ഭക്തകവി എന്ന പേരിലാണു് ശ്രീ. പി. കുഞ്ഞിരാമൻനായർ കേരളത്തിലെങ്ങും അറിയപ്പെടുന്നതു്. പക്ഷേ, കുഞ്ഞിരാമൻ നായർക്കു ആ പേരു് ഒട്ടും ഇഷ്ടവുമില്ല, തിരുവനന്തപുരത്തു് വച്ചു കൂടിയ സാഹിത്യപരിഷത്തിന്റെ ഒരു കവിസമ്മേളനത്തിൽ ശ്രീ. എൻ. ഗോപാലപിള്ള ഭക്തകവി എന്നു് കുഞ്ഞിരാമൻ നായരെ വിശേഷിപ്പിച്ചപ്പോൾ അദ്ദേഹം ഭക്തശബ്ദത്തിനു ചൊറെന്നാണു് അർത്ഥമെന്നും അതിനാൽ തന്നെ ‘ചാറ്റു കവി’ എന്നാണു് വിളിക്കേണ്ടതെന്നും നീരസത്തോടെ പറഞ്ഞതു് ഈ ലേഖകൻ കേൾക്കുകയുണ്ടായി, കുഞ്ഞിരാമൻ നായർക്കു് ആ വിശേഷണം ഗാഢശോകം ജനിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ സാർത്ഥകതയെ നമുക്കു നിഷേധിക്കാൻ വയ്യ. അദ്ദേഹം അനുഗ്രഹീതനായ കവിതന്നെ. പക്ഷേ, ഭക്തിയെന്ന വികാരം പ്രസ്തുതാനുസാരമായും പ്രസ്തുതാനുസാരമല്ലാതെയും എങ്ങും നിയന്ത്രണമില്ലാതെ പ്രവഹിക്കുന്നുണ്ടെന്നുള്ള പരമാർത്ഥത്തിന്റെ നേരേ നാം എങ്ങനെ കണ്ണടയ്ക്കാനാണു്? കവിക്കുള്ള ചിന്തയുടെ മണ്ഡലത്തിലേക്കു് ഒഴുകി സങ്കല്പങ്ങളെയും മൂല്യനിർണ്ണയങ്ങളേയും നിറം പിടിപ്പിക്കുന്ന ഈ വികാരത്തെ നമുക്കു് എങ്ങനെ കണ്ടില്ലെന്നു വയ്ക്കാൻ കഴിയും? ഒരു വികാരം മാറാതെ നിന്നാൽ അതിനെ ‘ഒബ്സഷൻ’ എന്നു മനഃശാസ്ത്രജ്ഞന്മാർ വിളിക്കും. കുഞ്ഞിരാമൻ നായർ ഈ “വികാരപീഡ”യുള്ള ഒബ്സഷനുള്ള കവിയാണു്. അദ്ദേഹം സാരസ്വതവൈഭവത്താൽ അനുഗ്രഹീതനാണെങ്കിലും ഭക്തിയെന്ന വികാരത്തെ രോഗമാക്കിക്കൊണ്ടുനടക്കുന്നയാളാണു്. അതിനാലാണു് പറഞ്ഞതുതന്നെ പിന്നെയും പിന്നെയും പറയാൻ അദ്ദേഹം നിർബ്ബദ്ധനാകുന്നതും. ആശയങ്ങളും വാങ്മയ ചിത്രങ്ങളും കല്പനകളും ഒരേ വിധത്തിൽ അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ അനുവാചകനു് വൈരസ്യമുളവാകുമാറു് അണിനിരക്കുന്നു. ആഗസ്റ്റ് 16-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്ന “ശിവോതി വിളക്കു്” എന്ന കവിത നോക്കുക. അതിന്റെ ആരംഭം:
കണികണ്ടു; കൊടികേറി
കളിവിളക്കിൽപ്പുതുതിരികളിട്ടു:
കടൽ കാണും മലനിരയിൽ
തിരനോക്കിക്കരിമുകിലൊളിച്ചു
തുടർന്നു്, കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി അദ്ദേഹം പ്രയോഗിക്കുന്ന അലങ്കാരങ്ങളും താലോലിക്കുന്ന കല്പനകളും വ്യാധിയായിക്കൊണ്ടുനടക്കുന്ന ഭക്തിയെന്ന വികാരവും പ്രത്യക്ഷമാകുന്നു. ക്ഷീരബലയ്ക്കു് ആവർത്തനം കൊള്ളാം. കവിതയ്ക്കു് അതു് നല്ലതല്ല. സ്വന്തം ആവർത്തനങ്ങളെ ആവർത്തിക്കുന്ന കുഞ്ഞിരാമൻ നായർ കേരളത്തിലെ സഹൃദയരെ മടുപ്പിക്കുകയാണെന്നു് ഞാനൊന്നു പറഞ്ഞു കൊള്ളട്ടെ. ലബ്ധപ്രതിഷ്ഠനാണു് ഈ കവി. അതുകൊണ്ടു് അദ്ദേഹം കവിതയെഴുതി പരസ്യംചെയ്യാൻ പത്രത്തിനു് അയച്ചുകൊടുത്താൽ പത്രാധിപർക്കു് അതു് ചവറ്റുകുട്ടയിലേയ്ക്കു് എറിയാൻ തോന്നുകയില്ല. കുഞ്ഞിരാമൻനായർ തന്നെ വായനക്കാരെ സഹായിക്കണം. എഴുതിയ കവിത ആവർത്തനമാണോ എന്നൊന്നു് അദ്ദേഹം പരിശോധിച്ചാൽ മതി. അതു് പത്രത്തിനു് അയയ്ക്കാവുന്നതാണോ എന്നു് അദ്ദേഹം നോക്കിയാൽ മതി. ഒരുപക്ഷേ, അദ്ദേഹത്തിനു് അതിനു് സമ്മതമില്ലെങ്കിലോ? കുഞ്ഞിരാമൻനായരുടെ പ്രസിദ്ധിയെ വകവയ്ക്കാതെ പത്രാധിപർതന്നെ സ്വന്തം ചവറ്റുകുട്ടയിലേയ്ക്കു അതെറിഞ്ഞുകളയണം.
മഹായശക്തനായ കുഞ്ഞിരാമൻനായരെവിട്ടു് ശ്രീ. അച്യുത്ത ഭാസ്ക്കറിന്റെ അടുക്കലേയ്ക്ക വരാം. അദ്ദേഹത്തിന്റെ “തങ്കനാണയത്തിലോസ്നേഹം?” എന്ന കവിത അതിലോഭിയായ ഒരു പുരുഷന്റെ നേർക്കും അർത്ഥപരത്വമുള്ള അയാളുടെ മകളുടെ നേർക്കുമുള്ള ഒരു നേരിയ ശകാരമാണു്. പരിഹാസച്ഛായകലർന്ന ഉപാലംഭം. അതൊട്ടൊക്കെ അനുവാചകന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ഭൗതികത്വത്തിൽ നിന്നു് ആധ്യാത്മിക്തയിലേയ്ക്കും ആധ്യാത്മികത്വത്തിൽനിന്നു ഭൗതികതയിലേയ്ക്കും മാറിമാറി വീഴുന്ന മനുഷ്യാത്മാവിനെ വിദഗ്ദ്ധമായി ആവിഷ്ക്കരിക്കുന്നു ശ്രീ: പുലാക്കാട്ടു രവീന്ദ്രൻ തന്റെ ‘പഴനി’യിൽ എന്ന കവിതയിൽ. മാതൃഭൂമിയിലെ ഈ രണ്ടു കാവ്യങ്ങളുടെയും മാന്ത്രികത്വത്തിനു വിധേയമായികൊടുക്കാൻ സന്നദ്ധമാണു് അനുവാചകഹൃദയം. എങ്കിലും കവിതയിലെ പരിഹാസം ഈ ലേഖകനു് ആദരണീയമല്ല. പരിഹാസം ബുദ്ധിയിൽനിന്നു ഉദിക്കുന്നു. കവിത ആത്മാവിൽനിന്നും. ബുദ്ധിയിൽനിന്നും സംജാതമാകുന്ന ആക്ഷേപകവിത പ്രഭാഷണാത്മകതയുടെ മണ്ഡലത്തിലേയ്ക്കു് അനുവാചകനെ നയിക്കും. ആത്മാവിൽനിന്നു് ഉദയംകൊള്ളുന്ന കവിത സ്വപ്നമണ്ഡലത്തിലേയ്ക്കും. അതിനാൽ ശ്രീ. കാവാലം വിശ്വനാഥക്കുറുപ്പിന്റെ “കാക്കയും കൊറ്റിയും” (ജനയുഗം) ശ്രീ. കരിമ്പുഴ രാമചന്ദ്രന്റെ “ഭഗവാന്റെ മായ” (ജനയുഗം) ശ്രീ. കല്ലിയൂർ മധുവിന്റെ “നഗ്നചിത്രങ്ങൾ” (മലയാളനാടു്) എന്നീ ആക്ഷേപകവിതകളിൽ ഇച്ഛാശക്തിയുടെ പ്രകടനമാണു് നമുക്കു കാണാൻ കഴിയുക. ചന്ദ്രനിലേയ്ക്കള്ള യാത്രയെ പരമാർശിച്ചുകൊണ്ടു് ശ്രീ. തിരുനല്ലൂർ വാസുദേവ് ‘മലയാളരാജ്യ’ത്തിൽ എഴുതിയ “ഭൂമിയുടെ നിവേദനം” എന്ന കവിതയിൽ ഗദ്യാത്മകത്വവും ചോറിന്റെ വൈശിഷ്ട്യത്തെ പ്രതിപാദനം ചെയ്യുന്ന ‘ചോറു’ എന്ന പേരുള്ള, ശ്രീ. എഴുമറ്റൂർ കരുണാകരന്റെ കവിതയിൽ (മലയാളനാടു്) ഛന്ദസ്സിൽ ഒതുങ്ങിയ ആശയങ്ങളാണുള്ളതു്. യഥാർത്ഥമായ കവിതയുടെ നാദമുയർത്തുന്നു ശ്രീ. നീലമ്പേരൂർ മധുസൂദൻ നായരു ടെ “ഞാനും നീയും” എന്ന കാവ്യം (കുങ്കമം വാരിക). ഞാനും നീയും–ജീവാത്മാവും പരമാത്മാവും–അവയുടെ ബന്ധം ഹൃദ്യമായി കവി പ്രത്യക്ഷമാക്കുന്നു.
നീമമചൈതന്യഭാവം—ജഗത്
ജീവിതശക്തിപ്രഭാവം
രൂപാന്തരങ്ങളിലൂടെ—കാല
ദേശാന്തരങ്ങളിലൂടെ
നിന്നെ ഞാൻ വാരിപ്പുണർന്നു നിന്റെ
വർണ്ണഗന്ധങ്ങൾ നുകർന്നും
നില്ക്കുമ്പോൾ ഞാനൊരുഗാനം, നീയോ
നിഷ്പന്ദമാകാത്ത താളം!
ആധുനിക ഭാരതത്തിന്റെ ജീർണ്ണത കണ്ടു് രോഷാകുലനായ ശ്രീ. കവനാലയം “കൊടുങ്കാറ്റിന്റെ ശബ്ദ”ത്തിലൂടെ (കേരളശബ്ദം) തന്റെ അമർഷത്തെ പ്രകടിപ്പിക്കുന്നു. എന്തൊരു അസംവൃത മനഃസ്ഥിതി! എന്തൊരു അഗൂഢഭാവം! എന്തൊരു അന്തസ്സുള്ള ഉപാലംഭം! കവിതയുടെ വിഷയമേതായാലും അതൊരാധ്യാത്മിക ഗാനമായിരിക്കണമെന്നു വിശ്വസിക്കുന്ന എന്നെ കവി തൃപ്തനാക്കുന്നില്ലെങ്കിലും ഞാൻ അദ്ദേഹത്തിന്റെ കവനപാടവം അംഗീകരിച്ചുകൊടുക്കുന്നു.
കഥാകാരൻ ഗർഹണീയങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്താലും അനുവാചകനെ വിശുദ്ധിയുടെ മണ്ഡലത്തിലേക്കു നയിക്കണം. ഇല്ലെങ്കിൽ അതു് ഉത്കൃഷ്ടമായ കലാപ്രക്രിയയായിരിക്കുകയില്ല. തോമസ് മന്നി ന്റെ “വിശൂദ്ധനായ പാപി” (Holy Sinner) എന്ന നോവൽ അഗമ്യഗമനത്തെയാണു് പ്രതിപാദ്യ വിഷയമാക്കുന്നതു്. മാപ്പസാങ്ങി ന്റെ “തുറമുഖത്തു്” (In port) എന്ന ചെറുകഥയും അങ്ങനെതന്നെ. പക്ഷേ, ആ കൃതികൾ വായിക്കുന്നവർ വിശുദ്ധമായ ഒരന്തരീക്ഷത്തിലാണു് ചെന്നുനില്ക്കുക. അഗമ്യഗമനത്തോടു ബന്ധപ്പെട്ട ഉത്കട വികാരങ്ങളെ പ്രശാന്തത സംജാതമാകുമാറു് ആലേഖനം ചെയ്യുന്നതിൽ നിന്നാണു് ആ വിശുദ്ധി ഉളവാക്കുക. “വികാരങ്ങളെ പ്രശാന്തമാക്കുക, പ്രശാന്തതയെ വൈകാരികമാക്കുക”—ഇതാണു് സാഹിത്യത്തിന്റെ ധർമ്മമെന്നു് മാഹാനിരൂപകനായ ക്രോച്ചേ പറഞ്ഞിട്ടുണ്ടു്. ലൈംഗിക കാര്യങ്ങൾ പ്രതിപാദനം ചെയ്യുന്ന ആൽബർട്ടോ മൊറേവിയ, ഹാരോൾഡ് റോബിൻസ്, ജോൺ ഓഹര എന്നിവരെ കലാകാരന്മാരായി ഈ ലേഖകൻ അംഗീകരിക്കാത്തതിനു കാരണം ഇതു തന്നെ. അവർ അനുവാചകന്റെ കാമോത്സുകതയെ ഉദ്ദീപിപ്പിക്കുന്നതേയുള്ളു. ‘മലയാളനാടു്’ വാരികയിൽ ഗൗതമന്റെ ‘രാജാവിന്റെ തലയുള്ള നാണയം’ എന്ന കഥ വായിച്ചപ്പോൾ എന്നിലങ്കുരിച്ച ചിന്തകളെയാണു് ഞാൻ മുകളിൽ കുറിച്ചിട്ടതു്. ഒരു ബാലന്റെയും അവനെക്കാൾ പ്രായം കൂടിയ ഒരു ബാലികയുടെയും ശാരീരിക വേഴ്ചയെയാണു് ഗൗതമൻ അതിൽ കാമോദ്ദീപകമായി വർണ്ണിക്കുന്നതു്. അദ്ദേഹത്തിന്റെ ആഖ്യാനപാടവം നാം ആദരിക്കും. പക്ഷേ, ആഖ്യാനപാടവം പ്രദർശിപ്പിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു് ഒരെഴുത്തുകാരനും ഉത്കൃഷ്ടകലാകാരനായി അംഗീകരിക്കപ്പെട്ടിട്ടില്ല. മുൻപൊരിക്കൽ ‘മലയാളനാട്ടി’ൽ നല്ലൊരു കഥയെഴുതിയ ഗൗതമനാണു് ഈ രീതിയിൽ പ്രത്യക്ഷനാകുന്നതു്. ‘കുങ്കമം’ വാരികയിൽ ശ്രീ. ബാലകൃഷ്ണൻ എഴുതിയിരിക്കുന്ന “കൊടുങ്ങല്ലൂരമ്മ” എന്ന കഥയ്ക്കുള്ള ന്യൂനതയും ഇതുതന്നെ. ആർക്കും വഴങ്ങാത്ത ഒരു യുവതിയെ വശീകരിച്ചു് അവൾക്കു് ഒരു സന്താനത്തേയും പ്രദാനംചെയ്തിട്ടു് യുവാവു് മറുനാട്ടിലേയ്ക്കു പോയി. വർഷങ്ങൾകഴിഞ്ഞു് അയാൾ തിരിച്ചുവന്നു. തന്റെ ലൈംഗികാഭിലാഷത്തിന്റെ തൃപ്തിക്കുവേണ്ടി അയാൾ വീണ്ടും അവളുടെ അടുക്കലേയ്ക്കുപോയി. അന്നു് അവൾ ലൈംഗികരോഗംപിടിച്ച വേശ്യയാണു്. അയാളതു് അറിഞ്ഞില്ല. അടുത്ത ദിവസം വേദന സഹിക്കാതെ അയാൾ ഡോക്ടറെ കാണാൻപോകുമ്പോൾ അവൾ ഉറക്കെയുറക്കെ ചിരിച്ചു. അവളുടെ പ്രതികാര നിർവ്വഹണം! വസൂരിയുടെ വിത്തുകൾ വാരിയെറിയുന്ന കൊടുങ്ങല്ലൂരമ്മയെപ്പോലെ ലൈംഗികരോഗത്തിന്റെ വിത്തുകൾ എറിയുന്ന മറ്റൊരുഗ്രദേവതയായി അവൾ നില്ക്കുന്നു. ബാലകൃഷ്ണനും ആഖ്യാനപാടവമുണ്ടു്. പക്ഷേ, ഈ കഥയിലെ അതിരുകടന്ന വൈഷയികത്വം എനിക്കിഷ്ടമായില്ല. വായനക്കാരിൽ ഇതൊരു അനാരോഗ്യകരമായ അവസ്ഥയുളവാക്കുമെന്നാണു് എന്റെ വിചാരം. എമിലി സോള യുടെ “ഭൂമി ” എന്ന വിലക്ഷണമായ നോവലിലെ ഒരു ദുഷ്ടകഥാപാത്രത്തിന്റെ പേരു് യേശൂ-Yesus-എന്നാണു്. സോളയുടെ വിവേചനമില്ലായ്മയെയാണു് ഈ പേരിടൽ കാണിക്കുന്നതെന്നു് അനത്തോൾ ഫ്രാൻസ് അഭിപ്രായപ്പെട്ടിട്ടുണ്ടു്. അനേകമാളുകൾ ആരാധിക്കുന്ന കൊടുങ്ങല്ലൂരമ്മയെ ലൈംഗികരോഗം പിടിച്ച ഒരു വേശ്യയോടു് ഉപമിക്കുന്നതു് വിവേചനമില്ലായ്മയാണെന്നു് വ്യക്തിഗതനായ ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ പറഞ്ഞുകൊള്ളട്ടെ. ഇവിടെ ബാലകൃഷ്ണന്റെ കഥയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥയെക്കുറിച്ചുകൂടി പ്രസ്താവിക്കേണ്ടതായി വന്നിരിക്കുന്നു. വിശ്രുതനായ കാസനോവ യുടെ “സ്മരണ”കളിലുള്ളതാണതു്. ഒരു യുവതിയുടെ നിഷ്കളങ്കത കണ്ടു് കാസനോവ അവളെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവൾക്കു് ജീവിക്കാൻ വേണ്ടതെല്ലാം നൽകി. പക്ഷേ, അവൾ അദ്ദേഹത്തിനു് ലൈംഗികരോഗം പ്രദാനം ചെയ്തു. അദ്ദേഹത്തിനുമാത്രമല്ല: ചാരിത്രശാലിനിയാണെന്നു് അഭിനയിച്ചുകൊണ്ടു് കാസനോവ അറിയാതെ അവൾ അദ്ദേഹത്തിന്റെ ആറു സുഹൃത്തുകൾക്കും അതു് പകർന്നുകൊടുത്തു. സ്ത്രീയുടെ നിഷ്ക്കളങ്കത വെറും കള്ളമാണെന്നു് കാണിക്കാൻ കാസനോവ അങ്ങനെയൊരു കഥയെഴുതുകയാണു് (സ്മരണകൾ എന്നാണു ഗ്രന്ഥത്തിന്റെ പേരെങ്കിലും അതിലെ പല കഥകളും ഭാവനയുടെ സന്തതികളാണെന്നാണു് അഭിജ്ഞമതം) കാസനോവയുടെ കഥ അലക്ഷണമാകുന്നില്ല. ബാലകൃഷ്ണന്റെ കഥയെക്കുറിച്ചു് അങ്ങനെ പറയാൻ വയ്യ. ഇനി നമുക്കു ചേലാമറ്റം രുക്മിണിയുടെ (രുഗ്മിണീ എന്നല്ല) ‘കറുത്ത രാത്രി’ എന്ന ചെറുകഥയിലേയ്ക്കു പോകാം. സാവിത്രിക്കുട്ടി എന്ന യുവതിയുടെ ആത്മഹത്യയാണു് അതിലെ പ്രതിപാദ്യവിഷയം. സ്ത്രീ പുരുഷനെ സ്നേഹിക്കുന്ന നിർമ്മലമായ രീതിയിൽത്തന്നെ സാവിത്രിക്കുട്ടി ഒരാളെ സ്നേഹിച്ചു. അയാളോ? പുരുഷൻ സ്ത്രീയെ സ്നേഹിക്കുന്ന കളങ്കമായരീതിയിലേ അവളെ സ്നേഹിച്ചുള്ളു. അയാളുടെ വ്യഭിചാരം കണ്ടുമടുത്ത സാവിത്രിക്കുട്ടി ആത്മഹത്യ ചെയ്തു. നിത്യജീവിതത്തിൽ ഇങ്ങനെയുള്ള ആത്മഹത്യകൾ ധാരാളമുണ്ടാകുന്നുവെന്നു നമുക്കുറിയാം. പക്ഷേ, രുക്മിണിയുടെ കലാലോകത്തിലെ ഈ ആത്മഹത്യ അനുവാചകന്റെ ഹൃദയത്തെ സ്പർശിക്കുന്നില്ല. ജീവിതസംഭവങ്ങളെ കഥാകാരി കാണുന്നു. അവയെ ‘ബ്ളോട്ടിംഗ്പേപ്പർ’ വച്ചു മഷിയെടുക്കുന്നതുപോലെ ഒപ്പിയെടുക്കുന്നു. അതു കലയുടെ പ്രക്രിയയല്ല ജീവിതസംഭവങ്ങളുടെ പിന്നിലുള്ള ജീവിതസത്യത്തെയാണു് കലാകാരൻ ആവിഷ്ക്കരിക്കേണ്ടതു്. അതു രുക്മിണി മനസ്സിലാക്കിയിട്ടില്ല.
ഈ ആഴ്ചയിലെ ‘ജനയുഗം’ വാരികയിൽ കേവലൻ എഴുതിയിരിക്കുന്ന ‘ഛായ’ എന്ന ചെറുകഥ കലാസുന്ദരമത്രേ. സർവ്വസാധാരണങ്ങളായ രണ്ടു കഥാപാത്രങ്ങളെ അസാധാരണമായ ഒരു സന്ദർഭത്തിൽ കൊണ്ടുനിറുത്തിയിട്ടു് അവരുടെ ജീവിതത്തിലെ ഒരു ഭീകരനിമിഷത്തെ കഥാകാരൻ വിദഗ്ദ്ധമായി ചിത്രണം ചെയ്യുന്നു. കല്ലാശാരി കിട്ടു. ഒരു സാധാരണ മനുഷ്യൻ. ഭാര്യയുടെ ചാരിത്രത്തിൽ സംശയാപന്നനായി അയാൾ കുഞ്ഞിനെ ചവിട്ടിക്കൊന്നു. അവൾ അതോടെ ഭ്രാന്തിയായി, മരിച്ച കുട്ടി യുവതിയുടെ രൂപത്തിൽ തന്റെ മുമ്പിൽ വന്നു നില്ക്കുന്നതായി അയാൾ സ്വപ്നം കാണുന്നു. സ്വപ്നത്തിലൂടെയാണു് കഥയുടെ സമ്പൂർണ്ണമായ ആവിഷ്ക്കാരം. സ്വപ്നത്തിലൂടെ അനുവാചകൻ സത്യം സാക്ഷാത്കരിച്ചു് ആഹ്ലാദിക്കുന്നു.
ഭർത്താവു് വ്യഭിചരിച്ചതുകൊണ്ടു് താനും വ്യഭിചരിക്കുമെന്നു് തീരുമാനിക്കുന്ന ഒരു ഭാര്യയെ ശ്രീ. ഗോവിന്ദൻ കുട്ടി, മങ്കര “നിന്റേതുമാത്രം” എന്ന കഥയിൽ അവതരിപ്പിക്കുന്നു (കുങ്കമം വാരിക). അച്ഛന്റെ രണ്ടാമത്തെ വിവാഹം കണ്ടു് ദുഃഖാകുലനാകുന്നുണ്ടെങ്കിലും പ്രതിബന്ധങ്ങളെ തട്ടിത്തകർത്തു് ജീവിതത്തിൽ മുന്നേറുമെന്നു് ശപഥംചെയ്യുന്ന ഒരു മകനെ ശ്രീമതി ഭാമിനി “തീരം” എന്ന കഥയിലൂടെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നു. രണ്ടു കഥകൾക്കും കലയുടെ ചാരുതയില്ല. ആദ്യത്തേതിനു തീരെയില്ല. തന്നെ ഇഷ്ടമില്ലാത്ത അമ്മായിയെ (ഭാര്യയുടെ അമ്മയെ) ഉറക്കഗുളികകൊടുത്തു് ഉറക്കുന്ന ഒരുവനെയാണു് ശ്രീ. തിരുനല്ലുർ ചന്ദ്രൻ “സാഫല്യ”മെന്ന കഥയിലൂടെ സഹൃദയ ലോകത്തിലേയ്ക്കു് തള്ളിവിട്ടു് ചരിതാർത്ഥനാവുന്നതു്: ആ കഥയ്ക്കും ഭംഗിയില്ല.
ശ്രീ. വി. ടി. ഭട്ടതിരിപ്പാടി ന്റെ ആത്മകഥയിൽ നിന്നൊരുഭാഗം “കെടാത്ത തീനാളങ്ങൾ” എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരസ്യംചെയ്തിരിക്കുന്നു. മനോഹരമാണു് ഈ ആത്മകഥാംശം. കവിയെ വി. ടി. ഭട്ടതിരിപ്പാടിനെയാണു് ഞാൻ ഇവിടെ കാണുന്നതു്. സത്യത്തിലുള്ള വിശ്വാസം, ഇച്ഛാശക്തിയുടെ വിശൂദ്ധി ഭാവതരളിതമായ ഹൃദയം ഇവയൊക്കെ അനായാസമായി ഇവിടെ ദർശിക്കാം. ഇതിന്റെ ശേഷം ഭാഗവും ഉള്ളപോലെ തന്നെ സുന്ദരമായിരുന്നെങ്കിൽ! ഒരുഭാഗം ഉദ്ധരിക്കാതിരിക്കാൻ എനിക്കു മനസ്സുവരുന്നില്ല.
“അങ്ങനെ കാലം കടന്നുപൊയ്ക്കൊണ്ടിരിക്കെ ഒരു വേനലറുതിയിൽ സായന്തനസന്ധ്യാവന്ദനത്തെ പ്രതീക്ഷിച്ചു് ക്ഷേത്രക്കടവിൽ ഈറൻ മനോരാജ്യങ്ങൾ കാറ്റത്തിട്ടു നില്ക്കുകയായിരുന്നു ഞാൻ. അണിഞ്ഞൊരുങ്ങിയ അസ്തമയസന്ധ്യ ആകാശതലത്തിലും.”
“കാറൊളിവർണ്ണനെക്കാണുമാറാകണം
കാമിതമെന്തെന്നു കേൾക്കുമാറാകണം”
സായന്തനത്തിലെന്നിലൂടെ ഒരു മൂളിപ്പാട്ടു് ഒഴികിവന്നു. പ്രതീകാത്മകമായി എന്റെനേർക്കു വിരൽചൂണ്ടുന്ന ആ ഈരടിയുടെ കവയിത്രയിൽ ഞാൻ ശ്രദ്ധാലുവായി. തലയിൽ ഒരു പൊത്തെണ്ണ, കൈയിൽ ഒരുപിടി തിരുതാളി, ചുണ്ടിൽ വിടരുന്ന പുഞ്ചിരി. ഇങ്ങനെ പുഴവക്കത്തെ കുറ്റിക്കാട്ടിൽ നിന്നു് ശ്രീമതി അമ്മുക്കുട്ടിവാരസ്യാർ ഒരു കുറിഞ്ഞിപൂച്ചയുടെ കുറുംകൗശലത്തോടെ അരിച്ചരിച്ചു വരികയാണു്. ഞങ്ങളുടെ വിടർന്ന നയനങ്ങൾ ആ പോക്കുവെയിലിൽ പൂമ്പാറ്റയുടെ ഉത്സാഹപ്രകർഷത്തിൽ തെല്ലിട പാറിക്കളിച്ചു. എന്നിൽനിന്നു ചൂടുള്ള ഒരഭിനിവേശം തിളച്ചുപൊങ്ങി. ഇതിഷ്ടാണോ? മടിക്കുത്തിൽ നിന്നു് ഒരു പിടി മുല്ലമൊട്ടു് അവളെന്റെ നേരേ നീട്ടീ…”
എത്ര സുന്ദരം! ആണുങ്ങളൊക്കെ ഇങ്ങനെയാണു് എഴുതുന്നതു്. അല്ലാതെ വേലിചാടി കാമുകൻ വന്നതും കെട്ടിപ്പിടിച്ചതും ചുംബിച്ചതും ശാരീരികദാഹം ശമിപ്പിച്ചതും ഒക്കെ വിവേചനമില്ലാതെ വർണ്ണിക്കുകയല്ല.
ജീവിതം മറന്ന സാഹിത്യരംഗത്തെക്കുറിച്ചു് ശ്രീ. എം. കുട്ടിക്കൃഷ്ണൻ ആവേശത്തോടെ ഉപന്യസിക്കുന്നു. ‘ദേശാഭിമാനി’ വാരികയിൽ ശ്രീ. കുട്ടിക്കൃഷ്ണന്റെ പ്രബന്ധത്തിലെ എല്ലാ ആശയങ്ങളോടും എനിക്കു യോജിക്കാൻ സാധിക്കുന്നില്ല. എങ്കിലും എനിക്കു പരാതിയില്ല. അദ്ദേഹം സ്വകീയങ്ങളായ അഭിപ്രായങ്ങളാണു് ആവിഷ്ക്കാരം നല്കുന്നതു്. അവയോടു് എല്ലാവരും യോജിക്കുമെന്നു് അദ്ദേഹം തന്നെ വിചാരിക്കുകയില്ലല്ലോ! പുരുഷാന്തരം ഒരു മതനികുതിയായിരുന്നുവെന്നും അതു് സാമൂതിരിമാർ മുഹമ്മദീയരിൽനിന്നുമാത്രം പിരിച്ചെടുത്തിരുന്നെന്നും ആ രീതിയിലുള്ള വിവേചനാപരമായ പെരുമാറ്റം അവരുടെ ധർമ്മരോഷമിളക്കിവിട്ടെന്നും മറ്റും ശ്രീ. സി. കെ. കരിം മലയാളനാടുവാരികയിൽ ഉപന്യസിച്ചിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചു് ഒരഭിപ്രായം പറയാൻ ഈ ലേഖകൻ പ്രഗല്ഭനല്ല. അതു് ഞാൻ ചരിത്രപണ്ഡിതന്മാർക്കു് വിട്ടുകൊടുക്കട്ടെ. തന്റെ വാദത്തിനു് അനുരൂപങ്ങളായ യുക്തികൾ ലേഖകൻ നല്കുന്നുണ്ടെന്നു മാത്രമേ ഞാൻ പറയുന്നുള്ളു.
സാഹിത്യകാരൻ വികാരങ്ങളെ ഭാവനയുടെ തൊട്ടിലിൽക്കിടത്തി താലോലിക്കണം. തന്റെ ബുദ്ധിയിലേക്കല്ല, ആത്മാവിലേക്കു ഉറ്റുനോക്കണം. ജീവിത സംഭവങ്ങളെ നിരാകരിച്ചിട്ടു് ജീവിത സത്യങ്ങളെ ചിത്രീകരിക്കണം. അപ്പോൾ ശ്രേഷ്ഠമായ സാഹിത്യം സംജാതമാകും. അങ്ങനെയുള്ള ഒരു അസുലഭ നിമിഷത്തിലാണു് വിക്തർയുഗോ ചന്ദ്രകലയെക്കണ്ടു് ഇങ്ങനെ പറഞ്ഞതു്.
“ ഏതു് ഈശ്വരനാണു്, ഏതു് ശാസ്വത വസന്തത്തിന്റെ കൊയ്ത്തുകാരനാണു് ഈ സ്വർണ്ണക്കൊയ്ത്തരിവാൾ നക്ഷത്രങ്ങളുടെ വയലുകളിൽ അലക്ഷ്യമായി എറിഞ്ഞിട്ടു പോയിരിക്കുന്നതു്?”
ഇതുപോലൊന്നു എഴുതാൻ എനിക്കു കഴിഞ്ഞെങ്കിൽ ഞാനെത്ര ധന്യനാകുമായിരുന്നു.