സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-07-26-ൽ പ്രസിദ്ധീകരിച്ചതു്)

images/ArthurSchnitzler1906.jpg
അർതർ ഷ്നിറ്റ്സ്ലർ

ആസ്റ്റ്രിയാക്കാരനായ അർതർ ഷ്നിറ്റ്സ്ലർ വിഷാദാത്മകനായ സാഹിത്യകാരനാണു്. ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തിട്ടുള്ള, അദ്ദേഹത്തിന്റെ എല്ലാക്കഥകളും ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. അവയിൽ ഏറ്റവും നന്നായി എനിക്കു തോന്നിയിട്ടുള്ളതു് “പൂക്കൾ” എന്ന കഥയാണു്. കഥ പറയുന്നയാളിന്റെ കാമുകി മരിച്ചു. അവളതാ ശവക്കല്ലറയിൽ കിടക്കുന്നു. ഇനിയുള്ള കാലമത്രയും—വസന്തത്തിലും ഹേമന്തത്തിലുമൊക്കെ—അവൾ അവിടെയുണ്ടാകും. അവൾ അയാളെ ചതിച്ചെങ്കിലും അയാളതു കണ്ടുപിടിച്ചെങ്കിലും എന്തൊരു സ്നേഹമായിരുന്നു അയാൾക്കു് അവളോടു് ! വിശാലങ്ങളും ശ്യാമങ്ങളുമായ ആലോചനകൾ, നിഷ്കളങ്കമായ മുഖം, അവ ഇപ്പോൾ വിവർണ്ണങ്ങളായിരിക്കും. നിശ്ചയിക്കപ്പെട്ട ഒരു ദിവസം അവൾ സ്നേഹത്തിന്റെ അടയാളമായി അയാൾക്കു പൂക്കളയച്ചുകൊടുക്കും. മരിക്കുന്നതിനു മുൻപു് അവൾ അയച്ചുകൊടുത്ത പൂക്കൾ വന്നെത്തിയിരിക്കുകയാണു്. നീലപ്പൂക്കൾ, ചുവന്ന പൂക്കൾ—അവയെല്ലാം സ്വർണ്ണനൂലുകൊണ്ടു് കെട്ടിയിരിക്കുന്നു. അയാൾ അവയെടുത്തു് പച്ചനിറമാർന്ന പുഷ്പഭാജനത്തിൽ വച്ചു. അവിടമാകെ അതു് സൗരഭ്യം വ്യാപിപ്പിക്കുന്നു. ആഴ്ച ഒന്നു കഴിഞ്ഞു. എന്നിട്ടും സൗരഭ്യത്തിനു് ഒരു കുറവുമില്ല. അയാളുടെ രണ്ടാമത്തെ കാമുകിയായ ഗ്രെറ്റൽ വരുന്നു; പോകുന്നു. അവൾ പോയിക്കഴിയുമ്പോൾ അയാളും പൂക്കളും മാത്രമായി. ദിനങ്ങൾ കഴിഞ്ഞു. പൂക്കൾ വാടിവീണു. ഇപ്പോൾ സൗരഭ്യമില്ല. വാടിക്കരിഞ്ഞ ഇതളുകളെ നോക്കി അയാൾ പൊട്ടിക്കരഞ്ഞു. പുഷ്പഭാജനത്തിൽ കുറെ ഉണക്കത്തണ്ടുകൾ മാത്രം; ജീവിതത്തോടു് ഏറ്റുമുട്ടുന്ന പ്രേതങ്ങൾ! അങ്ങനെയിരിക്കെ ഗ്രെറ്റൽ വന്നുചേർന്നു. ഒരു പുതിയ പൂച്ചെണ്ടുമായിട്ടാണു് അവളുടെ വരവു്. അവൾ ഉണങ്ങിയ തണ്ടുകളെടുത്തു് ദൂരെയെറിഞ്ഞു. അയാളുടെ ഹൃദയം പിടഞ്ഞു. അവയോടൊരുമിച്ചു് തെരുവിലേക്കു വീഴണമെന്നുതന്നെ അയാൾക്കു തോന്നി. പക്ഷേ, ഗ്രെറ്റൽ അവിടെ നില്ക്കുകയാണു്. അവൾ ആ വെളുത്ത പൂക്കളെടുത്തു് അയാളുടെ നേർക്കു കാണിച്ചു. നവസൗരഭ്യം; എന്തൊരു കുളിർമ്മ! എന്തൊരു മാർദ്ദവം! പുഞ്ചിരി പൊഴിക്കുന്ന, വെളുത്ത, സുന്ദരങ്ങളായ പൂക്കൾ. സായാഹ്നസഞ്ചാരം കഴിഞ്ഞു് അവർ തിരിച്ചെത്തി. ക്ഷീണിച്ച ഗ്രെറ്റൽ ഉറക്കമായി. അവൾ ഉറക്കത്തിൽ പുഞ്ചിരി പൊഴിക്കുകയാണു്. അങ്ങനെ നിദ്രാവേളയിൽ അവൾ മന്ദഹാസം പൊഴിക്കുമ്പോൾ അവൾക്കു് എന്തെന്നില്ലാത്ത സൗന്ദര്യമാണു്. അയാൾക്കു മുൻപിൽ ഹരിതാഭമായ പുഷ്പഭാജനത്തിൽ ധവളപ്രഭകലർന്ന പൂക്കൾ. അങ്ങു് തെരുവിലോ?—ഇല്ല, ഇല്ല. കാറ്റു് പൊടിയോടുകൂടി അവയെല്ലാം പറത്തിക്കൊണ്ടു പോയ്ക്കളഞ്ഞു… ജീവിതമെന്ന നാടകത്തെ ഏതാനും വാക്യങ്ങളിൽ ഒതുക്കിയിരിക്കയാണു് ഷ്നിറ്റ്സ്ലർ. പ്രേമത്തിന്റെ ക്ഷണികതയെക്കുറിച്ചു് ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചു് ഒരു പ്രതിഭാശാലിക്കുണ്ടായ അഭിവീക്ഷണമാണു് ഈ ചേതോഹരമായ കഥയെന്നു പറയാം. വഞ്ചനാത്മകമായ ജീവിതം നയിച്ച കാമുകിയുടെ സ്നേഹത്തിന്റെ സ്വഭാവം അവൾ നല്കുന്ന ചുവന്ന പൂക്കളുടെ നീലപ്പൂക്കളുടെ വർണ്ണത്തിൽ നിന്നു മനസ്സിലാക്കാം. രണ്ടാമത്തെ കാമുകിയുടെ സ്നേഹത്തിന്റെ നൈർമ്മല്യം വെളുത്ത പൂക്കളിൽനിന്നു് ഗ്രഹിക്കാം. അയാളുടെ ദുഃഖത്തിന്റെ അസ്ഥിരത്വം ചിത്രീകരിച്ചു് വികാരങ്ങളുടെ ക്ഷണികസ്വഭാവത്തെ കഥാകാരൻ സ്ഫുടീകരിക്കുന്നതു നോക്കൂ. ഇങ്ങനെ എത്ര പുറം വേണമെങ്കിലും ഈ കഥയെക്കുറിച്ചു് എഴുതാം. ഷ്നിറ്റ്സ്ലർ എന്ന കലാകാരന്റെ ആത്മാവുതന്നെ കലയായി രുപാന്തരം പ്രാപിച്ചിരിക്കുകയാണിവിടെ. ധ്വനിയാണു് സാഹിത്യമെന്ന തത്ത്വം പ്രകടീഭവിക്കുകയാണു് ഇവിടെ. ഇതിനെക്കുറിച്ചു് ഞാൻ ഇത്രയും പറയാൻ നിർബ്ബദ്ധനായതു് “ജനയുഗം” വാരികയിൽ (ജുലൈ 12) ശ്രീ. ആർ. പി. രമണൻ എഴുതിയ “ബന്ധങ്ങൾ” എന്ന കഥ വായിച്ചതുകൊണ്ടാണു്. രമണന്റെ കഥ എനിക്കിഷ്ടമായി. എങ്കിലും അനന്തങ്ങളായ അർത്ഥവിശേഷങ്ങൾ ഉത്പാദിപ്പിക്കുന്നതാണു് ഉത്തമമായ സാഹിത്യം എന്നു് അദ്ദേഹം അറിയേണ്ടിയിരിക്കുന്നുവെന്നു് എനിക്കു തോന്നി. സരിതയുടെ ഭർത്താവു മരിച്ചു. ജോലിസ്ഥലത്തു് അവൾക്കു കൂട്ടിനുവേണ്ടി ഭർത്താവിന്റെ അനുജൻ മോഹൻ വന്നു താമസിക്കുന്നു. സുന്ദരനായ യുവാവും സുന്ദരിയായ യുവതിയും. അവർ സ്നേഹിക്കുന്നു; കാമോത്സുകതയിൽ വിലയം കൊള്ളുന്നു. പറയാനുള്ളതു് ഭംഗിയായിത്തന്നെ പറഞ്ഞിട്ടുണ്ടു് രമണൻ. എന്നാലും ഷ്നിറ്റ്സ്ലറുടെ കഥവായിച്ച ഈ ലേഖകനു് രമണന്റെ കഥ സംതൃപ്തി ജനിപ്പിക്കുന്നില്ല. ജലാശയത്തിലേക്കു് എറിയുന്ന കല്ലു് കൊച്ചുകൊച്ചോളങ്ങളെ ഇടവിടാതെ ഉണ്ടാക്കുന്നില്ലേ? അതുപോലെ എന്റെ ഹൃദയത്തിൽ അർത്ഥവിശേഷങ്ങളുടെ അലകൾ ഉളവാക്കണം കലാസൃഷ്ടി.

images/JanNeruda.jpg
നെറൂദ

സാഹിത്യത്തിൽ നടക്കുന്ന ചോരണത്തെക്കുറിച്ചു ഞാൻ മുൻപൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഇപ്പോൾ അതു പറയാറില്ല. കാരണം, കഥാകാരന്മാർ അറിയാതെതന്നെ സാദൃശ്യങ്ങൾ സംഭവിക്കുമെന്നതാണു്. മനുഷ്യനു പ്രാഥമികവികാരങ്ങൾ രണ്ടേയുള്ളൂ: വിശപ്പും കാമവും, ഷോപ്പനറു ടെ അഭിപ്രായമാണിതു്. അതിനാൽ ആ വികാരങ്ങളെ അവലംബമാക്കി ആവിർഭവിക്കുന്ന സാഹിത്യകൃതികൾക്കു സാദൃശ്യങ്ങൾ വരും. അവ കണ്ടുകൊണ്ടു് ഒരാളിനെ കള്ളനെന്നു പറയുന്നതു ശരിയല്ല. എങ്കിലും ഒരു ചെക്കോസ്ളോവാക്യൻ ചെറുകഥയുടെ ചുരുക്കം ഞാൻ നൽകുന്നു. മാതൃഭൂമിവാരികയിൽ (ലക്കം 17) ശ്രീ. കെ. വി. ചന്ദ്രശേഖരൻ എഴുതിയ “മുഴുമിക്കാത്ത ചിത്രം” എന്ന ചെറുകഥയുടെ സംക്ഷേപവും നൽകുന്നു. വിധിനിർണ്ണയത്തിനു വായനക്കാരെ ക്ഷണിച്ചുകൊണ്ടു ഞാൻ മാറിനിൽക്കുന്നതേയുള്ളൂ. ഇനി കഥയുടെ സംഗ്രഹങ്ങൾ. നെറൂദ (1834–1891) എഴുതിയ Vampire—രക്തരക്ഷസ്സ്. വിനോദയാത്രയ്ക്കുള്ള കപ്പൽ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു് പ്രാൻക്പ്പോ ദ്വീപിലേയ്ക്കു കൊണ്ടുവന്ന യാത്രക്കാരുടെ കൂട്ടത്തിൽ ഒരു പോളിഷ് കുടുംബമുണ്ടായിരുന്നു. അച്ഛൻ, അമ്മ, മകൾ, മകളെ വിവാഹംകഴിക്കാൻ പോകുന്ന യുവാവു്. ഗ്രീസുകാരനായ ഒരു ചിത്രകാരൻ ആ കുടുംബവുമായി പരിചയപ്പെട്ടു. പോളിഷ് കുടുംബം ഒരു ഹോട്ടലിൽ താമസമായി. അവർ നേരംപോകുന്നതിനുവേണ്ടി ഒരു പൂന്തോപ്പിൽ ചെന്നിരുന്നു. അവർ ചെന്നതേയുള്ളൂ. അപ്പോഴേയ്ക്കും ചിത്രകാരൻ അവിടെയെത്തി. അല്പമകലെയായി പുറംതിരിഞ്ഞിരുന്നു ചിത്രംവരയ്ക്കാൻ തുടങ്ങി. അങ്ങനെ കുറേനേരമിരുന്നു വരച്ചതിനുശേഷം അയാൾ എഴുന്നേറ്റുപോയി. പ്രകൃതിഭംഗി ആസ്വദിക്കുകയായിരുന്നു പോളിഷ് കുടുംബം.

സന്ധ്യയായപ്പോൾ അവർ ഹോട്ടലിലേയ്ക്കു പോയി; വരാന്തയിൽ ഇരുന്നു. അപ്പോഴുണ്ടു് ഒരു ഭയങ്കര ബഹളം. ഹോട്ടലുടമസ്ഥനും ചിത്രകാരനുമായി സംഘട്ടനം. കാര്യമെന്തെന്നറിയാനായി യുവതിയുടെ കാമുകൻ ശണ്ഠനടക്കുന്ന സ്ഥലത്തേക്കു ചെന്നു. അയാൾ ഉടമസ്ഥനോടു ചോദിച്ചു: “ആരാണു ഇയാൾ? പേരെന്തു്?” ഉടമസ്ഥൻ മറുപടി നല്കി: “ആർക്കറിയാം ഇവന്റെ പേരു്? ഞങ്ങൾ ഇവനെ രക്തരക്ഷസ്സു് എന്നാണു് വിളിക്കുന്നതു്. നല്ല വ്യാപാരം! ഇവൻ ശവങ്ങളെ മാത്രമേ വരയ്ക്കാറുള്ളു. കോൺസ്റ്റാന്റിനോപ്പിളിലോ ഇവിടെ അടുത്തോ ആരെങ്കിലും മരിച്ചാൽ മതി, ഇവന്റെ കയ്യിൽ മരിച്ചയാളിന്റെ പടമുണ്ടു്. ഇവൻ നേരത്തെ വരയ്ക്കുകയാണു്, ഒരിക്കലും തെറ്റുപറ്റാറില്ല. കഴുകൻ.” പോളണ്ടുകാരിയായ സ്ത്രീ—അമ്മ—നിലവിളിച്ചു. മകൾ മോഹാലസ്യപ്പെട്ടു അവരുടെ കൈയിൽ കിടക്കുകയാണു്. യുവാവു ചിത്രകാരനെ പിടികൂടി. അവർ രണ്ടുപേരും മണലിൽ കിടന്നുരുണ്ടു. ചിത്രം ദൂരെ വീണു. അതിൽ പോളണ്ടുകാരിയായ ഒരു യുവതിയുടെ ചിത്രം വരച്ചിരിക്കുന്നു. അടഞ്ഞ കണ്ണുകൾ. അവളുടെ നെറ്റിത്തടത്തിലൂടെ ഒരു മാല്യം.

ശ്രീ. കെ. വി. ചന്ദ്രശേഖരന്റെ കഥയുടെ ചുരുക്കം:

രമേശൻ ചിത്രകാരനാണു്. അയാൾ ആനിയുടെ ചിത്രംവരയ്ക്കാൻ ശ്രമിച്ചു. പക്ഷേ, പ്രഗല്ഭനായ ആ ചിത്രകാരനു് അവളുടെ പടംവരയ്ക്കാൻ സാധിക്കുന്നില്ല. കണ്ണുകളിൽ പാടകെട്ടിയതുപോലെ ഒരു തോന്നൽ. വല്ലാത്ത ഭീതി. അപ്പോഴാണു് ഇരുപതുവർഷം മുൻപുണ്ടായ ഒരു സംഭവം അയാളുടെ ഓർമ്മയിലെത്തിയതു്. യാദൃച്ഛികമായ പരിചയപ്പെട്ട ശർമ്മിളയുടെ ചിത്രം വരയ്ക്കാൻ രമേശൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. അവളുടെ മുഖം വ്യക്തമായി കാണുന്നില്ല. അയാൾ ആ ശ്രമം ഉപേക്ഷിച്ചു. അന്നുരാത്രിതന്നെന്നുതോന്നുന്നു ശർമ്മിള മരിച്ചു. ശർമ്മിള മരിക്കാറയതുകൊണ്ടാണു രമേശനു് ചിത്രരചനാവേളയിൽ അസ്വസ്ഥതയുണ്ടായതു്.

രമേശൻ ഇതാ ഇപ്പോഴും സംശയാകുലനാകുന്നു. തനിക്കെന്താണു് ആനിയുടെ ചിത്രംവരയ്ക്കാൻ കഴിയാതെ പോയതു് ? എന്തോ? അയാൾ മദ്രാസിലേക്കു പോയി. ഒരാഴ്ചകഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ കേട്ട വാർത്ത അയാളെ ദുഃഖിപ്പിച്ചു. “അയാൾ മദ്രാസിലേക്കു പുറപ്പെട്ട അന്നുരാത്രി ആനി മരിച്ചു. യാതൊരസുഖവുമുണ്ടായിരുന്നില്ല.”

ശർമ്മിള ഉൾപ്പെട്ട ബംഗാളികുടുംബം ഭരത്പ്പൂരിലാണു് വന്നിറങ്ങുന്നതു്. നെറൂദയുടെ കഥയിലെ കുടുംബം പ്രിൻകിപ്പോദ്വീപിൽ വന്നിറങ്ങുന്നു. ബംഗാളികുടുംബത്തിൽ മൂന്നുപേർ. പോളിഷ് കുടുംബത്തിൽ നാലുപേർ. ബംഗാളികുടുംബം മുസാവരിബംഗ്ലാവിൽ താമസിക്കുന്നു. ബംഗ്ലാവിന്റെ ചുമതലക്കാരനായ അബ്ദുള്ള അവരെ സ്വീകരിക്കുന്നു.

പോളിഷ് കുടുംബം ഹോട്ടലിലാണു് താമസമുറപ്പിക്കുക. ഹോട്ടലുടമസ്ഥൻ അവരെ സഹായിക്കുന്നു. കഥാനായകന്മാർ രണ്ടുപേരും ചിത്രകാരന്മാർ. രണ്ടുപേരും മരിക്കാൻ പോകുന്ന യുവതികളുടെ പടം വരയ്ക്കുന്നു. ഒരു വ്യത്യാസമുണ്ടു്. രമേശൻ യോഗ്യൻ; ഗ്രീസുകാരൻ അയോഗ്യൻ—രക്തരക്ഷസ്സ്. ‘മുഴുമിക്കാത്ത ചിത്രം’ എന്ന കഥയിൽ കഥയുടെ സാരാംശങ്ങളോടു ബന്ധമില്ലാത്ത പല സംഭവങ്ങളുമുണ്ടു്. അവയെ വിട്ടുകളഞ്ഞിട്ടാണു് ഞാൻ ആ കഥയുടെ സംക്ഷേപം ഇവിടെ നല്കിയിട്ടുള്ളതു്. വിധിനിർണ്ണയം മാന്യവായനക്കാരുടെ കൃത്യമെന്നു വിനയപുരസ്സരം പറഞ്ഞുകൊണ്ടു് ഞാൻ അടുത്ത കഥയിലേക്കു കടക്കുന്നു.

images/Kakkanadan.jpg
കാക്കനാടൻ

എന്റെ വീട്ടിനടുത്തു് ഒരു ദേവീക്ഷേത്രമുണ്ടു്. അവിടെ നിന്നു് വിവാഹംകഴിഞ്ഞു വധുവും വരനും കൈകോർത്തുപിടിച്ചു പോകുന്നതു് ഞാൻ ഇന്നു കണ്ടു. ആ യുവതിയുടെ വിശാലവിലോചനങ്ങൾക്കു് എന്തൊരു തിളക്കം! അവളുടെ കവിൾത്തടങ്ങൾക്കു് എന്തൊരു ശോഭ! ക്ഷേത്രത്തിൽ നിന്നു തെരുവിലേക്കു ചെന്നപ്പോൾ എന്റെ നിരൂപണത്തിനു വിധേയനായ ഒരത്യന്താധുനികനെ കണ്ടു. ശത്രുത മറച്ചുവച്ച പുഞ്ചിരി. ‘എനിക്കതിനൊന്നുമില്ല’ എന്ന വ്യാജപ്രസ്താവം. അദ്ദേഹത്തോടു യാത്രപറഞ്ഞു നടന്നപ്പോൾ ഏഴുവയസ്സു പ്രായംവരുന്ന ഒരു കുട്ടിയെ ഒരു ‘നാല്പതുകാരൻ’ മർദ്ദിക്കുന്നു. എത്രകാലമായി ഞാനിതൊക്കെ കാണുകയാണു്? ഇവിടെ എന്തു നവീനതയിരിക്കുന്നു? അതുകൊണ്ടു ‘ചൂഷണം’ എന്ന വിഷയത്തെ ആസ്പദമാക്കി—ചിരപരിചിതമായ വിഷയം അവലംബമാക്കി—ശ്രീ. രത്നാകരൻ കുങ്കുമം വാരികയിൽ ഒരു ചെറുകഥയെഴുതിരിക്കുന്നതു് എനിക്കു് അത്ഭുതമുളവാക്കിയില്ല. കടുവയുടെ വേഷം കെട്ടുന്ന കാസിമിനു കിട്ടുന്ന പണത്തിന്റെ നല്ലപങ്കു് അപഹരിക്കുന്നു അസനാരുമൂപ്പൻ. ഗത്യന്തരമില്ലാതെവന്നപ്പോൾ കാസിം അയാളെ കടിച്ചുകുടഞ്ഞു മേലോട്ടെറിഞ്ഞു; കൂട്ടുകാരനായ ബാച്ചാക്കടുവ മുട്ടനാടിനെ കടിച്ചെടുത്തു് മേലോട്ടെറിയുന്നതുപോലെ. അസനാരുമൂപ്പൻ ചോരയൊലിക്കുന്ന കഴുത്തുമായി നിലത്തുകിടന്നുരുണ്ടു. “യസീദിന്റെ ചോര” എന്ന ഈ കഥയിൽപ്രചാരണാംശം കലയുടെ ചട്ടക്കൂടിലൊതുങ്ങിയിരിക്കുന്നു. ചടുലതയുള്ള ആഖ്യാനം അതിനു രാമണീയകം നൽകുന്നു. ശ്രീ. കാക്കനാടി ന്റെ “തലമുറകളുടെ ശബ്ദം” (മലയാളനാടു്-ലക്കം 8) ഭാവാത്മകസൗന്ദര്യം ആവഹിക്കുന്നു. ജീവചൈതന്യം—സർഗ്ഗാത്മകശക്തി—അതിനു സ്ത്രീരൂപം നല്കി ഒരു കഥയെഴുതിയിരിക്കുന്നു കാക്കനാടൻ. ശ്രീ. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി യുടെ “മൂന്നു കഥകളി”ൽ പരിഹാസം മുറ്റിനില്ക്കുകയാണു്. വായനക്കാരന്റെ ചുണ്ടുകളിൽ മന്ദഹാസമങ്കുരിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ടു് കൃഷ്ണൻകുട്ടിക്കു്. പതിവായി പ്രമാണങ്ങളിൽ സാക്ഷിയായി ഒപ്പിട്ടു് അമ്പതുപൈസ വീതം സമ്പാദിക്കുന്ന ഒരു വൃദ്ധനെ ശ്രീ. ഏ. ജയകുമാർ “പഴയതു്, പുതിയതു്” എന്ന ചെറുകഥയിൽ അവതരിപ്പിക്കുന്നു. ഒരു ചെറുപ്പക്കാരൻ ആസ്ഥാനത്തേക്കു കടന്നുവരുമ്പോൾ വൃദ്ധൻ തകർന്നടിയുന്നു. വൃദ്ധന്റെ നേർക്കു സഹതാപത്തിന്റെ നീരുറവയൊഴുക്കാൻ അനുവാചകനെ പ്രേരിപ്പിക്കത്തക്കവിധത്തിൽ ശക്തമായിട്ടില്ല ഈ കഥ.

കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിൽ ഞാനിരിക്കുകയാണു്. അല്പമകലെയുള്ള ഒരു സീറ്റിൽ സുന്ദരനായ യുവാവു്. മയ്യനാട്ടു തീവണ്ടിയാപ്പീസിൽ ട്രെയിൻ നിന്നപ്പോൾ ഒരു യാചകൻ അതിൽ കയറി. യുവാവിന്റെ അടുത്തുചെന്നു് അയാൾ ഭിക്ഷ യാചിച്ചു. ‘പോടോ’ എന്നായിരുന്നു യുവാവിന്റെ ആക്രോശം. അടുത്ത സ്റ്റേഷനിൽനിന്നു സുന്ദരിയായ ഒരു യുവതി ഞങ്ങളുടെ “കംപാർട്ടുമെന്റി”ൽ കയറി. അവൾ ചെന്നിരുന്നതു യുവാവിനു നേരെ എതിരേയുള്ള സീറ്റിലാണു്. പലരോടും യാചിച്ചിട്ടു യാചകൻ വീണ്ടും യുവാവിനെ സമീപിച്ചു കൈനീട്ടി. പൊടുന്നനവേ 25 പൈസയുടെ നാണയം അയാളുടെ കൈയിൽ വീണു. ഞാൻ വിചാരിച്ചു, യുവതിയുടെ സൗന്ദര്യം അപ്പോഴുള്ളതിന്റെ ഇരട്ടിയായിരുന്നെങ്കിൽ യാചകന്റെ കൈയിൽ വീഴുന്നതു് 50 പൈസയുടെ നാണയമായിരുന്നേനെയെന്നു്. കീർത്തി എന്ന കാമുകിയുടെ സന്തോഷത്തിനുവേണ്ടി അവളെ രസിപ്പിക്കാൻവേണ്ടി നമ്മുടെ പല കഥാകാരന്മാരും വാക്കുകളാകുന്ന നാണയങ്ങളെടുത്തു് എറിയുന്നു. നിർവ്യാജമനഃസ്ഥിതി ഒട്ടും തന്നെയില്ല. എങ്കിലും സഹതാപപ്രകടനം.

ഭാഗ്യം! സാഹിത്യത്തെസ്സംബന്ധിക്കുന്ന ഒരു ലേഖനം “മാതൃഭൂമി” ആഴ്ചപ്പതിപ്പിൽ പരസ്യം ചെയ്തിരിക്കുന്നു. സകലവാരികകൾക്കും ശാസ്ത്രത്തിലാണു കൗതുകം. അങ്ങനെയിരിക്കെയാണു് ഈ ലേഖനത്തിന്റെ ആവിർഭാവം. അതെഴുതിയ ശ്രീ. ടി. ആർ. ശ്രീനിവാസിനും അതു പരസ്യപ്പെടുത്തിയ മാതൃഭൂമി പത്രാധിപർക്കും നമുക്കു നന്ദിപറയാം. ശ്രീ. ജി. ശങ്കരക്കുറുപ്പു്, ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ, ശ്രീ. എൻ. വി. കൃഷ്ണവാര്യർ എന്നിവരെ നൂതനകവിത്രയമായി സങ്കല്പിച്ചുകൊണ്ടു ശ്രീനിവാസ് എഴുതിയ ആ ലേഖനം ചില നൂതനാഭിപ്രായങ്ങൾക്കു് ആവിഷ്ക്കാരം നല്കുന്നു. “ഭാവനയിലെ വൈകാരികസത്തയെ ആവാഹിക്കുന്ന കവിത. റോമാന്റിക്കും വൈചാരികമൂല്യത്തെ ഗർഭം ധരിക്കുന്ന കവിത റീയലിസ്റ്റിക്കുമായിരിക്കും” എന്നാണു ലേഖകന്റെ പക്ഷം. ഈ ലേഖകൻ അതിനോടു യോജിക്കുന്നില്ല. കവിതയുടെ മാർഗ്ഗം റൊമാന്റിസിസത്തിന്റേതല്ല, റീയലിസത്തിന്റേതുമല്ല. രണ്ടിനും ഇടയ്ക്ക് ഒരു പാതയുണ്ടു്. അവിടെച്ചെന്നു നില്ക്കുന്നവനാണു കവി. അതിരുകടന്ന റൊമാന്റിസിസം രോഗമാണു്; റീയലിസം കലയുമല്ല. കാര്യമിതാണെങ്കിലും ശ്രീനിവാസിന്റെ ലേഖനത്തിനു രൂപശില്പത്തിന്റെ തികവുണ്ടു്. നാം അദ്ദേഹത്തോടു യോജിക്കാതെതന്നെ ലേഖനം മുഴുവൻ വായിക്കും. ‘മലയാളനാട്ടി’ലെ “രണ്ടാം ലോകമഹായുദ്ധത്തിലെ തുറക്കാത്ത അധ്യായങ്ങൾ” എന്ന ലേഖനപരമ്പര (ആർതർ വീവറിന്റേതു്) ശ്രദ്ധാർഹമായിരിക്കുന്നു. ശ്രീ. മംഗലശ്ശേരിയാണു പരിഭാഷകൻ. കൊച്ചുകൊച്ചു വാക്യങ്ങളിലുള്ള ആ തർജ്ജമ നന്നായിരിക്കുന്നു. അതു വിഷയത്തിന്റെ സ്വഭാവത്തിനു് അനുരൂപമാണു് ഡോക്ടർ കെ. ഭാസ്ക്കരൻനായരുടെ ‘പ്രാചീനസങ്കല്പങ്ങൾ’ എന്ന ലേഖനം പ്രപഞ്ചത്തെപ്പറ്റിയുള്ള സങ്കല്പങ്ങളെ ശാലീനവും ലളിതവും ആയ ഭാഷയിൽ ആവിഷ്ക്കരിക്കുന്നു. ലേഖകന്റെ തെളിഞ്ഞ ബുദ്ധിയും അസങ്കീർണ്ണമായ അപഗ്രഥനപാടവവും ഇതിൽ ദൃശ്യമാണു്. കുങ്കുമം വാരികയിൽ “ജീവിതം ക്ഷണികം എങ്കിലും അമൂല്യം” എന്നൊരു ലേഖനമുണ്ടു്. ശ്രീ. ബെൻ ബി. വിളയിൽ ആണു് ഇതെഴുതിയതു്. വളരെ വിശേഷമായിരിക്കുന്നു ഈ “ലേഖനം.” ഒരു ഗദ്യവാക്യം പിന്നീടു നാലുവരിക്കവിത; പിന്നീടു് ഒരു വാക്യമോ വാക്കോ; തുടർന്നു രണ്ടുവരിക്കവിത. ഇങ്ങനെ കുങ്കുമം വാരികയുടെ രണ്ടുപേജ് മിനക്കെടുത്തിയിരിക്കുന്നു. മാവു് തേങ്ങ, മാവു് തേങ്ങ എന്ന മട്ടിൽ പിട്ടു് എന്നൊരു പലഹാരമുണ്ടല്ലോ. ബെൻ ബി. വിളയിലിന്റെ ലേഖനം ലേഖനമല്ല; അതു പിട്ടാണു്.

ശ്രീ. വി. കെ. എന്നി ന്റേയും തിക്കോടിയന്റെ യും നോവലുകളുടെ മൂല്യം നിർണ്ണയിക്കുന്നു ശ്രീ. എം. ആർ. ചന്ദ്രശേഖരൻ (മാതൃഭൂമി). ശ്രീ. നീലംപേരൂർ മധുസൂദനൻ നായരു ടെയും ശ്രീ. പാപ്പനംകൊട്ടു പ്രഭാകരന്റെയും കാവ്യങ്ങളുടെ രാമണീയകം വ്യക്തമാക്കുന്നു ശ്രീ. പട്ടം ജി. രാമചന്ദ്രൻ നായർ (മലയാളരാജ്യം).

ഈ ലോകമിത്ര ദുഷിച്ചതെന്തു് എന്നു് എന്നോടു ചോദിച്ചാൽ ദുഷ്കവികളുടെ കവികർമ്മം കൊണ്ടു് എന്നായിരിക്കും എന്റെ ഉത്തരം. ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ വള്ളത്തോളി ന്റേയോ ചങ്ങമ്പുഴ യുടേയോ ഇടപ്പള്ളി രാഘവൻ പിള്ള യുടേയോ കവിത മാതൃഭൂമിയിലോ മലയാളരാജ്യത്തിലോ വന്നുകഴിഞ്ഞാൽ അതൊരു വലിയ സംഭവമായി പരിഗണിക്കപ്പെട്ടിരുന്നു. ആ കവിത വായിക്കുന്നതു മനസ്സിനു സുഖമായിരുന്നു. ആ ആഹ്ലാദം വളരെ ദിവസം നീണ്ടുനില്ക്കുമായിരുന്നു, ആ മാനസികാഹ്ലാദം നിത്യജീവിതത്തെപ്പോലും സുഖപ്രദമാക്കിയിരുന്നു എന്നതു സത്യമാണു്. ഇന്നു് അതല്ല സ്ഥിതി. ഞാനും എന്നെപ്പോലെ ചിലരും പേടിച്ചാണു വാരികകൾ തുറക്കുന്നതു്. അയ്യപ്പപ്പണിക്കരു ടെയോ കാക്കാടി ന്റെയോ കവിതയുണ്ടായിരിക്കുമോ എന്നാണു ഭയം. ആ കവിത വായിച്ചെന്നിരിക്കട്ടെ. അന്നു മുഴുവൻ തലവേദനയായിരിക്കും. ചിലപ്പോൾ പഴയ രീതിയിൽ കവിതയെഴുതുന്നവരും ഇങ്ങനെ നമ്മെ ഉപദ്രവിക്കാറുണ്ടു്. ഈ ആഴ്ചയിലെ കുങ്കുമം വാരിക നോക്കുക. ശ്രീ. രാജൻ ചിന്നങ്ങത്തിന്റെ “നീ മാത്രമില്ല!” എന്ന കവിത വായിക്കുക. ചില വരികൾ ഇതാ:

“കരിമഷിയെഴുതിയ കൺകൾ നിറഞ്ഞു

കവിളിലെ കുങ്കുമപ്പൂക്കൾ കൊഴിഞ്ഞു

കരളിൽ ഞാനാരുമോരാതെ സൂക്ഷിച്ച

കനവുകളൊക്കയും വാടിക്കരിഞ്ഞു.”

ഇതു് കവിതയോ? അതോ കാവ്യാംഗനയെ നോക്കിയുള്ള ഗോഷ്ടികാണിക്കലോ? ഇതു് വായിച്ചുകഴിഞ്ഞതിനു ശേഷം ശ്രീ. നാലാങ്കൽ കൃഷ്ണപിള്ള യുടെ ‘പിന്നിട്ട പാതകൾ’ (മാതൃഭൂമി) വായിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി.

“ഞങ്ങൾതൻ പ്രേമസങ്കല്പ

നീലകുജ്ഞങ്ങൾ തോറുമേ

സമ്മുഗ്ദ്ധമുരളീഗാന-

മായി നൃത്തം നടത്തി”

images/PulakattRaveendran.jpg
പുലാക്കാട്ടു് രവീന്ദ്രൻ

പോകുന്ന ഗോവിന്ദനെ ശ്രീ. പുലാക്കാട്ടു് രവീന്ദ്രൻ അവതരിപ്പിച്ചപ്പോഴും അതേ ആശ്വാസം നിലനിന്നു. കുട്ടികൾക്കു വേണ്ടി ശ്രീ. ജനാർദ്ദനം പുരുഷോത്തമൻ എഴുതിയ “രോമാഞ്ച”വും (ബാലയുഗം) ആ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയില്ല. ബാലയുഗത്തിന്റെ ആറാംപേജു നോക്കൂ. സുന്ദരിയായ ശാരദ ഒരു കൊച്ചുപെൺകുട്ടിയെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം കാണാം. ചുറ്റുമുള്ള കുട്ടികൾ സന്തോഷത്തോടെ നില്ക്കുന്നു. ശാരദ ചിരിക്കുന്നു, ആ കൊച്ചുകുട്ടി ചിരിക്കുന്നു, എല്ലാ ബാലന്മാരും ബാലികമാരും ചിരിക്കുന്നു. ആഹ്ലാദത്തിന്റെ അന്തരീക്ഷം, സ്നേഹത്തിന്റെ അന്തരീക്ഷം. സാഹിത്യവും ഇങ്ങനെയായിരുന്നെങ്കിൽ! രക്തരക്ഷസ്സുകൾ അവിടെ കടക്കാതിരുന്നെങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-07-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 19, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.