ചൈനയിലെ ചാങ് ത്യുലിങ് എന്ന കവി എഴുതിയ ഒരു പ്രേമഗാനം കേൾക്കുക:
“അതാ, മൃദുവായ വെളുത്ത കൈകളിലേയ്ക്കു ചരിഞ്ഞു്, വാതായനത്തിനു് അടുത്തിരുന്നു് സ്വപ്നം കാണുന്ന യുവതി… മഞ്ഞനദിയുടെ തീരത്തുള്ള അവളുടെ മഹാസൗധം കണ്ടല്ല ഞാൻ അവളെ സ്നേഹിക്കുന്നതു്. ഒരു കൊച്ചരളിയില നദിയിലൂടെ ഒഴുകിവരാൻ വേണ്ടി അവൾ താഴത്തേക്കിട്ടുവെന്നതു് കൊണ്ടാണു ഞാൻ അവളെ പ്രേമിക്കുന്നതു്… മലകളിലേ മഞ്ഞെന്നപോലെ പുഷ്പിച്ചു നിൽക്കുന്ന പീച്ച് വൃക്ഷങ്ങളുടെ സൗരഭ്യം എന്നിലേയ്ക്കു കൊണ്ടുവന്നു എന്നതുകൊണ്ടല്ല ഞാൻ കിഴക്കൻകാറ്റിനെ ഇഷ്ടപ്പെടുന്നതു്. ഞാൻ അതിനെ സ്നേഹിക്കുന്നതു്, അതു് ആ കൊച്ചരളിയിലയെ എന്റെ വഞ്ചിക്കടുത്തേയ്ക്കു കൊണ്ടുവന്നു എന്നതിനാലാണു്… ആ കൊച്ചരളിയില… മോഹനമായ വസന്തം വീണ്ടും പുഷ്പിച്ചുവെന്നു് എന്നെ അനുസ്മരിപ്പിക്കുന്നു എന്നതുകൊണ്ടല്ല ഞാനതിനെ ഇഷ്ടപ്പെടുന്നതു്. സ്വപ്നം കാണുന്ന ആ യുവതി സൂചികൊണ്ടു് അതിലൊരു പേരു സുഷിരങ്ങളാൽ എഴുതിയിരിക്കുന്നു എന്നതിനാലാണു്—ആ പേരു് എന്റെ പേരാണു് എന്നതിനാലാണു്— ഞാനതിനെ ഇഷ്ടപ്പെടുന്നതു്.”

ഭാവസംദൃബ്ധതയും സുസൂക്ഷ്മതയുമാണു് ഈ ഗാനത്തിന്റെ മുദ്രകൾ. ഈ ഗുണങ്ങൾ കവിതയ്ക്കുമാത്രമല്ല അത്യന്താപേക്ഷിതമായിട്ടുള്ളതു്. ചെറുകഥയ്ക്കും ശില്പത്തിനും നോവലിനും ചിത്രത്തിനുമൊക്കെ മനോഹാരിത നല്കുന്നതു് ഈ ഗുണങ്ങൾ തന്നെ. കലയെസ്സംബന്ധിച്ച ഈ അടിസ്ഥാനതത്ത്വം ശ്രീ. പി. സ്റ്റാൻലി ഗ്രഹിച്ചിട്ടില്ല എന്നതിനു തെളിവു് അദ്ദേഹത്തിന്റെ “മുസ്സോളിനിയുടെ പട്ടി” എന്ന ചെറുകഥതന്നെ (മലയാളനാടു്- ലക്കം 19.) കപ്പലണ്ടിയും പഞ്ചസാര മുട്ടായിയും വില്ക്കുന്ന ഒരു വൃദ്ധനാണു് മുസ്സോളിനി. അയാളുടെ മകളാണു് ഗ്രേസി. മുസ്സോളിനിക്കു് വയസ്സനായ ഒരു പട്ടിയുണ്ടു്. ഒരു ദിവസം ഗ്രേസിയും പട്ടിയും ഒരുമിച്ചുകിടന്നു. “അവൾ ഉരുകി, അവൾ പുളഞ്ഞു, അവൾ അഗ്നിയായി. അവളുടെ നഗ്നമായ നാഭിച്ചുഴിയിൽ അവൻ നക്കി” നേരം വെളുത്തപ്പോൾ മുസ്സോളിനിയുടെ പാണ്ടുപിടിച്ച പട്ടി ചത്തുമലച്ചുകിടക്കുന്നു, വായനക്കാരുടെ ഭാഗ്യം കൊണ്ടു് കഥാകാരൻ നടന്ന കാര്യം പച്ചയായി പറഞ്ഞില്ല. എങ്കിലും എന്തൊരു മാലിന്യം വലിച്ചുകൂട്ടലാണിതു്! സാഹിത്യകാരനു് അവശ്യം വേണ്ടതു് വിവേചനമാണു്, അഭിരുചിയാണു്. ഈ കഥയുടെ “മൃഗീയത”യുടെ നേർക്കല്ല ഞാൻ ഉപലാഭം ചൊരിയുന്നതു്. ഇതിന്റെ കലാശൂന്യതയുടെ നേർക്കാണു്. അതാ, അങ്ങകലെ കാണുന്ന നീലനിറമാർന്ന പർവ്വതപംക്തികളിൽ വെള്ളിവെളിച്ചം ഒരു കൊടുമുടിയിൽനിന്നു് മറ്റൊരു കൊടുമുടിയിലേക്കു് കുതിച്ചുചാടുകയാണു്. അന്തരീക്ഷമാകെ പനിനീർപ്പൂക്കൾ വിടർന്നുനില്ക്കുന്നു, ഈ പ്രകാശവും കാന്തിയും സാഹിത്യത്തിൽനിന്നും നമുക്കു് കിട്ടുന്നില്ലല്ലോ. മുസ്സോളിനിയുടെ പട്ടിയെ വിട്ടിട്ടു് ശ്രീ. പവനന്റെ “സന്യാസി”യിലേക്കു് പോയാലോ? സ്റ്റാൻലിയെപ്പോലെ പവനനും ആഖ്യാനപാടവം കാണിക്കുന്നുവെന്നു് നാം പറയും. പക്ഷേ, ആഖ്യാന പാടവംകൊണ്ടുമാത്രം ഒരു കഥയും ഉത്കൃഷ്ടമായിട്ടില്ലല്ലോ. ഒരു സന്യാസി ഒരു സാധുസ്ത്രീയെ ഗർഭിണിയാക്കി. അയാൾ അവൾ താമസിക്കുന്ന വീട്ടിനടുത്തു് സംവത്സരങ്ങൾ കഴിഞ്ഞു വന്നു പാർക്കുന്നു. യജമാനനും കൊച്ചമ്മയും നിർബ്ബന്ധിച്ചിട്ടും അവൾ അയാളുടെ ഭവനത്തിൽ പോകുന്നില്ല. അതു് ധിക്കാരമായി അവർ വ്യാഖ്യാനിച്ചപ്പോൾ അവൾ സത്യംപറഞ്ഞു: “സാർ എന്നെ രക്ഷിക്കണം. എന്റെ ഈ കൊച്ചിന്റെ തന്ത ആ കള്ളസ്സന്യാസിയാണു്. അയാൾ ഇനിയും എന്നെ പിഴപ്പിക്കും.” കള്ളസ്സന്യാസിമാരുടെ നേർക്കു് കഥാകാരനുള്ള പുച്ഛം ഈ കഥയിൽ പ്രതിഫലിക്കുന്നുണ്ടു്. എങ്കിലും അതു കലയുടെ ലോകത്തേക്കു കടക്കുന്നില്ല. അതിന്റെ കാരണത്തെക്കുറിച്ചു് ഞാൻ ആലോചിച്ചുനോക്കി, പറയാനുള്ളതു് മുഴുവൻ പറയുന്നതല്ല കല. കലാകാരൻ ജീവിതവസ്തുതയെ പ്രതിഭകൊണ്ടു് ജയിച്ചടക്കി ഒരുന്നതമായ ആർജ്ജവത്തോടെ ആവിഷ്കരിക്കണം. അപ്പോൾ അനുവാചകരായ നാം എത്രകണ്ടു ശ്രമിച്ചാലും കാണാൻ കഴിയാത്ത ജീവിതസത്യം കലാകാരൻ കാണും. നമുക്കുവേണ്ടി അദ്ദേഹം അതാവിഷ്കരിക്കും. അതു ദർശിക്കുന്ന നാം അദ്ഭുതാധീനരാകും. ഇതൊന്നും പവനന്റെ കഥയില്ലില്ല.

മുൾക്ക്രാജ് ആനന്ദി ന്റെ ഒരു ചെറുകഥയെ ഉദാഹരണമാക്കിക്കൊണ്ട് ഞാനിതു വിശദീകരിക്കാം. ഹോളി ഉത്സവം. അതിൽ പങ്കുകൊള്ളാൻ അച്ഛനും മകനും വരികയാണു്. അഞ്ചുവയസ്സു് പ്രായം വരുന്ന ആ കുട്ടി മഴവില്ലിന്റെ മനോഹാരിത കലർന്ന ബലൂണുകൾ കണ്ടു് “അച്ഛാ, എനിക്കു ബലൂൺ വേണം” എന്നുപറഞ്ഞു നില്പായി, അച്ഛനാകട്ടെ കോപത്താൽ ജ്വലിക്കുന്ന കണ്ണുകളോടുകൂടി, “വരു കുട്ടി, വരു” എന്നുവിളിച്ചു. അവൻ നടന്നു. മധുരപലഹാരങ്ങൾ വില്ക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവൻ നിന്നു, “രസഗുള, ജിലേബി, ബൂർഫി” ശബ്ദം ഉയരുകയാണു്. കുട്ടി പറഞ്ഞു: “അച്ഛാ, എനിക്കു ബൂർഫി വേണം,” അച്ഛൻ കോപിഷ്ഠനായ് ശാസിച്ചു. “കടയിലെ പലഹാരം വേണമെന്നു പറയരുതെന്നു് ഞാൻ പറഞ്ഞിട്ടില്ലേ?” കുട്ടി അച്ഛനോടൊരുമിച്ചു നടന്നു. റോസാപ്പൂഹാരം വില്ക്കുന്നിടത്തു വന്നപ്പോൾ അവൻ പറഞ്ഞു, “അച്ഛാ എനിക്കു ഹാരം വേണം” അച്ഛൻ അപ്പോഴും അവനെ ശകാരിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും കയറിയിരുന്നു കറങ്ങുന്ന ഒരു ‘കുറക്കി’ന്റെ അടുത്തെത്തിയപ്പോൾ അവൻ പറയുകയായി. “അച്ഛാ, എനിക്കിതിൽ കയറണം. മറുപടിയില്ല. അവൻ തിരിഞ്ഞുനോക്കിയപ്പോൾ അച്ഛനെ കാണാനില്ല. അദ്ദേഹം ആൾക്കൂട്ടത്തിനിടയിൽ എവിടെയോ അകപ്പെട്ടുപോയി. കുട്ടി ഉച്ചത്തിൽ കരയുകയാണു്. അവനെ ആശ്വസിപ്പിക്കാൻ വേണ്ടി പ്രായം കൂടിയ ഒരാൾ അവനെ എടുത്തു. എന്നിട്ടു കുറക്കിന്റെ അടുക്കൽ കൊണ്ടുപോയി ചോദിച്ചു. “കുട്ടി, നിന്നെ ഇതിൽ കയറ്റട്ടോ?’ അവൻ നിലവിളിച്ചുകൊണ്ടു പറഞ്ഞു: “എനിക്കെന്റെ അച്ഛനെ കണ്ടാൽ മതി”. മധുരപലഹാരങ്ങൾ വില്ക്കുന്ന സ്ഥലത്തുചെന്നു് അയാൾ ചോദിച്ചു: “മകനേ, നിനക്കു് ഏതു് പലഹാരം വേണം.” അവൻ കരഞ്ഞു പറഞ്ഞു “എനിക്കെന്റെ അച്ഛനെ കണ്ടാൽ മതി,” ഒടുവിൽ ബലൂൺ വില്ക്കുന്നിടത്തുചെന്നു് അയാൾ ചോദിച്ചു. “ഈ ബലൂൺ വാങ്ങിത്തരട്ടോ നിനക്കു്?” തൊണ്ടപൊട്ടുമാറു് നിലവിളിച്ചുകൊണ്ടു് അവൻ പറഞ്ഞു: “എനിക്കെന്റെ അച്ഛനെ കണ്ടാൽ മതി.’ ഭാരതീയ സാഹിത്യത്തിന്റെ ശക്തിയെ എനിക്കു് ബോധ്യപ്പെടുത്തിത്തന്ന കഥയാണിതു്. ഇതു വായിക്കുമ്പോൾ നാം എത്ര ശ്രമിച്ചാലും കാണാത്ത ഒരു ജീവിത സത്യത്തെ മുൾക്ക് രാജ് ആനന്ദ് നമ്മെ കാണിച്ചു തരികയാണു്. അതു ദർശിച്ചാണു് നമുക്കു് അത്ഭുതം. ഈ ജീവിത സത്യാവിഷ്ക്കരണം ഉന്നതമായ ആർജ്ജവത്താലാണു് ചേതോഹരമാകുന്നതു്, സ്റ്റാൻലിയുടേയും പവനന്റെയും കഥകൾക്കു് ഈ ഗുണമില്ല.

അവരുടെ കഥകൾ മാത്രമല്ല ശ്രീ. പി. ആർ. നാഥൻ പട്ടാമ്പി യുടെ ‘നീരാളി’ എന്ന കഥയും (മലയാളനാടു്-ലക്കം 19) ജീവിതസത്യത്തിന്റെ ആലേഖനത്താൽ മനോഹരമാകുന്നില്ല. ജീവിതവസ്തുത അവിടെയുണ്ടു്. ഒരുദ്യോഗസ്ഥ—നിംഫോമേനിയയുള്ള ഒരു സ്ത്രീ—ഒരു കീഴ്ജീവനക്കാരനെ ലൈംഗികവേഴ്ചയിൽ പങ്കുകൊള്ളിക്കുന്നതിനെ വർണ്ണിക്കുകയാണു് കഥാകാരൻ. ജീവിതവസ്തുതയുടെ പിന്നിൽ ജീവിതസത്യം ഒളിഞ്ഞിരിക്കുന്നു. മുൾക്ക് രാജ് ആനന്ദിനെപ്പോലെയുള്ള ക്രാന്തദർശികളായ കലാകാരന്മാർക്കേ അതു കണ്ടുപിടിക്കാൻ കഴിയൂ. കഥാകാരന്മാർക്കു് ഏതു വിഷയവും കൈകാര്യം ചെയ്യാം. മോപ്പസാങ്ങി ന്റെ My land lady എന്ന കഥ ശ്രീ. പി. ആർ. നാഥൻ വായിച്ചുനോക്കട്ടെ. പ്രായംകൂടിയ സ്ത്രീയും ഒരു വിദ്യാർത്ഥിയും തമ്മിലുള്ള ലൈംഗികവേഴ്ചയാണു് അതിലെ പ്രതിപാദ്യം. പക്ഷേ, അനുഗ്രഹീതനായ ആ കലാകാരൻ ആ വിഷയത്തെ കലാസുന്ദരമാക്കി ആവിഷ്കരിക്കുന്നു. സ്ത്രീയുടെ ബുദ്ധിശൂന്യമായ പ്രേമം കണ്ടു് സഹതപിക്കുകയും പുരുഷന്റെ ക്രൂരത കണ്ടു ദേഷ്യപ്പെടുകയും ചെയ്യാറുണ്ടു് കഥാകടുരന്മാർ. മലയാളരാജ്യം വാരികയിൽ (13-ാം ലക്കം) ‘ഫോർമാലിറ്റി’ എന്ന ചെറുകഥ എഴുതിയ ശ്രീ. താണപ്പൻ അങ്ങനെയുള്ള ഒരു കഥാകാരനാണു്. നിഷ്ക്കളങ്കയായ സ്ത്രീ, അവൾ നിർവ്യാജമായി ഒരുവനെ സ്നേഹിച്ചു. അയാളാകട്ടെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള നിശ്ചയത്തോടെ അവളെ വിട്ടുപോകുന്നു. ഹതഭാഗ്യയായ ആ കാമുകിയുടെ ഉത്ക്കടവികാരങ്ങളെ പ്രശാന്തതയോടെ നിസ്സംഗതയോടെ ആലേഖനം ചെയ്യുന്ന താണപ്പന്റെ കഥ എനിക്കിഷ്ടമായി. ആവർത്തിച്ചു പറയട്ടേ, ആന്തരമായി ദുഃഖിക്കുകയും പൂർവ്വസ്മരണകളിൽ വീണു് തീവ്രവേദന അനുഭവിക്കുകയും ചെയ്യുന്ന ഒരു സാധുസ്ത്രീയെ വികാരത്തിന്റെ പ്രശാന്തതയോടും പ്രശാന്തതയുടെ വൈകാരികത്വത്തോടും ചിത്രീകരിക്കുന്നതിലാണു് ഈ കഥയുടെ വിജയമിരിക്കുന്നതു്. ശ്രീ. നിലമ്പൂർ ജയപ്രകാശ് മലയാളരാജ്യം വാരികയിൽ എഴുതിയ ‘നക്ഷത്രമാളിക’ എന്ന ചെറുകഥയ്ക്കു കാവ്യാത്മകമായ ഒരാശയമുണ്ടു്. അച്ഛന്റെ മരണം ജനിപ്പിച്ച വിഷാദചിന്തകൾക്കു് അടിമപ്പെട്ടുനില്ക്കുന്ന ഒരു തരുണി സ്വന്തം വിവാഹത്തെക്കുറിച്ചുകൂടി ആലോചിക്കുന്നു. ആ ചിന്തകൾക്കു് കാവ്യാത്മകമായ ഒരു പരിവേഷം നൽകുകയാണു് കഥാകാരൻ. പക്ഷേ, അതിനെ അദ്ദേഹം വേണ്ടരീതിയിൽ വികസിപ്പിച്ചും കൊണ്ടു വന്നിട്ടില്ല. വികാസത്തിനു വളരെയൊന്നും എഴുതേണ്ടതില്ല ‘ഞാനൊരു വൃക്ഷമോ ചെടിയോ ആയിരുന്നെങ്കിൽ വസന്തത്തിന്റെ മൃദുലസ്പർശം ഞാനറിയുമായിരുന്നു. പക്ഷേ, ഞാനൊരു പുരുഷനായതു കൊണ്ടു്… എന്റെ ആഹ്ലാദത്തിൽ അത്ഭുതപ്പെടാതിരിക്കും.” ആഹ്ലാദമെന്ന വികാരത്തിന്റെ അത്ഭുതാവഹമായ വികാസമാണു് ഇവിടെ നാം കാണുക:

യുവതികൾ സ്വപ്നം കാണുന്നവരല്ലേ? കാണുന്നവരായിരുന്നു എന്നു വേണം പറയാൻ. ഇന്നത്തെ യുവതികൾ ഉജ്ജ്വല ചിന്തകളിൽ മുഴുകുന്നവരാണു്. അവർക്കു സ്വപ്നങ്ങൾ വേണ്ട. അവരുടെ നിശ്ശബ്ദതയും ലജ്ജയും ഒരുകാലത്തു് സംഗീതം പോലെ മനോഹരമായിരുന്നു. ഇന്നു ബഹളം കൂട്ടാൻ, ലജ്ജാരഹിതകളായി നടക്കുവാനാണു് അവർക്കു് കൗതുകം എങ്കിലും, എന്നെപ്പോലെ പ്രതിലോമചിന്താഗതിയുള്ളവർക്കു സ്ത്രീകൾ സ്ത്രീകളായിത്തന്നെ നടക്കണമെന്നാണു് ആഗ്രഹം. മനോഹരമായി വസ്ത്രധാരണം ചെയ്തു, കണ്ണെഴുതി പൊട്ടുതൊട്ടു് പൂചൂടിനടക്കുന്ന തരുണി സത്യംതന്നെയാണു്. തലമുടി അനാകർഷകമായി വളച്ചുകെട്ടി പുരുഷന്റെ കോട്ടും ധരിച്ചു് സ്റ്റെതോസ്ക്കോപ്പും കറക്കി നടക്കുന്ന തരുണി അസത്യമാണു്. അവൾ രോഗം ഭേദമാക്കുമായിരിക്കും. പക്ഷേ, സത്യമല്ല, സ്വപ്നമല്ല. സ്വപ്നംകാണുന്ന ഒരു യുവതിയെ ശ്രീ. സേതു ‘തമസോ മാ ജ്യോതിർഗ്ഗമയ’ എന്ന ചെറുകഥയിൽ ചിത്രീകരിക്കുന്നു (മാതൃഭൂമി ലക്കം 29). ഒരു ഭാവഗാനംപോലെ മനോഹരമായിരിക്കുന്നു സേതുവിന്റെ ചെറുകഥ. തരുണിയുടെ വികാരങ്ങളെ, ചിന്തകളെ എത്ര കലാത്മകമായിട്ടാണു കഥാകാരൻ സ്ഫുടീകരിക്കുന്നതു് !
ഈ ലോകത്തു് ദുസ്സഹമായി പലതുമുണ്ടു്. അവയിൽ ഏറ്റവും ദുസ്സഹം ഫലിതോക്തിക്കു വാസനയില്ലാത്തയാൾ ഫലിതം പറയുന്നതാണു്. കുഞ്ഞിനു മാലയും കാതിലിടുന്ന വളയവും ഉണ്ടാക്കാൻ സ്വർണ്ണപ്പണിക്കാരനെ ഏല്പിച്ച മുന്നൂറുരൂപ തിരിച്ചുവാങ്ങാൻ ചെല്ലുന്ന ഒരുവൻ സ്വർണ്ണപ്പണിക്കാരന്റെ കഷ്ടപ്പാടുകണ്ടു് കൈയിലിരുന്ന രൂപ അയാൾക്കു് കൊടുത്തിട്ടു തിരിച്ചുവരുന്നതിന്റെ കഥ പറയുകയാണു് ശ്രീ. കെ. വി. ചന്ദ്രശേഖരൻ (ഓപ്പറേഷൻ കുന്നു് എന്ന ചെറുകഥ—മാതൃഭൂമി ലക്കം 29). അക്കഥ അദ്ദേഹം നേരേയങ്ങു പറഞ്ഞാൽ മതിയായിരുന്നു. അതുചെയ്യാതെ ഫലിതാത്മകമായി ആഖ്യാനം നിർവ്വഹിക്കുകയാണു്. ഫലം ദയനീയവും. നർമ്മോക്തിക്കു് കഴിവില്ലാത്തവർ അതിനു വേണ്ടി യത്നിക്കാതിരിക്കട്ടെ.
കവിതയിൽ മാത്രമല്ല ചെറുകഥയിലുമുണ്ടു് അത്യന്താധുനികത. “കാമുകി, കവി, ഒരു കത്തു്” എന്നപേരിൽ “കുങ്കുമം വാരിക”യിൽ (ലക്കം 4) ശ്രീ. നാരായണൻകുട്ടി എഴുതിയിരിക്കുന്ന കുറെ വാക്യങ്ങൾ കഥയാണത്രേ. ഞാൻ എന്റെ പരാജയം സമ്മതിക്കുന്നു, “പടച്ചവനാണെ എനിക്കിതു മനസ്സിലായില്ല”. ഈ കഥയുണ്ടെങ്കിലും നാലാം ലക്കം “കുങ്കുമം വാരിക” ശ്രദ്ധേയമാണു്. ശ്രീ. എസ്. കെ. പൊറ്റെക്കാടി ന്റെ “ഒരു ദേശത്തിന്റെ കഥ ” എന്ന നോവൽ ഇതിൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു.
ശ്രീ. കെ. ഏ. അബ്ബാസ്സിന്റെ ആരാധകനല്ല ഈ ലേഖകൻ. കാരണം അബ്ബാസ് ഒരു സൂപ്പർജർണ്ണലിസ്റ്റ് മാത്രമാണെന്നു് ഞാൻ വിശ്വസിക്കുന്നു എന്നതു തന്നെ. എഴുത്തുകാരൻ ഹൃദയത്തിന്റെ അനുശാസനങ്ങളെ നിരാകരിച്ചിട്ടു് പ്രജ്ഞയുടെ ആജ്ഞകളെ അനുസരിക്കുകയും പ്രചാരണം പരമലക്ഷ്യമായി കരുതുകയും ചെയ്യുമ്പോൾ അയാൾ ജർണ്ണിലിസ്റ്റായി പ്രത്യക്ഷപ്പെടുന്നു. അബ്ബാസ് അങ്ങനെയുള്ള ഒരു ജർണ്ണലിസ്റ്റാണു്. വേണമെങ്കിൽ സൂപ്പർ ജർണ്ണലിസ്റ്റ് എന്നു വിളിക്കാം. ഒക്ടോബർ അഞ്ചാം തീയതിയിലെ “ജനയുഗം” വാരികയിൽ പരസ്യപ്പെടുത്തിയിട്ടുള്ള “പതിമ്മൂന്നാമത്തെ ബലിമൃഗം” എന്ന കഥ ഈ സത്യത്തെ നിഷേധിക്കുന്നില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കൊലപ്പുള്ളി ഓടിപ്പോയി. അവൻ നിയമപാലകരുടെ വെടിയേറ്റു. അവൻ മരിച്ചുപോകുമെന്നു കണ്ടപ്പോൾ അവന്റെ ഹൃദയം മാറ്റിവച്ചു് രക്ഷപ്പെടുത്തി. പിന്നീടു് അവനെ തൂക്കിക്കൊല്ലും, നിയമത്തിന്റെ കർക്കശസ്വഭാവത്തെ പരിഹസിക്കുകയാണു് അബ്ബാസ്. കഥയ്ക്കു് പ്രതിരൂപാത്മക സ്വഭാവവുമുണ്ടു്. എങ്കിലും മോപ്പസാങ്ങി ന്റെയോ, ചെക്കോവി ന്റെയോ, ഗോർക്കി യുടെയോ ടാഗോറി ന്റെയോ കഥകൾ വായിക്കുമ്പോഴുണ്ടാകുന്ന രസാനുഭൂതി ഈ കഥ വായിക്കുമ്പോൾ ഉണ്ടാകുന്നില്ല, പ്രജ്ഞയ്ക്കു് സംതൃപ്തി ലഭിക്കുന്നുണ്ടുതാനും. നമ്മെ ഭാവനയുടെ സാമ്രാജ്യത്തിലേക്കു് നയിക്കാത്ത ചെറുകഥ ‘ജേർണ്ണലിസം’ തന്നെ. പത്താംലക്കം ‘ദേശാഭിമാനി’യിലെ രണ്ടു ചെറുകഥകളും (വെളിച്ചത്തിന്റെ ശത്രുക്കൾ–ശ്രീ. ജോസഫ് പുത്തൻതറ, ബലി–ശ്രീ. പി. കെ. നടൂവണ്ണൂർ) കലയുടെ ശോഭ ആവഹിക്കുന്നില്ല. കലയിൽ ഒതുങ്ങിയിരിക്കണം പ്രചാരണമെന്ന തത്ത്വം ആ കഥാകാരന്മാർ വിസ്മരിച്ചിരിക്കുന്നു. പ്രചാരണത്തിൽ തൽപരത്വമില്ലെങ്കിലും കഥ പരാജയപ്പെടുമെന്നതിനു മതിയായ ഒരുദാഹരണമുണ്ടു് കേരളശബ്ദം വാരികയിൽ (ഒക്ടോബർ 5) ശ്രീ. ഏ. പി. കളയ്ക്കാടു് എഴുതിയ ‘പാശുപതം’ എന്ന ചെറുകഥയെക്കുറിച്ചാണു് ഞാൻ പറയുന്നതു്. കിഴവനായിട്ടും കലയിലുള്ള താൽപര്യം നശിക്കാത്ത ഒരു കഥകളി നടനെയാണു് കഥാകാരൻ അവതരിപ്പിക്കുന്നതു്. ഒടുവിൽ അയാൾ നിലവിളക്കിന്റെ മുൻപിൽ തകർന്നു വീഴുന്നു. ആ വീഴ്ചയോ അതിനുമുൻപുള്ള അയാളുടെ ജീവിതമോ നമ്മെ സ്പർശിക്കുന്നില്ല. കഥാകാരൻ കഥാപാത്രങ്ങൾക്കു് ജീവൻ നല്കണം, പ്രതിഭയുള്ളവർക്കേ അതിനു കഴിയൂ. ഈ ആഴ്ചയിലെ കൗമുദി വാരികയിൽ ഒരു കൊച്ചുകഥയേയുള്ളു. ശ്രീ. ഓമനക്കുട്ടൻ എഴുതിയ ‘ട്രിവാൻഡ്രം’ തിരുവനന്തപുരത്തെ കപടജീവിതത്തെ പരിഹസിക്കുന്നു.
കവിതയെ സ്നേഹിക്കുന്നവരുണ്ടു്, അതിരു കടന്നു സ്നേഹിക്കുന്നവരുണ്ടു്. അതിരുകടന്നു സ്നേഹിക്കുന്നവർ പ്രേമഭാജനത്തിന്റെ വൈകല്യങ്ങളെ കാണാറില്ലല്ലോ. എനിക്കു കവിതയോടു സ്നേഹമേയുള്ളു. എന്നിട്ടും ശ്രീരേഖയുടെ “കസവുണ്ടോ കസവു” എന്ന കവിത (ജനയുഗം വാരിക) എനിക്കു് ആദരണീയമായി ഭവിച്ചു. എന്റെ പ്രിയപ്പെട്ട ശിഷ്യനായ ശ്രീരേഖയുടെ കാവ്യത്തിലെ പ്രചാരണാംശത്തിലേക്കു് ഞാൻ കണ്ണടച്ചുകളഞ്ഞോ? ഇല്ല. യഥാർത്ഥമായ കാവ്യപ്രചോദനം ശ്രീരേഖയ്ക്കുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടാണു് ഞാൻ അദ്ദേഹത്തിന്റെ കവിതയെ മാനിച്ചതു്. ത്യാഗത്തിന്റെ മൂർത്തിമദ്ഭാവമായ യേശു വിനെ അദ്ദേഹം വാഴ്ത്തുന്നു. ക്രൂരത പ്രകടിപ്പിക്കുന്ന പുരോഹിതവർഗ്ഗത്തെ അദ്ദേഹം നിന്ദിക്കുന്നു. ആ സ്തുതിയിലും നിന്ദയിലും കലാപരമായ ആവശ്യകതയ്ക്കു മതിതമായ വാചാലതയുണ്ടു്. എങ്കിലും ശ്രീരേഖ എഴുതിയിരിക്കുന്നതു് കവിതയാണു്. മഹാത്മാഗാന്ധി യെക്കുറിച്ചു് ശ്രീ. എം. പി. അപ്പൻ മലയാളരാജ്യത്തിൽ എഴുതിയ “ആ മനോവിശൂദ്ധി” പ്രശാന്തവും മൃദുലവുമായ ഒരു വികാരത്തിനു് ആവിഷ്ക്കാരം നല്കുന്നു.

‘ജനയുഗം’, ‘മലയാളരാജ്യം’, ‘മാതൃഭൂമി’ തുടങ്ങിയ വാരികകൾ ഒരു സത്യം നമുക്കു് മനസ്സിലാക്കിത്തരുന്നുണ്ടു്. നമുക്കു ചെറുകഥകളും തുടർക്കഥകളും മതി. സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങൾ വേണ്ടേ വേണ്ട! നിരൂപണത്തിനു വിധേയമാകാത്ത സാഹിത്യകൃതികളാണോ ഇപ്പോൾ ഉണ്ടാകുന്നതു്? അതുകൊണ്ടാണോ ഈ അനാസ്ഥ? ആണെങ്കിൽ അതിനെക്കാൾ ദയനീയമായി വേറെന്തുണ്ടു്?
ഭൗതിക പുരോഗതിയെക്കാൾ ആധ്യാത്മിക പുരോഗതിക്കു പ്രാധാന്യമുണ്ടെന്നു് വിശ്വസിക്കുന്നവനാണു് ഞാൻ, ആ ആധ്യാത്മിക പുരോഗതിക്കു ഗ്രന്ഥങ്ങളും കലാപ്രദർശനങ്ങളും പ്രയോജനപ്പെടും. അതുകൊണ്ടാണു് കഴിഞ്ഞായാഴ്ച കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ നടന്ന ചില കലാപരിപാടികൾക്കു പ്രാധാന്യമുണ്ടെന്നു് ഞാൻ പറയുന്നതു്. വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’, ‘അച്ഛനും മകളും’ എന്നീ കാവ്യങ്ങളെ നൃത്യനാടകമായി ആ കോളേജിലവതരിപ്പിച്ചു. ഇത്രമാത്രം അനുഗ്രഹീതകളായ പെൺകുട്ടികൾ ആ കലാലയത്തിലുണ്ടല്ലോ? അവരെ കണ്ടുപിടിച്ചു് അവരുടെ പ്രാഗല്ഭ്യം പ്രേക്ഷകർക്കു് വ്യക്തമാക്കിക്കൊടുത്ത കലാശാലാധികൃതർ അഭിനന്ദനം അർഹിക്കുന്നു. ശകുന്തളയായി അഭിനയിച്ച മഞ്ജുള (II D. C.) ആ വേദിയിൽ നിന്നതു് കുറച്ചുനേരത്തേക്കുമാത്രം. പക്ഷേ, ആ പെൺകുട്ടി കാളിദാസ കവിതയുടെ നവീനത വർദ്ധിപ്പിച്ചുകൊണ്ടു് പ്രേക്ഷകഹൃദയത്തിൽ ശാശ്വതമായി നില്ക്കുന്നു. വിശ്വാമിത്രനായി അഭിനയിച്ച ശശികലയും മഞ്ജുളയെപ്പോലെ അനുഗ്രഹീതതന്നെ. ഭൂമിയുടെ ചൈതന്യം പുഷ്പങ്ങൾക്കു നിറമിയറ്റുന്നതുപോലെ ഈ രണ്ടുപെൺകുട്ടികളുടെയും കലാചൈതന്യം അവർ പ്രാതിനിധ്യം വഹിച്ച കഥാപാത്രങ്ങൾക്കു വർണ്ണോജ്ജ്വലത നല്കുന്നു.
“താങ്കൾ നല്ല കഥകളൊക്കെ ചീത്തയാണെന്നു് എഴുതുന്നു: ചീത്തക്കഥകളൊക്കെ നല്ലതാണെന്നു എഴുതുന്നു”. എനിക്കു് ഒരു വിദ്യാർത്ഥിനി—പ്രീഡിഗ്രി ക്ലാസ്സിൽ പഠിക്കുന്ന ഒരു വിവരവുമില്ലാത്ത ഒരു കൊച്ചുകുട്ടി —എഴുതി അയച്ച കത്തിലെ വാക്യമാണിതു്. അജ്ഞയായ ഒരു കുട്ടിയുടെ നിരർത്ഥകങ്ങളായ വാക്കുകൾ എന്ന നിലയിൽ ഞാൻ ഇവയെ അവഗണിക്കുന്നു. ഇനി ഒരു പക്ഷേ, പ്രായം കൂടിയവർക്കും ഇങ്ങനെ തോന്നുന്നുണ്ടെങ്കിലോ? അവർക്കു വേണ്ടി ഞാനിത്രയും പറഞ്ഞുകൊള്ളട്ടെ. “നമ്മുടെ ചെറുകഥാപ്രസ്ഥാനം പാശ്ചാത്യ സാഹിത്യത്തിൽനിന്നു രൂപം കൊണ്ടതാണു്. അതിനാൽ അവിടുത്തെ ഉജ്ജ്വല മാതൃകകളെ മനസ്സിൽ കണ്ടുകൊണ്ടുവേണം നമ്മുടെ കഥകളുടെ മൂല്യം നിർണ്ണയിക്കാൻ. സാഹിത്യത്തിന്റെ നിയമങ്ങൾ ഏതു രാജ്യത്തും ഒന്നാണു്. അതിനാൽ മലയാള ചെറുകഥാ സാഹിത്യത്തെ പ്രത്യേകമായി കാണണമെന്നു് പറയുന്നതിൽ അർത്ഥമില്ല. ഒരു വസ്തുത കൂടി, രണ്ടു ഹൃദയങ്ങൾ ഒരേരീതിയിൽ സ്പന്ദിക്കാറില്ല. സാഹിത്യ നിരൂപണത്തിലെ പ്രാഥമിക പാഠമാണതു്.