
‘ലിബർട്ടി’, കമ്പനിയുടെ ‘റെഡിമെയ്ഡ്’ ഷർട്ടുകൾ വാങ്ങുന്നവനാണു് ഞാൻ. നല്ല തുണിയല്ലെങ്കിലും ഭംഗിയുള്ള തയ്യൽ. തോളിൽനിന്നു് തോളിലേക്കുള്ള അളവു് ശരിക്കെടുത്തുകൊടുത്താൽ ഷർട്ട് പാകമായിരിക്കും. ഇറക്കം കൂടിപ്പോയെന്നോ കുറഞ്ഞുപോയെന്നോ പരാതിപ്പെടേണ്ടതായി വരികയില്ല. വണ്ണം കൂടിയെന്നോ കുറഞ്ഞെന്നോ ദുഃഖിക്കേണ്ടതായി വരികയില്ല. സർവ്വോപരി പെട്ടെന്നു കാര്യം നടക്കും. തുണി വാങ്ങിക്കൊടുത്തിട്ടു തയ്യൽക്കാരന്റെ പിറകേ മൂന്നുമാസം നടക്കേണ്ട ആവശ്യമില്ല. ഈയിടെ ഒരു കടയിൽച്ചെന്നു കയറിയപ്പോൾ ഉടമസ്ഥൻ പറഞ്ഞു: “സാർ ലിബർട്ടിഷർട്ട് വേണമെങ്കിൽ ഇപ്പോൾ ധാരാളം വാങ്ങിക്കൊള്ളണം ഇനി കിട്ടിയെന്നു വരില്ല” എനിക്കു ദുഃഖം തോന്നി. എങ്കിലും ആ ദുഃഖം എനിക്കു മാറിക്കിട്ടി. അതിനു് ഞാൻ ശ്രീ. ടി. എൽ. ജോൺസിനു് നന്ദിപറയുന്നു. റെഡിമെയ്ഡ് ഷർട്ടില്ലെങ്കിൽത്തന്നെയെന്തു്? റെഡിമെയ്ഡ് സൗന്ദര്യം അദ്ദേഹം സ്വന്തം കഥകളിലൂടെ എനിക്കു പകർന്നുതരുന്നുണ്ടല്ലോ. തുണിവാങ്ങി തയ്യൽക്കാരനെ ഏല്പിച്ചിട്ടു ഞാൻ അയാളുടെ പിറകേ മൂന്നല്ല ആറുമാസം വേണമെങ്കിലും നടക്കാം, അതിൽ സങ്കടമില്ല. എന്റെ ആത്മാവു് ജോൺസിന്റെ ‘റെഡിമെയ്ഡ് സുന്ദരകഞ്ചുക’ത്താൽ എപ്പോഴും ആവരണം ചെയ്യപ്പെട്ടിരിക്കും. തയ്യൽക്കാരൻ തരുന്ന ഷർട്ടിട്ടു് നെഞ്ചിറുകി ശ്വാസം മുട്ടട്ടെ. കൈ സ്വാതന്ത്ര്യത്തോടെ ഉയർത്താൻ വയ്യാതെയാകട്ടെ. ബോർഡിൽ എഴുതാൻ തിരിയുമ്പോൾ ഷർട്ടിന്റെ താഴത്തെ അറ്റം മുതുകിന്റെ പകുതിഭാഗംവരെ ഉയരട്ടെ. എങ്കിലും എന്റെ ആത്മാവു് അണിഞ്ഞിരിക്കുന്നതു് ജോൺസിന്റെ ടെർലിൻകഞ്ചുകമാണു്. എല്ലാക്കാലത്തും അതു് ഒരുപോലിരിക്കും. “ഹാ! എന്തു ഭംഗി” എന്നു് കുമാരന്മാരും കുമാരികളും പറയും. പ്രായം കൂടിയവർ, മനസ്സിനു പരിപാകം വന്നവർ, “ഈ വൃത്തികെട്ട ഉടുപ്പു് ഊരിയെറിയൂ” എന്നു് ഉദ്ഘോഷിച്ചേക്കും. ഞാൻ ആ വൃദ്ധരെ വകവയ്ക്കുന്നില്ല. എനിക്കു് അനാഗതശ്മശ്രുക്കളുടെയും അനാഗതാർത്തവകളുടെയും പ്രശംസാവചനങ്ങൾ മാത്രം മതി, “മലയാളനാട്ടി”ന്റെ 14-ാം ലക്കത്തിലൂടെ ശ്രീ. ടി. എൽ. ജോൺസ് നമുക്കൊരു റെഡിമെയ്ഡ് ടെർലിൻ കഞ്ചുകം നല്കിയിരിക്കുന്നു. ഭാര്യയെ കാമുകിയെന്നപോലെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ അദ്ദേഹം കഥയിൽ അവതരിപ്പിക്കുയാണു്. അയാൾ അങ്ങു വടക്കേഇന്ത്യയിലാണു്; പട്ടാളച്ചിട്ടയിലമർന്നു് ദയനീയമായ ജീവിതം നയിക്കുന്നു. അങ്ങനെയിരിക്കെ അയാൾ മേലുദ്യോഗസ്ഥനെ മൂക്കിലിടിച്ചു് താഴെ വീഴ്ത്തുന്നു. അതിന്റെ ഫലമായി ബന്ധനസ്ഥനാക്കപ്പെടുന്നു. കാര്യമിത്രമാത്രമേയുള്ളു എങ്കിലും മലയാളനാട്ടിന്റെ എട്ടുപേജുകൾ അദ്ദേഹത്തിന്റെ കഥ അപഹരിക്കുന്നുണ്ടു്. പെണ്ണിന്റെ റോസാപ്പൂപോലുള്ള വിരലുകളുടെ സ്പർശം കൊണ്ടു് ആണിനുണ്ടാകുന്ന സുഖം, അവളുടെ കുപ്പിവളപൊട്ടുമ്പോഴുണ്ടാക്കുന്ന ശബ്ദം കേട്ടു് അയാൾക്കുണ്ടാകുന്ന ആഹ്ലാദം. പൊട്ടിയവള കൈയിലുളവാക്കിയ കൊച്ചുമുറിവിൽ ചുംബിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന പുളകപ്രസരം. ഇങ്ങനെ കൊച്ചുപിള്ളേരെ ഇളക്കാൻ വേണ്ടതെല്ലാം അദ്ദേഹം വർണ്ണിക്കുന്നു. ഒടുവിൽ മേലുദ്യോഗസ്ഥന്റെ മൂക്കിലിടിയും അറസ്റ്റും അതും പിഞ്ചുഹൃദയങ്ങളെ ഇളക്കിവിടും. ഉത്തമമായ കലയിൽ യഥാർത്ഥമായ വികാരത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരം കാണും. അവിടെ ചിന്തയും ഭാഷയും ലളിതമായിരിക്കും. സ്ഥിരം വാക്കുകളും അതിഭാവുകത്വം കലർന്ന സംഭവങ്ങളും കാണുകയില്ല. ജോൺസിന്റെ കഥയിൽ ചിരപരിചിതങ്ങളായ പദപ്രയോഗങ്ങളും അവാസ്തവികത്വത്തിന്റെ സന്തതികളായ സംഭവങ്ങളും മാത്രമേയുള്ളു. അതു് കാമഹേതുകമാണു്; വൈഷയികമാണു്; അതു് റെഡിമെയ്ഡ് സൗന്ദര്യമാണു്. കോപത്തോടെ ഒരു ബാലിക എന്നോടു ചോദിക്കുന്നതു് എന്റെ ആന്തരശ്രോതം കേൾക്കുന്നു: “സ്വാഭാവിക സൗന്ദര്യമുള്ള ഒരു കഥയുടെ പേരു പറയൂ.” എന്റെ മറുപടി: “ശ്രീ. പി. സി. കൂട്ടിക്കൃഷ്ണന്റെ ‘രാച്ചിയമ്മ’. അതുപോരെങ്കിൽ അദ്ദേഹത്തിന്റെ ‘വാടകവീടുകൾ’. കൂടെ ഞാനിതും പറയും: “മലയാളനാട്ടിൽ ശ്രീ. മുണ്ടൂർ സേതുമാധവൻ എഴുതിയ ‘കുഞ്ഞോമനയുടെ മരണം’ എന്ന ചെറുകഥ ഞാൻ സ്വാഭാവികസൗന്ദര്യത്തിനു് ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയില്ല. അനപത്യദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീ ലാളിക്കുന്ന പൂച്ചയെ അവളുടെ ഭർത്താവു കൊന്നുകളയുന്നതായി വർണ്ണിക്കുന്ന ആ കഥയിൽ ഭാവനയുടെ സത്യമില്ല.” ജോൺസിനെക്കുറിച്ചും സേതുമാധവനെക്കുറിച്ചും ഞാനിത്രയും എഴുതിപ്പോയല്ലോ എന്നു വിചാരിച്ചു് ഇപ്പോൾ എനിക്കു വല്ലായ്മയുണ്ടാകുന്നു. വൈഷയികങ്ങളായ വസ്തുതകളെ ആവിഷ്കരിക്കുമ്പോൾ ജോൺസ് സ്ഥൂലീകരണത്തിനും സർവസാധാരണത്വത്തിനും പ്രാമുഖ്യം നല്കി കലയെ അയഥാർത്ഥമാക്കുന്നു എന്നാണു് ഞാൻ ഉദ്ദേശിച്ചതു്. പക്ഷേ, അദ്ദേഹത്തിന്റെ അപരാധം എത്ര നിസ്സാരം! “ജനയുഗം” വാരികയിൽ ശ്രീമതി ഓമന ജി. മേനോൻ എഴുതിയ “കാത്തിരിപ്പിന്റെ അവസാനത്തിൽ” എന്ന കഥ വായിച്ചു നോക്കുക. ഈ രീതിയിലുള്ള കലാകൊലപാതകം ഞാൻ അധികം കണ്ടിട്ടില്ല. ഭർത്താവിന്റെ ആഗമനം കാത്തിരുന്ന ഭാര്യ അയാളെ കാണാതെയായപ്പോൾ കെട്ടിവച്ചിരുന്ന മുടിയഴിച്ചുകളഞ്ഞു. പൗഡർ ടിന്നെടുത്തു് എറിഞ്ഞു. എന്നിട്ടു കണ്ണുകളിറുക്കിയടച്ചു. അപ്പോൾ ഒരു കാൽപെരുമാറ്റം. വീട്ടിലെ വേലക്കാരൻ തന്നെ പിടിക്കാൻ വരികയാണെന്നു് അവൾക്കു തോന്നിപോലും. പെട്ടെന്നു് അവൾ കണ്ണുതുറന്നപ്പോൾ ഭർത്താവു നില്ക്കുന്നു. അപ്പോൾ “രാജേട്ടാ” എന്നു വിളിച്ചുകൊണ്ടു് അവൾ അയാളുടെ വിരിഞ്ഞ മാറിലേക്കു ചാഞ്ഞു. ആരു മരിച്ചാലും ഉടനെ നേതാക്കന്മാർ പറയുകയില്ലേ “ഞാൻ ഞെട്ടിപ്പോയിരിക്കുന്നു”വെന്നു്. യഥാർത്ഥമായ ഞെട്ടലില്ലാതെയുള്ള ഞെട്ടിപ്പോകലാണതു്. പക്ഷേ, കലാരഹിത്യം കണ്ടു്, കലയുടെ പേരിലുള്ള ഒരു പൈശാചികപ്രവൃത്തികണ്ടു്, യഥാർത്ഥത്തിൽ ഞെട്ടിയിട്ടു ഞാൻ ആ സ്ഥിരംവാക്കുകൾ പ്രയോഗിക്കുന്നു. “ഓമന ജി. മേനോന്റെ ചെറുകഥ വായിച്ചു ഞാൻ ഞെട്ടിപ്പോയിരിക്കുന്നു. കലയുടെ മരണത്തിൽ എന്റെ അനുശോചനം.”

You are born alone, you die alone-നിങ്ങൾ തനിച്ചു ജനിക്കുന്നു, തനിച്ചു മരിക്കുകയും ചെയ്യുന്നു. ഡി. എച്ച്. ലോറൻസി ന്റെ ഈ വാക്യങ്ങൾ വേദവാക്യങ്ങൾ പോലെ ഞാൻ ഉരുവിടാറുണ്ടു്. ഞാനതിൽ വിശ്വസിക്കുന്നു. ഈ തത്വചിന്തയുടെ മാത്രം ആവിഷ്ക്കാരങ്ങളാണു ലോറൻസിന്റെ കൃതികൾ. അങ്ങനെ അവയ്ക്കൊരു സങ്കുചിതത്വവും അസമതയും വന്നുപോയിട്ടുണ്ടെങ്കിലും ഉത്കൃഷ്ടങ്ങളാണു് ആ സാഹിത്യകൃതികൾ. ഈ ചിന്താഗതിക്കു കലാപരമായ രൂപം നല്കിയിരിക്കുന്നു ശ്രീ. ചിറയിൻകീഴു് സലാം (ജീവിതം മുതൽ ജീവിതം വരെ എന്ന ചെറുകഥ-മലയാളരാജ്യം-ലക്കം 8). വിവാഹം കഴിക്കാത്ത, മധ്യവയസ്ക്കനായ, ഏകാന്തതയുടെ ദുഃഖമനുഭവിക്കുന്ന ഒരുവന്റെ ഹൃദയചലനങ്ങളെയാണു സലാം ആലേഖനം ചെയ്യുന്നതു്. കലാസൃഷ്ടിക്കു് ആവശ്യം വേണ്ട ഏകാഗ്രതയും വൈകാരികത്വവും അദ്ദേഹത്തിന്റെ ചെറുകഥയ്ക്കുണ്ടു്.
പുരുഷന്മാർ ആരാധിക്കുന്ന ഈശ്വരൻ, സ്ത്രീകൾ ആരാധിക്കുന്ന ഈശ്വരൻ—ഇതിന്റെ ഒരു കണക്കെടുത്താൽ പുരുഷന്മാർ പുരുഷത്വം കൂടിയ ശിവനേയും സ്ത്രീകൾ സ്ത്രീത്വം കൂടിയ ശ്രീകൃഷ്ണനേയും ആരാധിക്കുന്നുവെന്ന സത്യം വ്യക്തമാകുമെന്നാണു് എന്റെ വിചാരം. ശ്രീകൃഷ്ണന്റെ ആകൃതിയെ ഉദ്ദേശിച്ചാണു് ‘സ്ത്രീത്വം കൂടിയ” എന്ന വിശേഷണം ഞാൻ നല്കിയതു്. ലൈംഗികങ്ങളായ കാര്യങ്ങളിൽ സ്വച്ഛന്ദഗാമിയായിരുന്നല്ലോ ശ്രീകൃഷ്ണൻ. ശിവൻ ഉൽപഥഗാമിയല്ല; സാക്ഷാൽ ഉഗ്രൻ തന്നെ. ഹൃദയദൗർബല്യങ്ങളെ സ്ത്രീകൾ അംഗീകരിക്കുന്നു എന്നതാണു് ഇതു് തെളിയിക്കുക. ശ്രീമതി എൻ. അംബികാനായർ മലയാളരാജ്യം വാരികയിലെഴുതിയ “തെറ്റുകൾ ആവർത്തിക്കുന്നു” എന്ന ചെറുകഥയിൽ ഉൽപഥഗാമിനിയായ രാധയെ അവതരിപ്പിക്കുന്നു. അച്ഛനമ്മമാരെ ധിക്കരിച്ചു് അവൾ കാമുകനോടുകൂടി ഓടിപ്പോയി അവരുടെ ദാമ്പത്യജീവിതം അഭിനന്ദനാർഹമായിരുന്നു. കാലം കഴിഞ്ഞപ്പോൾ അവരുടെ മകൾ മിനി വിജാതീയനായ ഒരു യുവാവുമായി ഓടിപ്പോയി. രാധ കരയുമ്പോൾ, ഭാർത്താവു് അവളെ ആശ്വസിപ്പിക്കുമ്പോൾ ചെറുകഥ അവസാനിക്കുന്നു. അംബികാനായരുടെ ഭാവനാരാഹിത്യം എന്നെ വിഷാദമഗ്നനാക്കുന്നു; അവരുടെ കഥയിലെ വികാരശൂന്യത എനിക്കു് അസ്വസ്ഥതയുളവാക്കുന്നു. ഉപന്യാസത്തെ ചെറുകഥ എന്നാരെങ്കിലും വിളിക്കുമോ? എങ്കിൽ അംബികാനായർ എഴുതിയിരിക്കുന്നതു് ചെറുകഥതന്നെ. മനുഷ്യന്റെ ദുഃഖവും ദയയും സമ്മേളിക്കുന്ന ഒരു രംഗം അതു് കഥാകാരിയുടെ സാമർത്ഥ്യക്കുറവിനാൽ ഗർഹണീയമായി ഭവിക്കുന്നു.
ചുറ്റുപാടുകളാണു് വസ്തുക്കൾക്കു മഹനീയത നല്ക്കുന്നതു്. ചോറു കലത്തിലിരിക്കുമ്പോൾ നല്ലതുതന്നെ. ഉണ്ണാനുപയോഗിക്കുന്ന മേശപ്പുറത്തുവീണാൽ എച്ചിൽ. തലമുടി സുന്ദരിയുടെ ശിരസ്സിലിരിക്കുന്ന കാലത്തോളം മനോഹരം. അതു് തലയിൽ നിന്നു് ഉതിർന്നു് താഴെ വീണുകിടന്നാൽ വൃത്തികേടു്. സർവ്വസാധാരണങ്ങളായ ഈ ചിന്തകൾ ഞാൻ വീണ്ടും എടുത്തെഴുതിയതു് ശരിയായില്ല. ഫലിതം ജീവിതത്തിൽനിന്നു് സ്വാഭാവികമായി രൂപം കൊണ്ടാൽ ഹൃദ്യം. അല്ലെങ്കിൽ വിരൂപം. അങ്ങനെ ശ്രീ. പി. കെ. ശിവദാസമേനോന്റെ ഫലിതം വിരൂപമായി ഭവിക്കുന്നു. കുങ്കമം വാരികയിൽ (ലക്കം 50) അദ്ദേഹമെഴുതിയ ‘പലായന’മെന്ന കഥയിൽ സ്ത്രീലമ്പടനായ ഒരു കലാകാരന്റെ നിന്ദ്യജീവിതത്തെയാണു് പ്രതിപാദിക്കുന്നതു്. ഫലിതാത്മകമായി കഥ പറയാനാണു് ശിവദാസമേനോന്റെ യത്നം. ഭാര്യയുള്ള, മക്കളുള്ള കുട്ടപ്പൻ സരോജിനിയെ വശത്താക്കുന്നു. അതുകഴിഞ്ഞപ്പോൾ ക്ലാരയുമായി ഒളിച്ചോടാൻ ശ്രമിക്കുന്നു. അപ്പോൾ ക്ലാരയുടെ ഭർത്താവു് അയാളെ മർദ്ദിച്ചു് അവശനാക്കുന്നു. ചില സാഹിത്യകാരന്മാർ രസനിബന്ധനത്തിനു് കിരീടം വയ്ക്കുന്ന മട്ടിൽ ഒന്നോരണ്ടോ വാക്യങ്ങൾ എഴുതാറുണ്ടു്. അതു വായിക്കുമ്പോൾ നമ്മുടെ ഹൃദയം പ്രകാശപൂർണ്ണമാകും. ഒരുദാഹരണം ചണ്ഡാലഭിക്ഷുകിയിൽനിന്നു്:
പുണ്യശാലിനി നീ പകർന്നീടുമീ-
ത്തണ്ണീർതന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാകാം
ബൈബിളിൽ നിന്നു് മറ്റൊരുദാഹരണം. വേശ്യാവൃത്തിയിൽ മുഴുകിയെന്നുപറഞ്ഞു ഒരു സ്ത്രീയെ ചിലർ ബന്ധനസ്ഥയാക്കിക്കൊണ്ടുവന്നു യേശു വിന്റെ മുൻപിൽ നിർത്തി. “നിങ്ങളുടെ കൂട്ടത്തിൽ പാപം ചെയ്യാത്തവരുണ്ടെങ്കിൽ ഇവളെ കല്ലെറിയട്ടെ” എന്നു് അദ്ദേഹം പറഞ്ഞു. ഓരോരുത്തരായി ഇറങ്ങിപ്പോയി. ആരുമില്ലാതെയായപ്പോൾ യേശു അവളോടു പറഞ്ഞു: “Neither do I condemn thee; go and sin no more”—“ഞാനും നിന്നെ കുറ്റപ്പെടുത്തുന്നില്ല; പോകു. ഇനി പാപം ചെയ്യാതിരിക്കൂ.” ശിവദാസമേനോൻ തന്റെ ഫലിതിനിബന്ധനത്തിനു് മകുടംവയ്ക്കുന്നതു നോക്കൂ. “കുട്ടപ്പൻ ഒറ്റയോട്ടം കൊടുത്തു. പ്ലാറ്റ്ഫോറത്തിലേക്കു്. അവിടെയുള്ള ആണുങ്ങളുടെ കക്കൂസിലേക്കു്.” പാവനമായ ബൈബിളിലെ വാക്യമുദ്ധരിച്ചിട്ടു് ഉടനെ ശിവദാസമേനോന്റെ ഈ വാക്യങ്ങൾ എടുത്തെഴുതിയതു് തെറ്റായിപ്പോയി. മാന്യവായനക്കാരോടു് ഞാൻ മാപ്പുചോദിക്കുന്നു. ഉത്തമസാഹിത്യവും അധമസാഹിത്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കാനുള്ള ആഗ്രഹം കൊണ്ടാണു് ഞാനിങ്ങനെ പ്രവർത്തിച്ചു പോയതു്. കലയുടെ രാവണത്വം ഇവിടംകൊണ്ടു തീരുന്നില്ല. കൊല്ലം ശ്രീ നാരായണാകോളേജിലെ വിദ്യാർത്ഥിയും എന്റെ വാത്സല്യഭാജനവുമായ ശ്രീ. സി. ശശിധരൻ പിള്ള മറ്റൊരു ഘോരതയ്ക്കു രൂപം നല്ക്കിയിരിക്കുന്നു കുങ്കമം വാരികയിൽ. തന്റെ കന്യകാത്വം നശിപ്പിച്ച രാജൻ വിദേശത്തുനിന്നു തിരിച്ചുവരുന്നതു് ഉത്കണ്ഠയോടെ നോക്കിയിരിക്കുകയാണു്. ശാരദ. രാജൻ വന്നപ്പോൾ കൂടെ ഒരു മിനിസ്ക്കർട്ടുകാരി. അവൾ അയാളുടെ ഭാര്യ. അതോടെ ശാരദയ്ക്കു ഭ്രാന്തുപിടിക്കുന്നു. ചെറുകഥാകാരന്മാരെല്ലാവരും കൂടി കേരളത്തിലെ പാവപ്പെട്ട വായനക്കാർക്കു ഭ്രാന്തുപിടിപ്പിക്കുകയാണല്ലോ. ശശിധരൻ പിള്ള മാത്രം എന്തിനു മിണ്ടാതിരിക്കുന്നു. നടക്കട്ടെ.
“ഇയം സീതാ മമസുതാ സഹധർമ്മചരീ തവ” എന്നും “പതിവ്രതാ മഹാഭാഗാ ഛായേവാനുഗതാ സദാ” എന്നും പറഞ്ഞാണു ജനകൻ സീതയെ ശ്രീരാമനെ ഏല്പിച്ചതു്. സഹധർമ്മചാരിണിയും ‘ഛായേവാനുഗത’യുമായി സീതയെ രാവണൻ കൊണ്ടുപോയില്ലേ? കലാംഗനയ്ക്കും അങ്ങനെയുള്ള വിപ്രവാസം വേണ്ടിവന്നിരിക്കുന്നു. എങ്കിലും സീത രക്ഷപ്പെട്ടതുപോലെ ആ ദേവിയും രക്ഷപ്പെടാതിരിക്കുകയില്ല. എന്റെ വിശ്വാസം ഇതുതന്നെയാണെന്നു മാതൃഭൂമിയുടെ 23-ാം ലക്കത്തിൽ “അമ്മായി”യെന്ന കഥയെഴുതിയ ശ്രീ. കെ. എൽ. മോഹനവർമ്മ യേയും അറിയിക്കട്ടെ.
മറ്റുള്ളവർ സഞ്ചരിച്ച മണ്ഡലങ്ങളേ നമ്മുടെ കഥാകാരന്മാർ കാണുന്നുള്ളൂ. വികാരങ്ങളെ ചപലവികാരങ്ങളായി പ്രതിപാദിക്കാനേ അവർക്കറിയാവൂ. ദുർഗ്രഹത വരുത്തിയാൽ ധ്വന്യാത്മകങ്ങളാകും കഥകളെന്നു് അവർ വിചാരിക്കുന്നു. ഇവയാക്കെ കലയുടെ പ്രാഥമികതത്ത്വങ്ങൾക്കു് എതിരാണു്. ഇതു പിന്നെയും പിന്നെയും പറയാൻ എനിക്കു മടിയില്ലാതില്ല. മറ്റു മാർഗ്ഗമില്ലല്ലോ. കഥാകാരന്മാർ കലയുടെ ശക്തികൊണ്ടു നമ്മെ ഉന്നമിപ്പിക്കട്ടെ; സ്വപ്നത്തിന്റെ മണ്ഡലത്തിലേയ്ക്കു നയിക്കട്ടെ; അവർ സൗന്ദര്യത്തിനു സ്തുതിഗീതങ്ങൾ പാടട്ടെ. ഷാങ് ഷെനേ യുടെ “Our Lady of the Flowers ” എന്ന നോവലിൽ സ്വവർഗ്ഗാനുരാഗത്തിന്റെ പ്രതിപാദനമുണ്ടു്. സകല വൃത്തികേടുകളും അവിടെ ദർശിക്കാം. അദ്ദേഹത്തിന്റെ Maids എന്ന നാടകത്തിൽ സ്വവർഗ്ഗാനുരാഗവും വധോദ്യമവും ആത്മഹത്യയും പ്രതിപാദ്യവിഷയങ്ങളാണു. എങ്കിലും ഷെനേയുടെ കാവ്യശക്തികൊണ്ടു് ആ രണ്ടു കൃതികളും കാവ്യാത്മകസൗന്ദര്യമാർജ്ജിക്കുന്നു. തൂലികയെടുക്കുന്നതിനുമുൻപു് അതൊക്കെ വായിച്ചു പഠിക്കട്ടെ നമ്മുടെ എഴുത്തുകാർ.

കവിത, നൃത്തംവയ്ക്കുന്ന മോഹനാംഗിയാണു്. അന്തരീക്ഷത്തിൽ സൗരഭ്യം വ്യാപിപ്പിച്ചു്, മന്ദസ്മിതം കൊണ്ടു പ്രകാശം പ്രസരിപ്പിച്ചു്, അവൾ നൃത്തം വയ്ക്കുമ്പോൾ കുന്തളച്ചുരുളുകൾ അഴിഞ്ഞുലഞ്ഞു് അവളുടെ മാറിലേക്കു വീഴുന്നു. രാമണീയകം കലർന്ന ആ പ്രതിബന്ധങ്ങളെ താമരത്തണ്ടുപോലുള്ള കൈകൊണ്ടു മാറ്റി പിറകിലാക്കിക്കൊണ്ടു് അവൾ പിന്നെയും നൃത്തമാടുന്നു. അതിന്റെ വേഗം കൂടിക്കൂടി വരുന്നു. ഒടുവിൽ യേറ്റ്സ് പറഞ്ഞതുപോലെ നർത്തകിയും നൃത്തവും വേർതിരിച്ചറിയാൻ വയ്യാത്ത വിധം ഒന്നായിത്തീരുന്നു. രൂപശില്പവും ഭാവശില്പവും കവിതയിൽ ഒന്നായി ഭവിക്കണം. ശ്രീ. ഡി. വിനയചന്ദ്രൻ പിള്ള യുടെ ‘ഹിമപാതത്തി’ൽ (മാതൃഭൂമി ലക്കം-23) ആ ഐക്യമില്ല. ശ്രീ. ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ “ഗോപീപ്രണാമ”ത്തിലാകട്ടെ കവിതയുടെ നിശ്ചലഭാവമില്ല, നടത്തമില്ല, നൃത്തമില്ല. ചൈതന്യമറ്റു കാവ്യാംഗന ‘മലച്ചു’ കിടക്കുകയാണു്. ശ്രീകൃഷ്ണനെച്ചൊല്ലി ഇങ്ങനെ മധുരപദങ്ങൾ കൊണ്ടുള്ള ആവർത്തനം അദ്ദേഹം എത്രയോ കാലമായി നടത്തുകയാണു്. അതു കാതിനു സുഖം നല്കുന്നുവെന്ന പരമാർത്ഥം ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ, യേശുദാസന്റെ പാട്ടു വീണ്ടു വീണ്ടും റേഡിയോയിൽക്കൂടി കേൾക്കുമ്പോഴുണ്ടാകുന്ന വൈരസ്യം ഈ കവിതയും ജനിപ്പിക്കുന്നു. കണ്ണിനും കാതിനും ആനന്ദമരുളിയാൽപ്പോര കവി. അനുവാചകന്റെ ആത്മാവിനെക്കൂടി സമ്പന്നമാക്കണം. ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കവിത സഹൃദയന്റെ ആത്മാവിനെ ശൂന്യമാക്കുന്നു.
ഓരോ കവിക്കും സ്വന്തമായ രീതിയുണ്ടു്, സ്വന്തമായ പന്ഥാവുണ്ടു്. അതിൽനിന്നു മാറിയാൽ കവി കവിയല്ലാതെയായിത്തീരും. ജീവിതത്തിന്റെ ഫലിതാത്മകങ്ങളായ ഭാഗങ്ങളെ ചാതുര്യത്തോടെ അവതരിപ്പിക്കുന്നതിലാണു് ശ്രീ. ഈശ്വരവാരിയരു ടെ പ്രാഗല്ഭ്യമിരിക്കുന്നതു്. അദ്ദേഹം തത്ത്വചിന്തയിലേക്കു കടന്നപ്പോൾ പരാജയപ്പെട്ടു. “മലയാളനാട്ടി”ൽ അദ്ദേഹമെഴുതിയ “ഞാൻ” എന്ന കവിത തികഞ്ഞ പരാജയമാണു്.
“സത്യമോതട്ടെ—ഞാൻ ഞാനാണു;- നിങ്ങളും
സത്യം പറയുമോ? ‘ഞാനു’കളല്ലയോ
പിന്നെ ഞാൻ ഞാനെന്നു ചൊല്ലുമ്പൊഴെന്തിനീ
‘കണ്ണിൽകടി’യെന്റെ ഞാനിൻസഹജരേ
ഓർത്താൽ വിശദ-മനവധി ഞാനുകൾ
ചേർത്തു കോർത്താകിലോ ‘നമ്മളാം’ മാലയായ്”
ഇതു കവിതയാണെങ്കിൽ, ആരോ പറഞ്ഞതുപോലെ, ഞാൻ മഹാത്മാഗാന്ധി യാണു്. വാഗ്മിതയിൽ വിഹരിച്ചാൽ, ശക്തിയുള്ള വരികളെഴുതിയാൽ ഇംഗ്ലീഷിൽ mystic joy എന്നു പറയുന്ന ദൈവികാനന്ദം അനുവാചകനു് പകർന്നുകൊടുക്കാൻ കവിക്കു സാധിക്കുകയില്ല. പിഴുതെടുത്ത തുളസിച്ചെടിക്കു് പാവനത്വമില്ല, ഭംഗിയില്ല, ചൈതന്യമില്ല. അതു് മണ്ണിൽ വേരോടി നില്ക്കണം. മണ്ണിൽനിന്നു് വെള്ളവും വളവും വലിച്ചെടുക്കണം, സൂര്യപ്രകാശത്തിൽ മുങ്ങിനില്ക്കണം. ജീവിതത്തോടു ബന്ധമില്ലാത്ത മിസ്റ്റിക് കവിതയും തത്ത്വചിന്താത്മകമായ കവിതയും അനുവാചകനെ ചലിപ്പിക്കുകയില്ല. ജന്തുശാലയിൽ പോയിട്ടില്ലേ? കാണ്ടാമൃഗത്തെ കണ്ടാൽ നമുക്കു പേടിയാകും. പക്ഷിക്കൂട്ടിലിരിക്കുന്ന പഞ്ചവർണ്ണക്കിളിയെ കണ്ടാൽ നമുക്കു് ആഹ്ലാദമുണ്ടാകും. നമ്മുടെ മനസ്സിന്റെ വാതായനം മെല്ലെത്തുറന്നു് ആ പഞ്ചവർണ്ണക്കിളി അകത്തു കയറിയിരിക്കും. ശക്തിയുള്ള വാക്കുകളും ശക്തിയുള്ള ചിന്തകളും വെറും കാണ്ടാമൃഗങ്ങളാണു്. വികാരംകൊണ്ടു് സ്പന്ദിക്കുന്ന വാക്കുകൾ പഞ്ചവർണ്ണക്കിളികളാണു്. നമ്മുടെ കവികളും കഥാകാരന്മാരും കാണ്ടാമൃഗങ്ങളെ മാത്രം കാണുന്നവരാണു്, കാണിക്കുന്നവരാണു്. യൂറോപ്പിലെ ഒരു സായ്പ് യോനസ്കോ, കാണ്ടാമൃഗത്തെ കണ്ടുപോലും. അതുകൊണ്ടു് നമ്മളും കണ്ടുകൊള്ളണം പോലും. എന്തൊരു ബുദ്ധിശൂന്യത!
ചിങ്ങമാസത്തിലെ അപരാഹ്നം. എന്റെ ഭവനത്തിന്റെ സമീപത്തായി ഒഴുകുന്ന പുഴയുടെ തെളിഞ്ഞ നാദത്തെ ഈ അപരാഹ്നം കൂടുതൽ തെളിവുള്ളതാക്കുമ്പോൾ തെരുവിലൂടെ ഓടുന്ന ട്രാൻസ്പോർട്ട് ബസ്സിന്റെ കർക്കശശബ്ദം ആ നാദത്തിന്റെ ആഹ്ലാദദായകത്വത്തെ ഇല്ലാതാക്കുന്നു. നമുക്കു സമാധാനിക്കാം, സൗന്ദര്യവും വൈരൂപ്യവും ഇടകലർന്നേ കാണൂ ലോകത്തു്. പഞ്ചവർണ്ണക്കിളികൾ ഉള്ളിടത്തു് കാണ്ടാമൃഗങ്ങളുമുണ്ടു്.