അലക്സാണ്ടർ പുഷ്കിൻ എന്ന റഷ്യൻ സാഹിത്യകാരൻ “ക്യാപ്റ്റന്റെ മകൾ” എന്നൊരു കഥയെഴുതിയിട്ടുണ്ടു്. അതിൽ നിന്നൊരു ഭാഗം തർജ്ജമചെയ്തുചേർക്കുന്നു:
“പ്രയാസത്തോടെ ആ ബാഷ്കീർ വാതൽ കടന്നു്, പൊക്കംകൂടിയ തൊപ്പി ഊരിക്കൊണ്ടു് അതിനരികെ നിന്നു (അയാളുടെ കാലിൽ വിലങ്ങുണ്ടു്). ഞാനൊന്നുനോക്കി, ഞെട്ടിപ്പോയി. ഒരിക്കലും എനിക്കു് അയാളെ മറക്കാനൊക്കുകയില്ല. അയാൾക്കു് എഴുപതുവയസ്സ് കഴിഞ്ഞെന്നുതോന്നും. മൂക്കോ കാതോ ഇല്ലാത്ത മനുഷ്യൻ. തലമൊട്ടയടിച്ചിട്ടുണ്ടു്. താടിക്കുപകരം കുറെ നരച്ച രോമങ്ങൾ. മെലിഞ്ഞുവളഞ്ഞ ഒരു കൊച്ചുമനുഷ്യൻ. എങ്കിലും ആ കൊച്ചുകണ്ണുകൾക്കു് ഒരു തിളക്കം. 1741-ൽ ശിക്ഷിക്കപ്പെട്ട വിപ്ലവകാരികളിൽ ഒരുവനായ അയാളുടെ അടയാളങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടു് ക്യാപ്റ്റൻ പറഞ്ഞു: ‘ഹാ, നീ ഞങ്ങളുടെ കെണിയിലുള്ള ഒരു പഴയ ചെന്നായാണു് അല്ലേ? വിപ്ലവമുണ്ടാക്കുന്നതു് നിന്റെ ഒരു പഴയ കളിയാണെന്നു് തല കണ്ടാലറിയാം ഇങ്ങോട്ടുവാ. ആരാണു് നിന്നെ പറഞ്ഞയച്ചതു്. പറ.’ വൃദ്ധനായ ആ ബാഷ്കീർ നിശ്ശബ്ദനായിരുന്നു. അർത്ഥശൂന്യമായ മട്ടിൽ അയാൾ ക്യാപ്റ്റനെ നോക്കി. ക്യാപ്റ്റൻ തുടർന്നു: ‘നീ എന്താണു് സംസാരിക്കാത്തതു്? റഷ്യൻ ഭാഷയറിഞ്ഞു കൂടേ നിനക്കു്? യൂലാലി! നിന്റെ ഭാഷയിൽ അവനോടു ചോദിക്കു് ആരു് അവനെ നമ്മുടെ കോട്ടയിലേക്കു് അയച്ചുവെന്നു്.’ യൂലാലി ക്യാപ്റ്റന്റെ ചോദ്യം ടാർട്ടർഭാഷയിൽ ആവർത്തിച്ചു. പക്ഷേ, ആ ബാഷ്കീർ അതേ ഭാവത്തോടെ നോക്കിയതല്ലാതെ ഒറ്റവാക്കുപോലും മറുപടി പറഞ്ഞില്ല. ക്യാപ്റ്റൻ പറഞ്ഞു: ‘ഭേഷ്, നിന്നെ ഞാൻ സംസാരിപ്പിക്കാം. കുട്ടികളേ, അവന്റെ വൃത്തികെട്ട വരയൻ ഉടുപ്പു് ഊരിയെടുക്കൂ. അവന്റെ മുതുകുപൊളിക്കൂ. യൂലാലീ! ഓർമ്മിച്ചോ, നല്ലപോലെ.’ രണ്ടു ഭടന്മാർ ബാഷ്കീറിന്റെ വസ്ത്രമഴിക്കാൻ തുടങ്ങി. ഭാഗ്യംകെട്ട ആ മനുഷ്യന്റെ മുഖത്തു് ആകുലതയുണ്ടായിരുന്നു. കുട്ടികൾ പിടികൂടിയ ഒരു കാട്ടുമൃഗത്തെപ്പോലെ അയാൾ ചുറ്റും നോക്കി. പക്ഷേ, ആ കിഴവനെക്കൊണ്ടു കൈകൾ ഭടന്റെ കഴുത്തിൽ ഇടുവിക്കുകയും യൂലാലി ചാട്ട ചുഴറ്റുകയും ചെയ്തപ്പോൾ അയാൾ അപേക്ഷാസൂചകവും ദുർബലവും ആയ ശബ്ദത്തിൽ ഞരങ്ങി. തലകുലുക്കിക്കൊണ്ടു് അയാൾ വാ തുറന്നു. അപ്പോൾ നാക്കിനുപകരം ഒരു കൊച്ചു കുറ്റി മാത്രം… അതു് ഞങ്ങളെയൊക്കെ ഞെട്ടിച്ചു.”

കഥപറയുന്നയാൾ ഓർമ്മക്കുറിപ്പെന്ന മട്ടിലാണു് ഇതൊക്കെ വിവരിക്കുന്നതു്. വിപ്ലവം നടക്കുന്ന നാട്ടിലെ ഒരു കോട്ടയുടെ ആധിപത്യം വഹിക്കുന്ന ക്യാപ്റ്റൻ ഒരു വിപ്ലവകാരിയെ ശിക്ഷിച്ചതെങ്ങനെയാണെന്നു് ഈ ഖണ്ഡിക വ്യക്തമാക്കുന്നു. ഇവിടെ അത്യുക്തിയില്ല; ആവശ്യത്തിൽക്കവിഞ്ഞ ഒരു വാക്കില്ല. കാട്ടുമൃഗത്തോടുള്ള ഔപമ്യമുണ്ടെന്നല്ലാതെ മറ്റൊരു അലങ്കാരപ്രയോഗമില്ല. ഗ്രന്ഥകാരൻ പക്ഷംപിടിച്ചു് ഒന്നും പറയുന്നുമില്ല. എങ്കിലും വായനക്കാരായ നാം കഥ പറയുന്നയാളിനോടൊരുമിച്ചു് ഞെട്ടുന്നു. ഇതാണു സാഹിത്യം ഇതാണു് ഉത്കൃഷ്ടമായ രചന. ഇനി 16-ാം ലക്കം “മാതൃഭൂമി” ആഴ്ചപ്പതിപ്പു് എടുക്കുക. അതിന്റെ 33-ാം പുറം നോക്കുക. ശ്രീ. തുളസി എഴുതിയ “കറുത്ത പയർമണി” എന്ന ചെറുകഥ അവിടെയുണ്ടു്. ആദ്യം തൊട്ടു് അവസാനംവരെ ശ്രദ്ധിച്ചു വായിച്ചു നോക്കിയാലും, എളുപ്പത്തിലെങ്ങും തുളസി പറയുന്ന കാര്യങ്ങൾ നമുക്കു പിടികിട്ടുകയില്ല. “കൊടുമുടികളും ഗർത്തങ്ങളുമായി ഏകതാനതയെ നിഘനിച്ചു. വൈരൂപ്യം പ്രദർശിപ്പിക്കുന്ന പർവ്വതപംക്തി, പള്ളകൾക്കിടയിൽ ലാവ ഉരുകിയിരമ്പി, ബഹിർഗമനത്തിന്റെ സ്വപ്നം, പ്രകമ്പനത്തിന്റെ പ്രതീക്ഷ” ഇങ്ങനെ അർത്ഥശൂന്യമായിട്ടാണു് ഈ കഥാകാരൻ എഴുതുന്നതു്. അദ്ദേഹത്തിന്റെ നിരർത്ഥകവാക്യങ്ങളിൽ പലവുരു മുങ്ങിത്തപ്പിയപ്പോൾ എനിക്കു കിട്ടിയ ആശയങ്ങൾ ഇവയാണു്. ഒരു യുവതിക്കു യുവാവായ രഘുവിനോടു സ്നേഹം. അവൾ കഷണ്ടിക്കാരനായ ഒരു വൃദ്ധനെ വിവാഹം കഴിച്ചു, ഗർഭിണിയായി (അതിനു കാരണക്കാരൻ രഘുവാണെന്നു തോന്നുന്നു). അവൾ പെറ്റു (അവൾ പ്രസവിച്ചെന്നു് കഥാകാരൻ വ്യക്തമായി പറഞ്ഞിട്ടില്ല. തോടുപിളർന്നു് ഒരു പയർമണി വായുവിൽ പതിച്ചു എന്നൊരു പ്രസ്താവം കഥയിലുള്ളതുകൊണ്ടു് യുവതി പ്രസവിച്ചുവെന്നു് ഞാൻ ഊഹിക്കുന്നു). ആശയങ്ങളിലൂടെ വികാരവിനിമയം നടക്കാത്തതുകൊണ്ടു് ഇവിടെ ഹൃദയസംവാദമുണ്ടാകുന്നില്ല. ഹൃദയസംവാദമില്ലാത്തതുകൊണ്ടു് രസാനുഭൂതിയില്ല. കലാസൃഷ്ടിയെന്ന നിലയിൽ ഈ കഥ ഒരു വമ്പിച്ച പരാജയമാണു്. നമ്മുടെ ജീർണ്ണിച്ച കഥാസാഹിത്യത്തിനു് ഇതു് ഒരു ഉദാഹരണമായി വർത്തിക്കുന്നു. രചനയുടെ വൈകല്യം തന്നെയാണു് ശ്രീ. പദ്മരാജന്റെ “മഴ” എന്ന കഥയ്ക്കുള്ള വൈകല്യം, മാറാതെ നമ്മെ പിന്തുടരുന്ന വികാരത്തിനു് ‘ഒബ്സഷൻ’ എന്നു് മനഃശാസ്ത്രത്തിൽ പറയും. മഴയെസ്സംബന്ധിച്ച ഈ മാനസികപീഡയുള്ള ഒരുവൻ അതേപീഡയുള്ള വേറൊരുവനെ കണ്ടുമുട്ടുന്നു. രണ്ടാമത്തെയാൾ കോവളം കടലിൽ മുങ്ങിച്ചാകുന്നു (അയാളെ ആദ്യത്തെയാൾ നിഗ്രഹിച്ചതാവാം). ഇതാണു് കഥയുടെ വിഷയം. ഇവിടെ മാനസികപീഡയ്ക്കാണു് പ്രാധാന്യം. ആ പ്രാധാന്യമാവിഷ്ക്കരിക്കാൻ പദ്മരാജനു് സാധിച്ചിട്ടില്ല. അദ്ദേഹം ബഹുഭാഷിതയിൽ മുഴുകുന്നു. ഫലമോ? ഒബ്സഷൻ കഥാപാത്രത്തിനുണ്ടെന്നു് പദ്മരാജൻ പറയുന്നുവെന്നല്ലാതെ അതുണ്ടെന്നു് അനുവാചകനു തോന്നുന്നില്ല. ഡോസ്റ്റോയേവ്സ്കി മനഃപീഡയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതെങ്ങനെയാണെന്നു് കഥാകാരൻ നോക്കണം, ഏതാനും വാക്യങ്ങൾകൊണ്ടു് ആ റഷ്യൻ സാഹിത്യകാരൻ തന്റെ കഥാപാത്രങ്ങളുടെ മാനസികനില മുഴുവൻ ആവിഷ്ക്കരിക്കുന്നു. അവിടെ വാവദുകതയില്ല, ബഹളമില്ല, ആയാസമില്ല, അതല്ല പദ്മരാജന്റെ രീതി. തികച്ചും അയഥാർത്ഥമായ ഒരു സന്ദർഭത്തിൽ തന്റെ രണ്ടു കഥാപാത്രങ്ങളെ കഥാകാരൻ തള്ളിവിട്ടിരിക്കുന്നു എന്ന പ്രതീതിയേ ഈ കഥ ഉളവാക്കുന്നുള്ളൂ.
എന്റെ മുൻപിലുള്ള അരളിച്ചെടിയുടെ ഒരിലയിൽ ഇരുന്നു് ഒരു പച്ചപ്പുഴു പിടയ്ക്കുന്നു. അതിന്റെ വിച്ഛേദമാർന്ന ഉടലും അതിലുള്ള കൊച്ചുരോമങ്ങളും എനിക്കു അറപ്പു് ഉണ്ടാക്കുന്നു. ഈ പുഴു സമാധിദശയിലെത്തിയാലും അതേ അറപ്പു് ജനിപ്പിക്കും. പക്ഷേ, തോടുപൊട്ടി ചിത്രശലഭം പുറത്തുവരട്ടെ. എനിക്കും നിങ്ങൾക്കും ഉൾക്കുളിർമ്മയുണ്ടാകും. മിന്നുന്ന ചിറകു വിരിച്ചു് അതു പറക്കുമ്പോൾ നമുക്കും അതിന്റെകൂടെ പറക്കാൻ തോന്നും. ശ്രീ. കെ. എൽ. ശ്രീകൃഷ്ണദാസ് ‘കുങ്കുമം’ വാരികയിലെഴുതിയ “കുത്തബ്മിനാർ” എന്ന ചെറുകഥ ഒരു പച്ചപ്പുഴുവാണു്—ക്യാറ്റർപില്ലറാണു്. സമാധിദശയിലൂടെ അതു ചിത്രശലഭമാകേണ്ടിയിരുന്നു. അതുണ്ടായില്ല. കുത്തബ്മിനാറിൽവച്ചു യാദൃച്ഛികമായി പരിചയപ്പെട്ട ഒരു മദാമ്മയോടുകൂടി ഒരുവൻ വ്യഭിചരിക്കാൻ പോകുന്നതാണു് ഇതിലെ കഥ. ആധുനികസംസ്ക്കാരത്തിന്റെ നേർക്കുള്ള വിദ്വേഷം, ഹിപ്പിമതത്തോടുള്ള വെറുപ്പു്, മദ്യപാനത്തോടുള്ള അമർഷം ഇവയൊക്കെ ചിത്രീകരിക്കണമെന്നുണ്ടു് ശ്രീകൃഷ്ണദാസിനു്. പക്ഷേ, കലാവൈഭവത്തിന്റെ കുറവുകൊണ്ടു് അദ്ദേഹത്തിനു് അതിനു കഴിയുന്നില്ല. പുഴു അവിശുദ്ധം, ചിത്രശലഭം വിശുദ്ധം. വിശുദ്ധിയുള്ള കഥയെഴുതാൻ, കഴിയുന്നതുവരെ കാത്തിരിക്കണം കഥാകാരന്മാർ. ശ്രീ. ടി. എ. മാറികളുടെ ‘മെഴുകുതിരി’ ഒരു മരണത്തെ വർണ്ണിക്കുന്നു (കുങ്കുമം). അദ്ദേഹത്തിന്റെ കഥയും ചിത്രശലഭമായില്ല; എന്നാൽ പുഴുവല്ലതാനും. സമാധിദശയിലെത്തിയിരിക്കുകയാണു അതു്. ആഖ്യാനപാടവത്താൽ “കുത്തബ്മിനാറി”നെക്കാൾ ഇതു മെച്ചമായിട്ടുണ്ടു്. എങ്കിലും തികച്ചും കലാത്മകമല്ല.

ജീവിതം ഒരു പേടിസ്വപ്നമാണോ? ആണെന്ന മട്ടിലാണു് ശ്രീ. ജോസഫ് വൈറ്റില “വ്യർത്ഥം” എന്ന ചെറുകഥയെഴുതിയിരിക്കുന്നതു് (മലയാളനാടു് ലക്കം 7). സഹോദരനു ഭ്രാന്തു്. ആ ഉന്മാദം കണ്ടു ദുഃഖിക്കുന്ന ചേട്ടൻ. ഭീകരമായ അന്തരീക്ഷമാകെ ആലേഖനം ചെയ്യാൻ കഥാകാരനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ കഥയെന്തുകൊണ്ടാണു് അനുവാചകഹൃദയത്തെ സ്പർശിക്കാത്തതു്? വികാരങ്ങളുടെ സങ്കുലാവസ്ഥ ഇവിടെയുണ്ടു്. അതിനു ശരിയായ രൂപം നല്കാൻ ജോസഫ് വൈറ്റിലയ്ക്കു കഴിയുന്നില്ല. പ്രതിഭയുടെ ആളിക്കത്തുന്ന അഗ്നിയിൽ വികാരങ്ങളുരുകി ഒരു നൂതനരൂപം കൈക്കൊള്ളണം. അതിവിടെയുണ്ടാകുന്നില്ല. റഷ്യൻചെറുകഥാകാരനായ ഗാർഷിന്റെ “ചുവന്ന പുഷ്പം” എന്ന കഥ ജോസഫ് വായിച്ചുനോക്കിയാൽ കൊള്ളാം. ഒരു ഭ്രാന്തന്റെ കഥയാണുതു്. അതു വായിക്കുമ്പോൾ നമുക്കു് അസ്വസ്ഥതയില്ല. പേടിസ്സ്വപ്നത്തിന്റെ അന്തരീക്ഷം കലയുടെ പ്രകാശം വീണു തേജോമയമാകുന്നു. ജോസഫിന്റെ കഥ ജനിപ്പിക്കുന്ന ഉദ്വേഗം മാറിക്കിട്ടുന്നതു് ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ‘പാക്കനാർ’ എന്ന കഥ വായിക്കുമ്പോഴാണു്. ഒമ്പതു ‘പീസ്’ ടെർലിൻ വില്ക്കാൻ കൊണ്ടുവന്നിട്ടു പത്തെണ്ണമുണ്ടായിരുന്നുവെന്നു വീട്ടുകാരനോടു പറഞ്ഞ് ഒരു ‘പീസി’ന്റെ വില വെറുതെ വാങ്ങിക്കൊണ്ടുപോകുന്ന ഒരു കള്ളന്റെ സ്വഭാവം ഹാസ്യാത്മകമായി കുഞ്ഞബ്ദുള്ള ആവിഷ്ക്കരിച്ചിരിക്കുന്നു.

കലാനിരൂപകനായ റസ്കിൻ (John Ruskin, 1819–1900) കരുണാത്മകമായ മിഥ്യാമതിയെക്കുറിച്ചു് (Pathetic fallacy) പറഞ്ഞിട്ടുണ്ടെന്നാണു എന്റെ ഓർമ്മ. ഡെയ്സിപുഷ്പം കലപ്പയ്ക്കടിയിൽപെട്ടു ചതഞ്ഞരയുമ്പോൾ ബേൺസ് ദുഃഖിക്കുന്നു. മനുഷ്യന്റെ ദുഃഖം കണ്ടു പ്രകൃതിയും ദുഃഖിക്കുന്നതായി വേഡ്സ്വർത്തു പറയുന്നു. ഈ സങ്കല്പത്തിൽ മിഥ്യകളാണെന്നാണു റസ്കിന്റെ അഭിപ്രായം. കരുണാത്മകമായ മിഥ്യാമതിപോലെ ശോകോപഹതമായ മിഥ്യാമതിയുണ്ടു്—affective fallacy. ഒരമ്മയുടെ കുഞ്ഞു മരിച്ചുപോയിയെന്നിരിക്കട്ടെ. ഏതെങ്കിലും ഒരു കുട്ടിയുടെ മരണം ചിത്രീകരിച്ചുകൊണ്ടുള്ള ഒരു കഥ അവർ വായിച്ചുവെന്നുമിരിക്കട്ടെ. അവർ പൊട്ടിക്കരയും. ഈ കരച്ചിലിനു സാഹിത്യാസ്വാദനവുമായി ബന്ധമില്ല. ഈ ആഴ്ചയിലെ ‘ജനയുഗം’ വാരികയിൽ ശ്രീ. വി. ആർ. ഗോവിന്ദനുണ്ണിയെഴുതിയ “മഴ” എന്ന കഥ പരസ്യം ചെയ്തിട്ടുണ്ടു്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ ഒരാൾ ഒഴുകിവന്ന ഒരു കുട്ടിയെ എടുത്തുകൊണ്ടു നടക്കുന്നു. കുറെക്കഴിഞ്ഞപ്പോഴാണു് അതു മൃതദേഹമാണെന്നു് അയാൾക്കു മനസ്സിലായതു്. ഈ കഥ “ശോകോപഹതമായ മിഥ്യാമതി”യാൽ എന്നെ സ്പർശിക്കേണ്ടതാണു്. കാരണം രോഗാർത്തയായ എന്റെ മകളെയും കൈയിലെടുത്തു ഞാൻ ഡോക്ടറെ കാണാൻ വളരെ ദൂരം നടന്നു എന്നതുതന്നെ. ജീവനുണ്ടെന്നു വിചാരിച്ചു ഞാൻ കൊണ്ടുനടന്നതു വാസ്തവത്തിൽ മൃതദേഹമായിരുന്നു. കുട്ടി മരിച്ചുവെന്നു ഞാൻ അറിയുന്നതു ഡോക്ടർ പറയുമ്പോൾ മാത്രമാണു്. ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നിട്ടും ഗോവിന്ദനുണ്ണിയുടെ കഥ എന്നെ സ്പർശിച്ചില്ല. “മിഥ്യാമതി” ജനിപ്പിക്കാൻ പോലും അസമർത്ഥമായ കഥയ്ക്കു കലാമൂല്യമില്ലെന്നു പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? വിലക്ഷണങ്ങളായ കുറെ വാക്യങ്ങൾ മാത്രമാണു ഗോവിന്ദനുണ്ണിയുടെ കഥ. അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തിന്റെ കഥയാണു് ശ്രീ. എൻ. രാധാകൃഷ്ണന്റെ “അന്ധകാരത്തിൽ” (മലയാളരാജ്യം ലക്കം 1). തന്റെ കൊച്ചുമകളുടെ വിവാഹം നടക്കുന്നതു പോലും ഒരു വൃദ്ധൻ അറിയുന്നില്ല. അയാൾ ദുഃഖത്തോടെ തകർന്നുവീഴുമ്പോൾ ചെറുകഥയുടെ ദീർഘതകൊണ്ടുണ്ടായ വൈരസ്യത്തോടെ അനുവാചകനും തളർന്നു വീഴുന്നു. കാലത്തുതൊട്ടു് ഉച്ചവരെ നടന്നിട്ടും ഒരാളിനെപ്പോലും കിട്ടാത്ത ക്ഷുരകൻ, അയാളോടു ദയ തോന്നുന്ന ഒരു യുവാവു്, സുന്ദരിയായ പെൺകുട്ടി—ഈ മൂന്നു പേരെയും പ്രഗല്ഭമായി അവതരിപ്പിച്ചു ജീവിതത്തിന്റെ മൂന്നു മുഖങ്ങളെ കാണിച്ചുതരുന്നു ശ്രീ. പെരുവെമ്പു്, (കേരളശബ്ദം-ലക്കം 46) കഥകൾക്കും കഥാപഠനങ്ങൾക്കും വേണ്ടി മാത്രം പരസ്യപ്പെടുത്തുന്ന ഒരു മാസികയാണു നദി, സേതു, ഇ. വാസു, കെ. എൽ. മോഹനവർമ്മ, പി. ആർ. നാഥൻ, ജി. എൻ. പണിക്കർ, മനത്തന ശ്രീനിവാസ്, കെ. എൽ. ശ്രീകൃഷ്ണദാസ് എന്നിവർ അതിൽ കഥകളെഴുതിയിരിക്കുന്നു. കെ. എസ്. നാരായണപിള്ള യും ജെ. ആർ. പ്രസാദും, ലോഹിതാക്ഷനും, എം. എം. ബഷീറും സി. ആർ. റോസും അതിൽ ലേഖനങ്ങൾ എഴുതിയിരിക്കുന്നു. സ്ഥലത്തിന്റെ പരിമിതികൊണ്ടു് അവയുടെ വിമർശനം ഇനിയൊരവസരത്തിലാകാമെന്നു വിചാരിക്കുകയാണു്. നിരൂപണത്തിലെ അഗൂഢഭാവം സ്വാതന്ത്ര്യത്തിനു തടസ്സമാണു്. ഒരിക്കൽ എറാണാകുളത്തെ പാർക്കിൽവച്ചു ഞാൻ ചങ്ങമ്പുഴ യെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഒരു കവിത തീരെക്കൊള്ളുകയില്ലെന്നു ഞാൻ പറഞ്ഞു. കറുത്ത ഫ്രെയിമുള്ള കണ്ണാടിയുടെ മുകളിലൂടെ എന്നെ തെല്ലുനേരം നോക്കിക്കൊണ്ടു് ആ അനുഗൃഹീതനായ കവി പൊട്ടിച്ചിരിച്ചു. പരിഹസിച്ച രീതിയിലുള്ള ചിരിയല്ല. നിരൂപണം ശരിയാണെന്ന മട്ടിലുള്ള ചിരി. ഈ നിഷ്കളങ്കത നമ്മുടെ എല്ലാ സാഹിത്യകാരന്മാർക്കും ഉണ്ടായെങ്കിൽ!
അജ്ഞതയുടെ അന്ധകാരത്തിൽ നിന്നു നമ്മെ അറിവിന്റെ പ്രകാശത്തിലേക്കു നയിച്ചതു് ശാസ്ത്രമാണെന്നു ഞാൻ പറയുമ്പോൾ ഒരു പുതിയ കാര്യം പറഞ്ഞു എന്നമട്ടു് എനിക്കില്ല. ശ്രീ. സെബാസ്റ്റ്യൻ പുതുവീട്ടു് ശാസ്ത്രത്തിന്റെ “ഉൽപ്പത്തിവികാസങ്ങളെ”ക്കുറിച്ചു് ചിന്തിക്കുന്നു. ആദരണീയമായ കൃത്യമാണു് അദ്ദേഹത്തിന്റെതു് (മലയാളനാടു് ലക്കം 7). അന്തരിച്ചുപോയ ഉജ്ജ്വലപ്രതിഭാശാലി ശ്രീ. എൻ. ഗോപാലപിള്ള യുടെ ഒരു ഗുണം അസൂയാരാഹിത്യമായിരുന്നു. ഏതു നിസ്സാരനിലുമുള്ള കഴിവു് അദ്ദേഹം കണ്ടുപിടിക്കും. അതിനെ വളർത്താൻവേണ്ടി അദ്ദേഹം എല്ലാ സഹായങ്ങളും ചെയ്യും. ആരു് എന്തും ഏതു പത്രത്തിലുമെഴുതട്ടെ. അദ്ദേഹമതുവായിക്കും. എഴുതിയ ആളിനെ കാണുമ്പോൾ ആ ലേഖനത്തെക്കുറിച്ചോ കഥയെക്കുറിച്ചോ അഭിപ്രായം പറയും. മനുഷ്യന്റെ കഴിവിനെ എൻ. ഗോപാലപിള്ളയെപ്പോലെ മാനിക്കുന്ന മറ്റൊരു വ്യക്തിയുണ്ടു്. അദ്ദേഹമാണു് ശ്രീ. കെ. ബാലകൃഷ്ണൻ. ‘മലയാളനാടു് ’ വാരികയുടെ അധിപരായ ശ്രീ. എസ്. കെ. നായരു ടെ വൈദഗ്ദ്ധ്യത്തെ ബാലകൃഷ്ണൻ കണ്ടറിയുന്നു. “ ഈ ആഴ്ചയിലെ പ്രധാന മനുഷ്യനായി എസ്. കെ. നായരെ ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു, ഉചിതമാണു് ഈ കൃത്യം. ഞാൻ പതിവായി എഴുതുന്നതു് ‘മലയാളനാട്ടി’ലാണു്. അല്ലെങ്കിൽ ഞാൻ ഇതിന്റെ ഉചിതജ്ഞതയെക്കുറിച്ചു് കൂടുതൽ പറയുമായിരുന്നു. എങ്കിലും ഒരു വാക്കുകൂടി, തനിച്ചു നില്ക്കാവുന്ന ഏതിനെയും സൃഷ്ടിക്കാൻപോന്ന വൈഭവമുള്ളയാൾ ആദരണീയനായിരിക്കും. ‘മലയാളനാടു് ’ തനിയേനില്ക്കുന്ന വാരികയാണു്. പ്രശസ്ത നിരൂപകനായ ശ്രീ. എസ്. ഗുപ്തൻനായരേ ക്കുറിച്ചു് ശ്രീ. ആർ. രാജപ്പൻനായർ കുങ്കുമം വാരികയിലെഴുതിയ ലേഖനം ആ നിരൂപകന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ അനതിവിസ്തരമായി ആവിഷ്ക്കരിക്കുനു. ഭയങ്കരങ്ങളായ കുറ്റങ്ങൾ ബഹുജനശ്രദ്ധയെ ആകർഷിക്കുന്നു. വിശ്വവിഖ്യാതങ്ങളായ കലാസൃഷ്ടികൾ. രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച കലാകാരന്മാർ—ഇങ്ങനെയുള്ള വിഷയങ്ങൾ ആർക്കും വേണ്ട. ഒരു വാരികയിലും ഇത്തരം ലേഖനങ്ങളില്ല. ഇവയുടെ ഇല്ലായ്മ ഭയങ്കര കുറ്റമാണു്. എന്നിട്ടും ബഹുജനം അതിൽ ശ്രദ്ധിക്കുന്നില്ല.
തിരുവനന്തപുരത്തു് പണ്ടു് ‘ജഡ്ക’ എന്നുവിളിക്കുന്ന കുതിരവണ്ടികൾ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ അത്തരം വണ്ടികൾ കാണാനേയില്ല. എങ്കിലും ഇതാ ഒരെണ്ണം തെരുവിലൂടെ പോകുന്നു. റോഡിന്റെ രണ്ടുവശവും കാണാതിരിക്കാൻവേണ്ടി കുതിരയുടെ കണ്ണുകളുടെ രണ്ടുഭാഗത്തുമായി മറവുണ്ടാക്കിയിരിക്കുന്നു. ലയാത്മകമായി കുതിര ഓടുന്നുണ്ടു്. കഴിവുള്ള കവിയായ ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണി യുടെ ‘വിലയം’ എന്ന കവിതയെക്കുറിച്ചു് എഴുതാൻ തുടങ്ങുന്ന ഈ അവസരത്തിലാണു് ഈ അശ്വഗത (മാതൃഭൂമി) സംസ്കൃതഭാഷയിലെ എല്ലാ വാക്കുകളേയും ഒരേസമയം തന്നെ കാണാതിരിക്കാൻ വേണ്ടി ആരെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളുടെ ഓരോ വശത്തും ഓരോ മറവു് ഉണ്ടാക്കിയെങ്കിൽ എത്ര നന്നായിരുന്നേനെ. അശ്വധാവനത്തിനു് ലയമുണ്ടു്. അച്യുതനുണ്ണിയുടെ കവിതയിൽ അതുമില്ല. ശ്രീ. സുകുമാർ അണ്ടലൂരിന്റെ “കോളേജിൽ,” എന്ന കവിതയ്ക്കു് (മാതൃഭൂമി) കലയുടെ വിശുദ്ധിയില്ല. പ്രജ്ഞയുടെ ആധിപത്യത്തെ വകവച്ചുകൊടുക്കുന്ന കവിയാണു് ശ്രീ. മേലൂർ ദാമോദരൻ എന്നു് “മൃത്യോർമാ” തെളിയിക്കുന്നു (മാതൃഭൂമി). സൗന്ദര്യത്തിന്റെ ആധിപത്യത്തെ മാത്രമേ അനുവാചകർ വകവെച്ചുകൊടുക്കുന്നുള്ളുവെന്നു് നമ്മുടെ കവികൾ അറിയണം. ജനയുഗം വാരികയിൽ ‘കവിയും കച്ചവടക്കാരനും’ എന്ന കവിതയെഴുതിയ ശ്രീ. ടി. വി. ഗോപാലകൃഷ്ണന്റെ കവികർമ്മത്തെ കുറ്റം പറയാൻ എനിക്കു പേടിയുണ്ടു്. “നിരൂപണങ്ങളിലൂടെൻ കവിതകൾ നിന്ദിക്കുന്നൊരു ബഹുമാന്യ”നെ അദ്ദേഹം നിന്ദിക്കുന്നു. എന്നാലും സത്യം പറയട്ടെ. ഗോപാലകൃഷ്ണന്റെ ഹാസ്യകവിതയിൽ ഹാസ്യമില്ല. കവിതയ്ക്കു് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ‘മലയാളരാജ്യം’ ഈ പ്രാവശ്യം അതിനെ നിഷ്കാസനം ചെയ്തിട്ടു് ശ്രീ. പുതുശ്ശേരി രാമചന്ദ്രൻ പ്രകാശിപ്പിക്കുന്ന കണ്ണശ്ശരാമായണത്തിന്റെ ഒരു ഭാഗംകൊണ്ടു തൃപ്തിപ്പെട്ടിരിക്കുന്നു. ഭാവനയുടെയും സ്വപ്നത്തിന്റെയും മണ്ഡലത്തിൽ വിഹരിക്കുന്ന കവിതകൾ കിട്ടാനില്ലെങ്കിൽ കണ്ണശ്ശരാമായണം മാത്രംമതി. അതുകൊണ്ടു് “മലയാളരാജ്യ”ത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല.

ഇംഗ്ലീഷ് കവിയായ ബൈറണി നു ദിവസവും അനവധി പ്രേമലേഖനങ്ങൾ കിട്ടുമായിരുന്നു. അദ്ദേഹം അവയ്ക്കു മറുപടി അയച്ചിരുന്നില്ല. മഹാന്മാർ അങ്ങനെയാണു്, സൗന്ദര്യത്തെയാണു്—ആധ്യാത്മിക സൗന്ദര്യത്തെയാണു്—അവർ ഉപാസിക്കുക. അവർക്ക് പ്രേമലേഖനങ്ങൾക്കു മറുപടി എഴുതാൻ സമയമില്ല. നമ്മുടെ ‘ഛോട്ടാ’ കലാകാരന്മാർ തങ്ങൾക്കു കിട്ടുന്ന പ്രേമലേഖനങ്ങൾക്കു മറുപടി നല്കുന്നുവെന്നു മാത്രമല്ല അവ അയയ്ക്കുന്ന ബുദ്ധിശൂന്യകളായ പെൺകുട്ടികളെ എവിടെവച്ചു് കാണാൻ കഴിയും എന്നു് എഴുതിച്ചോദിക്കുകയും ചെയ്യുന്നു. ആധ്യാത്മികസൗന്ദര്യത്തിന്റെ ഉപാസന ഉദാത്തമായ പ്രക്രിയയാണു്. അതിൽ മുഴുകിയിരിക്കുന്നവർ നിരൂപണത്തെയോ വിമർശനത്തെയോ ഇഷ്ടപ്പെടുന്നില്ല. ഭയപ്പെടുന്നില്ല. ആരാധന എന്ന പ്രേമലേഖനം അവർക്കുവേണ്ട. നമ്മുടെ കലാകാരന്മാർ സൗന്ദര്യത്തെ ഉപാസിക്കുന്നവരായി ഭവിക്കട്ടെ. അപ്പോൾ പ്രജ്ഞാപരത്വം സാഹിത്യത്തിൽ നിന്നു് പലായനം ചെയ്യും. ദുർഗ്രഹത ഓടിയൊളിക്കും. വസന്തകാലത്തിലെ പ്രഭാതം പോലെ ജീവിതവും കലയും പ്രകാശപൂർണ്ണമാകും.