സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-08-02-ൽ പ്രസിദ്ധീകരിച്ചതു്)

“മാഡം, നിങ്ങൾ വേശ്യയാണു്.”
images/ShobhanaSamarth1942.jpg
ശോഭനാ സമർഥ്

ശോഭനാ സമർഥ് എന്ന പ്രശസ്തയായ “ചലനചിത്രതാരം” സീതാദേവിയായി അഭിനയിച്ച ഒരു സിനിമ ഞാൻ കണ്ടിട്ടുണ്ടു്. സുന്ദരിയായ ശോഭന കനം കുറഞ്ഞ മുഖാവരണമണിഞ്ഞു് തിളങ്ങുന്ന കണ്ണുകളുമായി കഥയിലെ ആത്മനാഥന്റെ മുൻപിൽ നിന്നതു ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു. ശ്രീരാമന്റെ വേഷം ധരിച്ച അഭിനേതാവിന്റെ പേരുപോലും ഞാൻ മറന്നുപോയി. പക്ഷേ, ശോഭനയെ മറന്നിട്ടില്ല. ചില വ്യക്തികൾ നമ്മുടെ ഹൃദയദർപ്പണത്തിൽ നിന്നു മായുകില്ലല്ലോ. ഇതിനു കാരണമെന്താവാം? ശോഭനയുടെ സൗന്ദര്യമാണോ? അതേയെന്നു പറയാൻവയ്യ. ദേവികാറാണി അവരെക്കാൾ അന്നു സുന്ദരിയായിരുന്നു. ഇംഗ്ലീഷിൽ Charm എന്നു പറയുന്ന ആകർഷകത്വം ആ രണ്ടു് അഭിനേത്രികളെക്കാൾ കണ്ണൻ ദേവി ക്കുണ്ടായിരുന്നുവെന്നു് ആരും സമ്മതിക്കും. എങ്കിലും ശോഭന വിസ്മരിക്കപ്പെടുന്നില്ല. ഇതിന്റെ ഹേതു വ്യക്തമാക്കുമ്പോൾ പലരും എന്നോടു യോജിച്ചില്ലെന്നു വരും. ശോഭനാ സമർഥ് നേരിയ ഒരു മുഖാവരണം ധരിച്ചിരുന്നുവെന്നു ഞാൻ പറഞ്ഞല്ലോ. അതിലൂടെ കാണപ്പെട്ട അവരുടെ മുഖത്തിനു കൂടുതൽ ആകർഷകത്വമുണ്ടായിരുന്നു എന്നതാണു് സത്യം. മൂടൽമഞ്ഞിലൂടെ ദർശനീയമാകുന്ന ചന്ദ്രക്കലയ്ക്കു സൗന്ദര്യം കൂടും. ജലംനിറഞ്ഞ സ്ഫടികഭാജനത്തിൽ ചലിച്ചു കൊണ്ടിരിക്കുന്ന സ്വർണ്ണമത്സ്യത്തിനു് ഭംഗിക്കൂടും. സൗന്ദര്യത്തിന്റെ ആവരണമണിഞ്ഞ സത്യം രമണീയമാണു്. ഷെല്ലി യുടെയും നിസാമി യുടെയും ചങ്ങമ്പുഴ യുടെയും കവിത ആ വിധത്തിലാണു് അനുവാചകനെ രസിപ്പിക്കുന്നതു്. സൗന്ദര്യത്തിന്റെ മൂടുപടമെടുക്കൂ, സത്യം അനാകർഷകമാകും. ശ്രീ. പി. നാരായണക്കുറുപ്പി ന്റെ “സത്യവും മിഥ്യയും” ശ്രീ. കെ. രവീന്ദ്രനാഥന്റെ “രക്തബിന്ദു” എന്നീ കവിതകൾ (മാതൃഭൂമി-ലക്കം 18) ആ വിധത്തിലാണു് സഹൃദയനു് ഉദ്വേഗം ജനിപ്പിക്കുന്നതു്. രണ്ടുപേരും ചാരുതയുടെ ആവരണം ദൂരെയെറിഞ്ഞിരിക്കുന്നു. അപ്പോൾ കാണുന്ന സത്യത്തിന്റെ മുഖമോ? സത്യമെന്നുതന്നെ അതിനെ വിളിക്കാൻ പ്രയാസം. ദുർഗ്രഹങ്ങളായ കുറെ ചിന്തകൾ സത്യമാകുന്നതെങ്ങനെ? കവിക്കു സത്യത്തെക്കുറിച്ചുണ്ടായ അവബോധത്തിലേക്കു് അനുവാചകനെക്കൂടി പങ്കുകൊള്ളിക്കാൻ ഉചിതങ്ങളായ വാക്കുകൾ അദ്ദേഹം പ്രയോഗിക്കുന്ന പ്രക്രിയയാണു് കാവ്യനിർമ്മിതിയിൽ ഏറ്റവും പ്രധാനമെന്നു അറിവുള്ളവർ അഭിപ്രായപ്പെടുന്നു. പക്ഷേ, നാരായണക്കുറുപ്പിന്റെയും രവീന്ദ്രനാഥന്റെയും പദങ്ങൾ അവരുടെ സത്യാവബോധത്തിലേക്കു അനുവാചകനെ നയിക്കുന്നില്ല.

ഞാനറിഞ്ഞേൻ നിന്റെ കാപട്യം;- സുര

ദാരുവാകിലു, മരിയപിച്ചക

മാകിലും, നവപാരിജാത

മയൂര പിഞ്ഛികയാകിലും

മണ്ണുമൂടിക്കണ്ണടച്ച

കുശാഗ്രമാം തായ്വേരു മന്ദ-

മമർന്നു, കുതുകമൊടിരുളിലാഴ്‌ന്നു

വിരഞ്ഞു, ഗൂഢമെടുത്തുമൊത്തുവ-

തന്ധകാരം നാറുമോടയ:-

ലടിയുമിത്തെരുവിന്റെ മാലിന്യം!

ശ്രീ. നാരായണക്കുറുപ്പിന്റെ “സത്യവും മിഥ്യയും” ആരംഭിക്കുന്നതിങ്ങനെയാണു്. കർക്കശതയും അസംസ്കൃതത്വവും ഈ വരികളുടെ മുദ്രകളാണു്. യഥാർത്ഥമായ കവിത മൃദുലവും ശാലീനവുമാണു്. ഇമ്മാതിരി ദുഷ്കാവ്യങ്ങൾ അനുവാചകനെ മുള്ളുവച്ച ലാത്തികൊണ്ടു് അടിക്കുന്നു. യഥാർത്ഥമായ കവിത കോമളമായ ശരീരത്തിന്റെ സ്പർശംകൊണ്ടു അനുവാചകനെ ആഹ്ലാദിപ്പിക്കുന്നു. ശ്രീ. നാരായണക്കുറുപ്പിന്റെയും ശ്രീ. രവീന്ദ്രനാഥന്റെയും കവിതകൾക്കു ശേഷം ശ്രീ. ഈശ്വരവാരിയരു ടെ നർമ്മഭാസുരമായ “മായാത്ത ചിത്രങ്ങൾ” കൂടി വാരികയിൽ ചേർത്തതു നന്നായി. അത്യന്താധുനികത വരുത്തുന്ന തലവേദന ഇല്ലാതെയാക്കാനുള്ള ‘അനാസിൻ’ ഗുളികയാണതു്. കറുത്ത വസ്ത്രംകൊണ്ടു മൂടിപ്പൊതിഞ്ഞ ഒരു സ്ത്രീരൂപത്തെക്കണ്ടതിനുശേഷം വെണ്മയുള്ള വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന ഒരു സുന്ദരിയെക്കണ്ടുകഴിഞ്ഞാലുണ്ടാകുന്ന ആഹ്ലാദം ഈശ്വരവാരിയരുടെ കവിത സംജാതമാക്കുന്നു. ആ ആഹ്ലാദം പോകാതിരിക്കണമെന്നുണ്ടെങ്കിൽ മലയാളരാജ്യം ചിത്രവാരികയിൽ (ലക്കം 3) ശ്രീ. മുതുകുളം ഗംഗാധരൻപിള്ള എഴുതിയ “മെഡിക്കൽ കോളേജിൽ” എന്ന കവിത വായിക്കാതിരിക്കണം. ദർഭമുന കാലിൽ കൊണ്ടുവെന്നു് നടിച്ചു, വല്ക്കലാഞ്ചലം ഇലച്ചാർത്തിൽ ഉടക്കിയെന്നു ഭാവിച്ചു ദുഷ്യന്തനെ സാകൂതം തിരിഞ്ഞുനോക്കി നില്ക്കുന്ന ശകുന്തളയുടെ ചിത്രം—രവിവർമ്മ വരച്ചതു—വായനക്കാർ കണ്ടിരിക്കുമല്ലോ. അവളുടെ കണ്ണുകൾ നോക്കൂ. അനുരാഗപാരവശ്യം മുഴുവൻ അവിടെക്കാണാം. ശകുന്തള കാമുകനെ നോക്കുന്നതുപോലെ കവി ജീവിതത്തിൽ മനസ്സുടക്കി മോഹനസ്വപ്നങ്ങളെ തിരിഞ്ഞുനോക്കുകയാണു്. ആ വീക്ഷണത്തെയാണു് കവിതയെന്നു വിളിക്കുന്നതു്. ഗംഗാധരൻപിള്ളയുടെ കവിത അതിൽ നിന്നു ആയിരം കാതം അകന്നുനില്ക്കുന്നു. മൂടുപടം ധരിച്ചു് ലജ്ജാവതിയായി നിന്ന ശോഭനേ! മുഖം തിരിച്ചു് ഉത്കണ്ഠാകുലയായി കാമുകനെ നോക്കിയ ശകുന്തളേ! നിങ്ങൾ രണ്ടുപേരും ഞങ്ങൾക്കു കാവ്യതത്ത്വങ്ങൾ പഠിപ്പിച്ചു തരുന്നു. ഞങ്ങളുടെ കൃതജ്ഞത.

images/ManuelSathyaneshan.jpg
സത്യൻ

നാടകങ്ങൾ നമുക്കെല്ലാം ഇഷ്ടമാണു്. ഞാൻ ഉദ്ദേശിക്കുന്നതു് ആകാശവാണിയിലൂടെ നമ്മുടെ കാതിലെത്തുന്ന വാക്കുകൾ മാത്രമായ നാടകങ്ങളല്ല. വല്ല സായ്പ്പന്മാരുടെയും ചുവടുപിടിച്ചു് രചിക്കപ്പെടുന്ന ആധുനിക നാടകങ്ങളുമല്ല. ജീവിതനാടകങ്ങൾ. അവ ജനിപ്പിക്കുന്ന രസമെവിടെ? പ്രശസ്തരായ വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻ നായർ, നാണുനായർ എന്നിവരെ ബഹുജനം എങ്ങനെ ബഹുമാനിച്ചുവെന്നു്, അതെങ്ങനെ ഒരു ജീവിതനാടകത്തിന്റെ രാമണീയകം ആവഹിച്ചുവെന്നു്, അനുഗൃഹീത സാഹിത്യകാരനായ ശ്രീ. എം.ആർ.ബി. വ്യക്തമാക്കുന്നു (മാതൃഭൂമി-ലക്കം 18). അദ്ദേഹത്തിന്റെ ‘തുടുത്ത സായാഹ്നം,’ എന്ന ലേഖനം സുന്ദരമാണു്. കഥകളിയുടെ ആരാധകനല്ലാത്ത ഞാൻ എഴുത്തുകാരനായ എം.ആർ.ബിയുടെ ആരാധകനായി നില്ക്കുന്നു. ജീവിതനാടകങ്ങളുടെ മേന്മയെക്കുറിച്ചു് പറഞ്ഞ ഞാൻ ചലനചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെടുന്ന ജീവിതനാടകങ്ങളെ അവഗണിച്ചില്ല. ആ നാടകങ്ങളിലെ പ്രധാന നായകനെക്കുറിച്ചു്—ശ്രീ. വി.ബി.സി. നായരു ടെ ഭാഷയിൽ പറഞ്ഞാൽ “എന്നും പതിനാറുവയസ്സുള്ള നടനെക്കുറിച്ചു്—ശ്രീ. സത്യനെ ക്കുറിച്ചു് “മലയാളനാട്ടി”ൽ (ലക്കം 9) ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. നമുക്കെല്ലാവർക്കും അഭിനേതാവായ സത്യനെ സ്നേഹമാണു, ബഹുമാനമാണു. അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം കൊണ്ടു മാത്രമല്ല നാം അദ്ദേഹത്തെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും. വൈരൂപ്യം മാത്രം ദർശിക്കാൻ കഴിയുന്ന ഒരു ജീവിതമാർഗ്ഗത്തിൽ നിന്നു് ഔദ്യോഗികജീവിതത്തിൽനിന്നു്—സൗന്ദര്യം മാത്രം ദർശിക്കാൻ കഴിയുന്ന ഒരു ജീവിതപഥത്തിലേക്കുവന്ന സൗന്ദര്യാരാധകനാണു സത്യൻ. അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലേക്കു്, കലാസങ്കല്പങ്ങളിലേക്കു്, ഒരു കൈത്തിരി കാണിക്കുന്നു വി.ബി.സി. നായർ.

“അദ്ദേഹം ചിരിക്കുമ്പോൾ വസന്തമില്ലാതെ പുഷ്പങ്ങൾ പൊട്ടിവിടരുന്നു. കണ്ണട എടുത്തു തുടച്ചു വർത്തമാനം പറയുമ്പോൾ പ്രപഞ്ചനൈർമ്മല്യത്തിന്റെ ഏകാന്തദീപ്തി എല്ലാവർക്കും അനുഭവപ്പെടുന്നു.”
images/Cachuthamenon.jpg
സി. അച്യുതമേനോൻ

ശ്രീ. സി. അച്യുതമേനോനെ ക്കുറിച്ചു് ശ്രീ. കെ. ബാലകൃഷ്ണനെ ഴുതിയ ലേഖനത്തിലെ രണ്ടു വാക്യങ്ങളാണു ഞാൻ മുകളിൽ ഉദ്ധരിച്ചതു്. ബാലകൃഷ്ണന്റെ ശൈലിയുടെ ദീപ്തിക്കു് ഈ രണ്ടു വാക്യങ്ങൾ മതി നിദർശകമാകാൻ. ശ്രീ. അച്യുതമേനോന്റെ സ്വഭാവ നൈർമ്മല്യവും അവയിൽ പ്രതിഫലിക്കുന്നു. മഹാനായ ഒരു നേതാവിന്റെ ഒരു പ്രതിഭാശാലി എങ്ങിനെ കാണുന്നു എന്നു മനസ്സിലാക്കണമെങ്കിൽ “മലയാളനാട്ടി”ലെ ഈ ലേഖനം വായിക്കണം.

വിക്തർ യുഗോ യുടെ “ലെമിസ്റാബിള് ” എന്ന നോവലിൽ സ്വന്തം കളിപ്പാട്ടങ്ങൾ മറ്റു കുട്ടികൾക്കു കളിക്കാനായി കൊടുക്കുന്ന ഒരു കുട്ടിയെ അവതരിപ്പിച്ചിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ആ ഓർമ്മ ശരിയല്ലെങ്കിലും കുഴപ്പമില്ല. അങ്ങനെയുള്ള കുട്ടികളുണ്ടു്. അച്ഛനമ്മമാർ വാങ്ങിക്കൊടുക്കുന്ന ക്രീഡാവസ്തുക്കൾ മറ്റുള്ള കുട്ടികൾക്കു കൊടുത്തിട്ടു മിണ്ടാതിരിക്കുന്ന ബാലന്മാരും ബാലികമാരും ധാരാളം. അവർ അവ തിരിച്ചു കൊടുത്തില്ലെങ്കിലും പരാതിയില്ല. ശ്രീ. ടി. എൽ. ജോൺസ് അങ്ങനെയൊരു ക്രീഡാവസ്തു നമ്മുടെ നേർക്കെറിഞ്ഞിട്ടു നിശബ്ദത പാലിച്ചു നില്ക്കുന്നു. “നത്തൂലയിലെ പീരങ്കികൾ” എന്ന ചെറുകഥയെ ലക്ഷ്യമാക്കിയാണു ഞാനിതു പറയുക. സ്വയം രസിക്കാതെ, വായനക്കാരെ രസിപ്പിക്കാതെ, അദ്ദേഹം ഒരു പട്ടാളക്കാരന്റെ കഥ പറയുന്നു. ജോൺസിനു കഥയെഴുതാൻ അറിഞ്ഞുകൂടെന്നു ഞാൻ അഭിപ്രായപ്പെട്ടാൽ അതു് അസത്യമായിരിക്കും. ജോൺസ് കഥാകാരനാണു്; നല്ല കഥാകാരനാണു്. പക്ഷേ, “മലയാളനാട്ടി”ലെ ഈ ചെറുകഥ വിരസം. അതാ! വൈയാകരണൻ എത്തിനോക്കുന്നു. “യൂഗോയുടെ” എന്നു ഞാനെഴുതിപ്പോയി. “യുഗോവിന്റെ” എന്നു വേണ്ടേ എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം ഞാൻ ‘യുഗോയുടെ’, ‘റേഡിയോയുടെ’ എന്നൊക്കെയേ എഴുതാറുള്ളു. ഇന്നാളൊരു ദിവസം എന്റെ കൂട്ടുകാരനായ ഒരു വൈയാകരണൻ എന്നോടു ചോദിച്ച: ‘സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി’ എന്ന കേരളപാണിനിയുടെ നിയമം വിസ്മരിച്ചു നിങ്ങൾ എന്തിനു് ‘പത്തു മരങ്ങൾ’ എന്നും മറ്റും എഴുതുന്നു? ‘പത്തു മരം’ തെറ്റു്, ‘പത്തു മരങ്ങൾ’ ശരി എന്നാണു് എന്റെ ഉത്തരം. ഓരോ മരവും വിഭിന്നമായിരിക്കുമ്പോൾ പത്തു മരങ്ങൾ എന്നുതന്നെ പറയണം. ഓരോ ഉപന്യാസവും വിഭിന്നമായിരിക്കുമ്പോൾ ‘പതിനഞ്ചു് ഉപന്യാസങ്ങൾ’ എന്നു തന്നെ പറയണം. ‘പതിനഞ്ചു് ഉപന്യാസം’ എന്നു ഗ്രന്ഥത്തിനു പേരിടുന്നതു തെറ്റു്. എന്നാൽ അഞ്ചുരൂപ, പത്തുരൂപ എന്നൊക്കെപ്പറഞ്ഞാൽ മതി. കാരണം ഓരോ രൂപയുടെയും മൂല്യത്തിനു വ്യത്യാസമില്ല എന്നതുതന്നെ. ജോർജ്ജു ചക്രവർത്തിയുടെ തലയുള്ള രൂപയാകട്ടെ, അശോകസ്തംഭത്തിന്റെ അടയാളമുള്ള രൂപയാകട്ടെ, ഏതായാലും രൂപയുടെ മൂല്യം മാറുന്നില്ല. അതിനാൽ അവിടെ ‘കൾ’ പ്രത്യയം വേണ്ട. എന്നാൽ “താങ്കൾ അയച്ച മൂന്നു് എഴുത്തുകൾ കിട്ടി” എന്നു ബഹുവചനപ്രത്യയം ചേർത്തുതന്നെ പറയണ. “താങ്കൾ അയച്ച മൂന്നു് എഴുത്തുകിട്ടി” എന്നു് എഴുതിയാൽ ശരിയാവുകയില്ല. പിന്നെ രാജരാജവർമ്മ യുടെ അഭിപ്രായമോ? അതു് അദ്ദേഹത്തിന്റെ അഭിപ്രായം; ഇതു അല്പപ്രഭാവനായ എന്റെ അഭിപ്രായം. ഓ, ഇടയ്ക്കു വ്യാകരണം വന്നു കയറി. നമുക്കു ചെറുകഥയിലേക്കു തന്നെ മടങ്ങിപ്പോകാം. യു. എ. ഖാദറി ന്റെ “പുലരുംവരെ” എന്നതാണു ‘മലയാളനാട്ടി”ലെ അടുത്ത കഥ. വ്യഭിചാരിയായ ബോസ്, വ്യഭിചാരിണിയായ റീനാ, അവളെ വിവാഹം ചെയ്യാൻ പോകുന്ന അശക്തനായ ഒരുവൻ—ഇങ്ങനെ മൂന്നുപേരെ അവതരിപ്പിക്കുന്നു ഖാദർ. മൂന്നു പേരുടെയും മാനസിക പ്രേരണകളെ കഥാകാരൻ ചിത്രീകരിക്കുന്നു; ഒട്ടൊക്കെ വിജയം പ്രാപിക്കുകയും ചെയ്യുന്നു. പ്രേമഭംഗത്തിന്റെയും അതിന്റെ ഫലമായ നൈരാശ്യത്തിന്റെയും കഥയാണു ശ്രീ. ഉള്ളൂർ ഗോപാലകൃഷ്ണന്റെ കഥയിൽ ഉള്ളതു് (കുങ്കമം വാരിക-ലക്കം 45). ഞാനിതു് എഴുതുമ്പോൾ തമസ്സു് വ്യാപിക്കുന്നു. എഴുന്നേറ്റു സ്വിച്ച് ഒന്നമർത്തിയാൽ വെള്ളിവെളിച്ചം ഈ മുറിയിലാകെ വ്യാപിക്കും. കലയുടെ പ്രകാശം കൊണ്ടു് ഗോപാലകൃഷ്ണനും തമസ്സ് അകറ്റട്ടെ. ജനയുഗം വാരികയിലെ (ജുലൈ 19) “മറവി” എന്ന കഥ നോക്കുക. ശ്രീമതി സി. രേവതി എഴുതിയ ആ കൊച്ചുകഥയിൽ ഭാര്യയുടെ മരണത്താൽ ദുഃഖിക്കുന്ന ഒരു പുരുഷനെ കാണാം. ആ ദുഃഖം കലാത്മകമായി രേവതി ആവിഷ്ക്കരിച്ചിട്ടുണ്ടു്. ശോഭനയുടെ മുഖാവരണം പോലെ ചന്ദ്രന്റെ മുൻപിലെ മൂടൽമഞ്ഞുപോലെ ഒക്കെയാണു് സൗന്ദര്യമെന്നു് ഞാൻ പറഞ്ഞല്ലോ. അവിടെ മൂടുപടത്തിനും മൂടൽമഞ്ഞിനും മാത്രമല്ല ഭംഗി. ശോഭനയുടെ മുഖത്തിനും ചന്ദ്രനും രാമണീയകമുണ്ടു്. ഇപ്പോൾ ഞാൻ വേറൊരുവിധത്തിൽ സംഭാവനം ചെയ്യുകയാണു്. ചെളി നിറഞ്ഞ, പായലുനിറഞ്ഞ, കുളത്തിൽ വിടർന്നുനില്ക്കുന്ന താമരപ്പൂവാണു് സൗന്ദര്യം. കഥയിലെ പ്രതിപാദ്യവിഷയം ചെളിപോലെ പായലുപോലെ അറപ്പു ഉണ്ടാക്കുന്ന ജീവിതവൈരൂപ്യമാണെന്നിരിക്കട്ടെ. എങ്കിലും വിഭാവാനുഭാവാദികളെ വേണ്ടവിധത്തിൽ പ്രതിപാദനം ചെയ്തുകഴിയുമ്പോൾ സൗന്ദര്യത്തിന്റെ താമര വിടർന്നുനില്ക്കുന്നതു് നാം കാണും. ശ്രീ. ഈ. സി. ആന്റണിയുടെ “ഉദയം അസ്തമനം” (അസ്തമനം തെറ്റു്, അസ്തമയം ശരി) എന്ന കഥയിൽ ജീവിതവൈരൂപ്യമേയുള്ളു. ഒരു കോളേജ് വിദ്യാർത്ഥിനി ഗർഭിണിയാകുന്നു. അവൾ വീട്ടിൽ ചെല്ലുന്നു, ഛർദ്ദിക്കുന്നു, ഇതാണു് കഥ. ആ വിദ്യാർത്ഥിനി ഗർഭിണിയായി ഛർദ്ദിക്കുന്നതുപോലെ കഥയിലെ കലാരാഹിത്യംകണ്ടു് അനുവാചകനും ഛർദ്ദിക്കുന്നു. ചവച്ചുതുപ്പിയ കരിമ്പിൻ കൊത്തുൾ പിന്നെയും പിന്നെയും എടുത്തുകാണിക്കുന്ന ഈ വ്യവസായം കഥാകാരന്മാർ എന്നു നിറുത്തുമോ എന്തോ?

സാഹിത്യസൃഷ്ടിയിലെ ജീവിതമെന്നഘടകം ആഖ്യാനം ചെയ്യപ്പെടേണ്ടതല്ല. ചെറുകഥയോ നോവലോ വായിക്കുന്നയാൾ അതു് അനുമാനം ചെയ്യുകയാണു്. “ഞാനിതാ ജീവിതം ചിത്രീകരിക്കുന്നു” എന്ന മട്ടിൽ ആരെങ്കിലുമെഴുതിയാൽ ആ എഴുത്തുകാരൻ പരിഹസിക്കപ്പെടും. “യുദ്ധവും സമാധാനവും ” വായിക്കൂ. നോവൽ വായിക്കുകയാണെന്നു് നമുക്കു തോന്നുകയില്ല. ശ്രീ. കളിയലിൽ രാധാകൃഷ്ണന്റെ “എഴുതാൻ തുടങ്ങും മുൻപു് ” എന്ന ചെറുകഥയ്ക്കുള്ള ന്യൂനത (മാതൃഭൂമി) കൃത്രിമത്വമാണു. കേശവൻ കുട്ടിക്കു് വിവാഹം നിശ്ചയിക്കുന്നു. അതോടെ ധർമ്മപുത്രരും ഇന്ദ്രതനയനും ഒക്കെ പൂർവ്വികന്മാരായി രംഗപ്രവേശം ചെയ്യുന്നു. കല കലയെ മറച്ചുവയ്ക്കുമ്പോഴാണു് സാഹിത്യസൃഷ്ടി ഉത്കൃഷ്ടമാകുന്നതെന്ന മൗലികതത്വം രാധാകൃഷ്ണൻ വിസ്മരിക്കുന്നു. ആധുനികസംസ്ക്കാരത്തിന്റെ ജീർണ്ണതയെ ശ്രീ. എൻ. ജി. മേനോൻ “സുഹൃത്തു്” എന്ന കഥയിലൂടെ (മാതൃഭൂമി) സ്ഫുടീകരിക്കുകയാണു്. കഥയ്ക്കു കൃത്രിമത്വമില്ല; ബഹുഭാഷിതയില്ല; പച്ചിലച്ചാർത്തിനിടയിലൂടെ നേരിയ ഒച്ച കേൾപ്പിച്ചുകൊണ്ടു് സഞ്ചരിക്കുന്ന കൊച്ചുകാറ്റിനെപ്പോലെ സുഖദായകമാണു് ഈ ചെറുകഥ. എനിക്കു് ആശ്വാസമായി. ഒന്നുരണ്ടു കഥകളെങ്കിലും തരക്കേടില്ലെന്നു് പറയാൻ കഴിഞ്ഞല്ലോ.

images/AndreMalraux.jpg
ആന്ദ്രേ മൽറോ

രാഷ്ട്രാന്തരീയപ്രശസ്തിയാർജ്ജിച്ച ഗ്രന്ഥകാരനാണു് ആന്ദ്രേ മൽറോ. നിശ്ശബ്ദതയുടെ ശബ്ദങ്ങൾ—Voices of Silence—എന്ന ഉത്കൃഷ്ടമായ ഗ്രന്ഥം രചിച്ചു് (കലാനിരൂപണം) ശാശ്വതയശസ്സ് ആർജ്ജിച്ച മൽറോ അനുഗ്രഹീതനായ നോവലെഴുത്തുകാരനുമാണു്. അദ്ദേഹത്തിന്റെ അത്യന്തസുന്ദരമായ Anti Memoirs എന്ന ആത്മകഥ (കിൽമാർട്ടിന്റെ തർജ്ജമ) അമേരിക്കയിലെ ബൻറാം കമ്പനി പ്രസാധനം ചെയ്തിരിക്കുന്നു. ജനുവരി 1970-ലാണു ഈ ഗ്രന്ഥം പരസ്യപ്പെടുത്തിയതു്. 1958 മുതൽ 1960 വരെ ദി ഗോൾ ക്യാബിനറ്റിലെ “ഇൻഫർമേഷൻ–കൾച്ചർ മന്ത്രിയായിരുന്നു മൽറോ. അദ്ദേഹം ഹോചിമിൻ, മവോസേതുങ്ങ്, സ്റ്റാലിൻ, നെഹ്റു എന്നീ ജനനായകന്മാരെക്കണ്ടതും അവരോടു സംസാരിച്ചതുമൊക്കെ ഈ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ശതാബ്ദത്തിലെ ഉത്കൃഷ്ടമായ ഗ്രന്ഥമാണു് ഇതെന്നു് എനിക്കു തോന്നുന്നുണ്ടു്. ധനികൻ ശ്രേഷ്ഠനായിരിക്കാം. രാഷ്ട്രനേതാവു് ശ്രേഷ്ഠനായിരിക്കാം. പക്ഷേ, ഉത്കൃഷ്ടവികാരങ്ങളുള്ള വ്യക്തി അവരെക്കാൾ ശ്രേഷ്ഠനാണു്. ആ നിലയിൽ മൽറോ ഒരു നിസ്തുലവ്യക്തിയായി ഉജ്ജ്വലപ്രഭാവനായി ഈ ഗ്രന്ഥത്തിൽ പ്രത്യക്ഷനാകുന്നു.

കുലീനകുടുംബങ്ങളിൽ ജനിച്ച സ്ത്രീകൾ പുരുഷന്മാരുടെ മുഖത്തുനോക്കി വിനയപൂർവ്വം സംസാരിക്കും. കുഴഞ്ഞാടുകയില്ല; പരുഷങ്ങളായ വാക്കുകൾ പറയുകയില്ല. ചിലർ ലജ്ജാവതികളായിരിക്കും. അവരുടെ ലജ്ജയ്ക്കും കാണും ഒരന്തസ്സു്. ഇതിനു നേരേ വിപരീതമായി പെരുമാറുന്നവരുണ്ടു്. വളരെ വർഷങ്ങൾക്കുമുൻപു് അങ്ങനെയൊരുത്തിയെ കാണാനുള്ള ദൗർഭാഗ്യം എനിക്കുണ്ടായി. അധികാരസ്ഥാനത്തു കയറിക്കൂടിയിരിക്കുന്ന അവരുടെ അടുക്കൽ എനിക്കു പോകേണ്ടതായി വന്നു. എന്നെക്കണ്ടമാത്രയിൽ അവർ തലവെട്ടിച്ചു ജനലിൽക്കൂടി പുറത്തേക്കു നോക്കാൻ തുടങ്ങി. അസ്വസ്ഥയായി പേപ്പർവെയിറ്റെടുത്തു് അങ്ങുമിങ്ങുമായി വയ്ക്കാൻ തുടങ്ങി. കാലുകൊണ്ടു ചവറ്റുകുട്ടതട്ടിമറിച്ചു. ഈ അശ്ലീലഭാവപ്രകടനം കുറേനേരം കണ്ടപ്പോൾ സഹനശക്തികെട്ടു ഞാൻ അവരുടെ മുഖത്തുനോക്കി ഇംഗ്ലീഷിൽ പറഞ്ഞു. “Madam, excuse me. You are a bad woman” (ക്ഷമിക്കു. നിങ്ങൾ ചീത്തസ്ത്രീയാണു്.) You are a prostitute—നിങ്ങൾ വേശ്യയാണു്—എന്നാണു ഞാൻ പറയാൻ പോയതു്. പക്ഷേ, അവരുടെ തടിമിടുക്കും ഔദ്യോഗികപദവിയും ശിപായിസഞ്ചയത്തെയും കണ്ടു ഞാൻ ആ വാക്കു പറഞ്ഞില്ല. ഉത്തമസാഹിത്യം അഭിജാതയെപ്പോലെയാണു്. സരളമായി. ഋജ്ജുവായി ശാലീനമായി അതു നമ്മോടു സംസാരിക്കുന്നു. അധമസാഹിത്യം പരുഷമായി സങ്കീർണ്ണമായി, അസംസ്കൃതമായി ആക്രോശിക്കുന്നു. അതിനെ നോക്കി “മാഡം, നിങ്ങൾ വേശ്യയാണു്” എന്നു പറയാനുള്ള ധൈര്യം നമുക്കുണ്ടാകണം. അധമസാഹിത്യം പ്രചരിപ്പിക്കുന്നവരുടെ സംഖ്യാബലം കണ്ടു നാം ആ വാക്കു പറയാതരിക്കരുതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-08-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.