
ഫ്റായിറ്റി ന്റെ “സ്വപ്നവ്യാഖ്യാനങ്ങ ”ളിൽ പാമ്പു പുരുഷോപസ്ഥത്തിന്റെ പ്രതീകമാണെന്നു വ്യക്തമാക്കിയിരിക്കുന്നു. ഫ്രായിറ്റ് മാത്രമല്ല അദ്ദേഹത്തിനുമുൻപുള്ള മനഃശാസ്ത്രജ്ഞന്മാരും ഇങ്ങനെതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടു്. സ്ത്രീകളുടെ സ്വപ്നങ്ങളിൽ പാമ്പു പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അതു മേഹനത്തേയാണു സൂചിപ്പിക്കുന്നതെന്നു ഫ്രായിറ്റും കൂട്ടുകാരും പറയുന്നു. പാമ്പിനെ കാമോത്സുകതയുടെ പ്രതീകമാക്കിയിരിക്കുകയാണു് ശ്രീ. സി. എച്ച്. ഗംഗാധരൻ. അദ്ദേഹം “മനോരമ” വാരികയുടെ 11-ാം ലക്കത്തിൽ എഴുതിയ “ഇഫീരീത്തു പോറ്റുന്ന പാമ്പു്” എന്ന ചെറുകഥയിൽ കരുണൻ എന്ന ശിശു കരുണൻ എന്ന യുവാവായി മാറുന്നതോടെ പാമ്പിനെക്കണ്ടു പേടിക്കുന്നതായി പ്രസ്താവിക്കുന്നു. കരുണൻ കൊച്ചുകുട്ടി ആയിരിക്കുമ്പോൾത്തന്നെ ഈ പാമ്പു് അയാളുടെ മനസ്സിന്റെ അഗാധതലത്തിൽ പതുങ്ങിയിരുന്നതാണത്രേ. പാമ്പിനെ ഭയപ്പെടുകയല്ല അതിനെ ഇണക്കിയെടുക്കുകയാണു് വേണ്ടതെന്ന ഉപദേശമനുസരിച്ചു കരുണൻ പ്രവർത്തിക്കുന്നു. അതോടെ പാമ്പിനെക്കുറിച്ചുള്ള പേടി അയാൾക്കില്ലാതെയാകുന്നു. മനുഷ്യന്റെ ഉപബോധമനസ്സിലും അബോധമനസ്സിലും ഉള്ള കാമമെന്ന ജന്മവാസനയാൽ അവൻ പ്രക്ഷുബ്ധ്നാകുന്നതിനെയും അതിനെക്കണ്ടറിയുമ്പോൾ അവൻ പ്രശാന്തനാകുന്നതിനെയും ചിത്രീകരിക്കുന്ന ഈ കഥ മനഃശാസ്ത്രതത്ത്വങ്ങൾക്കു് അനുരൂപമാണു്. മനഃശാസ്ത്രതത്ത്വങ്ങളെ കലാരൂപത്തിൽ പ്രദർശിപ്പിക്കുവാൻ പ്രയാസമുണ്ടു്. കാരണം അത്തരം തത്ത്വങ്ങൾക്കു കലയുടെ മണ്ഡലത്തിൽ പ്രവേശിക്കുവാൻ അർഹതയില്ല എന്നതുതന്നെ. എങ്കിലും പ്രയാസപൂർണ്ണമായ ഈ കൃത്യത്തിൽ ശ്രീ. സി. എച്ച്. ഗംഗാധരൻ ഒട്ടൊക്കെ വിജയം വരിച്ചിരിക്കുന്നു.
ഇതാ ഒരു “ചുവന്ന പനിനീർപ്പൂ” കാണുക. ലിപോ എന്ന മഹാനായ ചൈനീസുകവി എഴുതിയതാണിതു്.
“യോദ്ധാവിന്റെ പ്രിയതമ ജനലിനടുത്തൂ് ഇരിക്കുകയാണു്. ദുഃഖനിർഭരമായ ഹൃദയത്തോടുകൂടി അവൾ പട്ടുമെത്തയിൽ വെളുത്ത പനിനീർപ്പൂ തയ്ക്കുന്നു അവൾ വിരൽമുറിച്ചു. രക്തം വെളുത്ത പനനീർപ്പൂവിൽ വീണു് അതിനെ ചുവന്ന നിറമുള്ളതാക്കി. പൊട്ടുന്നനവേ അവളുടെ ചിന്തകൾ ആത്മനാഥനിലേക്കു പറക്കുകയാണു്. അദ്ദേഹം യുദ്ധം ചെയ്യുകയാണു്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ രക്തം മഞ്ഞു കട്ടയിൽ ചുവപ്പുനിറം കലർത്തുന്നുണ്ടാകാം. ഒരു കുതിര കുതിച്ചോടുന്ന ശബ്ദം അവൾ കേൾക്കുന്നു. അവളുടെ പ്രിയതമൻ വന്നെത്തിയോ? ഇല്ല, അതു് അവളുടെ ഹൃദയത്തിന്റെ അടക്കമറ്റമിടിപ്പുകൾ മാത്രം. അവൾ പട്ടുമെത്തയിലേക്കു് ഒന്നുകൂടെ കനിഞ്ഞു. ചുവന്നുപോയ റോസാപ്പൂവിനടുത്തു വീണ കണ്ണീർക്കണികകളെ ഒരു വെള്ളിനൂലുകൊണ്ടു തയ്ച്ചു അലങ്കരിക്കാൻ തുടങ്ങി.”
സ്ത്രീഹൃദയത്തിന്റെ ചലനങ്ങളെ ഇതിനേക്കാൾ ഭംഗിയായി സ്ഫുടീകരിച്ചിട്ടുള്ള വേറൊരു കവിത ഞാൻ വായിച്ചിട്ടില്ല. അനുഗ്രഹീതനായ ഈ ചൈനീസ് മഹാകവിയുടെ മുൻപിൽ ഞാൻ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. മലയാളരാജ്യം ചിത്രവാരികയിൽ (ലക്കം 42) ശ്രീ. യു. ഏ. ഖാദർ എഴുതിയ “സ്വന്തം സ്വപ്നങ്ങളിൽ” എന്ന ചെറുകഥ വായിച്ചപ്പോൾ ഞാൻ ലിപോയുടെ ഈ കവിത ഓർമ്മിച്ചുപോയി. ലക്ഷദ്വീപുസമൂഹത്തിൽപ്പെട്ട ബിത്ര എന്ന മനോഹരമായ ദ്വീപിൽ ഒരിടത്തു്, മീൻപിടിക്കാൻ പോയ ഭർത്താവിനെ സ്മരിച്ചുനില്ക്കുന്ന ഭാര്യയെ ഖാദർ അവതരിപ്പിക്കുന്നു. അവളുടെ ലോലഭാവങ്ങളെ ചിത്രീകരിക്കാനാണു അദ്ദേഹത്തിന്റെ യത്നം. പക്ഷേ, ശ്രമം വിജയം പ്രാപിക്കുന്നില്ല. രൂപവും ഭാവും ഒന്നിച്ചുചേർക്കാൻ, ആന്തരസൗന്ദര്യവും ബാഹ്യസൗന്ദരവും സമ്മേളിപ്പിക്കാൻ കഥാകാരനു കഴിയുന്നില്ല. ലിപോയെപ്പോലുള്ള പ്രതിഭശാലികൾ ഏതാനും വാക്യങ്ങൾ എഴുതി നമ്മെ കലാസൗന്ദര്യത്തിന്റെ അധിത്യകയിലേക്കു കൊണ്ടുചെല്ലുന്നു. ഖാദർ അതിന്റെ സാനുപ്രദേശങ്ങളിൽ ഭൂമണം ചെയ്യുന്നതേയുള്ളു. അദ്ദേഹത്തിന്റെ കൂട്ടുകാരനായി ശ്രീ. പി. ഏ. ദിവാകരനുമുണ്ടു്. മലയാളരാജ്യത്തിലെ ‘അസ്തമനം’ എന്ന പൂർണ്ണമാകാത്ത കഥയെ ഉദ്ദേശിച്ചാണു ഞാൻ ഇതു പറയുന്നതു്. “അസ്തമന”ത്തിന്റെ (അസ്തമനം തെറ്റു്, അസ്തമയം എന്നുവേണം) ഒരാരംഭമേ ഇവിടെയുള്ളൂ. പരീക്ഷ എഴുതുന്ന കുറെ പെൺകുട്ടികളുടെ സംഭാഷണത്തോടെ കഥ തുടങ്ങുന്നു. അതിൽ നിത്യജീവിതത്തിന്റെ കലാശൂന്യമായ പുനരാവിഷ്ക്കരണമേ എനിക്കു കാണാൻ കഴിയുന്നുള്ളൂ.

കലാരാഹിത്യത്തിന്റെ വൈരൂപ്യവും അസഭ്യതയുടെ പാരമ്യവും ഒരുമിച്ചുചേർന്ന അവസ്ഥ കാണണമെന്നുള്ളവർക്കു് കുങ്കമം വാരികയുടെ 34-ാം ലക്കത്തിലെ ‘ഗ്രാമീണ’ എന്ന ചെറുകഥ വായിക്കാം. നവപരിണീത. അവൾ കണ്ണീരൊഴുക്കുന്നു ഭർത്താവിന്റെ മുൻപിൽ. കാരണം എന്തെന്നോ? അവൾക്കു തുടർച്ചയായി പ്രസവിക്കാൻ വയ്യ. മൂന്നുകുഞ്ഞുങ്ങൾ വേണമെന്നുണ്ടെങ്കിൽ ഒരുമിച്ചു മൂന്നുപേരെ പ്രസവിക്കാൻ അവൾ തയ്യാറാണു്. ഭർത്താവു് അതിനുവേണ്ടി പ്രയത്നിച്ചാൽ മതി. അതിനുശേഷം ഭർത്താവിനു ശാരീരികമായ ആവശ്യമുണ്ടെങ്കിൽ “ഒരു ചെറുപ്പക്കാരത്തിപ്പെണ്ണിനെ വേലയ്ക്കു നിറുത്തിക്കൊള്ളു” എന്നാണു് അവളുടെ നിർദ്ദേശം. ബീഭത്സമാണു് ഈ കഥ. ശ്രീ. സി. ശശിധരൻ പിള്ളയുടെ “വ്രണ”മോ? (കുങ്കുമം—ലക്കം 34) സ്ത്രീ തിരിഞ്ഞുനോക്കാത്ത ഒരു വിരൂപൻ. അയാളുടെ അടുക്കലേക്കു് ഒരു വേശ്യവരുന്നു. അയാൾ അവളെ ആലിംഗനം ചെയ്തു. ചുംബിച്ചു. അത്രയേയുള്ളു. പെട്ടെന്നു് അയാൾക്കൊരു തളർച്ച. അയാൾ കസേരയിൽ വീണു. ആ വിരൂപനെ നോക്കിക്കൊണ്ടു് അറപ്പോടെ അവൾ പോകുമ്പോൾ കഥയവസാനിക്കുന്നു. ശശിധരൻപിള്ളയുടെ മുൻപുള്ള കഥകളിൽ കാണാത്ത ആഖ്യാനപാടവം ഈ കഥകളിൽ ദർശനീയമാകുന്നുണ്ടു്. വിരൂപൻ പുംസ്ത്വഹീനനാണെന്നും കൂടി കഥാകാരൻ സൂചിപ്പിക്കുന്നുണ്ടാകാം. നല്ല നിശ്ചയമില്ല എനിക്കു്. നിഷ്കളങ്കരായ കുട്ടികൾക്കു് ഏതു നൃശംസനായ പിതാവും യോഗ്യനാണു്. കലയുമായി ബന്ധമില്ലാത്ത് സാധാരണക്കാർക്കു് ‘ഇതൊക്കെ മതിയല്ലോ’ എന്നു തോന്നിപ്പോകും. എന്നെപ്പോലെ പ്രായം കൂടിയവർക്കു് ‘ഇതു പോര’ എന്നും തോന്നും.’ അതു സ്വാഭാവികവുമാണു്. ശ്രീ. പരീപ്ര വാസുദേവൻനായരുടെ ‘തിരയും തീരവും’ എന്ന കഥയിലാകട്ടെ അദ്ദേഹത്തിനിഷ്ടമുള്ള എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. ഓഫീസിൽ വരുന്ന യുവതിയോടുള്ള പ്രേമം, ആ പ്രേമത്തിനു സംഭവിക്കുന്ന തകർച്ച, അമ്മയുടെ രോഗം, കടം വാങ്ങിക്കൽ അങ്ങനെ പലതും. ഒടുവിൽ ഇഷ്ടമുള്ള ഒരിടത്തുവച്ചു് കഥയങ്ങു് നിറുത്തുകയും ചെയ്യുന്നു. ചെറുകഥാരചനയുടെ മൗലികതത്ത്വങ്ങളെപ്പോലും കഥാകാരൻ മാനിക്കുന്നില്ല.
സോല്ലുണ്ഠനമാണു് കോവിലന്റെ “അമ്മിണി” എന്ന കഥയുടെ മുദ്ര (മാതൃഭൂമി-ലക്കം 7). ഒരു മൃതദേഹത്തെ ചൂണ്ടിക്കാണിച്ചിട്ടു് അദ്ദേഹം ജീവിതത്തിന്റെയും സ്നേഹത്തിന്റെയും അർത്ഥരാഹിത്യത്തെക്കുറിച്ചു പലതും പറയുന്നു. ബന്ധുക്കളുടെ സ്നേഹമില്ലായ്മയിലേക്കും അദ്ദേഹം കൈചൂണ്ടുന്നു, ആഖ്യാനത്തിന്റെ കൃത്രിമത്വം ഒഴിവാക്കിയിരുന്നെങ്കിൽ ഈ കഥയിലെ ജീവിതാഭിവീക്ഷണം അനുവാചകർക്കു് രസാനുഭൂതി നല്കമായിരുന്നു. ശ്രീ. സിറിയക്കു് കുര്യന്റെ ‘ത്രിവേണി’ എന്ന കഥയെക്കുറിച്ചു് ഞാൻ മൗനം അവലംബിക്കുന്നതേയുള്ളു. അതിനെസ്സംബന്ധിച്ചു് എനിക്കുള്ള അഭിപ്രായം പറഞ്ഞാൽ എല്ലാകഥകളെയും ഞാൻ കുറ്റം പറയുന്നുവെന്നു് ചിലരെങ്കിലും അഭിപ്രായപ്പെട്ടേക്കും. മലയാളഭാഷയിൽ കഥയുടെ പേരിൽ കവിതയുടെ പേരിൽ ആവിർഭവിക്കുന്ന പലതും ചവറാണെന്ന സത്യം അവരൊട്ടു മനസ്സിലാക്കുകയുമില്ല. ഇന്നലെ എന്നെക്കണ്ട ഒരു സുഹൃത്തു ചോദിച്ചു:“മലയാളനാട്ടിൽ” വിജയൻ കാരോട്ടു് എഴുതിയ കഥ വായിച്ചോ.” “ഇല്ല” എന്നു ഞാൻ മറുപടി നല്കി. “എന്തുകൊണ്ടു് അങ്ങനെ ചോദിക്കുന്നു?” എന്റെ ചോദ്യം. സുഹൃത്തു് കഥയുടെ സാരാംശം പറഞ്ഞു് ‘ഹായ് ബോർ’ എന്നു് അഭിപ്രായം ആവിഷ്ക്കരിച്ചു. ഇന്നു ഞാൻ വിജയന്റെ കഥ വായിച്ചു. ഇക്കഥ മോശമാണെന്നു പറഞ്ഞ സുഹൃത്തിനോടു ഞാൻ യോജിക്കുന്നില്ല. ഒരു ഗർഭച്ഛിദ്രത്തിന്റെ കഥ ആഖ്യാനപാടവത്തോടെ ആവിഷ്ക്കരിച്ചിട്ടുണ്ടു് വിജയൻ കാരോട്ടു്. വികാരത്തിന്റെ സുസൂക്ഷമതയും പ്രതിപാദനരീതിയുടെ ലാളിത്യവും ഈ കഥയുടെ സവിശേഷതകളാണു്. എനിക്കു നല്ലതെന്നു തോന്നുന്ന കഥകളൊക്കെ നല്ലതാണെന്നു തന്നെ ഞാൻ എഴുതാറുണ്ടു്. കഥാകാരന്മാർ പേരുവച്ചും പേരുവയ്ക്കാതെയും തെറിക്കത്തുകൾ എനിക്കു അയയ്ക്കുന്ന പാഴ്‌വേല നിറുത്തട്ടെ. അവ വായിച്ചു് ഞാൻ ക്ഷോഭിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ പ്രശംസയിൽ കുളിപ്പിച്ചാലും അസഭ്യങ്ങളിൽ കുളിപ്പിച്ചാലും ഒരേ മനസികനിലയാണു് എനിക്കു.
അത്യന്താധുനികതയെ നീതിമത്ക്കരിച്ചുകൊണ്ടു ശ്രീ. കാക്കനാടൻ എഴുതിയ ലേഖനത്തിനു ഞാൻ ഒരു മറുപടി എഴുതിയിരുന്നു. കാക്കനാടന്റെ ലേഖനത്തെക്കുറിച്ചു് ‘മലയാളനാടി’ന്റെ പ്രത്രാധിപർ പല പണ്ഡിതന്മാരുടെയും അഭിപ്രായമാരാഞ്ഞപ്പോൾ അല്പപ്രഭാവനായ എന്റെയും മതം അന്വേഷിക്കുകയുണ്ടായി. അങ്ങനെയാണു ഞാൻ ആ ലേഖനം എഴുതിയതു്. എന്നാൽ എന്റെ ലേഖനത്തിനു പ്രത്യുക്തിനല്കുന്ന ശ്രീ. എസ്. വി. വേണുഗോപൻനായർ പ്രസ്താവിക്കുന്നതു് അങ്ങനെയല്ല. അദ്ദേഹം പറയുന്നു: “…അതിനെ ഖണ്ഡികയ്ക്കുഖണ്ഡിക എതിർത്തില്ലെങ്കിൽ താനിങ്ങനെ നിരൂപകനായി ജീവിച്ചിരുന്നിട്ടെന്തുഫലം എന്ന വാശിയാണു ചിലർ പ്രദർശിപ്പിക്കുന്നതു്” (മലയാളനാട് ലക്കം 50) സത്യവിരുദ്ധമാണു് ഈ പ്രസ്താവം. അതിരിക്കട്ടെ, എന്റെ ലേഖനത്തിൽ ഞാൻ ഉന്നയിച്ചിട്ടുള്ള യുക്തികൾക്കു മറുപടി നല്കാതെ ശ്രീ. വേണുഗോപൻ നായർ എന്നെ പണ്ഡിതമ്മന്യനെന്നും, വിവരംകെട്ടവനെന്നും, വിഡ്ഢിയെന്നും, തെണ്ടിയെന്നും, പറ്റിയെഴുത്തുകാരനെന്നും ഒക്കെ വിളിക്കുന്നു. ദേഷ്യമാണു് ഈ സംബുദ്ധികളുടെ പിറകിൽ പ്രവർത്തിക്കുന്ന വികാരം. ദേഷ്യം ഒരു തരത്തിലുള്ള ഭ്രാന്താണു്. ആ ഭ്രാന്തിനു അടിമപ്പെട്ട ലേഖകൻ എന്നെ അശ്ലീലപദങ്ങൾകൊണ്ടു് അഭിസംബോധന ചെയ്യുന്നു. പകരമായി എനിക്കു് അദ്ദേഹത്തെയും തെറിവിളിക്കാം. എങ്കിലും എനിക്കു കോപമില്ലാത്തതുകൊണ്ടു് അസഭ്യപദങ്ങൾ നാവിൽ വരുന്നില്ല.
പല പാശ്ചാത്യസാഹിത്യകാരന്മാർക്കും നൈരാശ്യമുണ്ടു്, ദുഃഖമുണ്ടു്. ഏകാന്തതയുടെ വൈഷമ്യം അവർ അനുഭവിക്കുന്നു. മനഃശാസ്ത്രത്തിന്റെ അതിപ്രസരത്താലും അധിപ്രസരത്താലുമാണു് ഈ വികാരങ്ങൾ ഉണ്ടായതു്. സംസ്ക്കാരത്തിന്റെ മണ്ഡലങ്ങൾ പോലും വ്യവസായവത്കരണത്താൽ ദുഷിച്ചുപോയതു ഏകാന്തത തുടങ്ങിയ വൈഷമ്യങ്ങൾക്കു കാരണമായി. അങ്ങനെ സാർത്രും കമ്യൂ വും യോനസ്ക്കോ യും ആ വികാരങ്ങൾക്കു രൂപം നൽകി. അവരുടെ കലാസൃഷ്ടികളുടെ കലാത്മകത്വത്തെക്കുറിച്ചു് അഭിപ്രായ ഭേദം ഉണ്ടാകാം. എങ്കിലും തികഞ്ഞ ആർജ്ജവത്തിൽ നിന്നാണു അവ സംജാതകളായതു്. ഭാരതത്തിൽ യുറോപ്പിലുള്ള സ്ഥിതിയില്ല. സാർത്രിന്റെയും കമ്യൂവിന്റെയും യോനസ്ക്കോയുടെയും കൃതികൾ വായിക്കുന്ന ഇവിടുത്തെ ‘അത്യന്താധുനികർ’ പൂർവ്വകല്പിതങ്ങളായ പ്രതിപാദ്യവിഷയങ്ങൾ തേടിപ്പിടിച്ചെടുക്കുന്നു. സാർത്രിന്റെയും കൂട്ടുകാരുടെയും വേദന യഥാർത്ഥമത്രേ. ഇവിടുത്തെ അത്യന്താധുനികരുടെ വേദന അസത്യപൂർണ്ണം. വേദനയോടുകൂടി സാർത്ര് നിലവിളിക്കുന്നു. വേദനയില്ലാതെ ഇവിടെ കൂറെ ആളുകൾ നിലവിളിക്കുന്നു. മാവിൻകൊമ്പുകൾ ചേർത്തു് ഒട്ടുമാവുണ്ടാക്കുന്നതുപോലെ നമ്മുടെ അത്യന്താധുനികർ തേടിപ്പിടിച്ചെടുത്ത വിഷയങ്ങളെ സാർത്രിന്റെയും യോനെസ്ക്കോയുടെയും രൂപശില്പങ്ങളിൽ ഒട്ടിച്ചുവയ്ക്കുന്നു. ഫലമോ? കലാശൂന്യങ്ങളായ കഥകളും കവിതകളും നാടകങ്ങളും. ഈ സത്യം പറഞ്ഞതിനാണു് എന്നെ ശ്രീ. വേണുഗോപൻ നായർ കുത്സിതപദങ്ങൾകൊണ്ടു് അഭിഷേകം ചെയ്യുന്നതു്. അവാച്യപദപ്രയോഗം കൊണ്ടു് ഏതു മനുഷ്യന്റെ സത്യാന്വേഷണതൽപരത കെട്ടടങ്ങിപ്പോയിട്ടുണ്ടു്?
വെളിച്ചം ഒട്ടുമില്ലാത്ത, ചൂടു് വളരെയുള്ള ആ ലേഖനത്തിൽ അക്ഷന്തവ്യങ്ങളായ പ്രയോഗവൈകല്യങ്ങൾ ഉണ്ടു്. ചില തെറ്റുകൾ മാത്രം കാണിക്കാം.
- കാഥികർ (ഖണ്ഡിക പുറം 28) കഥയെഴുതുന്നവർ എന്ന അർത്ഥത്തിൽ ‘കാഥികർ’ എന്നു പ്രയോഗിക്കുന്നതു് തെറ്റു്. കഥാകാരന്മാർ ശരി.
- “എന്നാലും ഖണ്ഡികയ്ക്കു ഖണ്ഡിക എതിർത്തില്ലെങ്കിൽ താനിങ്ങനെ നിരൂപകനായിജീവിച്ചിരുന്നിട്ടെന്തു ഫലം എന്ന വാശിയാണു ചിലർ പ്രദർശിപ്പിക്കുന്നതു്.” (പുറം 28. കോളം) വാക്യം തെറ്റു്. ‘താൻ’ ‘നിരൂപകൻ’ എന്നു് ഏകവചനം പ്രയോഗിച്ചതിനുശേഷം ചിലർ എന്നു ബഹുത്വം കല്പിച്ചതാണു് തെറ്റു്.
- “ചങ്ങമ്പുഴഒ.എൻ.വി.-വിഷ്ണുസുഗതകുമാരി-അയ്യപ്പപ്പണിക്കർ എന്നിങ്ങനെ സ്വാഭാവികമായ വികാസപരിണാമങ്ങളിലൂടെ കടന്നുപോകുന്ന മലയാളകവിത…”(പുറം 28. കോളം 2) ചങ്ങമ്പുഴയും മറ്റു കവികളും വികാസപരിണാമങ്ങളാണെന്നും അവർക്കു നപുംസകത്വമാണുള്ളതെന്നും ഇങ്ങനെ നാം മനസ്സിലാക്കുന്നു.
- “മാനസികാപഗ്രഥനം തകഴിയിലുണ്ടു്” (പുറം 28. ഖണ്ഡിക 5) ഇതു മലയാളമല്ല. “തകഴി ശിവശങ്കരപ്പിള്ള യ്ക്കു് മാനസികാപഗ്രഥനപാടവം ഉണ്ടു്” എന്നോ “മാനസികാപഗ്രഥനപാടവം പ്രദർശിപ്പിക്കുന്നവയാണു് തകഴിയുടെ കഥകൾ” എന്നോ എഴുതണം.
- “ദേവും തകഴിയുമാണു് ചെറുകഥയുടെ അവസാന വാക്കെന്നു്.” (പുറം 28. ഖണ്ഡിക 5) ദേവിനേയും തകഴിയേയും അവസാന വാക്കാക്കി നപുംസകരാക്കുന്നതു് ശരിയല്ല.
- ഭത്സിക്കുക (പുറം 46. ഖണ്ഡിക 2) തെറ്റു്. ഭർത്സിക്കുക ശരി.
- അനുഭവങ്ങൾ, അനുഭൂതികൾ (പുറം 46. ഖണ്ഡിക 4) രണ്ടിനും ഒരർത്ഥമാണു്. ഇന്ദ്രിയാർത്ഥങ്ങളുടെ സാമീപ്യം കൊണ്ടുണ്ടാകുന്ന ജ്ഞാനമാണു് അനുഭവം. അതുതന്നെ അനുഭൂതിയും. “നാസികാചൂർണ്ണപ്പൊടി”പോലെ നിന്ദ്യമാണു് വേണുഗോപൻ നായരുടെ “അനുഭവങ്ങൾ, അനുഭൂതികൾ” എന്ന പ്രയോഗം.
- പുറകിലായിരിക്കുന്നു. (പുറം 47) ഇതു തെറ്റു്. പിറകിലായിരിക്കുന്നു എന്നതു ശരി.
- പുനർ സൃഷ്ടിക്കാൻ (പുറം 47) തെറ്റു്. പുനഃസൃഷ്ടി ശരി.
- “ആലപ്പുഴ ബോട്ടുജട്ടിയിലും പുറക്കാട്ടു കടപ്പുറത്തും മാത്രമല്ല അധ്വാനിക്കുന്ന ജനവിഭാഗമുള്ളതെന്നും ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ മോഹവും മോഹഭംഗവും സ്വപ്നവും വിഹ്വലതയും ഭയവും നിരാശയും ഒന്നാണെന്നും മലയാളി കണ്ടറിഞ്ഞുപോയി” (പുറം 45. കോളം 1) വാക്യം ഹതബന്ധം. “ആലപ്പുഴ ബോട്ടുജട്ടിയിലും പുറക്കാട്ടു് കടപ്പുറത്തും മാത്രമല്ല അധ്വാനിക്കുന്ന ജനവിഭാഗമുള്ളതെന്നു്” പറഞ്ഞ സ്ഥിതിക്കു് “ലോകത്തെമ്പാടുമുണ്ടെന്നും” എന്നു വ്യക്തമായി പറയേണ്ടിയിരുന്നു. ഇത്തരം വാക്യരചന അക്ഷന്തവ്യമായ അപരാധമാണു്. അത്യന്താധുനികരെ “ബലൂൺപിള്ളേർ” എന്നാണു് ശ്രീ. കെ. ബാലകൃഷ്ണൻ വിളിക്കുന്നതു് (കൗമുദി വാരിക).
അർത്ഥസമ്പൂർണ്ണമായ ഒരു സംബുദ്ധിതന്നെയതു്.
ശ്രീ. കെ. എസ്സ്. നമ്പൂതിരി ‘മാതൃഭൂമി’യിലെഴുതിയ കവിത സുന്ദരമായിരിക്കുന്നു.
“ആതിരപ്പാട്ടിന്നാർദ്രമാധുര്യം നുണഞ്ഞുഷഃ
സ്നാതയായെത്തും ക്ഷീണ ഗ്രാമഭംഗിയും നെടു-
മംഗല്യക്കുറി മങ്ങിപ്പോയ സന്ധ്യതൻ മോഹ-
ഭംഗംപോൽ നില്ക്കു ജീർണ്ണക്ഷേത്രവുമരയാലും”
ഒക്കെ എന്റെ അന്തർനേത്രംകൊണ്ടു കാണത്തക്കവിധത്തിൽ കവി ആലേഖനം ചെയ്യുന്നു. എന്റെ മുൻപിൽ നില്ക്കുന്ന ഒരു പനിനീർപ്പൂ അതിന്റെ ഞെട്ടിൽ പ്രകമ്പനം കൊള്ളുന്നു. അതു് കിനാവുകൾ കാണുകയാണു്. അനുവാചകനെ സ്വപ്നങ്ങൾ കാണിക്കുകയാണു് ശ്രീ. കെ. എസ്. നമ്പൂതിരി. അദ്ദേഹത്തിന്റെ കൂടെ ശ്രീ. പി. കുഞ്ഞിരാമൻനായരും ശ്രീ. അമ്പലപ്പുഴ ഗോപകുമാറും ഉണ്ടു് (മലയാളനാട്ടിലെ കവിതകൾ നോക്കുക). യഥാർത്ഥമായ കാവ്യപ്രചോദനത്തോടെയാണു് ഗോപകുമാർ പാടുന്നതു്.

ഇതാ ഈ വസന്തകാലം എത്ര മനോഹരം! ഇവിടെ സൗന്ദര്യത്തിന്റെ അലകൾ ഇളകുന്നു. ആന്തരസൗന്ദര്യം വ്യക്തമാക്കികൊണ്ടാണു് വസന്തം നൃത്തം ചവുട്ടുന്നതു്. ചരസ്സും ഭാംഗും ഒക്കെ സാഹിത്യത്തിൽനിന്നു് ഒഴിവാക്കി അത്യന്താധുനികരും ആന്തരസൗന്ദര്യം വ്യക്തമാക്കട്ടെ.