
നാം ഒരു സ്നേഹിതനെ കാണുന്നുവെന്നിരിക്കട്ടെ. ഉടനെയുള്ള ചോദ്യം “എന്തെല്ലാം വിശേഷം” എന്നായിരിക്കും. “വിശേഷമൊന്നുമില്ല” എന്നു മറുപടി. ആ മറുപടി കിട്ടിക്കഴിഞ്ഞാൽ വേറൊന്നും ചോദിക്കാനില്ലാത്തതുകൊണ്ടു് “വലിയ ഉഷ്ണം” അല്ലെങ്കിൽ “എന്തൊരു കാലാവസ്ഥ” എന്നൊക്കെപ്പറഞ്ഞു സംസാരം അവസാനിപ്പിക്കും. പറയാൻ ഒന്നുമില്ലാതിരിക്കുക എന്നതു് ഈ കാലഘട്ടത്തിന്റെ സവിശേഷതയാണെന്നാണു ശൂന്യതാവാദത്തിന്റെ ഉദ്ഘോഷകനായ യോനസ്ക്കോ യുടെ അഭിപ്രായം വല്ലതും പറയാനുണ്ടെന്നു വച്ചാലോ? ആ ആശയമാവിഷ്ക്കരിക്കുന്നതിനു ഭാഷ പര്യാപ്തമല്ലെന്നു് അദ്ദേഹം പ്രഖ്യാപിക്കുന്നു. ഈ ആശയരിക്തതയേയും ഭാഷയുടെ അപര്യാപ്തതയേയും വ്യക്തമാക്കിക്കാണിക്കുന്നു യോനസ്ക്കോയുടെ “അഭ്യസനം” (Lesson) എന്ന ഏകാങ്കനാടകം. ‘ഡോക്ടറേറ്റ്’ സമ്പാദിക്കാൻ വേണ്ടി ഒരു പെൺകുട്ടി പ്രൊഫസറുടെ അടുത്തു പഠിക്കാൻ വരുന്നു. അവൾക്കു ഗുണനക്രിയ അറിയാം. പക്ഷേ, നാലിൽ നിന്നു മൂന്നു കുറയ്ക്കാൻ അറിഞ്ഞുകൂടാ. പ്രൊഫസർ ചോദിക്കുന്നു: “ഒന്നും ഒന്നും?” ഉത്തരം: രണ്ടു്. ചോദ്യം: രണ്ടും ഒന്നും? ഉത്തരം: മൂന്നു്. ഉടനുടൻ നല്കുന്ന ഈ ഉത്തരങ്ങൾ കേട്ടു പ്രൊഫസർ അദ്ഭുതപ്പെടുന്നു. പി. എച്ച്. ഡിക്കു് അവൾ സർവഥാ അർഹയാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം (അക്ഷരം പോലും ശരിക്കറിയാതെ പി. എച്ച്. ഡി. സമ്പാദിക്കുന്ന ഇന്നത്തെ പണ്ഡിതന്മാരെക്കൂടി യോനസ്ക്കോ പരിഹസിക്കുകയാണു്). കണക്കു പഠിപ്പിച്ചതിനുശേഷം പ്രൊഫസർ ഭാഷാശാസ്ത്രത്തിലേക്കു പോകുന്നു. അതു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴാണു് അദ്ദേഹം പരാജയപ്പെടുന്നതു്. കണക്കു പഠിപ്പിക്കാം. ആശയാവിഷ്ക്കാരത്തിനു് അസമർത്ഥമായ ഭാഷയും അതിന്റെ ശാസ്ത്രവും പഠിപ്പിക്കാൻ വയ്യ. ഈ വ്യർത്ഥപ്രയത്നം പരകോടിയിലെത്തുമ്പോൾ പ്രൊഫസർ ശിഷ്യയെ കൊല്ലുന്നു. മൃതദേഹം അവിടെനിന്നു മാറ്റുന്നു. അപ്പോൾ പരിചാരിക വന്നറിയിക്കുന്നു, വേറൊരു ശിഷ്യ പഠിക്കാനെത്തിയിരിക്കുന്നുവെന്നു്. അവൾക്കും അതേ അന്ത്യം തന്നെ വന്നുചേരുമെന്നു നമുക്കറിയാം. എല്ലാം ശൂന്യം; മരണം മാത്രമേ ഇവിടെ അസംശയമായുള്ളു; ആശയാവിഷ്ക്കാരത്തിനു് ഭാഷ യോജിച്ചതല്ല എന്നൊക്കെയാണു് യോനസ്ക്കോ സ്ഥാപിക്കാൻ ശ്രമിക്കുന്നതു് (ആശയാവിഷ്ക്കാരത്തിനു് ഭാഷ അപര്യാപ്തമെന്നു കരുതുന്ന യോനസ്ക്കോ, ഭാഷകൊണ്ടുതന്നെയാണു് തന്റെ ആശയം നമുക്കു പകർന്നു തരുന്നതു് എന്ന വസ്തുത വിചിത്രമായിരിക്കുന്നു). യോനോസ്ക്കോയുടെ മറ്റു നാടകങ്ങൾ, സാമുവൽ ബക്കറ്റി ന്റെ “വെയിറ്റിംഗ് ഫോർ ഗോദോ ” തുടങ്ങിയ കൃതികൾ, ഷെനേ യുടെ കൃതികൾ ഇവയൊക്കെ ഈ ശൂന്യതാവാദത്തെയാണു് പ്രതിപാദിക്കുന്നതു്. കേരളത്തിലെ അത്യന്താധുനികരുടെ ആചാര്യന്മാരാണു് ഇവരെല്ലാം. വേറെയും ആചാര്യന്മാരുണ്ടു് ഇവർക്കെന്ന വസ്തുത ഞാൻ വിസ്മരിക്കുന്നില്ല. ജീവിതം അതിന്റെ അന്ത്യത്തിൽ എത്തിയിരിക്കുന്നുവെന്നു് വിശ്വസിക്കുന്ന ഷാങ്പോൾ സാർത്ര്, ആത്മഹത്യകൊണ്ടേ മനുഷ്യനു് ജീവിതത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുകയുള്ളു എന്നു് വിശ്വസിക്കുന്ന അൽബേർ കമ്യൂ (ഇദ്ദേഹം മരിച്ചുപോയി) എന്നിവരും നമ്മുടെ അത്യന്താധുനികരുടെ ഉപാധ്യായന്മാരാണു്. ഇതിനിടയിൽ സ്വാഭാവികജ്ഞാനത്തിനു് (Common sense) പ്രാധാന്യം കല്പിക്കുന്ന റസ്സലി ന്റെ ശബ്ദം കേൾക്കാം. വേദാന്തത്തിന്റെ മാർഗ്ഗമാണു് ശരിയായ മാർഗ്ഗമെന്നു് അഭിപ്രായപ്പെടുന്ന കൃഷ്ണമൂർത്തി യുടെ ശബ്ദം കേൾക്കാം. ഇങ്ങനെ എത്രയെത്ര ശബ്ദങ്ങൾ! എത്രയെത്ര വാദങ്ങൾ! മുൻപു് ഒരു ശതാബ്ദവും കണ്ടിട്ടില്ലാത്ത ആശയസംഘട്ടനങ്ങളാണു് ഇവിടെ നടക്കുന്നതു്. നടക്കട്ടെ. പക്ഷേ, അതു് മനുഷ്യന്റെ സർഗ്ഗാത്മകപ്രക്രിയയെത്തന്നെ ബാധിച്ചാലോ? അവന്റെ സംസ്ക്കാരം തകരുകയില്ലേ? തകരും, തകർന്നുകൊണ്ടിരിക്കുന്നു എന്ന സത്യമാണു് അത്യന്താധുനികസാഹിത്യം വിളംബരം ചെയ്യുന്നതു്. ഈ തകർച്ചയ്ക്കു നല്ലൊരു തെളിവായിട്ടുണ്ടു് ഈ ആഴ്ചയിൽ പുറത്തുവന്ന “മാതൃഭൂമി വിഷുപ്പതിപ്പു്”. അതിന്റെ നൂറ്റിപ്പത്തു പുറങ്ങളിൽ അടങ്ങിയിരിക്കുന്ന “സാഹിത്യ”ത്തെ വിമർശിക്കുക എന്ന പാഴ്‌വേലയ്ക്കു ഞാൻ ശ്രമിക്കുന്നില്ല. ഒന്നാം സമ്മാനം നേടിയ കവിതയെക്കുറിച്ചും ഒന്നാം സമ്മാനം നേടിയ ചെറുകഥയെക്കുറിച്ചും മാത്രം പറയാം. ശ്രീ. എൻ. മാധവൻകുട്ടിയുടെ “എന്റെ മരണം” എന്ന കവിതയ്ക്കാണു് ഒന്നാം സമ്മാനം കൊടുത്തതു്. ബാല്യകാലത്തിന്റെ മാധുര്യം വർണ്ണിച്ചുകൊണ്ടാണു് കവിതയുടെ ആരംഭം
“ഒരു ഗോസായിക്കഥയിൽ
മുത്തശ്ശിപ്പാട്ടിൽ താരാട്ടിൽ
ഞാൻ ജീവിച്ചപ്പോൾ
ഒരു ചെറുതുമ്പിയിൽ ചെമ്പനിനീർപ്പൂവിൽ
എന്നാഹ്ലാദം—ഹർഷോന്മാദം”
പ്രായമായപ്പോൾ ഈ ഹർഷോന്മാദം പോയി. എന്നല്ല, ദുഃഖം വന്നു ചേർന്നു.
“ഇന്നെൻ ദുഃഖമഗാധമരൂപം
മോഹമനന്തം; ഞാനൊരു ചെറുലോകം”.
ഇത്രയും കഴിഞ്ഞിട്ടു് കവി തന്നോടു ചോദിക്കുന്നു:
“അമ്മ മരിച്ചതു് ഇന്നോ ഇന്നലെയോ?”
കവിതയിൽ കവിയുടെ ഹൃദയസ്പന്ദനം കേൾക്കാം. ഇവിടെ അതു കേൾക്കുന്നില്ല. അതുകൊണ്ടു് ഇതു കവിതയല്ല എന്നതു പോകട്ടെ. അവസാനത്തെ വരിയിലെ പാരതന്ത്ര്യമാണു് എന്നെ ദുഃഖിപ്പിച്ചതു്, കമ്യു വിന്റെ Outsider എന്ന നോവലിൽ നായകന്റെ അമ്മ മരിച്ചതായി പ്രസ്താവിക്കുന്നു. പക്ഷേ, മരിച്ചതു് ഇന്നോ അതോ ഇന്നലെയോ എന്നു് അയാൾക്കു് നിശ്ചയമില്ല, “Mother died today. Or may be yesterday; I can’t be sure” എന്നാണു് നോവലിന്റെ ആരംഭം. എല്ലാം ശൂന്യം, എല്ലാം പ്രമാദപൂർണ്ണം, ഇവിടെ മാനുഷികമൂല്യങ്ങൾക്കു് അർത്ഥമില്ല. അമ്മയാരു് ? അവർ മരിച്ചാലെന്തു്? ഇല്ലെങ്കിലെന്തു്? അസ്തിത്വവാദത്തിൽ വിശ്വസിക്കുന്ന കമ്യൂ ആ രീതിയിൽ ഒരു നോവലെഴുതിയതു് നമുക്കു മനസ്സിലാക്കാം. പക്ഷേ, ഇവിടുത്തെ അത്യന്താധുനികൻ ആ ചിന്താഗതി കടം മേടിക്കുന്നതു് മനസ്സിലാക്കാൻ പ്രയാസം. എന്തൊരു അടിമത്തം! എന്തൊരു ദയനീയാവസ്ഥ! ദുഷ്ക്കവിതയുടെ കൂർത്ത നഖങ്ങൾ അനുവാചകന്റെ ചർമ്മത്തെ മാന്തിപ്പൊളിക്കുന്നതു സഹിക്കാം. ഈ പാരതന്ത്ര്യം സഹിക്കാൻ വയ്യ. “അന്യന്റെ ഭക്ഷണം കയ്ക്കം; അവന്റെ കോണിപ്പടി കയറാൻ പ്രയാസം” എന്നു ദാന്തെ പറഞ്ഞതു് ഞാൻ ഓർമ്മിക്കുന്നു. ഒന്നാംസമ്മാനം കിട്ടിയ ഈ “കവിത”യിൽ നിന്നു് ഒന്നാം സമ്മാനം കിട്ടിയ “ചെറുകഥ”യിലേക്കു പോയാലോ? ശ്രീ. എൻ. എസ്സ്. മാധവന്റെ “ശിശു” എന്ന ആ ചെറുകഥ ഞാൻ പല പരിവൃത്തി വായിച്ചുനോക്കി. സൃഷ്ടിയെക്കുറിച്ചു് അദ്ദേഹം എന്തോ പറയുന്നു എന്നല്ലാതെ വേറൊന്നും എനിക്കു മനസ്സിലായില്ല. ഇതു് അയഥാർത്ഥമാണു്, ദുർഗ്ഗന്ധപൂർണ്ണമാണു്. സാഹിത്യാസ്വാദനത്തിനു് തല്പരനായി വാരിക തുറക്കുന്ന സഹൃദയന്റെ മൂക്കിനു നേരേയുള്ള ഇടിയാണു്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും നേർക്കു ബഷീറും കേശവദേവും ഉറൂബൂം നടന്നു അടുക്കുമ്പോൾ ഈ അത്യന്താധുനികന്മാർ ദിഗംബരന്മാരായി നിന്നു കേരളീയരെ ഭയപ്പെടുത്തുന്നു, അപമാനിക്കുന്നു. യഥാർത്ഥമായ സംസ്ക്കാരത്തോടു് ഒരു ബന്ധവുമില്ലാത്ത ഇത്തരം ഹീനകൃത്യങ്ങളെ നാം നിരുത്സാഹപ്പെടുത്തണം. പത്രാധിപന്മാരും നമ്മോടുകൂടെ ഉണ്ടായിരിക്കണമെന്നാണു നമ്മുടെ ആഗ്രഹം. ഇനി നമുക്കു് “ജനയുഗം” വാരികയിലേക്കു പോകാം. അത്യന്താധുനികതയെ അംഗീകരിക്കാത്ത ഒരു ഉത്കൃഷ്ടവാരികയാണു “ജനയുഗം”. പക്ഷേ, അതിലെ രണ്ടു ചെറുകഥകളും—ശ്രീ. യു. കെ. കുമാരന്റെ ‘പ്രതീക്ഷ’യും കുമാരി ജി. ഹേമലതയുടെ ‘നിറങ്ങളും’—വിലക്ഷണങ്ങളാണു്. ഉദ്യോഗം തേടിവരുന്ന ഒരു പെൺകുട്ടി നിരാശതയിൽ വീഴുന്നതാണു് ആദ്യത്തെ കഥയിലെ വിഷയം. നിരപരാധയായ ഒരു പെൺകുട്ടി താനറിയാതെ അസാന്മാർഗ്ഗികതയിലേക്കു പോകുന്നതാണു രണ്ടാമത്തെ കഥയിലെ പ്രതിപാദ്യം. രണ്ടുകഥകൾക്കും ആഖ്യാനത്തിന്റെ സ്പഷ്ടതയില്ല. വ്യക്തതയാണു കലയുടെ മുദ്ര. അതില്ലെങ്കിൽ കലയില്ല. കുഞ്ചുവിനെയും ചന്തുവിനെയുമാണു ഞാൻ എപ്പോഴും അന്വേഷിക്കുക. 37-ാം ലക്കം ജനയുഗത്തിൽ ഞാൻ അവരെ കണ്ടില്ല. ആ ദുഃഖത്തോടെ മലയാളരാജ്യം വാരിക കൈയിലെടുക്കുന്നു. ഒരുകാലത്തു് അവർ കാമുകീകാമുകരായിരുന്നു (ഈ തെറ്റായ പ്രയോഗത്തിനു സംസ്കൃത പണ്ഡിതന്മാരോടു മാപ്പു ചോദിക്കുന്നു). ഇന്നു അവൾക്കു വേറെ ഒരുവനുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു. കാമുകനു മോതിരം മടക്കിക്കൊടുക്കാൻ വേണ്ടി അവൾ എത്തിയിരിക്കുന്നു. അയാൾക്കാകട്ടെ അവളുടെ 419 എഴുത്തുകൾ തിരിച്ചുകൊടുക്കാനുണ്ടു്. രണ്ടുപേരും രാത്രിയിൽ ഒരു മുറിയിൽ കഴിഞ്ഞുകൂടുന്നു. അന്യോന്യം സ്പർശിക്കുന്നതുപോലുമില്ല. നേരം വെളുത്തപ്പോൾ പിരിഞ്ഞു പോകുന്നു. ശ്രീ. ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടി ന്റെ “മരീചിക” എന്ന ഈ കഥയിൽ ഗ്രില്ലേ എന്ന അത്യന്താധുനികനെക്കുറിച്ചു് പരാമർശമുണ്ടെങ്കിലും അത്യന്താധുനികതയില്ല. പ്രാചീനതയുമില്ല. പുളിക്കുന്ന മുന്തിരിങ്ങയിൽ നിന്നാണു് മധുരമുള്ള വിൻകാർണ്ണീസ് വൈൻ വാറ്റിയെടുക്കുന്നതു്. കർക്കശങ്ങളായ ജീവിതാനുഭവങ്ങളിൽനിന്നു് സൗന്ദര്യമാർന്ന കലാസൃഷ്ടി വാർത്തെടുക്കാൻ കഥാകാരനു് അറിഞ്ഞുകൂടാ: അതുതന്നെയാണു് ശ്രീ. കുരീപ്ര വിക്രമൻനായരുടെ “മോചന”മെന്ന കവിതയെക്കുറിച്ചും പറയാനുള്ളതു്. വിക്രമൻ നായർ വാക്കുകൾ വേണ്ടവിധത്തിൽ പ്രയോഗിക്കുന്നു. കവിതയ്ക്കു ഛന്ദസ്സുണ്ടു്, അലങ്കാരമുണ്ടു്. പക്ഷേ, കവിതയെന്നതു് ഒരുജ്ജ്വലപ്രവാഹമാണല്ലോ. അതു് ഇവിടെ ദർശനീയമല്ല. ശ്രീ. കിഴുത്താനി അരവിന്ദന്റെ “നർത്തകി”യെ കാണാൻ ഒരു രസമുണ്ടു്, അദ്ദേഹത്തിന്റെ അർത്ഥശൂന്യങ്ങളായ വാക്കുകളിൽ അവൾ മറഞ്ഞിരിക്കുകയാണെങ്കിലും. അർത്ഥശൂന്യങ്ങളായ വാക്കുകളോ? അർത്ഥമില്ലാത്ത വാക്കേതു്? എന്നാൽ കേട്ടാലും:
“കിങ്കിലനാദതരംഗോത്സവ മദ
സങ്കലിതാമല വേദികളിൽ
മാമയിലാടും മദഭരിതേ നിൻ
താമരനീൾമിഴി വിടരുമ്പോൾ… ”
ഇവിടെ ഓരോ വാക്കിനും അർത്ഥമുണ്ടു്. അവ ഒരുമിച്ചു ചേരുമ്പോഴും ഒരർത്ഥം കല്പിക്കാം. എങ്കിലും കാവ്യപരമായ അർത്ഥം എന്നതു് പമ്പകടന്നിരിക്കുന്നു.
നിലാവു് എപ്പോഴുമില്ല. പക്ഷേ, അതു് ഉള്ളപ്പോഴെല്ലാം നമുക്കു് ആഹ്ലാദമാണു്. ശ്രീ. കെ. ബാലകൃഷ്ണന്റെ “കൗമുദി” കൂറേക്കാലം കൃഷ്ണപക്ഷത്തിൽ മറഞ്ഞിരുന്നിട്ടു് ഇതാ പ്രത്യക്ഷമായിരിക്കുന്നു. നമുക്കു് സന്തോഷിക്കാം. ആ നിലാവിൽ പ്രേമം, കോപം, ലജ്ജ എന്നീ വിവിധ ഭാവങ്ങളാർന്നു് ബാലകൃഷ്ണന്റെ ചിന്തകളാകുന്ന മോഹനാംഗികൾ ഊഞ്ഞാലാടുന്നു. അവരോടൊരുമിച്ചു ഊഞ്ഞാലാടൻ ആഗ്രഹമുള്ളവർക്കു് അങ്ങോട്ടു പോകാം. അവർ നിങ്ങളെ സ്വീകരിക്കും, അടുത്തിരുത്തും. അവർ ആടുമ്പോൾ സൗരഭ്യമാർന്ന കുന്തളച്ചുരുളുകൾ നിങ്ങളുടെ മുഖത്തു വീഴും. കയറിൽപ്പിടിച്ചിരിക്കുന്ന കരങ്ങൾ നിങ്ങളുടെ കരങ്ങളെ സ്പർശിക്കും. “സ്ത്രീയുടെ കരത്തിന്റെ മാദകമധുരിമ പായുന്ന നിങ്ങളുടെ സിരാചക്രം തുടിക്കും.” ഇതേ അനുഭവം തന്നെ ശ്രീ. കിളിമാനൂർ രമാകാന്തന്റെ “മൗനഭംഗി” എന്ന കവിത വായിച്ചാലുമുണ്ടാകും (കുങ്കമം വാരിക—ലക്കം 31). ആ കവിത മുഴുവൻ ഉദ്ധരിക്കാതിരിക്കാൻ എനിക്കു മനസ്സുവരുന്നില്ല.
താരിളം പട്ടുടുത്തെൻമടിത്തട്ടിൽ വീണാരോമലാളുറങ്ങുന്നു.
കണ്ടാലും കണ്ടാലും മോഹമടങ്ങാത്ത
സുന്ദരസ്വപ്നമീരൂപം
കുഞ്ഞളകങ്ങൾ ഹാ കുമ്പിട്ടുനില്ക്കുന്നു
കുങ്കുമപ്പൊട്ടിൻ മുന്നിൽ.
എന്നെഞാൻ കാണുന്നു കൃഷ്ണമണികളേ
എങ്ങുപോയ് നിങ്ങൾ മറഞ്ഞു?
ചെമ്പനീർപ്പൂവിതൾ ചുണ്ടിൽത്തിളങ്ങുന്ന
പുഞ്ചിരിയെൻ ചിതയാവാം.
സ്വപ്നവനങ്ങളിൽ മേയുമാത്മാവിലെ
സ്വർഗ്ഗത്തിലാരായിരിക്കാം…?
പാവക്കിടാങ്ങളും അമ്പാടിപ്പൈതലും
പാടിനടക്കുകയാവാം.…
നേരിയ ജാക്കറ്റിനുള്ളിൽ തിളങ്ങുന്നു
പാരിജാതപ്പൂങ്കുലകൾ
മഞ്ജുവാമീമണിവീണമീട്ടില്ല ഞാൻ
മൗനസംഗീതമേ ഭംഗി!

അത്യന്താധുനികകവികൾ സൂചികൊണ്ടു് അനുവാചകന്റെ കണ്ണുകുത്തിപ്പൊട്ടിക്കുന്നു; രമാകാന്തൻ അരയന്നത്തിന്റെ തൂവലുകൊണ്ടു് സഹൃദയന്റെ കൺപോളകളെ സ്പർശിക്കുന്നു. ചങ്ങമ്പുഴ യുടെ സ്വാധീനശക്തി ഇവിടെ കാണാം. എങ്കിൽത്തന്നെയെന്തു്?
‘കുങ്കമം’വാരികയിലെ കഥകളിലേക്കു വരാം. ഞാൻ അർഹിക്കുന്നതിലുമധികം എന്നെക്കുറിച്ചു് നല്ലവാക്കുകൾ പറഞ്ഞിട്ടുള്ള ഒരുത്തമ സുഹൃത്താണു് ശ്രീ. രത്നാകരൻ. അദ്ദേഹത്തിന്റെ “വൃന്ദാവനത്തിലെ രാധ” എന്ന ചെറുകഥ ഞാൻ താല്പര്യത്തോടെ വായിച്ചുനോക്കി. പക്ഷേ, ഒരു നല്ല വാക്കും അതിനെക്കുറിച്ചു് എനിക്കു പറയാൻ വയ്യാത്തതിൽ ഞാൻ ദുഃഖിക്കുന്നു. ഒരു സന്യാസി തന്റെ ഭക്തയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നു. അവൾ ചെരുപ്പൂരി അയാളെ അടിക്കുന്നു. ഇതാണു് കഥ. ഒരു സാധാരണ സംഭവത്തെ കലാസൗന്ദര്യമില്ലാതെ രത്നാകരൻ ആവിഷ്ക്കരിക്കുന്നു എന്നല്ലാതെ ഇതിനെക്കുറിച്ചു് വേറോന്നും തന്നെ പറയാനില്ല. അച്ഛനില്ലാത്ത ഒരു കുട്ടിയുടെ ദുഃഖം ശ്രീ. ജയപ്രകാശ് നിലമ്പൂരും പ്രേമഭംഗം വന്ന ഒരു യുവതിയുടെ ദുഃഖം ശ്രീ. ഉള്ളൂർ ഗോപാലകൃഷ്ണനും പ്രതിപാദിക്കുന്നു (സ്ക്രാബിൾസ്, ചുഴി എന്നീ ചെറുകഥകൾ). കലയുടെ ദീപം കൈയിൽ വച്ചുകൊണ്ടല്ല ജയപ്രകാശും ഗോപാലകൃഷ്ണനും നില്ക്കുന്നതു്.
“മലയാളനാടു്” വാരികയുടെ 47-ാം ലക്കത്തിൽ രണ്ടു ചെറുകഥകളുണ്ടു്. ശ്രീ. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി യുടെ “പ്രായ”മാണു് ആദ്യത്തേതു്. ഭർത്താവിനു ചെറുപ്പക്കാരിയായ വേലക്കാരിയോടു് ഒരു താല്പര്യം. ചെറുപ്പമെങ്കിലും പ്രായം തോന്നിക്കുന്ന ഭാര്യയ്ക്കു് ഒരു അപ്പുവിനോടു താൽപര്യം. അതിന്റെ പ്രവർത്തനങ്ങൾ ചിത്രീകരിക്കാനാണു കൃഷ്ണൻകുട്ടിക്കു താൽപര്യം. പക്ഷേ, അതു സഫലീഭവിക്കുന്നില്ല. മലബാർ സുകുമാരന്റെ ചെറുകഥകളിൽ കാണുന്ന വിരസമായ നീണ്ടസംഭാഷണം കൃഷ്ണൻകുട്ടിയുടെ കഥയിലുമുണ്ടു്. അതിനു് ഒട്ടും സ്വാഭാവികതയില്ല. ശ്രീ. അബ്ദുൾഗഫൂറിന്റെ “കൊല്ലിക്കുന്നു” മുഴുവൻ സെക്സിന്റെ പ്രതീകങ്ങളാണു്. ഫ്രായിറ്റി ന്റെ “സ്വപ്നവ്യാഖ്യാനങ്ങൾ ” വായിച്ചിട്ടുള്ളവർക്കറിയാം പാമ്പു ജനനേന്ദ്രിയത്തിന്റെയും കുന്നു വക്ഷോജത്തിന്റെയും പ്രതീകങ്ങളാണെന്നു്. അങ്ങനെയുള്ള പ്രതീകങ്ങൾ ഉപയോഗിച്ചു ലൈംഗികത്വം കലർന്ന ഒരു കഥപറയുകയാണു ഗഫൂർ. മനഃശാസ്ത്രതത്ത്വങ്ങളേയും മാനസികങ്ങളായ സിംബലുകളേയും കലാത്മകമാക്കാൻ പ്രയാസമുണ്ടു്. മനഃശാസ്ത്രപരങ്ങളായ കൃതികൾ വിരളമായേ വിജയം പ്രാപിക്കാറുള്ളു. അതിനാൽ ഗഫൂറിന്റെ കഥ പരാജയപ്പെട്ടതിൽ അദ്ഭുതപ്പെടാനില്ല. പിച്ചിപ്പൂകോർത്തു മാലയുണ്ടാക്കാം കള്ളിമുള്ളുചേർത്തു ആരും മാല കെട്ടാറില്ലല്ലോ.
ഈ ആഴ്ചയിൽ എനിക്കു കാണാൻ കഴിഞ്ഞ രണ്ടു പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണു ഡോക്ടർ കെ. ഭാസ്ക്കരൻ നായരുടെ “ഉപഹാരവും” “മഹാഭാരത”ത്തിന്റെ ഗദ്യ വിവർത്തനവും (ഒൻപതാം വാല്യം). വളരെക്കാലത്തിനുമുൻപു് എഴുതിയ ചില ലേഖനങ്ങളും അടുത്തകാലത്തു് എഴുതിയ ചില ലേഖനങ്ങളും ഒരുമിച്ചു ചേർത്താണു ഡോക്ടർ ഭാസ്ക്കരൻ നായർ ‘ഉപഹാരം’ പരസ്യപ്പെടുത്തിയിരിക്കുന്നതു്. അദ്ദേഹത്തിന്റെ ഏതു ഗ്രന്ഥവും വായിക്കാൻ കൊള്ളാം. അവയിലെ അഭിപ്രായങ്ങളോടു നാം യോജിച്ചിട്ടുവേണ്ട അവയുടെ സൗന്ദര്യമാസ്വദിക്കാൻ. ആ നിലയിൽ ഈ ഗ്രന്ഥവും ആദരണീയമത്രേ. എങ്കിലും മുൻപെഴുതിയ ലേഖനങ്ങൾ മാറ്റി എഴുതേണ്ടിയിരുന്നുവെന്നു് എനിക്കു് തോന്നുന്നു, അങ്ങനെ ചെയ്തിരുന്നെങ്കിൽ തോമസ് മൻ, ലൂജി പിരാന്തെല്ലോ എന്നീ സാഹിത്യനായകന്മാരെക്കുറിച്ചുള്ള ലേഖനങ്ങൾക്കു് ഇപ്പോഴുള്ള ബഹിഃസ്ഥഭാവം, പല്ലവഗ്രാഹിത്വം ഒഴിവാക്കാമായിരുന്നു. വ്യാസമഹാഭാരതം ഗദ്യത്തിലാക്കുന്ന വിദ്വാൻ കെ. പ്രകാശം വലിയ സേവനമാണു് അനുഷ്ഠിക്കുന്നതു്. പക്ഷേ, തിടുക്കം കൊണ്ടാവാം, അക്ഷന്തവ്യങ്ങളായ തെറ്റുകൾ അതിൽ കടന്നുകൂടുന്നു. ഒൻപതാം വാല്യത്തിൽ ഇങ്ങനെയൊരു ഭാഗം കാണുന്നു. സൂര്യൻ പറയുകയാണു:
“എടോ, ശൂചിസ്മിതേ, നിന്റെ അച്ഛനും അമ്മയും ഗുരുജനങ്ങളും സ്വതന്ത്രരല്ല. സുഭഗേ, ഭദ്രമായ എന്റെ വാക്കു നീ കേൾക്കുക. അല്ലയോ സുശ്രോണി എല്ലാം കാമിക്കുക എന്ന ‘കാമി’ ധാതുവിൽ നിന്നാണു് കന്യകയ്ക്കു സ്വാതന്ത്ര്യം ഉണ്ടായതു്… “യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ.” നീ പറയുന്നതു ലോകസ്വഭാവമാണു്”.
ഈ ഗ്രന്ഥം തർജ്ജമയല്ലേ? അതിൽ വ്യാസൻ കുമാരനാശാന്റെ കാവ്യഭാഗം ഉദ്ധരിക്കുന്നതു് വിചിത്രമായിരിക്കുന്നു. ഒരു പക്ഷേ, കുമാരനാശാൻ വ്യാസനു മുൻപായിരിക്കാം ജീവിച്ചിരുന്നതു്. എനിക്കു നല്ല നിശ്ചയമില്ലാത്ത ആക്കാര്യത്തെക്കുറിച്ചു് കൂടുതലൊന്നും പറയുന്നില്ല. കടലിലെ മുത്തുകളെയല്ല, കടൽക്കരയിലെ ചിപ്പികളെയാണു് നാം ഇത്രയും നേരം നോക്കിയതു്. അതിൽ അദ്ഭുതപ്പെടാനില്ല. മുത്തുകൾ വിരളം; ചിപ്പികൾ ധാരാളം.