽ നിസ്സംശയം വിശദീകരിക്കപ്പെട്ടിട്ടുണ്ടു്.

ചതുർത്ഥ ഏകജാതിസ്തു

ശൂദ്രോനാസ്തിതു പഞ്ചമഃ

എന്നതിന്റെ അർത്ഥം നാലുജാതിയും ഒരു ജാതിയായിരുന്നുവെന്നും ശൂദ്രന്മാർ പഞ്ചമന്മാർ അല്ലെന്നും ആകുന്നു. ഇതുകൊണ്ടുതന്നെ ബ്രാഹ്മണർ ചെയ്യുന്നതും മനുസ്മൃതിയിൽ നിരാക്ഷേപം കല്പിക്കാതിരുന്നതായി ശങ്കരസ്മൃതിയിൽ ഉൽക്കണ്ഠപ്പെട്ടിരിക്കുന്ന ശാസ്ത്രീയമാണു് താലികെട്ടു് എന്നു് വളരെ വിശ്വസ്തമാകുന്നുണ്ടല്ലൊ. അങ്ങിനെ ഇരിക്കെ കേവലം ജാത്യാഭിമാനികളും ദുർമ്മാന നിരുദ്ധന്മാരും ആയ ചിലർ തീയ്യജാതിയുടെ നായകന്മാരാണെന്നു വെറുതെ നിഷിദ്ധമാക്കാൻ വേണ്ടിയും അവരുടെ സേവകന്മാരെക്കൊണ്ടു് പത്രങ്ങളിൽ ഉൽക്കണ്ഠപ്പെടുത്തി താലികെട്ടുന്ന ഏറ്റവും അർവ്വാചീനവും വളരെ പുരാതനവും നവീനവിദ്വാന്മാരാൽ സ്ഥാപിതമായതും ആയ നിരർത്ഥശൂന്യമല്ലാത്ത മംഗളകർമ്മത്തെ ഇല്ലാതാക്കുവാൻ തീയ്യസമുദായത്തിന്റെ നാമൈക സുപ്രസിദ്ധന്മാരായ തറയിൽ കാരണവന്മാർക്കല്ലാതെ അധികാരമില്ലാത്തതും ഉണ്ടാകാൻ പാടില്ലെന്നു നിഷേധിക്കാവുന്നതുമാകുന്നു. വളരെ സാധുക്കളും കഞ്ഞിവെള്ളം കുടിക്കാൻ നിർവ്യാജമായി യാതൊന്നും കേവലം ഇല്ലാത്തവർ അവരുടെ നിർമൂല്യസാധനങ്ങളായി കിണ്ടി കിണ്ണം മുതലായവയെ വിക്രയം ചെയ്തിട്ടുപോലും പെൺകുട്ടികളുടെ താലികെട്ടു് എന്ന മംഗള സൂത്രധാരണയെ നിഷ്കപടമെന്നിയെ നിർവ്വഹിക്കുന്നതു നിഷിദ്ധീകരിക്കുന്നതു യോഗ്യന്മാരായ മഹാന്മാരുടെ ധർമ്മബുദ്ധിക്കു് കേവലം അയോജ്യമല്ലെന്നുള്ളതിനു യാതൊരു ജിജ്ഞാസയും ഉണ്ടാവാൻ പാടില്ലാത്തതാകുന്നു. അതുകൊണ്ടു് ഈ വർത്തമാനം പത്രകോണിൽ പ്രസിദ്ധീകരിക്കാൻ അപേക്ഷിക്കുന്നു.”

ഈ ഉപന്യാസം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഗോവിന്ദൻ നമ്പ്യാർ അതിനു വിരോധമായി പലതും പറഞ്ഞു തർക്കിച്ചുവെങ്കിലും ഉച്ചത്തിലും ഒടുവിലും പറഞ്ഞതു കണ്ണൻ മേനോൻ ആയിരുന്നതിനാൽ അയാൾക്കുതന്നെയാണു് ജയമെന്നു തീർച്ചയാക്കി.

എന്തിനധികം പറയുന്നു? നേരം ഒരുമണിയായി. ബീറ്റു നടക്കുന്ന ഒരു പോലീസ്സുകാരൻ ഈ ശബ്ദവും ലഹളയും ഒക്കെ കേട്ടു മെല്ലെ ഷാപ്പിന്റെ അടുക്കെ വന്നു നിന്നു അകത്തേക്കു തലയിട്ടു നോക്കി. ഈ ഉദ്യോഗസ്ഥന്മാരും പ്രമാണികളും ഇങ്ങിനെ ലഹള കൂട്ടുന്ന അവസരത്തിൽ പൊലീസ്സുകാരൻ എന്തു പറവാനാണു്. അവനെ കണ്ണൻ മേനോൻ എങ്ങിനെയോ കണ്ടുവശായി. ഉടനെ അവനെ അകത്തേക്കു ക്ഷണിച്ചുവരുത്തി.

“ഇതാ നമ്മുടെ സമാധാനപരിപാലകൻ വന്നു, ഇവന്റ ബഹുമാനത്തിനു നാം അരേര സേവിക്കണം” എന്നു പറഞ്ഞു രാമനെ പിന്നെയും വിളിച്ചു. തങ്ങളിൽ ഓരോരുത്തർ അരേര വാങ്ങുകയും പൊലീസ്സുകാരനു ഒരു ഗ്രാം കൊടുക്കുകയും ചെയ്തു. ഗോവിന്ദൻ നമ്പ്യാർ പൊലീസ്സുകാരുടെ കർത്തവ്യകർമ്മത്തെപ്പറ്റിയും ഉത്തരവാദിത്വത്തെപ്പറ്റിയും ഒരു പ്രസംഗം ചെയ്തു. ലണ്ടൻ പൊലീസിന്റെ ഗുണത്തെ പറ്റി ദാനിയലും കുറെ പ്രസംഗിച്ചു. പ്രസംഗങ്ങൾക്കൊന്നും വാലും തലയും കാര്യകാരണസംബന്ധവും ഉണ്ടായിരുന്നില്ലെന്നു പ്രത്യേകം പറഞ്ഞു വായനക്കാരുടെ മനോധർമ്മത്തെ ഞാൻ അവമാനിക്കുന്നില്ല. പൊലീസ്സുകാരൻ ഉടനെ ഇൻസ്പെക്ടരായിത്തീരുമെന്നു കണ്ണൻ മേനോൻ അനുഗ്രഹിക്കുകയും ചെയ്തു. വല്ലവിധത്തിലും അവിടെനിന്നു ഒഴിഞ്ഞുപോയാൽ മതിയെന്നു കൺസ്റ്റബിൾ വിചാരിച്ചുകൊണ്ടിരിക്കെ, നവറോജിയുടെ ബേങ്കിന്റെ കാര്യത്തിലുള്ള തർക്കത്തെപ്പറ്റി അവനുള്ള അഭിപ്രായമറിവാൻ മേനോൻ ആവശ്യപ്പെട്ടു. ആ സാധു താൻ ഒന്നും അറികയില്ലെന്നു പറഞ്ഞു ഒഴിയുവാൻ ശ്രമിക്കുന്നതിലിടക്കു് തർക്കം പിന്നെയും മൂത്തു തുടങ്ങി. കണ്ണൻ മേനോൻ ദാമോദരനെ വളരെ ദുഷിച്ചു ചീത്ത പറഞ്ഞു. നമ്പ്യാർ അതിന്നു ഏറ്റുപറഞ്ഞു തമ്മിൽ വാക്കേറ്റമായി.

ആ അവസരത്തിൽ ഒരാൾ ഷാപ്പിൽ കയറി വന്നു. അദ്ദേഹത്തെ കണ്ട ഉടനെ ശബ്ദം നിന്നു, ഓരോരുത്തനും കാലും തലയും നേരെ നിർത്തുവാൻ ശ്രമിച്ചുതുടങ്ങുകയും അതിൽ മുടങ്ങുകയും പിന്നെയും ശ്രമിക്കുകയും ചെയ്തുകഴിച്ചു. ആ തരം നോക്കി പോലീസ്സുകാരൻ വെളിക്കു ചാടിപ്പോയി. പോകുമ്പോൾ “ഇതു കള്ളുപീടികയിൽവെച്ചു തല്ലുകൂടുന്ന പറയന്മാരേക്കാൾ കഷ്ടമല്ലൊ?” എന്നു തന്നെത്താൻ പറഞ്ഞു. അവൻ പോയി ഒരു ഷാപ്പിന്റെ കോലായിൽ കിടന്നു. ബീറ്റു പരിശോധനക്കു വരുന്ന ഇൻസ്പെക്ടരുടെ “വിസിൽ” കേൾക്കുമ്പോൾ ഉണരണെ ഭഗവതീ എന്നു ധ്യാനിച്ചുകൊണ്ടു് സുഖനിദ്ര പ്രാപിക്കുകയും ചെയ്തു.

ഷാപ്പിൽ വന്ന ആളുടെ അടുക്കൽ മന്നൻ വൈദ്യൻ ചെന്നിട്ടു അദ്ദേഹം വന്ന ആവശ്യം ചോദിച്ചു. അദ്ദേഹം കീശയിൽനിന്നു് ഒരു കഷണം കടലാസ്സെടുത്തു്, “ഈ മരുന്നുണ്ടാക്കിത്തരണേ” എന്നു പറഞ്ഞു വൈദ്യന്റെ കൈയിൽ കൊടുത്തു. വൈദ്യൻ കടലാസ്സുവാങ്ങി അകത്തേക്കുപോയി. ഈ തല കാഞ്ഞ നിലയിൽ എന്തു മരുന്നാണു് വൈദ്യൻ ചേർത്തുകൊടുക്കുന്നതെന്നു ഈശ്വരൻ മാത്രം അറിയും! ശേഷം മൂന്നുപേരേയും സമീപത്തുള്ള ഗ്ലാസ്സും എലക്കഷണവും ആ മുറിക്കകത്തുള്ള വായുവിന്റെ മണവും താൻ കേട്ടിരുന്ന സംഭാഷണത്തിന്റെ ഏതാനും ചില ഭാഗവും ഒക്കെ കൂടി അദ്ദേഹം മനസ്സുകൊണ്ടു് പരിഛേദിച്ചുനോക്കിയതിൽ ഉണ്ടായ അനുഭവം നിമിത്തം ഒരക്ഷരമെങ്കിലും അവരോടു പറവാൻ തോന്നിയില്ല. നമ്പ്യാർ കുറെ ലോക്യം പറവാൻ ഭാവിച്ചു. പക്ഷേ, നാവും ബുദ്ധിയും സ്വാധീനമല്ലാതിരുന്നതിനാൽ വിചാരിച്ചതൊന്നും പറവാൻ സാധിച്ചില്ല. നമ്പ്യാര് സംഗതിവശാൽ ഒരു മദ്യപനായിതീർന്നുവെങ്കിലും സ്വതവെ വളരെ സമഭാവനയും ഈശ്വരഭക്തിയും ഭൂതദയയും ഉള്ള ആളാണു്. എന്നാണു് ഈ ഗുണങ്ങളൊക്കെ മദ്യത്തിൽ തീരെ മുഴുകിപ്പോകുന്നതെന്നു് അറിഞ്ഞില്ല. നമ്പ്യാരുടെ ചോദ്യം കേട്ടശേഷം അദ്ദേഹം “അമ്മക്കു നല്ല സുഖമില്ല. വയറ്റിൽ പെട്ടെന്നു ഒരു വേദന ഉണ്ടായിരിക്കുന്നു” എന്നുമാത്രം പറഞ്ഞു. കുറെ കഴിഞ്ഞു അദ്ദേഹം മരുന്നുവാങ്ങി ഇറങ്ങിപ്പോയി.

അതു നമ്മുടെ നായകൻ ദാമോദരൻ ആയിരുന്നു. ലോകത്തിൽ നായ, കുറുക്കൻ, മുതലായ ദുർല്ലഭം ചില നാൽക്കാലികളും മൂങ്ങ മുതലായ പക്ഷികളും ഒഴികെ ശേഷം തിര്യക്കുകളും സുജ്ജനങ്ങളും ഗാഢനിദ്രയനുഭവിച്ചുകൊണ്ടിരിക്കെ മദ്യപാനം കൊണ്ടു ദുഷിക്കപ്പെട്ട ബുദ്ധിയാൽ കല്പിക്കപ്പെടുന്ന ദുർന്നയങ്ങൾ ആചരിച്ചു പാപം തേടേണ്ടതിനായി ജലപിശാചുമുതലായവരും നിശീഥിനിയിൽ പ്രവേശിച്ചു അന്തർദ്ധാനം ചെയ്കയും ചെയ്തു.

ബേങ്കിലെ കണക്കുകൾ

ദാമോദരൻ രാമമന്ദിരത്തിൽനിന്നു് ഒടുവിൽ ഇറങ്ങിപ്പോയിട്ടു് ആഴ്ച ഒന്നായി. അതിലിടക്കു് രാമനുണ്ണി ആവശ്യാർത്ഥം ബർമ്മയിലേക്കു പോയിരിക്കുന്നു. കോരപ്പനു് ശരീരത്തിനു് നല്ല സുഖമില്ലായ്കയാൽ വീട്ടിൽനിന്നു് പുറത്തു് ഇറങ്ങാറില്ല. രാമമന്ദിരത്തിൽ പോയി വസുമതിയെ കാണ്മാൻ ദാമോദരനു് സമയം കിട്ടുന്നില്ല. അവൻ ബേങ്കിലെ കണക്കുകൾ നോക്കുന്ന തിരക്കായിരുന്നു. ഒരാഴ്ച മുമ്പുകണ്ട ദാമോദരനെയല്ല ഇന്നു നാം കാണുന്നതു്. ശരീരം വളരെ ക്ഷീണിച്ചു, വിളറി നേത്രങ്ങളുടെ ചൈതന്യവും മുഖത്തിന്റെ പ്രകാശവും കുറഞ്ഞിരിക്കുന്നു. എങ്ങിനെ ഈ അവസ്ഥാന്തരത്തെ പ്രാപിക്കാതിരിക്കും? ഒരാഴ്ചയിലിടക്കു് വന്നുകൂടിയിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കയാണു്! വളരെ നല്ലനിലയിൽ നടന്നു പോന്നിരുന്നതും തന്റെ യജമാനനു വലിയ ആദായത്തിനു സംഗതിയായിരുന്നതുമായ കച്ചവടത്തിനു വലിയ ഉടവുവരാൻ പോകുന്നു. ബേങ്കിൽനിന്നു പണം വളരെ പൊയ്പോയിട്ടുണ്ടു്. നവറോജിയുടെ കച്ചവടവും മാനവും അനേകം ജനങ്ങളുടെ പണവും നഷ്ടമാകാൻ അതുതന്നെ കാരണമാകും. അതുനിമിത്തം ആർക്കെല്ലാം എന്തെല്ലാം നഷ്ടകഷ്ടങ്ങൾ സംഭവിക്കുമെന്നു് ഇപ്പോൾ ഊഹിക്കാൻ പോലും സാധിക്കുന്നതല്ല. ഈ അനർത്ഥത്തിനൊക്കെ കാരണമായ ആ ബ്രാഹ്മണൻ ഒളിച്ചോടിപ്പോയി. ചിലരുടെ ഇടയിൽ ദാമോദരനെപ്പറ്റി സംശയം നേരിട്ടിരിക്കുന്നു.

“ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം പരത്തുവാൻ” ആളുകൾക്കു് ക്ഷാമമുണ്ടോ? കാര്യത്തിന്റെ യഥാർത്ഥമറിയുന്നവർ ഏറ്റവും ദുർല്ലഭമാണു്. മാന്യനായി കാലക്ഷേപം ചെയ്യുന്ന ഒരാളെ പറ്റിയുണ്ടാകുന്ന ആക്ഷേപത്തെ വിശ്വസിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണു് ലോകത്തിൽ അധികമുള്ളതു്. അതിലിടക്കു് തന്റെ അമ്മയ്ക്കു് ശരീരത്തിനു് നല്ല സുഖമില്ലാതായിരിക്കുന്നു. വയറ്റിൽ കഠിനമായ ഒരു സുഖക്കേടുകൊണ്ടു് വലയുന്ന ആ സ്ത്രീയെ ശുശ്രൂഷിക്കാൻ അല്പനേരമെങ്കിലും വീട്ടിലിരിക്കാൻ അവനു സമയം കിട്ടുന്നില്ല. ഇതൊക്കെയ്ക്കും പുറമെ താൻ സ്നേഹിച്ചാരാധിക്കുന്ന തന്റെ പ്രിയതമക്കു തന്നിൽ ചില സംശയങ്ങളുണ്ടായിരിക്കുന്നുവെന്നു അവൻ ധരിച്ചിരിക്കുന്നു. കുഞ്ഞിരാമൻ ഒരുവഴിക്കും, കല്യാണി മറ്റൊരു വഴിക്കും മന്നൻ വൈദ്യൻ തന്റെ സ്വന്തവഴിക്കും കണ്ണൻ മേനോൻ പലവഴിക്കും അവനെ ദുഷിക്കുകയും അവന്റെ പേരിനു കളങ്കമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്വപ്നത്തിലും ജാഗ്രത്തിലും തന്റെ ഉള്ളിൽ വസിക്കുന്ന വസുമതിയെ കാണാനും അവളോടു സംസാരിക്കാനും ഒരാഴ്ചയായി അവന്നു അവസരം കിട്ടിയതേ ഇല്ല. ശരീരം മെലിയുവാനും മുഖം വിളറുവാനും ഇതിനേക്കാൾ വലിയ കാര്യങ്ങൾ വല്ലതും ആവശ്യമുണ്ടോ? എന്നാൽ ഇതിലും വലുതായ അനർത്ഥങ്ങൾ അവനു നേരിടുകയും ചെയ്തു. അതു മറ്റൊരു അദ്ധ്യായത്തിൽ കാണാവുന്നതാണു്.

അതിലിടക്കു് ബേങ്കിലെ കണക്കുകൾ പരിശോധിച്ചതിൽ കണ്ട വിവരങ്ങൾ എന്താണെന്നു പരിശോധിക്കുക. ദാമോദരൻ അന്നു രാത്രി നവറോജിയുടെ വീട്ടിൽ ചെന്നിരുന്നപ്പോൾ അദ്ദേഹം ഉറങ്ങാതെ ഒരു വർത്തമാനപത്രം വായിച്ചുകൊണ്ടിരിക്കയായിരുന്നു. ദാമോദരനെ കണ്ട ഉടനെ വർത്തമാനക്കടലാസ്സ് അടുത്തുണ്ടായിരുന്ന ഒരു മേശമേൽ വെച്ചു:

“എന്താ ഈ അകാലസമയത്തു വന്നതു്. ബേങ്കിലെ കണക്കുകൾ നോക്കി കഴിഞ്ഞുവോ? സുബ്രഹ്മണ്യയ്യരുടെ വർത്തമാനം വല്ലതും കേട്ടുവോ? ജനങ്ങൾ പലതും പറയുന്നുണ്ടല്ലോ, എന്താണു് സൂക്ഷ്മവർത്തമാനം?” എന്നിങ്ങിനെ ചില ചോദ്യങ്ങൾ വഴിക്കുവഴിയായി ചോദിച്ചു. ദാമോദരൻ ഒരു കസാലയിൽ ഇരുന്നു നാലുപാടും ഒന്നു നോക്കി.

നവറോജി:
ഇല്ല, ഇവിടെ വേറെ ആരുമില്ല. പണിക്കാരൊക്കെ ഉറങ്ങാൻ ചെന്നു കിടന്നു. എന്താ പറയാനുള്ളതു്? പറയാം.
ദാമോദരൻ:
പട്ടര് പറ്റിച്ചുവെന്നാണു് തോന്നുന്നതു്. കണക്കുബുക്കു മുഴുവൻ ഞാൻ നോക്കികഴിഞ്ഞില്ല. സേഫിൽ അഞ്ഞൂറ്റിൽചില്ലാനം ഉറുപ്പിക നോട്ടായും നാണ്യമായും ഉണ്ടായിരുന്നു.
നവറോജി:
അതെ, സുബ്രഹ്മണ്യയ്യർ അന്നു വൈകുന്നേരം തന്ന കണക്കിൽ അഞ്ഞൂറിൽ ചില്ലാനം ഉറുപ്പിക ബാക്കിയുണ്ടായിരുന്നുവെന്നാണല്ലൊ കാണിച്ചിരുന്നതു്.
ദാമോദരന്റെ ശ്വാസം നേരെയായി.
ദാമോദരൻ:
ഞാൻ തനിയെയാണു് പോയി സേഫ് തുറന്നിരുന്നതു്. സുബ്രഹ്മണ്യയ്യരോടു സേഫ് ആരും ഏറ്റുവാങ്ങിയിരുന്നില്ലല്ലോ. അതുകൊണ്ടു് പണം വല്ലതും പൊയ്പോയെങ്കിൽ ജനങ്ങൾ എന്നെ ശങ്കിക്കാൻ മതിയല്ലോ.
നവറോജി:
ഛട്ട് ! നിങ്ങളെ സംശയിക്കാനോ? ജനങ്ങൾ എന്തെങ്കിലും സംശയിക്കട്ടെ. അതു നോക്കേണ്ടതു ഞാനാണല്ലോ. ഇനി രണ്ടോ മൂന്നോ ആയിരം ഉറുപ്പിക ബേങ്കിൽനിന്നു കാണാതെ പോയെന്നു തന്നെ ഇരിക്കട്ടെ. ഞാനതു ജനങ്ങളെ അറിയിക്കാൻ പോകുമോ? നിങ്ങളെ സംശയിക്കുന്നവർക്കു് എന്തുകൊണ്ടു് എന്നെ സംശയിച്ചുകൂടാ. ഇതുപറയാനാണോ നിങ്ങൾ ഇപ്പോൾ വന്നതു്? പോയി ഉറങ്ങിക്കോളു. നാളെ കണക്കു മുഴുവൻ നോക്കണം. അതിലിടക്കു സുബ്രഹ്മണ്യയ്യരുടെ അമ്മക്കു സുഖക്കേടുള്ളതു നേരൊ എന്നു അന്വേഷിക്കണം. അയാൾ എവിടെയാണുള്ളതെന്നും അന്വേഷിക്കണം. ആവശ്യമുണ്ടെങ്കിൽ വിവരം പത്രത്തിൽ പരസ്യം ചെയ്യാം.
ദാമോദരൻ:
കാര്യം കോടതിയിൽ കയറേണ്ടിവന്നെങ്കിൽ നമ്മുടെഭാഗത്തു തെറ്റൊന്നും ഉണ്ടായിരിക്കരുതു്.
നവറോജി:
എന്തു കേസ്സ്! രണ്ടുനാലായിരം ഉറുപ്പികയാണെങ്കിൽ അതിനു പട്ടരെ ജയിലിലാക്കാൻ പോണോ. അതൊന്നും സാരമില്ല.
സാധു നവറോജി! തന്റെ ബേങ്കിൽനിന്നു പൊയ്പ്പോയ സംഖ്യയെപറ്റി അദ്ദേഹത്തിനു യാതൊരു അറിവും ഉണ്ടായിരുന്നില്ല.

ദാമോദരൻ സേട്ടുവിന്റെ വീട്ടിൽനിന്നു് നേരെ സ്വന്തം വീട്ടിലേക്കു പോയി. അന്നു രാത്രി ഉറങ്ങാതെ കഴിച്ചു. പിറ്റെദിവസം അതിരാവിലെ ബേങ്കിലേക്കു പോയി, കണക്കുകൾ പരിശോധിച്ചുതുടങ്ങി. ഇങ്ങിനെ ഒരാഴ്ചയായി കണക്കുകൾ പരിശോധിച്ചു വരുന്നു. അതിൽ പല തകരാറുകളും അവൻ കണ്ടുപിടിച്ചു.

നാൾവഴിയിൽ ചിലർ പണം അടച്ചതായി ആദ്യം എഴുതുകയും പിന്നെ അതുതന്നെ വെട്ടിക്കളകയും ചെയ്തിട്ടുള്ളതായി വളരെ ഉണ്ടു്. കാഷ് ബുക്കിൽ കുത്തിക്കളഞ്ഞ സംഖ്യയിൽ ചിലതു ചേർക്കുകയും ചിലതു ചേർക്കാതിരിക്കയും ചെയ്തിരിക്കുന്നു. ഇതു വളരെ സംശയം ജനിപ്പിക്കയാൽ ഇങ്ങിനെ കുത്തിക്കളഞ്ഞപേരുള്ള ചില കച്ചവടക്കാരെ വരുത്തി ചോദിച്ചതിൽ അതിൽ ചിലർ ഉറുപ്പിക അടച്ചിട്ടുണ്ടെന്നും അതിന്നവർക്കു് രശീതി കിട്ടീട്ടുണ്ടെന്നും ആ വക സംഖ്യകൾ കാഷ് ബുക്കിൽ ചേർത്തിട്ടില്ലെന്നും ചിലതു് തിയ്യതി മാറ്റി കാഷ് ബുക്കിൽ ചേർത്തിരിക്കുന്നുവെന്നും കണ്ടു.

സുബ്രഹ്മണ്യയ്യർ ചെയ്ത വഞ്ചന അഥവാ അയാൾക്കു പറ്റിയ വിഡ്ഢിത്വം ഇങ്ങിനെയായിരുന്നു:

കണ്ണൻ മേനോനും കാർത്തികരാമനും ഓഹരി ചേർന്നു ഒരു കച്ചവടം തുടങ്ങി. ബോമ്പായിൽ നിന്നു് വരുത്തിയ കുപ്പിവള, ചില ഇംഗ്ലീഷുമരുന്നുകൾ, തുണിസ്സാമാനങ്ങൾ, കുട മുതലായവയായിരുന്നു മുഖ്യമായ സാധനങ്ങൾ. രണ്ടുപേരും ‘ഇൻസോൾവെൻറു’കാരായിരുന്നു. മേനോന്റെ ജാലവിദ്യകൊണ്ടു് സാധു സുബ്രഹ്മണ്യയ്യരെ കൂടി ഓഹരിക്കു ചേർക്കുകയും അയാളെക്കൊണ്ടു് പണമൊക്കെ ചെലവാക്കിക്കയും ചെയ്തു. അപ്പപ്പോൾ ആവശ്യമുള്ള പണത്തിനു് മേനോൻ എഴുതുമ്പോൾ, ബേങ്കിലേക്കു് വല്ലവരും അടക്കാൻ കൊണ്ടുവന്ന പണമെടുത്തയയ്ക്കും. 500 ക. ഒരുവൻ അടച്ചുവെന്നിരിക്കട്ടെ. ആ ഉറുപ്പിക അഞ്ഞൂറും മേനോനു് അയച്ചുകൊടുക്കുകയും പിറ്റെ ദിവസം മറ്റൊരാൾ 600 ക. കൊണ്ടുവന്നാൽ ആദ്യത്തെ 500 ക. അതിൽനിന്നു് അടയ്ക്കുകയും ബാക്കി 100 ക. കണക്കിൽ പിടിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അതു സ്വന്തം കീശയിലിടുകയും ചെയ്യും. വൈകുന്നേരം മേനോനും കൂട്ടരുമായുള്ള വിനോദത്തിൽ ഈ നൂറുറുപ്പികയിൽ ഏതാനും തീരും. പിറ്റെ ദിവസം ഒരാൾ 400 ക. യും മറ്റൊരാൾ 500 ക. യും അടക്കാൻ കൊണ്ടുവന്നാൽ അതിൽ 600 ക. തലേദിവസത്തെ കണക്കിൽ ചേർത്ത ശേഷം മുന്നൂറുറുപ്പിക സ്വന്തം പെട്ടിയിലായി. അതു ചില്ലറച്ചെലവിനു് ഉപയോഗിക്കുകയും ചെയ്യും. ഇങ്ങിനെയാണു് നാൾവഴിയിൽ ചിലരുടെ വരവു് എഴുതുകയും അതു പിന്നെ തടയുകയും ചിലതു കാഷ്ബുക്കിൽ തീയ്യതി മാറ്റിച്ചേർക്കയും ചിലതു കേവലം ചേർക്കാതിരിക്കയും ചെയ്യാനിടയായതു്. ഇങ്ങിനെയാണു് ബേങ്കിലെ പണം വളരെ സുബ്രഹ്മണയ്യർ പറ്റിപ്പോയതു്. ഒടുവിൽ മേനോന്റെ കച്ചവടത്തിൽ നിന്നു തനിക്കു് ആദായം ഉണ്ടാകുമെന്നു് അയാൾ വിശ്വസിച്ചിരുന്നു. കച്ചവടം തീരെ പൊളിഞ്ഞു. പതിനായിരം ഉറുപ്പിക നഷ്ടമായി. ഇതിൽ താനും ഓഹരിക്കുണ്ടെന്നും അതിൽ വീതപ്രകാരം താനും കൊടുക്കേണ്ടിവരുമെന്നും കൊടുത്തില്ലെങ്കിൽ താൻ കൂടി ഓഹരി ചേർന്നവിവരം സേട്ടുവിനെ ധരിപ്പിക്കുമെന്നും പറഞ്ഞു പട്ടരെ മേനോൻ ഭയപ്പെടുത്തി. പട്ടർ ഉടനെ നാടു വിട്ടുപോകാൻ സംഗതി അതായിരുന്നു.

എന്നാൽ ഇതൊന്നും സാരമില്ല. മേനോൻ നിമിത്തം ഉണ്ടായ നഷ്ടം ആകപ്പാടെ 10,000 ക. യെ ഉണ്ടായിരിക്കയുള്ളു. ഇതിലും വലുതായ കാര്യം സുബ്രഹ്മണ്യയ്യർ ചെയ്തിട്ടുണ്ടായിരുന്നു. ‘പന്തിരുകൈക്കാർ’ എന്ന പേരിൽ ചിലർ കൂടി ബിലാത്തിക്കച്ചവടം ചെയ്യാൻ തീർച്ചയാക്കി, ഒരു കമ്പനി ഏർപ്പെടുത്തിയിരുന്നു. ഈ കമ്പനിയിൽ സുബ്രഹ്മണ്യയ്യരും ഓഹരിയ്ക്കുണ്ടായിരുന്നു. ഈ കമ്പനി പൊളിഞ്ഞതിൽ പട്ടർക്കു 50,000 ക. നഷ്ടമായി. അതും നവറോജിയുടെ ബേങ്കിലെ പണമായിരുന്നു. തന്റെ സ്വന്തം സഹോദരനു് കോയമ്പത്തൂര് പുതിയ സമ്പ്രദായത്തിൽ കരിമ്പു കൃഷി ചെയ്യാൻ കുറെ പണം ബേങ്കിൽ നിന്നെടുത്തു സുബ്രഹ്മണ്യയ്യർ സഹായിച്ചു. അതു, ആ സഹോദരനും പറ്റിച്ചു. പിന്നെ സ്നേഹിതന്മാരോടുകൂടി മദ്യപാനം മുതലായ ധൂർത്തിനായി വളരെ പണം ചെലവഴിച്ചു. ഈ എല്ലാവകയും കൂടി ബേങ്കിനുണ്ടായിരുന്ന നഷ്ടം എത്രയായിരുന്നുവെന്നാണു് നിങ്ങൾ വിചാരിക്കുന്നതു്? ഒന്നര ലക്ഷം. അതെ ഒരു ലക്ഷത്തി അമ്പതിനായിരം ഉറുപ്പിക നവറോജിയുടെ ബേങ്കിൽനിന്നു പൊയ്പ്പോയിരിക്കുന്നു.

ഒരു ദേഹവിയോഗം

“പടുതവിധിതടുക്കാനാർക്കുമില്ലന്തകൻതൻ

നെടിയവടി, മഹീയന്മാരെയുംവീഴ്ത്തിടുന്നു.”

“അച്ഛനു് കഠിനമായ സുഖക്കേടാണു്. ഡാക്ടരെ കൂട്ടി ഉടനെ വരണം.”

ദാമോദരൻ ചില കച്ചവടക്കാരുമായി ഓരോ കാര്യങ്ങളെപ്പറ്റി ആലോചിക്കുകയായിരുന്നു. അതുവരെ ഉണ്ടായിരുന്ന മൌഢ്യമൊക്കെ പോയി, തന്റെ യജമാനനു വലിയ ആപത്തു നേരിട്ടിട്ടുണ്ടെന്നു കണ്ടപ്പോൾ, അവൻ വളരെ ധൈര്യം അവലംബിച്ചു വല്ലവിധത്തിലും അദ്ദേഹത്തെ ഈ അനർത്ഥത്തിൽനിന്നു രക്ഷിക്കാൻ വഴികൾ ആലോചിക്കുകയായിരുന്നു. ആപത്തിൽ കുടുങ്ങിയിരിക്കുന്ന കാലത്തു ധൈര്യം അവലംബിക്കുന്നതാണു് സജ്ജനസ്വഭാവം. അവൻ കച്ചവടക്കാരോടു് ഓരോന്നു് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണു് മേൽപ്രകാരം ഒരെഴുത്തു വസുമതി എഴുതിയതു് അവനു കിട്ടിയതു്. അവൻ ഉടനെ പുറപ്പെട്ടു ഡാക്ടർ മേനോനെയും കൂട്ടി രാമമന്ദിരത്തിൽ ചെന്നു. അവിടെ കണ്ട കഥ എന്തു പറവാൻ! കോരപ്പൻ ബോധമില്ലാതെ കിടക്കുന്നു. വസുമതി അത്യന്തം പരവശയായി വളരെ കുഴങ്ങിവശായിരുന്നുവെങ്കിലും ബോധം വരുത്താൻ തനിക്കറിയുന്ന വിദ്യയൊക്കെ ചെയ്യുന്നു. ഭൃത്യരിൽ പലരും ഓരോ വൈദ്യന്മാരുടെയും ബന്ധുജനങ്ങളുടെയും അടുക്കലേക്കു് ഓടുകയും ചിലർ നിസ്സഹായികളായി മിഴിച്ചു നില്ക്കുകയും ചെയ്യുന്നു. ഡാക്ടർ മേനോൻ ചെന്നു കോരപ്പനെ നല്ലവണ്ണം പരിശോധിച്ചതിനുശേഷം, ദാമോദരനോടു “പക്ഷവാതമാണു്, ജീവിക്കുന്നതു പ്രയാസം. ഈ മോഹാലസ്യത്തിൽനിന്നു് ഉണരുമെന്നുതോന്നുന്നില്ല” എന്നു പറഞ്ഞു. ഉടനെ മന്നൻ വൈദ്യനും വേറെ ചിലരും എത്തി. രാമനുണ്ണി മൂന്നു ദിവസം മുമ്പു് ബർമ്മയിലേക്കു പോയിരിക്കയാണു്. അയാൾ റങ്കൂണിലേക്കു എത്തുമ്പോഴക്കു് കിട്ടത്തക്കവണ്ണം ഒരു കമ്പി അവിടേക്കയച്ചു. വസുമതി തന്റെ അച്ഛന്റെ സുഖക്കേടിന്റെ യഥാർത്ഥസ്ഥിതി അറിഞ്ഞ ഉടനെ തന്റെ മുറിയിൽ പോയി കിടക്കയിൽ കവിണ്ണു കിടന്നു കരഞ്ഞു തുടങ്ങി. ദാമോദരൻ വൈദ്യന്മാരുടെ ആജ്ഞപ്രകാരം മരുന്നുകൾ പ്രയോഗിക്കാനും മറ്റും ഏർപ്പെട്ടിരുന്നതിനാൽ വസുമതിയെ ആശ്വസിപ്പിക്കാൻ തരമുണ്ടായില്ല. കല്യാണിയും മക്കളും വന്നു വസുമതിയുടെ അടുക്കെ ഇരുന്നു അവളെ ആശ്വസിപ്പിക്കാൻ ഓരോന്നെ പറഞ്ഞുംകൊണ്ടിരിക്കുന്നു. പക്ഷേ, അവരുടെ വാക്കുകളൊക്കെ വസുമതിക്കു് പുണ്ണിൽ കൊള്ളി വെക്കും പോലെ തോന്നി വ്യസനം വർദ്ധിച്ചുകൊണ്ടിരുന്നു.

വൈദ്യന്മാർ തങ്ങളാൽ കഴിയുന്നതൊക്കെ പ്രവൃത്തിച്ചുനോക്കിയെങ്കിലും ഉച്ചതിരിഞ്ഞു രണ്ടു മണിക്കു് കോരപ്പൻ ഇഹലോകവാസം വെടിയുകയും ചെയ്തു.

കോരപ്പനു് 72 വയസ്സു് പ്രായമായിരുന്നു. പുണ്യവാനും വിശാലഹൃദയനും നിഷ്കളങ്കനുമായിരുന്ന അദ്ദേഹത്തിനു് രോഗത്തിൽ കിടന്നു വലഞ്ഞു ബുദ്ധിമുട്ടാതെയും അതുകൊണ്ടുള്ള വേദനയും സങ്കടവും അനുഭവിക്കാതെയും കാലധർമ്മം പ്രാപിക്കാൻ ഇടയായതു് ഈശ്വരന്റെ പ്രത്യേക അനുഗ്രഹമെന്നെ പറയേണ്ടതുള്ളു. ഈ അനുഗ്രഹം പുണ്യവാന്മാർക്കല്ലാതെ ലഭിക്കില്ല. അതുകൊണ്ടാണു് മരിക്കുന്നതുവരെ യാതൊരാളെക്കുറിച്ചും ഭാഗ്യവാനാണെന്നു പറവാൻ പാടില്ലെന്നു പറയുന്നതു്. ന്യായാന്യായാളെപ്പറ്റിയും സത്യാസത്യങ്ങളെപ്പറ്റിയും വിചിന്തനം ചെയ്യാതെ വളരെ ദ്രവ്യം സമ്പാദിക്കുകയും നല്ല ഭവനം, നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങൾ, നല്ല വണ്ടി, നല്ല കുതിര, എന്നിവയൊക്കെ അനുഭവിക്കുകയും സുഖിക്കുകയും ചെയ്യുന്നവരെക്കുറിച്ചു ഭാഗ്യവാന്മാർ എന്നു ജനങ്ങൾ സാധാരണ പറയാറുണ്ടു്. ഇല്ല, ആയിട്ടില്ല. അവരുടെ അന്ത്യകാലം ഏതുവിധമായിരിക്കുമെന്നു് അറിഞ്ഞശേഷമാവാം അവരുടെ ഭാഗ്യനിർഭാഗ്യങ്ങളെപ്പറ്റി വിചിന്തനം ചെയ്യുന്നതു്. ഭാഗ്യവാനായിരുന്നു കോരപ്പൻ. ഭാഗ്യവാന്മാർക്കു ലഭിക്കേണ്ടുന്ന മരണമാണു് അദ്ദേഹത്തിനു ലഭിച്ചതു്.

കോരപ്പൻ മരിച്ച വിവരം അറിഞ്ഞ ഉടനെ കാർത്തികരാമനും അവന്റെ അടുത്ത ബന്ധുക്കളും വന്നു വീട്ടിൽ നിറഞ്ഞു. രാമമന്ദിരത്തിലെ വായുമണ്ഡലത്തിനുതന്നെ ഭേദഗതി വന്നുപോയെന്നു ദാമോദരനു തോന്നി. കാർത്തികരാമന്റെ സഹോദരിമാരിലും മരുമക്കളിലും ചിലർ ശവത്തിനടുത്തു ചെന്നു കിടന്നു “അമ്മാമാ, വലിയമ്മാമാ” എന്നും മറ്റും വിളിച്ചു നിലവിളിച്ചും മാറത്തടിച്ചും ഒച്ചയുണ്ടാക്കിത്തുടങ്ങി. വസുമതിയാകട്ടെ, നല്ല വിദ്യാഭ്യാസം സിദ്ധിച്ച യുവതികൾക്കു സഹജമായ സ്ഥൈര്യത്തോടുകൂടി തന്റെ അച്ഛന്റെ ശവത്തിനടുക്കെ ചെന്നു മുഖത്തുനിന്നു കണ്ണു മറിക്കാതെ കുറെ നോക്കിനിന്നശേഷം രണ്ടാമതും തന്റെ മുറിയിൽ പോയി കവിണ്ണുകിടന്നു. അതിലിടക്കു വളരെ ജനം രാമമന്ദിരത്തിൽ എത്തിച്ചേർന്നു. കണ്ണൻ മേനോൻ മുതലായ വീരന്മാരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇടക്കു മേനോൻ കാർത്തികരാമനെ വിളിച്ചു എന്തോ സ്വകാര്യം പറയുന്നതു ദാമോദരൻ കണ്ടു. അതിനെപ്പറ്റി അവൻ തല്ക്കാലമൊന്നും വിചാരിച്ചില്ലെങ്കിലും കുറെ കഴിഞ്ഞപ്പോൾ രാമനും അയാളുടെ ഭാര്യയും തമ്മിൽ ഇങ്ങിനെ ഒരു സംഭാഷണം നടന്നതു് അവൻ കേട്ടു.

രാമൻ:
വസുമതിയോടു് അമ്മാമന്റെ പെട്ടിയുടെ താക്കോലു് ഇങ്ങട്ടു വാങ്ങിക്കോ
ഭാര്യ:
അവൾ തന്നില്ലെങ്കിലോ?
രാമൻ:
തന്നില്ലെങ്കിൽ പിടിച്ചുപറ്റിക്കൊ.
ഇതുകെട്ടപ്പോൾ ദാമോദരനു കാര്യം ക്ഷണത്തിൽ മനസ്സിലായി. അവൻ വസുമതി കിടക്കുന്ന മുറിയിൽ ചെന്നു അവളോടു “താക്കോലെവിടെയാണു് അതിങ്ങട്ടു തരൂ” എന്നു പറഞ്ഞു.

ദാമോദരന്റെ സ്വരം കേട്ടപ്പോൾ അവൾ തല പൊക്കി നോക്കി. അവൻ താക്കോലിനു് പിന്നെയും ആവശ്യപ്പെട്ടു: “ഏതു താക്കോലു്?”

“നിന്റെ അച്ഛന്റെ പെട്ടിയുടെ”

അവൾ കിടന്നിരുന്ന കിടക്കയുടെ അടിയിൽ നിന്നു ഒരുകൂട്ടം താക്കോലെടുത്തു സംശയം കൂടാതെ അവന്റെ കൈയിൽ കൊടുത്തു.

അവനതു വാങ്ങുന്ന അവസരത്തിൽ കാർത്തികരാമന്റെ ഭാര്യ ആ മുറിയിൽ കടന്നുചെന്നു.

“അമ്മാമന്റെ താക്കോലാ അതു്?”.

എന്നവൾ ചോദിച്ചതിനു് ദാമോദരൻ അതെ എന്നു മറുപടി പറഞ്ഞു, താക്കോൽ കീശയിലിട്ടു, ആ മുറിയിൽ നിന്നു പോയി. ഈ വിവരം കാർത്തികരാമൻ അറിഞ്ഞപ്പോൾ അയാളും കണ്ണൻ മേനോനും തമ്മിൽ ഒരു ആലോചന നടന്നെങ്കിലും താക്കോലിനെ സംബന്ധിച്ചു പിന്നെ ചോദ്യമൊന്നും ഉണ്ടായില്ല.

കോരപ്പന്റെ ശവസംസ്കാരത്തെപ്പറ്റിയായി പിന്നെ തർക്കം. ശവം തന്റെ വീട്ടിൽ കൊണ്ടുപോയി അവിടത്തെ പറമ്പിൽ സംസ്കരിക്കണമെന്നു കാർത്തികരാമൻ ആവശ്യപ്പെട്ടു. രാമനുണ്ണി ഇല്ലാത്ത അവസരത്തിൽ ഇക്കാര്യം പറ്റിക്കാമെന്നായിരുന്നു അയാൾ വിചാരിച്ചതു്. അയാളെ സഹായിച്ചുകൊണ്ടു് കണ്ണൻ മേനോൻ സംസാരിച്ചു.

മരുമക്കത്തായക്കാരനായ ഒരാളുടെ ശവത്തിനു് മരുമക്കൾക്കാണു് അവകാശമെന്നും മക്കൾക്കല്ലെന്നും ആയിരുന്നു അവരുടെ വാദം. കോരപ്പൻ സർവ്വ വസ്തുക്കളും തന്റെ മക്കൾക്കു കൊടുക്കുകയും അദ്ദേഹത്തിന്റെ സുഖദുഃഖങ്ങൾ അവരോടുകൂടി കഴിയ്ക്കയും ചെയ്ത സ്ഥിതിക്കു് ഇക്കാര്യത്തിൽ അയാളെ മരുമക്കത്തായക്കാരനായി വിചാരിക്കേണ്ടതില്ലെന്നും മറ്റും വേറെ ചില ദേശപ്രമാണികൾ പറഞ്ഞു. വസ്തുക്കൾ മക്കൾക്കാണു് കൊടുത്തതെന്നതിനെ കുറിച്ചു കാർത്തികരാമനും അയാളെ അനുസരിച്ചുകൊണ്ടു് കണ്ണൻ മേനോനും ആർക്കും ശരിയായി മനസ്സിലാകാത്തവിധത്തിൽ ചിലതൊക്കെ സംസാരിച്ചു. വസുമതിയോടു അന്വേഷിച്ചതിൽ അച്ഛന്റെ ശവം രാമമന്ദിരത്തിൽ തന്നെ സംസ്കരിക്കണമെന്നാണു് തന്റെ ഇഷ്ടമെന്നു അദ്ദേഹം പല അവസരത്തിലും പറഞ്ഞിരുന്നതായി അറിയിച്ചു. കാർത്തികരാമൻ എന്നിട്ടും വിട്ടില്ല. അതിനെപ്പറ്റി തർക്കമായി. വളരെ ഉച്ചത്തിൽ വാഗ്വാദമായി.

ഒരു മാന്യന്റെ ശവം അകത്തുകിടക്കുന്നതിനെ ലവലേശം ബഹുമാനിക്കാതെ ഉണ്ടായ ഇവരുടെ ഈ വാദവും തർക്കവും മറ്റും പരിഷ്കാരികളായ പാശ്ചാത്യന്മാരുടെ ദൃഷ്ട്യാ അത്യന്തം ജുഗുപ്സാവഹമായതായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു.

യൂറോപ്യന്മാർ ശവത്തെ വളരെ ബഹുമാനിച്ചിട്ടാണു്. ശവമുള്ള മുറിയിൽ നിന്നൊ, വീട്ടിൽ നിന്നോ ഉച്ചത്തിൽ ശബ്ദിയ്ക്ക കൂടി ഇല്ല. ശവത്തെ കാണ്മാൻ ചെല്ലുന്നവർ ബഹുമാനസൂചകമായി പ്രത്യേകം വസ്ത്രം ധരിക്കുകയും അടുത്തുചെല്ലുമ്പോൾ ചെരിപ്പിന്റെ ഒച്ചയുണ്ടാകാതിരിക്കാൻ വളരെ സാവധാനത്തിൽ നടക്കുകയും ചെയ്യും. ശവം കൊണ്ടുപോകുന്നതു വഴിയ്ക്കൽ വെച്ചു കാണുമ്പോൾ തലയിൽ നിന്നു തൊപ്പിയെടുത്തു ബഹുമാനിക്കുന്നു.

ശവത്തിന്റെ മേൽ വീണുരുണ്ടു മാറത്തടിച്ചു നിലവിളിക്കുന്ന സമ്പ്രദായങ്ങളൊന്നും അവർക്കില്ല.

മരിയ്ക്കയെന്നതു അന്നമയകോശത്തിൽ നിന്നു ആത്മാവു് വേർപെടുകയാണെന്നും വേർപെട്ട ഉടനെ മനോമയകോശത്തിലുള്ള ആത്മാവു് അപ്പോൾ സുഖദുഃഖങ്ങളൊന്നും അറിയാതെ സ്വപ്നപ്രായത്തിലായിരിക്കയാണെന്നും വലുതായ ഒച്ച ഉണ്ടാക്കിയാൽ ഈ സ്വപ്നത്തിൽനിന്നു ഞെട്ടിപ്പോകയും ഉടനെ ദുഃഖാനുഭവം ഉണ്ടാകയും ചെയ്യുന്നുവെന്നും പറഞ്ഞിട്ടുള്ളതു് ഹിന്തുശാസ്ത്രത്തിലാണെങ്കിലും ആ വിശ്വാസത്തിനനുസരിച്ചു പ്രവൃത്തിക്കുന്നതു പരിഷ്കാരികളായ യൂറോപ്യന്മാരാണു്.

കാർത്തികരാമന്റെ തർക്കം അവസാനിക്കുന്നില്ലെന്നു കണ്ടപ്പോൾ ദാമോദരൻ കടന്നുചെന്നിട്ടു് ഇങ്ങിനെ പറഞ്ഞു:

“മക്കത്തായമായാലും മരുമക്കത്തായമായാലും കർമ്മത്തിനധികാരി രാമനുണ്ണിയാണു്. അവന്റെ അഭിപ്രായം അറിഞ്ഞിട്ടേ ഇതിൽ വല്ലതും ചെയ്തുകൂടു. അവനു് അടിയന്തരമായി ഈ വിവരത്തിനു് ഒരു കമ്പി അയക്കണം.” ഇതു പറഞ്ഞുവെക്കുന്നതിനുമുമ്പുതന്നെ ഒരു കമ്പിശ്ശിപായി ദാമോദരനെ അന്വേഷിച്ചു ഒരു കമ്പിയും കൊണ്ടുവന്നു. കമ്പി രാമനുണ്ണിയുടേതായിരുന്നു.

മദിരാശിയിൽ നിന്നാണു്. കോരപ്പന്റെ സുഖക്കേടിന്റെ വിവരത്തിനു് അയച്ച കമ്പി അവനു കിട്ടിയിരുന്നില്ല കമ്പിയുടെ സാരം ഇതായിരുന്നു.

കപ്പൽ തെറ്റിപ്പോകയാൽ വിചാരിച്ചപോലെ പുറപ്പെടാൻ കഴിഞ്ഞില്ല. നാളെ ഒരു കപ്പലുണ്ടു്. സുബ്രഹ്മണ്യയ്യരുടെ ഭാര്യയുടെ അച്ഛനെ ഇവിടെ കണ്ടു. അയാൾക്കു വിവരമൊന്നുമില്ല. എന്തോ കള്ളത്തരമുണ്ടു്. വേണ്ടതു പ്രവൃത്തിച്ചോളൂ.”

ഈ കമ്പികിട്ടിയ ഉടനെ മദിരാശിയിലേക്കു അടിയന്തരമായി ഒരു കമ്പി അയച്ചു. വണ്ടിപുറപ്പെടുന്നതിനുമുമ്പിൽ കമ്പി കിട്ടുമായിരുന്നതിനാൽ അന്നുതന്നെ പുറപ്പെടാനും പിറ്റെ ദിവസം വൈകുന്നേരം രാജ്യത്തെത്താനും സാധിക്കുമായിരുന്നു.

രാമനുണ്ണിക്കു് ഉടനെ എത്താൻ സാധിക്കുമെന്നു കണ്ടപ്പോൾ കാർത്തികരാമന്റെ വാശിയൊന്നു കുറഞ്ഞു. പിറ്റെദിവസം രണ്ടു മണിവരെ ശവം മറവുചെയ്യാതെ വെക്കാൻ പാടില്ലെന്നു പലരും പറഞ്ഞു. പക്ഷേ, രാമനുണ്ണിയുടെ മറുപടി വന്നതിൽ അവൻ പുറപ്പെട്ടിട്ടുണ്ടെന്നും അവൻ എത്തിയല്ലാതെ ശവം മറവുചെയ്യരുതെന്നും ഉണ്ടായിരുന്നതിനാൽ ശവത്തെ പെട്ടിയിലാക്കി മൂടിവെക്കാൻ തീർച്ചയാക്കി. അതിലിടക്കു് ശവം വളരെ ജീർണ്ണിച്ചുപോകാതിരിക്കാൻ ഡോക്ടർ അവിടവിടെ എന്തോ മരുന്നു കുത്തിവെച്ചു.

പിറ്റെ ദിവസം രണ്ടു മണിവരെ വസുമതി കഠിനവ്യഥയനുഭവിച്ചു. അച്ഛനും ജ്യേഷ്ഠനും ഭൃത്യന്മാരും മറ്റുമുള്ളതും സ്വന്തം ഇച്ഛപോലെ സർവ്വവും പ്രവൃത്തിക്കാൻ സാധിച്ചിരുന്നതുമായ തന്റെ പ്രിയപ്പെട്ട ഗൃഹത്തിൽ നിന്നു പെട്ടെന്നു തന്നെ എടുത്തു അനേകം ദുഷ്ടന്മാർ നിറഞ്ഞ ഒരു ശത്രുഗൃഹത്തിൽ കൊണ്ടുപോയാക്കിയതുപോലെ തോന്നി. ഈ സങ്കടാവസ്ഥയിൽ തനിക്കു ദാമോദരനല്ലാതെ മറ്റൊരു ശരണവും ഇല്ലായിരുന്നു. ഈ അവസ്ഥയിൽ ഇവരന്യോന്യം പൂർവ്വാധികം സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ടുവെന്നു പറയേണ്ടതില്ലല്ലൊ.

അന്നുരാത്രി ഏകദേശം പന്ത്രണ്ടുമണിക്കു് അതുവരെ പുറത്തെവിടെയോ പോയിരുന്ന കാർത്തിക രാമൻ രാമമന്ദിരത്തിൽ ചെല്ലുകയും തന്റെ പ്രിയപ്പെട്ട അമ്മാമന്റെ മുഖം ഒന്നുകൂടി കാണേണമെന്നും അതു അപ്പോൾതന്നെ വേണമെന്നും ആഗ്രഹിക്കുകയും പെട്ടിയുടെ മൂടി തുറന്നു വളരെനേരം ശവത്തിന്നടുക്കെ മുട്ടുകുത്തിയിരുന്നു കരയുകയും അമ്മാമന്റെ ഗതിക്കുവേണ്ടി പ്രാർത്ഥിക്കുകയുംചെയ്തു. കാർത്തികരാമനു് മാതുലനോടുള്ള സ്നേഹത്തെപ്പറ്റി കല്യാണി വസുമതിയെ അറിയിക്കുകയും അവൾ അത്ഭുതപ്പെടുകയും ചെയ്തു.

പിറ്റെ ദിവസം രണ്ടുമണിക്കു് രാമനുണ്ണിയെത്തി. നാലുമണിക്കു് ശവം രാമമന്ദിരത്തിൽ തെക്കു ഭാഗം പറമ്പിൽ വെച്ചു ദഹിപ്പിക്കയും ചെയ്തു. രാമനുണ്ണി വന്നശേഷം ശവം തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനെപ്പറ്റി കാർത്തികരാമൻ ഒന്നും പറഞ്ഞിരുന്നില്ല.

യഥാർത്ഥ ബന്ധു

കൈകൾ ദേഹത്തിനെന്നോണം

കണ്ണിന്നിമകൾ പോലെയും

ഹിതംപെട്ടെന്നു ചെയ്തീടു-

ന്നവനെ മിത്രമായ്വരൂ.

സി. കെ. പി.

ദാമോദരൻ കണക്കുകളൊക്കെ നോക്കിക്കഴിഞ്ഞപ്പോൾ ബേങ്കിനുണ്ടായിരിക്കുന്ന നഷ്ടം മുഴുവൻ മനസ്സിലായി. ഇടിതട്ടിയ മരംപോലെ അവൻ ആപ്പീസ്സിൽ കസാലയിൽ തന്നെ വളരെനേരം ഇരുന്നു. ഇനി എന്താണു് വേണ്ടതു്. ഈ വിവരം എങ്ങിനെ നവറോജിയെ അറിയിക്കേണ്ടു. ഇത്ര അധികം പണം മുടക്കിയ ഒരു ഏർപ്പാടിൽ വകതിരിവില്ലാത്ത ഈ ചെറുപ്പക്കാരനെ കാഷ്കീപ്പറായി വെച്ചതിന്റെ ദോഷം കണ്ടുവോ? ഇനി ഇതിന്റെ ഫലമൊക്കെ യോഗ്യനും മാന്യനുമായ നവറോജിയല്ലെ അനുഭവിക്കേണ്ടതു്. മുൻസിപ്പാലിട്ടി, ഡിസ്റ്റ്രിക്ട് ബോർഡ് എന്നിവിടങ്ങളിലെ അംഗവും രാജ്യത്തു സർവ്വരാലും മാനിക്കപ്പെടുന്ന ആളും എല്ലാവരാലും വിശ്വസിക്കപ്പെട്ട മാന്യനും പലധർമ്മങ്ങളും ചെയ്കയാൽ ലോകത്തിന്റെ സ്നേഹത്തിനു പാത്രമായ ഒരു സജ്ജനവും ഗവർണ്ണർ മുതലായ വലിയ ഉദ്യോഗസ്ഥന്മാർ വരുമ്പോൾ എതിരേറ്റു സ്വീകരിക്കുന്നവരിൽ മുഖ്യനും ഗവണ്മെണ്ടിനാൽ മാനിക്കപ്പെട്ട ദേഹവും ആയ നവറോജിക്കു് വന്ന ആപത്തു നോക്കിൻ! അല്പദിവസം കൂടി കഴിഞ്ഞാൽ ഇദ്ദേഹത്തിന്റെ കച്ചവടവും ബേങ്കും പൊളിയും. ഉള്ള മുതലൊക്കെ കടക്കാർക്കു ഓഹരി ചെയ്വാനെ ഉണ്ടായിരിക്കയുള്ളൂ. എന്തൊരു പതനം. എത്ര ഉയരത്തിൽനിന്നുള്ള വീഴ്ച. ഇനി കടക്കാരിൽ വല്ലവരും അയാളെ ജയിലിൽ പിടിച്ചെന്നും വരാം. ഇല്ല, ഈ പരമയോഗ്യനു് അങ്ങിനെ ഒരനർത്ഥം വരാനൊ, ആവിധം ഒരു അപമാനം ഫലമാവാനൊ, ഒരിക്കലുമില്ല, എന്നു ദാമോദരൻ വിചാരിച്ചു. അവിടെനിന്നു എഴുന്നേറ്റു കണക്കുബുക്കുകളൊക്കെ എടുത്തു മേശയിലിട്ടു പൂട്ടി ആപ്പീസ്സിൽ നിന്നു ഇറങ്ങി, നേരെ തന്റെ വീട്ടിലേക്കു പോയി. തന്റെ മുറിയിൽ ചെന്നു ഒരു കസാലയിൽ ഇരുന്നു പിന്നെയും ആലോചിച്ചു. നവറോജിയോടുണ്ടായ അനുകമ്പയിൽ വസുമതിയെ കൂടി അവൻ വിസ്മരിച്ചു. അല്പനേരം അവിടെ ഇരുന്നപ്പോൾ ആരോ വന്നു വാതിലിനുമുട്ടി, വാതിൽ തുറന്നു, തന്റെ സഹോദരി ലക്ഷ്മി അകത്തു പ്രവേശിച്ചു, “ജ്യേഷ്ഠാ കണക്കു മുഴുവൻ നോക്കിക്കഴിഞ്ഞുവോ?” എന്നു ചോദിച്ചു. ദാമോദരൻ എല്ലാ വിവരവും ദിവസേന വന്നു തന്റ സഹോദരിയോടു പറയാറുണ്ടായിരുന്നു. അവളോടല്ലാതെ മറ്റാരോടും ഈ വിവരം പറഞ്ഞിരുന്നില്ല.

ദാമോദരൻ:
കണക്കു നോക്കിക്കഴിഞ്ഞു എന്നു പറഞ്ഞു ഒരു ദീർഘശ്വാസമിട്ടു.
ലക്ഷ്മി:
എത്ര ഉറുപ്പിക നഷ്ടമായിട്ടുണ്ടു്?
ദാമോദരൻ:
ഒരു ലക്ഷത്തമ്പതിനായിരം!
ലക്ഷ്മി:
ഒന്നര ലക്ഷമൊ! ദൈവമെ, ഇതെന്തൊരു കള്ളപ്പട്ടരാണീശ്വരാ. സേട്ടു എന്തുപറഞ്ഞു? ഇതിനെന്തു നിവൃത്തി? സേട്ടുവിനു് അത്ര ഉറുപ്പികയുടെ സ്വത്തുണ്ടോ?
ദാമോദരൻ:
സേട്ടുവിന്റെ സർവ്വ സ്വത്തും ഈ ബേങ്കാണു്. സേട്ടുവോടു ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ പോയി പറയും.
ലക്ഷ്മി:
നിങ്ങൾക്കു് വല്ല ദോഷവും ഉണ്ടാകുമൊ?
ദാമോദരൻ:
എനിക്കു ദോഷമൊന്നും വരാനില്ല. എനിക്കു വന്നാലും സേട്ടു രക്ഷപ്പെടുമെങ്കിൽ നന്നായിരുന്നു. ആട്ടെ, ഞാൻ വേഗം വരുന്നു.
ഇങ്ങിനെ പറഞ്ഞു ദാമോദരൻ പടി ഇറങ്ങിപ്പോയി. ലക്ഷ്മി ഈ കാര്യത്തെപ്പറ്റി ആലോചിച്ചു വളരെ വ്യസനിച്ചു. എങ്കിലും അവളുടെ അമ്മയോടാകട്ടെ സഹോദരിമാരോടാകട്ടെ ഈ വിവരത്തെപ്പറ്റി യാതൊന്നും പറഞ്ഞതില്ല. പുരുഷനുണ്ടാകുന്ന സന്താപങ്ങളെയും സന്തോഷങ്ങളെയും പങ്കുകൊള്ളേണ്ടതിനു് ഒരു സുഹൃത്തു് ഏറ്റവും ആവശ്യമാണെന്നുള്ളതു് പ്രകൃതിയുടെ നിർബ്ബന്ധനിയമമാകുന്നു. ആ സുഹൃത്തു് ഒരു സ്ത്രീയായാൽ അധികം ഗുണമായി. അതു് അമ്മയായാലും പെങ്ങളായാലും ഭാര്യയായാലും കൊള്ളാം. തന്നോടു ഉൾക്കൂറും അനുകമ്പയും ഉള്ളവളായിരിക്കണം. ദാമോദരൻ തന്റെ സർവ സന്തോഷങ്ങളും തന്റെ മാതാവോടും സഹോദരിമാരോടും കൂടിച്ചേർന്നു പങ്കുകൊള്ളുകയായിരുന്നു പതിവെങ്കിലും ഈ സങ്കടത്തെ അവരെയൊക്കെ അറിയിച്ചു അവർക്കു കൂടി വ്യസനം വരുത്തേണ്ടുന്ന ആവശ്യമില്ലെന്നു കരുതി, അവരിൽ മനസ്സിനു് സ്ഥൈര്യവും കുറെ ധൈര്യവും ഉള്ള ലക്ഷ്മിയെ മാത്രം ഈ വിവരം അറിയിച്ചു.

ദാമോദരൻ പടി ഇറങ്ങി നേരെ നടന്നതു സുബ്രഹ്മണ്യയ്യർ താമസിച്ചിരുന്ന വീട്ടിലേക്കായിരുന്നു. ആലോചനയിൽ നിമഗ്നനായി നിലത്തുനോക്കിക്കൊണ്ടും ഇടക്കിടക്കു് വേഗത്തിൽ നടന്നും, നടത്തം പിന്നെയും സാവധാനത്തിലാക്കിയും കൊണ്ടു് അവൻ റോഡിന്മേൽ പോകുന്നതു കണ്ടവർക്കൊക്കെ, അവനെപ്പറ്റി പല സംശയങ്ങളും ഉണ്ടായിരുന്നിരിക്കണം. സഞ്ചാരികളിൽ ആരേയും അവൻ കണ്ടില്ല. പലരും അവനെ കണ്ടു. അഭിവാദ്യം ചെയ്തുവെങ്കിലും ചിലരോടു് അതിനു മറുപടിയായി വല്ലതും പറവാനൊ, വല്ല ആംഗ്യമെങ്കിലും കാണിക്കാനോ, അവനു് സാധിച്ചില്ല. അവൻ അവരെ ശ്രദ്ധിച്ചില്ല. ചിലരെ താൻ അറിയാതെ ആംഗ്യം കൊണ്ടു് അഭിവന്ദനം ചെയ്തു. ചിലർ തനിക്കു് സലാം കാണിച്ചിരുന്നുവെന്നും പകരം താനൊന്നും പറഞ്ഞിരുന്നില്ലെന്നും അവർ കടന്നുപോയതിൽ പിന്നെയാണു് അവൻ ഓർമ്മിക്കുക. അങ്ങിനെ ചെയ്തിരുന്നില്ലെന്നുള്ള ഓർമ്മതന്നെയും ചിലപ്പോൾ തെറ്റിപ്പോയെന്നുംവരാം. ഇങ്ങിനെ അവൻ സ്വപ്നത്തിലെന്നപോലെ നടന്നു സുബ്രഹ്മണ്യയ്യരുടെ മഠത്തിൽ ചെന്നു കയറി. അദ്ദേഹത്തിന്റെ അമ്യാരു്, കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുവയസ്സു പ്രായമുള്ള ഒരു പെൺകുട്ടി ആ സ്ത്രീയുടെ സമീപത്തുനിന്നു കയ്യിൽ ഒരു കളിപ്പാട്ടം ഉള്ളതിനെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരിക്കുന്നു. ദാമോദരനെ കണ്ട ഉടനെ അമ്യാരു് എഴുന്നേറ്റു് അകത്തേക്കുപോയി. കുട്ടി നിന്നദിക്കിൽനിന്നു ദാമോദരന്റെ മുഖത്തൊന്നു നോക്കി, കയ്യിലുണ്ടായിരുന്ന കളിക്കോപ്പു് താഴത്തിട്ടു.

കൈരണ്ടും പൊക്കി പുറംകൈ കണ്ണിൽ ചേർത്തു. ചേർത്ത കൈകൾ അവിടുന്നു അങ്ങട്ടുമിങ്ങളും ഇളക്കിക്കൊണ്ടിരുന്നു. ഉടനെ മൂക്കിൽ കൂടി ചെറിയ ഒച്ച പുറപ്പെട്ടുതുടങ്ങി. പിന്നാലെതന്നെ വരാൻ പോകുന്ന മാന്യനെ ബഹുമാനിക്കുന്ന ആചാരവെടിയായിരിക്കാം അതു്. അതെ, അതുതന്നെ. പിന്നാലെ തന്നെ ആ മാന്യന്റെ വരവും ഉണ്ടാകും. ശിശുക്കളുടെ ശക്തിയും സഹായവും ആയ കണ്ണുനീർ പിന്നാലെതന്നെ ഉണ്ടായി. ശബ്ദം അധികരിച്ചു വായിൽകൂടിയും ഉണ്ടായിത്തുടങ്ങി. അമ്യാരു് രണ്ടാമതും പുറത്തുവന്നു കുട്ടിയെ എടുത്തു അകത്തുപോയി അതിനെ ഉക്കിൽ തട്ടിക്കൊണ്ടു്, വാതിലിന്റെ കതവിന്നടുത്തുനിന്നു. അവരോടു സംസാരിക്കാനുള്ള അവസരമതാണെന്നു കണ്ടു, ദാമോദരൻ മുറ്റത്തുനിന്നദിക്കിൽനിന്നു്, “സ്വാമി ഇവിടെ ഇല്ലെ?” എന്നു ചോദിച്ചു.

പാലക്കാടൻ തമിഴിൽ അമ്യാരും വടക്കൻ മലയാളത്തിൽ ദാമോദരനും തമ്മിൽ ഉണ്ടായ സംഭാഷണം അവന്റെ ഭാഷയിൽ താഴെ പറയും പ്രകാരമായിരുന്നു.

അമ്യാർ:
ഇവിടെ ഇല്ല.
ദാമോദരൻ:
എവിടെയാണു് പോയതു്?
അമ്യാർ:
എവിടെയാണെന്നു് എനിക്കു് നിശ്ചയമില്ല.
ദാമോദരൻ:
എപ്പോഴായിരുന്നു പോയിരുന്നതു്?
അമ്യാർ:
ഇന്നേക്കു് അഞ്ചെട്ടു ദിവസമായി.
ദാമോദരൻ:
വല്ല എഴുത്തും വന്നുവോ?
അമ്യാർ:
ഒരെഴുത്തും വന്നില്ല.
ദാമോദരൻ:
പാലക്കാട്ടേക്കായിരിക്കുമൊ പോയതു്?
അമ്യാർ:
എന്നോടു് ഒന്നും പറഞ്ഞിരുന്നില്ല. ബേങ്കിന്റെ ആവശ്യത്തിനു് ഒരു ദിക്കിൽ പോകാനുണ്ടെന്നല്ലാതെ ഇന്ന ദിക്കിലാണെന്നു പറഞ്ഞിരുന്നില്ല. അയ്യരെ ബേങ്കിൽ നിന്നയച്ചതല്ലെ?
ദാമോദരൻ:
അല്ല, ബേങ്കിൽ നിന്നയച്ചതല്ല. അമ്മയ്ക്കു് സുഖക്കേടാണെന്നു ഒരു എഴുത്തു ബേങ്കിലയച്ചിട്ടാണു് പോയത്.
ഇതു കേട്ടപ്പോൾ ആ സാധു ബ്രാഹ്മണി പുറത്തേക്കിറങ്ങി കോലായിൽ നിന്നു. അവരുടെ ഉക്കിലുണ്ടായിരുന്ന കുട്ടി അമ്മയുടെ ചുമലിൽ കൂടി തല മറുഭാഗത്തേക്കിട്ടു ദാമോദരനെ നോക്കാതെ കഴിച്ചു. അമ്യാരു് ഇങ്ങിനെ ചോദിച്ചു: “അമ്മക്കു് ദണ്ഡമൊന്നുമുള്ളതായി അറിയുന്നില്ലല്ലൊ. ഇന്നലെ പാലക്കാട്ടുനിന്നൊരു എഴുത്തു വന്നിരുന്നു. അയ്യരു് അവടെ ചെന്നതായി കാണുന്നില്ലല്ലൊ. നിങ്ങൾ പൊലീസ്സുകാരനാണൊ? അയ്യയ്യോ രാമരാമ! ശിവ, ശിവ, എന്തൊരു കഷ്ടമാണു്. എവിടെ ആയിരിക്കും പോയതു്. മഹാപാപി!”

കുട്ടി നിലവിളിച്ചുതുടങ്ങി. അമ്യാരു് അതിന്റെ പുറത്തു കൈകൊണ്ടു് മെല്ലെ അടിച്ചുകൊണ്ടും, ഇടക്കിടക്കിടക്കു് അതിനെ ശകാരിച്ചുകൊണ്ടും, ഉക്കിൽ നിന്നു് അതിനെ കുലുക്കിക്കൊണ്ടും വളരെ പരിഭ്രമവും ഭയവും പ്രത്യക്ഷപ്പെടുത്തി. ദാമോദരൻ ആ സ്ത്രീയുടെ പരിഭ്രമം കണ്ടു വ്യസനിച്ചു, ഒടുവിൽ ഇങ്ങിനെ പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ട. ഞാൻ പോലീസ്സുകാരനൊന്നുമല്ല. ഞാനും ബേങ്കിലെ ഒരു ഉദ്യോഗസ്ഥനാണു്. ഞങ്ങൾ സ്നേഹിതന്മാരാണു്. ഞാൻ ഒരു ദ്രോഹമൊന്നും ചെയ്യാൻ വന്നവനല്ല.”

അമ്യാർക്കു് കുറെ ആശ്വാസമായി. എന്നിട്ടിങ്ങിനെ പറഞ്ഞു: “അദ്ദേഹത്തിനു ചില ചീത്ത സ്നേഹിതന്മാരുണ്ടു്. രാത്രി പന്ത്രണ്ടുമണി ഒരുമണിയായല്ലാതെ കുറെ കാലായിട്ടു് മഠത്തിൽ മടങ്ങിവരാറില്ല. വരുമ്പോളൊക്കെ ഒന്നിച്ചു ചില ചങ്ങാതിമാരുണ്ടായിരിക്കും. നിങ്ങളും രാത്രി ഒന്നിച്ചുണ്ടാകാറുണ്ടോ?”

ഒടുവിലെത്തെ ചോദ്യം അമ്യാരു് ശുദ്ധഗതികൊണ്ടു് ചോദിച്ചതാണെങ്കിലും പട്ടരുടെ സ്നേഹിതനാണെന്നു പറഞ്ഞതു് അബദ്ധമായെന്നു ദാമോദരനു മനസ്സിലായി.

ദാമോദരൻ:
അല്ല, ഞാൻ ആവിധം സ്നേഹിതനല്ല.
അമ്യാരു്:
അദ്ദേഹം എവിടെക്കായിരിക്കും പോയതു്?
അതു് അറിയാനാണു് ദാമോദരൻ വന്നതു്. അതുപറയാനാണു് തന്നോടു ആവശ്യപ്പെടുന്നതു്. സുബ്രഹ്മണ്യയ്യരു് ബേങ്കിനെയും ലോകത്തെയും മാത്രമല്ല, തന്റെ ഭാര്യയെയും പക്ഷേ, തന്നെത്തന്നെയും വഞ്ചിച്ചിരിക്കുന്നുവെന്നു ദാമോദരനു മനസ്സിലായി. തനിക്കു് അറിവാനുള്ള കാര്യം ഇവിടുന്നു് സാധിക്കയില്ലെന്നു ബോദ്ധ്യമായശേഷം ആ സ്ത്രീയെ ഒരുവിധം പറഞ്ഞു സമാധാനപ്പെടുത്തി. ബ്രാഹ്മണൻ പക്ഷേ, വല്ല ആവശ്യത്തിനും എവിടെയെങ്കിലും പോയതായിരിക്കുമെന്നും ബേങ്കിൽ നിന്നു അവധി കിട്ടുകയില്ലെന്നു വിചാരിച്ചു അമ്മക്കു സുഖക്കേടാണെന്നു കളവെഴുതിയതായിരിക്കുമെന്നും പറഞ്ഞു. സുബ്രഹ്മണ്യയ്യർ പോകുമ്പോൾ ഒരു പെട്ടിയും അതിൽ കുറെ ഉടുപ്പുകളും കോണ്ടുപോയിരുന്നുവെന്നും, പോകുന്നതിനു തലെ രാത്രി വളരെ നേരത്തെ തന്നെ മഠത്തിലെത്തിയിരുന്നുവെന്നും പിറ്റെദിവസം രാവിലെ പോകുന്നതുകൊണ്ടു് അന്നു മുഴുവൻ ഉറക്കമില്ലാതെയാണു് കഴിച്ചതെന്നും മറ്റും തനിക്കു് ഒരുവിധത്തിലും ഉപകരിക്കാത്ത ചില വർത്തമാനങ്ങൾ കൂടി അമ്യാരിൽ നിന്നു മനസ്സിലാക്കി ദാമോദരൻ അവിടുന്നു പുറപ്പെട്ടു.

“ആ സ്ത്രീയുടെ മെയ്യിൽ ഒരാഭരണം പോലുമില്ല. പട്ടർ പണമൊക്കെ ധൂർത്തടിക്കയാണു് ചെയ്തതു്. എന്തൊരു ആലോചനയില്ലാത്ത മഹാപാപി. അദ്ദേഹം ഓടിപ്പോകാതെ ഇവിടെ ഇരുന്നുവെങ്കിൽ വല്ലവിധത്തിലും രക്ഷകിട്ടുമായിരുന്നു. ബേങ്കിനെ സംബന്ധിച്ച കാര്യങ്ങളെപ്പറ്റി പൂർണ്ണമായി അറിവാനും തരമുണ്ടാകുമായിരുന്നു.”

ഇങ്ങിനെ ആലോചിച്ചുകൊണ്ടു ദാമോദരൻ വീട്ടിൽ ചെല്ലാതെ നേരെ മിസ്റ്റർ നവറോജിയുടെ വീട്ടിലേക്കാണു് പോയതു്. മിസ്റ്റർ നവറോജി അതിവിശേഷമായ ഒരു ബങ്കളാവിലാണു് താമസം. യൂറോപ്യന്മാരുടെ വാസസ്ഥലമൊന്നും ഇത്ര ഭംഗിയുള്ളതല്ല. കടലിലേക്കു നോക്കിക്കൊണ്ടു കടപ്പുറത്തിനു് ഏറ്റവും അടുത്തുള്ള ഒരു ബങ്കളാവാണു്. വീട്ടിന്റെ ഭംഗിയും മനോഹരമായ തോട്ടവും, മറ്റും മുമ്പു കണ്ടവിധത്തിലല്ല ദാമോദരനു തോന്നിയതു്. എല്ലാറ്റിന്റെയും ജീവനും ചൈതന്യവും പോയി അവിടെ അതുവരെ പ്രത്യക്ഷപ്പെട്ടുകണ്ടിരുന്ന ലക്ഷ്മിവിലാസം തന്നെ പിൻമാറിയപോലെ ദാമോദരനു തോന്നി. വൈകുന്നേരം ഏകദേശം ആറുമണിയായിരിക്കുന്നു. മിസ്റ്റർ നവറോജി തോട്ടത്തിൽ ഒരു ചാരുകസേലയിൽ ഇരുന്നു മന്ദവായുവേറ്റുകൊണ്ടു സുഖിക്കുന്നു. സാധു മിസ്റ്റർ നവറോജി. വരാനിരിക്കുന്ന ആപത്തിനെപ്പറ്റി യാതോരു ജ്ഞാനവുമില്ലാതെ ഇരിക്കുന്ന ആ മഹാനെ കണ്ടപ്പോൾ തന്റെ ഹൃദയം പൊടിയുന്നുവെന്നു് ദാമോദരനു തോന്നി. ദാമോദരനെ കണ്ട ഉടനെ നവറോജി ഒരു ഭൃത്യനെ വിളിച്ചു ഒരു കസാല കൊണ്ടുവരാൻ പറഞ്ഞു. കസാല കൊണ്ടുവന്നു ദാമോദരൻ അതിൽ ഇരുന്നശേഷം,

നവറോജി:
“എന്താ ദാമോദരന്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നു? നിങ്ങൾക്കു വല്ല സുഖക്കേടുമുണ്ടൊ?”
ദാമോദരൻ:
ബേങ്കിൽ നാം വിചാരിച്ചതിൽ വളരെ അധികം പണം പോയിരിക്കുന്നു.
നവറോജി:
ഒരു പതിനായിരം പോയോ? പട്ടരെ കണ്ടുവോ?
ദാമോദരൻ:
ഒരു ലക്ഷത്തി അമ്പതിനായിരം ഉറുപ്പിക പോയിരിക്കുന്നു.
അതുവരെ ചാരിക്കിടന്നിരുന്ന നവറോജി എഴുന്നേറ്റു നേരെ ഇരുന്നു.

“ഒരുലക്ഷത്തി അമ്പതിനായിരമോ? നിങ്ങൾ കണക്കു ശരിയായി നോക്കിയോ?”

ദാമോദരൻ കണക്കിന്റെ അവസ്ഥയെപ്പറ്റി മുഴുവൻ വിവരം മിസ്റ്റർ നവറോജിയെ ധരിപ്പിച്ചു. സാധു മിസ്റ്റർ നവറോജി കുറെ നേരത്തേക്കു് ഒരക്ഷരവും മിണ്ടാതെ സാലഭഞ്ജിക പോലെ ആ കസേലയിൽ ഇരുന്നു. ഒടുവിൽ ഒരു ദീർഘശ്വാസം വിട്ടു മെല്ലെ ഇങ്ങിനെ പറഞ്ഞു: “ഇനി എന്തുചെയ്യും? വരുന്നതു അനുഭവിക്കതന്നെ. ഞാൻ യാതൊരാളെയും വഞ്ചിക്കാതെയും യാതൊരാൾക്കും ഒരു ഉപദ്രവവും ചെയ്യാതെയും സമ്പാദിച്ച പണമാണു്. എന്റെ സമ്പാദ്യം മുഴുവൻ ഞാൻ ബേങ്കിൽ മുടക്കിയതു എന്റെ വിഡ്ഢിത്വം തന്നെ. ഇനി പറഞ്ഞിട്ടെന്താണു്. ഞാൻ ചെയ്ത വിഡ്ഢിത്വത്തിന്റെ ഫലമാണിതു്. ഞാൻ നാളമുതൽക്കു് ഒരു ഇരപ്പാളിയായി. ഞാൻ വിചാരിച്ചാൽ എന്റെ മറ്റെല്ലാ സ്വത്തുക്കളും വിറ്റാൽ ഇരുപത്തയ്യായിരം ഉറുപ്പിക ശേഖരിക്കാൻ സാധിക്കുമായിരിക്കാം. അതുകൊണ്ടു് ബേങ്കിൽ പണമിട്ട ആളുകൾക്കു് ഏതാൻ ഒരോഹരി കൊടുക്കാൻ പോലും സാധിക്കയില്ല. ആട്ടെ, അങ്ങാടിയിൽ വിവരം പ്രസിദ്ധമായോ?

ദാമോദരൻ:
ഇല്ല, ആരുമറികയില്ല. പത്തിരുപതു ദിവസം ആരും അറിയാതെ കൊള്ളിക്കാം. ഇരുപതുദിവസത്തിനു ശേഷം നാം ബേങ്കു പൂട്ടേണ്ടി വരും. ഞാൻ അത്യന്തം വ്യസനിക്കുന്നു. നിങ്ങൾക്കു് ഈ വിധം വരാൻ ഇടയാകുന്നതിനെപ്പറ്റി വ്യസനിക്കാത്തവർ ഉണ്ടായിരിക്കയില്ല.
ദാമോദരന്റെ കണ്ണിൽ ഒരുതുള്ളി വെള്ളം നിറഞ്ഞു. അതു കവിൾത്തടത്തിൽ ഇറ്റിവീണു. അതുവരെ വളരെ ധൈര്യം. അലംബിച്ചിരുന്ന പാർസിക്കു കൂടി അല്പം ചാപല്യമുണ്ടായി.
നവറോജി:
എനിക്കു് എന്നെപ്പറ്റിയല്ല വ്യസനം. വളരെ ആളുകളുടെ പണം ബേങ്കിലുണ്ടു്. ആ സാധുക്കളോടു എന്തു പറയും?
ദാമോദരൻ:
അതെ, ചിലർ പണയംവെച്ച പണ്ടങ്ങൾ കാണാനില്ല.
സേട്ടു തന്റെ കൈകൊണ്ടു് നെറ്റിക്കൊരു അടി അടിച്ചു എന്നിട്ടു് തലയും താഴ്ത്തി കുറെനേരം ഇരുന്നു.
ദാമോദരൻ:
ഒരു പതിനഞ്ചുദിവസത്തോളം നമുക്കു് ആരും അറിയാതെ കഴിക്കാം. പതിനഞ്ചുദിവസം കഴിഞ്ഞാൽ ബേങ്കു പൂട്ടണം. ബേങ്കു പൊളിഞ്ഞതായി ജനങ്ങളെ അറിയിക്കണം. അതിലിടയ്ക്കു്…
നവറോജി:
അതിലിടക്കു് ഒന്നര ലക്ഷം ഉറുപ്പിക എവിടുന്നു കിട്ടാൻ? ഏതായാലും ഒരു കാര്യം വേണം. എന്റെ സർവ്വമുതലും കടക്കാർക്കു് വീതിച്ചുകൊടുക്കാനുള്ളതാണെന്നു വിചാരിക്കണം. ഞാൻ ഇവിടെ വരുമ്പോൾ ഒരു ഉറുപ്പിക മാത്രമെ എന്റെ കീശയിൽ എന്റെ സ്വന്തം മുതലായി ഉണ്ടായിരുന്നുള്ളു. ഞാൻ പോകുമ്പോൾ അത്രപോലും കൊണ്ടുപോകാൻ വിചാരിക്കുന്നില്ല. ഈ ലോകത്തെ വെടിഞ്ഞുപോകുന്നവരാരും ഒരു പൈപോലും കൂടെ കൊണ്ടുപോകുന്നില്ല. അതെ, മിസ്റ്റർ ദാമോദരൻ, ഞാൻ ഒരു പൈ കൊണ്ടുപോകയില്ല. ഇത്ര വിശ്വാസത്തോടുകൂടി എനിക്കുവേണ്ടി പ്രവൃത്തിചെയ്തിരുന്ന നിങ്ങൾക്കു് നല്ല ഒരു സമ്മാനം തരേണമെന്നു് എനിക്കു് അതിയായ മോഹമുണ്ടായിരുന്നു. ദാമോദരന്റെ വിവാഹാവസരത്തിൽ ഗണ്യമായഒരു സഹായം ചെയ്യേണ്ടതാണെന്നു് അരമണിക്കൂർ മുമ്പേ ഞാൻ വിചാരിച്ചിരുന്നതാണു്. അതുകൂടി സാധിക്കാതെ പോയതു് എന്റെ നിർഭാഗ്യം.
ദാമോദരൻ:
നിങ്ങൾ എന്നെപ്പറ്റി വ്യസനിക്കരുതു്. എന്നാൽ കഴിയുന്ന സഹായം എന്റെ തടികൊണ്ടും ബുദ്ധികൊണ്ടും ചെയ്യാൻ ഞാൻ ഒരുക്കമാണു്. നിങ്ങളും ധൃതിയായി യാതൊരു അവിവേകവും ചെയ്യരുതു്. മനുഷ്യനു് ഇഹലോക സൌഖ്യത്തേക്കാൾ വിലയേറിയതായി പരലോകത്തേക്കു സമ്പാദിക്കാനുള്ള ചില കാര്യങ്ങളുണ്ടു്. നിങ്ങളുടെ ധർമ്മം നിങ്ങളുടെ തല കാക്കും. നിങ്ങൾ അവിവേകമായി യാതൊന്നും ചെയ്യരുതു്. സേട്ടു ഒന്നു തലയാട്ടി, മറുപടി ഒന്നും പറഞ്ഞില്ല. അദ്ദേഹം ആത്മഹത്യ ചെയ്തുകളയാൻ സംഗതിയുണ്ടെന്നു് ദാമോദരൻ ബലമായി സംശയിച്ചു. അങ്ങിനെ വന്നാൽ ഉണ്ടാകാനിടയുള്ള സങ്കടവും കഷ്ടവും ഇന്നവിധമായിരിക്കുമെന്നു വിചാരിക്കാൻ കൂടി ദാമോദരനു സാധിച്ചില്ല.
നവറോജി:
ഇനി നാമെന്താണു് ചെയ്യേണ്ടതു്?
ദാമോദരൻ:
ഇപ്പോൾ ഒന്നും ചെയ്യേണ്ടതായിട്ടില്ല. അല്പദിവസംകൂടി ഇപ്പോൾ നടക്കുന്നവിധത്തിൽ കച്ചവടങ്ങൾ നടത്താൻ സാധിക്കുന്നതാണല്ലൊ. പണ്ടങ്ങൾ വാങ്ങാൻ വല്ലവരും വന്നെങ്കിലാണു് തകരാറാവുക. അതില്ലാതെ ഞാൻ കഴിക്കാം. നമുക്കു് യാതൊരു മാനഹാനിയും ഇല്ലാത്ത നിലയിൽ എല്ലാ കാര്യങ്ങളും ശരിപ്പെടുത്താൻ നോക്കാം. നിങ്ങൾ അവിവേകമായി യാതൊന്നും പ്രവൃത്തിക്കരുതു്. കാലം വന്നാൽ നമുക്കുവന്ന അനർത്ഥത്തെ ജനങ്ങൾ ശരിയായി മനസ്സിലാക്കത്തക്ക വിധത്തിൽ ഒരു റിപ്പോർട്ടു തയ്യാറാക്കി പരസ്യം ചെയ്കയും ജനങ്ങളുടെ കാരുണ്യത്തെ അപേക്ഷിക്കയും ചെയ്യാം. അതിലിടയ്ക്കു് നിങ്ങൾ അവിവേകമായി യാതൊന്നും ചെയ്യരുതെന്നു ഞാൻ അപേക്ഷിക്കുന്നു. അതിനുള്ള ആവശ്യവുമില്ല. നിങ്ങളുടെ ദോഷം കൊണ്ടോ ഉപേക്ഷകൊണ്ടോ നിങ്ങൾ കരുതിക്കൂട്ടി വല്ലവരെയും ചതിക്കേണമെന്നു വിചാരിച്ചു പ്രവൃത്തിക്കകൊണ്ടോ ആണു് ഇങ്ങിനെ വന്നതെന്നു് ആരും വിശ്വസിക്കയില്ല. അയ്യർ എവിടെയാണെന്നും അന്വേഷിക്കണം.
നവറോജി:
ദാമോദരാ! നിങ്ങളാണു് എന്റെ ബന്ധു. എന്തു് അനുജൻ, എന്തു് ജ്യേഷ്ഠൻ, എന്തു് അച്ഛൻ, എന്തു് അമ്മ, അന്യോന്യം അനുകമ്പയുള്ളവരും ആപൽക്കാലത്തു സഹായിക്കാൻ മടിക്കാത്തവരുമായ സ്നേഹിതന്മാരാണു് ബന്ധുക്കൾ. അങ്ങിനെയുള്ള ബന്ധുവുള്ളവനാണു് ഭാഗ്യവാൻ. ആ സംഗതിയിൽ ഞാൻ ഭാഗ്യവാനാണു്. ഞാൻ അവിവേകമായി യാതൊന്നും പ്രവൃത്തിക്കയില്ല. ഭയപ്പെടേണ്ട. ഞാൻ തെറ്റുകാരനല്ലെന്നു് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നറിഞ്ഞു മരിക്കുന്നതാണു് എനിക്കു സന്തോഷം.
രണ്ടുപേരും പിരിഞ്ഞു.
ഒരു ഉദ്യോഗസ്ഥന്റെ രഹസ്യം

“നേരും ധർമ്മമതും വെടിഞ്ഞ നരനെ,

ക്രോധാഗ്നിയേറിക്കവി-

ഞ്ഞാരാൽ വന്നണയുന്ന

ഭോഗിവരനേക്കാളും ഭയന്നീടണം;

ഘോരൻ ഭോഗിവരൻ കിടക്കിലൊരുവൻ

മാത്രം നശിക്കുന്നിത-

ക്രൂരൻതന്നുടെ ദുഷ്ടവൃത്തിയിൽ

നശിച്ചീടുന്നനേകം ജനം.

(സുഭാഷിതരത്നാകരം)

കോരപ്പൻ മരിച്ചു അദ്ദേഹത്തിന്റെ ശവം രാമമന്ദിരത്തിൽ ഒരു പെട്ടിയിൽ കിടക്കുകയും മകൻ മദിരാശി നിന്നു ബദ്ധപ്പെട്ടുവരുന്നവഴിക്കു് വണ്ടിയിൽനിന്നു സങ്കടപ്പെടുകയും മകൾ തന്റെ ഭവിഷ്യത്തിനെപ്പറ്റി പലതും ആലോചിച്ചു വ്യസനിച്ചു തന്റെ മുറിയിൽ കിടക്കുകയും ചെയ്യുന്ന അവസരത്തിൽ കണ്ണൻ മേനോന്റെ വീട്ടിൽ വെച്ചു നടന്ന ഒരു സംഭവം വായനക്കാർ അറിയേണ്ടതായിട്ടുണ്ടു്.

ദുഷ്ടന്മാരുടെ ദുർന്നയപ്രവാഹങ്ങൾക്കു് മനുഷ്യരുടെ ആശാപ്രവാഹങ്ങൾക്കെന്ന പോലെതന്നെ, കരയുടെ തടസ്ഥം യാതൊന്നുമില്ല. രാമനുണ്ണിക്കും അവന്റെ സഹോദരിക്കും കിട്ടേണ്ടതായ സ്വത്തുകളൊക്കെ കൈവശപ്പെടുത്താൻ കാർത്തികരാമൻ ശ്രമിക്കുന്നതും അയാളെ സഹായിക്കേണ്ടതിനു് ഒരു കള്ള ഒസ്യത്തു് ഉണ്ടാക്കാൻ കണ്ണൻ മേനോൻ, അമ്പു വക്കീൽ, കണാരൻ ഹേഡ് എന്നീ ദുഷ്ടമൂർത്തികൾ തീർച്ചയാക്കിയതും വായനക്കാർ അറിയുമല്ലൊ. മേനോൻ ഇക്കാര്യത്തിൽ ഇതുവരെ പരിശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു. പലദിവസം ശ്രമിച്ചതിന്റെ ഫലമായി കോരപ്പന്റെ കയ്യൊപ്പു് ഇടാൻ ആ മഹാപാപി പഠിച്ചു. കോരപ്പന്റെ സർവ്വ വസ്തുക്കളും തന്റെ മരണശേഷം തന്റെ മരുമകൻ കാർത്തികരാമന്നു ലഭിക്കേണ്ടതാണെന്നു കാണിച്ചു ഒരു ഒസ്യത്തു എഴുതുകയും ചെയ്തു. ഇനി അതു റജിസ്ട്രാക്കി കിട്ടിയെങ്കിൽ കാര്യം ജയിച്ചുപോയെന്നു നാലുപേരും നിശ്ചയിച്ചു. സ്ഥലത്തെ സബ്ബ് റജിസ്ട്രാർ പണത്തിനു് കൂടക്കൂടെ തിടുക്കമായ പല ആവശ്യങ്ങളും ഉള്ള ആളും മനസ്സാക്ഷിയുമായി യാതൊരു എടവാടുമില്ലാത്ത ദേഹവുമായിരുന്നു. അതുകൊണ്ടു് ഇക്കാര്യത്തിൽ മേനോൻ അധികം ബുദ്ധിമുട്ടേണ്ടതായി വന്നില്ല. കോരപ്പൻ മരിച്ചു ശവം രാമമന്ദിരത്തിൽ കിടക്കുന്ന രാത്രിയാണു് തന്റെ പ്രിയപ്പെട്ട മരുമകനും കൂട്ടരും മേനോന്റെ വീട്ടിൽ യോഗം ചേർന്നതു്. കളവായി ഉണ്ടാക്കിയ ഒസ്യത്തിനെപ്പറ്റി അവർ ആലോചിച്ചു. കൂട്ടത്തിൽ രാമൻപിള്ളയെന്ന സബ്റജിസ്ട്രാരും ഉണ്ടായിരുന്നു.

ഈ രാമൻപിള്ള കുറെ കറുത്തു ഒത്ത വണ്ണവും നീളവും ഉള്ള ഒരു മനുഷ്യനാണു്. അദ്ദേഹത്തിന്റെ മുഖത്തു നോക്കുന്നവർക്കൊക്കെ എന്തൊ ഒരു വിശേഷവിധി എവിടെയോ ഉണ്ടെന്നു തോന്നും. അതു കറുത്ത പുഷ്ടിയുള്ള മേൽമീശയില്ല. ഈ മേൽമീശ കൊണ്ടുള്ള ഒരു സാദ്ധ്യം മേലെ ചൂണ്ടിനുള്ള ഒരു കുറവു് നികത്തുകയാണെന്നുള്ളതു നേരുതന്നെ. എന്നാൽ ആ ‘വിശേഷവിധി’ ചുണ്ടിന്റെ ആ കുറവിലുമല്ല. മൂക്കിന്നു് ഇരുഭാഗത്തും വെച്ചു് പുരികം കുറെ താണിരിക്കുന്നു. അതായിരിക്കുമൊ ഈ വിശേഷ വിധി? അല്ല. പല്ലു് സമനിരപ്പല്ല, വിശേഷവിധി അതുമല്ല. കൂടക്കൂട കണ്ണുകൾ ചിമ്മിക്കൊണ്ടിരിക്കയും ആ അവസരത്തിൽ പുരികങ്ങൾ മേലോട്ടും താഴോട്ടും ഇളകിക്കൊണ്ടിരിക്കുയും ചെയ്യും. എത്രയോ ശിഥിലമായ സംഗതിയായാലും ഉച്ചത്തിൽ ചിരിക്കും. എന്നാൽ ഞാൻ സൂചിപ്പിച്ച വിശേഷവിധി ഇതിലൊന്നുമല്ല ഉള്ളതെന്നും മനസ്സിന്റെ ഒരു പ്രത്യേക ഗുണമൊ ദോഷമൊ മുഖത്തു് പ്രകാശിക്കുന്നുണ്ടെന്നും കാണാം. അതാണു് വിശേഷവിധി. അതു ആർക്കും ക്ഷണത്തിൽ കണ്ടുപിടിക്കാൻ സാധിക്കയില്ല. ദുഷ്ടന്മാരായ മനുഷ്യർക്കു ദുഷ്ടമൃഗങ്ങൾക്കെന്നപോലെ കണ്ടാൽ തിരിച്ചറിയത്തക്കവിധം കൊമ്പോ ദംഷ്ട്രമോ ഇല്ലാത്തതുകൊണ്ടു് യോഗ്യനായ ഒരു ഗ്രന്ഥകർത്താവു് വിലപിച്ചിട്ടുണ്ടല്ലോ. തിരിച്ചറിയപ്പെടാനുള്ള അടയാളമില്ലാതെയല്ല ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നതു്. പക്ഷേ, അവയെ തിരിച്ചറിവാനുള്ള സാമർത്ഥ്യം എല്ലാവർക്കും ലഭിക്കയില്ലെന്നേ ഉള്ളു. മറ്റു സംഗതികളിൽ മഹാ സമർത്ഥരായ ആളുകൾക്കുകൂടി ഈ സാമർത്ഥ്യം ഇല്ലാതെ പോകുന്നു. മനസ്സിന്റെ ഗുണാഗുണങ്ങൾ മുഖത്തു പ്രത്യക്ഷപ്പെടുമെന്നുള്ളതിനു സംശയമില്ല. അങ്ങിനെ പ്രത്യക്ഷപ്പെടുന്നതു കണ്ടറിവാനുള്ള സാമർത്ഥ്യം മനുഷ്യജാതിക്കൊക്കെ സിദ്ധിക്കുന്ന കാലത്തോളം രാമൻപിള്ളയും കണ്ണൻമേനോനും മറ്റും മാന്യന്മാരായിത്തന്നെ ജനസമുദായത്തിൽ ജീവിക്കും.

“ഒരു വേള ഈ വഞ്ചന കണ്ടുപിടിക്കപ്പെട്ടുപോയെങ്കിൽ ഒണ്ടാവാനൊള്ള അനർത്ഥത്തെ ഒന്നു ഗൌനിക്കണം. ഇരുന്നൂറു റൂപ ഒരുകാലത്തും മതിയല്ല.” പിള്ള ഇങ്ങിനെ പറഞ്ഞപ്പോൾ മേനോൻ, “നിങ്ങൾ ഇതു വഞ്ചനയെന്നു പറയുന്നൊ? ഇതു വഞ്ചനയാണെങ്കിൽ എന്തൊക്കെ വഞ്ചന നാട്ടിൽ നടക്കുന്നു. ഇതു കണ്ടുപിടിച്ചാൽ വഞ്ചനയായി. അല്ലെങ്കിൽ നമ്മൾ ഒരു സാധുവിനു് ഗുണം ചെയ്തു. എത്ര കളവുകൾ, എത്ര കൊലക്കേസ്സുകൾ, നാട്ടിൽ നടക്കുന്നു. അതു കളവും കൊലക്കേസ്സും ആകുന്നതു് എപ്പോളാണു്. പൊലീസ്സുകാർ കണ്ടുപിടിച്ചാൽ. കണ്ടു പിടിച്ചില്ലെങ്കിൽ അതു കളവാണൊ? കൊലയാണോ? ഒരിക്കലുമല്ല. രണ്ടു രാജാക്കന്മാർ തമ്മിൽ കലഹിക്കുമ്പോൾ എത്രായിരം ജനങ്ങളെ അന്യോന്യം വെടിവെച്ചുകൊല്ലുന്നു! അതു കൊലയാണൊ? അതു വലിയ സാമർത്ഥ്യം. ധൈര്യം. രണ്ടുപേർ തമ്മിൽ കലഹിക്കുമ്പോൾ എന്തുകൊണ്ടു് ഒരുത്തനു് മറ്റവനെ കൊന്നുകൂടാ. ക്ലൈവ് എന്ന മഹാപ്രഭു പണ്ടു് ഒമിച്ചന്ദൻ എന്നവനു് എഴുതികൊടുത്ത ആധാരത്തിൽ കള്ളൊപ്പു് ഇട്ടില്ലേ? എന്തിനിട്ടു? ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കാൻ അന്നു് അദ്ദേഹം അങ്ങിനെ ചെയ്തില്ലെങ്കിൽ ഇന്നു നാമൊക്കെ എവിടെയായിരുന്നു. ഈ ഗുണവും സ്വാതന്ത്ര്യവും നമുക്കു് സാധിക്കുമൊ? ക്ലൈവു ചെയ്തതു വഞ്ചനയെന്നു പറവാൻ ഒരുക്കമുണ്ടോ? ഞാനങ്ങിനെ പറകയില്ല. ശ്രീകൃഷ്ണസ്വാമി ദ്രോണാചാര്യനെ കൊല്ലാൻ വേണ്ടി ധർമ്മപുത്രരെക്കൊണ്ടു കളവു പറയിച്ചില്ലേ? അതു കളവൊ, ഒരിക്കലുമല്ല. അദ്ദേഹം എന്തിനങ്ങിനെ ചെയ്തു? പാണ്ഡവന്മാരെ രക്ഷിക്കാൻ. ഞാൻ ഇതു് എന്തിനു ചെയ്തു. കാർത്തികരാമന്റെ സാധുകുടുംബത്തെ രക്ഷിക്കാൻ, വഞ്ചനയൊ, അങ്ങിനെ പറയരുതു്. ഒരിക്കലും പറയരുതു്.”

ഈ പ്രസംഗം കേട്ട ഉടനെ വക്കീലും വേദാന്തിയും “ഭേഷ് ഭേഷ്” എന്നു നിലവിളിച്ചു. മേനോൻ മേശമേലുണ്ടായിരുന്ന കുപ്പിയെടുത്തു പൊക്കിപ്പിടിച്ചു അതൊന്നു കുലുക്കി നോക്കി. അതിൽ അല്പം ബാക്കിയുണ്ടായിരുന്നതു ഗ്ലാസ്സിൽ പകർന്നു, ഗ്ലാസ്സെടുത്തു വായുടെ അടുക്കലോളം കൊണ്ടുപോയ ഉടനെ എന്തോ പെട്ടെന്നു് ഓർമ്മ വന്നതുപോലെ രണ്ടാമതും ഗ്ലാസ്സ് പൊക്കിപിടിച്ചു പിള്ളയെ നോക്കിക്കൊണ്ടു് ഇംഗ്ലീഷിൽ “നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടി ഞാനിതു കുടിക്കുന്നു” എന്നു പറഞ്ഞു. പിള്ള തലയൊന്നു താഴ്ത്തി “വന്ദനം” എന്നു പറഞ്ഞു. അതു കുടിച്ചുകഴിഞ്ഞ ശേഷം മേനോൻ ഇങ്ങിനെ പറഞ്ഞു: ‘ഇരുന്നൂറുറുപ്പിക ഇപ്പോൾ നിങ്ങൾക്കു തരാം. കേസ്സു കഴിഞ്ഞു കാർത്തികരാമനു വസ്തുക്കൾ കിട്ടിയാൽ ആയിരം ഉറുപ്പിക കൂടിതരാം.”

ഇതു കേട്ടപ്പോൾ പിള്ളക്കു സന്തോഷമായി. അതിനൊരു വാഗ്ദത്തപത്രം എഴുതി കിട്ടണമെന്നായി. യാതൊരുമടിയും കൂടാതെ കാർത്തികരാമൻ ആയിരം ഉറുപ്പികക്കു് പ്രോനോട്ടും എഴുതി കൊടുത്തു.

പിള്ള:
ഒരു കാര്യം കൂടി ഒണ്ടു്. കോരപ്പന്റെ കൈവിരലടയാളം വേണം. അതെങ്ങിനെ സാധിക്കും? കണാരൻ. അതിനു പ്രയാസമില്ല. ആധാരവും കൊണ്ടു് കാർത്തികരാമൻ ഇപ്പോൾ പോകണം. കോരപ്പന്റെ ശവം കിടക്കുന്ന പെട്ടിതുറന്നു വിരലടയാളം എടുക്കണം.
വക്കീൽ:
നല്ല അഭിപ്രായം.
കണ്ണൻ മേനോൻ:
അതു ബലേഭേഷ്.

അങ്ങിനെ തീർച്ചയാക്കി. അങ്ങിനെയാണു് അന്നു രാത്രി പന്ത്രണ്ടുമണിക്കു് കാർത്തിക രാമൻ തന്റെ പ്രിയപ്പെട്ട അമ്മാമന്റെ ശവം ഒന്നുകൂടി കാണണമെന്നുള്ള അത്യാഗ്രഹത്തോടുകൂടി ശവപ്പെട്ടിയുടെ മൂടി തുറന്നു വളരെനേരം ശവത്തിന്റെ അടുക്കൽ മുട്ടുകുത്തി ഇരുന്നു അമ്മാമന്റെ ഗതിക്കായി പ്രാർത്ഥിച്ചതു്. അതു കണ്ടിട്ടാണു് കല്യാണി കാർത്തികരാമനു് കാരണവരോടുള്ള സ്നേഹം മനസ്സിലാക്കിയതു്. ആ വിവരം കേട്ടിട്ടാണു് വസുമതി അത്ഭുതപ്പെട്ടതു്.

എന്നാൽ എനിക്കു് മദ്യപന്മാരോടു് ഒരു കാര്യം രഹസ്യമായി പറവാനുണ്ടു്. നിങ്ങൾ വല്ല സ്വകാര്യകാര്യവും ആലോചിക്കുമ്പോൾ മദ്യം സേവിച്ച നിലയിൽ ചെയ്യരുതു്. നിങ്ങളുടെ വാക്കുകളുടെ സ്വരത്തെ അടക്കാനൊ വല്ലവരും കാണുകയോ കേൾക്കുകയോ ചെയ്യുന്നതു സൂക്ഷിക്കാനൊ അപ്പോൾ സാധിക്കയില്ല.

അന്നു കണ്ണൻ മേനോന്റെ വീട്ടിൽവെച്ചുണ്ടായ ഈ സംഭവങ്ങളൊക്കെ കേട്ടുകൊണ്ടു ഒരാൾ വാതിലിന്നടുക്കെ നില്ക്കുന്നുണ്ടായിരുന്നു. കാർത്തിക രാമൻ ചെയ്യാൻ പോകുന്ന കാര്യത്തെ തടുക്കാനോ മുടക്കാനോ ശേഷിയില്ലാത്ത ഒരു പെണ്ണായിരുന്നു അതെന്നുള്ളതു് അവരുടെ ഭാഗ്യം. രാമനുണ്ണിയുടെ നിർഭാഗ്യം. എന്നാൽ പെണ്ണിനു സാധിക്കുന്ന കാര്യങ്ങളും ഉണ്ടെന്നുള്ളതു് ഓർമ്മിക്കണം.

മന്നൻ വൈദ്യന്റെ കോപം

“രാഘവൻ പറഞ്ഞതു വെറും കളവാണു്.”

വസുമതി ഇങ്ങിനെ പറഞ്ഞു് അത്യന്തം കോപത്തോടുകൂടി ചുണ്ടുകടിച്ചു താഴോട്ടു നോക്കി ഇരുന്നു.

രാമനുണ്ണി:
ഈ ദുഷ്ടന്മാർക്കു നാം ചെയ്യുന്ന ഉപകാരത്തിനുള്ള പ്രത്യുപകാരമോ ഇതു്?
ദാമോദരൻ:
അതിനെപ്പറ്റി വ്യസനിച്ചിട്ടു ഫലമില്ല. എന്റെ അനുഭവമാണതു്. നാം ആർക്കു ഗുണം ചെയ്യുന്നുവോ, അവരെക്കൊണ്ടു് ദോഷമല്ലാതെ ഫലമാകയില്ല. ഗുണത്തെ കാംക്ഷിച്ചുകൊണ്ടു ഗുണം ചെയ്യരുതെന്നു ദൈവം പഠിപ്പിക്കുകയായിരിക്കാം.
വസുമതി:
അച്ഛൻ അങ്ങിനെ പറയുമെന്നു വിചാരിച്ചുപോയോ?
ദാമോദരൻ:
ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല
രാമനുണ്ണി:
അച്ഛനെ കുഞ്ഞിരാമൻ പറഞ്ഞു ഭേദിപ്പിക്കാൻ ശ്രമിച്ചതു നേരാണു്. അച്ഛന്റെ സാധുപ്രകൃതികൊണ്ടു് അയാൾ പറഞ്ഞതിൽവല്ല നേരും ഉണ്ടായേക്കുമോ എന്നു അല്പം സംശയിച്ചിരുന്നു. അന്നു ഞാനൊന്നും പറവാൻ പോയില്ല. രണ്ടു ദിവസം കഴിഞ്ഞശേഷം ഞാനും അച്ഛനും നിന്നെപ്പറ്റി സംസാരിക്കേണ്ടിവന്നു. അന്നു ഞാൻ കാര്യമൊക്കെ പറഞ്ഞു ബോധിപ്പിച്ചു. കുഞ്ഞിരാമന്റെ യഥാർത്ഥം മുഴുവൻ അച്ഛൻ അറിഞ്ഞിരുന്നില്ല. ഞാൻ ഒക്കെ തുറന്നുപറയേണ്ടിവന്നു. അങ്ങിനെയാണു് കരുണാകരനെ സംബന്ധിച്ചുണ്ടായ അന്വേഷണത്തിൽ വിരോധമായി അച്ഛൻ മറുപടി അയക്കാൻ സംഗതിയായതു്.
ദാമോദരൻ:
അങ്ങിനെ മറുപടി അയച്ചിരുന്നുവൊ?
ദാമോദരനും വസുമതിയും അന്യോന്യമൊന്നു കടാക്ഷിച്ചു. വസുമതിയുടെ മുഖം ലജ്ജകൊണ്ടു് അല്പം ചുകന്നു. കോരപ്പന്റെ ചാവടിയന്തരവും മറ്റും കഴിഞ്ഞശേഷമാണു് ഈ മൂന്നുപേരും രാമമന്ദിരത്തിൽ ഇരുന്നു ഇങ്ങിനെയൊരു സംവാദമുണ്ടായതു്. മേൽ പറഞ്ഞപ്രകാരം രാമനുണ്ണി പറഞ്ഞുകഴിഞ്ഞ ഉടനെ ഒരാൾ പുറത്തു വന്നിട്ടുണ്ടെന്നു പദവിന്യാസം കൊണ്ടു തോന്നി. ഭൃത്യനെ വിളിച്ചു ആരാണു് പുറത്തുവന്നതെന്നു ചോദിച്ചപ്പോൾ ദാമോദരനെ അന്വേഷിച്ചു ഒരാൾ വന്നതാണെന്നും അടിയന്തരമായി അദ്ദേഹത്തെ കാണേണ്ടതുണ്ടെന്നും അറിഞ്ഞു. ദാമോദരൻ ഉടനെ എഴുന്നേറ്റു പുറത്തേക്കു പോയി. പോയപ്പോൾ രാമനുണ്ണി വസുമതിയോടു് ഇങ്ങിനെ പറഞ്ഞു: “ബേങ്കിന്റെ കാര്യമായിരിക്കാം. സാധു!”
വസുമതി:
സാധു നവറോജി. ഇനിയൊരു അഞ്ചു ദിവസംകൂടി മാത്രമേ ഉള്ളുവെന്നല്ലെ പറഞ്ഞതു്. ബേങ്കു പൊളിഞ്ഞാൽ നവറോജി എന്തുചെയ്യും?
രാമനുണ്ണി:
എന്തുചെയ്വാൻ. ഈശ്വരവിലാസമെന്നു വിചാരിച്ചടങ്ങുക.
വസുമതി:
വല്ല കേസ്സും ഉണ്ടാകുമൊ?
രാമനുണ്ണി:
ഉണ്ടാകാൻ മതി. പണ്ടങ്ങൾ പണയം വെച്ച കൂട്ടത്തിൽ ചിലർ കേസ്സുകൊടുക്കാൻ മതി. അങ്ങിനെയാണെങ്കിൽ സേട്ടു ജെയിലിൽ പോകേണ്ടതായി വരും.
വസുമതി:
അയ്യോ, ജേഷ്ഠാ, എന്തൊരു കഷ്ടമായിരിക്കും. ഇത്ര മാന്യതയിൽ കഴിഞ്ഞ ഒരു യോഗ്യൻ ജയിലിൽ പോകയെന്നു വെച്ചാൽ എന്തൊരു സങ്കടമായിരിക്കും. അതുതന്നെയോ, ആരാൻ ചെയ്ത കുറ്റത്തിനു്—അദ്ദേഹത്തെ രക്ഷിക്കാൻ വഴിയൊന്നുമില്ലെന്നോ?
ദാമോദരൻ മടങ്ങിവന്നു. അവന്റെ മുഖത്തു് കുറെ പരിഭ്രമം കണ്ടു.
രാമനുണ്ണി:
എന്താണു്, ബേങ്കിലെ വർത്തമാനം വല്ലതുമായിരിക്കും, അല്ലെ?
ദാമോദരൻ:
അല്ല, നിന്നോടൊന്നു സ്വകാര്യം പറവാനുണ്ടു്.
ഇതു കേട്ടപ്പോൾ വസുമതി എഴുന്നേറ്റു മറ്റൊരു മുറിയിലേക്കു പോയി.

ശരിയായ വിദ്യാഭ്യാസത്തോടുകൂടിത്തന്നെ ഉണ്ടാകുന്ന മര്യാദയെന്ന ഗുണത്തെ എന്റെ വായനക്കാർ ഇവിടെ സൂക്ഷിച്ചറിവാൻ സംഗതിയുള്ളതാണു്. അന്യോന്യം പെരുമാറുമ്പോഴും ഒരു സഭയിലൊ സ്നേഹജനങ്ങളുടെ സംഘത്തിലൊ ചേരുമ്പോഴും അനുസരിക്കേണ്ടുന്ന നിയമത്തെ അറിഞ്ഞുകൂടാത്തതുകൊണ്ടു് എത്രപ്രാവശ്യം ചിലർ മറ്റുള്ളവക്കു് ബുദ്ധിമുട്ടിനു് സംഗതി വരുത്താറുണ്ടെന്നുള്ളതു നമുക്കൊക്കെ നിത്യം അനുഭവമുള്ളതാണല്ലൊ. പരിഷ്കാരികളായ രാജ്യക്കാരുടെയും സമുദായക്കാരുടെയും ഇടയിൽ സമയംവളരെ വിലയുള്ളതായി ഗണിക്കപ്പെടുകയും അതിനനുസരിച്ചുതന്നെ അവർ പ്രവൃത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടയിൽ ദ്രവ്യസ്ഥന്മാരും പ്രമാണികളും ആയ യോഗ്യന്മാർക്കു് കുളിക്കുക, ഉണ്ണുക, വെടിപറക; ഉണ്ണുക, കുളിക്കുക; ശീട്ടുകളിക്കുക, പകലുറങ്ങുക, ശീട്ടുകളിക്കുക, എന്നീ നിത്യവൃത്തികളല്ലാതെ വിശേഷിച്ചു് വേറെ ജോലികളില്ലാതിരിക്കുന്നതിനാൽ, മറ്റുള്ളവർ സമയത്തിനു കല്പിച്ചിരിക്കുന്ന വിലയെ മനസ്സിലാക്കാൻ അവർക്കു് സാദ്ധ്യമല്ലാതെ വരുന്നു. അതുകൊണ്ടാണു് ചിലപ്പോൾ മറ്റുള്ളവരെ കാണാൻ പോകുമ്പോൾ സമയഭേദത്തെ കേവലം അഗണ്യമാക്കുന്നതും ചെന്നുകഴിഞ്ഞാൽ അനാവശ്യമായി ഇരുന്നു സംസാരിച്ച ബുദ്ധിമുട്ടിക്കുന്നതും. അന്യന്മാരെ സംബന്ധിക്കുന്ന കാര്യങ്ങൾ അറിയാൻ ചിലർക്കു് അന്യായമായ ആഗ്രഹം ഉണ്ടാകയും അവരോടു പല കാര്യങ്ങളും ചോദിച്ചറികയും ചെയ്യും. ഒരാളെ ഒന്നാമതു കണ്ടുകഴിഞ്ഞ ഉടനെ, “എവിടുന്നാണു്, എവിടുത്തേക്കാണു്, ആരാണു്” എന്നിങ്ങിനെയുള്ള ചോദ്യങ്ങൾകൊണ്ടു തൃപ്തിപ്പെടാതെ “എന്താണുദ്യോഗം, ശമ്പളമെത്രയുണ്ടു്, ഭാര്യയുണ്ടോ, ഭാര്യക്കു് വയസ്സെത്രയായി, വീട്ടിൽ മാസത്തിൽ എന്തു ചെലവുണ്ടു്”, എന്നിങ്ങിനെ അനേകം പ്രശ്നങ്ങളെക്കൊണ്ടു ബുദ്ധിമുട്ടിക്കുന്ന സരസന്മാരുണ്ടു്. തനിക്കു് അറിഞ്ഞിട്ടു യാതൊരു ആവശ്യവുമില്ലാത്ത ഈ വക കാര്യങ്ങൾ ചോദിച്ചറിയുന്നതു മര്യാദക്കു പോരാത്തതാണെന്നു് അറിയാത്ത മഹാന്മാർ ഈ നൂറ്റാണ്ടിലും ചില്ലറയല്ല. സ്ത്രീപുരുഷന്മാർ അധികം പേർക്കും ഈ സ്വഭാവം സഹജമായിരിക്കുന്ന ഈ കാലത്തു് മറ്റൊരു സ്ത്രീയുടെ മുമ്പാകെയാണു് “എനിക്കു് നിന്നോടു സ്വകാര്യമൊന്നു പറവാൻ ഉണ്ടു്” എന്നു ദാമോദരൻ രാമനുണ്ണിയോടു പറഞ്ഞതെങ്കിൽ ആ സ്വകാര്യമെന്താണെന്നറിവാൻ ആഗ്രഹിച്ചു പലചോദ്യങ്ങളും ചോദിക്കുമായിരുന്നു. വസുമതിയല്ല, കല്യാണി ആയിരുന്നു. ആ അവസരത്തിൽ അവിടെ ഉണ്ടായിരുന്നതെങ്കിൽ അവൾ താഴെ പറയുംപ്രകാരമുള്ള ചില ചോദ്യങ്ങൾ ചോദിക്കുമായിരുന്നുവെന്നുള്ളതിനു സംശയമില്ല.

“അതെന്താ ആ സ്വകാര്യം എനിക്കു കേട്ടൂടെ. നിങ്ങൾക്കെന്താ ഇത്രവലിയ സ്വകാര്യം… ഞാൻ മറ്റാരോടെങ്കിലും പറയൂന്നു് വിചാരിച്ചിറ്റാ?” എന്നും മറ്റും ചോദിച്ചുകഴിഞ്ഞശേഷം “എനിക്കു നിങ്ങളുടെ സ്വകാര്യം കേൾക്കയെ വേണ്ട” എന്നു കറെ ദേഷ്യത്തോടുകൂടി പറകയും ആ സ്വകാര്യം അറിവാനുള്ള വിദ്യയൊക്കെ പ്രവൃത്തിക്കയും ചെയ്യും. വസുമതിയാകട്ടെ ദാമോദരന്റെ വാക്കുകൾ കേട്ട ഉടനെ എഴുന്നേറ്റു, മന്ദഹസിച്ചു, മറ്റൊരു മുറിയിലേക്കു പോയി. കാര്യം അതു് എത്രയോ നിസ്സാരമായി തോന്നിയാലും ആ വക നിസ്സാരസംഗതികളിൽ കൂടിയാണു് വിദ്യാഭ്യാസത്തിന്റെ ഗുണം പ്രത്യക്ഷപ്പെടുന്നതു്. അവയാണു് പരിഷ്കാരത്തിന്റെ ലക്ഷണം. അവയാണു് നമ്മുടെ ചില മഹാന്മാർക്കും മഹതികൾക്കും ഇല്ലാത്ത ഗുണം. അവയാണു് നമ്മുടെ സ്ത്രീപുരുഷന്മാർ അഭ്യസിക്കേണ്ടുന്ന സന്മാർഗങ്ങൾ.

വസുമതി പോയ ഉടനെ ദാമോദരൻ ഇങ്ങിനെ ചോദിച്ചു: “നീ പിൻതുടർച്ച സർട്ടിഫിക്കറ്റിനു് ഹരജി കൊടുത്തുവോ?”

രാമനുണ്ണി:
കൊടുത്തു. അതു മെയി 5-ാംനുക്കു് വിചാരണ വെച്ചിരിക്കുന്നു. കേരളപത്രികയിൽ നോട്ടീസ്സ് കണ്ടില്ലെ?
ദാമോദരൻ:
അതിനു ഒരു എതിർ ഹരജി ഉണ്ടത്രെ.
രാമനുണ്ണി:
എതിർ ഹരജിയോ? ആർ കൊടുത്തിരിക്കുന്നു?
ദാമോദരൻ:
കാർത്തിക രാമൻ.
രാമനുണ്ണി:
കാർത്തികരാമൻ എതിർ ഹരജി കൊടുക്കയോ? എന്താ അതിന്റെ സാരം.
ദാമോദരൻ:
ശിരസ്തദാരുടെ ശിപായിയായിരുന്നു പുറത്തുവന്നതു്. കാർത്തികരാമൻ ഒരു ഒസ്യത്തിനെ ബലപ്പെടുത്തി ഒരു എതിർ ഹരജി കൊടുത്തിരിക്കുന്ന വിവരം നിങ്ങളെ അറിയിക്കാൻ ശിരസ്തദാർ ചൊല്ലിയയച്ചതാണു്.
രാമനുണ്ണി:
എന്തു് ഒസ്യത്തു്? അച്ഛൻ കാർത്തിക രാമനു് ഒസ്യത്തു എഴുതിക്കൊടുത്തുവെന്നൊ? എനിക്കു് ഒന്നും മനസ്സിലാകുന്നില്ലല്ലോ. എന്താ മുഴുവൻ വിവരമറിവാൻ വിദ്യ?
ദാമോദരൻ:
ബദ്ധപ്പെടണ്ട. ഞാൻ പോയി മുഴുവൻ വിവരം അറിഞ്ഞുവരാം. അതിലിടക്കു് ഒരു കാര്യം ചെയ്യണം, വസുമതിയോടു് വിവരമൊന്നും പറയരുതു്.
ഇങ്ങിനെ പറഞ്ഞു ദാമോദരൻ പോയ ഉടനെ മന്നൻ വൈദ്യനും അല്പം കഴിഞ്ഞു കല്യാണിയും രാമമന്ദിരത്തിൽ ചെന്നു. കല്യാണി വസുമതിയുമായി അകായിൽ നിന്നു സംസാരിക്കുന്നതിലിടക്കു് മന്നൻ വൈദ്യനോടു രാമനുണ്ണി ഇങ്ങിനെ ചോദിച്ചു.
രാമനുണ്ണി:
എന്താ അമ്മാമൻ കോടതിയിലൊ മറ്റൊ പോയിരുന്നുവോ? വല്ല വിവരവുമുണ്ടോ?
മന്നൻ:
ഞാൻ പോയിട്ടില്ല. പിൻതുടർച്ചസർട്ടിഫിക്കറ്റിന്റ കാര്യം വിചാരണക്കു് വെച്ചതു് അറിഞ്ഞില്ലെ?
രാമനുണ്ണി:
അറിഞ്ഞു. എന്താ അതിനു വല്ല എതിർ ഹരജിയും ഉള്ള വിവരം വല്ലതും കേട്ടുവോ?
മന്നൻ:
എതിർ ഹർജിയൊ? എന്തെതിർ ഹരജി? ആർ എതിർ ഹരജി കൊടുക്കാൻ? ആർ പറഞ്ഞു?
രാമനുണ്ണി:
അങ്ങിനെയൊരു വിവരം കേട്ടു. ദാമോദരൻ ഇപ്പോൾ പറഞ്ഞു
ദാമോദരന്റെ പേർ കേട്ടപ്പോൾ മന്നൻ വൈദ്യന്റെ സ്വഭാവം മാറി. എതിർ ഹരജിയുടെ യഥാർത്ഥ സ്വഭാവം മന്നൻ വൈദ്യൻ അറിഞ്ഞിരുന്നില്ലെന്നുമാത്രമല്ല, അങ്ങിനെയൊന്നുണ്ടാകുമെന്നുകൂടി. അദ്ദേഹം വിചാരിച്ചിരുന്നില്ല. എന്നല്ല, അങ്ങിനെ ഉണ്ടായാൽ തന്നെയും അതിനെപ്പറ്റി വൈദ്യൻ ഗൌരവമായി യാതൊന്നും വിചാരിക്കുന്നതുമല്ല. കോരപ്പന്റെ വസ്തുക്കൾ മുഴുവൻ രാമനുണ്ണിക്കും സോദരിക്കും കിട്ടുന്നതുകൊണ്ടു് അദ്ദേഹത്തിനു വലിയ ലാഭമൊന്നും ഉണ്ടായിരുന്നില്ല. അതെ, അയാളുടെ മരുമക്കൾ തന്നെ. കാര്യം നേരുതന്നെ, എന്നാൽ കാരണവർക്കു മരുമക്കളുടെ അഭ്യുദയത്തിൽ യാതൊരു തൃഷ്ണയും ഇല്ലാതിരിക്കുന്നതിനെപ്പറ്റിയോ, അവരുടെ നാശത്തിൽ കാരണവർക്കു സഹതാപമുണ്ടാകാത്തതിനെ കുറിച്ചോ വടക്കെ മലയാളത്തിലെ തീയ്യസമുദായത്തിന്റ യഥാർത്ഥസ്ഥിതി അറിയുന്നവരാരും അത്ഭുതപ്പെടുകയില്ല.

മക്കത്തായം മനസി മരു-

മക്കത്തായമഹോ വാചി.

എന്നു് ഒഞ്ച്യത്തു തമ്പുരാൻ തിരുമനസ്സുകൊണ്ടു് കല്പിച്ചരുളിച്ചെയ്തിട്ടു കാലം കുറെയായി. അങ്ങിനെ അരുളിച്ചെയ്തതു തന്നെയും നായന്മാരെ സംബന്ധിച്ചുമായിരുന്നു. ധാരാളം കുടുംബസ്വത്തുള്ള നായന്മാരുടെ ഇടയിൽ തറവാട്ടിൽ കൈകാര്യം നടത്താനുള്ള കാരണവസ്ഥാനം ലഭിച്ചവർ വസ്തുക്കളുടെ ആദായം കൊണ്ടുണ്ടാകുന്ന സമ്പാദ്യം മക്കൾക്കു കൊടുക്കുന്നതിനെപ്പറ്റിയായിരുന്നു വശ്യവാക്കായ ആ മഹാത്മാവു് ആവിധം അരുളിചെയ്തതു്. തീയ്യരുടെ ഇടയിൽ വലിയ ദ്രവ്യസ്ഥന്മാർ ഇല്ലാത്തതുപോലെതന്നെ ദരിദ്രന്മാരും ഇല്ല. അവരവർക്കു കഴിവാൻ തക്കവിധത്തിൽ സ്വത്തുള്ളവരാണു് മുക്കാലെ അരക്കാലും. ഇക്കാലത്തു് ഇങ്ങിനെയുള്ള സമ്പാദ്യം അധികവും സ്വന്ത സമ്പാദ്യവുമാണു്. ഈ നിലയിൽ, തീയ്യർ മരുമക്കത്തായം മനസ്സിലും വാക്കിലും ഇല്ലാതെ വെറും ചാവിൽ മാത്രമെ അനുഷ്ഠിച്ചുപോരുന്നുളളു. ചത്താൽ മരുമക്കൾക്കുകൂടി പൊലയുണ്ടെന്നല്ലാതെ വസ്തുക്കൾ കഴിയുന്നത്ര മക്കൾക്കു കൊടുത്തുവരികയും ഭാര്യയും മക്കളുമായി വേറെതന്നെ തറവാടായി താമസിക്കുകയും മിക്ക ഉദ്യോഗസ്ഥന്മാരെക്കൊണ്ടും മറ്റും കഴിയുന്ന സഹായോപായങ്ങൾ ഭാര്യവീട്ടുകാർ ചെയ്തുകൊടുക്കുകയുമാണു് ചെയ്തുവരുന്നതു്. മക്കൾ അച്ഛന്റെ തറവാട്ടുപേരാണു് സാധാരണയായി സ്വീകരിക്കുന്നതു്. അങ്ങിനെയല്ലാത്ത ഒരു തറവാടു് തീയ്യരുടെ ഇടയിൽ വടക്കെ മലയാളത്തിൽ കാണ്മാൻ പ്രയാസം. അതുനിമിത്തം രാമനുണ്ണിയുടെ പണം കൊണ്ടു് അവന്റെ കാരണവർക്കും ഇളയമ്മക്കും മറും വല്ല ലാഭവും ഉണ്ടെങ്കിൽ അതു കോരപ്പൻ മരിക്കുന്നവരെ ആയിരുന്നു. അതുതന്നെ കോരപ്പന്റെ ഭാര്യവീട്ടുകാരാണെന്നുള്ള ന്യായത്തിന്മേലാണു താനും. ഇനി ഉണ്ടാകുന്ന ഗുണമൊക്കെ രാമനുണ്ണി വിവാഹം കഴിക്കുന്ന വീട്ടുകാർക്കായിരിക്കും. ഏറക്കുറെ ഇതു് എല്ലാ സമുദായത്തിലും ഉള്ളതാണെങ്കിലും തീയ്യർ ഈ സമ്പ്രദായം പരസ്യമായി ശരിയായി അനുഷ്ഠിച്ചുപോരുന്നതിനാൽ ഇനിയൊരു അമ്പതു കൊല്ലം കഴിയുന്നതിനുമുമ്പു് വടക്കെ മലയാളത്തിലെ തീയ്യർ യാതൊരു നിയമത്തിന്റെയോ ഹൈക്കോടതി വിധിയുടെയൊ സഹായം കൂടാതെ മക്കത്തായം അനുഷ്ഠിക്കുന്നവരായിത്തീരുന്നതാണു്. മരുമക്കത്തായം നിലനിർത്തേണ്ടതാണെന്നു പറകയും അതിനുള്ള ന്യായങ്ങളായി ജർമ്മനിയിലും ആഫ്രിക്കയിലും മരുമക്കത്തായം നടപ്പുള്ള വിവരങ്ങൾ എടുത്തുകാണിക്കയും ചെയ്യുന്നവർ പോലും ആചരിക്കുന്നതു മേൽപ്രകാരമാണു്. വാക്കല്ല ആചാരമാണു് രാജ്യത്തു നിയമമായിത്തീരുകയെന്നു പറയേണ്ടതില്ലല്ലൊ.

രാമനുണ്ണി ദാമോദരന്റെ പേരു പറഞ്ഞ ഉടനെ മന്നൻ വൈദ്യൻ ശുണ്ഠികടിച്ചുവെന്നു പറഞ്ഞുവല്ലോ. അതുവരെ സ്വകാര്യം ചെറിയ സ്വരത്തിൽ പറഞ്ഞ വൈദ്യൻ ഉച്ചത്തിൽ: “നീയെന്തു പിന്നെയും ആ ദാമോദരനെ വിശ്വസിച്ചു എന്തെങ്കിലും പറയുന്നു? അവൻ നമ്മളുടെ തറവാട്ടിനു വരുത്തിക്കൂട്ടിയ നാശം നീ കണ്ടില്ലെ? ഇനിയും പഠിക്കാനായിട്ടില്ലെ നിനക്കു്? അവന്റെ വാക്കു കേട്ടിട്ടു് നിന്റെ അച്ഛൻ വലിയ വിഡ്ഢിത്വം ചെയ്തു. മകനും ഇനി എന്തൊക്കെയാണു് ചെയ്യാൻ പോകുന്നുവെന്നു ദൈവത്തിനറിയാം.

അടുത്ത മുറിയിൽ ഉണ്ടായിരുന്ന കല്യാണിയും വസുമതിയും ഇതു കേട്ടപ്പോൾ അവരുടെ സംസാരം നിർത്തി ചെവിയോർത്തു.

രാമനുണ്ണി:
നിങ്ങളെന്തിനു കോപിക്കുന്നു? ദാമോദരൻ എന്തു പാപം ചെയ്തു?
മന്നൻ:
എന്തു പാപം ചെയ്തുവെന്നൊ? വസുമതി കേൾക്കുന്നെങ്കിൽ കേൾക്കട്ടെ. അവളുടെ ഗുണത്തിനുവേണ്ടിയാണു് ഞാൻ പറയുന്നതു്. അവളെ മിസ്റ്റർ കുഞ്ഞിരാമന്റെ മകനു് കല്യാണം കഴിക്കാൻ അദ്ദേഹം ചോദിച്ചില്ലെ? ആ കുട്ടി ബി. എ., ബി. എൽ. ജയിച്ച യോഗ്യനല്ലെ? നാളെ മറ്റന്നാൽ മുൻസിപ്പായിത്തീരുന്നവനല്ലേ? ഈ കച്ചവടക്കാരന്റെ കണക്കപ്പിള്ളയെ കണ്ടിട്ടല്ലെ നിന്റെ അച്ഛൻ വസുമതിയെ അവനു് കൊടുക്കയില്ലെന്നു പറഞ്ഞതു്. നിങ്ങൾക്കു കാരണവന്മാരെയൊക്കെ പുല്ലുവിലയല്ലെ. മാന്യനായ ആ മേനോനും മറ്റും എന്തൊക്കെയാണു് പറയുന്നതെന്നു നീ കേട്ടുവോ? അവരൊക്കെ യോഗ്യന്മാരല്ലെ? അവരെക്കൊണ്ടൊക്കെ ഇങ്ങിനെ പറയിക്കാമോ?
വസുമതിയുടെ മുഖത്തു് രക്തം വന്നും പോയും കൊണ്ടു് ഭാവവൈവർണ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവൾ ഇരുന്ന ദിക്കിൽ തന്നെ ഒന്നും അനങ്ങാതെ ഇരുന്നുവെങ്കിലും കല്യാണി അവിടുന്നു എഴുന്നേറ്റു രാമനുണ്ണിയും മറ്റും ഇരിക്കുന്ന മുറിയിലേക്കു് കാതും ആട്ടിക്കൊണ്ടു് ചെന്നു.
രാമനുണ്ണി:
അതൊക്കെ ഈ അവസരത്തിൽ പറയേണ്ടുന്ന കാരണമെന്താണമ്മമാ?
കല്യാണി:
അയന്ത്, അതു് പറേണ്ടെ. ഓനല്ലെ ഇന്നു് തറവാട്ടിലെ തല മൂത്തതു്. ഓനല്ലാണ്ടു് ആര് പറയാനാ?
മന്നൻ:
എഃ അതൊന്നും അവർക്കു ഓർമ്മയില്ല. അവർക്കൊക്കെ തോന്ന്യാസം. എന്താണു്, അച്ഛന്റെ സ്വത്തുണ്ടു്. അതില്ലെങ്കിലല്ലെ അമ്മാമൻ വേണം, എളേമ്മ വേണം എന്നുണ്ടാവു.
രാമനുണ്ണി:
അമ്മാമാ! നിങ്ങൾ ഇല്ലാത്ത അപരാധമൊന്നും എന്റെ തലയിൽ വലിച്ചിടരുതെ, ഞാൻ നിങ്ങളോടു ഇതുവരെ യാതൊരപ്രിയവും കാണിച്ചിട്ടില്ല.
മന്നൻ:
ഇല്ല. ഇല്ല. ഒരപ്രിയവും കാണിച്ചിട്ടില്ല.
ദ്വയാർത്ഥത്തിൽ പറഞ്ഞ ഈ വാക്കു കേട്ടപ്പോൾ അങ്ങിനെ പറയാൻ സംഗതിയെന്താണെന്നു രാമനുണ്ണി ചോദിക്കയും അതിനുത്തരം കല്യാണി പറകയും ചെയ്തു.
കല്യാണി:
മന്നനേട്ടൻ പറഞ്ഞതു് മറ്റൊന്നുമല്ല. പാഞ്ചാലീനെ നീ കല്യാണം കയിക്കാഞ്ഞിറ്റാനു് അപ്പറഞ്ഞതു്.
പാഞ്ചാലി മന്നൻ വൈദ്യന്റെ മകളായിരുന്നു. അവളെ രാമനുണ്ണിക്കു് കല്യാണം കഴിച്ചുകൊടുക്കണമെന്നു ആ ശുദ്ധാത്മാവിനു് വിചാരമുണ്ടായിരുന്നുവെങ്കിലും രാമനുണ്ണി അതിനു് അനുകൂലിച്ചിരുന്നില്ല.

കല്യാണിയുടെ ഈ വാക്കു കേട്ടപ്പോൾ രാമനുണ്ണി തലതാഴ്ത്തി ഇരുന്നു. അവനു ദേഷ്യം സഹിക്കാൻ പാടില്ലാതായി.

മന്നൻ:
എന്റെ മകൾക്കു് ഇംഗ്ലീഷൊന്നും അത്ര അറിഞ്ഞുകൂട. സംഗീതവും തുന്നലും മറ്റും അവൾക്കു് ശീലമില്ല. അവൾക്കു് വല്ല കൂലിപ്പണിക്കാരനെയും കിട്ടും.
ഇങ്ങിനെ പറഞ്ഞു അല്പനേരം ആരും മിണ്ടാതിരുന്നശേഷം മന്നൻ വൈദ്യൻ പിന്നെയും പറഞ്ഞു:

“ഈ ഇംഗ്ലീഷുപഠിപ്പാണു് സകല നാശവും ചെയ്യുന്നതു് സ്ത്രീകളെ അനുസരണമില്ലാത്തവരാക്കുന്നതും ഓരോ വേണ്ടാവൃത്തി ശീലിപ്പിക്കുന്നതും ഇംഗ്ലീഷാണു്. കേൾക്കുന്നില്ലെ, ഓരോ വർത്തമാനം കേൾക്കുന്നില്ലെ. ഇംഗ്ലീഷ് പഠിച്ചു മദിരാശിയിലും ബാങ്കലൂരിലും ബോമ്പായിലും പോയി മദാമ്മമാരെപ്പോലെ വരുന്നവർക്കൊക്കെ കൈകൊടുത്തും ബീച്ചിലും പാർക്കിലും സവാരിക്കു പോയിട്ടും സമ്പാദിക്കുന്ന പേരൊക്കെ കേൾക്കുന്നില്ലേ. ഇംഗ്ലീഷ് പഠിച്ച ഗുണമല്ലേ അതു്. എന്റെ മകൾക്കു് എം. എ.-യും. ബി. എ.-യും ഒന്നും വേണ്ട. വല്ല കൂലിക്കാരനും മതി.

ഇതൊക്കെ കേട്ടുകൊണ്ടു് വല്ല മുള്ളിന്മേലും ചവിട്ടിനിന്നപോലെ നില്ക്കാനും നടക്കാനും കഴിയാതെ കോപം ജ്വലിച്ചുകൊണ്ടു് കളിച്ചിരുന്ന വസുമതി അകത്തേക്കു കടന്നുചെന്നു. തന്റെ ജേഷ്ഠൻ തലതാഴ്ത്തി കോപമടക്കി ഇരിക്കുന്നതുകണ്ടുള്ള വ്യസനവും കല്യാണി ഉള്ളിൽ സന്തോഷിക്കുന്നതുകണ്ടുള്ള ദേഷ്യവും ഒക്കെ കൂടി വരുത്തിയ മനോവികാരം താഴെ കാണിക്കുന്ന പ്രസംഗരൂപത്തിൽ അവളുടെ മുഖത്തുനിന്നു വെളിക്കു ചാടി: “എന്താണമ്മാമാ നിങ്ങൾപറഞ്ഞതു്? ഇംഗ്ലീഷുപഠിച്ച പെൺകുട്ടികളിൽ ചിലർ ചീത്തപ്പേർ സമ്പാദിക്കുന്നുവെന്നും അതുകൊണ്ടു് ഇംഗ്ലീഷുവിദ്യാഭ്യാസം ചീത്തയാണെന്നുമോ? ഇംഗ്ലീഷുപഠിച്ചു ബി. എ. മുതലായ ഉയർന്നതരം പരീക്ഷജയിച്ചവരിൽ എത്രപേർ മദ്യംസേവിച്ചും വേറെ പലവിധം ദുർവൃത്തികൾ ആചരിച്ചും വീട്ടിനും നാട്ടിനും അവരവർക്കും അവരവരുടെ ജാതിക്കും ചീത്തപ്പേർ സമ്പാദിക്കുന്നവരായിട്ടുണ്ടു്. അതുകൊണ്ടു് പുരുഷന്മാരേയും ഇംഗ്ലീഷുപറിപ്പിക്കരുതെന്നു നിങ്ങൾ എന്തുകൊണ്ടാണു് അഭിപ്രായപ്പെടാത്തതു്. ഒരാൾ കള്ളുകുടിയനോ, ഒരു സ്ത്രീ ദുർന്നടപ്പുകാരിയോ ആകുന്നതു് അവളുടെ വിദ്യാഭ്യാസത്തിന്റെ ദോഷമാണോ? ഇംഗ്ലീഷു പഠിച്ചു മാന്യനിലയിലുള്ള സ്ത്രീകൾ എത്രയുണ്ടു്? പഠിച്ചറിഞ്ഞസ്ത്രീകൾ പോലും വല്ല ദുരാചാരവും ചെയ്യുന്നുണ്ടെങ്കിൽ അതു് അവരെ കൊണ്ടു നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ ദോഷമാണു്. വരുന്നവർക്കൊക്കെ കൈകൊടുക്കാനും അവരോടു സ്വാതന്ത്ര്യമായി പെരുമാറാനും ആദ്യം പഠിപ്പിക്കയും പിന്നെ അതു ക്രമേണ വളർന്നു് അടക്കാൻ നിവൃത്തിയില്ലാത്ത നിലയിലാകുകയും ചെയ്യുമ്പോൾ വിഡ്ഢികളായ ആവക പുരുഷന്മാർതന്നെ ഖേദിക്കുന്നു. അങ്ങിനെ എത്തിയ നിലയിൽ ചില പുരുഷന്മാരെ ഭാര്യമാരെ, ആ സംഗതി പറഞ്ഞു ഉപേക്ഷിച്ചതായും ഞാൻ കേട്ടിട്ടുണ്ടു്. അതൊക്കെ ആ പുരുഷന്മാരുടെ പോരായ്മകൊണ്ടും ആലോചനയില്ലായ്മകൊണ്ടും വരുന്നതാണു്. സ്ത്രീകളും തീയും ഉപയോഗിക്കാൻ അറിയുന്നവന്റെ കയ്യിൽ കിട്ടിയാൽ പ്രകാശിക്കുകയും പ്രയോജനകരമായിത്തീരുകയും ചെയ്യും. അല്ലാത്തവന്റെ ഇരിപ്പിടം നശിപ്പിക്കും. അതൊന്നും വിദ്യാഭ്യാസത്തിന്റെ തെറ്റല്ല. ശരിയായ വിദ്യാഭ്യാസം ഏതു ഭാഷയിലായാലും ദോഷം ചെയ്വാൻ പാടില്ലാത്തതാകുന്നു. മാന്യനായ ഒരാൾ ഇതിനെടെ അച്ഛന്നു് എഴുതിയിരുന്ന ഒരെഴുത്തിൽ നമ്മുടെ സ്ത്രീകളുടെ വിദ്യാഭ്യാസമെല്ലാം മലയാളഭാഷയിൽ മാത്രമാക്കണമെന്നും അതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യണമെന്നും എഴുതിയിരുന്നു. ആ കത്തു് അച്ഛൻ എന്നെ കാണിക്കുകയുണ്ടായി മലയാളഭാഷമാത്രം പഠിച്ച സ്ത്രീകളെപ്പറ്റി അദ്ദേഹം വല്ലതും അറിയുമെന്നു തോന്നുന്നില്ല. ഭാഷയ്ക്കല്ല ദോഷം, വിദ്യാഭ്യാസത്തിന്റെ രീതിയിലാണു് ദോഷം. ഇംഗ്ലീഷല്ല, മലയാളമല്ല, പരന്ത്രീസ്സല്ല, ഹിന്ദുസ്ഥാനിയല്ല ഏതു ഭാഷമൂലം വിദ്യാഭ്യാസം ചെയ്യിച്ചാലും സ്ത്രീകൾക്കു് ആവശ്യമുള്ളതാണു് പഠിപ്പിക്കേണ്ടതു്. നിങ്ങൾ നോക്കിൻ, മതസംബന്ധമായോ സന്മാർഗ്ഗസംബന്ധമായോ വല്ല വിദ്യാഭ്യാസവും നമ്മുടെ കുട്ടികൾക്കു് നാം നൽകുന്നുണ്ടോ? അച്ഛൻ എനിക്കു് വിവേകാനന്ദസ്വാമി മുതലായവരുടെ പ്രസംഗങ്ങൾ വായിക്കാൻ വാങ്ങിത്തന്നിരുന്നില്ലെങ്കിൽ ഹിന്തുമതം എന്നാൽ അങ്ങാടിമരുന്നോ പറിമരുന്നോ എന്നു ഞാൻ അറികയില്ലായിരുന്നു. അങ്ങിനെയുള്ള പുസ്തകങ്ങൾ വായിക്കാൻ സംഗതിവരാതെ എത്ര സ്ത്രീകൾ നമ്മുടെ ഇടയിലുണ്ടു്. സ്ത്രീകളൊ, എത്രായിരം പുരുഷന്മാരുണ്ടു്. നിങ്ങൾ അമ്പലം പണിയിക്കുന്നു, ചെറകുഴിക്കുന്നു, ആനയെ വാങ്ങുന്നു. ഉത്സവം കഴിക്കുന്നു, ഇതുകൊണ്ടൊക്കെ എന്തു പ്രയോജനം? അമ്പലമെന്താണു്, ബിംബമെന്താണു്, അവയെ ഉപയോഗിക്കേണ്ടതെങ്ങിനെയാണു്, എന്നൊന്നും അറിയാതെ കുരുടന്നു് കണ്ണാടി വാങ്ങിക്കൊടുക്കുമ്പോലെ നിങ്ങൾ ഈ വക ഏർപ്പാടു ചെയ്തിട്ടുള്ള കാര്യമെന്തു്? അച്ഛനോടുതന്നെ ഞാൻ ഈ കാര്യം പലപ്പോഴും പറഞ്ഞിരുന്നു. അവർക്കു് ഇതിൽ വല്ലതും പ്രവൃത്തിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. ഈശ്വരൻ അതിനു സംഗതി വരുത്തിയില്ല. എത്ര പുരുഷന്മാർ, എത്ര സ്ത്രീകൾ, അന്യമതത്തിൽ പോകുന്നു! എന്തിനായിട്ടു് പോകുന്നു. ഹിന്തുമതത്തെപ്പറ്റി യാതൊരറിവും അവർക്കു് ഇല്ലാത്തതിനാൽ, ഇതിനെടെ ഇംഗ്ലീഷുവിദ്യാഭ്യാസം സിദ്ധിച്ചു ധാരാളം അറിവും വിവേകവും ഉണ്ടായ ഒരു സ്ത്രീ ക്രിസ്തുമതം സ്വീകരിച്ചു കന്യാമഠത്തിൽ ചേർന്നു. എന്തിനായിട്ടായിരുന്നു. നിങ്ങൾക്കറിഞ്ഞു കൂടെ? ഇംഗ്ലീഷുഭാഷ നല്ലവണ്ണം പഠിച്ചു അതിലെ നല്ലനല്ല പുസ്തകങ്ങൾ വായിച്ചവർക്കു് ദാമ്പത്യസംബന്ധമെന്താണു്, അനുരാഗമെന്താണു് എന്നുള്ളതിന്റെ യഥാർത്ഥജ്ഞാനമുണ്ടാകും. അങ്ങിനെയുള്ളവർ ആ കാര്യങ്ങളിൽ വല്ല പുരുഷനാലും വഞ്ചിക്കപ്പെടുന്നതു സഹിക്കയില്ല. അങ്ങിനെയുള്ള അത്യുത്തമഗുണങ്ങൾ നൽകുന്ന ഇംഗീഷു വിദ്യാഭ്യാസത്തെ നിങ്ങൾ പുച്ഛിക്കയോ, അങ്ങിനെയുള്ള ഗുണം അനുഭവമാകുമെന്നു വിശ്വസിക്കുന്ന ഞാൻ അതു കേട്ടു സഹിക്കയില്ല.”

വസുമതിയുടെ വാഗ്മിത്വവും അവൾ പറഞ്ഞ ന്യായവും രാമനുണ്ണിയെകൂടി അത്ഭുതപരവശനാക്കി. അവൾ ഇത്രോടം പറഞ്ഞപ്പോൾ ദാമോദരൻ വന്നു. തന്റെ ഭാവപ്പകർച്ച അവൻ കണ്ടു മനസ്സിലാക്കരുതെന്നു വിചാരിച്ചു വസുമതി അകത്തേക്കു പോയി. പിന്നാലെതന്നെ കല്യാണിയും പോയി.

ദാമോദരനെ കണ്ട ഉടനെ അവിടെ ആ സമയത്തു അസാധാരണമായി യാതൊന്നും ഉണ്ടാകാത്ത നാട്യത്തിലും ദാമോദരനോടു വളരെ സ്നേഹമാണെന്നുള്ള ഭാവത്തിലും മന്നൻ വൈദ്യൻ മുപ്പത്തുരണ്ടു പല്ലിൽ പോയ്പോയതു കഴിച്ചു ബാക്കിയുള്ളതും ശേഷം നൊണ്ണും കാണിക്കത്തക്കവിധത്തിൽ ഒന്നു ചിരിച്ചു. രാമനുണ്ണി എഴുന്നേറ്റു ദാമോദരന്റെ കൈപിടിച്ചു മാളികമേലേക്കു കൊണ്ടുപോയി.

ദാമോദരൻ:
എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നു? വിവരം മുഴുവൻ അറിഞ്ഞുവൊ? വൈദ്യൻ വല്ലതും പറഞ്ഞുവോ?
രാമനുണ്ണി:
മറ്റൊരു സംഗതിയെപ്പറ്റി ഞങ്ങൾ സംസാരിക്കയായിരുന്നു, അതുപോട്ടെ, അതൊക്കെ പിന്നെപ്പറയാം. നീ പോയകാര്യമെന്തായി? അമ്മാമനു് യാതൊരു വിവരവും ഇല്ല.
ദാമോദരൻ:
കാര്യം വളരെ രസമുണ്ടു്. കാർത്തികരാമൻ നിന്റെ അച്ഛൻ എഴുതിയപ്രകാരമുള്ള ഒരു ഒസ്യത്തു ഹാജരാക്കിയിരിക്കുന്നു. സർവ്വസ്വത്തും കാർത്തികരാമനു കൊടുത്ത വിധമാണു് ഒസ്യത്തു്.
രാമനുണ്ണി:
കാർത്തികരാമൻ ഒരു കള്ള ഒസ്യത്തു നിർമ്മിച്ചുവെന്നോ?
ദാമോദരൻ:
ഒസ്യത്തു് കള്ള ഒസ്യത്തുതന്നെ സംശയമില്ല. പക്ഷേ, അതു തെളിയിക്കേണ്ടിവരും. അതിനു വളരെ ബുദ്ധിമുട്ടും ഉണ്ടാകും. ഒസ്യത്തു് റജിസ്ത്രാണു്. നിന്റെ അച്ഛന്റെ കൈ വിരലടയാളമുണ്ടു്.
രാമനുണ്ണി:
പറ്റിച്ചു. ദാമോദരാ പറ്റിച്ചു.
ദാമോദരൻ:
നീ അധൈര്യപ്പെടരുതു്. ഇതിൽ കാർത്തികരാമന്റെ പിന്നിൽ ആളുണ്ടു്. കണ്ണൻ മേനോനും കൂട്ടരുമുണ്ടു്. ആട്ടെ ഈശ്വരൻ സഹായിക്കും. അവർക്കു വിരലടയാളം എവിടുന്നു കിട്ടി?
രാമനുണ്ണി:
അതാണു് ഞാൻ പറഞ്ഞതു് പറ്റിച്ചുവെന്നു്. അച്ഛന്റെ ശവം ഇവിടെ ഉണ്ടായിരുന്ന രാത്രി പന്ത്രണ്ടുമണിക്കു് കാർത്തികരാമൻ അതുവരെ എവിടെയോ പോയ ദിക്കിൽനിന്നു മടങ്ങിവന്നു ശവപ്പെട്ടിയുടെ അടുക്കൽ വളരെനേരം ഇരുന്നു കരഞ്ഞുവെന്നും മറ്റും വസുമതി പറഞ്ഞിരുന്നു. അപ്പോൾതന്നെ എനിക്കു് അതിനെപ്പറ്റി സംശയമുണ്ടായിരുന്നു. പിറ്റെദിവസം ശവപ്പെട്ടി നീക്കിയപ്പോൾ വസുമതിയുടെ കാലടിയിൽ മഷി പുരട്ടിയ ഒരു തുണിക്കഷണം പറ്റിയതും അതു താറാണെന്നും അതവിടെ എങ്ങിനെ വന്നുവെന്നും അവൾ പറഞ്ഞതും ഓമ്മയുണ്ടോ?
ദാമോദരൻ:
ഉണ്ടു്. ഈശ്വരാ ഇതെന്തു വഞ്ചന. ഇതെന്തു കള്ളത്തരം.
രാമനുണ്ണി:
ഒസ്യത്തു നീ കണ്ടുവോ?
ദാമോദരൻ:
കണ്ടു. ശിരസ്തദാർ സ്വകാര്യം എനിക്കു കാണിച്ചുതന്നു.
രാമനുണ്ണി:
എന്താണു് വാചകം?
ദാമോദരൻ:
തന്റെ സ്വന്ത സമ്പാദ്യമായ സർവ്വവസ്തുക്കളും ബേങ്കുകളിലുള്ള പണവും കാർത്തികരാമനു കൊടുക്കണമെന്നാണു്.
രാമനുണ്ണി:
ഞങ്ങൾക്കു തന്ന ഒസ്യത്തു മാറ്റി ഇങ്ങനെയൊന്നു എഴുതാൻ കാരണം പറഞ്ഞിട്ടുണ്ടോ?
ദാമോദരൻ:
ഉണ്ടു്. തന്റെ മകൾ ഒടുവിൽ തന്റെ ഇഷ്ടത്തിനു വിരോധമായി ഒരുവനെ കല്യാണം കഴിക്കാൻ തീർച്ചയാക്കിയതിനാലും മകൻ താൻ പറയുംപ്രകാരം കേൾക്കാതെ നടക്കുന്നതിനാലും അതിനുദാഹരണമായി ബർമ്മ മുതലായ സ്ഥലത്തു തന്റെ സമ്മതം കൂടാതെ പോയതിനാലും അവർക്കു വസ്തുക്കളൊന്നും കൊടുക്കരുതെന്നു തീർച്ചയാക്കിയിരിക്കുന്നുവെന്നു പറഞ്ഞിരിക്കുന്നു.
രാമനുണ്ണി:
കള്ളന്മാർ, പരമദുഷ്ടന്മാർ. എന്നാൽ കാര്യത്തിന്റെ ഗൗരവം മുഴുവനും നീയും അറികയില്ലേ. ഇവിടെയുള്ള വസ്തുക്കൾ മാത്രമല്ല അച്ഛനുള്ളതു്. അച്ഛനു് ബർമ്മയിലിരിക്കുമ്പോൾ ഡാർബി സ്വീപ്പിൽ കിട്ടിയ നാലര ലക്ഷം ഉറുപ്പിക അവരുടെ പേരിൽ റങ്കൂൺ ബേങ്കിലുണ്ടു്. ഈ ഒസ്യത്തിൽ അതും അടങ്ങിയെന്നല്ലെ വരുന്നതു്. കഷ്ടം!
ഒരപകടവും അതിന്റെ ഫലവും

നേരം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരിക്കുന്നു. നിലാപ്രകാശം കേവലമില്ലെങ്കിലും ആകാശത്തിൽ നക്ഷത്രങ്ങൾ മേഘങ്ങളുടെ ബാധയില്ലാതെ നല്ലവണ്ണം പ്രകാശിക്കുന്നുണ്ടു്. അങ്ങാടിയിലെ ഷാപ്പുകളിൽ അവിടവിടെ ഒന്നുരണ്ടെണ്ണം ഒഴികെ എല്ലാം പൂട്ടിക്കഴിഞ്ഞു. പൂട്ടിയിരിക്കുന്ന ചില ഷാപ്പുകളുടെ വാതിൽക്കൽ ഓരോ വിളക്കുകൾ കത്തിച്ചിട്ടുള്ളവ മുനിസിപ്പാൽ വിളക്കുകളെ അപേക്ഷിച്ചു കുറെ പ്രകാശത്തിൽ കത്തുന്നുണ്ടു്. പൊലീസ്സുകാരിൽ അന്നു ബീറ്റുനടക്കാനുള്ളവർ അവരുടെ വലിയ വടിയുമായി പുറപ്പെട്ടിട്ടുണ്ടു്. അവരുടെ ഉറക്കിനുള്ള കാലം എത്തീട്ടില്ല. മറ്റെല്ലാവരും ഉറങ്ങാതെ അവർ ഉറങ്ങയില്ലെന്നുള്ളതു് ഒരു വിശേഷവിധിയാണു്. വല്ല ദൂരദിക്കിലും പോയി മടങ്ങുന്നവരോ വല്ല ആവശ്യത്തിനും പോകുന്നവരോ ആയ ഒന്നോരണ്ടോ ആൾ ചൂട്ടും കത്തിച്ചു നിരത്തിന്മേൽ കൂടി ബദ്ധപ്പെട്ടു നടന്നു പോകുന്നുണ്ടു്. പകലൊക്കെ ജനസമൂഹത്താൽ നിറയപ്പെട്ടു തിക്കും തിരക്കും കൂക്കിയും നിലവിളിയുംകൊണ്ടു വളരെ ജീവനും ചൊടിയും ഉണ്ടായിരുന്ന നിരത്തുകളൊക്കെ മരുഭൂമിപോലെ ഏകാന്തമായിരിക്കുന്ന അവസരത്തിലാണു് ദാമോദരൻ ഒരു ചവിട്ടുവണ്ടിയിൽ കയറി ബദ്ധപ്പെട്ടുകൊണ്ടു പോകുന്നതു്. ബേങ്കിൽ ഇടപാടുണ്ടായിരുന്ന ചിലരെ കണ്ടു സംസാരിച്ചു ചില കാര്യങ്ങൾ ഏർപ്പെടുത്താനുണ്ടായിരുന്നതിനാൽ കുറെ താമസിച്ചുപോയ നമ്മുടെ നായകൻ ഒന്നുരണ്ടാഴ്ചയിലധികം സംഭവിച്ച പല സംഗതികളെപ്പറ്റിയും മനസ്സുകൊണ്ടാലോചിച്ചുകൊണ്ടിരുന്നു. ബേങ്കിലെ കാര്യത്തിൽ തന്റെ യജമാനന്റെ പേരും പക്ഷേ, ജീവനും രക്ഷിക്കാൻ അവൻ പല വഴിയും ആലോചിച്ചുനോക്കിയതിൽ ഒന്നും സാധിക്കുന്നമാതിരി തോന്നുന്നില്ല. വല്ലവരും ഒന്നരലക്ഷം ഉറുപ്പിക നവറോജിയെ സഹായിക്കാനുണ്ടെങ്കിലല്ലാതെ ബേങ്കിനെ രക്ഷിക്കാൻ കഴികയില്ലതന്നെ. പട്ടരെപ്പറ്റി യാതൊരു വിവരവുമില്ല. അദ്ദേഹം ആഫ്രിക്കയിലോ അമേരിക്കയിലോ പോയിരിക്കയാണെന്നു ഊഹിക്കപ്പെട്ടിരിക്കുന്നു. പട്ടരെ കാണാനില്ലെന്നു് പത്രങ്ങളിലൊക്കെ പ്രസിദ്ധമായി. പട്ടർ നാലയ്യായിരം ഉറുപ്പിക അപഹരിച്ചുപോയിരിക്കയാണെന്നേ ജനങ്ങളുടെ ഇടയിൽ പ്രസ്താവമുള്ളു. അത്രയെ പത്രങ്ങളിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ളു. ദാമോദരനെപ്പറ്റി ചിലർ സംശയിക്കുന്നു. പട്ടരുടെ ചതിയെപ്പറ്റി നവറോജിയും ദാമോദരനും വസുമതിയും രാമനുണ്ണിയും ലക്ഷ്മിയുമല്ലാതെ ലോകത്തു വേറെ ആരും അറികയില്ല. പക്ഷേ, അതു ക്ഷണത്തിൽ ലോകം മുഴുവൻ അറിയേണ്ടതായി വരും. അതൊക്കെ അങ്ങിനെ ഇരിക്കുന്നു. അതിലിടക്കു് ഒസ്യത്തുകേസ് രാജ്യത്തു മുഴുവനും ഒരു ബഹളമാക്കിയിരിക്കുന്നു. മറ്റന്നാളാണു് കേസ്സു വിചാരണ. രാമനുണ്ണി മദിരാശിയിൽ നിന്നു് ഒരു ബാരിസ്റ്റരെ വരുത്തീട്ടുണ്ടു്. കേസ് എങ്ങിനെ കലാശിക്കുമെന്നറിവാൻ പലരും ഉൽകണ്ഠയുള്ളവരായിരിക്കുന്നു. കാർത്തികരാമന്റെ ഒസ്യത്തു കളവാണെന്നു തെളിയിക്കാൻ പല സാക്ഷികളെയും മറ്റും മറുഭാഗത്തുനിന്നു ശേഖരിക്കുന്നുണ്ടു്. കാർത്തികരാമന്റെ ഭാഗം മേനോൻ, വക്കീൽ, ഹേഡ് എന്നീ മൂന്നു സാക്ഷികളാണു് പ്രമാണം. ഒസ്യത്തിന്റെ കൈയെഴുത്തു് മേനോന്റെതാണു്. മറ്റു രണ്ടുപേരും സാക്ഷികളാണു്. ഒസ്യത്തുപ്രകാരം അന്യായം കാർത്തികരാമനു വിധിച്ചുകിട്ടുമെന്നുതന്നെ പലരും അഭിപ്രായപ്പെട്ടു. ഒസ്യത്തു കള്ള ഒസ്യത്താണെന്നു പലർക്കും അഭിപ്രായമുണ്ടെങ്കിലും അതു നിയമം കൊണ്ടു സ്ഥാപിക്കാൻ സാധിക്കയില്ലെന്നു തന്നെ സർവ്വജനങ്ങളും ഭയപ്പെട്ടു. ഇനി വക്കീൽമാരുടെ യുക്തികൊണ്ടു വല്ലതും സാധിച്ചെങ്കിൽ ആയി.

ദാമോദരൻ ഈ എല്ലാ സംഗതികളും മനസ്സിൽ ആലോചിച്ചുകൊണ്ടു ചവിട്ടുവണ്ടിയിൽ കയറിവരികയായിരുന്നു. ഒരു പീടികയുടെ അടുക്കെ എത്തിയപ്പൊൾ റോഡിന്മേൽ ഉണ്ടായിരുന്ന ഒരു ആടു ഒരു ഭാഗത്തുനിന്നു മറുഭാഗത്തേക്കു ഓടുകയും ആടു വണ്ടിക്കുവന്നുമുട്ടി വണ്ടി മറിഞ്ഞുവീഴുകയും അതോടുകൂടി ദാമോദരൻ വണ്ടിയിൽ നിന്നു തെറിച്ചുപോകയും ചെയ്തു. ചെന്നടിച്ചതു ഒരു മരത്തോടായിരുന്നു. ഉടനെ ബോധം കെട്ടു. ദാമോദരൻ മോഹാലസ്യത്തിൽനിന്നു നിവർത്തനായപ്പോൾ താൻ ഒരു മുറിയിൽ ഒരു കോച്ചിന്മേൽ കിടക്കുന്നതും അരികത്തു ചിലർ നില്ക്കുന്നതും കണ്ടു. ഓർമ്മ വന്ന ഉടനെ അവൻ എഴുന്നേറ്റു, ‘ഞാൻ എവിടെയാണു് ?’ എന്നു ചോദിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ സാമാന്യം വൃദ്ധയായ ഒരു സ്ത്രീ അവനോടു “അതെന്താ മോനെ നിനക്കെന്നെ അറിഞ്ഞൂടെ?” എന്നു ചോദിച്ചു. ദാമോദരൻ മറുപടി പറയുന്നതിനു മുമ്പ് ആ സ്ത്രീ പിന്നെയും പറയുന്നു.

“എന്റെ മോനു് എടയാ നൊന്തതു്? ഊയി എന്റെയപ്പാ, ഞാൻ പേടിച്ചുപോയി. എന്റെ മോനു് എന്തുവന്നെന്നറിഞ്ഞില്ലെ. ഞാനൊരു ഒച്ചകേട്ടു്, ഞാനില്ലെ ഒറങ്ങാണ്ടു് ഇവിടെ കെടക്ക്ണ്. മാതവനിണ്ടു് ആടയിരുന്നു് വായിക്കുന്നു്. ഞാൻ വേഗം എണീറ്റ് ‘ആരാന്നോക്കെ മാതവാ, എന്തൊ വീമ്പോലെ കേട്ടല്ലോ. നിന്റെ അച്ചനാന്നോക്കിയാ’ എന്നു് പറഞ്ഞപ്പൊ എല്ലെ മാതവൻ പാഞ്ഞുപോയി നിന്നെ എടുത്തുകൊണ്ടുവന്നതു്. ഞാൻ നിരീച്ചു കണ്ണനാന്നു്. ഞാനങ്ങു് നെലവിളിച്ചൂട്ടു്. മാതവൻ പറേന്നു് ‘ഇങ്ങള് കരേല്ലെക്കി അമ്മമ്മെ, ഇങ്ങള് കരേല്ലേക്കി അമ്മമ്മേന്നു്. ഞാൻ നോക്കുമ്മം കതയെന്ത് പറയാനാണു്. ഞാനെന്തെല്ലാം നിരീച്ചുപോയി.”

ദാമോദരനു് കാര്യം മനസ്സിലായി. താൻ വീണതും മൂർഛിച്ചതും എല്ലാം ഓർമ്മയായി. താൻ കണ്ണൻ മേനോന്റെ വീട്ടിലാണെന്നും തന്നെ ശുശ്രൂഷിക്കുന്നതു് അയാളുടെ മൂത്ത സഹോദരിയും മകൻ മാധവനും ആണെന്നും മനസ്സിലായി. തനിക്കു് വേദനയൊന്നും ഇല്ലെന്നും അല്പം മൂർഛിച്ചതെ ഉള്ളുവെന്നും തനിക്കു് ഉടനെ പോകണമെന്നും പറഞ്ഞു കോച്ചിന്മേൽ നിന്നു് എഴുന്നേറ്റു. അപ്പോൾ മാധവൻ, “പോകാനായിട്ടില്ല. ഞാൻ ഒരുകുപ്പി സോഡ കൊണ്ടുവരാം അതു കുടിച്ചിട്ടു പോകാം.” എന്നു പറഞ്ഞു ഓടിപ്പോയി. അവൻ അടുത്ത ഒരു ഷാപ്പിൽ പോയി ഷാപ്പുകാരനെ വിളിച്ചുണർത്തി സോഡ വാങ്ങുന്നതിനിടയിൽ “ഞാനെന്റെ വണ്ടി ചീത്തയായിപ്പോയോ എന്നു നോക്കട്ടെ” എന്നു പറഞ്ഞു ദാമോദരൻ പുറത്തേയ്ക്കിറങ്ങുമ്പോൾ ഒരു ദാസി അടുത്തുചെന്നിട്ടു്, “വണ്ടിയിതാ കോനായിലിണ്ടു്” എന്നു പറഞ്ഞു. ദാമോദരൻ അവളെ ഒന്നു നോക്കി, നീ ഇപ്പഴ് ഇവിടെയാ?’ എന്നു ചോദിച്ചു. ഇതിനു ദാസി യാതൊന്നും മറുപടി പറയാതെ ചവിട്ടുവണ്ടി വെച്ച സ്ഥലം കാണിച്ചുകൊടുക്കാൻ മുമ്പിൽ ഇറങ്ങി. കണ്ണൻ മേനോന്റെ സഹോദരി അകത്തുതന്നെ നിന്നു. ദാസി കൊലായിൽ എത്തിയ ഉടനെ പിന്നാലെ തന്നെ ചെന്നിരുന്ന ദാമോദരനോടു വളരെ മെല്ലെ ഇങ്ങിനെ പറഞ്ഞു: “ഇങ്ങക്കു് എന്നെ മനസ്സിലായോ. ഇതാ ഈ കടലാത്തെടുത്തോളിൻ. ഈടത്തെ മൂപ്പറ് രാമനുണ്ണിമൂപ്പറെ ചതിക്കാനിണ്ടു് ഒരു കടലാത്തു് ഇണ്ടാക്കീറ്റ്. അതാണിതു്. എന്റെ വയറ്റില് ഇങ്ങളെയെല്ലാം ചോറില്ലെ. ഞാനതു് മറക്കുഓ. ഈടത്തെ മൂപ്പറ് കടലാത്തു് ഇണ്ടാക്കിയതു് ഞാൻ കണ്ടുപോയിന്. ആരോടും പറേണ്ടെന്നു് എന്നൊടു് പറഞ്ഞിന്. എനക്കിപ്പം പൊറത്തുപോകാൻ കല്പനയില്ല. ആരോടും മിണ്ടിക്കൂട. ഞാനെത്ര തെവസായി അങ്ങ് വന്നിറ്റ് ഇക്കടലാത്തു് തരണൊന്നു് നിരീക്ക്ന്ന്. ഇങ്ങക്കറഞ്ഞൂടെ അമ്പുവക്കീലിന അയാളും കണാരനേടും പിന്നയില്ലെ ആ മീശക്കാരൻ ദയിസ്രാള്, അയാളും കൂടിയാ ഇപ്പണിയൊക്കെ എടുത്തതു്. ഞാനെല്ലാം കേട്ടിന്. ഇതാ ഇതിങ്ങള് എടുത്തോളി. നാളയൊ മറ്റൊ ഞാനങ്ങ് ബന്നിറ്റ് മുയുമ്മൻ പറഞ്ഞ്യേരാം.”

ഇങ്ങിനെ പറഞ്ഞു ഒരു കടലാസ്സ് ദാമോദരൻ കൈവശം കൊടുത്തു. ദാമോദരൻ അത്ഭുതപരവശനായി കടലാസ്സുവാങ്ങി കീശയിലിട്ടു. അപ്പഴേക്കു് മാധവൻ സോഡയും കൊണ്ടുവന്നു. ദാമോദരൻ സോഡകുടിച്ചു മാധവനു വളരെ വന്ദനം പറഞ്ഞു വൃദ്ധയോടും യാത്ര അയപ്പിച്ചു. താൻ കൂടി ഒന്നിച്ചുപോയി ദാമോദരനെ വീട്ടിൽ കൊണ്ടാക്കാമെന്നു മാധവൻ പറഞ്ഞുവെങ്കിലും വണ്ടിക്കു് കേടൊന്നും പറ്റീട്ടില്ലെന്നും തനിക്കു് സുഖക്കേടു ഒന്നുമില്ലെന്നും മറ്റും പറഞ്ഞു ദാമോദരൻ ചവിട്ടു വണ്ടിയിൽ കയറി വീട്ടിലേക്കു പോകയും ചെയ്തു.

വീട്ടിൽ എത്തിയ ഉടനെ ഒന്നാമതു ചെയ്ത പ്രവൃത്തി തന്റ കീശയിലുണ്ടായിരുന്ന കടലാസ് പരിശോധിക്കുകയായിരുന്നു. രണ്ടു മൂന്നു പായ കടലാസ്സിൽ കോരപ്പന്റെ ഒപ്പു പലവിധത്തിൽ ഇട്ടതായി കണ്ടു അവൻ അത്ഭുതപ്പെട്ടു. അല്പം ആലോചിച്ചപ്പോൾ അവനു കാര്യം മനസ്സിലായി. ഒരു കള്ള ഒസ്യത്തുണ്ടാക്കാൻ വേണ്ടി കണ്ണൻ മേനോൻ കള്ളൊപ്പിട്ടു പഠിച്ചതാണെന്നു അവൻ ധരിച്ചു. ഈ കടലാസ്സു തന്റെ കൈവശം കിട്ടിയതിനു കാരണമായ യാദൃഛികസംഭവത്തെപ്പറ്റി അവൻ ആലോചിച്ചു വിസ്മയിച്ചു. ആ കടലാസ്സു തനിക്കു് എടുത്തുകൊടുത്തവൾ ആദ്യം തന്റെ വീട്ടിലും പിന്നെ രാമമന്ദിരത്തിലും ദാസിയായിരുന്നു. ബുദ്ധിയും സാമർത്ഥ്യവും ഉള്ള ഒരു സ്ത്രീയാണു്. പക്ഷേ, ഒരു ദിക്കിലും വളരെ കാലം നില്ക്കയില്ല. പല വീടുകളിലും ഭൃത്യവേല ചെയ്തിട്ടുണ്ടു്. മനുഷ്യർക്കു് ഓരോ നല്ല കാര്യം വരുത്താൻ ഈശ്വരൻ അവർക്കു് ഒന്നാമതു് ആപത്തുകളും അനർത്ഥങ്ങളും ചിലപ്പോൾ അനുഭവമാക്കുന്നു. മനുഷ്യർക്കു സംഭവിക്കുന്ന സർവ്വകാര്യവും, ആപത്തുകൾ പോലും അവരുടെ ഗുണത്തിനു വേണ്ടിയായിരിക്കുമെന്നുള്ള വിശ്വാസം ശരിയാണു്.

ദാമോദരൻ ഇങ്ങിനെ ഓരോന്നെ വിചാരിച്ചു ഉറങ്ങാൻ പോയി കിടന്നു. സാധു ദാമോദരൻ! അവൻ ചെയ്തതു വലിയ വിഡ്ഢിത്വമായിപ്പോയി. ആ കടലാസ്സ് ആ വീട്ടിൽനിന്നു നീക്കം ചെയ്യരുതായിരുന്നു. അങ്ങിനെ നീക്കം ചെയ്തതുകൊണ്ടു് കേസ്സിൽ തെളിവിനു വളരെ സഹായിക്കുന്ന ഒരു സംഗതി അവൻ നശിപ്പിക്കയാണു് ചെയ്തതു്.

ക്ലബ്ബും ഭാര്യയും

‘ശാരദ’യെന്ന പ്രസിദ്ധ നോവലിൽ വർണ്ണിച്ച വക്കീൽമാരുടെ കൊളമ്പിന്റെ കാലമൊക്കെ കഴിഞ്ഞു. യഥാകാലത്തു കെട്ടി മേയാതെ സൂര്യരശ്മി നാനാവഴിയ്ക്കും ഉള്ളിൽ പ്രവേശിച്ചു കൊളമ്പിലെ അംഗങ്ങളുടെ കഷണ്ടിത്തലയെ പീഡിപ്പിക്കത്തക്കവിധം ദ്വാരങ്ങളുള്ള മേല്പുരയൊക്കെ ചരിത്രപ്രസിദ്ധം മാത്രമായിത്തീർന്നു. കാലുപൊട്ടിയ മേശയും കൈപൊളിഞ്ഞ കസേലയും വല്ല മുൻസിപ്പുകോടതി ആമിൻമാരുടെ ബന്തോവസ്തിലൊ ഗ്രാമസ്കൂളുകളിലൊ അല്ലാതെ ബഹുമാനപ്പെട്ട ഹൈക്കോടതി വക്കീൽമാരുടെ കൊളമ്പിൽ കാണില്ലതന്നെ. വല്ല വക്കാലത്തിലൊ മറ്റൊ അത്യാവശ്യം ഒപ്പിടേണ്ടിവന്നാൽ മഷിയും തൂവലും സമീപത്തുള്ള ചായപ്പീടികയിലൊ ഹൊട്ടലിലോ ചെന്നു കടം വാങ്ങേണ്ടുന്ന ആവശ്യമില്ല. ഇപ്പോൾ ഏതു പ്രധാനനഗരത്തിൽ ചെന്നാലും വക്കീൽമാർക്കും നാട്ടുകാരായ വലിയ ഉദ്യോഗസ്ഥന്മാർക്കും ന്യായമായ ജോലി കഴിഞ്ഞാൽ ഇരിക്കാനും, രസിക്കാനും, കളിക്കാനും, കുടിക്കാനും ഉള്ള കൊളമ്പുകളായി വിശാലമായ കെട്ടിടങ്ങളും അവയിൽ പലതരത്തിലുള്ള മേശകളും കസാലകളും ശീട്ടു, ചതുരംഗം, ബില്ലിയേഡ്, മുതലായ വിനോദങ്ങൾക്കുള്ള ഏർപ്പാടുകളും ശിപായിമാരും ബട്ളർമാരും ക്ലാർക്കുമാരും പങ്കയും സോഡയും ബ്രാണ്ടിയും വീഞ്ഞും എല്ലാം ആവശ്യം പോലെയുണ്ടു്. അങ്ങിനെ പരിഷ്കരിക്കപ്പെട്ട ഏർപ്പാടിനെ പരിഹാസമായി ‘കൊളമ്പ്’ എന്നു വിളിക്കേണ്ടതില്ല. ക്ലബ്ബുതന്നെയാകട്ടെ. ജയിക്കുമെന്നു ആരും ഒരിക്കലും വിചാരിക്കാതിരുന്നതും കക്ഷികൾക്കുതന്നെയും ആശാലേശമല്ലാതിരുന്നതുമായ അനേകം നമ്പറുകൾ വക്കീലിന്റെ സാമർത്ഥ്യം കൊണ്ടും യുക്തികൊണ്ടും പ്രശംസനീയമായ പൊടിക്കൈകൊണ്ടും തന്റെ കക്ഷിക്കു ഗുണമായിത്തീർന്നതും, വക്കീൽ എതിർ വക്കീലിനെ പറഞ്ഞു വിഡ്ഢിയാക്കിയതും ജഡ്ജിയെ വാദിച്ചു മടക്കിയതും താൻ തന്നെ പറഞ്ഞും അന്യോന്യം പ്രശംസിച്ചും അതിനാലുള്ള സുഖമനുഭവിക്കയും, ബുദ്ധികൊണ്ടു് പകൽ മുഴുവൻ അദ്ധ്വാനിച്ചശേഷം പ്രയോജനകരമായ ആ അവയവത്തിനു് ഒരു ഉന്മേഷം നൽകാൻ അത്യാവശ്യമായ ചില പാനീയങ്ങൾ സേവിക്കയും ആലോചനാശക്തിയുടെ പ്രയോഗത്തിനു വിവിധത്വം വരുത്തുന്നതൊ ശരീരവ്യായാമത്തിനു അനുകൂലിക്കുന്നതോ ആയ ചില കളികളിൽ ഏർപ്പെടുകയും ചെയ്യുന്നതിനാൽ ആഹാരാദികളെപ്പോലെതന്നെ ആ വക മഹാന്മാർക്കു് ഒഴിച്ചുകൂടാതായിത്തീർന്നിരിക്കുന്ന ക്ലബ്ബിനെപ്പറ്റി ദുഷിയ്ക്കാൻ വല്ലവരും ശ്രമിക്കുമെന്നു തോന്നുന്നില്ല. ഇങ്ങിനെയുള്ള ഏർപ്പാടിനൊ, അഥവാ, അതു് ഈവിധം പരിഷ്കൃതനിലയെ പ്രാപിച്ചിരിക്കുന്നതിനൊ മലയാളികളൊക്കെ, യൂറോപ്യൻ സമുദായത്തിനാണു് കടപ്പെട്ടിട്ടുള്ളതെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. യൂറോപ്യന്മാരെയാണു് ഈ കാര്യത്തിലും അനുകരിച്ചിരിക്കുന്നതു്. അതു നമ്മുടെ ഗുണത്തിനൊ ദോഷത്തിനൊ വേണ്ടിയാണെന്ന കാര്യത്തെപ്പറ്റി സംശയിച്ചിട്ടാവശ്യമില്ല. ഏതായാലും ഒരു കാര്യം തീർച്ചയാണു്. ക്ലബ്ബും ഭാര്യയും യോജിപ്പിലല്ല. ക്ലബ്ബിൽ പോകുന്നതും രാത്രി വളരെനേരം അവിടെ ഇരുന്നു താമസിച്ചുകളയുന്നതും പത്നിമാക്കു് ഇഷ്ടമുള്ള കാര്യമല്ല. ബുദ്ധിയില്ലാത്ത അബലകൾ! ക്ലബ്ബുകൊണ്ടുള്ള ഗുണങ്ങൾ അവരെന്തറിഞ്ഞു? പകലുള്ള ജോലിയൊക്കെ കഴിഞ്ഞാൽ രാത്രി ഉറങ്ങാൻ സമയമാകുന്നതുവരെയെങ്കിലും മക്കളുടെ പഠിപ്പിന്റെ കാര്യത്തിൽ ശ്രദ്ധിക്കയും വീട്ടിൽ ഭാര്യയോടും മറ്റു കുടുംബങ്ങളോടും സല്ലപിച്ചും അവരോടു ഗുണദോഷിച്ചും തന്റെ പഠിപ്പിന്റെയും അറിവിന്റെയും ഗുണം അവർക്കുകൂടി അനുഭവമാകത്തക്കവിധത്തിൽ കാലം കഴിക്കുകയുമാണു് വേണ്ടതെന്നാണു് പൊട്ടപ്പെണ്ണുങ്ങളുടെ വാദം. അവർക്കു വല്ല കാര്യബോധവും ഉണ്ടോ? ഒരു വക്കീലും ഭാര്യയും തമ്മിൽ ഇതിനെപ്പറ്റി താഴെ പറയുംപ്രകാരം സംഭാഷണമുണ്ടാകയെന്നുള്ളതു് അസംഭാവ്യമല്ല.

ഭാര്യ:
നിങ്ങൾ രാത്രി പത്തുപന്ത്രണ്ടു മണിയാകുന്നതുവരെ ക്ലബ്ബിൽ പോയിരിക്കുന്നതുകൊണ്ടുള്ള ഫലമെന്താണു് ?
വക്കീൽ:
വിഡ്ഢി! ക്ലബ്ബു കൊണ്ടുള്ള ഗുണം വല്ലതും നിനക്കറിയാമൊ? ഒന്നാമതു് ന്യൂസ്പേപ്പർ വായിക്കാം. ന്യൂസ്പേപ്പർ വായിച്ചു വർത്തമാനങ്ങൾ അറിയാത്തവർ ഇക്കാലം എന്തിനുകൊള്ളാം
ഭാര്യ:
ന്യൂസ്പ്പേപ്പർ വീട്ടിൽനിന്നു വായിച്ചാൽ ആവില്ലെ? ഇവിടെയും ചില പത്രങ്ങൾ വരുന്നുണ്ടല്ലോ. അതു നിങ്ങൾ പൊളിച്ചുനോക്കുന്നുകൂടിയില്ലല്ലോ.
വക്കീൽ:
ഇവിടെ വരുന്നതു മലയാളം കടലാസ്സല്ലെ. ഞങ്ങൾ വായിക്കുന്നതു ബിലാത്തിയിൽ നിന്നു് ചിത്രങ്ങളോടുകൂടി വരുന്ന പത്രങ്ങളാണു്.
ഭാര്യ:
ആ വക പത്രങ്ങൾ ഇവിടെ വരുത്തിയാലെന്താണു്?
വക്കീൽ:
അതിനു വളരെ ചെലവുണ്ടാകും.
ഭാര്യ:
നിങ്ങൾ മാസത്തിൽ ക്ലബ്ബിൽ ഇരുപതു് ഇരുപത്തുനാലുറുപ്പിക കൊടുക്കുന്നുവല്ലൊ. അത്ര സംഖ്യ കൊടുത്താൽ ഇവിടെ ആ പത്രം വരില്ലെ?
വക്കീൽ:
ഇരുപതു് ഇരുപത്തുനാലുറുപ്പിക കൊടുക്കുന്നതു പത്രത്തിനുമാത്രമാണോ? ബില്ലിയേഡ്, ടെനിസ്സ് മുതലായ കളിയില്ലെ?
ഭാര്യ:
ടെനിസ്സ് രാത്രിയും കളിക്കുമൊ? ആറുമണിവരെ ടെനിസ്സ് കളിച്ചാൽ ഏഴുമണിക്കെങ്കിലും വീട്ടിലെത്തിക്കൂടെ? ബില്ലിയേഡിനു് ഒരു മേശ ഇവിടെ വാങ്ങിവെക്കരുതൊ? എന്നെ പഠിപ്പിച്ചാൽ ഞാനും കളിക്കാമല്ലൊ.
വക്കീൽ:
അതിനെന്താണു് വിലയെന്നറിയൊ?
ഭാര്യ:
എന്നാൽ അതു വേണ്ടെന്നു വെക്കണം.
വക്കീൽ:
നിനക്കെന്തറിയാം? ബില്ലിയേഡിന്റെ ഗുണം നീ എന്തറിഞ്ഞു?
ഭാര്യ:
ആട്ടെ, ബല്ലിയേഡിനും ടെനീസ്സിനും ന്യൂസ്പേപ്പറിനുമാണോ ഇരുപതു് ഇരുപത്തുനാലുറുപ്പിക കൊടുക്കുന്നതു് ?
വക്കീൽ:
അല്ല, പിന്നെയെന്തൊക്കെയുണ്ടു്? പിന്നെ…
ഭാര്യ:
പിന്നെ, പറയിൻ പിന്നെയെന്തൊക്കെയാണു്? വിസ്കി കുടിക്കണം. അല്ലേ, സ്നേഹിതന്മാർക്കു വാങ്ങിക്കൊടുക്കണം. നിങ്ങൾക്കു് ഒരു മദ്യഷാപ്പ് ക്ലബ്ബിൽ തന്നെ ഉണ്ടെന്നറിയുന്നു. അതിനു പ്രത്യേകം ലൈസൻസുമുണ്ടു്. ബുദ്ധിയും പഠിപ്പുമുള്ള നിങ്ങളൊക്കെ ഇത്ര ആലോചനയില്ലാത്തവരായിപ്പോയല്ലൊ നിങ്ങൾ സ്നേഹിതന്മാർ ഒന്നിച്ചിരുന്നു പല വിനോദങ്ങളും പറകയാണെങ്കിൽ തരക്കേടില്ല. വിസ്കി കുടിച്ചു മത്തായ ശേഷം എന്തു വിനോദമാണു് നിങ്ങൾ പറയുക, കേൾക്കട്ടെ. മറ്റുള്ളവരെ ദുഷിക്കുക, പരിഹസിക്കുക, അന്യോന്യം ചീത്തപറയുക, നിങ്ങളൊക്കെ കുടിച്ചനിലയിൽ എന്താണു് പറയുന്നതു്, എന്താണു് ചെയ്യുന്നതു്, എന്നു നിങ്ങൾക്കു് ഓർമ്മയുണ്ടോ? ക്ലബ്ബിലെ പണിക്കാരും വണ്ടിക്കാരും നിങ്ങളെപ്പറ്റി പറഞ്ഞു ചിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ? ക്ലബ്ബിൽ ഹാജരില്ലാത്ത മെമ്പറെപ്പറ്റി മറ്റുള്ളവരൊക്കെ ദുഷിയ്ക്ക. കണ്ട ആറും നാലും പറഞ്ഞു രസിക്കുക. നിങ്ങളുടെ ജാതിക്കൂട്ടവും പഞ്ചായത്തും കാര്യവും മറ്റും സർവ്വജാതിയും കേൾക്കെ ലജ്ജവിട്ടു പറയുക. അതു മറ്റുള്ളവർക്കു പരിഹാസത്തിനു കാരണമാക്കുക. രാത്രി പതിനൊന്നു പന്ത്രണ്ടു മണിക്കു് വീട്ടിൽ മടങ്ങിവരിക. അതുവരെ വീട്ടിൽ നിങ്ങളുടെ കുട്ടികളെന്താണു് ചെയ്യുന്നതു്, ഞാനെന്താണു് ചെയ്യുന്നതു്, എന്നു നിങ്ങളറിയുന്നുണ്ടോ? നിങ്ങളോടു വല്ല കാര്യത്തെപ്പറ്റി സംസാരിക്കാൻ ഞങ്ങൾക്കു് തരം കിട്ടുന്നുണ്ടോ? കുട്ടികൾ പഠിക്കുന്നുണ്ടോ, അവരുടെ അവസ്ഥയെന്താണു് എന്നു അന്വേഷിക്കാൻ നിങ്ങൾക്കു സമയമുണ്ടോ? നിങ്ങൾ വർത്തമാനപത്രം വായിച്ചു ജ്ഞാനിയായാൽ മതിയോ? ആ പത്രങ്ങൾ ഇവിടെനിന്നു വായിച്ചു. ഞങ്ങൾക്കു കൂടി വല്ല അറിവും ഉണ്ടാക്കേണമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഞാൻ നിങ്ങളുടെ ഭാര്യ. നിങ്ങളുടെ ഭൃത്യന്മാരും ഞാനും വല്ല വ്യത്യാസവുമുണ്ടോ? നിങ്ങൾ യൂറോപ്യന്മാരെ അനുകരിക്കുന്നുപോലും. ഇങ്ങിനെയാണോ യൂറോപ്യന്മാർ ചെയ്യുന്നതു്? അവർ ടെനിസ്സു കളിക്കാൻ പോകുന്നുവെങ്കിൽ ഭാര്യമാരും പോകുന്നു. അവർ ക്ലബ്ബിലിരുന്നു സ്നേഹിതന്മാരോടുകൂടി പത്രം വായിക്കുന്നുവെങ്കിൽ ഭാര്യമാർ അടുത്ത ഒരു എടുപ്പിലിരുന്നു അവരും പത്രങ്ങൾ വായിക്കുന്നു. അവർ ഒന്നിച്ചു മടങ്ങുന്നു. നിങ്ങൾ അവർ ചെയ്യുന്നതുപോലെ ചെയ്യേണമെന്നു കരുതി അവരുടെ ഗുണത്തെ പകർക്കാതെ ദോഷത്തെമാത്രം അനുഭവമാക്കുന്നു. നിങ്ങളുടെ സമുദായം യൂറോപ്യന്മാരുടെ സമുദായത്തിന്റെ സ്ഥിതിയിലെത്തുന്നതുവരെ ക്ഷമിക്കാതെ അവരുടെ ചില ഏർപ്പാടുകളുടെ ഏതാൻ ഭാഗം മാത്രം പകർത്തി അതുകളെ കൊണ്ടുള്ള ദോഷാംശമല്ലാതെ ഗുണാംശം ലഭിക്കാൻ തരമില്ലാതാക്കുന്നതു ഭോഷത്വമാണെന്നു നിങ്ങളൊക്കെ എപ്പോഴാണു് പഠിക്കുക?

ഇങ്ങിനെയാണു് ചപലകളും അബലകളുമായ സ്ത്രീകൾക്കു് ക്ലബ്ബിനെപ്പറ്റിയുള്ള ധാരണ. ഭാര്യയ്ക്കു് കീഴടക്കമുള്ള ചില ഭീരുക്കളായ പുരുഷന്മാർ മാത്രം അവരുടെ ശകാരം കേട്ടിട്ടു ക്ലബ്ബിൽ പോകാതെ നില്ക്കും. മലയാളി ഭാര്യയെ ഭയപ്പെടുകയോ? നല്ല കഥ. ആവശ്യമുള്ളപ്പോൾ ഭാര്യയെ ഉപേക്ഷിക്കാനും സ്വീകരിക്കാനും നിയമത്താലും ആചാരത്താലും അനുവദിക്കപ്പെട്ട മലയാളി, ധീരനായ മലയാളി, ഭാര്യയെ ഭയപ്പെടാനോ? ഒരിക്കലുമില്ല. അങ്ങിനെ ക്ലബ്ബ്കൾ നിർവിഘ്നം നടന്നുപോരുന്നു.

ദാമോദരനും രാമനുണ്ണിയും ക്ലബ്ബിൽ ചെല്ലുമ്പോൾ രാത്രി എട്ടുമണിയായിരിക്കുന്നു. അവർ അതിലെ അംഗങ്ങളാണെന്നു വായനക്കാർ ശങ്കിച്ചുപോകരുതു്. ഒരു വക്കീലിനെ കാണ്മാൻ വേണ്ടി പോയതാണു്. ചെല്ലുമ്പോൾ മുമ്പിലുള്ള വലിയ മുറിയിൽ ഹൈക്കോർട്ടു വക്കീൽ കേശവക്കുറുപ്പവർകൾ ഒരു ചാരുകസാലയിൽ മലർന്നുകിടന്നു ഒരു ന്യൂസ് പേപ്പർ വായിക്കയായിരുന്നു. അടുക്കൽ ഒരു മേശമേൽ ഒരു ഗ്ലാസ്സിൽ ഉള്ള വിസ്കി സോഡവെള്ളത്തിന്റെ സംയോഗംകൊണ്ടു മേലോട്ടു പതച്ചുകയറുന്നു. എന്നെയും വേഗം വയറ്റിലാക്കുവിൻ എന്നു അപേക്ഷിക്കയാണെന്നു തോന്നും.

കേശവക്കുറുപ്പു് സാമാന്യത്തിൽ അല്പം അധികം വലിപ്പമുള്ള ഒരാളാണു്. രണ്ടു പേരുടേയും പദവിന്യാസം കേട്ട ഉടനെ അദ്ദേഹം മുഖത്തിനു നേരിട്ടു പിടിച്ചിരുന്ന കടലാസ് താഴ്ത്തിപ്പിടിച്ചു. വയറിന്റെ തടസ്സം നിമിത്തം പിന്നെയും വന്നവരെ കാണായ്കയാൽ, മുഖം അല്പം ഇടത്തേക്കുചരിച്ചു വയർ ഒഴിച്ചു പിടിച്ചു നോക്കി, അതിലിടക്കു് രണ്ടുപേരും മറുഭാഗത്തേക്കു നടന്നിരുന്നതിനാൽ അങ്ങിനെതന്നെ വലത്തുഭാഗത്തുകൂടിയും നോക്കി. ആകപ്പാടെ ആ ചെറിയ ഒരു കുന്നിനപ്പുറത്തു വെച്ചു മുഖം കുട്ടികൾ ഒളിച്ചുകളിക്കുമ്പോലെ ഒന്നുരണ്ടു പ്രാവശ്യം എത്തിയും ഒളിച്ചും നോക്കിയശേഷം ആളുകളെ കണ്ടറിഞ്ഞു, കസാലയുടെ കൈയിൽന്മേൽ ഉയർത്തിവെച്ചിരുന്ന കാൽ താഴ്ത്തിവെച്ചു. ആദ്യം വയറും പിന്നെ തലയും തങ്ങളുടെ സ്ഥാനങ്ങൾ ചരിഞ്ഞനിലയിൽ നിന്നു നേരെയായി. അദ്ദേഹം എഴുന്നേറ്റിരുന്നു. രാമനുണ്ണിയോടു, “എന്താ മിസ്റ്റർ രാമനുണ്ണി, ഞങ്ങളുടെ ക്ലബ്ബിൽ മെമ്പറാകുന്നില്ലെ? വരിൻ ഇരിക്കിൻ. എടൊ, ആരവിടെ, ബോയി. രണ്ടു കസാലയിങ്ങട്ടെടുക്കൂ.”

ഈ കേശവക്കുറുപ്പു് നിയമജ്ഞാനംകൊണ്ടും ലോകപരിചയംകൊണ്ടും പ്രസിദ്ധനായ വക്കീലാണു്. കാരുണ്യഹൃദയനും ധർമ്മിഷ്ഠനുമാണു്. നിഷ്കളങ്കനും എല്ലാരോടും നല്ല ലോക്യവും ഉള്ള ആളും ആരേയും സഹായിക്കാൻ ഒരുക്കമുള്ള ദേഹവും ആണു്. ബുദ്ധികൊണ്ടു് അധികം പ്രവൃത്തിക്കുകയും ശരീരത്തിനു വ്യായാമം അശേഷം ഇല്ലാതിരിക്കുകയും ചെയ്കയാൽ ശരീരം സ്ഥൂലിക്കയും താൻ അറിയാതെ രോഗം ബാധിക്കയും ചെയ്തിട്ടുണ്ടു്. ദാമോദരനോടും രാമനുണ്ണിയോടും അദ്ദേഹം ലോക്യം പറഞ്ഞുകൊണ്ടിരിക്കെ അടുത്ത ഒരു മുറിയിൽനിന്നു ബില്ലിയെഡ് കളിച്ചുകൊണ്ടിരുന്ന നാലുപേരിൽ ഒരാൾ ആ കളിക്കായി ഉപയോഗിക്കുന്ന വടിയുംകൊണ്ടു വാതിലിന്നടുക്കെ വന്നു അവരെ രണ്ടുപേരെയും നോക്കി മടങ്ങി കളിസ്ഥലത്തുതന്നെ ചെന്നുനിന്നിട്ടു് “രാമനുണ്ണി സെമിണ്ടാറും അളിയനും വന്നിരിക്കയാണു്. എന്താ മിസ്റ്റർ കുഞ്ഞിരാമൻ ചെന്നു അഭിവാദ്യം ചെയ്യുന്നില്ലെ?” എന്നു ചോദിച്ചു.

ഇങ്ങിനെ പറഞ്ഞ ആളുടെ പേർ പാണ്ഡവക്കമ്മത്തിയെന്നായിരുന്നു. ഒരു സ്രാപ്പാണു്. എന്നുവെച്ചാൽ സ്വർണ്ണവ്യാപാരിയാണു്. വക്കീൽമാരുടെ സേവകനാകയാൽ ക്ലബ്ബിൽ മെമ്പറായതാണു്. കുറെ ഇംഗ്ലീഷൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും വേറെ യാതൊരു പണിക്കും പറ്റുകയില്ലെന്നു അദ്ദേഹത്തിന്റെ സമർത്ഥനായ അച്ഛനു നല്ല ബോധ്യമുണ്ടാകയാൽ കുറെ പണവും കൊടുത്തു പൊന്നു തൂക്കി വില്ക്കാനാക്കിയതാണു്. അതുതന്നെയും ശരിയായി ചെയ്യാൻ കീഴിൽ വേറെ ഉദ്യോഗസ്ഥന്മാരുണ്ടു്. ഒടുവിൽ കണക്കൊക്കെ ശരിയായിട്ടുണ്ടോ എന്നു നോക്കിയാൽ മതി. വലിയ ദുഷിയനും പരിഹാസിയുമാണു്. രാമനുണ്ണിക്കു് വളരെ പണമുണ്ടെന്നു അറികയും അതു പക്ഷേ, കേസ്സിൽ സർവ്വം പൊയ്പോകാനിടയുണ്ടെന്നു ആശിക്കയും ചെയ്തതു മുഴുവൻ സൂചിപ്പിച്ചുകൊണ്ടാണു് ‘രാമനുണ്ണി സെമിണ്ടാർ’ എന്നു പറഞ്ഞതു്. അദ്ദേഹത്തിന്റെ സഹോദരിയെ ദാമോദരൻ വിവാഹം ചെയ്യാനിടയുണ്ടെന്നു താൻ നാട്ടിലെ സർവ്വ കുടുംബങ്ങളുടെയും വിവരം ചോദിച്ചറിയുന്നതിലിടക്കു് മനസ്സിലാക്കിയിരുന്നതിനാലാണു് ‘അളിയൻ’ എന്നു ദാമോദരനെപ്പറ്റി പറഞ്ഞതു്. കുഞ്ഞിരാമൻ തന്റെ മകനുവേണ്ടി വസുമതിയെ അന്വേഷിച്ച വിവരം പരകാര്യാന്വേഷണതല്പരനായ ആ മനുഷ്യനു അറിവുണ്ടായിരുന്നതിനെ സൂചിപ്പിച്ചാണു് ‘കുഞ്ഞിരാമൻ ചെന്നു അഭിവാദ്യം ചെയ്യുന്നില്ലെ?’ എന്നു ചോദിച്ചതു്. ആ ചോദ്യത്തെപ്പറ്റി പിന്നെ ഒരു സംഭാഷണം നടക്കുകയും കളിക്കാരൊക്കെ പൊട്ടിച്ചിരിക്കയും ചെയ്തു. ചിരിയൊക്കെ കഴിഞ്ഞശേഷം ആ കൂട്ടത്തിലുണ്ടായിരുന്ന ചെറുപ്പക്കാരൻ ഒരു വക്കീൽ, “പുറത്തു ചില അതിഥികൾ ഉള്ളപ്പോൾ ഇങ്ങിനെ ഉറക്കെ ചിരിച്ചതു നന്നായില്ല.”

കുഞ്ഞിരാമൻ:
അവർക്കെന്താ വാലുണ്ടോ നാം ചിരിക്കാൻ?
പാണ്ഡവക്കമ്മത്തി:
നിങ്ങളെന്തിനു ചിരിച്ചു?

കുഞ്ഞിരാമൻ പിന്നെയും പൊട്ടിച്ചിരിച്ചു. ചിരി പലവിധത്തിലുമുണ്ടല്ലോ. ഹൃദയത്തോടു തട്ടാതെ തൊണ്ടയിൽ നിന്നു മാത്രം പുറപ്പെടുന്ന ചിരിയാണു് കുഞ്ഞിരാമന്റെതു്. ചിരിക്കുമ്പോൾ തന്റെ പല്ലുകൾ മുഴുവൻ പ്രത്യക്ഷമാകണമെന്നുള്ളതു അയാൾ പുഞ്ചിരിയിൽ കൂടി അനുഷ്ഠിക്കുന്ന ഒരു നിർബ്ബന്ധനിയമമാണു്. അതിനു തുടർച്ചയായി പണ്ഡവക്കമ്മത്തിയും കുഞ്ഞിരാമനും രാമനുണ്ണിയേയും ദാമോദരനേയും സൂചിപ്പിച്ചു പരിഹാസമായിപ്പറഞ്ഞവയൊക്കെ കേവലം സഭ്യേതരമാകയാൽ ഇവിടെ വിവരിക്കുന്നില്ല. അവയൊക്കെ കേട്ടുകൊണ്ടു അവരുടെ ഒന്നിച്ചു കളിക്കുന്നുണ്ടായിരുന്നു, ചെറുപ്പക്കാരായ രണ്ടു ഹൈക്കോർട്ടുവക്കീൽമാർ ചിരിയിൽ അവരോടു യോജിച്ചുവെങ്കിലും മനസ്സുകൊണ്ടു അവരെ പുച്ഛിച്ചു. കേശവക്കുറുപ്പിനു് ഈ ചിരിയും പരിഹാസവും അശേഷം രസിച്ചില്ലെന്നു് അയാളുടെ മുഖസ്വഭാവം വെളിപ്പെടുത്തി. രാമനുണ്ണിയും ദാമോദരനും അതിനെപ്പറ്റി ചിന്തിച്ചതേ ഇല്ല. ആ മുറിയുടെ മറ്റൊരറ്റത്തു് വക്കീൽ കണ്ണപ്പനെടുങ്ങാടിയും മുൻസിപ്പും ഇരുന്നു എന്തോ വർത്തമാനം പറകയാണു്.

മുൻസീപ്പ്:
(സ്വകാര്യം) ഇതു വളരെ ലജ്ജാവഹം തന്നെ.
നെടുങ്ങാടി:
എന്തിനെ കുറിച്ചാണു് ഇവിടുന്നു പറഞ്ഞതു്.
മുൻസീപ്പ്:
ക്ലബ്ബിൽ വെച്ചു് ഇങ്ങിനെ കൂക്കിയും നിലവിളിയും ഉണ്ടാകുന്നതു്.
നെടുങ്ങാടി:
ആരോടു പറയാൻ. മിസ്റ്റർ കുഞ്ഞിരാമനു് അല്പം ചെന്നാൽ പിന്നെ നിലവിളിയല്ലാതില്ലല്ലൊ.
മുൻസീപ്പ്:
നിങ്ങളല്ലെ സിക്രട്ടരി? ഇതിനെപ്പറ്റി ഒരു റൂളുണ്ടാക്കണം.
നെടുങ്ങാടി:
ആവാം, ഇനിയത്തെ സഭയിലാവാം. ഇവരിങ്ങിനെ പറയുന്നതിലിടക്കു്
കേശവക്കുറുപ്പു്:
കേസ്സ് നാളെയല്ലെ. സാക്ഷികളൊക്കെ തയ്യാറുണ്ടല്ലെ?
രാമനുണ്ണി:
ഉണ്ടു്.
കുറുപ്പു്:
ആ എഴുത്തുകൾ ഒന്നും മറയ്ക്കരുതു്.
രാമനുണ്ണി:
ഇല്ല, അതിലിടയ്ക്കു് ഇന്നലെ ഒരു വിശേഷവിധിയുണ്ടായി പറയൂ ദാമോദരൻ പറയൂ.

രാത്രി സൈക്കിളിന്മേൽനിന്നു വീണതും ദാസിയെ കണ്ടതും അവൾ കടലാസ്സു കൊടുത്തതും മറ്റും ദാമോദരൻ വിവരിച്ചു പറഞ്ഞു. ഇതൊക്കെ കേട്ടശേഷം വക്കീൽ, “ദാമോദരനല്ല. മറ്റൊരാളായിരുന്നു ഈ വിവരം പറഞ്ഞിരുന്നതെങ്കിൽ ഞാൻ വിശ്വസിക്കയില്ലായിരുന്നു. ഒരു കോടതി എങ്ങിനെ ഇതു വിശ്വസിക്കും?”

രാമനുണ്ണി:
ഞാനതു പറഞ്ഞു.
കുറുപ്പു്:
എന്നു മാത്രമൊ, ഈ കടലാസ്സിൽ ഈ എഴുതിയതൊക്കെ മേനോൻ കണ്ണനാണെന്നുള്ളതിനു് എന്താണു് ലക്ഷ്യം? എങ്ങിനെ തെളിയിക്കും? നിങ്ങൾ ഈ കടലാസ്സ് അവിടെ നിന്നു് എടുക്കരുതായിരുന്നു.
രാമനുണ്ണി:
എങ്കിലൊ?
കുറുപ്പു്:
എങ്കിൽ നമുക്കു് വേറെ വല്ല സംഗതിയും ഉണ്ടാക്കി കണ്ണന്റെ വീടു പൊലീസ്സുകാരെക്കൊണ്ടു് പരിശോധിപ്പിക്കയും ആ അവസരത്തിൽ കണ്ടെടുക്കയും ചെയ്യാമായിരുന്നു.
ദാമോദരൻ:
അതു ശരി, എന്റെ ആലോചനക്കുറവു്. അക്കാര്യത്തിൽ എന്നെ കുറ്റപ്പെടുത്താനും പാടില്ല.
കുറുപ്പു്:
നിങ്ങളുടെ തൽക്കാലത്തെ പരിഭ്രമവും, സൈക്കിളിന്മേൽനിന്നു വീണ നോവും, എല്ലാം നിമിത്തം നിങ്ങൾക്കു് അങ്ങിനെ തോന്നാത്തതിൽ ആശ്ചര്യമില്ല. ഇനി എന്താണു് നിവൃത്തിയെന്നാണു് ആലോചിക്കേണ്ടതു്.
ദാമോദരൻ:
അതെ.
കുറുപ്പു്:
നിങ്ങൾ ആ സ്ത്രീയെ ഇന്നു രാത്രി കണ്ടിട്ടു് ഈ കടലാസ്സ് അവിടത്തന്നെ വെപ്പിക്കണം. അതു് അവിടെത്തന്നെ ഉണ്ടായിരിക്കുമെന്നു് നമുക്കു് നിശ്ചയമുണ്ടായിരിക്കണം പൊലീസ്സുകാർ പരിശോധിക്കുമെന്നുള്ള വിവരമൊന്നും അവളെ അറിയിക്കരുതു്. അവൾ സാക്ഷിപറയുമൊ? അതിനു തക്ക വകതിരിവുണ്ടൊ?
ദാമോദരൻ:
വകതിരിവുണ്ടു്. പക്ഷേ, ഭയംകൊണ്ടു് സാക്ഷിപറവാൻ ഒരുങ്ങുമൊ എന്നറിഞ്ഞില്ല.
കുറുപ്പു്:
ഏതായാലും ഒന്നു ശ്രമിച്ചുനോക്കിൻ. ഇന്നു രാത്രി അവളെ കാണാൻ കഴിയുമൊ എന്നു നോക്കിൻ. അവൾ അതിനു രണ്ടിനും സമ്മതിച്ചില്ലെന്നു വരികിൽ നമുക്കു വേറെയൊരു യുക്തിയെടുക്കാം. കള്ളന്മാർ എപ്പോഴും ഭീരുക്കളാണെന്നു മനസ്സിലാക്കണം. രണ്ടാലൊരു വിവരം എന്നെ രാവിലെ അറിയിക്കണം. കേട്ടൊ. വരട്ടെ, പോകാൻ വരട്ടെ. എടാ, രണ്ടു വിസ്കിയും സോഡയും.
രാമനുണ്ണി:
വേണ്ട, ഞങ്ങൾ വിസ്കി കഴിക്കാറില്ല.
കുറുപ്പു്:
എന്നാൽ എന്താ കഴിക്കുക. ബ്രാണ്ടിയാവാം. ബ്രാണ്ടിയും വേണ്ടന്നോ. ആവിധം ചെറുപ്പക്കാരുണ്ടോ ഇക്കാലത്തു് ? വിസ്കിയും ബ്രാണ്ടിയും പരിഷ്കാരത്തിന്റെ ഒഴിച്ചുകൂടാത്ത ലക്ഷണങ്ങളിൽ ഒന്നായിട്ടല്ലേ കരുതിയിരിക്കുന്നതു്?
ദാമോദരൻ:
ഞങ്ങൾക്കു് പരിഷ്കാരങ്ങൾ തികഞ്ഞിട്ടില്ലെന്നു വിചാരിച്ചാൽ മതിയല്ലോ.
കുറുപ്പു്:
ഏതായാലും എനിക്കു് സന്തോഷമായി. ഞാൻ അല്പം ദിവസേന കഴിക്കാറുണ്ടെങ്കിലും കുടിക്കുന്നവരോടു എനിക്കു ബഹുമാനമില്ല. നിങ്ങൾ ചെറുപ്പക്കാർ കേവലം കുടിക്കാതിരിക്കുന്നതായാൽ എനിക്കു വളരെ സന്തോഷമാണു്. നിങ്ങളോടു് എനിക്കുള്ള ബഹുമാനം അതുകൊണ്ടു വർദ്ധിക്കയേ ഉള്ളു. ബാരിസ്റ്റർ വരുന്നില്ലെന്നല്ലെ കമ്പിവന്നതു്. ആവശ്യമില്ല. ഞാൻ തന്നെ മതി. എന്നാൽ അങ്ങിനെയാവട്ടെ, സലാം.
‘സർവ്വസാക്ഷിയായ ഈശ്വരൻ’

“ഒരുത്തൻ പാപകർമ്മം ചെയ്തീടിലതിൻ ഫലം

പരക്കേയുള്ള മഹാജനങ്ങൾക്കൊക്കെ തട്ടും;”

കാലത്താൽ നികന്നീടുമാപത്തു മറ്റുള്ളോർക്കു

മേലിൽ താൻ തന്നെയനുഭവിച്ചീടുകെന്നേ വരൂ.

കോടതിയിൽ ജനങ്ങൾ അനവധി വന്നു നിറഞ്ഞുതുടങ്ങി. ഒസ്യത്തു കേസ്സിനെപ്പറ്റി രാജ്യമൊക്കെ ശ്രുതി പൊങ്ങിയിരുന്നതിനാൽ കഴിഞ്ഞുപോയ കോരപ്പന്റെ വയസ്യന്മാരും രാമനുണ്ണിയോടു അനുകമ്പയുള്ളവരുമായ പലരും കാർത്തികരാമന്റെയും മേനോന്റെയും സേവകന്മാരായ ജനങ്ങളും, രാമനുണ്ണി നശിച്ചു കാണാൻ, വെറും അസൂയ നിമിത്തം, ആഗ്രഹിക്കുന്ന ചില ദുഷ്ടാശയന്മാരും, കാർത്തികരാമന്റെയും മറ്റും ചതി നല്ലവണ്ണം അറിഞ്ഞിരുന്നതിനാൽ കേസ്സ് എങ്ങിനെ കലാശിക്കുമെന്നറിവാൻ ഉൽക്കണ്ഠയുള്ള വളരെ പേരും, ദാമോദരനെ ഉള്ളു കൊണ്ടു സ്നേഹിച്ചു ബഹുമാനിക്കുന്ന ചില ചെറുപ്പക്കാരും, കേസ്സിൽ വക്കീൽമാരുടെ പോരു കേൾപ്പാൻ മാത്രം കൊതിക്കുന്ന ചിലരും ഇങ്ങിനെ അന്നു് അനവധി ജനങ്ങൾ പതിനൊന്നുമണിക്കു മുമ്പുതന്നെ കോടതിയിൽ നിറഞ്ഞു. വക്കീൽമാർ ഓരോരുത്തർ അവരവരുടെ അവസ്ഥക്കും ആദായത്തിനും അനുസരിച്ചു ബ്രൂഹാം, ഡോഗ്ഗ് കോട്ട്, ജടുക്ക്, എന്നീവണ്ടികളിലായി വന്നുതുടങ്ങി. കേസ്സും ആദായവും കുറഞ്ഞിരുന്ന ചിലർ മൂന്നും നാലും പേർ ഒന്നിച്ചുകൂടി ഒരു വണ്ടി കൂലിക്കു വാങ്ങിയതിൽ കയറിക്കൂടീട്ടുണ്ടു്. അന്നു് ‘ബാറിൽ’ മിക്ക വക്കീൽമാരും ഉണ്ടായിരുന്നു. കാർത്തികരാമന്റെ വക്കീൽ മിസ്റ്റർ പ്രതാപരുദ്ര അയ്യങ്കാർ ബി. എ., ബി. എൽ. കാലത്തെ തന്നെ എത്തിയിരുന്നു. കേസ്സിൽ നിശ്ചയമായും തന്റെഭാഗം ജയിക്കുമെന്നുള്ള ഭാവത്തോടുകൂടി അദ്ദേഹം ബാറിൽ ചെന്നിരുന്നു മറ്റുള്ളവരെയൊക്കെ പുച്ഛമായി ഒന്നുനോക്കി. മിസ്റ്റർ നോർട്ടൻ മുതലായ പ്രസിദ്ധ ബാരിസ്റ്റർമാരുടെ ബാഹ്യചേഷ്ടകളെ അനുകരിച്ചുകൊണ്ടുള്ള ഈ വക്കീലിനെ ഉള്ളു കൊണ്ടു മറ്റു സർവ്വരും പുച്ഛിച്ചിട്ടായിരുന്നു. നിയമപരിജ്ഞാനം ലേശമില്ലെങ്കിലും പ്രതാപം കൊണ്ടും കപടനാട്യങ്ങളെക്കൊണ്ടും കക്ഷികളെ വഞ്ചിച്ചു പണം സമ്പാദിക്കാനും ചില വക്കീൽമാർക്കു സാധിക്കുമെന്നുള്ളതിനു ഈ അയ്യങ്കാർ ഒരു ദൃഷ്ടാന്തമാണു്. രാമനുണ്ണിയുടെ വക്കീൽ മിസ്റ്റർ കേശവക്കുറുപ്പു് ബി. എ., ബി. എൽ. വന്നപ്പോൾ ചെറുപ്പക്കാരായ വക്കീൽമാർ ബഹുമാനിച്ചു ഉപചാരം ചെയ്തു. പതിനൊന്നര മണിയായി; ജഡ്ജി കൂട്ടിന്മേൽ എത്തി. ഒന്നാമതു് ഒസ്യത്തു കേസ് വിചാരണക്കെടുത്തു.

രാമനുണ്ണി ഹാജരാക്കിയിരുന്ന ഒസ്യത്തു ശരിതന്നെയായിരുന്നുവെന്നു എതിർഭാഗത്തുനിന്നു സമ്മതിച്ചിരുന്നതിനാൽ കാർത്തികരാമൻ ഹാജരാക്കിയ ഒസ്യത്തു അതിനുശേഷം ഉണ്ടായിരുന്നതോ എന്നും അതു ന്യായമായ ഒസ്യത്തുതന്നെയോ എന്നും മാത്രമായിരുന്നു ആലോചിക്കേണ്ടിയിരുന്നതു്. തനിക്കു് തന്റെ കാരണവർ എഴുതിക്കൊടുത്ത ഒസ്യത്താണു് താൻ ഹാജരാക്കിയതെന്നും അതു റജിസ്രാക്കീട്ടുണ്ടെന്നും മരിക്കുന്നതിനു മൂന്നുദിവസം മുമ്പാണു് റജിസ്ട്രാക്കിയതെന്നും കാർത്തികരാമൻ വാമൊഴികൊടുത്തു.

എതിർ വിസ്താരത്തിൽ താനും കാരണവരും സ്നേഹത്തിൽ തന്നെയായിരുന്നുവെന്നും തനിക്കു് പല അവസരങ്ങളിലും ദ്രവ്യ സഹായം ചെയ്തിട്ടുണ്ടെന്നും കച്ചവടത്തിൽ താൻ പൊളിഞ്ഞുപോയിരിക്കുന്നുവെന്നും, അതിൽ ദ്രവ്യസഹായത്തിനു കാരണവരോടു ആവശ്യപ്പെട്ടിരുന്നില്ലെന്നും, കാരണവർക്കു വസ്തുക്കളായും മറ്റും ഒരു ലക്ഷം ഉറുപ്പികയുടെ ആസ്തിയുണ്ടെന്നു കാരണവർ പറഞ്ഞിട്ടുണ്ടെന്നും ഒസ്യത്തു എഴുതി ഒപ്പിടുമ്പോൾ താൻ അടുക്കെ ഉണ്ടായിരുന്നുവെന്നും മേനോന്റെ കയ്യക്ഷരത്തിലാണു് ഒസ്യത്തെഴുതിയതെന്നും മേനോനും താനും കണ്ടു പരിചയം മാത്രമെ ഉള്ളു എന്നും മറ്റും പറഞ്ഞു. റജിസ്ട്രാരെ വിസ്തരിച്ചതിൽ താനാണു് റജിസ്ട്രാക്കിയതെന്നും കൈവിരലടയാളവും ഒപ്പം തന്റെ മുമ്പാകെയാണു് വെച്ചതെന്നും പറഞ്ഞു. പിന്നെ കൈവിരലടയാളവും കൈഒപ്പും ഒത്തുനോക്കാൻ ഒരു പ്രത്യേകസാക്ഷിയെ വിസ്തരിച്ചു. ഇദ്ദേഹം ഒരു ബങ്കാളിയായിരുന്നു. ഈ ആവശ്യത്തിനായി പ്രത്യേകം വരുത്തിയതായിരുന്നു. അദ്ദേഹത്തെ വിസ്തരിച്ചതിൽ, കയ്യൊപ്പു കോരപ്പന്റെ മറ്റുള്ള ഒപ്പുപോലെ ഉണ്ടെന്നു പറഞ്ഞു.

പ്രതാപരുദ്ര അയ്യങ്കാർ—ഇനി കൈവിരലടയാളം നോക്കിൻ.

കോടതിയിലുള്ള സർവ്വരും വളരെ ആഗ്രഹത്തോടുകൂടി സാക്ഷിപറയുന്നതെന്തായിരിക്കുമെന്നു കേൾപ്പാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. കോരപ്പൻ മറ്റു ചില ആധാരങ്ങളിൽ ഇട്ട കൈവിരലടയാളങ്ങൾ ഒസ്യത്തിലെ അടയാളവുമായി അദ്ദേഹം ഒത്തുനോക്കിയിരുന്നുവെന്നും അവയിലെ വരകളും വളവുകളും പരിശോധിച്ചതിൽ മറ്റുള്ള ആധാരങ്ങളിലെ കൈവിരലടയാളം എല്ലാം ഒരുപോലെ ഇരിക്കുന്നുവെന്നും ഒസ്യത്തിലേതു് തീരെ ഭേദിച്ചിരിക്കുന്നു എന്നും പറഞ്ഞു.

ഈ ഉത്തരം കേട്ടപ്പോൾ കോടതിയിൽ കൂടിയ സർവ്വരും അത്ഭുതപ്പെട്ടു… രാമനുണ്ണിയും അവന്റെ ഭാഗക്കാർ പോലും പ്രതീക്ഷിക്കാതിരുന്ന ഉത്തരമായിരുന്നു ഇതു്. ഒരു മിനുട്ടു നേരം കോടതിയിൽ നിശ്ശബ്ദമായി. ആരും മിണ്ടുന്നില്ല. ലോകത്തിൽ അപ്രതീക്ഷിതമായ എന്തു മാറ്റം തന്നെ ഉണ്ടായിരുന്നാലും കാലഗതിക്കു തടസ്ഥമില്ലെന്നു കാണിക്കാനെന്നവണ്ണം കോടതിയിലെ ഘടികാരത്തിന്റെ ടിക്ക്, ടിക്ക് എന്ന ശബ്ദം വ്യക്തമായി കേട്ടുകൊണ്ടിരുന്നു. ഒരു മിനുട്ടുകഴിഞ്ഞു തങ്ങൾ തങ്ങളുടെ അത്ഭുതത്തിൽനിന്നു് വിമുക്തരായി അന്യോന്യം മെല്ലെ മെല്ലെ സംസാരിക്കയും ആ ശബ്ദം കോടതിമുറിയിൽ കിടന്നു മുഴങ്ങുകയും ചെയ്തു. വക്കീൽ പ്രതാപഭദ്ര അയ്യങ്കാർ എഴുനീറ്റു സാക്ഷിയോടു പല ചോദ്യങ്ങളും ചെയ്തെങ്കിലും അയാളുടെ ആദ്യത്തെ അഭിപ്രായം ലവലേശം ഭേദിച്ചില്ല.

കണ്ണൻ മേനോനെ പിന്നെ കൂട്ടിന്മേൽ കയറ്റി. കോടതിയിൽ അതുവരെ കഴിഞ്ഞ സംഭവങ്ങളൊന്നും അറിവാൻ തരമില്ലാതിരുന്ന ഈ വിദ്വാൻ കള്ളസാക്ഷി പറവാൻ ഒരുങ്ങിപ്പുറപ്പെട്ടുകൊണ്ടു കൂട്ടിൽ കയറി.

“ഞാൻ നേരു പറയും. മുഴുവൻ നേരുപറയും. നേരുകേടു യാതൊന്നും പറകയില്ല. ഈശ്വരൻ സാക്ഷി” എന്നു തുടങ്ങി മുഴുവൻ കളവു പറഞ്ഞു. ഒസ്യത്തു തന്റെ കൈയക്ഷരമാണെന്നും കോരപ്പൻ പറഞ്ഞിട്ടെഴുതിയതാണെന്നും മറ്റും പറഞ്ഞു കഴിഞ്ഞശേഷം എതിർവിസ്താരമായി.

കേശവക്കുറുപ്പു് വക്കീൽ:
നിങ്ങൾക്കു് ചിരുതയെന്നൊരു ദാസിയുണ്ടോ?
സാക്ഷി:
ഉണ്ടു്.
വക്കീൽ:
നിങ്ങളുമായിട്ടു് ഇഷ്ടത്തിലല്ലെ?
സാക്ഷി:
ഇഷ്ടത്തിൽ തന്നെ.
വക്കീൽ:
നിങ്ങൾ വല്ല വിധത്തിലും ഈ ഒസ്യത്തെഴുതിയെന്നു പറഞ്ഞുവല്ലൊ. എഴുതിയശേഷം നിങ്ങളുടെ ദാസി വല്ലതും നിങ്ങളോടു പറകയോ നിങ്ങളെ ഭയപ്പെടുത്തുകയോ ചെയ്തിരുന്നുവോ?
സാക്ഷി:
(പരിഭ്രമത്തോടുകൂടി) ഇല്ല.
വക്കീൽ:
ഈ കടലാസ്സു പണ്ടു നിങ്ങൾ കണ്ടിരുന്നുവോ?
(എന്നു ചോദിച്ചു ഒപ്പിട്ടു പഠിച്ച കടലാസ്സ് എടുത്തു കാണിച്ചു).

ആ ചോദ്യം ചോദിക്കാൻ പാടില്ലെന്നു എതിർഭാഗം വക്കീൽ തർക്കിച്ചു. വക്കീൽമാർ അതിനെപ്പറ്റി തർക്കിക്കുന്നതിലിടക്കു് സാക്ഷി ബോധംകെട്ടു താഴെ വീണു. ഉടനെ ശിപായിമാർ അയാളെ എടുത്തു മുഖത്തു വെള്ളവും മറ്റും തളിച്ചു ബോധം വരുത്തിയശേഷം രണ്ടാമതും കൂട്ടിൽ കയറ്റി.

വക്കീൽ:
ഇനി സത്യം പറഞ്ഞോളു. നിങ്ങൾക്കു വല്ല ഗുണവും ഉണ്ടാവണമെങ്കിൽ സത്യം പറയണം.
സാക്ഷി തന്റെ ദാസി എല്ലാ വിവരവും പറഞ്ഞിരിക്കുമെന്നു തീർച്ചപ്പെടുത്തി. എന്നു മാത്രമല്ല തനിക്കു വിരോധമായി സർവ്വ തെളിവും എതിർഭാഗക്കാർക്കു കിട്ടിയിരിക്കുമെന്നു വിശ്വസിച്ചു, കാര്യത്തിന്റെ പരമാർത്ഥം ഒന്നും ഒളിച്ചുവെക്കാതെ മുഴുവൻ പറഞ്ഞു. ഒടുവിൽ കോടതി തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. പിന്നെയുള്ള വിസ്താരത്തിൽ സാക്ഷികളായിരുന്ന ഹേഡും വക്കീലും ആദ്യം കുറെയൊക്കെ മർക്കടമുഷ്ടി പിടിച്ചുവെങ്കിലും മേനോന്റെ വാമൊഴിയനുസരിച്ചുള്ള വാസ്തവ സംഭവങ്ങളും തിയ്യതികളും മറ്റും അടിസ്ഥാനമാക്കി പല ചോദ്യങ്ങളും കേശവക്കുറുപ്പുവക്കീൽ വളരെ യുക്തിയോടുകൂടി ചോദിച്ചശേഷം അവരിൽനിന്നും മേനോന്റെ വാക്കുകൾ ശരിയാണെന്നു വിശ്വസിക്കത്തക്ക തെളിവുകൾ ധാരാളം കിട്ടി. കാർത്തികരാമനേയും സബ്ബ് റജിസ്ട്രാരേയും പിന്നെയും കൂട്ടിൽ കയറ്റി വിസ്തരിച്ചപ്പോൾ മറ്റു സാക്ഷികൾ പറഞ്ഞതൊക്കെ കേട്ടുകൊണ്ടിരുന്ന അവർ ആദ്യം പറഞ്ഞതു സത്യമാണെന്നു സ്ഥാപിക്കാൻ, വളരെയൊക്കെ കളവുകൾ കോർത്തു കെട്ടി പറകയും അവ പൂർവ്വാപരവിരുദ്ധമായിത്തീരുകയും ചെയ്തു. ആവശ്യമുള്ള വേറെ തെളിവുകളൊക്കെ എടുത്തുകഴിഞ്ഞശേഷം കാർത്തികരാമന്റെ ഒസ്യത്തു കള്ള ഒസ്യത്താണെന്നും പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റു രാമനുണ്ണിക്കു കൊടുക്കേണ്ടതാണെന്നും കോടതി വിധിച്ചു.

കോരപ്പന്റെ കൈവിരലടയാളം അദ്ദേഹം മരിച്ചുകിടന്ന നിലയിൽ കാർത്തികരാമൻ എടുത്തിരുന്നതു എങ്ങിനെയാണു് തെറ്റായിത്തീർന്നതെന്നു വായനക്കാർ വിചാരിക്കുന്നുണ്ടായിരിക്കാം. അതിനു വക്കീൽ കേശവക്കുറുപ്പവർകൾ വാഗ്വാദത്തിൽ പറഞ്ഞ കാരണമേ ഉണ്ടായിരിക്കാൻ പാടുള്ളു. കാർത്തികരാമൻ വിരലടയാളം എടുക്കുമ്പോൾ ഇടത്തു കൈയുടെ പെരുവിരലടയാളം എടുക്കേണ്ടതിനുപകരം വലതു കൈയുടേതു് അബദ്ധമായി എടുത്തു പോയിരിക്കാം. സർവ്വസാക്ഷിയായ ഈശ്വരൻ അങ്ങിനെയല്ലാതെ വരുത്തുകയില്ലല്ലൊ. കേസ്സു കഴിഞ്ഞു രാമനുണ്ണിയും ദാമോദരനും വസുമതിയും അവരുടെ സ്നേഹിതന്മാരും ബന്ധുജനങ്ങളും അത്യന്തം സന്തോഷിച്ചു. അന്നു വൈകുന്നേരം റങ്കൂൺ ബേങ്കിൽനിന്നു രാമനുണ്ണിക്കു് ഒരെഴുത്തുകിട്ടി. കോരപ്പൻ ബേങ്കിന്റെ മാനേജർക്കു് അല്പദിവസം മുമ്പു് ഒരു എഴുത്തെഴുതിയതിൽ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഉറുപ്പിക മുഴുവനും രാമനുണ്ണിയുടെയും വസുമതിയുടെയും കണക്കിൽ ചേർക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നുവെന്നും ആ കാര്യത്തിൽ വേണ്ടതു ചെയ്യാൻ തന്റെ മകനെ ഉടനെ അങ്ങോട്ടയക്കുന്നുണ്ടെന്നും, അതുപ്രകാരം രാമനുണ്ണി ചെന്നുകാണായ്മയാൽ ഈ എഴുത്തിനു കാരണമായിരുന്നുവെന്നും ഇപ്പോൾ കോരപ്പൻ മരിച്ചുപോയതായി അറിയുന്നുവെന്നും, അദ്ദേഹത്തിന്റെ എഴുത്തിൽ ആവശ്യപ്പെട്ടപ്രകാരം സംഖ്യ മുഴുവൻ രാമനുണ്ണിയുടെയും സഹോദരിയുടേയും പേരിൽ മാറ്റിയിരിക്കുന്നുവെന്നും ഇനി എന്താണു വേണ്ടതെന്നു അറിയിക്കണമെന്നും പ്രസ്താവിച്ചിരുന്നു.

*****

രണ്ടു ദിവസം കഴിഞ്ഞു. ഇനി ഒരു ദിവസം കൂടി ഉണ്ടു്. നവറോജിയുടെ ബേങ്ക് പൂട്ടേണ്ടിവരും. വേറെ യാതൊരു നിവൃത്തിയുമില്ലെന്നായപ്പോൾ, ബേങ്കു പൊളിയാൻ സംഗതിയായതിനെപ്പറ്റിയും അതിൽ നവറോജി കേവലം നിർദ്ദോഷിയാണെന്നു കാണിച്ചും ജനങ്ങൾക്കു് അദ്ദേഹത്തോടു കരുണയും അനുകമ്പയുമുണ്ടാകണമെന്നപേക്ഷിച്ചുകൊണ്ടും ദാമോദരൻ വലിയ ഒരു റിപ്പോർട്ടെഴുതിയുണ്ടാക്കി. അതു മുഴുവൻ നവറോജിയെ വായിച്ചുകേൾപ്പിച്ചു. നവറോജി എല്ലാം കേട്ടതിന്റെ ശേഷം ഇങ്ങിനെ പറഞ്ഞു: “ഈ ലോകമാകുന്ന നാടകരംഗത്തു് എനിക്കു് അഭിനയിക്കാനുള്ള ഒരുഭാഗം ഇന്നു തീർന്നു. എന്റെ ഭാഗത്തെ സംബന്ധിച്ചെടുത്തോളം ഇന്നു ഒടുവിലത്തെ കർട്ടൻ വീണുകഴിഞ്ഞു. നാളെ ഞാൻ ഒരു ഫക്കീറായി. ഇതിനെപ്പറ്റി ഞാൻ വ്യസനിക്കുന്നുവെങ്കിലും അശേഷം ലജ്ജിക്കുന്നില്ല. അതിനു കാരണവുമില്ല. ഞാൻ മറ്റുള്ളവരെ വഞ്ചനചെയ്തും മനപ്പൂർവം വല്ലവരെയും ദോഷപ്പെടുത്തണമെന്നു വിചാരിച്ചും പ്രവൃത്തിക്കകൊണ്ടായിരുന്നു ഈവിധം വന്നതെങ്കിൽ ഞാൻ ലജ്ജിക്കേണ്ടതായിരുന്നു. എനിക്കു വന്ന വിഡ്ഢിത്വം മറ്റൊരുത്തനെ കണക്കിലധികം വിശ്വസിച്ചതാണു്. നിങ്ങൾക്കു് ചെറുപ്പമാണു്. എന്റെ അനുഭവം നിങ്ങൾക്കൊരു പാഠമായിരിക്കട്ടെ. നിങ്ങളെ പോലെ ബുദ്ധിശക്തിയും സാമർത്ഥ്യവും ഉള്ള ഒരാൾ ഏതുവഴിക്കു ചെന്നാലും കുഴങ്ങുകയില്ല. എന്നെപ്പറ്റി നിങ്ങൾ ഖേദിയ്ക്കണ്ട. ഞാൻ ഒരാഴ്ചകൂടി ഇവിടെ താമസിക്കും. വല്ലവർക്കും വല്ല ആക്ഷേപവുമുണ്ടായേക്കാം. എന്റെ പേരിൽ വല്ലവരും കേസ്സുകൊടുക്കുമായിരിക്കാം. അങ്ങിനെയുണ്ടെങ്കിൽ ഞാൻ ഒളിച്ചുപോയെന്നു വരരുതു്. അങ്ങിനെ വല്ലതുമുണ്ടാകുന്നതായാൽ അതുകൊണ്ടു വരുന്ന ഫലം ഒരു പുരുഷനെപ്പോലെ ഞാൻ സഹിക്കും. അതിനു് എന്നെ സർവ്വശക്തനായ ഈശ്വരൻ സഹായിക്കട്ടെ.”

ഇത്രയും പറഞ്ഞുതീന്നപ്പോൾ ഒരാൾ പുറത്തുവന്നു വാതിലിനു മുട്ടി. ദാമോദരൻ അവിടെ നിന്നെഴുന്നേറ്റു വാതിലിന്നടുക്കെ ചെന്നു വാതിൽ തുറന്നുനോക്കി. രാമനുണ്ണിയുടെ ഒരു വിശ്വസ്ഥ ഭൃത്യൻ നവറോജിക്കു് ഒരു എഴുത്തുകൊണ്ടുവന്നിരിക്കയാണു്. ദാമോദരൻ എഴുത്തുവാങ്ങി:

“മറുപടി വാങ്ങാൻ പറഞ്ഞിരുന്നുവോ?” എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞു ഭൃത്യൻ പോയി.

സേട്ടു എഴുത്തുവാങ്ങി പൊളിച്ചുനോക്കിയപ്പോൾ കണ്ടതെന്താണു്?

ഒന്നരലക്ഷം ഉറപ്പികക്കു് റങ്കൂൺ ബേങ്കിലേക്കു് ഒരു ചെക്കും വസുമതിയുടെയും രാമനുണ്ണിയുടെയും അഭിവന്ദനപൂർവ്വം അയച്ചതു് എന്നൊരു എഴുത്തും.

ഉപസംഹാരം

ഇനി ഈ കഥ അധികം പറവാനില്ല. മേൽ പറഞ്ഞ പ്രകാരം തന്റെ കടം മുഴുവൻ വീട്ടാൻ മതിയായ ഒരു സംഖ്യ കേവലം അന്യനായ ഒരാളിൽനിന്നു ലഭിച്ചതു നിമിത്തം നവറോജിക്കുണ്ടായിരുന്ന സന്തോഷവും ആ സഹോദര സഹോദരിമാരിൽ തോന്നിയ കൃതജ്ഞതാബുദ്ധിയും, സർവ്വസാക്ഷിയായ ഈശ്വരനു് നിർദ്ദോഷികളെ ആപത്തിൽ നിന്നു അത്ഭുതകരമാംവണ്ണം രക്ഷിക്കാനുള്ള ശക്തിയെപ്പറ്റി ഉണ്ടായ ജ്ഞാനവും ഇന്നവിധമാണെന്നു വിവരിക്കാൻ പ്രയാസം. അതു കിട്ടിയശേഷം, അദ്ദേഹം ഇങ്ങിനെ പറഞ്ഞു:

“ഞാനിതു വസുമതിക്കു തന്നെ ഉടനെ മടക്കിക്കൊടുക്കും.”

നവറോജിക്കു യാതൊരു കുടുംബങ്ങളും ഇല്ലായിരുന്നുവെന്നു പറഞ്ഞുവല്ലൊ. തന്റെ സർവ്വ വസ്തുക്കളും അദ്ദേഹം ദാമോദരനു ദാനം ചെയ്ത പ്രകാരം ഒസ്യത്തെഴുതി. പേരിനുമാത്രം സർവ്വ വ്യാപാരത്തിന്റെയും ബേങ്കിന്റെയും ഉടമയായിരുന്നതല്ലാതെ സർവ്വകാര്യാന്വേഷണവും ദാമോദരനെ ഏല്പിക്കുകയും ചെയ്തു. ഒസ്യത്തുകേസ്സു കഴിഞ്ഞ ഉടനെതന്നെ കാർത്തികരാമൻ, കണ്ണൻ മേനോൻ മുതലായവരുടെ പേരിൽ കള്ളൊപ്പു്, കള്ള സത്യം മുതലായവക്കു കേസ്സുണ്ടാക്കിയിരിക്കേണമെന്നുള്ളതു നിശ്ചയമാണല്ലോ. എന്നാൽ മേനോൻ പിറ്റേ ദിവസം തന്നെ രാജ്യം വിട്ടോടിപ്പോയി. ഇപ്പഴും ഗോവയിൽ എവിടെയോ ഒരു ദിക്കിൽ വളരെ കഷ്ടപ്പെട്ടു. ജീവിക്കുന്നുണ്ടത്രെ. അമ്പു വക്കീൽ കേസ്സുകഴിഞ്ഞദിവസം രാത്രി വെടിവെച്ചു ആത്മഹത്യ ചെയ്ത വിവരം രാജ്യമൊക്കെ പരന്നു. കണാരൻ ഹേഡ് വെറും ഭ്രാന്തനായി കീറിമുഷിഞ്ഞ വസ്ത്രം ഉടുത്തും മണ്ണുവാരി തലയിൽ ഇട്ടുകൊണ്ടും കണ്ടവരോടു വല്ലതും വാങ്ങി ഭക്ഷിച്ചു തെരുവുകളിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കാർത്തികരാമന്റെയും സബ് റജിസ്ട്രാർ രാമൻ പിള്ളയുടേയും പേരിൽ ഗവർമ്മെണ്ടിൽനിന്നു് കേസ്സുകൊടുത്തു രണ്ടുപേരെയും ശിക്ഷിച്ചു. അവർ തടവിലും കിടക്കുന്നു.

കോരപ്പൻ മരിച്ചു ഒരു കൊല്ലം കഴിഞ്ഞശേഷമാണു് വസുമതിയെ ദാമോദരൻ വിവാഹം ചെയ്തതു്. എല്ലാം വളരെ ഭംഗിയായി കഴിഞ്ഞുകൂടിയെങ്കിലും സേട്ടുകൂടി ഉണ്ടായിരുന്നുവെങ്കിൽ അധികം സന്തോഷമാകുമായിരുന്നുവെന്നാണു് ദമ്പതിമാർ പറഞ്ഞതു. നവറോജി അധികം ജീവിച്ചില്ല. ആറുമാസത്തിലകം ആ മാന്യനും കാലധർമ്മം പ്രാപിച്ചിരുന്നു. ദാമോദരൻ ഇപ്പോൾ വലിയൊരു വർത്തകന്റെയും ബേങ്കുടമസ്ഥന്റെയും നിലയിലാണു് വസുമതിയെ വിവാഹം കഴിച്ചതു്. ഈ മംഗളകരമായ പര്യവസതി കുറെകൂടി സന്തോഷകരമായിത്തീരത്തക്ക ഒരു കാര്യം കൂടി ഉടനെ ഉണ്ടായി. അതു ദാമോദരന്റെ സഹോദരി ലക്ഷ്മിയെ രാമനുണ്ണി സ്വന്തം ഇഷ്ടത്തോടുകൂടി വിവാഹം ചെയ്തതായിരുന്നു.

ശുഭം.

പുസ്തകത്തെപ്പറ്റിയുള്ള ചില അഭിപ്രായങ്ങൾ
1

ഞങ്ങളുടെ അഭിപ്രായത്തിൽ കഥ ഒരു വിധം രസപ്രദമായിട്ടുണ്ടു്. ഭാഷ മിസ്റ്റർ കുമാരന്റേതാകയാൽ അതിനെപ്പറ്റി വിശേഷിച്ചു വല്ലതും പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. മറ്റു ചില ആഖ്യായികളെക്കാൾ ഇതിൽ ഒതുക്കം നല്ലവണ്ണമുണ്ടു്. കഥയെ പല ദിക്കുകളിലേയ്ക്കും വലിച്ചിഴച്ചു വായനക്കാരുടെ വിരസത സമ്പാദിയ്ക്കുന്നതിൽനിന്നു ഗ്രന്ഥകർത്താവ് വിമുക്തനായിട്ടുണ്ടു്… കഥാരചനയിൽ ഗ്രന്ഥകർത്താവിനുള്ള ഉദ്ദേശം ഒന്നു മാത്രമല്ലെന്നും പല സംഗതികളും അതിൽ അന്തർഭവിച്ചു കിടക്കുന്നുണ്ടെന്നും കഥ വായിച്ചാൽ ആരും അഭിപ്രായപ്പെടാതിരിയ്ക്കയില്ല. സ്ത്രീ പുരുഷന്മാരുടെ അവയവങ്ങളെ കേശാദിപാദം അനാവശ്യമായി വർണ്ണിച്ചു വായനക്കാരുടെ മനസ്സിന്നു വൈമനസ്യം ജനിപ്പിയ്ക്കാതിരുന്നിട്ടുള്ളതു് ഇപ്പഴത്തെ പരിഷ്ക്കാരത്തിനൊത്തിട്ടുണ്ടു്. അന്തർഭവിച്ചു പലർക്കും കൊള്ളത്തക്കവണ്ണമുള്ളതും ദുർദ്ദയങ്ങളിൽ ഏർപ്പെട്ടാൽ അതിന്നു തക്ക ശിക്ഷ ഒരു കാലത്തു കിട്ടാതിരിയ്ക്കില്ലെന്നു ദൃഷ്ടാന്തീകരിക്കുന്നതുമായ പല സംഗതികളും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ടു്… അന്തർഭവിച്ചു ചിലരെ ശകാരിച്ചിട്ടുണ്ടെന്നു ജനങ്ങൾ അഭിപ്രായപ്പെടാമെങ്കിലും ബാഹ്യത്തിൽ പുസ്തകത്തിനു പറയത്തക്ക യാതൊരു ദോഷങ്ങളുമില്ല.

2

…സ്വഭാവോക്തികൊണ്ടു പാത്രങ്ങൾക്കു ജീവൻ കൊടുക്കുവാൻ കഥയെഴുത്തുകാരന്നു ഒരു പ്രത്യേക സാമർത്ഥ്യം തന്നെ വേണം. ഈ സാമ്യം മിസ്റ്റർ കുമാരന്നു് ജന്മനാ സിദ്ധിച്ചിട്ടുണ്ടു്. അതിന്റെ ഫലം അദ്ദേഹം എഴുതുന്ന കഥകളിൽ എല്ലാം ധാരാളമായി കണ്ടുവരാറുണ്ടു്. എന്നാൽ വസുമതിയിൽ അതു ഒന്നുകൂടി പ്രാകാശിച്ചുനിൽക്കുന്നുവെന്നു പറയാതെ കഴികയില്ല. കഥ വായിച്ചുകൊണ്ടു പോകുമ്പോൾ കഥാപാത്രങ്ങളെയെല്ലാം കണ്ണിൽ കാണുന്നപോലെ ഒരനുഭവം ഉണ്ടാകുന്നുണ്ടു്… കഥയെഴുതിയിരിയ്ക്കുന്ന ശൈലി ഉജ്വലവും ലളിതവും ആണു്. ഫലിതം വേണ്ടുവോളമുണ്ടു്. സംഭാഷണരീതിയും ഭാഷയും അതാതു പാത്രങ്ങൾക്കു് യോജിച്ച മാതിരിയിൽ തന്നെയാണു് ചേർത്തിരിയ്ക്കുന്നതു്. പൂന്തോട്ടം, വസുമതി ക്ലബ്ബ്, മുതലായ വിഷയങ്ങളെ വർണ്ണിച്ചിരിയ്ക്കുന്നതിൽ ഗ്രന്ഥകർത്താവിന്റെ ചാതുര്യവും ഭാവനാശക്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. എല്ലാംകൊണ്ടും ഈ പുസ്തകം വളരെ നന്നായിട്ടുണ്ടു് എന്നു ഒന്നുകൂടി ഞങ്ങൾ പറയട്ടെ.

‘ചക്രവർത്തി’

3

…ഇതിലെ എല്ലാഭാഗങ്ങളും അന്യാപേക്ഷ കൂടാതെയുള്ള പുസ്തകകർത്താവിന്റെ മനോധർമ്മത്തിന്റെ സന്താനങ്ങളും വായനക്കാക്കു് അത്യന്തം രസപ്രദങ്ങളുമായിരിയ്ക്കുന്നുണ്ടു്. …അതാതു പാത്രങ്ങളുടെ സംസാരരീതിയും താദാത്മ്യവും വർണ്ണനകൾക്കു സൌഷ്ഠവവും ഇതിൽ വളരെ സ്ഫുരിയ്ക്കുന്നു. കഥാനായകനായ ദാമോദരൻ പ്രത്യക്ഷനായി മുമ്പിൽ നിൽക്കുന്നുവെന്നു് വായനക്കാർ ഭ്രമിയ്ക്കത്തക്ക തന്മയത്വം ഇതിലെ വാചകങ്ങളാൽ സിദ്ധിച്ചിരിയ്ക്കുന്നു… നാട്ടിൽ നടക്കുന്ന ചില ദുർന്നടവടികളുടേയും മറ്റും പ്രതിഛായകളും ഫലവും കാണിച്ചു വായനക്കാർക്കു സദാചാരങ്ങളിൽ ശ്രദ്ധ വെപ്പിയ്ക്കുന്ന ഈ നോവൽ പുസ്തകം എല്ലാവരും വായിക്കേണ്ടതാണു്.

‘മനോരമ’

4

…കേവലം ഒരു സമുദായക കഥയാണെങ്കിലും ‘വസുമതി’ ആരേയും രസിപ്പിയ്ക്കത്തക്ക ഒരു കഥാപുസ്തകമാണെന്നാണു് ഞങ്ങളുടെ അഭിപ്രായം. മിസ്റ്റർ കുമാരന്നു വർണ്ണനയിലും മറ്റും സഹജമായുള്ള വാസന പുസ്തകത്തിന്റെ നാനാ ഭാഗങ്ങളിലും സവിശേഷം പ്രശോഭിയ്ക്കുന്നു. വാചകങ്ങളുടെ ഭംഗിയും ലാളിത്യവും ഒന്നു വേറെ തന്നെയാണു്.

‘സുജനമിത്രം’

5

…മിസ്റ്റർ മൂക്കോത്തു കുമാരന്റെ ‘വസുമതി’യെയാണു് ഞങ്ങളുടെ പുതിയ മേശയ്ക്കു് ആദ്യാലങ്കാരമായി കൂട്ടിയിട്ടുള്ളതു്. അതിൽ ഞങ്ങൾക്കു് പൂർണ്ണമായ സംതൃപ്തിയുണ്ടു്. സാഹിത്യ കർഷകന്മാരിൽ വെച്ചു് ധാരാളം കരുത്തും ഗുരുത്വവും ഉള്ള ഒരാളുടെ പുസ്തകം ഞങ്ങൾക്കു ലഭിച്ചിട്ടുള്ളതു് ഞങ്ങളുടെ മേശയുടെ ഭാവുക വിശേഷം തന്നെ… വർണ്ണനകൾ അപ്രകൃതവും അസ്വാഭാവികവും ആയിത്തീരാതിരിപ്പാൻ ഗ്രന്ഥകർത്താവു പ്രത്യേകം ശ്രദ്ധവെച്ചിട്ടുള്ളതു് സ്തുത്യർഹമായിരിയ്ക്കുന്നു.

‘പ്രാചീന താരക’

6

…നോവലുകൾക്കു പ്രധാനമായി വേണ്ടതു വായനക്കാരുടെ മനസ്സിനെ മുഷിപ്പിക്കാതെ അവസാനംവരെ സരസം ആകർഷിച്ചുകൊണ്ടു പോകാനുള്ള ഒരു ശക്തി ഉണ്ടായിരിയ്ക്കുകയെന്നുള്ളതാണല്ലോ. അതു് ഈ പുസ്തകത്തിനു് ഒരുവിധമുണ്ടെന്നു തന്നെ പറയാം, വസുമതി ദാമോദരന്മാരായ നായികാനായകന്മാർ മുതലായ കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളെ തന്മയത്വത്തോടു കൂട്ടി ഗ്രന്ഥകർത്താവു വേണ്ടുവണ്ണം തെളിയിച്ചിട്ടുണ്ടു്. ആകപ്പാടെ നോക്കിയാൽ ഇതൊരു നല്ല ഗദ്യപുസ്തകമാണെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു.

മലയാള മനോരമ.

7

കഥാരചനയിൽ ഗ്രന്ഥകർത്താവു നല്ലവണ്ണം ദൃഷ്ടിവെച്ചിട്ടുണ്ടു്. വാചക പുഷ്ടിയും ധാരാളമുണ്ടെന്നാണു് ഞങ്ങളുടെ അഭിപ്രായം. ഈ വക കഥകൾ എഴുതുന്നതിൽ മിസ്റ്റർ കുമാരന്നു് സാധാരണയായുള്ള സാമർത്ഥ്യം ഈ പുസ്തകരചനയിലും പ്രത്യേകമായി കാണിച്ചിട്ടുണ്ടു്.

‘കേരളപത്രിക’

8

നിങ്ങൾ അയച്ച ‘വസുമതി’യെന്ന പുസ്തകം കിട്ടി. ഞാൻ മുഴുവനും സന്തോഷത്തോടെ വായിയ്ക്കുകയും ചെയ്തു. നിങ്ങൾ ഇതിൽ ചെയ്തിട്ടുള്ള പരിശ്രമത്തെ അഭിനന്ദിക്കാതെ കഴിയുന്നതല്ല. ഇതു കേവലം ഒരു നോവൽ എന്നു മാത്രം പറഞ്ഞാൽ മതിയാവുന്നതല്ല. പലവിധത്തിലുള്ള സൽഗുണങ്ങൾ ഇതിൽ നിന്നു ഗ്രഹിക്കാനുണ്ടു്. സഹവാസത്താലുണ്ടാകുന്ന ഗുണദോഷങ്ങളും പ്രണയത്തിന്റെ സ്വഭാവവും മര്യാദയുടെ ലക്ഷണങ്ങളും മദ്യപാനം, കൈക്കൂലി, അസൂയ, കുസൃതി എന്നിവകളെ കൊണ്ടുണ്ടാവുന്ന അവസ്ഥകളും വിശേഷമായി വിവരിച്ചിട്ടുണ്ടു്. മലയാളികൾ ഇതിനെ സർവ്വാത്മനാ അഭിനന്ദിക്കേണ്ടതാണു്.

തരവത്തു് അമ്മാളു അമ്മ

9

…നിങ്ങളുടെ ഗദ്യം വായിക്കുന്നതിനു പണ്ടെ എനിക്കു പ്രത്യേകം ഒരു സന്തോഷം ഉണ്ടു്. അതു നിങ്ങളിലുള്ള സ്നേഹം കൊണ്ടല്ല. നിങ്ങളുടെ ഗദ്യരചനാരസികത്വത്തിൽ ഉള്ള സ്നേഹം കൊണ്ടാണു്. അപ്രകാരമുള്ള എനിയ്ക്കു ‘വസുമതി’ വന്നുചേർന്നപ്പോൾ ഉണ്ടായ സന്തോഷം എത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലൊ. മുഴുവനും സാവധാനമായി വായിച്ചു. കഥാഘടനയിലും വാചകരചനയിലും നിങ്ങൾ കാണിച്ചിരിക്കുന്ന ഔചിത്യവും ഭംഗിയും വളരെ നന്നായിരിക്കുന്നു. കാവ്യങ്ങളുടെ പൊതുവെയുള്ള ഉദ്ദേശ്യം കർത്തവ്യങ്ങളുടെ ഉപദേശമാണു്. എന്നാൽ ആ ഉപദേശം കല്പിച്ചുകൂട്ടി വരുത്തിയ പോലെ തോന്നാത്തവിധം കഥയിൽ അന്തർഭവിച്ചിരിയ്ക്കുന്നതിനാലാണു് കവിയുടെ സാമർത്ഥ്യം ഇരിയ്ക്കുന്നതു്. ആ ഗുണം ഈ കാവ്യത്തിൽ ധാരാളമായി പ്രകാശിയ്ക്കുന്നുണ്ടു്. വസുമതിയുടേയും ദാമോദരന്റെയും, ദേഹവർണ്ണനം, അവരുടെയും കണ്ണൻ മേനോൻ മുതൽ പേരുടെയും സ്വഭാവവർണ്ണനം, സംഭാഷണം, പ്രവൃത്തി, ഇവ ഒരിയ്ക്കൽ വായിച്ചാൽ മനസ്സിൽ പതിഞ്ഞു കിടക്കത്തക്കവണ്ണം അത്ര ഹൃദയംഗമമായിട്ടുണ്ടു്… ആകപ്പാടെ ഇതു മലയാളഭാഷയിലുള്ള നോവലുകളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനത്തെ അർഹിയ്ക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ടു് ഈ അഭിപ്രായം അവസാനിപ്പിയ്ക്കുന്നു.

കെ. സി. കേശവപിള്ള

10

…പുസ്തകം ഒരു പരിവൃത്തി നല്ലവണ്ണം വായിച്ചു തീർന്നതു് ഇന്നാണു്. ഒരു പ്രത്യേക സമുദായത്തിന്റെ നടപടികളെ വിവരിയ്ക്കുന്നതിൽ ശ്രദ്ധവച്ചിട്ടുള്ള പോലെ കഥ വളച്ചു കെട്ടുവാൻ ശ്രമിച്ചതായി കാണുന്നില്ല. അതുകൊണ്ടു് ഇതു കേവലം ഒരു ‘സാമുദായിക നോവൽ’ ആയിട്ടാണു് ഞാൻ വിചാരിയ്ക്കുന്നതു്. സ്വാഭിപ്രായം തുറന്നു പറയുന്ന ദിക്കുകളിൽ ‘പ്രത്യയസ്ഥൈര്യം’ എന്ന ഗുണം നല്ലവണ്ണം വന്നിട്ടുണ്ടു്. ദുരുദ്ദേശത്തോടുകൂടിയല്ല കവി കക്ഷിപിടിക്കുന്നതെന്നു തോന്നിക്കത്തക്കവണ്ണം കാര്യം തുറന്നു പറഞ്ഞിരിക്കുന്നതിന്റെ രീതിയും അപൂർവ്വഗുണങ്ങളിൽ ഒന്നാണു്…

രാമവർമ്മ കൊച്ചി 11-ാംകൂർ തമ്പുരാൻ.

11

I hasten to tell you how much I enjoyed the time I spent in reading it. Without flattering you I may say that there are several parts in the book which are alone worth many times more than the price you have put down for the whole book—eg; that blooming Idiot, Menon Kannan’s Newspaper article, Pandava Kamathi’s Sketch in those two or three inimitably clever, touches, Prataparudran’s Vanity, etc. etc. are all simply splendid… I dont think any one can say you have sought in this novel to want only wound or injure anybody.

I hope the second edition will soon be demanded.

Palghat 2-2-13

P. Shankunny M. A. L. T.

മൂർക്കോത്തു് കുമാരൻ
images/Moorkoth_Kumaran.jpg

കേരളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും ആണു് മൂർക്കോത്തു് കുമാരൻ (1874–1941). മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂർക്കോത്തു് കുമാരൻ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.

മലബാർ പ്രദേശത്തു് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു.

ജീവിതരേഖ

മൂർക്കോത്തു് കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു് കുടുംബത്തിൽ 1874 മെയ് 23-നു് ജനിച്ചു. പിതാവു് മൂർക്കോത്തു് രാമുണ്ണി, മാതാവു് പരപ്പുറത്തു കുഞ്ചിരുത. ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛന്റെ തറവാട്ടിലാണു് കുമാരൻ വളർന്നതു്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വന്തമായി ‘മിതവാദി’ എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1941 ജൂൺ 25-നു് അന്തരിച്ചു.

എസ്. എൻ. ഡി. പി. യോഗത്തിന്റെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു, എന്നാൽ ജഡ്ജ് ആയി നിയമനം കിട്ടിയതിനാൽ അധികം കാലം ഈ സ്ഥാനത്തു് ഇദ്ദേഹത്തിനു് തുടരുവാനായില്ല. ഗുരുദേവന്റെ പ്രതിമ, തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം രചിച്ചതും ഇദ്ദേഹം ആയിരുന്നു. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കുമാരനാശാന്റെ വീണപൂവു് മിതവാദിയിൽ പ്രസിദ്ധീകരിച്ചതു് മൂർക്കോത്തു് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണു്. ഒ. ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ടു്.

യശോദയാണു് കുമാരന്റെ ഭാര്യ. മാധ്യമപ്രവർത്തകനായിരുന്ന മൂർക്കോത്തു് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായിരുന്ന മൂർക്കോത്തു് രാമുണ്ണി, മൂർക്കോത്തു് ശ്രീനിവാസൻ എന്നിവരാണു് മക്കൾ.

Colophon

Title: Vasumathi (ml: വസുമതി).

Author(s): Moorkoth Kumaran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, Moorkoth Kumaran, Vasumathi, മൂർക്കോത്തു് കുമാരൻ, വസുമതി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 9, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rose Garden, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.