
എന്റെ ചുറ്റും വൈരൂപ്യമല്ലാതെ ഒന്നുമില്ല. ഞാൻ ഇരിക്കുന്നതും എന്റെ അടുക്കൽ ഇട്ടിരിക്കുന്നതുമായ കസേരകൾ വികൃതാകാരമുള്ളവയാണു്. എനിക്കുവേണ്ടി അവ വാങ്ങിക്കൊണ്ടുവന്ന സുഹൃത്തു് എന്റെ പണത്തിന്റെ നല്ലൊരുഭാഗം ചെലവാക്കിക്കളഞ്ഞു. അങ്ങനെ വലിയ വില കൊടുത്തിട്ടും എനിക്കു കിട്ടിയതു കുട്ടയുടെ ആകൃതിയിലുള്ള നാലു കസേരകൾ. കോഴിക്കാലുപോലെ നീണ്ട നാലു കമ്പികൾ അനുപാതത്തെ വെല്ലുവിളിച്ചുകൊണ്ടു കാലുകളുടെ സ്ഥാനത്തു് എഴുന്നുനില്ക്കുന്നു. ചൂരലിനുപകരം ഓക്കാനമുണ്ടാക്കുന്ന വെളുപ്പുനിറത്തോടു കൂടിയ പ്ലാസ്റ്റിക് നാരുകൾകൊണ്ടു് അവയാകെ വരിഞ്ഞിരിക്കുന്നു. കസേരകളുടെ കാര്യം കളയാം. കെട്ടിടങ്ങളെക്കുറിച്ചു് ആലോചിക്കാം, എന്റെ താമസസ്ഥലത്തുനിന്നു കുറച്ചകലെയായി “ടാഗോർ സെന്റനറി തീയേറ്റ”റുണ്ടു്. എന്തൊരു വൈരൂപ്യം! എന്തൊരു ബീഭത്സാകാരം! പ്രതിഭാശാലികളായ ശില്പികളും നിർമ്മാതാക്കളും ഉള്ള എന്റെ നാട്ടിൽ ഈ കുത്സിതത്വം എങ്ങനെ വന്നു? മനോഹരമായ സെക്രട്ടേറിയറ്റും മനോഹരമായ കാഴ്ചബംഗ്ലാവുമുള്ള തിരുവനന്തപുരത്തു് ഈ “ടാഗോർ തീയേറ്റർ” എങ്ങനെ രൂപം കൊണ്ടു? ഒന്നേ ഉത്തരമുള്ളു. നമ്മുടെ സൗന്ദര്യബോധം നശിച്ചിരിക്കുന്നു. സിമന്റും കമ്പിയും ചുടുകട്ടയും തോന്നിയ പോലെ ചേർത്തുവച്ചാൽ കെട്ടിടമായിയെന്നു നാം വിചാരിക്കുന്നു. നാലുകമ്പികൾ വട്ടത്തിലുള്ള ഒരു കമ്പിയിൽ ചേർത്തുവച്ചാൽ കസേരയായിയെന്നു നാം സങ്കല്പിക്കുന്നു. കുറെ വാക്യങ്ങൾ എഴുതുകയും അങ്ങിങ്ങായി പ്രേമം എന്നവാക്കു തിരുകുകയും ചെയ്താൽ ചെറുകഥയായി എന്നു നാം ധരിക്കുന്നു. സൗന്ദര്യബോധം നശിച്ചു എന്നതു മാത്രമല്ല സത്യം, വൈരൂപ്യം സൗന്ദര്യമാണു് എന്നുകൂടി നാം വിചാരിച്ചു തുടങ്ങിയിരിക്കുന്നു. അതല്ലെങ്കിൽ ‘ജനയുഗം’ വാരികയുടെ (ജൂൺ 28) വിലയേറിയ രണ്ടു പുറങ്ങൾ മിനക്കെടുത്താമെന്നു ശ്രീമതി സി. വി. പദ്മിനിക്കു് എങ്ങനെ തോന്നാനാണു്? 36 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുഃഖമാണത്രേ അതിൽ പ്രതിപാദിച്ചിരിക്കുന്നതു്. നമ്മുടെ മോഹനസ്വപ്നങ്ങൾക്കു രൂപം നല്കുമ്പോഴാണു കല ജനിക്കുന്നതെങ്കിൽ പദ്മിനിയുടെ കഥ കലയല്ല. ഭാവനയുടെ കോമളഗളനാളത്തിൽ വൈരൂപ്യത്തിന്റെ കത്തി താഴ്ത്തുകയാണു ഈ എഴുത്തുകാരി. കലയുടെ വൈരൂപ്യം മനസ്സിനെ ഹനിച്ചുകളയും. അങ്ങനെ വധിക്കപ്പെട്ട മനസ്സുമായി ഞാൻ എന്റെ മേശപ്പുറത്തേക്കു നോക്കുമ്പോൾ മഹാനായ മോപ്പസാങ്ങി ന്റെ ചെറുകഥകളുടെ സമാഹാരം സുഖമായി ശയിക്കുന്നതു കാണുന്നു. എന്റെ ആത്മാവിനെ കിനാവുകൾകൊണ്ടു മൂടിയ രമണീയങ്ങളായ കഥകൾ! എന്റെ സംസ്ക്കാരത്തെ വികസിപ്പിച്ച ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികൾ. ഞാൻ മനഃപീഡയകുന്നു തെല്ലൊരാഹ്ലാദത്തോടുകൂടിയിരിക്കുന്നു. പക്ഷേ, ആഹ്ലാദവും അതിനു തുല്യങ്ങളായ മറ്റു വികാരങ്ങളും ക്ഷണികങ്ങളാണല്ലോ. 15-ാം ലക്കം, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുപ്പത്തിമൂന്നാം പുറത്തുള്ള ഒരു ചിത്രംകണ്ടു ഞാൻ പേടിക്കുന്നു. പുരാണത്തിലെ പൂതനയെ അനുസ്മരിപ്പിക്കുന്ന രൂപം. അറപ്പു് ഉളവാക്കുന്ന രണ്ടു ഭീമവക്ഷോജങ്ങൾ. (ഭാഗ്യം! അത്യന്താധുനികർ ചിലപ്പോൾ മൂന്നു വക്ഷോജങ്ങൾ സ്ത്രീരൂപത്തിനു വരച്ചു ചേർക്കുന്നവരാണു്.) അവയുടെ ബൃഹദാകാരത്തിനു ചേർന്ന ഭീമങ്ങളായ ഊരുക്കൾ, അവയ്ക്കിടയിലൂടെ ഒരു വിരൽ. അശ്ലീലത അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ഈ ഘോരരൂപത്തിന്റെ വലത്തുഭാഗത്തായി “പ്രവാഹം” എന്ന തലക്കെട്ടു്. താഴെ ടി.ആർ. എന്നു രണ്ടക്ഷരങ്ങൾ. ഇടതുഭാഗത്തായി “ചെറുകഥ” എന്ന മറ്റൊരു ശീർഷകം. ഞാൻ ചെറുകഥ വായിച്ചു. ഒന്നല്ല പല പ്രാവശ്യം. കുരുടൻ, പുരുഷോത്തമൻ, നിർമ്മല എന്നിങ്ങനെ മൂന്നുപേരേക്കുറിച്ചു് എന്തോ പറഞ്ഞിരിക്കുന്നു എന്നുമാത്രമേ എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞുള്ളു. എന്നെസ്സംബന്ധിച്ചിടത്തോളം ഈ “ചെറുകഥ” മൂകമാണു്, ബധിരമാണു്, അന്ധമാണു്. ഇതേ അനുഭവം തന്നെ ശ്രീ. കളിയലിൽ രാധാകൃഷ്ണന്റെ “മഷിയില്ലാതെ” എന്ന ചെറുകഥ മലയാളനാടു് വാരികയിൽ വായിച്ചപ്പോഴും എനിക്കുണ്ടായി. ശ്രീ. വിജയൻ കാരോട്ടിന്റെ “അഡയാർ കനാൽ തീരത്തു് ” എന്ന ചെറുകഥയോ? (മലയാളനാട്-ലക്കം 6) ഇവിടെ ദുർഗ്രഹതയില്ല. എല്ലാം വ്യക്തം. പക്ഷേ, അതു് കലയുടെ നൈസർഗ്ഗികത്വമോ മൂല്യമോ ആവഹിക്കുന്നില്ല. അഡയാർ കനാൽതീരത്തുള്ള രോഗിയായ ഒരു ചെരുപ്പുകുത്തി. അയാളുടെ വേശ്യയായ ഭാര്യ. ഭാര്യയുടെ ജാരനായ നാരായണൻ, ജാരന്റെനേർക്കു് പ്രതികാരാഗ്നിജ്വലിപ്പിച്ചുവിടുന്നു ചെരുപ്പുകുത്തി. അയാളുടെ സ്വഗതോക്തികളിൽ ആധുനിക സമുദായത്തിന്റെ ജീർണ്ണതയെക്കുറിച്ചുള്ള വിമർശനമുണ്ടു്. എങ്കിലും വികാരത്തിന്റെ സ്വാഭാവികമായ ആവിഷ്ക്കാരമായിട്ടില്ല ഈ കഥ. ഭാഷ അതിന്റെ യഥാർത്ഥാവസ്ഥയിൽ പ്രത്യക്ഷപ്പെടുമ്പോഴാണു് സാഹിത്യമാകുന്നതു്. വിജയൻ കാരോട്ടു് മലയാളഭാഷയെ കൃത്രിമത്വത്തിലേക്കു നയിക്കുന്നു. അദ്ദേഹത്തിന്റെ അപരാധം എത്ര നിസ്സാരം! ഒരു കഥയെഴുതി, നന്നായില്ല അതിൽക്കവിഞ്ഞ കുറ്റമൊന്നും വിജയൻ ചെയ്തിട്ടില്ല. അതല്ല ‘മലയാളരാജ്യം’ വാരികയിൽ (ലക്കം 50) പ്രത്യക്ഷനാകുന്ന ശ്രീ. ബെൻ ബി. വിളയിൽ അനുഷ്ഠിക്കുന്ന കൃത്യം. അദ്ദേഹം ‘പാമ്പു്’ എന്നൊരു കഥയെഴുതിയിരിക്കുന്നു, വിശ്വസിച്ചു് വീട്ടിൽ ഇടാൻ കൊള്ളാമായിരുന്ന “മലയാളരാജ്യ”ത്തിൽ ലൈംഗികവേഴ്ചയെ വമനേച്ഛാജനകമായി പ്രതിപാദിക്കുന്ന കഥയാണു് ബെന്നിന്റെ ‘പാമ്പു്’. ഞാൻ ഇതു് വ്യാഖ്യാനിക്കാൻ ഒരുമ്പെടുന്നില്ല. അതിനു് എനിക്കു ധൈര്യമില്ല. കഥാകാരന്റെ ചില വാക്യങ്ങൾ ഉദ്ധരിക്കാം.
“ക്ഷീണിതനായ പാമ്പു് അരുവിക്കരയിലെ തരിശുഭൂമിയിൽ ചുരുണ്ടുകൂടിക്കിടന്നു. അവിടെയുണ്ടായിരുന്ന രണ്ടു മാർബിൾഗോളങ്ങൾക്കിടയിൽ പത്തിയമർത്തി അരുവിയിൽ വാലിട്ടിളക്കി വെള്ളം തെറിപ്പിച്ചു് അവർ രസിക്കുന്നുണ്ടായിരുന്നു.” (പുറം 19) “ആ ഭൂപ്രദേശത്തേക്കു കടക്കുമ്പോഴെല്ലാം അവൻ പ്രത്യേക ഉറകൾ ഉപയോഗിച്ചു, തന്നിൽ നിന്നുണ്ടാകുന്ന വിഷസ്ഖലനം ആ മനോഹരഭൂവിഭാഗത്തെ മലിനപ്പെടുത്താതിരിക്കാൻ.” (പുറം 25)
മറപ്പുരയുടെ ചുവരുകളിൽ കരിക്കട്ടകൊണ്ടു ചിലർ ചിത്രങ്ങൾ വരയ്ക്കാറില്ലേ? ചിലതൊക്കെ എഴുതിവയ്ക്കാറില്ലേ. കാമത്തിന്റെ നിർഗ്ഗമമാർഗ്ഗമാണതു്. അതു് അപരിഷ്കൃതരുടെ രീതി. പരിഷ്ക്കാരമുള്ളവർ, വിദ്യാഭ്യാസമുള്ളവർ ഇമ്മട്ടിൽ കഥകളെഴുതുന്നു. രണ്ടു മാനസികനിലകൾക്കും തമ്മിൽ ഒരു വ്യത്യാസവുമില്ല.
രണ്ടുവർഷം മുൻപു് തിരുവനന്തപുരത്തു വന്നെത്തിയ നാലു ജർമ്മൻകാരോടൊരുമിച്ചു് ഞാൻ കോവളത്തേക്കു പോയി. സായ്പന്മാർ കുളികഴിഞ്ഞു് കടൽക്കരയിൽ ഇരുന്നപ്പോൾ ഒരു പയ്യൻ കരിക്കു കൊണ്ടു വന്നു. ഞാൻ അവർക്കു കരിക്കുവാങ്ങിക്കൊടുത്തു. ആദ്യമായി കരിക്കിൻ വെള്ളം കുടിച്ച ആ പാശ്ചാത്യർ “O, delicious drink, Sweet drink” എന്നൊക്കെ അഭിനന്ദനവചനങ്ങൾ പൊഴിച്ചു തുടങ്ങി. കരിക്കിന്റെ വിലയെന്തെന്നു് ഞാൻ അന്വേഷിച്ചപ്പോൾ, കിട്ടിയസന്ദർഭം പാഴാക്കേണ്ട എന്നു കരുതി പയ്യൻ പറഞ്ഞു: “അഞ്ചുരൂപ”. സായ്പന്മാരുടെ മുൻപിൽവച്ചു് തർക്കിക്കരുതെല്ലോ എന്നു കരുതി ഞാൻ അഞ്ചുരൂപയെടുത്തു് അവനുകൊടുത്തു. ഉടനെ നാലു സായ്പന്മാരും കൂടെ മലയാളത്തിൽ ആക്രോശിച്ചു തുടങ്ങി. “വേന്റാ, വേന്റാ, ന്നിന്റതു് നീ കൊറ്റുക്കു്; എന്റതു് നാൻ കൊറ്റുക്കാം.” തുടർന്നു ഓരോ രൂപയെടുത്തു് മണലിൽ വച്ചു. ഞാൻ വിലകൊടുത്തുകൊള്ളാമെന്നു നിർബ്ബന്ധപൂർവ്വം പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ഇതാണു് സായ്പിന്റെ രീതി, ഭാരതീയരുടെ ഹൃദയവിശാലത അവർക്കില്ല. പക്ഷേ, സാഹിത്യത്തെക്കുറിച്ചു പറയുമ്പോൾ ഭാരതീയനു് വിട്ടുവീഴ്ചയില്ല. മുഖം നോക്കാതെ അവൻ കാര്യങ്ങൾ പറയും. ആ രീതി എനിക്കുമുണ്ടെന്നു് ഞാൻ പറഞ്ഞാൽ മാന്യവായനക്കാർ ഞാൻ ആത്മപ്രശംസ നടത്തുകയാണെന്നു് വിചാരിക്കുമോ? അങ്ങനെ വിചാരിക്കരുതെന്നു് അപേക്ഷിക്കുന്നു ശ്രീ. പി. ആർ. നാഥൻ എന്റെ സുഹൃത്താണു്. പക്ഷേ, അദ്ദേഹം ‘കുങ്കമം’ വാരികയിലെഴുതിയ ‘രജനി’ എന്ന ചെറുകഥ സുന്ദരമാണെന്നു് എനിക്കു പറയാൻ വയ്യ. കൺട്രാക്ടറുടെ ഭാര്യയ്ക്കു ധാരാളം പണമുണ്ടു്; ഭർത്താവിന്റെ സ്നേഹം മാത്രം ലഭിക്കുന്നില്ല. അടുത്തവീട്ടിൽ താമസിക്കുന്ന രജനി സാധുവാണു്. മീശക്കാരനാണു് അവളുടെ ഭർത്താവു്. എങ്കിലും അവർ തമ്മിൽ എന്തൊരു അടുപ്പം. കൺട്രാക്ടറുടെ ഭാര്യയ്ക്കു് അവളെക്കണ്ടു് അസൂയയുണ്ടാകുന്നു. ചർവീതചർവണം ചെയ്ത ഒരു വിഷയം പ്രതിപാദിക്കുകയാണു് പി. ആർ.നാഥൻ. അദ്ദേഹത്തിന്റെ കഥയുടെ ആരംഭം കൊള്ളാം. പര്യവസാനം അസുന്ദരവും. കുങ്കുമം വാരികയിൽ “വൃത്തം” എന്നൊരു കഥകൂടിയുണ്ടു്. ശ്രീ. ഹരി പാപ്പനംകോടു് എഴുതിയ ആ കഥയെങ്ങനെ? കുടിയനായ ഭർത്താവു്. അയാൾ അശക്തനാണു്. ഭാര്യ സുചരിതയല്ല. അയാൾ വൈറ്റമിൻ ഗുളികയെന്നു പറഞ്ഞു് ഉറക്കഗുളിക അവൾക്കു കൊടുക്കുന്നു. ഭാര്യ മരിച്ചതിനുശേഷം അയാളുടെ വേദനിക്കുന്ന മനഃസാക്ഷി കരടിയുടെ രൂപത്തിൽ മുൻപിൽ എത്തുന്നു. ഇതാണു് വൃത്തത്തിലെ കഥ. പ്രതിപാദനരീതികൾ പലവിധത്തിലാണു്. അവയിൽ ഒന്നാണു് പ്രഭാഷണാത്മകമായ രീതി. മനസ്സിനു ചില പ്രത്യേകാവസ്ഥകൾ ഉളവാക്കലാണു് ആ രീതിയുടെ കൃത്യം. “ഡൗൺ, ഡൗൺ ബ്യൂറോക്രസി” എന്ന മുദ്രാവാക്യം മുഴങ്ങുമ്പോൾ ശ്രോതാക്കൾക്കു് പ്രത്യേകമായ ഒരു മാനസികാവസ്ഥയുണ്ടാകുന്നു. അങ്ങനെ പ്രയോജനത്തോടു ബന്ധപ്പെട്ടിരിക്കുന്നു പ്രഭാഷണാത്മകമായ ആവിഷ്ക്കരണരീതി. അതിനു് കലയോടു ബന്ധമില്ല. രീതി കലാത്മകമാകുമ്പോൾ അതിനു് അനന്തത അല്ലെങ്കിൽ അതിരില്ലായ്മ എന്ന ഗുണം വരുന്നു. അതു് അനുവാചകനെ അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കാണു് നയിക്കുന്നതു്. ഹരി പാപ്പനംകോടു് പ്രഭാഷണാത്മകമായ രീതിയിലാണു് കഥയെഴുതുന്നതു്. അദ്ദേഹം ഉദ്ദേശിച്ച മാനസികാവസ്ഥ അനുവാചകനു് സംജാതമാക്കാൻ അതു് പ്രയോജനപ്പെടുന്നുണ്ടു്. തലമുറ തലമുറയായുള്ള വ്യഭിചാരത്തിന്റെ കഥ ശ്രീ. രത്നാകരൻ പറയുന്നു (മനുഷ്യൻ-ലക്കം 4). വിഷയത്തിനു് പുതുമയില്ലെങ്കിലും പ്രതിപാദനരീതിക്കു പുതുമയുണ്ടു്. സാഡിസവും അതിനോടു ബന്ധപ്പെട്ട ബലാൽസംഗവുമാണു് ശ്രീ. എൻ. എൻ. വാസുദേവശർമ്മയുടെ “ഒരു കഥ (മൂന്നു)” എന്ന ചെറുകഥയിലെ പ്രതിപാദ്യം. ചടുലതയുള്ള പ്രതിപാദനരീതിയുണ്ടു് ഈ കഥയ്ക്കു്. തൊഴിലാളി തന്നെ ഭീഷണിപ്പെടുത്തിയെന്നു് ഒരു അസിസ്റ്റന്റു ഫോർമാൻ കള്ളമൊഴികൊടുത്തു തൊഴിലാളിയെ സസ്പെന്റ് ചെയ്തു. തൊഴിലാളി ഫോർമാനെ കൊല്ലാൻ തീരുമാനിച്ചു. കത്തിയുമായി അയാളുടെ മുൻപിൽ ചാടി വീണപ്പോൾ തൊഴിലാളി കണ്ടതു് നാലുവയസ്സുള്ള ഒരു പെൺകുട്ടി ഫോർമാന്റെ സൈക്കിളിൽ ഇരിക്കുന്നതാണു്. അവൾക്കു പിന്നിൽ ചകിതനായി നില്ക്കുന്നു ഫോർമാൻ. കുട്ടിയെ കണ്ടപ്പോൾ തൊഴിലാളിയുടെ കൈയിൽ നിന്നു് കത്തി താഴെ വീണുപോലും. ശ്രീ. പി. കെ. നാണു “ദേശാഭിമാനി” വാരികയിലെഴുതിയ ‘കത്തി’ എന്ന ഈ കഥ വിശ്വാസജനകമല്ല. തൊഴിലാളിയുടെ പ്രതികാരവാഞ്ഛയെ അനുനിമിഷം ഉദ്ദീപിപ്പിച്ചുകൊണ്ടുവരുന്ന കഥാകാരൻ പൊടുന്നനവേ അയാൾ ആ അഭിലാഷം ഉപേക്ഷിച്ചുവെന്നു പറഞ്ഞാൽ വായനക്കാരനു് എങ്ങനെ വിശ്വാസം ഉണ്ടാകാനാണു്. മരുമകളെകൊന്നിട്ടു് ശവപ്പറമ്പിലേക്കു് എന്നും രാത്രി ഓടിപ്പോകുന്ന ഒരു പീലിയെ ശ്രീ. വി. എം. പുന്നോലിൽ ബസ്ലഹം അവതരിപ്പിക്കുന്നു (മനോരാജ്യം ആഴ്ചപ്പതിപ്പു് ലക്കം-9). ഈ കഥയും വിലക്ഷണമാണെന്നു് ഞാൻ എങ്ങനെ പറയും? സത്യം പറയുകയാണു്. ഏതെങ്കിലും ഒരു കഥ നല്ലതാണെന്നു പ്രഖ്യാപിക്കാൻ എനിക്കു ആഗ്രഹമുണ്ടു്. സാധിക്കുന്നില്ല. 94 വയസ്സുവരെ ജീവിച്ചിരുന്ന ബർനാഡ്ഷാ ഉദ്ഘോഷിച്ചു, നാല്പതു വയസ്സു കഴിഞ്ഞവനെ ജീവിച്ചിരിക്കാൻ സമ്മതിക്കരുതെന്നു്. പ്രായം കൂടിയവൻ പുരോഗതിക്കു് തടസ്സം സൃഷ്ടിക്കുമെന്നായിരിക്കാം ഷാ വിചാരിച്ചതു്. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ, കേരളത്തിൽ വന്നു് നമ്മുടെ ചെറുപ്പക്കാരുടെ കഥകൾ വായിച്ചെങ്കിൽ, ലോകമാകെ കേൾക്കുമാറു് ഗർജ്ജിക്കുമായിരുന്നു, ചെറുകഥയെഴുതുന്ന ആരെയും വച്ചേക്കരുതെന്നു്. ചെറുകഥകൾ രചിച്ചുരചിച്ചു് നമ്മുടെ കഥാകാരന്മാർ പുരോഗതിക്കു പ്രതിസന്ധം ഉളവാക്കുന്നു.

മാർക്സിസം എന്ന തത്ത്വചിന്താഗതിക്ക് വിരുദ്ധമാണു് സാഹിത്യത്തിലെയും ചിത്രകലയിലെയും അത്യന്താധുനികത. അതൃപ്തി, ദേഷ്യം, നൈരാശ്യം, ഏകാന്തതയോടുള്ള ആഭിമുഖ്യം എന്നിവയാണു് “അത്യന്താധുനികത”യിലുള്ളതു്. ഇതു് നിഷേധാത്മകമായ രീതിയാണു്. മാർക്സിസം നിഷേധാത്മകമല്ല. നിഷേധാത്മകതയോടും ശൂന്യതാവാദത്തോടും ബന്ധപ്പെട്ട അത്യന്താധുനികതയെ പിന്നെ എങ്ങനെയാണു് മാർക്സിസം അംഗീകരിച്ചവർക്കു് അംഗീകരിക്കാൻ സാധിക്കുക? കാര്യമിതായിട്ടും ശ്രീ. നരേന്ദ്രപ്രസാദ് അത്യന്താധുനികതയെ നീതിമത്കരിച്ചുകൊണ്ടു് ‘ദേശാഭിമാനി’വാരികയിൽ ഒരു ലേഖനമെഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിൽ ഞാൻ ചൂണ്ടിക്കാണിച്ച ചിന്താക്കുഴപ്പമുണ്ടു്. എങ്കിലും പ്രൗഢമായി, ശക്തിയോടെ അദ്ദേഹത്തിനു എഴുതാൻ കഴിയും. പ്രതിയോഗികളെ “അൾസേഷ്യൻ പണ്ഡിതന്മാർ” എന്നും മറ്റും വിളിക്കാതിരിക്കുന്നതാണു് നല്ലതു്. അതു സുജനമര്യാദയ്ക്കു ചേർന്നതല്ലല്ലോ, എന്റെ ഒരഭിപ്രായത്തെ പരാമർശിച്ചുകൊണ്ടു് എന്നെ ‘അയാൾ’ എന്നു അദ്ദേഹം പറയുന്നു. വേറെ ചിലരെ ഞരമ്പു രോഗികളെന്നും തിരുവാതിരനിരൂപകരെന്നും വിളിക്കുന്നു. സാഹിത്യത്തിൽ ഈ അസഭ്യവർഷം നടത്തുന്നതിൽ ഒരർത്ഥവുമില്ല. തങ്ങൾക്കു ശരിയെന്നു തോന്നിയതു് ആളുകൾ പറയുന്നു. ഈ ലേഖകനെപ്പോലെ ചിലർ ശക്തിയുള്ള ഭാഷ ഉപയോഗിക്കുന്നു. നരേന്ദ്രപ്രസാദ് അവരോടു യോജിക്കുന്നില്ലെങ്കിൽ ആ വസ്തുത പറയാമല്ലോ. അതിനു പകരമായി അസഭ്യം പറയുമ്പോൾ വായനക്കാരുടെ സഹഭാവം നഷ്ടപ്പെടുത്തുകയാണു്. നരേന്ദ്രപ്രസാദ് കമ്മ്യൂണിസ്റ്റായിട്ടാണു് ഭാവിക്കുന്നതു്. പക്ഷേ, എനിക്കറിയാവുന്ന കമ്മ്യൂണിസ്റ്റുകാരൊക്കെ യോഗ്യന്മാരാണു്. “ദേശാഭിമാനി”യുടെ അധിപരായ ശ്രീ. പി. ഗോവിന്ദപിള്ള യെ എനിക്കു നേരിട്ടറിയാം. വിനയത്തിന്റെയും സുജനമര്യാദയുടെയും പ്രതിരൂപമാണു് അദ്ദേഹം, ദേശാഭിമാനിയുടെ മറ്റാരു പത്രാധിപരായ ശ്രീ. എം. എൻ. കുറുപ്പു സുവിനീതനാണു്, ശിഷ്ടാചാരയോഗ്യനാണു്. ‘ജനയുഗം’പത്രാധിപർ ശ്രീ. കാമ്പിശ്ശേരി കരുണാകരൻ ഒരു പുരുഷരത്നമാണു്. ഞാനും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാവായ ശ്രീ. കെ. വി. സുരേന്ദ്രനാഥും ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു താമസിച്ചു: ഒരുമിച്ചു വളർന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ചു്, ഗുണഗണങ്ങളെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. ഞാൻ ശ്രീ. ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാടി ന്റെ ആധ്യക്ഷ്യത്തിൽ പല പ്രാവശ്യം പ്രസംഗിച്ചിട്ടുണ്ടു്. ഉത്കൃഷ്ടമായ വിധത്തിലേ ആ മഹാനേതാവു് എന്നോടു പെരുമാറിയിട്ടുള്ളു. വലിയ നേതാക്കന്മാരെല്ലാം അങ്ങനെയാണു്. മാർക്സിസ്റ്റായി ഭാവിക്കുന്ന നരേന്ദ്രപ്രസാദ് മാത്രം ഇങ്ങനെ വിനയരഹിതനായി എഴുതുന്നതെന്തിനാണു്? ആവോ. മുൻപു പറഞ്ഞതു ഞാൻ ആവർത്തിക്കുന്നു. അസഭ്യവർഷംകൊണ്ടോ, അപമാനനംകൊണ്ടോ, നിന്ദനംകൊണ്ടോ മനുഷ്യന്റെ സത്യാന്വേഷണതൽപരത കെട്ടടങ്ങിയിട്ടില്ല.

പ്രശസ്ത കഥാകാരനായ ശ്രീ. ജെ. കെ. വി. ഒരിക്കൽ എന്നോടു പറഞ്ഞു: You have a weakness for humour—നേരമ്പോക്കിനോടു നിങ്ങൾക്കു ആദരിക്കാൻ വയ്യാത്ത താൽപര്യമുണ്ടു്. ശരിയായിരിക്കാം. എങ്കിലും അതുകൊണ്ടു മാത്രമല്ല എനിക്കു ശ്രീ. ഈശ്വരവാരിയരുടെ “മാറ്റിനി” എന്ന കവിത ഇഷ്ടപ്പെട്ടതു് (മാതൃഭൂമി ലക്കം 15). മനുഷ്യത്വത്തിന്റെ മോഹനമായ ഒരു ഭാഗത്തെയാണു് അനുഗ്രഹീതനായ ഈ കവി എടുത്തുകാണിക്കുന്നതു്. ദുർഗ്രഹത എന്ന കണ്ടകാകീർണ്ണമായ മാർഗ്ഗത്തിലൂടെ വലിച്ചിഴയ്ക്കാതെ അദ്ദേഹം എനിക്കു് ആഹ്ലാദം നല്കുന്നു. അദ്ദേഹം സൃഷ്ടിച്ച രംഗങ്ങൾ ഞാൻ എന്റെ മനസ്സിൽ പുനരാവിഷ്ക്കരിച്ചു് രസിക്കുന്നു. കവി ഇതിൽ കൂടുതലായി ഒന്നും പ്രവർത്തിക്കേണ്ടതില്ലല്ലോ. ഫലിതത്തിനു വൈഷയികസ്വഭാവമുണ്ടു്. പക്ഷേ, വൈഷയികത്വം സംസ്ക്കരിക്കപ്പെട്ട രീതിയിൽ പ്രത്യക്ഷപ്പെട്ടാലും അനുവാചകനു രസിക്കും ആ നിലയിൽ ശ്രീ. എ. അയ്യപ്പൻ “മലയാളനാട്ടി”ലെഴുതിയ കവിതകൾ സ്വീകരണീയങ്ങളാകുന്നു.

ഞാൻ കണ്ട ഒരു സിനിമയിൽ കസേര മേശയോടു സംസാരിക്കുന്നു. മേശ കട്ടിലിനോടു സംസാരിക്കുന്നു. ഇതു് മനോരഥസൃഷ്ടിയാണെങ്കിലും ഒരു സത്യം വ്യക്തമാക്കുന്നു. അചേതനങ്ങളായ വസ്തുക്കൾക്കുപോലും ചൈതന്യമുണ്ടു്. സാഹിത്യകാരൻ ഈ ചൈതന്യം കണ്ടറിയുന്നവനാണു്. ആ വസ്തുക്കളെകൊണ്ടു് സംസാരിപ്പിക്കുന്നവനാണു്. നിരൂപകൻ ആ സംഭാഷണത്തിലൂടെ ചൈതന്യത്തിൽ എത്തുന്നു. രണ്ടും ശ്രേഷ്ഠങ്ങളായ കൃത്യങ്ങൾതന്നെ.