ഞാൻ ഇതെഴുതുമ്പോൾ എന്റെ വിഷാദഭാരം പോലെ കാർമ്മേഘങ്ങൾ അന്തരീക്ഷത്തിലെങ്ങും നിറഞ്ഞു നില്ക്കുന്നു. ഇതുവരെയുണ്ടായിരുന്ന ആഹ്ലാദമെവിടെ? ഈ വിഷാദമെവിടെ? ഈ ദുഃഖത്തിൽ നിന്നു രക്ഷപ്രാപിക്കാൻ നമുക്കു് സാഹിത്യത്തെ ശരണം പ്രപിക്കാം. ‘മലയാളനാടി’ന്റെ 20-ാം ലക്കം എന്റെ മുമ്പിലിരിക്കുന്നു. “ജീവിതം ദുഃഖിക്കാനുള്ളതല്ല, ആഹ്ലാദിക്കാനുള്ളതാണു്. എന്നെപ്പോലെ മധുരമായി മന്ദഹസിക്കാൻ ശ്രമിക്കൂ.” എന്നൊരു കൊച്ചു പെൺകുട്ടി ഈ വാരികയുടെ പുറംതാളിലിരുന്നുകൊണ്ടു നമ്മോടു പറയുന്നു. ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖംകണ്ടു വിഷാദമൊട്ടൊക്കെ അകന്നു് നാം ‘മലയാളനാട്ടി’ലെ കഥാപ്രപഞ്ചത്തിലേയ്ക്കു കടക്കുകയാണു്. ശ്രീ. എം. എം. വർഗ്ഗീസ്സിന്റെ ‘പതനം’ എന്ന ചെറുകഥയാണു് ആദ്യമായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നതു്. പലരും പല പ്രാവശ്യവും കൈകാര്യം ചെയ്തിട്ടുള്ള വിഷയം തന്നെയാണു് വർഗ്ഗീസും കൈകാര്യം ചെയ്യുന്നതു്. അതിൽ തെറ്റുണ്ടെന്നല്ല, ഏതു വിഷയം പ്രതിപാദനം ചെയ്താലും കഥാകാരന്റെ മുദ്ര കഥയിലുണ്ടായിരുന്നാൽ മതി. ഫ്ലോബറി ന്റെ ‘മദാംബൗറി’യുടേയും ടോൾസ്റ്റോയി യുടെ ‘അന്നാകരേനീന’യുടെയും വിഷയം ഒന്നുതന്നെ. പക്ഷേ, രണ്ടും വിഭിന്നങ്ങളായ നോവലുകളാണു്. എന്താണു് ‘പതന’ത്തിന്റെ പ്രതിപാദ്യം? കാമുകനു കാമുകിയെ സൗകര്യമുള്ള സ്ഥലത്തുവച്ചുകിട്ടി, എന്നിട്ടും അയാൾ അവളെ മലിനപ്പെടുത്തിയില്ല. അയാളുടെ സ്നേഹത്തിനു വിശൂദ്ധിയുള്ളതുകൊണ്ടു് കാമോൽസുകതയിലേയ്ക്കു വഴുതിവീഴാൻ അയാൾക്കു സാധിക്കുന്നില്ലെന്നാണു് നാം മനസ്സിലാക്കേണ്ടതു്. എങ്കിലും ഫണമുയർത്തിയ കാമത്തിനു് ആരെയെങ്കിലും ദംശിച്ചേ മതിയാകൂ. ഒരു വേശ്യയെ വിളിച്ചു കാമുകിയായി സങ്കല്പിച്ചുകൊണ്ടു് അയാൾ ശാരീരികവേഴ്ചയിലേർപ്പെട്ടു. “വിഷയത്തിനു നവീനതയില്ലെങ്കിലും ഇതാ ഇവിടെയുണ്ടു് കഥാകാരന്റെ വ്യക്തി മുദ്ര” എന്നു് ഈ കഥ വായിക്കുന്നയാളിനു് പ്രഖ്യാപിക്കാൻ സാധിക്കുകയില്ല. ശുഷ്ക്കങ്ങളായ വാക്യങ്ങളിലൂടെ ഗർഹണീമായ വൈഷയികത്വം ആവിഷ്കൃതമാകുമ്പോൾ അനാഗതാർത്തവകൾ രസിക്കും, അവരുടെ കണ്ണുകൾ ആർദ്രങ്ങളാകും. പക്ഷേ, എന്നെപ്പോലെ പ്രായം കൂടിയവർ നിരശ്രുനയനരായിട്ടേ ഇമ്മാതിരി കഥകളുടെ മുമ്പിലിരിക്കൂ. രസിക്കുന്നവർ മൂല്യനിർണ്ണയം നിർവ്വഹിക്കുന്നവരുടെ സഹൃദയത്വത്തിലും പ്രാഗത്ഭ്യത്തിലും സംശയിക്കും. മനസ്സിനു പരിപാകം വന്നാലേ ശരിയായ കലാസ്വാദനത്തിനു കഴിവുണ്ടാകൂ എന്ന പരമാർത്ഥം അവർക്കറിഞ്ഞുകൂടാ, കൊലപാതകത്തിന്റെയും അതുളവാക്കുന്ന പേടിസ്സ്വപനത്തിന്റെയും അന്തരീക്ഷത്തിലേയ്ക്കാണു ശ്രീ. ടി. എൻ. കൃഷ്ണപിള്ള നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു്. ‘മലയാളനാട്ടി’ലെ (ലക്കം 20) അദ്ദേഹത്തിന്റെ ‘ഒന്നുപെട്ടവർ’ എന്ന ചെറുകഥ നോക്കുക. സ്വാർത്ഥതല്പരത്വത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കൃഷ്ണപിള്ള വർണ്ണിക്കുന്നു. കൊലപാതകികൾ ‘ഒന്നുപെട്ടവരായി’ ജീവിക്കാൻ തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുകയാണു്, കലയ്ക്കു സാന്മാർഗ്ഗികലക്ഷ്യം വേണമെന്നു കരുതുന്നവരുടെ കൂട്ടത്തിലല്ല ഈ ലേഖകൻ. എങ്കിലും കലാകാരന്റെ സാന്മാർഗ്ഗികബോധം ജലാശയത്തിൽ പതിക്കുന്ന സൂര്യരശ്മികളെന്ന വിധത്തിൽ കലാസൃഷ്ടിക്കു ശോഭയുളവാക്കണം. അപ്പോൾ മാത്രമേ നാം വികാരത്തിന്റെ പ്രശാന്തതയിലേയ്ക്കു ചെല്ലൂ. ‘ഹാംലെറ്റി’ലും ‘മാക്ബെത്തി’ലും കൊലപാതകങ്ങളേയുള്ളു. എന്നാലും ആ നാടകങ്ങൾ വായിച്ചുകഴിയുമ്പോൾ നാം ശാന്തതയിലേയ്ക്കു പോകുന്നു. തടാകത്തിൽ, പ്രതിഫലിക്കുന്ന മഴവില്ലുപോലെയാണു് ആ നാടകങ്ങളിൽ ഷേക്സ്പിയറി ന്റെ സന്മാർഗ്ഗബോധം മയൂഖമാലകൾ വീശുന്നതു്. ഉറങ്ങിക്കിടക്കുന്നവനെ കുത്തിക്കൊല്ലുന്നു, നടന്നുപോകുന്നവന്റെ മുതുകിൽ കഠാര കുത്തിയിറക്കാൻ ശ്രമിക്കുന്നു, വിഷം കലർത്തിയ പാനീയം ഒരാളെക്കൊണ്ടു കുടിപ്പിക്കുന്നു, വിഷം തേച്ച വാൾകൊണ്ടു യുദ്ധം ചെയ്യുന്നു—ഇതൊക്കെക്കണ്ടു നമ്മുടെ ആത്മാവു് വിറയ്ക്കുമ്പോൾ ഷേക്സ്പിയർ കവിതയുടെ അമൃതധാര ചൊരിയുകയാണു്. അതോടെ നമ്മുടെ ആത്മാവു് തണുക്കുന്നു. കവിതയുടെ ശൈത്യം കൊണ്ടു സുഖമരുളുന്നില്ല ശ്രീ. ടി. എൻ. കൃഷ്ണപിള്ളയുടെ ചെറുകഥ. കഥയിലും വേണോ കവിത? അതേ ഏതു സാഹിത്യസൃഷ്ടിയും രമണീയമാകുന്നതു കാവ്യാത്മകതയാലാണു്. ഇതിന്റെ കുറവു് കഥയെ എത്രത്തോളം അധഃപതിപ്പിക്കും എന്നതിനു തെളിവായി “നവയുഗം” ഗാന്ധി ജന്മശതാബ്ദിപ്പതിപ്പിലെ “വൈകിപ്പോയി” എന്ന ചെറുകഥയെയാണു ഞാൻ ചൂണ്ടിക്കാണിക്കുന്നതു്. ഒരുമിച്ചു പഠിച്ച രണ്ടുപേർ, അവരിൽ ഒരാൾ പോലീസ് കൺസ്റ്റബിളായി. മറ്റേയാൾ കൺട്രാക്ടറും, കൺട്രാക്ടർ പോലീസ് കൺസ്റ്റബിളിനെ അറിയുന്നില്ല. ഒടുവിൽ കൺട്രാക്ടറുടെ മകൾ ഒരു കേസ്സിൽപ്പെടുമ്പോൾ അയാൾ ശുപാർശയും കൈക്കൂലിയുമായി സുഹൃത്തിനെ സമീപിക്കുന്നു. പക്ഷേ, കൺസ്റ്റബിൾ ഉദ്യോഗത്തിൽനിന്നു വിരമിച്ചു കഴിഞ്ഞുവെന്നു അയാൾ അറിഞ്ഞിരുന്നില്ല. ശ്രീ. കെ. വി. ചന്ദ്രശേഖരൻ എഴുതിയ ഈ കഥയ്ക്കു കാവ്യാത്മകമായ ഒരാശയമോ, ചാരുതയുള്ള പ്രതിപാദനമോ ഇല്ല. കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണത്തിലും ഇതു് വിജയം പ്രാപിച്ചിട്ടില്ല. കലയുടെ നാട്യംകൊണ്ടു് നമ്മെ ദുഃഖിപ്പിക്കുന്നതാണു് ഇക്കഥയെന്നു പറഞ്ഞുകൊള്ളട്ടേ. ശ്രീ. പ്രഭാകരൻ കൊളപ്രത്ത് ‘നവയുഗ’ത്തിലെഴുതിയ ‘അടുപ്പം’ എന്ന ചെറുകഥയും ഇതുപോലെ വിരസമാണു്. വിജാതീയരായ രണ്ടു പേരുടെ ശാരീരികവേഴ്ചയെ തികച്ചും കലാശൂന്യമായി അതു് ആവിഷ്ക്കരിക്കുന്നു. ‘സ്ത്രീകളിൽ സ്തുതിക്കപ്പെട്ടവൾ നീയാകുന്നു’ എന്ന പേരിൽ ശ്രീ. കെ. ജി. വിജയകുമാർ കൗമുദി വാരികയിലെഴുതിയ ചെറുകഥ നോക്കുക, ഒരു വിനയന്റെയും വിമലയുടേയും സ്നേഹത്തെ കത്തുകളുടെ രൂപത്തിൽ ആലേഖനം ചെയ്യുവാനുള്ള യത്നമാണു് അവിടെ ദർശിക്കുക. അന്യോന്യം അയയ്ക്കുന്ന കത്തുകളിലൂടെ വികാരാവിഷ്ക്കരണം നിർവ്വഹിക്കുന്ന രീതി ഉന്നതന്മാരായ കലാകാരന്മാർ അംഗീകരിച്ചിട്ടുള്ളതാണെങ്കിലും അതു് ഒരു പത്താം തരം കലാമാർഗ്ഗമാണെന്നാണു് എന്റെ വിശ്വാസം. ഇനി അതു് നല്ലരീതിയാണെന്നു് സമ്മതിച്ചുകൊടുത്താലോ? ഓരോ കത്തു കഴിയുന്തോറും വികാരത്തിനും ഇതിവൃത്തത്തിനും വികാസം ഉണ്ടാകണം. വിജയകുമാറിന്റെ കത്തുകളിൽ അതൊന്നുമില്ല. കഥാഗതിക്കു് ഒരനിവാര്യസ്വഭാവമോ കഥാപാത്രങ്ങൾക്കു് വ്യക്തിത്വമോ ഇല്ലതന്നെ. വിരസങ്ങളായ കുറെ വാക്യങ്ങൾ എന്നതിൽക്കവിഞ്ഞു് ഇവിടെ ഒന്നുമില്ല.
വടക്കൻ പറവൂരിനത്തുടുള്ള വരാപ്പുഴ എന്ന സ്ഥലത്തു് ഞാൻ കുറേക്കാലം താമസിച്ചുട്ടുണ്ടു്. അവിടെ താമസിക്കുമ്പോൾ, അന്നു് എറണാകുളം കോളേജിലെ വിദ്യാർത്ഥിയായിരുന്ന ചങ്ങമ്പുഴ യെ കാണാൻ ഞാൻ കൂടെക്കൂടെ അങ്ങോട്ടു പോകുമായിരുന്നു, ശ്രീ. ജി. ശങ്കരക്കുറുപ്പി ന്റെ ക്ലാസ്സുകളിൽ ഇരിക്കുക എന്നതു് മഹനീയമായ ഒരനുഭവമാണു്. ഒരു പ്രഭാഷണപ്രവാഹം. അതിൽ എല്ലാ വിദ്യാർത്ഥികളും ഒഴുകിപ്പോകും. ഒരു മണിക്കൂർ ഒരു നിമിഷമായി അനുഭവപ്പെടും. അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ പ്രഭാഷണംകേട്ടു് നിർവൃതിയിലാണ്ടതിനുശേഷം ഞാനും ചങ്ങമ്പുഴയും കായൽക്കരയിൽ വന്നുനിന്നു. ഞങ്ങളുടെ അടുത്തേയ്ക്കു് ഒരു വിരൂപൻ ഭിക്ഷ യാചിച്ചുകൊണ്ടെത്തി. ആ മനുഷ്യന്റെ വൈരൂപ്യം കണ്ടു് അന്നു് വെറുമൊരു വിദ്യാർത്ഥിയായിരുന്ന ഞാൻ പൊട്ടിച്ചിരിച്ചു. ചങ്ങമ്പുഴ തന്റെ കറുത്ത ഫ്രെയിമുള്ള കണ്ണാടിയുടെ മുകളിൽക്കൂടി എന്നെ ദേഷ്യത്തിൽ നോക്കിയിട്ടു പറഞ്ഞു: “മനുഷ്യന്റെ വൈരൂപ്യം കണ്ടു് ചിരിക്കരുതു് ” “പിന്നെ ഏതു വൈരൂപ്യം കണ്ടു് ചിരിക്കാം” ഞാൻ ചോദിച്ചു. ചങ്ങമ്പുഴ മറുപടി നൽകി “കലയിലെ വൈരൂപ്യം കണ്ടു് ചിരിക്കാം.” ചങ്ങമ്പുഴ എന്ന അനുഗ്രഹീതനായ കവി, ചങ്ങമ്പുഴ എന്ന അനുഗ്രഹീതനായ തത്വചിന്തകൻ വാഴ്ത്തപ്പെടട്ടെ!! മലയാളരാജ്യം വാരികയിൽ (ലക്കം 14) പരസ്യപ്പെടുത്തിയിട്ടുള്ള “തെറ്റുകൾ തിരുത്തേണ്ട” എന്ന ചെറുകഥ വായിച്ചു് ഞാൻ പൊട്ടിച്ചിരിക്കുന്നു. മലയാളരാജ്യം വാരികയിൽ വരുന്ന കഥകൾക്കു് വിശേഷിച്ചൊരു പേരില്ല. ‘മലയാളനാടു്’ വാരികയിലോ, ‘മാതൃഭൂമി’ വാരികയിലോ വരുന്ന കഥകളുടെ സ്ഥിതിയും അതുതന്നെ. പക്ഷേ, അനുവാചകർ ചില കഥകളെ മനോരമക്കഥകളെന്നു് വിളിക്കാറുണ്ടു്, ഭാവചാപല്യം, ബാലികാബാലന്മാരെ ഇക്കിളിപ്പെടുത്തുന്ന ശൃംഗാരവർണ്ണന, അവാസ്തവികമായ സംഭാഷണം, മധുരപദങ്ങളുടെ മേളനം, അയഥാർത്ഥമായ ഇതിവൃത്തം ഇവയൊക്കെച്ചേർന്ന കഥകളാണു് മനോരമക്കഥകൾ. ശ്രീ. കീഴില്ലം ജോയി എഴുതിയ “തെറ്റുകൾ തിരുത്തേണ്ട” എന്ന കഥ ആ വിഭാഗത്തിൽപ്പെടുന്നുവെന്നു് ദുഃഖത്തോടെ ഞാൻ പറയുന്നു, ചിറ്റപ്പന്റെ അനന്തരവളെക്കണ്ട ഗോപി കാവ്യാത്മകങ്ങളെന്നു് അയാൾ തെറ്റിദ്ധരിക്കുന്ന വാക്കുകൾ വാരിയെറിയുന്നു. അവളും വിടുന്നില്ല. തുടർന്നു് ഉത്കടപ്രേമം, അതിനു ശേഷം പ്രേമഭംഗം. കാമുകിയെ ഐ. ഏ. എസ്സുകാരൻ വിവാഹം ചെയ്യുമ്പോൾ കാമുകൻ വിരലും കടിച്ചു നിൽക്കുന്നു.
കാചങ്ങൾ രണ്ടു വിധമാണു്. മധ്യോന്നത കാചവും മധ്യനിമ്നകാചവും (Convex lens, Concave lens). ഒന്നു് പ്രതിഫലനത്തെ ചെറുതാക്കിക്കാണിക്കുന്നു, മറ്റൊന്നു വലുതാക്കി കാണിക്കുന്നു. രണ്ടും രൂപപരിവർത്തനം വരുത്തുന്നുണ്ടു് വസ്തുവിനു്. നമ്മുടെ കഥാകാരന്മാർ ഇവയിൽ ഏതെങ്കിലുമൊരു കാചം കൈയിൽ വച്ചിരിക്കും. അവർ അതിൽ ജീവിതത്തെ പ്രതിഫലിപ്പിച്ചു കാണിക്കുമ്പോൾ പ്രതിഫലനം ബീഭത്സാകാരം ആവഹിക്കുന്നു. ശ്രീ. മാങ്ങാടു് ബാലകൃഷ്ണൻ മലയാളരാജ്യം വാരികയിൽ എഴുതിയിരിക്കുന്ന ‘പരാജിത’ എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കു് ഇങ്ങനെയാണു് തോന്നിയതു്. താൻ സ്നേഹിക്കുന്ന (?) പുരുഷനെ തേടിവരുന്ന യുവതി അയാളുടെ വ്യഭിചാരവും കുടിയും കാണുന്നു. നിരാശതയോടെ തിരിച്ചു പോകുന്നു. ജീവിതസത്യം ഇവിടെയില്ല, ജീവിതവസ്തുതയെ രൂപപരിവർത്തനം വരുത്തിക്കാണിക്കുകയാണു് ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ആ യത്നം ആദരണീയമല്ല.
കാമുകൻ പറഞ്ഞു: “ഓമനേ ഉറങ്ങൂ! ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ നിന്നെ ചുംബിക്കാം. അപ്പോൾ ചിത്രശലഭങ്ങൾ ചിറകുകൾകൊണ്ടു് നിന്റെ കവിൾത്തടത്തിൽ സ്പർശിക്കുകയാണെന്നേ നിനക്കു തോന്നുകയുള്ളു.” കലാകാരന്മാർക്കു് കലാദേവതയോടുള്ള മാനസികനില ഇതായിരിക്കണം. പക്ഷേ, ഈ സൗന്ദര്യബോധം ഇന്നു് എവിടെപ്പോയി? ഈ മൃദുലത എവിടെ അന്തർദ്ധാനം ചെയ്തിരിക്കുന്നു?
ഒക്ടോബർ അഞ്ചാം തീയതിയിലെ “ദേശാഭിമാനി” വാരികയിൽ പരസ്യം ചെയ്തിരിക്കുന്ന “കുടിയിറക്കു്” എന്ന ചെറുകഥ പ്രതിപാദ്യവിഷയത്തിന്റെയും പ്രതിപാദന രീതിയുടെയും അപൂർവ്വ സ്വഭാവം കൊണ്ടു് എന്നെ ആകർഷിച്ചു. ഹിന്ദി ഹാസ്യസാഹിത്യകാരനായ ഹരിശങ്കർ പർസായി യുടെ ആ കഥ ശ്രീ. വി. ഡി. കൃഷ്ണൻ നമ്പ്യാർ ഭംഗിയായി തർജ്ജമ ചെയ്തിട്ടുണ്ടു്, ഇന്ദ്രനു് അനേകം കെട്ടിടങ്ങളുണ്ടു്. ‘ഫാമിലി’യുള്ളവർക്കു് അദ്ദേഹം അവ വാടകയ്ക്കു കൊടുക്കുന്നു. കുടുംബത്തെ പിന്നീടു് കൊണ്ടു വന്നുകൊള്ളാമെന്ന ഉപാധിയിന്മേൽ നഹുഷനു് ഒരു കെട്ടിടം ഇന്ദ്രൻ വാടകയ്ക്കു കൊടുത്തു. ഒറ്റയ്ക്കു താമസിക്കുന്ന നഹുഷൻ ഒരിക്കൽ ഇന്ദ്രപത്നിയെ കടാക്ഷിച്ചു. ഇന്ദ്രൻ വീട്ടിലില്ലാതിരിക്കുമ്പോൾ അവൾ മുറ്റത്തുനിന്നു് തലമുടി കോതി. അപ്പോഴാണു് നഹുഷന്റെ കടാക്ഷം ചെന്നു വീണതു്. പെൻഷൻ പറ്റിയ വൃദ്ധന്മാർ—ഋഷിമാരെന്നാണു് അവരെ വിളിക്കുക—ധർമ്മരോഷത്തോടെ നഹുഷനെ അടിച്ചു തെരുവിനു പുറത്താക്കി. ഹരിശങ്കർ പർസായി മുതലാളിത്ത വ്യവസ്ഥിതിയെ പരിഹസിക്കുന്നു. പാരമ്പര്യ പൂജകന്മാരെ പരിഹസിക്കുന്നു, അനവസരത്തിലുണ്ടാകുന്ന ലൈംഗികാസക്തിയെ പരിഹസിക്കുന്നു. കഥാകാരന്റെ ഇച്ഛാശക്തിയുടെ പ്രകടനമാണു് ഈ കഥയിലുള്ളതു്. എങ്കിലും ഇതു് നല്ലൊരു സോല്ലുണ്ഠനമായിട്ടുണ്ടു്. ശ്രീമതി ബി. സുനന്ദയുടെ “മാറ്റം” എന്ന കഥ നോക്കുക (കുങ്കുമം വാരിക). കുഞ്ഞിനെ അതിന്റെ അമ്മ തുടരെത്തുടരെ ചുംബിച്ചപ്പോൾ അവളുടെ ഭർത്താവു് (അയാൾ കുഞ്ഞിന്റെ അച്ഛനും തന്നെ) ആ കുഞ്ഞിനെ കുഴിച്ചുമൂടാൻ ഭാവിച്ചു. പൂർണ്ണവാക്യങ്ങളും അപൂർണ്ണവാക്യങ്ങളും ഉൾപ്പെടെ ഇതിൽ ഇരുപത്തിനാലു് വാക്യങ്ങൾ ഉണ്ടു്. ഭർത്താവിന്റെ ഈർഷ്യയാണു് ഇവിടെ പ്രതിപാദ്യം. തനിക്കു കിട്ടേണ്ട ചുംബനം കുഞ്ഞു് അപഹരിച്ചതിലുള്ള ഈർഷ്യ. ഇങ്ങനെയൊരു ഭർത്താവു് ഏതുലോകത്തുണ്ടു്? ഇങ്ങനെയൊരു അച്ഛൻ ഏതുലോകത്തുണ്ടു്? സുനന്ദയുടെ കഥയിൽ മനഃശാസ്ത്രപരമായ ഒരു സത്യമുണ്ടെന്നു് ഞാൻ സമ്മതിക്കുന്നു. പക്ഷേ, ആ സത്യത്തെ സ്ഥൂലീകരിച്ചു കാണിക്കുന്നു എന്നതാണു് ഈ ചെറുകഥയുടെ ന്യൂനത. മധ്യോന്നത കാചവും മധ്യനിമ്നകാചവും കൈയിൽ കൊണ്ടു നടക്കുന്നവരാണു് നമ്മുടെ കഥാകാരന്മാരെന്നു ഞാൻ പറഞ്ഞതിൽ വല്ലതെറ്റുമുണ്ടോ? ഒക്ടോബർ മാസത്തിലെ “മംഗളോദയ”ത്തിൽ “അഭിമാനം” എന്ന ചെറുകഥയെഴുതിയ ശ്രീ. കൊട്ടാരക്കര ജി. ബാലകൃഷ്ണപിള്ളയെ ഞാനൊന്നു കുറ്റപ്പെടുത്തിക്കൊള്ളട്ടെ. കൃത്രിമത്വവും വൈലക്ഷണ്യവും കലാസൃഷ്ടിയിൽ കണ്ടാൽ കുറ്റം പറയാതിരിക്കാൻ വയ്യ. ജോലി നഷ്ടപ്പെട്ടു് നിർദ്ധനനായ ഒരുവൻ യാദൃച്ഛികമായി കിട്ടിയ പതിനഞ്ചുരൂപ കൈയ്യിൽ വച്ചുകൊണ്ടു് ചിന്താമഗ്നനായി നില്ക്കുന്നു. ഭാര്യ വീട്ടിൽ പോയിരിക്കുകയാണു്, അബോധാത്മകമായ പ്രേരണകൊണ്ടാവാം അയാൾ വ്യഭിചാരം തൊഴിലായിട്ടുള്ള ഒരു സുഹൃത്തിന്റെ അടുക്കൽ ചെല്ലുന്നു. പുതുതായി ഒരു പെണ്ണിനെ കിട്ടിയിട്ടുണ്ടെന്നു് സുഹൃത്തു് പറഞ്ഞതനുസരിച്ചു് അയാൾ അവളെ കാണാൻ ചെല്ലുന്നു. ചെന്നപ്പോഴോ? തന്റെ സഹധർമ്മിണിയെയാണു് അവിടെ കാണുന്നതു്. കൃത്രിമത്വമാണു് ഇതിന്റെ മുദ്ര. അനുവാചകനു് വൈരസ്യം ജനിപ്പിക്കലാണു് ഇതിന്റെ കർത്തവ്യം. മലയാളഭാഷയിൽ ചെറുകഥകൾ ഇല്ലാതിരുന്ന ആ നല്ലകാലത്തെക്കുറിച്ചു് ഞാൻ ഓർമ്മിച്ചുപോകുന്നു.
കഥ ഇന്ന രീതിയിലിരിക്കണമെന്നു് സിദ്ധിവൽകരിച്ചിട്ടു് ചില കഥകൾ കലാശൂന്യങ്ങളാണെന്നു് ഞാൻ ഇതിനു മുൻപു പറഞ്ഞിട്ടുണ്ടു്. ഇപ്പോൾ അങ്ങനെ പ്രവർത്തിക്കുന്നില്ല. കലയുടെ ലക്ഷ്യം ആസ്വാദനമാണെന്നു് സങ്കല്പിച്ചുകൊണ്ടു് ആസ്വദിക്കാൻ വേണ്ടി മാത്രം ഞാൻ മാതൃഭൂമിയിലെ (ഒക്ടോബർ 12) രണ്ടു ചെറുകഥകളും വായിച്ചുനോക്കി. ശ്രീ. ടി. ആറി ന്റെ ‘കാവൽ’ ശ്രീ. കെ. എൽ. മോഹനവർമ്മ യുടെ ‘സ്ത്രീവേഷം’. ഈ രണ്ടു കഥകളും എനിക്കു് രസാനുഭൂതി നല്കിയില്ല. കാമുകന്റെയും കാമുകിയുടെയും പേടിയെ ആലേഖനം ചെയ്യുകയാണു് ടി.ആർ. സ്ത്രീ വേഷം കെട്ടാൻ ആളന്വേഷിച്ചു നടക്കുന്നതിന്റെ കഥയാണു് മോഹനവർമ്മ പറയുന്നതു്. കഥകൾ ഹൃദയത്തിൽ നിന്നു വരികയും ഹൃദയത്തിലേക്കു സംക്രമിക്കുകയും വേണം. അങ്ങനെയുള്ള കഥകൾക്കു സ്വാഭാവികതകാണും, സ്വാഭാവികതയുടെ കുറവായിരിക്കാം ഈ കഥകളുടെ ന്യൂനത.
നിങ്ങളുടെ പ്രണയിനിയുടെ കെട്ടിവച്ച തലമുടി പൊടുന്നനവേ അഴിഞ്ഞുവീണു് നിതംബത്തിലൂടെ ഒഴുകി ഇരുണ്ട തരംഗങ്ങൾ സൃഷ്ടിക്കുന്നതു് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനെക്കാൾ രമണീയമായ കാഴ്ച വേറെയില്ലെന്നു് നിങ്ങൾ പറയും. ശ്രീ. കരിമ്പുഴ രാമചന്ദ്രൻ ആ കാഴ്ചകണ്ടിട്ടുണ്ടു്. താൻ കണ്ടതിനെ ഭംഗിയായി ആവിഷ്ക്കരിക്കാനും അദ്ദേഹത്തിനറിയാം.
അരിമുല്ലപ്പുവാൽ ച്ചുണ്ട
ത്തൊരു മാലകൊരുത്തുംകൊണ്ടും
തോണ്ടും മിഴിയാലെന്നുള്ളിൽ
ഗോപിക്കുറിതൊട്ടുംകൊണ്ടും
ചികുരഭരക്കെട്ടഴിയുംമ്പോ–
ളവൾ മൊഴിയും: നേരം വൈകി!
അതുശരിയെന്നോതുമെനിക്കോ
കരളിന്നൊരു മധുരാസ്വാസ്ഥ്യം.
ഈ ആവിഷ്കരണത്തിൽക്കവിഞ്ഞു് അദ്ദേഹത്തിന്റെ കവിതയിൽ (മാതൃഭൂമി ഒരു തുടുത്ത പാട്ടു്) എന്തിരിക്കുന്നവെന്നു എന്റെ വായനക്കാർ ചോദിക്കുമായിരിക്കും. അതിൽക്കുടുതൽ നാം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണു് എന്റെ വിനയപൂർവ്വമായ മറുപടി. എന്നാൽ ശ്രീ. കെ. വി. രാമകൃഷ്ണന്റെ “മഹാവനേ നാം” എന്ന കവിതയിൽ (മാതൃഭൂമി ഈ ചാരുതപോലുമില്ലല്ലോ, കാവ്യാംഗന മുതുകിൽ അടിയേറ്റു് ശരീരം വളച്ചുകൊണ്ടു് ഓടുന്ന ദയനീയമായ കാഴ്ചയാണു് ഞാൻ രാമകൃഷ്ണന്റെ കവിതയിൽ ദർശിച്ചതു്. പ്ലാത്തറത്തറ ഭാസ്ക്കർജിയുടെ “തെരുവിന്റെ മകൾ”ക്കും സൗന്ദര്യമില്ല. മഹാത്മാഗാന്ധി യെക്കുറിച്ചു് ശ്രീ. നീലമ്പേരൂർ മധുസൂദനൻനായരും ശ്രീ. കുമ്മാൾ സുകുമാരൻനായരും ശ്രീ. കിളിമാനൂർ മധു വും ശ്രീ. രാജൻ പാലയാടും ‘നവയുഗം’ ഗാന്ധിജന്മശതാബ്ദിപ്പതിപ്പിൽ എഴുതിയിരിക്കുന്ന കവിതകൾ അവരുടെ ആരാധനാ കൗതുകത്തേയും കാവ്യരചനാഭിലാഷത്തേയും പ്രകടമാക്കുന്നു. പർവ്വതത്തിൽ നിന്നു് ഉദ്ഭവിക്കുന്ന നദി സാഗരത്തെ ലക്ഷ്യമാക്കി കുതിക്കുന്നതുപോലെ ഭൂമിയിൽ നിന്നു മുളച്ചുപൊന്തുന്ന ചെടി വൃക്ഷമായി നീലാന്തരീക്ഷത്തിലേക്കു് തലയുയർത്തുന്നതുപോലെ അനുഭവങ്ങളിൽ നിന്നു് ആവിർഭവിക്കുന്ന കവിതവിടർന്നു വിലസണം. അനുഭൂതിയുടെ പരാഗം അതു് വിതരണം ചെയ്യണം. രസത്തിന്റെ മധു അതു് പകർന്നുതരണം. അങ്ങനെ അതിനൊരു നവീനതയും അപൂർവ്വതയും ഉണ്ടാകണം. എന്റെ ഈ ആഗ്രഹങ്ങൾക്കൊന്നും സാഫല്യമില്ല ഈ ആഴ്ചയിൽ.
ശ്രീ. പി. ശേഷാദ്രി അയ്യരുടെ വ്യക്തിപ്രഭാവത്തെക്കുറിച്ചു് ശ്രീ. വി. എസ്സ്. ശർമ്മ ഉപന്യസിക്കുന്നു (മലയാളരാജ്യം-ലക്കം 14). കണ്ണുനീരിന്റെ നനവുള്ള ആ ലേഖനം ഗുരുഭക്തി ഒരു മാനുഷികമൂല്യമാണെന്നു വിശ്വസിക്കുന്നവരുടെയെല്ലാം ഹൃദയത്തെ സ്പർശിക്കും. മഹാകവി എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ. പി. കുഞ്ഞിരാമൻ നായരു ടെ കവിത വർത്തമാനകാലത്തിലെ ജീവിതസത്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു കാണിച്ചു് ശ്രീ. ഷൊർണ്ണൂർ കാർത്തികേയൻ ‘മംഗളോദയം’ മാസികത്തിൽ എഴുതിയിട്ടുള്ള ലേഖനം ഒരു പുതിയ നാദം കേൾപ്പിക്കുന്നുവെന്നതു് ആശ്വാസപ്രദം തന്നെ. കവിപൂജയല്ല കാവ്യപൂജയാണു് നമുക്കു വേണ്ടതെന്നു് ശ്രീ. എം. കുട്ടിക്കൃഷ്ണൻ യുക്തിപ്രദർശത്തോടെ വാദിക്കുന്നു (ദേശാഭിമാനിവാരിക). ആരാണു് അതിനോടു യോജിക്കാതിരിക്കുക? പക്ഷേ, ലേഖനമെന്ന നിലയിൽ അതിനു് ഒരു ശൈഥില്യംവന്നുപോയിട്ടുണ്ടു്. ആശയങ്ങൾക്കു് അന്യോന്യബന്ധവും വിഷയത്തെസ്സംബന്ധിച്ച ഒരേകാഗ്രതയും ഉണ്ടായിരുന്നെങ്കിൽ ആ പ്രബന്ധം ആകർഷകമായേനെ.
ഒരു കാമുകൻ കാമുകിയോടു പറഞ്ഞു: “ഓമനേ ഉറങ്ങൂ! ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ നിന്നെ ചുംബിക്കാം. അപ്പോൾ ചിത്രശലഭങ്ങൾ ചിറകുകൾകൊണ്ടു് നിന്റെ കവിൾത്തടത്തിൽ സ്പർശിക്കുകയാണെന്നേ നിനക്കു തോന്നുകയുള്ളു.” കലാകാരന്മാർക്കു് കലാദേവതയോടുള്ള മാനസികനില ഇതായിരിക്കണം. പക്ഷേ, ഈ സൗന്ദര്യബോധം ഇന്നു് എവിടെപ്പോയി? ഈ മൃദുലത എവിടെ അന്തർദ്ധാനം ചെയ്തിരിക്കുന്നു?