നിർവ്യാജവികാരങ്ങൾ നിർവ്യാജമായ രീതിയിൽത്തന്നെ ആവിഷ്കൃതങ്ങളാകുമെന്ന തത്ത്വത്തിനു് നിദർശകമാണു് ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണിയുടെ “ഒരു തുള്ളി വെളിച്ചം” എന്ന കവിത (മലയാളനാടു് വാരിക-ലക്കം 17). ആദിപ്രകൃതിയിൽ നിന്നു് ഉയിർത്തെഴുന്നേറ്റ ഒരു തുള്ളി വെളിച്ചം—ബഡവാലനബിന്ദു—പ്രപഞ്ചമാകെ വ്യാപിക്കട്ടെയെന്നു് കവി ആശംസിക്കുന്നു. ആ ആശംസയ്ക്കു ചാരുതയുണ്ടു്, യഥാർത്ഥമായ കവിതയുടെ നാദമുണ്ടു്. അതിന്റെ ഒരു ഭാഗം കേട്ടാലും:
ഒരു പുലരിപ്പൂവിലുണർന്ന
വിരിഞ്ഞവെളിച്ചത്തിന്റെ നുറുങ്ങേ!
നിറയുകനീ നീലതമസ്സിൽ
നിഴലുകളലിയും നിത്യനഭസ്സിൽ
മുകരുകനീരാഗപരാഗം
ചിതറിയ വിശ്വവിശാലതയുടെ
മൃദുലദലങ്ങളിൽ!
ഈ തുള്ളിവെളിച്ചം അജ്ഞാതമായ ഏതോ ഒരു കാലത്തു് ജഡവസ്തുവിൽ പ്രവേശിച്ച ജീവനാണു്. അതിന്റെ മോഹനവികാസം നാം ഇന്നു കാണുന്നു. കൂടുതൽ ചേതോഹരമായി അതു വികാസം കൊള്ളട്ടേ എന്നാണു് കവിയുടെ പ്രാർത്ഥന. സുന്ദരമായ ഒരാശയത്തെ സുന്ദരമായ പ്രതീകംകൊണ്ടു് കവി ആവിഷ്ക്കരിക്കുന്നു. ചങ്ങമ്പുഴ ക്കവിതയുടെ രഹസ്യം മനസ്സിലാക്കിയ അച്യുതനുണ്ണി സ്വന്തം വ്യക്തിത്വത്തിന്റെ മുദ്ര പതിപ്പിച്ചേ കാവ്യങ്ങളെഴുതാറുള്ളുവെന്നതു് ആദരണീയമത്രേ. എന്നാൽ ആവിഷ്കരണരീതിക്കു് നവീനതയില്ലെങ്കിലോ? ആശയങ്ങൾ വാങ്മയചിത്രങ്ങളായിട്ടില്ലെങ്കിലോ? കവിത വിങ്ങുന്നതും വിക്കുന്നതും നമുക്കുകാണാം. ആ അവ്യക്തഭാഷണവും സ്ഖലിതസ്വരവുമാണു് ശ്രീ. അയിരൂരിന്റെ “മായാത്ത ചിത്രങ്ങളി”ൽ ഉള്ളതു്.
“അരയാൽക്കുരുവിങ്കലമ്മഹാവൃക്ഷത്തിന്റെ
പെരുമജീവസത്തയെങ്ങനെയുൾകൊള്ളുന്നു
അതുപോൽപരമാണുപോലതിസൂക്ഷ്മത്തിന്റെ
പ്രതിഭാസങ്ങളന്തസ്സത്തയിൽ സ്ഫുരിക്കുന്നു”
സാഹിത്യത്തിനു് വികാസം വരുത്തി വരുത്തി നാം ദുഃഖത്തെ ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്നു. അത്യന്താധുനിക കവിത സാഹിത്യത്തിന്റെ വികാസത്തിനു് നിദർശകമാണത്രേ. പക്ഷേ, വികാരലോലമായ ഹൃദയമുള്ളവനു് അതിന്റെ പാരായണം തീവ്രവേദനയുളവാക്കുന്നു. ചെറുകഥയിലുമുണ്ടു് അത്യന്താധുനികത. അതും ദുഃഖകരമാണു്.
എന്ന വരികളിൽ വ്യക്തഭാഷണവും അസ്ഖലിതസ്വരവുമാണുള്ളതെന്നു തോന്നും. ആ തോന്നൽ ശരിയല്ല. കവിതയ്ക്കു ഗദ്യത്തിൽ നിന്നു വിഭിന്നമായ സ്പഷ്ടഭാഷണമുണ്ടു്, അസ്ഖലദ്വാക്യരചനയുണ്ടു്. വികാരം ശരിയായി രൂപംകൊള്ളുമ്പോഴാണു് ആ ഗുണങ്ങൾ സംജാതങ്ങളാവുക. നിരൂപണത്തിനുമാത്രം യോജിച്ച ഈ ഭാഷവിട്ടിട്ടു് പച്ചയായിപ്പറയാം. ഈ കവിതയിൽ ആശയമുണ്ടു്, അലങ്കാരമുണ്ടു്, ഛന്ദസ്സുണ്ടു്, കലാത്മകത്വമില്ല. കവിതയുടെ പ്രതിപാദ്യവിഷയത്തെ ആധുനിക ചിന്താഗതികളോടു് അടുപ്പിക്കുവാൻ ഇന്നത്തെ കവികൾ ശ്രമിക്കുമ്പോൾ, ആ ശ്രമത്തിൽ അവർ പരാജയപ്പെടുമ്പോൾ, ശ്രീമതി സുഗതകുമാരി ആധുനികത്വം ആവഹിക്കുന്ന വിഷയങ്ങളെ പ്രാചീന ചിന്താഗതികളോടു് അടുപ്പിക്കുകയും ആ യത്നത്തിൽ വിജയം വരിക്കുകയും ചെയ്യുന്നു. അതിനു മതിയായ ഒരു ഉദാഹരണമാണു് അവരുടെ “ഒരു പുരാവൃത്തം” എന്ന കവിത (മാതൃഭൂമി) പൗരാണികമായ അന്തരീക്ഷവും മതത്തോടുബന്ധപ്പെട്ട കല്പനകളും ആ കവിതയ്ക്കു തെല്ലൊരു ആനാകർഷകത്വം വരുത്തുന്നുവെങ്കിലും സുഗതകുമാരി കവി തന്നെ എന്ന സത്യം അതു് വിളംബരം ചെയ്യുന്നുണ്ടു്. ചന്ദ്രനെ സ്പർശിച്ചുപോന്ന മനുഷ്യനോടു്
“അമ്പിളിപ്പൂവിൽച്ചെന്നുതൊട്ടുപൊന്നൊരുനിന്റെ
പൊൻകരമെന്നും സ്നേഹതീവ്രമായ് ജ്വലിക്കട്ടേ
അഴലിൽ താഴും മാതൃദേവിയെകരേറ്റുവാൻ
കഴിവുറ്റൊരു പൊന്നിൻതേറ്റതൻ കരുത്തോടെ”
എന്നു് വികസിതോജ്ജ്വലമായ മനുഷ്യസ്നേഹത്തോടെ കവി ആശംസാസൂചകമായി പറയുന്നതു കേൾക്കാൻ ഭംഗിയുണ്ടു്. സുഗതകുമാരിയുടെ ഈ കാവ്യത്തിൽനിന്നു് ശ്രീ. യു. ശങ്കരനാരായണന്റെ ‘കുട്ടപ്പ’ എന്ന കവിതയിലേയ്ക്കു ചെന്നാലോ? (മലയാളരാജ്യം ലക്കം 11) അയഥാർത്ഥമായ കലയ്ക്കു നാം അഭിമുഖീഭവിച്ചുനില്ക്കും.
പൊട്ടുകടലകൊറിച്ചും പൈപ്പിലെ
വറ്റാത്തവെള്ളം കുടിച്ചിട്ടും
ഒട്ടേറെനാളുകൾ തെണ്ടിത്തിരിഞ്ഞു
കിട്ടിമോക്ഷമവസാനം

എന്നിങ്ങനെ അദ്ദേഹമെഴുതുന്നതു് വായിക്കുമ്പോൾ കലാശൂന്യത കണ്ടുണ്ടാകുന്ന ദുഃഖത്തിനു് നാം വിധേയരാവുകയാണു്. ഇതു് പരിഹാസകമെന്നു് പറയാവുന്നതല്ല. ശാസ്ത്രത്തിന്റെ കഴിവിനെ വാഴ്ത്തി അന്ധവിശ്വാസത്തെ പരിഹസിച്ചു് ശ്രീമതി ഭാരതി ഉദയഭാനു “മലയാളനാട്ടി”ൽ എഴുതിയിരിക്കുന്ന “അമ്പിളിക്കല ചൂടുവോൻ” എന്ന കവിത വായിക്കുക. അതു് ഉപഹാസ കാവ്യമാണെന്നു് സമ്മതിച്ചുകൊടുക്കാൻ നാം തയ്യാറാണു്. ആ രീതിയിലും ശങ്കരനാരായണന്റെ “കുട്ടപ്പ”യ്ക്കു് അംഗീകാരം കിട്ടുകയില്ല. തികഞ്ഞ ഗൗരവത്തോടെ കവിതയെഴുതാം: ഉല്ലാസത്തോടെയും എഴുതാം. ആ ഉല്ലാസമാണു് ശ്രീ. പി. നാരായണക്കുറുപ്പി ന്റെ “സത്യത്തിന്റെ പിറകെ” എന്ന കവിതയിൽ ഞാൻ കണ്ടതു്. ആധ്യാത്മികതയിലും തലയുയർത്തുന്ന ലൈംഗികത്വത്തെ കവി ആവിഷ്ക്കരിക്കുന്നു. അതേ ഉല്ലാസംതന്നെ ശ്രീ. ശ്രീകുമാരൻ തമ്പി യുടെ നീലത്താമരയിലും ഞാൻ ദർശിച്ചു. തികച്ചും കാവ്യാത്മകങ്ങളല്ലാത്ത വരികൾ അദ്ദേഹത്തിന്റെ കവിതയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിലും ഒരു ഗ്രാമീണകന്യകയുടെ സൗഭഗം അതിനുണ്ടു്. നട്ടെല്ലുവളയ്ക്കാതെ ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കാത്തതിൽ രോഷം കൊള്ളുകയാണു് ഡോക്ടർ പി. വി. വേലായുധൻപിള്ള. അദ്ദേഹത്തിന്റെ രോഷത്തിൽ ഞാനും പങ്കുകൊള്ളുന്നു: അദ്ദേഹത്തോടു് യോജിക്കുകയും ചെയ്യുന്നു. അതുപോലെ ഡോക്ടർ വേലായുധൻപിള്ളയുടെ കവിതയിൽ കലാത്മകതയില്ലെന്ന എന്റെ അഭിപ്രായത്തോടു അദ്ദേഹവും യോജിക്കും. കാരണം പണ്ഡിതനായ എന്റെ സ്നേഹിതൻ ഉത്തമകവിതയുടെ ആരാധകനും സ്തോതാവും ആണെന്നതാണു്. ധർമ്മരോഷം പ്രകടിപ്പിക്കണമെന്നതിൽക്കവിഞ്ഞു് അദ്ദേഹത്തിനു് വേറൊരു ഉദ്ദേശ്യവും ഉണ്ടാകാനിടയില്ല. ഹൃദയവും പ്രജ്ഞയും ഒന്നുപോലെ ശൂന്യമായിരുന്ന സമയത്താണു് ശ്രീ. എം. എൻ. പാലൂരു് ‘നരഭുക്കുകൾ’ എന്ന കവിത രചിച്ചതു്, (മാതൃഭൂമി ലക്കം 27) അദ്ദേഹം പറയുന്നു:
“കരണീയമെന്തറിയില്ല ചൊല്ലുകവീണ്ടും
കവിതേ, കാലിട്ടടിക്കുന്നു വാക്കുകളുള്ളിൽ
മരണാധികം മമസങ്കടം ഭീതിപ്രദം
ഖരഭൂഷണത്രി ശിരസ്സുകളാണെൻ ചുറ്റും
പരപുച്ഛവും പകപോക്കലും പട്ടിൽപൊതി
ഞ്ഞൊരുധാർഷ്ട്യവും നരബുക്കുകളാണെല്ലാരും.”
യഥാർത്ഥത്തിൽ കവിത കാലിട്ടടിക്കുകയാണു് ഈ വരികളിൽ. അതു് തുറന്നു പറയുന്നവരെ നരഭുക്കുകളെന്നു് വിളിക്കുന്നതു് ആത്മസംതൃപ്തി നൽകാൻ പ്രയോജകീഭവിക്കുമെന്നു് ഞാൻ സമ്മതിക്കുന്നു. ശ്രീ. ടി. ആർ. ശ്രീനിവാസന്റെ “എന്റെ മധുവിധു”വും ശ്രീ. എം. ഗോവിന്ദന്റെ ‘മനോധർമ്മവും’ വായിച്ചുകഴിഞ്ഞയുടനെ കാവ്യാംഗന എന്നോടുചോദിച്ചു: “ഞാൻ ആരാണെന്നു് നിങ്ങൾക്കറിയാമോ?’ ഞാൻ മറുപടിനൽകി.
“എന്റെ വിചാരങ്ങളിലും വികാരങ്ങളിലും സ്വപ്നസഞ്ചാരം നടത്തുന്ന അത്ഭുതരൂപിണി”.
കാവ്യംഗന വീണ്ടും ചോദിച്ചു: “ആ അത്ഭുതരൂപിണിയെ നിങ്ങൾ ഗോവിന്ദന്റെയും ശ്രീനിവാസന്റേയും കവിതകളിൽ കണ്ടോ?”
“ഇല്ല” എന്നു് ഞാൻ മറുപടി പറഞ്ഞു. ഇതിനുശേഷം ഞാൻ ഔത്സുക്യത്തോടെ “മംഗളോദയത്തി”ന്റെ സെപ്തംബർ ലക്കം തുറന്നു് ശ്രീ. പുറമണ്ണൂർ ടി. മുഹമ്മദിന്റെ “നേടി” എന്ന കവിത വായിച്ചു എന്നിട്ടു് “ഇവിടെയും ഇല്ല, ഇല്ല, ഇല്ല” എന്നു്.
നമ്മുടെ പിതാമഹന്മാരെയും പ്രപിതാമഹന്മാരെയും രസിപ്പിച്ചിരുന്ന സാഹിത്യത്തിനു ഇന്നു് സ്ഥാനമില്ലാതെ വന്നിരിക്കുന്നു, ഇന്നു് സാഹിത്യത്തിന്റെ നരകത്തിലിരുന്നുകൊണ്ടു് നാം സാഹിത്യത്തിന്റെ സ്വർഗ്ഗത്തിലാണു് ഇരിക്കുന്നതെന്നു് വിശ്വസിക്കുന്നു. യഥാർത്ഥസാഹിത്യത്തിലും സുജനമര്യാദയിലുമുള്ള നമ്മുടെ വിശ്വാസം നാം വീണ്ടെടുക്കുമോ?
സാഹിത്യത്തിനു് വികാസം വരുത്തി വരുത്തി നാം ദുഃഖത്തെ ക്ഷണിച്ചുകൊണ്ടുവന്നിരിക്കുന്നു. അത്യന്താധുനിക കവിത സാഹിത്യത്തിന്റെ വികാസത്തിനു് നിദർശകമാണത്രേ. പക്ഷേ, വികാരലോലമായ ഹൃദയമുള്ളവനു് അതിന്റെ പാരായണം തീവ്രവേദനയുളവാക്കുന്നു. ചെറുകഥയിലുമുണ്ടു് അത്യന്താധുനികത. അതും ദുഃഖകാരണമാണു്. മാതൃഭൂമിയിലെ (26-ാം ലക്കം) ‘ചെകുത്താൻ’ എന്ന കൊച്ചുകഥ വായിച്ചു നോക്കുക. ശ്രീ. കളിയലിൽ രാധാകൃഷ്ണനെഴുതിയതാണതു്. ശ്രീമതി മാധവിക്കുട്ടി യുടെ “ചന്ദ്രരശ്മികൾ” എന്ന കഥ “മലയാളനാട്ടി”ൽ (ലക്കം 18) വായിക്കുക. ദുർഗ്രഹത ഏതു് അതിരുവരെ പോകുമെന്നതു് അവയുടെ പാരായണം വ്യക്തമാക്കിത്തരും. ദുർഗ്രഹമായതുകൊണ്ടു് അവയെ സംഗ്രഹിച്ചെഴുതാൻ പോലും സാദ്ധ്യമല്ല. അന്യോന്യബന്ധമുള്ള വാക്യങ്ങൾ ഉണ്ടെങ്കിലല്ലേ സംഗ്രഹം നൽകാൻ കഴിയൂ. ഈ രണ്ടു കഥകളിലും അതില്ല. രാഷ്ട്രവ്യവഹാരം നടത്തുന്നവരാണു് ലോകത്തിന്റെ ദുഃഖം കൂട്ടുന്നതെന്നു് ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്. സാഹിത്യകാരന്മാരോളം അവർ അപരാധികളല്ലെന്നു് തോന്നുന്നു. ഈ യാതന ഒട്ടൊക്കെ മാറിക്കിട്ടുന്നതു് ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ ‘മഞ്ഞൾപ്പൊടി’ എന്ന ചെറുകഥ വായിക്കുമ്പോഴാണു്. കഥ പറയുന്നതിൽ ശ്രീ. രാമകൃഷ്ണൻ അസാധാരണ വൈദഗ്ദ്ധ്യം കാണിക്കുന്നുവെന്ന മട്ടിലല്ല ഞാനിങ്ങനെ പറയുന്നതു്. ഒരു യുവാവിന്റെ കാമോത്സുകതയെ അദ്ദേഹം രസകരമായി വർണ്ണിക്കുന്നുവെന്നേ ഞാൻ സൂചിപ്പിക്കുന്നുള്ളു. ആ കഥയിൽ കൊച്ചോളങ്ങളിളക്കുന്ന പരിഹാസം ആരെയും ആഹ്ലാദിപ്പിക്കും എന്നേ ഞാൻ പറയുന്നുള്ളു. ആ ആഹ്ലാദമുളവാക്കാത്തതുകൊണ്ടാണു് ശ്രീ. ഐയ്ക്കര ശശിയുടെ ‘പ്രേതം’ എന്ന കൊച്ചുകഥ (മലയാളനാടു്) രസശുഷ്കമായ പ്രബന്ധംപോലെ ആയിപ്പോയതു്. തിരുവോണത്തിൻ നാളിൽ ഭൂതകാല സംഭവങ്ങൾ സ്മരിച്ചു് വിഷാദാകുലനാകുന്ന ഒരുവന്റെ ചിത്രം ശ്രീ. പുതൂർ ഉണ്ണിക്കൃഷ്ണൻ ഹൃദയഹാരിയായി വരച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ “പൊന്നോണം” എന്ന കഥയെ ഉദ്ദേശിച്ചാണു് ഈ പ്രസ്താവം. നഷ്ടപ്പെട്ട യൗവനം, നഷ്ടപ്പെട്ട കാമുകി–അവയെക്കുറിച്ചുള്ള വിഷാദഗ്രസ്തങ്ങളായ ചിന്തകളാണിവിടെയുള്ളതു്. പക്ഷേ, അത്യന്താധുനികരെപ്പോലെ അദ്ദേഹം വായനക്കാരനു മനസ്താപം ഉളവാക്കുകയല്ല. കലയിലൂടെയുള്ള വിഷാദമാണതു്. രസാനുഭൂതിക്കാണു് ഇവിടെ പ്രാധാന്യം. ജനയുഗം വാരികയിലെ (സെപ്തംബർ 21) കഥാലോകത്തിനു് ആകർഷകത്വമുണ്ടു്. ജീവിതഭാരം അനുഭവിക്കുന്ന മൂന്നുപേരെയാണു് ശ്രീ. ഈ. വാസുവും ശ്രീ. ഗൗതമനും ശ്രീ. കെ. എൻ. മോഹനവർമ്മയും അവതരിപ്പിക്കുക. ജീവിതത്തിന്റെ ഏക സ്വഭാവവും ഏകരൂപവും കണ്ടു് മനസ്സുമടുത്ത ഒരാളെ വാസു വിദഗ്ദ്ധമായി ചിത്രീകരിക്കുന്നു. ആത്മഹത്യക്കുള്ള ഗുളികപോലും എടുത്തു വിഴുങ്ങാൻ അയാൾക്കു കെല്പില്ല. സ്നേഹിതൻ അതെടുത്തു് വായ്ക്കകത്തേക്കു് ഇട്ടുകൊടുത്താൽ അയാൾ വിഴുങ്ങും. ഇവിടെ ഒരത്യുക്തിയും സ്വഭാവത്തിന്റെ സ്ഥൂലീകരണവും ദർശിക്കാം, എങ്കിലും അതു് വൈരസ്യജനകമല്ല. അച്ഛന്റെ സ്നേഹക്കുറവുകൊണ്ടും ഒരു സ്വാർത്ഥമോഹിയുടെ ക്രൗര്യം കൊണ്ടും ദുഃഖത്തിലാണ്ട ഒരു തരുണിയുടെ ഹൃദയസ്പർശകമായ ചരിത്രം ഗൗതമൻ എഴുതുന്നു. അദ്ദേഹത്തിനു കഥ പറയാൻ അറിയാം. ഗണപതിവിഗ്രഹത്തിന്റെ സമീപത്തുകിടക്കുന്ന നാണയങ്ങൾ പെറുക്കിയെടുത്തു വിശപ്പുമാറ്റാൻ പോകുന്ന യുവാവിനെ ചിത്രീകരിക്കുന്ന മോഹനവർമ്മ ജീവിതഭാരത്തെയും കൂടി ചിത്രീകരിക്കുകയാണു്. അസമത്വങ്ങളുടെ നേർക്കു് അദ്ദേഹം പരിഹാസം പൊഴിക്കുന്നു.

ആഖ്യാനപാടവമുള്ള കഥാകൃത്താണു് ശ്രീ. എം. സുകുമാരൻ. സ്ത്രീയുടെ ദൗർബല്യത്തെയും പുരുഷന്റെ ചാപല്യത്തെയും ആവിഷ്ക്കരിച്ചു പ്രേമത്തിന്റെ നിസ്സാരതയെ അഭിവ്യഞ്ജിപ്പിക്കാനാണു അദ്ദേഹം ‘ആ കനി’ എന്ന ചെറുകഥ എഴുതിയതു് (മലയാളനാടു്). പക്ഷേ, സുകുമാരന്റെ ആഖ്യാനപാടവം ഈ കഥയിൽ കാണാനില്ല. ചെറുകഥയ്ക്കു ഉറപ്പുവേണം, പ്രതിപാദനരീതിയുടെ രാമണീയകം വേണം. വിചാരശീലനാണു് കഥാകാരനെന്നു് അനുവാചകനു തോന്നണം, അതൊന്നും ഈ കഥയിലില്ല. ശ്രീ. ബാലകൃഷ്ണൻ ഒട്ടൊക്കെ വിചിത്രമായ ഒരു വിഷയമാണു് ‘സുഖവാസം’ എന്ന കഥയിൽ പ്രതിപാദിക്കുന്നതു്. തനിക്കു് വാർദ്ധക്യം വരുമെന്നു് ഒരു യുവതി പേടിക്കുന്നു. അവളെ ആ ഭയത്തിൽനിന്നു മോചിപ്പിക്കാനായി ഭർത്താവു് ഒരു സുഖവാസസ്ഥലത്തു കൊണ്ടുചെല്ലുന്നു. അവിടെക്കണ്ട ഒരു വൃദ്ധനുമായി അവൾ അടുക്കുന്നു. വൃദ്ധൻ മരിക്കുമ്പോൾ അവൾ ഭർത്താവുമൊത്തു മടങ്ങിപ്പോരികയും ചെയ്യുന്നു. ഒരു സ്ത്രീയുടെ പേടിയെ (Phobia) മനഃശാസ്ത്രത്തിന്റെ ദൃഷ്ടിയിലൂടെ കാണുവാനാണു് ബാലകൃഷ്ണന്റെ യത്നം. മനഃശാസ്ത്രപരങ്ങളായ കൃതികൾക്കുള്ള ന്യൂനത ഈ കഥയ്ക്കുമുണ്ടു്. കാവ്യാത്മകമായ ആശയത്തിന്റെ കുറവാണു് അത്തരം കൃതികൾക്കു് ദോഷമുളവാക്കുക.

ബഷീറി ന്റെയും കേശവദേവി ന്റെയും തകഴി യുടെയും ചെറുകഥകൾ വായിച്ചു രസിച്ചുപോന്ന നമുക്കു് ആധുനികങ്ങളായ കഥകൾ പൂർണ്ണമായ സംതൃപ്തി നല്കുന്നില്ല. ആധുനികരുടെ കൂട്ടത്തിൽ പ്രതിഭാശാലികളുണ്ടു്. എങ്കിലും ആകെക്കൂടിയുള്ള അവസ്ഥ നിരാശത ജനിപ്പിക്കുന്നു. കുങ്കമം വാരികയിലെ കഥകൾ നോക്കുക. ശ്വാനനു് എത്ര ഔന്നത്യം നൽകിയാലും അവൻ ശ്വാനൻ തന്നെ എന്ന തത്ത്വം വ്യക്തമാക്കാൻ ശ്രീ. കാട്ടാളി ലക്ഷ്മണൻ കഥ പറയുന്നു. കലയുടെ കള്ളനാണയങ്ങൾ നിറച്ചുവച്ചിരിക്കുന്ന ഖജനാവിലേക്കു് ഒരു കള്ളനാണയവും കൂടി ലക്ഷ്മണൻ എറിഞ്ഞുകൊടുക്കുകയാണു്. ശ്രീ. പെരുവെമ്പിന്റെ “ഹൗസ്ഖാസിലേക്കുള്ള പാത”യ്ക്കു ചെറുകഥയെന്നാണു് ശീർഷകം നൽകിയിരിക്കുന്നതു്. എങ്കിലും അതൊരു ഉപന്യാസമാണു് ഉപന്യാസം ഒരാശയം പകർന്നുതരുന്നുണ്ടു്. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ജ്ഞാനി’യാകാം അതു വായിച്ചു്. പക്ഷേ, വിജ്ഞാനം വിഷാദമേ ജനിപ്പിക്കൂ. ഒരു വ്യത്യസ്തത പുലർത്തുന്നതു് ശ്രീമതി ഇന്ദുവിന്റെ “ബന്ധനം” എന്ന കഥ മാത്രമാണു്. വിവാഹത്തിനു കൗതുകമുള്ള യുവതിയുടെ വികാരങ്ങളെയാണു് കഥാകാരി അതിൽ സ്ഫുടീകരിക്കുന്നതു്. ആ ഉദ്യമം ആദരണീയമായിട്ടുണ്ടു്.
19-ാം ലക്കം ‘മലയാളനാടു്’ പരസ്യം ചെയ്യാൻ ഇനി നാൽപ്പത്തിയെട്ടുമണിക്കൂറേയുള്ളു. അതുകൊണ്ടു് ഈ ചർച്ച ഇനി ദീർഘിപ്പിക്കാൻ വയ്യ, അല്ലെങ്കിൽ അതുകൊണ്ടുതന്നെ എന്തു പ്രയോജനം? സാഹിത്യത്തെ സംബന്ധിച്ചു് നമുക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ പിതാമഹന്മാരെയും പ്രപിതാമഹന്മാരെയും രസിപ്പിച്ചിരുന്ന സാഹിത്യത്തിനു ഇന്നു് സ്ഥാനമില്ലാതെ വന്നിരിക്കുന്നു, ഇന്നു് സാഹിത്യത്തിന്റെ നരകത്തിലിരുന്നുകൊണ്ടു് നാം സാഹിത്യത്തിന്റെ സ്വർഗ്ഗത്തിലാണു് ഇരിക്കുന്നതെന്നു് വിശ്വസിക്കുന്നു. പെണ്ണുങ്ങൾ പോലും ശയനാഗാരരഹസ്യങ്ങൾ നിർല്ലജ്ജം വിളിച്ചുപറയുന്നു, ഈ ദുഃസ്ഥിതി എന്നെങ്കിലും മാറുമോ? യഥാർത്ഥസാഹിത്യത്തിലും സുജനമര്യാദയിലുമുള്ള നമ്മുടെ വിശ്വാസം നാം വീണ്ടെടുക്കുമോ?