നമ്മൾ മറ്റുള്ളവരുമായി വാദാനുവാദത്തിൽ ഏർപ്പെട്ടുവെന്നിരിക്കട്ടെ. പൊടുന്നനവേ അവർ നമ്മുടെ അഭിപ്രായത്തോടു യോജിച്ചാൽ നമുക്കു നിരാശതയുണ്ടാകും. കാരണം വ്യക്തമാണു്. നാം വാദയുദ്ധത്തിൽ പങ്കെടുക്കുമ്പോൾ പുതിയ പുതിയ ആശയങ്ങൾ ആവിർഭവിക്കാമെന്നും അവയിൽ നിന്നു പ്രചോദനം കൈവരിച്ചു നമ്മുടെ വിശ്വാസത്തിനു കൂടുതൽ ഉറപ്പു വരുത്താമെന്നുമാണു നമ്മൾ ആശിക്കുക. അങ്ങിനെയിരിക്കുമ്പോൾ പ്രതിയോഗികൾ നമ്മുടെ ആശയഗതിയോടു പെട്ടെന്നു യോജിച്ചാൽ നമുക്കു നൈരാശ്യം സംഭവിക്കും. നൂതനാശയങ്ങളുടെ ആവിഷ്ക്കാരത്തിനും വ്യക്തികളുടെ ഔന്നത്യത്തിനും ഈ രീതിയിൽ വാദ പ്രതിവാദം സാഹായ്യമരുളുന്നു. അതിനാൽ അത്യന്താധുനികതയെ അവലംബിച്ചുകൊണ്ടുള്ള വിവാദങ്ങൾ സ്വാഗതാർഹങ്ങളാണെന്നു് എനിക്കു തോന്നുന്നുണ്ടു്. പഠിപ്പിക്കുന്നതിനെക്കുറിച്ചും എനിക്കു പറയാനുള്ളതു് ഇതുതന്നെയാണു്. ഇരുപതു വർഷത്തെ അധ്യാപനപരിചയമുണ്ടു് എനിക്കു്. സ്വാനുഭവത്തിൽനിന്നു് ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. ഞാൻ പറഞ്ഞതിനോടു പൊടുന്നനവേ യോജിച്ചു് ആ അഭിപ്രായങ്ങൾക്കു പ്രചാരം നല്കിയ ഒരു വിദ്യാർത്ഥിയോടും എനിക്കു സ്നേഹബഹുമാനങ്ങൾ തോന്നിയിട്ടില്ല. വിദ്യാർത്ഥികൾക്കു സ്വന്തമായ അഭിപ്രായങ്ങൾ കാണും അവയെ പ്രകാശിപ്പിക്കാൻ, അവയ്ക്കു ദാർഢ്യം നല്കാൻ എന്റെ മതങ്ങൾ പ്രയോജനപ്പെടണമെന്നേ ഞാൻ വിചാരിക്കാറുള്ളു. ശ്രീ. പി. കേശവദേവ് സാഹിത്യത്തിലെ അത്യന്താധുനികത അവാസ്തവികമാണെന്നും അതിനു സാഹിത്യത്തോടു ബന്ധമില്ലെന്നും “പങ്കലാക്ഷിയുടെ കത്തുകളി”ലൂടെ വ്യക്തമാക്കുന്നു. അത്യന്താധുനികതയെ നീതിമത്കരിച്ചുകൊണ്ടു് ശ്രീ. പി. നാരായണക്കുറുപ്പു് കേശവദേവിനു മറുപടി പറയുന്നു (മലയാളനാടു്-ലക്കം 10. എന്തിനു് ഈ നിഴൽയുദ്ധം?). രണ്ടുപേർക്കും യുക്തികളുണ്ടു്. പക്ഷേ, ഒരു കാലത്തും കേശവദേവ് നാരായണക്കുറുപ്പിനോടു യോജിക്കാൻ പോകുന്നില്ല. നാരായണക്കുറുപ്പു കേശവദേവിനോടും യോജിക്കുകയില്ല. വായനക്കാരായ നമുക്കു് അതറിയാം. എങ്കിലും വിതണ്ഡാവാദത്തിൽ ഒരു കക്ഷിയും ചെന്നുചേരരുതെന്നു നാം വിചാരിക്കുന്നുണ്ടു്. കഥയുടെ രൂപത്തിൽ എഴുതപ്പെടുന്ന ‘പങ്കലാക്ഷിയുടെ കത്തുകളി’ൽ ഭാവനയ്ക്കു സ്ഥാനമുണ്ടല്ലോ. ലേഖനത്തിൽ അതില്ലതാനും. അതിനാൽ കേശവദേവ് പരിഹാസത്തിലോ അത്യുക്തിയിലോ സങ്കല്പത്തിലോ മുഴുകിയാൽ നമുക്കതു മനസ്സിലാക്കാൻ കഴിയും. അദ്ദേഹം അത്യന്താധുനികരുടെ ചരസ്സ് പ്രേമം ഭാംഗ് പ്രേമം എന്നിവയെ കളിയാക്കുന്നു. അതിനു മറുപടിയെന്ന മട്ടിൽ നാരായണക്കുറുപ്പു് ഒരു ചോദ്യം എറിയുകയാണു്: “നിങ്ങൾ ഉപയോഗിക്കുന്ന ലഹരി എത്ര ഉഗ്രനാണു്?” ഇതാണു വിതണ്ഡാവാദം. കേശവദേവും കൂട്ടുകാരും ലഹരിയുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുമോയെന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ, ഒരു കാര്യമറിയാം അവരുടെ കൃതികളിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായി ഒരു വാക്യംപോലും ഞാൻ കണ്ടിട്ടില്ല.

താൻ ആരല്ലയോ അതിന്റെ ആവിഷ്കാരമാണു കലാകാരൻ നിർവഹിക്കുന്നതെന്നു ക്രോച്ചെ പറയുന്നു. കോഴിയിറച്ചി കൂട്ടി ഊണു കഴിക്കുന്ന വള്ളത്തോൾ “കീഴ്മലച്ചു പിടയുന്ന കോഴിയെ”ക്കണ്ടു ദുഃഖിക്കുന്നു.(“കോഴി” എന്ന കവിത) കോഴിയെ കൊല്ലുന്നതു തെറ്റാണെന്ന ബോധം—സാന്മാർഗ്ഗികബോധം—വള്ളത്തോളിനുണ്ടായിരുന്നു എന്നതു വ്യക്തം. ദേവും കൂട്ടുകാരും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ടെന്നു വാദത്തിനുവേണ്ടി നമുക്കൊന്നു സമ്മതിക്കാം. എങ്കിലും സദാചാരബോധത്തോടെ അവർ അതിനെ തങ്ങളുടെ കൃതികളിലൂടെ നിന്ദിക്കുന്നുണ്ടു്. അത്യന്താധുനികർ ചെയ്യുന്നതെന്താണു്? മനുഷ്യന്റെ വീര്യം കെടുത്തിക്കളയുന്ന എൻ.എസ്സ്.ഡി. ഇരുപത്തിയഞ്ചും ചരസ്സുമൊക്കെ ഉത്തമങ്ങളായ പദാർത്ഥങ്ങളാണെന്നു് അവർ ഉദ്ഘോഷിക്കുന്നു. തങ്ങളുടെ കൃതികളിലൂടെ അവർ അവയുടെ മഹത്ത്വത്തെ വാഴ്ത്തുന്നു. ഈ രീതിയിൽ സംസ്ക്കാരലോപം സംഭവിക്കുന്നു. ശ്രീ. നാരായണക്കുറുപ്പിന്റെ ലേഖനത്തിനു് നല്ല ചൂടുണ്ടു്. പക്ഷേ, വെളിച്ചമില്ല. സ്വമതസ്ഥാപനത്തിനുവേണ്ടി യത്നിക്കുന്നവർ പ്രകാശമാണു് പ്രസരിപ്പിക്കേണ്ടതു്, ചൂടല്ല. ആ പ്രകാശം വിതറുന്നതിന്റെ ഭംഗികാണണോ? എങ്കിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (19-ാം ലക്കം) “അദ്ഭുതപ്രപഞ്ചത്തിൽ” എന്ന “സംഭാഷണശകലം” വായിക്കുക. പത്രസമ്മേളനം നടക്കുകയാണു്. പത്രത്തിന്റെ പ്രതിനിധി ചോദിക്കുന്നു: “സന്താനനിയന്ത്രണത്തെപ്പറ്റി എന്താണു് അഭിപ്രായം?” ഉത്തരം: “ഉണ്ടായ സന്താനങ്ങളെ നിയന്ത്രിക്കാൻ വയ്യാത്ത ഇന്നത്തെ ചുറ്റുപാടിൽ സന്താനമുണ്ടാവാതെ കഴിക്കുന്നതാണു നല്ലതു്.” ബുദ്ധിയുടെ പ്രകാശം ഓരോ ഉത്തരത്തിലുമുണ്ടു്. ഈ പത്രസമ്മേളനം നടത്തുന്ന “ഞാൻ” എന്ന ലേഖകനെ ഈ ലേഖകൻ അഭിനന്ദിക്കട്ടെ. ജനസംഖ്യ വർദ്ധിച്ചതിന്റെ ഫലമായി ഗ്രന്ഥങ്ങൾ വായിക്കുന്നവരുടെ സംഖ്യ കൂടി. അവരുടെ അർത്ഥനകൾക്കു് (demand) അനുരൂപമായി നല്ല ഗ്രന്ഥങ്ങൾ നൽകാൻ നിവൃത്തിയില്ല. ഉന്നതകലാകാരന്മാർ അങ്ങനെ ധാരാളം ഉണ്ടാകാറില്ലല്ലോ. അപ്പോൾ വായനക്കാരുടെ അർത്ഥനയ്ക്കു യോജിച്ചവിധത്തിൽ ഗ്രന്ഥങ്ങൾ നല്കാനായി അയഥാർത്ഥ കലാകാരന്മാർ പ്രത്യക്ഷരാകുന്നു. അങ്ങനെ സാഹിത്യം അധഃപതിക്കുന്നു. സാഹിത്യത്തിന്റെ മണ്ഡലത്തിൽ ഇന്നു കാണുന്ന ജീർണ്ണതയ്ക്കു കാരണം ഇതുതന്നെയാണു്. ഈ തത്ത്വം ശ്രീ. സി. നാരായണപിള്ള മനസ്സിലാക്കിയോ എന്നെനിക്കറിഞ്ഞുകൂടാ. ഏതായാലും അദ്ദേഹം സാഹിത്യത്തിന്റെ ജീർണ്ണതയെക്കുറിച്ചു് പറഞ്ഞു ദുഃഖിക്കുന്നു (മലയാളരാജ്യം ചിത്രവാരിക-ലക്കം 4, സാഹിത്യകാരന്റെ ഭാവി). ഇന്നത്തെ സാഹിത്യകാരന്മാർക്കും പാണ്ഡിത്യമില്ലാത്തതിലും അദ്ദേഹത്തിനു വിഷാദമുണ്ടു്. യുക്ത്യധിഷ്ഠിതമായ ലേഖനമാണു് നാരായണപിള്ളയുടേതു് അതിലെ എല്ലാ വാദഗതികളോടും എനിക്കു യോജിക്കാൻ സാധിക്കുന്നു. പക്ഷേ, സാഹിത്യകാരന്റെ പാണ്ഡിത്യമില്ലായ്മയെക്കുറിച്ചു് ദുഃഖിക്കുന്ന സി. നാരായണപിള്ള തന്റെ ലേഖനം തന്നെ അതിനു നിദർശകമാക്കിയതു ശരിയായില്ല. “വ്യാവസായികം എന്നു് അദ്ദേഹം എഴുതിയിരിക്കുന്നു. “വ്യാവസായികം” തെറ്റു്. “വൈയവസായികം” ശരി. “വർദ്ധനവു്” എന്നു് അദ്ദേഹത്തിന്റെ മറ്റൊരു പ്രയോഗം അതു തെറ്റു്. “വർദ്ധന” ശരി. “സാമ്പത്തിക”മെന്നും “സാമൂഹ്യവീക്ഷണ”മെന്നും അദ്ദേഹം എഴുതുന്നു. അവയെ യഥാക്രമം “സാമ്പദിക”മെന്നും “സാമൂഹികവീക്ഷണ”മെന്നും എഴുതുന്നതാണു് നല്ലതു്. മനഃശ്ശാസ്ത്രജ്ഞനായ ഫ്രായിറ്റി നെ ‘ഫ്രൂഡ്’ എന്നാണു് അദ്ദേഹം വിളിക്കുക. സംശയമില്ല. സാഹിത്യകാരന്മാർക്കു പാണ്ഡിത്യം കൂടിയേതീരൂ. കണ്ണാടിക്കൂട്ടിൽ താമസിക്കുന്നവർ കല്ലെറിയുന്നതും സൂക്ഷിച്ചുവേണം.

ഇരുപതാം ശതാബ്ദത്തിലെ അദ്വിതീയനായ നോവലെഴുത്തുകാരനാണു് തോമസ് മൻ. അദ്ദേഹത്തിന്റെ “മാജിക് മൗണ്ടൻ ” എന്ന നോവലിനെ അതിശയിച്ച മറ്റൊരു നോവൽ ഈ ശതാബ്ദത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. പ്രഗല്ഭനായ ഊ സാഹിത്യകാരനെക്കുറിച്ചു് ശ്രീ. സി. ആർ. റോസ് ‘മംഗളോദയത്തിന്റെ ജൂലൈ ലക്കത്തിൽ എഴുതിയിരിക്കുന്നു. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത വായനക്കാർക്കു് പ്രയോജനപ്രദമാണു് റോസിന്റെ ലേഖനം. പക്ഷേ, ആ ലേഖനത്തിലുമുണ്ടു് തെറ്റുകൾ. “തോമസ് മാൻ” എന്നാണു് ലേഖകൻ എഴുതിയിരിക്കുന്നതു്. “തോമസ് മൻ” ആണു് ശരി. “ഹെൻറിച്ചു മാൻ” എന്നതു് തെറ്റു്. “ഹൈൻറിഹ് മൻ ” ശരി. മന്നിനു് രാഷ്ട്രാന്തരീയ പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത നോവലിനെ റോസ് ‘ബഡൻബ്രൂക്സ്” എന്നു വിളിക്കുന്നു. “ബുഡ്ഡൻബ്രോക്ക്സ് ” എന്നു പറഞ്ഞാൽ ജർമ്മൻ ഉച്ചാരണത്തോടു് ഏതാണ്ടു് അടുത്തുവരും. ഇങ്ങനെ തെറ്റുകൾ ധാരാളം.

ഇരുപത്തിയഞ്ചുകൊല്ലം മുൻപു് യുങ് എന്ന മനഃശാസ്ത്രജ്ഞൻ (Jung) തിരുവനന്തപുരത്തു വന്നിരുന്നു. അദ്ദേഹം ടൗൺഹാളിൽ നിർവ്വഹിച്ച പ്രഭാഷണം ഞാൻ കേട്ടു. അന്നു് അദ്ദേഹത്തെ സ്വാഗതം ചെയ്ത ഒരു “സൈക്കോളജി ലക്ചറർ”, “ഞാൻ മി. ജങ്ങിനെ സ്വാഗതം ചെയ്യുന്നു”വെന്നു പറഞ്ഞു. യുങ് എഴുന്നേറ്റ് സദസ്യരെ അറിയിച്ചു. “ എന്റെ പേരു് യുങ് എന്നാണു് ജങ്ങ് എന്നല്ല.” സംജ്ഞാനാമങ്ങൾ തെറ്റിച്ചു് ഉച്ചരിച്ചുകൂടാ. തെറ്റിച്ചെഴുതിക്കൂടാ. അതു് ഒരു വിധത്തിലുള്ള അപമാനമാണു്. ശങ്കരപ്പിള്ള എന്ന പേരിനെ സായ്പ് “സങ്കാരപൈല്ലൈ” എന്നു് ഉച്ചരിച്ചാൽ ആ പേരുകാരനു് എന്തു തോന്നും? അയാൾക്കു് എന്തുതോന്നുമോ അതാണു് സ്വാഗതപ്രഭാഷണം കേട്ട യുങിനും തോന്നിയതു്. ആധുനിക മലയാളകവിതയ്ക്കു സംഭവിച്ചിരിക്കുന്ന ജീർണ്ണതയെക്കുറിച്ചു ശ്രീ. കെ.പി.ജി. ദേശാഭിമാനി വാരികയിൽ ഉപന്യസിക്കുന്നു. ഞാനതു വായിച്ചു. വീണ്ടും വായിച്ചു. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന ആശയങ്ങൾ ആ ലേഖനം ഉൾക്കൊള്ളുന്നു.
ശ്രീമതി കെ. മാധവിഅമ്മ യുടെ “എന്റെ ദിവസം” എന്ന കവിത ആരംഭിക്കുന്നതു് ഇങ്ങനെയാണു്:
“ശകലം നീലാകാശം തെങ്ങോലത്തലപ്പുക-
ളുലയും പശ്ചാത്തലം കരയും ബലിക്കാക്ക
ചിറകിൻ കീഴെത്തങ്ങും കോഴിക്കുഞ്ഞുകൾ പോലെ
തലകാട്ടിക്കൊട്ടക്കീഴമരും മച്ചിങ്ങകൾ
ആലയിലമ്പാരവമുയർത്തും കുന്നിൻ കിടാ-
വായത്തിൽത്തലകാട്ടും പുൽത്തുറുക്കൂമ്പാരങ്ങൾ”
ഇങ്ങനെ ഏകരൂപമായി, നിർവികാരമായി മാധവിഅമ്മയുടെ കവിത പോകുന്നു. ഇവിടെ ഭാവനയില്ല, ലയമില്ല, ഒന്നുമില്ല. വർണ്യവസ്തു കവി ഹൃദയത്തിലുളവാക്കിയ ചലനത്തിനാണു് ആവിഷ്ക്കാരം നല്കേണ്ടതു്. ഓരോന്നും എണ്ണിയെണ്ണിപ്പറയുന്നതു് കവിതയല്ല.
“അന്തിമമാം മണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ
ഗന്ധവാഹനെ?-രഹസ്യമാർക്കറിയാവൂ”
എന്ന രണ്ടു വരികൾ നോക്കുക, വർണ്യവിഷയം കവിഹൃദയത്തിൽ ഏല്പിച്ച ആഘാതത്തെയാണു് അവ സ്ഫുടീകരിക്കുന്നതു്. മഹാകവിക്കു മാത്രമേ ആ വരികൾ എഴുതാൻ സാധിക്കുകയുള്ളു. എന്നാൽ ഉത്തരമഥുരാപുരിയുടെ ഉത്തരഭാഗത്തുള്ള രാജവീഥിയുടെ കിഴക്കരികിലുള്ള മാളികയുടെ തെക്കുഭാഗത്തു് എന്നും മറ്റുമെഴുതുന്നതു് കവിതയല്ല.
ചിന്നുന്ന വെൺകതിർ തൂവിയോരന്തിയിൽ
കന്നിയിളന്തിങ്കൾ പൊങ്ങിനിന്നു
പശ്ചിമദിക്കിന്റെ നെറ്റിയിൽ മാലേയ
ക്കൊച്ചുതിലകത്തിൻ കീറുപോലെ
പിച്ചിവടർന്നു പുതിയ പരിമളം
മച്ചിന്മേലെൻകിളിവാതിലൂടെ
പിച്ചയായുള്ളിൽ ചരിക്കുമിളങ്കാറ്റിൽ
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
എന്തൊരു ഭംഗി! എന്തൊരു ലാളിത്യം! ഈ വരികളും മഹാകവിക്കേ എഴുതാൻ പറ്റൂ. പക്ഷേ, അദ്ദേഹം തന്നെ വണ്ണം കുറഞ്ഞു് രണ്ടുചാൺപൊക്കത്തിൽ മണ്ണുചുവരുണ്ടു്, അതിൽ കൈവിരൽപ്പാടു കാണുന്നു എന്നൊക്കെ എഴുതുമ്പോൾ കവിതാകാമിനി ഓടിക്കളയുന്നു. കടലാസ്സിൽ മഷികൊണ്ടു് എഴുതിയതു് ഒപ്പുകടലാസ്സുകൊണ്ടു് ഒപ്പിയെടുക്കുന്നതുപോലെ കാണുന്നതൊക്കെ പകർത്തുന്നതു കവിതയല്ലെന്നു് മാധവിഅമ്മ അറിയേണ്ടിയിരിക്കുന്നു. ‘കുങ്കമം’ വാരികയിൽ (ലക്കം 46) “നീ എന്റേതാണു്” എന്ന കവിതയെഴുതിയ ഹരിതയും അതറിയണം. അതു് അറിഞ്ഞാലും പോരാ. ഏതെങ്കിലുമൊരർത്ഥം വായനക്കാരനു കിട്ടുന്ന മട്ടിൽ വാക്കുകൾ ഉപയോഗിക്കാൻ പഠിക്കണം.
“ആയുതം വിളക്കുകൾ കൊളുത്തീതാരാവൃന്ദ
മായുതം കൈയും കൂപ്പി സുസ്മിതം വർഷിക്കുന്നു”
പോലും. എന്താണാവോ ആയുതം? ‘അയുതം’ പതിനായിരമാണെന്നു് എനിക്കറിയാം. “കൊച്ചു വൈവർണ്ണ്യപികം പോലെ” എന്നു മറ്റൊരു പ്രയോഗം. കവിത വായിച്ചുകൊള്ളണമെന്നല്ലാതെ അർത്ഥം ചോദിക്കരുതല്ലോ ഇക്കാലത്തു്! എന്റെ വീട്ടിൽ ഒരു ദിവസം കാലത്തു കവിതയും കൊണ്ടു് ഒരു യുവാവു വന്നു. ഞാൻ കവിത വായിച്ചുനോക്കി: ‘നിരാലയുവതി’, എന്നൊരു പ്രയോഗം കണ്ടു് ഞാൻ അമ്പരന്നുപോയി. അങ്ങനെയും ഒരു പ്രയോഗം ചിലപ്പോൾ കാണുമെന്നു വിചാരിച്ചു ഞാൻ സംശയത്തോടെ ആ കവിയോടു ചോദിച്ചു: “നിരാല” എന്നു പറഞ്ഞാൽ അർത്ഥം? കവി മറുപടി പറഞ്ഞു: “അർത്ഥമൊന്നുമില്ല സാർ. നിരാല എന്നു കേൾക്കാൻ സുഖമുണ്ടു്. അതുകൊണ്ടു് അങ്ങു പ്രയോഗിച്ചെന്നേയുള്ളു.” ഇങ്ങനെയുള്ള നിരാലക്കാർ ഒരുപാടു് ഇറങ്ങിയിരിക്കുന്നു കേരളത്തിൽ.

അവരുള്ളപ്പോൾത്തന്നെ ശ്രീ. അമ്പലപ്പുഴ ഗോപകുമാറി നെപ്പോലെ വാസനാസമ്പന്നരായ യുവാക്കന്മാരും പ്രചോദനമാർന്നു കാവ്യമെഴുതുന്നുണ്ടു് (മലയാളരാജ്യത്തിലെ ‘ആത്മഹർഷങ്ങൾ’ എന്ന കവിത നോക്കുക). അതൊരു ഭാഗ്യം തന്നെ. ഏതായാലും കുകവികളാണു കൂടുതൽ. ഒരു സംസ്കൃതപദ്യമുണ്ടു് വൈദ്യന്മാരെ നിന്ദിക്കുന്നതായി. “വൈദ്യരാജ നമസ്തുഭ്യം യമരാജ സഹോദര യമസ്തു ഹരതി പ്രാണാൻ വൈദ്യഃ പ്രാണാൻ ധനാനി ച.” കാലൻ പ്രാണനെ മാത്രമേ അപഹരിക്കുന്നുള്ളു; കാലന്റെ സഹോദരനായ വൈദ്യനാകട്ടെ പ്രാണനെയും ധനത്തെയും ഹരിക്കുന്നു. കേരളത്തിലെ പല കവികളും കാലന്റെ സഹോദരന്മാരാണു്. വാരികകൾ മേടിപ്പിച്ചു് അവർ നമ്മുടെ ധനം അപഹരിക്കുന്നു; ചീത്തക്കവിതകൾ വായിപ്പിച്ചു് അവർ നമ്മുടെ പ്രാണനെ അപഹരിക്കുന്നു.
കുത്തുവാക്കുകൾ പറഞ്ഞു നമ്മെ വേദനിപ്പിക്കുന്നവരുണ്ടു്. സ്നേഹിതരെന്നു ഭാവിച്ചു നടക്കുന്നവരാണു് ഇങ്ങനെ പ്രവർത്തിക്കുന്നതു്. നമ്മുടെ സംസ്കാരത്തികവുകൊണ്ടു പകരം നാം അമ്മാതിരി വാക്കുകൾ പറഞ്ഞില്ലെന്നു വരും. തിന്മയിൽ മുഴുകി അതിൽ ആഹ്ലാദം കൊള്ളുന്നവരാണു് അത്തരം ഖലന്മാർ. അതുപോലെ ചില വിഷയങ്ങൾ സാഹിത്യത്തിൽ പ്രത്യക്ഷമാകുമ്പോഴും നമുക്കു വേദനയുണ്ടാകും. ഒന്നു് ലൈംഗികത്വം ഭാവനയുടേതു മാത്രമായ ആഹ്ലാദം പ്രദാനം ചെയ്താലോ? നാം രസിക്കുന്നു. മലയാളനാട്ടിൽ (ലക്കം 10) ലൈംഗികത്വമെന്ന വിഷയം കൈകാര്യം ചെയ്യുന്ന രണ്ടു ചെറുകഥകളുണ്ടു്. ശ്രീ. പത്മരാജൻ എഴുതിയ “ഒരേ ചന്ദ്രനും” ശ്രീ. മുണ്ടൂർ കൃഷ്ണൻകുട്ടി യെഴുതിയ “സത്യപ്രാപ്തി”യും. “ഒരേ ചന്ദ്ര”നിൽ അതിരുകടന്ന ലൈംഗികവികാരമുള്ള ഒരു ബുദ്ധിശൂന്യനെ കഥാകാരൻ അവതരിപ്പിക്കുന്നു. ‘സത്യപ്രാപ്തി’യിൽ കുടിക്കുമ്പോൾ മാത്രം ലോലവികാരങ്ങൾക്കു വിധേയനാകുന്ന ഒരുവനെ ദർശിക്കാം. അയാളുടെ മദ്യപാനത്തിൽ പ്രതിഷേധിക്കുന്ന തരുണിക്കുപോലും അയാൾ മദ്യം കുടിക്കുന്നതാണു് നല്ലതെന്നു തോന്നിപ്പോകുന്നു. ഞാൻ വാച്യമായിപ്പറഞ്ഞു് കൃഷ്ണൻകുട്ടിയുടെ കഥയ്ക്കുള്ള ധ്വന്യാത്മകത്വം നശിപ്പിക്കുകയാണെന്നു തോന്നുന്നു. അതുകൊണ്ടു നിറുത്തട്ടെ. കൃഷ്ണൻകുട്ടിയുടെയും പത്മരാജന്റെയും കഥകൾക്കു ആകർഷകത്വമുണ്ടു്.
ഞാൻ ഇന്നു് കടപ്പുറത്തുപോയപ്പോൾ ഒരു കാഴ്ചകണ്ടു. ധീരനായ ഒരുവൻ കനം കുറഞ്ഞ ഒരു ചാളത്തടിയിൽ കയറി തിരമാലകളിലൂടെതെന്നിത്തെന്നിനീങ്ങുന്നു. അയാൾക്കു ഒട്ടും പേടിയില്ല. തികഞ്ഞ ലാഘവത്തോടെ അയാൾ അങ്ങനെ പോകുന്നതു കണ്ടപ്പോൾ എന്റെ നയനങ്ങൾക്കു് ഒരാഹ്ലാദമായി. പക്ഷേ, എന്റെ ആത്മാവു് ചലനംകൊണ്ടില്ല. ശ്രീ. എൻ. എൻ. വാസുദേവശർമ്മയുടെ “കണ്ണികൾ” എന്ന ചെറുകഥ ഇപ്പോൾ വായിച്ചപ്പോൾ ഞാൻ ആ സമുദ്രയാത്രക്കാരനെ ഓർമ്മിച്ചു. ജീവിതത്തിന്റെ ഉപരിതലത്തിലൂടെ ഈ കഥാകാരൻ നീങ്ങുന്നു. ഒരു വ്യത്യാസം. തിരമാലയുടെ മുകൾഭാഗത്തിലൂടെ അയാൾ തെന്നിത്തെന്നിപ്പോയതു് എന്റെ നയനങ്ങൾക്കെങ്കിലും ആഹ്ലാദമരുളി. ശർമ്മയുടെ കഥയ്ക്കു് ആ സവിശേഷതയുമില്ല. ‘കുങ്കമം’വാരികയുടെ 46-ാം ലക്കത്തിൽ പരസ്യപ്പെടുത്തിയിട്ടുള്ള ഈ ചെറുകഥ തികച്ചും വിരസമാണു്. വൈരസ്യം മാറിക്കിട്ടാനുള്ള എന്റെ അഭിലാഷത്തിനു് സാഫല്യമുണ്ടായില്ലെന്നു പറയട്ടെ. അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തെ ശോകാത്മകമായി ചിത്രീകരിക്കാനാണു് ശ്രീ. പി. ആർ. നാഥന്റെ യത്നം. ഏകാഗ്രതയുടെ കുറവുകൊണ്ടു്, അനുരൂപമായ അന്തരീക്ഷം സൃഷ്ടിക്കാത്തതുകൊണ്ടു് നാഥന്റെ കഥ അനുവാചകന്റെ ഉള്ളിൽ തട്ടുന്നില്ല. ഒരുത്തനു ഭാര്യയെ കണ്ടിട്ടുണ്ടാകുന്ന കാമാവേശമാണു് ആൽഫി ജോസഫിന്റെ “കാത്തിരിപ്പു്” എന്ന ചെറുകഥയിലെ വിഷയം. ഇങ്ങനെയുള്ള ചെറുകഥ എഴുതുന്നതിനേക്കാൾ നല്ലതു് പത്തു വാഴവയ്ക്കുന്നതാണു്. റ്റി.ബി. സീൽ രോഗികളെക്കൊണ്ടു മേടിപ്പിക്കുന്നതിന്റെ നേർക്കു് തന്റെ ധർമ്മരോഷം ജ്വലിപ്പിച്ചുവിടുകയാണു് ശ്രീ. കെ. വി. പത്മനാഭൻ (ജനയുഗം വാരിക-ജൂലൈ 26) ധർമ്മരോഷം കൊള്ളാം. പക്ഷേ, അദ്ദേഹത്തിന്റെ കഥയിൽ കലയില്ല. ഇതിനുവേണ്ടി “ജനയുഗ”ത്തിന്റെ മൂന്നുപുറങ്ങൾ നഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല. നാലു വാക്യങ്ങളിൽ തന്റെ രോഷം പ്രകടിപ്പിച്ചു് ശ്രീ. പത്മനാഭൻ പത്രാധിപർക്കു് ഒരു കത്തെഴുതിയാൻ മതിയായിരുന്നു. ഞാൻ വായിച്ചുതീർത്ത കഥകൾ ഇനിയും ധാരാളമുണ്ടു്. പക്ഷേ, ഒരെണ്ണം പോലും എന്റെ ഹൃദയത്തെ സ്പർശിച്ചില്ല. യഥാർത്ഥജീവിതത്തെയോ ആദർശാത്മകജീവിതത്തെയോ സ്പർശിക്കാത്ത ആ കഥകളെക്കുറിച്ചു് പ്രതികൂലമായിപ്പറഞ്ഞു് ഞാനെന്തിനു വായനക്കാരുടെ സമയം അപഹരിക്കണം?
ആ സമുദ്രഗാമിയുടെ ചിത്രം വീണ്ടും എന്റെ അന്തർനേത്രേത്തിനു മുമ്പിൽവരുന്നു; ജലത്തിന്റെ ഉപരിതലത്തിലൂടെ നീങ്ങുന്നവൻ. അയാളോടു് എനിക്കു ബഹുമാനമില്ല. പക്ഷേ, സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ചെന്നിട്ടു് മുത്തുകൾ വാരിക്കൊണ്ടുവരുന്നവരില്ലേ? ഉണ്ടു്. അവരുടെ ചിത്രം എന്റെ ആത്മാവിനെ പ്രകമ്പനം കൊള്ളിക്കുന്നു. കലാകാരന്മാരും ഇങ്ങനെ ജീവിതസമുദ്രത്തിന്റെ അധോഭാഗത്തു ചെല്ലണം. അവിടെ കിടക്കുന്ന മുത്തുകൾ വാരിക്കൊണ്ടു വരണം. ആ മൗക്തികങ്ങളുടെ ശോഭകാണുമ്പോൾ നമ്മുടെ അന്തരംഗം കുളിർക്കും. അവയെ ഒന്നു സ്പർശിക്കാൻ നാം കൊതിക്കും.